റോമർക്ക് എഴുതിയ ലേഖനം 1-11 വരെയുള്ള അദ്ധ്യായങ്ങളിലായി അപ്പൊസ്തലനായ പൌലൊസ് യേശുക്രിസ്തുവിന്റെ സുവിശേഷം എന്താണ് എന്നു വിശദീകരിച്ചു കഴിഞ്ഞു. 12-15 വരെയുള്ള അദ്ധ്യായങ്ങളിൽ അദ്ദേഹം ചില പ്രായോഗിക ഉപദേശങ്ങൾ എഴുതുന്നു. ഒരു ക്രിസ്തീയ വിശ്വാസി എങ്ങനെ ഈ ലോകത്ത് ജീവിക്കേണം എന്നു അദ്ദേഹം ഉപദേശിക്കുന്നു. ഒരു വിശ്വാസി അവന്റെ കൂട്ടുവിശ്വാസികളോടും ശത്രുക്കളോടും മാന്യമായി പെരുമാറേണം. രാജ്യത്തോടും, നിയമങ്ങളോടും അവൻ വിധേയത്വം ഉള്ളവൻ ആയിരിക്കേണം. ബലഹീനരായ വിശ്വാസികളോട് ഒരു വിശ്വാസിക്കു ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഇങ്ങനെയെല്ലാം ഉപദേശിച്ചതിന് ശേഷം അവസാനമായി പൌലൊസ് അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് എഴുതുന്നു. അദ്ദേഹം റോമിലെ എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു. ഇത്രയും ആണ് 12-15 വരെയുള്ള അദ്ധ്യായങ്ങളിലെ വിഷയങ്ങൾ.
12 ആം അദ്ധ്യായത്തിൽ ആരാധനയെ, ജീവനും വിശുദ്ധിയും
ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി പൌലൊസ് നിർവചിക്കുന്നു. അത് ഈ ലോകത്തിനുള്ളത്
അന്വേഷിക്കുന്നത് അല്ല. ദൈവഹിതം എന്താണ് എന്നു അന്വേഷിക്കുന്നതാണ്. ആത്മീയ വരങ്ങളെ
സഭയിലെ എല്ലാവർക്കും പ്രയോജനപ്പെടും വണ്ണം ഉപയോഗിക്കേണം. അവിശ്വാസികളിൽ നിന്നും
വേർപ്പെട്ട, കൂട്ടുവിശ്വാസികളെ സ്നേഹിക്കുന്നതും കരുതുന്നതുമായ ഒരു ജീവിതം
ഉണ്ടാകേണം. ദൈവത്തോട് കൂടെയുള്ള നിത്യത ആയിരിക്കേണം ഏക ലക്ഷ്യം. ദുഷ്ടതയിൽ വീണു
പോകാതെ, ഉപദ്രവിക്കുന്നവർക്ക് പോലും നന്മ ചെയ്യുവാൻ കഴിയേണം. ഇതെല്ലാം ആണ് ഈ
അദ്ധ്യായത്തിലെ ഉപദേശങ്ങൾ.
ബുദ്ധിയുള്ള
ആരാധന
റോമർ 11 ആം അദ്ധ്യായം അവസാനിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ
സൃഷ്ടാവായ ദൈവത്തിന് മഹത്വം കരേറ്റിക്കൊണ്ടാണ്. ഇവിടെ വരെ പൌലോസ് നമ്മളെ ബോധ്യപ്പെടുത്തിയത്
നമ്മളോടുള്ള ദൈവത്തിന്റെ മനസ്സലിവ് എത്രമാത്രം, ആഴവും, വിശാലവും, മാർമ്മികവും ആണ്
എന്നാണ് (12:1). അതിനാൽ ദൈവത്തിന്റെ കരുണയോട് നമ്മൾ എങ്ങനെ പ്രതികരിക്കേണം എന്നു അദ്ദേഹം
തുടർന്നു പറയുന്നു: “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും
വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” യാഗം ജീവനുള്ളതും, ദൈവത്തിന്
പ്രസാദമുള്ളതും ആയിരിക്കേണം. ഇങ്ങനെയുള്ള യാഗമാണ് യഥാർത്ഥ ആരാധന.
ഈ വാക്യത്തിലെ “ബുദ്ധിയുള്ള ആരാധനയായി” എന്നത് വിവിധ
ഇംഗ്ലീഷ് പരിഭാഷകളിൽ വ്യത്യസ്തമായിട്ടാണ് കൊടുത്തിരിക്കുന്നത്.
· ബുദ്ധിയുള്ള, യുക്തമായ, ഉചിതമായ, ആരാധന (reasonable service – KJV)
·
ആത്മീയ ആരാധന (spiritual
worship – ESV)
·
ശരിയായ, ഉചിതമായ ആരാധന (proper worship –
NIV)
“ബുദ്ധിയുള്ള” എന്നതിന്റെ ഗ്രീക്ക് പദം, “ലൊഗിക്കാസ്”
എന്നാണ് (logikos, log-ik-os'). ഈ വാക്കിന്റെ
അർത്ഥം, യുക്തിക്ക് ചേർന്നത്, ആത്മീയമായത്, എന്നിങ്ങനെയാണ് (agreeable to
reason or logic, pertaining to spiritual). അതായത്
പൌലൊസ് പറയുന്നത്, ശരിയായ ആരാധന, യുക്തിയ്ക്കും, ആത്മാവിനും ചേർന്നത് ആയിരിക്കേണം
എന്നാണ്. ആരാധന യുക്തി ഭദ്രം ആണ്, അത് ആത്മാവിന് നന്മയുമാണ്.
ഈ വാക്യം റോമിലെ എല്ലാ ക്രിസ്തീയ വിശ്വാസികളോടും ഉള്ളതാണ്.
അദ്ദേഹം പറയുന്ന കാര്യങ്ങൾ യഹൂദ ക്രിസ്ത്യാനിക്കും, ജാതീയരിൽ നിന്നും വന്ന
വിശ്വാസികൾക്കും ഒരുപോലെയുള്ള സന്ദേശം ആണ്. ഇരു കൂട്ടരോടും ഉള്ള ദൈവത്തിന്റെ
മനസ്സലിവു ആണ് പൌലൊസ് റോമർ 1-11 വരെയുള്ള അദ്ധ്യായങ്ങളിൽ വിവരിച്ചത്. അതിനാൽ അവർ
ദൈവത്തോട് നന്ദിയുള്ളവർ ആയിരിക്കേണം. അവർ ദൈവത്തെ ഉചിതമായ രീതിയിൽ ആരാധിക്കേണം.
എങ്ങനെ ആരാധിക്കേണം എന്നു പറയുവാൻ പൌലൊസ് ഒരു യാഗത്തിന്റെ ചിത്രം രൂപകമായി
എടുക്കുന്നു.
ലേവ്യപുസ്തകം 1:3
അവർ വഴിപാടായി
കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ
പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ വെച്ചു
അർപ്പിക്കേണം
ലേവ്യപുസ്തകം 1:9
അതിന്റെ കുടലും
കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി
ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.
ലേവ്യപുസ്തകത്തിൽ വിവരിക്കുന്നത് പഴയ നിയമപ്രകാരം ഉള്ള
യാഗത്തെയാണ്. പൌലൊസ് പറയുന്ന പുതിയനിയമ യാഗത്തിൽ അർപ്പിക്കപ്പെടുന്നത് ഒരു
മൃഗമല്ല, ആരാധനയ്ക്കായി വരുന്ന വ്യക്തി തന്നെയാണ്. “നിങ്ങളുടെ ശരീരങ്ങളെ” യാഗമായി
സമർപ്പിപ്പിൻ, എന്നാണ് അദ്ദേഹം എഴുതിയത്. പഴയനിയമത്തിലെ യാഗത്തിൽ ഒരു മൃഗം
കൊല്ലപ്പെടുന്നു, എങ്കിൽ പുതിയനിയമ യാഗത്തിൽ ഒരുവൻ ജീവിക്കുകയാണ് ചെയ്യുന്നത്.
എങ്ങനെയാണ് ഒരു ക്രിസ്തീയ വിശ്വാസി ഈ ലോകത്തിൽ ജീവിക്കേണ്ടത് എന്നാണ് പൌലൊസ് പറയുന്നത്.
അവരുടെ ശരീരത്തെ മൊത്തമായി എപ്പോഴും ദൈവത്തിന് പ്രസാദമായി തീരത്തക്കവണ്ണം സമർപ്പിച്ചുകൊണ്ടു
ജീവിക്കേണം. ദൈവം നമ്മളോട് കാണിച്ച കരുണയോടുള്ള ഏറ്റവും യുക്തവും, ഉചിതവുമായ
പ്രതികരണം വിശ്വാസികൾ സ്വയം ജീവനുള്ള യാഗമായി അർപ്പിക്കപ്പെടുന്നതാണ്. അവരെ
ദൈവത്തിന് ഹിതകരമായി ഉപയോഗിക്കുവാനാണ് ജീവനുള്ള യാഗമായി അർപ്പിക്കുന്നത്. അവരുടെ
ശരീരം, ദൈവം ആഗ്രഹിക്കുന്നവണ്ണം, ദൈവത്തിനായും, അവന് പകരമായും, പ്രവർത്തിക്കേണം.
ഇങ്ങനെയുള്ള ജീവിതം ബുദ്ധിയുള്ളതും, യുക്തവും, ഉചിതവും, ആത്മീയവും ആയ ആരാധനയാകും.
ഇതാണ്, “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള” യാഗം.
പഴയനിയമത്തിൽ യാഗത്തിനായി അർപ്പിക്കുന്ന മൃഗം, മറ്റുള്ളവയിൽ
നിന്നും വേർതിരിക്കപ്പെട്ടതും, ഊനമില്ലാത്തതും ആയിരുന്നു. ജീവനുള്ള യാഗമായി
തീരേണ്ടുന്ന നമ്മളെ ദൈവം വേർതിരിക്കുകയും, ഊനമില്ലാത്തതായി പ്രഖ്യാപിക്കുകയും
ചെയ്തു. ഇത് യേശുക്രിസ്തുവിൽ സംഭവിച്ചു. നമ്മൾ ഇനി സൽഗുണവാന്മാർ ആകുവാൻ
കാത്തിരിക്കേണ്ടതില്ല. അതിനാൽ നമ്മൾ സ്വയം യാഗമായി അർപ്പിക്കപ്പെടുമ്പോൾ അത്
ദൈവത്തിന്നു പ്രസാദമായി തീരുന്നു. നമ്മളുടെ ദൈനംദിന ജീവിതമാണ് ദൈവത്തിന് യാഗമായി
അർപ്പിക്കപ്പെടുന്നത്. അങ്ങനെ നമ്മളുടെ ജീവിതം എന്ന ജീവനുള്ള യാഗം, ദൈവം നമ്മളോട്
കാണിച്ച കരുണയ്ക്ക് ഉചിതമായ പ്രതികരണം ആകും.
മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ
ലോകത്തിലെ അവിശ്വാസികളായ മനുഷ്യർ ജീവിക്കുന്നതുപോലെ ക്രിസ്തീയ
വിശ്വാസികൾ ജീവിക്കരുത്. നമ്മൾ ചിന്തിക്കുന്ന രീതി തന്നെ സമൂലമായി മാറേണം. അങ്ങനെ
എങ്കിൽ ദൈവഹിതം ഇന്നതെന്നു തിരിച്ചറിയുവാൻ നമുക്ക് കഴിയും. അപ്പോൾ ദൈവത്തിന്റെ
വിചാരങ്ങൾ നല്ലതും, സമ്പൂർണ്ണവും, സ്വീകാര്യവുമാണ് എന്നു മനസ്സിലാകും (12:2).
ഈ വാക്യത്തിൽ “ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു
മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” എന്നാണ് അദ്ദേഹം എഴുതിയത്. “പുതുക്കി”
എന്നതിന്റെ ഗ്രീക്ക് വാക്ക്, “ അനകൈനോസിസ്” എന്നതാണ് (anakainōsis,
an-ak-ah'-ee-no-sis). ഈ വാക്കിന്റെ അർത്ഥം, പുതുക്കൽ, നവീകരണം,
കൂടുതൽ മെച്ചമാകുവാനായി സമൂലമായി മാറുക, എന്നിങ്ങനെയാണ് (renewal,
renovation, complete change for the better). അതായത് പൌലൊസ്
പറയുന്ന, “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ”
എന്നതിലെ പുതുക്കൽ, കൂടുതൽ നല്ലതാകുവാനുള്ള സമൂലമായ നവീകരണം ആണ്.
ഇതേ വാക്യത്തിലെ, “രൂപാന്തരപ്പെടുവിൻ” എന്നതിന്റെ ഗ്രീക്ക്
പദം, “മെറ്റമോർഫാഒ” എന്നാണ് (metamorphoō, met-am-or-fo'-o). ഈ
വാക്കിന്റെ അർത്ഥം, മറ്റൊരു രൂപത്തിലേക്ക് മാറുക, രൂപാന്തരപ്പെടുക, എന്നിങ്ങനെയാണ്
(change into another form, transform, transfigure). ഇതേ
ഗ്രീക്ക് വാക്കാണ് മർക്കോസിന്റെ 9:2 ൽ യേശുക്രിസ്തുവിന്റെ രൂപാന്തര പ്രത്യക്ഷതയുടെ
വിവരണത്തിലും നമ്മൾ കാണുന്നത്.
മർക്കോസ് 9:2
ആറു ദിവസം കഴിഞ്ഞ
ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന
മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു (“മെറ്റമോർഫാഒ”
എന്നാണ് (metamorphoō, met-am-or-fo'-o).
ഇതിൽ നിന്നും പൌലൊസ് ഉദ്ദേശിക്കുന്ന, ഒരു ക്രിസ്തീയ
വിശ്വാസിയിൽ ഉണ്ടാകേണ്ട നവീകരണം എന്താണ് എന്നു മനസ്സിലാക്കാം. യേശുക്രിസ്തുവിന്
മറുരൂപ മലയിൽ വച്ചു ഉണ്ടായ രൂപാന്തരമാണ് ഓരോ ക്രിസ്തീയ വിശ്വസിക്കും ഉണ്ടാകേണ്ടത്.
ഇത് ബാഹ്യമായ രൂപത്തിലോ കാഴ്ചയിലോ അല്ല, കൂടുതൽ മെച്ചമാകേണ്ടതിനായി ഉണ്ടാകേണ്ടുന്ന
സമൂലമായ മാറ്റമാണ്. ഇതിലൂടെ യേശുക്രിസ്തുവിന്റെ മഹത്വം മറ്റുള്ളവർക്ക്
വെളിപ്പെടേണം.
ക്രിസ്തീയ വിശ്വാസികൾ ലോകത്തിലുള്ള മനുഷ്യരെ
അനുകരിക്കുന്നവർ അല്ല. അവർ ദൈവത്തിന്, സ്വയം ജീവനുള്ള യാഗമായി അർപ്പിക്കപ്പെട്ട്,
ദൈവത്തിന് പ്രസാദകരമായി ജീവിക്കുന്നവർ ആണ്. അതിനാൽ അവർ മനസ്സ് പുതുക്കേണം. “മനസ്സ്”
ഒരു വിശ്വാസിയുടെ, മനസ്സിലാക്കലും, ആഗ്രഹങ്ങളും, ചിന്തകളും, തീരുമാനങ്ങളും,
വികാരങ്ങളും, ലക്ഷ്യങ്ങളും, അങ്ങനെയുള്ളതെല്ലാം ആണ്. ഈ മനസ്സാണ്
യേശുക്രിസ്തുവിന്റെ മറുരൂപ മലയിലെ രൂപന്തരത്തിന് സമാനമായി സമൂലമായി
രൂപാന്തരപ്പെടേണ്ടത്. അങ്ങനെ വിശ്വാസികൾ ക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുത്തും.
ഇതിനായി പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയേയും സഹായിക്കുകയും, ശക്തീകരിക്കുകയും
ചെയ്യും.
2 കൊരിന്ത്യർ
3:18
എന്നാൽ മൂടുപടം
നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം
എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ
പ്രതിമയായി രൂപാന്തരപ്പെടുന്നു.
12:2 ലെ “ലോകത്തിന്” എന്ന വാക്ക് ഈ ലോകക്രമത്തെയാണ്
സൂചിപ്പിക്കുന്നത്. ലോകക്രമം എന്നു പറഞ്ഞാൽ, ഈ ലോകത്ത്, ഒരു പ്രാദേശിക സമൂഹത്തിൽ,
ഒരു സാധാരണ മനുഷ്യൻ ജീവിക്കുന്ന രീതികൾ ആണ്. യോഹന്നാൻ ഇതിനൊരു നിർവചനം
കൊടുത്തിട്ടുണ്ട്.
1 യോഹന്നാൻ 2:16
ജഡമോഹം, കണ്മോഹം,
ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം
പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
യോഹന്നാൻ പറയുന്നത് അനുസരിച്ചു, “ജഡമോഹം, കണ്മോഹം,
ജീവനത്തിന്റെ പ്രതാപം” എന്നിവയാണ് ഈ ലോകത്തിലുള്ളത്. ഇങ്ങനെ “ഈ
ലോകത്തിന്നു അനുരൂപമാകാതെ” ജീവിക്കേണം എന്നാണ് പൌലൊസ് ഉപദേശിക്കുന്നത്.
ലോക ക്രമം അനുസരിച്ചുള്ള ജീവിത ശൈലിയെ അനുസരിക്കുന്നത്
നമ്മളുടെ സ്വാഭാവിക രീതിയാണ്. ജീവിതത്തിന്റെ സമ്പൂർണ്ണതയ്ക്ക് ഇതെല്ലാം ആവശ്യമാണ്
എന്നു കരുതി, നമ്മൾ ഇങ്ങനെയെല്ലാം ജീവിക്കുന്നു. എന്നാൽ, ഈ ലോകത്തിന്റെ ക്രമത്തെ
ഒരു ക്രിസ്തീയ വിശ്വാസി ഒരു വിഷയത്തിലും സ്വീകരിക്കരുത് എന്നാണ് പൌലൊസ് പറയുന്നത്.
എന്നു പറഞ്ഞാൽ, ഈ ലോകത്തിലെ ധനം, മാനം, സ്ഥാനം, ഭൌതീക സ്വത്തുക്കൾ, പ്രശസ്തി,
പ്രശംസ, എന്നിങ്ങനെയുള്ളവയൊന്നും ഒരു വിശ്വാസിയുടെ ജീവിത ലക്ഷ്യം അല്ല. ഇതിൽ
നിന്നെല്ലാം വേർപെട്ടിരിക്കുക എന്നത് ഒരു ബാഹ്യമായ മാറ്റം അല്ല. പൌലൊസ് ഉപദേശിക്കുന്നത്
ആന്തരികമായ സമൂലമായ മാറ്റം ആണ്. ആന്തരീകമായി മാറേണം എങ്കിൽ നമ്മൾ മനസ്സു പുതുക്കി
രൂപാന്തരപ്പെടേണം (12:2).
ദൈവരാജ്യത്തിന്റെ പ്രമാണങ്ങളും, ജീവിത ശൈലിയും, ഈ
ലോകത്തിന്റെ ക്രമത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവ രണ്ടും കൂടെ അൽപ്പമായോ,
അധികമായോ, കൂടിച്ചേർന്ന് പോകുകയില്ല. ഈ ലോക ജീവിതത്തിലും ദൈവം ക്രിസ്തീയ
വിശ്വാസിക്കു സമാധാനവും, സന്തോഷവും, മാനവും, നല്കും. എന്നാൽ ഇതൊന്നും ഒരു
വിശ്വാസിയുടെ ലക്ഷ്യം അല്ല. ഈ ലോകത്തിലെ നന്മകൾ അല്ല, ദൈവം നമ്മളെക്കുറിച്ച് എന്ത്
ആഗ്രഹിക്കുന്നു എന്നതായിരിക്കേണം ഓരോ ക്രിസ്തീയ വിശ്വാസിയുടെയും ചിന്ത. എങ്ങനെ
ദൈവത്തിന്നു ജീവനും വിശുദ്ധിയും പ്രസാദവുമുള്ള യാഗമായി ജീവിക്കുവാൻ കഴിയും. ഇതാണ്
ഒരു വിശ്വാസിയുടെ ജീവിത ലക്ഷ്യം.
12:3 ൽ പൌലൊസ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ദൈവ കൃപയെ
സാക്ഷ്യപ്പെടുത്തി ക്രിസ്തീയ വിശ്വാസികൾക്ക് ഉപദേശങ്ങൾ നല്കുന്നു.
നിങ്ങളെക്കുറിച്ച് അഹംഭാവം ഉണ്ടാകരുതു. ദൈവം തന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ
ഓരോരുത്തരും സ്വയം വിലയിരുത്തേണം.
ദൈവത്തിന് പ്രസാദമുള്ള ജീവിതം എവിടെ ആരംഭിക്കേണം എന്നാണ്
12:3 ൽ പൌലൊസ് പറയുന്നത്. നമ്മളിൽ പകർന്നിരിക്കുന്ന വിശ്വാസത്തിന്റെ അളവ്
മനസ്സിലാക്കി, അതിന്റെ അടിസ്ഥാനത്തിൽ നമ്മളെ തന്നെ മനസ്സിലാക്കുക എന്നതാണ് ആദ്യ
പടി. നമ്മളെക്കുറിച്ചുള്ള നമ്മളുടെ കാഴ്ചപ്പാട് പർവ്വതീകരിക്കപ്പെടരുത്. അത്
യാഥാർത്ഥ്യ ബോധത്തോടെ ഉള്ളത് ആയിരിക്കേണം. അതിനെയാണ് പൌലൊസ് “സുബോധമാകുംവണ്ണം
ഭാവിക്കേണമെന്നു” പറയുന്നത്.
ഇവിടെ നമ്മൾ കഴിവില്ലാത്തവരും, മൂല്യമില്ലാത്തവരും ആണ്
എന്നു നമ്മൾ ചിന്തിക്കേണം എന്നല്ല പൌലൊസ് പറയുന്നത്. പകരം “ഭാവിക്കേണ്ടതിന്നു മീതെ
ഭാവിച്ചുയരാതെ” ഇരിക്കേണം. ശരിയായ കാഴ്ചപ്പാടിന് ദൈവത്തിലുള്ള വിശ്വാസം നമ്മളെ
സഹായിക്കും. നിഗളം നമ്മളെക്കുറിച്ചുള്ള ദൈവീക പദ്ധതിയുടെ നിവർത്തിക്ക് തടസ്സം ആണ്.
ഒരു
ശരീരത്തിലെ പല അവയവങ്ങൾ
ഒരു ക്രിസ്തീയ വിശ്വാസി ജീവനുള്ള യാഗമായി എങ്ങനെ ജീവിക്കേണം
എന്നാണ് 12:4-5 ലും തുടർന്നുള്ള വാക്യങ്ങളിലും പൌലൊസ് പറയുന്നത്. ഇതിന് മനസ്സു
പുതുക്കി രൂപാന്തരപ്പെടേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. 12:4 ൽ
ജീവനുള്ള യാഗമായി ജീവിക്കുന്നതിൽ നമ്മളുടെ പങ്ക് എന്താണ് എന്നു വിശദമാക്കുന്നു.
രക്ഷിക്കപ്പെട്ട ദൈവജനം, മറ്റുള്ളവരെ സേവിക്കുന്നവരായി ജീവിക്കേണം. അദ്ദേഹത്തിന്റെ
ഈ ഉപദേശം റോമിലെ പ്രാദേശിക സഭയോട് ഉള്ളതായിരുന്നു എങ്കിലും, അത് എല്ലാക്കാലത്തേയും
സർവ്വദേശീയമായ ക്രൈസ്തവ സഭയ്ക്ക് ഒരുപോലെ യോജ്യമാണ്.
12:4-5 വാക്യങ്ങളിൽ വിശ്വാസികളുടെ സമൂഹത്തെ ഒരു ശരീരത്തോടും
അതിന്റെ അവയവങ്ങളോടും ഉപമിക്കുന്നു. അവർക്കിടയിൽഉള്ള കൂട്ടായ്മ ബന്ധവും, പരസ്പര
ആശ്രയത്വവും, ക്രിസ്തുവിൽ ഒന്നായിരിക്കുന്ന അവസ്ഥയും ഇതിലൂടെ പൌലൊസ്
വിശദമാക്കുന്നു.
നമുക്ക് എല്ലാവർക്കും ഒരു ശരീരമാണ് ഉള്ളത്. അതിന് പല
അവയവങ്ങൾ ഉണ്ട്. എല്ലാ അവയവങ്ങൾക്കും ഒരേ കർത്തവ്യം അല്ല ഉള്ളത്. അതുപോലെ
ക്രിസ്തുവിന് ഉള്ളവർ പലരാണ്. എന്നാൽ നമ്മൾ ക്രിസ്തുവിൽ ഒരു ശരീരം ആണ്. നമ്മൾ
ഓരോരുത്തരും മറ്റുള്ളവർക്ക് ഉള്ളതാണ്. അതിനാൽ എല്ലാവരും ഒരു ശരീരമായി ഒരുമിച്ച്
പ്രവർത്തിക്കേണം. എല്ലാ അവയവങ്ങളും ക്രിസ്തു എന്ന ഏക ശരീരത്തിനുവേണ്ടി
പ്രവർത്തിച്ചാലേ ശരിയായ മൂല്യമുള്ള പ്രവർത്തനങ്ങൾ നടക്കൂ. ദൈവം നൽകിയിരിക്കുന്ന
എല്ലാ കഴിവുകളും, വരങ്ങളും, ഫലങ്ങളും, ക്രിസ്തുവിന്റെ സഭയ്ക്ക് പ്രയോജനപ്പെടേണം.
ഇത് വിശദീകരിക്കുവാനായി മനുഷ്യ ശരീരത്തെ ഒരു സാദൃശ്യമായി
എടുക്കുന്നു. മനുഷ്യശരീരം, പല അവയവങ്ങൾ ഒരുമിച്ച് ചേർന്ന ഏകീകൃതമായ
ഒരു സമ്പൂർണ്ണത ആണ് (unified whole). ഓരോ ശരീരവും ഒരു സമ്പൂർണ്ണ വ്യക്തിയാണ്.
എന്നാൽ ഈ ഏകീകൃത സമ്പൂർണ്ണതയായ ശരീരം അനേകം വ്യത്യസ്തങ്ങൾ ആയ അവയവങ്ങളെ ചേർത്തു
വച്ചിരിക്കുന്നതാണ്. മനുഷ്യ ശരീരത്തിൽ 78-80 അവയവങ്ങൾ ഉണ്ട്
എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ അവയവങ്ങൾ എല്ലാം വ്യത്യസ്തങ്ങൾ ആയ പ്രവർത്തികൾ
ചെയ്യുന്നവയാണ്. ഒന്നുപോലും മറ്റൊന്നിന്റെ പ്രവർത്തി സാധാരണയായി ചെയ്യാറില്ല.
അവയെല്ലാം ഒരുമിച്ച് ചേർന്നു ഒരു ഏകീകൃത സമ്പൂർണ്ണത ആയ മനുഷ്യൻ ഉണ്ടാകുന്നു. ക്രിസ്തീയ
വിശ്വാസികളും ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കേണം എന്നാണ് പൌലൊസ് പറയുന്നത്.
ഇതേ സാദൃശ്യം പൌലൊസ് കൂടുതൽ വിശദമായി 1 കൊരിന്ത്യർ 12:12-31
വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്നുണ്ട്.
1 കൊരിന്ത്യർ
12:12
ശരീരം ഒന്നും, അതിന്നു
അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും
ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
ക്രിസ്തീയ വിശ്വാസികൾ തമ്മിൽ പരസ്പരം, ഒരു ശരീരത്തിന്റെ
അവയവങ്ങൾ പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, എല്ലാവരും
യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ജീവിക്കുന്ന ശരീരമാണ് (12:5). ക്രിസ്തുവിന്റെ
ശരീരമാണ് സഭ. അതായത് വിശ്വാസികളുടെ കൂട്ടം ആണ് ക്രിസ്തുവിന്റെ ഈ ഭൂമിയിലെ സഭ. ഈ
ശരീരമായ സഭയിൽ എണ്ണമില്ലാതെവണ്ണം അവയവങ്ങൾ, വ്യത്യസ്തങ്ങളായ പ്രവർത്തികൾ
ചെയ്യുന്നുണ്ട്. എന്നാൽ എല്ലാവരും ക്രിസ്തുവിൽ ഒരു ശരീരം എന്നപോലെ
ഒന്നായിരിക്കുന്നു. ഒരു ശരീരത്തിന് ഒരു ഉദ്ദേശ്യമേ ഉള്ളൂ. എല്ലാ അവയവങ്ങളും ഈ
ഉദ്ദേശ്യത്തിന്റെ നിവർത്തിക്കായി പ്രവർത്തിക്കുന്നു.
ഒരു വിശ്വാസിക്ക് പോലും, ഒറ്റപ്പെട്ടവനായി, ക്രിസ്തു എന്ന
ശരീരത്തിന് പുറത്തു ജീവിക്കുവാൻ സാദ്ധ്യമല്ല. ഒരു അവയവവും ശരീരം വിട്ടു
ജീവിക്കുന്നില്ല. ഒറ്റപ്പെട്ട ക്രിസ്ത്യാനി എന്നൊന്നില്ല. നമ്മൾ എല്ലാവരും
മറ്റൊരുവന്റെ അവയവം ആണ്, അവനെ സേവിക്കുന്ന ഒരു അവയവം ആണ്. ഇതാണ് നിത്യതയിലും
തുടരുന്ന ബന്ധം.
ആത്മീയ വരങ്ങൾ
നമുക്ക് ലഭിച്ച ദൈവ കൃപയക്ക് ഒത്തവണ്ണം, ദൈവം നമുക്ക്
വ്യത്യസ്തങ്ങൾ ആയ നൈപുണ്യം (കഴിവ്, വരം) നല്കിയിട്ടുണ്ട്. (12:6-8). ഉദാഹരണത്തിന്
ചിലർ ദൈവത്തിന്റെ ദൂതുകൾ പ്രവചനത്തിലൂടെ മനുഷ്യരെ അറിയിക്കുന്നു. എന്നാൽ ഇത് ദൈവം
അവന് പകർന്നു കൊടുത്ത വിശ്വാസത്തിന്റെ അളവിന് മീതെ ആകരുതു. മറ്റുള്ളവരും അവരവർക്ക്
പകർന്നു ലഭിച്ചിരിക്കുന്ന വിശ്വാസത്തിന്റെ അളവിന് അനുസരിച്ചു കഴിവുകൾ
ഉപയോഗിക്കട്ടെ. അങ്ങനെ, ചിലർ ശുശ്രൂഷ ചെയ്യുന്നു, ചിലർ ഉപദേശിക്കുന്നു (ദൈവ വചനം
പഠിപ്പിക്കുന്നു), മറ്റ് ചിലർ പ്രബോധിപ്പിക്കുന്നു. “ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ
ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ”
എന്നാണ് പൌലൊസ് എഴുതിയത് (12:8).
എല്ലാ വരങ്ങളും ദൈവത്തിൽ നിന്നും ദാനമായി ലഭിച്ചിരിക്കുന്നു
എന്നതിനാൽ നമ്മൾ എളിമയോടെ അതിനെ വ്യാപാരം ചെയ്യേണം. റോമർ 12:6-8 വരെയുള്ള വാക്യങ്ങളിൽ
7 വരങ്ങളുടെ ഒരു പട്ടിക പൌലൊസ് പറയുന്നു. അവ, പ്രവചനം, ശുശ്രൂഷ, ഉപദേശം
(പഠിപ്പിക്കുക), പ്രബോധനം, ദാനം, ഭരണം, കരുണ എന്നിവയാണ്. 1 കൊരിന്ത്യർ 12:8-10 വരെയുള്ള
വാക്യങ്ങളിൽ മറ്റ് ചില വരങ്ങളെക്കുറിച്ചുകൂടെ അദ്ദേഹം പറയുന്നുണ്ട്.
1 കൊരിന്ത്യർ
12:8-11
ഒരുത്തന്നു
ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ
വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം,
മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു
പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ
വ്യാഖ്യാനം.
റോമർ 12:7 ലെ “ശുശ്രൂഷ” എന്നതിന്റെ ഇംഗ്ലീഷ് വാക്ക് “ministry”
(KJV), “service” (ESV) എന്നാണ്. ഇതിന്റെ
ഗ്രീക്ക് പദം, “ഡിയാക്കനീഅ” എന്നാണ് (diakonia, dee-ak-on-ee'-ah).
ഈ വാക്കിന്റെ അർത്ഥം, മറ്റുള്ളവരുടെ നിർദ്ദേശ പ്രകാരം ചെയ്യുന്ന
ശുശ്രൂഷ (ശുശ്രൂഷകർ) എന്നാണ് (service, ministering, those who execute the
commands of others). ഒരു കൂട്ടായ്മയിൽ അല്ലെങ്കിൽ സഭയിൽ, കൂട്ടുവിശ്വാസികൾക്ക്
പ്രയോജനപ്പെടുന്ന പ്രവർത്തികൾ ചെയ്യുന്നവർ ആണ് ഇവർ. ഇതിനുള്ള താല്പര്യം ദൈവ കൃപയാൽ
ലഭിക്കുന്ന ഒരു വരം ആണ്. ആത്മാവിന്റെ എല്ലാ വരങ്ങളെയും ശുശ്രൂഷ എന്നു വിളിക്കാം.
പ്രബോധകൻ മറ്റുള്ളവരെ വിശ്വാസ ജീവിതത്തിൽ
ഉൽസാഹിപ്പിക്കുകയും, താങ്ങി നിറുത്തുകയും ചെയ്യുന്നവൻ ആണ്. കൂട്ടുവിശ്വാസികൾ
നിരാശയിലോ, ഭാരത്തിലോ, പ്രതികൂലത്തിലോ ആകുമ്പോൾ, അവർ ക്ഷീണിച്ചുപോകാതെ
വിശ്വാസത്താലും, ആശ്വാസ വാക്കുകളാലും, പ്രത്യാശയാലും, ഉൽസാഹിപ്പിക്കുന്നവൻ ആണ്
പ്രബോധകൻ.
ആത്മീയ വരങ്ങളെ ദൈവം വിശ്വാസികൾക്ക് നല്കുന്നത് സഭയുടെ
അനുഗ്രഹത്തിനായിട്ടാണ്. അതായത് സഭയിലെ ഓരോ അംഗത്തിന്റെയും അനുഗ്രഹത്തിനായി അത്
ഉപകരിക്കപ്പെടേണം. ആത്മീയ വരങ്ങളും ഒരു വ്യക്തിയുടെ പ്രത്യേക കഴിവുകളും ഒന്നല്ല. റോമർ
12:6-8 ൽ പൌലൊസ് പറയുന്ന പട്ടിക പരിശോധിച്ചാൽ, അവ വ്യക്തിപരമായി ആർജ്ജിക്കുന്നതോ,
പരിപോഷിപ്പിക്കപ്പെടുന്നതോ ആയ കഴിവുകൾ അല്ല എന്നു മനസ്സിലാക്കാം. ആത്മീയ വരങ്ങൾ
പ്രാപിക്കുക മാത്രമല്ല, അവ സഭയുടെ അനുഗ്രഹത്തിനായി ഉപയോഗിക്കുകയും വേണം. ഓരോ വിശ്വാസിക്കും
ലഭിച്ചിരിക്കുന്ന വരം മറ്റ് വിശ്വാസികൾക്ക് ആത്മീയമായി പ്രയോജനപ്പെടേണം. എല്ലാ
വരങ്ങളുടെയും അടിസ്ഥാനം യേശുക്രിസ്തുവിലുള്ള വിശ്വാസം ആയിരിക്കേണം. ഉദാഹരണത്തിന്
പ്രവചനം പറയുന്നവൻ ദൈവത്തിൽ നിന്നും ലഭിച്ചത് മാത്രമേ പറയാവൂ. അത് ദൈവത്തിൽ
നിന്നും ലഭിച്ച ദൂത് ആണ് എന്നു അവന് വിശ്വാസം ഉണ്ടായിരിക്കേണം. ഈ വിശ്വാസവും
ഉറപ്പും ഇല്ലാതെ പ്രവചനം പറയരുതു.
ആത്മീയ വരങ്ങൾ അപ്പൊസ്തലന്മാരുടെ കാലത്ത്, പ്രത്യേക
ഉദ്ദേശ്യത്തോടെ നല്കിയിരുന്നു എന്നും, എന്നാൽ ആ കാലത്തിന് ശേഷം അവ നിന്നുപോയി
എന്നും വിശ്വസിക്കുന്ന സഭാ വിഭാഗങ്ങൾ ഉണ്ട്. എന്നാൽ സുവിശേഷ വിഹിത സഭകൾ (evangelical), എല്ലാ ആത്മീയ വരങ്ങളും എക്കാലത്തും ഒരുപോലെ പ്രവർത്തിക്കുന്നു എന്നു
വിശ്വസിക്കുന്നു.
നിർവ്യാജ
സ്നേഹം
റോമർ 12:9-21 വരെയുള്ള വാക്യങ്ങൾ വിശ്വാസികൾക്ക് പ്രായോഗിക
ജീവിതത്തിന് ആവശ്യമായ ചില ഉപദേശങ്ങൾ ആണ്. ക്രിസ്തീയ സമൂഹം ഒരു കുടുംബം ആണ്. അവർ
സ്നേഹത്തോടെ ജീവിക്കേണം. അതിനാൽ 9 ആം വാക്യത്തിൽ, സ്നേഹം നിർവ്യാജം ആയിരിക്കട്ടെ
എന്നും തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ എന്നും പൌലൊസ് ഉപദേശിക്കുന്നു.
ഇത്തരം സ്നേഹം എല്ലാവർക്കും നന്മയായി തീരും.
12:9 ലെ “സ്നേഹം” ഗ്രീക്കിൽ “ആഗപ്പെ” എന്നാണ് (agape, ag-ah'-pay). ഈ വാക്കിന്റെ അർത്ഥം സ്നേഹം എന്നാണ്.
വിവിധ തലത്തിലുള്ള സ്നേഹ ബന്ധങ്ങളെ സൂചിപ്പിക്കുവാന്‍ ഒന്നിലധികം വാക്കുകള്‍
ഗ്രീക്കില്‍ ഉപയോഗിക്കാറുണ്ട്. അതില്‍ “ആഗപ്പെ” എന്ന
വാക്ക് ദൈവ സ്നേഹത്തെക്കുറിച്ച് പറയുന്നു. ഇത് ദൈവത്തിന് മനുഷ്യരോടും, മനുഷ്യര്‍ക്ക് ദൈവത്തോടുമുള്ള സ്നേഹമാണ്. ആദ്യകാല സഭയിലെ വിശ്വാസികൾ
തമ്മിലുണ്ടായിരുന്ന ദൈവീക സ്നേഹത്തെയും ഈ വാക്ക് കൊണ്ടു പൌലൊസ്
വിശേഷിപ്പിക്കുന്നു. അത് ദൈവീകമായ സഹോദര സ്നേഹം ആയിരുന്നു. “ആഗപ്പെ” എന്ന വാക്ക്
കൊണ്ടു ഉദ്ദേശിക്കുന്ന സ്നേഹത്തിന്റെ പ്രത്യേകത, അത്
പ്രകടിപ്പിക്കപ്പെടുന്നതാണ് എന്നതാണ്.
“നിർവ്യാജം” എന്ന വാക്കിന്റെ
ഗ്രീക്ക് പദം, “അനുപൊക്രിറ്റൊസ്” എന്നാണ് (anypokritos, an-oo-pok'-ree-tos).
ഈ വാക്കിന്റെ അർത്ഥം, നിർവ്യാജമായ, അഭിനയമില്ലാത്ത, കപടവേഷം
അല്ലാത്ത, ആത്മാർത്ഥമായ, സത്യസന്ധമായ, എന്നിങ്ങനെയാണ് (unfeigned,
undisguised, sincere). “നിർവ്യാജം” എന്നതിന്റെ ഗ്രീക്ക് വാക്കിന്
ഗ്രീക്ക് നാടകവുമായി ബന്ധംഉണ്ട്. അക്കാലത്ത് നാടകത്തിൽ അഭിനയിച്ചിരുന്നവർ വ്യത്യസ്തങ്ങളായ
വ്യക്തികളെ പ്രതിനിധാനം ചെയ്യുവാനായി മുഖംമൂടി ധരിക്കുമായിരുന്നു. മുഖംമൂടി
കണ്ടാണ് നാടകത്തിലെ അഭിനേതാക്കൾ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നു
കാണികൾ മനസ്സിലാക്കുന്നത്. ഇത്തരം മുഖംമൂടിയ്ക്കുള്ളിൽ അഭിനേതാക്കൾ സ്വന്തം
വ്യക്തിത്വം മറച്ചു വച്ചുകൊണ്ട് നാടകത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇങ്ങനെയല്ലാതെ,
മുഖംമൂടി ഇല്ലാതെ, സ്വന്തം വ്യക്തിത്വം മറച്ചു
വെക്കാതിരിക്കുന്നതിനെ ആണ് “അനുപൊക്രിറ്റൊസ്” എന്ന വാക്ക് കൊണ്ടു അർത്ഥമാക്കുന്നത്
(anypokritos, an-oo-pok'-ree-tos).
അതായത്, പൌലൊസ് പറയുന്നത്, സ്നേഹം അഭിനയിക്കുകയല്ല, സത്യസന്ധമായ,
ആത്മാർത്ഥതയുള്ള സ്നേഹം ക്രിസ്തീയ വിശ്വാസികൾക്ക് ഇടയിൽ ഉണ്ടായിരിക്കേണം. അവർ പരസ്പരം
സ്നേഹത്തോടെ ആയിരിക്കേണം എന്നത് ഒരു സ്വാഭാവികമായ കാര്യമാണ്. എന്നാൽ പൌലൊസ് ഇവിടെ
പറയുന്നത് സ്നേഹം നിർവ്യാജം ആയിരിക്കേണം എന്നാണ്. അത് ദൈവം നമ്മളോട് കാണിച്ച
സ്നേഹത്തിന്റെ പ്രതിഫലനം ആയിരിക്കേണം. “തീയതിനെ വെറുത്തു നല്ലതിനോടു
പറ്റിക്കൊൾവിൻ.” എന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇതിന്റെ അർത്ഥം പാപത്തോട് സന്ധിചെയ്യാത്ത
അകൽച്ച പാലിക്കേണം, എന്നാണ്.
വിശ്വാസികൾ അന്യോന്യം ബഹുമാനിക്കേണം (12:10). നമ്മളുടെ അവകാശങ്ങളിൽ അല്ല ആത്മീയ സഹോദരങ്ങളുടെ അവകാശത്തിന് ഊന്നൽ കൊടുക്കേണം.
യേശുക്രിസ്തുവിന് വേണ്ടിയുള്ള ശുശ്രൂഷയിൽ കഠിനമായി അദ്ധ്വാനിക്കേണം (12:11).
ക്രിസ്തുവിന്റെ കൃപയാൽ, ഓരോ വിശ്വാസിയും പാപത്തെയും, പിശാചിനെയും എതിർക്കുകയാണ്.
അതിനാൽ അതിൽ അലസന്മാർ ആകരുതു. “ഉത്സാഹത്തിൽ മടുപ്പില്ലാതെ
ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.” എന്നാണ് പൌലൊസ് എഴുതിയത്
(12:11). “എരിവ്” എന്നതിന്റെ
ഗ്രീക്ക് വാക്ക്, “സെഒ” എന്നാണ് (zeō, dzeh'-o, fervent - ESV). ഈ വാക്കിന്റെ അർത്ഥം, ചൂട്
കൊണ്ടു തിളയ്ക്കുക, ചൂടായി ഇരിക്കുക, എന്നിങ്ങനെയാണ് (to boil with heat, be hot). കർത്താവിന്റെ
വേലയിൽ, അലസന്മാർ ആയിരിക്കാതെ, ചൂട് കൊണ്ട് തിളക്കുന്നവരെപ്പോലെ ഉൽസാഹത്തോടെ
പ്രവർത്തിക്കേണം. ഇങ്ങനെ നമ്മൾ എരിവുള്ളവർ ആയിരിക്കുന്നത് പരിശുദ്ധാത്മാവിൽ
ആണ്. ഇത് ജഡത്തിന്റെ എരിവ് അല്ല. എരിവുള്ളവർ ആയിരിക്കുന്നത് കർത്താവിനെ
സേവിക്കുവാൻ ആണ്.
ആശയിൽ
സന്തോഷിപ്പിൻ
12:12-13 വാക്യങ്ങളിൽ പൌലൊസ് നാല് ഉപദേശങ്ങൾ നല്കുന്നു. അവ,
ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ, പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ,
വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ,
എന്നിവയാണ് (12:12-13).
വിശ്വാസത്തിന് വേണ്ടി കഷ്ടം അനുഭവിക്കുന്നവരോടുള്ള
പൌലൊസിന്റെ പ്രബോധനം ആണ്, “ആശയിൽ സന്തോഷിപ്പിൻ” (12:12). പ്രത്യാശ, ദീർഘക്ഷമ,
പ്രാർത്ഥന, ഇതാണ് വിശ്വസികളെ കഷ്ടതയിൽ നിലനിറുത്തുന്ന ഘടകങ്ങൾ. അന്നും, ഇന്നും ഇത്
ഇങ്ങനെതന്നെ ആകുന്നു. കർത്താവിനോടുകൂടി പങ്കിടുന്ന ശ്രേഷ്ഠമായ തേജസ്കരണം അവരുടെ
പ്രത്യാശയാണ്. ഇതിന്റെ നിവർത്തിക്കായി കർത്താവിന്റെ വരവ് വരെയും ദീർഘക്ഷമയോടെ
പ്രത്യാശയിൽ സന്തോഷത്തോടെ ആയിരിക്കേണം.
“ആശയിൽ സന്തോഷിപ്പിൻ” എന്നത് ഒരു കൽപ്പനയല്ല, ഒരു ആഹ്വാനം
ആണ്. അത് ആശിക്കുവാൻ വകയുണ്ട് എന്നു തിരിച്ചറിഞ്ഞു സന്തോഷിക്കുവാൻ ഉള്ള പ്രബോധനം
ആണ്. എന്താണ് നമ്മളുടെ പ്രത്യാശ എന്നു റോമർ 8:23-24 ൽ പൌലൊസ് പറഞ്ഞിട്ടുണ്ട്.
റോമർ 8:23-24
ആത്മാവെന്ന
ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ
പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലാ നാം
രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ
കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?
രണ്ടാമത്തെ ഉപദേശം, “കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ” എന്നതാണ്
(12:13). ഭാവിയിൽ നിവർത്തിക്കപ്പെടുവാനിരിക്കുന്ന തേജസ്കരണത്തെക്കുറിച്ചുള്ള
പ്രത്യാശ, കഷ്ടതയെ സഹിഷ്ണതയോടെ സഹിക്കുവാൻ വിശ്വാസികളെ സഹായിക്കും. എന്നാൽ, കഷ്ടത
ഇല്ല എന്നോ, അതിന്റെ വേദന വിശ്വാസികൾ അനുഭവിക്കുന്നില്ല എന്നോ അദ്ദേഹം
പറയുന്നില്ല. “നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി
ക്ഷമയോടെ കാത്തിരിക്കുന്നു” (റോമർ 8:25).
മൂന്നാമത്തെ ഉപദേശവും, റോമർ 8 ൽ പൌലൊസ് എഴുതിയ കാര്യങ്ങളോട്
ബന്ധപ്പെട്ടിരിക്കുന്നു. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ എന്നു അദ്ദേഹം ഉപദേശിക്കുന്നു
(12:13). നമ്മളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥനയിൽ ഊറ്റിരിക്കേണം. ഇത്
വിശ്വാസത്തിലും പ്രത്യാശയിലും ക്ഷീണിച്ചുപോകാതെ ഇരിക്കുവാനും നമ്മളെ സഹായിക്കും. നാലാമത്തെ
ഉപദേശം, “വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം
ആചരിക്കയും ചെയ്‍വിൻ.” എന്നാണ് (12:13).
ആദ്യകാല സഭ എപ്പോഴും ആവശ്യങ്ങളിൽ ആയിരിക്കുന്ന കൂട്ടുവിശ്വാസികളെയും
പ്രാദേശിക സഭകളെയും സഹായിച്ചുകൊണ്ടിരുന്നു. ഇതിന് പുതിയനിയമത്തിൽ തെളിവുകൾ ഉണ്ട്.
ധനവാന്മാർ അവരുടെ വസ്തു വകകൾ വിറ്റു പോലും ഞെരുക്കത്തിൽ ആയിരിക്കുന്നവരെ
സഹായിച്ചിരുന്നു (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 2:44-45; 11:29-30).
ഇതെല്ലാം ദൈവത്തിന് ചെയ്യുന്ന ശുശ്രൂഷകൾ ആയിരുന്നു. ഏകാഗ്രതയോടെ ദാനം ചെയ്യുക
എന്നത് ഒരു ആത്മീയ വരം ആണ് എന്നു 12:8 ൽ പൌലൊസ് പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ,
വിശ്വാസത്തിന്റെ ഉത്തമ പ്രവർത്തികൾ ആയിരുന്നു. ഇത് പൊതു സമൂഹത്തിലും വിശ്വാസികൾക്ക്
നല്ല സാക്ഷ്യം ഉളവാക്കി.
ഇത് കൂടാതെ അതിഥിസൽക്കാരം ആചരിക്കയും വേണം എന്നു പൌലൊസ്
ഉപദേശിക്കുന്നു. പൌലൊസിനെ പോലെയുള്ള സുവിശേഷകർ പട്ടണം തോറും യാത്ര ചെയ്തു പ്രഘോഷണം
നടത്തിയിരുന്നു. അവർ പല പ്രതികൂലങ്ങളും, പട്ടിണിയും, ആപത്തും, പ്രതികൂല
കാലാവസ്ഥയും, അനുഭവിച്ചിരുന്നു. സത്രങ്ങൾ രാത്രികാലത്ത് താമസിക്കുവാൻ സുരക്ഷിതമായ
ഇടങ്ങൾ ആയിരുന്നില്ല. ഇവർക്ക് ആശ്രയം ആയിരിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.
പ്രതികൂലത്തിലോ കഷ്ടതയിലോ ആകുന്ന കൂട്ടുവിശ്വസിക്കും ആതിഥേയത്വം നല്കുക
അത്യന്താപേക്ഷിതം ആയിരുന്നു. ഇതിൽ മടുത്തുപോകരുത് എന്നു പൌലൊസ് ഉപദേശിക്കുന്നു.
അതിഥിസൽക്കാരം ഓരോരുത്തരും ജീവിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തിലെ മാന്യത
അനുസരിച്ചു ചെയ്യേണ്ടതാണ്.
ഉപദ്രവിക്കുന്നവരെ
അനുഗ്രഹിപ്പിൻ
പൌലൊസിന്റെ ഉപദേശങ്ങൾ തുടരുകയാണ്. 12:14 ൽ അദ്ദേഹം ഇങ്ങനെ
എഴുതി, “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ
അനുഗ്രഹിപ്പിൻ.” അവരോട് ദയയോടെ സംസാരിക്കുകയും പെരുമാറുകയും വേണം. ശത്രുക്കൾക്ക് വേണ്ടി
അനുഗ്രഹിച്ചു പ്രാർത്ഥിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു അടയാളമാണ്.
യേശുക്രിസ്തുവും ഇതേ ഉപദേശം നല്കിയിട്ടുണ്ട്.
മത്തായി 5:44
ഞാനോ നിങ്ങളോടു
പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ
ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
ലൂക്കോസ് 6:27-28
എന്നാൽ
കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ
പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
പൌലൊസിന്റെ ഈ ഉപദേശം ഒരു ക്രിസ്തീയ വിശ്വാസി, അവിശ്വാസിയായ
ഒരുവനോട് എങ്ങനെ പെരുമാറേണം എന്നു പറയുന്നു. അവർ വിശ്വാസികളെ ഉപദ്രവിക്കുന്നവർ
ആണ്. ഇത്തരം വ്യക്തികളോടുള്ള ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കേണം എന്നു
യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും പൌലൊസിന് വ്യതിചലിക്കുവാൻ സാദ്ധ്യമല്ല.
ക്രിസ്തുവിന്റെ നാമത്തിൽ പല വിധത്തിലുള്ള പീഡനം അനുഭവിക്കുന്ന വിശ്വാസികളോടാണ്
പൌലൊസ് ഇത് ഉപദേശിക്കുന്നത്. ഇന്ന് നമ്മൾ അത്രത്തോളം പീഡനങ്ങൾ അനുഭവിക്കുന്നില്ല
എങ്കിലും, യേശുക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും ഉപദേശങ്ങൾ നമുക്കും ഉത്തമം
ആണ്. ശത്രുക്കളിൽ നിന്നു മാത്രമല്ല, വിശ്വാസികളിൽ നിന്നു പോലും ചില പ്രതികൂലങ്ങൾ
നമുക്ക് ഉണ്ടായേക്കാം. ഇവിടെയും, “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ
അനുഗ്രഹിപ്പിൻ.” എന്ന ഉപദേശത്തിന് സാംഗത്യം ഉണ്ട്.
ക്രിസ്തീയ വിശ്വാസികൾ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവർ
ആയിരിക്കേണം എന്നു 12:15 ൽ പൌലൊസ് എഴുതുന്നു. “സന്തോഷിക്കുന്നവരോടുകൂടെ
സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ” എന്നാണ് അദ്ദേഹം എഴുതിയത്. 12:16 ൽ തമ്മിൽ ഐകമത്യമുള്ളവരായിരിക്കേണം എന്നും, വലിപ്പം ഭാവിക്കാതെ എളിയവരോടു
ചേർന്നു നിൽക്കേണം എന്നും, സ്വയം ബുദ്ധിമാൻ എന്നു വിചാരിക്കരുത് എന്നും പൌലൊസ്
പറയുന്നു. “തമ്മിൽ ഐകമത്യമുള്ളവരായി”രിക്കേണം എന്നതിന് എല്ലാവരും എപ്പോഴും ഒരേ
അഭിപ്രായം ഉള്ളവർ ആയിരിക്കേണം എന്നു അർത്ഥമില്ല. എന്നാൽ എല്ലാവരും ഒരുമിച്ച്
ചിന്തിക്കുകയും, തീരുമാനിക്കുകയും, പ്രവർത്തിക്കുകയും വേണം. ഇതിന് ഓരോരുത്തരും
മറ്റുള്ളവർക്ക് കീഴടങ്ങിയിരിക്കേണം. ഇതിന് എളിമയാണ് ആവശ്യം.
ആദ്യകാല ക്രിസ്തീയ സഭയിൽ, സ്ത്രീകളും, പുരുഷന്മാരും,
യജമാനൻമാരും, അടിമകളും, ജാതീയരും, യഹൂദനും, സ്വതന്ത്രരും, ദാസന്മാരും, എല്ലാവരും
ഒരുപോലെ സ്വീകരിക്കപ്പെട്ടിരുന്നു. അവർ എല്ലാവരും ഒരുപോലെ, ഒന്നിച്ചുകൂടി ദൈവത്തെ
ആരാധിച്ചു. ഈ പശ്ചാത്തലത്തിൽ ആണ്, “വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ”
എന്നു പൌലൊസ് ഉപദേശിക്കുന്നത്.
“നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു”
എന്നതിൽ, ക്രിസ്തീയ വിശ്വാസികൾ ബുദ്ധിമാന്മാർ അല്ല എന്നു അർത്ഥമില്ല. എന്നാൽ ആരും,
അവർ മാത്രമാണ് ബുദ്ധിമാൻ എന്നു നിനച്ചുകൊണ്ടു അഹംഭാവത്തോടെ പ്രവർത്തിക്കരുത്. ആരും
അവരുടെ ചിന്തകൾ, സഭയിൽ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്. എല്ലാം ദൈവ
വചനത്തിന്റെയും, പരസ്പര ധാരണയുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണം.
തിന്മയ്ക്ക്
പകരം നന്മ ചെയവീൻ
12:17-21 വരെയുള്ള വാക്യങ്ങളിൽ, ശത്രുക്കളോടുള്ള ക്രിസ്തീയ
വിശ്വാസികളുടെ മനോഭാവം എന്തായിരിക്കേണം എന്നു പൌലൊസ് പറയുന്നു. മറ്റുള്ളവർ ഒരു
പക്ഷെ നിങ്ങളോടു തെറ്റുകൾ പ്രവർത്തിച്ചിരിക്കാം. അവർ നിങ്ങളെ ഉപദ്രവിച്ചേക്കാം.
എന്നാൽ അതിന് പകരമായി, അവർക്ക് ശിക്ഷയായി, തിന്മ പ്രവർത്തിക്കരുത്. ശത്രുക്കളോട്
പോലും ഒരു ക്രിസ്തീയ വിശ്വാസി ദോഷമായി പ്രവർത്തിക്കരുത്. സകല മനുഷ്യരുടെയും
മുന്നിൽ, ശരിയെന്നും, നന്മ എന്നും ബോധ്യമുള്ളത് മാത്രം ചെയ്യുക. സാധ്യമെങ്കിൽ
സകലമനുഷ്യരോടും സമാധാനമായിരിക്കുക.
ലോകത്തിലുള്ള സകല മനുഷ്യരുമായും നമ്മൾ സമാധാനത്തിൽ
ജീവിക്കേണം. പ്രായോഗികമായി, ക്രിസ്തീയ വിശ്വാസികൾ അസമാധാനം സൃഷ്ടിക്കുന്ന
വ്യക്തിയാകരുത്. “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും
സമാധാനമായിരിപ്പിൻ.” എന്നാണ് 12:18 ൽ അദ്ദേഹം എഴുതിയത്. “കഴിയുമെങ്കിൽ” എന്നും
“ആവോളം” എന്നും പൌലൊസ് പറയുന്നു. ഇത്, സകലമനുഷ്യരോടും സമാധാനമായി ഇരിക്കുവാൻ
സാധ്യമായ എല്ലാ രീതിയിലും, ആവോളം പരിശ്രമിക്കേണം എന്ന ആശയം നല്കുന്നു. നമ്മൾ
ആഗ്രഹിച്ചാലും സമാധാനം സൃഷ്ടിക്കുവാൻ കഴിയാത്ത അവസ്ഥയും ഉണ്ടായേക്കാം. ഇത്തരം
സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വിശ്വാസി ഒഴിവ് ഉള്ളവൻ
ആയിരിക്കും. എല്ലാവരോടും, എല്ലായിപ്പോഴും, എന്നും, സന്തോഷത്തോടെ ആയിരിക്കുവാൻ
സാധ്യമായി എന്നു വരുകയില്ല. യേശുക്രിസ്തുവിന്റെ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങളിൽ
ദൈവത്തോടാണ് നമ്മൾ സമാധാനത്തോടെ ആയിരിക്കുന്നത്. അത് ചില സാഹചര്യങ്ങളിൽ മനുഷ്യരോടു
സംഘർഷം സൃഷ്ടിച്ചേക്കാം.
12:19 ആം വാക്യത്തിൽ റോമിലെ വിശ്വാസികളെ “പ്രിയമുള്ളവരേ”
എന്നു സ്നേഹത്തോടെ വിളിച്ചുകൊണ്ട് പൌലൊസ് ഉപദേശിക്കുന്നത് ഇങ്ങനെയാണ്: “നിങ്ങൾ
തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ” കാരണം “പ്രതികാരം
എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു”.
അതിനാൽ നിങ്ങളെ ഉപദ്രവിക്കുന്നവരോടുള്ള പ്രതികാരം ദൈവത്തിന് വിട്ടുകൊടുക്കുക. ഇവിടെ
പൌലൊസ് ആവർത്തനം 32:35 എടുത്തെഴുതുന്നു.
ആവർത്തനം 32:35
അവരുടെ കാൽ
വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ
അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു
ബദ്ധപ്പെടുന്നു.
ഇതിന് തുടർച്ചയായി പൌലൊസ് പറയുന്നു, “നിന്റെ ശത്രുവിന്നു
വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ
കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ
കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ (12:20). ഇത് സദൃശ്യവാക്യങ്ങളിൽ
നിന്നുള്ള ഒരു ഉദ്ധരണിയാണ്.
സദൃശ്യവാക്യങ്ങൾ
25:21-22
ശത്രുവിന്നു
വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ
കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
ശത്രുവിനോട്, അവന്റെ ആവശ്യത്തിൽ കരുണയോടെ പ്രവർത്തിച്ചാൽ,
അവന്റെ തലയിൽ തീക്കനൽ വാരിയിട്ടതുപോലെ അവന് തോന്നും. അവന് അവന്റെ പ്രവർത്തിയിൽ
ലജ്ജ തോന്നും. അതിനാൽ അവനോടു തിന്മ പ്രവർത്തിക്കാതെ, ലഭിക്കുന്ന അവസരത്തിൽ നന്മ
ചെയ്യുക. തിന്മ നിങ്ങളെ പരാജയപ്പെടുത്തുവാൻ അനുവദിക്കരുത്. തിന്മയെ നിങ്ങളുടെ നല്ല
പ്രവർത്തികളാൽ പരാജയപ്പെടുത്തുക. (12:21)
ഒരു വ്യക്തിയുടെ പശ്ചാത്താപത്തിന്റെ ബാഹ്യമായ അടയാളമായി,
അവന്റെ തലയിൽ ഒരു പാത്രത്തിൽ തീക്കനലുകൾ ചുമന്നുകൊണ്ടു നടക്കുന്ന രീതി ഈജിപ്റ്റിൽ
അക്കാലത്ത് ഉണ്ടായിരുന്നു. പൌലൊസ് ഇതിനെയാണോ ഇവിടെ പരമാർശിക്കുന്നത് എന്നു വ്യക്തമല്ല.
തിന്മ പ്രവർത്തിക്കുന്നവരോട് പ്രതികാരം ചെയ്യുക എന്നത്
എല്ലാ മനുഷ്യന്റെയും പ്രകൃത്യായുള്ള ഒരു ചിന്തയാണ് എന്നാൽ പൌലൊസ് ഇതിനോട്
നിഷേധാത്മകമായി സമീപിക്കുന്നു. ഒരു ക്രിസ്തീയ വിശ്വാസി ശത്രുവിനോട് പോലും
പ്രതികാരം ചെയ്യുവാൻ പാടില്ല. ഇതാണ് യേശുക്രിസ്തു നമ്മൾക്ക് നല്കിയ മാതൃക. ഇത്
യേശുക്രിസ്തു നമ്മളുടെ ഉള്ളിൽ വസിക്കുന്നു എന്നു ശത്രുവിനെപ്പോലും
കാണിച്ചുകൊടുക്കുവാനുള്ള അവസരമാണ്. തിന്മയ്ക്ക് പകരം നന്മ ചെയ്യുക എന്നതാണ്
ക്രിസ്തുവിന്റെ സ്നേഹം.
പൌലൊസ് ഇവിടെ ശത്രുക്കൾ ചെയ്യുന്ന തിന്മയെ നമ്മൾ
സ്വീകരിക്കേണം എന്നല്ല ഉപദേശിക്കുന്നത്. പീഡനങ്ങളോടും, വെറുപ്പിനോടും ഉള്ള ഏറ്റവും
ശക്തമായ പ്രതികരണം, ശത്രുക്കളോടു സ്നേഹം കാണിക്കുക എന്നതാണ്. ഇത് ഒരു പക്ഷെ അവരെ
മാനസാന്തരത്തിലേക്ക് നയിച്ചേക്കാം. തിന്മയെ തിന്മകൊണ്ടു നേരിട്ടാൽ ജയിക്കുന്നത്
തിന്മയാണ്. തിന്മയെ നന്മകൊണ്ടു നേരിട്ടാൽ ജയിക്കുന്നത് നന്മയാണ്. ഇതാണ് പൌലൊസിന്റെ
തത്വശാസ്ത്രം.




No comments:
Post a Comment