ഗലാത്യർ - അദ്ധ്യായം 4

ദൈവമുമ്പാകെ നീതീകരിക്കപ്പെടുവാൻ മോശെയുടെ ന്യായപ്രമാണ പാലനം ഫലവത്തല്ല എന്ന വാദം ഗലാത്യർ 4 ആം അദ്ധ്യായത്തിലും പൌലൊസ് തുടരുകയാണ്. നീതീകരണം വിശ്വാസത്താൽ മാത്രമേ ഉണ്ടാകുകയുള്ളൂ. ക്രിസ്തുവിന്റെ വരവോടെ, അവനിൽ വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിന്റെ മക്കൾ ആയിത്തീർന്നിരിക്കുന്നു. ഇതെല്ലാം പൌലൊസ് വ്യക്തമായി പഠിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഗലാത്യയിലെ വിശ്വാസികൾ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ ഉപേക്ഷിച്ചു, യഹൂദ പരിച്ഛേദനാവാദികളോട് ഒപ്പം ചേർന്നത്? അടിമത്തത്തിൽ ജനിക്കുക, ക്രിസ്തുവിലുള്ള വിശ്വാസത്താൽ വാഗ്ദത്തിന്റെ അവകാശികൾ ആയി ജനിക്കുക, എന്നിവയുടെ വ്യത്യാസം എന്താണ്? ഇതെല്ലാം ആണ് ഗലാത്യർ 4 ആം അദ്ധ്യായത്തിലെ വിഷയങ്ങൾ.

 

ഗലാത്യർ മൂന്നാം അദ്ധ്യായത്തിന്റെ അവസാന വാചകം ഇങ്ങനെ ആയിരുന്നു, “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാത്യർ 3:29). 4 ആം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അവകാശികൾ എന്ന ആശയത്തെ ന്യായപ്രമാണവുമായുള്ള ബന്ധം വിശദീകരിക്കുവാൻ പൌലൊസ് ഉപയോഗിക്കുന്നു.

 

ഗലാത്യർ 3:24 ൽ പറയുന്ന ശിശുപാലകന്റെ രൂപകം 4 ആം അദ്ധ്യായത്തിലും കൊണ്ടുവരുന്നു. ഒരു ധനികനായ മനുഷ്യന്റെ പുത്രൻ, അവന്റെ അനന്തര അവകാശി എങ്കിലും, അവകാശങ്ങൾ യഥാർത്ഥത്തിൽ പ്രാപിക്കുന്നത് വരെ, അവൻ സ്വാതന്ത്ര്യം ഇല്ലാതെ ഇരിക്കുന്നതിന്റെ ചിത്രമാണ് ഗലാത്യർ 4:1-7 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് വിവരിക്കുന്നത്. ഇത് അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കുവാൻ. പൌലൊസിന്റെ കാലത്ത്, റോമൻ, ഗ്രീക്ക് സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഒരു ധനവാന്റെ പുത്രൻ, പിതാവിന്റെ സകല സ്വത്തിനും സ്വാഭാവിക അവകാശിയാണ്. എന്നാൽ അവൻ ശിശുവായിരിക്കുന്ന കാലത്ത്, സമ്പത്തിന്റെ അവകാശം അവന് ഇല്ല. തത്വത്തിൽ എല്ലാ സമ്പത്തും അവന്റെതാണ്. എന്നാൽ സമ്പത്തിന്റെ വിഷയത്തിൽ അവൻ പിതാവിന്റെ ഭവനത്തിലെ ദാസന് തുല്യൻ ആണ്. ധനികനായ മനുഷ്യന്റെ മകൻ കൌമാര പ്രായം കഴിയുന്നതുവരെ, അവന്റെ പിതാവ് നിശ്ചയിച്ചിരിക്കുന്ന ദിവസം വരെ, ഒരു ശിശുവിനെപ്പോലെ, പരിശീലകന്മാരുടെയും, രക്ഷിതാക്കളുടെയും, ഗൃഹവിചാരകന്മാരുടെയും കീഴിൽ ജീവിക്കേണം. ഇവർ അവന് പിതാവിന്റെ സമ്പത്തിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുവാൻ ആവശ്യമായ പരിശീലനവും പരിപാലനവും, നല്കും അവന് പ്രാപ്തിയായി എന്നു പിതാവ് നിശ്ചയിക്കുന്നതുവരെ അവന് സമ്പത്ത് കൈകാര്യം ചെയ്യുവാൻ സ്വാതന്ത്ര്യം ഇല്ല. (ഗലാത്യർ 3:24 ന്റെ വിശദീകരണം വായിക്കുക).

 

ഒരു ശിശു പ്രായപൂർത്തിയാകുന്നത് പ്രഖ്യാപിക്കുന്ന ഒരു ആചാരം റോമൻ സംസ്കാരത്തിൽ ഉണ്ടായിരുന്നു. ഇതിനെ “ലിബെറാലിയ” എന്നാണ് വിളിച്ചിരുന്നത് (Liberalia). ഇത്, എല്ലാ വർഷവും മാർച്ച് മാസം 17 ആം തീയതി ആഘോഷിക്കപ്പെട്ടിരുന്ന ഫലഭൂയിഷ്ഠതയുടെ (fertility) ഒരു റോമൻ ഉൽസവം ആയിരുന്നു. ഇത്, ലിബെർ പാറ്റേർ എന്ന ദേവന്റെയും അവന്റെ പത്നി ലിബെറായുടെയും ഉൽസവം ആയിരുന്നു (Liber Pater, Libera). പ്രായപൂർത്തി ആകാത്ത കുട്ടികൾ പർപ്പിൾ നിറത്തിലെ അരിക് ഉള്ള കുപ്പായം ധരിക്കും. എന്നാൽ പ്രായപൂർത്തിയാകുന്ന ദിവസം അവർ ആ വസ്ത്രം മാറി, തൂവെള്ള നിറത്തിലുള്ള നീളൻ കുപ്പായം ധരിക്കും. കുട്ടികളായിരിക്കുമ്പോൾ അവർ ധരിച്ചിരുന്ന മന്ത്ര ചരടുകളും ഏലസുകളും അവർ അന്ന് ഉപേക്ഷിക്കും.

 

റോമൻ സാമൂഹിക ജീവിതത്തിൽ, ഒരു ശിശു എത്രാമത്തെ വയസ്സിലാണ് പിതാവിന്റെ സമ്പത്തിന് അവകാശിയാകുന്നത് എന്നതിന് പൊതുവായ ഒരു പ്രമാണം ഉണ്ടായിരുന്നില്ല. ഒരു കുട്ടി അവകാശി ആകുവാൻ തക്കവണ്ണം ഉള്ള പ്രായം അവന്റെ പിതാവായിരുന്നു നിശ്ചയിച്ചിരുന്നത്. നമ്മൾ അബ്രാഹാമിന്റെ വാഗ്ദത്തിന് അവകാശികൾ ആകുവാനുള്ള കാലവും സമയവും നിശ്ചയിച്ചത് പിതാവായ ദൈവം ആണ്.

 

ഗലാത്യർ 4:2 ലെ “രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും” എന്നത് ഇംഗ്ലീഷ് ൽ “guardians and managers” (ESV) എന്നാണ്. ഇതിൽ രക്ഷകന്മാർ (guardians) കുട്ടികളെ പരിപാലിച്ചും പരിശീലിപ്പിച്ചും വളർത്തുവാനായി നിയോഗിക്കപ്പെട്ടവർ ആണ്. ഗൃഹവിചാരകന്മാർ (managers) സമ്പത്ത് കൈകാര്യം ചെയ്യുന്നവരും ആണ്. ഒരു കുട്ടി വളർന്ന് പിതാവിന്റെ സമ്പത്ത് അവകാശമാക്കുവാനുള്ള സമയം പിതാവ് ആണ് നിശ്ചയിക്കുന്നത്. അതുവരെ അവൻ സംരക്ഷകരുടെ കീഴിൽ ആയിരിക്കും. ആയതിനാൽ അവകാശി എങ്കിലും “ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല.”

 

ഇത് ന്യായപ്രമാണത്തിന്റെ നാളുകളുടെ ചിത്രം ആണ്. നമ്മളുടെ അവകാശം പ്രാപിക്കേണ്ടതിനായി “പിതാവു നിശ്ചയിച്ച അവധിയോളം” എല്ലാവരും ന്യായപ്രമാണത്തിന് കീഴിൽ ആയിരുന്നു. ഒരു ശിശുവിന്റെ അനുഭവമായിരുന്നു ക്രിസ്തു വരുന്നതുവരെ യഹൂദന്മാരുടെയും അനുഭവം. അവർ അബ്രാഹാമിന്റെ വാഗ്ദത്തങ്ങൾക്ക് അവകാശികൾ എങ്കിലും മോശെയുടെ ന്യായപ്രമാണം എന്ന “രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും” കീഴിൽ ജീവിച്ചു.

 

എന്നാൽ വാഗ്ദത്തങ്ങൾക്ക് അവകാശി എങ്കിലും അവ പ്രാപിക്കാതെ ഇരുന്ന നാളുകൾക്ക് യേശുക്രിസ്തുവിന്റെ വരവോടെ അവസാനം വന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഇനി “രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും” കീഴിൽ അല്ല, അവർ ഇനി മോശെയുടെ ന്യായപ്രമാണത്തിന്റെ കീഴിൽ അല്ല. ക്രിസ്തു നമ്മളെ ന്യായപ്രമാണത്തിന്റെ അടിമത്തത്തിൽ നിന്നും ദൈവത്തിന്റെ മക്കൾ എന്ന അവകാശത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇന്ന് നമുക്ക് പരിശുദ്ധാത്മാവിനാൽ ദൈവത്തെ അബ്ബാ എന്നു വിളിക്കുവാൻ കഴിയും.    

 

അൽപ്പം വ്യത്യസ്തമായ രീതിയിൽ ആണ് എങ്കിലും, ജാതികളുടെ ജീവിതവും വിഭിന്നം ആയിരുന്നില്ല. അവരും ജാതീയ പ്രമാണങ്ങൾക്കും തത്ത്വശാസ്ത്രങ്ങൾക്കും കീഴിൽ ജീവിച്ചു. ക്രിസ്തുവിനെ സ്വീകരിച്ചവർ അബ്രാഹാമിന്റെ വാഗ്ദത്തത്തിന് അവകാശികൾ ആയി. ഇത് ഗലാത്യർ 4:3 ൽ പൌലൊസ് വിശദീകരിക്കുന്നു. ജാതീയർ ലോകത്തിന്റെ പ്രമാണങ്ങൾക്ക് അടിമകൾ ആയിരുന്നു. അത് അവർ ശിശുക്കൾ ആയിരുന്ന കാലമായി കണക്കാക്കാം. “നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ” എന്ന ദൈവീക കൽപ്പന സകല മനുഷ്യർക്കും ലഭിച്ചതാണ് (ഉൽപ്പത്തി 1:28). എന്നാൽ പാപം സകലരെയും അടിമയാക്കി വച്ചു. ക്രിസ്തു വന്നപ്പോൾ, വിശ്വാസത്താൽ വാഗ്ദത്തങ്ങൾക്ക് അവകാശികൾ ആയി.

ഗലാത്യർ 4:3 ലെ “ലോകം” എന്ന വാക്ക് പാപത്തിൽ വീണുപോയ മനുഷ്യ വംശത്തെയും ലോക ക്രമത്തെയും ആണ് സൂചിപ്പിക്കുന്നത്. ഈ ലോകം സാത്താന്റെ സ്വാധീനത്തിൽ കിടക്കുന്നു. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19). എന്നാൽ, ഇവിടെ “ലോകം” എന്ന വാക്കിൽ പ്രകൃതി ഉൾപ്പെടുന്നില്ല.  

 

ഗലാത്യർ 4:3 ലെ “ലോകത്തിന്റെ ആദി പാഠങ്ങളിൻ” എന്നത് പ്രഥമ പ്രമാണങ്ങൾ ആണ്. ന്യായപ്രമാണത്തെ ആദ്യ പഠങ്ങളായി പൌലൊസ് ചിത്രീകരിക്കുകയാണ്. ജാതീയർക്കും ഈ ലോകത്തേക്കുറിച്ച് ചില അറിവുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം, വിശ്വാസത്തിൽ പക്വതയിലെത്തുമ്പോൾ ഉപേക്ഷിക്കേണ്ടത് ആണ്. യഹൂദന്മാരുടെ പരിച്ഛേദനാവാദവും ആദ്യ പാഠങ്ങൾ ആണ്. ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അതിനെ ഉപേക്ഷിക്കേണം. എങ്കിൽ മാത്രമേ വാഗ്ദത്തങ്ങൾക്ക് അവകാശികൾ ആകുവാൻ കഴിയൂ. 

 

ഗലാത്യർ 4:4-5 വാക്യങ്ങളിൽ പൌലൊസ് പ്രസംഗിച്ച ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ രത്ന ചുരുക്കം ഉണ്ട്. ഇതാണ് ഗലാത്യർ വിശ്വസിച്ചിരുന്നത്. ന്യായപ്രമാണത്തിന് കീഴിൽ ജീവിച്ചിരുന്നവർക്ക് ക്രിസ്തുവിന്റെ അവകാശം പ്രാപിക്കുവാനുള്ള കാലമായപ്പോൾ, ദൈവം അവനെ ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചു (ഗലാത്യർ 4:4-5). 

 

കാലസമ്പൂർണ്ണതവന്നപ്പോൾ” (ഗലാത്യർ 4:4) ക്രിസ്തുവിന്റെ സുവിശേഷത്തെ സ്വീകരിക്കുവാൻ തക്കവണ്ണം ചരിത്രപരമായും, സാമൂഹികമായും, ലോകം ഒരുക്കപ്പെട്ടു. അവിടെക്കാണ് യേശുക്രിസ്തു ജനിച്ചത്. റോമൻ സാമ്രാജ്യത്തിന്റെ വളർച്ചയോടെ, ചെറിയ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ഇല്ലാതെയായി. സമാധാനം ഉണ്ടായി. ഇതിനെ “പാക്സ് റൊമന” എന്നാണ് വിളിച്ചിരുന്നത് (Pax Romana). ലാറ്റിൻ ഭാഷയിലെ ഈ വാക്കിന്റെ അർത്ഥം “റോമൻ സമാധാനം” എന്നാണ് (Roman Peace). ഇതൊരു കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു. ഇത്, ബി. സി. 27 ൽ അഗസ്റ്റസ് ചക്രവർത്തി റോമൻ സാമ്രാജ്യത്തിന്റെ അധികാരത്തിൽ വന്നത് മുതൽ എ. ഡി. 180 ൽ മാർക്കസ് ഒറേലിയസ് ചക്രവർത്തിയുടെ മരണം വരെയുള്ള കാലമാണ് (Augustus, Marcus Aurelius). ഈ കാലയളവിൽ റോമൻ സാമ്രാജ്യം അതിന്റെ പാരമ്യ വളർച്ചയിൽ എത്തി. ആഭ്യന്തര കലാപങ്ങൾ ഇല്ലാതെയായി, അതിരുകൾ ശക്തമായ കാവലിനാൽ സംരക്ഷിക്കപ്പെട്ടു. ഏക നാണയം സാമ്രാജ്യത്തിൽ ആകെമാനം കൈമാറ്റം ചെയ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. ആയിരക്കണക്കിന് മൈലുകൾ ദൈർഘ്യം ഉള്ള, കല്ലുകൾ പാകിയ, ഉറപ്പും, വൃത്തിയുമുള്ള റോഡുകൾ നിർമ്മിച്ചു. വ്യാപാര-വ്യവസായങ്ങൾ അഭിവൃദ്ധിപ്പെട്ടു. സാമ്രാജ്യം സമ്പന്നമായി, ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നു. സാമ്രാജ്യത്തിൽ ഉടനീളം ഗ്രീക്ക്, ലാറ്റിൻ ഭാഷകൾ പ്രചരിച്ചു. അങ്ങനെ ലോകത്തിന്റെ വാണിജ്യവും, സാംസ്കാരികവും, സാമ്പത്തികവും ആയ കേന്ദ്രം റോമൻ സാമ്രാജ്യമായി.

 

ഈ കാലത്ത്, സമൂഹത്തിൽ ധർമ്മിക തകർച്ചയും വ്യാപകം ആയിരുന്നു. അതിനാൽ ജാതീയർ പോലും ഒരു ആത്മീയ മുന്നേറ്റത്തിനായി വിലപിക്കുന്നുണ്ടായിരുന്നു. ദാനിയേൽ പ്രവാചകനിലൂടെ വെളിപ്പെട്ട 70 ആഴ്ചവട്ടത്തിലെ 483 വർഷങ്ങൾ പൂർത്തിയാകുന്ന കാലവും ആയിരുന്നു (ദാനിയേൽ 9:24-26). ക്രിസ്തുവിന്റെ സവിശേഷം ഘോഷിക്കപ്പെടുവാൻ ഏറ്റവും യോജിച്ച കാലം ആയിരുന്നു. 

 

ഈ കാലത്താണ് യേശുക്രിസ്തു ജനിച്ചത്. വിപുലമായ ഒരു സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് സുവിശേഷം പ്രചരിക്കുവാൻ ഏറ്റവും യോജിച്ച കാലമായിരുന്നു. യേശുക്രിസ്തു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ മർമ്മങ്ങൾ ജനത്തിന് വേഗം മനസ്സിലാക്കുവാൻ യോജ്യമായ സാമൂഹിക, സാംസ്കാരിക, രാക്ഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നു. സുവിശേഷവുമായി അപ്പൊസ്തലന്മാർക്കും സുവിശേഷകർക്കും യാത്രചെയ്യുവാനുള്ള റോഡുകൾ ഉണ്ടായിരുന്നു. എല്ലാ സാമൂഹിക, രാക്ഷ്ട്രീയ സാഹചര്യത്തെയും ഒരുക്കിയതിന് ശേഷം, “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി” നിയോഗിച്ചു.     

 

പിതാവായ ദൈവത്തിന്റെ നിയോഗ പ്രകാരം ആണ് യേശുക്രിസ്തു ജനിച്ചത്. ഇത് യേശുക്രിസ്തു തന്നെ സാക്ഷിക്കുന്നുണ്ട്.

 

യോഹന്നാൻ 6:38

ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.

 

അതായത് പാപത്താൽ സമ്പൂർണ്ണമായി മലിനമായ ആദാമിന്റെ സന്തതി പരമ്പരയിൽ അല്ല യേശുക്രിസ്തു ജനിച്ചത്. ഗലാത്യർ 4:4 ആം വാക്യത്തിലെ “ജനിച്ചവനായി” എന്ന വാക്ക് ശരിയായ അർത്ഥം വിനിമയം ചെയ്യുന്നില്ല. ഈ വാക്ക് ഇവിടെ രണ്ടു പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. മൂല ഗ്രീക്ക് ഭാഷയിൽ ഇത്, “ഗിനൊമഇ” എന്നാണ് (ginomai, ghin'-om-ahee, genomenon). ഈ വാക്കിന്റെ അർത്ഥം മലയാളത്തിൽ പറയുവാൻ പ്രയാസമുണ്ട്. അങ്ങനെ ഉണ്ടായത്, അസ്തിത്വത്തിലേക്ക് വന്നത്, അങ്ങനെ ജനിച്ചത്, എന്നിങ്ങനെ നമുക്ക് ഈ വാക്കിനെ മനസ്സിലാക്കാം (having been born, that which has come into being, brought into existence). ഫിലിപ്പിയർ 2:8 ലെ “മനുഷ്യസാദൃശ്യത്തിലായി” (being born in the likeness of men – ESV) എന്നു എഴുതുവാൻ പൌലൊസ് ഇതേ വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. “മനുഷ്യ സാദൃശ്യത്തിൽ ജനിച്ചവനായി”, എന്നു നമുക്ക് ഇതിനെ മനസ്സിലാക്കാം. നിഖ്യാ വിശ്വാസപ്രമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾക്കു മൂല ഭാഷയിലെ ആശയത്തോട് കൂടുതൽ സാമ്യം ഉണ്ട്. അത് ഇങ്ങനെയാണ്:

 

“അവൻ സർവ്വ ലോകങ്ങൾക്കും മുമ്പേ തന്റെ പിതാവിൽനിന്നു ജനിപ്പിക്കപ്പെട്ടവൻ. ദൈവത്തിൽ നിന്നു ദൈവം, പ്രകാശത്തിൽ നിന്നു പ്രകാശം, സത്യ ദൈവത്തിൽ നിന്നു സത്യദൈവം, ജനിപ്പിക്കപ്പെട്ടവൻ, ഉണ്ടാക്കപ്പെട്ടവനല്ല.”  

 

അതായത്, യേശുക്രിസ്തു ഒരു സാധാരണ ശിശു ജനിക്കുന്നതുപോലെ മറിയയുടെ വയറ്റിൽ ജനിക്കുക ആയിരുന്നില്ല. അവന്റെ ജനനത്തിന്റെ പ്രക്രിയയ്ക്ക് മനുഷ്യരുടെ ജനന പ്രക്രിയയുമായി വ്യത്യാസം ഉണ്ടായിരുന്നു. അവൻ മറിയയുടെ വയറ്റിൽ പരിശുദ്ധാത്മാവിനാൽ അസ്തിത്വം ഉള്ളവനായി തീരുക ആയിരുന്നു. പരിശുദ്ധാത്മാവ് ആണ് അവന് ഒരു ശരീരം നല്കിയത് എന്നു എബ്രായർ 10:5 ൽ നമ്മൾ വായിക്കുന്നു. മറിയയുടെ ഗർഭപാത്രത്തെ യേശുവിന്റെ ജനനത്തിനായി ഉപയോഗിച്ചു എന്നു മാത്രം. ഇതാണ് മത്തായി 1:18 ൽ പറയുന്നത്.

 

എബ്രായർ 10:5

ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.

 

മത്തായി 1:18

എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.

 

അതായത്, പാപത്തിന് അടിമയായ ആദാമിന്റെ സന്തതികളുമായി ജൈവപരമായി യേശുക്രിസ്തുവിന് യാതൊരു ബന്ധവും ഇല്ല. യേശുക്രിസ്തുവിന്റെ കാലത്തെ സാമൂഹിക നിയമം അനുസരിച്ചു, സ്വതന്ത്രൻ ആയ ഒരുവന് മാത്രമേ ഒരു അടിമയെ മറുവില കൊടുത്തു അടിമത്തത്തിൽ നിന്നും മോചിപ്പിക്കുവാൻ കഴിയൂ. അതിനാൽ പാപത്തിന് അടിമയല്ലാത്തവനായി, ആദാമിന്റെ വംശത്തിൽ പെടാത്തവനായി, സ്വതന്ത്രൻ ആയി യേശുക്രിസ്തു ജനിച്ചു. 

 

4:4 ആം വാക്യത്തിലെ “സ്ത്രീയിൽനിന്നു ജനിച്ചവനായി” എന്ന പദപ്രയോഗത്തിലൂടെ ദൈവം പ്രഖ്യാപിച്ച വിടുതലിന്റെ വാഗ്ദത്തം പൌലൊസ് ഓർമ്മിപ്പിക്കുന്നു. ഉൽപ്പത്തി 3:15 ൽ ദൈവം പിശാചിനോടു പറയുന്ന വാക്കുകൾ ആണിത്. ഈ വാക്യത്തിൽ “അവളുടെ സന്തതിക്കും” എന്ന പ്രയോഗത്തെ “സ്ത്രീയുടെ സന്തതി” എന്നു മനസ്സിലാക്കാം. സ്ത്രീയുടെ സന്തതി പിശാചിന്റെ തല തകർക്കും എന്നതാണ് വാഗ്ദത്തം. ഇവിടെ ആദാമിന്റെ സന്തതി എന്നല്ല, സ്ത്രീയുടെ സന്തതി എന്നാണ് പറയുന്നത്. “സന്തതി” എന്ന ഏകവചനം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് ക്രിസ്തുവിന്റെ കന്യകാ ജനനത്തെക്കുറിച്ചുള്ള പ്രവചനം ആണ്.      

 

ഉൽപ്പത്തി 3:15

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

 

ഏദൻ തോട്ടത്തിൽ ദൈവം പ്രഖ്യപിച്ച വിടുതലിന്റെ സന്തതിയാണ് യേശുക്രിസ്തു. അവൻ അബ്രാഹാമിന്റെ വാഗ്ദത്തത്തിലെ സന്തതി ആണ്.

 

ഗലാത്യർ 3:16

എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.

 

യേശുക്രിസ്തു ജനിച്ചത്, മറ്റ് എല്ലാ മനുഷ്യരെയുംപോലെ, പ്രമാണങ്ങൾക്കു കീഴിൽ ആണ്. നന്മ തിന്മകളെക്കുറിച്ചുള്ള അറിവ് അവനും ഉണ്ടായിരുന്നു. ഒരു യഹൂദൻ എന്ന നിലയിൽ അവൻ മോശെയുടെ ന്യായപ്രമാണത്തിന് കീഴിൽ ജനിച്ചു. അവൻ ജീവിച്ചതും മരിച്ചതും ന്യായപ്രമാണത്തിന്റെ ഉടമ്പടിയുടെ കാലത്താണ്. അവൻ ന്യായപ്രമാണം മുഴുവൻ പൂർണ്ണമായി പാലിച്ചു ജീവിച്ചു. അങ്ങനെയാണ് ക്രൂശിൽ ന്യായപ്രമാണ പ്രകാരമുള്ള പാപ പരിഹാരം നിവർത്തിക്കപ്പെട്ടത്. ഈ നിവർത്തിക്കപ്പെട്ട യാഗത്തിന്റെ ഫലമായാണ് നമ്മൾ ദൈവ കൃപയുടെ കീഴിൽ ആയത്.

 

ഗലാത്യർ 4:5 ലെ “ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു” എന്നത് യഹൂദന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ഇവിടെ പറയുന്ന ന്യായപ്രമാണം സകല മനുഷ്യർക്കും ബാധകമായിരുന്ന പ്രമാണങ്ങൾ ആണ്. മോശെയുടെ ന്യായപ്രമാണം യഹൂദന്മാർക്ക് ബാധകം ആയിരുന്നു എങ്കിൽ, മറ്റ് വിധത്തിലുള്ള പ്രമാണങ്ങൾക്ക് ജാതീയരും കീഴ്പ്പെട്ടിരുന്നു. യേശുക്രിസ്തു വന്നത്, സകല മനുഷ്യരെയും, യഹൂദനെയും, ജാതീയരെയും, വീണ്ടെടുക്കുവാനായിട്ടാണ്. സകല മനുഷ്യരും പ്രമാണങ്ങളുടെ അനുസരണത്തിൽ നിന്നും വിടുതൽ പ്രാപിച്ചു, ദൈവ കൃപയ്ക്ക് കീഴിൽ ആയി.

 

“നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ” എന്നീ വാക്കുകൾ, മുമ്പ് വിശദീകരിച്ചതുപോലെ പുത്രൻ എന്ന അവകാശത്തിലേക്ക് നമ്മൾ പ്രവേശിക്കുന്നതിനെ സൂചിപ്പിക്കുന്നു. കാലസമ്പൂർണ്ണതയിൽ ഒരു റോമൻ പിതാവ് അവന്റെ ശിശുവയായ മകനെ, പ്രായമായ പുത്രനും അവകാശിയും ആയി പ്രഖ്യാപിക്കുന്നത് പോലെയാണിത്. “പുത്രത്വം” എന്നതിന് ഒരുവനെ ധനികനായ ഒരു റോമൻ പ്രഭു ദത്ത് എടുക്കുന്നതിനോടും സാമ്യം ഉണ്ട്.


ഗലാത്യർ 4:5 ലെ “പുത്രത്വത്തിൻ” എന്നതിലെ “പുത്രത്വം” എന്ന വാക്കിന്റെ ഗ്രീക്ക് പദം, “ഹൂഅതെസീഅ” എന്നാണ് (huiothesia, hwee-oth-es-ee'-ah). ഈ വാക്കിന്റെ അർത്ഥം, ദത്തെടുക്കുക എന്നാണ് (adoption). പൌലൊസിന്റെ കാലത്ത് ഒരു കുട്ടിയെ ദത്തെടുത്താൽ, അവൻ പിന്നീട് ദത്തെടുത്ത വ്യക്തിയുടെ പേരിൽ ആയിരിക്കും അറിയപ്പെടുക. അദ്ദേഹത്തിന്റെ എല്ലാ സ്വത്തിനും ദത്തെടുക്കപ്പെട്ട കുട്ടിക്ക് നിയമപ്രകാരം അവകാശം ഉണ്ടായിരിക്കും. ഇങ്ങനെ ഒരു കുട്ടിയെ ദത്ത് എടുക്കുന്നതിന് പ്രത്യേകമായ നിയമങ്ങളും ആചാരങ്ങളും റോമിൽ ഉണ്ടായിരുന്നു. ദത്ത് എടുക്കുന്ന ആചാരങ്ങൾക്ക് സാക്ഷികൾ ഉണ്ടാകേണം. അതിന് ശേഷം, ആ കുട്ടിയുടെ മുൻകാല ജീവിതം നിലനിൽക്കുന്നില്ല. അവൻ പൂർണ്ണമായും പുതിയ ഒരു ജീവിതം ആരംഭിക്കുന്നു. ദത്തെടുത്ത വ്യക്തിക്ക് വേറെ മക്കൾ ഉണ്ടെങ്കിൽ, അവർക്കു ഉള്ള എല്ലാ അവകാശങ്ങളും തുല്യമായി ദത്ത് എടുക്കപ്പെട്ട കുട്ടിക്കും ഉണ്ടായിരിക്കും. അവന് അവന്റെ പുതിയ പിതാവിന്റെ സകല സ്വത്തിനും അവകാശം ലഭിക്കും.

 

ഇതേ രീതിയിൽ ക്രിസ്തു നമ്മളെ പ്രമാണങ്ങളുടെ അടിമത്തത്തിൽ നിന്നും വിലെക്ക് വാങ്ങി, പുത്രത്വം നല്കിയിരിക്കുന്നു. “വിലെക്കു വാങ്ങിട്ടു” എന്നതിന്റെ ഇംഗ്ലീഷ് വാക്ക്, “redeem” (KJV) എന്നാണ്. ഈ വാക്കിന്റെ അർത്ഥം വീണ്ടെടുക്കുക എന്നാണ്. ഇത് ഒരു അടിമയെ, അവന്റെ ഒരു സ്നേഹിതനോ, ബന്ധുവോ, അവന്റെ യജമാനന് ഒരു വില നല്കി സ്വതന്ത്രൻ ആക്കുന്നത് സൂചിപ്പിക്കുന്നു. യേശുക്രിസ്തു അവന്റെ ജീവൻ വിലയായി നല്കി, ന്യായപ്രമാണത്തിന്റെയും പാപത്തിന്റെയും അടിമത്തത്തിൽ ആയിരുന്ന നമ്മളെ വിലെക്ക് വാങ്ങി, വീണ്ടെടുത്തിരിക്കുന്നു.

 

1 പത്രൊസ് 1:18-19

വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

 

ഗലാത്യർ 4:6 ആം വാക്യത്തിന് റോമർ 8:15, ഗലാത്യർ 3:26 എന്നീ വാക്യങ്ങളോട് സമാനത ഉണ്ട്.

 

ഗലാത്യർ 3:26

ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

 

റോമർ 8:15

നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.

 

പുതിയനിയമത്തിൽ മാത്രമേ “അബ്ബാ” എന്ന വാക്ക് കാണുന്നുളളൂ. ഈ വാക്ക് യേശുക്രിസ്തുവും, അപ്പൊസ്തലനായ പൌലൊസും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതിന്റെ ഉൽപ്പത്തി അരാമ്യ ഭാഷയിൽ ആണ് (Abba, Aramaic). എബ്രായ ഭാഷയിലെ “അവ്” എന്ന വാക്കിൽ നിന്നാണ് അരാമ്യ ഭാഷയിലെ “അബ്ബാ” രൂപപ്പെട്ടത് എന്നൊരു വാദം ഉണ്ട് (av, പിതാവ് - Hebrew). അരാമ്യ ഭാഷയിൽ “അബ്ബാ” എന്ന വാക്കിന്റെ അർത്ഥം “പിതാവ്” എന്നാണ്. വളരെ അടുപ്പവും, ബഹുമാനവും, സ്നേഹവും, വിശ്വസ്തതയും ഈ വാക്കിൽ ആശയങ്ങൾ ആയി ഉണ്ട്. വളരെ ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.

 

പുതിയനിയമത്തിൽ “അബ്ബാ” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്ന ഇടത്തെല്ലാം അതിനോടോപ്പം “പിതാവ്” എന്ന പദം കൂടി ഉപയോഗിച്ചിട്ടുണ്ട്. “അബ്ബാ” എന്ന അരാമ്യ പദത്തെ ഗ്രീക്കിലേക്ക് മൊഴിമാറ്റിയപ്പോൾ “പിതാവ്” എന്നു കൂടി ചേർത്തതാണ് (ho patēr). അങ്ങനെ “അബ്ബാ പിതാവേ” എന്നു എഴുതിയിരിക്കുന്നു.

 

ഈ വാക്ക് മൂന്ന് പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

 

മർക്കോസ് 14:36

അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

 

റോമർ 8:15

നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.

 

ഗലാത്യർ 4:6

നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.

 

നമ്മളെ ദൈവം പുത്രന്മാരും പുത്രിമാരും ആയി ദത്ത് എടുത്തതിനാൽ, നമുക്ക് ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ അവകാശം ലഭിച്ചിരിക്കുന്നു. സ്വന്ത പുത്രന്റെ ആത്മാവിനെ നമ്മളുടെ ഹൃദയങ്ങളിൽ അയച്ചു. നമുക്ക് പുത്രത്വം ലഭിച്ചിരിക്കുന്നു എന്നതിന്റെ ഉറപ്പ്, പരിശുദ്ധാത്മാവിന്റെ നിറവ് ആണ്. “സ്വപുത്രന്റെ ആത്മാവിനെ” എന്നതുകൊണ്ട് പൌലൊസ് ഉദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ ആത്മാവിനെയാണ്. ക്രിസ്തുവിൽ, അവനെപ്പോലെ നമ്മളും ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കുന്നു. ഈ വാക്യത്തിൽ, നമ്മളുടെ രക്ഷയിലുള്ള, പിതാവായ ദൈവത്തിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പങ്ക് കാണുവാൻ കഴിയും.

 

രക്ഷിക്കപ്പെട്ട ദൈവജനം ഇനി ദാസൻമാർ അല്ല, പുത്രീ-പുത്രന്മാർ ആണ് എന്നു ഗലാത്യർ 4:7 ൽ പൌലൊസ് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിനാൽ അവർ അവകാശികളും ആണ്. ഗലാത്യ ലേഖനത്തിൽ ഇത് നാലാമത്തെ പ്രവശ്യമാണ് വിശ്വാസികൾ ദൈവത്തിന്റെ പുത്രന്മാർ ആണ് എന്നു പറയുന്നത് (ഗലാത്യർ 3:26, 4:5, 4:6, 7). നമ്മളെ രക്ഷിക്കുവാനും, പുത്രത്വം നല്കുവാനുമുള്ള പദ്ധതി ദൈവത്തിന്റേതാണ്. അതിനായി ദൈവം യേശുക്രിസ്തുവിനെ അയച്ചു, “സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” (ഗലാത്യർ 4:6). എല്ലാം “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ” (ഗലാത്യർ 1:1).

 

ഒന്നാമതായി, ദൈവം നമ്മളെ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തിൽ നിന്നും സ്വതന്ത്രർ ആക്കി. രണ്ടാമതായി, നമ്മളെ പുത്രന്മാരും പുത്രിമാരും ആയി ദത്തെടുത്തു. മൂന്നാമതായി, ദൈവം നമ്മളെ ക്രിസ്തുവിലുള്ള സകല അനുഗ്രഹങ്ങൾക്കും അവകാശികൾ ആക്കിയിരിക്കുന്നു.

 

ഗലാത്യർ 4:8 ലെ “ദൈവത്തെ അറിയാതെ” എന്നത് യഹോവയായ ദൈവത്തെക്കുറിച്ചും, “സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു” എന്നത് ജാതീയ ദേവന്മാരെക്കുറിച്ചുമാണ്. ഈ വാക്യത്തിലെ “സ്വഭാവത്താൽ” എന്ന വാക്കിനെ സ്വാഭാവികമായും, പ്രകൃത്യാ, (nature) എന്നിങ്ങനെ മനസ്സിലാക്കാം. അതായത് അവ ദേവന്മാർ അല്ലായിരുന്നു എന്നു മാത്രമല്ല, അവയ്ക്ക് ഒരിക്കലും അങ്ങനെ ആയിരിക്കുവാൻ സാദ്ധ്യവുമല്ല. 4:9 ആം വാക്യത്തിലെ “ദൈവത്തെ അറിഞ്ഞും”, “ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ” എന്നത് യഹോവയായ ദൈവത്തെക്കുറിച്ചാണ്.

 

അപ്പൊസ്തലനായ പൌലൊസിന്റെ കാലത്ത്, യഹൂദ ഇതര ജനസമൂഹങ്ങൾ ജാതീയമായ ദേവന്മാരെ ആരാധിച്ചിരുന്നു. അവരുടെ ജീവിതം ഇത്തരം ആരാധനയുമായി ബന്ധിക്കപ്പെട്ടിരുന്നു. എല്ലാ പൊതുവായ യോഗങ്ങളും, ജാതീയ ദേവന്മാരോടുള്ള പ്രാർത്ഥനയും, പൂജകളുമായി ആരംഭിച്ചു. കർഷകരും, കച്ചവടക്കാരും, ദേവന്മാർക്കു ബലികൾ അർപ്പിച്ചു. അവരുടെ ക്ഷേത്രങ്ങൾ അതിസമ്പന്നം ആയിരുന്നു. എന്നാൽ ഇവയെല്ലാം സാങ്കൽപ്പികമായ ദേവന്മാർ മാത്രം ആയിരുന്നു. അവ മനുഷ്യരുടെ കൊത്തുപണികൾ മാത്രം ആയിരുന്നു. അതിനെക്കുറിച്ചാണ്, “സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു” എന്നു പൌലൊസ് പറയുന്നത്.

 

ഗലാത്യയിലെ ജാതീയരായിരുന്ന ക്രിസ്തീയ വിശ്വാസികൾ യഹൂദന്മാർ ആയിരുന്നില്ല. അവർക്ക് യഹോവയായ ദൈവവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവർക്ക് ദൈവം മോശെയിലൂടെ ന്യായപ്രമാണം നല്കിയിരുന്നില്ല. അതിനാൽ അവർ മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്നവരോ, അതിന് കടമപ്പെട്ടവരോ ആയിരുന്നില്ല. ഇപ്പോൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷിക്കപ്പെട്ട ഗലാത്യയിലെ ക്രിസ്തീയ വിശ്വാസികൾ, അവരുടെ പഴയ ജാതീയ ദേവന്മാരുടെ അടുക്കലേക്ക് തിരികെപോകുവാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് മുമ്പ് യാതൊരു ബന്ധവും ഇല്ലാതിരുന്ന മോശെയുടെ ന്യായപ്രമാണത്തിലേക്ക് പോകുവാനാണ് അവർ ശ്രമിക്കുന്നത്.

 

രക്ഷിക്കപ്പെട്ടപ്പോൾ അവർ ജാതീയ ദേവന്മാരെ ഉപേക്ഷിച്ചു, ദൈവത്തെ അറിഞ്ഞവർ ആയി. അതിനാൽ ദൈവവും അവരെ അറിഞ്ഞുമിരിക്കുന്നു (ഗലാത്യർ 4:9). ഇവിടെ പറയുന്ന അറിവ് ഒരു കേവല അറിവ് അല്ല, അതൊരു വളരെ ഗാഡമായ ബന്ധം ആണ്. വിശ്വാസികൾ ഇപ്പോൾ ദൈവവുമായി ഗാഡമായ ഒരു ബന്ധത്തിൽ ആയിരിക്കുന്നു. അറിഞ്ഞും”, “അറിഞ്ഞുമിരിക്കെഎന്നീ വാക്കുകളുടെ മൂല ഗ്രീക്ക് പദം, “ഗിനൊസ്കോ” എന്നാണ് (ginōskō, ghin-oce'-ko, Strong's G1097). ഈ പദത്തിന്റെ അര്‍ത്ഥം, സമ്പൂര്‍ണ്ണമായി അറിയുക, എന്നാണ് (to know absolutely). വേദപുസ്തകത്തില്‍ പലയിടത്തും, ഗിനൊസ്കോ  (ginosko)  അല്ലെങ്കില്‍ “അറിയുക “ എന്ന വാക്ക് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗാഡമായ ബന്ധത്തിലൂടെ പരസ്പരം അറിയുന്നതിനെക്കുറിച്ച് പറയുവാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഗാഡമായ ബന്ധത്തെ കാണിക്കുവാന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

 

അതായത്, ഗലാത്യയിലെ വിശ്വാസികൾക്ക് ദൈവവുമായി ഗാഡമായ ഒരു ബന്ധം ഉണ്ട്. എന്നിട്ടും, അവർ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു, അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നു. ഇതിൽ പൌലൊസ് ആശ്ചര്യപ്പെടുന്നു.

 

“ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു” എന്നത് മോശെയുടെ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്നു. അതിന് ആരെയും പിശാചിന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുവാൻ സാദ്ധ്യമല്ല. ന്യായപ്രമാണത്തിന് ഒരുവന് നിത്യജീവൻ നല്കുവാൻ സാദ്ധ്യമല്ല. അതിനാൽ അത് ബലഹീനവും ദരിദ്രവും ആയിരിക്കുന്നു. അത് ഒരു ശിശുപാലകന്റെ ഉപദേശങ്ങൾ പോലെ ആദ്യപാഠങ്ങൾ മാത്രമാണ്. അവയ്ക്ക് കീഴ്പ്പെടുക എന്നത് പ്രമാണങ്ങൾ അനുസരിക്കുക എന്ന അടിമത്തം ആണ്.   

 

രക്ഷിക്കപ്പെടുന്നതിന് മുമ്പേ ജാതീയ ദേവന്മാരെ ആരാധിച്ചു അവർക്ക് അടിമകൾ ആയിരുന്നതും, രക്ഷിക്കപ്പെട്ടതിന് ശേഷം മോശെയുടെ ന്യായപ്രമാണത്തെ അനുസരിച്ചു അതിന് അടിമകൾ ആകുന്നതും ഒരുപോലെയാണ് എന്നു പൌലൊസ് പറയുന്നു. രണ്ടും ഒരുപോലെ ആദിപാഠങ്ങൾക്ക് അടിമയാകുകയാണ്. എന്താണ് പൌലൊസ് ഉദ്ദേശിക്കുന്ന “ആദിപാഠങ്ങൾ”? മനുഷ്യർക്ക് അവരുടെ പ്രവർത്തികളിലൂടെയോ, ആചാരങ്ങളിലൂടെയോ ദൈവമുമ്പാകെ നീതീകരിക്കപ്പെടുവാൻ കഴിയും എന്നതാണ് “ആദിപാഠങ്ങൾ”. പ്രവർത്തികളാൽ രക്ഷ പ്രാപിക്കുക എന്നത് എല്ലാ മതങ്ങളുടെയും പൊതുവായ ചിന്തയാണ്. എന്നാൽ ദൈവത്തിന്റെ വിശുദ്ധിയ്ക്കും, നീതിയ്ക്കും യോജ്യമാകും വണ്ണം ഒരു മനുഷ്യനും പ്രവർത്തിക്കുവാനോ, അനുഷ്ഠാനങ്ങൾ അർപ്പിക്കുവാനോ സാദ്ധ്യമല്ല എന്നതിനാൽ, പ്രവർത്തികളാലോ, ആചാരങ്ങളാലോ, അവന് നീതീകരണം പ്രാപിക്കുവാൻ സാദ്ധ്യമല്ല. എല്ലാ മനുഷ്യരും പാപികൾ ആണ് എന്നും അവന്റെ എല്ലാ പ്രവർത്തികളും കറ പുരണ്ട തുണിപോലെ മലിനം ആണ് എന്നുമാണ് ന്യായപ്രമാണം ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ പ്രവർത്തികളാലുള്ള നീതീകരണം എന്ന അടിമത്തത്തിലേക്ക് എന്തിന് തിരികെ പോകേണം എന്നതാണ് പൌലൊസിന്റെ ചോദ്യം.   

ഗലാത്യർ 4:10 ആം വാക്യത്തിലെ, “നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.” എന്നത് യഹൂദ മര്യാദ പ്രകാരം ഉള്ള ആചാരങ്ങൾ ആണ്. ഗലാത്യയിലെ വിശ്വാസികൾ പരിച്ഛേദനക്കാരായ യഹൂദന്മാരുടെ ഉപദേശങ്ങൾ സ്വീകരിച്ചു ന്യായപ്രമാണ പ്രകാരമുള്ള വിശേഷ ദിവസങ്ങളെ ആചരിക്കുന്നു. അവയിൽ ശബ്ബത്ത്, പാപ പരിഹാര ദിവസം, പെസഹ ഉൽസവം, മറ്റ് യഹൂദ ഉൽസവങ്ങൾ, എന്നിവ ഉണ്ടാകാം. ഭക്ഷണ ക്രമത്തിലുള്ള നിബന്ധനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം.

 

എന്നാൽ പുതിയ നിയമത്തിൽ, ഏതെങ്കിലും ദിവസങ്ങളെ സവിശേഷതയുള്ളതായി ആചരിക്കേണം എന്ന ഉപദേശം ഇല്ല. ശബ്ബത്ത് ആചരണവും പുതിയനിയമ സഭയുടെ ഉപദേശം അല്ല. ദൈവം ചെയ്ത നന്മകളെക്കുറിച്ച് ഓർക്കുവാൻ ഏത് ദിവസത്തെയും വിശേഷതയുള്ളതായി കാണുവാനും വിരോധം ഇല്ല. ദിവസങ്ങളുടെ ആചരണം നമ്മളെ നീതീകരിക്കുകയോ, ആചരിക്കാതിരിക്കുന്നത് നമ്മളെ പാപികൾ ആക്കുകയോ ചെയ്യുന്നില്ല. “ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.” (റോമർ 14:5).

 

ഗലാത്യർ 4:11 ലെ “ഞാൻ ഭയപ്പെടുന്നു” എന്നത് ഗലാത്യരുടെ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം അവർക്ക് നഷ്ടപ്പെടുമോ എന്ന പൌലൊസിന്റെ ഭയം ആണ്. പരിച്ഛേദന ഏൽക്കുന്നതുകൊണ്ടോ, യഹൂദ വിശേഷ ദിവസങ്ങളെ ആചരിക്കുന്നതുകൊണ്ടോ രക്ഷ നഷ്ടപ്പെടും എന്നു പൌലൊസ് ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും ഒരു ദിവസത്തെ വിശേഷതയുള്ളതായി ആചരിക്കുന്നത് ക്രിസ്തീയ വിശ്വാസികൾക്ക് നിഷിദ്ധം ആണ് എന്നല്ല പൌലൊസ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ, വിശ്വാസികൾക്ക് രക്ഷ ലഭിച്ചത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ആണ്. അത് തുടർന്നും അങ്ങനെ ആയിരിക്കും. ന്യായപ്രമാണത്തിന്റെ അനുസരണത്തിലേക്കുള്ള തിരികെ പോക്ക് അവരെ വീണ്ടും പ്രമാണങ്ങളുടെ അനുസരണം എന്ന അടിമത്തത്തിൽ ആക്കും. പൌലൊസ് ഗലാത്യർ 4:1 ൽ പറഞ്ഞിരിക്കുന്നതുപോലെ, “അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല”. ഇതാണ് അദ്ദേഹം ഗലാത്യർ 5:1-2 വാക്യങ്ങളിളും അവരെ ഓർമ്മിപ്പിക്കുന്നത്.

 

ഗലാത്യർ 5:1-2

സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു.

 

ഗലാത്യർ 4:9-10 വാക്യങ്ങളിൽ നിന്നും, ഗലാത്യയിലെ വിശ്വാസികൾ മോശെയുടെ ന്യായപ്രമാണ പ്രകാരമുള്ള ആചാരങ്ങൾ സ്വീകരിച്ചു, അപ്രകാരം പ്രവർത്തിക്കുവാൻ ആരംഭിച്ചു എന്നു അനുമാനിക്കാം. ഇതാണ് “ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.” എന്നു പറയുവാൻ പൌലൊസിനെ പ്രേരിപ്പിച്ചത് (ഗലാത്യർ 4:11).

 

മോശെയുടെ കാലം മുതൽ ക്രിസ്തുവിന്റെ കാലം വരെ യഹൂദന്മാർക്കു ന്യായപ്രമാണം ബാധകം ആയിരുന്നു. അവർ ദൈവം കൽപ്പിച്ചു ആക്കിയ എല്ലാ വിശേഷ ദിവസങ്ങളെയും ഉൽസവങ്ങളെയും ആചരിക്കേണമായിരുന്നു. ഇതിൽ വീഴ്ച വരുത്തിയാൽ, മോശെയുടെ ഉടമ്പടി പ്രകാരമുള്ള അനുഗ്രഹങ്ങൾ നഷ്ടമാകുമായിരുന്നു. അതായത്, യഹൂദന്മാർ വിശേഷ ദിവസങ്ങളെ ആചരിച്ചിരുന്നത് ദൈവത്തെ മഹത്വപ്പെടുത്തുവാനായിരുന്നില്ല. അതിനാൽ അവർക്ക് അനുഗ്രഹം ലഭിക്കുവാൻ വേണ്ടി ആയിരുന്നു. അവർ ദൈവ സന്നിധിയിൽ നീതിമാന്മാരും വിശുദ്ധരും ആകുവാനായി ന്യായപ്രമാണ വ്യവസ്ഥകൾ അനുസരിക്കുക ആയിരുന്നു. ഇതേ ഉദ്ദേശത്തോടെ ക്രിസ്തീയ വിശ്വാസികൾ ദിവസങ്ങളെയോ, ഉൽസവങ്ങളെയോ ആചരിക്കേണ്ടതില്ല എന്നാണ് പൌലൊസിന്റെ വാദം. കാരണം നമ്മൾ രക്ഷിക്കപ്പെടുന്നത് പ്രവർത്തികളാൽ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ആണ്.

 

നിയമവാദത്തിന്റെ (legalism) അപകടം, അതിന് ആത്മീയ പക്വതയുടെ വേഷം ഉണ്ട് എന്നതാണ്. യഥാർത്ഥത്തിൽ നിയമവാദം നമ്മളെ ന്യായപ്രമാണത്തിന്റെ അടിമത്തത്തിലേക്ക് കൊണ്ടുപോകുയാണ് ചെയ്യുന്നത്.   

 

ഗലാത്യർ 4:12 ൽ പൌലൊസിനെപ്പോലെ ആകുവാൻ അവൻ ഗലാത്യയിലെ വിശ്വാസികളോട് അപേക്ഷിക്കുന്നു. പൌലൊസ് ഒരു യഹൂദൻ ആയിരുന്നു. അവൻ മോശെയുടെ ന്യായപ്രമാണം അനുസരിച്ചു ജീവിച്ചു. എന്നാൽ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ, അവൻ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം രക്ഷിക്കപ്പെട്ട ഒരു ക്രിസ്തീയ വിശ്വാസിയായി. ഗലാത്യയിലെ വിശ്വാസികളും, മുമ്പ് ജാതീയ ദേവന്മാരെ ആരാധിച്ചു പൊന്നു. എന്നാൽ ക്രിസ്തുവിന്റെ സുവിശേഷം കേട്ടപ്പോൾ അവർ അത് സ്വീകരിച്ചു, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം രക്ഷിക്കപ്പെട്ടിരിക്കുന്നു. പൌലൊസ് രക്ഷിക്കപ്പെട്ടതിന് ശേഷം, ന്യായപ്രമാണത്തിന്റെ പ്രവർത്തികളിലേക്ക് തിരികെ പോയില്ല. അവൻ പ്രമാണങ്ങളുടെ അനുസരണം എന്ന അടിമത്തത്തിൽ നിന്നും യേശുക്രിസ്തുവിനാൽ സ്വതന്ത്രൻ ആയി. ഇതാണ് 4:12 ൽ പറയുന്നത്: “സഹോദരന്മാരേ, ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.”

 

പൌലൊസ് അവനെ അനുകരിക്കുവാനും അവനെപ്പോലെ ആകുവാനും പല സന്ദർഭങ്ങളിലും ക്രിസ്തീയ വിശ്വാസികളോട് അപേക്ഷിക്കുന്നുണ്ട്.

 

1 കൊരിന്ത്യർ 11:1

ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

1 കൊരിന്ത്യർ 4:16

ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

 

ഈ രണ്ട് വാക്യങ്ങളിലും “അനുകാരികൾ” എന്നതിന്റെ ഗ്രീക്ക് പദം “മിമെറ്റേസ്” എന്നാണ് (mimētēs, mim-ay-tace, Strong's G3402). ഈ വാക്കിന്റെ അർത്ഥം “അനുകരിക്കുന്നവൻ” എന്നാണ് (an imitator).

 

ഫിലിപ്പിയർ 3:17

സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.

 

ഈ വാക്യത്തിലെ “എല്ലാവരും …. അനുകരിപ്പിൻ” (followers together - KJV) എന്നതിന് ഒരു ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് “സൂംമിമെറ്റേസ്” എന്നാണ് (symmimētēs, soom-mim-ay-tace', Strong's G4831). ഈ വാക്കിന്റെ അർത്ഥം “മറ്റുള്ളവരെ അനുകരിക്കുന്നവൻ” എന്നാണ് (an imitator of others).

 

2 തെസ്സലൊനീക്യർ 3:7, 9

7    ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,

9    അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.

 

2 തെസ്സലൊനീക്യർ 3:7, 9 വാക്യങ്ങളിലെ, “അനുകരിക്കേണ്ടിയതു”, “അനുകരിപ്പാൻ” എന്നീ വാക്കുകളുടെ ഗ്രീക്ക് പദം “മെമെയോമയ്” എന്നാണ് (mimeomai, mim-eh'-om-ahee, Strong's G3401). ഈ വാക്കിന്റെ അർത്ഥം, “അനുകരിക്കുക” എന്നാണ് (to imitate).

 

ഗലാത്യർ 4:12 ലെ “ഞാൻ നിങ്ങളേപ്പോലെ ആകയാൽ” എന്നതിന്, പൌലൊസ് ഒരു യഹൂദൻ ആയിരിക്കെ, മോശെയുടെ ന്യായപ്രമാണത്തിന്റെ അനുസരണത്തെ പൂർണ്ണമായും ഉപേക്ഷിച്ചു, ജാതികളിൽ നിന്നും രക്ഷ പ്രാപിച്ച വിശ്വാസികളെപ്പോലെ ആയിത്തീർന്നു, എന്ന അർത്ഥം ഉണ്ട്. അതിനാൽ അവരും അദ്ദേഹത്തെപ്പോലെ ആകേണം എന്നാണ് പൌലൊസിന്റെ അപേക്ഷ. എന്നാൽ യഹൂദ പരിച്ഛേദനാവാദികൾ ഗലാത്യ വിശ്വാസികളെ അവരെപ്പോലെയാക്കുവാനാണ് ശ്രമിക്കുന്നത്.

 

നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. എന്നു പൌലൊസ് പറയുന്നത്, അദ്ദേഹം സമ്പൂർണ്ണമായി നീതിമാനായ ഒരു മനുഷ്യൻ ആണ് എന്ന അർത്ഥത്തിൽ അല്ല. ക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷപ്രാപിക്കുകയും, ന്യായപ്രമാണത്തിൽ നിന്നും ക്രിസ്തു നല്കിയ സ്വതന്ത്ര്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന മാതൃകയെ അനുകരിക്കുവാനാണ് അദ്ദേഹം അപേക്ഷിക്കുന്നത്. ഈ വിഷയത്തിലാണ് ഗലാത്യർ ഇപ്പോൾ വീണുപോയിരിക്കുന്നത്. 

 

ഗലാത്യയിലെ വിശ്വാസികൾ പൌലൊസിനോടു ഒരു അന്യായവും ഇന്നേവരെ ചെയ്തിട്ടില്ല. അതിനാൽ ഭാവിയിലും അത് ഉണ്ടാകുകയില്ല എന്നു പൌലൊസ് പ്രത്യാശിക്കുന്നു (4:12). ഇതൊരു വ്യക്തിപരമായ വിഷയം ആയിരിക്കുവാനാണ് സാദ്ധ്യത. അതായത് പൌലൊസിനോടു വ്യക്തിപരമായി ഗലാത്യയിലെ വിശ്വാസികൾ യാതൊരു അന്യായവും ചെയ്തിട്ടില്ല.  

 

ഗലാത്യർ 4;12 ൽ പൌലൊസ് ഗലാത്യയിലെ വിശ്വാസികളെ “സഹോദരന്മാരേ” എന്നാണ് വിളിക്കുന്നത്. അതിന് തുടർച്ചയായി, “ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ” അദ്ദേഹം അപേക്ഷിക്കുന്നു. യഹൂദനായ പൌലൊസും, ജാതീയരായിരുന്ന ഗലാത്യയിലെ ക്രിസ്തീയ വിശ്വാസികളും ക്രിസ്തുവിൽ ഒന്നാണ് എന്ന സന്ദേശമാണ് അദ്ദേഹം ഇവിടെ നല്കുന്നത്.   

 

ഗലാത്യർ 4:13-14 വാക്യങ്ങളിൽ പൌലൊസിന്റെ ശരീരത്തിലെ ബലഹീനതയെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു. 13 ആം വാക്യത്തിലെ “ബലഹീനത” എന്നതിന്റെ ഗ്രീക്ക് പദം, “അസ്തെനൈഅ” എന്നാണ്  (astheneia, as-then'-i-ah, Strong's G769). ഈ വാക്കിന്റെ അർത്ഥം, ബലഹീനത, രോഗം എന്നിങ്ങനെയാണ് (infirmity, disease). വേദപുസ്തകത്തിൽ കൂടുതൽ ഇടത്തും ഈ വാക്കിനെ ബലഹീനത എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രോഗം എന്നു അർത്ഥമാക്കുന്ന വാക്യങ്ങളും ഉണ്ട്. 1 കൊരിന്ത്യർ 2:3 ൽ ഈ വാക്ക് “ബലഹീനത” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

 

1 കൊരിന്ത്യർ 2:3

ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.

 

യോഹന്നാൻ 11:4, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 28:9, എന്നീ വാക്യങ്ങളിൽ ഈ വാക്കിന്റെ പരിഭാഷ “ദീനം” എന്നാണ്.

 

യോഹന്നാൻ 11:4

യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 28:9

ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.

 

ഗലാത്യർ 4:13-14 വാക്യങ്ങളിൽ പൌലൊസ് ഗലാത്യരുടെ അനുകമ്പയേയും സ്നേഹത്തെയും പ്രശംസിക്കുകയാണ്. 13 ആം വാക്യത്തിലെ, “ശരീരത്തിലെ ബലഹീനത” എന്നതുകൊണ്ട് പൌലൊസ് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന് വ്യക്തതയില്ല. ഇതൊരു ശാരീരികമായ രോഗം ആയിരുന്നുവോ അതോ സുവിശേഷം നിമിത്തം ഉണ്ടായ പീഡനം ആണോ എന്നതിന് നമുക്ക് തീർച്ചയില്ല. പൌലൊസ് ഇത് ഇവിടെ വ്യക്തമാക്കുന്നില്ല. അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിലും ഇതിന് വ്യക്തമായ രേഖയില്ല. “ശരീരത്തിലെ ബലഹീനത നിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു” എന്നതിൽ നിന്നും ശാരീരികമായ ബലഹീനത കാരണമാണ് പൌലൊസ് ഗലാത്യയിലേക്ക് പോയത് എന്നു വേണം നമ്മൾ അനുമാനിക്കുവാൻ. പൌലൊസ് മറ്റെവിടെയോ പോകുവാൻ ഉദ്ദേശിച്ചിരുന്നു എന്നും, എന്നാൽ ശരീരത്തിലെ ഏതോ ബലഹീനത നിമിത്തം ആണ് ഗലാത്യയിലേക്ക് പോയതും അവിടെ സുവിശേഷം അറിയിച്ചത് എന്നും ഉള്ള ഒരു ആശയം ഈ വാക്യത്തിൽ ഉണ്ട്. അദ്ദേഹം ഗലാത്യയിലൂടെ വേഗം കടന്നു പോകുവാൻ ആഗ്രഹിച്ചു എങ്കിലും ശരീരത്തിലെ ബലഹീനത കാരണം അവിടെ കൂടുതൽ നാളുകൾ താമസിക്കേണ്ടി വന്നു എന്നും വ്യാഖ്യാനം ഉണ്ട്. എന്നാൽ ഇത്തരം അനുമാനങ്ങൾക്കു തിരുവെഴുത്തിൽ യാതൊരു രേഖയുമില്ല. ഇന്ന് നമുക്ക് ഇതിനെക്കുറിച്ച് വ്യക്തതയില്ല. 

 

“ശരീരത്തിലെ ബലഹീനത” എന്നതിന് വ്യത്യസ്തമായ ഒരു വ്യഖ്യാനം ഉണ്ട്. ഇത് ഒരു രോഗത്തേക്കുറിച്ചുള്ള പരാമർശം അല്ല. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 14:19 ൽ ലുസ്ത്ര എന്ന സ്ഥലത്തുവച്ചു പൌലൊസിനെ ചില യഹൂദന്മാരും അവിടെയുള്ള ജനവും കൂടി കല്ലെറിയുന്നതായി പറയുന്നുണ്ട് (Lystra). പൌലൊസ് മരിച്ചു എന്നു അവർക്കു തോന്നുമാറു അവൻ പീഡീപ്പിക്കപ്പെട്ടു. അവർ അദ്ദേഹത്തെ പട്ടണത്തിന്നു വെളിയിലേക്ക് ഇഴെച്ചു, അവിടെ ഉപേക്ഷിച്ചു. എന്നാൽ പൌലൊസ് ആരോഗ്യം പ്രാപിച്ചു, അവിടെ നിന്നും ദെർബ്ബെ എന്ന മറ്റൊരു പട്ടണത്തിലേക്ക് പോയി, അവിടെ സുവിശേഷം അറിയിച്ചു (Derbe).

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 14:19-20

എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു. എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി.

 

ലുസ്ത്ര, ദെർബ്ബെ, എന്നിവ തെക്കൻ ഗലാത്യ പ്രദേശത്തുള്ള പട്ടണങ്ങൾ ആയിരുന്നു. ഈ സംഭവം പൌലൊസിനെ ശാരീരികമായി വളരെയധികം ക്ഷീണിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ചായിരിക്കാം അദ്ദേഹം ഗലാത്യർ 4:13 ൽ പരാമർശിക്കുന്നത്. ഇത് പൌലൊസിന്റെ ഒന്നാമത്തെ ഗലാത്യ സന്ദർശനം ആയിരുന്നു. അതുകൊണ്ടാണ്, “ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു” എന്നു അദ്ദേഹം എഴുതിയത് (ഗലാത്യർ 4;13). കല്ലേറിനാൽ ശാരീരികമായി മുറിവേറ്റും തളർന്നും ആയിരിക്കുന്ന അവസ്ഥയിലാണ് അദ്ദേഹം അവരോട് ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുന്നത്. ഇതാണ്, “ശരീരത്തിലെ ബലഹീനത നിമിത്തംഎന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്.  

 

ഗലാത്യർ 4:14 ആം വാക്യത്തിൽ, അദ്ദേഹത്തിന്റെ ശാരീരിക ബലഹീനതയിൽ ഗലാത്യ വിശ്വാസികൾ നിന്ദയോ വെറുപ്പോ കാണിച്ചില്ല എന്നും അദ്ദേഹത്തെ ക്രിസ്തുയേശുവിനെപ്പോലെയും ദൈവദൂതനെപ്പോലെയും കൈക്കൊൾകയത്രേ ചെയ്തതു, എന്നും പറയുന്നു. 4:13-14 വാക്യങ്ങളിൽ പരാമർശിക്കുന്ന ശരീരത്തിന്റെ ബലഹീനത എന്തായിരുന്നു എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയില്ല എന്നതിനാൽ, ഈ വാക്യത്തെ വിശദമായി ഗ്രഹിക്കുവാൻ പ്രയാസമാണ്. എന്നാൽ പൌലൊസ് ഈ കത്ത് എഴുതുന്ന ഗലാത്യയിലെ വിശ്വാസികൾക്ക് ഇവിടെ പരാമർശിക്കുന്ന സംഭവം നല്ലതുപോലെ അറിയാമായിരുന്നു.

 

“ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം” എന്നതിലെ “പരീക്ഷ നിമിത്തം” എന്നത് ഒരു പക്ഷെ, പൌലൊസിനെ സ്വീകരിക്കുന്നതിലുള്ള യഹൂദന്മാരുടെ എതിർപ്പ് ആയിരിക്കാം. യഹൂദന്മാരുടെ എതിർപ്പ് വകവയ്ക്കാതെ അവർ പൌലൊസിനെ ശുശ്രൂഷിച്ചു, അവൻ പ്രസംഗിച്ച യേശുക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചു.

 

ഗലാത്യർ 4:15 ൽ പൌലൊസും ഗലാത്യയിലെ വിശ്വാസികളും തമ്മിലുണ്ടായിരുന്ന ഗാഡമായ സ്നേഹബന്ധത്തെക്കുറിച്ച് അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നു. ഇതിനെ 4:13-14 വാക്യങ്ങളുടെ തുടർച്ചയായി വായിക്കേണം. “നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു” എന്നീ വാക്കുകൾ അവരുടെ ആഴവും ആത്മാർത്ഥവുമായ സ്നേഹത്തെ വിശേഷിപ്പിക്കുന്നു. ശരീരത്തിലെ ഒരു വിലപ്പെട്ട അവയവത്തെ പൌലൊസിന്റെ ജീവനുവേണ്ടി കൊടുക്കുവാൻ പോലും അവർ തയ്യാറായിരുന്നു. ഇത് അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ സ്നേഹത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ പാരമത്യത്തെ സൂചിപ്പിക്കുന്നു. ഇത്രമാത്രം ആഴമായ സ്നേഹത്തിൽ ആയിരിക്കെ, പെട്ടന്ന്, പൌലൊസ് ഗാലാത്യരുടെ ശത്രുവിനെപ്പോലെ ആയി (ഗലാത്യർ 4:16). പൌലൊസ് ക്രിസ്തുവിന്റെ സുവിശേഷം സത്യസന്ധമായി ഉപദേശിച്ചു. ഈ സത്യം ഇപ്പോൾ ശത്രുതയ്ക്ക് കാരണമായി തീർന്നിരിക്കുന്നു. യഹൂദ പരിച്ഛേദനക്കാർ വന്നപ്പോൾ അവർ പൌലൊസ് പ്രസംഗിച്ച സുവിശേഷത്തെ നിരസിച്ചു, അദ്ദേഹത്തിന്റെ അപ്പൊസ്തലികത്വം പോലും ചോദ്യം ചെയ്തു.

 

ഗലാത്യർ 4:17-18 വാക്യങ്ങളിൽ യഹൂദ പരിച്ഛേധനാവാദികളുടെ കപട മുഖം തുറന്നു കാണിക്കുവാൻ പൌലൊസ് ശ്രമിക്കുന്നു. അവർ ഗലാത്യയിലെ വിശ്വാസികളെക്കുറിച്ച് വലിയ എരിവ് ഉള്ളവരായി ഭാവിച്ചു. എന്നാൽ അവരുടെ എരിവ് വ്യാജമായ പ്രകടനം ആണ്. അത് വിശ്വാസികളുടെ ഗുണത്തിന് ഭവിക്കുകയില്ല. അവരുടെ ഉപദേശങ്ങൾ വിശ്വാസികളെ ദൈവരാജ്യത്തിന് വെളിയിലാക്കി അടച്ചുകളയും എന്നു പൌലൊസ് മുന്നറിയിപ്പ് നല്കുന്നു. മത്തായി 23:13 ൽ യേശുക്രിസ്തു പറഞ്ഞത് ഇവരെക്കുറിച്ചു ഒത്തിരിക്കുന്നു.

 

മത്തായി 23:13

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)

 

ഗലാത്യയിലെ വിശ്വാസികൾ യഹൂദ പരിച്ഛേദനക്കാരോട് എരിവ് ഉള്ളവർ ആയിരിക്കേണം എന്നു അവർ ആഗ്രഹിക്കുന്നു. അവരുടെ ഉപദേശ പ്രകാരം മാത്രമേ ദൈവരാജ്യം കൈവശമാക്കുവാൻ കഴിയൂ എന്നു വിശ്വാസികൾ ചിന്തിക്കേണം എന്നാണ് അവരുടെ താല്പര്യം.

 

പൌലൊസിനോടും അദ്ദേഹം പ്രസംഗിച്ച യേശുക്രിസ്തുവിന്റെ സുവിശേഷത്തോടും ആണ് യഥാർത്ഥത്തിൽ വിശ്വാസികൾ എരിവ് കാണിക്കേണ്ടത്. എന്നാൽ അത് മാത്രമായിരിക്കേണം എന്നില്ല. എല്ലാ നല്ല കാര്യങ്ങളിലും, എല്ലായ്പ്പോഴും അവർ എരിവ് ഉള്ളവർ ആയിരിക്കേണം (ഗലാത്യർ 4:18).

 

ഗലാത്യർ 4:19 ൽ ഒരു ആത്മീയ പിതാവ് (മാതാവ്) എന്ന രീതിയിൽ പൌലൊസ് ഗലാത്യയിലെ വിശ്വാസികളെ “എന്റെ കുഞ്ഞുങ്ങളേ” എന്നു വിളിക്കുന്നു. അവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ഇവിടെ കാണാം. 1 കൊരിന്ത്യർ 4:15 ൽ പൌലൊസ് ഒരു ആത്മീയ പിതാവായി ആണ് സ്വയം വിശേഷിപ്പിക്കുന്നത്. 1 തെസ്സലൊനീക്യർ 2:7 ൽ “അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ” എന്നാണ് പൌലൊസ് എഴുതിയത്.  

 

1 കൊരിന്ത്യർ 4:15

നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.

 

1 തെസ്സലൊനീക്യർ 2:7

ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.

 

ഗലാത്യർ 4:19 ലെ “പ്രസവവേദനപ്പെടുന്നവരായ” എന്ന വാക്ക് ഒരു മാതാവിനാണ് കൂടുതൽ യോജിക്കുക. അദ്ദേഹം വേദനപ്പെടുന്നത് ക്രിസ്തു അവരിൽ ഉരുവാകേണ്ടതിനാണ്. ക്രിസ്തു അവരുടെ ജീവിതത്തിൽ വെളിപ്പെടേണം.  

 

ഗലാത്യർക്ക് എഴുത്ത് എഴുതുമ്പോൾ പൌലൊസ് സിറിയയിലെ അന്ത്യോക്യയിൽ ആയിരുന്നു (Antioch in Syria). അദ്ദേഹം ഗലാത്യയിൽ ആയിരുന്നു എങ്കിൽ അവരോട് നേരിട്ട് സംവാദിക്കാമായിരുന്നു (ഗലാത്യർ 4:20). അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:35, 16:6, 18:23 എന്നീ വാക്യങ്ങൾ അനുസരിച്ചു, പൌലൊസ് വീണ്ടും ഗലാത്യ സന്ദർശിക്കുന്നുണ്ട്.  

 

എന്റെ ശബ്ദം മാറ്റുവൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നുഎന്നത് പൌലൊസിന് അവരോട് നേരിട്ട് സംസാരിക്കുവാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന ആഗ്രഹമാണ്. ഈ ലേഖനത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഗലാത്യരെക്കുറിച്ച് പരുഷമായ വാക്കുകൾ ആണ് എഴുതിയത്. ഗലാത്യർ 3:1 ൽ “ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്നാണ് അദ്ദേഹം അവരെ വിളിച്ചത്. “നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു” ആണ് എന്നു പൌലൊസ് അവർക്ക് എഴുതി (ഗലാത്യർ 3:1). ഇതിനെക്കുറിച്ചും ആണ് പൌലൊസ് ഇവിടെ പരാമർശിക്കുന്നത്. എന്നാൽ ഇതെല്ലാം ദൈവ കൃപയിൽ നിന്നുള്ള അവരുടെ വ്യതിചലനത്തെ ഓർത്ത് അദ്ദേഹം പറഞ്ഞതാണ്. ന്യായപ്രമാണത്തിലേക്കുള്ള അവരുടെ വീഴ്ചയിൽ “ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു” എന്നാണ് ഗലാത്യർ 4:20 ൽ പൌലൊസ് പറയുന്നത്.

   

ഗലാത്യർ 4:21 മുതൽ, ക്രിസ്തീയ വിശ്വാസികൾ എന്തുകൊണ്ട് ന്യായപ്രമാണത്തിന്റെ അനുസരണത്തെ വിശ്വാസത്തോടൊപ്പം നീതിയിയ്ക്കായി കൂട്ടിച്ചേർക്കരുത് എന്നു വിശദീകരിക്കുന്നു. ന്യായപ്രമാണത്തിന് കീഴിൽ ആയിരിക്കുവാൻ ഇച്ഛിക്കുന്നവരോട് പൌലൊസിന്റെ ചോദ്യം ഇതാണ്, നിങ്ങൾ ന്യായപ്രമാണം എന്താണ് എന്നു ഗ്രഹിച്ചിട്ടുണ്ടോ? (ഗലാത്യർ 4:21). ന്യായപ്രമാണത്തിൽ പറയുന്നവ എല്ലാം നിങ്ങൾ കേട്ടിട്ടുണ്ടോ?

 

ഗലാത്യർ 4:22-31 വരെയുള്ള വാക്യങ്ങളിൽ, ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം രക്ഷ എന്ന പൌലൊസിന്റെ വാദം തുടരുകയാണ്. ഇവിടെ പൌലൊസ്, അബ്രാഹാമിന്റെ രണ്ട് പുത്രന്മാരുടെയും അവരുടെ മാതാക്കളുടെയും ചരിത്രം സാദൃശ്യമായി എടുത്തു പറയുന്നു. യഹൂദ പരിച്ഛേധനാവാദികളുടെ വാദങ്ങളെ ചെറുക്കുവാൻ യിസ്രായേൽ ജനതയുടെ ആരംഭത്തിലേക്ക് പൌലൊസ് പോകുകയാണ്.

 

ഇവിടെ പൌലൊസ് യിസ്രായേൽ ജനതയുടെ ചരിത്രം, അവന്റെ വാദങ്ങളെ സാധൂകരിക്കേണ്ടതിനായി വ്യാഖ്യാനിക്കുകയാണ്. 22 ആം വാക്യത്തിലെ “എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നത് പഴയനിയമ പുസ്തകങ്ങളിൽ അബ്രാഹാമിന്റെ രണ്ട് പുത്രന്മാരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് എന്നു ഓർമ്മിപ്പിക്കുന്നു. ഇത് നമുക്ക് ഉൽപ്പത്തി 16, 21 അദ്ധ്യായങ്ങളിൽ വായിക്കാം. പൌലൊസിന്റെ വാദങ്ങൾ തിരുവെഴുത്തുകൾ അടിസ്ഥാനമായവയാണ് എന്നുള്ള ആശയവും ഈ വാക്കുകൾ വിനിമയം ചെയ്യുന്നു. 

 

യിസ്രായേൽ ജനതയുടെ ഗോത്രപിതാവാണ് അബ്രാഹാം. അബ്രാഹാമിൽ നിന്നാണ് യിസ്രായേൽ വംശം ആരംഭിക്കുന്നത്. യിശ്മായേൽ, യിസ്ഹാക്ക് എന്നിവർ അബ്രാഹാമിന്റെ പുത്രന്മാർ ആയിരുന്നു. യിശ്മായേൽ അബ്രഹാമിന് അവന്റെ ദാസിയായ ഹാഗാറിൽ ജനിച്ച പുത്രനും, യിസ്ഹാക്ക് അവന്റെ ഭാര്യ സാറായിൽ ജനിച്ചവനും ആയിരുന്നു. “ദാസി പ്രസവിച്ചവൻ” എന്നത് യിശ്മായേലിനെ കുറിച്ചാണ്. “സ്വതന്ത്ര പ്രസവിച്ചവൻ” എന്നത് യിസ്ഹാക്കിനെ കുറിച്ചും ആണ്. ദാസി, സ്വതന്ത്ര എന്നീ വാക്കുകൾ പരസ്പര വിരുദ്ധമായി പൌലൊസ് ഇവിടെ അവതരിപ്പിക്കുന്നു. ഈ വാക്കുകളെ ന്യായപ്രമാണം, പുതിയ ഉടമ്പടി എന്നിവയോട് സാമ്യപ്പെടുത്തുന്നു. പുതിയനിയമ വിശ്വാസികൾ ക്രിസ്തുവിൽ സ്വതന്ത്രർ ആണ്.

 

ഹാഗാറും, യിശ്മായേലും, പ്രവർത്തികളിലുള്ള ആശ്രയത്തെ അവതരിപ്പിക്കുന്നു. ഒരു സന്തതിയെ നല്കാം എന്ന ദൈവീക വാഗ്ദത്തത്തിൽ അബ്രാഹാം വിശ്വസിച്ചു എങ്കിലും, അത് നേടിയെടുക്കുവാനുള്ള മാനുഷികമായ പ്രവർത്തിയുടെ പ്രതീകമാണ് യിശ്മായേൽ. അങ്ങനെ ഹാഗാറും, യിശ്മായേലും, ന്യായപ്രമാണത്തിന്റെ അനുസരണത്തിലൂടെ നീതീകരണം പ്രാപിക്കാം എന്ന പഴയനിയമ ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. 

 

22 ആം വാക്യത്തിലെ “സ്വതന്ത്ര” അബ്രാഹാമിന്റെ ഭാര്യ സാറായാണ്. അവൾ യിസ്ഹാക്കിന്റെ അമ്മയാണ്. പൌലൊസ് അവതരിപ്പിക്കുന്ന സാദൃശ്യത്തിൽ സാറാ പുതിയനിയമത്തെ പ്രതിനിധാനം ചെയ്യുന്നു. ദാസിയുടെ മകൻ, അതായത് ഹാഗാറിന്റെ മകൻ യിശ്മായേൽ, ജഡപ്രകാരം ജനിച്ചവനാണ്. അവൻ ദൈവം വാഗ്ദത്തം ചെയ്ത സന്തതി ആയിരുന്നില്ല. യിശ്മായേൽ, അബ്രാഹാം വിശ്വാസത്താൽ പ്രാപിച്ച സന്തതി ആയിരുന്നില്ല. ഒരു സന്തതിയ്ക്കായുള്ള ദൈവീക വാഗ്ദത്തത്തിന് കാലതാമസം ഉണ്ടാകുന്നു എന്നു തോന്നിയപ്പോൾ, സാറായുടെ നിർദ്ദേശപ്രകാരം അബ്രാഹാം ഹാഗാറിനെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഹാഗാറിൽ ജനിച്ചതാണ് യിശ്മായേൽ. അത് ദൈവീക വാഗ്ദത്തത്തെ മനുഷ്യരുടെ പ്രവർത്തികൾ മൂലം നിവർത്തിക്കുവാനുള്ള മനുഷ്യന്റെ ശ്രമത്തിന്റെ പ്രതീകം ആണ്. അതിനാൽ യിശ്മായേൽ എന്ന പേര് അവിശ്വാസത്തിന്റെയും മാനുഷിക പ്രവർത്തിയുടെയും പര്യായമായി തീർന്നു. 

 

ഗലാത്യർ 4:23 ആം വാക്യത്തിൽ പൌലൊസ് ഇങ്ങനെ എഴുതി, “ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.” യിശ്മായേൽ, ഹാഗാർ എന്ന ദാസിയുടെ മകനാണ്. അവൻ ന്യായപ്രമാണത്തിന് ദാസന്മാരായവരുടെ സാദൃശ്യം ആണ്. യിസ്ഹാക്ക് സാറായുടെ മകനാണ്, അതിനാൽ സ്വതന്ത്രയുടെ മകനാണ്. അവനാണ് ദൈവീക വാഗ്ദത്തം. അബ്രാഹാമിനും സാറായ്ക്കും, അവരുടെ നല്ല വാർധിക്യത്തിൽ, പുത്രോൽപ്പാദനത്തിന് ശേഷി ഇല്ലാതെ ഇരിക്കെ, ദൈവീക ഇടപെടലിനാൽ ജനിച്ചവനാണ് യിസ്ഹാക്ക്. യഹൂദ പരിച്ഛേദനാവാദികൾ ഹാഗാറിൽ ജനിച്ച യിശ്മായേലിനെ പോലെയാണ്. പുതിയനിയമ വിശ്വാസികൾ സാറായിൽ ജനിച്ച യിസ്ഹാക്കിനെപ്പോലെയും. യിശ്മായേലിനെ പോലെ യഹൂദ പരിച്ഛേദനാവാദികൾ ജഡപ്രകാരവും, പുതിയ നിയമ വിശ്വാസികൾ യിസ്ഹാക്കിനെ പോലെ വാഗ്ദത്ത പ്രകാരവും ജനിച്ചു.

 

പൌലൊസ് ഗലാത്യർ 4:24 ൽ, ഹാഗാർ, സാറാ എന്നിവരെ സാദൃശ്യമായി വ്യാഖ്യാനിക്കുന്നു. ഇവർ രണ്ട് നിയമങ്ങൾ ആണ്. ഹാഗാർ സീനായ് മലയിൽ നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു. “സീനായ്മലയിൽനിന്നു ഉണ്ടായി” എന്നത് മോശെയുടെ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്നു (പുറപ്പാട് 19-). അത് പ്രമാണത്തിന് അടിമകളായ ഒരു ജനതയെ രൂപപ്പെടുത്തി. ന്യായപ്രമാണം നമ്മളുടെ പാപത്തെ വെളിപ്പെടുത്തുന്നു, എന്നാൽ അതിൽ നിന്നും ഒരു മോചനം വാഗ്ദത്തം ചെയ്യുന്നില്ല. അതിനാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികളിൽ ആശ്രയിക്കുന്നവർ അതിന് അടിമകളായി ജീവിക്കുന്നു. അവർ വിശ്വാസത്താൽ വാഗ്ദത്തം പ്രാപിക്കുന്നില്ല..

 

ഗലാത്യർ 4;25 ൽ അബ്രാഹാമിന്റെ ദാസി ഹാഗാർ നെ പൌലൊസ് മോശെയുടെ ന്യായപ്രമാണം ലഭിച്ച സീനായ്മലയുമായി സാദൃശ്യം ചെയ്യുന്നു. യിസ്രായേൽ ജനത്തിന്റെ, മിസ്രയീം ദേശത്തു നിന്നും കനാൻ ദേശത്തേക്കുള്ള യാത്രാമദ്ധ്യേ, അവർക്ക് ദൈവത്തിൽ നിന്നും ന്യായപ്രമാണം ലഭിച്ച സ്ഥലം ആണ് “അറബിദേശത്തു സീനായ്മല”. പൌലൊസിന്റെ കാലത്ത് ഈ ദേശത്തെ അറബി ദേശമായി കണക്കാക്കിയിരുന്നു. (ഗലാത്യർ 1:16-17 വാക്യങ്ങളുടെ വിശദീകരണം വായിക്കുക). ഹാഗാറിന്റെ മകനായ യിശ്മായേലിന്റെ പിന്തുടർച്ചക്കാർ അറേബ്യ എന്ന പ്രദേശത്ത് താമസിക്കുന്നു. സീനായ് പർവ്വതത്തിൽവച്ചു ലഭിച്ച ന്യായപ്രമാണത്തെ ആണ് ഹാഗാർ എന്ന അടിമ പ്രതിനിധാനം ചെയ്യുന്നത്. അടിമ പ്രസവിക്കുന്ന കുട്ടികൾ അടിമകൾ ആകുന്നതുപോലെ, ന്യായപ്രമാണം അനുസരിക്കുന്നവർ അതിന് അടിമകൾ ആകുന്നു.

 

പൌലൊസിന്റെ കാലത്തെ യെരൂശലേം യഹൂദന്മാരുടെ ദേശം ആണ്. ആ കാലത്ത് അത് റോമൻ സാമ്രാജ്യത്തിന്റെ അടിമത്തത്തിന് കീഴിൽ ആയിരുന്നു. അതായത് അവർ ആത്മീയമായി ന്യായപ്രമാണത്തിനും, രാക്ഷ്ട്രീയമായി റോമൻ സാമ്രാജ്യത്തിനും അടിമകൾ ആയിരുന്നു. യെരൂശലേമിൽ നിന്നും ഗലാത്യയിലേക്ക് വന്നവർ ആണ് ന്യായപ്രമാണ വാദം കൊണ്ടുവന്നത്. അവർ സിറിയയിലെ അന്ത്യോക്യയിലും എത്തി, അവിടെയും ആശയക്കുഴപ്പം ഉണ്ടാക്കി. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 15:1, ഗലാത്യർ 2:12).     

 

ഗലാത്യർ 4:26 ൽ പൌലൊസ് മറ്റൊരു യെരൂശലേമിനെ പരിചയപ്പെടുത്തുന്നു. അത് മീതെയുള്ള, ആത്മീയ യെരൂശലേം ആണ്. ഇത് സ്വതന്ത്രയാണ്. ഇതാണ് പുതിയനിയമ വിശ്വാസികളുടെ അമ്മ.

 

വെളിപ്പാടു 21:1-2 വാക്യങ്ങളിൽ, “മീതെയുള്ള യെരൂശലേം” നെ യോഹന്നാൻ വെളിപ്പാടിനാൽ കാണുന്നതിന്റെ വിവരണം ഉണ്ട്.

 

വെളിപ്പാട് 21:1-2

ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.

 

“പുതിയ യെരൂശലേം” എന്ന ആത്മീയ യെരൂശലേം ദൈവരാജ്യത്തിന്റെ പ്രതീകം ആണ്. ഇത് ഭാവിയിൽ നിവർത്തിക്കുവാനിരിക്കുന്ന ഒരു ദർശനം ആണ്. വർത്തമാന കാലത്തെ ആത്മീയ യെരൂശലേം, ക്രിസ്തുവിന്റെ സഭയാണ്. ഇപ്പോൾ സഭയാണ് മനുഷ്യരോടു കൂടെയുള്ള ദൈവത്തിന്റെ കൂടാരം (വെളിപ്പാടു 21:3). അതിനാൽ ക്രിസ്തീയ വിശ്വാസികൾ ഇപ്പോൾ ആത്മീയ യെരൂശലേമിന്റെ സന്തതികൾ ആണ്, അവർ സ്വതന്ത്രർ ആണ്. ക്രിസ്തുവിൽ വിശ്വാസികൾ, പാപത്തിന്റെയും, ന്യായപ്രമാണത്തിന്റെയും അടിമത്തത്തിൽ നിന്നും സ്വതന്ത്രർ ആണ്.  

 

ഗലാത്യർ 4:27 ൽ പൌലൊസ്, യെശയ്യാവ് 54:1 ആം വാക്യം എടുത്തു എഴുതുന്നു.

 

യെശയ്യാവ് 54:1

പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർ‍ത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.

 

അബ്രഹാമിന് അവന്റെ ഭാര്യ സാറായിൽ നിന്നുതന്നെ ഒരു മകൻ ജനിക്കും എന്നു ദൈവം അരുളിച്ചെയ്തപ്പോൾ, അത് കേട്ട സാറാ അവിശ്വാസത്താൽ ചിരിച്ചു. (ഉൽപ്പത്തി 18:12). എന്നാൽ ദൈവം അറിയിച്ചതുപോലെ അവൾക്ക് മകൻ ഉണ്ടായപ്പോൾ അവൾ ആർത്ത് ഘോഷിച്ചു (ഉൽപ്പത്തി 21:6). “പ്രസവിക്കാത്ത മച്ചിയേ” എന്നത് സാറായേ പരാമർശിക്കുന്നു. എന്നാൽ അവൾ പിന്നീട് ജാതികൾക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉദ്ഭവിക്കയും ചെയ്തു (ഉൽപ്പത്തി 17:16).

 

ഏകാകിനിഎന്നത് മക്കൾ ഇല്ലാത്തതിനാൽ ഏകാന്തത അനുഭവിക്കുന്ന, നിർജ്ജനമായ, ശൂന്യമായ, എന്നീ അർത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “ഭർ‍ത്താവുള്ളവൾ” എന്നത് ഭർത്താവും മക്കളും ഉള്ള ഒരു കുടുംബം ഉള്ളവൾ എന്ന ആശയം വിനിമയം ചെയ്യുന്നു. സാറായ്ക്കു ഭർത്താവായി അബ്രാഹാം ഉണ്ടായിരുന്നു എങ്കിലും, മക്കൾ ഇല്ലായിരുന്നു എന്നതിനാൽ വിജനമായ ജീവിതം ആയിരുന്നു. എന്നാൽ ദൈവത്തിന്റെ വാഗ്ദത്തം അനുസരിച്ചു യിസ്ഹാക്ക് ജനിച്ചപ്പോൾ, അവൾ അവനിലൂടെ അനേകം ജാതികൾക്ക് മാതാവായി.

 

ഇവിടെ, “ഭർത്താവുള്ളവൾ” പഴയ നിയമ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്നു. “ഏകാകിനി” പുതിയ നിയമ ഉടമ്പടിയേയും സൂചിപ്പിക്കുന്നു.  

 

ഗലാത്യർ 4:22 മുതലുള്ള വാക്യങ്ങളിൽ പൌലൊസ് ന്യായപ്രമാണത്തിന്റെ പ്രവർത്തിയും, കൃപയാൽ വിശ്വാസത്താലുള്ള രക്ഷയും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദീകരിക്കുകയാണ്. ഇവ രണ്ടിനും ഒരുമിച്ച് ഒരുവന്റെ ജീവിതത്തിൽ ആയിരിക്കുവാൻ സാദ്ധ്യമല്ല. ന്യായപ്രമാണത്തിന് കീഴിൽ ആയിരിക്കുന്നതിന് ചില സവിശേഷതകൾ ഉണ്ട്. പ്രവർത്തികളിൽ പാലിക്കേണ്ടുന്ന വിശുദ്ധിയുടെ പ്രമാണങ്ങൾ ന്യായപ്രമാണത്തിൽ ഉണ്ട്. ഈ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ സ്വയം ഒരു നീതി ബോധം ഉണ്ടാകും. നീതീകരണം സ്വന്ത പ്രവർത്തികളാൽ നേടിയതാണ് എന്ന ചിന്തയും ഒരുവന് ഉണ്ടാകുന്നു. ദൈവത്തിന് വേണ്ടി ഒരുവൻ ചെയ്യുന്ന പ്രവർത്തികൾ ആണ് അവനെ നീതി ഉള്ളവനാക്കി മാറ്റുന്നത്. ഇവിടെ മനുഷ്യന്റെ നഗ്നത മറയ്ക്കുവാൻ അത്തിയിലകൊണ്ടുള്ള അടയാട അവൻ തന്നെ ഉണ്ടാക്കുകയാണ്.


ദൈവകൃപയാൽ വിശ്വാസത്താലുള്ള നീതീകരണത്തിൽ യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവർത്തിയാണ് നീതീകരണത്തിന് ആധാരം. ദൈവ കൃപയാലാണ് വിശ്വാസം മൂലം രക്ഷിക്കപ്പെടുന്നത്. ഇതിന് മനുഷ്യന്റെ പ്രവർത്തികൾ കാരണം ആകുന്നില്ല. ഇവിടെ മനുഷ്യന്റെ നഗ്നത മറയ്ക്കുവാൻ ദൈവം ഒരു ഉടുപ്പു തയ്യാറാക്കി നല്കുകയാണ്. ഇതിനായി ഒരു മൃഗം കൊല്ലപ്പെടുന്നു. അതിനാൽ ക്രിസ്തീയ വിശ്വാസികൾ മോശെയുടെ ന്യായപ്രമാണത്തിന് കീഴിൽ ജീവിക്കേണ്ടതില്ല.  

 

എഫെസ്യർ 2:8-9   

കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

 

ഗലാത്യർ 4:28 ൽ “നാമോ സഹോദരന്മാരേ” എന്നാണ് പൌലൊസ് ഗലാത്യയിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്. പരുഷമായ വാക്കുകളും ആർദ്രതയോടെയുള്ള സംബോധനയും ഈ ലേഖനത്തിൽ പലയിടത്തും വായിക്കാം. പൌലൊസിന് ഗലാത്യയിലെ വിശ്വാസികളോട് വളരെ സ്നേഹമുണ്ട്, എന്നാൽ അവർ ക്രിസ്തുവിന്റെ സുവിശേഷം വിട്ടു തെറ്റിപ്പോയതിൽ അമർഷവും ദുഖവും ഉണ്ട്. അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെപ്പോലെ ദൈവീക വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആണ് ക്രിസ്തീയ വിശ്വാസികൾ എന്നു അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഗലാത്യർ 3:9 ൽ പൌലൊസ് എഴുതിയത് ഇങ്ങനെയാണ്: “അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.” ഗലാത്യർ 3:29 ൽ പൌലൊസ് ഗലാത്യരെ ഓർമ്മിപ്പിച്ചത് ഇങ്ങനെയാണ്: “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.”    

 

അബ്രാഹാമിന്റെ രണ്ട് മക്കളിൽ ജഡപ്രകാരം ജനിച്ച യിശ്മായേൽ, വാഗ്ദത്തപ്രകാരം ജനിച്ച യിസ്ഹാക്കിനെ പരിഹസിച്ചു എന്ന ചരിത്രം പൌലൊസ് ഇവിടെ ഓർമ്മിപ്പിക്കുന്നു (ഗലാത്യർ 4:29, ഉൽപ്പത്തി 21:9). അതുപോലെ തന്നെ ജഡപ്രകാരമുള്ള സന്തതികൾ ആയ യഹൂദ പരിച്ഛേദനാവാദികൾ വാഗ്ദത്തപ്രകാരം വിശ്വാസത്താൽ രക്ഷിക്കപ്പെട്ട വിശ്വാസികളെ പരിഹസിക്കുന്നു.

 

ഗലാത്യർ 4:29 ആം വാക്യത്തിൽ “ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ” എന്നാണ് പൌലൊസ് എഴുതിയത്. ഇവിടെ “ഉപദ്രവിക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “ഡിയോകൊ” എന്നാണ് (diōkō, dee-o'-ko, Strong's G1377). ഈ വാക്കിന്റെ അർത്ഥം, ഉപദ്രവിക്കുക, ഓടിക്കുക, എന്നിങ്ങനെയാണ് (persecute, to make to run or flee). ഉൽപ്പത്തി 21:9 ൽ “പരിഹാസി” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദംസഹാക്” എന്നാണ് (āaq, tsaw-khak', H6711). ഈ വാക്കിന്റെ അർഥം, പരിഹസിക്കുക, എന്നാണ് (to laugh, mock). അതായത് ഉൽപ്പത്തിയിൽ ഉപയോഗിച്ചിരിക്കുന്നതിനെക്കാൾ കടുപ്പമുള്ള വാക്കാണ് പൌലൊസ് ഗലാത്യർ 4:29 ൽ ഉപയോഗിച്ചിരിക്കുന്നത്.

 

ഉൽപ്പത്തിയിലെ ചരിത്രത്തിൽ ജഡപ്രകാരം ജനിച്ച യിശ്മായേൽ, ആത്മപ്രകാരം ജനിച്ച യിസ്ഹാക്കിനെ ഉപദ്രവിച്ചതുപോലെ ഇപ്പോൾ ഗലാത്യയിൽ കാണുന്നു, എന്നാണ് 4:29 ൽ പൌലൊസ് പറയുന്നത്. യഹൂദ പരിച്ഛേദനാവാദികൾ ഗലാത്യയിലെ വിശ്വാസികളെ ഉപദ്രവിക്കുന്നു എന്നാണ് പൌലൊസിന്റെ അഭിപ്രായം.

 

ഹാഗാർ-സാറാ, യിശ്മായേൽ-യിസ്ഹാക്ക്, എന്നിയിവരെ സാദൃശ്യമാക്കിയുള്ള പൌലൊസിന്റെ വാദം ഗലാത്യർ 4;30-31 വാക്യങ്ങളോടെ ഉപസംഹരിക്കുകയാണ്. 4:30 ൽ തിരുവെഴുത്തിലെ വിവരണത്തെ പൌലൊസ് ഉദ്ധരിക്കുന്നു. ഇത് അദ്ദേഹം സമർത്ഥിക്കുവാൻ പോകുന്ന വാദത്തിന് ആധികാരികത നല്കുന്നു. അതിനായി ഉൽപ്പത്തി 21:10 ആം വാക്യം അദ്ദേഹം എടുത്തു എഴുതുന്നു.

 

ഉൽപ്പത്തി 21:10

ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു.

 

ഹാഗാറിനെയും അവളുടെ മകൻ യിശ്മായേലിനെയും പുറത്താക്കുവാൻ സാറാ ആവശ്യപ്പെട്ടപ്പോൾ അബ്രാഹാം അതിൽ ദുഖിച്ചു. എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞത് ഇങ്ങനെയാണ്, “ബാലന്റെ (യിശ്മായേൽ) നിമിത്തവും ദാസിയുടെ (ഹാഗാർ) നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്.” (ഉൽപ്പത്തി 21:12). ജഡപ്രകാരമുള്ള യിശ്മായേലിനെ അബ്രാഹാമിന്റെ വാഗ്ദത്തത്തിൽ നിന്നും പുറത്താക്കുവാൻ ദൈവം ആലോചന നല്കുകയാണ്. അബ്രാഹാമിന്റെ അവകാശി യിസ്ഹാക്ക് മാത്രം എന്നതാണ് ദൈവീക പദ്ധതി. ഇതുപോലെ ജഡപ്രകാരമുള്ള യഹൂദന്മാർ അബ്രാഹാമിന്റെ അവകാശങ്ങൾക്ക് പുറത്തായി, പകരം ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം രക്ഷ പ്രാപിച്ചവർ അവകാശികൾ ആയി.

 

ദാസിയായ ഹാഗറും, അവളുടെ മകനായ യിശ്മായേലും ന്യായപ്രമാണത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പൌലൊസ് മുമ്പ് പറഞ്ഞുകഴിഞ്ഞു. യിസ്ഹാക് വളർന്ന് കഴിഞ്ഞപ്പോൾ, ദാസിയേയും അവളുടെ മകനെയും അബ്രാഹാമിന്റെ വീട്ടിൽ നിന്നും പുറത്താക്കി. കാരണം യിശ്മായേൽ ഒരിക്കലും അബ്രാഹാമിന്റെ വാഗ്ദത്തത്തിന് യിസ്ഹാക്കിനോടൊപ്പം അവകാശി ആകുവാൻ പാടില്ല. സമാനമായി, വാഗ്ദത്ത സന്തതികൾ ആയ പുതിയനിയമ വിശ്വാസികൾ വന്നുകഴിഞ്ഞപ്പോൾ ന്യായപ്രമാണ പ്രകാരമുള്ള പ്രവർത്തികളിൽ ആശ്രയിക്കുന്നവർ അബ്രാഹാമിന്റെ അനുഗ്രഹത്തിന് പുറത്തായി. ന്യായപ്രമാണ വാദികൾ ഒരിക്കലും അബ്രാഹാമിന്റെ വാഗ്ദത്തത്തിന് അവകാശികൾ ആകുകയില്ല. സാറാ അബ്രാഹാമിനോടു പറഞ്ഞതുപോലെ, ക്രിസ്തീയ വിശ്വാസികളും ന്യായപ്രമാണത്തിന്റെ അടിമത്തത്തെ പുറത്താക്കി കളയേണം. ജഡത്തിന് ഒരിക്കലും ആത്മാവിനോട് ഒത്തു ആയിരിക്കുവാൻ സാദ്ധ്യമല്ല.

 

ഗലാത്യർ 4:31 ആം വാക്യത്തിൽ പൌലൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു, “അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.” അതായത് ക്രിസ്തീയ വിശ്വാസികൾ ന്യായപ്രമാണത്തിന്റെ മക്കൾ അല്ല, അതിനാൽ ന്യായപ്രമാണത്തിന്  ദാസൻമാർ അല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ സ്വതന്ത്രയുടെ മക്കൾ ആണ്, അതിനാൽ അബ്രാഹാമിന്റെ അനുഗ്രഹങ്ങൾക്ക് മക്കൾ എന്ന നിലയിൽ അവകാശികൾ ആണ്.

 

യിസ്ഹാക്ക് വളർന്ന് വരുവോളം, ദാസിയായ ഹാഗാറിന്, സാറായോടൊപ്പം, അബ്രാഹാമിന്റെ വീട്ടിൽ താമസിക്കാമായിരുന്നു. എന്നാൽ യിസ്ഹാക്ക് വളർന്ന് കഴിഞ്ഞപ്പോൾ, ദാസി വേർപ്പെടേണ്ട സമയമായി. ക്രിസ്തു വരുന്നതുവരെ ന്യായപ്രമാണം അനുസരിച്ചു ജീവിച്ചവർ അബ്രാഹാമിന്റെ വാഗ്ദത്തിന് അവകാശം ഉള്ളവർ ആയിരുന്നു. എന്നാൽ ക്രിസ്തു വന്നു കഴിഞ്ഞപ്പോൾ, ന്യായപ്രമാണത്തിന്റെ പ്രവർത്തികളാലുള്ള നീതിയെ, ക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള നീതീകരണം കൊണ്ടു മാറ്റിക്കളഞ്ഞു. അതിനാൽ അബ്രാഹാമിന്റെ അവകാശത്തിൽ നിന്നും ന്യായപ്രമാണത്തിന്റെ പ്രവർത്തികളെ പുറത്താക്കി. ഇനി ന്യായപ്രമാണവും, കൃപയാൽ ക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള നീതീകരണവും ഒരുമിച്ച് നിൽക്കുക ഇല്ല. ദൈവ കൃപയാൽ, ക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം രക്ഷ എന്നതാണ് സുവിശേഷം. ഈ സുവിശേഷം സ്വീകരിച്ചു രക്ഷിക്കപ്പെടുന്നവർ മാത്രമേ അബ്രാഹാമിന്റെ മക്കൾ ആകുന്നുള്ളൂ. അവർ മാത്രമേ വാഗ്ദത്തത്തിന് അവകാശികൾ ആകുന്നുള്ളൂ.




 


No comments:

Post a Comment