അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായത്തിൽ, റോമിലെ ക്രിസ്തീയ വിശ്വാസികൾക്ക് ഇടയിൽ നിലനിന്നിരുന്ന ചില ഭിന്ന അഭിപ്രായങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. വേദപുസ്തകത്തിൽ വ്യക്തമായും നേരിട്ടും കൽപ്പനകളോ, ഉപദേശങ്ങളോ ഇല്ലാത്ത വിഷയങ്ങളെക്കുറിച്ചായിരുന്നു വ്യത്യസ്ത ചിന്തകൾ ഉണ്ടായിരുന്നത്. ഇത്തരം വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച വിശ്വാസികളെ എങ്ങനെയാണ് സഭയും കൂടെയുള്ള വിശ്വാസികളും കാണേണ്ടത് എന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് ഈ അദ്ധ്യായത്തിലെ വിഷയം.
ബലവാനും
ബലഹീനനും
മോശെയുടെ ന്യായപ്രമാണം വിലക്കിയിരുന്ന ആഹാരങ്ങളെ ഭക്ഷിക്കാം എന്നു ചിന്തിക്കുന്നവരും, ന്യായപ്രമാണം വിലക്കിയത് ക്രിസ്തീയ വിശ്വാസികളും ഭക്ഷിക്കുവാൻ പാടില്ല എന്നു ചിന്തിക്കുന്നവരും റോമിലെ സഭയിൽ ഉണ്ടായിരുന്നു. ഇവർ ഇരുകൂട്ടരും മറ്റുള്ളവരെ വിധിക്കരുതു എന്നു പൌലൊസ് ഉപദേശിച്ചു. ഇവിടെ പൌലൊസ്, ക്രിസ്തീയ വിശ്വാസികളെ ബലവാന്മാർ എന്നും, ബലഹീനർ എന്നും രണ്ടായി തിരിക്കുന്നു. വിശ്വാസത്തിലുള്ള ഉറപ്പിനെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിശ്വാസത്തിൽ ബലവാന്മാർ പഴയനിയമ ന്യായപ്രമാണം ഭക്ഷിക്കരുതു എന്നു വിലക്കിയിരുന്ന ആഹാരങ്ങളെ, അവരുടെ മനസാക്ഷി കുറ്റപ്പെടുത്താതെ തന്നെ, ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. എന്നാൽ, ന്യായപ്രമാണ പ്രകാരം വിലക്കപ്പെട്ട ഭക്ഷണവും പാനീയവും ഭക്ഷിക്കാമോ എന്നതിൽ, ബലഹീന വിശ്വാസി ആശയക്കുഴപ്പത്തിൽ ആണ്.
ഈ സാഹചര്യത്തിൽ ബലവാന്മാർ ഉപയോഗിച്ച സ്വാതന്ത്ര്യം,
ബലഹീനരായ വിശ്വാസികളെ വെല്ലുവിളിക്കുന്നത് ആയിതീരരുതു എന്നു പൌലൊസ് ഉപദേശിച്ചു. വിശ്വാസത്തിൽ
ബലവാന്മാർ ആയവർ ക്രിസ്തുവിലുള്ള അവരുടെ സ്വതന്ത്ര്യത്തെ അഹംഭാവത്തോടെ ബലഹീന
വിശ്വാസികളുടെ മുന്നിൽ പ്രകടിപ്പിക്കരുത്. ബലവാന്മാർ ആയ വിശ്വാസികൾ, ബലഹീന
വിശ്വാസികൾക്ക് വേണ്ടി തങ്ങളുടെ താല്പര്യങ്ങളെ പരിമിതപ്പെടുത്തുകയാണ് വേണ്ടത്. വിശ്വാസത്തിൽ
ബലഹീനരേ കൂടെ മറ്റുള്ളവർ കരുതേണം. ബലവാൻ, ബലഹീനനെയും, ബലഹീനൻ ബലവാനെയും
വിധിക്കരുതു. എന്നു മാത്രമല്ല, വിശ്വാസത്തിൽ ബലമേറിയവർ, ബലഹീന വിശ്വാസികളുടെ
വികാരത്തിനും ചിന്തയ്ക്കും മുഖ്യ പരിഗണന നൽകേണം. കാരണം ബലഹീന വിശ്വാസിയുടെ
മനസാക്ഷിക്ക് ക്ഷതമേൽക്കുന്ന പ്രവർത്തികൾ പാപമായി തീരും. ഇതെല്ലാം ആണ് ഈ
അദ്ധ്യായത്തിലെ വാദങ്ങൾ.
“സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ
ചേർത്തുകൊൾവിൻ.” എന്നു എഴുതികൊണ്ടാണ് ഈ അദ്ധ്യായം
ആരംഭിക്കുന്നത് (14:1). വിശ്വാസത്തിൽ ബലഹീനനായവനോട് വാദപ്രതിവാദത്തിന് തുനിയരുത്.
ചിലർ എല്ലാ ആഹാരവും തിന്നുകയും എല്ലാ പാനീയങ്ങളും കുടിക്കുകയും ചെയ്യാം എന്നു
വിശ്വസിക്കുന്നു. ബലഹീനർ സസ്യാദികളെ മാത്രം ഭക്ഷിക്കുന്നു. എല്ലാ ഭക്ഷണവും
കഴിക്കുന്നവൻ ചില ഭക്ഷണങ്ങളെ വർജ്ജിക്കുന്നവനെ അങ്ങനെ ചെയ്യുന്നതിൽ നിന്നും വിലക്കരുത്.
ചില ഭക്ഷണങ്ങൾ കഴിക്കാത്തവൻ, എല്ലാം ഭക്ഷിക്കുന്നവനെ അശുദ്ധൻ എന്നു വിധിക്കരുതു.
ദൈവം രണ്ടു കൂട്ടം വിശ്വാസികളെയും സ്വീകരിച്ചിരിക്കുന്നു. മറ്റൊരുത്തന്റെ ദാസനെ
വിധിക്കുവാൻ ഒരുവന് അധികാരം ഇല്ല. ഇതിന്റെ അർത്ഥം, ബലവാന്റേയും, ബലഹീനന്റെയും
യജമാനൻ ദൈവം ആണ് എങ്കിലും, ഒരുവൻ മറ്റോരുവന്റെ ദാസൻ അല്ല. എല്ലാവരെയും വിധിക്കുവാൻ
അധികാരം ഉള്ളത് യജമാനന് മാത്രം ആണ്. ദാസൻമാർ അന്യോന്യം വിധിക്കേണ്ടതില്ല. അതിനാൽ
ഒരുവൻ വിശ്വാസത്തിൽ നിൽക്കുന്നുവോ, വീഴുന്നുവോ എന്നെല്ലാം യജമാനനായ ദൈവം
നോക്കിക്കൊള്ളും. എല്ലാവരെയും വിശ്വാസത്തിൽ നിൽക്കുവാൻ പ്രാപ്തരാക്കുവാൻ ദൈവത്തിന്
കഴിയും.
ക്രിസ്തീയ വിശ്വാസികൾ ന്യായപ്രമാണത്തിന് മരിച്ചിരിക്കുന്നു
എന്നും അതിനാൽ അവ അനുസരിക്കുവാൻ ഇനി ബാധ്യതയില്ല എന്നും പൌലൊസ് റോമർ 7:4-6 വരെയുള്ള
വാക്യങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അർത്ഥം ന്യായപ്രമാണം പാപം എന്നു
വിധിച്ച പ്രവർത്തികളിൽ ഒരു ക്രിസ്തീയ വിശ്വാസിക്ക് ഏർപ്പെടുവാൻ സ്വാതന്ത്ര്യം
ഉണ്ട് എന്നല്ല. റോമർ 13 ന്റെ അവസാന വാക്യങ്ങളിൽ പൌലൊസ് ഇത് വ്യക്തമാക്കുന്നുണ്ട്.
റോമർ 13:12-14
രാത്രി കഴിവാറായി
പകൽ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു
വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. പകൽസമയത്തു എന്നപോലെ നാം മര്യാദയായി
നടക്ക;
വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും
ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ
യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി
ചിന്തിക്കരുതു.
ദൈവ വചനം വ്യക്തമായി ഉപദേശിക്കുന്ന വിഷയങ്ങളിൽ ആർക്കും
സംശയത്തിനോ, തർക്കത്തിനൊ കാര്യമില്ല. എന്നാൽ വചനത്തിൽ വ്യക്തമായി വിവരിക്കാത്ത
വിഷയങ്ങളും ഉണ്ട്. ഇവിടെ വാദങ്ങളും, ഊഹങ്ങളും ഉയരാം. ഉദാഹരണത്തിന്, പഴയനിയമ
പ്രമാണം അനുസരിച്ചു ഏതെല്ലാം ഭക്ഷണം കഴിക്കാം എന്നും, എന്തെല്ലാം ഭക്ഷിക്കരുതു
എന്നും ലേവ്യപുസ്തകം 11, ആവർത്തനം 14, എന്നീ അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്.
ലേവ്യപുസ്തകം 11:46-47
ശുദ്ധവും
അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു
ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു
ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.
ആവർത്തനം 14:2-3
നിന്റെ ദൈവമായ
യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു
തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. മ്ളേച്ഛമായതൊന്നിനെയും
തിന്നരുതു.
ഈ വേദഭാഗങ്ങളിലെ വിലക്ക് യഹൂദന്മാർക്കാണ് ഉണ്ടായിരുന്നത്. എന്നാൽ,
പുതിയനിയമ സഭയിൽ യഹൂദനും ജാതീയനും ഉണ്ടായിരുന്നു. അതിനാൽ, പഴയനിയമ പ്രമാണത്തിൽ വിലക്കിയ
ഭക്ഷണങ്ങൾ ജാതീയരായ ക്രിസ്തീയ വിശ്വാസികൾക്ക് ഭക്ഷിക്കാമോ എന്നൊരു ചോദ്യം ഉയർന്നു
വന്നു. ഒപ്പം, പുതിയനിയമ യഹൂദ ക്രിസ്തീയ വിശ്വാസി, രക്ഷിക്കപ്പെട്ടതിന് ശേഷം, ഭക്ഷണത്തിന്റെ
കാര്യത്തിൽ ന്യായപ്രമാണം അനുസരിക്കേണ്ടതുണ്ടോ, എന്ന ചോദ്യവും ഉയർന്നു. ജാതീയ വിഗ്രഹങ്ങൾക്ക്
അർപ്പിച്ച ഭക്ഷണം വിശ്വാസികൾക്ക് കഴിക്കാമോ? പ്രത്യേകിച്ച് മൃഗങ്ങളുടെ മാംസം
ഭക്ഷിക്കാമോ? യഹൂദന്മാരുടെ ഉൽസവങ്ങളും ശബ്ബത്തും പുതിയനിയമ വിശ്വാസികൾ
ആചരിക്കേണമോ? ഇങ്ങനെയുള്ള പല ചോദ്യങ്ങൾ അക്കാലത്ത് ഉണ്ടായി. ഇതിനൊന്നും വ്യക്തമായ,
“അതേ” അല്ലെങ്കിൽ “അല്ല” എന്നു നേരിട്ട് ഉത്തരം നല്കുന്ന വാക്യങ്ങൾ പുതിയനിയമത്തിൽ
ഇല്ല. ഇന്നത്തെ ആധുനിക ലോകത്തെ പല ജീവിത രീതികളേയും നേരിട്ട് അഭിമുഖീകരിക്കുന്ന
വാക്യങ്ങൾ വേദപുസ്തകത്തിൽ ലഭ്യമല്ല.
എന്നാൽ എല്ലാക്കാലത്തും ഉയർന്നുവരാവുന്ന ഇത്തരം
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനായി ചില മർഗ്ഗനിർദ്ദേശങ്ങൾ പൌലൊസ്
പറയുന്നുണ്ട്. ചില ഭക്ഷണങ്ങളെ തിന്നുകയും, പാനീയങ്ങളെ കുടിക്കുകയും ചെയ്യുന്നത്
പാപം ആണ് എന്നു കരുതുന്നവരെ പൌലൊസ് ബലഹീനർ എന്ന വിഭാഗത്തിൽപ്പെടുത്തുന്നു. എന്നാൽ,
ബലഹീന വിശ്വാസി, യഥാർത്ഥ വിശ്വാസിയല്ല എന്നു ഇവിടെ അർത്ഥമില്ല. അവർ പൊതുവേ
ആത്മീയമായി അപക്വർ ആണ് എന്നും പൌലൊസ് പറയുന്നില്ല. അവർക്ക് യേശുക്രിസ്തുവിൽ ഉറച്ച
വിശ്വാസമുണ്ട്. അവർ രക്ഷിക്കപ്പെട്ടവർ ആണ്. ഭക്ഷണം, പാനീയം എന്നീ വിഷയങ്ങളിൽ
മാത്രമാണ് അവർ ബലഹീനർ ആയിരിക്കുന്നത്. ക്രിസ്തുവിലായ പുതിയനിയമ വിശ്വാസി ന്യായപ്രമാണം
അനുസരിക്കുന്നതിൽ നിന്നും സ്വതന്ത്രർ ആണ് എന്ന മർമ്മം, ഒരു ബലഹീന വിശ്വാസിക്കു ബോധ്യപ്പെട്ടിട്ടില്ല.
ഭക്ഷണത്തിനായുള്ള ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത് എന്നും ഒന്നും
വർജ്ജിക്കേണ്ടതില്ല എന്നും അവർ ഗ്രഹിച്ചിട്ടില്ല.
1 തിമൊഥെയൊസ് 4:4
എന്നാൽ
ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ
അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;
“സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ” എന്നത് ഒരുവൻ
ചെയ്യുന്ന ഒരു പ്രവർത്തിയല്ല. അവൻ അനുഭവിക്കുന്നത് ദൈവത്തിന് സ്തോത്രം ഉളവാക്കുന്നു
എങ്കിൽ, ദൈവത്തിന്റെ സൃഷ്ടി എല്ലാം അനുഭവിക്കുന്നത് നല്ലതു. 1 തിമൊഥെയൊസ് 4:1-3 ൽ
പറയുന്നത്, “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും
ആശ്രയിച്ചു .... സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ
അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.”
എന്നാണ്. ഇതിൽ നിന്നും 1 തിമൊഥെയൊസ് 4:4 ആം വാക്യത്തെ ഇങ്ങനെ മനസ്സിലാക്കാം: ഭോജ്യങ്ങളായ
ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ ഭക്ഷിക്കുന്നു
എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല.
എന്നാൽ വിശ്വാസത്തിൽ ബലഹീനർ ആയവരെ പൌലൊസ് പാർശവൽക്കരിക്കുന്നില്ല.
“സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.” എന്നാണ്
പൌലൊസ് വിശ്വാസത്തിൽ ബലവാന്മാരോട് ഉപദേശിക്കുന്നത് (റോമർ 14:1). “സംശയവിചാരങ്ങളെ
വിധിക്കാതെ” എന്നത്, ബലഹീനൻ ആയവനുമായി തർക്കത്തിനൊ വാദത്തിനോ പോകരുതു എന്ന അർത്ഥം നല്കുന്നു (not to quarrel
over opinions - ESV). അവൻ വിശ്വാസത്തിൽ ബലവാൻ ആകുവാൻ സഹായിക്കുക
അത്രേ വേണ്ടത്. രണ്ടു കൂട്ടരും പരസ്പരം ചേർത്തുകൊള്ളുകയും സഹിഷ്ണതയോടെ
ആയിരിക്കുകയും വേണം.
ഈ ഉപദേശത്തിന് കൂടുതൽ വിശദീകരണം പൌലൊസ് തുടർന്നു നല്കുന്നു.
ആദ്യ നൂറ്റാണ്ടിൽ തന്നെ സഭയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിന്നിരുന്നു.
ഇത്തരം അഭിപ്രായ വ്യത്യാസങ്ങളേയും അധാർമ്മികമായ പാപത്തെയും അദ്ദേഹം രണ്ടായി
കാണുന്നു. മനപ്പൂർവ്വമായി പാപത്തിൽ ജീവിക്കുന്നവരെയല്ല ബലഹീന വിശ്വാസി എന്നു
പൌലൊസ് വിളിക്കുന്നത്. ന്യായപ്രമാണത്തിൽ നിന്നുള്ള സ്വതന്ത്ര്യത്തെക്കുറിച്ച്
ഉറപ്പില്ലാത്തവൻ ആണ് ബലഹീന വിശ്വാസി.
അഭിപ്രായ വ്യത്യാസങ്ങൾ പറയുന്നവരെ തള്ളിക്കളയരുത് എന്നു
പൌലൊസ് ഉപദേശിക്കുന്നു. എന്നാൽ ദൈവ വചനം എല്ലാവർക്കും പ്രമാണം ആയിരിക്കേണം. വിശ്വാസത്തിൽ
ബലഹീനൻ സസ്യാദികളെ മാത്രം തിന്നുന്നു (റോമർ 14:2). മറുവശത്ത്, എല്ലാം തിന്നാമെന്നു
വിശ്വസിക്കുന്ന ബലവാൻ ഉണ്ട്. എന്നാൽ, “ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ
അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല” എന്നു പൌലൊസ് പഠിപ്പിക്കുന്നു. (1
തിമൊഥെയൊസ് 4:4). അതിനാൽ ഒരു വിശ്വാസിക്കു ഇഷ്ടമുള്ള ഏത് ആഹാരവും ഭക്ഷിക്കുന്നതിന്
തടസ്സമില്ല. ഇവിടെ, ബലവാൻ, ബലഹീനൻ എന്നീ വേർതിരിവ് അവരുടെ അഭിപ്രായത്തിന്റെ
അടിസ്ഥാനത്തിൽ ഉള്ളതാണ്. അവരുടെ വിശ്വാസം പക്വമായത് എന്നോ, അപക്വം എന്നോ ഈ
വാക്കുകൾ അർത്ഥമാക്കുന്നില്ല.
14:2 ലെ “സസ്യാദികളെ തിന്നുന്നു” എന്നത് യഹൂദ ഭക്ഷണ പ്രമാണങ്ങളെക്കുറിച്ചാണ്
പറയുന്നത്. അത് ഇൻഡ്യയിലെപ്പോലെ ഉള്ള രാജ്യങ്ങളിലെ സസ്യാഹാരം മാത്രം ഭക്ഷിക്കുന്ന
രീതി അല്ല. റോമിൽ ലഭിച്ചിരുന്ന മാംസം യഹൂദ പ്രമാണം അനുസരിച്ചുള്ളത് ആയിരുന്നില്ല. അവ
ചിലപ്പോൾ വിഗ്രഹങ്ങൾക്ക് സമർപ്പിച്ചതും ആകാം. അല്ലെങ്കിൽ, യഹൂദ ക്രിസ്ത്യാനികൾ
റോമിൽ ലഭിച്ചിരുന്ന മാംസത്തെ സംശയത്തോടെ വീക്ഷിച്ചിരുന്നു. അതിനാൽ അവർ അത്
ഭക്ഷിക്കാതെയിരുന്നു. എന്നാൽ ജാതീയരായിരുന്ന ക്രിസ്തീയ വിശ്വാസികൾക്ക് ഇത്തരം
പ്രമാണങ്ങൾ ഇല്ലായിരുന്നു എന്നതിനാൽ, അവർ എല്ലാതരം മാംസഭക്ഷണവും കഴിച്ചിരുന്നു. ഇതായിരുന്നു
അന്നത്തെ സാഹചര്യം.
“സസ്യാദികളെ തിന്നുന്നു” എന്ന കൂട്ടത്തിൽ ജാതീയ
ക്രിസ്ത്യാനികളും ഉണ്ടായിരുന്നിരിക്കാം. റോമിൽ ക്ഷേത്രങ്ങളിൽ യാഗങ്ങൾക്കൊ,
പൂജകൾക്കൊ ഉപയോഗിച്ചിരുന്ന മൃഗങ്ങളുടെ മാംസം, ചടങ്ങുകൾക്ക് ശേഷം പൊതുവായ ചന്തയിൽ
വിൽക്കാറുണ്ടായിരുന്നു. ഇത്തരം സാഹചര്യം കൊരിന്തിലും ഉണ്ടായിരുന്നു (1 കൊരിന്ത്യർ
8:4, 10:25). വിഗ്രഹാരാധനയോട് വേർപ്പെട്ടിരിക്കുവാൻ ആഗ്രഹിച്ച, യഹൂദ വിശ്വാസിയും,
ജാതീയ വിശ്വാസിയും, ചന്തയിൽ നിന്നും മാംസം വാങ്ങി ഭക്ഷിക്കാതെ ഇരുന്നു. ഇത്തരം
മാംസം വിളമ്പുന്ന ഒരിടത്തുനിന്നുപോലും അവർ അത് ഭക്ഷിക്കുകയില്ല. അവരെ “സസ്യാദികളെ
തിന്നുന്നു” എന്നും ബലഹീനർ എന്നും ഇവിടെ വിശേഷിപ്പിക്കുന്നു.
ദൈവ വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലാത്തവ പ്രമാണങ്ങളായി
പാലിക്കേണം എന്നു അഭിപ്രായപ്പെട്ടവരെ, ബലഹീനർ ആയ വിശ്വാസി ആയിട്ടാണ് പൌലൊസ്
കണക്കാക്കിയത്. കാരണം യേശുക്രിസ്തുവിന്റെ സുവിശേഷം നല്കിയ, ന്യായപ്രമാണത്തിൽ
നിന്നുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അവർക്ക് വേണ്ടത്ര ബോധ്യം
ഇല്ലാതിരിക്കുന്നു. അവരുടെ മനസ്സിൽ സംശയവിചാരങ്ങൾ ഉള്ളതിനാൽ, പൊതുവായ ചന്തയിൽ വിൽക്കുന്ന
മാംസം വാങ്ങി ഭക്ഷിക്കുവാൻ അവർക്ക് കഴിയുന്നില്ല.
ഇവിടെ പൌലൊസ് ബലവാന്മാരെയും, ബലഹീനരേയും തിരുത്തുന്നില്ല. ഇതിന്റെ
അടിസ്ഥാനത്തിൽ ആരെയും ശരി എന്നോ തെറ്റ് എന്നോ വിധിക്കുന്നില്ല. രണ്ടുകൂട്ടരുടെയും
വിശ്വാസത്തിലും, കാഴ്ചപ്പാടിലും, മറ്റുള്ളവർ ഇടപ്പെടേണ്ടതില്ല എന്നാണ് അദ്ദേഹം
ഉപദേശിക്കുന്നത്. ഇതിന്റെ പേരിൽ ആരെയും വിധിക്കുകയോ, മാറ്റി നിറുത്തുകയോ
ചെയ്യരുതു. വേദപുസ്തകം വ്യക്തമായി നേരിട്ടു കൽപ്പനകൾ നൽകാത്ത വിഷയങ്ങളിൽ
സഹിഷ്ണതയാണ് ഏറ്റവും യോജ്യം.
കൊലൊസിയർ 2:16
അതുകൊണ്ടു
ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ
വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ
ക്രിസ്തുവിന്നുള്ളതു.
ക്രിസ്തീയ വിശ്വാസികൾ ദൈവത്തിന്റെ ദാസൻമാർ ആയിരിക്കുമ്പോൾ,
അവർ ആരും തന്നെ മറ്റൊരു ദാസന്റെ ദാസൻ അല്ല. ദാസൻമാർ പരസ്പരം വിധിക്കേണ്ടതില്ല.
യജമാനന് മാത്രമാണ് ദാസന്മാരെ വിധിക്കുവാൻ അവകാശം ഉള്ളൂ. യജമാനൻ കുറ്റം വിധിക്കാത്ത
ആരെയും ദാസൻമാർ വിധിക്കേണ്ടതില്ല. വിശ്വാസത്തിൽ ബലവാന്മാരെയും, ബലഹീനരേയും ദൈവം
സ്വീകരിച്ചിരിക്കുന്നു എങ്കിൽ ദാസന്മാരും അന്യോന്യം സഹിഷ്ണതയോടെ സ്വീകരിക്കുക. ഇരുവരെയും
വിശ്വാസത്തിൽ ഉറച്ചു നിൽക്കുമാറാക്കുന്നത് യേശുക്രിസ്തു ആണ്.
യഹൂദ
ഉൽസവങ്ങൾ
റോമിലെ ക്രൈസ്തവ വിശ്വാസികൾക്ക് ഇടയിൽ ഉണ്ടായിരുന്ന
അഭിപ്രായ വ്യത്യാസങ്ങൾ യഹൂദ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. അവരിൽ
ചിലർ ചില ദിവസങ്ങളെ മറ്റ് ദിവസത്തേക്കാൾ വിശേഷതയുള്ളതായി കരുതി. മറ്റ് ചിലർ എല്ലാ
ദിവസങ്ങളെയും ഒരുപോലെ കണ്ടു. ഈ വിഷയത്തിൽ അവരവരുടെ കാഴ്ചപ്പാടിൽ അവർക്ക് വ്യക്തത ഉണ്ടായിരിക്കട്ടെ
എന്നാണ് പൌലൊസ് പറയുന്നത് (14:5). ചില ദിവസങ്ങളെ വിശേഷതയുള്ളതായി കണ്ടു അതിനെ
ആദരിക്കുന്നവൻ കർത്താവിന്റെ മഹത്വത്തിനായി അങ്ങനെ ചെയ്യുന്നു. ചിലർ എല്ലാ ഭക്ഷണ പദാർത്ഥങ്ങളും
കഴിക്കുന്നു. അവർ കർത്താവിന്റെ മഹത്വത്തിനായി അങ്ങനെ ചെയ്യുന്നു. അവർ ദൈവത്തെ
സ്തുതിക്കുന്നുവല്ലോ. ചില ഭക്ഷണങ്ങൾ തിന്നാതിരിക്കുന്നവരും കർത്താവിന്റെ
മഹത്വത്തിനായി അങ്ങനെ ചെയ്യുന്നു. അവരും ദൈവത്തെ സ്തുതിക്കുന്നു (14:6).
റോമിലെ സഭയിലെ യഹൂദ വിശ്വാസികൾ, ന്യായപ്രമാണം അനുസരിച്ചുള്ള
ഉൽസവങ്ങളും പെരുന്നാളുകളും തുടർന്നും ആചരിച്ചിരുന്നു എന്നു റോമർ 14:5-6
വാക്യങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഈ വിഷയത്തിൽ റോമിലെ വിശ്വാസികൾക്ക്
ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പൌലൊസ്, ഉൽസവങ്ങൾ
ആചരിക്കുന്നതിനെ വിരോധിക്കുകയോ, ഉൽസവങ്ങൾ ആചരിക്കേണം എന്നു ഉപദേശിക്കുകയോ
ചെയ്യുന്നില്ല. കാരണം പുതിയനിയമ വിശ്വാസി, ന്യായപ്രമാണത്തിന് സ്വതന്ത്രൻ ആണ്.
ഉൽസവങ്ങൾ ആചരിക്കുന്നവർ ദൈവ മഹത്വത്തിനായി അവയെ ആചരിക്കുന്നു. എല്ലാ ദിവസത്തെയും
ഒരുപോലെ അനുഗ്രഹമായി കാണുന്നവൻ, ന്യായപ്രമാണത്തിന്റെ അടിമത്തത്തിൽ നിന്നും
വിടുവിച്ച ദൈവത്തിന്റെ മഹത്വത്തിനായി അങ്ങനെ ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിലും
ഇതേ കാഴ്ചപ്പാട് തന്നെയാണ് പൌലൊസിന് ഉള്ളത്. ചില ഭക്ഷണം വർജ്ജിക്കുന്നവരും, എല്ലാ
ഭക്ഷണവും കഴിക്കുന്നവരും, ദൈവത്തെ മഹത്വപ്പെടുത്തുന്നു. എല്ലാവർക്കും അവരവർ
ചെയ്യുന്നത് ശരിയാണ് എന്നും, എല്ലാം ദൈവനാമ മഹത്വത്തിനായി തീരും എന്നും ഉറപ്പ്
ഉണ്ടായിരിക്കട്ടെ.
1 കൊരിന്ത്യർ
10:31
ആകയാൽ നിങ്ങൾ
തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.
14:5-6 വരെയുള്ള വാക്യങ്ങളിൽ പരാമർശിക്കുന്ന ഉൽസവങ്ങൾ, യഹൂദ
വിശ്വാസം അനുസരിച്ച് ഉള്ളതായിരുന്നുവോ, അതോ ജാതീയ ഉൽസവങ്ങൾ ആയിരുന്നുവോ എന്നതിൽ അഭിപ്രായ
വ്യത്യാസങ്ങൾ വേദപുസ്തക വ്യാഖ്യാതാക്കളുടെ ഇടയിൽ ഉണ്ട്. റോമിലെ വിശ്വാസികൾ
മാനിക്കുന്ന ദിവസം ജാതീയമാണോ, യഹൂദ മത പ്രകാരമുള്ളതാണോ എന്നു പൌലൊസ് ഇവിടെ വ്യക്തമാക്കുന്നില്ല.
പൌലൊസിന്റെ, “മറ്റൊരു ദിവസത്തെ മാനിക്കുന്നു”, “ദിവസത്തെ ആദരിക്കുന്നവൻ” എന്നീ പരാമർശങ്ങൾ,
റോമിലെ ജാതീയ വിശ്വാസികൾ, ഏതെങ്കിലും ദിവസങ്ങളെ പ്രത്യേക നന്മയുണ്ടാകുന്ന ദിവസമായി
കരുതുന്നതിനെക്കുറിച്ച് ആകാം എന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, വിശ്വാസികൾ
ജാതീയ ആചാരങ്ങൾ പിന്തുടർന്നിരുന്നു എങ്കിൽ പൌലൊസ് അതിനെ വിലക്കിയേനെ. ഇവിടെ
അങ്ങനെയൊരു വിലക്ക് അദ്ദേഹം പറയുന്നില്ല. അതിനാൽ ദിവസങ്ങളെ ആദരിക്കുന്നത് ജാതീയ
ഉൽസവങ്ങൾ ആകുവാൻ സാദ്ധ്യതയില്ല.
“ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു”
(14:6) എന്ന വാക്യം, യഹൂദ മത വിശ്വാസവുമായി ബന്ധപ്പെട്ട പഴയനിയമത്തിൽ
പറഞ്ഞിരിക്കുന്ന ഉൽസവങ്ങളെക്കുറിച്ചാണ്. അതാണ് “കർത്താവിന്നായി ആദരിക്കുന്നു” എന്ന
വിചാരത്തോടെ യഹൂദ വിശ്വാസികൾ ആചരിച്ചിരുന്നത്. അവർ ശബ്ബത്തും ആചരിച്ചിരുന്നു എന്നു
കരുതാം. റോമിലെ വിശ്വാസികളിൽ യഹൂദന്മാർ പഴയനിയമം അനുസരിച്ചുള്ള ഉൽസവങ്ങൾ
ആചരിക്കുകയും, ജാതീയരിൽ നിന്നുള്ള വിശ്വാസികൾ അവയെ ആചരിക്കാതെ ഇരിക്കുകയും ചെയ്തു.
ഇതായിരുന്നു അന്നത്തെ സാഹചര്യം.
ഗലാത്യർ 4:10 ൽ ദിവസങ്ങളെ ആദരിക്കുന്നതിനെ പൌലൊസ് കർശനമായി
വിലക്കുന്നുണ്ട്. ദൈവത്തിന്റെ കൃപയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം
ലഭിക്കുന്ന രക്ഷയിൽ നിന്നും ന്യായപ്രമാണത്തിന്റെ അനുസരണത്തിലേക്ക് അവരുടെ ആശ്രയം
മാറിയിരിക്കുന്നു എന്നതാണ് പൌലൊസ് ഗലാത്യരെക്കുറിച്ച് പറയുന്ന വിമർശനം.
ഗലാത്യർ 4:9-11
ഇപ്പോഴോ
ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും
ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ
ഇച്ഛിക്കുന്നതു എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും
ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി
എന്നു ഞാൻ ഭയപ്പെടുന്നു.
എന്നാൽ, റോമിലെ യഹൂദ ക്രിസ്ത്യാനികൾ രക്ഷയ്ക്കായി
ന്യായപ്രമാണത്തിൽ ആശ്രയിക്കുന്നു എന്നു, റോമർക്കു എഴുതിയ ലേഖനം 14 ആം
അദ്ധ്യായത്തിന്റെ അടിസ്ഥാനത്തിൽ, നമുക്ക് പറയുവാൻ സാദ്ധ്യമല്ല. അവർ എന്തുകൊണ്ടാണ്
പഴയനിയമം അനുസരിച്ചുള്ള ഉൽസവങ്ങൾ ആചരിച്ചിരുന്നത് എന്നും നമുക്ക് വ്യക്തതയില്ല.
ഒരു പക്ഷെ, ഉൽസവങ്ങൾ ആചരിക്കുന്നതിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയും എന്നവർ
കരുതിയിരിക്കാം. “ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു”. ഈ
വിഷയത്തിൽ “ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.” എന്നതാണ് പൌലൊസിന്റെ
ഉപദേശം. അതായത്, ഓരോരുത്തൻ അവനവന്റെ മനസാക്ഷിയിൽ ദൈവനാമ മഹത്വത്തിനായി തീരും എന്നു
ഉറപ്പുള്ളതു ചെയ്യട്ടെ.
പഴയനിയമ പെരുന്നാളുകളെ ആചരിക്കുന്നത്, ദൈവത്തിന് മഹത്വം
കരേറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് എങ്കിൽ അതിനെ പൌലൊസ് എതിർക്കുന്നില്ല. എന്നാൽ
ദിവസങ്ങളെ ആദരിക്കുന്നത് തെറ്റായ വിചാരങ്ങളിൽ അടിസ്ഥാനമാക്കിയാകരുത്.
ആദരിക്കാതിരിക്കുന്നത് ദൈവ കോപത്തിന്നു കാരണം ആകുന്നില്ല. ഒരു ദിവസത്തിനും
മറ്റുള്ളവയിൽ നിന്നും യാതൊരു സവിശേഷതയും ഇല്ല. ഭക്ഷണം കഴിക്കുന്നതിലും സമാനമായ തീരുമാനമാണ്
ശരി. നമ്മൾ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും,
വേദപുസ്തകത്തിൽ വ്യക്തമായും നേരിട്ടും ഉപദേശങ്ങൾ ലഭ്യമല്ല എങ്കിൽ, ഈ പ്രമാണത്തെ
മാനദണ്ഡമാക്കാം. ഒരു ക്രിസ്തീയ വിശ്വാസി, ആചരിക്കുന്നതും, ഭക്ഷിക്കുന്നതും, പാനം
ചെയ്യുന്നതും, പ്രവർത്തിക്കുന്നതും, എല്ലാം ദൈവനാമ മഹത്വത്തിനായി തീരേണം. രക്ഷ ദൈവ
കൃപയാൽ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്നു എന്ന അടിസ്ഥാനത്തെ
നിഷേധിക്കുന്നത് ഒന്നും ആകരുതു.
രക്ഷിക്കപ്പെട്ട ഒരു വ്യക്തി അവനായി മാത്രം ജീവിക്കുകയോ,
മരിക്കുകയോ ചെയ്യുന്നില്ല. അവൻ ജീവിക്കുന്നതും,
മരിക്കുന്നതും കർത്താവിനായിട്ടാണ്. അതിനാൽ നമ്മൾ ജീവിച്ചാലും, മരിച്ചാലും
കർത്താവിന് ഉള്ളവർ ആണ്. യേശുക്രിസ്തു മരിക്കുകയും, ഉയിർക്കുകയും ചെയ്തത്
മരിച്ചവർക്കും, ജീവിച്ചിരിക്കുന്നവർക്കും, കർത്താവ് ആകേണ്ടതിനാണ്. (14:7-9).
ഒരു വിശ്വാസിയുടെ എല്ലാ തീരുമാനങ്ങളിലും യേശുക്രിസ്തുവിന് മുഖ്യസ്ഥാനം
ഉണ്ട്. അവൻ ദിവസങ്ങളെ ആചരിക്കുവാൻ തീരുമാനിക്കുന്നതിലും, ആചരിക്കുന്നില്ല എന്ന
തീരുമാനത്തിലും, ചില ഭക്ഷണങ്ങൾ കഴിക്കുന്നില്ല, അല്ലെങ്കിൽ എല്ലാം ഭക്ഷിക്കുന്നു
എന്നതിലും യേശുക്രിസ്തുവിന് മുഖ്യസ്ഥാനം ഉണ്ട്. അതിനാൽ ഒരുവൻ മറ്റുള്ളവരെ
വിധിക്കരുതു. ഈ വിഷയങ്ങളിൽ എല്ലാം ക്രിസ്തുവാണ് യഥാർത്ഥ വിധികർത്താവ്. അതിനാൽ
സകലതും ദൈവഹിത പ്രകാരം ചെയ്യട്ടെ.
ഉൽസവങ്ങളുടെ ആചാരം, ഭക്ഷണം, പാനീയം എന്നിവയിൽ പൌലൊസിന്റെ
ഉപദേശം പരിമിതപ്പെടുന്നില്ല. ഒരു വിശ്വാസിയുടെ എല്ലാ തീരുമാനങ്ങളെയും,
തിരഞ്ഞെടുപ്പുകളെയും, പ്രവർത്തികളെയും സംബന്ധിച്ച ഒരു ഉപദേശം ആണിത്. ഇത് ഒരു
വിശ്വാസിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം അല്ല. ദൈവ വചനം “അരുതു” എന്നോ “ശരി” എന്നോ വ്യക്തമായി
നേരിട്ട് പറയാത്ത വിഷയങ്ങളിൽ ആണിത് ബാധകം ആയിട്ടുള്ളത്. പൊതുവേ പറഞ്ഞാൽ, ഒരു
വിശ്വാസിയുടെ എല്ലാ തിരഞ്ഞെടുപ്പുകളും ദൈവനാമ മഹത്വത്തിനായി തീരേണം.
സഹോദരനെ
വിധിക്കരുത്
ഒരു ക്രിസ്തീയ വിശ്വാസി കൂടെയുള്ള വിശ്വാസികളെ കുറ്റം
വിധിക്കരുതു, അവനെ ധിക്കരിക്കരുത്. “ധിക്കരിക്കുന്നതു”
എന്നതിനെ നിന്ദിക്കുകയോ, അപമാനിക്കുകയോ ചെയ്യരുതു എന്നു വായിക്കാം (despise - ESV). എല്ലാ വിശ്വാസികളും ഒരിക്കൽ ദൈവത്തിന്റെ
ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും (14:10). 14:11 ആം വാക്യം പഴയനിയമത്തിൽ
നിന്നുള്ള ഒരു ഉദ്ധരണി ആണ്.
യെശയ്യാവ് 45:23
എന്നാണ എന്റെ
മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ
എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
ഫിലിപ്പിയർ
2:10-11
അങ്ങനെ
യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ
ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ
ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
14:10 ൽ പരാമർശിക്കുന്ന ദൈവത്തിന്റെ ന്യായാസനം
അന്ത്യകാലത്ത് യേശുക്രിസ്തു എല്ലാ വിശ്വാസികളേയും വിധിക്കുന്ന അവസരമാണ്.
ഇതിനെക്കുറിച്ച് കൊരിന്ത്യർക്ക് എഴുതിയ രണ്ടു ലേഖനങ്ങളിലും പൌലൊസ് പറയുന്നുണ്ട്.
1 കൊരിന്ത്യർ
3:11-15
യേശുക്രിസ്തു
എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല. ആ
അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു,
വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി
വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ
പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവൃത്തി
നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി
വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും;
എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
2 കൊരിന്ത്യർ
5:10
അവനവൻ ശരീരത്തിൽ
ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം
പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ
വെളിപ്പെടേണ്ടതാകുന്നു.
യേശുക്രിസ്തുവിന്റെ ന്യായാസനം ആരെല്ലാം ദൈവരാജ്യത്തിൽ പ്രവേശിക്കും
എന്നു തീരുമാനിക്കുന്നതല്ല. ഇത് രക്ഷിക്കപ്പെട്ട ദൈവ ജനത്തിന്റെ, ഭൂമിയിലെ
ജീവിതത്തെ വിലയിരുത്തുന്നതാണ്. ഈ അവസരത്തിൽ ക്രിസ്തു വിശ്വാസികൾക്ക് പ്രതിഫലം നല്കും.
1 കൊരിന്ത്യർ 3:8
നടുന്നവനും
നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു
ഒത്തവണ്ണം കൂലി കിട്ടും.
1 കൊരിന്ത്യർ 4:5
ആകയാൽ കർത്താവു
വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ
മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും;
അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
നമ്മൾ ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കുമ്പോൾ,
നമ്മളുടെ എല്ലാ പ്രവർത്തികളുടെയും കണക്ക് ബോധിപ്പിക്കേണ്ടി വരും. നമ്മൾ ചെയ്തതും
പറഞ്ഞതും എല്ലാം ദൈവത്തോട് വിശദീകരിക്കേണ്ടിവരും (14:12). അതുകൊണ്ടു നമ്മൾ
അന്യോന്യം വിധിക്കരുതു. കൂടെയുള്ള വിശ്വാസികൾക്ക് ഇടർച്ചയോ തടങ്ങലോ
വെക്കാതിരിപ്പാൻ ശ്രദ്ധിക്കേണം (14:13). അവർ നമ്മൾ നിമിത്തം വിശ്വാസത്തിൽനിന്നും വീണുപോകുവാൻ
ഇടയാകരുത്.
കൊലൊസ്സ്യർ
2:16-17
അതുകൊണ്ടു
ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ
വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ
ക്രിസ്തുവിന്നുള്ളതു.
യാതൊന്നും
മലിനമല്ല
ഒരു ഭക്ഷണവും സ്വതവേ മലിനമല്ല എന്നു 14:14 ൽ പൌലൊസ്
സാക്ഷ്യപ്പെടുത്തുന്നു. അതായത് ഒരു ക്രിസ്തീയ വിശ്വാസിക്കു ഏത് ഭക്ഷണവും കഴിക്കാം.
ഇത് “കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു” എന്നാണ് പൌലൊസ് പറയുന്നത്.
എന്നാൽ ഏതെങ്കിലും ആഹാര പദാർത്ഥത്തെ മലിനം എന്നു ആരെങ്കിലും കരുതുന്നു എങ്കിൽ,
അവന് മാത്രം അത് മലിനം ആയിരിക്കും. അത് ദൈവ വചനം നിമിത്തമല്ല, അവന്റെ മനസാക്ഷി
നിമിത്തമാണ്. ഭക്ഷണത്തിന്റെ വിഷയത്തിൽ കൂടെയുള്ള വിശ്വാസികളെ വ്യസനിപ്പിക്കരുത്.
അങ്ങനെ കൂടെയുള്ള വിശ്വാസിക്കു വ്യസനം ഉണ്ടാക്കിയാൽ, നമുക്ക് അവനോടു സ്നേഹം ഇല്ല
എന്നു വരും. യേശുക്രിസ്തു എല്ലാവർക്കും വേണ്ടിയാണ് മരിച്ചത് എന്നതിനാൽ, ചില
ഭക്ഷണത്തെ മലിനം എന്നു കരുതുന്ന വിശ്വാസിയുടെ ആത്മീയ ജീവിതത്തെ നശിപ്പിക്കരുത്.
എല്ലാം ഭക്ഷണവും കഴിക്കാം എന്ന നമ്മളുടെ അഭിപ്രായം ബലഹീനരായ വിശ്വാസികളുടെ
ആത്മീയത്തെ തകർക്കരുത്. യേശുക്രിസ്തു അവന് വേണ്ടിയും കൂടെയാണ് മരിച്ചത് (14:15).
നമ്മൾ നന്മ എന്നു കണക്കിടുന്നവയാൽ, മറ്റുള്ളവർ നമുക്ക് എതിരെ ദൂഷണം പറയുവാൻ
ഇടയാകരുത് (14:16). അതായത് ന്യായപ്രമാണത്തിൽ നിന്നും ക്രിസ്തു നമുക്ക്
സ്വാതന്ത്ര്യം നല്കിയിരിക്കുന്നു എന്ന നന്മ, ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ, അതിനാൽ മറ്റുള്ളവർ
നമുക്ക് എതിരെ ദൂഷണം പറയുവാൻ ഇടയാകരുത്.
ദൈവരാജ്യം എന്ത് ഭക്ഷിക്കേണം, എന്ത് പാനം ചെയ്യേണം
എന്നിവയെക്കുറിച്ച് അല്ല. നമ്മൾ ക്രിസ്തുവിൽ ആയിരിക്കുന്നത് ഭക്ഷിക്കുവാനും പാനം
ചെയ്യുവാനും അല്ല. ഇതൊന്നുമല്ല ദൈവരാജ്യത്തിന്റെ സത്ത. ദൈവരാജ്യത്തിന്റെ സവിശേഷത,
അവിടെ നമ്മൾ സമാധാനവും, സന്തോഷവും അനുഭവിക്കുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ
സാന്നിദ്ധ്യം നമ്മളോടുകൂടെ ഉള്ളതുകൊണ്ടാണ്. അതിനാൽ വിശ്വാസികൾക്കിടയിൽ, ഭക്ഷണം,
പാനീയം എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ ഉപേക്ഷിക്കുക. പകരം, ദൈവീക നീതിയും
സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും നിറയട്ടെ. ഇങ്ങനെ യേശുക്രിസ്തുവിനെ സേവിക്കുക.
“ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു
കൊള്ളാകുന്നവനും തന്നേ.” (14:18).
ഇതിന്റെയർത്ഥം വിശ്വാസത്തിൽ ബലവാന്മാർ ആയവർ അവരുടെ
കാഴ്ചപ്പാടുകൾ ഉപേക്ഷിക്കേണം എന്നല്ല. അവർ ക്രിസ്തുവിൽ, ന്യായപ്രമാണത്തിൽ
നിന്നുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നു. എന്നാൽ അത് വിശ്വാസത്തിൽ ബലഹീനർ ആയവരെ
അവരുടെ മനസാക്ഷിക്ക് എതിരായി ഭക്ഷിക്കുവാനും, പാനം ചെയ്യുവാനും നിർബന്ധിക്കുന്നത്
ആകരുതു. അങ്ങനെ നിർബന്ധിച്ചാൽ, ബലഹീന വിശ്വാസികൾ ചിലപ്പോൾ വീണുപോകുവാൻ
സാധ്യതയുണ്ട്.
ക്രിസ്തീയ വിശ്വാസികൾ എപ്പോഴും അന്യോന്യം സമാധാനത്തിനും,
ആത്മികവർദ്ധനെക്കും വേണ്ടി പ്രവർത്തിക്കേണം. കൂടെയുള്ള വിശ്വാസിയുടെ ആത്മീയ
ജീവിതത്തിന്റെ സമൃദ്ധിക്കായി യത്നിക്കേണം. ദൈവത്തിന്റെ പ്രവർത്തികളെ ഭക്ഷണം,
പാനീയം, വിശേഷ ദിവസങ്ങൾ എന്നിവ നിമിത്തം തകർക്കരുത്. എല്ലാ ഭക്ഷണവും ശുദ്ധം തന്നെ.
എങ്കിലും ഒരുവന്റെ വിശ്വാസത്തിന് ഇടർച്ച വരുത്തുമെങ്കിൽ, അത് തിന്നുന്നത്
ദോഷമത്രേ. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന
യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു. (14:19-21).
14:20 ലെ “അഴിക്കരുതു” എന്നത് ഇംഗ്ലീഷ് ൽ “destroy” എന്നാണ്. ഈ വാക്കിന്റെ ഗ്രീക്ക് പദം, “കറ്റാലുഒ” എന്നാണ് (katalyō, kat-al-oo'-o). ഈ വാക്കിന്റെ അർത്ഥം,
കൂട്ടിച്ചേർക്കപ്പെട്ടതിനെ തകർക്കുക, ഒരുമ ഇല്ലാതെയാക്കുക, എന്നിങ്ങനെയാണ് (destroy
what has been joined together, dissolve, disunite). ഇവിടെ ഭക്ഷണം നിമിത്തം ദൈവനിർമ്മാണമായ സഭയെ തകർക്കരുത് എന്നാണ് പൌലൊസ്
ഉദ്ദേശിക്കുന്നത്.
അവസാന വാക്ക്
14:19 മുതലുഉള്ള വാക്യങ്ങളിൽ, ഭക്ഷണം, പാനീയം, സവിശേഷ
ദിവസങ്ങൾ എന്നിവയെക്കുറിച്ചുള്ള പൌലൊസിന്റെ അഭിപ്രായങ്ങൾ അദ്ദേഹം ഉപസംഹരിക്കുന്നു.
വിശ്വാസത്തിൽ ബലവാന്മാർ ആയവർ അവരുടെ സ്വാതന്ത്ര്യം ബലഹീനരുടെ വിശ്വാസത്തിന് ഇടർച്ച
വരുത്തുമാറ് ഉപയോഗിക്കരുത്. ഉദാഹരണത്തിന്, ബലഹീന വിശ്വാസിക്കു ഇടർച്ച വരും എങ്കിൽ,
ചില ഭക്ഷണങ്ങൾ കഴിക്കാതെയിരിക്കേണം. അതായത് വിശ്വാസത്തിൽ ബലവാന്മാർ, ബലഹീനരെ കൂടെ
കരുതുന്നവർ ആയിരിക്കേണം. അതിനാൽ പൌലൊസിന്റെ ഉപദേശം ഇങ്ങനെ സംഗ്രഹിക്കാം, “മാംസം
തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും
ചെയ്യാതെയും ഇരിക്കുന്നതു നല്ലതു” (14:21).
എന്നാൽ, വിശ്വാസത്തിൽ ബലഹീനരോടുള്ള കരുതൽ, മറ്റുള്ളവരുടെ ക്രിസ്തുവിലുള്ള
സ്വതന്ത്ര്യത്തെ നിഷേധിക്കുന്നത് ആകേണം എന്നു പൌലൊസ് ഉദ്ദേശിക്കുന്നില്ല. ബലഹീനർ
എന്നും ബലഹീനർ ആയി തുടരേണം എന്നു അദ്ദേഹം പറയുന്നില്ല. അവരും, ന്യായപ്രമാണത്തിൽ
നിന്നും യേശുക്രിസ്തു നമുക്ക് നല്കിയ സ്വതന്ത്ര്യത്തെക്കുറിച്ച് ഉറപ്പുള്ളവർ
ആകേണം. ഈ സത്യത്തിലേക്കും, ഉറപ്പിലേക്കും, ബലഹീനർ വളരേണം. വിശ്വാസികൾ നിയമ
സിദ്ധാന്തത്തിലേക്ക് (legalism) വീഴേണം എന്നല്ല അദ്ദേഹം പറയുന്നത്.
വിശ്വാസത്തിൽ ബലവാന്മാർ ആയവർ, ന്യായപ്രമാണത്തിൽ നിന്നും ലഭിച്ച, ക്രിസ്തുവിൽ ഉള്ള
സ്വതന്ത്ര്യത്തെ ഉപേക്ഷിക്കേണം എന്നും പൌലൊസ് ഉദ്ദേശിക്കുന്നില്ല. 1 തിമൊഥെയൊസ്
4:4, കൊലൊസ്സ്യർ 2:16-23, 1 കൊരിന്ത്യർ 10:31, എന്നീ വാക്യങ്ങൾ ഇതിനോടൊപ്പം
ചേർത്തു വായിക്കേണ്ടതാണ്.
അതിനാൽ, ഈ വിഷയങ്ങളിൽ ഒരുവന് ഉള്ള വിശ്വാസം അവനും ദൈവവും
തമ്മിലായിരിക്കട്ടെ. അവന് മനസാക്ഷിയിൽ ശരിയെന്ന് തോന്നുന്നത് അവൻ
പ്രവർത്തിക്കട്ടെ. “താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.”
(14:22). അതായത്, ഒരുവന് ശരിയെന്ന് ബോധ്യമുള്ളത് പ്രവർത്തിക്കുന്നതിൽ, അവന് തന്നെ കുറ്റം
തോന്നാതെ ഇരിക്കട്ടെ. എന്നാൽ മനസാക്ഷിയ്ക്ക് വിരുദ്ധമായി ഭക്ഷിക്കുകയും പാനം
ചെയ്യുകയും ചെയ്യുന്നവൻ അതിൽ കുറ്റക്കാരൻ ആകുന്നു. കാരണം അവന്റെ പ്രവർത്തി
വിശ്വാസത്തിൽ നിന്നും ഉൽഭവിച്ചില്ല. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും
പാപമത്രേ. (14:23). “പാപമത്രേ” എന്നതിന് അവൻ ക്രിസ്തീയ വിശ്വാസി അല്ലാതെ
ആയിത്തീരും എന്ന അർത്ഥം ഇല്ല. ഇവിടെ വിശ്വാസം എന്നു പൌലൊസ് ഉദ്ദേശിക്കുന്നത്,
യേശുക്രിസ്തു അവനിൽ വിശ്വസിക്കുന്നവർക്ക്, ന്യായപ്രമാണത്തിൽ നിന്നും നല്കിയ
സ്വതന്ത്ര്യത്തെക്കുറിച്ചുള്ള വിശ്വാസം ആണ്. ഈ വിശ്വാസം ഉള്ളവനാണ്, “മനുഷ്യന്റെ
അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല” എന്ന പുതിയനിയമ
പ്രമാണം ബാധകമാകുന്നത് (മർക്കോസ് 7:15).




No comments:
Post a Comment