റോമർ, അദ്ധ്യായം 11

അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിന്റെ 9-11 വരെയുള്ള ഭാഗങ്ങളിൽ വിശദീകരിക്കുന്ന, ദൈവീക പദ്ധതിയിൽ യിസ്രായേലിന്റെ പങ്ക് എന്താണ് എന്ന വിഷയത്തിന്റെ പരിസമാപ്തിയാണ് 11 ആം അദ്ധ്യായം. ഒരു ജനസമൂഹം എന്ന നിലയിൽ യിസ്രായേൽ, യേശു എന്ന മശീഹയെ തള്ളിക്കളഞ്ഞു എങ്കിലും, ഒരു ശേഷിപ്പു അവനിൽ വിശ്വസിച്ച് രക്ഷപ്രാപിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി. എങ്കിലും ദൈവത്തിന്റെ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ജാതീയരിൽ ഒരു കൂട്ടർ (യഹൂദന്മാർ അല്ലാത്തവർ), ക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷയിലേക്ക് വന്നുകഴിയുമ്പോൾ, ദൈവം യിസ്രായേലിനെയും മടക്കി വരുത്തും. അപ്പോൾ യിസ്രായേൽ യേശുവിനെ മശീഹയായി സ്വീകരിക്കും. ദൈവം അവരുമായുള്ള ഉടമ്പടി പുതുക്കും.   

 
യിസ്രായേലിന്റെ ഭാവി

 

യിസ്രായേലിന്റെ ഭാവി എന്നതാണ് റോമർ 11 ആം അദ്ധ്യായത്തിലെ മുഖ്യ വിഷയം. 1-12 വരെയുള്ള ഭാഗത്ത്, ക്രിസ്തുവിനെ തിരസ്കരിച്ചതിന്റെ അനന്തര ഫലം എന്താണ് എന്നു വിശദീകരിക്കുന്നു. ദൈവം സ്വന്തജനത്തെ തള്ളിക്കളഞ്ഞുവോ എന്ന ചോദ്യത്തോടെയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. അതിനുള്ള മറുപടി “ഒരു നാളും ഇല്ല” എന്നാണ്. “ഒരു നാളും ഇല്ല” എന്നതിന് സമാനമായ പദപ്രയോഗം പൌലൊസ് മുമ്പ് പല ചോദ്യങ്ങൾക്കും മറുപടിയായി ഉപയോഗിച്ചിട്ടുണ്ട്. (6:1, 9:14). ഇത് ഗ്രീക്ക് ഭാഷയിൽ, വളരെ ഉറപ്പുള്ള, മാറ്റമില്ലാത്ത, എന്ന ആശയം വിനിമയം ചെയ്യുന്നു. ഒരിക്കലും, യാതൊരു സാഹചര്യത്തിലും, ഒരു കാലത്തും ദൈവം യിസ്രായേലിനെ തള്ളിക്കളയുക ഇല്ല. 11:1 ൽ, ദൈവത്തിന്റെ “സ്വജനത്തെ” എന്നാണ് പൌലൊസ് യിസ്രായേലിനെ വിശേഷിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തമായതിനെ അവൻ തള്ളിക്കളയുകയില്ല. പൌലൊസും, അബ്രഹാമിന്റെ സന്തതിയായി, ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ ആണ്.

 

ദൈവത്തിന് യിസ്രായേൽ ജനത്തെക്കുറിച്ച് ശ്രേഷ്ഠമായ ഒരു പദ്ധതി ഉണ്ടായിരുന്നു. അതിനായി ദൈവം യേശുക്രിസ്തുവിനെ അവരുടെ ഇടയിലേക്ക്, മശീഹയായി അയച്ചു. ക്രിസ്തു അവർക്ക് കൃപയും, രക്ഷയും, നീതീകരണവും വാഗ്ദത്തം ചെയ്തു. എന്നാൽ യഹൂദന്മാർ അവനെ തിരസ്കരിച്ചു. അവർ ദൈവത്തിന്റെ പദ്ധതിയെ തന്നെ നിരസിച്ചു. അവർ ക്രിസ്തുവിനെ ക്രൂശിച്ചു കൊല്ലുവാനായി ജാതീയനായ റോമൻ ഭരണാധികാരിയുടെ കൈയിൽ എൽപ്പിച്ചു കൊടുത്തു. യേശുക്രിസ്തു മരിച്ചു, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗാരോഹരണം ചെയ്തു. എന്നിട്ടും യഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിച്ചില്ല.

 

ഈ സംഭവങ്ങൾ കാണുമ്പോൾ, യിസ്രായേലിനെക്കുറിച്ചുള്ള ദൈവീക പദ്ധതി പരാജയപ്പെട്ടു എന്നും, ദൈവം അവരെ തള്ളിക്കളഞ്ഞു എന്നും തോന്നാം. എന്നാൽ അവരെക്കുറിച്ചുള്ള ദൈവീക പദ്ധതി ഒരുനാളും ഇല്ലാതെയാകുക ഇല്ല. ദൈവത്തിന്റെ ഒരു വിചാരവും ഒരിക്കലും പരാജയപ്പെടുകയില്ല എന്നതിനാൽ, യഹൂദന്മാരെക്കുറിച്ചും അവന് ഉന്നതമായ പദ്ധതി ഇപ്പോഴും ഉണ്ട്. യഹൂദന്മാർ അവിശ്വസിച്ചേക്കാം, അതിന് അവർ ഒരു പക്ഷെ ശിക്ഷിക്കപ്പെട്ടേക്കാം, എന്നാൽ അന്ത്യത്തിൽ അവരെക്കുറിച്ചുള്ള ദൈവീക പദ്ധതി സമ്പൂർണ്ണമായി നിവർത്തിക്കപ്പെടും.

 

ദൈവം യിസ്രായേലിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നതിന്റെ ഒരു ഉദാഹരണം ആണ് പൌലൊസിന്റെ മാനസാന്തരം, അവൻ അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ ആണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന പ്രചാരകൻ പൌലൊസ് ആയിരുന്നു. എങ്കിലും അദ്ദേഹം യഹൂദ വേരുകളെ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല.

 

11:2-4 വരെയുള്ള വാക്യങ്ങളിൽ ദൈവം മുന്നറിഞ്ഞ യിസ്രായേലിനെ അവൻ തള്ളിക്കളഞ്ഞിട്ടില്ല എന്നു പൌലൊസ് എഴുതി. “മുന്നറിഞ്ഞിട്ടുള്ള” (foreknew) എന്നതിന് ദീർഘകാലമായുള്ള അഗാധവും ദൃഡവുമായ ബന്ധം എന്ന അർത്ഥമാണ് ഉള്ളത്. ഇങ്ങനെയുള ഒരു ബന്ധം ദൈവവും യിസ്രായേലും തമ്മിലുണ്ട്. അതിനാൽ “ഒരു നാളും ഇല്ല” എന്ന പൌലൊസിന്റെ മറുപടിക്ക് കൂടുതൽ ശക്തിയുണ്ട്.

 

ആമോസ് 3:2

ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.

 

സങ്കീർത്തനം 94:14

യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.

 

1 ശമുവേൽ 12:22

യഹോവ തന്റെ മഹത്തായ നാമം നിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.

 

“ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?” എന്ന പൌലൊസിന്റെ ചോദ്യത്തിലെ “തിരുവെഴുത്ത്” പഴയനിയമ ന്യായപ്രമാണവും പ്രവാചകന്മാരും ആണ്. തിരുവെഴുത്തു അദ്ദേഹം പറയുന്ന കാര്യങ്ങൾക്കു ആധികാരികത നല്കുന്നു. 

 

1 രാജാക്കന്മാർ 19 ആം അദ്ധ്യായത്തിൽ ആണ് പൌലൊസ് ഇവിടെ എടുത്തു പറയുന്ന ഏലീയാവിന്റ്റെ ജീവിതത്തിലെ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. കർമ്മേൽപർവ്വതത്തിൽ സ്വർഗ്ഗത്തിൽ നിന്നും തീയിറക്കി യാഗത്തെ ദഹിപ്പിച്ചതിന് ശേഷം ബാലിന്റെ 450 പ്രവാചകന്മാരെ പിടിച്ചു കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു അവരെ വെട്ടിക്കൊന്നു. ഇതറിഞ്ഞ യിസ്രായേൽ രാജ്യത്തിന്റെ രാജാവായ ആഹാബിന്റെ പത്നി ഈസേബെൽ, പ്രവാചകനായ ഏലീയാവിനെ ഉടൻ കൊല്ലും എന്നു ഭീഷണി മുഴക്കി. ഇത് അറിഞ്ഞ എലീയാവ് ബേർ-ശേബയിലേക്ക് ജീവരക്ഷെക്കായി ഓടിപ്പോയി. അവിടെ നിന്നും ഒരു ദിവസത്തെ വഴി മരുഭൂമിയിലൂടെ മുന്നോട്ട് പോയി, ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു. അവിടെ രണ്ട് പ്രാവശ്യം ഒരു ദൂതൻ അവന് ആഹാരം കൊടുത്തു. അതിന്റെ ബലത്തിൽ നാല്പതു പകലും നാല്പതു രാവും നടന്നു ഹോരേബിൽ എത്തി. അവിടെ അവൻ ഒരു ഗുഹയിൽ രാത്രി ചിലവഴിച്ചു. അപ്പോൾ അവന്നു യഹോവയുടെ പ്രത്യക്ഷത ഉണ്ടായി. അവനോടു ദൈവം ചോദിച്ചു: “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം” (1 രാജാക്കന്മാർ 19:9). അതിന് ഏലീയാവ് ഇങ്ങനെ മറുപടി പറഞ്ഞു:

 

1 രാജാക്കന്മാർ 19:10

അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.

 

യിസ്രായേൽമക്കൾ യഹോവയുടെ നിയമത്തെ ഉപേക്ഷിച്ചു, പ്രവാചകന്മാരെ കൊന്നു, യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു. ഇപ്പോൾ ഏലീയാവ് ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു. അവനെയും കൊല്ലുവാൻ ഈസേബെൽ പദ്ധതിയിടുന്നു. ഇതായിരുന്നു ഏലീയാവിന്റ്റെ വിലാപം. എന്നാൽ ദൈവം കൊടുത്ത മറുപടി ഇങ്ങനെയാണ്:

 

1 രാജാക്കന്മാർ 19:18 

എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.

 

അതുപോലെ, ഈ കാലത്തും  കൃപയാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് പ്രകാരം രക്ഷിക്കപ്പെട്ട ഒരു ശേഷിപ്പു യിസ്രായേൽ ജനത്തിന്റെ ഇടയിൽ ഉണ്ട്. (റോമർ 11:5). അവർ പ്രവർത്തികളാൽ തിരഞ്ഞെടുക്കപ്പെട്ടവർ അല്ല. രക്ഷിക്കപ്പെട്ട യിസ്രായേല്യരും, ജാതീയരെപ്പോലെ ദൈവ കൃപയാൽ രക്ഷയെ ദൈവത്തിന്റെ ദാനമായി ലഭിച്ചവർ ആണ്. അടുത്ത വാക്യം ഈ സത്യത്തെ ഉറപ്പിക്കുന്നതാണ്. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (11:6). ദൈവ കൃപയാലുള്ള രക്ഷയെ പ്രവർത്തികളുമായി കൂട്ടിക്കുഴയ്ക്കുവാൻ സാദ്ധ്യമല്ല. ഒന്നുകിൽ രക്ഷ പ്രവർത്തികളാൽ ലഭിക്കുന്നു, അല്ലെങ്കിൽ കൃപയാൽ വിശ്വാസം മൂലം ലഭിക്കുന്നു. ഇത് രണ്ടിന്റേയും ഇടയ്ക്ക് ഒരു സമ്മിശ്രമാർഗ്ഗം ഇല്ല.

 

കൃപയ്ക്ക് ആരും ഒരു വിലയും നൽകേണ്ടതില്ല. ഒരുവന്റെ പ്രവർത്തികൾ ദൈവ കൃപ ലഭിക്കുവാൻ സഹായമാകും എന്നത് ഒരു സ്വയം വൈരുദ്ധ്യമായ ആശയം ആണ് (self-contradicting idea). പ്രവർത്തിയാൽ ലഭിക്കുന്ന കൃപ, കൃപയല്ല. പ്രവർത്തിയാൽ അധിഷ്ഠിതമായ രക്ഷ കൃപയാൽ ലഭിക്കുന്ന രക്ഷയല്ല. രക്ഷ ദൈവ കൃപയാൽ മാത്രം ലഭിക്കുന്നു. പ്രവർത്തിയിലുള്ള ആശ്രയം കൃപയുടെ തിരസ്കരണം ആണ്. അതിനാൽ രക്ഷയിൽ പ്രവർത്തിയ്ക്ക് യാതൊരു സ്ഥാനവും ഇല്ല. രക്ഷ ഒരുവന്റെ പ്രവർത്തിയാൽ ലഭിക്കുകയില്ല എന്നു പൌലൊസ് മുൻ അദ്ധ്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട് (റോമർ 3:10, 20). 

കഠിനപ്പെട്ട യിസ്രായേൽ

 

അവർ ആഗ്രഹിച്ചത് പ്രാപിക്കുവാൻ യിസ്രായേലിന് കഴിഞ്ഞില്ല (11:7). എന്നാൽ ദൈവം തിരഞ്ഞെടുത്തവർക്ക് അത് ലഭിച്ചു. ശേഷിച്ചവർ കഠിനഹൃദയരായി തുടർന്നു (11:7). പൌലൊസിന്റെ കാലത്ത് യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ട യഹൂദന്മാരും, ക്രിസ്തുവിന്റെ സുവിശേഷത്തെ തിരസ്കരിച്ച കഠിനഹൃദയരും ഉണ്ടായിരുന്നു. രക്ഷിക്കപ്പെട്ടവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു. കൃപയാൽ ദൈവം അവരെ രക്ഷിച്ചു.

 

11:7 ആരംഭിക്കുന്നത്, “ആകയാൽ എന്തു?” എന്നു ചോദിച്ചുകൊണ്ടാണ്. ഈ ചോദ്യം അദ്ദേഹം ചോദിക്കുന്നത്, യിസ്രായേൽ ജനത്തെ ദൈവം ഒരുനാളും തള്ളിക്കളയുകയില്ല എന്നും എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ഒരു ചെറിയ കൂട്ടം യിസ്രായേല്യർ മാത്രമേ രക്ഷിക്കപ്പെട്ടുള്ളൂ എന്നും, പ്രസ്താവിച്ചതിന് ശേഷമാണ്. അദ്ദേഹത്തിന്റെ ഈ വാദങ്ങളുടെ വിവക്ഷ (implication) എന്താണ്? ദൈവത്തിന്റെ കൃപയെക്കുറിച്ച് അദ്ദേഹം മുമ്പ് എഴുതിയ കാര്യങ്ങളുമായി ഇത് എങ്ങനെ ചേർന്നു പോകുന്നു. ഈ ചോദ്യത്തിന് ഉത്തരമായി പൌലൊസ് ആവർത്തിച്ചു പറയുന്നു, “യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല”. ഇതുതന്നെയാണ് റോമർ 9:31 ലും അദ്ദേഹം എഴുതിയത്, “നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.” നീതീകരിക്കപ്പെടേണ്ടതിനായി യിസ്രായേൽ ന്യായപ്രമാണം അനുസരിക്കുവാൻ ശ്രമിച്ചു. പക്ഷെ പ്രമാണങ്ങൾ പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ പ്രവർത്തികളിലൂടെ നീതീകരണം പ്രാപിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

 

എന്നാൽ യിസ്രായേല്യരിൽ “തിരഞ്ഞെടുക്കപ്പെട്ടവർ” നീതീകരണം പ്രാപിച്ചു എന്നും പൌലൊസ് പറയുന്നു (11:7). “തിരഞ്ഞെടുക്കപ്പെട്ടവർ” എന്നതിൽ രണ്ട് ആശയങ്ങൾ ഉണ്ട്. ദൈവം രക്ഷയ്ക്കായി തിരഞ്ഞെടുത്ത യഹൂദന്മാർ വിശ്വാസം മൂലം രക്ഷ പ്രാപിച്ചു. “തിരഞ്ഞെടുക്കപ്പെട്ടവർ” എന്ന വാക്ക് പൊതുവേ ഒരു പ്രത്യേക വിഭാഗത്തെ സൂചിപ്പിക്കുന്നില്ല. അതിൽ യഹൂദനും, ജാതീയനും ഉണ്ട്. രണ്ട് കൂട്ടർക്കും ദൈവ കൃപയാൽ, വിശ്വാസം മൂലമാണ് നീതീകരണം ലഭിച്ചത്. എന്നാൽ 11:7 ൽ പൌലൊസ് എഴുതുന്നതു യഹൂദന്മാരിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചാണ്.

 

യഹൂദന്മാരിൽ, തിരഞ്ഞെടുക്കപ്പെട്ടവർ, ദൈവ കൃപയാൽ, ക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷ പ്രാപിച്ചു എങ്കിലും ശേഷിച്ചവരുടെ ഹൃദയം സുവിശേഷത്തോട് കഠിനമായി. ഇങ്ങനെ ഹൃദയം കഠിനമാകുന്നതിനെക്കുറിച്ച് പൌലൊസ് റോമർ 9 ൽ വിശദമായി എഴുതിയിട്ടുണ്ട്.  

 

11:8-10 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് അദ്ദേഹത്തിന്റെ വാദങ്ങളുടെ പിൻബലത്തിനായി പഴയനിയമത്തിൽ നിന്നും ചില വാക്യങ്ങൾ ഉദ്ധരിക്കുന്നു.

 

ആവർത്തനം 29:3

എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

 

യെശയ്യാവ് 29:10

യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.

 

ദൈവം അവർക്ക് തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും നല്കിയിട്ടില്ല. അവർ ഒരു ഗാഡനിദ്രയിൽ ആയിരിക്കുന്നു. അവരുടെ കണ്ണുകളെ യഹോവയായ ദൈവം അടെച്ചിരിക്കുന്നു. ദൈവം പ്രവാചകന്മാർക്കും ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു. അതിനാൽ ദൈവം ഒരുക്കിയ രക്ഷാമാർഗ്ഗം അവർക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞില്ല.

 

11:9-10 വാക്യങ്ങളിൽ പൌലൊസ് സങ്കീർത്തനം 69:22-23 വരെയുള്ള വാക്യങ്ങൾ എടുത്തെഴുതുന്നു.

 

സങ്കീർത്തനം 69:22-23

അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.

 

ശത്രുക്കളുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രതികാരം ഉണ്ടാകുന്നതിനെക്കുറിച്ചാണ് ദാവീദ് രാജാവ് ഇവിടെ എഴുതിയത്. അവന്റെ ശത്രുക്കൾ ഒരു വിരുന്നിന് ഇരിക്കുന്നവരെപ്പോലെയാണ്. അവർ സുരക്ഷിതർ ആണ് എന്നു അവർ കരുതുന്നു. അതിനാൽ അവർ സന്തോഷവാന്മാർ ആണ്. എന്നാൽ അവർ തിരിച്ചറിയും മുമ്പേ ശത്രുക്കളൾക്ക് അവരെ ആക്രമിക്കാം.

 

ഈ സാഹചര്യത്തെ, ക്രിസ്തുവിന്റെ സുവിശേഷം നിരസിച്ച യഹൂദന്മാരുടെ അവസ്ഥയോട് പൌലൊസ് താരതമ്യപ്പെടുത്തുന്നു. അവർ സുരക്ഷിതരാണ് എന്നു ചിന്തിച്ചുകൊണ്ടു സന്തോഷത്തോടെ ആയിരിക്കുന്നു. എന്നാൽ അവർ ഒരു കെണിയിൽ അകപ്പെട്ടവരെപ്പോലെയാണ്. സത്യത്തെ അറിയുവാൻ കഴിയാത്ത ദിവസങ്ങൾ വരുന്നു. അവർ അന്ധരെപ്പോലെയാകും. ഒരു വലിയ ഭാരം വഹിക്കുന്നവരെപ്പോലെ അവരുടെ അര എപ്പോഴും ആടുമാറാകും. “അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നാണ് റോമർ 11:10 ൽ എഴുതിയിരിക്കുന്നത്. ഇത് അവർക്കു ബലക്ഷയം ഉണ്ടാകട്ടെ എന്ന അർത്ഥത്തിൽ ആകാം. ഈ വാക്യങ്ങളുടെ പൊതുവേയുള്ള അർത്ഥം, ക്രിസ്തുവിനെ വിശ്വസിച്ചു രക്ഷ പ്രാപിക്കാത്ത യിസ്രായേൽ ജനത്തിന് വലിയ തകർച്ച ഉണ്ടാകും, എന്നാണ്.  

 

യിസ്രായേലിന്റെ ഇടർച്ച

 

ഈ വാദങ്ങൾക്ക് തുടർച്ചയായി, “അവർ വീഴേണ്ടതിന്നോ ഇടറിയതു” എന്നു 11:11 ൽ പൌലൊസ് ചോദിക്കുന്നു. അവർ ക്രിസ്തു എന്ന കല്ലിൽ തട്ടി ഇടറുവാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്? (റോമർ 9:32-33). അവർ എന്നന്നേക്കുമായി ഇടറി വീഴേണം എന്നു ദൈവം ആഗ്രഹിച്ചുവോ? ഇവിടെയും ഈ ചോദ്യത്തിനുള്ള ഉത്തരമായി പൌലൊസ് പറയുന്നത്, “ഒരു നാളും അല്ല” എന്നാണ്. യഹൂദന്മാരുടെ സുവിശേഷത്തോടുള്ള തിരസ്കരണം ഒരു ഇടർച്ചമാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. യിസ്രായേൽ എന്നന്നേക്കുമായി വീണുപോയിട്ടില്ല.

 

യിസ്രായേൽ ക്രിസ്തു എന്ന ഇടർച്ചക്കല്ലിൽ തട്ടി ഇടറിപ്പോയതിന് പിന്നിൽ ഒരു ദൈവീക ഉദ്ദേശ്യം ഉണ്ട്. അവരുടെ തിരസ്കരണം ഒരു വ്യക്തി എന്ന നിലയിൽ അല്ല, ഒരു ജന സമൂഹം എന്ന നിലയിൽ ആണ് സംഭവിച്ചിരിക്കുന്നത്. അവരുടെ ലംഘനം കാരണം രക്ഷ ജാതികളിലേക്ക് ഇറങ്ങിച്ചെന്നു. ജാതികൾ രക്ഷിക്കപ്പെടുവാൻ ഇടയായി. ദൈവം ജാതീയർക്ക് ക്രിസ്തുവിന്റെ സുവിശേഷം മൂലം വരുത്തിയ അനുഗ്രഹം യഹൂദന്മാർ കാണും. ഇത് യഹൂദന്മാർക്ക് എരിവ് വരുത്തേണ്ടതിനായി സംഭവിച്ചിരിക്കുന്നു. യിസ്രായേലിന്റെ എരിവ്, അവരിൽ അനേകർ ക്രിസ്തുവിനെ സ്വീകരിക്കുവാൻ ഇടയാക്കും.

 

റോമർ 10:19

എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.

 

യിസ്രായേൽ സുവിശേഷത്തെ തിരസ്കരിച്ചതിനാൽ, ലോകത്തിന് ക്രിസ്തു എന്ന ധനം ലഭിച്ചു. യിസ്രായേലിന്റെ നഷ്ടം ജാതികൾക്ക് സമ്പത്ത് ആയി. അതിനാൽ യിസ്രായേലിന്റെ യഥാസ്ഥാനം സകലർക്കും – യിസ്രായേല്യർക്കും, ജാതീയർക്കും ഒരുപോലെ – വലിയ അനുഗ്രഹമായിരിക്കും.

 

11:12 ൽ പൌലൊസ് മറ്റൊരു വാദം കൂടി മുന്നോട്ട് വയ്ക്കുന്നു. യിസ്രായേലിന്റെ തിരസ്കരണം, ദൈവീക രക്ഷയും മഹത്വവും ജാതികളിലേക്ക് എത്തിച്ചേരുവാൻ കാരണമായി എങ്കിൽ, അവരുടെ ക്രിസ്തുവിൽ ഉള്ള യഥാസ്ഥാനം കാരണം എത്ര അധികം ദൈവീക മഹത്വം ക്രിസ്തുവിൽ വിശ്വസിക്കുന്ന സകല മനുഷ്യർക്കും ലഭിക്കും. എന്താണ് സകല മനുഷ്യർക്കും ലഭിക്കുവാനിരിക്കുന്ന ദൈവീക മഹത്വം എന്നത് 11:15 ൽ പൌലൊസ് വിശദീകരിക്കുന്നുണ്ട്.

 

അനേകം യഹൂദന്മാർ യേശുക്രിസ്തുവിനെ മശീഹയായി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. അവർക്ക് സംഭവിക്കുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് പൌലൊസ് 11:7-10 വരെയുള്ള വാക്യങ്ങളിൽ പറയുന്നു. എന്നാൽ ഇതിന്റെ അർത്ഥം ദൈവം അവരെ എന്നന്നേക്കുമായി കൈവിട്ടു എന്നല്ല. ദൈവത്തിന്റെ യിസ്രായേൽ ജനത്തിനുവേണ്ടിയുള്ള പദ്ധതി തുടരുകയാണ്. യിസ്രായേൽ ജനത്തിന് അവരുടെ ഇപ്പോഴുള്ള ഇടർച്ചയിൽ നിന്നും ഒരു മടങ്ങി വരവ് ഉണ്ടാകും. അവർ വീണ്ടും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആകും. എന്നാൽ ഈ ഇടവേളയിൽ ദൈവം, യേശുക്രിസ്തുവിനെ വിശ്വാസത്താൽ സ്വീകരിക്കുന്ന എല്ലാവർക്കും രക്ഷ വാഗ്ദത്തം ചെയ്യുന്നു. അതായത് യിസ്രായേൽ ഇടറിയതിനാൽ, രക്ഷ ജാതികളുടെ ഇടയിലേക്കും വന്നു. അപ്പൊസ്തലനായ പൌലൊസും ആദ്യം യഹൂദന്മാരുടെ അടുക്കൽ ആണ് സുവിശേഷം അറിയിച്ചത്. എന്നാൽ അവർ അത് നിരസിച്ചതിനാൽ, അവൻ ജാതികളോടു സുവിശേഷം അറിയിച്ചു. ഇത്തരം 4 സംഭവങ്ങൾ എങ്കിലും അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ ലൂക്കോസ് രേഖപ്പെടുത്തുന്നുണ്ട് (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:46; 18:6; 19:8-9; 28:28).

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:46

അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

 

11:13 മുതൽ പൌലൊസ് റോമിലെ ജാതികളായ വിശ്വാസികളോട് സംസാരിക്കുന്നു. അദ്ദേഹം ജാതികളുടെ അപ്പൊസ്തലൻ ആയി ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം നീതീകരണം പ്രാപിക്കുവാൻ പൌലൊസ് ജാതിയരെ ഉപദേശിച്ചു. അവരുടെ ഇടയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാൽ യഹൂദന്മാർക്കിടയിൽ എരിവ് ജനിപ്പിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അങ്ങനെ യഹൂദന്മാരിൽ ചിലർ യേശുക്രിസ്തുവിനെ വിശ്വസിക്കുവാൻ ഇടയാകേണം. അതിനാൽ ജാതികളുടെ ഇടയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതും ഗുണമുള്ളതും ആണ് എന്നു കരുതുന്നു. കാരണം, യഹൂദന്റെ ഭ്രംശം, ദൈവവുമായുള്ള ലോകത്തിന്റെ നിരപ്പിന് ഹേതുവായിത്തീർന്നു. ഭാവിയിൽ യഹൂദന്മാർ ക്രിസ്തുവിനെ അംഗീകരിക്കുമ്പോൾ, ആത്മീയമായി മരിച്ച യഹൂദന്മാർ ജീവനിലേക്ക് തിരികെ വരുന്നതുപോലെ ആയിരിക്കും.  

 

പൌലൊസ് എന്തുകൊണ്ട് ജാതികളുടെ അപ്പൊസ്തലൻ ആയിരിക്കുന്നു എന്നു അദ്ദേഹം വ്യക്തമാക്കുകയാണ്. പൌലൊസിനെ കുറിച്ചുള്ള യേശുക്രിസ്തുവിന്റെ സവിശേഷമായ ഒരു നിയോഗം ആണിത്.  

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 9:15

കർത്താവു അവനോടു: നീ (അനന്യാസ്) പോക; അവൻ (പൌലൊസ്) എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

 

പൌലൊസിന്റെ ജാതീയർക്കിടയിലുള്ള പ്രവർത്തനങ്ങൾ യഹൂദന്മാർക്കിടയിൽ ക്രിസ്തുവിനെക്കുറിച്ചുള്ള എരിവ് വർദ്ധിപ്പിക്കേണം എന്നു അവൻ ആഗ്രഹിക്കുന്നു.

 

11:15 ലെ “അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?” എന്ന പൌലൊസിന്റെ ചോദ്യത്തിലെ “മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ” എന്ന വാക്കുകൾ ഏത് ഉയിർപ്പിനെയാണ് സൂചിപ്പിക്കുന്നത് എന്നതിൽ വ്യക്തയില്ല. അത് ഒരു പക്ഷെ, ആത്മീയമായി മരിച്ച യഹൂദന്റെ ആത്മീയ ജീവനിലേക്ക് ഉള്ള മടങ്ങി വരവ് ഒരു ഉയിർപ്പാണ്, എന്നായിരിക്കാം. എന്നാൽ ചില പണ്ഡിതന്മാർക്ക് വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ട്. പൌലൊസ് ഇവിടെ ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചാകാം പറയുന്നത് എന്നു അവർ വാദിക്കുന്നു. ഇതിൽ ഏക അഭിപ്രായം ഉണ്ടായിട്ടില്ല.

വിശുദ്ധ ജനമായ യിസ്രായേൽ

 

11:16 ലും റോമിലെ ജാതീയരായിരുന്ന വിശ്വാസികളോടുള്ള പ്രബോധനം പൌലൊസ് തുടരുന്നു. ഈ പ്രബോധനത്തിൽ  യഹൂദന്മാർക്ക് എന്ത് സംഭവിച്ചു, ഭാവിയിൽ എന്ത് സംഭവിക്കും എന്നും ഇതിനെ ജാതീയരിൽ നിന്നുള്ള വിശ്വാസികൾ എങ്ങനെ കാണേണം എന്നും പൌലൊസ് വിശദീകരിക്കുക ആണ്.

 

11:15 ൽ യിസ്രായേൽ യേശുക്രിസ്തുവിനെ അംഗീകരിക്കുന്ന ഒരു നാൾ ഭാവിയിൽ ഉണ്ടാകും എന്നും, അത് അവരുടെ ഉയിർപ്പ് പോലെയാകും എന്നും പറഞ്ഞതിന്നു ശേഷം, അവരുടെ സവിശേഷതയും, ജാതികളായ ക്രൈസ്തവർക്ക് അവരുമായുള്ള ബന്ധവും വിവരിക്കുവാൻ രണ്ട് ഉദാഹരണങ്ങൾ പൌലൊസ് 11:16 ആം വാക്യത്തിൽ പറയുന്നു. ഈ വാക്യത്തിന്റെ ആദ്യഭാഗത്തു, യിസ്രായേൽ ജനം ദൈവത്തിന് അർപ്പിക്കുന്ന ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വടയെ ഉദാഹരണമായി എടുക്കുന്നു. ഇതിനെക്കുറിച്ച് സംഖ്യാപുസ്തകം 15 ൽ പറയുന്നുണ്ട്.

 

സംഖ്യാപുസ്തകം 15:20-21

ആദ്യത്തെ തരിമാവുകൊണ്ടുള്ള (dough – ESV, ground meal - NIV) ഒരു വട (a loaf – ESV, a cake - NLT) ഉദർച്ചാർപ്പണമായി (offering – NIV, sacred offering - NLT) കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം. ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം.

 

ഒരു വിളവെടുപ്പിന്റെ ആദ്യത്തിൽ ശേഖരിക്കുന്ന ധാന്യം പൊടിച്ച് എടുക്കുന്ന ആദ്യത്തെ കുഴച്ച മാവു ആണ് ദൈവത്തിന് ഔദാര്യ ദാനമായി അർപ്പിക്കുന്നത് (കുഴച്ച മാവ്, dough - ESV). ഇത് ആദ്യഫലം പോലെ ദൈവത്തിന് വേർതിരിച്ച് സമർപ്പിക്കപ്പെടുന്നു. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന തരിമാവിനെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ആദ്യഫലം പോലെ സമർപ്പിക്കപ്പെട്ട തരിമാവ് വിശുദ്ധം ആയിരിക്കുന്നതിനാൽ, ആ വിളവെടുപ്പിലെ സകല ധാന്യത്തിൽ നിന്നുള്ള തരിമാവും വിശുദ്ധമാകും.

 

യിസ്രായേല്യരുടെ ആദ്യഫലമായ തരിമാവ് അബ്രാഹാമിനെ പോലെയുള്ള ഗോത്ര പിതാക്കന്മാർ ആണ്. ദൈവം അവരെയും സന്തതികളെയും, അവന്റെ സ്വന്തജനമായി തിരഞ്ഞെടുത്തു. അങ്ങനെ അവർ വിശുദ്ധർ ആയി. അതിനാൽ യിസ്രായേൽ എന്ന ജനസമൂഹവും വിശുദ്ധം ആണ്. ഇതിനായി, അവർ ദൈവത്തോട് നിരപ്പ് പ്രാപിക്കേണം, ആത്യന്തികമായി അവർ ക്രിസ്തുവിലേക്ക് മടങ്ങിവരേണം.

 

ആദ്യഫലമായ തരിമാവിനെക്കുറിച്ച് മറ്റൊരു വ്യഖ്യാനവും വേദ പണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്. അവരുടെ അഭിപ്രായത്തിൽ തരിമാവ്, യഹൂദന്മാരിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവർ ആണ്. അവർ ആദ്യഫലമായ തരിമാവ് ആണ്. അവരോടാണ് ആദ്യം സുവിശേഷം അറിയിച്ചത്. ഇത് മറ്റ് യഹൂദന്മാരും യേശുക്രിസ്തുവിനെ സ്വീകരിക്കും എന്നതിന്റെ സൂചനയാണ്.

 

11:16 ന്റെ രണ്ടാമത്തെ ഭാഗത്ത് ഒരു വൃക്ഷത്തിന്റെ വേരും കൊമ്പും ഉദാഹരണമായി എടുക്കുന്നു. “വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.” ഇവിടെ “വേർ” അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിങ്ങനെയുള്ള പിതാക്കന്മാർ ആണ്. കൊമ്പുകൾ യിസ്രായേൽ ജനം ആണ്. അതിനാൽ യിസ്രായേൽ ജനം ദൈവത്തിന് “വിശുദ്ധജനം” ആണ് എന്ന ധ്വനിയാണ് പൌലൊസ് ഇവിടെ നല്കുന്നത്.

 

പുറപ്പാട് 19:6

നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.

 

ഒട്ടിച്ചു ചേർക്കപ്പെട്ട കാട്ടൊലീവ്

 

11:17-18 വാക്യങ്ങളിൽ, പിതാക്കന്മാരാൽ വിശുദ്ധീകരിക്കപ്പെട്ട യിസ്രായേൽ ജനവുമായി ജാതീയരായ ക്രൈസ്തവ വിശ്വാസികൾ എങ്ങനെ ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പൌലൊസ് വിശദീകരിക്കുന്നു.

 

ഒലീവ് മരത്തെ വേദപുസ്തകത്തിൽ യിസ്രായേൽ എന്ന ജന സമൂഹത്തിന്റെ അടയാളമായി ഉപയോഗിച്ചിട്ടുണ്ട്. പൌലൊസ് വിവരിക്കുന്ന ഉദാഹരണത്തിൽ, യിസ്രായേൽ എന്ന ഒലീവ് വൃക്ഷത്തിന്റെ കൊമ്പുകളിൽ ചിലത് തോട്ടക്കാരൻ ഒടിച്ചുകളഞ്ഞു. ഒടിച്ചുകളഞ്ഞ കൊമ്പുകൾക്ക് പകരമായി, കാട്ടൊലിവ് ആയിരുന്ന ജാതീയരെ, ഒലീവ് വൃഷത്തോട് ഒട്ടിച്ച് ചേർത്തുവച്ചു. അങ്ങനെ കാട്ടൊലീവ് ആയിരുന്ന ജാതിയർ, ഒലീവ് മരത്തിന്റെ വേരിന് പങ്കാളിയായി തീർന്നു (11:17). എന്നാൽ ഒട്ടിച്ച് ചേർക്കപ്പെട്ട കാട്ടൊലീവ്, യഥാർത്ഥ ഒലീവിന്റെ കൊമ്പുകൾക്ക് നേരെ അധികം സവിശേഷത അവകാശപ്പെടരുത് (11:18). കാരണം ഒരു വൃക്ഷത്തിന്റെ കൊമ്പ് അല്ല അതിന്റെ വേരിനെ ചുമക്കുന്നത്, വേരാണ് കൊമ്പുകളെ ചുമക്കുന്നത് (11:18). അതിനാൽ ക്രിസ്തുവിന്റെ സുവിശേഷം ജാതികളിലേക്ക് എത്തിച്ചേരുവാൻ കാരണമായത് യിസ്രായേൽ ആണ് എന്നു ഓർത്തുകൊള്ളുക.

 

11:17 ലെ കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു എന്നതിന്, യിസ്രായേലിന്റെ അവിശ്വാസം നിമിത്തം അവരിൽ ചിലരെ ദൈവം തള്ളിക്കളഞ്ഞു എന്നും, അവരിൽ ചിലർ ദൈവകൃപയ്ക്ക് അന്യരായി എന്നും വ്യാഖ്യാനിക്കാം. ഇത് രണ്ടും മശീഹയെ തിരസ്കരിച്ച യഹൂദന്മാരുടെ ജീവിതത്തിൽ സംഭവിച്ചു. അവർ ക്രിസ്തുവിനെ അവിശ്വസിച്ചു, അതിനാൽ അവരെ തായ് വൃക്ഷത്തിൽ നിന്നും ഒടിച്ചുകളഞ്ഞു. ഒടിച്ചുകളഞ്ഞ കൊമ്പുകൾക്ക് പകരമായി ജാതീയ ക്രിസ്ത്യാനികളെ തായ് വൃക്ഷത്തോട് ഒട്ടിച്ച് ചേർത്തു. ഇപ്പോൾ വൃക്ഷത്തോട് ചേർന്നു നിലക്കുന്ന യഹൂദന്മാർക്കും, ജാതീയർക്കും ഒരുപോലെ ഒരേ തായ് വൃക്ഷത്തിൽ നിന്നും, ഒരേ വേരിൽ നിന്നും പോഷകങ്ങൾ ലഭിക്കുന്നു. രണ്ട് കൂട്ടരുടെയും യോഗ്യത ക്രിസ്തുവിലുള്ള വിശ്വാസം ആണ്. ഇരുവർക്കും ബന്ധം വേരിനോട് ആണ്. അതിനാൽ ഇവർക്കിടയിൽ യാതൊരു വ്യത്യാസവും ഇല്ല.     

 

ഒലീവ് വൃക്ഷങ്ങൾ നടുന്നതിലും, വളർത്തിയെടുക്കുന്നതിലും അക്കാലത്ത് പിന്തുടർന്നിരുന്ന ഒരു പരിചിതമായ രീതിയാണ് പൌലൊസ് ഉദാഹരണമായി എടുത്തത്. എന്നാൽ, ഒരു കാട്ടൊലീവിന്റെ കൊമ്പിനെ നല്ല ഒലീവിന്റെ തായ് വൃക്ഷത്തോട് ചേർത്തു വയ്ക്കുക അക്കാലത്ത് സാധാരണമായ കൃഷി രീതിയല്ല. എങ്കിലും, പൌലൊസിന്റെ ഉദാഹരണത്തിന്റെ സവിശേഷത രക്ഷ ജാതീയർക്ക് എത്ര അത്ഭുതകരമായി ലഭിച്ചിരിക്കുന്നു എന്നു കാണിക്കുന്നു. ഒട്ടിച്ച് ചേർത്ത ജാതീയർ എന്ന കാട്ടൊലീവിന്റെ കൊമ്പ് തായ് വൃക്ഷത്തിന്റെ പങ്കാളിയാകുകയല്ല ചെയ്യുന്നത്. കാട്ടൊലീവ് “ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു” എന്നാണ് പൌലൊസ് പറയുന്നത്. യഹൂദനെയും, ജാതീയരെയും ഇവിടെ ഒരേ വേരിന്റെ പങ്കാളിയായി കാണുന്നു. വേര് ആണ് വിശുദ്ധം. വേര് ആണ് കൊമ്പുകളെ വിശുദ്ധമാക്കുന്നത്. അതിനാൽ യഹൂദ വിശ്വാസികൾക്കൊ, ജാതീയർക്കോ, പ്രത്യേകമായി ഒരു ശ്രേഷ്ഠത ഇല്ല.

 

“വേര്” എന്നത് അബ്രാഹാം മുതലായ യിസ്രായേലിന്റെ ഗോത്രപിതാക്കന്മാർ ആണ് എന്നും അത് ക്രിസ്തു ആണ് എന്നും വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ ഉണ്ട്. യിസ്രായേലിന്റെ ഗോത്രപിതാക്കന്മാർ ആകുമ്പോൾ, അവർക്ക് ദൈവത്തിൽ നിന്നും ലഭിച്ച വാഗ്ദത്തങ്ങളാലാണ് യഹൂദനും, ജാതീയനും യേശുക്രിസ്തു മൂലം രക്ഷ ലഭിക്കുന്നത് എന്നു വരും. ഇരുകൂട്ടരെയും താങ്ങി നിറുത്തുന്നത് പിതാക്കന്മാർ ആണ്. അതായത് പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തങ്ങൾ ആണ്. “വേര്” യേശുക്രിസ്തു ആണ് എങ്കിൽ, രക്ഷ ഇരുകൂട്ടർക്കും ലഭിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമാണ് എന്നും വരും.

 

പൌലൊസിന്റെ ശുശ്രൂഷയിൽ, ജാതീയരിൽ നിന്നും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവർ യഹൂദന്മാരെ വെറുപ്പോടെ കാണുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകാം. യേശുക്രിസ്തുവിനെ ക്രൂശിച്ചത് യഹൂദന്മാർ ആണ് എന്നൊരു ചിന്ത ജാതീയ വിശ്വാസികളുടെ ഇടയിൽ ഉണ്ടായിരുന്നു കാണും. അത് അവരുടെ പെരുമാറ്റത്തിലും പ്രകടമായിരുന്നു. അതിനാൽ ക്രിസ്തുവിനെക്കുറിച്ച് കേട്ടു, അവനിൽ വിശ്വസിച്ച ജാതീയർക്ക് അതിൽ ഒരു പ്രത്യേക അഭിമാനം തോന്നി. ഈ പ്രശ്നം റോമിലെ സഭയിലും ഉണ്ട് എന്നു പൌലൊസ് കരുതുന്നു. അതിനാൽ, ജാതീയരായിരുന്ന ക്രിസ്തീയ വിശ്വാസികൾ, അപ്രകാരം ഉള്ള ഒരു ദുരഭിമാനത്തിലേക്ക് വീഴരുത് എന്നാണ് പൌലൊസ് ഉപദേശിക്കുന്നത്.

 

11:19 ൽ ജാതീയരായിരുന്ന ക്രൈസ്തവ വിശ്വാസികളുടെ ഒരു ചിന്തയെ പൌലൊസ് ഘണ്ഡിക്കുന്നു. ദൈവം ചില കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു അവർ പറയും. യേശുക്രിസ്തുവിലുള്ള അവിശ്വാസം കാരണം, ചില യഹൂദന്മാരെ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു. ഇത് ജാതീയരെ ഒട്ടിച്ച് ചേർക്കേണ്ടതിന് ആയിരുന്നു. ഈ വാദം ശരിയാണ് എന്നു അദ്ദേഹം 20 ആം വാക്യത്തിൽ സമ്മതിക്കുന്നു. അവിശ്വാസം നിമിത്തം ചില യഹൂദന്മാർ തള്ളപ്പെട്ടു. വിശ്വാസം മൂലം ജാതീയ ക്രൈസ്തവർ നിലനിലക്കുന്നു. ഇത് ശരിയാണ്. എന്നാൽ ഇതിൽ നിഗളിക്കരുത്. അതിന്റെ കാരണം 11:21-22 വാക്യങ്ങളിൽ പൌലൊസ് വിശദീകരിക്കുന്നു. യഹൂദന്മാർ സ്വാഭാവിക കൊമ്പുകൾ ആയിരുന്നു. എന്നാൽ ദൈവം അയച്ച മശീഹയിൽ അവിശ്വസിച്ചപ്പോൾ അവരെ ഒടിച്ചുകളഞ്ഞു. അങ്ങനെ എങ്കിൽ, അവിശ്വാസം നിമിത്തം ജാതീയരേയും ഒടിച്ചുകളഞ്ഞേക്കാം. അതിനാൽ ഇതിൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും (കാർക്കശ്യം, severity - ESV) കാണേണം, ദൈവം വിശ്വസിക്കുന്നവരോട് ദയാലു ആണ്. അതുപോലെ തന്നെ, അവിശ്വസിക്കുന്നവരെ ഒടിച്ചുകളയുന്നതിൽ കാർക്കശ്യം ഉള്ളവനും ആണ്. വിശ്വാസത്തിൽ നിന്നു വീണുപോയവരിൽ ദൈവത്തിന്റെ കാർക്കശ്യം കാണാം. വിശ്വാസത്തിൽ നിന്നാൽ ദൈവത്തിന്റെ ദയ അനുഭവിക്കാം. ഇതേ അനുഭവം യഹൂദനും, ജാതീയനും ഒരുപോലെ ഉണ്ടാകും.

 

ചില കൊമ്പുകളെ വെട്ടിക്കളയുവാൻ ദൈവത്തിന് കഴിയും എങ്കിൽ, മറ്റ് ചിലതിനെകൂടെ വെട്ടിക്കളയുവാൻ അവന് കഴിയും. തായ് വൃക്ഷത്തോട് ഒട്ടിച്ചു ചേർത്ത കൊമ്പുകളെയും വെട്ടിക്കളയുവാൻ ദൈവത്തിന് അധികാരം ഉണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ മാത്രമേ ജാതീയർക്ക് ദൈവരാജ്യത്തിൽ തുടരുവാൻ കഴിയൂ. എബ്രായർ 3:14 ൽ പറയുന്നത് ഇങ്ങനെയാണ്, “ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.”

 

പൌലൊസ് ഇവിടെ പറയുന്നത് ജാതീയർക്ക് അവരുടെ രക്ഷ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട് എന്ന അർത്ഥത്തിൽ അല്ല. അത് ഇവിടെ വിഷയം അല്ല. ദൈവത്തിന് ചില കൊമ്പുകളെ വെട്ടിക്കളയുവാനും ചിലതിനെ കൂട്ടി ചേർക്കുവാനും അധികാരമുണ്ട് എന്ന ആശയമാണ് പൌലൊസ് വിനിമയം ചെയ്യുന്നത്. പൌലൊസ് ഇവിടെ യഹൂദന്മാരെയും ജാതീയരെയും രണ്ട് ജന സമൂഹമായിട്ടാണ് കാണുന്നത്. അവിശ്വാസികൾ ആയ യഹൂദന്മാരെ രക്ഷയിൽ നിന്നും തള്ളിയതുപോലെ, അവിശ്വാസികളായ ജാതീയരെയും തളളാം. ജാതീയർക്ക് പ്രത്യേക ഉന്മുക്തി (immunity) ഇല്ല. അതായത് യഹൂദൻ എന്ന ജന സമൂഹത്തിലെ ചിലരെ രക്ഷയിൽ നിന്നും തള്ളിയത് പോലെ ജാതീയർ എന്ന ജനസമൂഹത്തിൽ നിന്നും ചിലരെ രക്ഷയിൽ നിന്നും തള്ളിക്കളയുവാൻ ദൈവത്തിന് അധികാരം ഉണ്ട്. അതിനാൽ ജാതീയരിൽ നിന്നും വിശ്വാസത്തിലേക്ക് വന്നവർ, അവർക്കു ദൈവ കൃപയാൽ ലഭിച്ചിരിക്കുന്ന, രക്ഷയിൽ എളിമയോടെ നിലനിൽക്കേണം എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. യഹൂദനും, ജാതിയനും രക്ഷയ്ക്ക് ഒരു നിയമം മാത്രമേ ഉള്ളൂ. അത് യേശുക്രിസ്തുവിലുള്ള വിശ്വാസം ആണ്. അതിനാൽ യഹൂദരെ നിന്ദിക്കാതെയും വെറുക്കാതെയും, അവരുടെ പ്രാധാന്യത്തെ മനസ്സിലാക്കി എളിമയോടെ ആയിരിക്കുക എന്ന സന്ദേശമാണ് അദ്ദേഹം നല്കുന്നത്.  

 

11:23-24 വാക്യങ്ങളിൽ പൌലൊസ് പറയുന്നത്, യഹൂദന് വീണ്ടും യേശുക്രിസ്തുവിലൂടെയുള്ള രക്ഷയിലേക്ക് വരുവാനുള്ള സാധ്യതകളെക്കുറിച്ചാണ്. അവിശ്വാസത്തെ ഉപേക്ഷിച്ചു, ക്രിസ്തുവിൽ വിശ്വസിച്ചാൽ, അവരെ വീണ്ടും തായ് വൃക്ഷത്തോട് ഒട്ടിച്ചു ചേർക്കും. അതിന് ദൈവത്തിന് അധികാരവും ശക്തിയും ഉണ്ട്. ഒരു കാട്ടുമരത്തിൽ നിന്നും ഒരു കോമ്പിനെ മുറിച്ചെടുത്ത് നല്ല ഒലീവ് മരത്തോട് ചേർത്തു ഒട്ടിക്കുന്നത് ഒരു അസ്വഭാവികവും, അസാധാരണവും ആയ പ്രവർത്തിയാണ്. അത് ചെയ്യുവാൻ ദൈവത്തിന് അധികാരവും ശക്തിയും ഉണ്ടെങ്കിൽ, ഒലീവ് മരത്തിന്റെ, ഒരിക്കൽ വെട്ടി മാറ്റപ്പെട്ട, സ്വാഭാവിക കൊമ്പുകളെ നല്ല ഒലീവ് മരത്തിൽ വീണ്ടും ഒട്ടിച്ചു ചേർക്കുവാനും ദൈവത്തിന് കഴിയും. 

 

യഹൂദൻ എന്നന്നേക്കുമായി രക്ഷയിൽ നിന്നും മുറിച്ചുമാറ്റപ്പെടുകയില്ല എന്ന പൌലൊസിന്റെ പ്രതീക്ഷയാണ് ഈ വാക്കുകളിൽ കാണുന്നത്. അവർ ഭാവിയിൽ അവിശ്വാസത്തെ ഉപേക്ഷിക്കുകയും, ദൈവത്തോട് നിരപ്പ് പ്രാപിക്കുകയും, യേശുക്രിസ്തുവിനെ മശീഹയായി സ്വീകരിക്കുകയും ചെയ്യും എന്നു അദ്ദേഹം പ്രത്യാശിക്കുന്നു. അതായത് ഒലീവ് വൃക്ഷത്തിൽ നിന്നും കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ടത് ഒരു അവസാനം അല്ല. യഹൂദനെ മുറിച്ചുമാറ്റിയത് താൽക്കാലികം മാത്രമാണ്. ഇവിടെ യിസ്രായേൽ എന്ന ജന സമൂഹത്തെ ഒരുമിച്ച് കണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. വ്യക്തികളുടെ വിശ്വാസവും, അവിശ്വാസവും അല്ല ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.

 

ജാതീയരിൽ നിന്നും വന്ന ക്രിസ്തീയ വിശ്വാസികൾ തങ്ങളെത്തന്നേ സൂക്ഷിക്കേണം എന്ന ഒരു സന്ദേശവും പൌലൊസിന്റെ വാക്കുകളിൽ ഉണ്ട്. വെട്ടിമാറ്റുന്നതും, ഒട്ടിച്ചു ചേർക്കുന്നതും സാധ്യമാണ്. അത് യഹൂദനും, ജാതീയർക്കും ഒരുപോലെ ബാധകമാണ്. ജാതീയരുടെ രക്ഷ ദൈവത്തിന്റെ അസാധാരണ രക്ഷാ പ്രവർത്തിയാണ്.  

 

ജാതികളുടെ പൂർണ്ണസംഖ്യ

 

11:25 മുതലുള്ള വാക്യങ്ങൾ, പൌലൊസ് റോമിലെ ജാതീയർ ആയിരുന്ന ക്രിസ്തീയ വിശ്വാസികളോട് പറയുന്നതാണ്. പൌലൊസ് ഒരു ആത്മീയ മർമ്മം വെളിപ്പെടുത്തുന്നു. അവർ ബുദ്ധിമാന്മാരെന്നു അവർക്ക് തന്നേ തോന്നി, അഹംഭാവം ഉണ്ടാകാതെ ഇരിക്കുവാനാണ് ഇത് പറയുന്നത്. യഹൂദന്മാരിൽ ഒരു കൂട്ടർ ദൈവത്തെ അവിശ്വസിക്കുന്നവരായി കഠിന ഹൃദയർ ആയി തീർന്നിരിക്കുന്നു. ജാതികളുടെ രക്ഷയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി പൂർത്തിയാകുവോളം ഈ കാഠിന്യം തുടരും. “ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം” എന്നാണ് പൌലൊസ് ഇതിനെക്കുറിച്ച് പറയുന്നത് (11:25). രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജാതീയരും, ക്രിസ്തുവിനോടു ചേരുവോളം യിസ്രായേല്യരിലെ ഒരുകൂട്ടം കഠിനർ ആയി തുടരും. എന്നാൽ ജാതീയരുടെ “പൂർണ്ണസംഖ്യ” ക്രിസ്തുവിനോടു ചേർന്നു കഴിഞ്ഞാൽ, “യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും” (11:26). 11:27 ആം വാക്യം യെശയ്യാവിന്റെ പ്രവചന പുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ആണ്. ഇത് “സെപ്റ്റുഅജിന്റ്” എന്നു അറിയപ്പെടുന്ന പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയിൽ നിന്നും എടുത്തത് ആയിരിക്കാം (Septuagint). യിസ്രായേലിന്റെ മടങ്ങി വരവിനെക്കുറിച്ച് പഴയനിയമ പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിരുന്നു എന്നാണ് പൌലൊസ് വാദിക്കുന്നത്. അതിനാൽ അവർ തീർച്ചയായും ക്രിസ്തുവിങ്കലേക്ക് തിരിയും എന്നതിൽ പൌലൊസിന് നിശ്ചയം ഉണ്ട്. ഈ വാദത്തിന് പിൻബലമായി ഒരു വാക്യം അദ്ദേഹം ഉദ്ധരിക്കുന്നു. ഇതിനോടൊപ്പം യെശയ്യാവ് 59:20-21, യിരെമ്യാവ് 31:33-34 എന്നീ വാക്യങ്ങൾ കൂടി വായിക്കുന്നത് ആശയം വ്യക്തമായി മനസ്സിലാക്കുവാൻ സാഹായിക്കും.    

 

യെശയ്യാവ് 27:9

ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനിൽക്കയില്ല.

 

യെശയ്യാവ് 59:20-21

എന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർ‍ക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

 

യിരെമ്യാവ് 31:33-34

എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.

 

യെശയ്യാവ് 59:20 ൽ യിസ്രയേലിൽ അതിക്രമം വിട്ടുതിരിയുന്നവർക്ക് ഒരു വീണ്ടെടുപ്പ്കാരൻ വരും എന്നു പറഞ്ഞിരിക്കുന്നു. ഈ വീണ്ടെടുപ്പുകാരൻ യേശുക്രിസ്തു ആണ്. അവനാൽ യിസ്രായേലിന്റെ അകൃത്യത്തിന്നു പരിഹാരം വരും എന്നു യെശയ്യാവ് 27:9 ൽ പറയുന്നു. അതിന്റെ ഫലമായി ഒരു വലിയ മാനസാന്തരം യിസ്രായേലിന് ഉണ്ടാകും. യിസ്രായേൽ മാനസന്തരപ്പെട്ട്, യേശുക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ ദൈവം അവരുമായി ഒരു നിയമം ഉറപ്പിക്കും. ഈ രണ്ട് വാക്യങ്ങളും 11:27 ൽ കൂട്ടിച്ചേർത്തിരിക്കുന്നു.

 

11:25 ലെ “ജാതികളുടെ പൂർണ്ണസംഖ്യ” എന്നത് ഇംഗ്ലീഷ്ൽ “the fullness of the Gentiles” (ESV), the full number of the Gentiles” (NIV) എന്നിങ്ങനെയാണ്. ഇതിനെ, ജാതികളിൽ നിന്നും വിശ്വസിക്കുന്ന എല്ലാവരും (as many as will believe), എന്നും, ജാതികളിൽ നിന്നും രക്ഷിക്കപ്പെടുവാനുള്ളവരുടെ പൂർണ്ണ സംഖ്യ (the complete number) എന്നും വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ, ഈ വാക്യത്തിൽ, എല്ലാ ജാതീയരും രക്ഷിക്കപ്പെടുന്നത് വരെ ദൈവം കാത്തിരിക്കുന്നു എന്നു അർത്ഥമില്ല. ജാതികളുടെ രക്ഷയുടെ മാർമ്മികമായ സംഖ്യ എത്തിച്ചേർന്നാൽ, യഹൂദന്മാരുടെ രക്ഷ നിവർത്തിക്കപ്പെടും. അവർ പിന്നീട് കഠിന ഹൃദയർ ആകുകയില്ല. ഇവിടെയും എല്ലാ യിസ്രായേല്യരും വിശ്വാസത്തിലേക്ക് വരും എന്നു അർത്ഥമില്ല. ഒരു കൂട്ടം യഹൂദന്മാർ യേശുക്രിസ്തുവിനെ മശീഹയായി സ്വീകരിക്കും എന്നേ അർത്ഥമുള്ളൂ. അതായത് ഈ അവസ്ഥയിലും വിശ്വാസത്തിൽ നിന്നും തെറ്റിപ്പോകുന്ന യഹൂദന്മാർ ഉണ്ടാകാം. ഇവിടെ സൂചിപ്പിക്കുന്ന കാലത്തിന് മുമ്പ് യഹൂദന്മാർ ആരും വിശ്വാസത്തിൽ വരുകയില്ല എന്നും പൌലൊസ് ഉദ്ദേശിക്കുന്നില്ല. പൌലൊസിന്റെ കാലത്ത് തന്നെ റോമിലെ സഭയിൽ യഹൂദ ക്രൈസ്തവ വിശ്വാസികൾ ഉണ്ടായിരുന്നു. യഹൂദ ജനത്തെ പ്രതിനിധീകരിക്കത്തക്കവണ്ണം, പരിഗണിക്കപ്പെടാവുന്ന എണ്ണം യഹൂദന്മാർ ക്രിസ്തുവിനെ സ്വീകരിച്ചു രക്ഷ പ്രാപിക്കും.    

 

യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും

 

11:26 ൽ “ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.” എന്നാണ് പൌലൊസ് എഴുതിയത്. ഈ വാക്യത്തിന്റെ അർത്ഥം എന്താണ് എന്നതിനെക്കുറിച്ച് വേദ പണ്ഡിതന്മാരുടെ ഇടയിൽ ഏക അഭിപ്രായം ഇല്ല. അബ്രാഹാമിന്റെ കാലം മുതൽ ജീവിച്ചിരുന്ന എല്ലാ യിസ്രായേല്യരും രക്ഷിക്കപ്പെടും എന്നാണ് ഈ വാക്യത്തിന്റെ അർത്ഥം എന്നു ചിലർ വാദിക്കുന്നു. എന്നാൽ ഇത് പൌലൊസിന്റെ രക്ഷയെക്കുറിച്ചുള്ള പഠിപ്പിക്കലിനോട് ചേരുന്നില്ല. രക്ഷ ദൈവ കൃപയാൽ, ക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം ലഭിക്കുന്നു എന്നാണ് പൌലൊസ് പഠിപ്പിച്ചത്. എന്നാൽ ചില യഹൂദന്മാർ എക്കാലത്തും യേശുക്രിസ്തുവിനെ നിരസിച്ചിട്ടുണ്ട്. അവർ യിസ്രായേൽ വംശത്തിൽ ജഡപ്രകാരം ജനിച്ചു എന്നത് കൊണ്ടു മാത്രം അവരെ രക്ഷിക്കുവാൻ ദൈവം ബാധ്യസ്ഥൻ അല്ല.

 

ചില വേദ പണ്ഡിതന്മാരുടെ വാദം ഇങ്ങനെയാണ്. അന്ത്യ നാളുകളിൽ യിസ്രായേലിന് വലിയ പ്രതികൂലം ഉണ്ടാകും. അവർ കഠിനമായി പീഡിപ്പിക്കപ്പെടും. ഇതിൽ നിന്നും അവരെ ദൈവം രക്ഷിക്കും. രക്ഷ, വിടുതൽ എന്നീ വാക്കുകൾക്ക് പഴയനിയമത്തിൽ ഏകദേശം ഒരേ അർത്ഥമാണ് ഉള്ളത്. എന്നാൽ ഇത് പൌലൊസ് ഉദ്ദേശിച്ച രക്ഷ അല്ല. പ്രതികൂല സാഹചര്യത്തിൽ നിന്നുള്ള രക്ഷയല്ല അദ്ദേഹം ഉദ്ദേശിച്ചത്. പൌലൊസ്, പാപത്തിൽ നിന്നുള്ള, നിത്യ രക്ഷയെക്കുറിച്ചാണ് റോമർ 11 ൽ സംസാരിക്കുന്നത്.

 

“ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.” എന്നതിലെ “യിസ്രായേൽ മുഴുവനും” എന്നത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദന്മാരെയും, ജാതീയരെയും കുറിച്ചാണ് എന്നൊരു അഭിപ്രായവും ഉണ്ട്. ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിച്ചവർ പുതിയനിയമ യിസ്രായേൽ ആയിരിക്കുന്നു എന്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു ചിന്ത ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത് റോമർ 11 ലെ പൌലൊസിന്റെ വാദങ്ങളോട് ചേർന്നു പോകുന്നില്ല. യഹൂദന്മാർ, ജാതീയർ എന്നീ രണ്ട് ജനസമൂഹങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ടാണ് പൌലൊസ് ഈ അദ്ധ്യായത്തിൽ സംസാരിക്കുന്നത്.

 

കൂടുതൽ വേദ പണ്ഡിതന്മാരും, പൌലൊസ് ഇവിടെ പറയുന്നത് അന്ത്യ കാലത്ത് സംഭവിക്കുവാനിരിക്കുന്ന യിസ്രായേലിന്റെ നിത്യ രക്ഷയെക്കുറിച്ചാണ് എന്നു വിശ്വസിക്കുന്നു. യിസ്രായേൽ ജനം അവരുടെ അവിശ്വാസത്തിൽ നിന്നും വിടുവിക്കപ്പെടും. അവരുടെ അഭക്തിയെ ദൈവം നീക്കിക്കളയും. യെശയ്യാവ് 59:20-21 ൽ പറയുന്ന പ്രവചനം നിവർത്തിക്കപ്പെടും. ഇത് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിങ്കൽ സംഭവിക്കും.   

  

അതിനാൽ, “യിസ്രായേൽ മുഴുവനും” എന്നത് ഒന്നുകിൽ എല്ലാ യിസ്രായേൽ ജനവും ആകാം, അല്ലെങ്കിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന യിസ്രായേല്യർ മാത്രം ആകാം. ഭാവിയിൽ ദൈവം അവരുടെ ഹൃദയ കാഠിന്യം മാറ്റുമ്പോൾ, എല്ലാ യിസ്രായേല്യരും യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കും. ഇതിൽ അബ്രാഹാം മുതൽ ഉള്ള എല്ലാ യിസ്രായേല്യരും ഉൾപ്പെടുമോ എന്നതിൽ തീർച്ചയില്ല. ഇത് സംഭവിക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്ന എല്ലാ യഹൂദന്മാരും രക്ഷപ്രാപിക്കുമോ എന്നതിലും നിശ്ചയമില്ല. എന്നാൽ യിസ്രായേൽ ജനത്തെ പ്രതിനിധീകരിക്കുവാൻ തക്കവണ്ണം ഒരു വലിയ കൂട്ടം ജനം ക്രിസ്തുവിനെ മശീഹയായി സ്വീകരിച്ചു രക്ഷ പ്രാപിക്കും.

 

ഇതിന്റെ അർത്ഥം, യിസ്രായേലിന്റെ രക്ഷ ഒരു ആത്മീയ മർമ്മമാണ്. അതിനാൽ അതിനെ നമുക്ക് ഇപ്പോൾ വ്യക്തമായി ഗ്രഹിക്കുവാൻ സാദ്ധ്യമല്ല. വേദപുസ്തകത്തിൽ ഇത്തരം പല ആത്മീയ മർമ്മങ്ങൾ ഉണ്ട്. അത് നമ്മൾ മനസ്സിലാക്കേണ്ടുന്ന കാലം വരുമ്പോൾ, ദൈവം നമുക്ക് വെളിപ്പെടുത്തി തരും. യിസ്രായേലിന്റെ രക്ഷയുടെ രീതി, വ്യക്തിപരമായി നമ്മളുടെ ദൈവവുമായ ബന്ധത്തെ ബാധിക്കുന്ന വിഷയം അല്ല. ഇത് ക്രൈസ്തവ സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നല്ല.    

 

കൃപാവരങ്ങളെ കുറിച്ചു അനുതപിക്കുന്നില്ല

 

യിസ്രായേലിന്റെ താല്കാലിക ഛേദനവും, അവരുടെ പുനസ്ഥാപനവും എന്ന വിഷയം 11:28 ലും തുടരുകയാണ്. യേശുക്രിസ്തുവിന്റെ സുവിശേഷത്തെ എതിർത്തതിനാൽ ഇപ്പോൾ യിസ്രായേൽ ശത്രുക്കളായി എന്നു തോന്നും. എന്നാൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അവർ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മുതലായ പിതാക്കന്മാർ മുഖാന്തരം ദൈവത്തിന് പ്രിയപ്പെട്ടവർ ആണ്. ദൈവം അവന്റെ കൃയാൽ നല്കുന്ന ദാനങ്ങളെക്കുറിച്ചോ, അവൻ വിളിച്ചവരെക്കുറിച്ചോ പിന്നീട് മനസ്സ് മറ്റുന്നില്ല (11:29). അവന്റെ ദാനവും, വിളിയും ദൈവം റദ്ദ് ചെയ്യുന്നില്ല.

 

യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലമുള്ള രക്ഷയുടെ സുവിശേഷത്തെ യിസ്രായേൽ തിരസ്കരിച്ചു. അങ്ങനെ അവർ സുവിശേഷത്തിന് ശത്രുക്കളായി. അവർ സുവിശേഷത്തെയും, അപ്പൊസ്തലന്മാരെയും വിശ്വാസികളെയും പീഡിപ്പിച്ചു. പൌലൊസ് തന്നെ പല അവസരത്തിലും യഹൂദന്മാരാൽ പീഡനം അനുഭവിച്ചു. എന്നാൽ യഹൂദന്മാരെ, “പ്രിയന്മാർ” എന്നാണ് പൌലൊസ് വിശേഷിപ്പിക്കുന്നത്. അവർ ഇപ്പോഴും ദൈവത്തിന്നു പ്രിയമായവർ ആണ്. കാരണം ദൈവം അവരെ തിരഞ്ഞെടുത്തതാണ്. റോമർ 11:25-26 ൽ പറഞ്ഞിരിക്കുന്നതുപോലെ യിസ്രായേൽ ദൈവത്തിങ്കലേക്ക് മടങ്ങിവരുന്ന ഒരു കാലമുണ്ട്. എന്തുകൊണ്ട് അവർക്ക് ഒരു മടങ്ങിവരവ് വച്ചിരിക്കുന്നു? അവരുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്ക് ദൈവം നല്കിയ വാഗ്ദത്തം കാരണം അവർക്ക് ഒരു തിരിച്ചു വരവ് ഉണ്ട്.

 

ദൈവം പിതാക്കന്മാർക്ക് നിബന്ധനകൾ ഇല്ലാത്ത ഏകപക്ഷീയമായ ഉടമ്പടിയാണ് നല്കിയത്. അവരുടെ സന്തതികളെ അനുഗ്രഹിക്കാം എന്നും അവരെ വലിയ ഒരു ജന സമൂഹം ആക്കാം എന്നും ദൈവം വാഗ്ദത്തം ചെയ്തു. ദൈവത്തിന്റെ ഉടമ്പടി നിത്യമായ ഉടമ്പടി ആണ് എന്നതിനാൽ അവരുടെ സന്തതി പരമ്പരകൾക്ക് അത് അവകാശമായി ലഭിച്ചു. ദൈവത്തിന്റെ ഈ തിരഞ്ഞെടുപ്പിനെയും വിളിയെയും കുറിച്ചാണ് 11:29 ൽ പൌലൊസ് പറയുന്നത്, “ദൈവം തന്റെ കൃപാവരങ്ങളെയും (gifts) വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.”

 

പിന്നീട് യിസ്രായേൽ ജനവുമായി നിബന്ധനകൾ ഉള്ള ഉടമ്പടികൾ ദൈവം ചെയ്യുന്നുണ്ട്. അതിൽ ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചാൽ മാത്രം ലഭിക്കുന്ന ഭൌതീക അനുഗ്രഹങ്ങൾ ഉണ്ട്. എന്നാൽ പിതാക്കന്മാരുമായുള്ള ദൈവീക ഉടമ്പടി നിബന്ധനകൾ ഇല്ലാത്ത ഏകപക്ഷീയമായ ഉടമ്പടികൾ ആയിരുന്നു. ഈ ഉടമ്പടിയ്ക്ക് യാതൊരു സാഹചര്യത്തിലും, അവസ്ഥയിലും മാറ്റം ഉണ്ടാകുകയില്ല. അതിനാൽ ദൈവം യിസ്രായേലിനെ അവന്റെ അടുക്കലേക്ക് തിരികെ ചേർക്കും. അവർ യേശുക്രിസ്തുവിനെ സ്വീകരിക്കുവാൻ തക്കവണ്ണം ദൈവത്തിന് അവരോട് കരുണയും കൃപയും തോന്നും. 

 

11:29 ലെ “കൃപാവരങ്ങളെയും” എന്നത് ദൈവത്തിന്റെ കൃപയാൽ ലഭിക്കുന്ന ദാനങ്ങൾ എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് പുതിയനിയമത്തിൽ, 1 കൊരിന്ത്യർ 12:7-11 ൽ പറയുന്ന ആത്മാവിന്റെ വരങ്ങളോ, ഗലാത്യർ 5:22-23 ൽ പറയുന്ന ആത്മാവിന്റെ ഫലങ്ങളോ അല്ല. ഇംഗ്ലീഷ്ൽ ഈ വാക്ക് “ദാനം” എന്നു മാത്രം ആണ് (gifts – ESV). ഈ വാക്കിന്റെ ഗ്രീക്ക് പദം, “ഖറിസ്മ” എന്നാണ് (charisma, khar'-is-mah). ഈ വാക്കിന്റെ അർത്ഥം, യാതൊരു യോഗ്യതയായും കൂടാതെ ലഭിക്കുന്ന അനുഗ്രഹം, ദൈവ കൃപയാൽ ലഭിക്കുന്ന ദാനം, എന്നിങ്ങനെയാണ്. (a favour with which one receives without any merit of his own, the gift of divine grace). 1 കൊരിന്ത്യർ 12:4 ലും “കൃപാവരങ്ങളിൽ” എന്നു പറയുവാൻ ഇതേ ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 7-11 വരെയുള്ള വാക്യങ്ങളിൽ വിവധ ശുശ്രൂഷകൾക്കായി ദൈവം നല്കുന്ന സവിശേഷമായ കഴിവുകളുടെ ഒരു പട്ടിക നമ്മൾ കാണുന്നു. ഈ കഴിവുകൾ ദൈവം ഒരുവന് പ്രവർത്തികളാലുള്ള യോഗ്യത കണക്കിടാതെ നല്കുന്ന ദാനങ്ങൾ ആണ്. “കൃപാവരം” എന്ന വാക്ക് ഇത്തരം വരങ്ങളെക്കുറിച്ച് മാത്രം പറയുന്ന വാക്ക് ആകുന്നില്ല. ഈ വാക്ക് പൌലൊസ് റോമർ 5:15, 6:23 എന്നീ വാക്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ഈ രണ്ട് വാക്യങ്ങളിലും കൃപയാൽ ദാനമായി ലഭിക്കുന്ന രക്ഷയെക്കുറിച്ചാണ് പൌലൊസ് പറയുന്നത്. രക്ഷ ദൈവ കൃപയാൽ, ഒരുവന്റെ പ്രവർത്തികളാലുള്ള യോഗ്യത നോക്കാതെ ദൈവം നല്കുന്നു.     

  

റോമർ 5:15

എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.

 

റോമർ 6:23

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

 

അതായത് റോമർ 11:29 ലെ “ദൈവം തന്റെ കൃപാവരങ്ങളെയും (gifts) വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.” എന്നതിലെ “കൃപാവരങ്ങൾ” 1 കൊരിന്ത്യർ 12:7-11 ൽ പറയുന്ന ആത്മാവിന്റെ വരങ്ങളോ, ഗലാത്യർ 5:22-23 ൽ പറയുന്ന ആത്മാവിന്റെ ഫലങ്ങളോ അല്ല. “കൃപാവരങ്ങൾ” എന്ന പദം രക്ഷയക്കായുള്ള ദൈവത്തിന്റെ ദാനം ആണ്. യിസ്രായേലിന്, പിതാക്കന്മാരിലൂടെ ലഭിച്ചിരിക്കുന്ന രക്ഷയ്ക്കായുള്ള “കൃപാവരങ്ങളെയും (gifts) വിളിയെയും കുറിച്ചു” ദൈവം അനുതപിക്കുന്നില്ല. ദൈവം യിസ്രായേലിനോടുള്ള വാഗ്ദത്തം തിരിച്ചെടുക്കുകയോ, നിവർത്തിക്കാതെ ഇരിക്കുകയോ ചെയ്യുകയില്ല.

 

അനുസരണക്കേടിൽ അടെച്ചുകളഞ്ഞു

 

ഒരിക്കൽ ജാതീയർ ദൈവത്തെ അനുസരിക്കാത്തവർ ആയിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ ദൈവത്തിന്റെ കരുണ ലഭിച്ചിരിക്കുന്നു. ഇത് സംഭവിച്ചത്, യിസ്രായേൽ ജനം യേശുക്രിസ്തുവിനെ തിരസ്കരിക്കുകയും ദൈവത്തെ അനുസരിക്കാതെ ഇരിക്കുകയും ചെയ്തത് കൊണ്ടാണ് (11:30). എന്നാൽ ദൈവം ജാതികളോടു കാണിച്ച കരുണ യഹൂദന്മാർക്കും ലഭിക്കും. കരുണ ലഭിക്കേണ്ടതിനായി യിസ്രായേൽ ഇപ്പോൾ ദൈവത്തെ അനുസരിക്കാതെ ഇരിക്കുന്നു (11:31). ദൈവം എല്ലാവരെയും അനുസരണക്കേടിൽ അടെച്ചിരിക്കുന്നു. ഇത് എല്ലാവരോടും കരുണ ചെയ്യേണ്ടതിനാണ്.  

 

ജാതീയർ ഒരിക്കൽ ദൈവത്തെ അനുസരിക്കാത്തവർ ആയിരുന്നു. അവർ ദൈവത്തെ അനുസരിക്കാതെ ഇരുന്നതുപോലെയാണ് യിസ്രായേല്യരും ദൈവത്തെ അനുസരിക്കാതെ ഇരിക്കുന്നതു. എന്നാൽ ജാതീയർക്ക് ദൈവത്തിന്റെ കരുണയും കൃപയും ലഭിച്ചു, അവർ യേശുക്രിസ്തുവിനെ സ്വീകരിച്ചു, രക്ഷ പ്രാപിച്ചു. യിസ്രായേൽ ദൈവത്തെ അനുസരിക്കാതെ ക്രിസ്തുവിന്റെ സുവിശേഷത്തെ തിരസ്കരിച്ചത് കൊണ്ടാണ് ജാതികൾക്ക് ദൈവത്തിന്റെ കരുണ ലഭിച്ചത്. ദൈവം ജാതികളോട് കരുണ കാണിച്ചത് യിസ്രായേൽ ജനം ദൈവത്തിങ്കലേക്ക് തിരികെ ചെല്ലേണ്ടതിനാണ് (റോമർ 11:11-14). യഹൂദനും, ജാതികളും ഒരുപോലെ ദൈവത്തോട് അനുസരണക്കേട് കാണിച്ചവർ ആണ്. എന്നാൽ ജാതീയർക്കു ദൈവത്തിന്റെ കരുണ ലഭിച്ചതുപോലെ, ഭാവിയിൽ ദൈവത്തിന്റെ കരുണ യഹൂദന്മാരെയും തേടിയെത്തും. ദൈവത്തിന്റെ കരുണ ലഭിച്ചപ്പോൾ ജാതീയർ യേശുക്രിസ്തുവിനെ സ്വീകരിച്ചതുപോലെ, ദൈവത്തിന്റെ കരുണ ലഭിക്കുമ്പോൾ യഹൂദന്മാരും യേശുക്രിസ്തുവിൽ വിശ്വസിക്കും.

  

11:32 ലെ, “ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.” എന്നതിലെ “അടെച്ചുകളഞ്ഞു” എന്ന വാക്ക് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരിക്കുന്നു എന്ന അർത്ഥം നല്കുന്നുണ്ട്. (consigned – ESV, bound – NIV). ഈ വാക്കിന്റെ ഗ്രീക് പദം, “സുക്ലൈഒ” എന്നാണ് (sygkleiō, soong-kli'-o). ഈ പദത്തിന്റെ അർത്ഥം, എല്ലാ വശവും അടച്ചു പൂർണമായി അടച്ചിടുക എന്നാണ് (to shut up on all sides, shut up completely). ഇത് ഒരു കാരാഗൃഹത്തിൽ ആയിരിക്കുന്ന അവസ്ഥയാണ്. ഇതിൽ ആയിപ്പോയ യഹൂദനും ജാതീയനും ഒരുപോലെ സ്വയം രക്ഷപ്പെടുവാൻ കഴിയുക ഇല്ല. അതിനാൽ, ദൈവത്തെ അനുസരിക്കുന്നതിലേക്ക് വരുവാൻ അവർക്ക് ദൈവത്തിന്റെ കരുണയും, കൃപയും ആവശ്യമാണ്. 

 

11:32 വളരെ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടുന്ന ഒരു വാക്യം ആണ്. “ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു” എന്ന വാക്കുകളെ എല്ലാ മനുഷ്യരും സർവ്വലൌകീകമായി രക്ഷിക്കപ്പെടും (universalism) എന്ന വാദത്തിന് ഉപോൽബലകമായി ചില വ്യാഖ്യാതാക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, എല്ലാ കാലത്തുമുള്ള, എല്ലാ മനുഷ്യർക്കും ദൈവത്തിന്റെ കരുണ ലഭിക്കും എന്നു പൌലൊസ് ഇവിടെ പഠിപ്പിക്കുന്നില്ല. യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവർ മാത്രമേ നിത്യജീവൻ പ്രാപിക്കുകയുള്ളൂ എന്നു പൌലൊസ് മുമ്പ് ഉള്ള അദ്ധ്യായങ്ങളിൽ എഴുതിയിട്ടുണ്ട് (റോമർ 10:9-10). ദൈവത്തിന്റെ കരുണയും, കൃപയും യേശുക്രിസ്തുവിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

 

റോമർ 10:9-10

യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

 

11:32 ൽ “എല്ലാവരോടും” എന്ന വാക്ക്, ഈ അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്ന യഹൂദന്മാരും ജാതീയരും എന്ന രണ്ട് ജനസമൂഹം ആണ്. ദൈവം അവരെ രണ്ടു കൂട്ടരെയും അനുസരണക്കേടിന്റെ തടവറയിൽ അൽപ്പകാലത്തേക്ക് അടച്ചുകളഞ്ഞു. ഇത് ദൈവം അവരെ അവിശ്വാസത്തിൽ വിട്ടുകളഞ്ഞു എന്നു മനസ്സിലാക്കേണം. റോമർ 1:24, 26-28 വാക്യങ്ങൾ ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. റോമർ 11:25 ൽ “യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.” എന്നാണ് പൌലൊസ് പറയുന്നത്. അതായത് ദൈവം യിസ്രായേലിനെ അൽപ്പകാലത്തേക്ക് കാഠിന്യത്തിൽ വിട്ടിരിക്കുന്നു. എന്നാൽ, തക്ക സമയത്ത് രണ്ട് കൂട്ടർക്കും ദൈവത്തിന്റെ കരുണ ലഭിക്കുകയും അവർ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്യും. ഇതാണ് ഇവിടെ പൌലൊസിന്റെ വാദം.  

 

ദൈവവും യിസ്രായേലുമായുള്ള ബന്ധത്തെക്കുറിച്ച് വളരെ വിശദവും സുദീർഘവും ആയ ഒരു ചർച്ചയുടെ അവസാനമാണ് 11:33-36 വരെയുള്ള വാക്യങ്ങൾ. യഹൂദനെക്കുറിച്ചും, ജാതീയരെക്കുറിച്ചും ഉള്ള ദൈവത്തിന്റെ ശ്രേഷ്ഠമായ പദ്ധതി അദ്ദേഹം വിശദമാക്കി. യിസ്രായേലും ജാതീയരും ഒരുപോലെ അനുസരണക്കേടിൽ ജീവിച്ചിരുന്നു. രണ്ട് കൂട്ടരോടും ദൈവം കരുണ കാണിക്കും. ഇത് യേശുക്രിസ്തുവിലുള്ള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഇത്രയും പറഞ്ഞതിന്നു ശേഷം ഉപസംഹാരമായി പൌലൊസ് ദൈവത്തെ മഹത്വപ്പെടുത്തുകയാണ്. 

 

ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴം ഗ്രഹിക്കുവാൻ മനുഷ്യന് അസാദ്ധ്യമാണ്. അവന്റെ തീരുമാനങ്ങളും, അത് നിവർത്തിക്കപ്പെടുന്ന വഴികളും മനുഷ്യന് അഗോചരം ആണ്. ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ മനുഷ്യന് ഗ്രഹിക്കുവാൻ സാദ്ധ്യമല്ല. അവന്റെ കൃപ എങ്ങനെ തിരഞ്ഞെടുത്തവരിലേക്ക് ചെല്ലുന്നു, എങ്ങനെ അത് അതിന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നു എന്നു മനസ്സിലാക്കുവാൻ മനുഷ്യർക്ക് പ്രയാസമാണ്. ദൈവത്തിന്റെ മനസ്സ് മുൻകൂട്ടി അറിയുവാനോ, അവനെ ഉപദേശിക്കുവാനോ ആർക്കും സാദ്ധ്യമല്ല. സകലതും അവന്റെതാണ് എന്നതിനാൽ അവന് എന്തെങ്കിലും ആദ്യം കൊടുക്കുകയും പിന്നീട് അവനിൽ നിന്നും പ്രതിഫലം വാങ്ങുകയും ചെയ്യുക അസാദ്ധ്യമാണ്. സകലവും അവനിൽ നിന്നും വരുന്നു, സകലവും അവങ്കലേക്കു ആകുന്നു. ദൈവത്തിന് എന്നേക്കും മഹത്വം. ആമേൻ.

 

11:34-35 വാക്യങ്ങളിൽ യെശയ്യാവ് 40:13 നെ ഉദ്ധരിച്ചുകൊണ്ടു പൌലൊസ് രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു. “കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ?” (11:34-35). ഈ ചോദ്യങ്ങൾക്ക് ഒരു ഉത്തരം പൌലൊസ് പ്രതീക്ഷിക്കുന്നില്ല. ഇത് ദൈവത്തിന്റെ ജ്ഞാനത്തിന്റെ ശ്രേഷ്ഠത വിനിമയം ചെയ്യുന്നു എന്നു മാത്രം. ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിൽ മനുഷ്യന് ദൈവത്തിന്റെ വിചാരങ്ങളെ ഗ്രഹിക്കുവാനുള്ള കഴിവില്ല.  

 

യെശയ്യാവ് 40:13

യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?

 

യെശയ്യാവ് 55:8

എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

 

11:35-36 വാക്യങ്ങളിൽ പൌലൊസ് പഴയനിയമത്തിൽ നിന്നും രണ്ട് വാക്യങ്ങൾ എടുത്തെഴുതുന്നു. ഇത് മൂന്നാമതൊരു ചോദ്യമാണ്. 

 

ഇയ്യോബ് 41:11

ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?

 

1 ദിനവൃത്താന്തം 29:14

എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.

 

ഈ പ്രപഞ്ചത്തിലെ സകലതിനെയും സൃഷ്ടിച്ചത് ദൈവം ആണ്. മനുഷ്യർ യാതൊന്നും പുതിയതായി സൃഷ്ടിക്കുന്നില്ല. യാതൊന്നും സ്വയം സൃഷ്ടിക്കപ്പെടുന്നതും ഇല്ല. സകലതും ദൈവത്തിന്റേത് ആണ്. അതിനാൽ, ദൈവത്തിന് എന്തെങ്കിലും ആദ്യമേ കൊടുക്കുക എന്നത് അസാദ്ധ്യമാണ്. അവന് ആദ്യം കൊടുക്കുകയും, ശേഷം പ്രതിഫലമായി തിരികെ വാങ്ങുകയും ചെയ്യുക സാദ്ധ്യമല്ല. മനുഷ്യന് ലഭിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനം ആണ്.

 

ദൈവത്തിന് നമ്മളെ അല്ല ആവശ്യം, നമുക്ക് ദൈവത്തെയാണ് ആവശ്യം. ദൈവം നമുക്ക് യാതൊന്നും കടപ്പെട്ടിട്ടില്ല. നമ്മൾ ദൈവത്തിനാണ് കടപ്പെട്ടിരിക്കുന്നത്. നമ്മളെ കൂടാതെയും ദൈവത്തിന് സമ്പൂർണ്ണനും കുറവില്ലാത്തവനുമായി നിലനിലക്കുവാൻ കഴിയും. എന്നാൽ ദൈവത്തെ കൂടാതെ നമുക്ക് ജീവിക്കുവാൻ സാദ്ധ്യമല്ല.

 

ദൈവം നമുക്ക് കടക്കാരൻ അല്ല എന്നതിൽ, അവൻ എല്ലാം ആദ്യമേ നമുക്ക് നല്കിയിട്ടുണ്ട് എന്ന ആശയവും ഉണ്ട്. നമുക്ക് ഉള്ളതെല്ലാം ആദ്യമേ അവന്റെതായിരുന്നു, ഇപ്പോഴും അവന്റെതാണ്, ഭാവിയിലും അവന്റെത് ആയിരിക്കും. അതിനാൽ ആദ്യം അവന് കൊടുക്കുക, അതിന്റെ ബാധ്യതയിൽ ദൈവം നമുക്ക് പ്രതിഫലം നല്കുക എന്നത് അസാദ്ധ്യമാണ്. റോമർ 11 ആം അദ്ധ്യായത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ദൈവം നമ്മളോട് കാണിക്കുന്ന കരുണ, അവൻ നമ്മളോട് കാണിക്കേണ്ടുന്ന ഒരു ബാധ്യതയോ, പ്രതിഫലമോ അല്ല. ദൈവത്തിന്റെ കരുണ, കൃപ എന്നിവയ്ക്ക് ഉപോൽബലകമായ യാതൊരു കാരണവും ഇല്ല. അത് തികച്ചും ദൈവത്തിന്റെ സർവ്വാധികാരത്തിൽ ഉള്ള ഒരു ദൈവീക തീരുമാനം ആണ്.    

 

ഈ പ്രപഞ്ചത്തിലെ സകലതും ദൈവത്തിൽ നിന്നും വരുന്നു, അവനിലൂടെ സംഭവിക്കുന്നു, അവനായി നിലനിലക്കുന്നു. സകലതിനെയും ദൈവം സൃഷ്ടിച്ചു, അവൻ പരിപാലിക്കുന്നു, അവന്റെ മഹത്വത്തിനായി തീരുന്നു. സകലതും ദൈവത്തിന് മഹത്വം കരേറ്റുന്നു. ഈ പറഞ്ഞതിനെല്ലാം “ആമേൻ” എന്നു കൂടി ചേർത്തുകൊണ്ടാണ് പൌലൊസ് ഈ പ്രാർത്ഥനയും, അദ്ധ്യായവും അവസാനിപ്പിക്കുന്നത്.



 

No comments:

Post a Comment