റോമർ, അദ്ധ്യായം 13

ഒരു ക്രിസ്തീയ വിശ്വാസി പ്രായോഗിക ജീവിതത്തിൽ പാലിക്കേണ്ട പ്രമാണങ്ങൾ റോമർ 12 ആം അദ്ധ്യായം മുതൽ പൌലൊസ് ഉപദേശിക്കുന്നു. 13 ആം അദ്ധ്യായത്തിലും ഉപദേശങ്ങൾ തുടരുകയാണ്. ഈ അദ്ധ്യായത്തിൽ 14 വാക്യങ്ങൾ മാത്രമേയുളളൂ. ഒരു ക്രിസ്തീയ വിശ്വാസി, “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി” ജീവിക്കുവാൻ ആവശ്യമായ മൂന്ന് ഉപദേശങ്ങൾ ആണ് ഇവിടെ പൌലൊസ് വിശദീകരിക്കുന്നത്. ഒന്നാമതായി അധികാരങ്ങളോടുള്ള വിശ്വാസിയുടെ സമീപനം എന്തായിരിക്കേണം. രണ്ടാമത് ഒരു വിശ്വാസി അന്യോന്യം സ്നേഹിക്കേണം. മൂന്നാമതായി, നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുന്നത് ഈ ലോകത്തിന്റെ വെളിച്ചം ആയിരിക്കുവാനാണ്. അതിനാൽ  വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. ഒരു വിശ്വാസിക്ക്, ലോകമനുഷ്യരിൽ നിന്നും വേർപ്പെട്ട ഒരു ജീവിതം ഉണ്ടായിരിക്കേണം. കാരണം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ പ്രത്യക്ഷത ആസന്നമായിരിക്കുന്നു.

 

ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ

 

13:1-7 വരെയുള്ള വാക്യങ്ങളിൽ, രാജ്യങ്ങളുടെ അധികാരികളോടുള്ള ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കേണം എന്നു അദ്ദേഹം വിശദീകരിക്കുന്നു. അന്നത്തെ കാലത്തെ സഭ, രാജ്യത്തിന്റെ ഭരണാധികാരികളാൽ വലിയ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നു. അതിനാൽ അധികാരങ്ങളെ അനുസരിക്കണമോ, എതിർക്കണമോ എന്ന ചിന്ത അവരുടെ മനസ്സിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, പൌലൊസിന്റെ ഉപദേശങ്ങൾക്ക് വളരെ പ്രസക്തി ഉണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ സഭ കടന്നുപോകുന്ന കാലത്തും ഇടങ്ങളിലും എല്ലായിപ്പോഴും പൌലൊസിന്റെ ഉപദേശങ്ങൾ മാർഗ്ഗ ദർശിയാണ്.

 

13:1 ൽ “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ” എന്നു അദ്ദേഹം എഴുതി. അതിനുള്ള കാരണം, ദൈവത്താലല്ലാതെ ഒരു അധികാരവും ആർക്കും ലഭിക്കുന്നില്ല, എന്നതാണ്. നിലവിലുള്ള ഭരണാധികാരങ്ങൾ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അധികാരത്തോട് എതിർക്കുന്നവൻ ദൈവം നിശ്ചയിച്ച വ്യവസ്ഥയോട് മൽസരിക്കുന്നു (13:2). അത് ദൈവത്തോടുള്ള മറുതലിപ്പാണ്. ദൈവത്തോട് മറുതലിക്കുന്നവൻ ശിക്ഷാവിധി പ്രാപിക്കും. ഒരു അധികാരിയെ ദൈവം ഒരു രാജ്യത്തിന് മീതെയാക്കുന്നത്, ദൈവത്തിന്റെ ഹിതം നിവർത്തിക്കപ്പെടുന്നതിന് വേണ്ടിയാണ്. അതിനാൽ ക്രിസ്തീയ വിശ്വാസികൾ അധികാരങ്ങൾക്ക് കീഴടങ്ങിയിരിക്കേണം.

 

13:2 ലെ “ശിക്ഷാവിധി” എന്നതിന്റെ ഗ്രീക്ക് വാക്ക് “ക്രീമ” എന്നാണ് (krima, kree'-mah). ഈ വാക്കിന്റെ അർത്ഥം, വിധിന്യായം, തെറ്റിനുള്ള ദണ്ഡനവിധി, എന്നിങ്ങനെയാണ് (Judgment, condemnation of wrong). പൌലൊസ് ഇവിടെ നിത്യാശിക്ഷാവിധിയെക്കുറിച്ചാണോ, താൽക്കാലികമായ ശിക്ഷയെക്കുറിച്ചാണോ പറയുന്നത് എന്നു തീർച്ചയില്ല. താൽക്കാലികമായ ശിക്ഷ തെറ്റ് തിരുത്തുവാനുള്ള ശിക്ഷയാണ്. “ശിക്ഷാവിധി” രാജ്യങ്ങളുടെ അധികാരികളിൽ നിന്നും ഉണ്ടാകുന്നതാണോ, ദൈവത്തിൽ നിന്നും ഉണ്ടാകുന്നതാണോ എന്നും വ്യക്തമല്ല.

 

എന്തുകൊണ്ട് ഒരു വിശ്വാസി ലോകത്തിലെ അധികാരികളോട് കീഴടങ്ങി ജീവിക്കേണം? കാരണം, എല്ലാ അധികാരങ്ങളും ദൈവം നല്കുന്നതും, നിയോഗിക്കുന്നതും ആണ്. ഇതിൽ നന്മ പ്രവർത്തിക്കുന്ന അധികാരികളും, തിന്മ ചെയ്യുന്നവരും ഉണ്ടാകാം. അധികാരികളെ നിയമിക്കുന്നത് ദൈവം ആണ് എന്നതിനാൽ, അവരെ എതിർക്കുന്നത് ദൈവത്തിന്റെ പദ്ധതികളെ നിഷേധിക്കുന്നതിന് തുല്യമാകും. അധികാരികളോട് കീഴടങ്ങിയിരിക്കുന്നത്, അവരെ ദൈവം നിയമിച്ചതാണ് എന്നു അംഗീകരിക്കുകയാണ്. ലോക രാജ്യങ്ങളുടെ അധികാരികളിലൂടെയാണ് ഈ ലോകത്തിലെ ദുഷ്ടതയെ ദൈവം നിയന്ത്രിക്കുന്നത്. അതിനാൽ അധികാരികളെ എതിർക്കുന്നത് ശിക്ഷാവിധിക്ക് കാരണമാകും.

 

പൌലൊസ് ഈ ലേഖനം എഴുതുന്നതു, എ. ഡി. 55 നും 57 നും ഇടയിൽ ആണ്. എ. ഡി. 54-68 വർഷങ്ങളിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്നത് നീറോ ചക്രവർത്തി ആയിരുന്നു. അദ്ദേഹം ക്രിസ്തീയ വിശ്വാസികളെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആണ്, അധികാരികൾ തിന്മയാണ് പ്രവർത്തിക്കുന്നത് എങ്കിലും, അവർക്ക് കീഴടങ്ങിയിരിക്കുവാൻ പൌലൊസ് ഉപദേശിക്കുന്നത്. പത്രൊസും സമാനമായ ഉപദേശങ്ങൾ വിശ്വാസികൾക്ക് നല്കുന്നുണ്ട്.

 

1 പത്രൊസ് 2:13-17

സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.

 

ദുഷ്ടത പ്രവർത്തിക്കുന്നവർ ഭരണകർത്താക്കളെ ഭയപ്പെടേണം. സൽപ്രവർത്തി ചെയ്യുന്നവർ അവരെ ഭയപ്പെടേണ്ടതില്ല. അതിനാൽ, അധികാരികളെ ഭയപ്പെടാതെ ജീവിക്കുവാൻ എപ്പോഴും നന്മ ചെയ്യുക. അങ്ങനെയെങ്കിൽ, അധികാരിയിൽ നിന്നും പുകഴ്ച ലഭിക്കും (13:3).

 

ഭരണകർത്താക്കൾ നീതിയോടെ ഭരിക്കുന്നിടത്തോളം പൌലൊസിന്റെ ഉപദേശത്തിന് പ്രായോഗികത ഉണ്ട്. എന്നാൽ നന്മ ചെയ്തവരെയും നിരപരാധീകളേയും പീഡിപ്പിക്കുകയും, അകാരണമായി കൊല്ലുകയും ചെയ്ത പല ഭരണാധികാരികളും ലോക ചരിത്രത്തിൽ ഉണ്ട്. ആദ്യ നൂറ്റാണ്ടിലെ ക്രിസ്തീയ വിശ്വാസികളും, പൌലൊസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാരും അനുഭവിച്ച പീഡനങ്ങൾ ഇതിനൊരു ഉദാഹരണം ആണ്. എന്നാൽ, ഇത്തരം പശ്ചാത്തലത്തിൽ ആണ് പൌലൊസ് ഇങ്ങനെയൊരു ഉപദേശം, ആദ്യ നൂറ്റാണ്ടിലെ റോമിലെ വിശ്വാസികൾക്ക് നല്കുന്നത് എന്നത് ഇതിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.

 

ക്രിസ്തീയ പീഡനം നടക്കുന്ന സാഹചര്യങ്ങളെ ഒഴിവായി അദ്ദേഹം ഇവിടെ പരിഗണിക്കുന്നില്ല. അധികാരികളോട് കീഴടങ്ങിയിരിക്കേണം എന്ന ഉപദേശത്തിനാണ് അദ്ദേഹം മുഖ്യ പരിഗണന നല്കുന്നത്. എല്ലാ സാഹചര്യത്തിലും ഒരു വിശ്വാസി നന്മ മാത്രമേ പ്രവർത്തിക്കാവുളളൂ. നിയമ ലംഘകർ എന്നോ, കലാപകാരികൾ എന്നോ ഉള്ള പേര് വിശ്വാസികൾക്കൊ, സഭയക്കോ ഉണ്ടാകുവാൻ പാടില്ല.

 

“ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ” എന്നു പറയുമ്പോൾ, അധികാരികളുടെ എല്ലാ കൽപ്പനകളും അനുസരിക്കേണം എന്നു പൌലൊസ് അർത്ഥമാക്കുന്നില്ല. അന്ധമായ വിധേയത്വം അല്ല പൌലൊസ് ഉപദേശിക്കുന്നത്. ദൈവത്തിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധം അല്ലാത്ത, ഭൂമിയിലെ രാജാക്കന്മാരുടെ കൽപ്പനകളെ മാത്രമേ ഒരു വിശ്വാസിക്കു അനുസരിക്കുവാൻ കഴിയൂ. ദൈവത്തിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായ അധികാരികളുടെ കൽപ്പനകൾ അംഗീകരിക്കാത്തതിനാൽ ആണ് യേശുക്രിസ്തുവും, അപ്പൊസ്തലന്മാരും കൊല്ലപ്പെട്ടത്. അതിനാൽ അധികാരികൾക്ക് കീഴടങ്ങിയിരിക്കുക എന്നതിൽ, അധികാരികളുടെ എല്ലാ കൽപ്പനകളും അനുസരിക്കുക എന്നതല്ല. ദൈവീക പ്രമാണങ്ങൾക്ക് വിരുദ്ധമായത്, അവർ കൊല്ലപ്പെട്ടാലും അനുസരിക്കേണ്ടതില്ല. എന്നാൽ ഇത് അധികാരികളുടെ കൽപ്പനകളോടുള്ള കലാപം ആയിരുന്നില്ല, ദൈവത്തിന്റെ കൽപ്പനകളോടുള്ള വിധേയത്വം ആയിരുന്നു. അതിനാൽ കീഴടങ്ങിയിരിക്കുക എന്നതും സർവ്വവും അനുസരിക്കുക എന്നതും രണ്ടായി നിൽക്കുന്നു. ഇത് മറ്റ് ചില വേദഭാഗങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 4:19

അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 5:29

അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 

   

ഓരോ ഭരണാധികാരിയും ദൈവത്താൽ നിയോഗിക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്യുന്നതിനാൽ അവൻ ദൈവശുശ്രൂഷക്കാരൻ ആണ്. നമ്മൾ തിന്മ ചെയ്താൽ അവനെ ഭയപ്പെടേണം. തിന്മയെ ശിക്ഷിക്കുവാനാണ് അവൻ ആയുധം ധരിച്ചിരിക്കുന്നത്. ദോഷം പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുന്നവനായി, ദൈവത്തിന്റെ പ്രതികാരിയായി അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നു (13:4). “അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.” (13:5)

 

“വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു” (13:4) എന്നത് അന്നത്തെ അധികാരികളുടെ രീതിയെ സൂചിപ്പിക്കുന്നു. രാജാക്കന്മാരും അധികാരികളും, അവരുടെ വസ്ത്രത്തിനൊപ്പം വാൾ പോലെയുള്ള ആയുധം എപ്പോഴും ധരിക്കുമായിരുന്നു. ഇത് അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. ഈ വാക്യത്തെ, വെറുതെ അല്ല അവൻ അധികാരം വഹിക്കുന്നത്, എന്നു നമുക്ക് മനസ്സിലാക്കാം. അതായത്, ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി ആണ് അവൻ അധികാരം വഹിക്കുന്നത്.

 

ഭരണാധികാരികളെ ദൈവം നിയമിക്കുന്നു എന്ന പൌലൊസിന്റെ ഉപദേശം മറ്റ് ചില വേദവാക്യങ്ങൾ കൂടി സ്ഥിരീകരിക്കുന്നുണ്ട്.

 

ദാനീയേൽ 2:21

അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.

 

സങ്കീർത്തനങ്ങൾ 75:7

ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

 

സദൃശ്യവാക്യങ്ങൾ 21:1

രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.

 

പ്രായോഗിക തലത്തിൽ, ലോകചരിത്രത്തിലെ എല്ലാ ഭരണാധികാരികളും, അവരുടെ മേലുള്ള ദൈവീക അധികാരത്തെ അംഗീകരിച്ചു ഭരണം നടത്തിയിട്ടില്ല. അവരെ ദൈവമാണ് ഓരോ സ്ഥാനങ്ങളിൽ എത്തിച്ചിരിക്കുന്നത് എന്നു അവർ തിരിച്ചറിഞ്ഞിട്ടില്ല. എന്നിരുന്നാലും ദൈവമാണ് അവരെ ഭരണ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് എന്ന സത്യത്തിന് മാറ്റം ഉണ്ടാകുന്നില്ല. ദൈവം നന്മ ചെയ്യുന്നവർക്ക് പ്രതിഫലം നല്കുവാനായി മാത്രമല്ല, ഭരണാധികാരികളെ ഇരുത്തുന്നത്. ദുഷ്ടന്മാരോടുള്ള ദൈവത്തിന്റെ പ്രതികാരം നിറവേറ്റുന്നതിന് കൂടിയാണ്. അതിനാൽ, ദൈവീക പ്രമാണങ്ങൾ അനുസരിക്കാതെയിരിക്കുന്ന ക്രിസ്തീയ വിശ്വാസിയും ദൈവത്തിന്റെ പ്രതികാരം അധികാരികളിലൂടെ അനുഭവിക്കേണ്ടി വരും.  

 

ശിക്ഷകളെ ഭയപ്പെടുന്നതുകൊണ്ടു മാത്രമല്ല അധികാരികൾക്ക് കീഴടങ്ങിയിരിക്കേണ്ടത്. നമ്മളുടെ ക്രിസ്തീയ മനസാക്ഷി നിമിത്തവും അങ്ങനെ ചെയ്യേണം (13:5). അധികാരികളെ ബഹുമാനിക്കുക എന്നത് ക്രിസ്തീയ ധാർമ്മികതയാണ്. അതാണ് നമ്മളെക്കുറിച്ചുള്ള ദൈവഹിതം. അത് നമ്മളുടെ എളിമയുടെ അടയാളം ആണ്. നമ്മൾ അല്ല സർവ്വാധികാരി, ദൈവം ആണ് സകലത്തിന്നും, സകലർക്കും അധികാരി ആയിരിക്കുന്നത്. അതിനാൽ നമ്മൾ അധികാരികളെ ബഹുമാനിക്കുന്നു.

നികുതിയും ചുങ്കവും കൊടുക്കുക

 

13:6-7 വാക്യങ്ങൾ അധികാരികളെക്കുറിച്ചുള്ള പൌലൊസിന്റെ ഉപദേശത്തിന്റെ രണ്ടാമത്തെ ഭാഗം ആണ്. ഇവിടെ നികുതി കൊടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു. അധികാരികൾ ദൈവത്താൽ നിയമിക്കപ്പെട്ടവരും ദൈവീക പദ്ധതി നിവർത്തിക്കുന്നവരും ആകയാൽ, അവർ ആവശ്യപ്പെടുന്ന നികുതിയും ചുങ്കവും നൽകേണം. എല്ലാവർക്കും കടമായുള്ളത് കൊടുക്കേണം. എല്ലാ വിധത്തിലുള്ള നികുതികളും കൊടുക്കുക. ഭയവും ബഹുമാനവും അർഹിക്കുന്നവരോട് അങ്ങനെ ആയിരിക്കുക.

 

13:7 ലെ നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കംഎന്ന വാചകത്തിലെ “നികുതി” എന്നതും “ചുങ്കം” എന്നതും രണ്ടു വ്യത്യസ്തമായ വാക്കുകളാണ്. ഇംഗ്ലീഷ് ൽ “നികുതി” എന്നത് tax എന്നാണ് (ESV, NIV, NLT). ഇതിന്റെ ഗ്രീക്ക് വാക്ക് “ഫറോസ്” എന്നാണ് (phoros, for'-os). ഈ വാക്കിന്റെ അർത്ഥം, വീട്, സ്ഥലം, വ്യക്തികൾ എന്നിവയ്ക്കുള്ള വാർഷിക നികുതി, എന്നാണ് (the annual tax levied upon houses, lands, and persons).

 

“ചുങ്കം” എന്നത് ഇംഗ്ലീഷ് ൽ custom (KJV), revenue (ESV, NIV), government fees (NLT), എന്നിങ്ങനെയാണ്. ഇതിന്റെ ഗ്രീക്ക് വാക്ക്, “റ്റെല്ലസ്” എന്നാണ് (telos, tel'-os). ഈ വാക്കിന്റെ അർത്ഥം, ചുങ്കം, തീരുവ, സാധനങ്ങൾക്കും, യാത്രയ്ക്കും ഏർപ്പെടുത്തിയിട്ടുള്ള തീരുവ, സാധനങ്ങളുടെ മേലുള്ള പരോക്ഷ നികുതി, എന്നിങ്ങനെയാണ് (toll, custom, general toll on goods or travel, indirect tax on goods).

 

നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം എന്ന വാചകം കൊണ്ടു, എല്ലാ വിധത്തിലുമുള്ള നികുതിയും കൊടുക്കേണം എന്നാണ് പൌലൊസ് ഉദ്ദേശിച്ചത്.

 

യഹൂദന്മാരുടെ രാജ്യത്തിന്മേൽ അധിനിവേശം നടത്തി, അവരെ അടിച്ചമർത്തി ഭരിക്കുന്ന റോമൻ സാമ്രാജ്യത്തിന് യഹൂദന്മാർ നികുതി കൊടുക്കേണമോ എന്നത് യേശുക്രിസ്തുവിന്റെ കാലത്തും, അപ്പൊസ്തലന്മാരുടെ കാലത്തും ഉയർന്നു വന്ന ഒരു ചോദ്യമായിരുന്നു. ഈ ചോദ്യം യേശുക്രിസ്തുവിന്റെ അടുക്കലും ചെന്നിരുന്നു. “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നതായിരുന്നു ക്രിസ്തുവിന്റെ മറുപടി (മത്തായി 22:21). യേശുക്രിസ്തുവും, പൌലൊസും, റോമൻ സാമ്രാജ്യത്തിന് കരം കൊടുക്കേണം എന്നു ഉപദേശിച്ചിരുന്നു എങ്കിലും അതേ റോമൻ സാമ്രാജ്യം തന്നെയാണ് അവരെ കൊന്നത്. അതായത് നമുക്ക് എന്ത് തിരികെ ലഭിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല, അധികാരികളെ ക്രിസ്തീയ മനസാക്ഷി പ്രകാരം ബഹുമാനിക്കുകയും അനുസരിക്കുകയും, അർഹമായ എല്ലാ കടങ്ങളും നല്കുകയും ചെയ്യേണം.

 

ഭരണാധികാരികളെ ബഹുമാനിക്കേണം എന്നും, സകലവിധ നികുതികളും കൊടുക്കേണം എന്നും റോമിലെ വിശ്വാസികളെ ഉപദേശിക്കുന്നതിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു. സ്വന്ത രാജ്യത്തെ അധീനപ്പെടുത്തി, അടിച്ചമർത്തി ഭരിക്കുന്ന റോമൻ സാമ്രാജ്യത്തിന് കരം കൊടുക്കുന്നത് യഹൂദന്മാർ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ റോമാക്കാരെ വെറുത്തിരുന്നു എന്നതിനാൽ, അവസരം ലഭിക്കുമ്പോൾ എല്ലാം അവരെ ആക്രമിക്കുമായിരുന്നു. യഹൂദ ക്രിസ്തീയ വിശ്വാസികൾക്കും ഇതേ വികാരം റോമൻ സാമ്രാജ്യത്തിനെതിരെ ഉണ്ടായിരുന്നു.   

 

യഹൂദന്മാർ അവരുടെ വിളകൾക്ക് റോമൻ സാമ്രാജ്യത്തിന് കരം കൊടുക്കേണമായിരുന്നു. 14 നും 65 നും ഇടയിൽ  പ്രായമുള്ള എല്ലാവരും വ്യക്തിപരമായി നികുതി കൊടുക്കേണം. എല്ലാ വരുമാനങ്ങൾക്കും നികുതി ഉണ്ടായിരുന്നു. ഇതെല്ലാം കൂടാതെ പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് പ്രത്യേക നികുതി ഉണ്ടായിരുന്നു. സാധനങ്ങൾ ദൂരേക്ക് കൊണ്ടുപോകുന്നതിനും, ദൂരെ നിന്നും കൊണ്ടുവരുന്നതിനും, വിൽക്കുന്നതിനും ചുങ്കം കൊടുക്കേണം. പൊതു വഴികൾ, ചന്ത, തുറമുഖം എന്നിവ ഉപയോഗിക്കുന്നതിന് നികുതി ഉണ്ടായിരുന്നു. ഇതെല്ലാം യഹൂദ ജനത്തിന് വളരെ ഭാരമായിരുന്നു എങ്കിലും ഇത്തരം എല്ലാ വിധ നികുതികളും ക്രിസ്തീയ വിശ്വാസികൾ നൽകേണം എന്നാണ് പൌലൊസ് ഉപദേശിക്കുന്നത്.

അന്യോന്യം സ്നേഹിക്കേണം 

 

13:8-10 വരെയുള്ള വാക്യങ്ങളിൽ അന്യോന്യം സ്നേഹിക്കേണ്ടതിനെക്കുറിച്ച് പൌലൊസ് എഴുതുന്നു. “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു” എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത് (13:8). അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നു. ന്യായപ്രമാണത്തിൽ, “വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു” എന്നിങ്ങനെയുള്ള പല കൽപ്പനകളും ഉണ്ട്. ഇവയും മറ്റെല്ലാ കൽപ്പനകളും ഒരു പ്രമാണത്തിൽ സംക്ഷേപിച്ചിരിക്കുന്നു: “കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക” (13:9). മറ്റുള്ളവരെ സ്നേഹിക്കുന്നവൻ അവന് ദോഷം പ്രവർത്തിക്കുന്നില്ല. അതിനാൽ സ്നേഹം സകല ന്യായപ്രമാണങ്ങളുടെയും നിവർത്തിയാണ് (13:10).

 

റോമർ 13:6-7 വരെയുള്ള വാക്യങ്ങളിൽ രാജ്യത്തിന്റെ ഭരണാധികാരികൾക്ക് സകല വിധ നികുതിയും ചുങ്കവും കൊടുക്കേണം എന്നു പൌലൊസ് ഉപദേശിച്ചു. “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ” എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് എഴുതിയത് (13:7). 13:8 ൽ സ്നേഹിക്കുന്നതു അല്ലാതെ മറ്റുള്ളവരോട് ഒന്നും കടമ്പെട്ടിരിക്കരുതു എന്നു അദ്ദേഹം ഉപദേശിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കുക എന്നത് ഒരു കടം പോലെയാണ്. അതിനാൽ ക്രിസ്തീയ വിശ്വാസികൾ എപ്പോഴും അന്യോന്യം സ്നേഹിക്കുന്നവർ ആയിരിക്കേണം. ഇതേ കൽപ്പന യേശുക്രിസ്തുവും നല്കിയിട്ടുണ്ട്. മത്തായി, ഗലാത്യർക്ക് എഴുതിയ ലേഖനം എന്നിവിടങ്ങളിൽ ഈ ഉപദേശം വായിക്കാം.  

 

മത്തായി 22:37-39

യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. 

 

ഗലാത്യർ 5:14

കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.

 

“സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു” എന്നതിന് മറ്റുള്ളവരിൽ നിന്നും ഒന്നും കടം വാങ്ങരുത് എന്നു അർത്ഥമില്ല. കടം വാങ്ങുന്നത് തിരികെ നൽകാതെ ഒരു ബാദ്ധ്യതയായി ഇരിക്കരുതു. എപ്പോഴും മറ്റുള്ളവർക്ക് കടക്കാരനായി ഇരിക്കയുമരുത്. അതായത് ഒരുവനിൽ നിന്നും എന്തെങ്കിലും കടം വാങ്ങിയാൽ, അത് തിരികെ കൊടുക്കാമെന്നു വാക്ക് പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ കൊടുത്തു തീർക്കുക. അത് ഒരു കടമായി തുടരരുത്. എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചു, കടക്കാരനായി, ജീവിക്കരുത്. ഇതാണ് പൌലൊസ് ഇവിടെ ഉദ്ദേശിക്കുന്നത്.

 

ഇവിടെ പണം കടം വാങ്ങുന്നതിനെക്കുറിച്ച് പറയുവാനല്ല പൌലൊസ് ശ്രമിക്കുന്നത്. പണത്തേക്കാൾ മൂല്യമുള്ള ഒന്ന് മറ്റുള്ളവർക്ക് കൊടുക്കുവാൻ ഓരോ ക്രിസ്തീയ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു. അത് അന്യോന്യം സ്നേഹിക്കുക എന്നതാണ്. സ്നേഹിക്കുക എന്നത് മറ്റുള്ളവർക്ക് കൊടുക്കുവാനുള്ള ഒരു കടം ആണ്. ഒരിക്കലും സ്നേഹം എന്ന കടം കൊടുത്തു തീർക്കുവാൻ സാദ്ധ്യമല്ല. സ്നേഹിക്കുക എന്നത് എന്നും തുടരുന്ന ഒരു കടം ആണ്.

 

അന്യോന്യം സ്നേഹിക്കുമ്പോൾ, നമ്മൾ ന്യായപ്രമാണം മുഴുവൻ അനുസരിക്കുന്നതിന് തുല്യമാകും. ഇവിടെ യേശുക്രിസ്തു പറഞ്ഞ കൽപ്പന പൌലൊസ് ഓർമ്മിപ്പിക്കുന്നു.

 

മർക്കോസ് 12:29-31

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.  

 

സ്നേഹം എങ്ങനെയാണ് ന്യായപ്രമാണം മുഴുവൻ അനുസരിക്കുന്നതിലേക്ക് നമ്മളെ നയിക്കുന്നത് എന്നു പൌലൊസ് തുടർന്നു വിശദീകരിക്കുന്നു. ന്യായപ്രമാണത്തിലെ പ്രമാണങ്ങൾക്ക് ഉദാഹരണമായി അദ്ദേഹം നാല് കൽപ്പനകൾ ഉദ്ധരിക്കുന്നു. “വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു” (13:9). ഇതിനോടൊപ്പം, “മറ്റു ഏതു കല്പനയും” എന്നുകൂടി പൌലൊസ് കൂട്ടിച്ചേർക്കുന്നു. ഇതിൽ ന്യായപ്രമാണത്തിലെ സകല കൽപ്പനകളും അദ്ദേഹം ഉൾപ്പെടുത്തുന്നു. ഇവയെല്ലാം “സ്നേഹം” എന്ന ഏക കൽപ്പനയിൽ സംഗ്രഹിച്ചിരിക്കുന്നു.

 

ലേവ്യപുസ്തകം 19:18

നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

 

സ്നേഹിക്കുന്ന ഒരുവനോട് ദോഷം പ്രവർത്തിക്കുവാൻ കഴിയുക ഇല്ല എന്നതിനാൽ, ന്യായപ്രമാണത്തിലെ എല്ലാ കൽപ്പനകളും പ്രമാണിക്കുന്നു. അങ്ങനെ അന്യോന്യം സ്നേഹിക്കുന്നവർ ന്യായപ്രമാണം നിവർത്തിക്കുന്നവർ ആയിതീരുന്നു.

 

“അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” എന്നത്, സ്നേഹം ന്യായപ്രമാണത്തെ നീക്കിക്കളയും എന്ന ആശയത്തിൽ അല്ല. ന്യായപ്രമാണത്തിന്റെ അനുസരണം എന്ന പ്രവർത്തിയിലൂടെ രക്ഷയും, നീതീകരണവും പ്രാപിക്കാം എന്നുമല്ല അദ്ദേഹം ഇവിടെ പറയുന്നത്. മറ്റുള്ളവർക്ക് യോജിപ്പില്ലാത്ത നമ്മളുടെ പ്രവർത്തികൾ സ്നേഹമില്ലായ്മ ആണ് എന്നും അദ്ദേഹം ഉദ്ദേശിക്കുന്നില്ല. ഉദാഹരണത്തിന്, “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും”, എന്നാണ് പൌലൊസ് എഫെസ്യർക്ക് എഴുതിയത് (എഫെസ്യർ 4:15). സത്യം ചിലപ്പോൾ മറ്റുള്ളവർക്ക് അതൃപ്തി ഉളവാക്കിയേക്കാം. എങ്കിലും സ്നേഹത്തോടെ ആണെങ്കിലും സത്യം സംസാരിക്കേണം എന്നാണ് അദ്ദേഹം ഇവിടെ ഉദ്ദേശിക്കുന്നത്.

രക്ഷ അധികം അടുത്തിരിക്കുന്നു

 

13:11-14 വരെയുള്ള വാക്യങ്ങളിൽ, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങിയിരിപ്പാൻ ക്രിസ്തീയ വിശ്വാസികളെ പൌലൊസ് പ്രബോധിപ്പിക്കുന്നു. ഒരു ക്രിസ്തീയ വിശ്വാസി എങ്ങനെയാണ് ഈ ലോകത്തിൽ ജീവിക്കേണ്ടത് എന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 12:1 മുതൽ 13:10 വരെ വിവരിച്ചതിന് ശേഷം പൌലൊസ് ഇങ്ങനെ എഴുതി: വിശ്വാസികൾ “ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു”. കാരണം, അവർ “സമയത്തെ അറികയാൽ തന്നേ”. പൌലൊസ് ജീവിച്ചിരുന്ന കാലത്തെ, രാത്രിയ്ക്ക് ശേഷമുള്ള ഒരു പ്രഭാതമായി പൌലൊസ് ചിത്രീകരിക്കുന്നു. കാലം പ്രഭാതമായിരിക്കുന്നു എന്നതിനാൽ, ഉറക്കത്തിൽ നിന്നും ഉണരുക. കാരണം “നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു”. ഈ അറിവിനെയാണ് “സമയത്തെ അറികയാൽ” എന്നത്കൊണ്ടു പൌലൊസ് ഉദ്ദേശിക്കുന്നത്. അദ്ദേഹം ഇവിടെ പരാമർശിക്കുന്ന രക്ഷ, അന്തിമമായതും, സമ്പൂർണ്ണമായതും ആയ രക്ഷയാണ്. അത് തേജസ്സ്കരണം ആണ്. അന്തിമമായ രക്ഷ വളരെ അടുത്തിരിക്കുന്നു. അത് സംഭവിക്കേണ്ടതിനായി, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഏറെ സമീപിച്ചിരിക്കുന്നു. അതിനാൽ ഉറക്കത്തിൽ നിന്നും ഉണരുക. “നാം വിശ്വസിച്ച സമയത്തെക്കാൾ” എന്നത് ആദ്യമായി യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച സമയത്തെ സൂചിപ്പിക്കുന്നു (For salvation is nearer to us now than when we first believed. – ESV).

 

രക്ഷിക്കപ്പെടുക എന്ന അനുഭവത്തിന് ഒരു ഭൂതകാല അനുഭവവും, വര്‍ത്തമാന കാല അനുഭവവും, ഭാവികാല നിവര്‍ത്തിയും ഉണ്ട്. നമ്മള്‍ രക്ഷിക്കപ്പെടുമ്പോള്‍, മാനസാന്തരപ്പെട്ട്, വിശ്വാസത്താല്‍, യേശുക്രിസ്തുവിനെ നമ്മളുടെ രക്ഷിതാവും കര്‍ത്താവായും സ്വീകരിക്കുകയും, അവനില്‍ നിന്നും പാപമോചനവും, നീതീകരണവും പ്രാപിക്കുകയും ചെയ്യുന്നു, എന്നാൽ ഇത് ഒരു ദീര്‍ഘദൂര യാത്രയുടെ തുടക്കം മാത്രം ആണ്. ഒരുവന്‍ വീണ്ടും ജനനം പ്രാപിക്കുമ്പോൾ, അവന്‍ പാപത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷിക്കപ്പെടുന്നു, (റോമര്‍ 8:1), തുടർന്നുള്ള അവന്റെ ജീവിതത്തിൽ പാപത്തിന്റെ അധികാരത്തില്‍ നിന്നും ശക്തിയില്‍ നിന്നും രക്ഷിക്കപ്പെടുന്നു, (റോമര്‍ 6:14). ഭാവിയില്‍, കർത്താവിന്റെ വരവിങ്കൽ, അവന് രൂപാന്തരപ്പെട്ട ശരീരം ലഭിച്ചിട്ട് അവന്‍ പാപത്തിന്റെ സാന്നിധ്യത്തില്‍ നിന്നും രക്ഷിക്കപ്പെടും. (ഫിലിപ്പിയര്‍ 3:20, 21).

 

റോമർ 8:1

അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.

 

റോമർ 6:14

നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.

 

ഫിലിപ്പിയര്‍ 3:21

അവൻ (യേശുക്രിസ്തു) സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

 

നമ്മള്‍ ഭൂതകാലത്ത് ഒരു ദിവസം രക്ഷിക്കപ്പെട്ടു (എഫെസ്യർ 2:8); വര്‍ത്തമാനകാലത്ത് നമ്മള്‍ ജീവിക്കുമ്പോള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1 കൊരിന്ത്യര്‍ 1:18); ഭാവിയില്‍ നമ്മള്‍ രക്ഷിക്കപ്പെടും (1 പത്രൊസ് 1:4). ഇത് ഭൂതകാല രക്ഷയും, വര്‍ത്തമാനകാല രക്ഷയും, ഭാവികാല രക്ഷയും ആണ്. അതായത് രക്ഷയ്ക്ക് വ്യക്തമായ മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും. നമ്മള്‍ നീതീകരിക്കപ്പെട്ടു, വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, തേജസ്കരിക്കപ്പെടും.

 

നമ്മൾ രക്ഷിക്കപ്പെട്ടിരിക്കുന്നു:

 

എഫെസ്യർ 2:8

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

 

റോമർ 8:24

പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?

 

നമ്മൾ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു:

 

1 കൊരിന്ത്യര്‍ 1:18

ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

 

ഫിലിപ്പിയർ 2:12

അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.

 

നമ്മൾ രക്ഷിക്കപ്പെടും:

 

1 പത്രൊസ് 1:4

അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും

 

റോമര്‍ 8:30

മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 

റോമർ 5:9

അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.

 

രക്ഷയുടെ കഴിഞ്ഞകാല അവസ്ഥ, വീണ്ടെടുപ്പും നീതീകരണവും ദൈവത്തോടുള്ള നിരപ്പും ആണ്. അത് നമ്മള്‍ പാപങ്ങളെ ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ട്, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു. രക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ, വിശുദ്ധീകരണം ആണ്. അത് പരിശുദ്ധാത്മാവിനാല്‍ സംഭവിക്കുന്നു. ഇത് ഒരു തുടര്‍ പ്രക്രിയ ആണ്. അത് ജഡത്തിന്റെ പ്രവര്‍ത്തികളിന്മേല്‍ ഉള്ള ജയം ആണ്. നമ്മളുടെ ഇഹലോക ജീവിതം അവസാനിക്കുന്നത് വരെ വിശുദ്ധീകരണം തുടര്‍ന്നുകൊണ്ടിരിക്കും. ഇനിയും സംഭവിക്കാനിരിക്കുന്നത് തേജസ്സ്കരണം ആണ്. അതാണ് രക്ഷയുടെ മൂന്നാമത്തെ അവസ്ഥ. ഇവിടെ രക്ഷ പൂര്‍ണ്ണമാകുന്നു. നമ്മള്‍ തേജസ്സ്ക്കരിക്കപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ സാന്നിധ്യം സമ്പൂര്‍ണ്ണമായി അനുഭവിക്കും. അപ്പോള്‍ നമ്മള്‍ രൂപാന്തരം പ്രാപിച്ച ശരീരത്തില്‍ ആയിരിയ്ക്കും എന്നതിനാല്‍ പാപത്തിന്റെ യാതൊരു ബന്ധനവും ഉണ്ടാകുക ഇല്ല. ഇത് കർത്താവിന്റെ പ്രത്യക്ഷതയിൽ സംഭവിക്കും.

 

രാത്രി കഴിയാറായി

 

13:12 ൽ പൌലൊസ് എഴുതി, “രാത്രി കഴിയാറായി, പകൽ അടുത്തിരിക്കുന്നു.” അതായത് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ആസന്നമായിരിക്കുന്നു. അതിനാൽ ഇരുട്ടിന്റെ ദുഷ്ട പ്രവർത്തികളെ ഉപേക്ഷിച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കേണം. “രാത്രി കഴിവാറായി” എന്നതിനെ പാപത്തിന്റെ അധികാരവും, ശക്തിയും, സാന്നിധ്യവും എന്നന്നേക്കുമായി അവസാനിക്കാറായി എന്നു വ്യാഖ്യാനിക്കാം. പകൽ യുദ്ധത്തിനായി തയ്യാറെടുക്കുന്ന ഒരു പടയാളിപ്പോലെ നമ്മൾ സത്യത്തിന്റെ ആയുധങ്ങൾ ധരിക്കേണം. അപ്പോൾ നമ്മൾ പകലിന്റെ പ്രവർത്തിക്കു യോഗ്യർ ആകും. പകൽ സമയത്ത് ജീവിക്കുന്നവർ എന്നപോലെ എപ്പോഴും സത്യസന്ധമായും, ധാർമ്മികതയോടെയും ജീവിക്കേണം. വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലും, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലും, പിണക്കത്തിലും അസൂയയിലും മുഴുകി ജീവിക്കരുത്. പകൽ സമയത്തേക്ക് വസ്ത്രം ധരിക്കുന്നത് പോലെ, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുക. ജഡത്തിന്റെ മോഹങ്ങൾക്കായി വിചാരങ്ങൾ അരുതു (13:12-14). റോമർ 13:13-14 വാക്യങ്ങൾ ആണ് സെന്റ്. അഗസ്റ്റീൻനെ മാനസാന്തരത്തിലേക്ക് നയിച്ചത് (St. Augustine).

 

ഇത് ആത്മീയമായി ഉറങ്ങേണ്ടുന്ന കാലമല്ല എന്നു പൌലൊസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. അവർ ഉണരേണം. ഒരു പടയ്ക്ക് പുറപ്പെടുന്നതുപോലെ വെളിച്ചത്തിന്റെ ആയുധ വർഗ്ഗം ധരിക്കേണം. കാരണം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് സമീപമായി. ക്രിസ്തു വീണ്ടും വരുമ്പോൾ, അവർക്ക് പുതുക്കപ്പെട്ട ഒരു ശരീരം ലഭിക്കും. അവർ തേജസ്സ്കരിക്കപ്പെടും. അപ്പോൾ അവരുടെ രക്ഷ പൂർണ്ണമാകും.

 

ആ കാലത്ത് ക്രിസ്തീയ വിശ്വാസികൾ ആത്മീയമായി ഉണർന്നു ജീവിക്കേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് 13:12-14 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് എഴുതുന്നതു. പൌലൊസ് ഇത് എഴുതിയത് എ. ഡി. ഒന്നാം നൂറ്റാണ്ടിൽ ആണ് എങ്കിലും, ഇതിലെ ആത്മീയ മർമ്മങ്ങൾക്ക് ഇന്ന് അധികം പ്രസക്തി ഉണ്ട്. നമ്മൾ ആത്മീയ ഉറക്കം വിട്ടു ഉണർന്നു എഴുന്നേൽക്കേണ്ട കാലമായി. കാരണം “രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.” (13:11). യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഏത് നിമിഷവും സംഭവിക്കാം. 




 

No comments:

Post a Comment