ഗലാത്യർ - എഴുത്തുകാരനും പശ്ചാത്തലവും

പുതിയനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അപ്പൊസ്തലനായ പൌലൊസിന്റെ നാലാമത്തെ ലേഖനം ആണ് ഗലാത്യർക്ക് എഴുതിയ ലേഖനം. ഇത് പുതിയനിയമത്തിലെ ഒൻപതാമത്തെ പുസ്തകവും, വേദപുസ്തകത്തിലെ 48 ആമത്തെ പുസ്തകവും ആണ്.   

 

തീവ്ര വൈകാരികത നിറഞ്ഞുനിൽക്കുന്ന, ഹൃദയ സ്പർശിയും, എന്നാൽ കഠിന ഭാഷയിലും, അപ്പൊസ്തലനായ പൌലൊസ് എഴുതിയ ഒരു കത്ത് ആണ് “ഗലാത്യർക്ക് എഴുതിയ ലേഖനം”. റോമൻ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യ ആയിരുന്ന ഗലാത്യ (Galatia) യിലുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആണ് പൌലൊസ് ഈ എഴുത്ത് എഴുതിയത്. ഇത് ഏകദേശം എ. ഡി. 48-49 കാലയളവിൽ എഴുതപ്പെട്ടു. ക്രൈസ്തവ വിശ്വാസികളും മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കേണം എന്ന വിരുദ്ധ ഉപദേശത്തെ ഘണ്ഡിക്കുവാനാണ് അദ്ദേഹം ഇത് എഴുതിയത്. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമുള്ള രക്ഷ എന്നതിനെ പൌലൊസ് ശക്തമായി പ്രതിരോധിക്കുന്നു. രക്ഷയ്ക്ക് ന്യായപ്രമാണം പ്രകാരമുള്ള പ്രവർത്തികൾ ആവശ്യമില്ല. ഈ വാദങ്ങൾ ദൈവ കൃപ, വിശ്വാസത്താൽ മാത്രമുള്ള രക്ഷ, ന്യായപ്രമാണത്തിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികളുടെ സ്വാതന്ത്ര്യം എന്നിവയെ ഉറപ്പിക്കുന്നു.

 

 ഗലാത്യ ദേശം

 

അനാറ്റോളിയ എന്നും, ഏഷ്യ മൈനർ (പശ്ചിമ ഏഷ്യ) എന്നും അറിയപ്പെടുന്ന പ്രദേശത്തിന്റെ മദ്ധ്യ ഭാഗത്തായി, സ്ഥിതിചെയ്തിരുന്ന, റോമൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ ആയിരുന്നു ഗലാത്യ ദേശം. (Anatolia, Asia Minor, Galatia). അത് ഇന്നത്തെ തുർക്കിയുടെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്തിരുന്നു (modern central Turkey). ഈ പ്രദേശത്തുള്ള ക്രിസ്തീയ സഭകൾക്കാണ് പൌലൊസ് ലേഖനം എഴുതിയത്.

 

അപ്പൊസ്തലന്മാരുടെ കാലത്ത്, ഗലാത്യ എന്ന വാക്ക് ഒരു പ്രദേശത്തെയും, ഒരു പ്രത്യേക ജനസമൂഹത്തെയും സൂചിപ്പിച്ചിരുന്നു. ഗലാത്യർ ഒരു പ്രാദേശിക ജനസമൂഹം ആയിരുന്നു. ഏഷ്യ മൈനർ എന്ന ഭൂപ്രദേശത്തിന്റെ, ഏകദേശം മദ്ധ്യ ഭാഗത്തായിരുന്നു ഗലാത്യർ എന്ന ജന സമൂഹം ജീവിച്ചിരുന്നത് (central Asia Minor, modern Turkey). അവർ കെൽറ്റിക്” വംശത്തിൽ പെട്ടവർ ആയിരുന്നു (Celtic). ഇന്നത്തെ ഫ്രാൻസിലെ ഗയൂൾ എന്ന പ്രദേശത്ത് നിന്നും ബി. സി. 3 ആം നൂറ്റാണ്ടിൽ ഗലാത്യയിലേക്ക് അവർ കുടിയേറി താമസിച്ചു (Gaul, modern France).

 

ബി. സി ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലത്തു റോമൻ സൈന്യാധിപൻ ആയിരുന്ന പൊംമ്പെയുടെ കീഴിൽ, ഗലാത്യ പ്രദേശം റോമൻ സാമ്രാജ്യത്തിന് കപ്പം കൊടുക്കുന്ന ഒരു ആശ്രിത രാജ്യമായി മാറി (mid-1st century B.C, Pompey the Great, ജനനം – ബി. സി 106, സെപ്റ്റംബർ 29, മരണം - ബി. സി 48, സെപ്റ്റംബർ 28). എ. ഡി ഒന്നാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് റോമൻ ചക്രവർത്തി ആയിരുന്ന വെസ്പേഷ്യന്റെ കാലത്ത് ഗലാത്യ പ്രദേശത്തിന്റെ അതിരുകൾക്ക് മാറ്റം ഉണ്ടായി (Vespasian, ജനനം – ഏകദേശം എ. ഡി 9, നവംബർ 17, മരണം - എ. ഡി. 79, ജൂൺ 24; ഭരണം - എ. ഡി. 69-79). അതോടെയാണ് വടക്കൻ പ്രദേശം മാത്രം ഉൾക്കൊള്ളുന്ന ഗലാത്യ ദേശം ഉണ്ടായത്. എന്നാൽ പൌലൊസ് ഇതിന് മുമ്പ്, ഏകദേശം എ. ഡി. 48-49 കാലയളവിൽ ആണ് ഗാലാത്യർക്ക് ലേഖനം എഴുതുന്നത്. 

 

ബി. സി. 189 ൽ, സിറിയയിലെ സെലൂസിഡ് രാജാക്കന്മാരുമായി ചേർന്നു റൊമാക്കാർക്ക് എതിരെ ഗലാത്യർ നടത്തിയ കലാപത്തെ റോമൻ സാമ്രാജ്യം പരാജയപ്പെടുത്തി (Syria, Seleucid kings). ബി. സി 85 മുതൽ റോമൻ സാമ്രാജ്യത്തിന്റെ ആജ്ഞാവർത്തികളായ രാജാക്കന്മാർ ഗലാത്യ ദേശത്തെ ഭരിച്ചു. എങ്കിലും ബി. സി. 25 വരെ അവർക്ക് പല കാര്യങ്ങളിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ബി. സി. 25 ൽ ഈ പ്രദേശം പൂർണ്ണമായും റോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയി. റോമാക്കാരുടെ കീഴിൽ ഗലാത്യ എന്നത് ഗലാത്യർ എന്ന ജനസമൂഹം താമസിച്ചിരുന്ന ദേശവും, അതിന് ചുറ്റിനും ഉണ്ടായിരുന്ന മറ്റൂ ചില പ്രദേശങ്ങളും ഉൾപ്പെട്ട ഒരു വിശാല പ്രവിശ്യ ആയി. പൌലൊസിന്റെ കാലത്ത്, പൊന്തൊസ്, പാഫ്ലഗോണിയ എന്നീ പട്ടണങ്ങൾ ഗലാത്യ പ്രദേശത്തിന്റെ കിഴക്കും, വടക്കും ഭാഗത്തായി സ്ഥിതിചെയ്തിരുന്നു (Pontus, Paphlagonia). ലുക്കവോന്യ ദേശത്തിന്റെ ചില ഭാഗങ്ങൾ, പ്രുഗ്യ, പിസിദ്യാ, ഇസൌറിയ, കിലിക്യ, എന്നീ പ്രദേശങ്ങൾ തെക്ക് ഭാഗത്ത് സ്ഥിതിചെയ്തിരുന്നു (Lycaonia, Phrygia, Pisidia, Isauria, Cilicia). 

 

എഴുത്തുകാരൻ

 

അപ്പൊസ്തലനായ പൌലൊസ് ആണ് ഈ ലേഖനം എഴുതിയത് എന്നു ഗലാത്യർ 1:1; 5:2 എന്നീ വാക്യങ്ങളിൽ വ്യക്തമാണ്.

 

ഗലാത്യർ 1:1-2

മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:

 

ഗലാത്യർ 5:2

നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു.

 

ശൌൽ എന്നായിരുന്നു പൌലൊസിന്റെ യഹൂദ പേര്. പൌലൊസ് എന്നത് റോമൻ പേരാണ്. എന്നാൽ പൌലൊസ് എന്നത് ശൌൽ എന്ന പേരിന്റെ ലാറ്റിൻ പരിഭാഷയല്ല. അദ്ദേഹം ജനിച്ചത് കിലിക്യ എന്ന റോമൻ പ്രവിശ്യയിലെ തർസൊസ് എന്ന സ്ഥലത്തായിരുന്നു (Cilicia, Tarsus). ഈ സ്ഥലം ഗലാത്യ പ്രദേശത്തിന് സമീപം ആയിരുന്നു. ഗമാലിയേൽ എന്ന പ്രസിദ്ധനായിരുന്ന യഹൂദ റബ്ബയിയുടെ കീഴിൽ, യെരൂശലേമിൽ താമസിച്ചു, പഴയനിയമവും, ന്യായപ്രമാണവും, റബ്ബിമാരുടെ പഠിപ്പിക്കലും നല്ലതുപോലെ ഹൃദിസ്ഥമാക്കിയിരുന്നു. അദ്ദേഹം യഹൂദ വിശ്വാസത്തിൽ ഒരു പരീശനും ആയിരുന്നു. യഹൂദമതത്തിലെ ഉയർന്നുവരുന്ന ഒരു മതപണ്ഡിതനും, സമപ്രായക്കാരെക്കാൾ മതം സംബന്ധമായി എരിവുള്ളവനും ആയിരുന്നു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 22:3

ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 23:6

എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

 

ഗലാത്യർ 1:14

എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.

 

ഫിലിപ്പിയർ 3:5-6

എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ.

 

തികച്ചും നാടകീയമായിട്ടാണ് പൌലൊസ് യേശുക്രിസ്തുവിനെ കണ്ടുമുട്ടിയത്. അദ്ദേഹം ഒരു യഹൂദ മത വിശ്വാസിയായിരിക്കെ, ദമസ്കൊസ് എന്ന പട്ടണത്തിൽ താമസിച്ചിരുന്ന, ക്രിസ്തീയ വിശ്വാസം സ്വീകരിച്ച യഹൂദന്മാരെ പിടിച്ചുകെട്ടി യെരൂശലേമിലേക്ക് കൊണ്ടുവന്നു ഉപദ്രവിക്കുവാനായി മഹാപുരോഹിതന്റെ അനുവാദ പത്രം വാങ്ങികൊണ്ടു അവിടേക്ക് പോകുന്ന വഴിയിൽ, പട്ടണത്തിന്റെ പ്രധാന കവാടത്തിനരികെ വച്ചു, പെട്ടന്ന് ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി. അവൻ കുതിരപ്പുറത്തുനിന്നും താഴെ വീണു, കാഴ്ച നഷ്ടപ്പെട്ടവനായി. അവിടെ അവൻ യേശുക്രിസ്തുവിന്റെ ശബ്ദം കേട്ടു, അവനെ ക്രിസ്തുവിനായി സമർപ്പിച്ചു. അങ്ങനെ ക്രിസ്തീയ സഭയെ ഏറ്റവും ഉപദ്രവിച്ചിരുന്ന ശൌൽ, സഭയുടെ ശക്തനായ സുവിശേഷകൻ ആയിമാറി. റോമാ സാമ്രാജ്യത്തിലുടനീളം, മൂന്ന് സുവിശേഷയാത്രകൾ അദ്ദേഹം നടത്തിയതിന്റെ ചരിത്രം അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ എന്ന പുതിയനിയമ പുസ്തകത്തിൽ ഉണ്ട്. ഇത് കൂടാതെ നാലാമതൊരു യാത്രകൂടി നടത്തിയിരുന്നു എന്നും കരുതപ്പെടുന്നു. യെരൂശലേമിൽ ജീവിച്ചിരുന്ന ഒരു ചെറിയകൂട്ടം സാധാരണ മനുഷ്യരിൽ നിന്നും ക്രിസ്തുവിന്റെ സുവിശേഷത്തെ വിശാലമായ റോമാ സാമ്രാജ്യത്തിൽ എല്ലായിടവും എത്തിച്ചത് പൌലൊസ് ആണ്. അദ്ദേഹം 13 ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ഗാലാത്യർക്ക് എഴുതിയ ലേഖനം. എല്ലാ ലേഖനങ്ങളും ഒരു പ്രത്യേക സഭയക്കോ, സഭകൾക്കൊ, വ്യക്തികൾക്കൊ, പൌലൊസ് എഴുതിയ കത്തുകൾ ആണ്. 

 

സ്വീകർത്താക്കൾ

 

ഗലാത്യർക്ക് എഴുതിയ ലേഖനത്തിന്റെ ഗ്രീക്ക് ഭാഷയിലുള്ള മൂല കൃതികളിൽ ഭൂരിപക്ഷത്തിന്റെയും തലക്കെട്ട്, “ഗലാത്യർക്ക്” എന്നാണ്. ഗലാത്യർ 1:1-2 വാക്യങ്ങളിൽ, “അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു” എന്നും, ഗലാത്യർ 3:1 ൽ “ഹാ! ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്നും നമ്മൾ വായിക്കുന്നു. അതിനാൽ ഈ ലേഖനം അപ്പൊസ്തലനായ പൌലൊസ് എഴുതിയതാണ് എന്നും, അതിന്റെ പ്രഥമ സ്വീകർത്താക്കൾ ഗലാത്യ പ്രദേശത്തെ സഭകൾ ആണ് എന്നും ഉറപ്പിക്കാം. എന്നാൽ തെക്കൻ ഗലാത്യ പ്രദേശത്തെ സഭകൾക്കാണോ, വടക്കൻ ഗലാത്യ പ്രദേശത്തെ സഭകൾക്കാണോ, പ്രഥമമായി ഈ ലേഖനം എഴുതുന്നതു എന്നു വ്യക്തതയില്ല.  

 

ചില വേദപണ്ഡിതന്മാർ, ഗലാത്യർക്ക് എഴുതിയ ലേഖനം, പൌലൊസ് സ്ഥാപിച്ച ഗലാത്യയുടെ തെക്കൻ ഭാഗത്തുള്ള സഭകൾക്ക് എഴുതിയതാണ് എന്നു കരുതുന്നു. പിസിദ്യയിലെ അന്ത്യൊക്ക്യ, ഇക്കോന്യ, ലുസ്ത്ര, ദെർബ്ബെ, എന്നിവയാണ് ഈ പ്രദേശങ്ങൾ (southern Galatia, Pisidian Antioch, Iconium, Lystra, Derbe). ഗ്രീക്ക്, കെൽറ്റിക്ക്, റോമൻ സംസ്കാരങ്ങളുടെ സ്വാധീനം ഈ പ്രദേശത്ത് ഉണ്ടായിരുന്നു (Hellenistic, Celtic, Roman). അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13-14 അദ്ധ്യായങ്ങളിൽ, ഈ പ്രദേശങ്ങളിലെ പൌലൊസിന്റെ സന്ദർശനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ യഹൂദന്മാരും ഇതര വിഭാഗത്തിൽ പെട്ടവരും (ജാതീയർ) താമസിച്ചിരുന്നു.

 

പൌലൊസ്, തെക്കൻ ഗലാത്യ പ്രദേശങ്ങളിൽ സഭകൾ സ്ഥാപിക്കുന്നത് യെരൂശലേം ആലോചന യോഗത്തിന് മുമ്പ്, അദ്ദേഹത്തിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയിൽ ആണ് (Jerusalem Council). എന്നാൽ ഈ പ്രദേശങ്ങൾ റോമൻ ഗലാത്യ പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്നു എങ്കിലും, ഗലാത്യർ എന്ന ജനസമൂഹം താമസിച്ചിരുന്ന പ്രദേശം അല്ല. പൌലൊസ് യെരൂശലേം ആലോചനാ യോഗത്തിന് മുമ്പ് വടക്കൻ ഗലാത്യ പ്രദേശം സന്ദർശിച്ചിരുന്നില്ല. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:6, 18:23 എന്നീ വാക്യങ്ങൾ പ്രകാരം, പൌലൊസ് തെക്കൻ ഗലാത്യ പ്രദേശത്തിന്റെ അതിരുകൾ വിട്ടു വടക്കോട്ടു യാത്രചെയ്തിരുന്നു. എന്നാൽ, വടക്കൻ ഗലാത്യ പ്രദേശങ്ങളിൽ പൌലൊസ് സഭകൾ സ്ഥാപിച്ചതിന് എഴുതപ്പെട്ട തെളിവുകൾ ഇല്ല.

 

ഗലാത്യർ എന്നത് ഒരു പ്രത്യേക ജന സമൂഹവും, ഒരു വിശാലമായ പ്രദേശവും ആണ്. എന്നാൽ ഗലാത്യർ എന്ന സമൂഹം, ഗലാത്യ എന്ന വിശാല പ്രദേശത്ത് എല്ലായിടത്തും ഉണ്ടായിരുന്നില്ല. അതിനാൽ പൌലൊസ് മുഖ്യമായും ആർക്കാണ് ലേഖനം എഴുതിയത് എന്നതിൽ വ്യക്തതയില്ല. തെക്കൻ ഗലാത്യ ദേശത്തിലെ സഭകൾക്കാണ് പൌലൊസ് ഈ ലേഖനം പ്രഥമമായും എഴുതിയത് എന്നു ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ എന്ന പുസ്തകമോ, ഗാലാത്യർക്ക് എഴുതിയ ലേഖനമോ വടക്കൻ ഗലാത്യയിൽ ഉള്ള ഒരു പട്ടണത്തിന്റെയും പേര് പറയുന്നില്ല. വടക്കൻ ഗലാത്യയിൽ ആണ് ഗലാത്യർ എന്ന പ്രത്യേക ജന സമൂഹം താമസിച്ചിരുന്നത്. അതിനാൽ ഈ ലേഖനം തെക്കൻ ഗലാത്യയിൽ ഉള്ള സഭകൾക്ക് വേണ്ടി എഴുതിയത് ആയിരിക്കേണം.

 

എന്നാൽ ഗലാത്യ എന്ന ജനസമൂഹം താമസിച്ചിരുന്ന വടക്കൻ ഗലാത്യ പ്രദേശത്തെ സഭകൾക്കാണ് ഇത് എഴുതിയത് എന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.

 

ഏതെങ്കിലും ഒരു പ്രത്യേക പട്ടണത്തിലെ സഭയ്ക്കാണ് സാധാരണയായി പൌലൊസ് ലേഖനം എഴുതാറുണ്ടായിരുന്നത്. എന്നാൽ ഒരു പ്രദേശത്തെ ഒന്നിലധികം സഭകൾക്ക് എഴുതിയ ഒരു ലേഖനമാണ് ഗലാത്യർ എന്നത് അതിന്റെ ഒരു സവിശേഷതയാണ്. ഇത് “ഗലാത്യസഭകൾക്കു” വേണ്ടി എഴുതപ്പെട്ടതാണ് (ഗലാത്യർ 1:2).

 

തീയതി

 

ഗലാത്യർ 2:1-2 എന്നീ വാക്യങ്ങളിൽ പരാമർശിക്കുന്ന യെരൂശലേം സന്ദർശനം, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15 ൽ വിവരിക്കപ്പെടുന്ന, യെരൂശലേം ആലോചന യോഗം ആയിരിക്കേണം (Jerusalem Council). അങ്ങനെയെങ്കിൽ, ഗാലാത്യർക്ക് കത്ത് എഴുതുന്നതു അതിന് ശേഷം ആയിരിക്കും. യെരൂശലേമിലെ ആലോചന യോഗം നടന്നത് ഏകദേശം എ. ഡി. 49 ൽ ആണ്. എന്നാൽ, യെരൂശലേം ആലോചന യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ പരമാർശിക്കുന്നില്ല. ഇത് ലേഖനം എഴുതിയ കാലത്തേക്കുറിച്ച് അൽപ്പം അവ്യക്തത ഉണ്ടാക്കുന്നുണ്ട്. യെരൂശലേമിലെ ആലോചനായോഗത്തിന് മുമ്പ് ആണ് ഈ ലേഖനം എഴുതിയത് എന്നും, ആലോചനായോഗത്തിന് ശേഷമാണ് ഇത് എഴുതിയത് എന്നും രണ്ടു അഭിപ്രായങ്ങൾ ഉണ്ട് (Jerusalem Council).

 

എ. ഡി. 33/34 ൽ ആണ് അപ്പൊസ്തലനായ പൌലൊസ് മാനസാന്തരപ്പെടുന്നത്. അദ്ദേഹം രക്തസാക്ഷി ആകുന്നത് ഏകദേശം എ. ഡി. 64-67 കാലയളവിൽ ആണ്. ഗലാത്യർക്ക് എഴുതിയ ലേഖനം എഴുതുന്നതു എ. ഡി. 48-51 കാലത്തും. സിറിയയിലെ അന്ത്യൊക്ക്യയിൽ താമസിക്കുന്ന അവസരത്തിൽ ആയിരിക്കേണം പൌലൊസ് ഈ ലേഖനം എഴുതിയത് (Antioch in Syria). ഗലാത്യർക്കുള്ള ലേഖനം ഏകദേശം എ. ഡി. 49 ൽ എഴുതപ്പെട്ടു എന്നു കരുതിയാൽ, പൌലൊസ് എഴുതിയ ആദ്യത്തെ ലേഖനം ഇതായിരിക്കേണം.

 

എ. ഡി. 55-57 കാലത്ത് പൌലൊസ്, മൂന്നാമത്തെ സുവിശേഷ യാത്രയുടെ ഭാഗമായി, മക്കെദോന്യ പ്രദേശത്തുകൂടെ യാത്ര ചെയ്യുമ്പോൾ ആണ് ഗാലാത്യർക്ക് എഴുതിയ ലേഖനം എഴുതിയത് എന്നും അഭിപ്രായം ഉണ്ട് (Macedonia). 

 

പശ്ചാത്തലം

 

ക്രിസ്തീയ വിശ്വാസം ആരംഭിക്കുന്നത് ഒരു യഹൂദ മശീഹ മുന്നേറ്റം ആയി, യെരൂശലേമിൽ ആണ്. എന്നാൽ വേഗം അതിന്റെ സന്ദേശം യഹൂദ ഇതര ജനസമൂഹങ്ങളിലേക്ക് പരക്കുകയും, അനേകം ജാതികൾ (യഹൂദ ഇതര വംശത്തിൽ പെട്ടവർ) ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അപ്പൊസ്തലനായ പൌലൊസ് ഒരു സുവിശേഷകനായി നിയോഗിക്കപ്പെടുന്ന കാലമായപ്പോഴേക്കും ജാതികളിൽ നിന്നുള്ള അനേകർ വിശ്വാസത്തിലേക്ക് വന്നുകഴിഞ്ഞിരുന്നു.

 

AD 31 നും 36 നും ഇടയില്‍ ആയിരിക്കേണം പൌലൊസിന്‍റെ മാനസാന്തരം സംഭവിക്കുന്നത്. ഇത് സിറിയയിലെ ദമസ്കൊസിൽ വച്ചാണ് സംഭവിക്കുന്നത്. ഇതിന്റെ ചരിത്രം അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9 ആം അദ്ധ്യായത്തിൽ വായിക്കാം. അപ്പൊസ്തലനായ പൌലൊസ് അവന്റെ സുവിശേഷം യാത്ര ആരംഭിക്കുന്നത് സിറിയയിലെ അന്ത്യോക്യ എന്ന പട്ടണത്തിൽ നിന്നാണ്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:1-4 വാക്യങ്ങളിൽ ഇതിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അത് AD 47 നും 48 നും ഇടയില്‍ ആയിരിക്കേണം. പൌലൊസിന്റെ മാനസാന്തരത്തിനും സുവിശേഷ വേലയക്കായുള്ള നിയോഗത്തിനും ഇടയിൽ ഏകദേശം 10 മുതൽ 14 വർഷങ്ങളുടെ ഇടവേള ഉണ്ട്.

 

പൌലൊസിന്റെ മാനസാന്തരം എ. ഡി. 31-36 ൽ സംഭവിച്ചു. അതിന് ശേഷം അദ്ദേഹം അറേബ്യ മരുഭൂമിയിൽ 3-4 വർഷങ്ങൾ ചിലവഴിച്ചു. അതിന് ശേഷം അദ്ദേഹം യെരൂശലേം സന്ദർശിച്ചു. അവിടെ പത്രൊസിനെയും യക്കോബിനെയും കണ്ടു. ശേഷം അദ്ദേഹം സുറിയ, കിലിക്യ എന്നീ ദേശങ്ങളിലേക്ക് യാത്ര ചെയ്തു സുവിശേഷം അറിയിച്ചു. ഇത് ഒരു 7-9 വർഷങ്ങളുടെ ചരിത്രം ആണ്. അതിന് ശേഷം ഏകദേശം ഒരു വർഷം അദ്ദേഹം സിറിയയിലെ അന്ത്യോക്യയിൽ ഉണ്ടായിരുന്നു. അന്ത്യോക്യയിലെ സഭ പൌലൊസ് സ്ഥാപിച്ചതല്ല. സ്തെഫാനൊസിന്റെ രക്തസാക്ഷിത്വത്തിന് ശേഷം യെരൂശലേമിൽ നിന്നും ഓടിപ്പോയ യഹൂദ ക്രിസ്തീയ വിശ്വാസികൾ ആരംഭിച്ചതാണ് അന്ത്യോക്യയിലെ സഭ (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:19). പിന്നീട് ജാതീയരും ക്രിസ്തുവിൽ വിശ്വസിച്ചു സഭയോടു ചേർന്നു. ജാതീയരുടെ ഇടയിലെ സുവിശേഷ ഘോഷണത്തിന്റെ കേന്ദ്രം അന്ത്യോക്യ ആയിരുന്നു. പൌലൊസ്, ബർന്നബാസ് എന്നിവർ ഒരു വർഷത്തോളം അന്ത്യോക്യയിൽ താമസിച്ചു, (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:26). എ. ഡി. 46 ൽ യെരൂശലേമിൽ ക്ഷാമം ഉണ്ടായപ്പോൾ അവർക്ക് സഹായവുമായി പൌലൊസും, ബർന്നബാസും, അന്ത്യോക്യയിൽ നിന്നും യെരൂശലേമിലേക്ക് പോയി (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:30). അവർ തിരികെ അന്ത്യോക്യയിൽ എത്തിയതിനു ശേഷം ആണ് പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്ര ആരംഭിക്കുന്നത്. ഇത് ഏകദേശം എ. ഡി. 47-48 ൽ ആയിരിക്കേണം.

 

ഇതിനിടയിൽ പല സ്ഥലങ്ങളിലും ജാതീയർ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും, സഭകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8 ആം അദ്ധ്യായത്തിൽ മാനസാന്തരപ്പെട്ട് സ്നാനപ്പെടുന്ന ഷണ്ഡൻ, ഐത്യോപ്യ എന്ന ജാതീയ രാജ്യക്കാരൻ ആയിരുന്നു. വേദപുസ്തകത്തിൽ രേഖകൾ ഇല്ലായെങ്കിലും, ഐറേനിയസിനെ പോലെയുള്ള സഭാ പിതാക്കന്മാരുടെ രചനകളിൽ, ഐത്യോപ്യൻ ഷണ്ഡൻ അവന്റെ രാജ്യത്ത് സുവിശേഷം പ്രചരിപ്പിച്ചു എന്നു പറയുന്നുണ്ട് (Irenaeus). ഐത്യോപ്യൻ ഓർത്തഡോക്സ് സഭാ പാരമ്പര്യം ഇത് ശരിവയ്ക്കുന്നുണ്ട്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ കൊർന്നേല്യൊസ് എന്ന റോമൻ പട്ടാളത്തിലെ ശതാധിപൻ മാനസാന്തരപ്പെട്ട് ക്രിസ്തുവിനോടു ചേർന്നതിന്റെ വിവരണം ഉണ്ട്. അവനും കുടുംബവും, പത്രോസിന്റെ പ്രസംഗം കേൾക്കുവാൻ അവന്റെ വീട്ടിൽ കൂടിയിരുന്ന എല്ലാവരും, മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ചു.    

 

സഭാ പാരമ്പര്യം അനുസരിച്ച് മറ്റ് ചില ജാതീയ പട്ടണങ്ങളിൽ, യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ചിലർ സഭകൾ സ്ഥാപിച്ചിട്ടുണ്ട്. അന്ത്യോക്യയിലെ സഭയിലെ പ്രവർത്തനങ്ങൾ നീരീക്ഷിക്കുവാനായി യെരൂശലേമിലെ സഭ ബർന്നബാസിനെ അയക്കുന്നതായി  അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:22-24 വരെയുള്ള വാക്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. അന്ത്യോക്യ സന്ദർശനത്തിന് ശേഷമാണ് ബർന്നബാസ്, പൌലൊസിനെ അവിടേക്ക് കൊണ്ടുവരുന്നത് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:25). ഇതിന് ശേഷമാണ് ബർന്നബാസിനെയും പൌലൊസിനെയും പരിശുദ്ധാത്മാവു സുവിശേഷ വേലയ്ക്കായി വിളിക്കുന്നത് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:2). അവരുടെ ഒന്നാമത്തെ സുവിശേഷ യാത്ര അന്ത്യോക്യയിൽ നിന്നും ആരംഭിച്ചു, സെലൂക്യ, കുപ്രൊസ് എന്നിവിടങ്ങളിലേക്ക് പോയി.

 

ജാതികളുടെ അപ്പൊസ്തലൻ എന്നു അറിയപ്പെടുന്നത് പൌലൊസ് ആണ് എങ്കിലും, അദ്ദേഹം സുവിശേഷ പ്രവർത്തനങ്ങൾ ക്രമമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില ജാതീയ പട്ടണങ്ങളിൽ ക്രിസ്തീയ വിശ്വാസികളും, സഭകളും ഉണ്ടായിരുന്നു. ഇത് യഹൂദ ക്രൈസ്തവർക്കും, ജാതീയ വിശ്വാസികളക്കും ഇടയിൽ സാംസ്കാരികമായ സംഘർഷം ഉണ്ടാക്കി. ഇതിന്റെ പരിഹാരം കണ്ടെത്തുവാൻ ആണ് യെരൂശലേം ആലോചനാ യോഗം കൂടിയത് (Jerusalem council, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15). ചരിത്രപരമായി ദൈവീക ഉടമ്പടി പ്രകാരം ഉള്ളവർ യിസ്രായേൽ എന്ന ഏക വംശത്തിൽപ്പെട്ടവർ ആയിരുന്നു. അവർക്ക് മാത്രമായി ഒരു ന്യായപ്രമാണവും, ജീവിത രീതികളും, ആരാധനാ രീതികളും ഉണ്ടായിരുന്നു. പരിച്ഛേദന, ആഹാരത്തിലുള്ള നിബന്ധനകൾ, ശബത്ത് എന്നിങ്ങനെയുള്ള സവിശേഷമായ പ്രമാണങ്ങൾ യഹൂദന്മാർക്ക് ഉണ്ടായിരുന്നു. അതിനാൽ, ജാതീയരിൽ നിന്നും ഒരുവൻ ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുമ്പോൾ, അവനും യഹൂദ മത പ്രമാണങ്ങൾ അനുസരിക്കേണം എന്നു യഹൂദ ക്രിസ്തീയ വിശ്വാസികളിൽ ഒരു കൂട്ടർ വിശ്വസിച്ചു. അവർ പൌലൊസിന്റെ അപ്പൊസ്തോലികത്വത്തെ അവഗണിച്ചു. ഇങ്ങനെ ചിന്തിച്ച ചില യഹൂദ ക്രൈസ്തവർ ഗലാത്യയിൽ എത്തി. ഇത്തരം ഉപദേശകർ യെരൂശലേം ആലോചന യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ പഠിപ്പിക്കലുകൾ ആണ് പ്രചരിപ്പിച്ചത് (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 15:23-29). ജാതീയരിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവർ മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കേണം എന്നും, അതിനാൽ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ എന്നും പഠിപ്പിച്ചു. മോശെയുടെ ന്യായപ്രമാണത്തിൽ യഹൂദ മത പ്രമാണങ്ങളും, പരിച്ഛേദനയും ഉണ്ടായിരുന്നു.

 

പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷയാത്രയിൽ ആണ് അദ്ദേഹം തെക്കൻ ഗലാത്യ പ്രദേശങ്ങളിൽ ക്രിസ്തീയ സഭകൾ സ്ഥാപിക്കുന്നത്. ഇതിനെക്കുറിച്ച് അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13-14 അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്. അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 14:5-6, 21 എന്നീ വാക്യങ്ങളിൽ പറയുന്ന, ലുസ്ത്ര, ദെർബ്ബ, ലുക്കവോന്യ, പിസിദ്യയിലെ അന്ത്യൊക്ക്യ, എന്നീ പട്ടണങ്ങൾ തെക്കൻ ഗലാത്യ ദേശത്തുള്ളവയായിരുന്നു (Lystra, Derbe, Lycaonia, Antioch of Pisidia). ഒന്നാമത്തെ സുവിശേഷയാത്രയുടെ അവസാനം പൌലൊസും, ബർന്നബാസും തിരികെ സിറിയയിലെ അന്ത്യോക്യയിൽ ചെന്നു, കുറെക്കാലം അവിടെ താമസിച്ചു (Antioch of Syria). ഗലാത്യയിൽ പൌലൊസിന്റെ സാന്നിദ്ധ്യം ഇല്ലാതിരുന്ന ഈ കാലയളവിൽ പരിച്ഛേദനക്കാരായ യഹൂദന്മാർ അവിടെ എത്തുകയും, വിരുദ്ധ ഉപദേശം പഠിപ്പിക്കുകയും ചെയ്തു. ഈ ഉപദേശ പിശക് ഗലാത്യർ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തു.

 

യഹൂദ പരിച്ഛേധനാ വാദികളുടെ ഉപദേശങ്ങൾ ഗലാത്യ സഭയിൽ വലിയ ഭിന്നത ഉണ്ടാക്കി. ഇതിനെ ചില ഗലാത്യർ എങ്കിലും സ്വീകരിച്ചു എന്നാണ് ലേഖനത്തിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നത്. ഇതൊരു ഗൌരവമായ സാഹചര്യം സൃഷ്ടിച്ചു. ഇതിൽ നടുങ്ങിപ്പോയ അപ്പൊസ്തലൻ, ഈ വിരുദ്ധ ഉപദേശത്തെ ഘണ്ഡിക്കുവാനായി ഗലാത്യർക്ക് ഒരു എഴുത്ത് എഴുതി. അതാണ് ഗലാത്യർക്ക് എഴുതിയ ലേഖനമായി ഇന്ന് നമ്മൾ വായിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം രക്ഷ എന്ന അടിസ്ഥാന ഉപദേശത്തെ തള്ളിക്കളഞ്ഞാൽ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകും എന്നു അദ്ദേഹം മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇതിൽ സുവിശേഷത്തിന്റെ ലളിതമായ സത്യത്തിൽ നിന്നും അകന്നുപോയ ഗലാത്യ സഭകളെ പൌലൊസ് ശകാരിക്കുകയും, തിരികെ വരുവാൻ ഉപദേശിക്കുകയും ചെയ്യുന്നു. ലേഖനത്തിൽ സുവിശേഷം ചുരുക്കമായി അദ്ദേഹം പ്രസ്താവിക്കുന്നു.

 

പൌലൊസ് പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്: യേശുക്രിസ്തുവിലൂടെ, രക്ഷയും നീതീകരണവും, യഹൂദനും ജാതീയർക്കും ഒരുപോലെ, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ലഭിച്ചിരിക്കുന്നു. അതിലൂടെ അബ്രാഹാമിന്റെ സകല അനുഗ്രഹങ്ങൾക്കും, രക്ഷിക്കപ്പെട്ട എല്ലാവരും അവകാശികൾ ആയിത്തീർന്നിരിക്കുന്നു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1 ആം വാക്യത്തിൽ പരാമർശിക്കുന്ന യഹൂദന്മാർ തന്നെയാണോ ഗലാത്യ സഭകളിലും എത്തിയത് എന്നു നിശ്ചയം ഇല്ല, എങ്കിലും സാദ്ധ്യത ഉണ്ട്. കാരണം സിറിയയിലെ അന്ത്യോക്യയിലും ഗലാത്യയിലും എത്തിയവർ ഒരേ വിരുദ്ധ ഉപദേശം ആണ് പഠിപ്പിച്ചത്. 

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1

യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.

 

രൂപരേഖ

 

ഗലാത്യർ 1-2 അദ്ധ്യായങ്ങളിൽ പൌലൊസ് അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ പ്രതിരോധിക്കുന്നു. 3-4 അദ്ധ്യായങ്ങളിൽ വിശ്വാസം-ന്യായപ്രമാണം എന്നീ വിഷയങ്ങളിലേക്ക് കടക്കുന്നു. 5-6 അദ്ധ്യായങ്ങളിൽ, ക്രിസ്തുവിലുള്ള സ്വതന്ത്ര്യത്തിന്റെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് ഉപദേശിക്കുന്നു.

 

ഗലാത്യർ 1-2

 

വിരുദ്ധ ഉപദേശത്തെ സ്വീകരിച്ചു വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പോയ ഗലാത്യസഭകൾക്ക് അപ്പൊസ്തലനായ പൌലൊസ് എഴുതുന്ന ലേഖനം. ക്രിസ്തീയ സഭയക്ക് എതിരായി പൌലൊസ് നടത്തിയ ഉപദ്രവങ്ങൾ, യേശുക്രിസ്തുവിന്റെ നേരിട്ടുള്ള പ്രത്യക്ഷത, എന്നീ സംഭവങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടു, അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ പ്രതിരോധിക്കുന്നു. ജാതികളുടെ ഇടയിൽ സുവിശേഷം അറിയിക്കുവാനുള്ള ദൈവീക നിയോഗം മറ്റ് അപ്പൊസ്തലന്മാരും അംഗീകരിച്ചതാണ്. ജാതികളുമായി കൂട്ടായ്മ ആചരിക്കുന്ന വിഷയത്തിൽ, വിസമ്മതിച്ച പത്രൊസിനെ ഒരിക്കൽ അദ്ദേഹം ശാസിച്ചു. മോശെയുടെ ന്യായപ്രമാണം നിമിത്തമല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രം നിമിത്തമാണ് എല്ലാവരും (യഹൂദനും, ജാതീയരും) നീതീകരിക്കപ്പെടുന്നത്.  

 

പൌലൊസ് അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വത്തെ പ്രതിരോധിക്കുന്നത് ഇങ്ങനെയാണ്. ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തുവിന്റെ നേരിട്ടുള്ള വെളിപ്പെടൽ ആദേഹത്തിന് ഉണ്ടായി. യേശുക്രിസ്തു ആണ് പൌലൊസിനെ യഹൂദ ഇതര വംശജരുടെ (ജാതികൾ) ഇടയിലെ വേലയ്ക്കായി തിരഞ്ഞെടുത്ത് അയച്ചത്. അദ്ദേഹത്തിന്റെ മനസാന്തരത്തിന് ചില വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം യെരൂശലേമിലേക്ക് പോയതും, അപ്പൊസ്തലന്മാരെ കണ്ടതും. 

 

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:15-16

കർത്താവു അവനോടു (അനന്യാസിനോട്:): നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.

 

ഗലാത്യർ 1:11-12

സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു. അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.

 

ഗലാത്യർ 1:15-17

എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.

 

ഗലാത്യർ 3-4

 

ക്രിസ്തുവിന്റെ സുവിശേഷത്തെ പൌലൊസ് പ്രതിരോധിക്കുന്നു. മോശെയുടെ ന്യായപ്രമാണത്താൽ അല്ലാതെ, വിശ്വാസത്താൽ മാത്രം നീതീകരിക്കപ്പെട്ട ഒരുവന്റെ ഉദാഹരണം ആണ് അബ്രാഹാം. ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നും മനുഷ്യ വംശത്തെ യേശുക്രിസ്തു അവന്റെ ക്രൂശ് മരണം എന്ന പാപ പരിഹാര യാഗത്തിലൂടെ വീണ്ടെടുത്തു. ന്യായപ്രമാണം ഒരു ശിശുപാലകനെപ്പോലെ നമ്മളെ ക്രിസ്തുവിങ്കലേക്ക് നയിച്ചു (ഗലാത്യർ 3:24). വിശ്വാസത്താൽ നമ്മൾ പുതിയനിയമ ഉടമ്പടിയ്ക്ക് ഭാഗമാകുകയും ക്രിസ്തുവിനോടൊപ്പം കൂട്ട് അവകാശികൾ ആയിത്തീരുകയും ചെയ്യുന്നു. അങ്ങനെ നമ്മൾ ദൈവ മക്കൾ ആയിതീരുന്നു.

 

ഗലാത്യർ 5-6

 

ക്രിസ്തു നല്കുന്ന സുവിശേഷത്തിന്റെ ഉടമ്പടിയുടെ ഭാഗമായി ഉറച്ചു നിൽക്കുവാൻ പൌലൊസ് ആഹ്വാനം ചെയ്യുന്നു. ജഡത്തിന്റെ പ്രവർത്തികളിൽ ജീവിക്കുന്നവനും, ആത്മാവിന്റെ ഫലം അനുഭവിച്ചുകൊണ്ട് ജീവിക്കുന്നവനും തമ്മിലുള്ള ഒരു താരതമ്യം പൌലൊസ് വിവരിക്കുന്നു (ഗലാത്യർ 5:19, 22). “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ”, “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും”, “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും” എന്നീ ഉപദേശങ്ങളും അദ്ദേഹം നല്കുന്നു (ഗലാത്യർ 6:2, 7, 9).



 

പ്രധാന വിഷയം  

 

തീവ്ര വൈകാരികവും, കർശനവും, രൂക്ഷവും, അടിയന്തരവും ആയ ഭാഷയും ശൈലിയുമാണ് പൌലൊസ് ഗലാത്യർക്ക് എഴുതിയ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ലേഖനത്തിന്റെ ആരംഭത്തിൽ ഒരു മുഖവുര പറയുന്ന പതിവ് ശൈലി ഈ ലേഖനത്തിൽ ഇല്ല. ഗലാത്യയിൽ സംഭവിച്ച കാര്യങ്ങളിൽ പൌലൊസ് വളരെ അസ്വസ്ഥനായിരുന്നു എന്നതിന്റെ തെളിവാണിത്. അദ്ദേഹം ആരംഭിക്കുന്നത് തന്നെ ഗലാത്യരെ ശകാരിച്ചുകൊണ്ടാണ്.

 

ഗലാത്യർ 1:6-7

ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.

 

ഗലാത്യയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിൽ ചില യഹൂദന്മാർ കടന്നു കയറുകയും, രക്ഷിക്കപ്പെടുവാൻ പരിച്ഛേദന, ന്യായപ്രമാണം എന്നിവ ആചരിക്കേണം എന്നു ഉപദേശിക്കുകയും ചെയ്തു. അവർ പൌലൊസിന്റെ അപ്പൊസ്തലികത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരെ പൌലൊസ്, “ചിലർ നിങ്ങളെ കലക്കി” (ഗലാത്യർ 1:7), “നിങ്ങളെ കലഹിപ്പിക്കുന്നവർ” (ഗലാത്യർ 5:12). എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

 

ഗലാത്യയിലെ വിശ്വാസികൾ യഹൂദന്മാരുടെ വിരുദ്ധ ഉപദേശത്തിൽ അകപ്പെട്ടു എങ്കിലും, അവർ തിരികെ വരാതെവണ്ണം നഷ്ടമായില്ല. എങ്കിലും അവർ ബുദ്ധികെട്ടവരെപ്പോലെ ആയതിൽ പൌലൊസ് അവരെ ശാസിക്കുന്നു. എന്തുകൊണ്ട് അവർ വിരുദ്ധ ഉപദേശങ്ങളെ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ നിർമ്മല സുവിശേഷത്തിലേക്ക് തിരികെ വരേണം എന്നാണ് പൌലൊസ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.

 

ഗലാത്യർ 3:3 

നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?

 

ഗലാത്യർ 3:1

ഹാ! ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?

 

യേശുക്രിസ്തു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു. അതിൻ പ്രകാരം, യേശുവിന്റെ ശിഷ്യരാകുവാനും രക്ഷിക്കപ്പെടുവാനും, യഹൂദ മതത്തിൽ ചേരുകയോ, മോശെയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്യേണ്ടതില്ല. യഹൂദ മതത്തിൽ ചേരുന്നതും മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതും സുവിശേഷത്തിന്റെ സത്യത്തെ നിരസിക്കൽ ആണ്. പുതിയ നിയമത്തിന്റെ ഉപദേശം, യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രം മൂലം ഉള്ള രക്ഷയാണ്. രക്ഷയ്ക്ക് പ്രവർത്തികൾ കണക്കിടുന്നില്ല.

 

രക്ഷ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം ലഭിക്കുന്നു. ഇതിനായി മോശെയുടെ ന്യായപ്രമാണം പാലിക്കേണ്ടതില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള രക്ഷ വരുന്നതുവരെ ന്യായപ്രമാണം ഒരു പരിശീലകനെപ്പോലെ പ്രവർത്തിച്ചു. വിശ്വാസത്താലുള്ള രക്ഷ വന്നതിനു ശേഷം പരിശീലകനായ ന്യായപ്രമാണം ആവശ്യമില്ല.

 

ഗലാത്യർ 2:16

എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.

 

ഗലാത്യർ 3:24-25

അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.

 

ക്രിസ്തീയ വിശ്വാസികൾ ന്യായപ്രമാണത്തിൽ നിന്നും പ്രാപിച്ച സ്വാതന്ത്ര്യം ജഡത്തിന്റെ പ്രവർത്തികൾ നിവർത്തിക്കുവാൻ അവസരമാക്കരുത് എന്നും പൌലൊസ് ഈ ലേഖനത്തിൽ ഉപദേശിക്കുന്നു. ഓരോ വിശ്വാസിയും പരിശുദ്ധാത്മാവിനാൽ നടത്തപ്പെടേണം. പുതിയ ഉടമ്പടിയുടെ കാലത്ത്, വിശ്വാസികൾ പരിശുദ്ധാത്മാവിന്റെ ശക്തിയിലും നടത്തിപ്പിലും ജീവിക്കേണം.

  

ഗലാത്യർ 5:13

സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.

 

ഗലാത്യർ 5:16

ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.

 

ഗലാത്യ ലേഖനം, പൌലൊസിന്റെ ജീവിതവുമായി ബന്ധപ്പെട്ട പല ചരിത്ര സംഭവങ്ങളുടെ എഴുതപ്പെട്ട രേഖ കൂടിയാണ്. ഇതിൽ അദ്ദേഹം പരാമർശിക്കുന്ന, എന്നാൽ മാറ്റൊരിടത്തും വായിക്കുവാൻ കഴിയാത്ത വിവരങ്ങൾ ഉണ്ട്. 1, 2 അദ്ധ്യായങ്ങളിൽ അദ്ദേഹത്തിന്റെ മുൻകാല ജീവിതത്തിന്റെ ചില വിവരങ്ങൾ ഉണ്ട്. ഇതിൽ അദ്ദേഹം അറബിയിലേക്ക് പോയതിന്റെയും, പത്രൊസ്, യാക്കോബ് എന്നിവരെ ആദ്യമായി കണ്ടതിന്റെയും, പത്രൊസിനോടൊപ്പം 15 ദിവസങ്ങൾ താമസിച്ചതിന്റെയും, വിവരണം ഉണ്ട്. ഈ വിവരങ്ങൾ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടില്ല. 2 ആം അദ്ധ്യായത്തിൽ യെരൂശലേം ആലോചന യോഗത്തിൽ പങ്കെടുത്തത്തിന്റെ വിവരണവും ഉണ്ട് (Jerusalem Council). ഗലാത്യർ 2:11-21 വരെയുള്ള വാക്യങ്ങളിൽ പത്രോസുമായുണ്ടായ വിശ്വാസപരമായ അഭിപ്രായ വ്യത്യാസവും അദ്ദേഹം രേഖപ്പെടുത്തി.   

 

ഗലാത്യർ 1:17-19

എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു. മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാർത്തു. എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.

 

ഗലാത്യർ 2:1-3

പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാൻ ബർന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി. ഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാൽ പ്രമാണികളോടു വിവരിച്ചു. എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബ്ബന്ധിച്ചില്ല.

 

ഗലാത്യർ 2:11

എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു

 

ഗലാത്യർക്ക് എഴുതിയ ലേഖനത്തെ “ഒരു സംക്ഷിപ്തമായ റോമർ” എന്നു വിശേഷിപ്പിക്കാറുണ്ട് (a short Romans). രണ്ടു ലേഖനങ്ങളുടെയും കേന്ദ്രവിഷയം വിശ്വാസത്താൽ മാത്രമുള്ള നീതീകരണം ആണ്. ഗലാത്യർ 3, 4 അദ്ധ്യായങ്ങളിൽ ദൈവശാസ്ത്രപരമായും, 5, 6 അദ്ധ്യായങ്ങളിൽ പ്രയോഗികമായും, പൌലൊസ് ഇതിനായി വാദിക്കുന്നു. പൌലൊസിന്റെ അപ്പൊസ്തോലികത്വവും യഹൂദന്മാർ ചോദ്യം ചെയ്തിരുന്നു. അതിനാൽ അദ്ദേഹം അതിനെ പ്രതിരോധിക്കുന്നത് 1, 2 അദ്ധ്യായങ്ങളിൽ വായിക്കാം. റോമർക്ക് എഴുതിയ ലേഖനത്തിലെ ചില വിഷയങ്ങൾ ഗലാത്യർക്ക് എഴുതിയ ലേഖനത്തിലും നമുക്ക് വായിക്കാവുന്നതാണ്. നീതീകരണത്തിന് ന്യായപ്രമാണത്തിന് കഴിവില്ല (റോമർ 3:20, ഗലാത്യർ 2:16), ക്രിസ്തീയ വിശ്വാസികൾ ന്യായപ്രമാണത്തിന് മരിച്ചിരിക്കുന്നു (റോമർ 7:4, ഗലാത്യർ 2:19), വിശ്വാസികൾ ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്നു (റോമർ 6:6, ഗലാത്യർ 2:20), വിശ്വാസത്താലുള്ള അബ്രാഹാമിന്റെ നീതീകരണം (റോമർ 4:3, ഗലാത്യർ 3:6), ക്രിസ്തീയ വിശ്വാസികൾ അബ്രാഹാമിന്റെ ആത്മീയ സന്തതികൾ ആണ് (റോമർ 4:10, ഗലാത്യർ 3:7), അതിനാൽ അവർ അബ്രഹാമിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു (റോമർ 4:23-24, ഗലാത്യർ 3:9), ന്യായപ്രമാണം രക്ഷ കൊണ്ടുവരുന്നില്ല, ദൈവീക ക്രോധത്തിന് മാത്രമേ ഹേതുവാകുന്നുള്ളൂ. (റോമർ 4:15, ഗലാത്യർ 3:10), നീതിമാൻ വിശ്വാസത്താൽ ജീവിക്കും (റോമർ 1:17, ഗലാത്യർ 3:11), പാപത്തിന്റെ സർവ്വലൌകികത (റോമർ 11:32, ഗലാത്യർ 3:22), വിശ്വാസികൾ ക്രിസ്തുവിനോടു ചേർന്നു ആത്മീയമായി സ്നാനപ്പെട്ടിരിക്കുന്നു (റോമർ 6:3, ഗലാത്യർ 3:27), ദൈവത്തിന്റെ പുത്രന്മാരായി വിശ്വാസികൾ ദത്തെടുക്കപ്പെട്ടിരിക്കുന്നു (റോമർ 8:14-17, ഗലാത്യർ 4:5-7), സ്നേഹം ന്യായപ്രമാണത്തെ നിവർത്തിക്കുന്നു (റോമർ 13:8-10, ഗലാത്യർ 5:14), ആത്മാവിൽ നടക്കുന്നതിന്റെ പ്രാധാന്യം (റോമർ 8:4, ഗലാത്യർ 5:16), ആത്മാവിനെതിരായ ജഡത്തിന്റെ പോരാട്ടം (റോമർ 7:23-25, ഗലാത്യർ 5:17), വിശ്വാസികൾ ഓരോരുത്തനും മറ്റുള്ളവരുടെ ഭാരം ചുമക്കേണം (റോമർ 15:1, ഗലാത്യർ 6:2). 


      

വ്യാഖ്യാനത്തിലെ വെല്ലുവിളികൾ

 

ഗലാത്യർ 2:1-10 വരെയുള്ള വാക്യങ്ങളിൽ, പൌലൊസ് യെരൂശലേമിലേക്ക് പോയതായും, അവിടെ പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കണ്ടതായും പറയുന്നു. ഈ വേദഭാഗം വ്യാഖ്യാനിക്കുന്നതിൽ ചില വെല്ലുവിളികൾ ഉണ്ട്. ഇവിടെ പറയുന്ന പൌലൊസിന്റെ യാത്ര, ഒന്നാമത്തെ യെരൂശലേം ആലോചനായോഗത്തിനായി പോയതാണോ? (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15). അല്ലെങ്കിൽ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11:27-30 വരെ വിവരിക്കുന്നതുപോലെ, യെരൂശലേമിൽ ഉണ്ടായ മഹാക്ഷാമത്തിന്റെ കാലത്ത് അവിടെയുള്ള വിശ്വാസികൾക്ക് സഹായവുമായി പോയതിന്റെ ചരിത്രം ആണോ?

 

സ്നാനത്താൽ ഒരുവന്റെ ആത്മാവു പുനർജനിക്കുന്നു (regeneration) എന്നും, അതിനാൽ രക്ഷയ്ക്ക് സ്നാനം ആവശ്യമാണ് എന്നുമുള്ള വിരുദ്ധ ഉപദേശം പഠിപ്പിക്കുന്നവർ, അവരുടെ വാദങ്ങൾക്ക് സഹായമായി ഗലാത്യർ 3:27 ആം വാക്യം ഉപയോഗിക്കാറുണ്ട്. അതിനാൽ ഇവിടെയും ചില വ്യാഖ്യാന പ്രശ്നങ്ങൾ ഉണ്ടാകുന്നു.

 

ഗലാത്യർ 3:27

ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.    

 

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അധികാര ശ്രേണിയെക്കുറിച്ചുള്ള പാരമ്പര്യ ക്രിസ്തീയ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർ ഗലാത്യർ 3:28 ആം വാക്യം ഉപയോഗിക്കാറുണ്ട്. പുരുഷന് സ്ത്രീകളുടെ മേൽ ആത്മീയ അധികാരം ഉണ്ട് എന്നും അതിനാൽ സ്ത്രീകൾ കീഴടങ്ങിയിരിക്കേണം എന്നുമാണ് പാരമ്പര്യ ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നത്. എന്നാൽ ഗലാത്യർ 3:28 ആത്മീയമായ തുല്യതയാണ് ഉപദേശിക്കുന്നത് എന്നു ആധുനിക ദൈവശാസ്ത്ര ചിന്തകരിൽ ചിലർ വാദിക്കുന്നു.

 

ഗലാത്യർ 3:28

അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

 

രക്ഷാ ഭദ്രത എന്ന വിഷയത്തെ ആസ്പദമാക്കിയും ചില തർക്കങ്ങൾ ഉണ്ട്. ഗലാത്യർ 5:4 ലെ “നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി” എന്നീ വാക്യങ്ങൾ, ഒരു വിശ്വാസിയുടെ രക്ഷ നഷ്ടപ്പെട്ടു പോയേക്കാം എന്നാണ് അർത്ഥമാക്കുന്നത് എന്നു ചിലർ വാദിക്കുന്നു.

 

ഗലാത്യർ 5:4

ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.

 

ഗലാത്യർ 6:11 ലെ “നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു” എന്ന വാക്യം, ഗലാത്യ ലേഖനത്തെ മൊത്തമായി പരാമർശിക്കുന്നുവോ, അതോ, അവസാനത്തെ ചില വാക്യങ്ങളെക്കുറിച്ച് മാത്രം പറയുന്നുവോ? ഗലാത്യർ 6:16 ലെ വാക്യം, “ദൈവത്തിന്റെ യിസ്രായേലിന്നും” എന്നത്കൊണ്ട് യിസ്രായേൽ ജനവും, ക്രിസ്തീയ സഭയും തമ്മിലുള്ള അതിർവരമ്പ് പൌലൊസ് മായ്ച്ചുകളഞ്ഞിരിക്കുന്നു എന്നു ചില വേദചിന്തകർ വാദിക്കുന്നു. ഇവിടെ ക്രിസ്തീയ സഭയെയാണ്  “ദൈവത്തിന്റെ യിസ്രായേലിന്നും” എന്നു പൌലൊസ് വിളിക്കുന്നത്. ഇതിൽ യിസ്രായേൽ ജനവും ഉൾപ്പെട്ടിട്ടുണ്ടോ? ഇതെല്ലാം ആണ് ഗലാത്യ ലേഖനത്തിലെ പ്രധാന വ്യാഖ്യാന വെല്ലുവിളികൾ. 

 

കോറം ഡെയോ

 

ക്രിസ്തുവിന്റെ സുവിശേഷത്തെ കൂടുതൽ വ്യക്തമായി ഗ്രഹിക്കുവാൻ ഗലാത്യർക്ക് എഴുതിയ ലേഖനം സഹായിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചും, അവന്റെ പരമ യാഗത്തെക്കുറിച്ചും ഉള്ള സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരുവൻ രക്ഷ പ്രാപിക്കുന്നുള്ളൂ. നീതീകരണത്തിന് യാതൊരു പ്രവർത്തിയും കാരണം അല്ല. രക്ഷിക്കപ്പെട്ട ഒരു ക്രിസ്തീയ വിശ്വാസി പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കേണം. പരിശുദ്ധാത്മാവിനാലാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ആത്മീയ ഫലങ്ങൾ ഉളവാകുന്നത്. അവ മനുഷ്യരുടെ പ്രയത്നത്താൽ ഉളവാകുന്നത് അല്ല. ക്രിസ്തുവിലുള്ള സ്വതന്ത്ര്യത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ ഗലാത്യർക്ക് എഴുതിയ ലേഖനം നമ്മളെ പ്രബോധിപ്പിക്കുന്നു.

 



No comments:

Post a Comment