യേശുക്രിസ്തുവിന്റെ ഉപമകളില്‍ പ്രശസ്തമായ ഒരു ഉപമായാണ് വീടുപണിത രണ്ട് മനുഷ്യരുടെ കഥ. ഇതില്‍ ഒരുവന് പാറമേല്‍ വീട് പണിത ബുദ്ധിയുള്ള മനുഷ്യന് ആയിരുന്നു. രണ്ടാമന് മണലിന്മേല് ആണ് വീട് പണിതത്. ഈ ഉപമ മത്തായി 7: 24-27 വരെയുള്ള വാക്യങ്ങളിലും ലൂക്കോസ് 6: 47-49 വരെയുള്ള വാക്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. ഇത് രണ്ടും വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ പറഞ്ഞതാണ്. ഉപമയുടെ വിവരണത്തിലെ വാക്കുകളില്‍ നേരിയ വ്യത്യാസം ഉണ്ട്.
മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളെ യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണം എന്നാണ് വിളിക്കുന്നത്. ലൂക്കോസിന്റെ 6: 20-49 വരെയുള്ള വാക്യങ്ങളെ സമതലത്തിലെ പ്രഭാഷണം എന്നാണ് വിളിക്കുന്നത്. ഇതില്‍ ദൈര്‍ഘ്യമേറിയ പ്രഭാഷണം മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം ആണ്. രണ്ടു പ്രഭാഷണങ്ങളും അവസാനിക്കുന്നത് വീട് പണിത രണ്ടു മനുഷ്യരുടെ ഉപമ പറഞ്ഞുകൊണ്ടാണ്. മത്തായിയും ലൂക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഉപമകളെ ഒരുമിച്ച് കൂട്ടി വായിച്ചാലേ ശരിയായ ഒരു ചിത്രം നമുക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ മത്തായിയുടെ വിവരണവും ലൂക്കോസിന്റെ വിവരണവും നമ്മള് ഇടകലര്‍ത്തി വായിക്കുകയാണ്.
മത്തായിയില്‍ യേശു ഉപമ ആരംഭിക്കുന്നത്, “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഒരുവനെ ബുദ്ധിയുള്ളവന് എന്ന് വിളിച്ചുകൊണ്ടാണ് ഉപമ ആരംഭിക്കുന്നത്. രണ്ടാമന് ബുദ്ധിയില്ലാത്തവന് ആയിരുന്നു എന്ന് യേശു പറഞ്ഞില്ല. ലൂക്കോസ് ആരെയും ബുദ്ധിമാന് എന്നോ ബുദ്ധിഹീനന് എന്നോ വിളിക്കുന്നില്ല. എങ്കിലും യേശു ഒരുവനെക്കുറിച്ച് ബുദ്ധിയുള്ളവന് എന്ന് പറഞ്ഞിരിക്കകൊണ്ടും പിന്നീട് രണ്ടാമന്റെ വീടിന് സംഭവിച്ച ക്ഷതം കൊണ്ടും രണ്ടാമനെ ബുദ്ധിയില്ലാത്തവന് എന്ന് നമുക്ക് വിളിക്കാം. ഇത് അവരെ തിരിച്ചറിയുവാന്‍ നമ്മളെ സഹായിക്കും.