ദൈവത്തോടുള്ള സമന്വയം ആണ് വിശ്വാസം

ഭൌതീക തലത്തിൽ എല്ലാ മണ്ഡലങ്ങളിലും ഉപയോഗിക്കുന്ന ഒരു തത്വം ആണ് “സമന്വയം” അഥവാ “സംയോജനം”. ഇതിന്റെ ഇംഗ്ലീഷ് വാക്ക് “സിനെർജി” എന്നാണ് (synergy – noun, synergistic - adjective). ബിസിനസ്സ്, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, കായികരംഗം, എന്നിവിടങ്ങളിൽ എല്ലാം ഈ തത്വം ഉപയോഗിക്കുന്നു. ഈ തത്വത്തെ നമുക്ക് ഇങ്ങനെ നിർവചിക്കാം, “ഓരോ ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് മൊത്തം.” (the whole is greater than the sum of its parts). അതായത്, രണ്ടോ അതിൽ കൂടുതലോ വ്യക്തികളോ, വസ്തുക്കളോ, പ്രത്യേകം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഫലത്തിന്റെ ആകെ തുകയെക്കാൾ അധികം ആയിരിക്കും, അവർ സമന്വയപ്പെട്ട്, അല്ലെങ്കിൽ സംയോജിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഫലം. ഇതിനെ ഗണിതശാസ്ത്രപരമായി ഇങ്ങനെ അവതരിപ്പിക്കാം, 1+1=3.


ചിലപ്പോൾ ഒന്നിലധികം വ്യക്തികളുടെയോ, വസ്തുക്കളുടെയോ, ഒരുമിച്ചുള്ള പ്രവർത്തനം, ഫലത്തെ കുറക്കുകയും ആകാം. അങ്ങനെ സംഭവിച്ചാൽ അതിനെ “വിലോമ സമന്വയം” എന്നു വിളിക്കുന്നു (Negative Synergy). ഇതിനെ ഇങ്ങനെ അവതരിപ്പിക്കാം, 2+2=3.

 

ഈ തത്വം വേദപുസ്തകത്തിൽ പഴയനിയമ ഭാഗത്ത് അവതരിപ്പിക്കപ്പെടുന്നുണ്ട്. നമ്മൾ ദൈവത്തോട് യോജിക്കുമ്പോൾ, അല്ലെങ്കിൽ ഒരു സമന്വയത്തിലും സംയോജനത്തിലും ആയി പ്രവർത്തിക്കുമ്പോൾ, (synergistic) സംഭവിക്കുന്നത് എന്തായിരിക്കാം എന്നു ആവർത്തനം 32:30, ലേവ്യപുസ്തകം 26:8 എന്നീ വാക്യങ്ങളിൽ നിന്നും മനസ്സിലാക്കാം.

 

ആവർത്തനം 32:30

അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരം പേരെ പിന്തുടരുന്നതും ഇരുവർ പതിനായിരം പേരെ ഓടിക്കുന്നതുമെങ്ങനെ?

 

ലേവ്യപുസ്തകം 26:8

നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.

 

ഈ വാക്യങ്ങളുടെ സാഹചര്യത്തെയോ, ആശയത്തെയോ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഇവിടെ ദൈവം പ്രസ്താവിക്കുന്ന ഒരു പ്രമാണം ഉണ്ട്. ഒരുവന് ആയിരം പേരെയും ഇരുവർക്ക് പതിനായിരം പേരെയും ഓടിക്കുവാൻ കഴിയും. അഞ്ച് പേർക്ക് നൂറ് പേരെയും, നൂറു പേർക്ക് പതിനായിരം പേരെയും ഓടിക്കുവാൻ കഴിയും. ഇത് യുദ്ധത്തിൽ സംഭവിക്കുന്ന കാര്യമാണ്. ഇതാണ് സമന്വയം, അല്ലെങ്കിൽ, സംയോജനം എന്ന തത്വം (synergy).

 

ഒരുവന് ആയിരം എന്നതിന്റെ ആനുപാതികം അല്ല ഇരുവർക്ക് പതിനായിരം എന്നത്. ഒരുവന് ആയിരം എന്നതിന്റെ ആനുപാതികമായി വരേണ്ടത് ഇരുവർക്ക് രണ്ടായിരം എന്നതാണ്. എന്നാൽ ആവർത്തനം 32:30 ൽ പറയുന്നത് ഇങ്ങനെയാണ്, “ഒരുവൻ ആയിരം പേരെ പിന്തുടരുന്നതും ഇരുവർ പതിനായിരം പേരെ ഓടിക്കുന്നതുമെങ്ങനെ?” ഇവിടെ ഇരുവർ സമന്വയമായി പ്രവർത്തിക്കുമ്പോൾ ഒരുവൻ 5000 പേരെ ഓടിക്കും, ഇരുവർ 10000 പേരെ ഓടിക്കും. അതായത് ഒരുവൻ ദൈവവുമായി സമന്വയപ്പെട്ട് പ്രവർത്തിച്ചാൽ, അവൻ ഏകനായി ഓടിക്കുവാൻ കഴിയുന്നതിന്റെ അഞ്ച് ഇരട്ടി ശത്രുക്കളെ ഓടിക്കുവാൻ കഴിയും.   

 

അതുപോലെ തന്നെ, അഞ്ചിന് നൂറ് എന്നതിന്റെ ആനുപാതികം അല്ല നൂറിന് പതിനായിരം എന്നത്. അഞ്ചിന് നൂറു എന്നതിന്റെ ആനുപാതികമായി വരേണ്ടത് നൂറിന് രണ്ടായിരം എന്നാണ്. അഞ്ചിന് നൂറ് എന്നു പറഞ്ഞാൽ ഒരുവന് 20 എന്നാണ് അർത്ഥം (100/5 = 20 അല്ലെങ്കിൽ 20*5=100). ഇതിന്റെ ആനുപാതിക കണക്ക്, നൂറിന് രണ്ടായിരം എന്നാണ് (20*100=2000). എന്നാൽ ലേവ്യപുസ്തകം 26:8 ൽ പറയുന്നത്, “നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരം പേരെ ഓടിക്കും”. ഇവിടെ ഒരുവൻ 100 പേരെ ഓടിക്കും. നൂറു പേർ 10000 പേരെ ഓടിക്കും. അതായത് ഒരുവൻ ദൈവവുമായി സമന്വയപ്പെട്ട് പ്രവർത്തിച്ചാൽ, അവൻ ഏകനായി ഓടിക്കുവാൻ കഴിയുന്നതിന്റെ അഞ്ച് ഇരട്ടി ശത്രുക്കളെ ഓടിക്കുവാൻ കഴിയും. ഈ തത്വത്തെയാണ് സമന്വയം, അല്ലെങ്കിൽ സംയോജിതം എന്നു വിളിക്കുന്നത് (synergistic).  

 

ദൈവവും നമ്മളും യോജിക്കുമ്പോൾ വിശ്വാസം ജനിക്കുന്നു. നമുക്ക് ഒരുവന് ആയിരം പേരെ ഓടിക്കുവാൻ കഴിയുന്നിടത്ത്, ദൈവത്തിലുള്ള വിശ്വാസത്താൽ, നമ്മൾ ദൈവത്തോട് യോജിക്കുമ്പോൾ, പതിനായിരം പേരെ ഓടിക്കുവാൻ കഴിയും. അഞ്ച് പേർക്ക് നൂറു പേരെ ഓടിക്കുവാൻ കഴിയുന്ന ഇടത്ത്, നമ്മളും ദൈവവും ഒരുമിച്ച് നിന്നാൽ, നമ്മളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും. അതായത് ഒരുവന് വെറും ഇരുപതു പേരെ ഓടിക്കുവാൻ കഴിയുന്ന ഇടത്ത്, ദൈവവുമായി യോജിച്ചാൽ, 100 പേരെ ഓടിക്കുവാൻ കഴിയും. ദൈവവും നമ്മളും തമ്മിൽ യോജിക്കുമ്പോൾ, “വിലോമ സമന്വയം” (negative synergy) എന്ന പ്രക്രിയ ഇല്ല. ഇവിടെ 1+1=3 എന്ന തത്വം മാത്രമേ ഉള്ളൂ.      

 

വിശ്വാസം ഇതുപോലെയാണ് പ്രവർത്തിക്കുന്നത്. അത് “ഞാൻ പതി, ദൈവം പാതി” എന്ന പ്രമാണം അല്ല. ഞാനും ദൈവവും സമന്വയപ്പെട്ടാൽ, അത് പതിനായിരം പേരെ ഓടിക്കുന്ന കൂട്ട്കെട്ട് ആകാം. വിശ്വാസം എന്നത് ഒരു സമന്വയ പ്രക്രിയ ആണ്, അല്ലെങ്കിൽ അതൊരു സംയോജിത പ്രക്രിയ ആണ് (faith is synergistic - adjective, synergy - noun). ദൈവത്തോട് യോജിക്കുന്നതാണ് വിശ്വാസം (faith is agreeing with God). “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” (ആമോസ് 3:3). നമ്മളും ദൈവവും, ഒരേ കാഴ്ചപ്പാടിലും, ചിന്തയിലും, പ്രതീക്ഷയിലും വന്നുകഴിയുമ്പോൾ, അത്ഭുതങ്ങൾ സംഭവിക്കും. അതായത്, ദൈവത്തോട് നമ്മൾ യോജിക്കുമ്പോൾ, സാധാരണയുള്ള ഭൌതീക നിയമങ്ങൾക്ക് ഉപരിയായി ചിലത് ആത്മമണ്ഡലത്തിൽ സംഭവിക്കുന്നു. അതിന്റെ പ്രതിഫലനം ഭൌതീക മണ്ഡലത്തിലും ഉണ്ടാകും.


 

എല്ലാ സത്യങ്ങളും സമാന്തരം ആണ്

 

ക്രിസ്തീയ സുവിശേഷ ലോകത്ത്, ആത്മീയ സത്യങ്ങൾ വിശദീകരിക്കുവാൻ ഉപയോഗിക്കുന്ന ഒരു തത്വം ഉണ്ട്. അത് ഇങ്ങനെയാണ്: “എല്ലാ സത്യങ്ങളും സമാന്തരം ആണ്.” (All truths are parallel).

 

അലക്സാണ്ടർ ചക്രവർത്തിയുടെ മരണ ശേഷവും, റോമൻ സാമ്രാജ്യത്തിന്റെ ഉദയത്തിന് മുമ്പും ഉള്ള കാലത്തെയാണ് പുരാതന ഗ്രീക്ക് കാലം എന്നു വിളിക്കാം (Hellenistic period). അത് ഏകദേശം 323 ബി. സി. മുതൽ 31 ബി. സി. വരെയുള്ള കാലമാണ്. ഈ കാലത്ത് ഉദയം ചെയ്ത ഒരു ദാർശനികവും ആത്മീയവും ആയ  മുന്നേറ്റമാണ് “ഹെർമെറ്റിസിസം”. ഇതൊരു ജാതീയ, ദാർശനിക, മുന്നേറ്റം ആണ് (Hermeticism, Hermetism). നമ്മളുടെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ വിശദീകരിക്കുന്ന ഗൂഢാർത്ഥകമായ ഒരു പാരമ്പര്യം ആണിത് (mystical). ഇതിലെ ഒരു തത്വം ഇങ്ങനെ ആയിരുന്നു, “മുകളിൽ എങ്ങനെയോ, താഴെയും അങ്ങനെ തന്നെ” (As above, so below). അതായത് ആത്മ മണ്ഡലത്തിൽ എങ്ങനെയോ, ഭൌതീക മണ്ഡലത്തിലും അങ്ങനെ തന്നെ. ആത്മ മണ്ഡലവും ഭൌതീക മണ്ഡലവും പരസ്പരം പ്രതിഫലിപ്പിക്കുന്നു എന്നാണ് ഈ തത്വത്തിന്റെ അർത്ഥം. ഭൌതീക ലോകവും ആത്മീയ മണ്ഡലവും പ്രവർത്തിക്കുന്നത് ഒരേ അടിസ്ഥാന പ്രമാണത്തിലാണ്. മനുഷ്യൻ ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ ജീവിക്കുന്നു- ഭൌതീക മണ്ഡലത്തിലും, ആത്മീയ മണ്ഡലത്തിലും. ഇതെല്ലാമായിരുന്നു “ഹെർമെറ്റിസിസം” ന്റെ ചിന്തകൾ.  

 

ഈ പുരാതന ജാതീയ ചിന്താ ധാരയുടെ കാലം കഴിഞ്ഞു എങ്കിലും ഈ ദാർശനിക തത്വത്തിന് ഒരു ആധുനിക രൂപം ഉണ്ടായിട്ടുണ്ട്. അതാണ്, “എല്ലാ സത്യങ്ങളും സമാന്തരം ആണ്” എന്നത് (All truths are parallel). ഈ ചിന്ത തത്വ ശാസ്ത്രത്തിലും ആത്മീയ വിഷയങ്ങളിലും ഇന്ന് ഉപയോഗിക്കപ്പെടുന്നു. അമേരിക്കൻ പെന്തക്കോസ്ത് സുവിശേഷകനായിരുന്ന മോറിസ് സെറുല്ലോ. (Morris Cerullo, ജനനം - 2 October 1931, New Jersey, United States, മരണം - 10 July 2020, aged 88 years, San Diego, California, United States) ഈ തത്വത്തെ വേദപുസ്തക മർമ്മങ്ങളെ വിശദീകരിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. ആത്മീയ യുദ്ധം (spiritual warfare) പഠിപ്പിക്കുന്ന ദൈവ ദാസൻമാർ ഈ ചിന്തയെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

 

ഈ ഭൂമിയിലെ എല്ലാ സത്യങ്ങള്‍ക്കും സമാന്തരമായ ഒന്ന് ആത്മമണ്ഡലത്തില്‍ ഉണ്ട്. എല്ലാം ആത്മമണ്ഡലത്തിലും ഭൌതീകമണ്ഡലത്തിലും സമാന്തരമായി സംഭവിക്കുന്നു. ആത്മമണ്ഡലത്തില്‍ സംഭവിക്കാതെ യാതൊന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല. ആത്മമണ്ഡലത്തിലെ സത്യം കൂടാതെ ഈ ഭൂമിയില്‍ യാതൊന്നിനും നിലനില്‍പ്പില്ല. സത്യം ആത്മമണ്ഡലത്തിലും അതിന്റെ പ്രതിഫലനം ഈ ഭൂമിയിലും സംഭവിക്കുന്നു. ആത്മ മണ്ഡലത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത്, ആത്മ മണ്ഡലത്തിലും, ഭൌതീക മണ്ഡലത്തിലും മാറ്റമില്ലാതെ ഇരിക്കുന്നു. ഇതാണ് ക്രിസ്തീയ ലോകത്ത് ഉപയോഗിക്കപ്പെടുന്ന തത്വം.

 

ഭൌതീക ലോകത്ത് സംഭവിക്കുന്നതായി നമ്മൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ആത്മ മണ്ഡലത്തിലും സംഭവിക്കുന്നു എങ്കിലും, അവിടെ അതിന്റെ മാർമ്മികമായ അർത്ഥത്തിന് വ്യത്യാസം ഉണ്ട്. നമ്മൾ ഭൌതീക മണ്ഡലത്തിൽ കാണുന്നതുപോലെയല്ല, അതേ സംഭവം ആത്മമണ്ഡലത്തിൽ സംഭവിക്കുന്നത്. എന്നാൽ ആത്മമണ്ഡലത്തിൽ സംഭവിക്കുന്നത് ആണ് സത്യം. ഭൌതീക മണ്ഡലത്തിൽ സംഭവിക്കുന്നത് പ്രതിഫലനം മാത്രമാണ്.

 

അപ്പൊസ്തലനായ പൌലൊസ്, ഈ ചിന്ത രീതിയിൽ നിന്നുകൊണ്ടു പഴയനിയമത്തിലേയും പുതിയനിയമത്തിലെയും പല സംഭവങ്ങളെയും വ്യാഖ്യാനിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെക്കുറിച്ചും, തിരുവത്താഴ ശുശ്രൂഷയെക്കുറിച്ചും പൌലൊസ് ഇങ്ങനെ വ്യാഖ്യാനം നല്കിയിട്ടുണ്ട്. ഇത്തരം വ്യാഖ്യാനങ്ങൾ, ഈ ഭൂമിയിൽ സംഭവിക്കുന്നത് അല്ല സത്യം എന്നാണ് പറയുന്നത്. സത്യം എപ്പോഴും ആത്മ മണ്ഡലത്തിൽ സംഭവിക്കുന്നത് ആണ്. അത് ആത്മാവിൽ മാത്രമേ ഗ്രഹിക്കുവാൻ കഴിയൂ. നമ്മളുടെ ഭൌതീക ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതിന് ആത്മമണ്ഡലത്തിലെ പ്രവർത്തനങ്ങളെയാണ് നമ്മൾ മാറ്റിമറിക്കേണ്ടത്.

 

മത്തായി 26 ൽ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ” സംഭവിച്ചതായി വിവരിക്കുന്നു (മത്തായി 26:17). മർക്കോസ് 14 ൽ “പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ” ആണ് അത് സംഭവിക്കുന്നത് (മർക്കോസ് 14:12). ലൂക്കോസ് പറയുന്നത് യേശു അന്ത്യ അത്താഴം കഴിച്ചതു, “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ” ആണ് എന്നാണ് (ലൂക്കോസ് 22:7). യോഹന്നാനും ഇത് തന്നെ പറയുന്നു (യോഹന്നാൻ 12:1). എന്നാൽ യേശുക്രിസ്തു ശിഷ്യന്മാരുമൊത്തുള്ള അവസാനത്തെ അത്താഴത്തെ പൌലൊസ് ബന്ധിപ്പിക്കുന്നത്, “കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രി” യോട് ആണ് (1 കൊരിന്ത്യർ 11:23). അതായത് തിരുവത്താഴ ശുശ്രൂഷയെ പൌലൊസ് പെസഹ ആചാരത്തിൽ നിന്നും അടർത്തിമാറ്റി, യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തോട് ബന്ധിപ്പിക്കുന്നു. ഇതാണ് ആത്മ മണ്ഡലത്തിൽ സംഭവിച്ച സത്യം. സുവിശേഷങ്ങളിലെ വിവരണം ഭൌതീക മണ്ഡലത്തിലെ സംഭവങ്ങളുടെ ചരിത്ര വിവരണവും, പൌലൊസിന്റെ വിവരണം ആത്മീയ മർമ്മവും ആണ്. അത് ആത്മമണ്ഡലത്തിൽ നിന്നും, കർത്താവിൽ നിന്നും, പൌലൊസ് പ്രാപിച്ച വെളിപ്പാടു ആണ്. അതുകൊണ്ടാണ് പൌലൊസ് ഇങ്ങനെ എഴുതിയത്:

 

1 കൊരിന്ത്യർ 11:23

ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:

 

മറ്റൊരു ഉദാഹരണം ആണ് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെക്കുറിച്ചുള്ള പൌലൊസിന്റെ വ്യാഖ്യാനം.

  

കൊലൊസ്സ്യർ 2:14-15

അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

 

ഈ വ്യാഖ്യാനം ആണ് ആത്മമണ്ഡലത്തിൽ സംഭവിച്ചത്തിന്റെ വിവരണം. ഇത് നമ്മൾ ഭൌതീക മണ്ഡലത്തിൽ കാണുകയോ, കേൾക്കുകയോ, അനുഭവിക്കുകയോ ചെയ്തതല്ല. ഇത് ആത്മമണ്ഡലത്തിൽ മാത്രമേ സംഭവിക്കൂ, അവിടെ മാത്രമേ നമ്മൾക്ക് ഇത് അനുഭവിക്കുവാൻ കഴിയൂ. ഭൌതീക മണ്ഡലത്തിൽ യേശുക്രിസ്തു ഒരു രാജ്യദ്രോഹിയെപ്പോലെ റോമൻ പടയാളികളാൽ പിടിക്കപ്പെടുകയും, ക്രൂശിക്കപ്പെട്ടു കൊല്ലപ്പെടുകയും ചെയ്തു (യോഹന്നാൻ 18:3, 12). ആത്മമണ്ഡലത്തിൽ, ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന ശത്രുത ക്രൂശിലെ മരണത്താൽ യേശുക്രിസ്തു നീക്കി. മനുഷ്യരെ ദൈവത്തോട് നിരപ്പിച്ചു. ഇത് കൂടാതെ, ക്രിസ്തുവിന്റെ ക്രൂശ് മരണത്താൽ പിശാചിന്റെ വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു പരാജയപ്പെടുത്തി. ക്രൂശിൽ പിശാചിന്റെമേൽ ജയോൽസവം ആഘോഷിച്ചു. പിശാച് പരാജയപ്പെട്ടു, ക്രിസ്തു ജയിച്ചിരിക്കുന്നു എന്നത് പരസ്യമായി പ്രഖ്യാപിച്ചു.

 

ആത്മമണ്ഡലത്തിൽ സംഭവിക്കുന്നതാണ് യഥാർത്ഥ സത്യം, ഭൌതീക മണ്ഡലത്തിൽ സംഭവിക്കുന്നത് അതിന് സമാന്തരമായ പ്രതിഫലനം ആണ്. ദൈവത്തോട് സമന്വയപ്പെട്ടും, സംയോജിച്ചും ജീവിക്കുമ്പോൾ, ആത്മമണ്ഡലത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. ഒരുവൻ ആയിരം പേരെ എന്നതിന് പകരം ഇരുവർ പതിനായിരം പേരെ ഓടിക്കും (ആവർത്തനം 32:30). അഞ്ചുപേർ നൂറുപേരെ ഓടിക്കും എന്നതിന് പകരം നൂറുപേർ പതിനായിരംപേരെ ഓടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും (ലേവ്യപുസ്തകം 26:8). ദൈവത്തോട് സമന്വയപ്പെട്ടും സംയോജിച്ചും ജീവിക്കുക എന്നതാണ് മർമ്മം.

 

വിശ്വാസം

 

എഫെസ്യർ 2:8-9

കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

 

ഈ വാക്യത്തിലെ “വിശ്വാസം” എന്നതിന്റെ ഗ്രീക്ക് മൂലപദം “പിസ്റ്റിസ്” എന്നാണ് (pistis, pis'-tis, Strong's G4102). ഈ വാക്ക് ഒരു നാമം ആണ് (feminine noun). “വിശ്വാസം മൂലം” എന്നതിന്റെ കൃത്യമായ ഗ്രീക്ക് വാക്കുകൾ, “ദിഅ പിസ്റ്റിഒസ്” എന്നാണ് (pisteōs, dia pisteōs, through faith, Biblehub.com, genitive form or possessive case).

 

ഗലാത്യർ 2:16

എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.

 

ഗലാത്യർ 2:16 ലെ “ക്രിസ്തുവിലുള്ള വിശ്വാസത്താൽ” എന്ന വാക്കുകൾ വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ വ്യത്യസ്തമായിട്ടാണ് വിവർത്തനം ചെയ്തിരിക്കുന്നത്. കിങ് ജെയിംസ് വെർഷൻ ൽ “ക്രിസ്തുവിന്റെ വിശ്വാസത്താൽ” എന്നാണ് (by the faith of Christ- KJV). ഇംഗ്ലീഷ് സ്റ്റാഡേർഡ് വെർഷൻ ൽ “ക്രിസ്തുവിലുള്ള വിശ്വാസത്താൽ” എന്നാണ് (by faith in Christ-ESV). ന്യൂ ഇൻറർനാഷനൽ വെർഷനിലും “ക്രിസ്തുവിലുള്ള വിശ്വാസത്താൽ” എന്നാണ് കൊടുത്തിരിക്കുന്നത് (by faith in Christ). എന്നാൽ, ഇവിടെ ഈ വാക്കിന് ഒരു അടിക്കുറിപ്പ് നല്കിയിട്ടുണ്ട് (footnote). ഈ അടിക്കുറിപ്പിൽ, “ക്രിസ്തുവിന്റെ വിശ്വസ്തതയാൽ” എന്നു കൊടുത്തിട്ടുണ്ട് (but through the faithfulness of ChristNIV, footnote to Galatians 2:16). ഇൻറർനാഷനൽ സ്റ്റാഡേർഡ് വെർഷൻ എന്ന പരിഭാഷയിലും, “മശീഹായുടെ വിശ്വസ്തതയാൽ” എന്നാണ് കൊടുത്തിരിക്കുന്നത് (by the faithfulness of the Messiah -International Standard Version)

 

ക്രിസ്തുവിലുള്ള വിശ്വാസത്താൽ എന്ന വാക്കുകൾ മൂലഭാഷയായ ഗ്രീക്കിൽ, “ഏക് പിസ്റ്റിഒസ് ക്രിസ്റ്റഔ” എന്നാണ് (ek pisteōs Christou). ഇതിന്റെ അർത്ഥം, “ക്രിസ്തുവിന്റെ വിശ്വാസത്താൽ” എന്നാണ് (by faith of Christ, Ref. Biblehub.com, Galatians 2:16). ഈ വാക്കുകൾ 2:16 ൽ പൌലൊസ് രണ്ടു പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ പരിഭാഷയെക്കുറിച്ച് വേദപണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായം ഉണ്ട്. ഗ്രീക്ക് വ്യാകരണശാസ്ത്ര പ്രകാരം ഏതാണ് ഏറ്റവും യോജ്യം എന്നതാണ് തർക്ക വിഷയം. “വിശ്വാസം” എന്നതിന് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം, “എമൂന” എന്നാണ് (emuna, eh-moo-NAH). ഈ വാക്കിന് “ദൈവത്തിന്റെ വിശ്വസ്തത” എന്നും, അതിനോടുള്ള ഒരുവന്റെ അനുകൂലമായ പ്രതികരണം എന്നും അർത്ഥം ഉണ്ട്. അതായത് ഈ വാക്കിന്, ദൈവത്തിന്റെ വിശ്വസ്തത എന്നും, ദൈവത്തിലുള്ള വിശ്വാസം എന്നും അർത്ഥം കൽപ്പിക്കാം (faithfulness of God or faith in God). ഗലാത്യർ 2:16 ലും പൌലൊസ് ഇതേ അർത്ഥം തന്നെ ആയിരിക്കാം ഉദ്ദേശിച്ചത്. അങ്ങനെ എങ്കിൽ, ക്രിസ്തുവിന്റെ നമ്മളോടുള്ള വിശ്വസ്തതയാണ് നമ്മളെ രക്ഷിച്ചത് എന്നും, ക്രിസ്തുവിലുള്ള നമ്മളുടെ വിശ്വാസം മൂലം ആണ് നമ്മൾ രക്ഷിക്കപ്പെടുന്നത് എന്നും ഈ വാക്കുകളെ വ്യാഖ്യാനിക്കാം.

 

ഈ രണ്ടു ആശയങ്ങളും, യേശുക്രിസ്തുവിലുള വിശ്വാസം മൂലം മാത്രം രക്ഷ, പ്രവർത്തിയാൽ രക്ഷ ലഭിക്കില്ല, എന്നീ ഉപദേശത്തെ ഘണ്ഡിക്കുന്നില്ല. ക്രിസ്തുവിന്റെ വിശ്വസ്തതയാൽ എന്ന പരിഭാഷ, രക്ഷ ദൈവത്തിന്റെ സർവ്വാധികാരത്താൽ മാത്രം സംഭവിക്കുന്നു എന്ന ആശയം വെളിപ്പെടുത്തുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ എന്നത് രക്ഷ വിശ്വാസം മൂലം മാത്രം എന്ന മർമ്മത്തെ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ, ഇത് രണ്ടും ഒരുവന്റെ രക്ഷയിൽ സംഭവിക്കുന്നു. രണ്ടു വ്യാഖ്യാനങ്ങളിലും, മനുഷ്യന്റെ പ്രവർത്തി രക്ഷയ്ക്ക് കാരണം ആകുന്നില്ല.

 

വിശ്വാസം നമ്മൾ സൃഷ്ടിക്കുന്നത് അല്ല, അത് ദൈവത്തിന്റെ ദാനം ആണ്. എഫെസ്യർ 2:8 ൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” വിശ്വാസം നമ്മളോടുള്ള ദൈവത്തിന്റെ വിശ്വസ്തതയാണ്. അത് സ്വീകരിച്ചു, അതിനോട് യോജിച്ചു, അതിനെ അംഗീകരിച്ചു നമ്മൾ ഏറ്റുപറയുമ്പോൾ അത് നമ്മളുടെ വിശ്വാസം ആയി.

 

അതായത്, വിശ്വാസം നമ്മൾ സ്വയമായി എന്തെങ്കിലും സങ്കൽപ്പിച്ചു, രൂപപ്പെടുത്തി, പ്രഖ്യാപിക്കുന്നത് അല്ല. ദൈവം പറയുന്നത് അംഗീകരിച്ചു ഏറ്റുപറയുന്നതാണ്. വിശ്വാസം നമ്മൾ പ്രഖ്യപിക്കുന്നത് അല്ല, ദൈവം നമ്മളോട് അരുളിചെയ്യുന്നതിനോടുള്ള നമ്മളുടെ യോജയിപ്പാണ്. Faith is agreeing with God.

 

പ്രത്യാശയുടെ സ്വീകാരം

 

എങ്ങനെ ദൈവത്തോട് സമന്വയപ്പെട്ടും സംയോജിച്ചും ജീവിക്കാം? How to live synergistic with God? ഇതാണ് ഈ സന്ദേശത്തിലെ മുഖ്യ വിഷയം. ഇത് പഠിക്കുവാനായി ചില വാക്യങ്ങൾ വായിക്കാം. ശേഷം അബ്രാഹാമിന്റെ ജീവിതത്തിലെ ചില സംഭവങ്ങളെയും പരിശോധിക്കാം.

 

എബ്രായർ 3:1

അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.

 

എബ്രായർ 10:23

പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

 

എബ്രായർ 3:1 ൽ നമ്മൾ “സ്വീകരിച്ചു പറയുന്ന”ത് യേശുക്രിസ്തുവിനെയാണ്. അവൻ നമ്മളുടെ അപ്പൊസ്തലനും മഹാപുരോഹിതനുമാണ്. എബ്രായർ 10:23 ൽ രക്ഷയുടെ പ്രത്യാശയേയാണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്. അത് നമ്മൾ മുറുകെ പിടിച്ചുകൊള്ളേണം.

 

ഈ രണ്ട് വാക്യങ്ങളിലെയും “സ്വീകരിച്ചു പറയുന്ന” (എബ്രായർ 3:1), “സ്വീകാരം” (എബ്രായർ 10:23), എന്നീ വാക്കുകൾ ഇംഗ്ലീഷ് പരിഭാഷയിൽ, confession (Hebrews 3:1, 10:23, ESV), profession (Hebrews 3:1, 10:23, KJV), profess (Hebrews 10:23, NIV), acknowledge (Hebrews 3:1, NIV), എന്നിങ്ങനെയാണ്. ഇതിന്റെയെല്ലാം, ഗ്രീക്ക് വാക്ക് ഒന്ന് തന്നെയാണ്. ഗ്രീക്കിൽ,ഹമലോഗിഅ” (homologia, hom-ol-og-ee'-ah, Strong’s G3671) എന്നാണ്. ഈ വാക്ക് വ്യാകരണ പ്രകാരം ഒരു നാമം ആണ് (feminine noun). ഈ വാക്കിന്റെ അർത്ഥം, ഏറ്റുപറയുക, സ്വീകരിച്ചു ഏറ്റുപറയുക, എന്നിങ്ങനെയാണ് (confession, profess, acknowledgment). പുരാതന ഗ്രീക്ക് കൃതികളിൾ ഈ വാക്ക്, ഒരു സമ്മതപത്രം, അംഗീകാരം, എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട് (an agreement, assent).  

 

ഈ വാക്കിന്റെ അർഥം വ്യക്തമായി മനസ്സിലാക്കുവാൻ ഇതിന്റെ ക്രിയാ പദം കൂടി അറിഞ്ഞിരിക്കേണം. “ഹമലോഗിഅ” എന്ന വാക്കിന്റെ ക്രിയാ പദം (verb) “ഹമലോഗഒ” (homologeō, hom-ol-og-eh'-o, G3670) എന്നാണ്. ഈ വാക്കിന്റെ അർത്ഥം ഒരു വ്യക്തി പറയുന്ന അതേകാര്യം സ്വീകരിച്ചു ഏറ്റുപറയുക, ഒരുവനുമായി യോജിക്കുക, അംഗീകരിക്കുക, എന്നിങ്ങനെയാണ് (to say the same thing as another, to agree with, assent). ഇങ്ങനെ ഒരുവൻ പറയുന്നത് അംഗീകരിച്ചു ഏറ്റുപറയുന്നതോടെ ആ കാര്യം ഒരു പരിസമാപ്തിയിൽ (conclusion) എത്തുന്നു.

 

ഒരു വ്യക്തി പറയുന്നത് രണ്ടാമൻ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ്കൊണ്ടു അതുതന്നെ ഏറ്റുപറയുകയും ചെയ്യുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ഇതിലൂടെ രണ്ടാമത്തെ വ്യക്തി ആദ്യത്തെ വ്യക്തിയോട് പൂർണ്ണമായും യോജിക്കുകയും, ആ വിഷയം അവിടെ സമാപ്തിയിൽ എത്തുകയും ചെയ്യുന്നു. രണ്ട് വ്യക്തികൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെടുമ്പോൾ, കരാറിനെ രണ്ട് കൂട്ടരും സ്വീകരിച്ചു സമ്മതിക്കുന്നതിനെക്കുറിച്ച് പറയുവാനാണ് ഗ്രീക്കിൽ ഈ വാക്ക് ഉപയോഗിച്ചിരുന്നത്. “ഹമലോഗിഅ” അവർക്കിടയിലെ പ്രസ്താവനയും, “ഹമലോഗഒ” അതിനോട് യോജിച്ചു ഏറ്റു പറയുന്ന പ്രവർത്തിയും ആണ്.   

 

1 യോഹന്നാൻ 1:9-10

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

 

1 യോഹന്നാൻ 1:9 ആം വാക്യത്തിലെ “ഏറ്റുപറയുന്നു” എന്നതിന്റെ ഗ്രീക്ക് വാക്ക് “ഹമലോഗഒ” എന്നാണ്. ഇത് ക്രിയാ പദം ആണ്. ഏറ്റുപറയുന്ന ക്രിയയെ ആണ് ഈ വാക്ക് അർത്ഥമാക്കുന്നത്. ഈ വാക്യം പറയുന്നത് അനുസരിച്ചു നമ്മൾ പാപികൾ ആണ് എന്നു ദൈവം പറയുന്നു. അതിനാൽ “നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു”. നമ്മൾ പാപം ചെയ്തിട്ടില്ല എന്നു പറയുന്നു എങ്കിൽ, ദൈവത്തിന്റെ വചനം നമ്മളിൽ ഇല്ലാതെപോയി. അതിനാൽ നമ്മൾ ദൈവത്തോട് യോജിക്കുന്നില്ല, അവൻ പറയുന്നത് അംഗീകരിക്കുന്നില്ല, നമ്മൾ പാപങ്ങളെ ഏറ്റുപറയുന്നില്ല. നമ്മൾ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ, നമ്മൾ പാപികൾ ആണ് എന്ന വചനം നമ്മളിൽ ഉണ്ട്, അതിനെ നമ്മൾ അംഗീകരിക്കുന്നു, സ്വീകരിക്കുന്നു. ആ ദൈവത്തിന്റെ വചനം നമ്മൾ ഏറ്റുപറയുന്നു. ദൈവം നമ്മളിലുള്ള പാപത്തേക്കുറിച്ച് എന്ത് പറയുന്നുവോ, അത് പൂർണ്ണമായും നമ്മൾ അംഗീകരിക്കുന്നു, അത് ഏറ്റു പറയുന്നു.

 

ഇതാണ് നമ്മൾ രക്ഷിക്കപ്പെടുമ്പോൾ ചെയ്യുന്നത്.

 

റോമർ 10:9-10

യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

 

9, 10 വാക്യങ്ങളിലെ “ഏറ്റുപറയുക” എന്ന വാക്കിന്റെ ഗ്രീക്ക് ഹമലോഗഒ” എന്ന ക്രിയാ പദം ആണ് (homologeō, hom-ol-og-eh'-o, G3670). ഈ വാക്കിന്റെ അർത്ഥം, സ്വീകരിച്ചു ഏറ്റുപറയുക, അംഗീകരിച്ചു ഏറ്റുപറയുക, യോജിച്ചു ഏറ്റുപറയുക, എന്നിങ്ങനെയാണ്. അതായത്, ആദാമിന്റെ പാപത്താൽ സകല മനുഷ്യരും സമ്പൂർണ്ണമായി മലിനരാണ് എന്നും അതിനാൽ പാപികൾ ആണ് എന്നുമുള്ള ദൈവത്തിന്റെ വിധിയോട് യോജിച്ചു ഏറ്റുപറയുക എന്നാണ് അർത്ഥം. നമ്മൾ പാപികൾ ആണ് എന്നതിനാൽ, നമുക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. അത് കർത്താവായ യേശുക്രിസ്തു ആണ്. ഈ സത്യം ആണ് നമ്മൾ സ്വീകരിച്ചു ഏറ്റുപറയുന്നത്. ഇതെല്ലാം ദൈവം ആദ്യം പറയുകയും നമ്മൾ അതിനെ അംഗീകരിച്ചു ഏറ്റുപറയുകയും ആണ് ചെയ്യുന്നത്.

 

ഇങ്ങനെ ദൈവത്തോട് യോജിച്ചു ദൈവം പറയുന്നത് സ്വീകരിച്ചു ഏറ്റുപറയുന്നതാണ് വിശ്വാസം. ദൈവത്തോടുള്ള യോജിപ്പാണ് വിശ്വാസം. Faith is agreeing with God. നമ്മളുടെ ചിന്തകളും, വാക്കുകളും, പ്രവർത്തിയും ദൈവത്തോട് യോജിച്ചു നിൽക്കുന്നതാണ് വിശ്വാസം. നമ്മളുടെ ഭൌതീക സാഹചര്യത്തിന് ഉപരിയായും, വിഭിന്നമായും, ദൈവം സംസാരിക്കുന്നു എങ്കിൽ, ദൈവമാണ് ശരി എന്നു സമ്മതിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ്. നമ്മളുടെ വർത്തമാന സാഹചര്യത്തെക്കാൾ ദൈവം പറയുന്നതാണ് ശരി എന്നു സമ്മതിക്കുമ്പോൾ, നമ്മളുടെ എല്ലാ സംശയങ്ങളും, വിചാരങ്ങളും ദൈവത്തിന്റെ പദ്ധതിയ്ക്കായി കീഴ്പ്പെടുത്തുകയാണ്. നമ്മളുടെ രക്ഷയെക്കുറിച്ചും, നമ്മൾ ആരാണ്, ആരായിരിക്കേണം, ആരാകും എന്നതിനെക്കുറിച്ചും, നമ്മളുടെ ഭൌതീക സാഹചര്യങ്ങൾ എങ്ങനെ ആയിത്തീരും എന്നതിനെക്കുറിച്ചും ഉള്ള ദൈവീക പദ്ധതിയോട് യോജിക്കുന്നതാണ് വിശ്വാസം. നമ്മൾ ദൈവത്തോട് യോജിക്കുമ്പോൾ, അവനുമായി ഒരു സംയോജനത്തിൽ അല്ലെങ്കിൽ സമന്വയത്തിൽ ആകുന്നു.

 

ആമോസ് 3:3

രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?

 

അതിനാൽ ദൈവത്തോട് കൂടെ നടക്കുവാൻ അവനുമായി യോജിക്കേണ്ടതുണ്ട്. ദൈവവുമായി യോജിപ്പ് ഉണ്ടാകുമ്പോൾ അവിടെ ദൈവവുമായി സമന്വയം (synergy) ഉണ്ടാകുന്നു. ഇത് ആത്മ മണ്ഡലത്തിൽ അത്ഭുതങ്ങൾ സംഭവിപ്പിക്കുന്നു. നമ്മളുടെ ഭൌതീക ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതിന് ആത്മമണ്ഡലത്തിലെ പ്രവർത്തനങ്ങളെയാണ് നമ്മൾ മാറ്റിമറിക്കേണ്ടത്. എന്നാൽ, നമ്മളുടെ ജഡ ശരീരത്തിന് ആത്മമണ്ഡലത്തിൽ പ്രവേശനം ഇല്ല. അതിനാൽ അവിടെ എന്ത് സംഭവിക്കുന്നു എന്നു അറിയുവാൻ നമുക്ക് കഴിയുക ഇല്ല. നമ്മളുടെ ജഡത്തിന്റെ കണ്ണുകൾക്ക് കാണുവാനോ, ചെവികൾക്ക് കേൾക്കുവാനോ കഴിയുക ഇല്ല. ആത്മാവായ ദൈവത്തിന് മാത്രമേ ആത്മമണ്ഡലത്തിലെ സംഭവങ്ങളെ അറിയുവാനും, നിയന്ത്രിക്കുവാനും കഴിയുക ഉള്ളൂ. അതിനാൽ ആണ് നമ്മൾ ദൈവത്തോടെ യോജിച്ചു, അവൻ പറയുന്നത് എല്ലാം ഏറ്റു പറയുന്നത്. ദൈവം ആത്മമണ്ഡലത്തിലെ സംഭവങ്ങളെ കാണുകയും, കേൾക്കുകയും ചെയ്യുന്നു, അതിനാൽ അവൻ സകലത്തിനെയും നിയന്ത്രിക്കുന്നു.

 

കൊലൊസ്സ്യർ 1:16

സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

 

1 പത്രൊസ് 3:22

അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

 

അതിനാൽ അവൻ പറയുന്നത് ആണ് സത്യം. നമ്മൾ അവനോടു യോജിക്കുന്നു. ഈ യോജിപ്പാണ് വിശ്വാസം. ചില ഉദാഹരണങ്ങളിലൂടെ ഇത് മനസിലാക്കുവാൻ ശ്രമിക്കാം.


 
ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?

 

സൃഷ്ടിയ്ക്ക് ശേഷം ആദാമും ഹവ്വയും ഏകദേശം 100 വർഷങ്ങൾ ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു കാണും. ഈ കാലയളവിൽ അവർ പാപം ചെയ്തിരുന്നില്ല. അവർ ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു ജീവിക്കുക ആയിരുന്നു എന്നു കരുതാം (ഉൽപ്പത്തി 3:22, 24). അവർ ഒരിക്കൽപ്പോലും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം ഭക്ഷിക്കുകയോ, ആഗ്രഹിക്കുകയോ ചെയ്തില്ല. അത് ഭക്ഷിക്കരുതു എന്ന ദൈവീക കൽപ്പനയോട് അവർ സമന്വയിച്ചും സംയോജിച്ചും ജീവിച്ചു.

 

ഉൽപ്പത്തി 2:16-17

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.

 

അവർ ദൈവം പറഞ്ഞത് വിശ്വസിച്ചു. വിലക്കപ്പെട്ട ഈ ഫലം ഭക്ഷിച്ചാൽ മരിക്കും എന്നത് അവരുടെ അനുഭവം അല്ല, അവരുടെ പൂർവ്വികരുടെ അനുഭവവും അല്ല. മറ്റേതെങ്കിലും സ്വർഗ്ഗീയ ജീവികൾക്ക് അത്തരം ഒരു അനുഭവം ഉണ്ടായതായി കേട്ടു അറിവ് പോലും ഇല്ല. അത് അവരുടെ വിശ്വാസം ആയിരുന്നു, ദൈവം കൽപ്പിച്ചതിലുള്ള യോജയിപ്പും, വിശ്വാസവും അനുസരണവും ആണ്.

 

ഉൽപ്പത്തി 3 ആം അദ്ധ്യായത്തിൽ പിശാച് അവരെ പരീക്ഷിക്കുവാനായി വന്നപ്പോൾ അവൻ ചോദ്യം ചെയ്തത് ഈ വിശ്വാസത്തെയാണ്. ദൈവത്തോട് സമന്വയിക്കപ്പെട്ട ജീവിതത്തിൽ നിന്നും അവരെ അടർത്തുക എന്നതായിരുന്നു പിശാചിന്റെ ലക്ഷ്യം. അതായത് അവർക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടമാക്കുക. അതിനാൽ അവൻ ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” (ഉൽപ്പത്തി 3:1).

 

ഈ ചോദ്യത്തോടെ മനുഷ്യരുടെ ദൈവത്തോടുള്ള വിശ്വാസത്തിൽ വിള്ളൽ വീണു. അവർക്ക് ദൈവത്തോട് യോജിപ്പ് ഇല്ലാതെയായി. ദൈവം അവരിൽ നിന്നും എന്തോ മറച്ചു പിടിക്കുന്നു എന്നു അവർ സംശയിച്ചു. അത് “തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും” എന്ന അനുഭവം ദൈവം അവരിൽ നിന്നും മറച്ചുപിടിക്കുന്നു എന്നു പിശാച് പറഞ്ഞു (ഉൽപ്പത്തി 3:5). ആദാമും ഹവ്വയും ദൈവത്തോടുള്ള യോജിപ്പ് ഉപേക്ഷിച്ചു, പിശാചിനോടു യോജിച്ചു. അവർ ഇപ്പോൾ വിശ്വസിക്കുന്നത് പിശാചിന്റെ വാക്കുകൾ ആയി. അതിനാൽ അവർ പാപത്തിൽ വീണു.

 

ഭൌതീക മണ്ഡലത്തിൽ സംഭവിച്ചത്, ആദാമും ഹവ്വയും ഒരു വൃക്ഷത്തിന്റെ ഫലം തിന്നു എന്നതാണ്. അതിന് ശേഷം അവർക്ക് ലജ്ജ തോന്നി അവർ അത്തിയില കൊണ്ടു അരയാട ഉണ്ടാക്കി ഉടുത്തു. വൈകുന്നേരം ദൈവം അവരെ വിചാരണ ചെയ്യുകയും, അവർക്ക് ഒരു മൃഗത്തിന്റെ തോൽ കൊണ്ടുള്ള ഉടുപ്പ് ഉണ്ടാക്കി നല്കുകയും ചെയ്തു. ദൈവം ആദമിനെയും, ഹവ്വയേയും, പാമ്പിനെയും ശിക്ഷിച്ചു. മനുഷ്യരെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കി.

 

ഭൌതീക മണ്ഡലത്തിൽ ഇതെല്ലാം ആദാം, ഹവ്വ, പാമ്പ് എന്നിവരെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ ആണ്. എന്നാൽ ആത്മീയ മണ്ഡലത്തിൽ വളരെ വിശാലവും, നിത്യതയോളം നിലനിൽക്കുന്നതുമായ അനന്തര സംഭവങ്ങൾ ആണ് ഉണ്ടായത്. ആദാമിന്റെ വീഴ്ച കാരണം അവനും, അവന്റെ സകല സന്തതി പരമ്പരകളും ആയ എല്ലാ മനുഷ്യരും പാപത്താൽ സമ്പൂർണ്ണമായി മലിനമായി. അവർ നിത്യ മരണത്തിന് വിധിക്കപ്പെട്ടു. ആദാമും ഹവ്വയും ഉൾപ്പെടെ സകല മനുഷ്യരും, ഭാവിയിൽ ജനിക്കുവാനിരിക്കുന്ന മനുഷ്യർ ഉൾപ്പെടെ സകലരും, ദൈവത്തോട് മൽസരിക്കുന്നവർ ആയി. അവരുടെ എല്ലാ പ്രവർത്തികളും മലിനമായി. സ്വയം പാപത്തിന് ഒരു പരിഹാരം കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല. വിടുതലിന്റെ മാർഗ്ഗവും അവർക്ക് സ്വയം കണ്ടെത്തുവാൻ കഴിഞ്ഞില്ല.

 

അതിനാൽ ദൈവം അവർക്ക് വിടുതലിനായി രണ്ട് കാര്യങ്ങൾ ചെയ്തു. അവൻ പാമ്പിന്റെ തലയെ തകർക്കുന്ന ഒരു സന്തതിയെ വാഗ്ദത്തം ചെയ്തു. ദൈവം ഒരു മൃഗത്തെ കൊന്നു, അതിന്റെ രക്തം ഏദൻ തോട്ടത്തിൽ ഒഴിച്ച് കളഞ്ഞു, അതിന്റെ തോൽ കൊണ്ട് ഒരു ഉടുപ്പ് ഉണ്ടാക്കി ആദമിനെയും ഹവ്വയേയും ഉടുപ്പിച്ചു. അതേ സമയം ആത്മമണ്ഡലത്തിൽ മനുഷ്യരുടെ രക്ഷയ്ക്കായി സ്വയം യാഗമായി തീരേണ്ടുന്ന ഒരു യാഗമൃഗം ഒരുക്കപ്പെട്ടു. അവൻ യേശുക്രിസ്തു എന്ന യാഗമൃഗം ആയിരുന്നു.

 

ഭൌതീക മണ്ഡലത്തിൽ പരിമിതമായ അളവിൽ സംഭവിച്ചത് ആത്മ മണ്ഡലത്തിൽ വിശാലവും ഭയങ്കരവും, നിത്യവുമായി സംഭവിക്കുന്നു. കാരണം എല്ലാ സത്യങ്ങളും സമാന്തരം ആണ്. ഭൌതീക മണ്ഡലത്തിൽ സംഭവിക്കുന്നതിന് സമാന്തരമായ സംഭവങ്ങൾ ആത്മമണ്ഡലത്തിൽ സംഭവിക്കുന്നു.

 

ഏദനിൽ സംഭവിച്ചതിന്റെ ബദൽ അനേകം വർഷങ്ങൾക്ക് ശേഷം യഹൂദാ മരുഭൂമിയിൽ സംഭവിക്കുന്നുണ്ട്. സ്നാനം സ്വീകരിച്ചതിന് ശേഷം യേശുക്രിസ്തു മരുഭൂമിയിലെക്ക് പോയി (മത്തായി 4:1-11, മർക്കോസ് 1;12-13, ലൂക്കോസ് 4:1-13). അവിടെ അവൻ 40 ദിവസം ഉപവസിച്ചു. അതിന് ശേഷം പിശാച് അവനെ മൂന്ന് പ്രാവശ്യം, മൂന്ന് രീതികളിൽ പരീക്ഷിച്ചു. എന്നാൽ യേശു ക്രിസ്തു ഒരു കാര്യത്തിലും പിശാചിനോടു യോജിച്ചില്ല. അവൻ പിശാചിന്റെ ചിന്തകളെ സ്വീകരിച്ചില്ല. ദൈവ വചനം ഉപയോഗിച്ചു അവൻ പിശാചിനെ എതിർത്തു. അവൻ ദൈവത്തോടും ദൈവ വചനത്തോടും ചേർന്നു നിൽക്കുന്നു എന്നു വ്യക്തമാക്കി. യേശുക്രിസ്തു പിശാചിന്റെ പരീക്ഷകളെ ജയിച്ചു.

 

ആത്മ മണ്ഡലത്തിൽ സംഭവിച്ചത് ഇതിലും ഭയങ്കരവും വിശാലവുമായ കാര്യമാണ്. ഏദൻ തോട്ടത്തിൽ വച്ച് പിശാചിന് ആദാമിനെ തോൽപ്പിക്കുവാൻ കഴിഞ്ഞു എങ്കിൽ, മരുഭൂമിയിൽ യേശുക്രിസ്തു പിശാചിനെ തോൽപ്പിച്ചു. മാനവ ചരിത്രത്തിൽ ആദ്യമായി, പിശാചിനോടു എതിർത്തു നിൽക്കുന്ന, ദൈവത്തോട് ചേർന്നു നിൽക്കുന്ന ഒരു മനുഷ്യൻ ഉണ്ടായി. ആദാമിന്റെ വീഴ്ചയെ യേശു തിരുത്തി. മനുഷ്യരുടെ വിടുതലിന്റെ കാഹള ധ്വനിയാണ്, മരുഭൂമിയിൽ പിശാചിനെതിരെയുള്ള യേശുക്രിസ്തുവിന്റെ ഓരോ വാക്കുകളും.  മരുഭൂമിയിലെ സംഭവങ്ങൾ പിശാചിന്റെമേൽ ജയോൽസവം കൊണ്ടാടുന്നതിന്റെ ആരംഭം ആയിരുന്നു. യുദ്ധത്തിലെ ജയത്തിന്റെ ആരംഭം ആയിരുന്നു പിശാചിന്റെ പരീക്ഷയിലുള്ള ക്രിസ്തുവിന്റെ ജയം.

 

നമ്മൾ ആരോട് യോജിച്ചു നിൽക്കുന്നുവോ, അവനിൽ ആണ് വിശ്വസിക്കുന്നത്. കാരണം യോജിച്ചു നിൽക്കുന്നതാണ് വിശ്വാസം. നമ്മൾ ലോകത്തോട് യോജിച്ചു നിൽക്കുന്നു എങ്കിൽ, നമ്മളുടെ വിശ്വാസം ഈ ലോക ക്രമത്തിൽ ആണ്. നമ്മൾ പിശാചിനോടു യോജിക്കുന്നു എങ്കിൽ, നമ്മളുടെ വിശ്വാസം അവനിൽ ആണ്. നമ്മൾ ദൈവത്തോട് യോജിച്ചും, സമന്വയിക്കപ്പെട്ടും, സംയോജിച്ചും ജീവിക്കുമ്പോൾ, നമ്മളുടെ വിശ്വാസം ദൈവത്തിൽ ആണ്. ദൈവത്തോടുള്ള യോജിപ്പാണ് വിശ്വാസം. Faith is agreeing with God.

 

അബ്രാഹാമിന്റെ വിശ്വാസം

 

അബ്രാഹാമിന്റെ ജീവിതം ദൈവത്തോട് യോജിച്ചു നിൽക്കുന്നതിന്റെ മഹത്തായ ഒരു ഉദാഹരണം ആണ്. അബ്രാഹാമിന്റെ ജീവിതത്തിൽ അവൻ ദൈവത്തോട് യോജിച്ചു നിന്നപ്പോൾ, ആത്മമണ്ഡലത്തിൽ എന്തെല്ലാം സംഭവിച്ചു എന്നാണ് നമ്മൾ ഇവിടെ ചിന്തിക്കുന്നത്. അതിനാൽ പഴയനിയമത്തിലെ ചരിത്രം ആവശ്യമുള്ളപ്പോൾ പരാമർശിക്കുന്നുണ്ട് എങ്കിലും പ്രധാനമായും നമ്മൾ ഉപയോഗിക്കുന്നത് പുതിയനിയമത്തിൽ വെളിപ്പെടുന്ന ആത്മീയ മർമ്മം ആണ്. കാരണം എല്ലാ സത്യങ്ങളും സമാന്തരം ആണ്. അത് ഭൌതീക മണ്ഡലത്തിലും, ആത്മമണ്ഡലത്തിലും സംഭവിക്കുന്നു. ആത്മമണ്ഡലത്തിലെ സത്യം ആണ് യഥാർത്ഥ സത്യം.

 

അബ്രാഹാമിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ചരിത്രം നമ്മൾ ഉൽപ്പത്തി 11:26 മുതൽ ഉൽപ്പത്തി 25:10 വരെയുള്ള 15 അദ്ധ്യായങ്ങളിലായി വായിക്കുന്നു. ഇത് അബ്രാഹാമിന്റെ ജീവിതത്തിലെ 100 വർഷങ്ങൾ ആണ്. ഉൽപ്പത്തി 11 ൽ നമ്മൾ അബ്രാഹാമിനെ ആദ്യമായി കാണുമ്പോൾ അവന് 75 വയസ്സു പ്രായം ആയിരുന്നു. അവൻ മരിക്കുമ്പോൾ അവന് 175 വയസ്സ് പ്രായം ഉണ്ടായിരുന്നു.

 

ഉൽപ്പത്തി 11:26

തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.

 

ഉൽപ്പത്തി 12:4

യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു.

 

ഉൽപ്പത്തി 25:7

അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.

 

ഉൽപ്പത്തി 11:26 ആം വാക്യത്തിൽ “തേരഹിന് എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.” ഇത് തെരഹിന്റെ 70 ആം വയസ്സിൽ അബ്രാം, നാഹോർ, ഹാരാൻ എന്നീ മൂന്ന് പുത്രന്മാർ ജനിച്ചു എന്നല്ല. 70 വയസ്സ് കഴിഞ്ഞു ഇവർ മൂന്ന് പേരും ജനിച്ചു. തേരഹ് ഹാരാൻ എന്ന പട്ടണത്തിൽ വച്ചാണ് മരിക്കുന്നതു. അപ്പോൾ അവന് 205 വയസ് പ്രായം ആയിരുന്നു.  “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.” (ഉൽപ്പത്തി 11:32). ദൈവം അബ്രാഹാമിനെ വിളിക്കുന്നതും, അബ്രാഹാം കനാൻ ദേശത്തിലേക്ക് യാത്ര തിരിക്കുന്നതും 75 ആം വയസ്സിൽ ആണ്. അപ്പോൾ അബ്രാഹാം ഹാരാനിൽ ആയിരുന്നു. അതായത് തേരഹിന്റെ 130 ആം വയസിൽ ആണ് അബ്രാഹാം ജനിക്കുന്നത്. (130+75=205).

 

പുതിയ നിയമത്തിലെ ആദ്യ രക്തസാക്ഷിയായ സ്തെഫാനോസ് യെരൂശലേമിലെ ന്യായധിപസംഘത്തോട് പറയുന്ന അബ്രാഹാമിന്റെ ജീവചരിത്ര വിവരണം ഇങ്ങനെയാണ്:

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:2-4

സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

 

സ്തെഫാനോസിന്റെ വിവരണം അനുസരിച്ചു,

 

1.       അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:2). ദൈവം അബ്രാഹാമിനെ ആദ്യമായി വിളിക്കുന്നത് ഊർ എന്ന പട്ടണത്തിൽ അവൻ പിതാവിനോടോത്ത് താമസിക്കുമ്പോൾ ആണ്. മെസൊപ്പൊത്താമ്യ ദേശത്തെ ഒരു സമ്പന്ന പട്ടണം ആയിരുന്നു ഊർ. ഹാരാൻ പട്ടണവും വിശാലമായ മെസൊപ്പൊത്താമ്യ പ്രദേശത്ത് തന്നെ ആയിരുന്നു.

2.     “നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു” ദൈവം അബ്രാഹാമിനോടു കൽപ്പിച്ചു. (7:3).

3.     “അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. (7:3).

4.     അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു (ഹാരാൻ) നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ (കനാൻ ദേശം) കൊണ്ടുവന്നു പാർപ്പിച്ചു. (7:4).

 

എന്നാൽ ഉൽപ്പത്തി 11:31-32, ഉൽപ്പത്തി 12:1-4, എന്നീ വാക്യങ്ങളിലെ വിവരണത്തിന് അൽപ്പം വ്യത്യാസം ഉണ്ട്.

 

ഉൽപ്പത്തി 11:31-32

തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻവരെ വന്ന് അവിടെ പാർത്തു. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.

 

ഉൽപ്പത്തി 12:1-4

യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു.

 

ഇതിനെ നമ്മൾ മനസ്സിലാക്കേണ്ടുന്നത് ഇങ്ങനെയാണ്: അബ്രാഹാം മെസൊപ്പൊത്താമ്യയിലെ ഊർ എന്ന പട്ടണത്തിൽ അവന്റെ പിതാവ് തേരഹ്, സഹോദരൻ നാഹോർ, ഹാരാൻ എന്ന സഹോദരന്റെ പുത്രനായ ലോത്ത് എന്നിവരുമായി താമസിച്ചുകൊണ്ടിരിക്കെ ദൈവം അവന് ആദ്യമായി പ്രത്യക്ഷനായി (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:2). അപ്പോൾ  ദൈവം “ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു” അബ്രാഹാമിനോടു കൽപ്പിച്ചു. (7:3). അങ്ങനെ അബ്രാഹാം, പിതാവായ തേരഹ്, സഹോദര പുത്രനായ ലോത്ത്, അബ്രാഹാമിന്റെ ഭാര്യ സാറാ, എന്നിവരുമൊത്ത് കനാൻ ദേശത്തേക്ക് യാത്ര തിരിച്ചു (ഉൽപ്പത്തി 11;32). അപ്പോൾ അബ്രാഹാമിന്റെ പിതാവ് ജീവിച്ചിരുന്നു എന്നതിനാൽ, തേരഹ് ന്റെ നേതൃത്വത്തിൽ “കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു” എന്നു ഉൽപ്പത്തി 11:31 ൽ രേഖപ്പെടുത്തിയിരിക്കുന്നു. വഴിമദ്ധ്യേ അവർ ഹാരാൻ എന്ന മറ്റൊരു പട്ടണത്തിൽ വന്നു അവിടെ പാർത്തു. അവർ കനാൻ ദേശത്തേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടാണ് ഇവിട താമസിച്ചത് എന്നു വേദപുസ്തകം പറയുന്നില്ല. ഇത് ഒരു പക്ഷെ അൽപ്പകാലത്തേക്കുള്ള ഒരു താമസം ആയിരിക്കാം.

 

ദൈവം ആദ്യമായി അബ്രഹാമിന് പ്രത്യക്ഷനായി അവനെ കനാൻ ദേശത്തിലേക്ക് പോകുവാനായി വിളിച്ചത് ഊർ എന്ന പട്ടണത്തിൽ വച്ചായിരുന്നു എന്നു സ്തെഫാനോസ് മാത്രമല്ല പറയുന്നത്. പഴയനിയമത്തിൽ ഉൽപ്പത്തി 15:7 ലും, നെഹെമ്യാവു 9:7 ലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

 

ഉൽപ്പത്തി 15:7

പിന്നെ അവനോട്: ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്ന് അരുളിച്ചെയ്തു.

 

നെഹെമ്യാവു 9:7

അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.

 

തേരഹ് ന്റെ മരണത്തിന് ശേഷം, ദൈവം അബ്രഹാമിന് വീണ്ടും പ്രത്യക്ഷനായി (ഉൽപ്പത്തി 12:1, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:4). “ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.” എന്നു ദൈവം വീണ്ടും അരുളിച്ചെയ്തു. അവർ ഊർ എന്ന പട്ടണത്തിൽ നിന്നും യാത്ര തിരിച്ചത് കനാൻ ദേശത്തേക്ക് പോകുവാനാണ് (ഉൽപ്പത്തി 11:31). “കാണിപ്പാനിരിക്കുന്ന ദേശത്തേക്കു” എന്നത് അവൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദേശം എന്നാണ് അർത്ഥം. അബ്രഹാമിന് യാത്രയുടെ ലക്ഷ്യത്തേക്കുറിച്ച് അറിവില്ലായിരുന്നു എന്നല്ല അർത്ഥം. ലക്ഷ്യം ഏതാണ് എന്നു അവന് ബോധ്യം ഉണ്ടായിരുന്നു. എന്നാൽ അത് അവൻ ഇന്നേവരെ കണ്ടിട്ടില്ലായിരുന്നു. കനാൻ ദേശത്ത് അവൻ ഇന്നേവരെ പോയിട്ടില്ല. അത് എവിടെ എന്നും അവന് അറിവുണ്ടായിരുന്നില്ല (എബ്രായർ 11:8). അതിനെക്കുറിച്ച് ദൈവം പറഞ്ഞത് മാത്രമേ അവന് അറിവ് ഉണ്ടായിരുന്നുള്ളൂ. ഈ മർമ്മം എബ്രായർ 11:9-10 വാക്യങ്ങൾ വ്യാഖ്യാനിക്കുമ്പോൾ പ്രധാനമാണ്.

 

ദൈവം കനാൻ ദേശം അവകാശമായി വാഗ്ദത്തം ചെയ്തു. ആ ദേശത്തേക്ക് യാത്ര പുറപ്പെടുവാൻ കൽപ്പിച്ചു. അബ്രാഹാം ദൈവത്തിന്റെ വാഗ്ദത്തത്തോട് യോജിച്ചു, അതിനെ അംഗീകരിച്ചു. ദൈവം വാഗ്ദത്തത്തിൽ ആവശ്യപ്പെട്ടിരുന്നത് പോലെ അബ്രാഹാം യാത്ര പുറപ്പെട്ടു. അനുസരണം അവൻ ദൈവീക ആലോചന അംഗീകരിച്ചു എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യം ആയിരുന്നു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:2 ൽ അബ്രാഹാം ഊർ എന്ന പട്ടണത്തിൽ താമസിക്കുമ്പോൾ തന്നെ “തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി” എന്നാണ് സ്തെഫാനോസ് പറയുന്നത്. ഉൽപ്പത്തി 12:12 ൽ പറയുന്നത്, “യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ”. അതായത്, അബ്രാഹാം ഊർ എന്ന പട്ടണത്തിൽ ആയിരിക്കുമ്പോൾ ദൈവം അവന് തേജസിൽ പ്രത്യക്ഷനായി. ഹാരാനിൽ വച്ച് അബ്രഹാമിന് ദൈവത്തിന്റെ അരുളപ്പാടു രണ്ടാമതും ലഭിച്ചു. ഇവിടെ ദൈവം പ്രത്യക്ഷനായതായി പറയുന്നില്ല.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:5

അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.

 

അബ്രാഹാം കനാൻ ദേശത്ത് എത്തി അവിടെ താമസിച്ചു. എന്നാൽ ദേശത്തിൽ “ഒരു കാലടി നിലംപോലും” ദൈവം അവന് അവകാശം കൊടുത്തില്ല. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:5). അബ്രഹാമിന് സന്തതി ഇല്ലാതിരുന്ന അവസ്ഥയിൽ, അവനും, അവന്റെ ശേഷം അവന്റെ സന്തതിക്കും കനാൻ ദേശം കൈവശമായി നല്കും എന്നു അവനോടു വാഗ്ദത്തം ചെയ്തു. അബ്രാഹാം ദൈവം അരുളിച്ചെയ്തതിൽ വിശ്വസിച്ചു. അതിന്റെ സാധ്യതകളോ, അവസരങ്ങളോ അവൻ നോക്കിയില്ല. ദേശം കൈവശമാക്കുവാൻ അബ്രാഹാം തന്ത്രങ്ങൾ മെനഞ്ഞില്ല. ദേശം പിടിച്ചെടുക്കുവാൻ അവൻ യുദ്ധങ്ങൾ ചെയ്തില്ല. അങ്ങനെ ചെയ്യുവാൻ ദൈവം അവനോടു പറഞ്ഞില്ല.

 

എബ്രായർ 11:9-10

വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

 

അബ്രാഹാം മാത്രമല്ല, അവന്റെ പുത്രനായ യിസ്ഹാക്കും, പൌത്രനായ യാക്കോബും, കനാൻ ദേശത്തിലെ ഒരു കാലടി പോലും കൈവശമാക്കിയില്ല. അവർ വാഗ്ദത്ത ദേശത്ത് പരദേശികളെപ്പോലെ പാർത്തു. കാരണം, ദൈവത്തിന്റെ വാഗ്ദത്തം യഥാർത്ഥത്തിൽ ഈ ഭൂമിയിലെ ഒരു ദേശം അല്ല, അത് ഒരു സ്വർഗ്ഗീയ ദേശമാണ് എന്ന കാഴ്ചപ്പാട് അവർക്ക് ലഭിച്ചിരുന്നു. അതിനാൽ വാഗ്ദത്ത ദേശത്ത് എത്തി എങ്കിലും, “വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.” (എബ്രായർ 11:9-10). അതായത് ഭൌതീക മണ്ഡലത്തിലെ നിവർത്തിയല്ല സത്യം എന്നും ആത്മമണ്ഡലത്തിലെ നിവർത്തിയാണ് യഥാർത്ഥ സത്യം എന്നും അബ്രാഹാമും, യിസ്ഹാക്കും, യാക്കോബും ഗ്രഹിച്ചു. അവർ ആത്മമണ്ഡലത്തിലെ നിവർത്തിക്കായി കാത്തിരുന്നു.

 

റോമർ 4 ആം അദ്ധ്യായത്തിൽ അബ്രാഹാമിന്റെ വിശ്വാസത്തേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:   

 

റോമർ 4:19-22

അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു. അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.

 

19 ആം വാക്യത്തിൽ അബ്രാഹാമിന്റെ അപ്പോഴുള്ള ഭൌതീക അവസ്ഥയാണ് വിവരിക്കപ്പെടുന്നത്. 20, 21 വാക്യങ്ങളിൽ, ഭൌതീക സാഹചര്യം പ്രതീക്ഷ നൽകുന്നില്ല എങ്കിലും അബ്രാഹാം ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു. അതായത്, അവൻ ഭൌതീക സാഹചര്യത്തോട് യോജിച്ചു നിലക്കാതെ, ദൈവത്തിന്റെ അരുളപ്പാടുകളോട് യോജിച്ചു നിന്നു. 22 ആം വാക്യത്തിൽ, അബ്രാഹാമിന്റെ തിരഞ്ഞെടുപ്പിന്റെ ആത്മീയവും ഭൌതീകവും ആയ ഫലം എന്തായിരുന്നു എന്നു പറയുന്നു. അവന്റെ വിശ്വാസം അവന് നീതീയായി കണക്കിട്ടു. അവന് ഭൌതീക തലത്തിൽ ഒരു വാഗ്ദത്ത സന്തതിയെ ലഭിച്ചു. അതേ വിശ്വാസത്താൽ അവൻ ആത്മീയമായി ദൈവ സന്നിധിയിൽ നീതീകരണം ലഭിച്ചു,

 

എബ്രായർ 11:11-12

വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.

 

എബ്രായർ 11:11 ആം വാക്യം പറയുന്നത്, അബ്രാഹാം വാഗ്ദത്തം ചെയ്ത ദൈവം വിശ്വസ്തൻ എന്നു എണ്ണി. ദൈവത്തിന്റെ വിശ്വസ്തതയിലായിരുന്നു അബ്രാഹാമിന്റെ ആശ്രയം. ദൈവത്തിന്റെ വിശ്വസ്തതയാൽ അവൻ അബ്രഹാമിന് വാഗ്ദത്തങ്ങൾ നല്കി. അബ്രാഹാം ദൈവത്തിന്റെ വാഗ്ദത്തത്തോട് യോജിച്ചു, അംഗീകരിച്ചു പ്രവർത്തിച്ചു.

 

അബ്രാഹാമിന്റെ വിശ്വാസത്തിന്റെ പാരമ്യം നമ്മൾ കാണുന്നത് ഉൽപ്പത്തി 22 ൽ ആണ്. വിശ്വാസത്തിന്റെ നിർവചനം രൂപീകരിക്കേണ്ടത് ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കേണം.   

 

ഉൽപ്പത്തി 22:1-2

അതിന്റെശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്: ഞാനിതാ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു.

 

ഉൽപ്പത്തി 21 ൽ ഹാഗാറും, അവളുടെ മകൻ യിശ്മായേലും, അബ്രാഹാമിനോട് വേർപ്പെട്ട് പാരാൻ മരുഭൂമിയിലേക്ക് പോയി. ശേഷിച്ച അബ്രാഹാമിന്റെ കുടുംബത്തിൽ 4 പേരുടെ പേരുകൾ വേദപുസ്തകത്തിൽ എടുത്തു പറയുന്നുണ്ട്. അവർ, അബ്രാഹാം, സാറാ, യിസ്ഹാക്ക്, അബ്രാഹാമിന്റെ ദാസനായ എല്യേസർ എന്നിവർ ആയിരുന്നു. സാറായുടെ മരണത്തിന് ശേഷം അബ്രാഹാം ഭാര്യയായി സ്വീകരിച്ച കെതൂറാ അവന്റെ വെപ്പാട്ടി ആയിരുന്നു (ഉൽപ്പത്തി 25:1, 6).

 

എല്യേസർ, അബ്രാഹാമിന്റെ വീട്ടിലെ പ്രത്യേക പദവിയുള്ള ദാസൻ ആയിരുന്നു. അവൻ, അബ്രാഹാമിന്റെ “വീട്ടിൽ ജനിച്ച ദാസൻ” ആയിരുന്നു (ഉൽപ്പത്തി 15:3). അവൻ, അബ്രാഹാമിന്റെ വീട്ടിൽ ദാസന്മാരുടെ ഇടയിലെ മൂപ്പനും, അബ്രഹാമിന് ഉള്ളതിനൊക്കെയും വിചാരകനുമായ ദാസൻ ആയിരുന്നു (ഉൽപ്പത്തി 24:2). അതിനാൽ, യിസ്ഹാക്ക് ജനിച്ചില്ലായിരുന്നു എങ്കിൽ അവൻ അബ്രാഹാമിന്റെ സകല സ്വത്തിനും അവകാശി ആകുമായിരുന്നു (ഉൽപ്പത്തി 15:2).

 

ഉൽപ്പത്തി 22 ൽ ദൈവം അബ്രാഹാമിന്റെ വിശ്വാസത്തെ പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു. മോറിയാ ദേശത്തെ ഒരു മലയിൽ യിസ്ഹാക്കിനെ ഹോമയാഗം കഴിക്കുവാൻ ദൈവം അവനോടു അരുളിച്ചെയ്തു. എബ്രായ ലേഖനത്തിൽ ഈ സംഭവം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

എബ്രായർ 11:17-19

വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

 

എബ്രായർ 11:17 ലെ “പരീക്ഷ” എന്നതിന്റെ ഗ്രീക്ക് പദം “പരാഡ്സൊ” എന്നാണ് (peirazō, pi-rad'-zo). ഈ വാക്കിന്റെ അർത്ഥം, ഒരു കാര്യം ചെയ്യുവാൻ കഴിയുമോ എന്നു പരീക്ഷിക്കുക, ഒരുവന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതിനായി പരീക്ഷിക്കുക, അല്ലെങ്കിൽ ഒരുവൻ എങ്ങനെ ചിന്തിക്കും, എങ്ങനെ പെരുമാറും എന്നിങ്ങനെ കണ്ടെത്തുന്നതിനായി അവനെ പരീക്ഷിക്കുക, എന്നിങ്ങനെയാണ് (to try whether a thing can be done; to test for the purpose of ascertaining his quality, or what he thinks, or how he will behave himself). അതായത് ദൈവം അതികഠിനമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ അതിനോട് അബ്രാഹാം എങ്ങനെ പ്രതികരിക്കും എന്നു അറിയുവാനായി, ദൈവം അവനെ പരീക്ഷിച്ചു. ഇതിലൂടെ അബ്രാഹാമിന്റെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഗുണനിലവാരം വെളിപ്പെടും.

 

എബ്രായർ 11:17 ൽ പറയുന്നത്, അബ്രാഹാം പരീക്ഷിക്കപ്പെട്ടപ്പോൾ അവൻ ദൈവത്തോട് യോജിച്ചു നിന്നു, വിശ്വാസത്താൽ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. ഇത് ഉൽപ്പത്തിയിലെ വിവരണത്തിൽ നിന്നും അൽപ്പം വിഭിന്നം ആണ്. ഉൽപ്പത്തിയിൽ അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ തയ്യാറായി,പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു.” (ഉൽപ്പത്തി 22:10). അബ്രാഹാം കത്തി എടുത്തത് അവന്റെ മകനെ കൊല്ലുക, അങ്ങനെ യാഗം അർപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. അവൻ ഇതിൽ പതറിയില്ല, കാരണം ദൈവം പറഞ്ഞതിനോട് അവൻ പൂർണ്ണമായും യോജിച്ചു നിന്നു. എന്നാൽ, ഉൽപ്പത്തി 22 ലെ വിവരണം അനുസരിച്ചു, അബ്രാഹാം യിസ്ഹാക്കിനെ കൊല്ലുവാൻ കത്തി എടുത്തു എങ്കിലും, ഉടൻ യഹോവയുടെ ദൂതൻ അവനെ അതിൽ നിന്നും വിലക്കി.

 

ഉൽപ്പത്തി 22:10-12

പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു. ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു.

 

എന്നാൽ എബ്രായ ലേഖനം ഈ സംഭവത്തിന്റെ മർമ്മികമായ പൊരുൾ വെളിപ്പെടുത്തുന്നു, “വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.” (എബ്രായർ 11:17). ഇതാണ് ആത്മമണ്ഡലത്തിൽ രേഖപ്പെടുത്തിയ സംഭവം.  

 

ദൈവം യിസ്ഹാക്കിനെ യാഗം അർപ്പിക്കുവാൻ ആവശ്യപ്പെട്ടത്തിനെക്കുറിച്ച് അബ്രാഹാം അവന്റെ വീട്ടിലെ മറ്റുള്ളവരോട് പറഞ്ഞില്ല. അവന്റെ ഭാര്യയോടോ, മകനോടോ, ദാസനോടോ പറഞ്ഞില്ല. അവൻ തന്നെ യാഗത്തിനുള്ള വിറകു കീറി, അത് കഴുതപ്പുറത്തു വച്ചു, യാത്രയായി.

 

ഉൽപ്പത്തി 22:3

അബ്രാഹാം അതികാലത്ത് എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടു പേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.

 

കൂട്ടത്തിൽ അബ്രാഹാം ചില വേലക്കാരെ കൂടെ കൊണ്ടുപോയിരുന്നു. അത് വഴിമദ്ധ്യേ വേണ്ട സഹായത്തിനായിരുന്നു. അവരോട് യാത്രയുടെ ലക്ഷ്യം എന്തെന്നു അബ്രാഹാം പറഞ്ഞില്ല. യാഗം കഴിക്കേണ്ടുന്ന മലയിലേക്ക് അവരെ കൂട്ടികൊണ്ടു പോയില്ല.

 

ഉൽപ്പത്തി 22:4-5

മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. അബ്രാഹാം ബാല്യക്കാരോട്: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞു.

 

എന്തുകൊണ്ട് അബ്രാഹാം അവന്റെ വീടിലെ മറ്റുള്ളവരോട് ഇതിനെക്കുറിച്ച് പറഞ്ഞില്ല? അബ്രാഹാമിന്റെ വീട്ടിലെ, പേരെടുത്തു പറഞ്ഞിരിക്കുന്ന 4 അംഗങ്ങൾ ആണ് അബ്രാഹാം, സാറാ, യിസ്ഹാക്ക്, എല്യേസർ എന്നിവർ. എന്നാൽ ദൈവം പരീക്ഷിച്ചത് അബ്രാഹാമിന്റെ വിശ്വാസത്തെയാണ്, മറ്റുള്ളവരുടെ വിശ്വാസം പരീക്ഷിക്കപ്പെട്ടില്ല. ദൈവം വാഗ്ദത്തം ഉറപ്പിക്കുവാൻ പോകുന്നത് അബ്രാഹാമുമായിട്ടാണ്. ഇതൊരു തികച്ചും വ്യക്തിപരമായ പരീക്ഷ ആയിരുന്നു. മറ്റാർക്കും ഇതിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. അബ്രാഹാം ഇതിനെക്കുറിച്ച് മറ്റുള്ളവരോടുകൂടെ പറഞ്ഞാൽ, ഈ പരീക്ഷയുടെ എല്ലാ ഗുണവും ഇല്ലാതെയാകും, അതൊരു പരീക്ഷ അല്ലാതെയാകും. അതിനാൽ അത് അബ്രാഹാം തന്നെ സ്വീകരിക്കുകയും, അവന്റെ ദൈവത്തിലുള്ള വിശ്വാസം തെളിയിക്കുകയും വേണം.

 

ഇനി ഇത് അൽപ്പം വിശദമായി ചിന്തിക്കാം. വിശ്വാസം തികച്ചും വ്യക്തിപരവും, അത് വ്യക്തിപരമായി തന്നെ തെളിയിക്കേണ്ടതും ആണ്. വിശ്വാസം ഏകനായി ദൈവത്തോട് കൂടെ നടക്കുന്നതാണ്. ദൈവം നമ്മളോട് കൂടെ നടക്കുവാൻ ആഗ്രഹിക്കുമ്പോൾ, അവൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ എല്ലാം, അവനോടു കൂടെ യോജിച്ചു നടക്കുന്നതാണ് വിശ്വാസം. വിശ്വാസം കൂട്ടത്തിൽ പാടുന്ന പാട്ടല്ല, ദൈവവുമായി ചേർന്നു, കൂട്ടത്തെ വിട്ടു, നടക്കുന്നതാണ്. ആമോസ് 3:3 ൽ പറയുന്നത് അനുസരിച്ചു ദൈവത്തോട് യോജിക്കാതെ അവനോടു ചേർന്നു നടക്കുവാൻ സാദ്ധ്യമല്ല.  

 

ആമോസ് 3:3

രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?

 

ദൈവത്തോട് കൂടെ നടക്കുക എന്നാൽ, ദൈവം നമ്മളോടുകൂടെ നടക്കുക എന്നാണ് എങ്കിലും, അത് ദൈവത്തിന്റെ ഹിതപ്രകാരം നടക്കുക എന്നാണ്.

 

ഉൽപ്പത്തി 5:24

ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

 

ഹാനോക്ക് ദൈവത്തോടു കൂടെ നടന്നു എന്നു പറഞ്ഞാൽ, ദൈവം ഹാനോക്കിനോട് കൂടെ നടന്നു എന്നാണ് അർത്ഥം. അങ്ങനെ ദൈവം ഒരു മനുഷ്യനോടു കൂടെ നടക്കേണം എങ്കിൽ, അവന്റെ വഴികൾ എപ്പോഴും വിശുദ്ധനായ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ ഉൾക്കൊള്ളുവാൻ കഴിയുന്നത് ആയിരിക്കേണം. ഹാനോക്കിന്റെ ജീവിതം ദൈവത്തിന്റെ ഹിതത്തിന് യോജ്യം ആയിരുന്നതിനാൽ, “അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.” (എബ്രായർ 11:5). 

 

എബ്രായർ 11:5

വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.

 

ചില ചോദ്യങ്ങൾ

 

യിസ്ഹാക്കിനെ ഹോമയാഗം കഴിക്കേണം എന്ന ദൈവ ശബ്ദം അബ്രാഹാം കേട്ടു. അവൻ ദൈവത്തോട് യോജിച്ചു. എന്നാൽ ഇവിടെ ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അത് അബ്രാഹാം എങ്ങനെ മറികടന്നു എന്നതാണ് അവന്റെ ദൈവത്തോടുള്ള യോജിപ്പിന്റെ സവിശേഷത.

 

യഹോവയായ ദൈവത്തെക്കുറിച്ചു അബ്രഹാമിന് അറിവുള്ളടത്തോളം, അവൻ ഇന്നേവരെ മനുഷ്യരെ യാഗം കഴിക്കുവാൻ കൽപ്പിച്ചിട്ടില്ല. എന്നാൽ ജാതീയ ദേവന്മാർക്ക് ശിശുക്കളെയും മനുഷ്യരെയും യാഗം കഴിക്കുന്ന രീതി ഉണ്ട്. യഹോവയായ ഏക സത്യ ദൈവം ശിശുക്കളെയോ, മനുഷ്യരെയോ യാഗം അർപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ, ഇപ്പോൾ അബ്രാഹാം കേട്ട ശബ്ദം ദൈവത്തിൽ നിന്നുതന്നെ പുറപ്പെട്ടത് ആണോ? അത് ദൈവീക അരുളപ്പാടു ആണോ?

 

യിസ്ഹാക്ക്, ദൈവത്തിന്റെ വാഗ്ദത്ത പ്രകാരം ജനിച്ച സന്തതിയാണ്. അവൻ ഏക സന്തതിയാണ്. അവനിൽ ആണ് സകല വാഗ്ദത്തങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൽപ്പന ഉൽപ്പത്തി 22:2 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

 

ഉൽപ്പത്തി 22:2

അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു.

 

“നിന്റെ മകനെ, നീ സ്നേഹിക്കുന്ന” മകനെ എന്നത് സ്വാഭാവികമായ മനുഷ്യ ബന്ധം മാത്രം ആണ്. അത് പരീക്ഷയുടെ കാരണമോ, മൂല്യമോ, ഫലമോ അല്ല. “നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ” എന്നതിൽ ദൈവവും അബ്രാഹാമും ഉദ്ദേശിക്കുന്നതും മനസ്സിലാക്കിയതുമായ ചില മർമ്മങ്ങൾ ഉണ്ട്.

 

ഒന്ന്, ദൈവം യിശ്മായേലിനെ അബ്രാഹാമിന്റെ മകനായി ഇവിടെ കണക്കാക്കുന്നില്ല. അതിനാൽ യിസ്ഹാക്കിനെ “നിന്റെ ഏകജാതനായ” എന്നു വിളിക്കുന്നു. രണ്ട്, യിസ്ഹാക്ക് ഏകജാതൻ ആണ്. മറ്റൊരു മകൻ അബ്രഹാമിന് അപ്പോൾ ഇല്ല, ഭാവിയിലും വാഗ്ദത്തം ഇല്ല. മൂന്ന്, യിസ്ഹാക്കിൽ ആണ് എല്ലാ ദൈവീക വാഗ്ദത്തങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ യിസ്ഹാക്കിന്റെ മരണം വാഗ്ദത്തങ്ങളുടെ അവസാനം ആകാം.

 

ഉൽപ്പത്തി 17:19

അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.

 

ഉൽപ്പത്തി 17:21

എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു.

 

യിസ്ഹാക്ക് എന്ന ദൈവീക വാഗ്ദത്തങ്ങളുടെ നിവർത്തിയുടെ പ്രത്യാശയിലാണ് അബ്രാഹാം ജീവിക്കുന്നത്. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് ദൈവീക വാഗ്ദത്തം (എബ്രായർ 11:. ഇപ്പോൾ യിസ്ഹാക്കിനെ കൊല്ലുക എന്നാൽ, ദൈവീക വാഗ്ദത്തങ്ങൾ നിവർത്തിക്കപ്പെടുവാൻ അവന് ഒരു സന്തതി ഇല്ലാതെയാകും. യിസ്ഹാക്കിനെ “ഹോമയാഗം കഴിക്ക” എന്നാണ് ദൈവീക അരുളപ്പാടു. ഹോമയാഗത്തിൽ, യാഗ മൃഗം കൊല്ലപ്പെടും, അതിന്റെ മാസം തീയിൽ ചുട്ടു ചാരം ആകും (ലേവ്യപുസ്തകം 1:1-9). യാഗത്തിന് ശേഷം ചാരം അല്ലാതെ യാതൊന്നും ശേഷിക്കുക ഇല്ല. ഈ അവസ്ഥ എബ്രായർ 11:17-19 വരെയുള്ള വാക്യത്തിൽ വ്യക്തമാക്കുന്നുണ്ട്.  

 

എബ്രായർ 11:17-19

വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

 

യിസ്ഹാക്കിന്റെ മരണം സംഭവിച്ചാൽ എല്ലാ വാഗ്ദത്തങ്ങളും അർത്ഥശൂന്യമാകും. അതിനാൽ ദൈവം യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ കൽപ്പിക്കുവാനുള്ള സാദ്ധ്യത ഇല്ല. യിസ്ഹാക്കിനെ ഹോമയാഗം കഴിക്ക എന്ന അരുളപ്പാടു ദൈവത്തിൽ നിന്നാകുവാൻ സാദ്ധ്യതയില്ല. ദൈവം യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ പറഞ്ഞത് അബ്രാഹാമിന്റെ ഒരു തോന്നൽ മാത്രമാണ്. അത് ദൈവ ശബ്ദം ആയിരിക്കുവാൻ സാധ്യതയില്ല. 

 

ഇതെല്ലാം അബ്രാഹാമിന്റെ മനസ്സിൽ ഉയർന്നു വന്ന ചിന്തകൾ ആയിരിക്കാം. അബ്രാഹാം ഈ വിവരം മറ്റുള്ളവരോട് പറഞ്ഞാൽ, അവരും ഉന്നയിച്ചേക്കാവുന്ന തർക്കങ്ങൾ ഇതെല്ലാം ആയിരിക്കാം. എന്നാൽ അബ്രാഹാം ദൈവത്തോട് ചേർന്നു നിൽക്കുവാൻ തീരുമാനിച്ചു. അവന്റെ വിശ്വാസം അവൻ ബന്ധിപ്പിച്ചത് ഒരു പ്രത്യാശയിൽ ആണ്.

 

എബ്രായർ 11:19

മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

 

അബ്രാഹാമിന്റെ മനസ്സിലെ ചിന്തകൾ ശരിയായേക്കാം. യിസ്ഹാക്ക് കൊല്ലപ്പെട്ടേക്കാം, അവന്റെ ശരീരം ഹോമയാഗമായി തീർന്നു, അവൻ ഒരു പിടി ചാരം മാത്രമായി അവശേഷിച്ചേക്കാം. എന്നാൽ ദൈവീക വാഗ്ദത്തം അവന്റെ മേലുണ്ട്. അത് നിവർത്തിക്കപ്പെടാതെ ഇരിക്കുകയില്ല. അതിനാൽ അവൻ ചാരത്തിൽ നിന്നും തിരികെ ജീവനിലേക്ക് വരും. യാഗം കഴികേണ്ടി വരുകയില്ല എന്നല്ല അബ്രാഹാം പ്രതീക്ഷിച്ചത്. യാഗം കഴിക്കും, യിസ്ഹാക്ക് കൊല്ലപ്പെടും, എന്നാൽ ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്നും എഴുന്നേൽപ്പിക്കും. അവനിൽ വാഗ്ദത്തങ്ങൾ എല്ലാം നിവർത്തിക്കപ്പെടും. ഇതായിരുന്നു അബ്രാഹാമിന്റെ വിശ്വാസം. അതിനാൽ അവൻ ദൈവത്തിന്റെ അരുളപ്പാടിനെ പൂർണ്ണമായും സ്വീകരിച്ചു, ദൈവത്തോട് യോജിച്ചു നിന്നു. ഈ മർമ്മം ആണ് എബ്രായർ 11:19 ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

എബ്രായർ 11:19

മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

 

അബ്രാഹാം യിസ്ഹാക്കിനെ കൊല്ലുവാൻ കത്തി എടുത്തു എങ്കിലും, യഹോവയുടെ ദൂതൻ അവനെ തടഞ്ഞു. സമീപത്തായി ദൈവം ഒരുക്കിയ ഒരു ആട്ടുകൊറ്റനെ അബ്രാഹാം കണ്ടു. അവൻ ആട്ടുകൊറ്റനെ ഹോമയാഗം കഴിച്ചു. യിസ്ഹാക്കിനോടൊപ്പം അബ്രാഹാം തിരികെ വീട്ടിലേക്ക് പോയി.  

 

ഉൽപ്പത്തി 22:13

അബ്രാഹാം തല പൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു.

 

ആത്മീയ മർമ്മം

 

അബ്രാഹാമിന്റെ ജീവിതത്തിലെ സംഭവങ്ങളെ രണ്ട് തലത്തിൽ സംഭവിക്കുന്നതായി നമ്മൾ കാണേണം. അതായത് ഈ യാത്രയെ നമ്മൾ മനസ്സിലാക്കേണ്ടത് മൂന്ന് വേദഭാഗങ്ങളിലൂടെ ലഭിക്കുന്ന വിവരണത്തിലൂടെയാണ്. ഉൽപ്പത്തി 11:31-12:5; അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:2-5; എബ്രായർ 11:8-10.  

 

അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി (ഉൽപ്പത്തി 12:1, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:2). നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു ദൈവം അരുളിച്ചെയ്തു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:3). അവിടെ, അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ കനാൻ ദേശത്ത് കൊണ്ടുവന്നു പാർപ്പിച്ചു (ഉൽപ്പത്തി 12:4-5, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:4). അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:5). എന്നാൽ കനാൻ ദേശത്ത് അവന് ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:5). അതിനാൽ, അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ കൂടാരങ്ങളിൽ താമസിച്ചു. അവന്റെ മകനായ യിസ്ഹാക്കും, കൊച്ചുമകനായ യാക്കോബും, കനാൻ ദേശത്ത് കൂടാരങ്ങളിൽ താമസിച്ചു. അവർ “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.” (എബ്രായർ 11:10).

 

എബ്രായർ 11:8-10 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്നതാണ് ഈ സംഭവത്തിന് പിന്നിൽ ആത്മമണ്ഡലത്തിൽ സംഭവിച്ച കാര്യം. അബ്രാഹാം അവൻ അപ്പോൾ ജീവിച്ചിരുന്ന ദേശത്തെ ഉപേക്ഷിച്ചു, ദൈവം വാഗ്ദത്തം ചെയ്ത ദേശം കൈവശമാക്കുവാനായി യാത്ര പുറപ്പെട്ടു. അവൻ ഒരു ഭൌതീക ദേശത്ത് എത്തി എങ്കിലും, അതല്ല യഥാർത്ഥ വാഗ്ദത്തം എന്നു ഗ്രഹിച്ചു. ഭൌതീക ദേശത്തെ യുദ്ധം ചെയ്തു കൈവശമാക്കുവാൻ ദൈവം അവനോടു പറഞ്ഞില്ല. അതിനാൽ അവൻ അങ്ങനെ ചെയ്തില്ല. ഒരു കാലടി നിലം പോലും അവന് അവകാശമായി ലഭിച്ചില്ല. അവനും അവന്റെ മകനായ യിസ്ഹാക്കും, അവന്റെ കൊച്ചുമകനായ യാക്കോബും അവിടെ യുദ്ധം ചെയ്തു ദേശം പിടിച്ചടക്കിയില്ല. അവർ താൽക്കാലിക താമസത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കൂടാരങ്ങളിൽ താമസിച്ചു. ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ ഒരു നഗരമാണ് യഥാർത്ഥ വാഗ്ദത്തം എന്നു അവർ തിരിച്ചറിഞ്ഞു. അവർ അതിനായി കാത്തിരുന്നു.    

 

ഈ യാത്രയുടെ ആത്മീയ മർമ്മത്തിന്റെ പാരമ്യം, യിസ്ഹാക്കിന്റെ യാഗം ആണ്. അവൻ സകല മനുഷ്യരിലേക്കും അനുഗ്രഹങ്ങൾ എത്തിക്കുവാനുള്ള വാഗ്ദത്ത സന്തതിയാണ്. എന്നാൽ അവൻ യാഗമായി അർപ്പിക്കപ്പെടേണം. അവൻ യാഗമായി അർപ്പിക്കപ്പെടുവാനായി ദൈവം ഒരുക്കിയ കുഞ്ഞാടു ആയിരിക്കേണം. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്ത് വരേണം. ഇത് ദൈവം ആദമിനോടും ഹവ്വയോടും വാഗ്ദത്തം ചെയ്ത സന്തതിയുടെ നിഴൽ ആണ്. സ്ത്രീയുടെ സന്തതി സാത്താൻ എന്ന പാമ്പിന്റെ തലയെ തകർക്കും. അവൻ സകല മനുഷ്യരെയും പിശാചിന്റെയും, പാപത്തിന്റെയും, മരണത്തിന്റെയും അടിമത്തത്തിൽ നിന്നും എന്നന്നേക്കുമായി വിടുവിക്കും.

 

ഈ ദൈവീക പദ്ധതിയുടെ നിവർത്തിക്കായി ആണ് ദൈവം അബ്രാഹാമിനെ വിളിച്ചത്. ഈ പദ്ധതിയ്ക്കായാണ് വാഗ്ദത്തങ്ങൾ നല്കിയത്. ഈ വിടുതലാണ് യഥാർത്ഥ വാഗ്ദത്തം. അബ്രാഹാമിന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം ഇതിന്റെ നിഴൽ ആയിരുന്നു. ഇതോടെ ആത്മമണ്ഡലത്തിൽ ഒരു വലിയ വിടുതലിന്റെ പദ്ധതി ആരംഭിക്കപ്പെട്ടു. അത് ദൈവം ഒരുക്കിയ ക്രിസ്തു എന്ന കുഞ്ഞാടിന്റെ യാഗത്തിൽ സമ്പൂർണ്ണമായി നിവർത്തിക്കപ്പെട്ടു.

 

കോറം ഡെയോ

 

അബ്രാഹാം ദൈവത്തോട് അവൻ അരുളിച്ചെയ്തതിലൊക്കെയും യോജിച്ചു, സമന്വയപ്പെട്ട്, സംയോജിച്ച് ജീവിച്ചു. ദൈവം പറഞ്ഞത് അവൻ ഏറ്റുപറഞ്ഞു. ഇതാണ് അബ്രാഹാമിന്റെ വിശ്വാസം. എല്ലാ സത്യങ്ങളും സമാന്തരമായി സംഭവിക്കുന്നു എന്നതിനാൽ, അബ്രാഹാമിന്റെ വിശ്വാസത്തിന് ആത്മമണ്ഡലത്തിൽ ചലനങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞു. അബ്രാഹാമിന്റെ വിശ്വാസം അവന് നീതിക്ക് കാരണമായി കണക്കിട്ടു.

 

ഉൽപ്പത്തി 15:6

അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.

 

വിശ്വാസം അവന് മാത്രമല്ല, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന സകല മനുഷ്യർക്കും നീതിക്ക് കാരണമായി ഇന്നും കണക്കിടപ്പെടുന്നു.

 

റോമർ 4:16

അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.

 

റോമർ 4:22-25

അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു. അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.

 

നമ്മൾ ദൈവത്തോട് സമന്വയപ്പെട്ടും സംയോജയിച്ചും, അവൻ അരുളിചെയ്യുന്നത് ഏറ്റുപറഞ്ഞും ജീവിക്കുമ്പോൾ, ആത്മമണ്ഡലത്തിൽ എത്ര വലിയ മാറ്റങ്ങൾ ആണ് അത് ഉണ്ടാക്കുന്നത് എന്നതിന് അബ്രാഹാമിന്റെ ജീവിതം നല്ല ഉദാഹരണം ആണ്. കാരണം എല്ലാ സത്യങ്ങളും സമാന്തരം ആണ്.

 



No comments:

Post a Comment