റോമർ, അദ്ധ്യായം 15

റോമർ 15 ആം അദ്ധ്യായം ആരംഭിക്കുന്നത് വിശ്വാസത്തിൽ ബലവാന്മാരായവരോടുള്ള പ്രബോധനത്തോടെയാണ്. ഇത് 14 ആം അദ്ധ്യായത്തിൽ ചർച്ച ചെയ്ത വിഷയങ്ങളുടെ തുടർച്ചയാണ്. വിശ്വാസത്തിൽ ബലവാന്മാർ ആയവർ ആരാണ് എന്നു പൌലൊസ് കഴിഞ്ഞ അദ്ധ്യായത്തിൽ നിർവചിക്കുന്നുണ്ട്. അവർ, ന്യായപ്രമാണത്തിൽ നിന്നും യേശുക്രിസ്തു നല്കിയ സ്വതന്ത്ര്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉള്ളവർ ആണ്. ഇങ്ങനെ വിശ്വാസത്തിൽ ബലവാന്മാർ ആയവർ, ബലഹീനരായ വിശ്വാസികളോട് സഹിഷ്ണതയോടെ ആയിരിക്കേണം. എല്ലാ വിശ്വാസികളും മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നവർ ആകേണം. അങ്ങനെ സഭ ഐക്യപ്പെട്ടിരിക്കേണം. യഹൂദന്മാരോടും ജാതീയരോടും ഉള്ള വാഗ്ദത്തങ്ങൾ നിവർത്തിക്കുവാനാണ് യേശുക്രിസ്തു വന്നത്. റോമിലെ വിശ്വാസികളുടെ വിശ്വാസത്തിലും ജീവിതത്തിലും പൌലൊസിന് പൂർണ്ണ തൃപ്തിയുണ്ട്. സുവിശേഷം എത്തപ്പെടാത്ത ജാതികളുടെ ലോകത്തിൽ അതിനെ വിളംബരം ചെയ്യുക എന്ന അദ്ദേഹത്തിന്റെ ദൌത്യം പൂർണ്ണതയിൽ എത്തുകയാണ്. അദ്ദേഹത്തിന് റോമിലെ വിശ്വാസികളെ നേരിൽ കാണുവാൻ ആഗ്രഹമുണ്ട്. അതിന് മുമ്പായി യെരൂശലേമിലെ വിശ്വാസികൾക്കുള്ള സാമ്പത്തിക സഹായം എത്തിക്കേണം. ഇതിനായി റോമിലെ വിശ്വാസികൾ പ്രാർത്ഥിക്കേണം. ഇതെല്ലാം ആണ് 15 ആം അദ്ധ്യായത്തിലെ വിഷയങ്ങൾ.  

 

15:1-7 വരെയുള്ള വാക്യങ്ങൾ റോമിലെ, വിശ്വാസത്തിൽ ബലവാന്മാർ ആയവരോടുള്ള ദൂത് ആണ്. അവർ അശക്തരുടെ ബലഹീനതകളെ ചുമക്കുകയും, സ്വയം പ്രസാദിക്കാതിരിക്കയും വേണം (15:1). അതായത് ഓരോരുത്തരും കൂടെയുള്ള വിശ്വാസികളുടെ നന്മയക്കായിട്ട് ആത്മിക വർദ്ധനവിനായി പ്രവർത്തിക്കേണം (15:2). അങ്ങനെ മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നവർ ആകേണം. യേശുക്രിസ്തു വന്നത് സ്വയം പ്രസാദിപ്പിക്കുവാൻ ആയിരുന്നില്ല എന്നു ഓർക്കേണം (15:3), സകലത്തിലും ക്രിസ്തു ആയിരിക്കേണം നമ്മളുടെ മാതൃക.

 

15:3 ലെ “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നത് സങ്കീർത്തനം 69 ൽ നിന്നുള്ള ഒരു ഉദ്ധരണിയാണ്.

 

സങ്കീർത്തനം 69:9

നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.  

 

വിശ്വാസത്തിൽ ബലവാന്മാർ ആയവർ, ബലഹീനർ ആയവരെ, വിശ്വാസത്തിൽ ഉറപ്പുള്ളവരാകുവാൻ അവരുടെ ആത്മീയ വളർച്ചയിൽ സഹായിക്കേണം. നമ്മളുടെ താല്പര്യങ്ങൾ മാത്രം നോക്കി ജീവിക്കരുത്. ഇതിൽ യേശുക്രിസ്തുവിനെ മാതൃക ആക്കേണം. അവൻ ബലഹീനർ ആയിരുന്ന നമ്മളെ ബലവാന്മാർ ആക്കുവാനായി നിന്ദ സഹിച്ചു ഈ ഭൂമിയിൽ നമുക്ക് വണ്ടി ജീവിച്ചു.   

 

റോമർ 15 ആം അദ്ധ്യായത്തെ 14 ആം അദ്ധ്യായത്തിന്റെ തുടർച്ചയായി തന്നെ വായിക്കേണം. അവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ആണ് ഇവിടെയും തുടരുന്നത്. “ശക്തരായ നാം” എന്നത് ന്യായപ്രമാണത്തിൽ നിന്നുള്ള സ്വതന്ത്ര്യത്തെക്കുറിച്ച് ബോധ്യവും ഉറപ്പും ഉള്ളവർ ആണ്. “അശക്തരുടെ” എന്നത് ന്യായപ്രമാണത്തിലെ ഭക്ഷണം, പെരുന്നാൾ, എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പ്രമാണങ്ങളിൽ നിന്നും യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ട ദൈവജനത്തിന് സ്വാതന്ത്ര്യം ഉണ്ട് എന്നു ഉറപ്പില്ലാത്തവർ ആണ്. ഇതാണ് അവരുടെ ബലഹീനത. “ബലഹീനതകളെ” എന്നത് ന്യായപ്രമാണമോ, പുതിയനിയമമോ പാപം എന്നു വിളിക്കുന്ന പ്രവർത്തികൾ അല്ല. അതിനാൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന, ന്യായപ്രമാണത്തിന്റെ പ്രവർത്തികളിൽ ആശ്രയിക്കാത്ത, രണ്ടു വിഭാഗക്കാരും യഥാർത്ഥ ക്രിസ്തീയ വിശ്വാസികൾ ആണ്.

 

ഭക്ഷണ പാനീയങ്ങളെയും ഉൽസവങ്ങളെയും ശബ്ബത്തിനെയും സംബന്ധിച്ച്, ദൈവ കൃപയാൽ, യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ട ദൈവജനം, ന്യായപ്രമാണത്തിൽ നിന്നും സ്വതന്ത്രർ ആണ് എന്ന വിശ്വാസത്തിൽ ബലവാന്മാരായവരുടെ ഉറപ്പ് ശരിയാണ്. അത് മറ്റേണ്ടതില്ല. എന്നാൽ അവർ ന്യായപ്രമാണത്തിൽ നിന്നും സ്വാതന്ത്ര്യം സംബന്ധിച്ച് ഉറപ്പില്ലാത്ത ബലഹീനരെ സഹിഷ്ണതയോടെ കാണേണം. അവരുടെ ക്രിസ്തുവിലുഉള്ള വിശ്വാസം തകർക്കപ്പെടാതെയിരിക്കുവാനായി ചിലതെല്ലാം ഉപേക്ഷിക്കുവാനും ബലവാന്മാർ തയ്യാറാകേണം.      

 

15:4 ലെ “മുന്നെഴുതിയിരിക്കുന്നതു”, “തിരുവെഴുത്തുകളാൽ” എന്നീ വാക്കുകൾ, പഴയനിയമ ന്യായപ്രമാണ പുസ്തകങ്ങളും പ്രവാചകന്മാരും മറ്റ് എഴുത്തുകളും ആണ്. ഇവ നമുക്ക് എഴുതപ്പെട്ടു ലഭിച്ചിരിക്കുന്നത് “നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു” ആണ്. അതായത് പഴയനിയമ തിരുവെഴുത്തുകൾ പുതിയനിയമ വിശ്വാസികൾക്കും ഉപദേശം നല്കുന്നു. അവയാൽ അവർക്ക് വിശ്വാസത്തിൽ സ്ഥിരത, ആശ്വാസം, പ്രത്യാശ എന്നിവ ലഭിക്കുന്നു. അതായത് പഴയനിയമ തിരുവെഴുത്തുകളെ പൌലൊസ് തള്ളിക്കളയുന്നില്ല. അത് മാത്രമല്ല, അവ പുതിയനിയമ വിശ്വാസിക്കു ഗുണകരമാണ് എന്നും അദ്ദേഹം പറയുകയാണ്. കാരണം എല്ലാ തിരുവെഴുത്തുകളും ദൈവത്തിന്റെ വചനം ആണ്. അവ ദൈവത്തിന്റെ ഹൃദയ വിചാരങ്ങളെ നമുക്ക് വെളിപ്പെടുത്തുന്നു. 

 

ദൈവം സ്ഥിരതയും ആശ്വാസവും നല്കുന്നു. അവർ, ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിക്കേണം, അതിനായി ദൈവ കൃപ ലഭിക്കേണ്ടതിനായി പൌലൊസ് പ്രാർത്ഥിക്കുന്നു. അതായത്, റോമിലെ വിശ്വാസികൾക്ക് ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് ഉപരിയായി, അവർ ഏകമനസ്സോടെ യേശുക്രിസ്തുവിന് അനുരൂപമായി ജീവിക്കുവാൻ ദൈവം കൃപ നൽകട്ടെ എന്നു അദ്ദേഹം പ്രാർത്ഥിക്കുന്നു (15:6). അങ്ങനെ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു” അവർക്ക് കഴിയും. (15:5). ഓരോ ക്രിസ്തീയ വിശ്വാസിയേയും യേശുക്രിസ്തു സ്വീകരിച്ചിരിക്കുന്നത് ദൈവത്തിന്റെ മഹത്വത്തിനായിട്ടാണ്. അതുപോലെ ദൈവ മഹത്വത്തിനായി നമ്മളും ഓരോ വിശ്വാസിയേയും കൈക്കൊള്ളേണം (15:7).


15:5-6 വാക്യങ്ങൾ റോമിലെ വിശ്വാസികൾക്കായുള്ള പൌലൊസിന്റെ പ്രാർത്ഥനയാണ്. അവർ ഐകമത്യപെട്ടു, കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ മഹത്വീകരിക്കേണം. 15:5 ലെ, “ഐകമത്യപെട്ടു”, “ഒരു വായിനാൽ” എന്നീ പ്രയോഗങ്ങൾ ഒരു സംഗീതത്തിലെ സ്വരച്ചേർച്ചയേയും ശബ്ദങ്ങളുടെ ലയത്തേയും സൂചിപ്പിക്കുന്നു. “ഒരു വായിനാൽ” എന്നത് ഇംഗ്ലീഷിൽ, ഒരു ശബ്ദത്തിൽ, എന്നാണ്. (one voice - ESV). റോമിലെ വിശ്വാസികളുടെ ഇടയിൽ ചില കാര്യങ്ങളിൽ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എങ്കിലും, അവർ ഒരു സംഗീതത്തിലെ ശബ്ദലയം പോലെ ഒരേ ശബ്ദത്തിൽ ദൈവത്തെ മഹത്വീകരിക്കേണം.

 

യിസ്രായേൽ പിതാക്കന്മാർക്ക് ദൈവത്തിൽ നിന്നും ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് യേശുക്രിസ്തു യഹൂദന്മാർക്കു ദാസൻ ആയിത്തീർന്നു (15:8). അങ്ങനെ ദൈവം വാഗ്ദത്തങ്ങളിലുള്ള അവന്റെ വിശ്വസ്തത തെളിയിച്ചു. ജാതികൾക്ക് ദൈവത്തിന്റെ കരുണ ലഭിച്ചതിനാൽ അവർ അവനെ മഹത്വീകരിക്കേണം (15:9).

 

യഹൂദന്മാരോടും, ജാതീയരോടും ഉള്ള യേശുക്രിസ്തുവിന്റെ സവിശേഷ ബന്ധത്തെക്കുറിച്ചാണ് പൌലൊസ് റോമർ 15:8-9 വാക്യങ്ങളിൽ പറയുന്നത്. ഒന്നാമതായി, യേശുക്രിസ്തു പരിച്ഛേദനക്കാരായ യഹൂദന്മാർക്ക് ദാസനായി തീർന്നു. അങ്ങനെ, യേശുക്രിസ്തുവിൽ ദൈവം, അബ്രാഹാം മുതലായ യിസ്രായേൽ പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം നിവർത്തിച്ചു. അതിനായി ദൈവം യേശുക്രിസ്തുവിനെ മശീഹയായി അയച്ചു. അങ്ങനെ ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ എന്നു തെളിയിച്ചു.  ഇതിന് സമാനമായ ആശയം ഗലാത്യർക്ക് എഴുതിയ ലേഖനത്തിലും പൌലൊസ് പറയുന്നുണ്ട്.

 

ഗലാത്യർ 4:4-5

എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.

 

എന്നാൽ, യേശുക്രിസ്തു വന്നത് യഹൂദന്മാർക്ക് വേണ്ടി മാത്രം ആയിരുന്നില്ല. ദൈവം ക്രിസ്തുവിലൂടെ ജാതീയരോട് കരുണ കാണിച്ചു. അതിനാൽ അവർക്ക് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയായി. യിസ്രായേൽ ജനം യേശുക്രിസ്തുവിനെ മശീഹയായി സ്വീകരിക്കുവാൻ വിസമ്മതിച്ചപ്പോൾ, ദൈവത്തിന്റെ കൃപ ജാതികളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെ ജാതിയർ, ദൈവ കൃപയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷ പ്രാപിച്ചു.

 

റോമർ 11:11-12

എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?

 

തുടർന്നു പൌലൊസ്, അദ്ദേഹത്തിന്റെ വാദങ്ങളുടെ തെളിവിലേക്കായി പഴയനിയമത്തിൽ നിന്നും ചില വാക്യങ്ങൾ ഉദ്ധരിക്കുന്നു. ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയിൽ എന്നും യിസ്രായേല്യരും ജാതീയരും ഉണ്ടായിരുന്നു. റോമർ 15:10 ആം വാക്യം, സങ്കീർത്തനം 18:49, 2 ശമുവേൽ 22:50, എന്നീ വാക്യങ്ങളുടെ ഉദ്ധരണിയാണ്.

 

സങ്കീർത്തനം 18:49

അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

 

2 ശമുവേൽ 22:50

അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

 

“ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും” എന്നതിനെ ജാതികളോടൊപ്പം ദൈവത്തിന് സ്തോത്രം ചെയ്യും, എന്നു മനസ്സിലാക്കാം.

 

15:11 ആം വാക്യം ആവർത്തനം 32, സങ്കീർത്തനം 117 എന്നീ വേദഭാഗങ്ങളിൽ നിന്നും എടുത്തതാണ്.

 

ആവർത്തനം 32:43

ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.

 

സങ്കീർത്തനം 117:1

സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.

 

സങ്കീർത്തനം 117:1 ൽ “സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ” എന്നു പറഞ്ഞതിന്നു ശേഷം, 2 ആം വാക്യത്തിൽ “നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു.” എന്നു എഴുതിയിരിക്കുന്നു. അതിനാൽ, “യഹോവയെ സ്തുതിപ്പിൻ.” എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. ജാതീയർ ദൈവത്തിന്റെ ദയ, വിശ്വസ്തത, എന്നിവയോർത്ത് അവനെ സ്തുതിക്കുകയാണ്. 117:1 ലെ “സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ” എന്നത് ഭൂമിയിലെ സകല ദേശങ്ങളിലെയും മനുഷ്യരെ, അവരോടുള്ള ദൈവത്തിന്റെ ദയയും, വിശ്വസ്തതയും നിമിത്തം, അവനെ സ്തുതിക്കുവാനുള്ള ആഹ്വാനം ആണ്. ക്രിസ്തുവിന്റെ സുവിശേഷം, യിസ്രായേല്യർക്ക് മാത്രമല്ല, സകല മനുഷ്യർക്കും ഉള്ളതാണ്.

 

ഗലാത്യർ 3:28-29

അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു. 

 

15:12 ആം വാക്യം യെശയ്യാവ് പ്രവാചകന്റെ ദൂത് ആണ്. യിശ്ശായി, ദാവീദ് രാജാവിന്റെ പിതാവാണ്. മശീഹ ജനിക്കുന്നത് ദാവീദിന്റെ വംശാവലിയിൽ ആയിരിക്കും എന്നായിരുന്നു ദൈവീക വാഗ്ദത്തം.

 

യെശയ്യാവ് 11:10

അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.

 

ഈ വാക്യങ്ങളിലൂടെ ജാതികളുടെ രക്ഷയെക്കുറിച്ചുള്ള ദൈവീക പദ്ധതി, എക്കാലത്തും ദൈവത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നാണ് പൌലൊസ് തെളിയിക്കുന്നത്.

 

ഇവിടെ പൌലൊസ് ഉദ്ധരിക്കുന്ന വാക്യങ്ങൾ എബ്രായ പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റുഅജിന്റ് ൽ നിന്നും എടുത്തവയാണ് (Septuagint, SEP-tyoo-uh-jint). പൌലൊസിന് എബ്രായ ഭാഷ നല്ലതുപോലെ അറിയാമായിരുന്നു. എങ്കിലും, റോമിലെ എല്ലാ വിശ്വാസികൾക്കുമ ഒരുപോലെ ഗ്രഹിക്കുവാൻ കഴിയേണ്ടതിനായി അദ്ദേഹം പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷ ഉപയോഗിച്ചു.

 

15:13 ആം വാക്യം ഒരു പ്രാർത്ഥനയാണ്. ദൈവം പ്രത്യാശ നല്കുന്നവൻ ആണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ റോമിലെ വിശ്വാസികൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായിരിക്കട്ടെ എന്നു അദ്ദേഹം പ്രാർത്ഥിക്കുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നതിനാലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു ദൈവം അവരെ നിറെക്കുമാറാകട്ടെ.

 

15:14 മുതലുള്ള വാക്യങ്ങൾ, പൌലൊസിന്റെ ലേഖനത്തിലെ ഒരു പുതിയ ഭാഗം ആണ്. ഈ വാക്യം റോമിലെ വിശ്വാസികളെക്കുറിച്ചുള്ള പൌലൊസിന്റെ പ്രശംസ ആണ്. അവർ “ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു”. ഇതിൽ അദ്ദേഹത്തിന് ഉറപ്പ് ഉണ്ട്.

 

റോമിലെ സഭാ വിശ്വാസികളെ പൌലൊസ് ഇതുവരെയും നേരിൽ കണ്ടിട്ടില്ല. അവരിൽ ചിലരെ, അക്വിലാസ് (Aquila), പ്രിസ്കില്ല (Priscilla) എന്നിവരെ അദ്ദേഹം നേരിൽ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷെ അവർ കണ്ടുമുട്ടുന്നത് കൊരിന്തിൽ വച്ചാണ്. (അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 18:2). റോമർ 16:3-5 ൽ നിന്നും ഇവർക്ക് റോമിൽ ഒരു “വീട്ടിലെ സഭ” ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം (house church). റോമിലുള്ള മറ്റ് ചില വിശ്വാസികളെയും പൌലൊസിന് പരിചയം ഉണ്ട്. അതിനാൽ അവിടെയുള്ള വിശ്വാസികളെ കുറിച്ച് നല്ല വിശേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം അവരെ പ്രശംസിക്കുന്നത്.

 

അവരെ പ്രശംസിച്ചുകൊണ്ടു മൂന്ന് കാര്യങ്ങൾ ആണ് പൌലൊസ് പറയുന്നത്. റോമിലെ വിശ്വാസികൾ ദയാപൂർണ്ണർ ആയിരുന്നു. അവർ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് സകല ജ്ഞാനവും നിറഞ്ഞവരായിരുന്നു. അതിനാൽ തന്നെ, അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആയിരുന്നു.

 

എങ്കിലും അദ്ദേഹം ചില വിഷയങ്ങളിൽ ദൈവം നല്കിയ കൃപയിൽ ആശ്രയിച്ചു അതിധൈര്യമായി അവർക്ക് എഴുതിയിരിക്കുന്നു. അത് ദൈവീക മർമ്മങ്ങളെ “ഓർമ്മപ്പെടുത്തുംവണ്ണം” ആയിരുന്നു (15:16). അദ്ദേഹം ഒരു പുരോഹിതൻ എന്നവണ്ണം, ജാതികൾക്ക് ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കുന്നു (15:15). അത് ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെടേണ്ടതിനായിട്ടാണ്. അവർ ദൈവത്തിന് പ്രാസാദകരമായിത്തീരുവാൻ തക്കവണ്ണം ദൈവത്തിന്റെ സുവിശേഷം അദ്ദേഹം അവരെ അറിയിച്ചു.

 

15:15 ലെ “വഴിപാടു” എന്ന വാക്ക് “പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു” എന്ന വാക്കിനോട് ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധമായ ഒരു വഴിപാട് ദൈവത്തിന് അർപ്പിക്കുന്ന ഒരു പുരോഹിതന്റെ ചിത്രം ആണ് ഇവിടെ ഉള്ളത്. പൌലൊസ് ജാതികളുടെ ഇടയിൽ ഒരു പുരോഹിതനെപ്പോലെ, അവരെ ദൈവത്തിന് പ്രസാദകരമായ ഒരു വഴിപാട് ആയി സമർപ്പിക്കുവാൻ വേണ്ടി ശുശ്രൂഷ ചെയ്യുന്നു. ജാതികൾ എന്ന വഴിപാടിനെ വിശുദ്ധീകരിക്കുന്നത് പരിശുദ്ധാത്മാവ് ആണ്. റോമർ 12:1 ലെ പൌലൊസിന്റെ ഉപദേശം ഇതിനോട് ഒത്തുപോകുന്നു.

 

റോമർ 12:1

സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.


15:17 ൽ പൌലൊസ് അവനെക്കുറിച്ചു തന്നെ പറയുന്നു. 15:18 ൽ “മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല” എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം സംസാരിക്കുവാൻ താല്പര്യപ്പെടുന്നത് ക്രിസ്തുയേശുവിൽ ദൈവസംബന്ധമായ പ്രശംസയാണ് (15:17). യേശുക്രിസ്തു, പൌലൊസ് മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു പ്രവർത്തിച്ചു. ക്രിസ്തുവിന്റെ പ്രവർത്തി, “വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും” വെളിപ്പെട്ടു. (15:18). ഇതാണ് ക്രിസ്തുയേശുവിൽ അദ്ദേഹത്തിനുള്ള ദൈവസംബന്ധമായ പ്രശംസ. ഇതിനെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുവാൻ പൌലൊസ് താല്പര്യപ്പെടുന്നില്ല.

 

ഈ വിധത്തിൽ സുവിശേഷം അറിയിച്ചുകൊണ്ടു പൌലൊസ് യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം സഞ്ചരിച്ചിരിക്കുന്നു (15:19). എല്ലായിടവും യേശുക്രിസ്തുവിന്റെ സുവിശേഷം പൂർണ്ണതയോടെ വിളംബരം ചെയ്തിരിക്കുന്നു. ഇവിടെയുള്ള ജാതീയ പ്രദേശങ്ങളെ സുവിശേഷം അറിയിക്കുക എന്ന ദൌത്യം അദ്ദേഹം പൂർത്തീകരിച്ചു. യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചുഎന്നത്, യെരൂശലേം മുതൽ റോമൻ സാമ്രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലും ചുറ്റി സഞ്ചരിച്ചു സുവിശേഷം അറിയിച്ചു എന്നു മനസ്സിലാക്കാം. “ഇല്ലുര്യ” (Illyricum), മക്കെദോന്യെ (Macedonia) എന്ന സ്ഥലത്തിനും ബാൽക്കൻ ഉപദീപിനും വടക്ക്-പടിഞ്ഞാറ് ഭാഗത്തായിരുന്നു. (north-western Balkan peninsula).

 

യേശുക്രിസ്തുവിനെക്കുറിച്ച് മുമ്പ് അറിഞ്ഞിട്ടില്ലാത്തവരുടെ ഇടയിലാണ് അദ്ദേഹം സുവിശേഷം അറിയിച്ചത്. അതിനാൽ മറ്റൊരാൾ ആരംഭിച്ച പ്രവർത്തിയുടെമേൽ അദ്ദേഹം പണിതിട്ടില്ല (15:20). 15:21 ആം വാക്യത്തിൽ അദ്ദേഹം യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിൽ നിന്നും ഒരു വാക്യം ഉദ്ധരിക്കുന്നു. 

 

യെശയ്യാവ് 52:15

അവർ‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.

 

യെശയ്യാവ്, യേശുക്രിസ്തുവിനെക്കുറിച്ചാണ് പ്രവചിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ ഈ പ്രവചനത്തിന്റെ നിവർത്തിയാണ് അദ്ദേഹത്തിന്റെ സുവിശേഷ യാത്രകൾ എന്നാണ് പൌലൊസ് പറയുന്നത്. ഇത് ക്രിസ്തുവിനാൽ സംഭവിച്ചതാണ് എന്നു അദ്ദേഹം മുമ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (റോമർ 15:17-18).

 

ഈ സ്ഥലങ്ങളിൽ എല്ലാം സുവിശേഷം അറിയിക്കുന്നതിന്റെ തിരക്കിൽ, റോമിലേക്ക് പോകുവാൻ പൌലൊസിന് കഴിഞ്ഞില്ല (15:22). “പലപ്പോഴും മുടക്കം വന്നു” എന്നതിൽ നിന്നും പലപ്പോഴും അദ്ദേഹം റോമിലെ സഭയെ സന്ദർശിക്കുവാൻ ആഗ്രഹിച്ചു എങ്കിലും അതിന് മുടക്കം വന്നു എന്നു മനസ്സിലാക്കാം. ഇത് റോമർ 1:13 ലും അദ്ദേഹം പറയുന്നുണ്ട്.

 

റോമർ 1:13

എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. 

 

എന്നാൽ, ഇപ്പോൾ, ജാതികളുടെ ഈ പ്രദേശങ്ങളിൽ സുവിശേഷം അറിയിച്ചതിനാലും, അനേകം വർഷങ്ങളായി റോമിലെ സഭയെ കാണുവാൻ ആഗ്രഹിച്ചതിനാലും, അദ്ദേഹം അവിടേക്കു ചെല്ലുവാൻ ആഗ്രഹിക്കുന്നു (15:23). 15:23 ലെ “ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും” എന്നത് കിഴക്കൻ മദ്ധ്യധരണ്യാഴി, ഏഷ്യ മൈനർ, മക്കെദോന്യെ, ഗ്രീക്ക്, എന്നീ പ്രദേശങ്ങളെക്കുറിച്ചാണ് (eastern Mediterranean, Asia Minor, Macedonia, Greece). ഇവിടെയെല്ലാം പൌലൊസ് സുവിശേഷം അറിയിച്ചു കഴിഞ്ഞു. അതിനാൽ, സ്പാന്യയിലേക്കുള്ള (സ്പെയിൻ, Spain) യാത്രാ മദ്ധ്യേ റോം സന്ദർശിക്കുവാനാണ് അദ്ദേഹം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അവരെ കണ്ടു കർത്താവിൽ സന്തോഷിച്ച ശേഷം, അവരാൽ യാത്ര അയക്കപ്പെട്ടു സ്പെയിനിലേക്കു പോകുവാൻ അദ്ദേഹം ആശിക്കുന്നു (15:24). സ്പെയിൻ, യൂറോപ്പിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്തിരുന്ന, റോമൻ സാമ്രാജ്യത്തിന്റെ ഒരു ഭാഗം ആയിരുന്നു.

 

പൌലൊസ് റോമിലെ വിശ്വാസികൾക്ക് ലേഖനം എഴുതുന്ന സമയത്ത്, അദ്ദേഹം യെരൂശലേമിലേക്ക് പോകുവാൻ തയ്യാറെടുക്കുക ആയിരുന്നു. മക്കെദോന്യെയിലും, അഖായയിലും, (Macedonia, Achaia) ഉള്ള വിശ്വാസികൾ യെരൂശലേമിലെ വിശ്വാസികളിൽ സാമ്പത്തിക ക്ളേശം അനുഭവിക്കുന്നവരെക്കുറിച്ച് കേട്ടു. അതിനാൽ അവർ യെരൂശലേമിലെ ക്ളേശം അനുഭവിക്കുന്നവർക്കായുള്ള സാമ്പത്തിക സഹായം പൌലൊസിനെ എൽപ്പിച്ചിരുന്നു. അത് നല്കുവാൻ വേണ്ടിയായിരുന്നു അദ്ദേഹം യെരൂശലേമിലേക്ക് പോയത്. മക്കെദോന്യെയിലും, അഖായയിലും, ഉള്ള വിശ്വാസികൾ അവരുടെ ഒരു കടമ ആയിട്ടാണ് ഇങ്ങനെ സഹായം ചെയ്തത്. കാരണം ജാതികളായ അവർ യെരൂശലേമിൽ താമസിക്കുന്ന യഹൂദന്മാരോട് സുവിശേഷം നിമിത്തം കടപ്പെട്ടിരിക്കുന്നു. യഹൂദന്റെ മശീഹയയെ അവർ തിരസ്കരിച്ചതിനാൽ ആണ് ജാതികൾക്ക് യേശുക്രിസ്തു മൂലം, വിശ്വാസത്താൽ, രക്ഷ ലഭിച്ചത് എന്നു പൌലൊസ് മുമ്പ് പറഞ്ഞിട്ടുണ്ട്. യഹൂദന്റെ ആത്മീയ നന്മയായ സുവിശേഷത്തിൽ അവർ പങ്കാളികൾ ആയെങ്കിൽ, ഭൌതീക നന്മകളിൽ യഹൂദന്മാരെ സഹായിക്കുവാൻ അവർക്ക് കടപ്പാട് ഉണ്ട്. ഈ ദൌത്യം പൂർത്തീകരിച്ചു, സാമ്പത്തിക സഹായം യെരൂശലേമിലെ വിശ്വാസികളെ എൽപ്പിച്ചു ബോധ്യം വരുത്തിയതിന് ശേഷം, റോമിലെ സഭയെയും സന്ദർശിച്ചു, അവിടെ നിന്നും സ്പെയിനിലേക്ക് പോകുവാൻ പൌലൊസ് ആഗ്രഹിക്കുന്നു (15:28).

 

15:25-26 വാക്യങ്ങളിൽ പൌലൊസ് യെരൂശലേമിലെ വിശ്വാസികളെ “വിശുദ്ധന്മാർ” എന്നാണ് വിളിക്കുന്നത്. ഇത് യെരൂശലേമിൽ ഉള്ള വിശ്വാസികൾക്ക് മാത്രമല്ല, രക്ഷിക്കപ്പെട്ട എല്ലാ വിശ്വാസികൾക്കും യോജ്യമായ വിശേഷണം ആണ്. യേശുക്രിസ്തുവിന്റെ വിശുദ്ധി നിമിത്തം, അവനിൽ വിശ്വസിക്കുന്ന എല്ലാവരും വിശുദ്ധരായി കണക്കിടപ്പെടുന്നു.

 

യെരൂശലേമിലെ വിശാസികളിൽ സാമ്പത്തികമായി ക്ളേശം അനുഭവിക്കുന്നവർക്കായി സാമ്പത്തിക സഹായം ശേഖരിച്ചത് പൌലൊസാണ്. ജാതീയരായ വിശ്വാസികളിൽ നിന്നുമാണ് ഈ സഹായം അദ്ദേഹം സമാഹരിച്ചത്. 1 കൊരിന്ത്യർ 16:1-2,                  2 കൊരിന്ത്യർ 8:1-9 എന്നീ വാക്യങ്ങളിൽ പൌലൊസ് ഈ ധർമ്മശേഖരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിനാൽ, യെരൂശലേമിലുള്ള വിശ്വാസികൾക്കായി, മക്കെദോന്യെ, അഖായയി, എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല ധനശേഖരം നടത്തിയത് എന്നു മനസ്സിലാക്കാം. കൊരിന്തിലെ സഭയിൽ നിന്നും, ഒരുപക്ഷെ മറ്റ് ചില സഭകളിൽ നിന്നും അദ്ദേഹം ധനശേഖരം നടത്തിയിട്ടുണ്ടാകാം. ഇതുമായിട്ടാണ് അദ്ദേഹം യെരൂശലേമിലേക്കു പോകുവാൻ ഉറച്ചത്.

യെരൂശലേമിലെ വിശ്വാസികളുടെ സാമ്പത്തിക ക്ലേശത്തിന്റെ കാരണം നമുക്ക് വ്യക്തമല്ല. അത് പൌലൊസ് എങ്ങും വിവരിക്കുന്നില്ല. ഒരു പക്ഷെ, അഗബൊസ് പ്രവചിച്ചതുപോലെ യെരൂശലേമിൽ മഹാക്ഷാമം ഉണ്ടായത് ആയിരിക്കാം (Agabus, അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 11:28). ചിലപ്പോൾ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവർക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടത് കൊണ്ടാകാം. ഇതിനെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല.

 

പൌലൊസ് യഥാർത്ഥത്തിൽ സ്പെയിനിലേക്ക് യാത്ര ചെയ്തുവോ എന്നു നമുക്ക് തീർച്ചയില്ല. ഇതിന്റെ കൃത്യമായ ചരിത്ര തെളിവുകൾ വേദപുസ്തകത്തിൽ ലഭ്യമല്ല. അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 28:14-16 വാക്യങ്ങൾ അനുസരിച്ചു, പൌലൊസ് ഒരു തടവുകാരനായി റോമിൽ കഴിഞ്ഞിട്ടുണ്ട്. AD 60 ല്‍ റോമിൽ എത്തിയ പൌലൊസ് അവിടെ രണ്ടു വർഷം വീട്ടുതടങ്കലിൽ താമസിച്ചു. അതിന് ശേഷം അദ്ദേഹം സ്വതന്ത്രൻ ആയി.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 28:14-16

അവിടെ (പുത്യൊലി, Puteoli) സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവൻ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി. അവിടത്തെ (റോമിലെ) സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 28:16

റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൌലൊസിന്നു അനുവാദം കിട്ടി.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 28:29

അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു

 

തടവിൽ നിന്നും സ്വതന്ത്രൻ ആയപ്പോൾ പൌലൊസ് സ്പെയിനിലേക്ക് പോയിട്ടുണ്ടാകാം. ഇതിനെക്കുറിച്ച് അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ യാതൊന്നും പറയുന്നില്ല. ഒരു പക്ഷേ, അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എഴുതി കഴിഞ്ഞായിരിക്കാം അദ്ദേഹം സ്പെയിനിലേക്ക് പോയത്.

 

റോമിലെ ക്ലെമെന്‍റ് എന്ന് അറിയപ്പെടുന്ന ആദ്യകാല സഭാ പിതാവിന്‍റെ, AD 95 ലെ എഴുത്തുകളില്‍ പൌലൊസ് പടിഞ്ഞാറന്‍ നാടുകളുടെ അറ്റത്തോളം സുവിശേഷവുമായി പോയി എന്ന് പറയുന്നുണ്ട് (Clement of Rome, also known as Pope Clement I). അത് ഒരു പക്ഷേ പൌലൊസിന്റെ സ്പെയിനിലേക്കുള്ള യാത്രയെക്കുറിച്ച് ആകാം. പൌലൊസ് ഇംഗ്ലണ്ട് വരെയും പോയിരുന്നു എന്നും നമുക്ക് അനുമാനിക്കാം.   

 

മറ്റൊരു ആദ്യകാല സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റം, പൌലൊസ് സ്പെയിനില്‍ പോയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (John Chrysostom). ഈ യാത്രയെക്കുറിച്ച് പരാമര്‍ശിക്കുന്ന മറ്റൊരു സഭാ പിതാവാണ് യെരൂശലേമിലെ സിറിള്‍ (Cyril of Jerusalem). മുററ്റോറിയന്‍ കാനോന്‍ (Muratorian Canon) എന്ന് അറിയപ്പെടുന്ന, AD 180 ല്‍ രചിക്കപ്പെട്ട രേഖയിലും, റോമില്‍ നിന്നും പൌലൊസ് സ്പെയിനിലേക്ക് പോയി എന്ന് കാണുന്നുണ്ട്.

 

അപ്പോസ്തല പ്രവൃത്തികളില്‍ പറയുന്നതു കൂടാതെ, പൌലൊസ് വീണ്ടും റോമാക്കാരാൽ പിടിക്കപ്പെട്ടു എന്നും, അത് അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തെയുമായ സുവിശേഷ യാത്രയുടെ അന്ത്യം ആയിരുന്നു എന്നും ആണ് വിശ്വസിക്കപ്പെടുന്നത്. രണ്ടാമത് പിടിക്കപ്പെട്ടപ്പോള്‍, പൌലൊസിനെ, മാമര്‍ടൈന്‍ ജയിലിലേക്ക് അയച്ചു (Mamertine prison). ഈ കാലത്ത് കുപ്രസിദ്ധന്‍ ആയ നീറോ, റോമില്‍ ചക്രവര്‍ത്തി ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാനികള്‍ക്ക് നേരെ വലിയ പീഡനം അഴിച്ചുവിട്ടു. നീറോയുടെ കൽപ്പന പ്രകാരം പൌലൊസിനെ ശിരച്ഛേദനം ചെയ്ത് കൊന്നു എന്ന് വിശ്വസിക്കപ്പെടുന്നു. AD 64 ല്‍ റോമ പട്ടണം അഗ്നിക്ക് ഇരയായതിന് ശേഷവും, AD 68 ല്‍ നീറോയുടെ മരണത്തിന് മുമ്പും ആയി പൌലൊസ് കൊല്ലപ്പെട്ടിരിക്കാം.

 

15:29 ൽ “ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.” എന്നു പൌലൊസ് എഴുതി. ഇത്, അദ്ദേഹം യേശുക്രിസ്തുവിന്റെ അനുഗ്രഹത്തോടെയും ഹിതപ്രകാരവും റോമിൽ വരും എന്നാകാം. അല്ലെങ്കിൽ, അദ്ദേഹത്തിന്റെ സന്ദർശനം അവർക്ക് ക്രിസ്തുവിന്റെ അനുഗ്രഹം പ്രാപിക്കുവാൻ ഇടയാക്കും എന്നാകാം. ഈ രണ്ടു അർത്ഥത്തിലും പൌലൊസിന്റെ സന്ദർശനം റോമിലെ വിശ്വാസികൾക്ക് അനുഗ്രഹമാകും.

 

റോമർ 15 ആം അദ്ധ്യായത്തിലെ അവസാന വാക്യങ്ങൾ (15:30-32), പ്രാർത്ഥനക്കായുള്ള അപേക്ഷയാണ്. “നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം” എന്നാണ് പൌലൊസ് എഴുതിയത് (15:31). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു” ആണ് പൌലൊസ് പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്നത് (15:32).


മൂന്ന് പ്രാത്ഥനാ വിഷയങ്ങൾ ആണ് അദ്ദേഹം റോമിലെ വിശ്വാസികളെ എൽപ്പിക്കുന്നത്. ഒന്ന്, യഹൂദ്യയിൽ ഉള്ള എല്ലാവരും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നില്ല. യഹൂദന്മാരിൽ ചിലർ അവിശ്വാസികൾ ആണ്. അവരുടെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കേണ്ടതിനായി ദൈവത്തോട് പ്രാർത്ഥിക്കേണം (15:30). യെരൂശലേമിലെ യഹൂദന്മാരിൽ, ക്രിസ്തുവിനെ സ്വീകരിക്കാത്ത അവിശ്വാസികളാൽ ഉപദ്രവം ഉണ്ടാകുവാൻ ഇടയുണ്ട് എന്നു പൌലൊസിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ യെരൂശലേമിലേക്കുള്ള യാത്രാമദ്ധ്യേ, സോരിലെ (Tyre) വിശ്വാസികളും, കൈസര്യയിലെ (Caesarea) വിശ്വാസികളും, അദ്ദേഹത്തോട് അവിടെ പോകരുതു എന്നു അപേക്ഷിച്ചു. അഗബൊസ്, യെരൂശലേമിൽ പൌലൊസിന് പ്രതികൂലം ഉണ്ട് എന്നു പ്രവചിച്ചു (Agabus). എങ്കിലും പൌലൊസ് യാത്ര തുടരുവാൻ തീരുമാനിക്കുക ആയിരുന്നു. 

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 21:4

അവർ (സോരിലെ വിശ്വാസികൾ, Tyre) പൌലൊസിനോടു യെരൂശലേമിൽ പോകുരുതു എന്നു ആത്മാവിനാൽ പറഞ്ഞു.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 21:10-12

ഞങ്ങൾ അവിടെ (കൈസര്യയിൽ, Caesarea) വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.

 

രണ്ടാമത്തെ പ്രാർത്ഥനാ വിഷയം, അദ്ദേഹം കൊണ്ടുപൊകുന്ന ധനശേഖരം യെരൂശലേമിലെ വിശ്വാസികൾക്ക് പ്രസാദമായി തീരേണം (15:30-31). ഈ വാക്യം വായിച്ചാൽ, അദ്ദേഹം ശേഖരിച്ച ധനസഹായം യഹൂദ വിശ്വാസികൾക്ക് പ്രസാദകരമായി തീരാതെ വരുമോ എന്നു അദ്ദേഹം ഭയപ്പെട്ടിരുന്നു എന്നു തോന്നും. ധനശേഖരം ജാതികളുടെ കൈയ്യിൽ നിന്നും ശേഖരിച്ചത് ആയിരുന്നു എന്നതിനാൽ, യഹൂദന്മാരിൽ ചിലർക്ക് അത് അപ്രീതി ആകുമോ എന്നായിരിക്കാം അദ്ദേഹം സംശയിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രാർത്ഥനാ വിഷയം, യെരൂശലേമിൽ നിന്നും, ദൈവവേഷ്ടത്താൽ സന്തോഷത്തോടെ റോമിൽ എത്തുവാനും, അവിടെയുള്ള വിശ്വസികളോടൊത്ത് ശാന്തമായി താമസിക്കുവാനും അദ്ദേഹം ആഗ്രഹിക്കുന്നു (15:31). 15:33 ആം വാക്യം ഒരു ആശീർവാദം ആണ്. “സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.”




 

No comments:

Post a Comment