അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിലെ 9 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങൾ യിസ്രായേൽ ജനത്തെക്കുറിച്ചും, ജാതീയരെക്കുറിച്ചും (യിസ്രായേല്യർ അല്ലാത്തവർ) ഉള്ള ദൈവത്തിന്റെ പദ്ധതി വിശദീകരിക്കുന്നു. പൌലൊസ് ഈ ലേഖനം എഴുതുന്നതിനും മുമ്പേ, യിസ്രായേൽ എന്ന രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. അതിൽ പത്തു ഗോത്രങ്ങൾ അടങ്ങുന്ന വടക്കൻ രാജ്യമാണ്, വിഭജനത്തിനു ശേഷം യിസ്രായേൽ എന്നു അറിയപ്പെട്ടിരുന്നത്. തെക്കൻ രാജ്യം യഹൂദ്യ (യഹൂദ, Judea, Yehudah) എന്നും അറിയപ്പെട്ടിരുന്നു. പിന്നീട് ഉണ്ടായ അശ്ശൂർ സാമ്രാജ്യത്തിന്റെ ആക്രമണത്തിൽ, വടക്കൻ രാജ്യമായ യിസ്രായേലിലെ ജനങ്ങളെ അവർ പിടിച്ചുകൊണ്ടു പോകുകയും, ശേഷം അവരെക്കുറിച്ചു വ്യക്തമായ ചരിത്ര രേഖകൾ ഇല്ലാതെയാകുകയും ചെയ്തു. എന്നാൽ യഹൂദ രാജ്യം തുടർന്നും നിലനിന്നു. അതിനാൽ പിന്നീട് ഉള്ള ചരിത്രം യഹൂദന്മാരുടെ ചരിത്രമായി.
പൌലൊസിന്റെ കാലത്തിനും വളരെ മുമ്പ് ആണ് ഈ വിഭജനം സംഭവിച്ചത് എങ്കിലും, റോമർ 9 ആം അദ്ധ്യായത്തിൽ “യഹൂദൻ” എന്നത് യിസ്രായേൽ ജനത്തെ മൊത്തമായി പരാമർശിക്കുന്നു. യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങളുടെ നിവർത്തിയേക്കുറിച്ചാണ് പൌലൊസ് ഇവിടെ എഴുതുന്നതു. “ജാതീയർ” (Gentiles) എന്ന വാക്കിൽ യിസ്രായേൽ അല്ലാത്ത എല്ലാ മനുഷ്യരും ഉൾപ്പെടുന്നു. റോമിലെ സഭയിൽ ഈ രണ്ട് കൂട്ടരും വിശ്വാസികളായി ഉണ്ടായിരുന്നു.
ദൈവം യഹൂദന്മാർക്കായി (യിസ്രായേൽ ജനത്തിനായി) ഒരു പ്രത്യേക
പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും, അവർ മശീഹ പ്രത്യക്ഷനായപ്പോൾ, അവനെ
സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഇതിൽ പൌലൊസിന് ഒരു യഹൂദൻ എന്ന നിലയിൽ
വ്യക്തിപരമായ ദുഖം ഉണ്ടായിരുന്നു. അവരുടെ രക്ഷകനെ അവർ നിരാകരിച്ചു. എന്നാൽ പൌലൊസ്
സ്വയം വിശേഷിപ്പിച്ചത്, ജാതികളുടെ അപ്പൊസ്തലൻ എന്നാണ് (റോമർ
11:13; 15:15). അതിനാൽ യഹൂദന്മാർക്കുവേണ്ടിയുള്ള ദൈവീക പദ്ധതി എങ്ങനെയാണ്
ജാതികൾക്കുവേണ്ടിയുള്ള ദൈവീക പദ്ധതിയുമായി ചേർന്ന് പോകുന്നത് എന്നു
വിശദീകരിക്കുവാൻ അദ്ദേഹം ബാധ്യസ്ഥൻ ആണ്.
റോമിലെ സഭയിൽ യഹൂദ വിശ്വാസികളും, ജാതീയരായിരുന്ന വിശ്വാസികളും
ഉണ്ടായിരുന്നു. രണ്ട് പേരുടെയും പശ്ചാത്തലം വ്യത്യസ്തം ആയിരുന്നു. ദൈവീക പദ്ധതിയിൽ
ഇരുകൂട്ടരുടെയും സ്ഥാനവും പങ്കും എന്താണ് എന്നതിൽ അവർക്കിടയിൽ ആശയക്കുഴപ്പം
ഉണ്ടായിരുന്നു. അതിനാൽ അതിനെക്കുറിച്ച് അദ്ദേഹം റോമർ 9-11 വരെയുള്ള അദ്ധ്യായങ്ങളിൽ
വിശദീകരിക്കുന്നു.
റോമർ 8 അവസാനിക്കുന്നത്, “നമ്മുടെ കർത്താവായ
യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു
ഞാൻ ഉറെച്ചിരിക്കുന്നു.” എന്ന പ്രഖ്യാപനത്തോടെയാണ് (8:39). എന്നാൽ 9 ആം അദ്ധ്യായം
ഇതിന്റെ തുടർച്ചയല്ല. ഇവിടെ പൌലൊസ് പെട്ടന്ന് അവന്റെ സ്വന്ത ജനമായ യഹൂദനെക്കുറിച്ചുള്ള
ദൈവീക പദ്ധതി വിശദീകരിക്കുന്നതിലേക്ക് തിരിയുന്നു. യഹൂദന്മാർ അവരുടെ മശീഹയായ
യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞിരിക്കുന്നു. എങ്കിലും യിസ്രായേൽ ജനത്തോട് ദൈവം
ചെയ്ത വാഗ്ദത്തം ദൈവം നിവർത്തിക്കും എന്നു പൌലൊസ് പ്രത്യാശിക്കുന്നു. എന്നാൽ യിസ്രായേൽ
വംശാവലിയിൽ ജഡപ്രകാരം ജനിച്ചവർ എല്ലാവരും യഥാർത്ഥ യിസ്രായേൽ അല്ല എന്നും അദ്ദേഹം
അഭിപ്രായപ്പെടുന്നു. ദൈവം അവന് ഹിതമുള്ളവരോട് കരുണ കാണിക്കുന്നു. അവൻ യഹൂദനിൽ
നിന്നും ജാതീയരിൽ നിന്നും അവനുള്ളവരെ വിളിച്ചു ചേർക്കുന്നു. അവർ
യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെടുന്നു. റോമർ 10 ൽ യഹൂദന്മാർക്ക്
രക്ഷ എങ്ങനെ പ്രാപിക്കാം എന്നു പൌലൊസ് വിശദീകരിക്കുന്നുണ്ട്.
യഹൂദനും,
ജാതീയനും, ദൈവീക പദ്ധതിയും
റോമർ 9 ആരംഭിക്കുന്നത്, ഇനി അദ്ദേഹം പറയുന്ന കാര്യങ്ങൾ
ഭോഷ്കല്ല, സത്യമാണ് എന്നു പറഞ്ഞുകൊണ്ടാണ്. “ഞാൻ ക്രിസ്തുവിൽ സത്യം
പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല.”
(9:1). ഇതെല്ലാം ക്രിസ്തുവിൽ സത്യമാണ് എന്നു പറയുമ്പോൾ, അതിനെല്ലാം ആത്മീയമായ ഒരു
ആധികാരികത അദ്ദേഹം അവകാശപ്പെടുകയാണ്. ജഡപ്രകാരം ചാർച്ചക്കാരായ യിസ്രായേൽ
ജനത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഹൃദയത്തിൽ വലിയ ദുഖവും, വേദനയും ഉണ്ട് എന്നതിന്
മനസാക്ഷിയും, പരിശുദ്ധാത്മാവും സാക്ഷി നിൽക്കുന്നു. ഇതിന്റെ കാരണം അവരുടെ അപ്പോഴത്തെ
അവസ്ഥയാണ്.
യിസ്രായേൽ, യേശുക്രിസ്തു എന്ന മശീഹയെ തള്ളിക്കളഞ്ഞു. അതിനാൽ
അവർക്ക് രക്ഷയും, നീതീകരണവും നഷ്ടമായി. എന്നാൽ അവരെ ദൈവത്തോട് നിരപ്പിക്കേണം എന്നു
പൌലൊസിന് തീവ്രമായ ആഗ്രഹം ഉണ്ട്. അതിനായി ക്രിസ്തുവിനോടു പോലും വേറിട്ട്
നിൽക്കുന്നത് ആവശ്യമെങ്കിൽ, അതിനും അദ്ദേഹം തയ്യാറായേനെ. ക്രിസ്തുവിനോടു
വേറുവിട്ടു നിൽക്കുക എന്നാൽ ശാപഗ്രസ്തനാകുക എന്നാണ് അർത്ഥം. ഇത് പൌലൊസിന് ബോധ്യം
ഉണ്ട്.
ഇതിന്റെ അർത്ഥം ക്രിസ്തുവിനോടു വേറിട്ട് നിൽക്കുവാൻ പൌലൊസ്
തയ്യാറാണ് എന്നല്ല. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു
നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” എന്നു റോമർ 8:39 ൽ
അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിന് മാറ്റം ഒന്നും വരുന്നില്ല. എന്നാൽ
യിസ്രായേൽ ജനത്തെ യേശുക്രിസ്തു എന്ന മശീഹയിലൂടെ ദൈവത്തോട് നിരപ്പിക്കുവാൻ പൌലൊസിന്
തീവ്രമായ ആഗ്രഹമുണ്ട്. യഹൂദന്റെ രക്ഷ എന്നത് പൌലൊസിന്റെ ആത്മാർത്ഥമായ ആഗ്രഹം ആണ്. അത് ഇവിടെ അദ്ദേഹം പ്രകടമാക്കുന്നു
എന്നേയുള്ളൂ. ഇതിൽ ലവലേശം കളവില്ല.
അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ തെളിയിക്കുവാനായി രണ്ട് പ്രസ്താവനകൾ
അദ്ദേഹം പറയുന്നു. ക്രിസ്തു അദ്ദേഹത്തിൽ ഉണ്ട് എന്നതിനാൽ കളവ് പറയുന്നില്ല. അവന്റെ
മനസാക്ഷിക്ക് പരിശുദ്ധാത്മാവ് സാക്ഷിയാണ്. പരിശുദ്ധാത്മാവ് എപ്പോഴും സത്യത്തിന്റെ
ആത്മാവാണ്.
യിസ്രായേൽ ജനത്തിന്റെ രക്ഷയ്ക്കായി ദൈവത്തോട് ഇടുവിൽ നിന്ന
മോശെയേയും അദ്ദേഹത്തിന്റെ പ്രാർത്ഥനയേയും നമ്മൾ ഇവിടെ ഓർക്കുന്നു. സ്വർണ്ണം കൊണ്ട്
ഉണ്ടാക്കിയ കാളക്കുട്ടിയെ ആരാധിച്ച യിസ്രായേൽ ജനത്തെ മൊത്തമായി നശിപ്പിക്കുവാൻ
ദൈവം തീരുമാനിച്ചതാണ് സാഹചര്യം. (പുറപ്പാട് 32:10). എന്നാൽ അവരുടെ പാപം പൊറുത്തു,
അവരെ നശിപ്പിക്കാതെ ഇരിക്കേണ്ടതിനായി മോശെ ദൈവത്തോട് അപേക്ഷിച്ചു.
പുറപ്പാട് 32:32
എങ്കിലും നീ
അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ
പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
യിസ്രായേല്യരുടെ
സവിശേഷത
ദൈവരാജ്യം പുനസ്ഥാപിക്കുക എന്ന ദൈവത്തിന്റെ നിത്യമായ
പദ്ധതിയിൽ. യിസ്രായേല്യർക്ക് ഉള്ള പ്രത്യേക സ്ഥാനം എന്താണ് എന്നു പൌലൊസ് 9:4-5 വാക്യങ്ങളിൽ വിവരിക്കുന്നു. യിസ്രായേല്യർ, പുത്രത്വവും (adoption
- ESV), തേജസ്സും ഉടമ്പടികളും ന്യായപ്രമാണവും ആരാധനയും
വാഗ്ദത്തങ്ങളും ദൈവത്തിൽ നിന്നും നേരിട്ടു പ്രാപിച്ചവർ ആണ്. പിതാക്കന്മാരും
യിസ്രായേല്യർ തന്നെ. യേശുക്രിസ്തുവും ജഡപ്രകാരം ഒരു യിസ്രായേല്യൻ ആയിട്ടാണ്
ജനിച്ചത്. യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണ്. അവൻ എന്നെന്നേക്കും
വാഴ്ത്തപ്പെട്ടവൻ.
യിസ്രായേല്യരുടെ സവിശേഷതയായി പൌലൊസ് ഇവിടെ പറയുന്നവ ഇവയെല്ലാം ആണ്:
1.
ദൈവം അവരെ പുത്രീ-പുത്രന്മാരായി ദത്തെടുത്തിരിക്കുന്നു. 9:4 ലെ “പുത്രത്വവും” എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം “adoption” എന്നാണ് (ESV). ഇതിന്റെ ഗ്രീക്ക് പദം, “ഹൂഅതെസീഅ”
എന്നാണ് (huiothesia, hwee-oth-es-ee'-ah). ഈ വാക്കിന്റെ അർത്ഥം, ദത്തെടുക്കുക എന്നാണ് (adoption).
യിസ്രായേൽ ജനത്തെ ദൈവം, അവന്റെ പുത്രീ-പുത്രന്മാരായി ദത്തെടുത്തതും, പുതിയനിയമ വിശ്വാസിയെ ദത്തെടുത്തതും ഒരുപോലെയുള്ള പ്രവർത്തികൾ അല്ല. ക്രിസ്തീയ വിശ്വാസികളെ ദത്തെടുക്കുന്നതിനെ കുറിച്ച് റോമർ 8 ൽ പൌലൊസ് വിശദീകരിക്കുണ്ട്. യിസ്രായേൽ ജനത്തെ ഒരു ജനസമൂഹമായി മൊത്തമായി ആണ് ദത്തെടുത്തത്. പുതിയനിയമത്തിൽ ദൈവീക ദത്തെടുക്കൽ വ്യക്തിപരം ആണ്.
പഴയനിയമത്തിൽ ദൈവം യിസ്രായേൽ ജനത്തെ മൊത്തമായി, “എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ” എന്നാണ് വിളിച്ചത്.
പുറപ്പാട്
4:22
.... യിസ്രായേൽ
എന്റെ പുത്രൻ, എന്റെ
ആദ്യജാതൻ തന്നേ.
ഹോശേയ
11:1
യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.
2.
യിസ്രായേല്യർ ദൈവീക തേജസ്സ് നേരിട്ടു ദർശിച്ചവർ
ആണ്. റോമർ 9:4 ലെ “തേജസ്സ്” ദൈവത്തിന്റെ തേജസ്സ് ആണ്. യിസ്രായേൽ
ജനത്തിന് പലപ്പോഴും ദൈവീക തേജസ്സ് വെളിപ്പെട്ടിട്ടുണ്ട്. അവർക്ക് മാത്രമേ ദൈവത്തെ
ഇപ്രകാരം ദർശിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. അവരുടെ മരുഭൂമീ യാത്രയിൽ ദൈവീക തേജസ്സ്
അവരോട് ഒപ്പം ഉണ്ടായിരുന്നു. അത് ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അടയാളം ആയിരുന്നു.
യിസ്രായേൽ ജനം ദൈവത്തെ ആരാധിക്കുമ്പോൾ ദൈവ തേജസ്സ് സമാഗമന കൂടാരത്തിന് മുകളിൽ
ഇറങ്ങി വരുമായിരുന്നു. മറ്റ് ചില പ്രത്യേക അവസരങ്ങളിലും ദൈവ തേജസ്സ് അവർക്ക്
നേരിട്ടു പ്രത്യക്ഷമായി. (പുറപ്പാട് 16:10; 24:16-17; 40:34, 38; 1 രാജാക്കന്മാർ
8:10-11)
3.
യിസ്രായേൽ, ദൈവവുമായി ഒരു ഉടമ്പടി
ബന്ധത്തിൽ ആയിരിക്കുന്ന ഏക ജനസമൂഹം ആണ്. “നിയമങ്ങളും” എന്നത് ഉടമ്പടികൾ ആണ് (covenants). ദൈവവും അബ്രാഹാമും ആയുള്ള ഉടമ്പടി ആയിരിക്കാം പൌലൊസ് ഇവിടെ
ഉദ്ദേശിക്കുന്നത് (ഉൽപ്പത്തി 15:18; 17:4-8). ഈ ഉടമ്പടി പ്രകാരം, അബ്രാഹാം “അനേകജാതികൾ” ആകും (a multitude of nations-
ESV). ദൈവം, അബ്രാഹാമിന്റെ സന്തതികളുമായി നിത്യനിയമം സ്ഥാപിക്കും. കനാൻ
ദേശം അവർക്ക് അവകാശമായി കൊടുക്കും. ദൈവം നിത്യമായി അവരുടെ ദൈവംആയിരിക്കും.
എന്നാൽ, ഇവിടെ അബ്രാഹാമിന്റെ ഉടമ്പടിയെക്കുറിച്ച് പൌലൊസ്
എടുത്തുപറയുന്നില്ല. അതിനാൽ “നിയമങ്ങളും” എന്നതിൽ യിസ്രായേല്യരുമായി ദൈവം
ഉണ്ടാക്കിയ എല്ലാ ഉടമ്പടികളും ഉൾപ്പെടാം. ഇതിൽ മശീഹയുടെ വാഗ്ദത്തം ഉള്ള ദാവീദിന്റെ
ഉടമ്പടിയും ഉണ്ടാകാം (2 ശമുവേൽ 7:12-16).
സങ്കീർത്തനങ്ങൾ
89:35-37
ഞാൻ ഒരിക്കൽ
എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ
ഭോഷ്കുപറകയില്ല. അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ
സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ
വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.
4. ന്യായപ്രമാണവും യിസ്രായേല്യരുടേത് ആണ്. ദൈവത്തിന്റെ വിശുദ്ധിക്ക് ഒത്തവണ്ണം ജീവിച്ചു നീതീകരണവും നിത്യജീവനും പ്രാപിക്കുവാനുള്ള ദൈവീക പ്രമാണങ്ങൾ ആണ് ന്യായപ്രമാണം. ദൈവം നേരിട്ടു ഒരു പ്രമാണം നല്കുന്ന ഏക ജനവിഭാഗം ആണ് യിസ്രായേൽ. മറ്റൊരു ജന സമൂഹത്തിനും ദൈവം പ്രമാണങ്ങൾ കൽപ്പിച്ചു നല്കിയിട്ടില്ല. അതാണ് ന്യായപ്രമാണത്തിന്റെ സവിശേഷത. ന്യായപ്രമാണം യിസ്രായേലിന്റെ അഭിമാനവും ദൈവവുമായുള്ള ബന്ധത്തിന്റെ ഉറപ്പും ആയിരുന്നു. ഇതിനെക്കുറിച്ച് പൌലൊസ് റോമർ 7 ലും എഴുതിയിട്ടുണ്ട്.
റോമർ
2:13
ന്യായപ്രമാണം
കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം
ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
ലേവ്യപുസ്തകം
18:5
ആകയാൽ
എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന
മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
ആവർത്തനം
6:25
നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.
5. ജീവനുള്ള ഏക ദൈവത്തെ ആരാധിക്കുവാനുള്ള വ്യവസ്ഥാപിതമായ മാർഗ്ഗവും, ആചാരങ്ങളും, എല്ലാം ദൈവം നേരിട്ടു നല്കിയത് യിസ്രായേൽ ജനത്തിന് മാത്രം. ദൈവം കൽപ്പിച്ച വിധമുള്ള പാപത്തിനുള്ള പരിഹാരവും യിസ്രായേൽ ജനത്തിന് നല്കപ്പെട്ടിരുന്നു.
6. അബ്രാഹാം മുതൽ ഉള്ള പിതാക്കന്മാരിലൂടെ ദൈവീക വാഗ്ദത്തങ്ങൾക്ക് യിസ്രായേൽ അവകാശികൾ ആണ്. ദൈവം അവരെ എണ്ണത്തിൽ വർദ്ധിപ്പിക്കാം എന്നും, ഭൌതീക രാജ്യവും അനുഗ്രഹങ്ങളും നല്കാം എന്നും വാഗ്ദത്തം ചെയ്തിരുന്നു.
“പിതാക്കന്മാരും” എന്നാണ് 5 ആം വാക്യത്തിൽ പൌലൊസ് എഴുതിയത്.
ഇതിൽ അബ്രഹാമിന് ശേഷംഉള്ള പിതാക്കന്മാരും ഉൾപ്പെടുന്നു. യാക്കോബിന്റെ സന്തതികളുടെ
പിന്തുടർച്ചയാണ് യിസ്രായേൽ ജനം. മശീഹയും അവർക്ക് ലഭിച്ച ദൈവീക വാഗ്ദത്തം ആണ്. ഭൂമിയിലെ
സകല വംശങ്ങൾക്കും അവർ ഒരു അനുഗ്രഹമായിരിക്കും എന്നും ദൈവം വാഗ്ദത്തം
ചെയ്തിട്ടുണ്ട്.
ഉൽപ്പത്തി 12:3
നിന്നെ
അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ
ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
യെശയ്യാവ് 9:6-7
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
7.
9:5 ൽ പൌലൊസ് പറയുന്നു, “ജഡപ്രകാരം
ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു”. യേശുക്രിസ്തു ഈ ഭൌതീക ലോകത്തിൽ ജനിച്ചത്
യഹൂദന്മാരായ മാതാപിതാക്കന്മാരുടെ മകനായിട്ടാണ്. അവൻ അറിയപ്പെട്ടിരുന്നത്
ദാവീദിന്റെ സന്തതി എന്നായിരുന്നു.
ഈ വാക്യം അവസാനിക്കുന്നത്, “അവൻ സർവ്വത്തിന്നും മീതെ
ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” എന്നു പറഞ്ഞുകൊണ്ടാണ്. ഇവിടെ “ദൈവമായി”
എന്നത് പിതാവായ ദൈവമാണോ, യേശുക്രിസ്തുവാണോ എന്നതിൽ വ്യക്തതയില്ല. രണ്ട്
അഭിപ്രായവും ഉള്ള വേദശാസ്ത്രജ്ഞന്മാർ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ചാണ്
“ദൈവമായി” എന്നു പറയുന്നത് എന്നതിനോട് അനേകർ യോജിക്കുന്നു.
“ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;
അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.”
(9:5). ഈ വാക്യം ഒരു വാചകമാണ് എന്നും ഇത് ക്രിസ്തുവിന്റെ
ദൈവീകത്വത്തെക്കുറിച്ച് പറയുന്നു എന്നുമാണ് പുരാതന കാലം മുതലുള്ള വ്യാഖ്യാനം. ആദ്യകാല
സഭാപിതാക്കന്മാർ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരും, എഴുതുന്നവരും ആയിരുന്നു. അവർ ഇതിനെ
ഒരു വാചകമായും “ദൈവമായി” എന്നത് യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്നതായും ആണ്
മനസ്സിലാക്കിയിരുന്നത്.
എന്നാൽ ഇത് രണ്ടു വാചകമാണ് എന്നു ചില ആധുനിക വ്യാഖ്യാതാക്കൾ
അഭിപ്രായപ്പെടുന്നു. ആദ്യത്തെ ഭാഗം, “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ
ഉത്ഭവിച്ചതു” എന്നത് യേശു ക്രിസ്തുവിന്റെ ഭൌതീക അവതാരത്തെക്കുറിച്ച് പറയുന്നു. “അവൻ
സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ” എന്നത് രണ്ടാമതൊരു
വാചകം ആണ്. അത് അതുവരെ പറഞ്ഞുകൊണ്ടിരുന്നതിന് ഉപസംഹാരം എന്നവണ്ണം പറയുന്ന ഒരു
പ്രാർത്ഥനയാണ്. ഇവിടെ പിതാവായ ദൈവത്തെയാണ്, “ദൈവമായി” എന്നു പരാമർശിക്കുന്നത്. അവൻ
വാഴ്ത്തപ്പെട്ടവൻ എന്നു പൌലൊസ് സ്തുതിക്കുകയാണ്. ഇതാണ് ആധുനിക പണ്ഡിതന്മാരുടെ
അഭിപ്രായം.
പൌലൊസ് ഇവിടെ പറയുന്നത്, യേശുക്രിസ്തു ദൈവമാണ് എന്ന
സത്യമാണ് യിസ്രായേൽ ജനം നിരാകച്ചത് എന്നാണ്. “ക്രിസ്തുവും അവരിൽനിന്നല്ലോ
ഉത്ഭവിച്ചതു” എന്നാണ് അദ്ദേഹം ഇവിടെ എഴുതിയിട്ടുള്ളത്. മറ്റ് കാര്യങ്ങൾ
“അവർക്കുള്ളവ” എന്നു പറയുമ്പോൾ, ക്രിസ്തു അവർക്ക് ഉള്ളത് എന്നു പൌലൊസ്
പറയുന്നില്ല. ഒരു ജനം എന്ന നിലയിൽ അവരുടെ വാഗ്ദത്തമായ മശീഹയെ അവർ തിരസ്കരിച്ചു.
അതിനാൽ ക്രിസ്തു യിസ്രായേലിന് സവിശേഷമായി ലഭിച്ച വാഗ്ദത്ത നിവർത്തി അല്ലാതെയായി.
യഥാർത്ഥ
യിസ്രായേൽ
യിസ്രായേൽ ജനത്തിന് ദൈവീക പദ്ധതിയിലുള്ള
സവിശേഷതകളെക്കുറിച്ച് പറഞ്ഞതിന്നു ശേഷം, റോമർ 9:6 മുതൽ പൌലൊസ് അതിനോട് അനുബന്ധിച്ച
മറ്റൊരു വിഷയത്തിലേക്ക് പോകുന്നു. ഇവിടെ അദ്ദേഹം വളരെ സുപ്രധാനമായ ഒരു വിഷയം
വിശദീകരിക്കുവാൻ തുടങ്ങുകയാണ്. യിസ്രായേലിന് ദൈവം അനേകം വാഗ്ദത്തങ്ങൾ
നല്കിയിരുന്നു എങ്കിൽ, അവർ മശീഹയെ തള്ളികളഞ്ഞതിന് ശേഷം അവർക്ക് എന്ത് സംഭവിക്കും?
യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിന് ശേഷം ദൈവീക പദ്ധതിയിൽ അവരുടെ സ്ഥാനം
എവിടെയാണ്? ഇതാണ് 9:6 മുതലുള്ള വാക്യങ്ങളിൽ പൌലൊസ് ചർച്ച ചെയ്യുന്നത്.
ഈ ചോദ്യത്തിനുള്ള പൌലൊസിന്റെ ആദ്യത്തെ ഉത്തരം, യിസ്രായേൽ
ജനം മശീഹയെ തള്ളിക്കളഞ്ഞു എങ്കിലും, ദൈവ വചനം ഒരിക്കലും വൃഥാവായി പോകുകയില്ല, എന്നാണ്.
ദൈവം അരുളിച്ചെയ്തതു അവൻ നിവർത്തിക്കും. അതിനാൽ യിസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ
എല്ലാ വാഗ്ദത്തങ്ങളും ദൈവം നിവർത്തിക്കും. ഇത്രയും ഒരു മുഖവുര പോലെ പറഞ്ഞതിന്നു
ശേഷം, പൌലൊസ്, ജഡപ്രകാരമുള്ള യിസ്രായേലിനെ, യഥാർത്ഥ (ആത്മീയ) യിസ്രായേലിൽ നിന്നും
വേർതിരിച്ച് കാണിക്കുന്നു.
9:6 ആം വാക്യത്തിൽ പറയുന്ന “യിസ്രായേലിൽനിന്നു” എന്നത്
യാക്കോബിൽ നിന്നും ജനിച്ചവർ എന്നും അർത്ഥം കൽപ്പിക്കാം. യാക്കോബ് അബ്രാഹാമിന്റെ
മകൻ യിസ്ഹാക്കിന്റെ മകൻ ആയിരുന്നു. യാക്കോബിന്റെ പേരാണ് ദൈവം യിസ്രായേൽ എന്നാക്കി
മാറ്റിയത്. അവനും പന്ത്രണ്ട് സന്തതികളും അവരുടെ കുടുംബവും ആണ് മിസ്രയീമിലേക്ക്
പോയത്. അവരുടെ സന്തതി പരമ്പരകൾ ആണ് യിസ്രായേൽ ജനം ആയി പിന്നീട് അറിയപ്പെട്ടത്.
റോമർ 9:7 മുതലുള്ള വാക്യങ്ങളിൽ, അബ്രാഹാമിൽ നിന്നോ
യാക്കോബിൽ നിന്നോ ജഡപ്രകാരം സന്തതി പരമ്പരകളായി ജനിച്ചു എന്നത് കൊണ്ട് ഒരുവൻ
യഥാർത്ഥ യിസ്രായേൽ ആകുന്നില്ല എന്നു പൌലൊസ് വാദിക്കുന്നു. യിസ്രായേല്യരുടെ ഇടയിൽ
തന്നെ രണ്ട് തരത്തിലുള്ളവർ ഉണ്ട് എന്നൊരു വാദമാണ് പൌലൊസ് ഇവിടെ മുന്നോട്ട്
വയ്ക്കുന്നത്. ഒരു കൂട്ടർ ജഡപ്രകാരം യിസ്രായേൽ എന്ന വംശത്തിൽ ജനിച്ചവർ ആണ്.
രണ്ടാമത്തെ കൂട്ടർ, ദൈവീക പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട യഥാർത്ഥ യിസ്രായേൽ
ആണ്. ഇത് തെളിയിക്കുവാനായി യിസ്രായേൽ ചരിത്രത്തിൽ നിന്നു രണ്ട് ഉദാഹരണങ്ങൾ അദ്ദേഹം
ചൂണ്ടിക്കാണിക്കുന്നു.
യിസ്രായേൽ എന്ന വംശത്തിൽ ജനിച്ചവർ എല്ലാം യഥാർത്ഥ യിസ്രായേൽ
ആകേണം എന്നില്ല. അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികൾ എല്ലാം അവന്റെ മക്കൾ എന്നു
കണക്കാക്കപ്പെടേണം എന്നില്ല. അബ്രഹാമിന് ഹാഗാറിലും, കെതൂറായിലും
ജനിച്ച സന്തതികൾ ഉണ്ടായിരുന്നു എങ്കിലും “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ
സന്തതി എന്നു വിളിക്കപ്പെടും” എന്നേ വാഗ്ദത്തം ഉള്ളൂ (9:7). അബ്രഹാമിന്റെ മറ്റ്
സന്തതികളെക്കുറിച്ച് ഇങ്ങനെയുള്ള വാഗ്ദത്തം ഇല്ല.
ഉൽപ്പത്തി 21:12
എന്നാൽ ദൈവം
അബ്രാഹാമിനോട്: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ
നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ
നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്.
അബ്രാഹാമിന്റെ മറ്റ് സന്തതികളോ, അവരുടെ പരമ്പരകളോ യിസ്രായേൽ
ജനത്തിൽ എണ്ണപ്പെട്ടില്ല. അബ്രഹാമിന് മൊത്തം 8 മക്കൾ ആണ് ഉണ്ടായിരുന്നത്. ആദ്യത്തെ
മകൻ ഹാഗാർ എന്ന വെപ്പാട്ടിയിൽ ജനിച്ച യിശ്മായേൽ ആയിരുന്നു. രണ്ടാമത്തെ മകൻ,
അബ്രാഹാമിന്റെ ഭാര്യ സാറായിൽ ജനിച്ച യിസ്ഹാക്ക് ആണ്. ദൈവം വാഗ്ദത്തം ചെയ്ത സന്തതി
യിസ്ഹാക്ക് ആയിരുന്നു. സാറായുടെ മരണത്തിന് ശേഷം കെതൂറായിൽ ആറ് മക്കൾ ജനിച്ചു. അവർ
സിമ്രാൻ,
യൊക്ശാൻ, മെദാൻ, മിദ്യാൻ,
യിശ്ബാക്, ശൂവഹ്, എന്നിവർ ആയിരുന്നു. ഇവരും
യിസ്രായേൽ ജനത്തിൽ എണ്ണപ്പെട്ടില്ല.
ദൈവം അബ്രാഹാമിനോടു, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും”
(ഉൽപ്പത്തി 12:2), “നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും
ശാശ്വതമായി തരും. ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും” (ഉൽപ്പത്തി
13:15-16), എന്നിങ്ങനെയെല്ലാം വാഗ്ദത്തമായി അരുളിച്ചെയ്തു എങ്കിലും, അബ്രാഹാമിന്റെ
ജഡപ്രകാരമുള്ള എല്ലാ സന്തതികൾക്കും ഈ വാഗ്ദത്തം അവകാശമായി ലഭിച്ചില്ല. അതിന്റെ
അർത്ഥം ജഡപ്രകാരം ജനിക്കുന്ന മക്കൾ അല്ല ദൈവത്തിന്റെ മക്കൾ. വാഗ്ദത്തപ്രകാരം
ജനിച്ച മക്കളെ മാത്രമേ സന്തതികളായി എണ്ണുന്നുളളൂ.
ഇതേ ആശയം പൌലൊസ് റോമർ 2:28-29 വാക്യങ്ങളിലും എഴുതിയിരുന്നു.
റോമർ 2:28-29
പുറമെ യെഹൂദനായവൻ
യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല
ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു
മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
റോമർ 9:9 ആം വാക്യത്തിലും പൌലൊസ്, മറ്റൊരു വാക്യം എടുത്തു
പറഞ്ഞു, അബ്രാഹാമിനോടുള്ള ദൈവീക വാഗ്ദത്തം വിശദീകരിക്കുന്നു. ഉൽപ്പത്തി 18:10, 14
എന്നീ വാക്യങ്ങളിലെ വാഗ്ദത്തവും യിസ്ഹാക്കിനെക്കുറിച്ച് ഉള്ളതാണ്.
ഉൽപ്പത്തി 18:10
ഒരു ആണ്ട്
കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ
സാറായ്ക്ക് ഒരു മകൻ ഉണ്ടാകും എന്ന് അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ
പിൻവശത്തു കേട്ടുകൊണ്ടു നിന്നു.
ഉൽപ്പത്തി 18:14
യഹോവയാൽ കഴിയാത്ത
കാര്യം ഉണ്ടോ? ഒരു ആണ്ട് കഴിഞ്ഞിട്ട് ഈ സമയമാകുമ്പോൾ ഞാൻ നിന്റെ
അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും എന്ന്
അരുളിച്ചെയ്തു.
പൌലൊസിന്റെ വാദത്തോട് ആർക്കും, ഒരു യഹൂദന് പോലും,
വിയോജിക്കുവാൻ സാദ്ധ്യമല്ല. ജഡപ്രകാരമുള്ള ജനനം അല്ല വാഗ്ദത്തപ്രകാരമുള്ള ജനനം ആണ്
അവകാശം നല്കുന്നത്. യഥാർത്ഥ യിസ്രായേല്യർ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്
എന്നിവരോടുള്ള ദൈവീക വാഗ്ദത്തങ്ങൾ കൈവശമാക്കും.
ഈ വാദത്തിൽ ഊന്നി, ജഡപ്രകാരമുള്ളവർ, ആത്മാവിനാൽ ജനിച്ചവർ
എന്നിവർ തമ്മിലുള്ള വ്യത്യാസം പൌലൊസ് തുടർന്നു വിശദീകരിക്കുന്നു.
ദൈവീക
തിരഞ്ഞെടുപ്പ്
ദൈവീക പദ്ധതിയിൽ യിസ്രായേലിന്റെ ഇപ്പോഴത്തെ
സ്ഥാനത്തെക്കുറിച്ച് പറയുവാൻ പൌലൊസ് എടുക്കുന്ന രണ്ടാമത്തെ ഉദാഹരണം യാക്കോബിന്റെ
തിരഞ്ഞെടുപ്പാണ്. അബ്രാഹാമിന്റെ വാഗ്ദത്ത സന്തതി ആയിരുന്ന യിസ്ഹാക്കിനും, ഭാര്യ
റിബെക്കയ്ക്കും രണ്ട് മക്കൾ ജനിച്ചു. അവർ ഏശാവ്, യാക്കോബ് എന്നിവർ ആയിരുന്നു.
എന്നാൽ അബ്രാഹാമിന്റെ സന്തതി എന്ന പിന്തുടർച്ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
യാക്കോബ് മാത്രമാണ്. അവർ ജനിക്കുന്നതിനു മുമ്പേ, അവർ ഗുണമായിട്ടോ, ദോഷമായിട്ടോ
എന്തെങ്കിലും പ്രവർത്തിക്കുന്നതിനും മുമ്പേ, ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു.
“മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബെക്കയോട് അരുളിച്ചെയ്തു.
ഉൽപ്പത്തി 25:23
യഹോവ അവളോട്:
രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ
പിരിയും;
ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ
ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു.
ഇതിനെ ഉറപ്പിക്കുന്നതിനായി പൌലൊസ് മലാഖി 1:2, 3 വാക്യങ്ങൾ
എടുത്തെഴുതുന്നു.
മലാഖി 1:2, 3
പ്രവാചകം; മലാഖി
മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു
എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ
ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ;
എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ
മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.
ഏശാവും, യാക്കോബും ഒരേ സമയത്താണ് ജനിച്ചത് എങ്കിലും, യാതൊരു
കാരണവും ചൂണ്ടിക്കാണിക്കാതെ, ദൈവം അവരുടെ ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തി.
ആദ്യജാതൻ ആയ ഏശാവിനെ ദൈവം തള്ളിക്കളഞ്ഞിട്ട് രണ്ടാമനായ യാക്കോബിനെ അബ്രാഹാമിന്റെ
പിന്തുടർച്ചക്കാരനായി തിരഞ്ഞെടുത്തു, മുന്നിയമിച്ചു. കുട്ടികൾ ജനിക്കുന്നതിന്
മുമ്പാണ് ഈ തിരഞ്ഞെടുപ്പ് നടന്നത് എന്നതിനാൽ അവരുടെ പ്രവർത്തികൾ ഇതിന്
കാരണമായില്ല. എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചെയ്തത് എന്നതിന് ഒരു വിശദീകരണവും ദൈവം
ആർക്കും നല്കിയില്ല. ഇത്, അവരുടെ ഭാവിയിലെ പ്രവർത്തികളുടെ അടിസ്ഥാനത്തിലുള്ള ഒരു
തിരഞ്ഞെടുപ്പ് ആയിരുന്നില്ല. ദൈവം അതിനെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല.
അതുകൊണ്ടാണ്, “കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ
ചെയ്യുംമുമ്പേ” ആയിരുന്നു ദൈവീക തിരഞ്ഞെടുപ്പ് ഉണ്ടായത് എന്നു പൌലൊസ് പ്രത്യേകം
പറയുന്നത്. “ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം
തന്നേ വരേണ്ടതിന്നു” എന്ന പൌലൊസിന്റെ വാക്കുകളും, ദൈവീക തിരഞ്ഞെടുപ്പിന്
പ്രവർത്തികൾ കാരണമായില്ല എന്നത് ഉറപ്പിക്കുന്നു.
ഏശാവിന്റെ സന്തതികൾ എദോമ്യർ എന്നു അറിയപ്പെട്ടു.
യാക്കോബിന്റെ സന്തതികൾ യിസ്രായേൽ എന്നും വിളിക്കപ്പെട്ടു. ചരിത്രത്തിൽ ചില
അവസരങ്ങളിൽ എദോമ്യരെ യിസ്രായേൽ കീഴടക്കിയിട്ടുണ്ട്. ഉദാഹരണം, 2 ശമുവേൽ 8:14. എന്നാൽ,
ഉൽപ്പത്തി 25:23 ലെ “ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ
ഇളയവനെ സേവിക്കും” എന്ന ദൈവീക അരുളപ്പാടു ഈ ചരിത്ര സംഭവത്തിന്റെ നിവർത്തി
ആയിരിക്കേണം എന്നില്ല. ഏശാവിന്റെ സന്തതികളായ എദോമ്യരെക്കാൾ, യാക്കോബിന്റെ സന്തതികൾ
ആയ യിസ്രായേൽ ദൈവീക തിരഞ്ഞെടുപ്പിൽ മുന്നിൽ നിന്നു. ഇതായിരിക്കേണം ഈ വാക്യത്തിന്റെ
അർത്ഥം.
തിരഞ്ഞെടുപ്പ് എന്ന വാക്ക് റോമർക്ക് എഴുതിയ ലേഖനത്തിൽ
പൌലൊസ് ആദ്യമായി ഉപയോഗിക്കുന്നത് 8:33 ൽ ആണ്. “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം
ചുമത്തും?
നീതീകരിക്കുന്നവൻ ദൈവം.” ഇതാണ് അവിടെ അദ്ദേഹം പറഞ്ഞത്. ഇത് നിത്യ
രക്ഷയ്ക്കായി തിരഞ്ഞെടുത്തവരെക്കുറിച്ചാണ്. 9:11 ൽ യിസ്ഹാക്കിന്റെ രണ്ട് മക്കളിൽ
ഒരുവനെ ദൈവം ഉടമ്പടി വാഗ്ദത്തങ്ങൾ നിവർത്തിക്കേണ്ടതിനായി
തിരഞ്ഞെടുത്തതിനെക്കുറിച്ച് പറയുന്നു. ദൈവത്തിന്റെ “തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള
ദൈവനിർണ്ണയം” മനുഷ്യരുടെ പ്രവർത്തികൾ അടിസ്ഥാനമാക്കിയല്ല എന്നാണ് പൌലൊസ് ഇവിടെ
വാദിക്കുന്നത്. അവരുടെ ജനനത്തിന്റെ ക്രമവും ദൈവം നോക്കുന്നില്ല. ദൈവത്തിന്റെ
തിരഞ്ഞെടുപ്പ് കുടുംബ പാരമ്പര്യമൊ, വംശവലിയോ പരിഗണിച്ചല്ല.
തിരഞ്ഞെടുപ്പ് ദൈവത്തിന്റെ സർവ്വാധികാരത്താൽ സംഭവിക്കുന്നു
എന്നാണ് പൌലൊസ് വാദിക്കുന്നത്. ദൈവീക വാഗ്ദത്തങ്ങൾ ആർക്കെല്ലാം ലഭിക്കും,
ആരെയെല്ലാം അതിൽ നിന്നും ഒഴിവാക്കും എന്നത് ദൈവത്തിന്റെ തീരുമാനം ആണ്. ഇതുപോലെ
ആരെയെല്ലാം നിത്യരക്ഷയ്ക്കായി തിരഞ്ഞെടുക്കേണം എന്നത് ദൈവത്തിന്റെ
സർവ്വാധികാരത്താൽ സംഭവിക്കുന്നു. അതിൽ യിസ്രായേലും ജാതീയനും ഉൾപ്പെടേണം എന്നു
തീരുമാനിക്കുവാനുള്ള അവകാശവും ദൈവത്തിന് മാത്രമാണ് ഉള്ളത്.
റോമർ 9:13, മലാഖി 1:2, 3 എന്നീ വാക്യങ്ങളിലെ “ഞാൻ
യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” (“ഞാൻ യാക്കോബിനെ
സ്നേഹിക്കുന്നു”, “ഏശാവിനെ ഞാൻ ദ്വേഷിച്ചു”) എന്നീ വാക്കുകളെ അന്നത്തെ ഭാഷയുടെയും,
സാംസ്കാരത്തിന്റെയും, ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ വേണം വ്യാഖ്യാനിക്കുവാൻ.
“സ്നേഹിക്കുന്നു”, “ദ്വേഷിച്ചു” എന്നീ വാക്കുകൾ രണ്ട് വ്യത്യസ്തങ്ങളും,
എതിർവശങ്ങളിൽ നിൽക്കുന്നതുമായ അവസ്ഥകളെ സൂചിപ്പിക്കുന്നു.
“ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നത് ഏശാവിനെ
വെറുക്കുന്നു എന്നു അർത്ഥമാക്കുന്നില്ല. ഇത് ഒരു സജീവ പ്രവർത്തിയുമല്ല (active work). ഇത് ന്യൂ ലിവിങ് ട്രാൻസ്ലേഷൻ ൽ “I rejected Esau.”
എന്നാണ് (New Living Translation). അതായത് “ഞാൻ ഏശാവിനെ
തള്ളിക്കളഞ്ഞു”. ദൈവം ഏശാവിനെ തിരഞ്ഞെടുത്തില്ല എന്നു
മാത്രമേ ഇവിടെ അർത്ഥം ഉള്ളൂ.
ഒരിക്കൽ യേശുക്രിസ്തു അവനോടു കൂടെ ഉണ്ടായിരുന്ന
ജനകൂട്ടത്തോട് ഇങ്ങനെ പറഞ്ഞു:
ലൂക്കോസ് 14:26
ഏറിയ പുരുഷാരം
അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു: എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും
സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും (hate) ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
ഈ വാക്യത്തിലെ “പകെക്കാതിരിക്കയും” എന്നത് ഇംഗ്ലീഷിൽ
“വെറുക്കുക” (hate) എന്നാണ്. എന്നാൽ യേശു പറഞ്ഞതിന്റെ അർത്ഥം അപ്പനെയും
അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും
വെറുക്കേണം എന്നല്ല. ഇവിടെ യേശുവിനെ അനുഗമിക്കുക എന്നതും, ഒരുവന്റെ ഭൌതീക
ജീവിതത്തിലെ ബന്ധങ്ങളും, എതിർവശങ്ങളിൽ നിൽക്കുകയാണ്. ഇതിൽ ഏതെങ്കിലും ഒന്നിനെ
മാത്രമേ സ്വീകരിക്കുവാൻ കഴിയൂ. അതായത് ഇവിടെ ഒരു മുൻഗണന തീരുമാനിക്കപ്പെടുന്നു. യേശുവിനെ
അനുഗമിക്കുന്നവരുടെ മുൻഗണന അവനെ അനുഗമിക്കുക എന്നത് മാത്രമാണ്.
ഇതേ രീതിയിൽ തന്നെയാണ് റോമർ 9:13, മലാഖി 1:2,
3 എന്നീ വാക്യങ്ങളിലും “സ്നേഹിച്ചു” (സ്നേഹിക്കുന്നു), “ദ്വേഷിച്ചിരിക്കുന്നു”
(ദ്വേഷിച്ചു) എന്നീ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ഒരുവനെ തിരഞ്ഞെടുത്തു,
മറ്റവനെ തിരഞ്ഞെടുത്തില്ല എന്നു മാത്രമേ അവിടെ അർത്ഥം ഉള്ളൂ. ഉൽപ്പത്തി 25:23 ലെ,
“മൂത്തവൻ ഇളയവനെ സേവിക്കും” എന്നതും ഒരുവൻ മറ്റവനെക്കാളും ശ്രേഷ്ഠനാകും എന്ന
അർത്ഥമേ നല്കുന്നുള്ളൂ. ദൈവം അത്യധികമായ അനുഗ്രഹങ്ങൾ യാക്കോബിന് നല്കിയപ്പോൾ,
ഏശാവിന് യാതൊന്നും നല്കിയില്ല. ഇതാണ് ഈ വാക്കുകളുടെ അർത്ഥം.
ഇവിടെ പൌലൊസ് പറയുന്നത്, യാക്കോബ് അവന്റെ പ്രവർത്തികൾ
കൊണ്ടല്ല അബ്രാമിന്റെ ഉടമ്പടിയ്ക്ക് അവകാശി ആയത്. ദൈവത്തിന്റെ കൃപയാലുള്ള
തിരഞ്ഞെടുപ്പ് കാരണമാണ് അവന് ഉടമ്പടിയുടെ പിന്തുടർച്ചക്കാരൻ ആകുവാൻ കഴിഞ്ഞത്.
അതായത് നമ്മളുടെ രക്ഷ ദൈവ കൃപയാലുള്ള തിരഞ്ഞെടുപ്പിനാൽ മാത്രം സംഭവിക്കുന്നു.
ദൈവത്തിന്റെ
സർവ്വാധികാരവും, നീതീയും
ദൈവത്തിന്റെ സർവ്വാധികാരത്താൽ ഉള്ള ഇത്തരം തീരുമാനങ്ങൾ
നീതീപൂർവ്വം ഉള്ളതാണോ? ഈ ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഇതിനുള്ള ഉത്തരം തുടർന്നുള്ള
വാക്യങ്ങളിൽ, റോമർ 9:14-16 ൽ പൌലൊസ് പറയുന്നു.
9:14 ലെ “ആകയാൽ നാം എന്തു പറയേണ്ടു?”
എന്നത് പൌലൊസിന്റെ ആവർത്തിക്കപ്പെടുന്ന ഒരു ശൈലി ആണ്. അദ്ദേഹം പറയുന്നതിനെ ആരോ
എതിർക്കുന്നു എന്ന രീതിയിൽ, അതിനെ ഘണ്ഡിക്കുവാൻ അദ്ദേഹം ഈ ശൈലി ഉപയോഗിക്കുന്നു. ഈ
സങ്കൽപ്പികമായ എതിർ വാദവും അദ്ദേഹം തന്നെ ചോദിക്കും. അതിന് മറുപടിയും അദ്ദേഹം
പറയും.
ഇവിടെ എതിർവാദം ഇങ്ങനെയാണ്: യാതൊരു യോഗ്യതയുടെയോ,
അയോഗ്യതയുടെയോ, അടിസ്ഥാനത്തിൽ അല്ലാതെ ഒരുവനെ ദൈവീക പദ്ധതിയ്ക്കായി
തിരഞ്ഞെടുക്കുകയും, മറ്റൊരുവനെ തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ
പക്കൽ ഉള്ള അനീതീ അല്ലേ? ഏശാവിന്റെയോ, യാക്കോബിന്റെയോ ജനനത്തിനും മുമ്പേ ദൈവീക
പദ്ധതിയുടെ നിവർത്തിക്കായി ഒരുവനെ തിരഞ്ഞെടുക്കുകയും, മറ്റൊരുവനെ തള്ളിക്കളയുകയും
ചെയ്ത ദൈവ പ്രവർത്തി അനീതീയല്ലേ? ഇതിന്റെ മറുപടി, റോമർക്ക് എഴുതിയ ലേഖനത്തിൽ
പൌലൊസ് ആവർത്തിക്കുന്ന വാക്കുകൾ ആണ്, “ഒരു നാളും ഇല്ല”. ഇത് അശ്ശേഷം ഇല്ല, ഒരു
സാധ്യതയും ഇല്ല, അൽപ്പം പോലും ഇല്ല, എന്നിങ്ങനെ അർത്ഥം നല്കുന്നു. ഇത് ഉറപ്പുള്ള
ഒരു പ്രസ്താവനയാണ്. അതിനാൽ ദൈവീക തിരഞ്ഞെടുപ്പിൽ, അനീതീയുണ്ട് എന്ന ചിന്തയോ,
ചർച്ചയോ ഇനി ആവശ്യമില്ല.
റോമർ 9:15 ആം വാക്യം, പുറപ്പാടു പുസ്തകത്തിൽ നിന്നുള്ള ഒരു
ഉദ്ധരണിയാണ്. ഇത് ദൈവം മോശെയോട് അരുളിചെയ്യുന്നതാണ്. പുറപ്പാട് പുസ്തകത്തിൽ ഈ
വാക്യത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ല. പുറപ്പാട് 33:15 ൽ, മരുഭൂമിയിലെ
മുന്നോട്ടുള്ള യാത്രയിൽ ദൈവത്തിന്റെ തിരുസാന്നിദ്ധ്യം, യിസ്രായേൽ
ജനത്തോടൊപ്പം ഉണ്ടായിരിക്കേണം എന്നു മോശെ ദൈവത്തോട് അപേക്ഷിക്കുന്നു. അതിന് ദൈവം,
“നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ
തോന്നിയിരിക്കുന്നു” എന്നു മറുപടി നല്കി. 18 ആം വാക്യത്തിൽ മോശെ ദൈവത്തോട് “നിന്റെ
തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.” അതിന് ദൈവം പറയുന്ന മറുപടി 19
ആം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
പുറപ്പാട് 33:19
അതിന്നു അവൻ: ഞാൻ
എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ
മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ
കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ
കരുണ കാണിക്കും എന്നരുളിച്ചെയ്തു.
പൌലൊസ് ഈ വാക്യം റോമർ 9:15 ൽ എടുത്തെഴുതിയത്, ദൈവത്തിന്റെ
സർവ്വാധിപത്യം (sovereignty) എന്ന ആശയം സമർത്ഥിക്കുവാനാണ്. ദൈവം അവന്റെ തേജസ്സിന്റെ ഒരു അംശം മോശെ എന്ന മനുഷ്യന്
വെളിപ്പെടുത്തികൊടുക്കുവാൻ പോകുകയാണ്. ദൈവീക തേജസ്സ്, ഭാഗികമായി എങ്കിലും, ഒരു
മനുഷ്യൻ അവന്റെ മാനുഷ ദൃഷ്ടികൊണ്ട് ദർശിക്കുവാൻ പോകുന്നു. ഒരു മനുഷ്യനും
ലഭിച്ചിട്ടില്ലാത്ത ഒരു അനുഗ്രഹം ആണ് മോശെക്ക് ലഭിക്കുന്നത്. ദൈവത്തിന്
ആരോട് കൃപ ചെയ്‍വാൻ മനസ്സുണ്ട് എന്നതും, ആരോട് കരുണ തോന്നേണം എന്നുള്ളതും അവന്റെ
സർവ്വാധിപത്യത്തിൽ ഉള്ള കാര്യമാണ്. അതിനെ പുറത്തുനിന്നുള്ള ഒരു വ്യക്തിയും,
ശക്തിയും സ്വാധീനിക്കുന്നില്ല. അതിനാൽ ദൈവവും നമ്മളും തമ്മിലുള്ള ബന്ധം നമ്മളുടെ
പ്രവർത്തികളുടെയോ, ആഗ്രഹങ്ങളുടെയോ, വിചാരങ്ങളുടെയോ അടിസ്ഥാനത്തിൽ ഉള്ളതല്ല. അത്
ദൈവ കൃപയാൽ മാത്രം ഉള്ളതാണ്.
അതായത് ദൈവകൃപ ആർക്ക് ലഭിക്കേണം
എന്നു ദൈവം സർവ്വാധികാരത്താൽ തീരുമാനിക്കും. ദൈവം തിരഞ്ഞെടുത്തവർക്ക് കൃപ
ലഭിക്കുമ്പോൾ, തിരഞ്ഞെടുപ്പ് ലഭിക്കാത്തവർക്ക് അത് നഷ്ടപ്പെടുന്നു.
റോമർ 9:15 ലെ “എനിക്കു കരുണ
തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം
എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു
അരുളിച്ചെയ്യുന്നു.” എന്ന വാചകം ഒരുവനെ സ്വന്ത ഹിതപ്രകാരം തിരഞ്ഞെടുക്കുവാൻ
ദൈവത്തിന് അവകാശം ഉണ്ട് എന്നു തെളിയിക്കുവാനായി പൌലൊസ് ഉപയോഗിക്കുന്നു.
തിരഞ്ഞെടുപ്പിനായി ഏതെങ്കിലും പൊതുവായ മാനദണ്ഡം ഉപയോഗിക്കുവാൻ ദൈവം ബാധ്യസ്ഥൻ
അല്ല.
9:16 ലും പൌലൊസിന്റെ വാദം
തുടരുകയാണ്. ദൈവീക നീതീ, സകല മനുഷ്യരേയും പാപത്തിന്റെ ഫലമായ നിത്യമരണത്തിന്
വിധേയരാക്കുക എന്നതാണ്. കാരണം സകലരും പാപത്താൽ അനീതീ ഉള്ളവരായി തീർന്നിരിക്കുന്നു.
ഇത് ആദാമിനോട് അരുളിച്ചെയ്ത കൽപ്പനയാൽ സകല മനുഷ്യരിലും സംഭവിക്കുന്നു. ഈ അവസ്ഥയിലാണ്
ചിലരോടു കൃപയാൽ ദൈവത്തിന് കരുണ തോന്നിയത്. ആരും അവരുടെ നല്ല പ്രവർത്തിയാൽ ദൈവ കൃപ
പ്രാപിക്കുന്നില്ല. പ്രവർത്തികളാൽ നേടുന്നത് ഒന്നും കൃപയോ, കരുണയോ അല്ല. ദൈവത്തിന്
ഒരുവനോട് കരുണ തോന്നുവാൻ പ്രത്യേകിച്ച് യാതൊരു കാരണവും ഇല്ല. ദൈവത്തിന്റെ
സർവ്വാധികാരത്തിൽ അവൻ അങ്ങനെ ചെയ്തു എന്നു മാത്രം.
9:17 മുതൽ ദൈവത്തിന്റെ സജീവമായ ഇടപെടൽ ഇല്ലാത്ത ഒരു ഉദാഹരണം
കൂടി പൌലൊസ് പറയുന്നു. അത് മിസ്രയീം രാജാവായ ഫറവോന്റെ ഹൃദയം കഠിനമായ സംഭവം ആണ്.
പുറപ്പാട് 9:16 ൽ ദൈവം മോശെയിലൂടെ ഫറവോനോടു അരുളിച്ചെയ്തത് ഇങ്ങനെയാണ്. ദൈവത്തിന് അവനെയും മിസ്രയീം ജനത്തെയും മഹാമാരിയാൽ
ദണ്ഡിപ്പിച്ചു ഭൂമിയിൽ നിന്നു ഛേദിച്ചുകളയാമായിരുന്നു. അവനെ രാജാവായി
നിറുത്തിയിരിക്കുന്നത് ദൈവം ആണ്. അത് ദൈവത്തിന്റെ ശക്തി അവനെയും സകല ലോകത്തെയും
കാണിക്കുവാനാണ്. ദൈവത്തിന്റെ ശക്തി മിസ്രയീം രാജ്യത്തെയും, അവരുടെ വ്യാജ
ദേവന്മാരെയും തകർക്കും. ഫറവോന്റെ ഹൃദയ കാഠിന്യം ദൈവത്തിന്റെ നാമം സർവ്വഭൂമിയിലും
മഹത്വപ്പെടുന്നതിന് ഇടയാക്കും.
പുറപ്പാട് 9:15-16
ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ
ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്റെ
ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും
പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
ഈ സംഭവത്തെയും, ദൈവത്തിന്റെ
അരുളപ്പാടിനെയും ചൂണ്ടിക്കാണിച്ചുകൊണ്ടു പൌലൊസ് വീണ്ടും ദൈവത്തിന്റെ സർവ്വാധികാര
പ്രകാരമുള്ള തിരഞ്ഞെടുപ്പിനെ സാധൂകരിക്കുന്നു. അവന് കരുണ
തോന്നേണം എന്നുള്ളവനോട് കരുണ തോന്നുന്നു. ഒരുവനെ ദൈവത്തിന് എതിരായി, കഠിന ഹൃദയനായി
വിട്ടേക്കണം എന്നു ദൈവത്തിന് തോന്നിയാൽ അവൻ അങ്ങനെ ചെയ്യുന്നു.
യിസ്രായേല്യർ നാനൂറിലധികം വർഷങ്ങൾ
മിസ്രയീം രാജ്യത്ത് അടിമകൾ ആയി ജീവിച്ചു. അവരെ സ്വതന്ത്രർ ആയി വിട്ടയക്കുവാൻ ദൈവീക
കൽപ്പന വന്നിട്ടും, ഫറവോൻ രാജാവ് അതിന് തയ്യാറായില്ല. അവന്റെ ഹൃദയം, ദൈവത്തിന്റെ
പ്രവാചകനായ മോശെയയ്ക്കും, യിസ്രായേൽ ജനത്തിന്നും എതിരെ കഠിനമായി തീർന്നു. ദൈവം ചില
ബാധകളെ ദേശത്ത് അയച്ചു, എങ്കിലും ഫറവോന്റെ മനസ്സ് മാറിയില്ല. അതിനാൽ ദൈവം അവന്റെ
മനസ്സിനെ കഠിനമായി തന്നെ തുടരുവാൻ അനുവദിച്ചു. ഈ സാഹചര്യത്തെ ദൈവം അവന്റെ പദ്ധതികൾ
നിവർത്തിക്കപ്പെടുവാനുള്ള അവസരമായി ഉപയോഗിച്ചു. ദൈവം ഫറവോനെ തോൽപ്പിച്ചു, മിസ്രയീം
രാജ്യത്തെയും, സൈന്യത്തെയും തകർത്തു, യിസ്രായേൽ ജനത്തെ സ്വതന്ത്രർ ആക്കി. ചുറ്റുമുണ്ടായിരുന്ന
എല്ലാ രാജ്യങ്ങളിലേയും ജനങ്ങൾ ഇത് കേട്ടു, യഹോവയായ ദൈവത്തെയും അവന്റെ ജനത്തെയും
ഭയപ്പെട്ടു. ദൈവത്തിന്റെ മഹത്വം സകല രാജ്യങ്ങളിലും പരന്നു.
ഇവിടെ, ദൈവം ഒരുവനെ കഠിനമാക്കുമോ, അങ്ങനെ ദൈവം ഒരുവനെ
കഠിനമാക്കിയാൽ അതിന്റെ ഉത്തരവാദിത്തം ദൈവത്തിന് അല്ലേ, എന്നിങ്ങനെയുള്ള ചോദ്യങ്ങൾ
ഉയരാം. ഇവിടെയാണ്, സജീവമായ ഇടപെടൽ (active participation), നിഷ്ക്രിയമായ
പങ്ക് (passive participation), എന്നീ ആശയങ്ങൾ കാണുന്നത്. യിസ്ഹാക്കിന്റെയും,
യാക്കോബിന്റെയും തിരഞ്ഞെടുപ്പിൽ ദൈവത്തിന്റെ സജീവമായ ഇടപെടൽ കാണാം. എന്നാൽ
ഫറവോന്റെ ഹൃദയം കഠിനമായതിൽ ദൈവത്തിന് നിഷ്ക്രിയമായ പങ്ക് മാത്രമേയുളളൂ.
ദൈവം ആരോടും കൃപയോ കരുണയോ കാണിക്കുവാൻ ബാധ്യസ്ഥൻ അല്ല.
മനുഷ്യർ എല്ലാം സ്വന്തം തിരഞ്ഞെടുപ്പിലൂടെ പാപത്തെ തിരഞ്ഞെടുത്തവർ ആണ്. അതിന്റെ
ശിക്ഷാവിധിയായ നിത്യമരണത്തിൽ അവർ ആയിരിക്കുന്നു. ഇതിൽ ദൈവത്തിന് സജീവമായ പങ്ക്
ഇല്ല. ഇങ്ങനെ നിത്യ ശിക്ഷാവിധിയിൽ ആയിരിക്കുന്ന മനുഷ്യരിൽ ചിലരെയാണ്, ദൈവീക പദ്ധതി
പ്രകാരം, അവർ നിത്യരക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഇതിൽ ദൈവത്തിന് അനീതീ
കൽപ്പിക്കുവാൻ സാദ്ധ്യമല്ല. ഈ ദൈവകൃപ മനുഷ്യർ പ്രവർത്തികളാൽ നേടിയത് അല്ല.
പ്രവർത്തികളാലോ, മറ്റ് എന്തെങ്കിലും യോഗ്യതയാലോ നേടുന്നത് കൃപയോ കരുണയോ അല്ല. ഇതാണ് പൌലൊസിന്റെ വാദം.
ഫറവോനെ ദൈവം ഉയർത്തിയതും, അവനെ തകർത്തതും ദൈവത്തിന്റെ
മഹത്വത്തിന് വേണ്ടിയാണ്. ഇത് പൌലൊസ് തുടർന്നു പറയുന്ന കുശവന്റെ ഉദാഹരണത്തിൽ കൂടുതൽ
വ്യക്തമാകും.
ഫറവോന്റെ ഹൃദയം കഠിനമായി
ദൈവം കൃപയും കരുണയും അവന് ഹിതമുള്ളവർക്ക് നല്കുന്നു എന്നു
പറഞ്ഞതിന്നു ശേഷം, 9:18 ൽ പൌലൊസ് പറയുന്നു, “തനിക്കു മനസ്സുള്ളവരെ അവൻ
കഠിനനാക്കുന്നു.” ഇത് ഫറവോന്റെ കഥയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ആണ്. ഫറവോൻ
യഹോവയായ ദൈവത്തിന്റെ അരുളപ്പാടുകളെയും, ഇടപെടലുകളെയും നിരാകരിച്ചവൻ ആണ്.
പുറപ്പാട് 5:2
അതിന്നു ഫറവോൻ:
യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ
യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു
പറഞ്ഞു.
പുറപ്പാടു പുസ്തകത്തിൽ പല പ്രാവശ്യം, മിസ്രയീമിലെ
രാജാവായിരുന്ന ഫറവോന്റെ ഹൃദയം കഠിനമായി എന്നു പറയുന്നുണ്ട്. “ഞാൻ (യഹോവ) ഫറവോന്റെ
ഹൃദയം കഠിനമാക്കും” എന്നും “അവൻ (ഫറവോൻ) തന്റെ ഹൃദയത്തെ കഠിനമാക്കി” എന്നും
പറയുന്നുണ്ട്. ദൈവം ഫറവോന്റെ ഹൃദയം കഠിനമാക്കി എന്നു പറയുന്നതിന് മുമ്പ് ഫറവോൻ
സ്വയം അവന്റെ ഹൃദയം കഠിനമാക്കി എന്നു പറയുന്ന വാക്യങ്ങൾ ഉണ്ട്.
പുറപ്പാടു 7:13
ഫറവോന്റെ ഹൃദയമോ, യഹോവ
അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ
ശ്രദ്ധിച്ചതുമില്ല.
പുറപ്പാടു 8:15
എന്നാൽ സ്വൈരം
വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ
കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
ഇതിൽ നിന്നും ആദ്യം ഫറവോൻ യഹോവയായ ദൈവത്തിന്റെ
അരുളപ്പാടുകളെ തള്ളിക്കളഞ്ഞു, അവന്റെ ഹൃദയം സ്വയം കഠിനമാക്കി എന്നും പിന്നീട്
യഹോവയായ ദൈവം അവന്റെ ഹൃദയത്തെ കഠിനമാക്കി എന്നും അനുമാനിക്കാം.
പുറപ്പാട് 10:2 ൽ ദൈവം ഫറവോന്റെ ഹൃദയം കഠിനമാക്കിയിരിക്കുന്നു
എന്നു പറയുന്നു. ഇത് ദൈവം മിസ്രയീമിൽ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും, യിസ്രായേൽ ജനം
തലമുറ തലമുറയായി വിവരിക്കേണ്ടതിനും, അവൻ യഹോവ ആകുന്നു എന്നു യിസ്രായേൽ
അറിയേണ്ടതിന്നും ആണ് എന്നും ദൈവം പറഞ്ഞു.
പുറപ്പാട് 10:2
ഞാൻ മിസ്രയീമിൽ
പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ
പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ
അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു
എന്നു കല്പിച്ചു.
ദൈവം ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി എന്ന പ്രസ്താവന നമുക്ക്
പുറപ്പാട് പുസ്തകത്തിൽ ആവർത്തിച്ചു വായിക്കാം. (പുറപ്പാട് 4:21 (ഞാൻ അവന്റെ ഹൃദയം
കഠിനമാക്കും), പുറപ്പാട് 7:3, 9:12, 10:2, 14:4, 11:10, 14:17 (ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും).
ഇതിനെ ഫറവോന്റെ ഹൃദയത്തെ മൃദുലമാക്കുവാൻ ദൈവം ഇടപെട്ടില്ല,
അതിനാൽ അവന്റെ ഹൃദയം പ്രകൃത്യാ ദൈവീക പദ്ധതികളോട് കഠിനമായി എന്നു മനസ്സിലാക്കാം.
അതുപോലെ തന്നെ, ദൈവീക ഇടപെടലുകളെ ഫറവോൻ എതിർക്കുകയും, അതിനോട് മൽസരിക്കുകയും
ചെയ്തു. അങ്ങനെ അവന്റെ ഹൃദയം ദൈവത്തോട് കഠിനമായി.
ഒരുവനെ കഠിനമാക്കുക എന്നു പറഞ്ഞാൽ എന്താണ് സംഭവിക്കുക.
മനുഷ്യൻ ദൈവഹിതത്തിന് വിധേയമല്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ, ഇരുണ്ട,
മൽസരമുള്ള, കഠിന ഹൃദയം ഉള്ളവൻ, എന്നു പറയാറുണ്ട്. ദൈവം ഒരു മനുഷ്യന്റെ ഹൃദയത്തിൽ
ആണ് രൂപാന്തരമുണ്ടാക്കുന്നത്. ദൈവം അങ്ങനെ പ്രവർത്തിക്കാതിരുന്നാൽ മനുഷ്യൻ
പ്രകൃത്യാ തന്നെ കഠിന ഹൃദയൻ ആകും. കാരണം ആദാമിന്റെ പാപത്താൽ, മനുഷ്യർ പൂർണ്ണമായും
മലിനീകരിക്കപ്പെട്ടിരിക്കുന്നു. അവനെ മലിനമാക്കുവാൻ ഇനി ദൈവം ഒന്നും
ചെയ്യേണ്ടതില്ല. ഒരുവനെ വിശുദ്ധനാക്കുവാൻ വേണ്ടി മാത്രമേ എന്തെങ്കിലും
ചെയ്യേണ്ടതുളളൂ. അതായത് ഒരുവന്റെ ഹൃദയത്തിൽ ദൈവം ഇടപെടുന്നില്ല എങ്കിൽ, അവൻ
പ്രകൃത്യാ മലിനമായ ഹൃദയം ഉള്ളവൻ ആയിരിക്കും. അവൻ ദൈവീക ബന്ധത്തിൽ കഠിന ഹൃദയം
ഉള്ളവൻ ആയിരിക്കും. അവൻ ദൈവീക ഇടപെടലുകളോട് എതിർത്തു നിന്നാൽ, അവന്റെ ഹൃദയം
കല്ലായി, കഠിനമായി തുടരും.
അതായത് ഒരുവന്റെ ഹൃദയം രണ്ടു രീതിയിൽ കഠിനമാകാം. ഒന്ന്
ദൈവത്തിന്റെ ഇടപെടലുകളോട് അവൻ മൽസരിച്ചു നിൽക്കുക. രണ്ടാമത്തേത്, അവന്റെ ഹൃദയത്തിൽ
ദൈവം പ്രത്യേകിച്ച് ഇടപെടാതെ ഇരിക്കുക. ഒന്നാമത്തേത് മനുഷ്യന്റെ പ്രകൃത്യാ ഉള്ള
സ്വഭാവവും, രണ്ടാമത്തേത് ദൈവ കൃപയുടെ അഭാവവും ആണ്. ഒരുവന്റെ മേൽ ദൈവ കൃപയുടെ അഭാവം
ഉള്ളത്, ദൈവം എന്തെങ്കിലും ചെയ്തതുകൊണ്ടല്ല, ദൈവം അവന്റെ ജീവിതത്തിൽ യാതൊരു
ഇടപെടലും നടത്താത്തതുകൊണ്ടാണ്. അത് ദൈവത്തിന്റെ ഒരു പ്രവർത്തിയല്ല, പ്രവർത്തിയുടെ
അഭാവം ആണ്.
ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവം ഇടപ്പെടേണമോ ഇല്ലയോ എന്നത്
ദൈവത്തിന്റെ സർവ്വാധികാരത്തിൽ ഉള്ള കാര്യമാണ്. ഒരുവനോട് ദൈവത്തിന് കരുണ
തോന്നുന്നതിനും, മറ്റൊരുവനോട് കരുണ തോന്നാത്തതിനും, കാരണം എന്തെന്നു ദൈവം ആരോടും
വിശദീകരിക്കാറില്ല. അതിന് ആരോടും ഉപദേശം ചോദിക്കാറുമില്ല. അതിനെയാണ് സവർവ്വാധികാരം
എന്നു വിളിക്കുന്നത്. രക്ഷ ദൈവത്തിന്റെ സർവ്വാധികാരത്താൽ മാത്രം ഒരു മനുഷ്യന്റെ
ജീവിതത്തിൽ സംഭവിക്കുന്ന ദൈവീക പ്രവർത്തിയാണ്.
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ഇതാണ്. ഫറവോൻ യഹോവയായ
ദൈവത്തെ നിരസിച്ചു, അവന്റെ ഹൃദയം കഠിനമായി. തുടർന്നു അവന്റെ ഹൃദയ കാഠിന്യം
ഇല്ലാതെയാക്കുവാൻ ദൈവം സജീവമായി ഇടപെട്ടില്ല. അവന്റെ ഹൃദയ കാഠിന്യം അവന്റെ നാശം
വരെ തുടർന്നു.
എന്നാൽ ആര് ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി എന്ന വിഷയം പൌലൊസ്,
റോമർ 9 ൽ ചർച്ച ചെയ്യുന്നില്ല. ദൈവം സർവ്വാധികാരിയാണ് (sovereign God). അവൻ മനസ്സുള്ളവനോടു കരുണ
കാണിക്കുന്നു, അവന്റെ ഹിതപ്രകാരം ചിലരെ കഠിനൻ ആക്കുന്നു. ദൈവത്തിന്റെ
ഹിതപ്രകാരം അവൻ ഫറവോനോടു പ്രവർത്തിച്ചു. ദൈവത്തിന് അതിനുള്ള സർവ്വാധികാരം ഉണ്ട്. ഇതാണ് പൌലൊസിന്റെ വാദം.
കരുണാപാത്രങ്ങൾ
9:19 ൽ പൌലൊസ്, സാധ്യമായ മറ്റൊരു ചോദ്യം ചോദിക്കുന്നു. ദൈവത്തിന്റെ ഇഷ്ടത്തോട്
എതിർത്തുനിൽക്കുവാൻ ആർക്കും കഴിയുകയില്ലാ എങ്കിൽ പിന്നെ ദൈവം മനുഷ്യരെ കുറ്റം
പറയുന്നത് എന്ത്? ഇതിനുള്ള പൌലൊസിന്റെ മറുപടി 9:20 ൽ പറയുന്നു. മനുഷ്യർ വെറും
മനുഷ്യർ മാത്രമാണ്. അവന് ദൈവത്തെ കുറ്റപ്പെടുത്തുവാൻ അവകാശം ഇല്ല. “മനഞ്ഞിരിക്കുന്നതു
മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?”
ഈ ചോദ്യം പഴയനിയമത്തിൽ നിന്നും
എടുത്ത ഒരു ചോദ്യമാണ്. ഇത് നമുക്ക് യെശയ്യാവ് 29:16; 45:9 എന്നീ വാക്യങ്ങളിൽ വായിക്കാം.
യെശയ്യാവ് 29:16
….. കുശവനും
കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു
ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ?
യെശയ്യാവ് 45:9
നിലത്തിലെ
കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു
തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു:
നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?
ഈ വാക്യങ്ങളിലെ കുശവൻ-കളിമണ്ണ് എന്ന രൂപകം റോമർ 9:21 ൽ ദൈവത്തിന്റെ
സർവ്വാധികാരത്തെക്കുറിച്ച് പറയുവാൻ പൌലൊസ് ഉപയോഗിക്കുന്നു. മൺപാത്രങ്ങൾ ഉണ്ടാക്കുന്ന
ഒരു കുശവന്, വ്യത്യസ്തങ്ങൾ ആയ പാത്രങ്ങൾ ഉണ്ടാക്കുവാൻ അധികാരവും സ്വാതന്ത്ര്യവും
ഉണ്ട്. ചില പാത്രങ്ങൾ കുലീനവും, വിശിഷ്ടവും ആയ കാര്യങ്ങൾക്ക് വേണ്ടിയുള്ളത്
ആയിരിക്കാം. ചിലത് വിശേഷതയില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയുള്ളത് ആയിരിക്കാം. ഒരേ
കളിമണ്ണ് ഉപയോഗിച്ചാണ് കുശവൻ പല രീതിയിൽ ഉള്ള പാത്രങ്ങൾ ഉണ്ടാക്കുന്നത്.
എന്തെല്ലാം പാത്രങ്ങൾ നിർമ്മിക്കേണം എന്നത് കുശവന്റെ അധികാരമാണ്.
ദൈവത്തിന് അവന്റെ കോപവും ശക്തിയും പ്രദർശിപ്പിക്കുവാൻ
അവകാശം ഉണ്ട്. അവന്റെ നിത്യമായ പദ്ധതിയുടെ നിവർത്തിക്കായിക്കായി ചില മനുഷ്യരോട് കരുണ
കാണിക്കുവാനും അവരെ മുന്നൊരുക്കുവാനും അധികാരം ഉണ്ട്. അവൻ തിരഞ്ഞെടുക്കാത്തവരോട്
അവൻ കരുണ കാണിക്കുന്നില്ല എങ്കിലും അവരോട് ദീർഘക്ഷമ കാണിക്കുന്നു. അതിനും
ദൈവത്തിന് അധികാരം ഉണ്ട്.
ഇവിടെ ദൈവം വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ
കരുണാപാത്രങ്ങളിൽ യഹൂദൻ മാത്രമല്ല ഉള്ളത്. ജാതികളിൽ നിന്നുള്ള രക്ഷിക്കപ്പെട്ട
വിശ്വാസികളെയും പൌലൊസ് ചേർക്കുന്നു. അവർ തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. രണ്ട്
കൂട്ടരും ഒരേ ദൈവീക ഉദ്ദേശ്യത്തിനായി വിളിക്കപ്പെട്ട കരുണാപാത്രങ്ങൾ ആണ്. അതായത്
യഹൂദനും ജാതിയനും ഒരുപോലെ ദൈവത്തിന്റെ കരുണയാൽ മാത്രമേ തേജസ്സ് പ്രാപിക്കുകയുള്ളൂ.
മറ്റ് യോഗ്യതകൾ ഇരുകൂട്ടർക്കും ഇല്ല.
9:24 ആം വാക്യത്തിലെ, “നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ
ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?” എന്നത് വ്യത്യസ്തങ്ങൾ
ആയ വ്യാഖ്യാനങ്ങൾക്ക് ഇടനല്കിയിട്ടുണ്ട്. ദൈവം കോപപാത്രങ്ങളെ ദീർഘക്ഷമയോടെ
സഹിക്കുന്നത്, അവരുടെ മാനസാന്തരത്തിന് വേണ്ടിയാണോ, അവരുടെ അന്ത്യ ശിക്ഷാവിധിയ്ക്കു
വേണ്ടിയാണോ?
എഫെസ്യർ 2:3-5 വരെയുള്ള വാക്യങ്ങളിൽ, പൌലൊസ്, അവൻ
രക്ഷിക്കപ്പെടുന്നതിന് മുമ്പ്, “മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ
ആയിരുന്നു” എന്നു പറയുന്നുണ്ട്. എന്നാൽ ദൈവം അവന്റെ കരുണയും മഹാസ്നേഹവും കൃപയും നിമിത്തം
അവനെ രക്ഷിച്ചു. 2 പത്രൊസ് 3:9 ൽ ആരും നശിച്ചുപോകാതെ എല്ലാവരും
മാനസാന്തരപ്പെടുവാൻ ദൈവം ഇച്ഛിക്കുന്നു എന്നും, അതിനായി അവൻ ദീർഘക്ഷമ കാണിക്കുന്നു
എന്നും പറയുന്നു.
എഫെസ്യർ 2:3-5
അവരുടെ ഇടയിൽ നാം
എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും
ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ
ആയിരുന്നു. കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം അതിക്രമങ്ങളാൽ
മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ
രക്ഷിക്കപ്പെട്ടിരിക്കുന്നു —
2 പത്രൊസ് 3:9
ചിലർ താമസം എന്നു
വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല.
ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു
ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.
ഈ രണ്ട് വാക്യങ്ങളുടെയും അടിസ്ഥാനത്തിൽ, “നാശയോഗ്യമായ
കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിക്കുന്നത് അവരുടെ മാനസാന്തരത്തിനായിട്ടാണ്
എന്നു ഒരുകൂട്ടം വേദപണ്ഡിതന്മാർ വിശ്വസിക്കുന്നു.
9:24 ൽ പൌലൊസ് പറയുന്നത്, ദൈവത്തിന്റെ തേജസ്സിന്റെ മഹത്വം
വെളിപ്പെടുത്തുവാനായിട്ടാണ് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ അവൻ
സഹിക്കുന്നത് എന്നാണ്. ഇത് കരുണാപാത്രങ്ങളിൽ വെളിപ്പെടുന്ന തേജസ്സ് ആണ്.
9:22-24 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് പറയുന്ന കാര്യങ്ങൾ
വ്യക്തമാണ്. ദൈവം ആണ് സകലത്തിന്റെയും സൃഷ്ടികർത്താവ്. അവന് സൃഷ്ടികളുടെ ജീവിതത്തിൽ
ഇടപ്പെടുവാൻ അധികാരം ഉണ്ട്. ചിലരെ കരുണാപാത്രങ്ങളായി തേജസ്സിന്നായി
മുന്നൊരുക്കുവാനും അവന് അധികാരം ഉണ്ട്. നിത്യ ശിക്ഷാവിധിക്ക് നിർണ്ണയിക്കപ്പെട്ടിരിക്കുന്നവരോട്
ദീർഘക്ഷമ കാണിക്കുവാൻ അവന് അധികാരം ഉണ്ട്.
ഇവിടെ പൌലൊസ് പാത്രങ്ങൾ മെനെഞ്ഞെടുക്കുന്ന ഒരു കുശവന്റെ രൂപകം
കൊണ്ടുവരുന്നു. ഒരു കുശവന് ഒരു പാത്രത്തെ വിശിഷ്ടമായ ഒന്നായി മുന്നൊരുക്കുവാൻ
അവകാശം ഉണ്ട്. ചിലതിനെ സാധാരണ ഉപയോഗങ്ങൾക്കായി മെനെയുവാനും അധികാരം ഉണ്ട്.
നാശയോഗ്യമായ പാത്രങ്ങളെ നശിപ്പിക്കാതെ അതിനോട് ദീർഘക്ഷമ കാണിക്കുവാനും അധികാരം
ഉണ്ട്. ഇത്, റോമർ 8:29, 30 വാക്യങ്ങളിലെ ആശത്തോട് ചേർന്ന് നിൽക്കുന്നു.
റോമർ 8:29, 30
അവൻ
മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ
സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ
വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
9:23-24 വാക്യങ്ങൾ
ഗ്രീക് ഭാഷയിലെ വ്യാകരണം അനുസരിച്ച് വായിച്ചാലെ നമുക്ക് അര്‍ത്ഥം വ്യക്തമായി
ഗ്രഹിക്കുവാന്‍ കഴിയൂ. നമ്മളുടെ ഭാഷയിലും ഇംഗ്ലീഷിലും ഉള്ളതുപോലെ തന്നെ, ഗ്രീക്കിലും, കര്‍ത്തരിപ്രയോഗവും (Active voice), കര്‍മ്മണിപ്രയോഗവും (Passive voice) ഉണ്ട്. കര്‍ത്തരിപ്രയോഗം ഉള്ള
വാചകങ്ങളില്‍,
കര്‍മ്മം ചെയ്യുന്ന വ്യക്തിക്കായിരിക്കും പ്രാധാന്യം. അതിനാല്‍ ഇതിനെ, സകര്‍മ്മകപ്രയോഗം എന്നും വിളിക്കുന്നു. കര്‍മ്മണിപ്രയോഗം
ഉള്ള വാചകത്തില്‍ കര്‍മ്മത്തിന് ആണ് പ്രാധാന്യം, അത് പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് അല്ല. മുകളില്‍ പറഞ്ഞ വാക്യങ്ങളിലെ
24 ആം വാക്യത്തില്‍ “നാശയോഗ്യമായ
കോപപാത്രങ്ങളെ” എന്നത് ഒരു കര്‍മ്മണിപ്രയോഗം ആണ്. അതായത്, പാത്രങ്ങള്‍ നാശയോഗ്യമായത് ആരെങ്കിലും അതിനെ
നാശയോഗ്യമാക്കിയത് കൊണ്ടാണ് എന്നു പറയുന്നില്ല. അത് നാശയോഗ്യമായി തീര്‍ന്നു എന്നു
മാത്രം പറയുന്നു. എന്നാല്‍ 9:23 ൽ “മുന്നൊരുക്കിയ കരുണാപാത്രങ്ങളായ” എന്നത് ഒരു കര്‍ത്തരിപ്രയോഗമാണ്. ഇവിടെ
കര്‍മ്മം ചെയ്ത ആളിന് പ്രാധാന്യമുണ്ട്. അയാള്‍ ചെയ്ത പ്രവര്‍ത്തി ആണ്, പാത്രങ്ങളെ കരുണാപാത്രങ്ങള്‍ ആയി മുന്നൊരുക്കി എന്നത്.
പൌലൊസിന്റെ വാദം
ഇതാണ്, ചിലരെ ദൈവതേജസ്സിനായി
ദൈവം മുന്‍നിയമിക്കുകയും, മുന്‍ഒരുക്കുകയും ചെയ്തു. എന്നാല്‍
ചിലര്‍ നാശത്തിലേക്ക് പോകുന്നതില്‍ ദൈവത്തിന് സജീവമായ പങ്ക് ഇല്ല, അത് അവരുടെ തിരഞ്ഞെടുപ്പ് മാത്രം ആണ്. ദൈവം ചിലരെ നിത്യജീവനിലേക്ക്
തിരഞ്ഞെടുക്കുമ്പോള്‍ തന്നെ, ദൈവം ആരെയും നാശത്തിനായി മുന്‍നിയമിക്കുന്നില്ല.
ഒരു ശേഷിപ്പ് രക്ഷിക്കപ്പെടും
റോമർ 9:25-29 വരെയുള്ള വാക്യങ്ങളിൽ, ഹോശേയ, യെശയ്യാവ്
എന്നിവരുടെ പ്രവചനങ്ങളിൽ നിന്നും ചില വാക്കുകൾ പൌലൊസ് എടുത്തെഴുതുന്നു. ഈ
വാക്യങ്ങളിലൂടെ ജാതികളേയും ദൈവം രക്ഷയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്നു
പൌലൊസ് സമർത്ഥിക്കുകയാണ്. 25-26 വാക്യങ്ങളിൽ ഹോശേയ പ്രവാചകന്റെ വാക്കുകൾ
ഉദ്ധരിക്കുന്നു.
ഹോശേയ 1:10
എങ്കിലും
യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടൽക്കരയിലെ പൂഴിപോലെ
ഇരിക്കും;
നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ
ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.
ഹോശേയ 2:23
ഞാൻ അതിനെ
എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ
കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
ഹോശേയ യിസ്രായേൽ ജനത്തെക്കുറിച്ചാണ് പ്രവചിച്ചത് എന്നാണ്
പഴയനിയമ വിശ്വാസികൾ മനസ്സിലാക്കിയത്. എന്നാൽ, ഈ വാക്യങ്ങൾ രക്ഷയ്ക്കായുള്ള
ജാതികളുടെ തിരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു എന്നാണ് പൌലൊസ് വ്യാഖ്യാനിക്കുന്നത്.
അവരുടെ രക്ഷ ദൈവം മുന്നമേ നിയമിച്ചിരുന്നു. ഇതിന്റെ നിവർത്തി അദ്ദേഹം ജാതീയരുടെ
ഇടയിൽ കണ്ടുകൊണ്ടിരിക്കുന്നു.
9:27-29 വരെയുള്ള വാക്യങ്ങളിൽ പൌലൊസ്, യെശയ്യാവ്
പ്രവാചകന്റെ ചില പ്രവചന വാക്കുകൾ ഉദ്ധരിക്കുന്നു. അശ്ശൂർ സാമ്രാജ്യം ശക്തി
പ്രാപിച്ചു വരുന്ന കാലത്താണ് യെശയ്യാവ് ശുശ്രൂഷ ചെയ്തിരുന്നത്. അദ്ദേഹം
ശത്രുവിന്റെ ആക്രമണത്തെക്കുറിച്ച് യഹൂദന്മാർക്ക് മുന്നറിയിപ്പ് നല്കുന്നു. ദൈവം
അബ്രഹാമിന് കൊടുത്ത വാഗ്ദത്തം, അവന്റെ “സന്തതിയെ ആകാശത്തിലെ
നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും” എന്നായിരുന്നു
(ഉൽപ്പത്തി 22:17). എന്നാൽ അവരുടെ പാപം കാരണം, ദൈവം അശ്ശൂർ സാമ്രാജ്യത്തെ
അവർക്കെതിരെ തിരിക്കും എന്നു യെശയ്യാവ് പ്രവചിച്ചു. യുദ്ധത്തിന് ശേഷം, ഒരു ശേഷിപ്പു
മാത്രം, എന്നുവച്ചാൽ ചെറിയ ഒരു കൂട്ടം ജനം മാത്രം അവശേഷിക്കും.
യെശയ്യാവ്
10:22-23
യിസ്രായേലേ, നിന്റെ
ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു
മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം
നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു
സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
ദൈവം, സൊദോം ഗൊമോറ പട്ടണങ്ങളെ നശിപ്പിച്ചപ്പോൾ അവിടെ ആരും
ശേഷിച്ചില്ല. അതിനാൽ അവിടെ ഉണ്ടായിരുന്ന ജനങ്ങൾക്ക് പിൻതലമുറ ഉണ്ടായില്ല. പട്ടണവും
പിന്നെ ശേഷിച്ചില്ല. അവരുടെ ശിക്ഷ പെട്ടന്നുള്ളതും പൂർണ്ണവും ആയിരുന്നു. എന്നാൽ
യഹൂദ്യയുടെ മേലുള്ള ദൈവീക കോപം സമ്പൂർണ്ണ നാശം ആകുകയില്ല.
യഹൂദ ജനം ദൈവത്തിന്റെ കോപത്തിന് വിധേയർ ആകും എങ്കിലും അവരിൽ
ഒരു ശേഷിപ്പ് അവശേഷിക്കും. ഇത് യെശയ്യാവ് പ്രവാചകൻ 1:9 ൽ പറയുന്നുണ്ട്,
“സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം
സൊദോം പോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.” എന്നാൽ
ദൈവത്തിന് യഹൂദ ജനത്തെക്കുറിച്ച് ഒരു പദ്ധതി ഉണ്ട്. യെശയ്യാവിന്റെ മകന്റെ പേർ
ശെയാർ-യാശൂബ് എന്നാണ് എന്നു യെശയ്യാവ് 7:3 ൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഈ
പേരിന്റെ അർത്ഥം, “ഒരു ശേഷിപ്പ് മടങ്ങിവരും” എന്നാണ് (a
remnant will return). ഇത് ഒരു പ്രവചനം ആയിരുന്നു. അശ്ശൂർ
ആക്രമിച്ചു യഹൂദ്യരെ പിടിച്ചുകൊണ്ടു പോയാലും, അവരിൽ ഒരു ശേഷിപ്പു സ്വന്ത
ദേശത്തിലേക്ക് തിരികെ വരും. അവരിലൂടെ, “കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു
ക്ഷണത്തിൽ തീർക്കും”. (ചരിത്രം: അശ്ശൂർ, ബാബേൽ എന്നീ സാമ്രാജ്യങ്ങൾ യഹൂദയെ
ആക്രമിച്ചു, അവരെ ശത്രു രാജ്യത്തിലേക്ക് പിടിച്ചുകൊണ്ടു പോയി. എന്നാൽ ചില
വർഷങ്ങൾക്ക് ശേഷം അവർ സ്വന്ത ദേശത്തേക്ക് മടങ്ങിവന്നു.)
യെശയ്യാവ് പ്രവാചകന്റെ വാക്കുകൾ
പൌലൊസ് ഉപയോഗിക്കുന്നത് യിസ്രായേൽ ജനത്തെക്കുറിച്ചുള്ള ദൈവീക പദ്ധതിയെക്കുറിച്ച്
വിശദീകരിക്കുവാനാണ്. അവർ, അബ്രാഹാമിനോടുള്ള വാഗ്ദത്തം പോലെ എണ്ണത്തിൽ കടൽക്കരയിലെ
മണൽപോലെ ആയി. എന്നാൽ യിസ്രായേൽ ജനത്തിൽ ജഡപ്രകാരം ജനിച്ച എല്ലാവരെയും നിത്യമായി
രക്ഷിക്കാം എന്നല്ല വാഗ്ദത്ഥം. യെശയ്യാവ് പ്രവചിച്ചതുപോലെ ഒരു ശേഷിപ്പു മാത്രമേ
രക്ഷിക്കപ്പെടൂ. അതായത് ദൈവം യിസ്രായേൽ ജനത്തോട് ചെയ്ത വാഗ്ദത്തം അവൻ
ഉപേക്ഷിക്കുകയില്ല. അവർക്ക് നിത്യ രക്ഷയുണ്ട്. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസം
മൂലം മാത്രമേ നിത്യരക്ഷ ലഭിക്കൂ. ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് പാപ പരിഹാരം.
യിസ്രായേല്യരിൽ ഒരു ശേഷിപ്പു യേശുവിനെ മശീഹയായി സ്വീകരിച്ചു, അവനിലൂടെ പാപമോചനവും
രക്ഷയും പ്രാപിക്കും.
പൌലൊസിന്റെ കാലത്ത്, യിസ്രായേൽ ജനത്തിന് ഒരിക്കലും ദൈവീക
ന്യായവിധി ഉണ്ടാകുകയില്ല എന്നായിരുന്നു അവരുടെ വിശ്വാസം. കാരണം അവർ ന്യായപ്രമാണത്തിന്
വിധേയർ ആണ്. ശിക്ഷാവിധി ജാതീയർക്ക്, ന്യായപ്രമാണം ഇല്ലാത്തവർക്ക് ഉള്ളതാണ്.
എന്നാൽ, യേശുക്രിസ്തുവിൽ അല്ലാത്ത യഹൂദനും, ജാതീയനും ഒരുപോലെ ന്യായവിധി ഉണ്ടാകും
എന്നാണ് പൌലൊസ് വ്യക്തമാക്കുന്നത്. രക്ഷയ്ക്കായി വിളിക്കപ്പെടാത്ത എല്ലാവർക്കും
ന്യായവിധി ഉണ്ടാകും.
യെശയ്യാവ് പ്രവാചകന്റെ വാക്കുകളിലൂടെ പൌലൊസ് പറയുന്നത്
ഇതെല്ലാം ആണ്. ഒരു വലിയ ശിക്ഷാവിധി വരുന്നു. ഈ ലോകത്തിലെ സകല മനുഷ്യരുടെയും
പാപത്തിന് ഒരു ശിക്ഷാവിധി ഉണ്ടാകും. സകല മനുഷ്യരിലും ഒരു ശേഷിപ്പു
രക്ഷിക്കപ്പെടും.
9:29 ൽ യിസ്രായേൽ ജനത്തിലെ ഒരു ശേഷിപ്പു രക്ഷിക്കപ്പെടും
എന്നതിനാണ് പൌലൊസ് ഊന്നൽ നല്കുന്നത്. ഈ ശേഷിപ്പിലൂടെ അവരോടുള്ള ദൈവീക വാഗ്ദത്തം
നിവർത്തിയാകും.
ക്രിസ്തു
എന്ന ഇടർച്ചക്കല്ല്
9:30-31 വാക്യങ്ങളിൽ പൌലൊസ് യിസ്രായേൽ ജനത്തെയും
ജാതീയരെയും തമ്മിൽ താരതമ്യം ചെയ്യുന്നു. 9:30 ലെ “ആകയാൽ നാം
എന്തു പറയേണ്ടു?” എന്ന ചോദ്യം, ഇതുവരെയും പറഞ്ഞ കാര്യങ്ങളുടെ
വിവക്ഷ എന്താണ് എന്നാണ്. നീതീയെ അന്വേഷിക്കാത്ത ജാതീയർ സുവിശേഷത്തിൽ വിശ്വസിച്ചത്
മൂലം നീതീകരണം പ്രാപിക്കും എന്നാണോ? ഈ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം,
“അതേ” എന്നാണ്.
ജാതീയർ ഒരിക്കലും ന്യായപ്രമാണ പ്രകാരം ജീവിച്ചവർ അല്ല.
ന്യായപ്രമാണം അവർക്കുള്ളത് ആയിരുന്നില്ല. ന്യായപ്രമാണം പാലിക്കുന്നതിലൂടെ
ദൈവത്തോട് നിരപ്പ് പ്രാപിക്കുവാനോ, നീതീകരണം പ്രാപിക്കുവാനോ ജാതീയർ
ശ്രമിച്ചിട്ടില്ല. എന്നിട്ടും ദൈവ കൃപയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം
മാത്രം അവർ നീതീകരണം പ്രാപിച്ചിരിക്കുന്നു.
യിസ്രായേൽ ജനം ന്യായപ്രമാണത്തിന്റെ അനുസരണത്തിലൂടെ നീതീകരിക്കപ്പെടുവാൻ
ശ്രമിച്ചു. എന്നാൽ അവർക്ക് ഒരിക്കലും പ്രമാണങ്ങൾ കുറ്റമറ്റതായി അനുസരിക്കുവാൻ
കഴിഞ്ഞില്ല എന്നതിനാൽ പ്രവർത്തികളാൽ ദൈവത്തോട് നിരപ്പ് പ്രാപിക്കുവാനോ, നീതീകരണം
പ്രാപിക്കുവാനോ കഴിഞ്ഞില്ല. 9:31 ൽ പൌലൊസ് എഴുതി, “നീതിയുടെ പ്രമാണം പിന്തുടർന്ന
യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.” കാരണം അവർ ക്രിസ്തുവിനെ
വിശ്വസിച്ചില്ല. നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമേ ഒരുവന്
പ്രാപിക്കുവാൻ കഴിയൂ.
എന്തുകൊണ്ടാണ് “നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേൽ ആ
പ്രമാണത്തിങ്കൽ എത്താതിരുന്നത്? ഈ ചോദ്യത്തിനുള്ള മറുപടിയാണ് 9:32-33 വാക്യങ്ങളിൽ
പൌലൊസ് വിശദീകരിക്കുന്നത്. യഹൂദന്മാർ വിശ്വാസത്താൽ നീതീകരണം അന്വേഷിച്ചില്ല.
അവരുടെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ നീതീകരിക്കപ്പെടുവാൻ അവർ ശ്രമിച്ചു. എന്നാൽ അവർക്ക്
ന്യായപ്രമാണം കുറവില്ലാത്ത രീതിയിൽ പ്രമാണിക്കുവാൻ കഴിഞ്ഞില്ല. അതിനാൽ അവർ
പ്രവർത്തികളാൽ നീതീകരിക്കപ്പെട്ടില്ല. ക്രിസ്തുവിലുള്ള വിശ്വാസം
ഇല്ലാതിരുന്നതിനാൽ, വിശ്വാസത്താലും നീതീകരിക്കപ്പെട്ടില്ല.
യഹൂദന്മാർ, ക്രിസ്തു എന്ന ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി. അവർ
ജാതികളെപ്പോലെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വിശ്വാസത്താൽ സ്വീകരിക്കേണമായിരുന്നു.
എങ്കിൽ അവരും നീതീകരണം പ്രാപിച്ചേനെ. സുവിശേഷം എല്ലാവർക്കും, യഹൂദനും, ജാതീയനും
ഒരുപോലെ ലഭ്യമാണ്. ആർക്കും പ്രവർത്തികളാൽ രക്ഷ പ്രാപിക്കുവാൻ സാദ്ധ്യമല്ല.
യേശുക്രിസ്തു ഒരുപോലെ യഹൂദനും, ജാതീയനും വേണ്ടിയാണ്
മരിച്ചത്. എന്നാൽ യഹൂദൻ ദൈവത്തിന്റെ വാഗ്ദത്തമായ ക്രിസ്തുവിനെ സ്വീകരിച്ചില്ല.
അങ്ങനെ ക്രൂശിന്റെ സുവിശേഷം അവർക്ക് ഒരു “ഇടർച്ചക്കല്ലും തടങ്ങൽ പാറയും” ആയി. ക്രിസ്തുവിന്റെ
സുവിശേഷം വിശ്വസിക്കുന്നവർക്ക് രക്ഷയാണ്. അതിനെ നിരസിക്കുന്നവർക്ക് അത്
തട്ടിവീഴുന്ന ഒരു ഇടർച്ചക്കല്ല് ആണ്.
1 കൊരിന്ത്യർ
1:23-24
ഞങ്ങളോ
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു
ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ
വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
9:33 ആം വാക്യം യെശയ്യാവ് പ്രവാചകന്റെ രണ്ട് വാചകങ്ങൾ ഒരുമിച്ച്
ചേർത്തതാണ്.
യെശയ്യാവ് 8:14
എന്നാൽ അവൻ ഒരു
വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും
അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും
ആയിരിക്കും.
യെശയ്യാവ് 28:16
അതുകൊണ്ടു
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ
ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു
അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ
ഓടിപ്പോകയില്ല.
യെശയ്യാവ് 8:14 ൽ ദൈവം യിസ്രായേൽ ജനത്തിന് “ഒരു
ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും” വച്ചിരിക്കുന്നു
എന്നു എഴുതിയിരിക്കുന്നു. ദൈവം അവർക്കു ഒരു വിശുദ്ധമന്ദിരവും, സുരക്ഷിത ഇടവും,
അതേസമയം ഇടറി വീഴുന്ന കല്ലും ആയിരിക്കും. യെശയ്യാവ് 28:16 ൽ ദൈവം “സീയോനിൽ
ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും” ആയി
നിൽക്കുന്നു. അവനിൽ വിശ്വസിക്കുന്നവർ ഒരിക്കലും ഭയപ്പെടുകയോ, നിരാശരാകുകയോ,
ഓടിപ്പോകേണ്ടിവരുകയോ ഇല്ല.
പ്രവർത്തികളാൽ നീതീകരിക്കപ്പെടുവാൻ ശ്രമിച്ചതിനാൽ “അവർ
(യഹൂദന്മാർ) ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി”. അവരുടെ മുന്നിൽ ദൈവം വച്ചിരുന്ന
കല്ലിനെ അവർ വിശ്വാസത്താൽ സ്വീകരിക്കാതെ തിരസ്കരിച്ചതിനാൽ അവർ അതിൽ തട്ടി
വീണുപോയി. യെശയ്യാവ് 8:14 ൽ യേശുക്രിസ്തു ഇടർച്ചക്കല്ലായിരിക്കുന്നു. യെശയ്യാവ്
28:16 ൽ ക്രിസ്തു “സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും
വിലയേറിയ മൂലക്കല്ലും” ആയിരിക്കുന്നു.
മത്തായി 21:44
ഈ കല്ലിന്മേൽ
വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ
ധൂളിപ്പിക്കും” എന്നു (യേശു) പറഞ്ഞു.
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 4:11
വീടുപണിയുന്നവരായ
നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
അതിനാൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒരിക്കലും
നിരാശപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ ഇല്ല. ക്രിസ്തു എന്ന മൂലക്കല്ല് ആണ്
യഹൂദന്മാർക്ക് ഇടർച്ചക്കല്ല് ആയിതീർന്നത്. എന്നാൽ വിശ്വസിക്കുന്നവർക്ക് അത്
രക്ഷയുടെ “അടിസ്ഥാനക്കല്ലു” ആയിരിക്കുന്നു.
പൌലൊസ് ഇവിടെ വാദിക്കുന്നത്, ദൈവ കൃപ യിസ്രായേൽ എന്ന
വംശത്തിൽ ജഡപ്രകാരം ജനിച്ച എല്ലാവർക്കും ലഭിക്കുക ഇല്ല എന്നും അവരിൽ ഒരു ശേഷിപ്പ്
മാത്രമേ രക്ഷ പ്രാപ്പിക്കൂ എന്നുമാണ്. ഈ ശേഷിപ്പിലൂടെ ദൈവം അവൻ വാഗ്ദത്തം ചെയ്ത
ദൈവീക പദ്ധതി നിവർത്തിക്കും. ഇവർ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷ
പ്രാപിക്കുന്നവർ ആയിരിക്കും.




No comments:
Post a Comment