റോമർ, അദ്ധ്യായം 15

റോമർ 15 ആം അദ്ധ്യായം ആരംഭിക്കുന്നത് വിശ്വാസത്തിൽ ബലവാന്മാരായവരോടുള്ള പ്രബോധനത്തോടെയാണ്. ഇത് 14 ആം അദ്ധ്യായത്തിൽ ചർച്ച ചെയ്ത വിഷയങ്ങളുടെ തുടർച്ചയാണ്. വിശ്വാസത്തിൽ ബലവാന്മാർ ആയവർ ആരാണ് എന്നു പൌലൊസ് കഴിഞ്ഞ അദ്ധ്യായത്തിൽ നിർവചിക്കുന്നുണ്ട്. അവർ, ന്യായപ്രമാണത്തിൽ നിന്നും യേശുക്രിസ്തു നല്കിയ സ്വതന്ത്ര്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉള്ളവർ ആണ്. ഇങ്ങനെ വിശ്വാസത്തിൽ ബലവാന്മാർ ആയവർ, ബലഹീനരായ വിശ്വാസികളോട് സഹിഷ്ണതയോടെ ആയിരിക്കേണം. എല്ലാ വിശ്വാസികളും മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നവർ ആകേണം. അങ്ങനെ സഭ ഐക്യപ്പെട്ടിരിക്കേണം. യഹൂദന്മാരോടും ജാതീയരോടും ഉള്ള വാഗ്ദത്തങ്ങൾ നിവർത്തിക്കുവാനാണ് യേശുക്രിസ്തു വന്നത്. റോമിലെ വിശ്വാസികളുടെ വിശ്വാസത്തിലും ജീവിതത്തിലും പൌലൊസിന് പൂർണ്ണ തൃപ്തിയുണ്ട്. സുവിശേഷം എത്തപ്പെടാത്ത ജാതികളുടെ ലോകത്തിൽ അതിനെ വിളംബരം ചെയ്യുക എന്ന അദ്ദേഹത്തിന്റെ ദൌത്യം പൂർണ്ണതയിൽ എത്തുകയാണ്. അദ്ദേഹത്തിന് റോമിലെ വിശ്വാസികളെ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്. അതിന് മുമ്പായി യെരൂശലേമിലെ വിശ്വാസികൾക്കുള്ള സാമ്പത്തിക സഹായം എത്തിക്കേണം. ഇതിനായി റോമിലെ വിശ്വാസികൾ പ്രാർത്ഥിക്കേണം. ഇതെല്ലാം ആണ് 15 ആം അദ്ധ്യായത്തിലെ വിഷയങ്ങൾ.  

റോമർ, അദ്ധ്യായം 14

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായത്തിൽ, റോമിലെ ക്രിസ്തീയ വിശ്വാസികൾക്ക് ഇടയിൽ നിലനിന്നിരുന്ന ചില ഭിന്ന അഭിപ്രായങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. വേദപുസ്തകത്തിൽ വ്യക്തമായും നേരിട്ടും കൽപ്പനകളോ, ഉപദേശങ്ങളോ ഇല്ലാത്ത വിഷയങ്ങളെക്കുറിച്ചായിരുന്നു വ്യത്യസ്ത ചിന്തകൾ ഉണ്ടായിരുന്നത്. ഇത്തരം വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച വിശ്വാസികളെ എങ്ങനെയാണ് സഭയും കൂടെയുള്ള വിശ്വാസികളും കാണേണ്ടത് എന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ഈ അദ്ധ്യായത്തിലെ വിഷയം.

 

ബലവാനും ബലഹീനനും

 

മോശെയുടെ ന്യായപ്രമാണം വിലക്കിയിരുന്ന ആഹാരങ്ങളെ ഭക്ഷിക്കാം എന്നു ചിന്തിക്കുന്നവരും, ന്യായപ്രമാണം വിലക്കിയത് ക്രിസ്തീയ വിശ്വാസികളും ഭക്ഷിക്കുവാൻ പാടില്ല എന്നു ചിന്തിക്കുന്നവരും റോമിലെ സഭയിൽ ഉണ്ടായിരുന്നു. ഇവർ ഇരുകൂട്ടരും മറ്റുള്ളവരെ വിധിക്കരുതു എന്നു പൌലൊസ് ഉപദേശിച്ചു. ഇവിടെ പൌലൊസ്, ക്രിസ്തീയ വിശ്വാസികളെ ബലവാന്മാർ എന്നും, ബലഹീനർ എന്നും രണ്ടായി തിരിക്കുന്നു. വിശ്വാസത്തിലുള്ള ഉറപ്പിനെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിശ്വാസത്തിൽ ബലവാന്മാർ പഴയനിയമ ന്യായപ്രമാണം ഭക്ഷിക്കരുതു എന്നു വിലക്കിയിരുന്ന ആഹാരങ്ങളെ, അവരുടെ മനസാക്ഷി കുറ്റപ്പെടുത്താതെ തന്നെ, ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. എന്നാൽ, ന്യായപ്രമാണ പ്രകാരം വിലക്കപ്പെട്ട ഭക്ഷണവും പാനീയവും ഭക്ഷിക്കാമോ എന്നതിൽ, ബലഹീന വിശ്വാസി ആശയക്കുഴപ്പത്തിൽ ആണ്.

റോമർ, അദ്ധ്യായം 13

ഒരു ക്രിസ്തീയ വിശ്വാസി പ്രായോഗിക ജീവിതത്തിൽ പാലിക്കേണ്ട പ്രമാണങ്ങൾ റോമർ 12 ആം അദ്ധ്യായം മുതൽ പൌലൊസ് ഉപദേശിക്കുന്നു. 13 ആം അദ്ധ്യായത്തിലും ഉപദേശങ്ങൾ തുടരുകയാണ്. ഈ അദ്ധ്യായത്തിൽ 14 വാക്യങ്ങൾ മാത്രമേയുളളൂ. ഒരു ക്രിസ്തീയ വിശ്വാസി, “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി” ജീവിക്കുവാൻ ആവശ്യമായ മൂന്ന് ഉപദേശങ്ങൾ ആണ് ഇവിടെ പൌലൊസ് വിശദീകരിക്കുന്നത്. ഒന്നാമതായി അധികാരങ്ങളോടുള്ള വിശ്വാസിയുടെ സമീപനം എന്തായിരിക്കേണം. രണ്ടാമത് ഒരു വിശ്വാസി അന്യോന്യം സ്നേഹിക്കേണം. മൂന്നാമതായി, നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുന്നത് ഈ ലോകത്തിന്റെ വെളിച്ചം ആയിരിക്കുവാനാണ്. അതിനാൽ  വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. ഒരു വിശ്വാസിക്ക്, ലോകമനുഷ്യരിൽ നിന്നും വേർപ്പെട്ട ഒരു ജീവിതം ഉണ്ടായിരിക്കേണം. കാരണം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ പ്രത്യക്ഷത ആസന്നമായിരിക്കുന്നു.

റോമർ, അദ്ധ്യായം 12

റോമർക്ക് എഴുതിയ ലേഖനം 1-11 വരെയുള്ള അദ്ധ്യായങ്ങളിലായി അപ്പൊസ്തലനായ പൌലൊസ് യേശുക്രിസ്തുവിന്റെ സുവിശേഷം എന്താണ് എന്നു വിശദീകരിച്ചു കഴിഞ്ഞു. 12-15 വരെയുള്ള അദ്ധ്യായങ്ങളിൽ അദ്ദേഹം ചില പ്രായോഗിക ഉപദേശങ്ങൾ എഴുതുന്നു. ഒരു ക്രിസ്തീയ വിശ്വാസി എങ്ങനെ ഈ ലോകത്ത് ജീവിക്കേണം എന്നു അദ്ദേഹം ഉപദേശിക്കുന്നു. ഒരു വിശ്വാസി അവന്റെ കൂട്ടുവിശ്വാസികളോടും ശത്രുക്കളോടും മാന്യമായി പെരുമാറേണം. രാജ്യത്തോടും, നിയമങ്ങളോടും അവൻ വിധേയത്വം ഉള്ളവൻ ആയിരിക്കേണം. ബലഹീനരായ വിശ്വാസികളോട് ഒരു വിശ്വാസിക്കു ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഇങ്ങനെയെല്ലാം ഉപദേശിച്ചതിന് ശേഷം അവസാനമായി പൌലൊസ് അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് എഴുതുന്നു. അദ്ദേഹം റോമിലെ എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു. ഇത്രയും ആണ് 12-15 വരെയുള്ള അദ്ധ്യായങ്ങളിലെ വിഷയങ്ങൾ.

റോമർ, അദ്ധ്യായം 11

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിന്റെ 9-11 വരെയുള്ള ഭാഗങ്ങളിൽ വിശദീകരിക്കുന്ന, ദൈവീക പദ്ധതിയിൽ യിസ്രായേലിന്റെ പങ്ക് എന്താണ് എന്ന വിഷയത്തിന്റെ പരിസമാപ്തിയാണ് 11 ആം അദ്ധ്യായം. ഒരു ജനസമൂഹം എന്ന നിലയിൽ യിസ്രായേൽ, യേശു എന്ന മശീഹയെ തള്ളിക്കളഞ്ഞു എങ്കിലും, ഒരു ശേഷിപ്പു അവനിൽ വിശ്വസിച്ച് രക്ഷപ്രാപിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി. എങ്കിലും ദൈവത്തിന്റെ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ജാതീയരിൽ ഒരു കൂട്ടർ (യഹൂദന്മാർ അല്ലാത്തവർ), ക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷയിലേക്ക് വന്നുകഴിയുമ്പോൾ, ദൈവം യിസ്രായേലിനെയും മടക്കി വരുത്തും. അപ്പോൾ യിസ്രായേൽ യേശുവിനെ മശീഹയായി സ്വീകരിക്കും. ദൈവം അവരുമായുള്ള ഉടമ്പടി പുതുക്കും.   

റോമർ, അദ്ധ്യായം 10

റോമർ 10 ആം അദ്ധ്യായം, 9 ആം അദ്ധ്യയത്തിന്റെ തുടർച്ചയാണ്. പുതിയനിയമ കാലത്ത്  യഹൂദന്റെ സ്ഥാനം, അവരുടെ രക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച ഇവിടെയും തുടരുകയാണ്. 9 ആം അദ്ധ്യായം ആരംഭിക്കുന്നത്, യഹൂദനെ കുറിച്ച് പൌലൊസിന് “വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു” എന്നു സാക്ഷ്യപ്പെടുത്തികൊണ്ടാണ് (9:2). അതേ വികാരം പ്രകടിപ്പിച്ചുകൊണ്ടാണ് 10 ആം അദ്ധ്യായവും ആരംഭിക്കുന്നത്. എന്നാൽ ഇവിടെ പൌലൊസിന്റെ ആഗ്രഹം കൂടുതൽ കൃത്യതയുള്ളത് ആണ്. അവർ രക്ഷിക്കപ്പെടേണം എന്നു അദ്ദേഹം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സ്വന്ത ജനമായ യഹൂദരെക്കുറിച്ച് പൌലൊസിന് വേദനയുണ്ട്. അവർ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെടേണം എന്നു അദ്ദേഹം പ്രാർത്ഥിക്കുന്നു. “സഹോദരന്മാരേ, അവർ (യഹൂദന്മാർ) രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (10:1). ദൈവത്തെക്കുറിച്ചു അവർ എരിവുള്ളവർ ആയിരിക്കുന്നു. എന്നാൽ, ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ നീതീകരണം പ്രാപിക്കാം എന്ന അവരുടെ മോഹം നിരാശാജനകം ആണ്. യേശുക്രിസ്തുവിനെ ദൈവം രക്ഷയ്ക്കായി അയച്ചതാണ് എന്നു യിസ്രായേൽ ജനം വിശ്വസിക്കേണം, അവന്റെ ക്രൂശ് മരണത്തിലൂടെ പാപ മോചനം ഉണ്ട് എന്നും അവനെ ദൈവം മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർപ്പിച്ചിരിക്കുന്നു എന്നും അവർ വിശ്വസിക്കേണം. ഈ വിശ്വാസത്തിന് മാത്രമേ അവരെ രക്ഷിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ജാതീയരും രക്ഷ പ്രാപിക്കുവാനുള്ള ഏക മാർഗ്ഗം. യിസ്രായേൽ ജനം ക്രിസ്തുവിങ്കലേക്ക് മടങ്ങി വരുന്നതിനായി ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുന്നു.  

റോമർ, അദ്ധ്യായം 9

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിലെ 9 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങൾ യിസ്രായേൽ ജനത്തെക്കുറിച്ചും, ജാതീയരെക്കുറിച്ചും (യിസ്രായേല്യർ അല്ലാത്തവർ) ഉള്ള ദൈവത്തിന്റെ പദ്ധതി വിശദീകരിക്കുന്നു. പൌലൊസ് ഈ ലേഖനം എഴുതുന്നതിനും മുമ്പേ, യിസ്രായേൽ എന്ന രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. അതിൽ പത്തു ഗോത്രങ്ങൾ അടങ്ങുന്ന വടക്കൻ രാജ്യമാണ്, വിഭജനത്തിനു ശേഷം യിസ്രായേൽ എന്നു അറിയപ്പെട്ടിരുന്നത്. തെക്കൻ രാജ്യം യഹൂദ്യ (യഹൂദ, Judea, Yehudah) എന്നും അറിയപ്പെട്ടിരുന്നു. പിന്നീട് ഉണ്ടായ അശ്ശൂർ സാമ്രാജ്യത്തിന്റെ ആക്രമണത്തിൽ, വടക്കൻ രാജ്യമായ യിസ്രായേലിലെ ജനങ്ങളെ അവർ പിടിച്ചുകൊണ്ടു പോകുകയും, ശേഷം അവരെക്കുറിച്ചു വ്യക്തമായ ചരിത്ര രേഖകൾ ഇല്ലാതെയാകുകയും ചെയ്തു. എന്നാൽ യഹൂദ രാജ്യം തുടർന്നും നിലനിന്നു. അതിനാൽ പിന്നീട് ഉള്ള ചരിത്രം യഹൂദന്മാരുടെ ചരിത്രമായി.

പൌലൊസിന്റെ കാലത്തിനും വളരെ മുമ്പ് ആണ് ഈ വിഭജനം സംഭവിച്ചത് എങ്കിലും, റോമർ 9 ആം അദ്ധ്യായത്തിൽ “യഹൂദൻ” എന്നത് യിസ്രായേൽ ജനത്തെ മൊത്തമായി പരാമർശിക്കുന്നു. യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങളുടെ നിവർത്തിയേക്കുറിച്ചാണ് പൌലൊസ് ഇവിടെ എഴുതുന്നതു. “ജാതീയർ” (Gentiles) എന്ന വാക്കിൽ യിസ്രായേൽ അല്ലാത്ത എല്ലാ മനുഷ്യരും ഉൾപ്പെടുന്നു. റോമിലെ സഭയിൽ ഈ രണ്ട് കൂട്ടരും വിശ്വാസികളായി ഉണ്ടായിരുന്നു.