റോമർക്ക് എഴുതിയ ലേഖനം 16 ആം അദ്ധ്യായം ഈ ലേഖനത്തിന്റെ അവസാന ഭാഗം ആണ്. പൌലൊസിന്റെ ലേഖനം റോമിലേക്ക് കൊണ്ട്പോകുന്ന ഫേബ എന്ന സഹോദരിയെ അദ്ദേഹം ആദ്യം പരിചയപ്പെടുത്തുന്നു. അതിന് ശേഷം റോമിൽ അദ്ദേഹത്തിന് പരിചയമുള്ളവർക്ക് വന്ദനം ചെയ്യുന്നു. ഇതിനോടൊപ്പം വ്യാജ ഉപദേശകർക്ക് എതിരെ മുന്നറിയിപ്പും നല്കുന്നു. കൊരിന്തിലുള്ള വിശ്വാസികളുടെ വന്ദനവും, പ്രത്യേകിച്ച് തിമൊഥെയൊസിന്റെ വന്ദനവും, പൌലൊസ് റോമിലെ വിശ്വാസികളെ അറിയിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷയുടെ സുവിശേഷം ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും വെളിപ്പെടുത്തികൊടുത്ത ദൈവത്തിന് സ്തുതി കരേറ്റിക്കൊണ്ട് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു.
ഈ ലേഖനത്തിന്റെ ഉപസംഹാര വാക്കുകളിൽ, റോമിലെ സഭയിൽ, പൌലൊസിന്
പരിചയം ഉള്ളവർക്ക് അദ്ദേഹം വന്ദനം പറയുന്നു. ഇത് പൌലൊസിന്റെ പൊതുവായ രീതിയാണ്. വ്യക്തി
ബന്ധങ്ങൾക്ക് അദ്ദേഹം വലിയ വില കൽപ്പിച്ചിരുന്നു. ഇതിൽ, മറ്റൊരിടത്ത് നിന്നും
നമുക്ക് ലഭിക്കുവാൻ സാധ്യതയില്ലാത്ത ചില വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ലേഖനത്തിൽ
നിന്നും, ആദ്യകാല ക്രിസ്തീയ സഭയിൽ ഉണ്ടായിരുന്ന ചില അഭിപ്രായ
വ്യത്യാസങ്ങളെക്കുറിച്ച് നമുക്ക് സൂചന ലഭിക്കുന്നു.
16:1-2 വാക്യങ്ങളിൽ, ഫേബ എന്ന സഹോദരിയെ പൌലൊസ്
പരിചയപ്പെടുത്തുന്നു (Phoebe). അവൾ കെംക്രെയസഭയിലെ
ശുശ്രൂഷക്കാരത്തി ആയിരുന്നു (Cenchreae). അവളെ
“വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ” കൈക്കൊള്ളേണം എന്നു
അദ്ദേഹം ആവശ്യപ്പെടുന്നു. അവൾ പലർക്കും വിശേഷാൽ പൌലൊസിനും സഹായം ചെയ്തിരിക്കുന്നു.
അതിനാൽ റോമിലെ വിശ്വാസികളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും അവളെ സഹായിക്കേണം.
റോമിലെ വിശ്വാസികൾക്ക് പൌലൊസ് എഴുതിയ എഴുത്ത് അവിടെ
കൊണ്ടുപോയി കൊടുത്തത് ഫേബ ആയിരിക്കേണം. അവളെ “നമ്മുടെ സഹോദരി” എന്നാണ് അദ്ദേഹം
പരിചയപ്പെടുത്തുന്നത്. അവർ എന്തെങ്കിലും വ്യക്തിപരമായ ആവശ്യത്തിനായി റോമിലേക്ക്
പോയതായിരിക്കുവാനാണ് സാദ്ധ്യത. കെംക്രെയ, കൊരിന്ത് പട്ടണത്തിന് കിഴക്ക് ഭാഗത്തുള്ള
ഒരു തുറമുഖം ആയിരുന്നു. അവൾ കെംക്രെയ സഭയിലെ ശുശ്രൂഷക്കാരത്തിയായിരുന്നു എന്നു
പൌലൊസ് പരിചയപ്പെടുത്തുന്നു. ഇവിടെ “ശുശ്രൂഷക്കാരത്തി” എന്നതിന്റെ ഗ്രീക്ക് പദം “ഡിയകനാസ്”
എന്നാണ് (diakonos, dee-ak'-on-os). ഈ വാക്കിന്റെ അർത്ഥം, ഡീക്കൻ
(deacon) എന്നാണ്. അതായത് കെംക്രെയ സഭയിലെ
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം ഫേബ വഹിച്ചിരുന്നു.
16:2 ആം വാക്യത്തിലെ, “അവളും പലർക്കും വിശേഷാൽ എനിക്കും
സഹായം ചെയ്തിരിക്കുന്നു” എന്നതിലെ “സഹായം” എന്ന വാക്ക്, ഇംഗ്ലീഷ് ൽ “patron” എന്നാണ് (ESV). ഈ വാക്കിന്റെ അർത്ഥം,
“രക്ഷാധികാരി” എന്നാണ്. ഇതിന്റെ ഗ്രീക്ക് പദം, “പ്രസ്റ്റാറ്റിസ്” എന്നാണ് (prostatis, pros-tat'-is). ഈ പദത്തിന്റെ അർത്ഥം, ഒരു
സ്ത്രീയായ രക്ഷാധികാരി, അവളുടെ സമ്പത്തുകൊണ്ടു സഹായം ചെയ്യുന്നവൾ, എന്നിങ്ങനെയാണ്
(a patroness, caring for others with her resources). ഈ
വാക്കിൽ നിന്നും, ഫേബ, കെംക്രെയ സഭയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ചിരുന്നു
എന്നും, അവൾ സമ്പന്ന ആയിരുന്നു എന്നും, അവളുടെ സമ്പത്തുകൊണ്ടു പൌലൊസിനെയും,
സഭകളെയും സഹായിച്ചിരുന്നു എന്നും മനസ്സിലാക്കാം. ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക്
സഭയുടെ ഡീക്കൻ, അല്ലെങ്കിൽ ഭരണപരമായ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നതിൽ വിലക്കില്ല
എന്നു കരുതാം.
16:3-5 വാക്യങ്ങളിൽ, അക്വിലാസ് (Aquila), പ്രിസ്കില്ല (Priscilla), എപ്പൈനത്തൊസ് (Epenetus) എന്നിവർക്ക് പൌലൊസ് വന്ദനം ചൊല്ലുന്നു. ഇവിടെ പറയുന്ന “പ്രിസ്കയെയും
അക്വിലാവെയും” എന്നത് അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 18:2 ൽ പരാമർശിക്കുന്ന പ്രിസ്കില്ല,
അക്വിലാസ്, എന്നിവർ ആണ്. ഇവർ ഭാര്യാഭർത്താക്കന്മാർ ആയിരുന്നു. അവർ പൌലൊസിന്റെ
“പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു” എന്നു അദ്ദേഹം എഴുതി.
അദ്ദേഹത്തെ ഏതോ ആപത്തിൽനിന്നും അക്വിലാസും, പ്രിസ്കില്ലയും രക്ഷപ്പെടുത്തി. ഇത്
എപ്പോൾ, എങ്ങനെ സംഭവിച്ചു എന്നു നിശ്ചയമില്ല. ഇത് ഒരുപക്ഷെ എഫെസൊസിൽ വച്ചു
പൌലൊസിന് നേരെയുണ്ടായ ആക്രമണം ആയിരിക്കാം (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ
19:23-41). ഇതിൽ അക്വിലാസും പ്രിസ്കില്ലയും എങ്ങനെയാണ് പൌലൊസിനെ രക്ഷിച്ചത് എന്നു
അറിവില്ല. ചിലപ്പോൾ ഇത് ഒരു പ്രത്യേക സംഭവുമായി ബന്ധപ്പെട്ട പരാമർശം
അല്ലായിരിക്കാം. പൊതുവേ പൌലൊസിന്റെ ജീവനെ
സംരക്ഷിക്കുന്നതിൽ അവർക്കുള്ള എരിവിനെക്കുറിച്ചായിരിക്കാം അദ്ദേഹം ഇവിടെ
എഴുതുന്നതു. പൌലൊസ് മാത്രമല്ല, ജാതികളുടെ സകലസഭകളും അവർക്ക് നന്ദി പറയുന്നു.
ഏകദേശം AD 50-52 കാലയളവില്‍, പൌലൊസിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സുവിശേഷ യാത്രയുടെ ഇടവേളയിൽ, അദ്ദേഹം
അഥേനയില്‍ നിന്ന് പുറപ്പെട്ട് കൊരിന്തില്‍ എത്തി, അവിടെ 18 മാസത്തോളം താമസിച്ചു. ഇവിടെവച്ചാണ്
പൌലൊസ്, അക്വിലാസ്, പ്രിസ്കില്ല എന്നീ യഹൂദ ദമ്പതികളെ
കണ്ടുമുട്ടുന്നത്. അവർ കൂടാരപ്പണി ചെയ്യുന്നവര്‍ ആയതുകൊണ്ട്, പൌലൊസും അവരോടുകൂടെ താമസിച്ചു ജോലിചെയ്തു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ
18:1-3).
അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 18:1-3
അനന്തരം അവൻ അഥേന
വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു
ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ
അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു
അവരുടെ അടുക്കൽ ചെന്നു. തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല
ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 18:2 ആം വാക്യത്തിൽ പറയുന്ന,
ക്ളൌദ്യൊസ്, റോമൻ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് ഒന്നാമൻ ആണ് (Emperor Claudius I). അദ്ദേഹം, Tiberius Claudius Caesar
Augustus Germanicus എന്നും, Tiberius Claudius Nero
Germanicus എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹം, എ. ഡി. 41–54
കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയിരുന്നു. റോമൻ ചരിത്രകാരനായ
സുറ്റൊണിയസ് ന്റെ അഭിപ്രായത്തിൽ, എ. ഡി. 49-50 നും ഇടയിൽ യഹൂദന്മാർ റോമാപട്ടണം
വിട്ടുപോകേണം എന്നു ക്ലോഡിയസ് ചക്രവർത്തി കൽപ്പിച്ചു (Suetonius). അതിന് കാരണം, റോമിലുണ്ടായിരുന്ന യഹൂദന്മാരും ക്രിസ്തീയ വിശ്വാസികളും
തമ്മിലുള്ള നിരന്തരമായ സംഘർഷം ആയിരുന്നു. അതിനാൽ യഹൂദ ക്രിസ്തീയ വിശ്വാസികൾക്കും
റോമാപട്ടണം വിട്ടു പോകേണ്ടിവന്നു. എന്നാൽ ക്ലോഡിയസ് ന്റെ മരണശേഷം വന്ന
ചക്രവർത്തിമാർ ഈ കൽപ്പന നിർബന്ധമാക്കിയില്ല.
എ. ഡി. 49-52 കാലയളവിൽ പൌലൊസ് കൊരിന്തില്‍
നിന്നും യാത്ര തിരിച്ച്, പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ,
കെംക്രയയിൽ എത്തി, അവിടെ നിന്നും
സുറിയയിലേക്കു പുറപ്പെട്ടു, എഫെസോസിൽ എത്തി (18:18). അവന്‍
അവിടെ അധിക നാള്‍ താമസിച്ചില്ല. പ്രിസ്കില്ലയെയും അക്വിലാസിനെയും അവിടെ വിട്ടേച്ചു,
പൌലൊസ് യെരൂശലേമിലേക്കു പോയി. എ. ഡി. 53-58 കാലത്ത് പൌലൊസ് വീണ്ടും
എഫെസോസ് സന്ദർശിച്ചു, അവിടെ രണ്ടു വർഷത്തിലധികം സുവിശേഷം
പ്രസംഗിച്ചു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 19:1, 8,
10). എഫെസോസിലെ സഭ സ്ഥാപിക്കുന്നതിൽ പ്രിസ്കില്ലയ്ക്കും
അക്വിലാസിനും മുഖ്യ പങ്ക് ഉണ്ടായിരുന്നു എന്നു കരുതുന്നു. 1 കൊരിന്ത്യർ 16:19
ആം വാക്യത്തിൽ എഫെസൊസിലെ സഭയെക്കുറിച്ച് ഒരു പരാമർശം ഉണ്ട്. അത്
പ്രിസ്കില്ലയുടെയും അക്വിലാസിന്റെയും വീട്ടിൽ വച്ചാണ് കൂടിയിരുന്നത് എന്നു അവിടെ
പറയുന്നു.
1 കൊരിന്ത്യർ
16:19
ആസ്യയിലെ സഭകൾ
നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ
സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
ഈ കാലയളവിൽ ആണ്, അക്വിലാസും, പ്രിസ്കില്ലയും, അപ്പൊല്ലോസ് എന്ന ക്രിസ്തീയ സുവിശേഷകനെ കണ്ടുമുട്ടുന്നത്. അവർ ക്രിസ്തുവിന്റെ
സുവിശേഷം കൂടുതൽ ആഴമായി അവനെ പഠിപ്പിച്ചു.
അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 18:26
അവൻ
(അപ്പൊല്ലോസ്) പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും
പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം
അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.
പൌലൊസ് റോമിലെ വിശ്വാസികൾക്ക് ലേഖനം എഴുതുന്ന സമയത്ത്, അക്വിലാസും
പ്രിസ്കില്ലയും, റോമിലേക്ക് തിരികെ പോയിട്ടുണ്ടായിരിക്കേണം. അവിടെയും അവർക്ക് ഒരു
ഭവന കൂട്ടായ്മ ഉണ്ടായിരുന്നു. റോമിലെ അവരുടെ വീട്ടിൽ കൂടിവന്ന സഭയ്ക്കും പൌലൊസ് വന്ദനം
അറിയിക്കുന്നു.
ആസ്യയിൽ (ഏഷ്യ, Asia - ESV) യേശുക്രിസ്തുവിൽ
വിശ്വസിച്ചു രക്ഷപ്രാപിച്ച ആദ്യത്തെ വ്യക്തി ആയിരുന്നു, പൌലൊസിന് പ്രിയനായ
എപ്പൈനത്തൊസ് (Epaenetus). അവനും അദ്ദേഹം വന്ദനം ചൊല്ലുന്നു
(16:5). അക്വിലാസും പ്രിസ്കില്ലയും, എഫെസൊസിൽ നിന്നും തിരികെ
റോമിലേക്ക് പോയപ്പോൾ എപ്പൈനത്തൊസ് ഉം എഫെസൊസിൽ നിന്നും റോമിലെ സഭാ പ്രവർത്തനങ്ങളെ
സഹായിക്കുവാൻ, അവരോടൊപ്പം, പോയി എന്നു കരുതുന്നു.
16:6 മുതൽ പരാമർശിക്കുന്ന സഹോദരീ സഹോദരന്മാരിൽ പലരെക്കുറിച്ചും
വ്യക്തമായ വിവരങ്ങൾ നമുക്ക് ഇന്ന് ലഭ്യമല്ല. 16:6 ലെ മറിയ (Mary) എന്നത് യഹൂദന്മാരുടെ ഇടയിൽ പ്രചാരമുള്ള ഒരു പേര് ആയിരുന്നു.
സുവിശേഷങ്ങളിലും ഒന്നിലധികം സഹോദരിമാരെ ഈ പേരിൽ കാണാം. ജാതീയരും മറിയ എന്ന പേര്
ഉപയോഗിക്കുമായിരുന്നു. പൌലൊസ് ഇവിടെ പരാമർശിക്കുന്ന മറിയ എന്ന സഹോദരി, റോമിലെ സഭയ്ക്ക് വേണ്ടി വളരെയധികം അദ്ധ്വാനിച്ചിരുന്നു. പൌലൊസ് അവൾക്ക്
വന്ദനം ചൊല്ലുന്നു.
16:7 ലെ യൂനിയാവ് (Junia) ഒരു സഹോദരി
ആയിരിക്കുവാനാണ് സാദ്ധ്യത. അന്ത്രൊനിക്കൊസും (Andronicus) യൂനിയാവും
ദമ്പതികൾ ആയിരുന്നിരിക്കേണം. (16:7). ഇവരെ “എന്റെ ചാർച്ചക്കാരും
സഹബദ്ധന്മാരായ” എന്നുമാണ് പൌലൊസ് പരിചയപ്പെടുത്തുന്നത്. ഇവർ യഹൂദന്മാർ ആയിരിക്കാം.
അതിനാൽ ആയിരിക്കാം ഇവരെ “ചാർച്ചക്കാരും” എന്നു വിളിക്കുന്നത്. അന്ത്രൊനിക്കൊസ്
എന്ന പേരിൽ നിന്നും അവർ ഗ്രീക്ക് പ്രദേശങ്ങളിൽ താമസിച്ചിരുന്ന യഹൂദന്മാർ ആണ് എന്നു
മനസ്സിലാക്കാം. അവരെ “സഹബദ്ധന്മാരായ” എന്നാണ് പൌലൊസ് വിശേഷിപ്പിക്കുന്നത്. അവർ
പൌലൊസിനോടൊപ്പം തടവിൽ ആയിരുന്നുവോ, എന്ത് കാരണത്താൽ തടവിൽ ആയിരുന്നു,
എന്നിങ്ങനെയുള്ള വിവരങ്ങൾ ലഭ്യമല്ല. ഒരു പക്ഷെ സുവിശേഷം നിമിത്തം അവർക്കും തടവിൽ
കഴിയേണ്ടി വന്നിട്ടുണ്ടാകാം. അവർ “അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും”
ആയിരുന്നു. ഇതിൽ നിന്നും ഇവർ അപ്പൊസ്തലന്മാരുടെ കൂടെ പ്രവർത്തിച്ചിരുന്നു എന്നു
ഗ്രഹിക്കാം. “എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു” എന്നതിൽ
നിന്നും, ക്രിസ്തീയ സഭയുടെ ആരംഭം മുതൽ അവർ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിരുന്നു
എന്നു കരുതാം. അതിനാൽ അവർ യെരൂശലേമിലെ സഭയിലെ അംഗങ്ങൾ ആയിരുന്നു എന്നും, ഒരുപക്ഷെ
ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ നേരിൽ കണ്ടവർ ആയിരുന്നിരിക്കാം എന്നും
കരുതപ്പെടുന്നു (1 കൊരിന്ത്യർ 15:6).
1 കൊരിന്ത്യർ
15:6
അനന്തരം അവൻ
(യേശുക്രിസ്തു) അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ
മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ
നിദ്രപ്രാപിച്ചിരിക്കുന്നു.
16:8 ൽ പറയുന്ന അംപ്ളിയാത്തൊസ് (Ampliatus), സാധാരണയായി അടിമകൾക്കുള്ള ഒരു പൊതുവായ പേരായിരുന്നു. 16:9 ലെ
ഉർബ്ബാനൊസ് എന്നതും റോമിൽ താമസിക്കുന്നവർക്കുള്ള പൊതുവായ പേരായിരുന്നു. ഇദ്ദേഹവും
ഒരു അടിമ ആയിരുന്നു എന്നു കരുതപ്പെടുന്നു. സ്താക്കു (Stachys)
എന്ന വ്യക്തിയെക്കുറിച്ച് നമുക്ക് വലിയ അറിവില്ല. 16:10 ൽ
അപ്പെലേസ് (Apelles) എന്ന വിശ്വാസിയെക്കുറിച്ച് പറയുമ്പോൾ,
“ക്രിസ്തുവിൽ സമ്മതനായ” എന്നൊരു വിശേഷണം ചേർക്കുന്നുണ്ട്. അവൻ വിശ്വാസം
സംബന്ധിച്ച് എന്തെങ്കിലും ശോധയിലൂടെ കടന്നുപോയി, അവന്റെ വിശ്വാസത്തിന്റെ ഉറപ്പ്
തെളിയിച്ചവൻ ആയിരുന്നു. ഒരുപക്ഷെ, എല്ലാ വിശ്വാസികൾക്കും സമ്മതനായ, അല്ലെങ്കിൽ
എല്ലാവരാലും അംഗീകരിക്കപ്പെട്ട, എന്ന അർത്ഥത്തിൽ ആയിരിക്കാം പൌലൊസ് ഇങ്ങനെ
വിശേഷിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇതേ വാക്യത്തിൽ, “അരിസ്തൊബൂലൊസിന്റെ
ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ” എന്നും പൌലൊസ് എഴുതി (Aristobulus). അരിസ്തൊബൂലൊസ്, മഹാനായ ഹെരോദാ രാജാവിന്റെ കൊച്ചുമകനും, ഹെരോദ് അഗ്രിപ്പ
ഒന്നാമൻ രാജാവിന്റെ ന്റെ സഹോദരനും, ക്ലോഡിയസ് ചക്രവർത്തിയുടെ സുഹൃത്തും ആയിരുന്നു (Herod
the Great, King Herod Agrippa I, Emperor
Claudius). ഇദ്ദേഹം റോമാപട്ടണത്തിൽ
ജീവിച്ചിരുന്നു. എ. ഡി. 48 ൽ അരിസ്തൊബൂലൊസ് മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ
ദാസന്മാരും, അടിമകളും ക്ലോഡിയസ് ന്റെ വകയായി. ഇവരെയായിരിക്കാം “അരിസ്തൊബൂലൊസിന്റെ
ഭവനക്കാർ” എന്നു പൌലൊസ് വിളിച്ചത്. പൌലൊസ് റോമർക്ക് കത്ത് എഴുതുന്നതു എ. ഡി. 55
നും 57 നും ഇടയിൽ, അരിസ്തൊബൂലൊസിന്റെ മരണ ശേഷം ആണ്. അതുകൊണ്ടായിരിക്കാം പൌലൊസ്
അരിസ്തൊബൂലൊസിന് വന്ദനം ചൊല്ലുന്നില്ല. അദ്ദേഹവും ദാസന്മാരും അടിമകളും ക്രിസ്തീയ
വിശ്വാസം സ്വീകരിച്ചിരുന്നു എന്നു അനുമാനിക്കാം.
16:11 ൽ പൌലൊസ് ഹെരോദിയോൻ എന്ന വിശ്വാസിക്കും, നർക്കിസ്സൊസിന്റെ
ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കും വന്ദനം ചൊല്ലുന്നു (Herodion, Narcissus). ഹെരോദിയോൻ എന്നത് റോമിൽ സാധാരണയായി
ഉപയോഗിക്കപ്പെടുന്ന ഒരു പേര് അല്ല. അതിനാൽ ഇദ്ദേഹം ഹെരോദാരാജാവിന്റെ ഒരു കുടുംബാംഗം
ആയിരുന്നിരിക്കേണം. “എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു” എന്നു പറയുന്നത്
അദ്ദേഹം ഒരു യഹൂദൻ ആയിരുന്നതുകൊണ്ടാണ്. പൌലൊസ്, നർക്കിസ്സൊസിന്റെ ഭവനത്തിൽ
കർത്താവിൽ വിശ്വസിച്ചവർക്ക് മാത്രം വന്ദനം പറയുന്നു. നർക്കിസ്സൊസ്, ക്ലോഡിയസ്
ചക്രവർത്തിയുടെ സെക്രട്ടറി ആയിരുന്നു. അദ്ദേഹം ജനങ്ങളുടെ നിവേദനങ്ങൾ
ചക്രവർത്തിക്ക് കൊടുക്കുവാൻ വേണ്ടി അന്യായമായി പണം വാങ്ങിക്കുമായിരുന്നു. നീറോ
ചക്രവർത്തിയുടെ കാലത്ത് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നു കരുതുന്നു. അങ്ങനെ
നർക്കിസ്സൊസിന്റെ ദാസന്മാരും അടിമകളും നീറോ ചക്രവർത്തിയുടെ വകയായി. ഇവരിൽ
ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവർ ഉണ്ടായിരുന്നു. ഇതിൽ നിന്നും, റോമൻ
ചക്രവർത്തിമാരുടെ ദാസന്മാരുടെ കൂട്ടത്തിലും ക്രിസ്തീയ വിശ്വാസികൾ ഉണ്ടായിരുന്നു
എന്നു നമുക്ക് മനസ്സിലാക്കാം. ഫിലിപ്പിയർ 4:22 ലെ “കൈസരുടെ അരമനയിലുള്ളവരും
നിങ്ങളെ വന്ദനം ചെയ്യുന്നു” എന്ന വാക്യം, ചക്രവർത്തിയുടെ കൊട്ടാരത്തിലും ക്രിസ്തീയ
വിശ്വാസം സ്വീകരിച്ചവർ ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്നു.
16:12 ൽ ത്രുഫൈനെ, ത്രുഫോസെ, പെർസിസ്
എന്നിവർക്ക് പൌലൊസ് വന്ദനം പറയുന്നു (Tryphena, Tryphosa, Persis). ത്രുഫൈനെ, ത്രുഫോസെ
എന്നിവർ സഹോദരിമാർ ആയിരുന്നു. അവർ അടിമകളോ, മുമ്പ് അടിമകൾ ആയിരുന്നവരോ ആണ് എന്നു
കരുതപ്പെടുന്നു. അവർ കർത്താവിൽ വളരെ അദ്ധ്വാനിച്ചു എന്നു പൌലൊസ്
സാക്ഷ്യപ്പെടുത്തുന്നു. പെർസിസ് ഉം ഒരു അടിമയോ, അടിമയായിരുന്നവളോ ആണ്. അവളും കർത്താവിന്റെ
വേലയിൽ വളരെ അദ്ധ്വാനിച്ചിരുന്നു. അവളെ “പ്രിയ പെർസിസ്” എന്നാണ് പൌലൊസ് വന്ദനം
ചെയ്യുന്നത്. ഇത് അദ്ദേഹത്തിന് അവളോടുള്ള സ്നേഹം കൊണ്ടോ, അവൾക്കുള്ള അഭിനന്ദനമോ
ആയിരിക്കാം.
റോമർ 16:13 ആം വാക്യം കർത്താവിൽ പ്രസിദ്ധനായ
രൂഫൊസിനും അവന്റെ അമ്മയ്ക്കും ഉള്ള വന്ദനം ആണ് (Rufus). മർക്കോസ്
15:21 പ്രകാരം, അലക്സന്തർ, രൂഫൊസ് എന്നിവർ കുറേനക്കാരനായ
ശിമോന്റെ മക്കൾ ആയിരുന്നു. യേശുക്രിസ്തു യെരൂശലേം വീഥിയിലൂടെ ക്രൂശ്
ചുമന്നുകൊണ്ടു പോയപ്പോൾ, അവന്റെ ക്രൂശ് ചുമക്കുവാൻ റോമൻ പടയാളികൾ നിർബന്ധിച്ച്
നിയോഗിച്ച വ്യക്തി ആയിരുന്നു കുറേനക്കാരനായ ശിമോൻ (മർക്കോസ് 15:21). കുറേന എന്നത്,
ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്തായി, ആധുനിക
ലിബിയ എന്ന രാജ്യത്തിലെ ഒരു സ്ഥലം ആയിരുന്നു (Cyrene, Africa, Libya). ബി. സി. 630 മുതൽ ഇവിടെ ഗ്രീക്കുകാർ കുടിയേറി താമസിച്ചിരുന്നു. പിന്നീട്
യഹൂദന്മാരും ഇവിടെ കുടിയേറി. യേശുക്രിസ്തുവിന്റെ കാലത്ത്, കുറേന,
സിറേനൈക്ക എന്ന റോമൻ ജില്ലയുടെ ആസ്ഥാനം ആയിരുന്നു (Cyrenaica). അതിനാൽ കുറേനക്കാരനായ ശിമോൻ, ഗ്രീക്ക്, യഹൂദ വംശജൻ ആയിരുന്നുവോ, കറുത്ത വംശജൻ ആയിരുന്നുവോ
എന്നതിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. എങ്കിലും കൂടുതൽ വേദവ്യാഖ്യാതാക്കളും
അദ്ദേഹത്തെ ആഫ്രിക്കൻ വംശജനായി കാണുന്നു.
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:1 ലെ “നീഗർ എന്നു പേരുള്ള
ശിമോൻ” എന്നത് കുറേനക്കാരനായ ശിമോനെക്കുറിച്ചാണ്. നീഗർ എന്നത്, “കറുപ്പ്” (black) എന്നതിന്റെ ലാറ്റിൻ പദം ആണ്. അത്
അവന്റെ ഇരുണ്ട നിറത്തേയോ, ആഫ്രിക്കൻ വംശത്തെയോ സൂചിപ്പിക്കുന്നു. ശീമോൻ,
അന്ത്യൊക്ക്യ സഭയിലെ ഒരു പ്രവാചകനും, ഉപദേഷ്ടാവും ആയിരുന്നു. പൌലൊസ് അന്ത്യൊക്ക്യയിൽ
ആയിരുന്നപ്പോൾ ശിമോന്റെ ഭവനവുമായി നല്ല ബന്ധത്തിൽ ആയിരുന്നു. അതിനാലാണ് “എനിക്കും
അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ” എന്നു രൂഫൊസിന്റെ അമ്മയെക്കുറിച്ച്
പറയുന്നത്. രൂഫൊസ് കർത്താവിൽ പ്രസിദ്ധനായിരുന്നു എന്നു റോമർ 16:13 ൽ പൌലൊസ്
സാക്ഷ്യപ്പെടുത്തുന്നു.
മർക്കോസ് 15:21 ൽ പരാമർശിക്കുന്ന രൂഫൊസം, റോമർ 16:13 ൽ
പറയുന്ന വ്യക്തിയും ഒരാൾ തന്നെയാണോ എന്നതിൽ അഭിപ്രായ വ്യത്യാസം
വേദവ്യാഖ്യാതാക്കൾക്ക് ഇടയിൽ ഉണ്ട്. എങ്കിലും, കൂടുതൽ പേർ, ഇത് രണ്ടും ഒരു
വ്യക്തിയെക്കുറിച്ചുള്ള പരമാർശങ്ങൾ ആണ് എന്നു കരുതുന്നു. “കർത്താവിൽ
പ്രസിദ്ധനായ” എന്ന മലയാളത്തിലെ വാക്യം, ഇംഗ്ലീഷ് ൽ “കർത്താവിൽ
തിരഞ്ഞെടുക്കപ്പെട്ട” എന്നാണ് (chosen in the Lord – ESV).
രണ്ടു വാക്യങ്ങളും, പൌലൊസ് പറയുന്ന ഒരു വിശേഷണം ആയിരിക്കാം. അത്
രൂഫൊസിന്റെ വിശ്വാസത്തിനും, കർത്താവിനായി എരിവോടെയുള്ള പ്രവർത്തനങ്ങൾക്കുമുള്ള
പ്രസംശ ആകാം.
16:14 ൽ പൌലൊസ്, അസുംക്രിതൊസ്, പ്ളെഗോൻ, ഹെർമ്മോസ്,
പത്രൊബാസ്, ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം പറയുന്നു (Asyncritus,
Phlegon, Hermes, Patrobas, Hermas). 15 ആം
വാക്യത്തിൽ, ഫിലൊലൊഗൊസ്, യൂലിയെ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ്,
അവരോടുകൂടെയുള്ള പേരെടുത്തു പറയാത്ത വിശുദ്ധന്മാർ എന്നിവർക്ക് പൌലൊസ് വന്ദനം
ചൊല്ലുന്നു (Philologus, Julia, Nereus, Olympas). റോമിലെ വിശ്വാസികൾ പല ഭവന സഭകളിലായി
ആരാധനയ്ക്ക് കൂടിവന്നിരുന്നു എന്നു അനുമാനിക്കപ്പെടുന്നു. ഒരുമിച്ച് പേര്
പറഞ്ഞിരിക്കുന്ന ഇവരെല്ലാം ഒരേ സഭയിൽ കൂടിയിരുന്നവർ ആയിരുന്നിരിക്കാം. പൌലൊസിന്റെ
കത്ത് എല്ലാ ഭവന സഭകളിലും വായിച്ചിരുന്നു. ഇതിൽ അധികമായി ഇവരെക്കുറിച്ചു യാതൊന്നും
നമുക്ക് അറിവില്ല. 16 ആം വാക്യത്തിൽ, “വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം”
ചെയ്യുവാൻ പൌലൊസ് ആഹ്വാനം ചെയ്യുന്നു. സഹോദരസ്നേഹം പ്രകടിപ്പിക്കുവാനായി ആദ്യകാല
സഭയിൽ പരക്കെ ഉണ്ടായിരുന്ന ഒരു രീതിയാണ് അന്യോന്യം വിശുദ്ധ ചുംബനം ചെയ്യുക എന്നത്.
ഇത് ആ പ്രദേശങ്ങളിൽ സംസ്കാരവും ആയിരുന്നു. ക്രിസ്തീയ വിശ്വാസികൾ പരസ്പരം ചുംബനം
ചെയ്യുന്നതിനെ പൌലൊസ് “വിശുദ്ധ ചുംബനം” എന്നു പ്രത്യേകം പറഞ്ഞു
വിശേഷിപ്പിക്കുന്നു. ഇത് ലോകത്തിലെ ജഡപ്രകാരമുള്ള ചുംബനത്തിൽ നിന്നും വേറിട്ട്
കാണിക്കുവാൻ വേണ്ടി ആയിരിക്കാം. “ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം
ചെയ്യുന്നു.” എന്ന പൊതുവായ പ്രസ്താവനയോടെ അദ്ദേഹം ഈ നീണ്ട പട്ടിക
അവസാനിപ്പിക്കുന്നു (16:16). ക്രിസ്തുവിൽ എല്ലാ
വിശ്വാസികളും, പ്രാദേശിക സഭകളും ഒന്നാണ് എന്ന സന്ദേശമാണ് അദ്ദേഹം ഇതിലൂടെ
നല്കുന്നത്.
റോമർ 16:1-15 വരെയുള്ള വാക്യങ്ങൾ, റോമിലെ വിശ്വാസികളിൽ പൌലൊസിന്
പരിചയമുള്ള സഹോദരീ സഹോദരന്മാർക്ക് വന്ദനം ചൊല്ലുന്നതിന്റെ നീണ്ട പട്ടികയാണ്. ഇതിൽ
25 ൽ അധികം വ്യക്തികളെക്കുറിച്ചുള്ള പരാമർശം ഉണ്ട്. പൌലൊസ് മുമ്പ്
സന്ദർശിച്ചിട്ടില്ലാത്ത ഒരു പട്ടണത്തിലെ ക്രിസ്തീയ വിശ്വാസികളിൽ, ഇത്രയധികം പേരെ
അദ്ദേഹത്തിന് നേരിട്ടോ, പേരുകൊണ്ടോ പരിചയം ഉണ്ടായിരുന്നു. ഇതിൽ ചിലരെ “എനിക്കു
പ്രിയനായ”, “കൂട്ടുവേലക്കാരനായ” എന്നിങ്ങനെ വിശേഷിപ്പിക്കുന്നുണ്ട്. അതിനാൽ
ഇവർക്ക് പൌലോസുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നു കരുതാം. എന്നാൽ ഈ നീണ്ട
പട്ടിക, വേദപണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയരുവാൻ കാരണം
ആയിട്ടുണ്ട്.
പൌലൊസ് കൊരിന്തിൽ ആയിരിക്കുമ്പോഴാണ് ഈ കത്ത് എഴുതുന്നതു.
അദ്ദേഹം രണ്ടു വർഷത്തിലധികം എഫെസൊസിൽ ആണ് വേല ചെയ്തിരുന്നത്. റോമർക്കു എഴുതിയ
ലേഖനത്തിന്റെ ഒരു പകർപ്പ് എഫെസൊസിലെ സഭയ്ക്കും കൊടുത്തിരിക്കുവാൻ സാധ്യതയുണ്ട്. ഈ
പകർപ്പിലും വിശ്വാസികൾക്ക് വന്ദനം പറയുന്ന 16 ആം അദ്ധ്യായം ഉണ്ടായിരിക്കാം. അതിനാൽ
അദ്ദേഹം ഇവിടെ പരാമർശിക്കുന്നവരിൽ ചിലർ റോമിലും, ചിലർ എഫെസോസിലും ഉള്ളവർ
ആയിരിക്കാം എന്നതാണ് ഭിന്ന അഭിപ്രായം.
ഈ അഭിപ്രായത്തിന് പിൻബലമായി, ചില വേദവ്യാഖ്യാതാക്കൾ
നിരത്തുന്ന വാദങ്ങൾ ഇതെല്ലാം ആണ്. പൌലൊസ് റോമപട്ടണമോ, അവിടെയുള്ള സഭയോ, ഇതിന്
മുമ്പ് സന്ദർശിച്ചിട്ടില്ല. അതിനാൽ, അവിടെയുള്ള ഇത്രയധികം വ്യക്തികളുടെ പേരുകൾ
പറഞ്ഞു വന്ദനം പറയുവാൻ സാധ്യതയില്ല.
റോമർ 16:3-5 വരെയുള്ള വാക്യങ്ങളിൽ പറയുന്ന പ്രിസ്ക,
അക്വിലാവ് (പ്രിസ്കില്ല, അക്വിലാസ്) എന്നിവർ, പൌലൊസ് കൊരിന്ത്യർക്ക് ഒന്നാം ലേഖനം
എഴുതുമ്പോൾ, എഫെസൊസിൽ താമസിച്ചിരുന്നു. അവിടെ അവർക്ക് ഒരു ഭവന സഭ ഉണ്ടായിരുന്നു (1
കൊരിന്ത്യർ 16:19). 2 തിമൊഥെയൊസ് 4:19 ൽ പൌലൊസ് അവർക്ക്
വന്ദനം ചൊല്ലുന്നുണ്ട്.
കൊരിന്ത്യർക്ക് ഉള്ള ഒന്നാം ലേഖനം പൌലൊസ് എഴുതിയത്,
അദ്ദേഹത്തിന്റെ മൂന്നാമത്തെ സുവിശേഷ യാത്രയിൽ, അദ്ദേഹം എഫെസൊസിൽ ആയിരുന്നപ്പോൾ, എ.
ഡി. 53-55 കാലത്ത് ആയിരുന്നു. തിമൊഥെയൊസ് എഫെസൊസിൽ താമസിച്ചിരുന്ന ഒരു ക്രിസ്തീയ
വിശ്വാസിയും അവിടെയുള്ള ഭവന സഭകളുടെ ഉപദേഷ്ടാവും ആയിരുന്നു. (1
തിമൊഥെയൊസ് 1:3-4). എ. ഡി. 57 ൽ, ഗ്രീക്ക്
പട്ടണമായ കൊരിന്തിൽ വച്ചാണ് പൌലൊസ് റോമർക്ക് ലേഖനം എഴുതുന്നതു. പൌലൊസിന്റെ
ഒന്നാമത്തെ റോമൻ കാരാഗൃഹ വാസത്തിന് ശേഷം, അദ്ദേഹം മക്കെദോന്യെയിൽ ആയിരിക്കുമ്പോൾ,
എ. ഡി. 63 നും 66 നും ഇടയിൽ ആണ് തിമൊഥെയൊസിനുള്ള ഒന്നാമത്തെ കത്ത് എഴുതുന്നതു (Macedonia).
തിമൊഥെയൊസിനുള്ള രണ്ടാമത്തെ കത്ത് എഴുതുന്നതു, പൌലൊസ് രണ്ടാമത്
റോമിൽ കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ, എ. ഡി. 65-67 നും ഇടയിൽ ആണ്. ഈ
കാരാഗൃഹവാസത്തിന്റെ അവസാനം അദ്ദേഹം കൊല്ലപ്പെടുക ആയിരുന്നു.
തിമൊഥെയൊസിനുള്ള രണ്ടാമത്തെ കത്തിൽ, “വേഗത്തിൽ എന്റെ
അടുക്കൽ വരുവാൻ ഉത്സാഹിക്ക” എന്നും, “ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക”
എന്നും പൌലൊസ്, തിമൊഥെയൊസിന് എഴുതി. (2 തിമൊഥെയൊസ് 4:9, 21). ഇതിൽ
നിന്നും ഈ കാലയവിൽ എല്ലാം തിമൊഥെയൊസ് എഫെസൊസിൽ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം.
2 തിമൊഥെയൊസ് 4:19 ൽ പൌലൊസ്, പ്രിസ്കില്ല, അക്വിലാസ് എന്നിവർക്ക് വന്ദനം
ചൊല്ലുന്നു എന്നതിൽ നിന്നും, അവരും ആകാലത്ത് എഫെസൊസിൽ ഉണ്ടായിരുന്നു എന്നു കരുതാം.
റോമർ 16:3-5 വാക്യങ്ങളിൽ, പ്രിസ്കില്ല, അക്വിലാസ്
എന്നിവർക്ക് പൌലൊസ് വന്ദനം ചൊല്ലുന്നു. അവരുടെ ഭവന സഭയെയും കുറിച്ച് അദ്ദേഹം ഇവിടെ
എഴുതി. ഇതിൽ നിന്നും പൌലൊസ് റോമർക്കുള്ള കത്ത് എഴുതുമ്പോൾ പ്രിസ്കില്ലയും, അക്വിലാസും, എഫെസൊസിൽ ആയിരുന്നു എന്നു അനുമാനിക്കാം. 16:5 ആം വാക്യത്തിൽ
പരാമർശിക്കപ്പെടുന്ന എപ്പൈനത്തൊസ്, എഫെസൊസിലെ സഭയിലെ ഒരു വിശ്വാസി ആയിരുന്നു (Epenetus).
ഇതിൽ നിന്നെല്ലാം പൌലൊസ് റോമർക്ക് എഴുതിയ കത്തിലെ
അവസാനഭാഗത്ത് പറയുന്ന സഹോദരീ സഹോദരന്മാരുടെ നീണ്ട പട്ടികയിൽ, റോമിലും എഫെസോസിലും താമസിച്ചിരുന്നവർ
ഉണ്ട് എന്നു അനുമാനിക്കാം. പൌലൊസിന്റെ കത്ത്, മുഖ്യമായും റോമിലെ സഭയ്ക്ക്
കൊടുത്തപ്പോൾ, അതിന്റെ ഒരു പകർപ്പ്, എഫെസൊസിലെ സഭയ്ക്കും കൊടുത്തു എന്നും കരുതാം.
എന്നാൽ ഇത്തരം അനുമാനങ്ങളോട് യോജിക്കാത്തവരും
വേദപണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്. അവരുടെ അഭിപ്രായത്തിൽ റോമർ 16 ൽ പൌലൊസ്
പരാമർശിക്കുന്ന എല്ലാ വ്യക്തികളും റോമിൽ ജീവിച്ചിരുന്നവരും, അവിടെയുള്ള സഭയുടെ
ഭാഗം ആയിരുന്നവരും ആണ്. റോമിൽ ഒന്നിലധികം ഭവന സഭകൾ ഉണ്ടായിരുന്നു എന്നും കരുതാം.
ഇവരുടെ വാദങ്ങൾ ഇതെല്ലാം ആണ്:
പൌലൊസിന് നല്ലതുപോലെ മുഖ പരിചയമുള്ള സഭകൾക്ക് കത്ത്
എഴുതുമ്പോൾ, അദ്ദേഹം വന്ദനം ചെയ്യുവാനായി ഒരു നീണ്ട പട്ടിക എഴുതാറില്ല. കാരണം
അവിടെയുള്ള എല്ലാ വിശ്വാസികളെയും അദ്ദേഹത്തിന് നേരിട്ട് പരിചയമുണ്ട്. അതിനാൽ
ആരെയെങ്കിലും വിട്ടുപോകുന്നത് ഒഴിവാക്കേണ്ടതാണ്.
ക്ലോഡിയസ് ചക്രവർത്തി റോമിൽ നിന്നും യഹൂദന്മാരെ പുറത്താക്കുന്നത് വരെ, അക്വിലാസ്, പ്രിസ്കില്ല എന്നിവർ അവിടെ താമസിച്ചിരുന്നു. റോമിൽ നിന്നും അവർ കൊരിന്തിലേക്ക് പോയി. അവിടെ വച്ചു അവർ പൌലൊസിനെ കണ്ടുമുട്ടി. പിന്നീട് അവർ മൂന്ന് പേരും എഫെസോസിലേക്ക് പോയി. ക്ലോഡിയസ് ചക്രവർത്തി എ. ഡി. 54 ൽ മരിച്ചു. അതിനാൽ റോം വിട്ടുപോയ യഹൂദന്മാർ റോമാപട്ടണത്തിലേക്ക് തിരികെ പൊന്നു. ഇങ്ങനെ, അക്വിലാസും, പ്രിസ്കില്ലയും, റോമിലേക്ക് തിരികെ പോയി. പൌലൊസ് കൊരിന്ത്, എഫെസൊസ് എന്നിവിടങ്ങളിൽ വച്ചു പരിചയപ്പെട്ട അനേകം യഹൂദന്മാരും റോമിലേക്ക് തിരികെ പോയിട്ടുണ്ടാകേണം. ഇതിൽ ക്രിസ്തീയ വിശ്വാസികളും ഉണ്ടായിരുന്നു. മാത്രവുമല്ല, മറ്റ് സ്ഥലങ്ങളിൽ നിന്നും ക്രിസ്തീയ വിശ്വാസികളായ വ്യാപാരികളും മിക്കപ്പോഴും റോമാപട്ടണം സന്ദർശിച്ചിരുന്നു. ചിലർ ജോലി ചെയ്യുന്നതിന് വേണ്ടി മാത്രം അവിടെ താമസിച്ചിരുന്നു. അതിനാൽ റോമിലെ സഭയിൽ ഉണ്ടായിരുന്ന പലരും പൌലൊസിന് മുഖപരിചയമോ, പേരുകൊണ്ട് പരിചയമോ ഉള്ളവരായി.
മർക്കോസ് 15:21 ൽ രൂഫൊസിനെക്കുറിച്ച്
പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പേരിൽ ആണ്, പിതാവായ കുറേനക്കാരനായ ശിമോനെ
മർക്കോസ് പരിചയപ്പെടുത്തുന്നത്. അതിനാൽ രൂഫൊസ്, ക്രിസ്തീയ വിശ്വാസികൾക്ക് ഇടയിൽ
പ്രസിദ്ധൻ ആയിരുന്നിരിക്കാം. മർക്കോസ് സുവിശേഷം എഴുതുന്നതു റോമിലെ സഭയിലെ ജാതീയരായ
വിശ്വാസികൾക്ക് വേണ്ടിയായിരുന്നു എന്നു കരുതപ്പെടുന്നു. അവർക്ക് ശിമോനെക്കാൾ
അധികം രൂഫൊസിനെ ആയിരുന്നു പരിചയം. അതിനാൽ പൌലൊസ് റോമർക്ക് കത്ത് എഴുതുമ്പോൾ,
രൂഫൊസ്, റോമിൽ ഉണ്ടായിരുന്നു എന്നു അനുമാനിക്കാം.
റോമിൽ കണ്ടെടുത്ത പുരാതന ശവക്കല്ലറകളിലെ ലിഖിതങ്ങളിൽ
നിന്നും, ഈ പട്ടണത്തിൽ ഒന്നിലധികം ക്രിസ്തീയ ഭവന സഭകൾ ഉണ്ടായിരുന്നു എന്നു
മനസ്സിലാക്കാം. പൌലൊസ് പേര് പറയുന്ന വ്യക്തികൾ വിവിധ ഭവന സഭകളിലെ വിശ്വാസികൾ ആകാം.
റോമർ 16:17-18 വാക്യങ്ങളിൽ പൌലൊസ് വിപരീത ഉപദേശങ്ങൾ
പഠിപ്പിക്കുന്നവർക്ക് എതിരെ മുന്നറിയിപ്പ് നല്കുന്നു. “നിങ്ങൾ പഠിച്ച
ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ
സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു” എന്നു അദ്ദേഹം എഴുതി.
ഇങ്ങനെയുള്ളവർ യേശുക്രിസ്തുവിനെ സേവിക്കുന്നില്ല. അവർ അവരുടെ ഭൌതീക നന്മയ്ക്കായി
പ്രവർത്തിക്കുന്നു. അതിനായി അവർ നല്ലവാക്കുകളും, മുഖസ്തുതിയും പറഞ്ഞു സാധുക്കളായ
വിശ്വാസികളെ വഞ്ചിക്കുന്നു.
റോമിലെ സഭയിൽ, യഹൂദ വിശ്വാസികളെയും ജാതീയ വിശ്വാസികളെയും
തമ്മിൽ വേർതിരിക്കുന്ന ഉപദേശം പരന്നിരുന്നു. ആരാണ് ഇത് പഠിപ്പിച്ചത് എന്നു നമുക്ക്
തീർച്ചയില്ല. എന്നാൽ ഇത്തരമൊരു സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പൌലൊസ് ഈ കത്ത്
അവർക്ക് എഴുതുന്നതു. 16:17-18 വാക്യങ്ങളിലെ മുന്നറിയിപ്പ് ഇവരെക്കുറിച്ചാകാം. ഇത്തരം
വ്യാജ ഉപദേഷ്ടാക്കൾ സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നു.
മറ്റ് പ്രദേശങ്ങളിലെ സഭകളിൽ പൌലൊസ് അഭിമുഖീകരിച്ച വ്യാജ
ഉപദേഷ്ടാക്കൾ റോമിലെ സഭയിലും എത്തിയോ എന്നും, അവർ എന്ത് വ്യാജമായ ഉപദേശമാണ് അവിടെ
പഠിപ്പിച്ചത് എന്നും നമുക്ക് അറിയില്ല. യഹൂദ വിശ്വാസികളും, ജാതീയ വിശ്വാസികളും
തമ്മിലുള്ള സംഘർഷം വ്യാജ ഉപദേഷ്ടാക്കൾ സൃഷ്ടിച്ചത് ആണ് എന്നു പൌലൊസ്
സംശയിച്ചിരുന്നുവോ എന്നതിലും തീർച്ചയില്ല.
ഇത് റോമിലെ വിശ്വാസികൾക്കിടയിലുള്ള ഭിന്നിപ്പിനെക്കുറിച്ചുള്ള
മുന്നറിയിപ്പാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒരു ശരീരം എന്നപോലെ ആയിരിക്കേണം
എന്നു പൌലൊസ് ഏറെ ആഗ്രഹിച്ചിരുന്നു. ക്രിസ്തുവിന്റെ സുവിശേഷം, അപ്പൊസ്തലന്മാരിൽ നിന്നും
പഠിച്ചതിന് വിഭിന്നമായി ഉപദേശിക്കുന്നവരെ കരുതിയിരിക്കേണം എന്നാണ് അദ്ദേഹത്തിന്റെ
പ്രബോധനം. പൌലൊസിന്റെ മറ്റ് ചില ലേഖനങ്ങളിലും അദ്ദേഹം ഇതുപോലെയുള്ള
മുന്നറിയിപ്പുകൾ നല്കുന്നുണ്ട്. അതിനാൽ ഇത് അക്കാലത്തെ സഭ നേരിട്ട ഒരു പ്രധാന
വെല്ലുവിളി ആയിരുന്നു എന്നു കരുതാം.
ഗലാത്യർ 1:8-9
എന്നാൽ ഞങ്ങൾ
നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു
ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ
ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി
ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
1 തിമൊഥെയൊസ്
6:3-5
നമ്മുടെ
കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ
അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റേയും
ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം,
ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ
ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.
പുതിയതും, നേരിയ വ്യത്യാസം മാത്രമുള്ളതും എന്നു
തോന്നിപ്പിക്കുന്ന ഉപദേശങ്ങൾ ആണ് വ്യാജ ഉപദേഷ്ടാക്കൾ പ്രചരിപ്പിക്കുന്നത്. അവരുടെ
വ്യാഖ്യാനങ്ങൾ ആണ് കൂടുതൽ ശരിയെന്ന് തോന്നും. ആദ്യത്തെ കേൾവിയിൽ അവർ പറയുന്നത്
സത്യമാണ് എന്നു തോന്നും. അവർക്ക് മധുരമായി സംസാരിക്കുവാനും, മുഖസ്തുതി പറയുവാനും
അറിയാം. അതിനാൽ വിശ്വാസികളെ വേഗം കെണിയിലാക്കുവാൻ അവർക്ക് കഴിയുന്നു. എന്നാൽ അവർ യേശുക്രിസ്തുവിന്റെയോ,
അപ്പൊസ്തലന്മാരുടെയോ ഉപദേശങ്ങൾ അല്ല പഠിപ്പിക്കുന്നത്. അവരുടെ ലക്ഷ്യം ഭൌതീക
നന്മകൾ മാത്രമാണ്. അവർ യേശുക്രിസ്തുവിന്റെ ദാസൻമാർ അല്ല. അവർ ക്രിസ്തുവിന്റെ
സഭയുടെ ശത്രുക്കൾ ആണ്.
റോമർ 16:19 ൽ പൌലൊസ് റോമിലെ സഭയെ സത്യ സുവിശേഷത്തോടുള്ള
അവരുടെ അനുസരണം നിമിത്തം പ്രശംസിക്കുന്നു. അവരുടെ “അനുസരണം എല്ലാവർക്കും
പ്രസിദ്ധമായിരിക്കുന്നു” എന്നാണ് അദ്ദേഹം എഴുതിയത്. ഇതിൽ പൌലൊസ് അത്യധികം
സന്തോഷിക്കുന്നു. പ്രശംസയോടൊപ്പം പൌലൊസ് അവർക്ക് ഒരു ഉപദേശവും കൊടുക്കുന്നു. “നിങ്ങൾ
നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.”
റോമിലെ വിശ്വാസികൾ യേശുക്രിസ്തുവിനോടും സത്യ സുവിശേഷത്തോടും
വിശ്വസ്തർ ആയിരുന്നു. അവർ വ്യാജ ഉപദേഷ്ടാക്കളുടെ വഴിയേ പോയിട്ടില്ല. അവർ
പാപത്തിന്റെ മാർഗ്ഗത്തെ തിരഞ്ഞെടുത്തു വിശ്വാസത്തിൽ നിന്നും തെറ്റിപ്പോയിട്ടില്ല.
എന്നാൽ ഇത് മാത്രം പോരാ, അവർ വ്യാജ ഉപദേശങ്ങളെ തിരിച്ചറിയേണം. അവയെ തിരസ്കരിക്കുവാൻ
എപ്പോഴും ജാഗരൂകർ ആയിരിക്കേണം. അവർ തുടർന്നും അസത്യത്തെയും, തിന്മയെയും എതിർത്തു
ജീവിക്കേണം എന്നും പൌലൊസ് ആഗ്രഹിക്കുന്നു.
16:20 ഒരു ആശീർവാദമാണ്. സമാധാനത്തിന്റെ ദൈവം വേഗം സാത്താനെ
അവരുടെ കാൽക്കീഴെ ചതെച്ചുകളയും എന്നു അദ്ദേഹം പ്രത്യാശിക്കുന്നു. കർത്താവായ
യേശുക്രിസ്തുവിന്റെ കൃപ അവരോട് കൂടെ ഇരിക്കുമാറാകട്ടെ, എന്നു അദ്ദേഹം
അനുഗ്രഹിക്കുന്നു. ഇവിടെ അദ്ദേഹം ദൈവം നല്കുന്ന സമാധാനത്തെക്കുറിച്ച് പറയുന്നു. ഭിന്നതയും
കലഹവും ഉണ്ടാക്കുന്നത് സാത്താനാണ്.
“വേഗത്തിൽ” എന്ന വാക്ക് സമീപഭാവിയിൽ എന്ന ആശയമാണ്
നല്കുന്നത്. സാത്താന്റെ പ്രവർത്തികൾ എന്നന്നേക്കുമായി ഇല്ലാതെയാക്കുവാൻ ദൈവം അവനെ
ചതെച്ചുകളയും. പൌലൊസിന്റെ ഈ വാക്കുകൾ ഉൽപ്പത്തി 3:15 ആം വാക്യത്തെ
ഓർമ്മിപ്പിക്കുന്നു. ഉൽപ്പത്തിയിൽ ദൈവം നല്കുന്ന വാഗ്ദത്തം ആണിത്.
ഉൽപ്പത്തി 3:15
ഞാൻ നിനക്കും
(പാമ്പ്) സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം
ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ
തകർക്കും.
പൌലൊസിന്റെ ഈ വാക്കുകളിൽ, പുരാതനകാലത്തെ യുദ്ധങ്ങളിലെ ഒരു
ആചാരവും നമുക്ക് വായിക്കാം. യുദ്ധത്തിൽ പരാജയപ്പെടുന്ന രാജ്യത്തിന്റെ രാജാവിനെയോ,
സൈന്യാധിപനേയോ ജീവനോടെ പടികൂടിയാൽ, ജയിച്ച രാജ്യത്തിന്റെ രാജാവോ, സൈന്യാധിപനോ,
പരാജയപ്പെട്ടവന്റെ കഴുത്തിൽ കാലുകൾ കൊണ്ടു ചവിട്ടി പിടിക്കും. ഇത്, ശത്രുക്കളെ അവർ
പൂർണ്ണമായും കീഴടക്കിയിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം ആയിരുന്നു. (യോശുവ
10:24). സങ്കീർത്തനം 110:1 ൽ മശീഹയെക്കുറിച്ച് സമാനമായ ഒരു പ്രവചനം ഉണ്ട്.
സങ്കീർത്തനം
110:1
യഹോവ എന്റെ
കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്ക.
ക്രൂശിൽ യേശുക്രിസ്തു സാത്താന്റെമേൽ ജയം നേടിയെങ്കിലും,
സാത്താൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവന്റെ സമ്പൂർണ്ണവും,
എന്നന്നേക്കുമുള്ളതും ആയ അവസാനം സംഭവിച്ചിട്ടില്ല. എന്നാൽ സാത്താന്റെ അവസാനം വേഗം
സംഭവിക്കും എന്നു പൌലൊസ് പ്രത്യാശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ മരണം
സാത്താന്റെ എന്നന്നേക്കുമുള്ള അവസാനത്തിനും മതിയായത് ആണ്.
16:21-23 വരെയുള്ള വാക്യങ്ങളിൽ പൌലൊസിന്റെ കൂട്ടുവേലക്കാർ
റോമിലെ വിശ്വാസികളെ വന്ദനം ചൊല്ലുന്നു. ഇതിൽ തിമൊഥെയൊസ്, ലൂക്യൊസ്, യാസോൻ, സോസിപത്രൊസ്,
തെർതൊസ്, ഗായൊസ്, എരസ്തൊസ്, ക്വർത്തൊസ്,
എന്നിവർ ഉണ്ട് (Timothy, Lucius, Jason,
Sosipater, Tertius, Gaius, Erastus, Quartus).
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 16:1 ൽ
പറയുന്നത് അനുസരിച്ചു, പൌലൊസ്, തിമൊഥെയൊസിനെ കണ്ടുമുട്ടുന്നത് ലുസ്ത്ര എന്ന
സ്ഥലത്ത് വച്ചാണ് (Lystra). അവന്റെ അമ്മ ഒരു യഹൂദയും അപ്പൻ
ഗ്രീക്ക്കാരനും ആയിരുന്നു.
അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 16:1
അവൻ ദെർബ്ബെയിലും
ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ്
എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.
ലുസ്ത്ര, ഒരു റോമൻ അധിനിവേശ പ്രദേശം ആയിരുന്നു. അത് ആധുനിക
തുർക്കിയുടെ ഭാഗമായിരുന്നു. ഫിലിപ്പിയർ 2:22 ൽ “മകൻ അപ്പന്നു ചെയ്യുന്നതുപോലെ
എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു” എന്നാണ് പൌലൊസ്,
തിമൊഥെയൊസിനെക്കുറിച്ച് എഴുതിയത്. 1 തിമൊഥെയൊസ് 1:2 ൽ “വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസ്” എന്നാണ് പൌലൊസ്
വിശേഷിപ്പിക്കുന്നത് (true child in the faith). 2 തിമൊഥെയൊസ് 1:1 ൽ “പ്രിയ മകനായ
തിമൊഥെയൊസ്” എന്നു അദ്ദേഹം എഴുതി. 1 കൊരിന്ത്യർ 4:17 ൽ “എന്റെ പ്രിയ മകനുമായ
തിമൊഥെയോസ്” എന്നും പൌലൊസ് എഴുതിയിരിക്കുന്നു. ഇതല്ലാം പൌലൊസും, തിമൊഥെയോസും
തമ്മിലുള്ള അഗാധമായ ആത്മീയ ബന്ധത്തെ സൂചിപ്പിക്കുന്നു. തിമൊഥെയൊസ് ക്രിസ്തീയ
വിശ്വാസി ആയതിനു ശേഷം, പൌലൊസ് അവനെ പരിച്ഛേദന കഴിപ്പിച്ചു എന്നൊരു പ്രത്യേകതയും ഉണ്ട്
(അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 16:3).
2 കൊരിന്ത്യർ, 1 തെസ്സലൊനീക്യർ, 2 തെസ്സലൊനീക്യർ,
ഫിലിപ്പിയർ, കൊലൊസ്സ്യർ, ഫിലേമോൻ, എന്നീ ലേഖനങ്ങൾ പൌലൊസ് എഴുതുമ്പോൾ, തിമൊഥെയൊസ്
അവനോടൊപ്പം ഉണ്ടായിരുന്നു. പൌലൊസിന്റെ റോമിലെ ഒന്നാമത്തെ കരാഗൃഹ വാസത്തിലും, അതിന്
ശേഷവും തിമൊഥെയൊസ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിമൊഥെയൊസിനെ അഭിസംബോധന
ചെയ്തുകൊണ്ട് പൌലൊസ് രണ്ടു ലേഖനങ്ങൾ എഴുതി. ഇതിൽ യുവാവായ തിമൊഥെയൊസ് എങ്ങനെയാണ്
എഫെസൊസിലെ സഭയെ പരിപാലിക്കേണ്ടത് എന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട്. ഇത്
എക്കാലത്തെയും സഭാ ശുശ്രൂഷകന്മാർക്ക് ഉചിതമായ നിർദ്ദേശങ്ങൾ ആണ്.
“എന്റെ ചാർച്ചക്കാരായ” എന്ന വിശേഷണത്തോടെയാണ് ലൂക്യൊസ്, യാസോൻ,
സോസിപത്രൊസ്, എന്നിവരുടെ പേരുകൾ പൌലൊസ്
എടുത്തു പറയുന്നത്. ഇവരും റോമിലെ വിശ്വാസികൾക്ക് വന്ദനം ചൊല്ലുന്നു. ഇവർ ബന്ധുക്കൾ
ആയിരുന്നുവോ എന്നു തീർച്ചയില്ല. അവർ മൂന്ന് പേരും യഹൂദന്മാർ ആയിരുന്നു. അതിനാലാകാം
അവരെ“എന്റെ ചാർച്ചക്കാരായ” എന്നു വിശേഷിപ്പിച്ചത്. ഇവരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ
ലഭ്യമല്ല. റോമർ 16:21 ൽ പറയുന്ന ലൂക്യൊസും, അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:1 ലെ
“കുറേനക്കാരനായ ലൂക്യൊസ്” ഉം ഒരു വ്യക്തി ആയിരിക്കാം. ഇത് ലൂക്കോസിന്റെ മറ്റൊരു
പേരാണ് എന്നും കരുതുന്ന വേദവ്യാഖ്യാതാക്കൾ ഉണ്ട്.
പൌലൊസ്, തെസ്സലൊനീക്യയിൽ ആയിരുന്നപ്പോൾ യാസോന്റെ
വീട്ടിൽ താമസിച്ചിരുന്നു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 17:5-9). അവിടെ
പൌലൊസിനെതിരെ വലിയ കലഹം ഉണ്ടായി. കലഹക്കാർ പൌലൊസിനെ പിടിക്കുവാനായി യാസോന്റെ വീട്
വളഞ്ഞു. എന്നാൽ പൌലൊസിനെ പിടികിട്ടിയില്ല എന്നതിനാൽ യാസോനെയും ചില
സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു പോയി.
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 20:4 ൽ പറയുന്ന “ബെരോവയിലെ
പുറൊസിന്റെ മകൻ സോപത്രൊസും” റോമർ 16:21 ലെ സോസിപത്രൊസും ഒരാൾ തന്നെയാണ്. പൌലൊസിന്റെ
മൂന്നാമത്തെ സുവിശേഷ യാത്രയിൽ സോപത്രൊസും അനുഗമിച്ചിരുന്നു.
16:22 ൽ തെർതൊസ് റോമിലെ വിശ്വാസികളെ വന്ദനം ചെയ്യുന്നു (Tertius). റോമർക്കു എഴുതിയ ലേഖനം പൌലൊസ് പറഞ്ഞുകൊടുക്കുകയും അത് തെർതൊസ്
എഴുതുകയും ആയിരുന്നു. അദ്ദേഹം ഒരു സെക്രട്ടറി എന്നപോലെ പൌലൊസിന് വേണ്ടി
പ്രവർത്തിച്ചു. ഇദ്ദേഹത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 16:23 ആം
വാക്യത്തിൽ ഗായൊസ്, എരസ്തൊസ്, ക്വർത്തൊസ് എന്നിവരുടെ
വന്ദനം രേഖപ്പെടുത്തിയിരിക്കുന്നു (Gaius, Erastus, Quartus). പൌലൊസ് കൊരിന്തിൽ ആയിരിക്കുമ്പോൾ
സ്നാനപ്പെടുത്തിയ രണ്ടു പേരിൽ ഒരാൾ ആയിരുന്നു ഗായൊസ്. (1 കൊരിന്ത്യർ 1:15). പൌലൊസ്
സ്നാനപ്പെടുത്തിയ രണ്ടാമൻ ക്രിസ്പൊസ് ആയിരുന്നു (Crispus). അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 18:7-8 ൽ പറയുന്ന തീത്തൊസ് യുസ്തൊസും, റോമർ 16:23 ലെ ഗായൊസും ഒരാൾ
തന്നെ ആയിരിക്കേണം. അദ്ദേഹത്തിന്റെ പേരിന്റെ പൂർണ്ണ രൂപം, ഗായൊസ് തീത്തൊസ്
യുസ്തൊസ് എന്നായിരിക്കേണം (Gaius Titius Justus). പൌലൊസ്,
അദ്ദേഹത്തിന്റെ രണ്ടാമത്തെയും, മൂന്നാമത്തെയും സുവിശേഷ യാത്രയക്ക് ഇടയിൽ കൊരിന്തിൽ
എത്തി. അവിടെ ശബ്ബത്ത്തോറും യഹൂദ പള്ളിയിൽ സുവിശേഷം പ്രസംഗിച്ചു. എന്നാൽ യഹൂദന്മാർ
അവനെ “എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ” അവൻ അവരെ വിട്ട്, തീത്തൊസ് യുസ്തൊസ്
എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു
പള്ളിയോടു തൊട്ടിരുന്നു. അവിടെ പൌലൊസ് ഒരാണ്ടും ആറുമാസവും താമസിച്ചു സുവിശേഷം
അറിയിച്ചു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 18:4-11). അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 20:4 ൽ “ദെർബ്ബെക്കാരനായ ഗായൊസും” എന്ന പരാമർശവും റോമർ 16:23 ൽ
പറയുന്ന ഗായൊസ് തന്നെ ആയിരിക്കേണം. യോഹന്നാൻ എഴുതിയ മൂന്നാമത്തെ ലേഖനം ആരംഭിക്കുന്നത്,
“മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു” എന്നു
പറഞ്ഞുകൊണ്ടാണ്.
16:23 ലെ രണ്ടാമത്തെ വ്യക്തി, “പട്ടണത്തിന്റെ
ഭണ്ഡാരവിചാരകനായ എരസ്തൊസും” ആണ് (Erastus, the city treasurer – ESV).
ഇദ്ദേഹം കൊരിന്തു പട്ടണത്തിൽ ഔദ്യോഗികമായി ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം
വഹിച്ചിരുന്ന വ്യക്തി ആയിരുന്നു. അദ്ദേഹം പട്ടണത്തിന്റെ ഖജാൻജിയോ (city
treasurer), പൊതുവായ രാജ്യപരമായ ജോലികൾ ചെയ്യിക്കുന്ന ഉന്നത
ഉദ്യോഗസ്ഥനോ ആയിരുന്നു (director of public works). 1929 ൽ
പുരാവസ്തു ഗവേഷകർ, പുരാതന കൊരിന്തു പട്ടണത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും എരസ്തൊസ്
എന്നെഴുതിയ ഒരു ശില കണ്ടെടുത്തു. അദ്ദേഹത്തിന്റെ പേരിൽ ഒരു വീഥി
സമർപ്പിക്കപ്പെട്ടിരുന്നു എന്നു ഇതിൽ നിന്നും അനുമാനിക്കപ്പെടുന്നു. ഒരു പക്ഷെ അദ്ദേഹം
സ്വന്തം ചെലവിലായിരിക്കാം ഈ വീഥി നിർമ്മിച്ചത്.
16:23 ലെ മൂന്നാമത്തെ വ്യക്തി, “സഹോദരനായ ക്വർത്തൊസും” ആണ് (Quartus). ഇദ്ദേഹത്തെക്കുറിച്ച് പുതിയനിയമത്തിൽ മറ്റൊരിടത്തും യാതൊരു പരാമർശവും
ഇല്ല. “സഹോദരനായ” എന്ന വിശേഷണം ക്രിസ്തീയ വിശ്വാസികൾക്ക് പൊതുവേയുള്ളത് ആണ്. ഇത്
ഒരു കുടുംബ ബന്ധത്തെയും സൂചിപ്പിക്കുന്നുണ്ട്. ഇതിൽ ഇന്ന് നമുക്ക് വ്യക്തതയില്ല.
ചില കൈയെഴുത്ത് പ്രതികളിൽ 16:20 ന്റെ അവസാന ഭാഗം, 16:23 ന് ശേഷം
24 ആം വാക്യമായി ആവർത്തിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു
ആശീർവാദം ആണ്. എന്നാൽ എല്ലാ കൈയെഴുത്ത് പ്രതികളിലും ഇങ്ങനെയൊരു വാക്യം ഇല്ല.
അതിനാൽ ഭൂരിപക്ഷം പരിഭാഷകളിലും 16:24 ആം വാക്യം
ഉൾപ്പെടുത്തിയിട്ടില്ല. 23 ആം വാക്യത്തിന് ശേഷം 25 ആം വാക്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ESV,
NIV, NLT, എന്നീ പരിഭാഷകളിൽ 24 ആം വാക്യമായി യാതൊന്നും
രേഖപ്പെടുത്തിയിട്ടില്ല. മലയാളത്തിൽ 20 ആം വാക്യം, 24 ആം വാക്യമായി ആവർത്തിക്കുന്നില്ല.
എങ്കിലും 24 ആം വാക്യം ഉണ്ട്. അത് 25-26 വാക്യങ്ങളുടെ ആദ്യഭാഗം ആണ്. മലയാളത്തിൽ 26
ആം വാക്യത്തോടെ 16 ആം അദ്ധ്യായവും റോമർക്ക് എഴുതിയ ലേഖനവും അവസാനിക്കുന്നു. 24 ആം
വാക്യമായി, 20 ആം വാക്യത്തിന്റെ രണ്ടാമത്തെ ഭാഗം ആവർത്തിച്ചു
രേഖപ്പെടുത്തിയിരിക്കുന്ന, KJV പോലെയുള്ള പരിഭാഷകളിൽ, റോമർ 16
ആം അദ്ധ്യത്തിന് 27 വാക്യങ്ങൾ ഉണ്ട്. 23 കഴിഞ്ഞു, 24 ആമത്തെ
വാക്യം രേഖപ്പെടുത്താതെ 25 ലേക്ക് പോകുന്ന പരിഭാഷകളിലും, 16 ആം അദ്ധ്യത്തിന് 27
വാക്യങ്ങൾ ഉണ്ട്.
പൌലൊസിന്റെ ഏറ്റവും ദൈർഘ്യമേറിയ ലേഖനം ആണ് റോമർക്കു
എഴുതിയത്. 16:24-26 വാക്യങ്ങൾ ഈ ലേഖനത്തിന്റെ
ഉപസംഹാരം ആണ്. അതൊരു പ്രാർത്ഥനയും ദൈവത്തിന് സ്തുതിയും ആണ്.
അദ്ദേഹം അറിയിച്ച സുവിശേഷത്തിന്നു അവരെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുവാൻ കഴിയും
എന്നു പ്രത്യാശിക്കുന്നു. “എന്റെ സുവിശേഷത്തിന്നും” എന്നത്, അദ്ദേഹം ഇന്നേവരെ
എല്ലായിടവും പ്രസംഗിച്ച സുവിശേഷം ആണ്. അത് യേശുക്രിസ്തുവിന്റെ സുവിശേഷം ആണ് എന്നു
പൌലൊസിന് തീർച്ചയുണ്ട്. ഇതല്ലാതെ മറ്റൊരു സുവിശേഷത്തെ അവർ സ്വീകരിക്കരുത് എന്നും
അദ്ദേഹം ആഗ്രഹിക്കുന്നു.
ഗലാത്യർ 1:8-9
എന്നാൽ ഞങ്ങൾ
നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു
ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ
ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി
ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
പൌലൊസ് അറിയിച്ച യേശുക്രിസ്തുവിന്റെ സുവിശേഷം
പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതാണ്. ഇത്
സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ അറിയിച്ചിരിക്കുന്നു.
നിത്യനായ ദൈവത്തിന്റെ കൽപ്പന പ്രകാരവും നിയോഗപ്രകാരവും സുവിശേഷം ഇപ്പോൾ
സകലജാതികൾക്കും വെളിപ്പെട്ടു വന്നിരിക്കുന്നു. സകല ജാതികളും അവനെ വിശ്വസിക്കേണം എന്നും
അനുസരിക്കേണം എന്നും ദൈവം ആഗ്രഹിക്കുന്നു. അതിനാൽ, ഏകജ്ഞാനിയായ ദൈവത്തിന്നു
യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ, എന്നു പൌലൊസ് പ്രാർത്ഥിക്കുന്നു.
ക്രിസ്തുവിന്റെ സുവിശേഷം പൂർവ്വകാലങ്ങളിൽ ഒരു മർമ്മമായി മറഞ്ഞിരുന്നു.
എന്നാൽ ഇത് പൌലൊസോ, മറ്റൊരാളോ, അവരുടെ ഇഷ്ടപ്രകാരം വെളിപ്പെടുത്തിയത് അല്ല. ഇത്
ദൈവം തക്ക സമയത്ത് സകല മനുഷ്യർക്കായും വെളിപ്പെടുത്തിയത് ആണ്. ഈ മർമ്മത്തേക്കുറിച്ച്
പ്രവാചകന്മാർ സൂചന നല്കിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന മർമ്മം
നിത്യനായ ദൈവത്തിന്റെ നിയോഗപ്രകാരം സകല മനുഷ്യർക്കും വെളിപ്പെട്ടിരിക്കുന്നു. ദൈവം
വെളിപ്പെടുത്തിയിരിക്കുന്ന സുവിശേഷത്തിന് അനുസരണമായുള്ളതാണ് അദ്ദേഹം
പ്രസംഗിക്കുന്ന യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം. സകല മനുഷ്യരും, ദൈവത്തിലും
യേശുക്രിസ്തുവിലും വിശ്വസിക്കുകയും അനുസരിക്കുകയും വേണം എന്നു ദൈവം
ആഗ്രഹിക്കുന്നു. ഈ സുവിശേഷം വെളിപ്പെടുത്തിയിരിക്കുന്ന ഏകജ്ഞാനിയായ ദൈവത്തിന്നു
യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ, എന്നു
പ്രാർത്ഥിച്ചുകൊണ്ടും “ആമേൻ” എന്ന വാക്കിനാൽ അതിനെ ഉറപ്പിച്ചുകൊണ്ടും പൌലൊസ് ലേഖനം
അവസാനിപ്പിക്കുന്നു.




No comments:
Post a Comment