“നല്ല മനുഷ്യർ” എന്നു നമ്മൾ വിളിക്കുന്ന അനേകർ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുണ്ട്. നല്ല മനുഷ്യർ എന്നു നമ്മൾ വിശേഷിപ്പിക്കുന്ന ചിലർ ഇപ്പോൾ നമ്മളുടെ ഇടയിൽ ജീവിക്കുന്നുണ്ട്. എന്നാൽ ഇവർ ആരും “നല്ല മനുഷ്യർ” എന്ന വിളിക്ക് പൂർണ്ണമായും യോഗ്യർ അല്ല എന്നും നമുക്ക് അറിയാം. നമ്മൾ “നല്ല മനുഷ്യർ” എന്നു വിളിക്കുന്നവർ മറ്റുള്ളവരെക്കാൾ നല്ലവരാണ് എന്നോ, ചില നല്ല വശങ്ങൾ അവരിൽ ഉണ്ട് എന്നോ മാത്രമേ നമ്മൾ അർത്ഥമാക്കുന്നുള്ളൂ. എല്ലാ മനുഷ്യർക്കും ചില കുറവുകൾ ഉണ്ട്, മനുഷ്യർ ആരും എല്ലാം തികഞ്ഞവർ അല്ല, എന്നിങ്ങനെയാണ് ഇതിന് കാരണമായി നമ്മൾ പറയുന്നത്. അതായത് മനുഷ്യർ എന്നത് കുറവുകൾ, വിവിധ അളവുകളിൽ ഉള്ളവർ ആണ് എന്നത് നമ്മൾ അംഗീകരിച്ചിരിക്കുന്ന ഒരു യാഥാർത്ഥ്യം ആണ്.
നല്ലവരായി ജീവിക്കുവാൻ ആവശ്യമായ അനേകം സാഹചര്യങ്ങൾ നമുക്ക്
ചുറ്റും ഉണ്ട്. രാജ്യങ്ങളുടെ നിയമങ്ങൾ നല്ലവരായി ജീവിക്കുവാൻ നമ്മളെ
നിർബന്ധിക്കുന്നവ ആണ്. സാമൂഹിക നിയമങ്ങൾ നമ്മളിലെ ദുഷ്ടതയെയും അധാർമ്മികതയെയും
നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു. മതങ്ങൾ ധർമ്മിക ജീവിതം നയിക്കുവാൻ നമ്മളെ
സഹായിക്കുന്നു. നമ്മളുടെ മനസാക്ഷി നല്ലവർ ആയി ജീവിക്കുവാൻ പ്രേരിപ്പിക്കുന്നു.
എന്നിട്ടും നമ്മൾ ആരും പരിപ്പൂർണ്ണരായി നല്ലവർ ആകുന്നില്ല.
“പരിപൂർണ്ണ മനുഷ്യൻ” എന്ന ആശയവും അതിനായുള്ള ദാർശനികമായ അന്വേഷണവും
യവന തത്വചിന്തകളിൽ കാണാം. ഇൻഡ്യൻ ഇതിഹാസങ്ങളിലും സമ്പൂർണ്ണനായ മനുഷ്യനെ തേടുന്ന
മാർഗ്ഗം ഉണ്ട്. ക്രിസ്തീയ വിശ്വാസ പ്രമാണം
മനുഷ്യരിൽ ആരും കുറവുകൾ ഇല്ലാത്തവരല്ല എന്നു പഠിപ്പിക്കുന്നു.
ഉൽപ്പത്തി 8:21
മനുഷ്യന്റെ
മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു;
മർക്കോസ് 10:18
ദൈവം ഒരുവൻ
അല്ലാതെ നല്ലവൻ ആരുമില്ല.
റോമർ 3:10-12
നീതിമാൻ
ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ
അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ
കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
സഭാപ്രസംഗി 7:20
പാപം ചെയ്യാതെ
നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
പാപം ചെയ്യാതെ, സമ്പൂർണ്ണമായും നല്ലവരായി
ജീവിക്കുക എന്നത് മനുഷ്യരുടെ ആഗ്രഹമാണ്. അതിനായി ആണ് അവൻ സാമൂഹിക നിയമങ്ങൾ
രൂപപ്പെടുത്തിയതും, അനുസരിക്കുന്നതും. പാപത്തിനും
ദുഷ്ടതയ്ക്കും കാരണം ഈ ലോകം ആണ് എന്ന ചിന്ത എല്ലാ ജനസമൂഹങ്ങളിലും ഉണ്ട്. അതിനാൽ,
ഭാരതീയ പാരമ്പര്യത്തിൽ, ദുഷ്ടതയിൽ നിന്നും
അകന്ന് ജീവിക്കുവാനായി, ഈ ലോകത്തെ പരിത്യജിച്ച്, ഹിമാലയ
പർവ്വതത്തിന്റെ കൊടുമുടികളിലോ, വനാന്തരത്തിലോ ഏകാന്ത
ജീവിതവും ധ്യാനവും അനുഷ്ഠിക്കുക എന്ന മാർഗ്ഗം ഉണ്ട്. ചില ക്രൈസ്തവ സഭാ
വിഭാഗങ്ങളിലും സമാനമായ സന്യാസ ജീവിതം ഉപദേശിക്കുന്നത് കാണാം. ലോകം ആത്മീയ
ജീവിതത്തിന് ശത്രു ആണ് എന്ന ചിന്ത ക്രിസ്തീയ വിശ്വാസത്തിൽ പൊതുവേ ഉണ്ട്. അതായത്
നമുക്ക് നല്ലവരായി ജീവിക്കുവാനുള്ള തടസ്സം ഈ ലോക ക്രമം ആണ് എന്നു മനുഷ്യർ പൊതുവേ
കണ്ടെത്തിയിട്ടുണ്ട്.
എന്താണ്
“നല്ലത്”?
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിന് മുമ്പേ മറ്റൊരു
ചോദ്യത്തിനുള്ള ഉത്തരം നമ്മൾ ആദ്യമേ കണ്ടെത്തേണ്ടത് ഉണ്ട്. എന്താണ് “നല്ലത്”? “നല്ല മനുഷ്യൻ” എന്നതിനെ നമ്മൾ എങ്ങനെ നിർവചിക്കും? “നന്മ”
എന്നതിന്റെ അടിസ്ഥാന മൂല്യം എന്താണ്?
ഒരു അടിസ്ഥാന മൂല്യം അല്ലെങ്കിൽ അളവുകോൽ ഇല്ലാതെ നന്മ, പാപം,
വിശുദ്ധി, സൌന്ദര്യം, സ്നേഹം,
എന്നിങ്ങനെയുള്ള അമൂർത്തമായ കാര്യങ്ങളെ നിർവചിക്കുവാനോ, നിശ്ചയിക്കുവാനോ കഴിയില്ല. നമ്മളുടെ മനസ്സിൽ ഇതിനെല്ലാം ഒരു അടിസ്ഥാന
മൂല്യം ഉണ്ട്. ഈ മൂല്യവുമായി താര്യതമ്യപ്പെടുത്തുമ്പോൾ ആണ് ചിലത് ദുഷ്ടതയും,
അശുദ്ധവും, വികൃതവും ആകുന്നത്.
ഏതാണ് അല്ലെങ്കിൽ എന്താണ് ഈ അടിസ്ഥാന മൂല്യം? ഈ
മൂല്യം നമുക്ക് എവിടെ നിന്നു കിട്ടി. ഇതിനുള്ള ഉത്തരമാണ് യേശുക്രിസ്തു പറയുന്നത്:
ലൂക്കോസ് 18:19
ദൈവം ഒരുവനല്ലാതെ
നല്ലവൻ ആരും ഇല്ല.
യാക്കോബ് 1:17
എല്ലാ നല്ല
ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു
ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
ലേവ്യപുസ്തകം
19:2
നീ
യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന
ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.
വിശുദ്ധിയുടെ അടിസ്ഥാന മൂല്യം ദൈവം ആണ്, ദൈവത്തിന്റെ
വിശുദ്ധിയാണ്. സമ്പൂർണ്ണമായ നല്ലത്, പരിപ്പൂർണ്ണ നന്മ എന്നത്
ദൈവത്തിന്റെ സവിശേഷതയാണ്. പൂർണ്ണമായ നല്ല മനുഷ്യരാകുക എന്നത് ദൈവത്തിന്റെ
വിശുദ്ധിയുടെ നിലവാരത്തിലേക്ക് ഉയരുക എന്നതാണ്. ഈ ചിന്ത യവന തത്വചിന്തകളിൽ
ഉണ്ടായിരുന്നു. പരിപൂർണ്ണമനുഷ്യൻ ദൈവമാകും എന്നു അവർ കരുതി. യവന ദാർശനികർക്ക്
അങ്ങനെ ഒരു മനുഷ്യനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. എന്നാൽ ഇങ്ങനെ, ദൈവത്തിന്റെ വിശുദ്ധിയോടെ, സമ്പൂർണ്ണനായ ഒരു മനുഷ്യൻ
ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നു സുവിശേഷ ഗ്രന്ഥകർത്താവായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അവൻ യേശുക്രിസ്തു ആയിരുന്നു.
യോഹന്നാൻ 1:14
വചനം ജഡമായി
തീർന്നു,
കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ
തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
“ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” എന്നു യേശുക്രിസ്തു
അരുളിച്ചെയ്തിട്ടുണ്ട് (ലൂക്കോസ് 18:19). ഇതിന്റെ അർത്ഥം നല്ലവരായി, വിശുദ്ധിയോടെ
ജീവിക്കുക എന്ന ലക്ഷ്യം നമ്മൾ ഉപേക്ഷിക്കേണം എന്നാണോ? ഒരിക്കലും
അല്ല. ദൈവത്തിലുള്ള ഭക്തിയോടെ ജീവിക്കുവാൻ ഏത് മനുഷ്യനും കഴിയും. അതിന്
ആവശ്യമുള്ളതെല്ലാം ദൈവം മനുഷ്യന് നല്കിയിട്ടുണ്ട്.
2 പത്രൊസ് 1:3
തന്റെ
മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി
ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.
എന്നിട്ടും എന്തുകൊണ്ടാണ് സമ്പൂർണ്ണമായും നല്ലവരായി
ജീവിക്കുവാൻ മനുഷ്യന് കഴിയാത്തത്. നമ്മൾ എത്ര ശ്രമിച്ചാലും, എത്ര
സൂക്ഷ്മതയോടെ ജീവിച്ചാലും, നല്ലവരായി ജീവിക്കുവാൻ കഴിയാത്തത്
എന്തുകൊണ്ടാണ്? ഇതിനുള്ള ഉത്തരം ആണ് ഈ പഠനത്തിൽ
വിശദീകരിക്കുന്നത്.
മനുഷ്യർക്ക് ആർക്കും നല്ലവരായി ജീവിക്കുവാൻ കഴിയുന്നില്ല
എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എല്ലാവരും തിന്മയായത് പ്രവർത്തിക്കുന്നു എന്നാണ്.
നന്മ എന്നത് ദൈവത്തിന്റെ വിശുദ്ധിയാണ് എന്നതിനാൽ തിന്മ എന്നത് ദൈവത്തിന്റെ
വിശുദ്ധിയ്ക്കു വിരുദ്ധമായ പ്രവർത്തികൾ ആണ്. ഇത്തരം പ്രവർത്തികളെ ദൈവശാസ്ത്രം പാപം
എന്നു വിളിക്കുന്നു. ലോകത്തിൽ നിലനിന്നിട്ടുള്ളതും ഇന്നും നിലനിൽന്നതുമായ എല്ലാ
മതങ്ങളും ഈ സത്യം അംഗീകരിക്കുകയും പാപം എന്ന ആശയം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
പാപം എന്നത് ദൈവീക വിശുദ്ധിയുടെ ലംഘനം ആണ്, അത് ദൈവ പ്രമാണങ്ങളുടെ
ലംഘനം ആണ്. ദൈവപ്രമാണം മനുഷ്യന്റെ മനസാക്ഷിയിലും, ദൈവീക
അരുളപ്പാടുകളിലൂടെയും ദൈവം മനുഷ്യരോട് വിനിമയം ചെയ്തിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസത്തിൽ, ദൈവത്തിന്റെ വിശുദ്ധിയുടെ
പ്രമാണം പഴയനിയമത്തിലെ ന്യായപ്രമാണങ്ങളിലും, പുതിയനിയമത്തിൽ
യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിലും, മറ്റ് ഉപദേശങ്ങളിലും,
അപ്പൊസ്തലന്മാരുടെ ഉപദേശങ്ങളിലും കാണാം. ഈ പ്രമാണങ്ങളുടെയും
ഉപദേശങ്ങളുടെയും സത്ത ദൈവീക വിശുദ്ധിയാണ്. ഇവയുടെ ലംഘനം പാപം ആണ്.
ഈ പ്രമാണങ്ങൾ എല്ലാം വളരെ ലളിതമായി, സുഗ്രാഹ്യമായ
രീതിയിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് മനുഷ്യനും ഇത് പ്രാപ്യവും, അനുസരിക്കുവാൻ സാധ്യവും ആണ്. എന്നിരുന്നാലും, ഒരു
മനുഷ്യനും ഇവയെല്ലാം അനുസരിച്ചു ജീവിക്കുന്നില്ല. അതിനാൽ അവൻ പാപം ചെയ്തുകൊണ്ട്
ജീവിക്കുന്നു. ഒരു മനുഷ്യനും സമ്പൂർണ്ണമായി നല്ലവൻ ആകുന്നില്ല.
ആദ്യ
പ്രമാണ ലംഘനം
ഇതിന്റെ കാരണം നമ്മൾ അന്വേഷിക്കുമ്പോൾ നമ്മൾ പുറകോട്ടു
സഞ്ചരിച്ചു, മനുഷ്യന്റെ ആദ്യ പ്രമാണ ലംഘനത്തിന്റെ കഥയിലേക്ക് പോകേണ്ടിവരും.
മനുഷ്യ വംശത്തെ മുഴുവൻ മാറ്റിമറിച്ച ഈ സംഭവം ഉണ്ടായത് സൃഷ്ടിയുടെ ആദ്യ നാളുകളിൽ
ആണ്. വേദപുസ്തകത്തിലെ വിവരണം അനുസരിച്ചു, ദൈവം ഈ
പ്രപഞ്ചത്തെയും അതിലുള്ള സകലത്തിനെയും ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു. ആറാം ദിവസം
ആണ്, സൃഷ്ടിയുടെ പാരമ്യത്തിൽ, മറ്റ്
സകല സൃഷ്ടികളുടെയും അധിപനായി, ദൈവം മനുഷ്യനെ ആണും പെണ്ണുമായി
സൃഷ്ടിക്കുന്നത്.
ഉൽപ്പത്തി 1:27
ഇങ്ങനെ ദൈവം
തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ
അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
ദൈവം ആദാമിനെയും ഹവ്വയേയും സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ
ആക്കിയപ്പോൾ അവർ നഗ്നർ ആയിരുന്നു എന്നും എന്നാൽ അവർക്ക് നഗ്നത തോന്നിയില്ല എന്നും
വേദപുസ്തകം പറയുന്നു. ഇതിന് പാപത്തിന്റെ അനന്തര ഫലവുമായി ബന്ധം ഉണ്ട്.
ഉൽപ്പത്തി 2:25
മനുഷ്യനും
ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
എന്തുകൊണ്ടാണ് മനുഷ്യർ നഗ്നർ ആയിരുന്നിട്ടും അവർക്ക് നഗ്നത
തോന്നാതിരുന്നത് എന്നു വ്യക്തമായി നമുക്ക് അറിഞ്ഞുകൂടാ. അരാമ്യ ഭാഷയിലുള്ള
പഴയനിയമത്തിന്റെ പരിഭാഷയും വ്യാഖ്യാനവും ആണ് “താർഗം” എന്നു അറിയപ്പെടുന്നത് (Targum). ഇതിൽ ആദ്യ മനുഷ്യർ “മഹത്വമായ വസ്ത്രത്താലും”, “വെളിച്ചത്തിന്റെ
ഉടുപ്പിനാലും” മൂടപ്പെട്ടിരുന്നു എന്നും
അതിനാൽ അവർക്ക് നഗ്നത അനുഭവപ്പെട്ടില്ല എന്നും പറയുന്നുണ്ട് (garments of
glory, garments of light, Targum Neofiti, Pseudo-Jonathan, Fragmentary Targum).
നിർദ്ദോഷത്വവും കളങ്കമില്ലാത്ത അവസ്ഥയും അവർ നഗ്നർ ആണെന്ന ബോധ്യം
ഉണ്ടാക്കിയില്ല എന്നും വ്യാഖ്യാനം ഉണ്ട്. ആദാമിനെയും ഹവ്വയേയും ദൈവീക തേജസ്സ്
മൂടിയിരുന്നു എന്നും വാദം ഉണ്ട്. ഇതിനെ പിന്താങ്ങുവാനായി റോമർ 3:23 ആം വാക്യം
ഉദ്ധരിക്കാറുണ്ട്.
റോമർ 3:23
ഒരു
വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു
ഇല്ലാത്തവരായിത്തീർന്നു,
ഈ വാക്യം ആദാമും ഹവ്വയും പാപത്തിൽ വീഴുന്നതിന് മുമ്പ് ദൈവ
തേജസ്സ്കൊണ്ട് അവരുടെ നഗ്നത മറച്ചിരുന്നു എന്നു പറയുന്നില്ല. പാപം കാരണം മനുഷ്യർ
ദൈവ തേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നുമാത്രമേ പറയുന്നുള്ളൂ. ഇവിടെ പറയുന്ന
“ഇല്ലാത്തവരായിത്തീർന്നു” എന്നത് ഇംഗ്ലീഷിൽ “fall short of” എന്നാണ് (for
all have sinned and fall short of the glory of God,-ESV). ഇതിന്റെ
അർത്ഥം “ഇല്ലാത്തവരായിത്തീർന്നു” എന്നല്ല. പാപം കാരണം ദൈവത്തിന്റെ വിശുദ്ധിയുടെയും
മഹത്വത്തിന്റെയും ദൈവതേജസ്സിന്റെയും ഉന്നത നിലവാരത്തിലേക്ക് ഉയരുവാൻ കഴിയാത്തവരായി
മനുഷ്യർ തകർന്നു. “ഇല്ലാത്തവരായി” (fall short) എന്നതിന്റെ
ഗ്രീക്ക് വാക്ക്, “ഹൂസ്റ്റെറെഒ” എന്നാണ് (hystereō,
hoos-ter-eh'-o). ഈ വാക്കിന്റെ അർത്ഥം, പിന്നിൽ
ആകുക, കുറവ് ഉള്ളവൻ ആയിരിക്കുക (behind, lack) എന്നിങ്ങനെയാണ്. ഓട്ടത്തിന് പിന്നിൽ ആയിപ്പോയതിനാൽ ലക്ഷ്യത്തിലെത്തുവാൻ
കഴിയാതിരിക്കുന്ന അവസ്ഥയെയും സമാനമായ അവസ്ഥകളെയും ആണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.
(to be left behind in the race and so fail to reach the goal,). അതായത് ദൈവീക തേജസ്സും മഹത്വവും സമ്പൂർണ്ണമായി പ്രാപിക്കുവാൻ മനുഷ്യന്
അവന്റെ പ്രവർത്തികളാൽ സാദ്ധ്യമല്ല എന്നാണ് അപ്പൊസ്തലനായ പൌലൊസ് ഇവിടെ പറയുന്നത്. ഈ
പരാജയത്തിന്റെ കാരണം പാപം ആണ്. അതിനാൽ, റോമർ 3:23 നെ നമ്മൾ ഇങ്ങനെയാണ് വായിക്കേണത്,
‘ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു
പ്രവർത്തികളാൽ ദൈവതേജസ്സു പ്രാപിക്കുവാൻ കഴിയാത്തവരായി തീർന്നു.’ റോമർ 3:24 കൂടി
വായിച്ചാലെ ഈ വാക്യത്തിന്റെ അർത്ഥം വ്യക്തമാകൂ.
റോമർ 3:24
അവന്റെ കൃപയാൽ
ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
മനുഷ്യരുടെ പ്രവർത്തികളാൽ അസാധ്യമായത് ദൈവത്തിന്റെ കൃപയാൽ, ക്രിസ്തുയേശുവിങ്കലെ
വീണ്ടെടുപ്പുമൂലം സൌജന്യമായി ലഭിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നവർ എല്ലാവരും
നീതീകരിക്കപ്പെടുന്നു.
അതിനാൽ ഈ വാക്യം ആദാമും ഹവ്വയും വസ്ത്രം എന്നതുപോലെ ദൈവീക
തേജസ്സിനാൽ മൂടപ്പെട്ടിരുന്നു എന്നു പറയുന്നില്ല.
കൽപ്പന
ലംഘനം
മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം, ദൈവം അവർക്ക് ഒരു
കൽപ്പന കൊടുത്തു. ഈ കൽപ്പനയ്ക്ക് ഒരു ഉടമ്പടിയുടെ സ്വഭാവം ഉണ്ടായിരുന്നു. ഇതിൽ
മനുഷ്യർ അനുസരിക്കേണ്ടുന്ന ഒരു ഭാഗവും, അനുസരണക്കേടിന്റെ
ശിക്ഷയും, അനുസരണത്തിന്റെ പ്രതിഫലവും ഉണ്ട്.
ഉൽപ്പത്തി 2:9
കാൺമാൻ
ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ
ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം
നിലത്തുനിന്നു മുളപ്പിച്ചു.
ഉൽപ്പത്തി
2:16-17
യഹോവയായ ദൈവം
മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക്
ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം
തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.
ഉൽപ്പത്തി 2:16-17 വാക്യങ്ങളെ ആദാമ്യ ഉടമ്പടി എന്നു
വിശേഷിപ്പിക്കുന്നു. ഇതിൽ ഉടമ്പടിയുടെ എല്ലാ രീതികളും ഉണ്ടായിരുന്നു.
1. ഏദൻ തോട്ടത്തിൽ രണ്ടു കൂട്ടരെ നമ്മൾ കാണുന്നു
– ദൈവവും മനുഷ്യനും. ഒരു ഉയർന്ന വ്യക്തിയും, ഒരു താഴ്ന്ന വ്യക്തിയും.
2. നിയമപ്രകാരം സാധുതയുള്ള നിത്യജീവൻ എന്ന വാഗ്ദത്തം
ദൈവം നല്കുന്നു.
3. സമ്പൂർണ്ണ അനുസരണം എന്ന വ്യവസ്ഥ ദൈവം
മുന്നോട്ട് വയ്ക്കുന്നു.
4. ഉടമ്പടി ലംഘനം ഉണ്ടായാൽ ശാരീരികവും ആത്മീയവും
ആയ മരണം എന്ന ശിക്ഷ അതിൽ ഉണ്ടായിരുന്നു.
ആദാമ്യ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇതെല്ലാം ആയിരുന്നു:
· തോട്ടത്തിലെ
സകല വൃക്ഷങ്ങളുടെയും ഫലം മനുഷ്യർക്ക് ഇരുവർക്കും തിന്നാം. ജീവവൃക്ഷത്തിന്റെയും ഫലം
തിന്നാം.
· എന്നാൽ
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്;
· ഉടമ്പടിയിലെ
പ്രമാണം ലംഘിച്ചാൽ മരണം ഉണ്ടാകും.
· ഉടമ്പടി അനുസരിച്ചാൽ
നിത്യമായി ജീവിക്കും.
നിർഭാഗ്യവശാൽ മനുഷ്യർ ഈ ഉടമ്പടി ലംഘിച്ചു, അവർ
വിലക്കപ്പെട്ട ഫലം ഭക്ഷിച്ചു, നിത്യമായ മരണം എന്ന
ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കൽപ്പന ലംഘനം എന്ന പാപം അവരുടെ ശരീരത്തെയും
ആത്മാവിനെയും സമ്പൂർണ്ണമായി മലിനമാക്കി (ദുഷ്ടത നിറഞ്ഞത് ആക്കി, totally
depraved). ശരീരം പാപത്താൽ നിയന്ത്രിക്കപ്പെടുവാൻ തുടങ്ങി, ആത്മാവ് ദൈവ സംബന്ധമായി മരിച്ചു. ഇതിന്റെ പരിണതഫലമായി അവർക്ക് നഗ്നത
അനുഭവപ്പെട്ടു. അവർ ദൈവ സന്നിധിയിൽ നിന്നും ഓടിഒളിച്ചു, ദൈവവുമായുള്ള
കൂട്ടായ്മ നഷ്ടമായി. അവർ നഗ്നർ ആണ് എന്ന ബോധ്യവും, ദൈവ
സന്നിധിയിൽ നിന്നു ഓടിഒളിക്കുന്നതും അവരുടെ ജീവിതത്തിൽ സംഭവിച്ച മലിനതയെ അവർ തിരിച്ചറിഞ്ഞു
എന്നതിന്റെ തെളിവാണ്.
ഉൽപ്പത്തി 3:7 പാപത്തിന്റെ ഫലമായി മനുഷ്യരിൽ ഉണ്ടായ സകല
മാറ്റങ്ങളെയും ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നു.
ഉൽപ്പത്തി 3:7
ഉടനെ ഇരുവരുടെയും
കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി
തങ്ങൾക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന
ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ
കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
ഈ വാക്യത്തിലെ “ഉടനെ” എന്നത് ദൈവം വിലക്കിയ ഫലം ഭക്ഷിച്ച
ഉടനെ സംഭവിച്ച കാര്യമാണ്. “തങ്ങൾ നഗ്നരെന്ന് അറിഞ്ഞു” എന്നത് പാപത്തിന്റെ
ഫലമായുണ്ടായ സമ്പൂർണ്ണ മലിനത ആണ്. ഈ തിരിച്ചറിവ്, നന്മയെയും, തിന്മയെയും
തിരിച്ചറിയുവാനുള്ള കഴിവ് ആണ്. ഇതിന് ശേഷം നന്മയെ മാത്രം തിരഞ്ഞെടുക്കുവാൻ അവർക്ക്
കഴിയാതെ വന്നു. എന്നാൽ, ഇതിനൊരു പരിഹാരം അവർ ദൈവത്തോട് അന്വേഷിച്ചില്ല. കാരണം അവർ
സമ്പൂർണ്ണമായി മലിനം ആയിക്കഴിഞ്ഞു. മലിനമായ പ്രകൃതി ഉള്ള മനുഷ്യർ ദൈവത്തെ
അന്വേഷിക്കുന്നില്ല, അവന് ദൈവത്തെ അന്വേഷിക്കുവാൻ കഴിയുക ഇല്ല. അതിനാൽ അവർ നഗ്നത
മറയ്ക്കുവാൻ ഒരു മാർഗ്ഗം സ്വയം കണ്ടെത്തി. തോട്ടത്തിൽ ഉണ്ടായിരുന്ന അത്തിയുടെ ഇല
കൂട്ടിത്തുന്നി ഒരു അരയാട ഉണ്ടാക്കി ധരിച്ചു. എന്നാൽ ഇത് അവരുടെ നഗ്നത
മറയ്ക്കുന്നില്ല എന്ന ബോധ്യം അവർക്ക് ഉണ്ടായി. അത്തിയില കൂട്ടിത്തുന്നി അരയാട
ഉണ്ടാക്കിയത്, അവരുടെ വീഴ്ചയ്ക്ക് ഒരു പരിഹാരം കണ്ടെത്തുവാനുള്ള
വിഫലമായ ശ്രമം ആണ്. ഈ ശ്രമത്തിലൂടെ അവർ ദൈവീക തേജസ്സിന്റെ നിലവാരത്തിലേക്ക്
വീണ്ടും ഉയരുവാൻ ശ്രമിക്കുക ആയിരുന്നു. എന്നാൽ അതിൽ അവർ വിജയിച്ചില്ല എന്നതിനാൽ
ആണ് അവർ ദൈവ സന്നിധിയിൽ നിന്നും ഓടിഒളിച്ചത്.
നഗ്നത ഒരു ശാരീരിക, ബാഹ്യമായ വിഷയം ആയിരുന്നില്ല. ദൈവീക
വിശുദ്ധിയോട് അവർ ചേർന്നു നിൽക്കുന്നില്ല എന്ന ബോധ്യമാണ് അവരെ ദൈവ സാന്നിധ്യത്തിൽ
നിന്നും ഒളിക്കുവാൻ പ്രേരിപ്പിച്ചത്.
ഉൽപ്പത്തി 3:10
തോട്ടത്തിൽ
നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു.
ദൈവം അവരുടെ കൽപ്പന ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതിന്റെ
ഉത്തരവാദിത്തം ആദാം ഹവ്വയുടെമേലും, ഹവ്വ പാമ്പിന്റെമേലും
വച്ചു. ഇതും അവരുടെ മലിനതയുടെ ഉദാഹരണം ആണ്. അവരുടെ വീഴ്ചയുടെ ഉത്തരവാദിത്തം
ഏറ്റെടുക്കുവാൻ അവർക്ക് കഴിയുന്നില്ല.
മനുഷ്യന്റെ പാപത്തിന് പരിഹാരം കണ്ടെത്തുവാൻ അവന് സ്വയം
കഴിയുക ഇല്ല എന്നു ദൈവവും സമ്മതിച്ചു. അതിനാൽ അവൻ ഒരു മൃഗത്തെകൊന്നു, അതിന്റെ
രക്തം ചൊരിഞ്ഞു, പാപത്തിന് പരിഹാരമായി അതിന്റെ തോൽ കൊണ്ട്
ഒരു ഉടുപ്പ് ഉണ്ടാക്കി മനുഷ്യർക്ക് കൊടുത്തു.
ഉൽപ്പത്തി 3: 21
യഹോവയായ ദൈവം
ആദാമിനും അവന്റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
വിലക്കപ്പെട്ട ഫലം ഭക്ഷിച്ച, പാപത്താൽ മലിനമായ
മനുഷ്യർ, അതേ അവസ്ഥയിൽ, നിത്യമായി
ജീവിക്കുവാൻ പാടില്ല എന്നു ദൈവം തീരുമാനിച്ചു. ഈ തീരുമാനത്തിൽ ദൈവത്തിന്റെ
ശിക്ഷയും, കരുണയും കാണാം. മലിനമായ മനുഷ്യൻ പാപത്തിന്
അടിമയാണ്, അവൻ ദുഷ്ടത മാത്രമേ പ്രവർത്തിക്കൂ. ഈ അവസ്ഥയിൽ
നിത്യമായി ജീവിക്കുന്നത് സമാധാനപൂർവ്വം ആയിരിക്കയില്ല. അതിനാൽ ദൈവം അവരെ ഉടൻ തന്നെ
ഏദൻ തോട്ടത്തിന് പുറത്താക്കി, തോട്ടത്തിന് കെരൂബുകളെ കാവൽ
നിറുത്തി. പുറത്താക്കുവാനുള്ള കാരണവും ദൈവം പ്രസ്താവിക്കുന്നുണ്ട്.
ഉൽപ്പത്തി 3:22
യഹോവയായ ദൈവം:
മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ
ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ
ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു.
ഉൽപ്പത്തി 3:24
ഇങ്ങനെ അവൻ
മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ
അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ
ജ്വാലയുമായി നിർത്തി.
ഉൽപ്പത്തി 3:22 ൽ ദൈവം പറയുന്നത്, “നന്മ തിന്മകളെ അറിവാൻ തക്കവണ്ണം” മനുഷ്യർ ദൈവത്തെപ്പോലെ
ആയിത്തീർന്നിരിക്കുന്നു എന്നാണ്. മനുഷ്യർ ദൈവമായി തീർന്നു എന്നല്ല, നന്മ തിന്മകളെ തിരിച്ചറിയുന്നതിൽ അവർ ദൈവത്തിന് സമാനമായിരിക്കുന്നു.
അതായത്, കൽപ്പന ലംഘനത്തിന് മുമ്പ് മനുഷ്യർക്ക് നന്മ മാത്രമേ
അറിയുമായിരുന്നു. എന്നാൽ പാപം അവർക്ക് തിന്മയുടെ വാതിലും തുറന്നുകൊടുത്തു.
ദൈവവുമായുള്ള സമാനത ഇതിൽ അവസാനിക്കുന്നു. മനുഷ്യർ പാപം ചെയ്തപ്പോൾ തന്നെ അവനിൽ
ഉണ്ടായ മാറ്റങ്ങൾ അവന്റെ മൊത്തമായ വ്യക്തിത്വത്തിന്റെ മലിനതയെ സൂചിപ്പിക്കുന്നു.
അവൻ സമ്പൂർണ്ണമായി മലിനമായി (totally depraved), അവന്റെ
പാപത്തിന്റെ പരിഹാരം കണ്ടെത്തുവാൻ സ്വയം കഴിയാതെയായി. അവൻ കണ്ടെത്തിയ പരിഹാരം അവനെ
ദൈവത്തോട് അടുപ്പിച്ചില്ല.
ഉൽപ്പത്തി 6:5
ഭൂമിയിൽ
മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും
എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
ഉൽപ്പത്തി 8:21
മനുഷ്യന്റെ
മനോനിരൂപണം ബാല്യം (youth) മുതൽ ദോഷമുള്ളത് ആകുന്നു
ഉൽപ്പത്തി 6:5 നോഹയുടെ കാലത്തെ പ്രളയത്തിനു മുമ്പും, 8:21
പ്രളയത്തിനു ശേഷവും, മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ അഭിപ്രായം ആണ്. പാപത്തിലുള്ള
വീഴ്ചയുടെ കാലം മുതൽ മനുഷ്യൻ ദോഷമുള്ളവനാണ്. മഹാപ്രളയം അവനിൽ ഒരു മാറ്റവും
വരുത്തിയിട്ടില്ല. പാപത്താൽ സംഭവിച്ച സമ്പൂർണ്ണ മലിനത മനുഷ്യനിൽ എക്കാലവും
നിലനിൽക്കുന്നു. അതിന് മനുഷ്യ വംശത്തിന്റെ മൊത്തമായ നാശം ഒരു പരിഹാരം അല്ല. ഇതാണ്
ദൈവം ഇവിടെ പ്രസ്താവിക്കുന്നത്.
ഇത്രയും ആണ് മനുഷ്യന്റെ പാപത്തിലും മലിനതയിലും ഉള്ള
വീഴ്ചയുടെ ചരിത്രം. ഇനിയും നമ്മൾ ചിന്തിക്കേണ്ടത് ഇതിന്റെ ദൈവശാസ്ത്രം ആണ്.
പാപം എങ്ങനെ സകല മനുഷ്യരിലേക്കും പടർന്നു?
ആദാമിന്റെയും ഹവ്വയുടെയും പാപം സകല മനുഷ്യരിലേക്കും പടർന്നു
എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. ഇതിന്റെ രീതിയെക്കുറിച്ച് വേദപുസ്തക
പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ
ആദ്യ മനുഷ്യരുടെ പാപം സകല മനുഷ്യരെയും മലിനമാക്കിയിരിക്കുന്നു എന്നതിൽ ഗൌരവമായ
തർക്കമില്ല.
സംയുക്ത
പദവി
എങ്ങനെയാണ് ഒരു മനുഷ്യന്റെ പാപം, അപ്പോൾ ജീവിച്ചിരിക്കാത്ത,
അവന് ശേഷം ജനിക്കുന്ന സകല മനുഷ്യരിലേക്കും പകരപ്പെടുന്നത്? ഈ ദൈവശാസ്ത്ര വിഷയം വിശദീകരിക്കുവാനാണ്
“സംയുക്ത പദവി” അഥവാ “ഫെഡറൽ ഹെഡ്ഷിപ്പ്” എന്ന വ്യാഖ്യാന സങ്കേതം ഉപയോഗിക്കുന്നത് (ഫെഡറലിസം,
Federal
headship, federalism). മറ്റൊരു വ്യാഖ്യാന
സങ്കേതം ആണ് “മൌലീകത” അല്ലെങ്കിൽ “സെമിനലിസം” എന്നത് (Seminalism). ഈ രണ്ടു പദങ്ങളും ആദ്യപാപത്തെയും, ആദാമിന്റെ പാപം എങ്ങനെയാണ് മുഴുവൻ
മനുഷ്യ വംശത്തിന്റെയും മേൽ വന്നത് എന്നും വിശദീകരിക്കുന്നു. ഈ പദങ്ങൾ വേദപുസ്തകത്തിൽ
കാണപ്പെടുന്നില്ല. വേദപുസ്തകം പഠിപ്പിക്കുന്ന ഒരു ആശയത്തെ പരിചയപ്പെടുത്തുവാനാണ് ഈ
വാക്കുകൾ ഉപയോഗിക്കുന്നത്. ഈ പദങ്ങൾ വിനിമയം ചെയ്യുന്ന ആശയം വേദപുസ്തകത്തിൽ
എല്ലായിടത്തും കാണാം.
“സംയുക്ത പദവി”,
“സെമിനലിസം” എന്നിവ വ്യാഖ്യാന സങ്കേതങ്ങൾ മാത്രമാണ്. അവ
അങ്ങനെതന്നെ ഒരു ദൈവശാസത്രം അല്ല. ഈ രണ്ടു ചിന്തകളും, എല്ലാ മനുഷ്യരുടെയും
ആത്മാക്കൾ സൃഷ്ടിപ്പിന്റെ ആദ്യ നാൾ മുതലോ അതിന് മുമ്പോ ഉണ്ടായിരുന്നു എന്നു
പഠിപ്പിക്കുന്നില്ല. അതായത് സകല മനുഷ്യരുടെയും ആത്മാക്കൾ ആദാമിൽ ഉണ്ടായിരുന്നു
എന്നു ഈ ചിന്താധാരകൾ പഠിപ്പിക്കുന്നില്ല.
ദൈവം ആദാമിനെ സകല മനുഷ്യ വംശത്തിന്റെയും സംയുക്ത ശിരസ്സായി
കാണുന്നു എന്നാണ് സംയുക്ത പദവി അഥവാ ഫെഡറലിസം പഠിപ്പിക്കുന്നത്. അതിനാൽ ആദാമിന്റെ
അനുസരണവും അനുസരണക്കേടും അവന്റെ സന്തതി പരമ്പരകളുടെമേൽ കണക്കിടപ്പെടുന്നു. “സംയുക്ത
പദവി” എന്നത്, ഒരു ഉടമ്പടിയാൽ സംയുക്തമായി ചേർന്ന ഒരു കൂട്ടം വ്യക്തികളെ, ഒരുവൻ
പ്രതിനിധീകരിക്കുന്നതാണ്. ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ സംയുക്ത ശിരസ്സ് (federal head) ആയിരിക്കുന്ന പ്രസിഡന്റ്, ആ രാജ്യത്തിലെ എല്ലാ മനുഷ്യരെയും
പ്രതിനിധീകരിക്കുന്നു. അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ആ
രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്.
ഒരു രാജ്യത്തിന്റെ സംയുക്ത ശിരസ്സ് മറ്റൊരു രാജ്യവുമായി ഒരു
ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തിന്റെ രാജ്യത്തിലെ എല്ലാ ജനങ്ങളും ആണ് ആ
ഉടമ്പടിയിൽ ഏർപ്പെടുന്നത്. ഈ ഉടമ്പടിയിലെ എല്ലാ വ്യവസ്ഥകളും, രാജ്യത്തിലെ എല്ലാ
മനുഷ്യർക്കും ബാധകമാണ്. ഒരു പക്ഷെ, ഇപ്രകാരം ഒരു ഉടമ്പടിയിൽ സംയുക്ത പദവിയിൽ
ഇരിക്കുന്ന വ്യക്തി ഏർപ്പെടുന്നു എന്നോ, അതിലെ വ്യവസ്ഥകളോ, എല്ലാ ജനങ്ങളും അറിയേണം
എന്നില്ല. ഒരു രാജാവ് മറ്റൊരു രാജാവുമായുണ്ടാക്കുന്ന ഉടമ്പടി രണ്ടു
രാജ്യങ്ങളിലേയും എല്ലാ ജനങ്ങൾക്കും ഒരുപോലെ ബാധകമാണ്. ഈ ഉടമ്പടി ഏതെങ്കിലും രാജാവ്
ലംഘിച്ചാൽ, അദ്ദേഹത്തിന്റെ രാജ്യത്തിലെ ജനങ്ങൾ എല്ലാവരും
ലംഘിച്ചതായി കണക്കാക്കപ്പെടും.
ഇതേ ചിന്ത അനുസരിച്ച്, ആദാം എല്ലാ മനുഷ്യരുടെയും സംയുക്ത
ശിരസ്സും പ്രതിനിധിയും ആണ്. ആദാം ദൈവത്തിന്റെ കൽപ്പന ലംഘിച്ചുകൊണ്ട് പാപം
ചെയ്തപ്പോൾ, അവനിൽ മനുഷ്യ വംശം മുഴുവനും പാപം ചെയ്തു. ആദാം ചെയ്തതെല്ലാം അവനിൽ
ജനിക്കുവാനിരിക്കുന്ന സകല മനുഷ്യർക്കും വേണ്ടി കൂടെ ആയിരുന്നു.
മൌലീകത
മൌലീകത, സെമിനലിസം, പ്രകൃത്യാ ഉള്ള പദവി, എന്നീ വാക്കുകളിൽ
അറിയപ്പെടുന്ന ചിന്താധാര വാദിക്കുന്നത് മറ്റൊന്നാണ് (Seminalism,
Seminal Headship, Natural Headship, Natural Generation).
ആദാമിന്റെ “സംയുക്ത പദവി” എന്നതിനോട്
അവർ യോജിക്കുന്നില്ല. ആദാമിനെ ദൈവം സൃഷ്ടിച്ചപ്പോൾ, അവനിൽ എല്ലാ മനുഷ്യരും
സൃഷ്ടിക്കപ്പെട്ടു. ആദാം ഏദൻ തോട്ടത്തിൽ ആയിരുന്നപ്പോൾ, അവനിൽ, സകല മനുഷ്യരും
തോട്ടത്തിൽ ആയിരുന്നു. സകല മനുഷ്യവംശവും ജനിതകമായി ആദാമിൽ ഉണ്ടായിരുന്നു എന്നും,
അതിനാൽ ആദാം പാപം ചെയ്തപ്പോൾ സകല മനുഷ്യരും പാപം ചെയ്തു എന്നും ആണ് സെമിനലിസം
വാദിക്കുന്നത്. സകല മനുഷ്യരും ജൈവപരമായി ആദാമിന്റെ സന്തതികൾ ആണ്.
സെമിനലിസം പഠിപ്പിക്കുന്നത് ഇതെല്ലാം ആണ്: സകല മനുഷ്യരും
ആദാമിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ, സകലരുടെയും ആത്മാക്കൾ അവനിൽ ഉണ്ടായിരുന്നു
എന്നല്ല. മനുഷ്യവർഗ്ഗം മുഴുവൻ വ്യക്തിപരമായി ആദാമിൽ ഉണ്ടായിരുന്നില്ല, അവന്റെ
സാരാംശത്തിൽ വേർതിരിക്കാത്ത അവസ്ഥയിൽ മനുഷ്യവംശം മുഴുവൻ ഉണ്ടായിരുന്നു. അതിനാൽ
ആദാമിന്റെ പാപം അവന്റെ വ്യക്തിപരവും അതേ സമയം അത് മുഴുവൻ മനുഷ്യവംശത്തിന്റെയും
ആണ്. ആദാം പാപം ചെയ്തപ്പോൾ, സകല മനുഷ്യവംശവും പാപം ചെയ്തു. അങ്ങനെ സാർവ്വലൌകീകമായി
മനുഷ്യവർഗ്ഗം മുഴുവൻ പാപത്താൽ സമ്പൂർണ്ണമായി മലിനമായി. ആദാമിൽ നിന്നും ജനിച്ച ഓരോ
വ്യക്തികളും പാപികളും, കുറ്റക്കാരും, സമ്പൂർണ്ണമായി മലിനമായവരും ആയിതീർന്നു.
ആദാം, അവന്റെ സന്തതി പരമ്പരകളെക്കാൾ, ദൈവത്തെ അനുസരിക്കുവാൻ
അനുയോജ്യമായ അവസ്ഥയിൽ ആയിരുന്നു. അവന്റെ സന്തതികൾ ആർക്കും അവനെക്കാൾ മെച്ചമായ ഒരു
തീരുമാനവും എടുക്കുവാൻ കഴിഞ്ഞിട്ടില്ല. ഭാവിയിലും ഏതെങ്കിലും മനുഷ്യൻ ആദാമിനെക്കാൾ
നല്ല ഒരു തിരഞ്ഞെടുപ്പ് നടത്തും എന്ന പ്രതീക്ഷയും ഇല്ല.
സകല മനുഷ്യ വംശവും ജനിതകമായി ആദാമിൽ ഉണ്ടായിരുന്നു എന്നാണ്
മൌലീകത അഥവാ സെമിനലിസം പഠിപ്പിക്കുന്നത്. പാപം മൂലം ആദാമിന് സംഭവിച്ച മലിനത സകല
മനുഷ്യ വർഗ്ഗത്തിൻ മേലും പകർന്നു. എന്നാൽ ആദാമിന്റെ അകൃത്യം അല്ലെങ്കിൽ കുറ്റം
അവന്റെ സന്തതി പരമ്പരകളിലേക്ക് പകരപ്പെടുകയോ, അത് അവരുടെമേൽ കണക്കാക്കപ്പെടുകയോ
ചെയ്യുന്നില്ല. അവന്റെ സന്തതികൾ, അവരുടെ ഉള്ളിൽ ഉള്ള മലിനത കാരണം പാപം ചെയ്യുന്നു.
അങ്ങനെ ആദാമിന്റെ സന്തതി പരമ്പരകൾ, ആദാമിന്റെ പാപത്തിന്റെ കുറ്റം വഹിക്കുന്നില്ല,
അവരവരുടെ പാപത്തിന്റെ കുറ്റം മാത്രമേ വഹിക്കുന്നുള്ളൂ.
റോമർ 5:12 ഒരുവന്റെ പാപം സകല മനുഷ്യരുടെ മേലും
ഗണിക്കപ്പെടും എന്നു പറയുന്നില്ല എന്നാണ് സെമിനലിസം വാദിക്കുന്നത്. ഈ വാക്യം
സകലരും ആദാമിൽ പാപം ചെയ്തു എന്നു മാത്രമേ പറയുന്നുള്ളൂ. വാക്യം ഇങ്ങനെയാണ്:
റോമർ 5:12
അതുകൊണ്ടു
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
സംയുക്ത പദവി എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരും, സെമിനലിസത്തിൽ
വിശ്വസിക്കുവരും, അവരുടെ വാദത്തെ ന്യായീകരിക്കുവാനായി എബ്രായർ 7:9-10
വാക്യങ്ങൾ ഉദ്ധരിക്കുന്നു.
എബ്രായർ 7:9, 10
ദശാംശം വാങ്ങുന്ന
ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം. അവന്റെ
പിതാവിനെ മൽക്കീസേദെൿ എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു
ഉണ്ടായിരുന്നുവല്ലോ.
എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ പറയുന്നത് ഇതാണ്: അബ്രാഹാം
മൽക്കീസേദെൿ ന് ദശാംശം കൊടുത്തപ്പോൾ, ലേവിയും ദശാംശം കൊടുത്തു. കാരണം അബ്രാഹാം സംയുക്ത
പദവി പ്രകാരം ലേവ്യർക്കുവേണ്ടിയും ദശാംശം കൊടുത്തു. മൌലീകത എന്ന സിദ്ധാന്തത്തിൽ
വിശ്വസിക്കുന്നവർ വാദിക്കുന്നത്, അബ്രഹാമിൽ ജനിതകമായി ലേവിയും ഉണ്ടായിരുന്നു
എന്നതിനാൽ ലേവിയും ദശാംശം കൊടുത്തു.
അതായത് സംയുക്ത പദവി അഥവാ ഫെഡറലിസവും, മൌലീകത അഥവാ സെമിനലിസവും
തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്: ഫെഡറലിസത്തിൽ ആദാം സകല മനുഷ്യരുടെയും
സംയുക്തമായ ശിരസ്സാണ്. ഈ രീതിയിൽ ആദാം മനുഷ്യരാശിയെ മുഴുവൻ പ്രതിനിധീകരിക്കുന്നു.
അതിനാൽ ആദാമിന്റെ പാപം സകല മനുഷ്യരുടെമേലും ഗണിക്കപ്പെട്ടു. എന്നാൽ സെമിനലിസം
പഠിപ്പിക്കുന്നത്, ആദാമിൽ ജനിതകമായി സകല മനുഷ്യരും ഉണ്ടായിരുന്നു എന്നതിനാൽ അവൻ
പാപം ചെയ്തപ്പോൾ സകല മനുഷ്യരും പാപം ചെയ്തു. ദൈവം ആരുടെയും പാപം മറ്റൊരുവന്റെ മേൽ
ഗണിക്കുന്നില്ല. അതിനാൽ ആദാമിന്റെ പാപവും മറ്റുള്ളവരുടെ മേൽ ഗണിക്കപ്പെടുന്നില്ല.
വേദപണ്ഡിതന്മാർക്കിടയിൽ ഒരു കൂട്ടർ ഈ രണ്ടു ചിന്താധാരയും
ശരിയാണ് എന്നു കരുതുന്നു. എന്നാൽ മറ്റൊരു കൂട്ടർ സെമിനലിസം മാത്രമേ ശരിയായത് ഉള്ളൂ
എന്നും വാദിക്കുന്നു.
ഒരു പ്രതിനിധിയും, അവൻ പ്രതിനിധാനം
ചെയ്യപ്പെടുന്ന ജനതയും തമ്മിലുള്ള വിനിമയത്തെയാണ് ദൈവ ശാസ്ത്രത്തിൽ ഗണിക്കപ്പെടുക
അല്ലെങ്കിൽ കണക്കാക്കപ്പെടുക എന്നു പറയുന്നത് (Imputation).
ആദാമിന്റെ പാപം അവൻ പ്രതിനിധീകരിക്കുന്നതും അവനിൽ ജനിതകമായി അടങ്ങിയിരുന്നതും ആയ
സകല മനുഷ്യരുടെ മേലും ഗണിക്കപ്പെടുന്നു. ആദാം പാപത്താൽ സമ്പൂർണ്ണമായി
മലിനമായപ്പോൾ, അവൻ മരണത്തിന് വിധിക്കപ്പെട്ടു. അവനിൽ സകല മനുഷ്യരും മലിനമാകുകയും
മരണത്തിന് വിധിക്കപ്പെടുകയും ചെയ്തു.
നമ്മൾ ജഡപ്രകാരം ജീവനുള്ളവരും ആത്മീയമായി മരിച്ചവരും
ആയിട്ടാണ് ജനിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു നിക്കോദേമൊസിനോട് “പുതുതായി ജനിച്ചില്ല എങ്കിൽ
ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു പറയുന്നത് (യോഹന്നാൻ 3:3).
ജഡപ്രകാരമുള്ള ജനനം നമുക്ക് പാപ സ്വഭാവമുള്ള ഒരു ശരീരത്തെ നല്കുന്നു. ആത്മീയമായ
വീണ്ടും ജനനം നമുക്ക് “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി
സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ” നല്കുന്നു (എഫെസ്യർ 4:24).
എന്നാൽ നമ്മൾ എല്ലാവരും പ്രകൃത്യാലും, പ്രവർത്തികളാലും
പാപികൾ ആണ് (sinners by nature and deed). നമ്മൾ രണ്ടു വിധത്തിൽ
പാപികൾ ആണ്: ആദാമിന്റെ തിരഞ്ഞെടുപ്പിനാൽ നമ്മൾ പാപികൾ ആയതിനാൽ നമ്മൾ പാപം
ചെയ്യുന്നു; നമ്മളുടെ മലിനമായ തിരഞ്ഞെടുപ്പിനാൽ നമ്മൾ പാപം ചെയ്യുന്നതിനാൽ നമ്മൾ
പാപികൾ ആകുന്നു. റോമർ 3:23 പറയുന്നു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും
പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”. നമ്മൾ പാപം ചെയ്യുവാൻ
സാധ്യതയുള്ളവർ അല്ല, പാപം ചെയ്തുകൊണ്ട് ജീവിക്കുന്നവർ ആണ്.
യാക്കോബ് 1:14
ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ
ആകുന്നു.
സകല മനുഷ്യരും ആദാമിന്റെ പാപത്താൽ പാപികൾ ആയി തീർന്നതിനാൽ
ഒരുവനും പാപം കൂടാതെ ജനിക്കുന്നില്ല. നമ്മൾ ജനിക്കുന്നത് തന്നെ പാപികൾ ആയാണ്. “ഇതാ, ഞാൻ
അകൃത്യത്തിൽ ഉരുവായി” എന്നാണ് സങ്കീർത്തനം 51:5 ൽ പറയുന്നത്. യേശുക്രിസ്തു ഒഴികെ
എല്ലാ മനുഷ്യരും പ്രകൃത്യാ പാപികളും, അനീതിയുള്ളവരും, കുറ്റക്കാരും, അതിനാൽ
മരണത്തിന് വിധിക്കപ്പെട്ടവരും ആണ്.
റോമർ 3:10 -12
“നീതിമാൻ
ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ
അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ
കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
ഇതേ ആശയം റോമർ 5 ലും പൌലൊസ് പറയുന്നുണ്ട്.
റോമർ
5:18, 19
അങ്ങനെ
ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും
ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ
പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
ഇതേ അദ്ധ്യായം 12 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ എങ്ങനെയാണ്
പാപം ലോകത്തിൽ വന്നത് എന്നും എല്ലാവരും പാപികൾ ആയിതീർന്നത് എങ്ങനെയാണ് എന്നും
പൌലൊസ് വിശദീകരിക്കുന്നു.
റോമർ 5:12-14
അതുകൊണ്ടു
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. പാപമോ ന്യായപ്രമാണം വരെ
ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ
പാപത്തെ കണക്കിടുന്നില്ല. എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ
ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
ഈ വാക്യങ്ങളിൽ പൌലൊസ് പറയുന്നത് ഇതെല്ലാം ആണ്: ആദാം എന്ന
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ആദാമിൽ എല്ലാവരും പാപം
ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. ആദാം മുതൽ മോശെ വരെ ന്യായപ്രമാണം
നിലവിൽ ഉണ്ടായിരുന്നില്ല. റോമർ 4:15 ൽ പറയുന്നത് അനുസരിച്ച്, “ന്യായപ്രമാണം
ഇല്ലാത്തേടത്തു ലംഘനവുമില്ല.” അതായത് ന്യായപ്രമാണം ഇല്ലാതിരുന്ന കാലത്ത്
മനുഷ്യരുടെ പാപത്തെ നിയമ ലംഘനമായി കരുതിയിരുന്നില്ല. എന്നിട്ടും ആദാം മുതൽ മോശെ
വരെയുള്ള കാലത്തും മരണം ഉണ്ടായിരുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആദാം മുതൽ മോശെ വരെയുള്ള കാലത്തും
മരണം ഉണ്ടായിരുന്നതിനാൽ, ദൈവത്തിനെതിരെയുള്ള മൽസരവും, ദൈവ നിഷേധവും, അക്കാലത്തും
ഉണ്ടായിരുന്നു. ഇതാണ് 13 ആം വാക്യത്തിൽ പൌലൊസ് സമ്മതിക്കുന്നത്: “പാപമോ
ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു”. അതായത്, ദൈവവും ആദാമും തമ്മിലുള്ള
ഉടമ്പടി, ആദാം മുതൽ മോശെ വരെയും അതിനുശേഷവും നിലനിൽക്കുന്നു. ആദാം സംയുക്ത പദവിയിൽ
ആയിരുന്നതിനാൽ ആണ്, അവന്റെ ഉടമ്പടി ലംഘനത്താൽ ഉണ്ടായ മരണം, ആദാമിനു ശേഷവും,
ന്യായപ്രമാണത്തിന് മുമ്പും, ഇന്നും നിലനിൽക്കുന്നത്. 12 ആം വാക്യത്തിൽ പൌലൊസ് ഇതാണ്
പറയുന്നത്: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ
എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”
ആത്മീയ
മരണം
പാപം ചെയ്ത ആദ്യ മനുഷ്യർ ആത്മീയമായി മരിച്ചു എന്നു നമ്മൾ
പറഞ്ഞു. ഒരുവൻ ശാരീരികമായി ജീവനുള്ളവൻ ആയിരിക്കെ തന്നെ അവന്റെ ആത്മാവിന്
ദൈവവുമായുള്ള സജീവമായ ബന്ധം നഷ്ടപ്പെടുന്ന അവസ്ഥയെ ആണ് ആത്മീയ മരണം എന്നു
വിളിക്കുന്നത്. ദൈവം ആണ് ജീവന്റെ ഉറവിടം. അവനുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ ജീവൻ
നഷ്ടപ്പെടും. ആത്മീയമായി മരിച്ചവർ ദൈവത്തിന്റെ ഹിതപ്രകാരം ജീവിക്കുന്നില്ല. അവർ പാപത്താൽ
മലിനമായ ജഡത്തിന്റെ മോഹങ്ങൾ അനുസരിച്ചു ജീവിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ്
ഒരുവന്റെ ആത്മാവിനെ പുനർജീവിപ്പിക്കാതെ (regeneration) അവന് ദൈവ
കൃപയോട് അനുകൂലമായി പ്രതികരിക്കുവാൻ സാദ്ധ്യമല്ല. എഫെസ്യർ 2:1-5 വരെയുള്ള
വാക്യങ്ങൾ, പാപത്തിൽ സകല മനുഷ്യരും ആത്മീയമായി മരിച്ചവർ
ആയിരുന്നു എന്നും രക്ഷിക്കപ്പെട്ടവർ യേശുക്രിസ്തുവിന്റെ ഉയിർപ്പിനാൽ വീണ്ടും ജീവൻ
പ്രാപിച്ചു എന്നും പറയുന്നു.
എഫെസ്യർ 2:1
അതിക്രമങ്ങളാലും
പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
എഫെസ്യർ 2:5
അതിക്രമങ്ങളാൽ
മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ
രക്ഷിക്കപ്പെട്ടിരിക്കുന്നു —
സമ്പൂർണ്ണ മലിനത
എന്താണ് സമ്പൂർണ്ണ മലിനത? (Total
depravity). പാപത്തിൽ വീണുപോയ മനുഷ്യവംശത്തിന്റെ വർത്തമാനകാല
അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു പദമാണ് “സമ്പൂർണ്ണ മലിനത” എന്നത്. (Total
depravity). ഇത് “കാൽവിനിസം” എന്നു അറിയപ്പെടുന്ന ഉപദേശ സംഹിതയിലെ
ആദ്യത്തെ സിദ്ധാന്തം ആണ്. ഇത് നവീകരണ മുന്നേറ്റത്തിലെ പ്രധാന ആശയവും ആയിരുന്നു
(Reformation movement). എന്നാൽ ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്
സെന്റ്. അഗസറ്റീൻ ആണ് (St. Augustine of Hippo, ജനനം – നവംബർ
13, 354, മരണം – ആഗസ്റ്റ് 28, 430). ഇന്ന്
ചില വേദപണ്ഡിതന്മാർ കൂടുതൽ സുഗമമായി അതേ ആശയം മറ്റുള്ളവരിലേക്ക് വിനിമയം
ചെയ്യുന്നതിനായി, “സമ്പൂർണ്ണ മലിനത” എന്ന പദത്തെക്കാൾ മറ്റ്
ചില പദങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു. ജോൺ കാൽവിന്റെ ഉപദേശത്തോട്
വിയോജിപ്പുള്ളവരും വ്യത്യസ്ത പദങ്ങൾ ഉപയോഗിക്കാറുണ്ട്. പകരമായി ഉപയോഗിക്കുന്ന
വാക്കുകൾ ഇതെല്ലാം ആണ്: സമ്പൂർണ്ണ കഴിവില്ലായ്മ (total inability), നീതിചെയ്യുവാനുള്ള അശക്തി (righteous incapability), മൗലികമായ (സമൂലമായ) ദുഷിപ്പ് (radical corruption), സാന്മാർഗ്ഗീകമായ
കഴിവില്ലായ്മ (moral inability).
ഈ പദങ്ങൾ വിനിമയം ചെയ്യുന്ന ആശയം ഒന്നുതന്നെയാണ്. പദത്തെക്കാൾ
ആശയത്തിനാണ് പ്രാധാന്യം. പാപിയായ മനുഷ്യന്റെ “സമ്പൂർണ്ണ മലിനത” എന്നത് വേദപുസ്തകം, പഴയനിയമവും,
പുതിയനിയമവും പഠിപ്പിക്കുന്ന ഉപദേശം ആണ്. മനുഷ്യന്റെ എക്കാലത്തെയും അധാർമ്മിക
ജീവിതത്തെ കൃത്യമായി വിശദീകരിക്കുവാൻ യോജ്യമായ മറ്റൊരു പദം ഇല്ല.
സമ്പൂർണ്ണ മലിനത (Total Depravity) എന്നതിനെ ഇങ്ങനെ
നിർവചിക്കാം: ഏദൻ തോട്ടത്തിൽ വച്ചു സംഭവിച്ച, മനുഷ്യന്റെ
പാപത്തിൽ ഉള്ള വീഴ്ചയ്ക്ക് ശേഷം, സകല മനുഷ്യരും പാപത്തിന്റെ
ശിക്ഷയും, പാപ പ്രകൃതിയും ആദാമിൽ നിന്നും പിന്തുടർയായി
പ്രാപിച്ചിരിക്കുന്നു. അതിനാൽ മനുഷ്യന്റെ എല്ലാ ഘടകങ്ങളും, ചിന്തകളും,
വികാരങ്ങളും, ഇച്ഛാശക്തിയും, പ്രവർത്തികളും,
എല്ലാം സമ്പൂർണ്ണമായി ദുഷിച്ചത് ആയി തീർന്നിരിക്കുന്നു. മനുഷ്യൻ മൊത്തമായി മലിനമായ
അവസ്ഥയിൽ ആണ്. എന്നാൽ എല്ലാ മനുഷ്യരും ലോകപ്രകാരം ദുഷ്ടന്മാരും ക്രൂരരും ആണ് എന്നു
ഇതിന് അർത്ഥമില്ല.
സമ്പൂർണ്ണ മലിനത എന്ന അവസ്ഥ വ്യക്തമായി പ്രസ്താവിക്കുന്ന
അനേകം വാക്യങ്ങൾ വേദപുസ്തകത്തിൽ ഉണ്ട്.
യിരെമ്യാവ് 17:9
ഹൃദയം
എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
എഫെസ്യർ 2:1-5
അതിക്രമങ്ങളാലും
പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പെ ഈ
ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ
ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. അവരുടെ
ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും
മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ
കോപത്തിന്റെ മക്കൾ ആയിരുന്നു. കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ
സ്നേഹംനിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ
ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —
യോഹന്നാൻ 3:19
ന്യായവിധി
എന്നതോ,
വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു
ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
യോഹന്നാൻ 8:34
അതിന്നു യേശു:
“ആമേൻ,
ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം
ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
റോമർ 3:10-12
“നീതിമാൻ
ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ
അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ
കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
1 കൊരിന്ത്യർ
2:14
എന്നാൽ പ്രാകൃത
മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു
ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ
കഴിയുന്നതുമല്ല.
റോമർ 1:21
അവർ ദൈവത്തെ
അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ
തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത
ഹൃദയം ഇരുണ്ടുപോയി.
പാപവും
മലിനതയും യേശുക്രിസ്തുവും
പാപത്തെക്കുറിച്ചും മലിനതയെക്കുറിച്ചും യേശുക്രിസ്തു പല
അവസരത്തിലും സംസാരിച്ചിട്ടുണ്ട്. ചില വാക്യങ്ങൾ താഴെ കൊടുക്കുന്നു.
മർക്കോസ് 7:15
പുറത്തുനിന്നു
മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ
നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
മർക്കോസ് 7:20-23
മനുഷ്യനിൽ നിന്നു
പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത,
വ്യഭിചാരം, പരസംഗം, കുലപാതകം,
മോഷണം, അത്യാഗ്രഹം, ദുഷ്ടത,
ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു,
ദൂഷണം, അഹങ്കാരം, മൂഢത
എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ
അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു.
മത്തായി
15:18-20
വായിൽ നിന്നു
പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ
അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം,
വ്യഭിചാരം, പരസംഗം, മോഷണം,
കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു
പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ;
യോഹന്നാൻ 8:7
അവർ അവനോടു
ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ
ഒന്നാമതു കല്ലു എറിയട്ടെ” എന്നു അവരോടു പറഞ്ഞു.
മത്തായി 7:9-11
മകൻ അപ്പം
ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ
ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ
നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ
സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം
കൊടുക്കും!
പരീശന്റെയും, ചുങ്കക്കാരന്റെയും ഉപമ
മറ്റൊരു ഉദാഹരണം ആണ്. (ലൂക്കോസ് 18:9-14). ഈ ഉപമയുടെ ഉദ്ദേശ്യം 9 ആം വാക്യത്തിൽ
പറയുന്നു:
ലൂക്കോസ് 18:9
തങ്ങൾ
നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു
ഉപമ പറഞ്ഞതെന്തെന്നാൽ:
ചുങ്കക്കാരന്റെ യാഥാർത്ഥ്യ ബോധത്തോടെയുള്ള, അവൻ
പാപിയാണ് എന്ന തിരിച്ചറിവിനെയാണ് യേശുക്രിസ്തു അഭിനന്ദിക്കുന്നത്. യേശുക്രിസ്തു ഈ
ഉപമയെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:
ലൂക്കോസ്
18:13-14
ചുങ്കക്കാരനോ
ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു:
ദൈവമേ,
പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ
നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ
അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു
പറയുന്നു.
കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിലെ രണ്ടു വാക്യങ്ങൾ
മനുഷ്യന്റെ അടിസ്ഥാന മലിനതയുടെ പ്രസ്താവനകൾ ആണ്.
ലൂക്കോസ് 11:4
ഞങ്ങളുടെ
പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന
ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ
കടത്തരുതേ: (ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.)
മത്തായി 6:12-13
ഞങ്ങളുടെ
കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും
ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ
വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
ലൂക്കോസ് 13 ആം അദ്ധ്യായത്തിൽ, യേശുക്രിസ്തുവിന്റെ
കാലത്ത് നടന്ന രണ്ടു ദാരുണ സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന് ചില
ഗലീലക്കാരെ ദൈവാലയത്തിലെ യാഗത്തിന്റെ സമയത്തും സ്ഥലത്തും വച്ചു പീലാത്തൊസിന്റെ
പടയാളികൾ കൊന്നു. രണ്ടാമത്തെ സംഭവത്തിൽ ശീലോഹാമിലെ ഒരു ഗോപുരം തകർന്നു വീണു
പതിനെട്ട് പേർ മരിച്ചു. ഈ രണ്ടു സംഭവങ്ങളും ചരിത്ര രചനകളിൽ
രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഇതിന്റെ വിശദാംശങ്ങൾ നമുക്ക് അറിഞ്ഞുകൂടാ. ഇവിടെ
യേശു പറയുന്ന ഒരു സന്ദേശം ഇതാണ്. അവരുടെ പാപം മറ്റുള്ളവരെക്കാൾ അധികം ആയത്കൊണ്ടല്ല
അവർ മരിച്ചത്. അവരും, ജീവിച്ചിരിക്കുന്നവരും ഒരുപോലെ
മരണത്തിന് അർഹമായ രീതിയിൽ പാപികൾ ആണ്. അതിനാൽ എല്ലാവരും മാനസാന്തരപ്പെടേണം.
ലൂക്കോസ് 13:1-5
ആസമയത്തു തന്നേ
അവിടെ ഉണ്ടായിരുന്ന ചിലർ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു
കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: “ആ ഗലീലക്കാർ
ഇതു അനുഭവിക്കായാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു
തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ
നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല,
ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ
പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും
അങ്ങനെ തന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പാപവും, മലിനതയും, മാനസാന്തരവും
എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകം ആണ്.
റോമർ
3:9-18
റോമർ 3:9-18 വരെയുള്ള വാക്യങ്ങളിൽ മനുഷ്യന്റെ സമ്പൂർണ്ണ
മലിനത എന്ന വിഷയം അപ്പൊസ്തലനായ പൌലൊസ് വിശദമാക്കുന്നു. യഹൂദനും, യവനനും
(യഹൂദ ഇതര ജനസമൂഹവും) ഒരുപോലെ പാപത്തിൻ കീഴാണ് എന്നു പറഞ്ഞുകൊണ്ടു അദ്ദേഹം
ആരംഭിക്കുന്നു.
റോമർ 3:9-12
ആകയാൽ എന്തു? നമുക്കു
വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും
യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;
“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല,
ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ
കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
ഇതിന്റെ അർത്ഥം എല്ലാ ജനസമൂഹങ്ങളിൽപ്പെട്ട സകല മനുഷ്യരും, പാപത്തിന്റെ
നിയന്ത്രണത്തിൽ ആണ്. അതായത് അവർ അവരിലെ പാപ സ്വഭാവത്തിന്റെ നിയന്ത്രണത്തിൽ ആണ്.
അതിനാൽ മനുഷ്യന്റെ സ്വാഭാവിക തിരഞ്ഞെടുപ്പ് പാപം ചെയ്യുക എന്നതാണ്. വീണ്ടും ജനനം
പ്രാപിക്കാത്തവർ പാപത്താൽ നിയന്ത്രിക്കപ്പെടുന്നു എന്നതിൽ ആർക്കും സംശയം
ഉണ്ടാകുകയില്ല. വളർന്ന് വരുന്ന ഒരു ശിശുവിനെ, സ്വാർത്ഥത,
കപടത, അത്യാഗ്രഹം, മൽസരം,
എന്നിവ ആരും പഠിപ്പിക്കേണ്ടതില്ല. ഇത്തരം പാപ സ്വഭാവങ്ങൾ അവനിൽ
ജന്മനാ ഉണ്ട്. ഇതിനെയാണ് പാപത്തിന്റെ പ്രകൃതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ
സത്യം, നിസ്വാർത്ഥത, മറ്റുള്ളവരുടെ യാതൊന്നും
മോഹിക്കാതിരിക്കുക, അനുസരണം, എന്നിങ്ങനെയുള്ള
സാന്മാർഗ്ഗിക കാര്യങ്ങൾ ഒരു കുട്ടിയെ പഠിപ്പിക്കുവാൻ അവന്റെ മാതാപിതാക്കൾ വളരെ
പണിപ്പെടേണം.
തുടർന്നു പഴയനിയമത്തിൽ നിന്നും ചില വാക്യങ്ങൾ
ഉദ്ധരിച്ചുകൊണ്ടു പാപിയായ മനുഷ്യന്റെ പ്രകൃതി എന്താണ് എന്നു പൌലൊസ്
വിശദമാക്കുന്നു. ആരും പാപം കൂടാതെയില്ല. ഒരു മനുഷ്യനും ദൈവത്തെ
അന്വേഷിക്കുന്നില്ല. നന്മ ചെയ്യുന്നവൻ ആരും ഇല്ല. അവരുടെ സംഭാഷണം പാപത്താൽ
ദുഷിച്ചത് ആണ്. അവരുടെ പ്രവർത്തികൾ പാപത്താൽ മലിനമാണ്. അവർക്ക് ദൈവത്തെ ഭയം ഇല്ല.
(റോമർ 3:9-18). ഈ വാക്യങ്ങൾ, പാപത്തിൽ വീണുപോയ മനുഷ്യവംശം മുഴുവൻ
“സമ്പൂർണ്ണമായി മലിനം” ആയിരിക്കുന്നു എന്നതിന്റെ തെളിവാണ്.
സമ്പൂർണ്ണത
“സമ്പൂർണ്ണ മലിനത” എന്ന പദത്തിലെ “സമ്പൂർണ്ണ” എന്ന വാക്ക് മനുഷ്യന്റെ
എല്ലാ ഘടകങ്ങളും, അവയവങ്ങളും, അവസ്ഥകളും പാപത്താൽ മലിനം ആണ് എന്നു
സൂചിപ്പിക്കുന്നു.
ഒന്നാമതായി, പാപത്തിൽ
വീണുപോയ മനുഷ്യരുടെ മനസ്സും, ഇച്ഛയും, വികാരങ്ങളും,
ചിന്തകളും, ശരീരവും, എല്ലാം
ആദാമ്യ പാപത്താൽ മലിനമായി തീർന്നു അല്ലെങ്കിൽ ദുഷിച്ചത് ആയി. പാപം മനുഷ്യന്റെ
എല്ലാ ഘടകങ്ങളിലും, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും
സ്വാധീനം ചെലുത്തുന്നു. നമ്മൾ ആരായിരിക്കുന്നു, എന്ത്
ചിന്തിക്കുന്നു, എന്ത് പ്രവർത്തിക്കുന്നു എന്നതെല്ലാം
ദുഷിച്ചത് ആയിമാറി. അതിനാൽ നമ്മളുടെ ഏറ്റവും നല്ല പ്രവർത്തികൾ പോലും ദൈവത്തിന്റെ
വിശുദ്ധിയോട് ചേർന്നു വരുന്നില്ല. മനുഷ്യന്റെ എല്ലാ പ്രവർത്തിയും ദൈവത്തോടുള്ള
മൽസരവും, പാപവും ആണ്.
എല്ലാ മനുഷ്യരും പ്രവർത്തിക്കുന്നത് ഒക്കെയും ദുഷ്ടത
അല്ലെങ്കിൽ പാപം ആണ്. അതിനാൽ അവൻ കൂടുതൽ പാപം ചെയ്യുക എന്നൊന്ന് ഇല്ല. അവന് മറ്റ്
ചില പാപങ്ങൾ കൂടി ചെയ്യാം, അല്ലെങ്കിൽ പാപങ്ങളുടെ എണ്ണം കുറയ്ക്കാം.
എങ്കിലും അവന്റെ സകല പ്രവർത്തികളും പാപം ആണ്. ആകയാൽ, മനുഷ്യർ പാപം
ചെയ്യുന്നതുകൊണ്ടല്ല അവർ പാപികൾ ആയിരിക്കുന്നത്, അവർ
പ്രകൃത്യാ പാപികൾ ആയതുകൊണ്ടാണ് പാപം ചെയ്യുന്നത് എന്നാണ് സമ്പൂർണ്ണ മലിനതയുടെ
പ്രമാണം.
മത്തായി 7:17-18
നല്ല വൃക്ഷം
ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ
കഴിയില്ല.
മനുഷ്യർക്ക് നന്മകളും തിന്മകളും തമ്മിൽ തിരിച്ചറിയുവാനും, നന്മ
ചെയ്യുവാനും, കഴിവില്ല എന്നല്ല “സമ്പൂർണ്ണ മലിനത” എന്ന
സിദ്ധാന്തം അർത്ഥമാക്കുന്നത്. മനുഷ്യന് നല്ല മനസാക്ഷിയും, ശരി,
തെറ്റ് എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ബോധവും ഉണ്ട്.
നന്മയെക്കുറിച്ചുള്ള മനുഷ്യരുടെ മാനദണ്ഡം അനുസരിച്ചു, നന്മ
ചെയ്യുവാനുള്ള കഴിവും മനുഷ്യർക്ക് ഉണ്ട്. ദൈവീക പ്രമാണത്തിന് അനുയോജ്യം എന്ന
തോന്നൽ ഉളവാക്കുന്ന പ്രവർത്തികൾ ചെയ്യുവാനും മനുഷ്യന് കഴിയും. എന്നാൽ വേദപുസ്തകം
പഠിപ്പിക്കുന്നത് ഇതാണ്. മനുഷ്യൻ ചെയ്യുന്ന എല്ലാ നന്മ പ്രവർത്തികളും പാപത്തിന്റെ
കറ പുരണ്ടത് ആണ്. കാരണം അവയൊന്നും ദൈവത്തിലുള്ള വിശ്വാസം മൂലം, ദൈവ മഹത്വത്തിനായി ചെയ്യുന്നത് അല്ല.
യെശയ്യാവ് 64:6
ഞങ്ങൾ എല്ലാവരും
അശുദ്ധനെപ്പോലെ ആയ്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും
കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ
വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ
പറപ്പിച്ചുകളയുന്നു.
റോമർ 14:23
വിശ്വാസത്തിൽ
നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
മനുഷ്യന്റെ നല്ല പ്രവർത്തികൾ ദൈവത്തോട് മൽസരിക്കുന്ന ഒരു
ഹൃദയത്തിൽ നിന്നും ഉളവാകുന്നത് ആകുന്നു. അവയൊന്നും അവർ ദൈവ മഹത്വത്തിനായി
ചെയ്യുന്നത് അല്ല. അതിനാൽ ആണ് മനുഷ്യന്റെ ഏറ്റവും നല്ല പ്രവർത്തികൾ പോലും ദൈവ
മുമ്പാകെ കറ പുരണ്ട തുണിപോലെ ആയിരിക്കുന്നത്.
റോമർ 3:10-12
“നീതിമാൻ
ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ
അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ
കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
രണ്ടാമതായി, എല്ലാ മനുഷ്യരും
ഒരുപോലെ മലിനം ആയിരിക്കുന്നു.
റോമർ 3:23
ഒരു
വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു
ഇല്ലാത്തവരായിത്തീർന്നു,
ശലോമോൻ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ പറഞ്ഞ പ്രാർത്ഥനയിൽ
ഇങ്ങനെ പരാമർശിക്കുകയുണ്ടായി:
1 രാജാക്കന്മാർ
8:46
-പാപം ചെയ്യാത്ത
മനുഷ്യൻ ഇല്ലല്ലോ-
സങ്കീർത്തനം
143:2 (ദാവീദ്)
അടിയനെ
ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും
തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
ഏഷ്യ മൈനർ എന്നു അറിയപ്പെടുന്ന പശ്ചിമ ഏഷ്യയിലെ
പ്രദേശങ്ങളിലെ ക്രിസ്തീയ വിശ്വാസികൾക്കായി യോഹന്നാൻ എഴുതിയ ലേഖനത്തിൽ അദ്ദേഹം
പറഞ്ഞു,
“നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ
വഞ്ചിക്കുന്നു”. ഇത് വിശ്വാസികളും പാപത്താൽ മലിനമായ അവസ്ഥയിൽ ജീവിക്കുന്നു
എന്നതിന്റെ സൂചനയാണ്.
1 യോഹന്നാൻ 1:8
നമുക്കു
(വിശ്വാസികൾക്ക്) പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം
നമ്മിൽ ഇല്ലാതെയായി.
റോമർ 5:6-8
നാം ബലഹീനർ
ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി
പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ
നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
മൂന്നാമതായി, ദൈവത്തിന്
കീഴ്പ്പെടുവാനുള്ള മനുഷ്യന്റെ കഴിവ് സമ്പൂർണ്ണമായി മലിനം ആണ്. അതിനാൽ അവന് സ്വയം
ദൈവത്തിന്റെ രക്ഷാകരമായ കൃപയോട് അനുകൂലമായി പ്രതികരിക്കുവാൻ കഴിയുന്നില്ല.
റോമർ 3:11, 18 എന്നീ വാക്യങ്ങളിൽ അപ്പൊസ്തലനായ പൌലൊസ്
എഴുതിയത് ഇങ്ങനെയാണ്.
റോമർ 3:11
ഗ്രഹിക്കുന്നവൻ
ഇല്ല,
ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
റോമർ 3:18
അവരുടെ ദൃഷ്ടയിൽ
ദൈവഭയം ഇല്ല”
അതായത്, ഒരു മനുഷ്യന്റെയും ഹൃദയിൽ ദൈവ ഭയം ഇല്ല. അതിനാൽ അവൻ
ദൈവത്തെ അന്വേഷിക്കുന്നതുമില്ല.
യോഹന്നാൻ 3:19
ന്യായവിധി
എന്നതോ,
വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു
ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
റോമർ 8:5-8
ജഡസ്വഭാവമുള്ളവർ
ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ
ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു
ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ
കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
ഇവിടെ രണ്ടു സ്വഭാവമുള്ളവരെ കാണുന്നു. ജഡസ്വഭാവം ഉള്ളവരും, ആത്മ
സ്വഭാവം ഉള്ളവരും. ജഡസ്വഭാവം ഉള്ളവർ ജഡത്തിന്റെ രീതിയനുസരിച്ച് ജീവിക്കുന്നു,
ആത്മ സ്വഭാവം ഉള്ളവർ ആത്മാവിന്റെ പ്രമാണം ആനുസരിച്ച് ജീവിക്കുന്നു.
യോഹന്നാൻ 3:6
ജഡത്താൽ ജനിച്ചതു
ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
അതിനാൽ മനുഷ്യർക്ക് രണ്ടു അവസ്ഥകളേയുളളൂ. ഒന്നുകിൽ ജഡത്താൽ
ജനിച്ചു,
ജഡപ്രകാരം ജീവിക്കുക, അല്ലെങ്കിൽ ആത്മാവിനാൽ
ജനിച്ചു ആത്മാവിനെ അനുസരിച്ചു ജീവിക്കുക. നന്മയുടെയും തിന്മയുടെയും
പക്ഷമല്ലാതെയുള്ള ഒരു നിഷ്പക്ഷ അവസ്ഥയില്ല. മനുഷ്യർ വെളിച്ചത്തെ വെറുക്കുന്നു,
ഇരുളിനെ സ്നേഹിക്കുന്നു. ഇവ രണ്ടും അല്ലാതെ മൂന്നാമതൊരു ജീവിത രീതി
മനുഷ്യന് സാദ്ധ്യമല്ല.
ജോനാഥൻ എഡ്വാർഡ് ന്റെ അഭിപ്രായം അനുസരിച്ചു, ദൈവത്തെ
അന്വേഷിക്കുവാനുള്ള മനുഷ്യന്റെ കഴിവില്ലായ്മ ശാരീരികമായ ബലഹീനതയല്ല. അത്
സന്മാർഗ്ഗീകമായ കഴിവില്ലായ്മ ആണ് (moral inability, Jonathan
Edward, ജനനം - 1703 ഒക്ടോബർ 5 ആം തീയതി, മരണം - 1758 മാർച്ച്
22 ആം തീയതി, അമേരിക്ക). ഒരു
ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം. ഒരു കസേരയിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്
ഇരിക്കുന്ന ഒരു മനുഷ്യനോടു എഴുന്നേൽക്കുവാൻ ആവശ്യപ്പെട്ടാൽ അവന് അത് അനുസരിക്കുവാൻ
സാദ്ധ്യമല്ല. കാരണം അവൻ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവന്
എഴുന്നേൽക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നാലും അത് സാദ്ധ്യമല്ല. എന്നാൽ ഒരു മനുഷ്യൻ ഒരു
കസേരയിൽ, അതിന്റെ സുഖം അനുഭവിച്ചുകൊണ്ടു ഇരിക്കുന്നു. അവൻ
ബന്ധിക്കപ്പെട്ടവൻ അല്ല. അവൻ കസേരയുടെ സ്വസ്ഥത ആസ്വദിച്ചുകൊണ്ടു ഇരിക്കുന്നു.
അവനോടു എഴുന്നേൽക്കുവാൻ ആവശ്യപ്പെട്ടാലും അവൻ എഴുന്നേൽക്കുന്നില്ല. അവൻ
ബന്ധിക്കപ്പെട്ടവൻ അല്ല എന്നതിനാൽ അവന് എഴുന്നേൽക്കുന്നതിന് തടസ്സം ഇല്ല. എന്നാൽ
കസേരയുടെ സുഖം ഉപേക്ഷിക്കുവാൻ അവന് താല്പര്യം ഇല്ല എന്നതിനാൽ അവൻ
എഴുന്നേൽക്കുന്നില്ല. ഇതിനെയാണ് സാന്മാർഗ്ഗീക കഴിവില്ലായ്മ (moral
inability) എന്നു പറയുന്നത്. ഇത് പാപത്തൊടുള്ള മനുഷ്യന്റെ
ഹൃദയത്തിന്റെ ബന്ധനം ആണ്. ഈ ബന്ധനം കാരണം അവന് നന്മയെ തിരഞ്ഞെടുക്കുവാൻ
കഴിയുന്നില്ല. അതിനാൽ അവന്റെ തിരഞ്ഞെടുപ്പിൽ അവന് ഉത്തരവാദിത്തം ഉണ്ട്. ഇവിടെ,
സാന്മാർഗ്ഗിക കഴിവില്ലായ്മയും, ഉത്തരവാദിത്തവും
ഒരുമിച്ച് കാണുന്നു.
മാനവികത
മനുഷ്യർ അടിസ്ഥാനമായി നല്ലവർ ആണ് എന്നു “മാനവികത” എന്ന
തത്വശാസ്ത്രം പഠിപ്പിക്കുന്നു (Humanism). എന്നാൽ തിരുവചനം ഈ ചിന്തയെ
അംഗീകരിക്കുന്നില്ല. ഒരു മനുഷ്യൻ നല്ലവനാകുന്നതും തീയത് ആകുന്നതും അവന്റെ സാഹചര്യം
അനുസരിച്ചാണ് എന്നതാണ് മാനവികത എന്ന സിദ്ധാന്തത്തിന്റെ പ്രചാരകർ വാദിക്കുന്നത്. അതിനാൽ
“സമ്പൂർണ്ണ മലിനത” എന്ന ദൈവശാസ്ത്ര ചിന്തയെ അനേകർ എതിർക്കുന്നു (total
depravity). എന്നാൽ മനുഷ്യർ അടിസ്ഥാനമായി ദുഷിപ്പ് നിറഞ്ഞവർ ആണ്
എന്നു വേദപുസ്തകം പഠിപ്പിക്കുന്നു. മനുഷ്യന്റെ ദുഷ്ടതയുടെ അടിസ്ഥാന കാരണം അവൻ
വളർന്ന് വരുന്ന സാഹചര്യം അല്ല, അവന്റെ പാപ പ്രകൃതിയാണ് എന്നു
തിരുവെഴുത്തു പഠിപ്പിക്കുന്നു. മനുഷ്യ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള നല്ല
പ്രവർത്തികളാൽ ദൈവ കൃപയും, രക്ഷയും പ്രാപിക്കുവാൻ കഴിയും
എന്നു പഠിപ്പിക്കുന്ന എല്ലാ മതപരവും, ദാർശനികവും, സാമൂഹികവും, രാഷ്ട്രീയവും ആയ ചിന്തകളെ “സമ്പൂർണ്ണ
മലിനത” എന്ന ദൈവീക സിദ്ധാന്തം എതിർക്കുന്നു. മനുഷ്യന്റെ സ്വയം നീതി എന്ന
സങ്കൽപ്പത്തെ ഈ ചിന്ത തകർക്കുന്നു. മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തിയാൽ അവന് ദൈവീക
രക്ഷയെ തിരഞ്ഞെടുക്കുവാനും, സ്വീകരിക്കുവാനും കഴിയും എന്ന
ഉപദേശത്തെയും സമ്പൂർണ്ണ ദുഷിപ്പ് (സമ്പൂർണ്ണ മലിനത, total depravity) എന്ന ഉപദേശം ഘണ്ഡിക്കുന്നു. മനുഷ്യർ പ്രകൃത്യാ സമ്പൂർണ്ണമായി ദുഷിച്ചവർ
ആയതിനാൽ, ദൈവ കൃപയാൽ മാത്രമേ അവന് പാപത്തിന്റെ അടിമത്തത്തിൽ
നിന്നും രക്ഷ പ്രാപിക്കുവാൻ കഴിയൂ. അതിനാൽ രക്ഷ പൂർണ്ണമായും ദൈവത്തിന്റെ
സർവ്വാധികാരത്തിൽ ഉള്ള പ്രവർത്തിയാണ്. അതിൽ മനുഷ്യന് യാതൊരു പങ്കും നല്കുവാൻ
കഴിയുക ഇല്ല.
എതിർ
വാദങ്ങൾ
വേദപുസ്തകത്തിലെ ഏറെ പ്രയാസമുള്ള ഒരു സിദ്ധാന്തം (doctrine) ആണ് “സമ്പൂർണ്ണ മലിനത” എന്നത് (Total Depravity). ഇത് ഗ്രഹിക്കുവാൻ മനുഷ്യർക്ക് പ്രയാസമായി തോന്നുന്നത്, അത് സ്വീകരിക്കുവാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടാണ്. അതിനാൽ ചില ക്രിസ്തീയ വിശ്വാസികൾ “സമ്പൂർണ്ണ മലിനത” എന്ന സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല. എന്തുകൊണ്ടാണ് മനുഷ്യർക്ക് ഇത് സ്വീകരിക്കുവാൻ ഏറെ പ്രയാസം തോന്നുന്നത്? അതിനായി അവർ നിരത്തുന്ന കാരണങ്ങൾ ഇവയെല്ലാം ആണ്.
1. “സമ്പൂർണ്ണ മലിനത” എന്ന സിദ്ധാന്തം മനുഷ്യരെ അടിസ്ഥാനപരമായി ദുഷിച്ചവരായി കാണുന്നു. അത് മനുഷ്യർക്ക് അവരെക്കുറിച്ചുള്ള, ആത്മവിശ്വാസം, സ്വയം ബഹുമാനം, മൂല്യം, നന്മ എന്നിവയെ എല്ലാം ഇല്ലാതെയാക്കുന്നു. ദൈവത്തിന്റെ കൃപയ്ക്ക് മനുഷ്യർ അർഹരാണ് എന്ന ചിന്തയാണ് ശരി. എന്നാൽ “സമ്പൂർണ്ണ മലിനത” മനുഷ്യർ എല്ലാവരും നിത്യ ശിക്ഷാവിധിക്ക് യോഗ്യർ ആണ് എന്നു പഠിപ്പിക്കുന്നു.
2.
“സമ്പൂർണ്ണ മലിനത” എന്ന സിദ്ധാന്തം
മനുഷ്യന്റെ ദൈനംദിന ജീവിത അനുഭവങ്ങൾക്ക് എതിരാണ്. “നല്ലവർ” എന്നു നമ്മൾ കരുതുന്ന
അനേകം അക്രൈസ്തവർ ഉണ്ട്. അവർ കൃത്യമായി നികുതി അടയ്ക്കുകയും, ദാനം
ചെയ്യുകയും, മാനുഷികമായ നീതിയോടെ ജീവിക്കുകയും, സന്മാർഗ്ഗീക ജീവിത നിലവാരം പുലർത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള നമ്മളുടെ
മാനുഷികമായ കാഴ്ചപ്പാട് അതിന്റെ തലത്തിൽ ശരിയാണ്.
“സമ്പൂർണ്ണ മലിനത” ഒരു മനുഷ്യനും ലോകത്തിന്റെ നിലവാരം അനുസരിച്ചു നല്ല പ്രവർത്തികൾ ചെയ്യുന്നില്ല എന്നു പറയുന്നില്ല. എന്നാൽ മനുഷ്യൻ ചെയ്യുന്ന ഒരു പ്രവർത്തിയും ദൈവീക നീതീകരണത്തിന് സഹായമാകുന്നില്ല. അവയൊന്നും ദൈവീക വിശുദ്ധിയോട് നിരപ്പിൽ ആകുന്നില്ല. കാരണം ഇതൊന്നും ദൈവത്തിലുള്ള ശരിയായ വിശ്വാസത്തിൽ നിന്നും ഉൽഭവിക്കുന്നത് അല്ല. മനുഷ്യന്റെ എല്ലാ പ്രവർത്തികളും ദൈവത്തോടുള്ള മൽസരഭാവത്തിൽ നിന്നും ഉടലെടുത്തതാണ്. അവയൊന്നും ദൈവ മഹത്വത്തിനായി ചെയ്യുന്നത് അല്ല.
3. “സമ്പൂർണ്ണ മലിനത” ശരിയാണ് എങ്കിൽ, അത് നീങ്ങിപ്പോകുവാൻ അടിസ്ഥാനമായ മാറ്റം ആവശ്യമാണ്. ദൈവീക രക്ഷ പ്രാപിക്കുവാനുള്ള ആത്മീയ നന്മ തിരഞ്ഞെടുക്കുവാനുള്ള കഴിവ് പാപത്തിൽ വീണ മനുഷ്യന് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ എല്ലാ മനുഷ്യരും പ്രകൃത്യയാൽ പാപത്തിൽ മരിച്ചവർ ആകയാൽ അവർ എല്ലാ ആത്മീയ നന്മയെയും എതിർക്കുന്നു. അതിനാൽ അവർക്ക് സ്വയം മാനസാന്തരപ്പെടുവാനോ, ദൈവത്തിങ്കലേക്ക് തിരിയുവാനോ കഴിയുക ഇല്ല. രക്ഷ സമ്പൂർണ്ണമായും ഒരു ദൈവ പ്രവർത്തിയാണ്, ദൈവ കൃപയാണ്.
4.
മനുഷ്യന്റെ സ്വതന്ത്ര
ഇച്ഛാശക്തിയെക്കുറിച്ചുള്ള സാധാരണയായുള്ള മനസ്സിലാക്കലിനെ “സമ്പൂർണ്ണ മലിനത”
ഇല്ലാതാക്കുന്നു. മനുഷ്യന്റെ പ്രവർത്തികൾ പരപ്രേരണ കൂടാതെ സ്വമേധയായുള്ളവയാണ്.
എന്നാൽ അതിൽ യാതൊരു ബാഹ്യ സാഹചര്യവും, താല്പര്യവും സ്വാധീനം
ചെലുത്തുന്നില്ല എന്നു തെളിയിക്കുവാൻ സാദ്ധ്യമല്ല. ഒരുവന്റെ ജീവിതത്തിലെ ഒരു
പ്രത്യേക നിമിഷത്തിൽ അവന് ശരി എന്നു തോന്നുന്നവയാണ് അവൻ തിരഞ്ഞെടുക്കുന്നത്. അത്
അവന്റെ ആ നിമിഷത്തിലെ ശക്തമായ താല്പര്യം ആണ്.
ആത്മീയ വിഷയത്തിലേക്ക് വരുമ്പോൾ, ഒരുവന്റെ
പ്രകൃത്യായുള്ള താല്പര്യങ്ങളോ, സാഹചര്യങ്ങളോ, യേശുക്രിസ്തുവിനെ രക്ഷിതാവായി തിരഞ്ഞെടുക്കുവാൻ അവനെ
പ്രേരിപ്പിക്കുന്നില്ല എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. അവന് ആത്മീയമായത്
തിരഞ്ഞെടുക്കുവാൻ കഴിയും, എന്നാൽ അവന് അതിന് താല്പര്യം
ഉണ്ടാകുകയില്ല. കാരണം പാപം നിമിത്തം അവന്റെ ഇച്ഛ സമ്പൂർണ്ണമായി മലിനം
ആയിരിക്കുന്നു. പാപത്താൽ മരിച്ച അവസ്ഥയിലുള്ള ഒരുവന്റെ ഹൃദയത്തിന് ദൈവത്തിന്റെ
ആത്മാവ് പുനർജ്ജീവൻ നൽകാതെ, ഒരുവൻ ആത്മീയമായത്
തിരഞ്ഞെടുക്കുക ഇല്ല. സുവിശേഷം കേൾക്കുകയോ, വായിക്കുകയോ,
സമാനമായ സാഹചര്യം ഉണ്ടാകുകയോ ചെയ്യുക എന്നതാണ് ഇതിന് യോജിച്ച
പശ്ചാത്തലം. ഉയരത്തിൽ നിന്നും (ദൈവത്തിൽ നിന്നും) ജനിക്കാത്ത ആരും ആത്മീയമായത്
അന്വേഷിക്കുന്നില്ല. (born from above, born again).
ഉയരത്തിൽ നിന്നും ജനിച്ചവർ ആണ് വീണ്ടും ജനനം പ്രാപിച്ചവർ. അതിനാൽ, ദൈവത്തിന്റെ സർവ്വാധികാരപ്രകാരമുള്ള കൃപ
(sovereign grace) മാത്രം ആണ് മനുഷ്യന്റെ “സമ്പൂർണ്ണ
മലിനത”യ്ക്ക് പരിഹാരം.
എന്തുകൊണ്ട് രക്ഷിക്കപ്പെട്ടവരും പാപം ചെയ്യുന്നു?
ഈ ചോദ്യത്തിന് ഉത്തരം മനസ്സിലാക്കേണം എന്നുണ്ടെങ്കിൽ,
രക്ഷിക്കപ്പെടുക എന്നതിന്റെ മൂന്ന് അവസ്ഥകളെക്കുറിച്ച് വ്യക്തമായി
അറിഞ്ഞിരിക്കേണം. രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,
രക്ഷിക്കപ്പെടും എന്നിവയാണ് രക്ഷയുടെ മൂന്ന് അവസ്ഥകൾ.
ഒരിക്കല്‍ ഒരുവന്‍ വീണ്ടും ജനനം
പ്രാപിച്ചാൽ അവന്‍ പാപത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷിക്കപ്പെടുന്നു,
എഫെസ്യര്‍
2:8
കൃപയാലല്ലോ
നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും
നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
റോമര്‍
8:1
അതുകൊണ്ടു
ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
തുടർന്നുള്ള ജീവിതത്തിൽ അവൻ പാപത്തിന്റെ
അധികാരത്തില്‍ നിന്നും, പാപത്തിന്റെ ശക്തിയില്‍ നിന്നും പാപത്തിന്റെ അടിമത്തത്തിൽ
നിന്നും രക്ഷ പ്രാപിക്കുന്നു. ഈ കാലയളവിലെ പോരാട്ടത്തിൽ വിശ്വാസികൾ ജയിക്കുക
തന്നെ ചെയ്യും.
റോമർ 8:34
ശിക്ഷവിധിക്കുന്നവൻ
ആർ?
ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു
ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ
വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
1
കൊരിന്ത്യര്‍ 1:18
ക്രൂശിന്റെ
വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും
ആകുന്നു.
റോമര്‍
6:11-14
അവ്വണ്ണം
നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു
ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.ആകയാൽ പാപം നിങ്ങളുടെ
മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു.
നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ
ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല,
കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
രക്ഷിക്കപ്പെടുക എന്നതിന്റെ മൂന്നാമത്തെ ഘട്ടം ആണ് “രക്ഷിക്കപ്പെടും”
എന്നത്. ഇത് ഭാവിയിൽ സംഭവിക്കുന്നത് ആണ്. ഈ അവസ്ഥയിൽ നമ്മൾ എത്തിച്ചേരുന്നതുവരെ
പാപത്തൊടുള്ള പോരാട്ടം തുടരും. രക്ഷിക്കപ്പെട്ട വിശ്വാസികൾ,
ഭാവിയില്‍ രൂപാന്തരപ്പെട്ട ഒരു ശരീരം പ്രാപിച്ച്, ദൈവരാജ്യത്തിൽ എത്തിച്ചേരും.
അവിടെ അവർ പാപത്തിന്റെ സാന്നിധ്യത്തില്‍ നിന്നും രക്ഷിക്കപ്പെടും.
റോമർ 13:11
ഇതു ചെയ്യേണ്ടതു
ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ
അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു
അധികം അടുത്തിരിക്കുന്നു.
1 യോഹന്നാൻ 3: 2
പ്രിയമുള്ളവരേ, നാം
ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ
പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു
സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
1
പത്രൊസ് 1:4-5
അന്ത്യകാലത്തിൽ
വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ
കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും, ക്ഷയം, മാലിന്യം, വാട്ടം, എന്നിവ
ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
ഫിലിപ്പിയര്‍
3:20,21
നമ്മുടെ
പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ
നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ
സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ
താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി
രൂപാന്തരപ്പെടുത്തും.
നമ്മള്‍ ഭൂതകാലത്ത് ഒരു ദിവസം
രക്ഷിക്കപ്പെട്ടു; വര്‍ത്തമാനകാലത്ത് നമ്മള്‍
ജീവിക്കുമ്പോള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഭാവിയില്‍
നമ്മള്‍ രക്ഷിക്കപ്പെടും. ഇത് ഭൂതകാല രക്ഷയും, വര്‍ത്തമാനകാല
രക്ഷയും, ഭാവികാല രക്ഷയും ആണ്. അതായത് രക്ഷയ്ക്ക് വ്യക്തമായ
മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. നമ്മള്‍ രക്ഷിക്കപ്പെട്ടു,
രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും. ഈ മൂണ്
ഘട്ടങ്ങളില്‍ നടക്കുന്ന ആത്മീയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഇങ്ങനെ
പറയാവുന്നതാണ്: നമ്മള്‍ നീതീകരിക്കപ്പെട്ടു, നമ്മള്‍
വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, നമ്മള്‍
തേജസ്കരിക്കപ്പെടും.
നമ്മൾ ദൈവ കൃപയാൽ ലഭിച്ച വിശ്വാസത്താൽ യേശുക്രിസ്തുവിനെ
രക്ഷിതാവും കർത്താവും (യജമാനനും) ആയി സ്വീകരിച്ച നിമിഷം തന്നെ രക്ഷിക്കപ്പെട്ടു.
ഇത് ഉടൻ സംഭവിക്കുന്ന മാറ്റം ആണ്. യേശുക്രിസ്തു ഇതിനെ വീണ്ടും ജനനം എന്നു
വിളിച്ചു. ഇതിന് ഉയരത്തിൽ നിന്നും ജനിക്കുക എന്നും അർത്ഥം ഉണ്ട്. ഇത് ദൈവകൃപയാൽ,
വിശ്വാസത്താൽ മാത്രം, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നമ്മളുടെ ആത്മാവിന്
ഉണ്ടാകുന്ന വീണ്ടും ജനനം ആണ്. നമ്മളുടെ ജീവിതത്തെ യേശുക്രിസ്തുവിന് സമർപ്പിച്ചു,
അവനെ രക്ഷകനും, കർത്താവും ആയി സ്വീകരിച്ചപ്പോൾ, നമ്മൾ ദൈവത്തിന്റെ മക്കൾ ആയി
തീർന്നു.
റോമർ
8:14-16
ദൈവാത്മാവു
നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു
ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം
ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
നമ്മൾ യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി
സ്വീകരിക്കുമ്പോൾ തന്നെ നമ്മൾ നീതീകരിക്കപ്പെടുന്നു. ഇതിനാൽ നമ്മൾ പുതിയ സൃഷ്ടികൾ
ആയി തീരുന്നു (2 കൊരിന്ത്യർ 5:17). രക്ഷിക്കപ്പെട്ട ഒരുവന്, അവനിലെ
പുനർജ്ജീവനം (regeneration) പ്രാപിച്ച ആത്മാവിനെ അനുസരിച്ചു
ജീവിക്കുവാൻ കഴിയും. രക്ഷിക്കപ്പെടുന്നതിന് മുമ്പ് നമ്മൾ പാപത്തിന് അടിമകൾ
ആയിരുന്നു. രക്ഷിക്കപ്പെട്ടത്തിന് ശേഷം നീതിക്ക് ദാസൻമാർ ആയിത്തീർന്നിരിക്കുന്നു.
(റോമർ 6:16). യേശുക്രിസ്തുവിന്റെ ശക്തിയാൽ പാപത്തിന്റെ അധികാരവും നിയന്ത്രണവും
തകർന്നിരിക്കുന്നു (റോമർ 6:6).
റോമർ 6:20-23
നിങ്ങൾ
പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.
നിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ
തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ. എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു
സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന
ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം
മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ
യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് രക്ഷയുടെ ആദ്യ
അനുഭവത്തിൽ നിന്നും തുടർന്നുള്ള ജീവിതത്തിൽ സംഭവിക്കുന്ന വിശുദ്ധീകരണം ആണ്. ഇത്
ഉടൻ സംഭവിക്കുന്നില്ല. ഇത് ഒരുവൻ യേശുക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ മുതൽ അവന്റെ മരണം
വരെ തുടരുന്ന ഒരു പ്രക്രിയ ആണ്. ഈ കാലയളവിൽ എന്താണ് സംഭവിക്കേണ്ടത് എന്നു എഫെസ്യർ
4:14-15 വാക്യങ്ങൾ വ്യക്തമാക്കുന്നു.
എഫെസ്യർ 4:14-15
അങ്ങനെ നാം ഇനി
മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ
കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ
ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും
വളരുവാൻ ഇടയാകും.
എന്നാൽ, ഒരു ക്രിസ്തീയ വിശ്വാസി രക്ഷിക്കപ്പെട്ട ശേഷവും അവൻ
അവന്റെ മലിനമായ ശരീരത്തിൽ തന്നെ ജീവിക്കുന്നു. ഈ ശരീരം പാപത്തിന്റെ പ്രലോഭനങ്ങളിൽ
നിന്നും മുക്തം അല്ല. രക്ഷിക്കപ്പെട്ട വിശ്വാസികൾക്കും, അതിന് മുമ്പ് ഉണ്ടായിരുന്നതുപോലെ
സ്വതന്ത്ര ഇച്ഛാശക്തി (free will) ഉണ്ടായിരിക്കും. അവന് തുടർന്നും
പാപത്തെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പരിശുദ്ധാവിനാൽ പുതുക്കം പ്രാപിച്ച
ആത്മാവിന്റെ ഇച്ഛയ്ക്ക് അനുസരിച്ചു ജീവിക്കുവാനും കഴിയും. ഇതിനെ പഴയമനുഷ്യനും,
പുതിയ മനുഷ്യനും തമ്മിലുള്ള സംഘർഷമായി ചിത്രീകരിക്കാറുണ്ട്.
റോമർ 7:14-15
ന്യായപ്രമാണം
ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ. ഞാൻ പ്രവർത്തിക്കുന്നതു ഞാൻ
അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ
അത്രേ ചെയ്യുന്നതു.
റോമർ 7:19-23
ഞാൻ ചെയ്‍വാൻ
ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ
പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ
പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാൻ
ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു
ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ
പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
ഗലാത്യർ 5:16-17
ആത്മാവിനെ
അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം
നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം
ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ
പ്രതികൂലമല്ലോ.
ഒരു വിശ്വാസി രക്ഷിക്കപ്പെട്ടത്തിന് ശേഷം പാപത്തിന്റെ
അടിമത്തത്തിൽ അല്ല. പാപം അവനെ ഭരിക്കുന്നില്ല. അതിനാൽ ആത്മാവിനെ അനുസരിച്ചു
നടക്കുന്ന ഒരുവൻ ചെയ്തുപോകുന്ന പാപം അവന്റെ സ്വാഭാവിക ജീവിത ശൈലി അല്ല. വീണ്ടും
ജനനം പ്രാപിച്ചവർ ആത്മാവിൽ പുതുക്കം പ്രാപിച്ചു എങ്കിലും പാപത്താൽ മലിനമായ
ശരീരത്തിൽ, സാത്താനാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ലോക ക്രമത്തിൽ ജീവിക്കുന്നു.
അതുകൊണ്ടാണ് അവൻ വീണ്ടും പാപം ചെയ്യുവാനുള്ള സാദ്ധ്യത ഉള്ളത്. എന്നാൽ വീണ്ടും ജനനം
പ്രാപിച്ചതിന് ശേഷം അവൻ വീണ്ടും പാപത്തിലേക്ക് തിരികെ പോകുകയല്ല, അവൻ ആത്മീയമായി
വിശുദ്ധീകരണം എന്ന പ്രക്രിയയിലൂടെ കടന്നുപോകുകയാണ് വേണ്ടത്.
രക്ഷ പാപത്തിന്റെ അടിമത്തത്തെയും ശക്തിയെയും തകർക്കുന്നു,
എങ്കിലും ദൈവജനം തുടർന്നും പ്രലോഭനങ്ങളോട് പോരാടി ജീവിക്കുന്നു. എന്നാൽ രക്ഷയുടെ
അനുഭവത്തിൽ ജീവിക്കുന്നവർ പഴയ ജീവിതം തുടരുന്നവർ അല്ല, അവർ പുതിയ ജീവിതത്തിൽ
പാപത്തോട് പോരാടി ജയിച്ചു മുന്നോട്ട് പോകുന്നവര് ആണ്.
നമ്മൾ പാപത്തിന് അടിമകൾ ആയിരുന്നപ്പോൾ ദൈവത്തെ
അനുസരിക്കുവാനോ, ദൈവത്തെ പ്രസാദിപ്പിക്കുവാനോ കഴിയുമായിരുന്നില്ല. ജഡപ്രകാരം ഉള്ള
ഒരു പ്രവർത്തിക്കും ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിവില്ല.
റോമർ 8:7-8
ജഡത്തിന്റെ ചിന്ത
ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു
കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.
ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
പാപം സംബന്ധമായി രക്ഷിക്കപ്പെട്ടവരും അല്ലാത്തവരും
തമ്മിലുള്ള വ്യത്യസം ഇങ്ങനെയാണ്: രക്ഷിക്കപ്പെട്ടവർ തുടർന്നു പാപത്തിന്റെ
അടിമത്തത്തിലോ, അധികാരത്തിലോ ജീവിക്കുന്നില്ല. അവരിൽ ഉള്ള പുതുക്കം പ്രാപിച്ച
ആത്മാവിനെ അനുസരിച്ചു ദൈവഹിതപ്രകാരം ജീവിക്കുവാൻ അവർക്ക് കഴിയും. അതിനായി
പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തും. എന്നാൽ ഏത് തിരഞ്ഞെടുക്കേണം എന്നതിനുള്ള
സ്വതന്ത്ര ഇച്ഛാശക്തി അവരിൽ തുടർന്നും ഉണ്ടായിരിക്കും. രക്ഷയുടെ അനുഭവത്തിൽ
ജീവിക്കുന്നവർ നിരന്തരം പാപത്തോടു പോരാടി ജയിച്ചുകൊണ്ടു ജീവിക്കും. വീണ്ടും
പാപത്തിലേക്ക് തിരികെ പോകുന്നവർ, അവർ രക്ഷിക്കപ്പെട്ടവർ എങ്കിലും, രക്ഷയുടെ
അനുഭവത്തിൽ ജീവിക്കുന്നില്ല. അവർ വിശുദ്ധീകരണം പ്രാപിക്കുന്നില്ല. ഇവർക്ക്
ബാലശിക്ഷ ഉണ്ടാകും.
2 കൊരിന്ത്യർ
5:17
ഒരുത്തൻ
ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി,
ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
1
യോഹന്നാൻ 3:5-6, 9
5-6
പാപങ്ങളെ നീക്കുവാൻ അവൻ (യേശുക്രിസ്തു) പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ
പാപം ഇല്ല. അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും
അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.
9 ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം
ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.
എബ്രായർ 12:10
അവർ (നമ്മുടെ
ജഡസംബന്ധമായ പിതാക്കന്മാർ, 12:9) ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു
ബോധിച്ചപ്രകാരവുമത്രേ; അവനോ, (കർത്താവ്,
12:5-6) നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു
നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
രക്ഷിക്കപ്പെട്ട വിശ്വാസികൾ, “കൃപയിലും നമ്മുടെ കർത്താവും
രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരു”ന്തോറും അവർക്ക് പാപത്തോടു
പോരാടി ജയിക്കുവാൻ കഴിയും. (2 പത്രൊസ് 3:18). അവർക്ക് “സകല ഭാരവും മുറുകെ പറ്റുന്ന
പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടു”വാനും
കഴിയും. (എബ്രായർ 12:1). “അവന്റെ (യേശുക്രിസ്തുവിന്റെ) ദിവ്യശക്തി”യാൽ “നിങ്ങൾ
ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു
കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2 പത്രൊസ് 1:3-4). 2 പത്രൊസ് 1:5-11 വരെയുള്ള
വാക്യങ്ങളിൽ, രക്ഷിക്കപ്പെട്ട ജനം എങ്ങനെ ജീവിക്കേണം എന്നും അതിന്റെ പ്രതിഫലം
എന്തായിരിക്കും എന്നും പറയുന്നു.
2 പത്രൊസ് 1:5-11
അതുനിമിത്തം
തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു
വീര്യവും, വീര്യത്തോടു പരിജ്ഞാനവും, പരിജ്ഞാനത്തോടു ഇന്ദ്രീയജയവും,
ഇന്ദ്രീയജയത്തോടു സ്ഥിരതയും, സ്ഥിരതയോടു ഭക്തിയും, ഭക്തിയോടു സഹോദരപ്രീതിയും
സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ. ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു
എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു
ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല. അവയില്ലാത്തവനോ കുരുടൻ അത്രേ;
അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം
മറന്നവനും തന്നേ. അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും
തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും
ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ
നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
എന്നാൽ രക്ഷിക്കപ്പെട്ടത്തിന് ശേഷവും നമ്മൾ പാപത്തിൽ
വീഴുവാൻ സാധ്യതയുണ്ട് എന്നും, അവിടെ യേശുക്രിസ്തു മുഖാന്തരം വിടുതൽ ലഭിക്കും
എന്നും യോഹന്നാൻ പറയുന്നു.
1 യോഹന്നാൻ 2:1
എന്റെ
കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു
എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ
യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.
1 യോഹന്നാൻ
1:8-10
നമുക്കു പാപം
ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം
നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ
ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും
നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ
അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
ഇവിടെ “ഏറ്റുപറയുന്നു” എന്നതിന്
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “ഹൊമൊളഗെയോ” എന്നതാണ് (homologeō, hom-ol-og-eh'-o). ഈ
വാക്കിന്റെ അർത്ഥം, മറ്റൊരുവൻ പറയുന്നതിനോട് ചേർന്നു അത് തന്നെ പറയുക, അവനോടു
യോജിക്കുക, എന്നിങ്ങനെയാണ്. (to say the same
thing as another, to agree with, assent). യോഹന്നാൻ
പറയുന്നത് ഇതാണ്: നമ്മൾ പാപികൾ ആണ് എന്ന ദൈവീക കൽപ്പനയോട് നമ്മൾ യോജിക്കുന്നു
എങ്കിൽ ദൈവം നമ്മളുടെ പാപങ്ങളെ ക്ഷമിക്കും. നമ്മൾ പാപികൾ ആയതിനാൽ നമുക്ക് പാപമോചനം
ആവശ്യമുണ്ട്. ദൈവത്തിന് മാത്രമേ നമ്മളുടെ പാപങ്ങളെ മോചിക്കുവാൻ കഴിയൂ.
രക്ഷിക്കപ്പെട്ട ജനം പാപം ചെയ്യുവാൻ സാധ്യതയുണ്ട് എന്നു
പറഞ്ഞാൽ, അവർ പാപത്തിൽ തുടർന്നു ജീവിക്കേണം എന്നല്ല. രക്ഷിക്കപ്പെടുന്നതിന് മുമ്പ്
നമ്മളുടെ പാപങ്ങളെ കണ്ടതുപോലെയല്ല, രക്ഷിക്കപ്പെട്ടതിന് ശേഷമുള്ള പാപങ്ങളെ
കാണുന്നത്. രക്ഷിക്കപ്പെട്ടവർ തുടർന്നും പാപം ചെയ്യുവാൻ സാധ്യതയുണ്ട് എങ്കിലും
പാപത്തൊടുള്ള അവരുടെ മനോഭാവത്തിന് മാറ്റം ഉണ്ടായിരിക്കും. പാപം തുടർന്നും ഒരു
ജീവിത ശൈലി ആയിരിക്കുകയില്ല. പാപത്തെ അവർ ദൈവത്തോടുള്ള മൽസരമായും, പോരാടി
തോൽപ്പിക്കേണ്ട പ്രകൃതിയായും കാണുന്നു.
റോമർ 6:1-2
ആകയാൽ നാം എന്തു
പറയേണ്ടു?
കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു
എങ്ങനെ?
റോമർ 12:2
ഈ ലോകത്തിന്നു
അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു
തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
“മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന അനുഭവത്തിനാണ്
വിശുദ്ധീകരണം എന്നു പറയുന്നത്.
വീണ്ടും ജനനം പ്രാപിച്ച ക്രിസ്തീയ വിശ്വാസികൾ തുടർന്നും
പാപം ചെയ്യാറുണ്ടോ? ഉണ്ട്. എന്നാൽ അവർ മനപ്പൂർവ്വമായി പാപം ചെയ്യാറുണ്ടോ?
ഇല്ല.
2 കൊരിന്ത്യർ
3:18
എന്നാൽ മൂടുപടം
നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം
എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ
പ്രതിമയായി രൂപാന്തരപ്പെടുന്നു.
സമ്പൂർണ്ണ മലിനതയിൽ നിന്നുള്ള വിടുതൽ
സമ്പൂർണ്ണ മലിനതയിൽ നിന്നു വിടുതൽ ഉണ്ടാകുമോ, അത് എന്നു
സംഭവിക്കും? ഈ ചോദ്യത്തിനുകൂടെ ഉത്തരം കണ്ടെത്തികൊണ്ടു ഈ പഠനം അവസാനിപ്പിക്കാം.
വേദപുസ്തകം പഠിപ്പിക്കുന്നത് അനുസരിച്ചു, സമ്പൂർണ്ണ
മലിനതയിൽ നിന്നുള്ള വിടുതൽ രണ്ടു ഘട്ടങ്ങളിൽ ആയി സംഭവിക്കുന്നു. ഒന്നാമത്തെ ഘട്ടം,
നമ്മൾ രക്ഷിക്കപ്പെടുമ്പോൾ ആണ്. അപ്പോൾ ഒരുവന്റെ മരിച്ച അവസ്ഥയിൽ ആയിരിക്കുന്ന
ആത്മാവ് ദൈവത്തിന്റെ ആത്മാവിനാൽ പുനർജ്ജീവനം പ്രാപിക്കുന്നു (regeneration). ഇതിനെ വീണ്ടും ജനനം എന്നും ഉയരത്തിൽ നിന്നും ജനിക്കുക എന്നും പറയാം. ഈ
അനുഭവം പ്രാപിച്ചവർ പാപത്തിന്റെ ശിക്ഷയിൽ നിന്നും, പാപത്തിന്റെ അടിമത്തത്തിൽ
നിന്നും മോചിതരാകുന്നു. എന്നാൽ വിടുതൽ ഇവിടെ പൂർണ്ണമാകുന്നില്ല. അത് ഒരുവൻ പുനരുത്ഥാനം
പ്രാപിക്കുമ്പോൾ മാത്രമേ സംഭവിക്കുന്നുള്ളൂ.
ഒരുവൻ രക്ഷയുടെ ആദ്യ അനുഭവത്തിൽ ആകുമ്പോൾ അവൻ
രക്ഷിക്കപ്പെട്ടു എന്നു പറയുന്നു. അതായത് അവൻ പാപത്തിന്റെ ശിക്ഷയിൽ നിന്നും,
അടിമത്തത്തിൽ നിന്നും, അധികാരത്തിൽ നിന്നും, നിയന്ത്രണത്തിൽ നിന്നും വിടുതൽ
പ്രാപിച്ചു. അവൻ ദൈവ സന്നിധിയിൽ നീതീകരിക്കപ്പെട്ടവൻ ആയി.
എഫെസ്യർ 2:8
കൃപയാലല്ലോ
നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ
കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
എന്നാൽ രക്ഷിക്കപ്പെട്ടവർ സമ്പൂർണ്ണമായി മലിനമായ ശരീരത്തിൽ,
ഈ ലോകത്തിൽ ജീവിക്കുന്നതിനാൽ, പാപത്തൊടുള്ള പോരാട്ടം തുടർന്നുകൊണ്ടിരിക്കും. ഈ
കാലയളവിനെയാണ് വിശുദ്ധീകരണം എന്നു വിളിക്കുന്നത്.
ഭാവിയിൽ ഓരോ വിശ്വാസിയുടെയും രക്ഷ പൂർണ്ണമാകും. അപ്പോൾ അവർ
പാപത്തിന്റെ സാന്നിധ്യത്തിൽ നിന്നും രക്ഷ പ്രാപിക്കും. പിന്നെ, അവിടെ പാപത്തിന്റെ
ശിക്ഷയോ, അടിമത്തമോ, പോരാട്ടമോ ഉണ്ടായിരിക്കുകയില്ല. ഇതിനെ തേജസ്കരണം എന്നു
വിളിക്കുന്നു. ഇത് കർത്താവിന്റെ വരവിങ്കൽ സംഭവിക്കുന്ന പുനരുത്ഥാനത്തോടെ
സാധ്യമാകും. അപ്പോൾ ഈ ജഡശരീരം നീങ്ങിപ്പോകും. തേജസ്കരിക്കപ്പെട്ട, പാപത്തിന്റെ
മലിനത ഇല്ലാത്ത ഒരു ശരീരം ലഭിക്കും. ശേഷം പാപത്തിന്റെ സാന്നിദ്ധ്യം ഇല്ലാത്ത പുതിയ
യെരൂശലേമിൽ നിത്യമായി, കർത്താവിനോടുകൂടെ വസിക്കും.
വെളിപ്പാട് 21:27
കുഞ്ഞാടിന്റെ
ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും
ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
1 യോഹന്നാൻ 3:2
പ്രിയമുള്ളവരേ, നാം
ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ
പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു
സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
2 കൊരിന്ത്യർ 3:18
എന്നാൽ മൂടുപടം
നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം
എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ
പ്രതിമയായി രൂപാന്തരപ്പെടുന്നു.
ഈ വാക്യത്തിലെ “തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ
പ്രതിമയായി രൂപാന്തരപ്പെടുന്നു.” എന്നത് ഒരു തുടർച്ചയായ ആത്മീയ അനുഭവം ആണ്. ഈ
അനുഭവത്തിന്റെ പാരമ്യത്തിൽ നമ്മൾ ക്രിസ്തുവിന്റെ തേജസ്സ് പൂർണ്ണമായി പ്രാപിച്ചു,
അവനോടു സാദൃശ്യർ ആയി, അല്ലെങ്കിൽ അതേ പ്രതിമയായി, രൂപാന്തരം പ്രാപിക്കും. ഈ
അന്തിമമായ രൂപാന്തരം ഒരു ഭാവികാല സംഭവം ആണ്.
2 കൊരിന്ത്യർ 3:18 ലെ “രൂപാന്തരപ്പെടുന്നു” എന്നതിന്റെ
ഗ്രീക്ക് പദം “മെറ്റമോർഫാഒ” എന്നാണ് (metamorphoō, met-am-or-fo'-o). ഈ
വാക്കിന്റെ അർത്ഥം, മറ്റൊരു രൂപത്തിലേക്ക് മാറുക, രൂപാന്തരപ്പെടുക, എന്നിങ്ങനെയാണ്
(change into another form, transform, transfigure). ഇതേ
ഗ്രീക്ക് വാക്കാണ് മർക്കോസിന്റെ 9:2 ൽ യേശുക്രിസ്തുവിന്റെ രൂപാന്തര പ്രത്യക്ഷതയുടെ
വിവരണത്തിലും നമ്മൾ കാണുന്നത്.
മർക്കോസ് 9:2
ആറു ദിവസം കഴിഞ്ഞ
ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന
മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു (മെറ്റമോർഫാഒ, metamorphoō,
met-am-or-fo'-o).
യേശുക്രിസ്തുവിന് മറുരൂപ മലയിൽ വച്ചു ഉണ്ടായ രൂപാന്തരമാണ്
ഓരോ ക്രിസ്തീയ വിശ്വസിയും പ്രാപിക്കുവാനിരിക്കുന്നത്. ഇത് യേശുക്രിസ്തുവിന്റെ
വരവിങ്കൽ, പുനരുത്ഥാനത്തിൽ സംഭവിക്കും. അന്ന് രക്ഷിക്കപ്പെട്ട, രക്ഷയുടെ
അനുഭവത്തിൽ ജീവിച്ച എല്ലാ വിശ്വാസികളും പാപത്താൽ ഉണ്ടായ മലിനതയിൽ നിന്നും പൂർണ്ണമായി
വിടുതൽ പ്രാപിക്കും.
ഫിലിപ്പിയർ
3:20-21
നമ്മുടെ
പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു
രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ
കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള
ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
1 കൊരിന്ത്യർ 15:52-53
നാം എല്ലാവരും
നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു
കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ
ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.




No comments:
Post a Comment