ഗലാത്യർ - അദ്ധ്യായം 5

ഗലാത്യർ 4 ആം അദ്ധ്യയത്തിൽ, നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്നു, അത് പ്രവൃത്തികളിലൂടെ നേടിയെടുക്കുവാൻ കഴിയുന്നതല്ല, എന്ന ദൈവശാസ്ത്ര വിഷയമാണ് പൌലൊസ് അവതരിപ്പിച്ചത്. ഈ സത്യത്തിന്റെ പ്രായോഗികതയാണ് അദ്ദേഹം ഗലാത്യർ 5-6 അദ്ധ്യായങ്ങളിൽ ചർച്ച ചെയ്യുന്നത്. നമ്മൾ സാക്ഷാൽ സ്വതന്ത്രർ ആകേണ്ടതിനായിട്ടാണ് ക്രിസ്തു നമ്മളെ സ്വതന്ത്രർ ആക്കിയത്. എന്നാൽ, സ്വതന്ത്ര്യത്തിൽ നിലനിൽക്കേണം എങ്കിൽ നമ്മൾ അടിമത്തത്തോട് സദാ പോരാടിക്കൊണ്ടിരിക്കേണം. കാരണം ക്രിസ്തുവിന്റെ കൃപയാൽ രക്ഷിക്കപ്പെട്ടവരെ പ്രമാണങ്ങളുടെ അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോകുവാനുള്ള ഒരു പോരാട്ടം എപ്പോഴും ഉണ്ടാകും. ന്യായപ്രമാണത്തെ അനുസരിച്ചു ജീവിക്കുക എന്നാൽ, ക്രിസ്തുവിന്റെ കൃപയിൽ നിന്നും വേർപെടുക എന്നാണ് അർത്ഥം. ഗലാത്യയിലെ വിശ്വാസികൾ യഹൂദ പരിച്ഛേദനാവാദികളുടെ വ്യാജ ഉപദേശങ്ങളെ തള്ളിക്കളയും എന്നു പൌലൊസ് പ്രത്യാശിക്കുന്നു.


ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം പാപത്തിൽ തുടർന്നു ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അല്ല എന്നു പൌലൊസ് ഗലാത്യരെ ഓർമ്മിപ്പിക്കുന്നു. “സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ” എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത് (ഗലാത്യർ 5:13). പാപത്തെ ജയിക്കുവാനും, മറ്റുള്ളവരെ സ്നേഹിക്കുവാനും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമേ കഴിയൂ. പാപത്തിന്റെ പ്രവർത്തികളുടെ ഒരു പട്ടിക ഗലാത്യർ 5:19-21 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് വിവരിക്കുന്നു. ഇവ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇതിന് ശേഷം 5:22-23 വാക്യങ്ങളിൽ ആത്മാവിന്റെ ഫലങ്ങളും അദ്ദേഹം വിവരിക്കുന്നു. ക്രിസ്തുയേശുവിന്നുള്ളവർ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കേണം എന്നു പൌലൊസ് വിശ്വാസികളെ ഉപദേശിക്കുന്നു. “നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടും കൊണ്ടു വൃഥാഭിമാനികൾ ആകരുതു.” എന്നു എഴുതികൊണ്ടു ഗലാത്യർ 5 ആം അദ്ധ്യായം അവസാനിപ്പിക്കുന്നു.

 

ഗലാത്യർ 5 ആം അദ്ധ്യായം ആരംഭിക്കുന്നത് ശക്തമായ ഒരു പ്രഖ്യാപനത്തോട് കൂടിയാണ്: “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” (ഗലാത്യർ 5:1). ഈ വാക്യത്തിലെ “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ ഗ്രീക്ക് പദം, “എലുതെറിഅ” എന്നാണ് (eleutheria, el-yoo-ther-ee'-ah, Strong's G1657). ഈ പദത്തിന് ഒരു കാര്യം ചെയ്യുവാനോ, ചെയ്യാതെ ഇരിക്കുവാനുള്ള സ്വാതന്ത്ര്യം എന്നാണ് അർത്ഥം (liberty to do or to omit things). അടിമകളെ സ്വതന്ത്രർ ആയി വിട്ടയക്കുന്നതിനെ കുറിച്ച് പറയുവാൻ ഈ പദം ഉപയോഗിച്ചിരുന്നു. ഗലാത്യർ 5:1 ൽ പൌലൊസ് പറയുന്നത്, പാപത്തിന്റെ അടിമത്തത്തിൽ നിന്നും ക്രിസ്തു നമ്മളെ സ്വതന്ത്രരാക്കി, എന്നാണ്.

 

പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയിൽ അദ്ദേഹവും കൂടെയുള്ളവരും പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു സുവിശേഷം അറിയിച്ചു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:14). പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യ, തെക്കൻ ഗലാത്യ പ്രദേശത്തിൽ ആയിരുന്നു (Antioch in Pisidia). അവിടെ പൌലൊസ് അറിയിച്ച സന്ദേശം ഇങ്ങനെ ആയിരുന്നു:

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:39

മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ (ക്രിസ്തുവിനാൽ) നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.

 

ഇതാണ് പൌലൊസ് പ്രസംഗിച്ച ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സവിശേഷത. മോശെയുടെ ന്യായപ്രമാണത്തിന് ആരെയും നീതീകരിക്കുവാനോ, പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രൻ ആക്കുവാനോ കഴിയുക ഇല്ല. എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സകലരെയും നീതീകരിക്കുവാനും, സ്വതന്ത്രൻ ആക്കുവാനും കഴിയും. ഇതുതന്നെ പൌലൊസ് റോമർക്ക് എഴുതിയ എഴുത്തിലും എഴുതിയിട്ടുണ്ട്.

 

റോമർ 8:2

ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

 

“സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി” എന്നു പൌലൊസ് എടുത്തു പറയുന്നത്, പാപത്തിന്റെ അടിമത്തത്തിൽ നിന്നും നമ്മൾ സ്വതന്ത്രർ ആയിരിക്കുന്നത് ന്യായപ്രമാണത്താൽ അല്ല എന്നു ഗലാത്യരെ ഓർമ്മിപ്പിക്കുവാനാണ്. ക്രിസ്തുവിലുള്ള വിശ്വാസമാണ് നമ്മളെ സ്വതന്ത്രർ ആക്കിയിരിക്കുന്നത്. ഈ സ്വാതന്ത്ര്യം പ്രവർത്തികളാൽ നേടിയത് അല്ല, ക്രിസ്തുവിന്റെ കൃപയാൽ ലഭിച്ച ദാനം ആണ്. വിശ്വാസം അല്ലാതെ യാതൊന്നും ഇതിന് യോഗ്യതയായി കണക്കിട്ടിട്ടില്ല. അതിനാൽ ഇനി പാപത്തിന്റെ അടിമനുകത്തിൽ കുടുങ്ങിപ്പോകരുത്. ന്യായപ്രമാണം പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യം നൽകുന്നില്ല എന്നതിനാൽ അത് അടിമത്തത്തിൽ തുടരുവാൻ മാത്രമേ ഉതകുന്നുള്ളൂ. അതിനാൽ ഇനി ന്യായപ്രമാണത്തിന്റെ അടിമത്തത്തിൽ തുടരരുത്. ദൈവ കൃപയിൽ ഉറച്ചു നിൽക്കുക. അതാണ് ന്യായപ്രമാണത്തിന്റെയും പാപത്തിന്റെയും അടിമത്തത്തിൽ തുടരുവാതിരിക്കുവാനുള്ള ഏക മാർഗ്ഗം. ദൈവ കൃപ നമുക്ക് സ്വാതന്ത്ര്യം നല്കിയിരിക്കുന്നു.      

 

സ്വാതന്ത്ര്യം എപ്പോഴും നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള അധികാരമാണ്. എന്നാൽ സ്വതന്ത്ര്യത്തിൽ ഉത്തരവാദിത്തം കൂടെ ഉണ്ട്. അത് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ആണ്. ക്രിസ്തു നമുക്ക് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. എന്നാൽ അതിൽ ഉറച്ചു നിൽക്കുക എന്ന ഉത്തരവാദിത്തം നമുക്ക് ഉണ്ട്. അതിനാൽ 1 കൊരിന്ത്യർ 7:23 ൽ പൌലൊസ് ഇങ്ങനെ ഉപദേശിക്കുന്നു, “നിങ്ങളെ (ക്രിസ്തു) വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു.”

 

“കുടുങ്ങിപ്പോകരുതു” എന്ന വാക്ക് ഒരു കെണിയിൽ വീണു പിടിക്കപ്പെട്ടവന്റെ ചിത്രം ആണ്. ന്യായപ്രമാണവാദികൾ, ക്രിസ്തീയ വിശ്വാസികളെ, ഒരു കുടുക്കിൽ അകപ്പെടുത്തി പിടിക്കുന്നു എന്ന ആശയം ഇതിൽ ഉണ്ട്. രക്ഷിക്കപ്പെടുന്നതിന് മുമ്പ്, യഹൂദരും, ജാതീയരും പാപത്തിന്റെ അടിമത്തത്തിൽ ആയിരുന്നു. ക്രിസ്തു അവരെ സ്വതന്ത്രർ ആക്കി. “പിന്നെയും”, അതായത് വീണ്ടും, അടിമത്തത്തിൽ കീഴിൽ ആകരുതു. “അടിമനുകത്തിൽ” എന്നത് ന്യായപ്രമാണം ആണ്. അത് പ്രവർത്തികളുടെ അനുസരണം എന്ന അടിമത്തത്തിൽ ആക്കുന്നു.  

 

ഉറെച്ചുനില്പിൻഎന്നതിൽ ഓരോ വിശ്വാസിയും അതിനായി ബോധപൂർവ്വം ശ്രമിക്കേണം എന്ന ആശയം ഉണ്ട്. ക്രിസ്തു നല്കിയ സ്വതന്ത്ര്യത്തിൽ നിന്നും നമ്മളെ തെറ്റിച്ചുകളയുവാൻ ന്യായപ്രമാണവാദികൾ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കും. ഇതിനെതിരെ ബോധപൂർവ്വമായ ഒരു ചെറുത്തു നിൽപ്പ് ഓരോ വിശ്വസിക്കും ഉണ്ടായിരിക്കേണം.

 

യേശുക്രിസ്തുവിന്റെ കാലത്തു യഹൂദന്മാർ ന്യായപ്രമാണത്തെ “നുകം” (yoke) എന്നു വിശേഷിപ്പിക്കുക പതിവായിരുന്നു. “നുകം ചുമക്കുക” എന്നത് ന്യായപ്രമാണത്തിന് കീഴിൽ ആയിരിക്കുക, ഒരു റബ്ബിയുടെ കീഴിൽ അഭ്യസിക്കുക, എന്നിങ്ങനെ അർത്ഥമാക്കിയിരുന്നു. എന്നാൽ ഗലാത്യർ 5:1 ൽ പൌലൊസ് പറയുന്നന്നത് ന്യായപ്രമാണം ഒരു അടിമനുകം ആണ് എന്നാണ്. അടിമനുകം അടിമത്തത്തിന്റെ നുകം ആണ്. അതിനാൽ ഈ നുകത്തിന് കീഴിൽ കുടുങ്ങിപ്പോകരുതു എന്നാണ് പൌലൊസ് ഗലാത്യരെ ഉപദേശിക്കുന്നത്.  

 

പരിച്ഛേദന ഏൽക്കുക എന്നത് നീതീകരണത്തിനായി ന്യായപ്രമാണത്തിലേക്ക് തിരികെ പോകുന്നതിന്റെ പ്രതീകം ആണ് (ഗലാത്യർ 5:2). അതിനാൽ അങ്ങനെയുള്ളവർക്ക് ക്രിസ്തുവിനെകൊണ്ടു യാതൊരു പ്രയോജനവും ഇല്ല. പരിച്ഛേദന ഏൽക്കുന്നവർ നീതീകരണത്തിനായി ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ അനുസരിക്കുന്നവർ ആണ്. ഇവർ ക്രിസ്തീയ വിശ്വാസത്തിൽ അല്ല ജീവിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശ് മരണത്താലുള്ള യാതൊരു വാഗ്ദത്തവും അവർക്ക് പ്രാപിക്കുവാൻ സാദ്ധ്യമല്ല.

 

ഒരു മനുഷ്യനും പരിച്ഛേദന ഏൽക്കരുത് എന്നോ, പരിച്ഛേദന ഏറ്റ യഹൂദനോ ജാതീയനോ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുവാൻ കഴിയില്ല എന്നോ അല്ല പൌലൊസ് ഇവിടെ പറയുന്നത്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:1-3 വരെയുള്ള വാക്യങ്ങളിൽ പൌലൊസിന്റെ താല്പര്യപ്രകാരം തിമൊഥെയൊസ് പരിച്ഛേദന ഏൽക്കുന്നതായി പറയുന്നു. എന്നാൽ അത് നീതീകരണം പ്രാപിക്കുവാനായി അല്ലായിരുന്നു. അതിന്റെ കാരണം ഈ വേദഭാഗത്ത് പറയുന്നുണ്ട്. തിമൊഥെയൊസ് ഒരു ക്രിസ്തീയ വിശ്വാസിയായ യഹൂദ സ്ത്രീയുടെയും (യൂനീക്ക, Eunice), യവനനായ ഒരു പിതാവിന്റെയും മകനായി ജനിച്ചു. അതിനാൽ അവനെ യഹൂദൻ ആയി കണക്കാക്കി. പൌലൊസിന്റെ രണ്ടാമത്തെ സുവിശേഷ യാത്രയിൽ തിമൊഥെയൊസിനെ കൂടെ കൊണ്ടുപോയി. യഹൂദന്മാർ അവനെ സ്വീകരിക്കേണം എന്നു കരുതി, പൌലൊസ് അവനെ പരിച്ഛേദന കഴിപ്പിച്ചു.    

 

ഗലാത്യയിലെ ജാതീയരായിരുന്നവർ (യഹൂദന്മാർ അല്ലാത്തവർ) ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിച്ചു, വിശ്വാസത്താൽ മാത്രം രക്ഷ പ്രാപിച്ചു. എന്നാൽ അവിടെയെത്തിയ യഹൂദന്മാർ മോശെയുടെ ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ ക്രിസ്തുവിലുള്ള വിശ്വാസത്തോടൊപ്പം ചേർത്താലേ ദൈവമക്കൾ ആകുവാനും വാഗ്ദത്തത്തിന് അവകാശികൾ ആകുവാനും കഴിയൂ എന്നു ഗലാത്യരെ ഉപദേശിച്ചു. ഈ ഉപദേശത്തെയാണ് പൌലൊസ് എതിർക്കുന്നത്. രക്ഷയും നീതീകരണവും ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്നു എന്നതാണ് സുവിശേഷം. നീതീകരണത്തിനായി പ്രവർത്തികൾ കൂടെ കൂട്ടിച്ചേർത്താൽ അത് യേശുക്രിസ്തുവിന്റെ സുവിശേഷം അല്ലാതെയാകും. ഇതാണ് പൌലൊസിന്റെ വാദം.

 

പൌലൊസിന്റെ അഭിപ്രായത്തിൽ ഒന്നുകിൽ ന്യായപ്രമാണത്തിന്റെ അനുസരണത്തിലൂടെ നീതീകരണം പ്രാപിക്കേണം, അല്ലെങ്കിൽ ക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം രക്ഷ പ്രാപിക്കേണം. ഇത് രണ്ടും കൂടെ ഒത്തുചേർന്നു പോകുകയില്ല. ഒന്നിനെ സ്വീകരിക്കുമ്പോൾ, മറ്റൊന്നിനെ നിരസിക്കുകയാണ്. ഇതിൽ ന്യായപ്രമാണത്തിന്റെ അനുസരണത്താൽ ഒരു മനുഷ്യനും രക്ഷ പ്രാപിക്കുവാൻ സാദ്ധ്യമല്ല എന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. പരിച്ഛേദനയെ സ്വീകരിക്കുമ്പോൾ, നമ്മളുടെ സകല പാപങ്ങൾക്കും ക്രിസ്തുവിന്റെ മരണം പരിഹാരം ആണ് എന്ന സത്യത്തെ നിരാകരിക്കുകയാണ്.      

 

“ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു” എന്നതിൽ നിന്നും ഗലാത്യർ 5:3 ൽ പറയുന്ന കാര്യം മുമ്പ് ഗലാത്യയിലെ വിശ്വാസികളോട് പൌലൊസ് പറഞ്ഞിട്ടുള്ളതാണ് എന്നു മനസ്സിലാക്കാം. അത് ഇപ്പോൾ വീണ്ടും അവരോട് പറയുകയാണ്. പരിച്ഛേദന ഏൽക്കുന്ന എല്ലാ മനുഷ്യരും ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു. കാരണം ന്യായപ്രമാണത്തിലെ ഒരു പ്രമാണം തെറ്റിച്ചാലും, അത് മുഴുവൻ തെറ്റിച്ചതിന് തുല്യമാകും. ഒരുവന് ചില പ്രമാണങ്ങൾ മാത്രം തിരഞ്ഞെടുത്തു അനുസരിക്കുന്നതിലൂടെ, ന്യായപ്രമാണത്തിന്റെ അനുസരണത്തെ നിവർത്തിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ നീതീകരണം നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.

 

ഗലാത്യർ 3:10

എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.

  

യാക്കോബ് 2:10

ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.

 

റോമർ 2: 25

നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.

 

എന്നാൽ ഒരു ക്രിസ്തീയ വിശ്വാസി ന്യായപ്രമാണത്തിന് മരിച്ചവൻ ആണ്. അതിനാൽ അവൻ ന്യായപ്രമാണത്തിൽ നിന്നും സ്വതന്ത്രൻ ആണ്.

 

ഗലാത്യർ 2:19

ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.

പരിച്ഛേദന സ്വീകരിക്കുന്നതിലൂടെ ന്യായപ്രമാണത്തിന്റെ അനുസരണത്താൽ നീതീകരിക്കപ്പെടുവാൻ ആഗ്രഹിക്കുന്നു എന്നു വരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നവർ, പരിച്ഛേദന എൽക്കുമ്പോൾ അഗ്രചർമ്മം ഛേദിക്കുന്നതുപോലെ, ക്രിസ്തുവിനോടു വേർപെട്ടുപോയി. (ഗലാത്യർ 5:4). അവർ ദൈവ കൃപയിൽ നിന്നും വീണുപോയി. അവർ ജഡത്തിൽ ആശ്രയിക്കുന്നവർ ആയി. എന്നാൽ പരിച്ഛേദന ഏൽക്കുന്ന ക്രിസ്തീയ വിശ്വാസികൾക്ക് രക്ഷ നഷ്ടപ്പെടും എന്നു പൌലൊസ് പറയുന്നില്ല. നീതീകരണത്തിനായി ക്രിസ്തുവിലുള്ള ആശ്രയം അവർക്ക് നഷ്ടമാകും. അവർ ന്യായപ്രമാണത്തിന്റെ പ്രവർത്തികൾക്ക് അടിമകൾ ആകും. “നിങ്ങൾ കൃപയിൽനിന്നു വീണുപോയി” എന്നതിനെ ഈ വാക്യത്തിൽ, നിങ്ങൾ കൃപയിൽ നിന്നും ന്യായപ്രമാണത്തിലേക്ക് വീണുപോയി, എന്നു മനസ്സിലാക്കേണം.        

 

ഗലാത്യർ 5:5 ൽ “ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാ നിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.” എന്നു പൌലൊസ് എഴുതി. ഇതിലെ “ഞങ്ങളോ” എന്നതിൽ പൌലൊസും, പരിച്ഛേദനാവാദികളെ നിരസിക്കുന്ന എല്ലാ വിശ്വാസികളും ഉൾപ്പെടുന്നു. അവരുടെ പ്രത്യാശ ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന നീതീകരണം ആണ്. ഇതിന്റെ ഉറപ്പായി പരിശുദ്ധാത്മാവിനെ അവർക്ക് ലഭിച്ചിട്ടുണ്ട്. ആത്മാവിൽ അവർ വിശ്വാസത്താലുള്ള നീതിയിക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നു. അവരുടെ പ്രത്യാശ നിവർത്തിക്കപ്പെടും എന്നു നിശ്ചയം ഉണ്ട്.

 

ഒരു വിശ്വാസി രക്ഷിക്കപ്പെടുമ്പോൾ തന്നെ അവൻ നീതീകരിക്കപ്പെടുന്നു. അവൻ പിന്നീട് കാത്തിരിക്കുന്നത് നീതിയുടെ സമ്പൂർണ്ണ നിവർത്തിയെയാണ്. അത് കർത്താവിന്റെ വരവിങ്കൽ അവന്റെ തേജസ്കരണത്തിൽ വെളിപ്പെടും.

 

ഗലാത്യർ 5:6 ലെ “ക്രിസ്തുയേശുവിൽ” എന്നത് ക്രിസ്തുവിനോടു കൂടെ വിശ്വാസത്താൽ ചേരുന്നവരെ സൂചിപ്പിക്കുന്നു. ക്രിസ്തുവിൽ, പരിച്ഛേദന ഏൽക്കുന്നതും ഏൽക്കാത്തതും തമ്മിൽ യാതൊരു വേർതിരിവും ഇല്ല. ക്രിസ്തുവിൽ സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസം മാത്രമേ ഗണിക്കപ്പെടുന്നുള്ളൂ. വിശ്വാസത്താൽ ക്രിസ്തുവിലായിരിക്കുക എന്നതാണ് ആത്മീയ മർമ്മം.

 

ഇത് പൌലൊസിന്റെ ശക്തമായ പ്രസ്താവനകളിൽ ഒന്നാണ്. ആദ്യ ക്രൈസ്തവ സഭയിൽ പരിച്ഛേദന ഒരു വലിയ തർക്ക വിഷയം ആയിരുന്നു. ഈ തർക്കത്തിന് യാതൊരു പ്രസക്തിയും ഇല്ല. ഒരുവൻ വിശ്വാസത്താൽ രക്ഷ പ്രാപിച്ചു ക്രിസ്തുവിൽ ആയിരിക്കുന്നുവോ എന്നതാണ് കാര്യം. ഈ വിശ്വാസം പ്രമാണങ്ങളുടെ കർശനമായ അനുസരണം അല്ല, സ്നേഹത്താൽ വ്യാപരിക്കുന്നതാണ്. 

 

ഇന്നും വിവിധ സഭാവിഭാഗങ്ങൾ തമ്മിൽ ഇതുപോലെയുള്ള തർക്കങ്ങൾ ഉണ്ട്. എന്നാൽ ഇവയൊന്നും ഒരുവന്റെ ആത്മരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ അല്ല. അവൻ ദൈവ കൃപയാൽ, ക്രിസ്തുവിന്റെ ക്രൂശ് മരണത്തിലുള്ള വിശ്വാസം മൂലം മാത്രം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് മാത്രമാണ് പ്രസക്തമായ കാര്യം.

 

പരിച്ഛേദന തിന്മയായതോ നന്മയായതോ ആയ ഒരു പ്രവർത്തിയാണ് എന്ന ചിന്തയെ പൌലൊസ് ഇവിടെ നിരസിക്കുന്നു. പരിച്ഛേദനയെ എതിർക്കുക എന്നതല്ല അദ്ദേഹത്തിന്റെ വിഷയം. പരിച്ഛേദന ഉൾപ്പെടെയുള്ള യഹൂദ മത ആചാരങ്ങൾ നീതീകരണത്തിന് കാരണമല്ല എന്നാണ് പൌലൊസ് പറയുന്നത്. ന്യായപ്രമാണത്തിന്റെ കാലം കഴിഞ്ഞു, ക്രിസ്തു വന്നു കഴിഞ്ഞു, പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടു. അതിനാൽ പരിച്ഛേദന ഏറ്റുവോ, ഇല്ലയോ എന്നതിന് യാതൊരു പ്രസക്തിയും ഇല്ല. അത് നീതീകരണത്തിന് കണക്കിടുകയില്ല. പരിച്ഛേദന ഏൽക്കുന്നതോ, ഏൽക്കാതെ ഇരിക്കുന്നതോ രക്ഷയ്ക്ക് കാരണം ആകുന്നില്ല. സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസം മാത്രമേ രക്ഷയ്ക്ക് ഉതകുന്നുള്ളൂ. ക്രിസ്തുവിലുള്ള എല്ലാവരെയും ദൈവം നീതീകരിക്കുന്നു. പരിശുദ്ധാത്മാവിനെ പ്രാപിച്ച ദൈവ ജനം വിശ്വാസത്താൽ പ്രാപിക്കുന്ന നീതിക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നു. അവർ നീതീകരണം പ്രവർത്തികളിലൂടെ നേടുവാൻ ശ്രമിക്കുന്നില്ല.

 

ഗലാത്യയിലെ വിശ്വാസികൾ ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കുകയും അതനുസരിച്ച് നല്ലതുപോലെ ജീവിക്കുകയും ചെയ്തിരുന്നു എന്നു പൌലൊസ് ഗലാത്യർ 5:7 ൽ  സാക്ഷിക്കുന്നു. അവരുടെ ആരംഭം നല്ലതുപോലെ ആയിരുന്നു. എന്നാൽ യഹൂദ പരിച്ഛേദനാവാദികൾ അവരുടെ ക്രിസ്തീയ ജീവിതമാകുന്ന ഓട്ടക്കളത്തിൽ ഇടർച്ച കല്ലുകൾ വച്ചു. പരിച്ഛേദനക്കാർ ഗലാത്യരുടെ വിശ്വാസത്തിലുഉള്ള ഓട്ടത്തെ തടഞ്ഞു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം രക്ഷ പ്രാപിക്കുക എന്നതാണ് സത്യസുവിശേഷം. അത് അനുസരിക്കുന്നതിൽ നിന്നും ഗലാത്യരെ പരിച്ഛേദനക്കാർ തടുത്തു. മാത്രവുമല്ല, ന്യായപ്രമാണത്തെ അനുസരിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്തു. ഇത് ഗലാത്യയിലെ വിശ്വാസികളെ രക്ഷയ്ക്കായി വിളിച്ച ദൈവത്തിന്റെ പ്രവർത്തിയല്ല (ഗലാത്യർ 5:8).        

 

ന്യായപ്രമാണത്തിലെ ഒരു പ്രമാണത്തെ അനുസരിക്കുമ്പോൾ, അവരുടെ ക്രിസ്തീയ വിശ്വാസം മുഴുവൻ പ്രമാണത്തിന് അടിമയായി തീരും എന്നു പൌലൊസ് ഗലാത്യയിലെ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു (ഗലാത്യർ 5:9). അൽപ്പം പുളിച്ച മാവിന് ഒരു വലിയ അളവ് മാവിനെ മുഴുവൻ പുളിപ്പിക്കുവാൻ കഴിയും. ലൂക്കോസ് 12:1 ൽ യേശുക്രിസ്തു ഇതിന് സമാനമായ ഒരു വാക്യം പറയുന്നുണ്ട്, “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ.”  

 

ഗലാത്യർ 5:9  ലെ “പുളിമാവ്” പരിച്ഛേദനാ ഉപദേശത്തെ സൂചിപ്പിക്കുന്നു. ഗലാത്യർ 5:6 ൽ “ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.” എന്നു അദ്ദേഹം എഴുതി. പരിച്ഛേദന ഏൽക്കുന്നതോ, ഏൽക്കാത്തതോ, നീതീകരണത്തെ ബാധിക്കുന്നില്ല. പരിച്ഛേദനയെ നിസ്സാരമായി കാണാം എങ്കിലും അത് ഒരു ന്യായപ്രമാണ വാദം ആണ്. അത് അപ്രധാന്യമായ കാര്യം ആണ് എങ്കിലും അതിന് ഒരു വിശ്വാസിയുടെ ജീവിതത്തെ മുഴുവൻ ദുഷിപ്പിക്കുവാൻ കഴിയും. കാരണം ന്യായപ്രമാണത്തിലെ ഏതെങ്കിലും ഒരു പ്രമാണത്തിന് ഒറ്റപ്പെട്ട ഒരു അസ്തിത്വം ഇല്ല. ഒന്നുകിൽ ന്യായപ്രമാണത്തെ മൊത്തമായി സ്വീകരിക്കുക, അല്ലെങ്കിൽ മൊത്തമായി നിരസിക്കുക എന്നതല്ലാതെ ന്യായപ്രമാണത്തിലെ ഒരു പ്രമാണത്തെ മാത്രം സ്വീകരിക്കുക എന്നൊന്നയില്ല. ന്യായപ്രമാണ വാദത്തെ മൊത്തമായി നിരാകരിക്കേണം എന്നാണ് പൌലൊസ് ഗലാത്യരെ ഉപദേശിക്കുന്നത്.  


പൌലൊസ് ഉപദേശിക്കുന്ന സുവിശേഷം അല്ലാതെ മറ്റൊന്ന് ഗലാത്യർ സ്വീകരിക്കുകയില്ല എന്നു അദ്ദേഹത്തിന് ക്രിസ്തുവിൽ ഉറപ്പുണ്ട് (ഗലാത്യർ 5:10). ന്യായപ്രമാണ വാദവുമായി അവരുടെ വിശ്വാസത്തെ കലക്കികളയുവാൻ ശ്രമിക്കുന്നവന് ദൈവത്തിന്റെ ശിക്ഷാവിധി ഉണ്ടാകും. പൌലൊസിന്റെ അസാന്നിദ്ധ്യത്തിൽ യഹൂദ പരിച്ഛേദനാവാദികളുടെ ഉപദേശത്തിൽ കൂടുങ്ങിപ്പോയി എങ്കിലും ഗലാത്യയിലെ വിശ്വാസികൾ ക്രിസ്തുവിന്റെ സുവിശേഷത്തിലെക്ക് തിരികെ വരും എന്നു പൌലൊസിന് പ്രത്യാശിക്കുന്നു.

 

5:10 ആം വാക്യത്തിലെ, “കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും” എന്നത് ഏതെങ്കിലും ഒരു വ്യക്തിയേകുറിച്ച് പറയുകയാണോ, പരിച്ഛേദനാ ഉപദേശവുമായി വന്ന യഹൂദന്മാരെക്കുറിച്ച് മൊത്തമായി പറയുകയാണോ എന്നതിൽ വ്യക്തതയില്ല. ഒരു വ്യക്തിയെക്കുറിച്ച് ആണെങ്കിൽ, അദ്ദേഹം, യഹൂദന്മാരുടെ ഇടയിലെ പ്രധാന ഉപദേശകൻ ആയിരിക്കേണം. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1 ൽ പറയുന്നത്, “യെഹൂദ്യയിൽനിന്നു ചിലർ വന്നു” എന്നാണ്. അവർ “മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു” സിറിയയിലെ അന്ത്യോക്യയിലുള്ള ക്രിസ്തീയ വിശ്വാസികളെ ഉപദേശിച്ചു. “ചിലർ” എന്നതിൽ ഒന്നിലധികം വ്യക്തികൾ ഉണ്ട്. ഇവർ തന്നെയാണോ ഗലാത്യയിലും ചെന്നത് എന്നതിൽ വ്യക്തത ഇല്ല എങ്കിലും, ഒരു ചെറിയ സംഘം യഹൂദന്മാർ ഗലാത്യയിലും എത്തി എന്നു നമുക്ക് ന്യായമായും അനുമാനിക്കാം. ഗലാത്യർ 5:12 ൽ “നിങ്ങളെ കലഹിപ്പിക്കുന്നവർ” എന്നാണ് എഴുതിയിരിക്കുന്നത്. ഇതിൽ നിന്നും യഹൂദന്മാർ ഒരു ചെറിയ സംഘമായി ഗലാത്യയിൽ എത്തി എന്നു ഗ്രഹിക്കാം.

 

ക്രിസ്തുവിലുള്ള വിശ്വാസത്തിന് ഇടർച്ച വരുത്തുന്നവർക്ക് ദൈവീക ശിക്ഷാവിധി ഉണ്ടാകും എന്നു യേശുക്രിസ്തുവും പ്രസ്താവിച്ചിട്ടുണ്ട്.

 

മത്തായി 18:6-7

എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.

 

ഗലാത്യർ 5:11 ലും പൌലൊസ് ഗലാത്യയിലെ വിശ്വാസികളെ “സഹോദരന്മാരേ” എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഇത് പൌലൊസിനും ഗലാത്യയിലെ വിശ്വാസികൾക്കും ഇടയിലെ സഹോദര സ്നേഹം അറ്റുപോയിട്ടില്ല എന്നു കാണിക്കുന്നു. രക്ഷയ്ക്കായി പരിച്ഛേദന ഏൽക്കേണം എന്നു പൌലൊസ് ഉപദേശിക്കുന്നില്ല. പക്ഷെ ഗലാത്യർ 5:11 ലെ “ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ” എന്ന വാക്കുകളിൽ അങ്ങനെ ഒരു ആരോപണം അദ്ദേഹത്തെക്കുറിച്ച് ഉണ്ട് എന്ന സൂചനയുണ്ട്. പൌലൊസ് ഒരു യഹൂദൻ ആയതിനാൽ അദ്ദേഹം പരിച്ഛേദനയെ പിന്താങ്ങുന്നു എന്നു യഹൂദന്മാർ ഗലാത്യയിൽ പറഞ്ഞിട്ടുണ്ടാകാം. ഇതിൽ വ്യക്തതയില്ല. എന്നാൽ തുടർന്നുള്ള വാക്കുകൾ ഈ ചിന്തയെ പിന്താങ്ങുന്നുണ്ട്. പൌലൊസ് ചോദിക്കുന്നത് ഇതാണ്, അദ്ദേഹം പരിച്ഛേദന ആവശ്യമാണ് എന്നു പ്രസംഗിക്കുന്നുണ്ട് എങ്കിൽ, യഹൂദന്മാർ എന്തിനാണ് അദ്ദേഹത്തെ ഉപദ്രവിക്കുന്നത്? മോശെയുടെ ന്യായപ്രമാണം അനുസരിക്കേണം എന്നു പൌലൊസ് പ്രസംഗിച്ചാൽ, ക്രൂശിന്റെ സുവിശേഷം മൂലം യഹൂദന്മാർക്കുള്ള വിരോധം നീങ്ങിപ്പോകും. അങ്ങനെയെങ്കിൽ യഹൂദന്മാർ അദ്ദേഹത്തെ ഉപദ്രവിക്കേണ്ടതില്ല. എന്നാൽ പൌലൊസ് ദൈവ കൃപയാൽ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം രക്ഷ എന്ന സുവിശേഷം പ്രസംഗിക്കുന്നതിനാൽ, അവൻ ന്യായപ്രമാണത്തിന് വിരോധിയായി. അതിനാൽ യഹൂദന്മാർ അവനെ ഉപദ്രവിച്ചു.

 

യഹൂദന്മാർ പൌലൊസിനെ ഉപദ്രവിച്ച ഒരു സംഭവം അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 14 ആം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലുസ്ത്ര എന്ന തെക്കൻ ഗലാത്യ പട്ടണത്തിൽ സുവിശേഷം അറിയിച്ചുകൊണ്ടിരിക്കെ “അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു” (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 14:19, Lystra, Pisidian Antioch, Iconium). അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവർ അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു, അവിടെ ഉപേക്ഷിച്ചു. ലുസ്ത്ര, തെക്കൻ ഗലാത്യ പ്രദേശത്തെ ഒരു പട്ടണം ആയിരുന്നു എന്നതിനാൽ, ഈ സംഭവത്തെക്കുറിച്ച് ഗലാത്യയിൽ ഉള്ളവർക്ക് അറിയാമായിരുന്നു. ഗലാത്യർ 5:11 ൽ പൌലൊസ് പരാമർശിക്കുന്നത് ഈ സംഭവത്തെക്കുറിച്ച് ആയിരിക്കാം. 

 

യഹൂദ പരിച്ഛേദനാവാദികൾ ഗലാത്യയിലെ വിശ്വാസികളുടെ ഇടയിൽ കലഹം സൃഷ്ടിക്കുന്നു എന്നാണ് പൌലൊസിന്റെ ആരോപണം. അവർ ദൈവ ശാസ്ത്രപരമായ ആശയകുഴപ്പം സൃഷ്ടിക്കുകയാണ്. ഈ പ്രവർത്തിയെക്കാൾ അവർക്ക് നല്ലത് അവരുടെ ശരീരത്തിലെ ഒരു അവയവത്തെ മുറിച്ചു കളയുക ആയിരുന്നു. ഗലാത്യയിലെ വിശ്വാസികൾക്ക് ഇടയിൽ കലഹം ഉണ്ടാക്കുന്ന അവയവത്തെ ഛേദിക്കുന്നത് കലഹം ഉണ്ടാക്കുന്നതിനെക്കാൾ നല്ലതാണ്. ഇവിടെ പരിച്ഛേദന ആണ് കലഹത്തിന് കാരണം. അതിനാൽ അഗ്രചർമ്മത്തെ മാത്രമല്ല, ആ അവയവത്തെ മുഴുവനും ഛേദിക്കുന്നതാണ് നല്ലത്. ജാതിയ ദേവന്മാരുടെ ക്ഷേത്രത്തിലെ പൂജാരിമാർ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു എന്നതിനാൽ പൌലൊസ് പറഞ്ഞ ആശയം ഗലാത്യയിലെ വിശ്വാസികൾക്ക് ഗ്രഹിക്കുവാൻ പ്രായസമുണ്ടാകുകയില്ല.   

 

ഈ വാക്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ യേശുക്രിസ്തു പറഞ്ഞ ചില വാക്യങ്ങൾ കൂടെ വായിക്കുന്നത് സഹായമാകും.

 

മത്തായി 5:29-30

എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.  

 

മത്തായി 18:8-9

നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു. നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.

എന്താണ് യേശു ഈ വാക്കുകളിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ന് നമ്മൾ ഈ വേദഭാഗം വായിക്കുമ്പോൾ ഗ്രഹിക്കുന്നതും, യേശു ഇത് പറഞ്ഞപ്പോൾ കെട്ടുകൊണ്ടിരുന്ന ജനങ്ങൾ മനസ്സിലാക്കിയതും വ്യത്യസ്തമായ ആശയങ്ങളാണ്. യഹൂദ വിശ്വാസമനുസരിച്ച്, മനുഷ്യരുടെ ശരീരം ദൈവീക ദാനമാണ്. ദൈവം മനുഷ്യനെ, അവന്റെ “സാദൃശ്യപ്രകാരം” “സ്വരൂപത്തിൽ” ആണ് സൃഷ്ടിച്ചത് (ഉൽപ്പത്തി 1:26, 27). അതിനാൽ മനുഷ്യരുടെ ജീവനും, ശരീരവും, അവന്റെ ആരോഗ്യവും, ഭൌതീക നന്മകളും എല്ലാം ദൈവീക ദാനവും, നല്ലതും, മൂല്യമുള്ളതുമാണ്. അതിനാൽ യഹൂദന്മാർ ശരീരത്തെ വളരെ വിലയേറിയതായി കരുതി. അവരുടെ ജീവൻ, കണ്ണുകൾ, കൈകൾ, കാലുകൾ എന്നിവയെല്ലാം വിലയേറിയത് ആയതിനാൽ, അതിനെ സംരക്ഷിക്കുക ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇവയ്ക്ക് യാതൊരു ഹാനിയും ഉണ്ടാകുവാൻ പാടില്ല.

യഹൂദന്മാരുടെ ഈ ചിന്തയെ പിന്താങ്ങുന്ന മോശെയുടെ പ്രമാണം ഉണ്ട്. അത് ശരീരത്തെ മുറിവേൽപ്പിക്കുന്നത് പോലും വിലക്കുന്നു.

 

ലേവ്യപുസ്തകം 19:28

മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു. 

 

അതിനാൽ, കൈകളെയും, കാലുകളെയും വെട്ടിക്കളയുക, കണ്ണുകളെ ചൂന്നുകളക എന്നിവ ഒരു യഹൂദന്  കഠിനമായ ഉപദേശം ആണ്. എന്നാൽ, യേശു പറയുന്നത്, സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ, അക്ഷരാർത്ഥത്തിൽ ഇങ്ങനെ ചെയ്യേണം എന്നല്ല. നരകത്തിൽ പോകുന്നതിനെക്കാൾ നല്ലത്, കൈകളെയും, കാലുകളെയും വെട്ടിക്കളയുന്നതും, കണ്ണുകളെ ചൂന്നുകളയുന്നതും ആണ്. അതിന്റെ അർത്ഥം, നമ്മളുടെ മൂല്യമുള്ള എല്ലാ ഭൌതീക നന്മകളും ഉപേക്ഷിക്കേണ്ടിവന്നാലും നരകത്തിൽ പോകാതെ സൂക്ഷിക്കേണം. എല്ലാവിധേനെയും ഒഴിവാക്കേണ്ടുന്ന ഒരു സ്ഥലമാണ് നരകം.

 

സമാനമായ ആശയമാണ് പൌലൊസ്, ഗലാത്യർ 5:12 ലും വിനിമയം ചെയ്യുന്നത്. ഗലാത്യയിലെ വിശ്വാസികളെ കലഹിപ്പിക്കുന്നതിനെക്കാൾ നല്ലത്, കലഹത്തിന് കാരണമായ അവയവത്തെ ഛേദിച്ചു കളയുന്നതാണ്. അതിനാൽ ദൈവീക ശിക്ഷാവിധി ഒഴിവാക്കുവാൻ കഴിയും. ക്രിസ്തീയ വിശ്വാസികളെ സത്യസുവിശേഷത്തിൽ നിന്നും വേർപെടുത്തുന്ന പ്രവർത്തികൾ എല്ലാവിധേനെയും ഒഴിവാക്കേണ്ടതാണ്.

 

മത്തായി 18:10

ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

 

ഗലാത്യർ 5:13 ൽ പൌലൊസ് വീണ്ടും ഗലാത്യരെ സഹോദരന്മാരേ എന്നു അഭിസംബോധന ചെയ്തുകൊണ്ട്, അവർ ക്രിസ്തുവിൽ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മിപ്പിക്കുന്നു. ഇവിടെ സ്വാതന്ത്ര്യം ന്യായപ്രമാണത്തിൽ നിന്നും, പാപത്തിന്റെയും പിശാചിന്റെയും അടിമത്തത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ആണ്. എന്നാൽ ന്യായപ്രമാണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ ജഡപ്രകാരം ജീവിക്കുവാനുള്ള അവസരം ആക്കരുത്. ഒരുവനെ രണ്ട് കാര്യങ്ങൾ അടിമത്തത്തിൽ ആക്കുന്നു – ന്യായപ്രമാണവും, ജഡപ്രകാരം ജീവിക്കുവാനുള്ള അനുവാദവും (Law and license). ഇത് രണ്ടും ഒഴിവാക്കി, ആത്മാവിൽ ജീവിക്കേണം. അന്യോന്യം സ്നേഹിക്കുകയും, സ്നേഹത്തോടെ സേവിക്കുകയും ചെയ്യേണം.

 

എന്നാൽ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം പാപം ചെയ്യുവാനുള്ള അനുവാദം അല്ല. ന്യായപ്രമാണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൌലൊസിന്റെ പ്രഖ്യാപനങ്ങളെ എങ്ങനെയും ജീവിക്കുവാനുള്ള സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കരുത്. ന്യായപ്രമാണം എന്താണ് പാപം എന്നു ചൂണ്ടിക്കാണിക്കുന്നു. ന്യായപ്രമാണം ഇല്ലാതെയാകുമ്പോൾ, പാപത്തേക്കുറിച്ചുള്ള ബോധം ഇല്ലാതെ ആകരുതു. ന്യായപ്രമാണം അനുസരിക്കുന്നില്ല എങ്കിലും പാപം ഉണ്ട്. അതിന്റെ അടിമത്തത്തിൽ ആകരുതു. അതിനാൽ, ആത്മാവിനെ അനുസരിച്ചു നടക്കേണം എന്നു പൌലൊസ് ഉപദേശിക്കുന്നു (ഗലാത്യർ 5:18). ന്യായപ്രമാണത്തെ സ്നേഹം കൊണ്ടു മാറ്റി സ്ഥാപിക്കേണം. അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികൾക്കു ശരീരത്തിൽ പരിച്ഛേദന അടയാളമായിരിക്കുന്നത് പോലെ, രക്ഷിക്കപ്പെട്ട ജനത്തിന് നിസ്വാർത്ഥ സ്നേഹം ആത്മാവിൽ അടയാളമായിരിക്കേണം.    

 

ഗലാത്യർ 5:14 ൽ അന്യോന്യമുള്ള സ്നേഹത്തിൽ സകല ന്യായപ്രമാണവും അടങ്ങിയിരിക്കുന്നു എന്നു പൌലൊസ് പറയുന്നു. ന്യായപ്രമാണം അനുസരിക്കുവാൻ ആഗ്രഹിക്കുന്നവർ നിസ്വാർത്ഥമായി അന്യോന്യം സ്നേഹിക്കട്ടെ. ഇതിന് പിൻബലമായി പഴയനിയത്തിൽ നിന്നുള്ള ഒരു വാക്യം പൌലൊസ് ഉദ്ധരിക്കുന്നു.

 

ലേവ്യപുസ്തകം 19:18

നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

 

ഈ വാക്യം യേശുക്രിസ്തുവും പുതിയനിയമ എഴുത്തുകാരും അവരുടെ ഉപദേശങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്. 

 

യാക്കോബ് 2:8

എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.

 

റോമർ 13:8-9

അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ. വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.

 

മത്തായി 22:37-39

യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.

 

“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന പ്രമാണത്തെ യാക്കോബ് “രാജകീയന്യായപ്രമാണം” എന്നാണ് വിളിക്കുന്നത്. “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” എന്നും, “മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു” എന്നും പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു. ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നും യേശുക്രിസ്തു ഉപദേശിച്ചിട്ടുണ്ട്. ഈ രണ്ട് കൽപ്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നും യേശുക്രിസ്തു കൂട്ടിച്ചേർത്തു.

 

നിങ്ങൾ വിവിധ വിഷയങ്ങളിൽ തർക്കിച്ചുകൊണ്ടു, മൃഗങ്ങളെപ്പോലെ “അന്യോന്യം കടിക്കയും തിന്നുകളയും” ചെയ്യരുതു (ഗലാത്യർ 5:15). അങ്ങനെ ചെയ്താൽ ഒരുവൻ മറ്റൊരുവനെ ഒടുക്കിക്കളയും. വാദപ്രതിവാദങ്ങൾ ഒരുവനെ മറ്റൊരുവൻ ഒടുക്കിക്കളയുന്ന പ്രവർത്തനം ആണ്. അന്ത്യത്തിൽ എല്ലാവരും ഒടുങ്ങിപ്പോകും. അങ്ങനെ സംഭവിക്കാതെ ഇരിക്കുവാനാണ്, “സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ” (ഗലാത്യർ 5:13) എന്നും, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” (ഗലാത്യർ 5:14) എന്നും പൌലൊസ് ഉപദേശിച്ചത്.

 

പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുവാൻ ഗലാത്യർ 5:16 ൽ പൌലൊസ് ഗലാത്യയിലെ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. “അനുസരിച്ചുനടപ്പിൻ” എന്നത് ആലങ്കാരികമായി “അനുസരിച്ചു ജീവിപ്പിൻ” എന്നാണ്. ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവൻ ആത്മാവിനുള്ളത് അന്വേഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിക്കുന്നവർ ജഡത്തിന്റെ മോഹത്തിന് വിധേയപ്പെട്ട് ജീവിക്കുന്നില്ല. അതിനാൽ ജഡത്തിന്റെ ചിന്തകളും പ്രവർത്തികളും അവനിൽ നിവർത്തിക്കപ്പെടുകയില്ല.

 

പൌലൊസ് ഇവിടെ പറയുന്നത്, ഒന്നാമതായി ആത്മാവിനെ അനുസരിച്ചു ജീവിക്കേണം. അങ്ങനെയെങ്കിൽ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല. ജഡത്തിന്റെ മോഹത്തെ നിരസിച്ചാൽ അത് ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നത് ആകുകയില്ല. ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നതിന്റെ ഫലമായാണ് ജഡത്തിന്റെ മോഹങ്ങൾ പരാജയപ്പെടുന്നത്.

 

ഈ വാക്യത്തിൽ പറയുന്ന “ജഡം” ശരീരം എന്ന ലളിതമായ അർത്ഥത്തിലല്ല. അത് പാപത്താൽ സമ്പൂർണ്ണമായി മലിനമായ മനുഷ്യനാണ്. അത് ഒരുവൻ രക്ഷിക്കപ്പെടുന്നതിന് മുമ്പുള്ള “പഴയ മനുഷ്യൻ” ആണ്. ക്രിസ്തുവിൽ വിശ്വസിച്ചു ഒരുവൻ രക്ഷിക്കപ്പെടുമ്പോൾ പഴയ പാപിയായ മനുഷ്യൻ മരിച്ചു, പരിശുദ്ധാത്മാവിനാൽ പുതിയ മനുഷ്യൻ ജനിക്കുന്നു. എന്നാൽ നമ്മൾ ജഡ ശരീരത്തിൽ ജീവിക്കുന്നിടത്തോളം പഴയ മനുഷ്യനുമായി പുതിയ മനുഷ്യന് ഒരു സംഘർഷം ഉണ്ട്. കർത്താവിന്റെ രണ്ടാമത്തെ വരവിങ്കൽ, വിശ്വാസികൾ തേജസ്സ്കരിക്കപ്പെട്ട ശരീരം പ്രാപിക്കുന്നത് വരെ ഈ സംഘർഷം തുടരും. അപ്പോൾ മാത്രമേ നമ്മളുടെ രക്ഷ സമ്പൂർണ്ണമായിത്തീരുകയുള്ളൂ. അതിനാൽ, നമ്മളുടെ വർത്തമാനകാല ജീവിതത്തിൽ പാപത്താൽ മലിനമായ ജഡവും, പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ച ആത്മാവും തമ്മിൽ എപ്പോഴും സംഘർഷത്തിൽ ആയിരിക്കുന്നു. ഇത് തുടർന്നുള്ള വാക്യങ്ങളിൽ പൌലൊസ് വിവരിക്കുന്നു.

ഗലാത്യർ 5:16 ആം വാക്യത്തിലെ ആശയം, 17 ആം വാക്യത്തിൽ തുടരുന്നു. ജഡത്തിന്റെ അഭിലാഷം ആത്മാവിന്റെ അഭിലാഷത്തിന് വിരോധമാണ്. ജഡവും ആത്മാവും പ്രതികൂലമായി നിൽക്കുന്നു. ജഡത്തിന്റെ മോഹം അനുസരിച്ചുള്ള പ്രവർത്തികൾ പരിശുദ്ധാത്മാവിന്റെ ഹിതം അല്ല. അതുപോലെ തന്നെ പരിശുദ്ധാത്മാവിന്റെ ഹിതം ചെയ്യുവാൻ ജഡം വിസമ്മതിക്കുന്നു.

 

ജഡത്തിന്റെ ആഗ്രഹവും, പരിശുദ്ധാത്മാവിന്റെ ഹിതവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പൌലൊസ് റോമർ 7 ആം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.    

 

റോമർ 7:18-21

എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.

 

ഈ സംഘർഷത്തിൽ ജഡത്തെ പരാജയപ്പെടുത്തുവാനുള്ള സൂത്രവാക്യം ആണ് പൌലൊസ് ഗലാത്യർ 5:16 ൽ എഴുതിയത്, “ആത്മാവിനെ അനുസരിച്ചുനടപ്പിൻ”.

 

ഗലാത്യർ 5:18 ൽ പൌലൊസ് വീണ്ടും ന്യായപ്രമാണവാദത്തിന്റെ നിഷ്ഫലതയിലേക്ക് തിരികെ വരുന്നു. പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുന്നവർ ന്യായപ്രമാണത്തിന് കീഴുള്ളവർ അല്ല. ന്യായപ്രമാണം ജഡത്തിലുള്ള പ്രവർത്തികൾക്ക് പ്രമാണങ്ങൾ നല്കുന്നു. പരിശുദ്ധാത്മാവ് ജഡപ്രകാരമുള്ള ചിന്തകളെ പരാജയപ്പെടുത്തി, ആത്മാവിന്റെ ഹിതം പോലെ ജീവിക്കുവാൻ വിശ്വാസികളെ പ്രാപ്തരാക്കുന്നു.    

 

ഗലാത്യർ 5:19-21 വരെയുള്ള വാക്യങ്ങളിൽ, ജഡത്തിന്റെ പ്രവർത്തികളുടെ ഒരു പട്ടിക പൌലൊസ് നിരത്തുന്നു. ഇത് ഒരു സമ്പൂർണ്ണ പട്ടിക അല്ല. ഇവിടെ പറയുന്ന പതിനഞ്ച് പ്രവർത്തികൾ ജഡീക പ്രവർത്തികളിൽ ചിലത് മാത്രമാണ്. അവ ഇതെല്ലാം ആണ്, ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു. ഇതെല്ലാം പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇത് അദ്ദേഹം മുമ്പ് ഗലാത്യ വിശ്വാസികളെ പഠിപ്പിച്ചതാണ്. അതേകാര്യം ഇവിടെ വീണ്ടും ആവർത്തിക്കുന്നു.  

 

“വെളിവാകുന്നു” എന്നതിന്റെ അർത്ഥം ഇതെല്ലാം ജഡത്തിന്റെ പ്രവർത്തികൾ ആണ് എന്നു വളരെ വ്യക്തമാണ്. ഇത് തിരിച്ചറിയുവാൻ ന്യായപ്രമാണം ആവശ്യമില്ല. പൌലൊസ് ഇവിടെ ഒരു പ്രത്യേക നിയമം ഉണ്ടാക്കുകയും അല്ല. ജഡത്തിന്റെ പ്രവർത്തികൾ എന്തെല്ലാം ആണ് എന്നു പരിശുദ്ധാത്മാവ് ഉള്ളവർക്ക് വളരെ വ്യക്തമാണ്. “ഈ വക പ്രവർത്തിക്കുന്നവർ” എന്നതിൽ താത്വികമായി രക്ഷിക്കപ്പെട്ട ദൈവജനം ഉൾപ്പെടുന്നില്ല. ഇതെല്ലാം അവിശ്വാസികളുടെ പ്രവർത്തികൾ ആണ്. എന്നാൽ ഗലാത്യയിലെ വിശ്വാസികളിൽ ആരെങ്കിലും ഈ വക പ്രവർത്തിക്കുകയാണ് എങ്കിൽ, അവർക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയില്ല. അതിനാൽ വിശ്വാസികൾ എപ്പോഴും ഇത്തരം പ്രവർത്തികളോട് പോരാടി ജയിക്കേണ്ടവർ ആണ്.

 

“ഈ വക പ്രവർത്തിക്കുന്നവർ” എന്നതിലെ “പ്രവർത്തിക്കുന്നവർ” എന്നത് തുടർച്ചയായി പ്രവർത്തിക്കുന്നവർ എന്ന അർത്ഥമാണ് വിനിമയം ചെയ്യുന്നത്. അതായത് ഒരുവന്റെ മനപ്പൂർവ്വമല്ലാത്ത ഒരിക്കൽ മാത്രം സംഭവിച്ച ഒരു വീഴ്ചയെക്കുറിച്ച് അല്ല, ജഡത്തിന്റെ പ്രവർത്തികളിൽ തുടരുന്നവരെക്കുറിച്ചാണ് പൌലൊസ് ഇവിടെ പറയുന്നത്.

 

ദൈവരാജ്യം ആണ് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ കാതൽ. യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചത്, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നാണ് (മത്തായി 3:2). യേശുക്രിസ്തുവിന്റെ പ്രസംഗവും ദൈവരാജ്യത്തിന്റെ വരവിനെ വിളംബരം ചെയ്യുന്നത് ആയിരുന്നു. യേശുക്രിസ്തുവിന്റെ ആദ്യ പ്രസംഗം ഇങ്ങനെ ആയിരുന്നു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” (മത്തായി 4:17). പൌലൊസും അനേക സ്ഥലങ്ങളിൽ ദൈവരാജ്യത്തേക്കുറിച്ച് പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 28:23

ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ (പൌലൊസിന്റെ) പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.

 

1 കൊരിന്ത്യർ 15:50

സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.

 

ദൈവരാജ്യം ആണ് ഒരു വിശ്വാസിയുടെ വാഗ്ദത്തവും അവകാശവും. അവിടെയാണ് അവന്റെ നിത്യത. ദൈവരാജ്യം ആണ് ഏക പ്രത്യാശ. അത് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർ പ്രത്യാശയോടെ കാത്തിരുന്ന ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരമാണ് (എബ്രായർ 11:10). ദൈവരാജ്യം മനുഷ്യരോടു കൂടെയുള്ള ദൈവത്തിന്റെ കൂടാരം ആണ് (വെളിപ്പാട് 21:3). ദൈവരാജ്യം ദൈവത്തിന്റെ വാഴ്ചയാണ് (the reign of God).

 

ഗലാത്യർ 5:22-23 വാക്യങ്ങളിൽ, പരിശുദ്ധാവിന്റെ ഫലത്തിന്റെ ഒരു ഹൃസ്വ പട്ടിക പൌലൊസ് നിരത്തുന്നു. അവ ഇതെല്ലാം ആണ്: “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം”. 23 ആം വാക്യത്തിൽ ആത്മാവിന്റെ ഫലത്തിന് വിരോധമായി ഒരു ന്യായപ്രമാണവുമില്ല എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ, ക്രിസ്തു ഒരുവനിൽ വസിക്കുന്നു എന്നതിന്റെ സ്വാഭാവിക പ്രതിഫലനങ്ങൾ ആണ്. അതിനാൽ ഇവയൊന്നും ഒരുവന് അവന്റെ ജഡപ്രകാരം സൃഷ്ടിക്കുവാൻ കഴിയുക ഇല്ല. യോഹന്നാൻ 15 ൽ യേശുക്രിസ്തു ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 15:4-5

എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

 

ഗലാത്യർ 5:19 ൽ “ജഡത്തിന്റെ പ്രവൃത്തികളോ” എന്നു ബഹുവചനത്തിൽ പറഞ്ഞുകൊണ്ടാണ് അതിന്റെ ഒരു പട്ടിക എഴുതിയത് ( works of the flesh – ESV). എന്നാൽ, ഗലാത്യർ 5:22 ൽ “ആത്മാവിന്റെ ഫലമോ” എന്ന ഏക വചനമാണ് ഉപയോഗിച്ചിരിക്കുന്നത് (fruit of the Spirit – ESV). ആത്മാവിന്റെ ഫലമായി 9 കാര്യങ്ങൾ പൌലൊസ് ഇവിടെ പറയുന്നു എന്നാൽ ഇതെല്ലാം “ഫലങ്ങൾ” അല്ല, “ഫലം” ആണ്. അതിനാൽ ആത്മാവിന്റെ ഏകഫലത്തിന്റെ വിവധ സവിശേഷതകളോ വെളിപ്പെടലുകളോ ആണ് ഈ പട്ടികയിലെ 9 കാര്യങ്ങളും. അതായത് ക്രിസ്തുവിൽ ആയിരിക്കുന്ന ഒരുവനിൽ ഏതെങ്കിലും ഒരു ഫലമോ, ചില ഫലങ്ങളോ അല്ല കാണപ്പെടുന്നത്, പൌലൊസിന്റെ പട്ടികയിലെ ഒൻപത് ഫലങ്ങളും വെളിപ്പെടേണം.

 

പരിശുദ്ധാത്മാവിന്റെ ഫലം വെളിപ്പെടുത്തി ജീവിക്കുന്ന ഒരുവനെ ന്യായപ്രമാണത്തിന് കുറ്റം വിധിക്കുവാൻ കഴിയുക ഇല്ല (ഗലാത്യർ 5;23). അതായത് അവൻ ന്യായപ്രമാണത്തെ അനുസരിക്കുവാനായി പ്രവർത്തികൾ ചെയ്യേണ്ടതില്ല.

 

“ക്രിസ്തുയേശുവിന് ഉള്ളവർ” രക്ഷിക്കപ്പെട്ട ദൈവജനം ആണ് (ഗലാത്യർ 5:24). അവർ ക്രിസ്തുവിന്റെ സ്വത്താണ്. അവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. ഇതാണ് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ ഒരുവന്റെ പാപ പരിഹാര യാഗമായി വിശ്വാസത്താൽ സ്വീകരിക്കുമ്പോൾ സംഭവിക്കുന്നത്. ക്രിസ്തുവിനോടൊപ്പം അവനും ക്രൂശിക്കപ്പെടുന്നു. അവന്റെ പാപിയായ മനുഷ്യൻ ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു മരിക്കുകയും, ആത്മാവിനാൽ പുതുക്കം പ്രാപിച്ച മനുഷ്യൻ ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. അതിനാൽ പുതിയ മനുഷ്യനിൽ ജഡത്തിന്റെ രാഗമോഹങ്ങൾക്ക് ഇടം ഇല്ല.  

 

റോമർ 6:13

നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.

 

രക്ഷിക്കപ്പെട്ട ദൈവജനം പരിശുദ്ധാത്മാവിൽ ജീവിക്കുന്നു എന്നതിനാൽ ആത്മാവിനെ അനുസരിച്ചു ജീവിക്കേണം. (ഗലാത്യർ 5:25). രക്ഷിക്കപ്പെട്ടതിന് ശേഷവും ഒരുവന് പഴമനുഷ്യന്റെ പ്രവർത്തികളിൽ തുടർന്നും ജീവിക്കുവാൻ കഴിയും. എന്നാൽ രക്ഷിക്കപ്പെടുമ്പോൾ അവൻ പരിശുദ്ധാത്മാവിനാൽ പുതുജീവൻ പ്രാപിക്കുകയാണ്. അതിനാൽ അവന് പരിശുദ്ധാത്മാവിൽ ജീവിക്കുവാൻ കഴിയും. ഇതൊരു തിരഞ്ഞെടുപ്പാണ്. അതിനാലാണ് പഴയ മനുഷ്യന്റെ പ്രവർത്തികളെ ഉപേക്ഷിച്ചിട്ടു, ആത്മാവിനെ അനുസരിച്ചു ജീവിക്കുവാൻ പൌലൊസ് പ്രബോധിപ്പിക്കുന്നത്. അതിനായി ആത്മാവിനെ ആശ്രയിക്കേണ്ടതുണ്ട്.

 

അവിശ്വാസികൾക്ക് പരിശുദ്ധാത്മാവിൽ ആശ്രയം ഇല്ലാത്തതിനാൽ അവർക്ക് ജഡപ്രകാരം മാത്രമേ ജീവിക്കുവാൻ കഴിയൂ. എന്നാൽ പരിശുദ്ധാത്മാവിനാൽ പുതുജീവൻ പ്രാപിച്ചവർക്ക് ആത്മാവിൽ ആശ്രയിച്ചു, അവനെ അനുസരിച്ചു ജീവിക്കുവാൻ കഴിയും. ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നത് രക്ഷിക്കപ്പെടുവാൻ വേണ്ടിയല്ല, രക്ഷിക്കപ്പെട്ടവർ ആയതിനാൽ ആത്മാവിനെ അനുസരിച്ചു ജീവിക്കുകയാണ്.

 

ഗലാത്യർ 5:26, ഈ അദ്ധ്യായത്തിലെ അവസാന വാക്യം ആണ്. “നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.” എന്നു അദ്ദേഹം ഗലാത്യയിലെ വിശ്വാസികളെയും, എല്ലാക്കാലത്തും, എല്ലായിടത്തും ഉള്ള ക്രിസ്തീയ വിശ്വാസികളെയും പ്രബോധിപ്പിക്കുന്നു. ആരും മറ്റൊരുവനെ വെല്ലുവിളിക്കരുത്. ഒരുവൻ മറ്റൊരുവനെക്കാൾ ശ്രേഷ്ഠൻ ആകുവാൻ ശ്രമിക്കരുത്. ആരോഗ്യകരമല്ലാത്ത മൽസരവും അരുതു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവർ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠർ ആകുവാൻ ആഗ്രഹിക്കേണ്ടതില്ല. കാരണം എല്ലാവരും ക്രിസ്തുവിൽ ഒരുപോലെ നീതീകരിക്കപ്പെടുന്നു.

 

അന്യോന്യം പോരിന്നു വിളിക്കുക, അന്യോന്യം അസൂയപ്പെടുക, വൃഥാഭിമാനികൾ ആകക, എന്നിവ ജഡത്തിന്റെ പ്രവർത്തികൾ ആണ്. ഇത്, പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുന്നവരുടെ രീതിയല്ല.

 



No comments:

Post a Comment