ഗലാത്യർ - അദ്ധ്യായം 6

ഗലാത്യർക്ക് എഴുതിയ ലേഖനം 5 ആം അദ്ധ്യായം “ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.” എന്നു പ്രബോധിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. 6 ആം അദ്ധ്യായത്തിൽ, ആത്മാവിനെ അനുസരിച്ചു നടക്കുക എന്ന ആശയത്തെ പൌലൊസ് കൂടുതൽ വിശദീകരിക്കുന്നു. ആത്മാവിനെ അനുസരിച്ചു നടക്കുന്നവരുടെ, മറ്റുള്ളവരോടുള്ള സമീപനം എന്തായിരിക്കേണം എന്നാണ് ഇവിടെ പറയുന്നത്.

ഒരുവൻ വല്ലതെറ്റിലും അകപെട്ടുപോയാൽ അവനെ സൌമ്യതയോടെ യഥാസ്ഥാനപ്പെടുത്തുവിൻ എന്നു പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. തുടർന്നു, “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ” എന്നും “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നും അദ്ദേഹം എഴുതി. മനുഷ്യർ വിതയ്ക്കുന്നത് തന്നെ കൊയ്യും എന്നുള്ളത് ഒരു സാർവ്വലൌകീക പ്രമാണം ആണ്. അതിനാൽ നന്മ ചെയ്യുന്നതിൽ നമ്മൾ മടുത്തു പോകരുതു, തക്ക സമയത്ത് നല്ല വിളവു കൊയ്യും. തുടർന്നു പൌലൊസ്, യഹൂദ പരിച്ഛേദനാവാദികളുടെ വിരുദ്ധ ഉപദേശത്തെക്കുറിച്ച് ശക്തമായ ഒരു പ്രഖ്യാപനം നടത്തി. “പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.” “ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.” എന്നു പറഞ്ഞുകൊണ്ടു ഗലാത്യർക്ക് ഉള്ള എഴുത്ത് പൌലൊസ് അവസാനിപ്പിക്കുന്നു.  

     

യഥാസ്ഥാനപ്പെടുത്തുവിൻ

 

ഗലാത്യർ 6 ആം അദ്ധ്യായം ആരംഭിക്കുന്നത് “സഹോദരന്മാരേ” എന്ന അഭിസംബോധനയോടെയാണ്. ഗലാത്യർ 3:1 ൽ “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്നു വിളിച്ച പൌലൊസ്, ഇവിടെ സൌമ്യനായി കാണപ്പെടുന്നു. ഗലാത്യർ 6:1 ലെ വിഷയം, ഒരു വിശ്വാസി വല്ല തെറ്റിലും അകപ്പെട്ടുപോയാൽ എന്ത് ചെയ്യേണം എന്നതാണ്. ഇതൊരു പ്രായോഗിക ക്രിസ്തീയ ജീവതത്തിലെ വിഷയം ആണ്. അൽപ്പസമയത്തേക്ക് പൌലൊസ്, യഹൂദ പരിച്ഛേദനാവാദികളുടെ വിരുദ്ധ ഉപദേശത്തെ വിട്ടു പ്രായോഗിക ജീവിതത്തിലേക്ക് പോകുന്നു.

 

ഈ വാക്യത്തിലെ “തെറ്റ്” എന്നതിന്റെ മൂല ഗ്രീക്ക് ഭാഷയിലെ വാക്ക് “പറാപ്റ്റോമ” എന്നാണ് (paraptōma,  par-ap'-to-mah, Strong's G3900). ഈ വാക്കിന്റെ അർത്ഥം, അതിക്രമിച്ചു കടക്കുക, വീഴുക, സത്യത്തിൽ നിന്നും, നീതിയിൽ നിന്നും വ്യതിചലിക്കുക, പാപം, തെറ്റായ പ്രവർത്തി, എന്നിവയാണ് (to fall beside or near something, a lapse or deviation from truth and uprightness, a sin, misdeed). ഇതു ഒരുവൻ ദൈവ വചനത്തിലും ആത്മാവിന്റെ നടത്തിപ്പിലും ഉറച്ചു നിൽക്കാതെ ഇരിക്കുമ്പോൾ സംഭവിക്കുന്ന വീഴ്ചയാണ്.

 

“അകപെട്ടുപോയെങ്കിൽ” എന്നതിലെ “അകപ്പെടുക” എന്നതിന്റെ ഗ്രീക്ക് പദം, “പ്രൊലംബാനൊ” എന്നാണ് (prolambanō, prol-am-ban'-o, Strong's G4301). ഈ പദത്തിന്റെ അർത്ഥം, ഒരുവന്റെ കുറ്റം മൂടിവയ്ക്കുവാൻ കഴിയുന്നതിനു മുമ്പായി അവനെ പിടിക്കുക, എന്നാണ് (to take one before he can flee or conceal his crime). അതായത് “ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ” എന്നതിന്റെ അർത്ഥം, ഒരു മനുഷ്യൻ വല്ല തെറ്റിലും വഴുതി വീണുപോകുകയും അവനെ ആ അവസ്ഥയിൽ പിടിക്കപ്പെടുകയും ചെയ്താൽ, എന്നാണ്.

 

“യഥാസ്ഥാനപ്പെടുത്തുക” എന്നതിന്റെ ഗ്രീക്ക് മൂല പദം, “കറ്റാർറ്റീഡ്സൊ” എന്നാണ് (katartizō, kat-ar-tid'-zo). ഈ വാക്കിന്റെ അർത്ഥം, പൊട്ടിപ്പോയതിനെ നന്നാക്കിയെടുക്കുക, എന്നാണ് (to mend what has been broken or rent). പൊട്ടിപ്പോയതോ, സ്ഥാനം തെറ്റിപ്പോയതോ ആയ എല്ലുകളെ ശരിയാക്കി എടുക്കുന്നതിനെയും, പൊട്ടിപ്പോയ വലയെ നന്നാക്കി എടുക്കുന്നതിനെയും കുറിച്ച് പറയുവാൻ ഈ വാക്ക് ഗ്രീക്ക് ഭാഷയിൽ ഉപയോഗിക്കുമായിരുന്നു. മത്തായി 4:21, മർക്കോസ് 1:19 എന്നീ വാക്യങ്ങളിലെ “വല നന്നാക്കുന്നതു കണ്ടു” എന്നതിലെ “നന്നാക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ഈ പദം ആണ്.

 

മത്തായി 4:21

അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.

 

മർക്കോസ് 1:19

അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.

 

“യഥാസ്ഥാനപ്പെടുത്തുക” എന്നതിന്റെ അർത്ഥം, പൊട്ടിപ്പോയ കണ്ണികളെ നന്നാക്കിയെടുത്ത്, അതിനെ പൂർണ്ണവും ഉപയോഗപ്രദവും ആക്കുക എന്നാണ്. പാപത്തിൽ വീണുപോയ ഒരുവൻ തിരിച്ചുവരുവാനായി അവൻ പശ്ചാത്താപിച്ചു പരിശുദ്ധാത്മാവിന്റെ അനുസരണത്തിലേക്ക് മടങ്ങിവരേണ്ടതാണ്. എങ്കിൽ അവൻ ദൈവരാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കു ഉപകാരപ്പെടും.  

 

“ആത്മികരായ നിങ്ങൾ” ക്രിസ്തുവിന്റെ ആത്മാവിൽ നടക്കുകയും, ക്രിസ്തുവിന്റെ മനോഭാവം ഉള്ളവരായി ജീവിക്കുകയും ചെയ്യുന്നവർ ആണ്. ഗലാത്യയിലെ സഭയിൽ, യഹൂദ പരിച്ഛേദനാവാദികളുടെ വിരുദ്ധ ഉപദേശത്തിൽ വീണുപോകാതിരുന്ന വിശ്വാസികൾ ഉണ്ടായിരുന്നു എന്നു ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം. ദൈവ കൃപയിൽ നിന്നും വീണുപോയവരെ ക്രിസ്തുവിന്റെ സുവിശേഷത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ, പൌലൊസ് ആത്മാവിൽ നടക്കുന്ന വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. വീണുപോയവരെ “സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ” എന്നാണ് പൌലൊസിന്റെ നിർദ്ദേശം. അവരുടെ കുറ്റം അവഗണിക്കുകയോ, കണ്ടില്ല എന്നു നടിക്കുകയോ അല്ല വേണ്ടത്. അവരെ കുറ്റപ്പെടുത്തുകയും, ഒറ്റപ്പെടുത്തുകയും അരുതു. അവരെ വിശ്വാസത്തിൽ യഥാസ്ഥാനപ്പെടുത്തേണം. ഇതാണ് ആത്മീയരായവരുടെ ഉത്തരവാദിത്തം. പരിച്ഛേദനാവാദത്തിലേക്ക് വീണുപോയ ഗലാത്യയിലെ വിശ്വാസികളോട് പൌലൊസ് സ്വീകരിച്ച സമീപനവും ഇതുതന്നെയാണ്. അവർ വിശ്വാസത്തിൽ യഥാസ്ഥാനപ്പെടേണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.  

 

വല്ലതെറ്റിലും അകപെട്ടുപോയവരെ യാഥാസ്ഥാനപ്പെടുത്തുന്നതിനോടൊപ്പം, “നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” വീണുപോയവനും, വീഴാതെ നിൽക്കുന്നവനും, ഒരുപോലെ വിശ്വാസത്തിന്റെ പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരും. ഇതിൽ വീണുപോകുവാനുള്ള സാദ്ധ്യത എല്ലാവർക്കും ഒരുപോലെയാണ്. അതിനാൽ ഇതുവരെയും വീഴാതെ ഇരിക്കുന്നവർ, ഭാവിയിൽ അകപ്പെട്ടു പോകാതെ ഇരിക്കുവാൻ സൂക്ഷിക്കേണം. വീണുപോയവരെ മോശക്കാരായി കാണുവാനും, വീഴാതെ നിൽക്കുന്നവരെ ശ്രേഷ്ഠന്മാരായി കാണുവാനും പാടില്ല. ഇത് ക്രിസ്തുവിലുള്ളവർ കാത്തുസൂക്ഷിക്കേണ്ടുന്ന ഒരു മനോഭാവം ആണ്. 

ഗലാത്യർ 6:1, പാപത്തേക്കുറിച്ചുള്ള ഗൌരവമായ ചില ചിന്തകൾ ഉയർത്തുന്നു. ഒന്നാമതായി ഒരു രക്ഷിക്കപ്പെട്ട വിശ്വാസി പാപത്തിൽ വീഴുവാൻ സാധ്യതയുണ്ട്. അതായത്, ഒരുവന് രക്ഷിക്കപ്പെട്ടതിന് ശേഷവും പാപം ചെയ്യുവാൻ കഴിയും. തത്വത്തിൽ നമ്മൾ രക്ഷിക്കപ്പെടുമ്പോൾ, പാപ സ്വഭാവം ഉള്ള പഴയ മനുഷ്യൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും, പരിശുദ്ധാത്മാവിൽ പുതിയ മനുഷ്യൻ ക്രിസ്തുവിനോടുകൂടെ ഉയിർക്കുകയും ചെയ്യുന്നു. ആത്മാവിനെ അനുസരിച്ചു, ക്രിസ്തുവിൽ ജീവിക്കുന്നവർ തുടർന്നു പാപം ചെയ്യുന്നില്ല. എന്നാൽ പ്രായോഗികമായി ഒരു ക്രിസ്തീയ വിശ്വാസി പലപ്പോഴും ആത്മാവിന്റെ നടത്തിപ്പിനെ അവഗണിച്ചുകൊണ്ടു പാപത്തിൽ വീഴാറുണ്ട്. ഇത്, അവൻ രക്ഷിക്കപ്പെട്ടതിന് ശേഷവും മലിനമായ ജഡശരീരത്തിൽ വസിക്കുന്നതിനാലും, അവന്റെ രക്ഷയുടെ പൂർത്തീകരണം ഇനിയും സംഭവിച്ചിട്ടില്ല എന്നതിനാലും ആണ്. എന്നാൽ ഒരു തെറ്റിലേക്ക് വഴുതി വീണുപോയാൽ രക്ഷ നഷ്ടപ്പെടും എന്നു പൌലൊസ് ഇവിടെ പറയുന്നില്ല. എങ്കിലും അവൻ ദൈവ കൃപയിലേക്ക് മടങ്ങി വരുകയും, യഥാസ്ഥാനപ്പെടുകയും വേണം. ഇതിനായി ആത്മാവിൽ ജീവിക്കുന്ന മറ്റ് വിശ്വാസികൾ സഹായിക്കേണം. അതായത് ക്രിസ്തീയ ജീവിതം ഒരു ഏകാന്തമായ ജീവിതം അല്ല. അത് മറ്റ് വിശ്വാസികളോടൊത്തുള്ള ഒരു കൂട്ടായ്മയാണ്. ഈ കൂട്ടായ്മ തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുന്ന കൂട്ടായ്മയാണ്.

 

രണ്ടാമതായി, പാപത്തിന്റെ പരീക്ഷയെയോ, പാപത്തിൽ വീണുപോയ അവസ്ഥയെയോ, ഒരുവന് സ്വയം പോരാടി ജയിക്കുവാൻ കഴിയും എന്നു പൌലൊസ് കരുതുന്നില്ല. അതിനാൽ കൂട്ട് വിശ്വാസികളുടെ സഹായം ആവശ്യമാണ്. പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർക്ക് മാത്രമേ, പാപത്തോടു പോരാടുന്നവനെയും, പാപത്തിൽ വീണുപോയവനെയും തിരികെ കൊണ്ടുവരുവാൻ കഴിയൂ. അവർ അവനെ കുറ്റം വിധിക്കുന്നവർ ആകരുതു, സൌമ്യത ഉള്ളവർ ആയിരിക്കേണം എന്നു പൌലൊസ് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. മൂന്നാമതായി, വല്ല തെറ്റിലും അകപ്പെടാതിരിപ്പാൻ എല്ലാവരും സൂക്ഷിക്കേണ്ടത് ആണ്.

 

തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ

 

വീണുപോയ ഒരുവനെ യഥാസ്ഥാനപ്പെടുത്തുവാൻ എന്തുകൊണ്ട് സഹായിക്കേണം. കാരണം, അതാണ് ക്രിസ്തുവിന്റെ ന്യായപ്രമാണം. അതിനാൽ പൌലൊസ് ഇങ്ങനെ എഴുതി, “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” (ഗലാത്യർ 6:2). ക്രിസ്തീയ ജീവിതം കൂട്ടായ്മയുടെ ജീവിതമാണ്. അതിൽ പാപത്തിന്റെ പരീക്ഷകളും പ്രതികൂലങ്ങളും ഉണ്ട്. ഇത് ഏകരായി പോരാടേണ്ടുന്ന യുദ്ധം അല്ല. ഇതിൽ വിശ്വാസികൾ അന്വേന്യം ഭാരം താങ്ങുന്നവർ ആയിരിക്കേണം. ഫിലിപ്പിയർക്ക് എഴുതിയ എഴുത്തിലും പൌലൊസ് ഇതേ പ്രബോധനം നല്കുന്നുണ്ട്.

 

ഫിലിപ്പിയർ 2:4

ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.

 

“ഭാരങ്ങളെ” എന്നതിന്റെ ഗ്രീക്ക് പദം, “ബാറാസ്” എന്നാണ് (baros, bar'-os, Strong's G922). ഈ വാക്കിന്റെ അർത്ഥം ഒരുവന് താങ്ങുവാൻ കഴിയാതവണ്ണം ഉള്ള ഭാരം, എന്നാണ്. “ഭാരങ്ങൾ” എന്ന വാക്ക് ഇവിടെ “വല്ലതെറ്റിലും” അകപ്പെട്ടു പോകുവാൻ തക്ക ശക്തമായ പരീക്ഷയും, പ്രതികൂലങ്ങളും ആണ് (ഗലാത്യർ 6:1). ഒരു വിശ്വാസി അഭിമുഖീകരിക്കുന്ന പരീക്ഷയിൽ മറ്റുള്ളവർ അവന് താങ്ങായി നിൽക്കേണം. ക്രിസ്തുവിന്റെ ന്യായപ്രമാണം “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നതാണ് (ഗലാത്യർ 5:14).

 

ഗലാത്യർ 5:14

കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.

 

ഗലാത്യർ 6:2 ൽ മോശെയുടെ ന്യായപ്രമാണവും, ക്രിസ്തുവിന്റെ ന്യായപ്രമാണവും തമ്മിലുള്ള അന്തരം പൌലൊസ് ചൂണ്ടിക്കാണിക്കുന്നു. മോശെയുടെ ന്യായപ്രമാണം “വല്ലതെറ്റിലും” അകപ്പെടുന്നവനെ ശിക്ഷിക്കുന്നു. ക്രിസ്തുവിന്റെ പ്രമാണം അവനെ സ്നേഹത്തോടെ യഥാസ്ഥാനപ്പെടുത്തുന്നു. 

 

പ്രതികൂലങ്ങളിലൂടെ കടന്നുപോകുന്ന ഒരു വിശ്വാസിയെ സഹായിക്കുവാൻ വിസമ്മതിക്കുന്ന ഒരു വിശ്വാസി തന്നെത്താൻ വഞ്ചിക്കുന്നു. അവൻ മഹാൻ ആണ് എന്നു അവൻ ചിന്തിക്കുന്നു എങ്കിലും സത്യത്തിൽ അവനും മറ്റുള്ളവരെപ്പോലെ ദുർബലൻ ആണ്. (ഗലാത്യർ 6:3). കാരണം എല്ലാവർക്കും ഏതെങ്കിലും സാഹചര്യത്തിൽ മറ്റ് വിശ്വാസികളുടെ പിന്തുണ ആവശ്യമാണ്. ഇന്ന് ഒരു വിശ്വാസി ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എങ്കിൽ നാളെ അത് നമ്മൾ ആയിരിക്കാം.

 

മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നത് ചിലപ്പോൾ മറ്റുള്ളവരുടെ ഭാരങ്ങൾക്ക് ഒരു സഹായമായി തീരുവാനുള്ള വൈമനസ്യം ആയിരിക്കാം. പലപ്പോഴും അത് നമ്മളുടെ അഹംഭാവം ആയിരിക്കും. അവനെക്കാൾ ഞാൻ ശ്രേഷ്ഠൻ ആണ് എന്ന ചിന്തയാണ് അത്. എനിക്ക് ഇത്തരം പ്രസന്ധികൾ ഉണ്ടാകുകയില്ല എന്ന മനോഭാവം ആണിത്. അഥവാ, പ്രതികൂലങ്ങൾ ഉണ്ടായാലും അത് സ്വയം വഹിക്കുവാനുള്ള കരുത്ത് ഉണ്ട് എന്നു കരുതുന്നു. എന്നാൽ പൌലൊസ് പറയുന്നു, ഇത് സ്വയം വഞ്ചനയാണ്. നമ്മളെക്കുറിച്ചുള്ള നമ്മളുടെ ധാരണ വ്യാജമാണ്. കാരണം പരീക്ഷകളുടെയും, പ്രതികൂലങ്ങളുടെയും മുന്നിൽ നമ്മളെ ശക്തരാക്കുന്നത് യേശുക്രിസ്തു ആണ്. ക്രിസ്തുവാണ് നമ്മളുടെ ബലം. അത് നമ്മളുടെ ബലം അല്ല.  

 

ഓരോരുത്തൻ ദൈവം അവനെ ഏൽപ്പിച്ച പ്രവർത്തികൾ ശ്രദ്ധയോടെ ചെയ്യട്ടെ. (ഗലാത്യർ 6:4). അവ ചെയ്യുവാനുള്ള കരുത്ത് പരിശുദ്ധാത്മാവ് നല്കുന്നത് ആണ് എന്നു തിരിച്ചറിയേണം. ഇതിൽ ഞാൻ യേശുക്രിസ്തുവിനെ വെളിപ്പെടുത്തിയോ എന്നു അവനവന്റെ പ്രവർത്തികളെ സ്വയം പരിശോധിച്ച് നോക്കട്ടെ. അങ്ങനെയെങ്കിൽ ആരും സ്വയം പ്രശംസിക്കുകയില്ല. ഇവിടെ പൌലൊസ് “പ്രശംസിക്കുക” എന്ന വാക്ക് സത്യസന്ധമായ ഒരു വിലയിരുത്തൽ എന്ന അർത്ഥത്തിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

 

കൊലൊസ്സ്യർ 3:23, റോമർ 12:3, എന്നീ വാക്യങ്ങളിൽ സമാനമായ ആശയം പൌലൊസ് എഴുതിയിട്ടുണ്ട്.   

 

കൊലൊസ്സ്യർ 3:23

നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.

 

റോമർ 12:3

ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.

 

താന്താന്റെ ചുമടു ചുമക്കുമല്ലോ

 

ഓരോരുത്തൻ അവരവരുടെ പ്രവർത്തികളുടെയും ജീവിതത്തിന്റെയും ഉത്തരവാദിത്തം ഏൽക്കേണം (ഗലാത്യർ 6:5). ഗലാത്യർ 6:2 ൽ “ഭാരങ്ങൾ” എന്നു പറയുവാൻ പൌലൊസ് ഉപയോഗിച്ച ഗ്രീക്ക് വാക്ക് “ബാറാസ്” എന്നാണ് (baros, bar'-os, Strong's G922). ഈ വാക്കിന്റെ അർത്ഥം ഒരുവന് താങ്ങുവാൻ കഴിയാതവണ്ണം ഉള്ള വലിയ ഭാരം, എന്നാണ്. എന്നാൽ 6:5 ൽ “ചുമടു” എന്നു പറയുവാൻ ഉപയോഗിക്കുന്ന ഗ്രീക്ക് പദം, “ഫോർറ്റിഓൺ” എന്നാണ് (phortion, for-tee'-on, Strong's G5413). ഒരു പടയാളി സ്വയം ചുമന്നുകൊണ്ടു പോകുന്ന ഭാരത്തെക്കുറിച്ച് പറയുവാൻ ഈ വാക്ക് ഗ്രീക്കിൽ ഉപയോഗിക്കാറുണ്ട്. അവൻ ചുമക്കുന്നത് അവന് പടക്കളത്തിൽ ആവശ്യമുള്ള വസ്തുക്കൾ ആണ്. ഗലാത്യർ 6:5 ൽ ഈ വാക്ക്, ക്രിസ്തു നമ്മളുടെമേൽ ആക്കിവച്ചിരിക്കുന്ന വിശ്വാസത്തിന്റെ ഉത്തരവാദിത്തം ആണ് (obligations Christ lays upon his followers). അവന്റെ കൃപയിൽ സദാ ആശ്രയിക്കുവാൻ ഇത് നമ്മളെ സഹായിക്കുന്നു. ഈ ഉത്തരവാദിത്തങ്ങൾ ഓരോ വിശ്വാസിയും സ്വയം ചുമക്കേണം. ഇതിനായി പരിശുദ്ധാത്മാവ് ഓരോരുത്തരേയും ശക്തരാക്കും.

 

ഗലാത്യർ 6:2 ൽ “ഭാരങ്ങൾ” എന്ന വാക്കും, 6:5 ലെ “ചുമട്” എന്ന വാക്കും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഒരുവന്റെ പ്രതികൂലങ്ങൾ അവന് സ്വയം താങ്ങുവാൻ കഴിയുന്നതിനെക്കാൾ ഭാരം ഉള്ളത് ആകുമ്പോൾ, മറ്റ് വിശ്വാസികൾ അവനെ സഹായിക്കേണം. എന്നാൽ ഒരുവനെ ക്രിസ്തു ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ അവന് താങ്ങുവാൻ കഴിയുന്നതാണ്. അത് നിവർത്തിക്കുവാനുള്ള ശക്തി പരിശുദ്ധാത്മാവ് അവന് നല്കും. ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ടു അവൻ അത് ചുമക്കേണം.  

 

ഒരുവൻ നിങ്ങളെ ദൈവവചനം പഠിപ്പിക്കുന്നു എങ്കിൽ, വചനം പഠിക്കുന്ന നിങ്ങൾ എല്ലാ ഭൌതീക നന്മയിലും ഒരു പങ്ക് അവന് കൊടുത്തു പിന്താങ്ങണം (ഗലാത്യർ 6:6). വചനം പഠിപ്പിക്കുന്നവർ സഭാ ശുശ്രൂഷകന്മാരും, ഉപദേഷ്ടാക്കളും ആണ്. അവരുടെ പ്രത്യേക നിയോഗം ആണ് വചനം വ്യാഖ്യാനിക്കുക, പഠിപ്പിക്കുക എന്നത്. എന്നാൽ ഇവിടെ പറയുന്ന നിർദ്ദേശത്തിൽ സഭയുടെ ആത്മീയ വർദ്ധനവിനായി നിയോഗിക്കപ്പെടുന്ന ശുശ്രൂഷകന്മാർ എല്ലാവരും ഉൾപ്പെടും എന്നു ചിന്തിക്കുന്നതാണ് പ്രായോഗികമായി ശരി.

 

എഫെസ്യർ 4:11

അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു

 

ശുശ്രൂഷകന്മാരെ ഭൌതീക നന്മകളാൽ  പിന്താങ്ങേണം എന്നത് പൌലൊസ് ആവർത്തിച്ചു പറയുന്ന ഒരു ഉപദേശം ആണ്. യേശുക്രിസ്തുവും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

 

ലൂക്കോസ് 10:7

വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ

 

1 കൊരിന്ത്യർ 9:11

ഞങ്ങൾ ആത്മീകമായതു നിങ്ങൾക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ?

 

1 കൊരിന്ത്യർ 9:14

അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.

 

1 തിമൊഥെയൊസ് 5:17-18

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.

 

ഗലാത്യർ 6:5 ൽ “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നു പൌലൊസ് എഴുതി. അതായത് ഓരോരുത്തരും ക്രിസ്തു അവരെ ഏൽപ്പിക്കുന്ന വിശ്വാസത്തിന്റെ ഉത്തരവാദിത്തങ്ങൾ നിവർത്തിക്കേണം. ഇതിന് ശേഷം, 6:6 ൽ അദ്ദേഹം ഇങ്ങനെ എഴുതി, “വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാ നന്മയിലും ഓഹരി കൊടുക്കേണം.” അതായത് വചനം പഠിക്കുന്നവന്റെ ഉത്തരവാദിത്തം ആണ്, പഠിപ്പിക്കുന്നവനെ എല്ലാ ഭൌതീക നന്മകളിലും പിന്താങ്ങുക എന്നത്. അത് അവൻ നിവർത്തിക്കേണം.  

 

ഈ വാക്യത്തിലെ “എല്ലാനന്മയിലും ഓഹരി കൊടുക്കേണം” എന്ന വാക്കുകൾ ദശംശം എന്ന ആശയത്തെ മാറ്റിസ്ഥാപിച്ചു എന്നൊരു വ്യാഖ്യാനം ഉണ്ട്. ഇതിനാല്‍ പൗലോസ്‌ ദശാംശത്തെ നീക്കി പകരം “ഓഹരി” സ്ഥാപിച്ചു എന്നാണ് വാദം. ഈ വാക്യത്തിലെ “ഓഹരി” എന്ന പദത്തിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം, “കൊയ്നോനെയോ” എന്നാണ് (koinōneō, koy-no-neh'-o, Strong's G2841). ഇതൊരു ക്രിയാപദം ആണ്. അതിന്‍റെ അര്‍ത്ഥം, പങ്കാളി ആകുക, മറ്റൊരാൾക്കു കൊടുക്കുക, വിതരണം ചെയ്യുക, ഒരു കൂട്ടായ്മയിൽ ആകുക” എന്നിങ്ങനെ ആണ്. (be partaker, to become a sharer, communicate, distribute, to come into fellowship with). ഇംഗ്ലിഷില്‍, കിങ് ജെയിംസ് വെർഷൻ ൽ ‘മറ്റൊരാൾക്കു കൊടുക്കുക, അല്ലെങ്കിൽ, പകരുക’ എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത് (King James Version, communicate).

 

അതായത് മാതാപിതാക്കന്മാര്‍ അവരുടെ മക്കള്‍ക്ക് സ്വത്ത് ഓഹരി വെക്കുന്നതുപോലെ, അല്ലെങ്കില്‍, മറ്റെന്തെങ്കിലും സാധനം കുറെ മനുഷ്യര്‍ക്കിടയില്‍ തുല്യമായി പങ്കുവെക്കുന്നതുപോലെ, നമ്മളുടെ വരുമാനം തുല്യമായി ഭാഗിച്ച് പങ്ക് വെക്കേണം എന്ന അര്‍ത്ഥം ഈ വാക്കിന് ഇല്ല.

 

ഗലാത്യർ 6:6 ൽ ദശാംശം കൊടുക്കണമോ, അതിനെ മറ്റൊന്നുകൊണ്ട് മാറ്റികളയണോ എന്നതല്ല വിഷയം. ഇത് ദശാംശത്തെക്കുറിച്ചുള്ള ഒരു പ്രബോധനം അല്ല. അതായത്, ശുശ്രൂഷകന്മാരുടെ ആവശ്യങ്ങളില്‍ പൊതുവായ ഒരു പങ്കാളിത്തം പൌലോസ് ആവശ്യപ്പെടുക ആണ്. വിശ്വാസികളുടെ ഭൌതീക നന്മയില്‍ നിന്നും ഒരു പങ്ക് വചനം പഠിപ്പിക്കുന്നവര്‍ക്ക് നല്‍കി അവരെ പിന്താങ്ങേണം എന്ന് പൌലോസ് പ്രബോധിപ്പിക്കുക ആണ്.

 

വിതെക്കുന്നതു തന്നേ കൊയ്യും

 

ഗലാത്യർ 6:7 ൽ “വഞ്ചനപ്പെടാതിരിപ്പിൻ” എന്നു പൌലൊസ് പ്രബോധിപ്പിക്കുന്നു. ഒരുവൻ വിതെക്കുന്നതു തന്നേ അവൻ കൊയ്യും. അതിനാൽ ദൈവത്തെ പരിഹസിച്ചുകൂടാ. ഗലാത്യർ ന്യായപ്രമാണവാദികളുടെ വാക്കുകൾ വിശ്വസിച്ചു സ്വയം വഞ്ചനപ്പെട്ടിരിക്കുന്നു. അതിന്റെ ഫലം അവർ തന്നെ കൊയ്യേണ്ടി വരും. ഇതൊരു പ്രകൃതി നിയമം ആണ്.   

 

ദൈവകൃപ, മനുഷ്യരുടെ തിരഞ്ഞെടുപ്പിനുള്ള സ്വതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ല. നമ്മളുടെ ഓരോ തീരുമാനങ്ങൾക്കും, തിരഞ്ഞെടുപ്പിനും, അതിന്റേതായ പരിണത ഫലം ഉണ്ടാകും. ദൈവകൃപയിൽ ആയിരിക്കുന്നതിനാൽ, നമ്മൾ തിരഞ്ഞെടുക്കുന്ന തെറ്റായ പ്രവർത്തികൾക്ക് അതിന്റേ ഫലം ഉണ്ടാകുകയില്ല എന്നു ചിന്തിക്കരുത്. അങ്ങനെയുള്ള ചിന്ത സ്വയം വഞ്ചന ആയിരിക്കും. ഇത്തരം വഞ്ചനകൾ വിശ്വസിക്കുന്നത് ദൈവത്തെ പരിഹസിക്കുന്നതിന് തുല്യം ആണ്. ദൈവം അവൻ കൽപ്പിച്ചാക്കിയിരിക്കുന്ന പ്രമാണങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നില്ല. നമ്മൾ കൊയ്യുന്ന വിളകൾ നമ്മൾ വിതച്ച വിത്തുകൾ വളർന്ന് ഉണ്ടായത് ആയിരിക്കും. ഇവിടെ ദൈവം കൽപ്പിച്ചാക്കിയ “കാരണം-ഫലം” എന്ന പ്രകൃതിയുടെ പ്രമാണം പ്രവർത്തിക്കും (cause-effect). കാരണം-ഫലം എന്ന പ്രകൃതി നിയമം, രക്ഷിക്കപ്പെടാത്തവർക്കും, രക്ഷിക്കപ്പെട്ടവർക്കും ഒരുപോലെ ബാധകം ആണ് (cause-effect). അത് ഭൌതീക ജീവിതത്തിലും, ആത്മീയ ജീവിതത്തിലും, പ്രവർത്തിക്കുന്നു.  

 

ജഡത്തിന്റെ പ്രവർത്തികൾ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും, പരിശുദ്ധാത്മാവിന്റെ പ്രവർത്തി വിതെക്കുന്നവർ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും (ഗലാത്യർ 6:8). ജഡത്തിന്റെ ഇച്ഛ അനുസരിച്ചു ജീവിക്കുന്നവൻ “ജഡത്തിൽ വിതെക്കുന്നവൻ” ആണ്. അവർ ആത്മീയമായതോ, ദൈവത്തിന്റെ വഴികളോ അന്വേഷിക്കുന്നില്ല. ന്യായപ്രമാണത്തിന്റെ അനുസരണത്തിൽ ആശ്രയിച്ചു ജീവിക്കുന്നത് ഒരു ഉദാഹരണം ആണ്. അതിന് ജഡീകമായ ഫലം മാത്രമേ പുറപ്പെടുവിക്കുവാൻ കഴിയൂ. ആത്മാവിൽ വിതെക്കുന്നവൻ, ക്രിസ്തുവിൽ ആശ്രയിക്കുന്നവൻ ആണ്. അവൻ ക്രിസ്തു വിതച്ചതിന്റെ ഫലം കൊയ്യുന്നവൻ ആണ്. ആത്മാവിൽ വിതെക്കുന്നതിന്റെ ഫലം നിത്യജീവൻ ആണ്.

 

ഇയ്യോബ് 4:8

ഞാൻ (തേമാന്യനായ എലീഫസ്) കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.

 

രക്ഷിക്കപ്പെട്ട ഒരുവന് ജഡത്തിൽ വിതയ്ക്കുന്നത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവൻ അതിന്റെ പരിണത ഫലം അനുഭവിക്കേണ്ടി വരും. അവന് ആത്മാവിൽ നിന്നു ഫലം കൊയ്യുവാൻ കഴിയുക ഇല്ല. ഒരുവന് ന്യായപ്രമാണം അനുസരിച്ചു ജീവിക്കുവാനോ, ക്രിസ്തുവിന്റെ കൃപയാൽ വിശ്വാസത്താൽ മാത്രം ലഭിക്കുന്ന രക്ഷ അനുഭവിച്ചുകൊണ്ടു ജീവിക്കുവാനോ കഴിയും. അതായത് ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവന് ഉണ്ട്. രണ്ടും കൂടെ ഒരുമിച്ച് തിരഞ്ഞെടുക്കുവാൻ കഴിയില്ല.

 

ന്യായപ്രമാണത്തിന്റെ അനുസരണം, ജഡത്തിൽ വിതയ്ക്കുന്നതിന് തുല്യം ആണ്. അങ്ങനെ ചെയ്യുന്നവർ ജഡത്തിൽ ആശ്രയിച്ചു ജീവിക്കുന്നു. അവരുടെ ജഡീക പ്രവർത്തികൾ നീതീകരണത്തിന് കാരണം ആകും എന്നു അവർ വിശ്വസിക്കുന്നു. അത് സ്വയം വഞ്ചനയാണ്. എന്നാൽ ജഡത്തിന്റെ പ്രവർത്തികളുടെ ഫലം നാശം ആയിരിക്കും എന്നാണ് പൌലൊസ് ഇവിടെ എഴുതുന്നതു. ജഡത്തിന്റെ പ്രവർത്തികൾ നശിച്ചുപോകും. കാരണം പാപ സ്വഭാവത്താൽ മലിനമായ നമ്മളുടെ ജഡത്തിന്റെ പ്രവർത്തികളും മലിനം ആയിരിക്കും അതിന് ദൈവീക വിശുദ്ധിയുടെയോ, നീതീകരണത്തിന്റെയോ ഫലം പുറപ്പെടുവിക്കുവാൻ കഴിയുക ഇല്ല. അതിനാൽ, ജഡത്തിന്റെ പ്രവർത്തികളാൽ നിത്യജീവൻ പ്രാപിക്കുവാൻ സാദ്ധ്യമല്ല. ആത്മാവിൽ വിതെക്കുന്നവൻ നിത്യജീവനെ കൊയ്യും, ജഡത്തിൽ വിതെക്കുന്നവൻ നാശം കൊയ്യും. ഇതിൽ നിന്നും ജഡത്തിൽ വിതെക്കുന്നവന് നിത്യമരണം ലഭിക്കും എന്നു മനസ്സിലാക്കാം.   

 

വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങൾ പറഞ്ഞതിന്നു ശേഷം, മടുത്തുപോകാതെ നന്മ ചെയ്യേണം എന്നു പൌലൊസ് ഉപദേശിക്കുന്നു. അങ്ങനെ ചെയ്താൽ തക്കസമയത്ത് നന്മ കൊയ്യുവാൻ കഴിയും. “മടുത്തുപോകരുതു” എന്ന വാക്കിൽ, നന്മ ചെയ്യുന്നതിൽ നമ്മളെ മടുപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായേക്കാം എന്ന അർത്ഥം ഉണ്ട്. “തളർന്നുപോകാഞ്ഞാൽ” എന്നത് നന്മ ചെയ്തുകൊണ്ടേയിരിക്കേണം എന്ന ആശയമാണ്. “തക്കസമയത്ത്” എന്നതുകൂടി ചേർത്തു വായിച്ചാൽ നമുക്ക് ഈ വാക്യത്തെ ഇങ്ങനെ മനസ്സിലാക്കാം. നമ്മൾ എപ്പോഴും, തുടർച്ചയായി നന്മ ചെയ്തുകൊണ്ടേയിരിക്കേണം. നന്മ ചെയ്യുന്നതിനെ മടുപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായാലും നന്മ ചെയ്യുന്നത് മുടക്കരുത്. നമ്മൾ പ്രതീക്ഷിക്കുന്ന സമയത്ത് അതിന്റെ ഫലം ഉണ്ടായില്ല എന്നതിനാലും നന്മ ചെയ്യുന്നത് അവസാനിപ്പിക്കരുത്. തക്കസമയത്ത്, ദൈവം നിശ്ചയിച്ചിരിക്കുന്ന വിളവെടുപ്പിന്റെ കാലത്ത്, നമ്മൾ ചെയ്ത എല്ലാ നന്മയയ്ക്കും തക്ക ഫലം നമ്മൾ കൊയ്യും.

 

ഈ വാക്യത്തിലെ നന്മ ചെയ്യേണം എന്ന ഉപദേശം, നീതീകരണത്തിനായി ന്യായപ്രമാണ പ്രകാരമുള്ള നല്ല പ്രവർത്തികൾ ചെയ്യേണം എന്നല്ല. ആത്മാവിന്റെ ഫലങ്ങൾ ആയ നന്മ ചെയ്യേണം എന്നാണ് പൌലൊസ് ഉദ്ദേശിക്കുന്നത്. ആത്മാവിൽ നടക്കുന്നവൻ എപ്പോഴും ആത്മാവിന്റെ ഫലം പുറപ്പെടുവിക്കും.

 

ഒരുവൻ വിതയ്ക്കുന്നത് തന്നെ കൊയ്യും, നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്. അതിനാൽ അവസരം കിട്ടുമ്പോൾ എല്ലാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികളക്കും നന്മ ചെയ്യേണം (ഗലാത്യർ 6:10). കാരണം ഇതൊരു വിതയുടെ കാലമാണ്. നന്മ ചെയ്യുവാനുള്ള അവസരവും സാഹചര്യവും എല്ലാ ദിവസവും എല്ലായിടത്തും ഉണ്ട്. വിതയുടെ എല്ലാ അവസരങ്ങളും ഉപയോഗിക്കേണം. എല്ലാവർക്കും നന്മ ചെയ്യേണം. അതിൽ വിശ്വാസി എന്നോ, അവിശ്വാസി എന്നോ വേർതിരിവ് ആവശ്യമില്ല. എന്നാൽ സഹവിശ്വാസികൾക്ക് നന്മ ചെയ്യുവാൻ വിശേഷാൽ ശ്രദ്ധിക്കേണം.

 

വലിയ അക്ഷരം

 

ഗലാത്യർ 6:11 ആം വാക്യം, “നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.” എന്നതുകൊണ്ട് പൌലൊസ് എന്താണ് ഉദ്ദേശിച്ചത് എന്നു കൃത്യമായി ഇന്ന് നമുക്ക് അറിവില്ല. സാധാരണ ചെയ്യുന്നതുപോലെ, ഒരു എഴുത്തുകാരനെ ഉപയോഗിച്ചു പൌലൊസ് ഈ ലേഖനം എഴുതുക ആയിരുന്നിരിക്കാം. പൌലൊസ് പറഞ്ഞുകൊടുക്കുകയും, ഒരു സഹവിശ്വാസി അത് കേട്ട് എഴുതുകയും ആകാം. എന്നാൽ ഈ വാക്യം പൌലൊസ് തന്നെ സ്വന്ത കൈപ്പടയിൽ എഴുതിയതാണ്. ഇങ്ങനെ അവസാന ഭാഗം സ്വന്ത കൈപ്പടയിൽ എഴുതുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. ഇത് ഈ എഴുത്ത് പൌലൊസ് തന്നെ (സ്വയമോ, മറ്റൊരാളിന്റെ സഹായത്തോടെയോ) എഴുതിയതാണ് എന്നും, ഇതൊരു വ്യാജ എഴുത്ത് അല്ല എന്നതിന്റെയും തെളിവാണ്. ഇതാണ് ഒരു വ്യാഖ്യാനം.

 

6:11 ആം വാക്യമോ, അതിന് മുമ്പുള്ള വാക്യമോ പൌലൊസ് വലിയ അക്ഷരങ്ങളിൽ എഴുതി എന്നൊരു വാദം ഉണ്ട്. പൌലൊസ് ഈ ലേഖനം മുഴുവൻ, മറ്റൊരാളിന്റെ സഹായം കൂടാതെ, സ്വയം എഴുതി എന്നും, അദ്ദേഹം അത് വലിപ്പമുള്ള അക്ഷരത്തിലാണ് എഴുതിയത് എന്നും വ്യാഖ്യാനം ഉണ്ട്. അതിനാൽ പൌലൊസിന് കാഴ്ചയ്ക്ക് പരിമിതി ഉണ്ടായിരുന്നു എന്നും വ്യാഖ്യാനങ്ങൾ ഉണ്ട്. ഗലാത്യർ 1:20 ൽ “ഞാൻ നിങ്ങൾക്കു എഴുതുന്നതു” എന്നു പറയുന്നുണ്ട്. അതിൽ നിന്നും ഗലാത്യർക്ക് ഉള്ള എഴുത്ത് അദ്ദേഹം സ്വയം എഴുതിയതാണ് എന്ന വാദം ഉണ്ട്.  എന്നാൽ, “നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.” (ഗലാത്യർ 6:11) എന്ന വാക്യം കൊണ്ടു പൌലൊസ് ഉദ്ദേശിച്ചത് എന്താണ് എന്നതിൽ അവ്യക്തത ഉണ്ട്. 

 

ക്രൂശിലെ പ്രശംസ

 

ഗലാത്യർ 6:12 ൽ പൌലൊസ് വീണ്ടും പരിച്ഛേദന എന്ന വിഷയത്തിലേക്ക് തിരികെ വരുന്നു. 6:12 മുതലുള്ള വാക്യങ്ങൾ ഈ ലേഖനത്തിന്റെ അവസാന ഭാഗം ആണ്. ക്രിസ്തീയ വിശ്വാസികൾ പരിച്ഛേദന സ്വീകരിക്കണമോ എന്നതാണ് ഈ ലേഖനത്തിന്റെ മുഖ്യ വിഷയം. യഹൂദ പരിച്ഛേദനാവാദികൾ, ഗലാത്യയിൽ പൌലൊസിന്റെ അസാന്നിദ്ധ്യത്തിൽ എത്തുകയും, നീതീകരണം ലഭിക്കേണ്ടതിനായി ഗലാത്യർ പരിച്ഛേദന ഏൽക്കേണം എന്നു ഉപദേശിക്കുകയും ചെയ്തു. 6:12 ൽ പരിച്ഛേദനാവാദികളുടെ യഥാർത്ഥ മുഖം പൌലൊസ് തുറന്നു കാട്ടുന്നു. അവർ ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ആണ്. അവർ മറ്റുള്ളവരുടെ ഇടയിൽ സൽപേര് സമ്പാദിക്കുവാൻ ആഗ്രഹിക്കുന്നു. പരിച്ഛേദനാവാദികൾ അവരുടെ പ്രവർത്തികളിലൂടെ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ നല്ലവരാകുവാൻ ശ്രമിക്കുന്നു. അവർ വിശ്വാസത്തിൽ പക്വത ഉള്ളവരും, ദൈവഭക്തിയുള്ളവരും ആണ് എന്നു സ്വയം ഭാവിക്കുന്നു. കാരണം അവർ ക്രിസ്തുവിന്റെ ക്രൂശ് നിമിത്തം ഉപദ്രവം സഹിക്കുവാൻ തയ്യാറല്ല. ക്രൂശിന്റെ സത്യ സുവിശേഷം പ്രസംഗിച്ചാൽ യഹൂദന്മാരും, ക്രിസ്തീയ വിശ്വാസത്തിന്റെ വിരോധികളും, അവർക്ക് ശത്രുക്കൾ ആകും എന്നു അവർ ഭയപ്പെടുന്നു. ക്രിസ്തീയ വിശ്വാസത്തെ യഹൂദന്മാരും, ന്യായവാദികളായ ക്രിസ്ത്യാനികളും, റോമൻ സാമ്രാജ്യവും എതിർത്തിരുന്നു. അതിനാൽ അവർ പരിച്ഛേദന പ്രസംഗിക്കുകയും ഗലാത്യരെ പരിച്ഛേദന ഏൽക്കുവാൻ നിർബന്ധിക്കുകയും ചെയ്യുന്നു.  

 

പരിച്ഛേദനാവാദികൾ ആയ യഹൂദന്മാർ ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കുന്നില്ല (ഗലാത്യർ 6:13). കാരണം, ഒരു മനുഷ്യനും ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ അവർ കപടഭക്തിക്കാർ ആണ്. എങ്കിലും, അവരുടെ ഉപദേശം സ്വീകരിച്ചു ഗലാത്യർ ജഡത്തിൽ പരിച്ഛേദന സ്വീകരിച്ചു എന്നു പ്രശംസിക്കുവാൻ അവർ ആഗ്രഹിക്കുന്നു. 

 

ഗലാത്യർ 6:14 ൽ പൌലൊസ് അവന്റെ വിശ്വാസം ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന് കർത്താവായ യേശുക്രിസ്തുവിൽ മാത്രമുള്ള പ്രശംസ മതി. ക്രിസ്തുവിനാൽ ലോകത്തിന്റെ പ്രതാപം പൌലൊസിന് ക്രൂശിക്കപ്പെട്ടിരിക്കുന്നു. പൌലൊസും, ലോകവുമായുള്ള ബന്ധത്തിൽ, ക്രൂശിൽ മരിച്ചിരിക്കുന്നു. “ലോകം” എന്നത് ഭൌതീക ശാസ്ത്രപ്രകാരം ഉള്ള ലോകമല്ല. അത് ഈ ലോകക്രമവും, അതിന്റെ ജീവിത രീതികളും, ദൈവത്തോട് മൽസരിക്കുന്ന മനുഷ്യരും ആണ്. ഈ ലോകവ്യവസ്ഥിതിയും, ദൈവ വിരോധികളായ മനുഷ്യരും, പൌലൊസിന് ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇവയോട് പൌലൊസിന് ഇനി ആഗ്രഹമോ, ബന്ധമോ ഇല്ല. യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു എന്ന പ്രശംസ മാത്രമേ പൌലൊസ് ആഗ്രഹിക്കുന്നുള്ളൂ. അതിൽ ലോകത്തിന്റെ അംഗീകാരമോ പ്രശംസയോ പൌലൊസ് ഇച്ഛിക്കുന്നില്ല.

 

പൌലൊസ് ഈ വാക്യം എഴുതുന്ന സമയത്ത്, ക്രൂശ് പ്രശംസനീയമായ ഒരു വസ്തു ആയിരുന്നില്ല. ക്രൂശ് എന്ന വാക്ക് ഉച്ചരിക്കുവാൻ പോലും റോമാക്കാർ ഇഷ്ടപ്പെട്ടിരുന്നില്ല. അതൊരു മാന്യമായ പദമായി അവർ കണക്കാക്കിയില്ല. അത് അത്രമാത്രം നിന്ദിക്കപ്പെടുകയും, വെറുക്കപ്പെടുകയും ചെയ്തിരുന്നു. ഒരു കുറ്റവാളിയെ ക്രൂശിക്കുവാനുള്ള ഉത്തരവിൽ പോലും, “ക്രൂശ്” എന്ന വാക്ക് റോമാക്കാർ വായിക്കാറില്ലായിരുന്നു. ഒരുവനെ ക്രൂശിക്കുവാനുള്ള വിധിയിൽ, “ശപിക്കപ്പെട്ട മരത്തിൽ അവനെ തൂക്കി കളയുക” എന്നാണ് വായിക്കാറ് പതിവ് (arbori infelici suspendito, hang him on the unlucky tree). അതിനാൽ, അന്നത്തെ സാമൂഹിക, രാക്ഷ്ട്രീയ സാഹചര്യത്തിൽ ക്രൂശിൽ പ്രശംസിക്കുന്നു എന്നത് അർത്ഥശൂന്യമായ വാക്ക് ആയിരുന്നു. ക്രൂശിൽ ഒരു പ്രശംസയും ഇല്ലായിരുന്നു. എന്നാൽ പൌലൊസ് ലോകത്തെ തള്ളിപ്പറഞ്ഞു, അവൻ ക്രൂശിൽ ഒരു പ്രശംസ ഉണ്ട് എന്നു തിരിച്ചറിഞ്ഞു. അവന് ക്രൂശിലൂള്ള പ്രശംസ മാത്രം മതി എന്നു വച്ചു.

 

ക്രൂശ് എന്ന വാക്കും പ്രശംസ എന്ന വാക്കും, പൌലൊസിന്റെ കാലത്ത്, ഒത്തുപോകാത്ത രണ്ട് പദങ്ങൾ ആയിരുന്നു. എന്നിട്ടും പൌലൊസ് പറഞ്ഞു, ക്രിസ്തുവിന്റെ ക്രൂശ് അവന് പ്രശംസയാണ്. പൌലൊസ് ഇവിടെ ഉദ്ദേശിക്കുന്നത് ക്രൂശ് എന്ന മരത്തടികൊണ്ടു നിർമ്മിച്ച വസ്തുവല്ല. ക്രിസ്തുവിന്റെ ക്രൂശിലൂടെ ലഭിച്ച രക്ഷയും നീതീകരണവും ആണ്. ഈ രക്ഷ ജഡത്തിന്റെ പ്രവർത്തികളാൽ ലഭിക്കുന്നത് അല്ല. അവൻ പ്രശംസിക്കുന്നത്, യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലൂടെ ലഭിച്ച രക്ഷയിലും നീതീകരണത്തിലും ആണ്. ഈ സുവിശേഷം അറിയിക്കുന്നത് തന്നെ ഒരു പ്രശംസയാണ്.  

പുതിയ സൃഷ്ടിയത്രേ കാര്യം

 

യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കും നീതീകരണത്തിനും പരിച്ഛേദനയും, അഗ്രചർമ്മവും കാരണമാകുന്നില്ല. അത് തടസ്സവും അല്ല. ക്രിസ്തുവിലുള്ള വിശ്വാസം മാത്രമേ രക്ഷയ്ക്ക് ഉതകുന്നുള്ളൂ. (ഗലാത്യർ 6:15). ഇങ്ങനെ പരിശുദ്ധാത്മാവിനാൽ വീണ്ടും ജനനം പ്രാപിച്ച പുതിയ സൃഷ്ടിയാണ് രക്ഷിക്കപ്പെട്ട ദൈവജനം. അതിനാൽ പരിച്ഛേദനയും അഗ്രചർമ്മവും അല്ല, പുതിയ സൃഷ്ടിയത്രേ കാര്യം. ഇതേ മർമ്മം പൌലൊസ് മറ്റ് ചില വേദവാക്യങ്ങളിലും പറയുന്നുണ്ട്.

 

ഗലാത്യർ 5:6

ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

 

1 കൊരിന്ത്യർ 7:19

പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.

 

2 കൊരിന്ത്യർ 5:17

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

 

ഗലാത്യർ 6:15 ലെ “പുതിയ സൃഷ്ടി” പഴയതിനെ പുതുക്കി എടുത്തതല്ല. പഴയത് ഇല്ലാതെയായി, പുതിയത് സൃഷ്ടിക്കപ്പെട്ടത് ആണ്. അതൊരു സമ്പൂർണ്ണമായും പുതിയ സൃഷ്ടിയാണ്. പുതിയ സൃഷ്ടി, അഗ്രചർമ്മത്തിന്റെ ഛേദനം അല്ല, പഴയ മനുഷ്യന്റെ മരണവും, പുതിയ മനുഷ്യന്റെ ജനനവും ആണ്. പഴയ മനുഷ്യനിൽ പാപസ്വഭാവം വസിച്ചിരുന്നു എങ്കിൽ, പുതിയ സൃഷ്ടിയിൽ പരിശുദ്ധാത്മാവ് സദാ വസിക്കുന്നു. പഴയ മനുഷ്യൻ ആദാമിൽ ചേർന്ന് ഇരുന്നു എങ്കിൽ പുതിയ സൃഷ്ടി ക്രിസ്തുവിൽ ഒന്നായിരിക്കുന്നു.  

 

ഒരുവന് സ്വയം പുതിയ സൃഷ്ടി ആകുവാൻ സാദ്ധ്യമല്ല. നമ്മൾ ദൈവത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്നതല്ല, ദൈവം നമ്മൾക്ക് വേണ്ടി എന്ത് ചെയ്തു എന്നതാണ് കാര്യം. ക്രിസ്തു നമ്മളിൽ എന്ത് ചെയ്തു എന്നതാണ് കാര്യം. ന്യായപ്രമാണം നമ്മൾ എന്ത് ചെയ്യേണം എന്നു പറയുമ്പോൾ, ക്രിസ്തുവിന്റെ സുവിശേഷം ദൈവം നമ്മളിൽ എന്ത് ചെയ്തു എന്നു പറയുന്നു.  

 

ഗലാത്യർ 6:16 ലെ “ഈ പ്രമാണം” എന്നത് പൌലൊസ് രൂപീകരിച്ച ഏതെങ്കിലും പ്രവർത്തിയുടെ പ്രമാണം അല്ല. അത്, “പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.” എന്ന ആത്മാവിന്റെ പ്രമാണം ആണ്. ഇത് അനുസരിച്ചു ജീവിക്കുന്ന എല്ലാവർക്കും സമാധാനവും കരുണയും ഉണ്ടാകട്ടെ എന്നു പൌലൊസ് പ്രാർത്ഥിക്കുന്നു. പരിച്ഛേദനാവാദികൾ ഗലാത്യരുടെ ഇടയിൽ അസമാധാനം വിതച്ചു. പൌലൊസ് അവർക്കു സമാധാനത്തിനായുള്ളത് ഉപദേശിച്ചു.

 

“ദൈവത്തിന്റെ യിസ്രായേലിന്നും” എന്ന വാക്കുകളിൽ, യേശുക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിച്ചു രക്ഷ പ്രാപിച്ച എല്ലാവരും ഉൾപ്പെടുന്നു. അതിൽ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം രക്ഷിക്കപ്പെട്ട യഹൂദനും, ജാതീയരും ഉണ്ട്. അവരാണ് വിശ്വാസികളുടെ പിതാവ് എന്നു അറിയപ്പെടുന്ന അബ്രാഹാമിന്റെ സന്തതികൾ.

 

റോമർ 4:11-12

അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോട വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.

 

ഇവിടെ പൌലൊസ്, അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികളായ യിസ്രായേലിനെയും, ക്രിസ്തുവിൽ വിശ്വാസം മൂലം മാത്രം രക്ഷിക്കപ്പെട്ട അബ്രാഹാമിന്റെ ആത്മീയ സന്തതികളായ ദൈവജനത്തെയും രണ്ട് സമൂഹങ്ങൾ ആയി കാണുന്നു. ദൈവ ജനത്തെ “ദൈവത്തിന്റെ യിസ്രായേൽ” എന്നു പൌലൊസ് വിളിക്കുന്നു. ഈ രണ്ട് ജനസമൂഹങ്ങളും സമാന്തരമായി ഒരേ സമയത്ത് നിലനിൽക്കുന്നു. “ദൈവത്തിന്റെ യിസ്രായേൽ”, ജഡപ്രകാരമുള്ള യിസ്രായേലിനെ മാറ്റി സ്ഥാപിക്കുന്നില്ല.

 

ഗലാത്യർ 6:17-18 വാക്യങ്ങൾ ഗലാത്യർക്ക് എഴുതിയ എഴുത്തിന്റെ അവസാനത്തെ വാചകങ്ങൾ ആണ്. പരിച്ഛേദനാവാദികൾ പൌലൊസിന്റെ അപ്പൊസ്തലികത്വത്തെ ചോദ്യം ചെയ്തു. അവർ അദ്ദേഹം പ്രസംഗിച്ച സുവിശേഷത്തെ ചോദ്യം ചെയ്തു. ഗലാത്യരിൽ ചിലർ ക്രിസ്തുവിന്റെ സുവിശേഷം വിട്ടു, പരിച്ഛേദനാവാദികളോടൊപ്പം ചേർന്നു. അങ്ങനെ ഗലാത്യയിലെ വിശ്വാസികൾ പൌലൊസിന് വളരെ പ്രയാസവും വേദനയും ഉണ്ടാക്കി. അതിനാൽ അവസാനമായി അദ്ദേഹം അവരോട് അപേക്ഷിക്കുകയാണ്, “ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു”. കാരണം, “ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.”

 

ഒരു അടിമ അവന്റെ ശരീരത്തിൽ വഹിക്കുന്ന, അവന്റെ യജമാനന്റെ അടയാളം ആണ് “ചൂടടയാളം”. ഈ അടയാളം അവന്റെ ശരീരത്തിൽ തീകൊണ്ട് ആണ് പതിപ്പിക്കുന്നത്. അത് പിന്നീട് ഒരിക്കലും മാഞ്ഞുപോകുകയില്ല. ഇത് രണ്ട് കാര്യങ്ങൾ വിളിച്ചു പറയുന്നു. ഒന്ന്, അവൻ ഒരു അടിമയാണ്. രണ്ട് അവന്റെ യജമാനൻ ആരാണ്. ഈ അടിമ എവിടെപ്പോയാലും അവിടെയെല്ലാം ഈ രണ്ട് കാര്യങ്ങൾ “ചൂടടയാളം” വിനിമയം ചെയ്യുന്നുണ്ട്.

 

റോമൻ പടയാളികൾ, അവരുടെ സർവ്വസൈന്യാധിപന്റെ പേര്, അവരുടെ ശരീരത്തിൽ പച്ചകുത്തുന്നതുപോലെ എഴുതിവയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ഇത് അവർ ആരുടെ പടയാളി ആണ് എന്നു തിരിച്ചറിയുവാനും, അവരുടെ സൈന്യാധിപനോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുവാനും ആയിരുന്നു.

 

ഇവിടെ പൌലൊസ് അവനെ ക്രിസ്തുവിന്റെ അടിമയായി അവതരിപ്പിക്കുന്നു. അവന്റെ യജമാനൻ ക്രിസ്തു ആണ്. ഈ രണ്ട് സത്യങ്ങളും ഉപേക്ഷിച്ചുകൊണ്ടു അവന് ജീവിതം ഇല്ല. പൌലൊസിന്റെ ജീവിതത്തിലെ ക്രിസ്തുവിന്റെ അടയാളം അവനിൽ ഉളവായ പുതിയ സൃഷ്ടിയാണ്. അവൻ സുവിശേഷം നിമിത്തം അനുഭവിച്ച പീഡനങ്ങളും അവന്റെ ശരീരത്തിൽ ചൂടടയാളമായി നിൽക്കുന്നു.  

 

“സഹോദരന്മാരേ” എന്നു ഒരിക്കൽ കൂടി വിളിച്ചുകൊണ്ടും, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ.” എന്നു പ്രാർത്ഥിച്ചുകൊണ്ടും പൌലൊസ് ഈ എഴുത്ത് അവസാനിപ്പിക്കുന്നു (ഗലാത്യർ 6:18). “യേശുക്രിസ്തുവിന്റെ കൃപ” ആണ് പൌലൊസിന്റെ സുവിശേഷത്തിന്റെ അടയാളം. “ആത്മാവിനോടു ഇരിക്കുമാറാകട്ടെ” എന്നു പറയുമ്പോൾ, ജഡത്തിന്റെ പ്രവർത്തികളായ ന്യായപ്രമാണവാദത്തെ അദ്ദേഹം ഒരിക്കൽ കൂടി തള്ളിപ്പറയുന്നു. പൌലൊസിന്റെ പ്രാർത്ഥന അവരുടെ ആത്മാവിനുവേണ്ടിയാണ്.

 

“ആമേൻ” എന്നുകൂടി എഴുതി അദ്ദേഹം ഇതുവരെ പറഞ്ഞ സകലതിനയും ഏറ്റുപറയുന്നു. എല്ലാം അങ്ങനെ തന്നെ ആയിരിക്കട്ടെ.    




 


No comments:

Post a Comment