റോമർ 10 ആം അദ്ധ്യായം, 9 ആം അദ്ധ്യയത്തിന്റെ തുടർച്ചയാണ്. പുതിയനിയമ കാലത്ത് യഹൂദന്റെ സ്ഥാനം, അവരുടെ രക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച ഇവിടെയും തുടരുകയാണ്. 9 ആം അദ്ധ്യായം ആരംഭിക്കുന്നത്, യഹൂദനെ കുറിച്ച് പൌലൊസിന് “വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു” എന്നു സാക്ഷ്യപ്പെടുത്തികൊണ്ടാണ് (9:2). അതേ വികാരം പ്രകടിപ്പിച്ചുകൊണ്ടാണ് 10 ആം അദ്ധ്യായവും ആരംഭിക്കുന്നത്. എന്നാൽ ഇവിടെ പൌലൊസിന്റെ ആഗ്രഹം കൂടുതൽ കൃത്യതയുള്ളത് ആണ്. അവർ രക്ഷിക്കപ്പെടേണം എന്നു അദ്ദേഹം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സ്വന്ത ജനമായ യഹൂദരെക്കുറിച്ച് പൌലൊസിന് വേദനയുണ്ട്. അവർ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെടേണം എന്നു അദ്ദേഹം പ്രാർത്ഥിക്കുന്നു. “സഹോദരന്മാരേ, അവർ (യഹൂദന്മാർ) രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (10:1). ദൈവത്തെക്കുറിച്ചു അവർ എരിവുള്ളവർ ആയിരിക്കുന്നു. എന്നാൽ, ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ നീതീകരണം പ്രാപിക്കാം എന്ന അവരുടെ മോഹം നിരാശാജനകം ആണ്. യേശുക്രിസ്തുവിനെ ദൈവം രക്ഷയ്ക്കായി അയച്ചതാണ് എന്നു യിസ്രായേൽ ജനം വിശ്വസിക്കേണം, അവന്റെ ക്രൂശ് മരണത്തിലൂടെ പാപ മോചനം ഉണ്ട് എന്നും അവനെ ദൈവം മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർപ്പിച്ചിരിക്കുന്നു എന്നും അവർ വിശ്വസിക്കേണം. ഈ വിശ്വാസത്തിന് മാത്രമേ അവരെ രക്ഷിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ജാതീയരും രക്ഷ പ്രാപിക്കുവാനുള്ള ഏക മാർഗ്ഗം. യിസ്രായേൽ ജനം ക്രിസ്തുവിങ്കലേക്ക് മടങ്ങി വരുന്നതിനായി ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുന്നു.
യിസ്രായേല്യരുടെ
എരിവ്
റോമർ 10:2 ൽ, യിസ്രായേൽ ജനം
ദൈവത്തെക്കുറിച്ച് എരിവുള്ളവർ ആണ് എന്നു പൌലൊസ് സാക്ഷിക്കുന്നു. എന്നാൽ അത്
പരിജ്ഞാനപ്രകാരം അല്ലാത്തതിനാൽ അവർ രക്ഷിക്കപ്പെടുന്നില്ല. പൌലൊസും യഹൂദ മതം
സംബന്ധിച്ച് വളരെ എരിവ് ഉള്ളവൻ ആയിരുന്നു. അവൻ “ശുഷ്കാന്തി സംബന്ധിച്ചു സഭയെ
ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ”
ആയിരുന്നു (ഫിലിപ്പിയർ 3:6). എന്നാൽ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോളാണ് അവൻ
നീതീകരണം പ്രാപിച്ചതു.
പൌലൊസിന്റെയും മറ്റ് അപ്പൊസ്തലന്മാരുടെയും സാക്ഷ്യവും
സുവിശേഷവും ഹേതുവായി ചെറിയ ഒരു കൂട്ടം യഹൂദന്മാർ ക്രിസ്തീയ വിശ്വാസത്തെ
സ്വീകരിച്ചിട്ടുണ്ട്. റോമിലെ സഭയിലും യഹൂദ വിശ്വാസികൾ ഉണ്ടായിരുന്നു. എന്നാൽ ഒരു
ജനസമൂഹം എന്ന നിലയിൽ യഹൂദന്മാർ പൊതുവേ അവരുടെ മശീഹയയെ തിരസ്കരിച്ചു. ഇതാണ്
പൌലൊസിനെ വേദനിപ്പിച്ച സത്യം. പൌലൊസിന്റെ കാലത്തെ യഹൂദന്മാർ ദൈവത്തെ
ആരാധിക്കുന്നത്തിലും, പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നതിലും തീഷ്ണത ഉള്ളവർ
ആയിരുന്നു. ന്യായപ്രമാണവും മറ്റ് പഴയനിയമ തിരുവചനവും അവർക്ക് നല്ലതുപോലെ
അറിയാമായിരുന്നു. എന്നാൽ മശീഹയെ തിരിച്ചറിയുവാൻ അവരുടെ പരിജ്ഞാന പ്രകാരം അവർക്ക്
കഴിഞ്ഞില്ല.
യിസ്രായേലിന്റെ
പരാജയം
യിസ്രായേൽ ജനം പരാജയപ്പെട്ടത് എവിടെയാണ് എന്നു 10:3-5
വരെയുള്ള വാക്യങ്ങളിൽ പറയുന്നു. അവർ സ്വന്ത പ്രവർത്തികളാൽ നീതീ സ്ഥാപിക്കുവാൻ
ശ്രമിച്ചു. അതിനാൽ അവർ വിശ്വാസം മൂലം നീതീകരണം എന്ന ദൈവത്തിന്റെ മാർഗ്ഗത്തെ
തിരിച്ചറിഞ്ഞില്ല. ഒരുവൻ പ്രവർത്തികളാൽ നീതീകരിക്കപ്പെടേണം എങ്കിൽ
ന്യായപ്രമാണത്തിന്റെ കുറവില്ലാത്ത അനുസരണം ആവശ്യമാണ്. എന്നാൽ ഒരു മനുഷ്യനും ഇത്
നേടിയെടുക്കുവാൻ കഴിഞ്ഞില്ല. അതിനാൽ ആർക്കും പ്രവർത്തികളാൽ നീതീകരണം പ്രാപിക്കുവാൻ
കഴിഞ്ഞില്ല.
യിസ്രായേൽ ജനം ഈ സത്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. ദൈവത്തിന്റെ
നീതിയായ യേശുക്രിസ്തുവിനെ അവർ സ്വീകരിച്ചില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും നീതി
ലഭിപ്പാൻ അവൻ ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. ക്രിസ്തു അവന്റെ ഭൌതീക
ജീവിതത്തിൽ ന്യായപ്രമാണത്തെ സമ്പൂർണ്ണമായി, കുറ്റമറ്റതായി നിവർത്തിച്ചു. അങ്ങനെ ക്രിസ്തു
ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവർക്കും നീതി
ലഭിക്കുന്നു.
10:5 ൽ, ലേവ്യപുസ്തകം 18:5 ആം വാക്യം
എടുത്തെഴുതിയിരിക്കുന്നു.
ലേവ്യപുസ്തകം
18:5
ആകയാൽ എന്റെ
ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ
അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
എന്നാൽ യിസ്രായേൽ ജനത്തിന് പ്രമാണങ്ങൾ എല്ലാം കുറ്റമറ്റ
രീതിയിൽ പ്രമാണിക്കുവാൻ കഴിഞ്ഞില്ല എന്നതിനാൽ, അവർ പ്രവർത്തികളാൽ
നീതീകരിക്കപ്പെട്ടില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം നീതീകരണം പ്രാപിക്കാം
എന്ന ദൈവം ഒരുക്കിയ സത്യമാർഗ്ഗവും യിസ്രായേൽ അംഗീകരിച്ചില്ല. ഈ രണ്ട് രീതിയിലും
ദൈവീക നീതീ പ്രാപിക്കുവാൻ യിസ്രായേല്യർക്ക് കഴിഞ്ഞില്ല.
യാക്കോബ് 2:10
ഒരുത്തൻ
ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും
കുറ്റക്കാരനായിത്തീർന്നു.
റോമർ 10:6-8 വാക്യങ്ങൾ ആവർത്തന പുസ്തകത്തിൽ നിന്നുള്ള
ഉദ്ധരണിയാണ്. ഇതാണ് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള നീതി ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ
ഇറക്കേണം എന്നു വിചാരിച്ചു ആരും സ്വർഗ്ഗത്തിൽ കയറേണ്ടതില്ല. അവനെ മരിച്ചവരുടെ
ഇടയിൽ നിന്നും കയറ്റുവാനായി ആരും പാതാളത്തിൽ ഇറങ്ങുകയും വേണ്ട. ദൈവ വചനം ഏവർക്കും
സമീപമായി, അവരുടെ വായിലും ഹൃദയത്തിലും ഇരിക്കുന്നു. ഈ വചനമാണ് അപ്പൊസ്തലന്മാർ
പ്രസംഗിക്കുന്ന വിശ്വാസ വചനം.
ആവർത്തനം
30:11-14
ഞാൻ ഇന്നു
നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.
ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു
പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; ഞങ്ങൾ കേട്ടു
അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു
സമുദ്രത്തിന്നക്കരെയുമല്ല; നീ അനുസരിപ്പാൻ തക്കവണ്ണം,
വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ
വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.
ഈ വാക്യത്തിൽ ദൈവം പറയുന്നത് ഇതാണ്, ദൈവീക കൽപ്പനകൾ,
അനുസരിക്കുവാൻ തക്കവണ്ണം അത് യിസ്രായേൽ ജനത്തിന്റെ ഹൃദയത്തിലും, വായിലും
നല്കപ്പെട്ടിരിക്കുന്നു. അതിനാൽ ദൈവത്തിന്റെ പ്രമാണങ്ങൾ എന്താണ് എന്നു ഇനി
അന്വേഷിച്ചു പോകേണ്ടതില്ല. ഈ കൽപ്പനകൾ പ്രയാസമുള്ളത് അല്ല.
ഇതേ ആശയം, റോമർ 10:6-7 വാക്യങ്ങളിൽ പൌലൊസ് സുവിശേഷത്തിന്റെ
കാര്യത്തിലും പ്രയോഗിക്കുന്നു. മശീഹയെ കണ്ടെത്തുവാനോ, അവന്റെ സുവിശേഷം എന്തെന്നത്
അറിയുവാനോ, ആരും ഇനി അന്വേഷിച്ചു നടക്കേണ്ടതില്ല. അത് എല്ലാവർക്കും അവരുടെ
ഹൃദയത്തിലും വായിലും ലഭ്യമാണ്. ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നും വരുകയും മരിച്ചവരുടെ
ഇടയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തിരിക്കുന്നു. അതായത് ക്രിസ്തു അവരുടെ
ഇടയിൽ ജീവിച്ചു, ഇപ്പോഴും ജീവിക്കുന്നു.
ഇന്ന്, ദൈവവചനം വിദൂരതയിലല്ല. അത് ആഗ്രഹിക്കുന്ന
എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാണ്. കാരണം അപ്പൊസ്തലന്മാർ
പ്രസംഗിക്കുന്നതാണ് വിശ്വാസത്താൽ നീതീകരിക്കുന്ന ദൈവവചനം. വചനം കേട്ടില്ല എന്നോ,
ആരും പറഞ്ഞുതന്നില്ല എന്നോ ആർക്കും പറയുവാൻ കഴിയുകയില്ല. അതുപോലെ തന്നെ
ആഗ്രഹിക്കുന്ന ഏവനും അത് അവരുടെ വായിലും, ഹൃദയത്തിലും ഇരിക്കുന്നു.
(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
യേശുവിനെ
കർത്താവ് എന്നു ഏറ്റുപറയുക
റോമർ 10:7-8 ൽ പറഞ്ഞിരികുന്നതുപോലെ ക്രിസ്തുവും, അവന്റെ
സുവിശേഷവും ഏവർക്കും സമീപസ്ഥം ആയതിനാൽ, യേശുക്രിസ്തുവിനെ ജീവിതത്തിന്റെ യജമാനൻ (Lord) എന്നു വായ്കൊണ്ടു ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചു
എന്നു ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്നവൻ നിത്യരക്ഷ പ്രാപിക്കും. നീതീയ്ക്കായി
ഹൃദയം കൊണ്ട് വിശ്വസിക്കുന്നു, രക്ഷയ്ക്കായി വായ്കൊണ്ടു ഏറ്റുപറയുന്നു. ഇവിടെ
രക്ഷയും നീതീകരണവും രണ്ട് രീതിയിൽ പ്രാപിക്കുന്നു എന്നല്ല പൌലൊസ് പറയുന്നത്. ഹൃദയം
കൊണ്ട് വിശ്വസിക്കുക എന്നതാണ് രക്ഷയ്ക്കും നീതീകരണത്തിനും ആവശ്യമായത്. ഹൃദയം
കൊണ്ട് വിശ്വസിക്കുന്നത് വായ്കൊണ്ടു ഏറ്റുപറയുന്നു.
യേശു മശീഹയാണ് എന്നും, ദൈവം അവനെ മരിച്ചവരിൽ നിന്നും
ഉയിർപ്പിച്ചിരിക്കുന്നു എന്നുമുള്ള വിശ്വാസമാണ് അപ്പൊസ്തലന്മാർ പ്രസംഗിച്ചത്.
ഇതാണ് നീതീകരിക്കപ്പെടുവാനുള്ള ഏക മാർഗ്ഗം. ദൈവവുമായുള്ള നിരപ്പും നീതീയുടെ
ബന്ധവും ന്യായപ്രമാണത്താൽ ലഭിക്കുകയില്ല. യേശുക്രിസ്തു ന്യായപ്രമാണത്തെ
സമ്പൂർണ്ണമായി അനുസരിച്ച ഏക വ്യക്തിയാണ്. അവന്റെ മരണത്തിലൂടെ ന്യായപ്രമാണം
പൂർണമായി നിവർത്തിക്കപ്പെട്ടിരിക്കുന്നു. ഒരുവന് നീതീകരിക്കപ്പെടുവാൻ ആവശ്യമായത്
എല്ലാം യേശുക്രിസ്തു ചെയ്തുകഴിഞ്ഞു. അവന്റെ ഉയിർപ്പിൽ നമുക്ക് പുതുജീവൻ ഉണ്ട്.
അതിനാൽ റോമർ 10:9 ൽ പൌലൊസ് പറയുന്നു, രക്ഷിക്കപ്പെടുവാൻ
ആഗ്രഹിക്കുന്നവൻ യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറയേണം. ഇവിടെ
ഉപയോഗിച്ചിരിക്കുന്ന “കർത്താവ്” എന്ന വാക്കിന്റെ ഗ്രീക്ക് പദം “കുരിഓസ്” എന്നാണ് (kyrios, koo'-ree-os). ഇതിൽ രണ്ട് ആശയങ്ങൾ ഉണ്ട്. അടിമകൾ അവരുടെ യജമാനനെ “കർത്താവ്” (Lord) എന്നാണ് വിളിച്ചിരുന്നത്. യജമാനൻ കൽപ്പിക്കുന്നത് എന്തും ചെയ്യുവാൻ അടിമ
തയ്യാറാണ്. അടിമകൾക്ക് സ്വന്തമായ താല്പര്യങ്ങൾ ഇല്ല. അതേ അർത്ഥത്തിൽ, ക്രിസ്തീയ
വിശ്വാസികൾ, യേശുക്രിസ്തു എന്ന യജമാനൻ കൽപ്പിക്കുന്നത് എന്തും ചെയ്യുവാൻ
തയ്യാറായിരിക്കേണം. “കർത്താവ്” (Lord) എന്ന വാക്ക്
സർവ്വാധികാരിയായ ദൈവത്തെ അഭിസംബോധന ചെയ്യുന്ന പവിത്രമായ ഒരു പദം കൂടിയാണ്.
ശിഷ്യന്മാർ ഈ വാക്ക് ഉപയോഗിച്ചു യേശുക്രിസ്തുവിനെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു.
ഇത് യേശുക്രിസ്തു ദൈവമാണ് എന്നു ശിഷ്യന്മാർ വിശ്വസിച്ചിരുന്നു എന്നതിന്റെ
തെളിവാണ്. ഈ വിശ്വാസം രക്ഷയ്ക്ക് ആവശ്യമാണ് എന്നാണ് പൌലൊസ് പറയുന്നത്.
യേശുവിനെ കർത്താവ് എന്നു വായ്കൊണ്ടു ഏറ്റു പറയുക മാത്രമല്ല
രക്ഷയ്ക്ക് ആവശ്യമായുള്ളത്. ഒരുവന് ഹൃദയത്തിലുള്ള വിശ്വാസവും ആവശ്യമാണ്.
വിശ്വാസമാണ് അവൻ ഏറ്റു പറയുന്നത്.
രക്ഷ
യഹൂദനും ജാതിയനും ലഭ്യമാണ്
റോമർ 10:11-13 വരെയുള്ള വാക്യങ്ങളിൽ,
യേശുക്രിസ്തുവിലൂടെയുള്ള രക്ഷ യഹൂദനും, ജാതിയനും ഒരുപോലെ ലഭ്യമാണ് എന്ന
ആശയത്തിലേക്ക് പൌലൊസ് അവന്റെ വാദങ്ങളെ കൊണ്ടുപോകുന്നു. യേശുവിൽ വിശ്വസിക്കുന്ന
ഒരുവനെയും അവൻ നിരാശനാക്കുകയില്ല. വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും. അതിൽ
യഹൂദൻ എന്നും, യവനൻ (ജാതീയൻ) എന്നും വ്യത്യാസം ഇല്ല. യേശുക്രിസ്തു എല്ലാവർക്കും,
കർത്താവും ദൈവവുമാണ്. 10:13, യോവേൽ പ്രവാചകന്റെ പുസ്തകത്തിൽ
നിന്നുള്ള ഒരു ഉദ്ധരണി ആണ്. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും
രക്ഷിക്കപ്പെടും.” പെന്തെക്കൊസ്ത് നാളിൽ പത്രൊസ് അവന്റെ പ്രസംഗത്തിൽ ഈ വാചകം
എടുത്തുപറയുന്നുണ്ട് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2:21).
യോവേൽ 2:32
എന്നാൽ യഹോവയുടെ
നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ
അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും
ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.
യേശുക്രിസ്തു യഹൂദന്റെയും ജാതീയന്റെയും ദൈവമാണ് എന്നു
പൌലൊസ് ഇവിടെ വ്യക്തമാക്കുകയാണ്. അവൻ അവനെ വിശ്വസിക്കുന്ന, അവനെ
വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷയും നീതീകരണവും നല്കുന്നു.
10:11 പഴയനിയമത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയാണ്. ഇത്തരം
ഉദ്ധരിണികൾ, പൌലൊസ് പറയുന്ന വാദങ്ങൾ പുതിയതായി അവൻ രൂപപ്പെടുത്തിയത് അല്ല എന്ന ആശയം
വിനിമയം ചെയ്യുന്നു. അവയെല്ലാം പഴയനിയമ പ്രവാചകന്മാർ മുൻകൂട്ടീ പറഞ്ഞിട്ടുള്ളതാണ്.
ഇത് റോമിലെ യഹൂദ ക്രിസ്ത്യാനികൾക്ക് കൂടുതൽ വിശ്വാസം ജനിപ്പിക്കും. ഇവിടെ പൌലൊസ് എടുത്തു പറയുന്നത് യെശയ്യാവ് 28:16
ആം വാക്യം ആണ്, “വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.”
യെശയ്യാവ് 28:16
അതുകൊണ്ടു
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ
ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു
അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ
ഓടിപ്പോകയില്ല.
10:13 ൽ യോവേൽ പ്രവാചകന്റെ വാക്കുകൾ
യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുമായി പൌലൊസ് ബന്ധിപ്പിക്കുന്നു. “യഹോവയുടെ നാമം
വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും”. പുതിയനിയമത്തിൽ ഇത്
യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും”
എന്നാകുന്നു. ഇത് യഹോവയായ ദൈവവും, യേശുക്രിസ്തുവും ഒന്നാണ് എന്ന അർത്ഥം വിനിമയം
ചെയ്യുന്നു. യഹൂദനും ജാതീയനും ഒരുപോലെ ക്രിസ്തുവിൽ രക്ഷിക്കപ്പെടുന്നു എന്നതിലും യഹോവയും
ക്രിസ്തുവും ഒന്നാണ് എന്ന ആശയം ഉണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം മൂലം, ന്യായപ്രമാണത്തിൽ
ആശ്രയിക്കുന്ന യഹൂദനും, സുവിശേഷത്തിൽ വിശ്വസിക്കുന്ന പുതിയനിയമ വിശ്വാസിയും, ഒരുപോലെ
ദൈവ ക്രോധത്തിൽ നിന്നും, രക്ഷപ്രാപിക്കുകയും ദൈവീക തേജസ്സ് പ്രാപിക്കയും ചെയ്യും.
10:14-15 വാക്യങ്ങൾ പൌലൊസ് ചോദിക്കുന്ന ചില ചോദ്യങ്ങൾ ആണ്.
ഒരുവൻ രക്ഷിക്കപ്പെടേണം എങ്കിൽ അവനോടു ആരെങ്കിലും ക്രിസ്തുവിന്റെ സുവിശേഷം
അറിയിക്കേണം. ഇങ്ങനെ സുവിശേഷം പ്രസംഗിക്കുന്നവൻ ഇല്ലാതെ ഒരുവന്
ക്രിസ്തുവിനെക്കുറിച്ച് അറിയുവാനോ, അവനിൽ വിശ്വസിക്കുവാനോ കഴിയുക ഇല്ല. അവന്
രക്ഷയ്ക്കായി ക്രിസ്തുവിനോടു വിളിച്ചപേക്ഷിക്കുവാൻ സാദ്ധ്യമല്ല. 15 ആം വാക്യത്തിൽ
“ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും?” എന്നു പൌലൊസ്
ചോദിക്കുന്നു. സുവിശേഷം പ്രസംഗിക്കുവാനായി ഒരുവനെ ക്രിസ്തു അയക്കുന്നില്ല എങ്കിൽ,
അവന് അത് അറിയിക്കുവാനും, ഒരുവന് അറിയുവാനും സാദ്ധ്യമല്ല. അപ്പൊസ്തലന്മാർ
എല്ലാവരും സുവിശേഷം അറിയിക്കുവാനായി അയക്കപ്പെട്ടവർ ആണ്. അവരെക്കുറിച്ചു പൌലൊസ്
പറയുന്നത് ഇങ്ങനെയാണ്, “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം”. ഈ വാചകം
യെശയ്യാവ് 52:7 ന്റെ ഉദ്ധരണിയാണ്.
യെശയ്യാവ് 52:7
സമാധാനത്തെ
ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ
ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ
എത്ര മനോഹരം!
ഇവിടെ യഹൂദ ജനത്തിന്റെ ബാബേൽ പ്രവാസത്തിൽ നിന്നുള്ള
മോചനത്തെക്കുറിച്ച് ആയിരിക്കാം പ്രവാചകൻ പറയുന്നത്. സ്വതന്ത്ര്യത്തിന്റെ നല്ല
വിശേഷവുമായി മലമുകളിലൂടെ ഓടിവരുന്ന ഒരു പടയാളിയുടെ ചിത്രം ആണ് ഈ വാക്യത്തിൽ
ഉള്ളത്. അവൻ, ശത്രുവുമായുള്ള യുദ്ധത്തിലെ ജയം അറിയിക്കുവാനായി പടക്കളത്തിൽ നിന്നും
ഓടിവരുന്നവൻ ആകാം, അവൻ കൊണ്ടുവരുന്ന സുവാർത്ത അടിമത്തത്തിൽ നിന്നുള്ള മോചനം ആണ്. ശത്രുവിന്റെമേലുള്ള
ജയത്തിന്റെ നല്ല വാർത്തയാണ്. അത് പുതിയനിയമ സുവിശേഷത്തിൽ പാപത്തിന്റെ അടിമത്തത്തിൽ
നിന്നുള്ള സ്വാതന്ത്ര്യം ആണ്.
യഹൂദനും സുവിശേഷവും
10:16 ൽ, “എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല”,
എന്നു പൌലൊസ് പറയുന്നു. ഇത് യഹൂദന്മാരെ ഉദ്ദേശിച്ച് ആകുവാനാണ് സാദ്ധ്യത.
ക്രിസ്തുവിന്റെ സുവിശേഷം അവരെ അറിയിച്ചു എങ്കിലും, അവരിൽ ഒരു ചെറിയ കൂട്ടം മാത്രമേ
അത് സ്വീകരിച്ചിടുള്ളൂ. ജാതിയരുടെ ഇടയിലും സുവിശേഷം കേൾക്കുന്ന എല്ലാവരും അത്
സ്വീകരിക്കാറില്ല. വീണ്ടും പൌലൊസ് യെശയ്യാവ് പ്രവാചകന്റെ ഒരു വാചകം
എടുത്തെഴുതുന്നു: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു”.
യെശയ്യാവ് 53:1
ഞങ്ങൾ
കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു
വെളിപ്പെട്ടിരിക്കുന്നു?
യെശയ്യാവ് 53 യേശുക്രിസ്തുവിന്റെ
കഷ്ടാനുഭവങ്ങളെക്കുറിച്ചും, ക്രൂശ് മരണത്തെക്കുറിച്ചും ഉള്ള ഒരു പ്രവചനം ആയിട്ടാണ്
ക്രിസ്തീയ വിശ്വാസികൾ കാണുന്നത്. ഈ വിവരണം യഹൂദന്മാരുടെ പക്കൽ ഉണ്ടായിരുന്നു
എങ്കിലും, അതിന്റെ നിവർത്തിയായി അവർ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ കണ്ടില്ല.
അവരോട് ദൈവം ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സുവിശേഷം അറിയിച്ചു എങ്കിലും അവർ എല്ലാവരും
വിശ്വസിച്ചില്ല.
റോമർ 10:17 അപ്പൊസ്തലനായ പൌലൊസിന്റെ ഒരു പ്രശസ്ത വാചകം ആണ്,
“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” ക്രിസ്തുവിലുള്ള
വിശ്വാസം, അവന്റെ സുവിശേഷം പ്രസംഗിച്ചു കേൾക്കുന്നതിലൂടെ ഉളവാകുന്നു. എന്നാൽ
യിസ്രായേൽ ജനം സുവിശേഷം കേട്ടു എങ്കിലും അവർ അത് സ്വീകരിച്ചില്ല.
യിസ്രായേലിനോടുള്ള സുവിശേഷ വിളംബരവും, അവരുടെ തിരസ്കരണവും, ജാതികൾ സുവിശേഷത്തെ
സ്വീകരിച്ചതും പഴയനിയമത്തിലെ തിരുവെഴുത്തുകളുടെ നിവർത്തിയാണ് എന്നു പൌലൊസ്
പറയുന്നു.
യിസ്രായേൽ ജനത്തിന് അവർ ക്രിസ്തുവിന്റെ സുവിശേഷം കേട്ടില്ല
എന്നു പറയുവാൻ കഴിയുകയില്ല. അവരോടാണ് യേശുവും അപ്പൊസ്തലന്മാരും ആദ്യം സുവിശേഷം
ഘോഷിച്ചത്. 10:18 ആം വാക്യത്തിൽ പൌലൊസ്, സങ്കീർത്തനം 19:4 ആം വാക്യം
ഉദ്ധരിക്കുന്നു.
സങ്കീർത്തനം 19:4
ഭൂമിയിൽ
എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും
ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
ദൈവത്താൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചം
ദൈവത്തിന്റെ മഹത്വത്തിന്റെ സാക്ഷിയാണ് എന്നാണ് ദാവീദ് ഇവിടെ പറയുന്നത്. പ്രപഞ്ചം
ഭൂമിയുടെ അറ്റത്തോളം ദൈവത്തെ സാക്ഷിക്കുന്നു. യിസ്രായേൽ സുവിശേഷം കെട്ടിരിക്കുന്നു
എന്നു പറയുവാനാണ് പൌലൊസ് ഈ ഉദാഹരണം ഉപയോഗിക്കുന്നത്. യിസ്രായേൽ ദേശത്ത്
എല്ലായിടവും സുവിശേഷം എത്തിയിട്ടുണ്ട്. എന്നാൽ, യിസ്രായേൽ കേട്ടു, ഗ്രഹിച്ചില്ല.
10:19-20 വാക്യങ്ങളിൽ ഈ സത്യവും അതിന്റെ പരിണിത ഫലവും പൌലൊസ് വിവരിക്കുന്നു.
ഇതിനായി പഴയനിയമത്തിൽ നിന്നുള്ള ചില വാക്യങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു.
ആവർത്തനം 32:21
ദൈവമല്ലാത്തതിനെക്കൊണ്ടു
എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു
ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവർക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു
അവരെ മുഷിപ്പിക്കും
ഹോശേയ 2:23
ഞാൻ അതിനെ
എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ
കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
യെശയ്യാവ് 65:1
എന്നെ
ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു
എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം
വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു
ഞാൻ പറഞ്ഞു.
ജാതികൾ സത്യ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നു.
അതിനാൽ അവരെക്കുറിച്ചു, “ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി” എന്നു
എഴുതിയിരിക്കുന്നു (ആവർത്തനം 32:21). എന്നാൽ യെശയ്യാവ് 65:1 ൽ നമ്മൾ വായിക്കുന്നു,
“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ
അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു”. “കരുണ ലഭിക്കാത്തവളോടു
ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും;
നീ എന്റെ ദൈവം എന്നു അവരും പറയും.” എന്നു ഹോശേയ 2:23 ലും പറയുന്നു.
ഇതിന്റെയെല്ലാം നിവർത്തി എന്നവണ്ണം ജാതികൾ ക്രിസ്തുവിന്റെ സുവിശേഷം, കേട്ടു,
ഗ്രഹിച്ചു, വിശ്വസിച്ച് രക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അനേകം യഹൂദന്മാർക്ക്
വിശ്വാസം ഉണ്ടായില്ല. ദൈവം നീതീകരണം സൌജന്യമായി നല്കി എങ്കിലും, അവർ പ്രവർത്തിയാൽ
പ്രാപിക്കുവാൻ ശ്രമിച്ചു, പരാജയപ്പെട്ടിരിക്കുന്നു.
റോമർ 10 ആം അദ്ധ്യായത്തിന്റെ അവസാന വാക്യം (10:21)
യെശയ്യാവ് പ്രവാചകന്റെ ഒരു വാചകം ആണ്.
യെശയ്യാവ് 65:2
സ്വന്ത
വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ
ഇടവിടാതെ കൈ നീട്ടുന്നു.
യഹൂദന്റെ അനുസരണക്കേടും മൽസരവും കാരണം അവർക്ക്
ക്രിസ്തുവിന്റെ സുവിശേഷത്തെ സ്വീകരിക്കുവാൻ കഴിഞ്ഞില്ല. ദൈവം യിസ്രായേലിനെ
സ്വീകരിക്കുവാൻ തയാറായിരുന്നു. അവരോട് ആദ്യം ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു.
വിശ്വസിക്കുവാനും, അത് മൂലം നീതീകരണം പ്രാപിക്കുവാനും അവർക്ക് ആദ്യം അവസരം
ലഭിച്ചു. എന്നാൽ അവർ സുവിശേഷത്തെ തിരസ്കരിച്ചു, മശീഹയെ തള്ളിക്കളഞ്ഞു. അവർ മറുത്തു
പറയുന്നവരും മത്സരമുള്ളവരും ആയി. അങ്ങനെ അവർക്ക് രക്ഷ നഷ്ടമായി. എങ്കിലും, പൌലൊസ് പറയുന്നു,
ദൈവം അവർക്കായി കാത്തിരിക്കുന്നു. ദൈവം അവരിലേക്ക് ഇടവിടാതെ കൈനീട്ടിയിരിക്കുന്നു.



No comments:
Post a Comment