കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ

 നിഖ്യാ വിശ്വാസപ്രമാണം

നിഖ്യാ വിശ്വാസപ്രമാണത്തിലെ പ്രധാനപ്പെട്ട ഒരു ഏറ്റുപറച്ചില്‍ ആണ്, ക്രിസ്തീയ സഭ “കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ” ആണ് എന്നത്. അന്നുമുതല്‍ ഇതിനെ സത്യ സഭയുടെ നാല് അടയാളങ്ങള്‍ ആയി കരുതിപ്പോരുന്നു.

അടിസ്ഥാന ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു പ്രഖ്യാപന രേഖയാണ് നിഖ്യാ വിശ്വാസപ്രമാണം. ഇത് ഗ്രീക്കില്‍ ആണ് ആദ്യമായി എഴുതപ്പെട്ടത്. ഇത് ഒരു പ്രത്യേക സഭാവിഭാഗത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ അല്ല. ഇതിന്റെ രൂപീകരണ കാലത്ത് ക്രിസ്തീയ സഭ പല വിഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഏക ക്രിസ്തീയ സഭയുടെ അടിസ്ഥാന പ്രമാണമായിട്ടാണ് ഇത് അന്നത്തെ സഭാപിതാക്കന്മാര്‍ രൂപീകരിച്ചത്.

ക്രിസ്തീയ സഭയുടെ ആദ്യകാലങ്ങളില്‍ കൊടിയ പീഡനങ്ങളിലൂടെ വിശ്വാസികള്‍ കടന്നുപോയി. ഇതിന് ഒരു അറുതി വന്നത്, പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്‍റൈന്‍, AD 312 ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെയാണ്. അതോടെ, ക്രിസ്ത്യാനികള്‍ക്ക് എതിരായ പീഡനങ്ങള്‍ അവസാനിക്കുകയും, ക്രിസ്തീയ വിശ്വാസം വിശാലമായ സാമ്രാജ്യത്തിലും അയല്‍ രാജ്യങ്ങളിലും വേഗത്തില്‍ പരക്കുകയും ചെയ്തു.


ക്രമേണ ക്രിസ്തീയ സഭയില്‍ പലവിധത്തിലുള്ള വിരുദ്ധ ഉപദേശങ്ങള്‍ ഉടലെടുത്തു. അതിനാല്‍, ഒരു അടിസ്ഥാന ക്രിസ്തീയ വിശ്വാസ പ്രമാണത്തിന് രൂപം നല്കുക എന്ന ഉദ്ദേശ്യത്തോടെ, കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, ഗ്രീക്കിലെ നിഖ്യാ എന്ന സ്ഥലത്ത് വച്ച് ആദ്യത്തെ എക്യൂമിനിക്കല്‍ കൌണ്‍സില്‍, AD 325 ജൂണ്‍ മാസത്തില്‍, വിളിച്ച് ചേര്‍ത്തു.  

നിഖ്യായിലെ കൌണ്‍സില്‍, വിരുദ്ധ ഉപദേശങ്ങളെ ഖണ്ഡിക്കുകയും തള്ളിക്കളയുകയും ചെയ്തു. യേശുക്രിസ്തു, സത്യ ദൈവവും, പിതാവായ ദൈവത്തോട് ഏക സത്വവും ഉള്ളവന്‍ ആണ് എന്ന് കൌണ്‍സില്‍ പ്രഖ്യാപിച്ചു. എല്ലാ ക്രൈസ്തവ സഭകളും അംഗീകരിക്കുന്ന, നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ ആദ്യ രൂപം തയ്യാറാക്കിയത് നിഖ്യാ കൌണ്‍സില്‍ ആണ്.

AD 381 ല്‍, റോമന്‍ ചക്രവര്‍ത്തി ആയിരുന്ന തിയോഡോസിയുസ് ഒന്നാമന്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഒന്നാമത്തെ കൌണ്‍സില്‍ വിളിച്ചുചേര്‍ത്തു. ഈ ആലോചനയോഗത്തില്‍ നിഖ്യാ വിശ്വാസ പ്രമാണം വിപുലീകരിക്കുകയും ത്രിത്വ ഉപദേശം അന്തിമമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. നിഖ്യായില്‍ കൂടിയ ആലോചനായോഗത്തിന് ശേഷം യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം, പരിശുദ്ധാത്മാവ് എന്നീ വിഷയങ്ങളില്‍ ഉടലെടുത്ത ചില പാഷണ്ഡ (വിരുദ്ധ) ഉപദേശങ്ങളെ എതിര്‍ക്കുവാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വിപുലീകരണം നടത്തിയത്.

ഈ കൌണ്‍സിലില്‍ വച്ച് നിഖ്യാ വിശ്വാസപ്രമാണത്തിന് അന്തിമമായ രൂപമുണ്ടായി എന്നതിനാലാണ് അതിനെ, നിഖ്യാ- കോണ്‍സ്റ്റാന്‍റിനോപ്പോളിറ്റന്‍ വിശ്വാസപ്രമാണം എന്നും വിളിക്കുന്നത് (Niceno-Constantinopolitan). 

AD 381 ല്‍ കൂടിയ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഒന്നാമത്തെ കൌണ്‍സിലില്‍, 325 ല്‍ രൂപീകരിച്ച നിഖ്യാ വിശ്വാസപ്രമാണത്തോട് കൂട്ടിച്ചേര്‍ത്ത പ്രധാന വാചകം ഇതാണ്:

 

“കര്‍ത്താവും ജീവിപ്പിക്കുന്നവനും, പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുംകൂടെ വന്ദിക്കപ്പെട്ടു മഹത്വപ്പെടുന്നവനും, പ്രവാചകരെകൊണ്ട് പറയിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭയിലും ഞാന്‍ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക ബപ്തീസ്മയെ ഞാന്‍ അനുസരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തിനും വരുവാനുള്ള ലോകത്തിലെ ജീവനും ഞാന്‍ കാത്തിരിക്കുന്നു. ആമേന്‍.”

451 ല്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിലെ മാര്‍സിയന്‍ ചക്രവര്‍ത്തി (Marcian), “കാല്‍സിഡോണിലെ കൌണ്‍സില്‍ എന്ന് അറിയപ്പെടുന്ന ആലോചനായോഗം വിളിച്ച് ചേര്‍ത്തു (Fourth Ecumenical Council at Chalcedon). ഈ ആലോചനായോഗത്തില്‍, 381 ലെ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൌണ്‍സില്‍ വിപുലീകരിച്ച നിഖ്യാ വിശ്വാസപ്രമാണത്തെ അന്തിമമായി അംഗീകരിക്കുകയും ചെയ്തു. 

നിഖ്യാ വിശ്വാസപ്രമാണം, അടിസ്ഥാന ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് എന്നതില്‍ ഭൂരിപക്ഷം സഭകള്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അവര്‍ ഇതിനെ തിരുവെഴുത്തിന് തുല്യമായി കാണുന്നില്ല. ഇതിന് തിരുവെഴുത്തുകളുടെ ആധികാരികത ഇല്ല. ഇത് തിരുവെഴുത്ത് പോലെ പിശകുകള്‍ ഇല്ലാത്ത, തെറ്റുകള്‍ ഉണ്ടാകുവാന്‍ സാധ്യതയില്ലാത്ത ഒരു രേഖയല്ല. ദൈവീക ത്രിത്വത്തില്‍ വിശ്വസിക്കാത്ത സഭാവിഭാഗങ്ങള്‍ നിഖ്യാ വിശ്വാസപ്രമാണത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല.

ഇതിനെ റോമന്‍ കത്തോലിക്ക, കിഴക്കന്‍ ഓര്‍ത്തഡോക്സ്, പൌരസ്ത്യ ഓര്‍ത്തഡോക്സ്, ആഗ്ലിക്കന്‍ എന്നീ സഭകളും പ്രധാനപ്പെട്ട എല്ലാ പ്രൊട്ടസ്റ്റന്‍റ് സഭകളും, പെന്തെക്കൊസ്ത് സഭകളും വിശ്വാസ രേഖയായി അംഗീകരിച്ചിട്ടുണ്ട്.

സത്യ സഭയുടെ നാല് അടയാളങ്ങളും വേര്‍പിരിക്കുവാന്‍ കഴിയാതെവണം ബന്ധപ്പെട്ടിരിക്കുന്നു. അതായത് സത്യ സഭയ്ക്ക് ഇതില്‍ ഒന്നോ രണ്ടോ ആയിരിക്കുവാനും ബാക്കിയുള്ളതിനെ തള്ളിക്കളയുവാനും കഴിയുകയില്ല. സത്യ സഭ ഈ നാല് ഗുണവിശേഷങ്ങളും ഉള്ളതാണ്. അതില്‍ ഒന്നു എങ്കിലും ഇല്ലാതായാല്‍, അത് സത്യ സഭ അല്ലാതെയായിത്തീരും.

ഈ ഗുണവിശേഷങ്ങള്‍ സഭയ്ക്ക് ഉണ്ടായിരിക്കേണം എന്നു നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. ഇത് സഭയുടെ സ്വഭാവ വിശേഷത്തെയും ദൌത്യത്തെയും കാണിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിരന്തരമായ സാന്നിധ്യത്തിലൂടെയും, നടത്തിപ്പിലൂടെയും സഭ ഈ ദൌത്യം നിര്‍വ്വഹിക്കുന്നു. ഈ വിശേഷണഗുണങ്ങള്‍ സഭ മനപ്പൂര്‍വ്വമായി സൃഷ്ടിക്കുന്നതോ രൂപപ്പെടുത്തുന്നതോ അല്ല. അവയെല്ലാം, പരിശുദ്ധാത്മാവിലൂടെ, യേശുക്രിസ്തു എന്ന സഭയുടെ ശിരസ്സ്, അവന്റെ ശരീരമാകുന്ന സഭയില്‍ പകര്‍ന്നിരിക്കുന്ന ഗുണവിശേഷതകള്‍ ആണ്.

സഭ എന്നത് ഒരു ആവശ്യകതയാണ് എന്ന് നിഖ്യാ വിശ്വാസപ്രമാണം ഉറപ്പിച്ച് പറയുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്രിസ്തീയ സഭ, അതിന്റെ ചരിത്രത്തില്‍ പലപ്പോഴും വിശുദ്ധവും, നിര്‍ദ്ദോഷവും ആയിരുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ സഭ, എല്ലാ ക്രിസ്തീയ വിശ്വാസികളും ഉള്‍പ്പെട്ടുനില്‍ക്കേണ്ടുന്ന ഒരു സമൂഹമാണ് എന്നതില്‍ തര്‍ക്കമില്ല. അത് ദൈവത്താല്‍ നിയമിക്കപ്പെട്ടതാണ്. ക്രിസ്തുവിന്റെ ദൌത്യം മനപ്പൂര്‍വ്വമായി പൂര്‍ത്തീകരിക്കുക എന്നത് സഭയുടെ കടമാണ്. ക്രിസ്തുവിന്റെ സാക്ഷിയാകുവാന്‍ കഴിയുന്ന വിശ്വാസികളുടെ ഏക സമൂഹമാണ് സഭ. തിരുവെഴുത്തുകളുടെയും, അതില്‍ അടങ്ങിയിരിക്കുന്ന ദൈവീക വെളിപ്പാടുകളുടെയും ഏക സൂക്ഷിപ്പുകാരന്‍ സഭയാണ്.

എല്ലാ സഭാവിഭാഗങ്ങളും വിശ്വാസ പ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന സഭയുടെ നാല് അടയാളങ്ങളെ ഒരുപോലെയല്ല വ്യാഖ്യാനിക്കുന്നത്. കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ, റോമന്‍ കത്തോലിക്ക സഭയാണ് എന്ന് അവര്‍ വിശ്വസിക്കുന്നു (Roman Catholic Church). അവര്‍ക്ക് വെളിയിലുള്ള സഭാവിഭാഗങ്ങളില്‍, സത്യ സഭയുടെ ചില അടയാളങ്ങള്‍ കണ്ടേക്കാം. എന്നാല്‍ അതെല്ലാം അപൂര്‍ണ്ണമാണ് എന്നാണ് അവരുടെ വാദം.

ക്രിസ്തുവും ശിഷ്യന്മാരും സ്ഥാപിച്ച, ചരിത്രപരവും, ജൈവവും, മൌലീകവുമായ, യഥാര്‍ത്ഥ സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍ മാത്രമാണ് എന്നു അവര്‍ വാദിക്കുന്നു (Eastern Orthodox Church). പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍, ഇവര്‍ രണ്ടു കൂട്ടരോടും വിയോജിക്കുന്നു (Oriental Orthodox Church).

ക്രിസ്തുവും ശിഷ്യന്മാരും സ്ഥാപിച്ച, ചരിത്രപരവും, ജൈവവും, മൌലീകവുമായ ക്രിസ്തീയ സഭയുടെ തുടര്‍ച്ച അവരില്‍ മാത്രമാണു ഉള്ളത് എന്നാണ് പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ വാദം. ലൂഥറന്‍ സഭകള്‍, അവരാണ് യഥാര്‍ത്ഥ ദൃശ്യമായ സഭ എന്നു അവകാശപ്പെടുന്നു.

 

ഈ മുഖവുരയോടെ, നിഖ്യാ വിശ്വാസ പ്രമാണത്തില്‍ ഏറ്റുപറയുന്ന സഭയുടെ നാല് അടയാളങ്ങളെക്കുറിച്ച് തുടര്‍ന്നു ചിന്തിക്കാം.

 


കാതോലിക സഭ

 നിഖ്യാ വിശ്വാസപ്രമാണത്തില്‍ പറയുന്ന സത്യ സഭയുടെ ഒന്നാമത്തെ അടയാളം, അത് “കാതോലികം” ആണ് എന്നതാണ്. “കാതോലികം” എന്ന വാക്കിന്‍റെയര്‍ത്ഥം “സാര്‍വ്വലൌകീകം” എന്നാണ് (universal). ലോകത്തില്‍ എല്ലായിടത്തുമുള്ള എന്ന ആശയമാണ് ഇതിനുള്ളത്. സത്യ സഭ, എല്ലായിടത്തും ഉണ്ട് എന്നു മാത്രമല്ല, അത് എല്ലാവര്‍ക്കും ഉള്ളതാണ്.

ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിലെല്ലായിടത്തും അറിയിക്കുക എന്നതാണു സത്യ സഭയുടെ ദൌത്യം. സഭയില്‍ ജാതി, മത, വര്‍ഗ്ഗ, ഭാഷാ, ദേശ വ്യത്യാസങ്ങള്‍ ഇല്ല. യേശു ക്രിസ്തുവിന്റെ രക്തത്താലുള്ള വീണ്ടെടുപ്പിലൂടെ എല്ലാവര്‍ക്കും സത്യ സഭയില്‍ പ്രവേശനം ഉണ്ട്.

സഭ കാതോലികം ആയതിനാല്‍, അത് സത്യ സുവിശേഷവും ക്രിസ്തീയ വിശ്വാസവും പൂര്‍ണ്ണമായി പ്രസംഗിക്കേണം. സഭ പ്രസംഗിക്കുന്ന സുവിശേഷത്തില്‍ യാതൊന്നും കുറവുണ്ടാകുവാനോ, മറയ്ക്കുവാനോ, മൂടിവയ്ക്കുവാനോ, ഒഴിവാക്കപ്പെടുവാനോ പാടില്ല. അത് ലോകത്തിലെ എല്ലാ മനുഷ്യരോടും ഒരുപോലെ പ്രസംഗിക്കപ്പെടേണം. ലോകത്തിലെ ഏതെങ്കിലും ജന സമൂഹത്തെ ഒഴിവാക്കുവാന്‍ പാടില്ല. എല്ലായിടത്തും ദൈവരാജ്യത്തിന്റെ സുവിശേഷം ഒന്നുതന്നെ ആയിരിക്കേണം. ഈ ദൌത്യം പൂര്‍ത്തീകരിക്കുവാന്‍, കാതോലികം ആയ, സര്‍വ്വലൌകീകമായ, ലോകത്തെമ്പാടും പരന്നുകിടക്കുന്ന സഭയ്ക്ക് മാത്രമേ കഴിയൂ. 

രണ്ടാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതല്‍ തന്നെ സത്യ സഭയെ “കാതോലികം” എന്നു വിശേഷിപ്പിച്ചിരുന്നു. അന്ന് സഭ ലോകത്തെല്ലായിടവും പരന്നിട്ടില്ലയിരുന്നു.

അതിനാല്‍, “കാതോലികം” എന്ന വാക്ക് സഭയുടെ ഒരു വിശേഷഗുണമായിട്ടാണ് ഉപയോഗിച്ചിരുന്നത്. അത് അതിന്റെ വലുപ്പത്തെ സൂചിപ്പിച്ചിരുന്നില്ല. ആദ്യ നൂറ്റാണ്ടുകളില്‍, സമ്പൂര്‍ണ്ണം, എല്ലാം ഉള്‍ക്കൊള്ളുന്നത്, കുറവില്ലാത്തത് എന്ന അര്‍ത്ഥത്തില്‍ സഭയുടെ ഒരു നിര്‍വചനം ആയിട്ടാണ് കാതോലികം എന്ന് പറഞ്ഞിരുന്നത്.

രണ്ടാം നൂറ്റാണ്ടില്‍, കാതോലികം” എന്ന വാക്ക് ആദ്യം ഉപയോഗിക്കപ്പെട്ടപ്പോള്‍, അതിനു സര്‍വ്വലൌകീകം എന്ന അര്‍ത്ഥം ഇല്ലായിരുന്നു. സുവിശേഷം ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ് എന്ന കഴപ്പാടാണ് “സര്‍വ്വലൌകീകം” എന്ന വാക്കില്‍ ഉള്ളത്. എന്നാല്‍, രണ്ടാം നൂറ്റാണ്ടില്‍ “കാതോലികം” എന്ന വാക്ക് അന്ന് ഉയര്‍ന്നുവന്ന വിരുദ്ധ ഉപദേശങ്ങളെ ചെറുക്കുവാനായി ഉപയോഗിച്ചതാണ്. വിരുദ്ധ ഉപദേശക്കാര്‍ വിശ്വാസത്തിന്റെ മൂലതത്വങ്ങളും സഭയുടെ ഉപദേശങ്ങളും പൂര്‍ണ്ണമായി അംഗീകരിക്കാതെ, അതില്‍ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് അവരുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവര്‍ ആയിരുന്നു.

എന്നാല്‍ സത്യ സഭ ഉപദേശങ്ങളെയും ക്രിസ്തീയ വിശ്വാസത്തെയും പൂര്‍ണ്ണമായി അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നു. അപ്പോസ്തലന്‍മാരില്‍ നിന്നും പകര്‍ന്നു ലഭിച്ച ഉപദേശങ്ങളിലും വിശ്വാസത്തിലും സഭ പൂര്‍ണ്ണവും അഖണ്ഡവും, തികഞ്ഞതും ആയിരുന്നു. ഈ അര്‍ത്ഥത്തിലാണ് സഭ “കാതോലികം” ആണ് എന്ന് ആദ്യകാലത്ത് വിശേഷിപ്പിച്ചത്.

AD 379 മുതല്‍ 395 വരെ റോമിന്റെ ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്‍, “എഡിക്റ്റ് ഓഫ് തെസ്സലൊനീക്യ” എന്ന് അറിയപ്പെടുന്ന ഒരു കല്പ്പന AD 380 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ചു. ഈ കല്പ്പന പ്രകാരം, പിതാവും, പുത്രനും, പരിശുദ്ധാത്മാവും, തുല്യ മഹത്വത്തിലും വിശുദ്ധ തിത്വത്തിലും വസിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ മാത്രമേ “കാതോലിക് ക്രിസ്ത്യാനികള്‍” ആകുന്നുള്ളൂ. ചക്രവര്‍ത്തിയുടെ ഈ കല്‍പ്പനയില്‍, സഭയുടെ വിശ്വാസഗുണങ്ങള്‍ സൂചിപ്പിക്കുവാനാണ് “കാതോലികം” എന്ന പദം ഉപയോഗിച്ചത്. അദ്ദേഹം സഭയുടെ സര്‍വ്വലൌകീകതയെക്കുറിച്ചല്ല ഈ കല്‍പ്പനയില്‍ പറയുന്നത്.

 

എന്നാല്‍, AD 108 ല്‍ അന്തരിച്ച, റോമില്‍ ജീവിച്ചിരുന്ന സെന്‍റ്. ഇഗ്നേഷിയസ് ഓഫ് ആന്റിഓക്, സ്മുര്‍ന്നായിലെ സഭയ്ക്ക് എഴുതിയ കത്തില്‍, സഭയെക്കുറിച്ച് പറയുമ്പോള്‍, സാര്‍വ്വലൌകീകം എന്ന അര്‍ത്ഥത്തില്‍ “കാതോലികം” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഈ കാഴ്ചപ്പാട് ആദിമുതല്‍ തന്നെ സഭാപിതാക്കന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം.

 

സഭ കാതോലികം ആയിരിക്കുന്നത്, യേശുക്രിസ്തു എല്ലായിടത്തുമുള്ള സഭകളില്‍ ഒരുപോലെ സന്നിഹിതന്‍ ആയതിനാലാണ്. യേശുക്രിസ്തു സഭയുടെ ശിരസ്സായതിനാല്‍ അവനെ കൂടാതെ ഒരു സഭയും ഇല്ല. അതിനാലാണ് സെന്‍റ്. ഇഗ്നേഷിയസ് ഓഫ് ആന്റിഓക് ഇങ്ങനെ പറഞ്ഞത്: “യേശുക്രിസ്തു എവിടെയുണ്ടോ, അവിടെ കാതോലികമായ സഭയുണ്ട്.” സത്യത്തിന്റെ നിറവ് ഉള്ളതിനാല്‍ സഭ എപ്പോഴും തികഞ്ഞതും പൂര്‍ണ്ണവും ആയിരിയ്ക്കും. കാതോലികം എന്നത് നിറവാണ്. അത് നിര്‍ദ്ദോഷമായ അവസ്ഥയെ കാണിക്കുന്നു.

 

സഭ സാര്‍വ്വലൌകീകം ആയിരിക്കുമ്പോള്‍ തന്നെ അത് പ്രദേശികവുമാണ്. ഒരു പ്രദേശത്തെ വിശ്വാസികളെ സേവിക്കുന്നു എന്ന അര്‍ത്ഥത്തില്‍ അത് പ്രാദേശിക സഭയാണ്.

അതേസമയം, എല്ലാ പ്രാദേശിക സഭകളും, സര്‍വ്വലൌകീകം അല്ലെങ്കില്‍ കാതോലികവുമായ ഏക സഭയുടെ ഭാഗമാണ്.

സത്യ സഭ സര്‍വ്വലൌകീകം എന്ന അര്‍ത്ഥത്തില്‍ കാതോലികം ആയതിനാല്‍, അത് ഒരു മാനുഷിക അധികാരിയുടെ കീഴില്‍ ആയിരിക്കേണം എന്നില്ല. അത് കുറെ പ്രാദേശിക സഭകളുടെ സംയുക്ത ഭരണ സംവിധാനം അല്ല. എല്ലാ പ്രാദേശിക സഭകളും ഒരു പ്രസ്ഥാനത്തിനു കീഴില്‍ ആകേണം എന്നില്ല. ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉപദേശങ്ങളുടെയും വിശ്വാസത്തിന്റെയും ഐക്യതയാണ് സഭയെ കാതോലികം ആക്കുന്നത്.


അപ്പോസ്തോലിക സഭ

സത്യ സഭയുടെ  രണ്ടാമത്തെ അടയാളമാണ് അത് അപ്പോസ്തലികമാണ് എന്നത്. അപ്പോസ്തോലികം എന്നത്, സഭ, അപ്പോസ്തലന്‍മാരുടെ ചരിത്രപ്രധാനമായ പഠിപ്പിക്കലുകളില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നതാണ്.

സഭയ്ക്ക് അടിസ്ഥാന ഉപദേശങ്ങള്‍, തിരുവെഴുത്തായി ലഭിച്ചത് അപ്പോസ്തലന്‍മാരിലൂടെയാണ്. അവ ക്രിസ്തീയ വിശ്വാസത്തെ ഒരിക്കലായി, എന്നന്നേക്കുമായി സഭയ്ക്ക് നല്കിയിരിക്കുന്നു.

എപ്പിസ്കോപ്പല്‍ സഭകള്‍ അപ്പോസ്തലന്മാരുടെ മാനുഷികമായ പിന്തുടര്‍ച്ചയില്‍ വിശ്വസിക്കുന്നു (apostolic succession). അപ്പോസ്തലന്മാരുടെ, അവിരാമാമായ, മാനുഷിക തുടര്‍ച്ച സഭയിലെ ബിഷപ്പുമാരില്‍ ഉണ്ട് എന്ന് അവര്‍ കരുതുന്നു. അവരുടെ തുടര്‍ച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ നിന്നാണ് എന്നും അവര്‍ വാദിക്കുന്നു. അതിനാല്‍ ബിഷപ്പുമാര്‍ക്ക്, ഒരുവന് സഭയില്‍ അംഗത്വം നല്‍കുവാനും, പുരോഹിതന്മാരെ നിയമിക്കുവാനും, ബിഷപ്പുമാരെ വാഴിക്കുവാനും, അധികാരം ഉണ്ട്. അവര്‍ക്ക് സഭാജനങ്ങളുടെമേലും പ്രസ്ഥാനത്തിന്റെമേലും മറ്റ് ശുശ്രൂഷകരുടെമേലും അധികാരം ഉണ്ട്. 

അപ്പോസ്തോലിക പിന്തുടര്‍ച്ചയെക്കുറിച്ച് എപ്പിസ്കോപ്പല്‍ സഭകള്‍ക്കിടയില്‍ ഏക ധാരണയില്ല. അവരുടെ വാദങ്ങള്‍ ഇങ്ങനെയാണ്:

യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ശുശ്രൂഷകള്‍ തുടരുവാന്‍ ഒരു സമൂഹത്തെ രൂപീകരിക്കേണ്ടത് ആവശ്യമായിരുന്നു. അതിനാല്‍ യേശുക്രിസ്തു അപ്പോസ്തലന്മാരെ അതിനായി നിയമിച്ച് നിയോഗിച്ചു. (മത്തായി 28: 19, 20). ക്രിസ്തു നിയമിച്ച അപ്പോസ്തലന്മാര്‍, അവരുടെ സഹശുശ്രൂഷകന്‍മാരായും, പിന്തുടര്‍ച്ചക്കാരായും മറ്റുള്ളവരെ നിയമിച്ചു. അങ്ങനെ അവര്‍ ഒരു അധികാര ശ്രേണിയ്ക്ക് രൂപം കൊടുത്തു, അല്ലെങ്കില്‍ ക്രമേണ ഒരു അധികാര ശ്രേണിയുണ്ടായി. ഇവരാണ് ബിഷപ്പുമാര്‍. അപ്പോസ്തലന്മാരുടെ കൈവെപ്പിന്റെ അണിമുറിയാത്ത തുടര്‍ച്ചയാല്‍  ബിഷപ്പുമാര്‍ക്ക് ആത്മീയ അധികാരം ലഭിച്ചിരിക്കുന്നു.

ഈ ഉപദേശം ആദ്യനൂറ്റാണ്ടിലെ സഭ അംഗീകരിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ഉണ്ട് എന്നു എപ്പിസ്കോപ്പല്‍ സഭകള്‍ അവകാശപ്പെടുന്നു. ഏകദേശം AD 95 ല്‍ റോമിലെ ബിഷപ്പായിരുന്ന ക്ലെമെന്‍റ്, കൊരിന്തിലെ സഭയ്ക്ക് എഴുതിയ ഒന്നാമത്തെ കത്തില്‍, ബിഷപ്പുമാര്‍ അപ്പോസ്തലന്മാരുടെ പിന്തുടര്‍ച്ചയുള്ളവരാണ് എന്നു എഴുതിയിട്ടുണ്ട്

റോമന്‍ കത്തോലിക്ക സഭ, അപ്പോസ്തോലിക പിന്തുടര്‍ച്ച, യേശുവിന്റെ ആദ്യത്തെ ശിഷ്യന്‍ ആയിരുന്ന പത്രൊസില്‍ നിന്നാണ് ആരംഭിക്കുന്നത് എന്ന് അവകാശപ്പെടുന്നു. യേശുക്രിസ്തു പത്രൊസിനെ ശിഷ്യന്മാരില്‍ ഒന്നാമനായും സഭയുടെ തലവനായും നിയമിച്ചു. അങ്ങനെ അവന്‍ യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ പ്രതിനിധിയായി. യേശുവിന്റെ ഈ ഭൂമിയിലെ ശുശ്രൂഷകള്‍ അവന്‍ പത്രോസിന് കൈമാറി. പത്രൊസ് അത് അവന്റെ പിന്തുടര്‍ച്ചക്കാരിലേക്ക് കൈമാറി. പത്രൊസ് റോമിലെ ആദ്യത്തെ ബിഷപ്പായി.

എന്നാല്‍, യേശുക്രിസ്തുവിന്റെ ആദ്യത്തെ ശിഷ്യന്‍ അന്ത്രെയാസ് ആണ് എന്നു ഓര്‍ത്തഡോക്സ് സഭ അവകാശപ്പെടുന്നു. അവര്‍ അന്ത്രെയാസിന്റെ അപ്പോസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്നു. 

റോമന്‍ കത്തോലിക്കാ സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ, പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭ, അസ്സീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റ്, സ്വീഡിഷ് ലൂഥറന്‍ സഭ, ആഗ്ലിക്കന്‍ സഭ എന്നിവര്‍ മാനുഷികമായ അപ്പോസ്തോലിക പിന്തുടര്‍ച്ചയില്‍ വിശ്വസിക്കുന്നു.

അപ്പോസ്തലന്മാരുടെ പിന്തുടര്‍ച്ചയുള്ള ബിഷപ്പുമാര്‍ നേതൃത്വം കൊടുക്കുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ മാത്രമേ  സാധുവായിട്ടുള്ളൂ (valid Christian ministry) എന്ന് അവര്‍ വാദിക്കുന്നു. അതിനാല്‍ അപ്പോസ്തോലിക പിന്തുടര്‍ച്ചയില്‍ വിശ്വസിക്കാത്ത മറ്റുള്ള സഭാവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ അവര്‍ സാധുവായി കരുതുന്നില്ല.

 

എന്നാല്‍ ഈ വിഷയത്തില്‍ ഇവര്‍ക്കിടയില്‍ ഭിന്നതയുണ്ട്. റോമന്‍ കത്തോലിക്ക സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തനങ്ങളെ പൊതുവേ അംഗീകരിക്കുണ്ട്. എന്നാല്‍ അവര്‍ ഇരുവരും ആഗ്ലിക്കന്‍ സഭയെയോ, അതിന്റെ പ്രവര്‍ത്തനങ്ങളെയോ അംഗീകരിക്കുന്നില്ല. ആഗ്ലിക്കന്‍ സഭയുടെ കാഴ്കപ്പാട് അനുസരിച്ച്, അപ്പോസ്തോലിക പിന്തുടര്‍ച്ച സഭയുടെ കെട്ടുറപ്പിന് ആവശ്യമാണ് എങ്കിലും സഭയുടെ നിലനില്‍പ്പിന് ആവശ്യമില്ല.

 

പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ ഭൂരിപക്ഷം സഭാ വിഭാഗങ്ങളും മാനുഷികമായ അപ്പോസ്തോലിക പിന്തുടര്‍ച്ചയില്‍ വിശ്വസിക്കുന്നില്ല. അവര്‍ അപ്പോസ്തോലിക പിന്തുടര്‍ച്ച കാണുന്നത് അപ്പോസ്തലന്മാരുടെ ഉപദേശങ്ങളുടെ പിന്തുടര്‍ച്ചയിലാണ്.

സഭയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കേണം എന്നോ, അതിന്റെ ഭരണ സംവിധാനം എങ്ങനെയായിരിക്കേണം എന്നോ പുതിയനിയമത്തില്‍ ആരും വ്യക്തമായ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. സഭയുടെ ആദ്യകാലങ്ങളില്‍ തന്നെ, വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ എപ്പിസ്കോപ്പല്‍ സഭകള്‍ പഠിപ്പിക്കുന്ന മാനുഷികമായ അപ്പോസ്തോലിക പിന്തുടര്‍ച്ച ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലോ ചരിത്രപരമായോ ഉറപ്പിക്കുവാന്‍ സാധ്യമല്ല. ബിഷപ്പുമാരിലൂടെ ഒരു പിന്തുടര്‍ച്ച ഉണ്ട് എന്ന് തിരുവെഴുത്ത് പറയുന്നില്ല. യഥാര്‍ത്ഥ അപ്പോസ്തോലിക പിന്തുടര്‍ച്ച, ആത്മീയവും, ഉപദേശപരവും ആണ്. അത് ആചാരങ്ങളുടെയോ മാനുഷിക പാരമ്പര്യങ്ങളുടെയും തുടര്‍ച്ചയല്ല.

 

അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യയിലുള്ള സഭയെ ഉപദേശിച്ചത് അവന്‍ പറഞ്ഞും എഴുതിയും നല്കിയ പരമ്പര്യങ്ങളില്‍ ഉറച്ചുനില്‍ക്കാണ്. മാനുഷിക പിന്തുടര്‍ച്ചയുടെ അധികാര ശ്രേണിയില്‍ നില്‍ക്കുവാന്‍ അദ്ദേഹം ഉപദേശിച്ചില്ല.

 

2 തെസ്സലൊനീക്യര്‍ 2: 15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.

പൌലൊസ്  അവര്‍ക്ക് ഉപദേശങ്ങളും ദൈവീക വെളിപ്പാടുകളും, വാമൊഴിയാലും എഴുത്തിലൂടെയും നല്കിയിട്ടുണ്ട്. അവയെല്ലാം പരിശുദ്ധാത്മാവിന്റെ നിയോഗത്താല്‍ പറഞ്ഞതും എഴുതിയതും ആണ്. അതിനാല്‍, പൌലൊസ് തെസ്സലൊനീക്യയിലുള്ള സഭയെ ഉപദേശിക്കുന്നത്, ദൈവീക വെളിപ്പാടുകളായി, അപ്പോസ്തലന്മാര്‍ അവര്‍ക്ക് നല്കിയ ഉപദേശങ്ങളില്‍ മുറുകെ പിടിച്ചുകൊള്ളേണം എന്നാണ്. സാംസ്കാരികവും, സാമൂഹികവുമായ പശ്ചാത്തലത്തില്‍ ഉടലെടുത്ത മാനുഷിക പാരമ്പര്യങ്ങളില്‍ നില്‍ക്കേണം എന്നു അദ്ദേഹം പറയുന്നില്ല. എപ്പിസ്കോപ്പല്‍ സഭകള്‍ പഠിപ്പിക്കുന്ന അപ്പോസ്തോലിക പരമ്പര്യത്തെക്കുറിച്ചല്ല പൌലൊസ് ഇവിടെ പറയുന്നത്.

ക്രിസ്തുവിന്റെ സഭ പാരമ്പര്യമായും പ്രവചനാത്മകമായും അപ്പോസ്തോലികമാണ്. സഭയുടെ അടിസ്ഥാന ഉപദേശങ്ങള്‍ ഇന്നും അപ്പോസ്തലന്മാരുടെ ജീവനുള്ള പരമ്പര്യത്തിലാണ് നിലനില്‍ക്കുന്നത്.

അപ്പോസ്തോലിക പരമ്പര്യം, തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന, അപ്പോസ്തലന്മാരുടെ പഠിപ്പിക്കലുകളുടെയും ജീവിത മാതൃകകളുടെയും തുടര്‍ച്ചയാണ്. അപ്പോസ്തോലിക തുടര്‍ച്ച തിരുവെഴുത്തിലൂടെ സൂക്ഷിക്കപ്പെടുന്നു. അതിനാല്‍ അപ്പോസ്തലന്മാരുടെ ഉപദേശങ്ങളും അതിന്റെ ആത്മീയ അധികാരവും അംഗീകരിക്കുന്ന എല്ലാ സഭകളും അപ്പോസ്തോലികം ആണ്.

പ്രവചനാത്മകമായ അപ്പോസ്തോലികത്വം പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്താലും, ആത്മാവിന്റെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയും സഭയില്‍ നിലനില്‍ക്കുന്നു. പരിശുദ്ധാത്മാവ് സഭയെ എന്നും പുതിയതാക്കികൊണ്ടിരിക്കുന്നു. അപ്പോസ്തലന്മാരുടെ ഉപദേശങ്ങളില്‍ നിലനില്‍ക്കുവാനും, അതിനെ സൂക്ഷിക്കുവാനും, അതനുസരിച്ച് ജീവിക്കുവാനും സഭയെ പരിശുദ്ധാത്മാവ് ശാക്തീകരിക്കുന്നു. 

 ഏക സഭ

നിഖ്യാ വിശ്വാസപ്രമാണത്തില്‍ പറയുന്ന, സത്യ സഭയുടെ മൂന്നാമത്തെ അടയാളമാണ് സഭയുടെ ഏകതയും ഐക്യവും. സഭ, യേശുക്രിസ്തു ശിരസ്സായിരിക്കുന്ന അവന്റെ ശരീരമാണ്. ക്രിസ്തീയ സത്യ സഭ, സര്‍വ്വലൌകീകമായി കാണപ്പെടുന്നതും നിലനില്‍ക്കുന്നതുമാണ് എങ്കിലും, അത് പലതായിരിക്കുകയില്ല, ഒന്നായിരിക്കും. അതിന്റെ അടിസ്ഥാനം യേശുക്രിസ്തു എന്ന ഏക ശിലയിന്മേലാണ്. സഭ ഒരു ദൈവത്തിലും യേശുക്രിസ്തു എന്ന ഏക കര്‍ത്താവിലും വിശ്വസിക്കുന്നു.

സഭയുടെ ഏകത എന്നതിനെക്കുറിച്ച് യേശുക്രിസ്തു അവന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയില്‍ പറയുന്നതിങ്ങനെയാണ്:

  

യോഹന്നാന്‍ 17: 21, 23

21  നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.

23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. 


ക്രിസ്തീയ സഭയുടെ ഐക്യവും ഏകതയും ദൈവത്തിന്റെ സാരാംശത്തില്‍ നിന്നും പകരപ്പെടുന്നതാണ്. അത് ഭൂമിയിലെ പ്രസ്ഥാനങ്ങളുടെ ഘടനയല്ല. ഐക്യത്തിന്റെ മൂല ശ്രോതസ്സ് ഏക സത്യ ദൈവത്തിലുള്ള നമ്മളുടെ വിശ്വാസമാണ്. അവനില്‍ ആണ് ക്രിസ്തീയ സഭ ഒന്നായിരിക്കുന്നത്.

കൊരിന്ത്യയിലെ സഭയ്ക്ക്, അപ്പൊസ്തലനായ പൌലൊസ് എഴുതിയ ഈ വാചകം സഭയുടെ ഏകത വെളിപ്പെടുത്തുന്നതാണ്.

 

1 കൊരിന്ത്യര്‍ 15: 9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.

 

യഥാര്‍ത്ഥത്തില്‍ അപ്പോസ്തലനായ പൌലൊസ് കൊരിന്തിലെ സഭയെ ഉപദ്രവിച്ചിട്ടില്ല. അദ്ദേഹമാണ് അവിടെ സഭ സ്ഥാപിച്ചത്. പൌലൊസ് ഉപദ്രവിച്ചത് യെരൂശലേമിലെ സഭയെയാണ്. എന്നാല്‍ പൌലൊസ് കൊരിന്തിലെ സഭയ്ക്ക് എഴുതുന്നത്, അവന്‍ “ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പോസ്തലന്‍ എന്ന പേരിന് യോഗ്യനല്ല” എന്നാണ്. അതായത് സഭ ഒന്നാണ്. യെരൂശലേമിലെ സഭയെ ഉപദ്രവിച്ചപ്പോള്‍, അദ്ദേഹം സഭയെയാണ് ഉപദ്രവിച്ചത്. സഭയുടെ ഏകതയില്‍ കൊരിന്തിലെ സഭയും ഉള്‍പ്പെടും. ഒരു പ്രാദേശിക സഭയുടെ കഷ്ടത, എല്ലായിടത്തുമുള്ള സഭയുടെ കഷ്ടതയാണ്. കാരണം സത്യ സഭ ഒരു ശരീരമാണ്.

ലോകത്താകമാനം പരന്നുകിടക്കുന്ന സത്യസഭയില്‍ പൊതുവായിട്ടുള്ളത് യേശുക്രിസ്തുവും, ഒരേ വിശ്വാസവും, ഒരേ സ്നാനവുമാണ്. അതായത് യേശുക്രിസ്തുവിലുള്ള വിശ്വാസവും, അവന്റെ ഉപദേശങ്ങളും കല്‍പ്പനകളും ആണ് സത്യ സഭയെ ഒന്നായി നിലനിറുത്തുന്നത്.

 

അപ്പോസ്തല പ്രവൃത്തികള്‍ വായിച്ചാല്‍, ആദ്യ നൂറ്റാണ്ടിലെ പ്രാദേശിക ക്രിസ്തീയ സഭകള്‍ എല്ലാം, അവര്‍ ഒന്നാണ് എന്നു വിശ്വസിച്ചിരുന്നു എന്നു മനസ്സിലാക്കാം. അന്ന് പ്രസ്ഥാനമോ സംഘടനാ സംവിധാനങ്ങളോ ഇല്ലായിരുന്നു. എല്ലാ പ്രാദേശിക സഭകള്‍ക്കുമായി ഒരു സിരാകേന്ദ്രമോ, മാനുഷിക തലവനോ ഇല്ലായിരുന്നു. അവര്‍ എല്ലാവരും യേശുക്രിസ്തു എന്ന ശിരസ്സിനാല്‍ ഒന്നായി ബന്ധിക്കപ്പെട്ടിരുന്നു. അവര്‍ പരസ്പരം വന്ദനം ചൊല്ലി, പരസ്പരം സ്നേഹിച്ചു, മറ്റ് പ്രാദേശിക സഭകളിലേക്ക് ശുശ്രൂഷകന്മാരെ അയക്കുകയും, മറ്റ് സഭകളില്‍ നിന്നും അയക്കപ്പെടുന്ന ശുശ്രൂഷകന്മാരെ സ്വീകരിക്കുകയും ചെയ്തു. അവര്‍ പരസ്പരം സാമ്പത്തികമായി സഹായിച്ചു. ഓരോ പ്രാദേശിക സഭയും മറ്റ് സഭകള്‍ക്ക് അനുകരിക്കുവാന്‍ കഴിയുന്ന മാതൃക ആയിരുന്നു. 

 

കത്തോലിക്ക, ഓര്‍ത്തഡോക്സ്, മെത്തോഡിസ്റ്റ്, ആഗ്ലിക്കന്‍, പെന്തെക്കോസ്ത് സഭകള്‍ എല്ലാം അവരാണ് കാണപ്പെടുന്ന ഏക സത്യ സഭ എന്നു അവകാശപ്പെടുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസമനുസരിച്ച് സത്യ സഭയെ ആര്‍ക്കും വിഭജിക്കുവാന്‍ സാധ്യമല്ല. ഒരുവന് സഭയ്ക്കുള്ളില്‍ ആകുവാനും സഭയെ ഉപക്ഷിക്കുവാനും കഴിയും. എന്നാല്‍ സഭയെ വിഭജിക്കുവാന്‍ സാധ്യമല്ല. കാരണം സഭയുടെ ഏകതയും ഐക്യതയും മാനുഷിക അധികാരത്താല്‍ സ്ഥാപിക്കപ്പെട്ടത് അല്ല. അത് ദൈവത്താല്‍ മാത്രം സ്ഥാപിക്കപ്പെട്ടതാണ്.

സഭയുടെ ഏകത, ഐക്യം എന്നിവയേക്കുറിച്ച് മറ്റൊരു വിശദീകരണവും ഉണ്ട്. ക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭ ദൃശ്യമായത് അല്ല, അത് അദൃശ്യവും മാര്‍മ്മികവും ആണ്. സഭ ക്രിസ്തുവിന്റെ മാര്‍മ്മികമായ ശരീരമാണ്. ക്രിസ്തുവിനെ വിഭജിക്കുവാന്‍ സാധ്യമല്ലാത്തതുപോലെ അവന്റെ ശരീരമായ സഭയെയും വിഭജിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭ ഏകമാണ്. സഭയുടെ ഐക്യത, കാണപ്പെടുന്ന സഭകള്‍ക്ക് ഏക അധികാരി ഉള്ളതോ, അതെല്ലാം ഒരു പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്നതോ അല്ല. സത്യ സഭയുടെ ഏകതയും ഐക്യതയും ആത്മീയമാണ്.

കാണപ്പെടുന്നതും കാണപ്പെടാത്ത മാര്‍മ്മികമായ സഭയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച ഒരു വേദപണ്ഡിതന്‍ ആണ് സെന്‍റ്. അഗസ്റ്റീന്‍ (St. Augustine). അദൃശ്യവും മാര്‍മ്മികവും ആയ സത്യ സഭ ദൃശ്യമായ സഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യേശുക്രിസ്തു പറഞ്ഞ ഗോതമ്പിന്റെയും കളയുടെയും ഉപമയില്‍ നിന്നുമാണ് അദ്ദേഹം ഈ ചിന്ത രൂപീകരിച്ചത്. ഈ ലോകത്തിലെ കാണപ്പെടുന്ന സഭ, ഗോതമ്പും കളയും കൂടിച്ചെര്‍ന്നു വളരുന്ന ഒരു വയല്‍ പോലെയായിരിക്കും എന്നാണ് യേശുക്രിസ്തു പറഞ്ഞത്. അതായത്, സഭ എവിടെ ഉണ്ട് എന്നു നമുക്ക് പറയുവാന്‍ കഴിയും എങ്കിലും സഭ എവിടെ ഇല്ലാ എന്നു പറയുവാന്‍ നമുക്ക് കഴിയുക ഇല്ല. എന്നാല്‍ തേജസ്കരണത്തിന്റെയും അന്ത്യന്യായവിധിയുടെയും നാളില്‍ ഗോതമ്പിനേയും കളയെയും തമ്മില്‍ വേര്‍തിരിക്കും. വിശ്വസ്തരായ ദൈവജനം ദൈവരാജ്യം കൈവശമാക്കും. അവിശ്വസ്തര്‍ നിത്യാഗ്നിയില്‍ പതിക്കും. 

ഗിരിപ്രഭാഷണത്തിന്റെ അവസാനം യേശുക്രിസ്തു ഈ അവസ്ഥയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

 

മത്തായി 7: 22, 23

22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 

23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. 

അവിശ്വസ്തരായവരെ കര്‍ത്താവ് തള്ളിക്കളയുന്നത് അവര്‍ ഒരിയ്ക്കലും അവന്റെ സത്യ സഭയുടെ ഭാഗം ആയിരുന്നില്ല എന്നതിനാല്‍ ആണ്. ഇവര്‍ ഒരിക്കല്‍ വിശ്വസ്തരായിരുന്നു എങ്കിലും പിന്നീട് പിന്‍മാറ്റത്തില്‍ പോയവര്‍ അല്ല. അവര്‍ ഒരിയ്ക്കലും വീണ്ടും ജനനത്താല്‍ പുതുക്കം പ്രാപിച്ചവര്‍ ആയിരുന്നില്ല.

 

22 ആം വാക്യത്തില്‍, “നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.” എന്നാണ് യേശു പറയുന്നത്.

ഇവിടെ “പലരും” എന്നു പറയുവാന്‍ മത്തായി ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “പൊലൂസ്” എന്ന പദമാണ് (polys - pol-oos). ഈ വാക്കിന്റെ അര്‍ത്ഥം “അനേകര്‍” എന്നാണ് (many, multitude). അതായത് ദൃശ്യമായ സഭയില്‍ ആത്മീയമായ രൂപാന്തരം പ്രാപിക്കാത്ത അവിശ്വസ്തരായ അംഗങ്ങളുടെ എണ്ണം വളരെ ആയിരിയ്ക്കും. 

അതിനാല്‍, ഇപ്പോഴത്തെ സഭാ കാലഘട്ടത്തില്‍, വീണ്ടും ജനനം പ്രാപിച്ച വിശ്വാസികള്‍, ആത്മീയ രൂപാന്തരം പ്രാപിക്കാത്ത അവിശ്വസ്തരോടൊത്ത്, കാണപ്പെടുന്ന സഭയില്‍ ആയിരിക്കുന്നു. അതിനാല്‍ സെന്‍റ്. അഗസ്റ്റീന്‍ ദൃശ്യമായ സഭയെ, ഒരു സമ്മിശ്ര സമൂഹമായി കണ്ടു (mixed body - corpus permixtum). എന്നാല്‍ യേശുക്രിസ്തുവിന്റെ അദൃശ്യവും മാര്‍മ്മികവും ആയ സഭയില്‍ ആത്മീയമായി വീണ്ടും ജനനം പ്രാപിച്ച വിശ്വാസികള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇവരെ സെന്‍റ്. അഗസ്റ്റീന്‍ “തിരഞ്ഞെടുക്കപ്പെട്ടവര്‍” എന്നാണ് വിളിച്ചത് (elect).

എന്നാല്‍ ചില അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ ഒരു സത്യ വിശ്വാസിക്ക്, ദൈവീക ക്രമീകരണ പ്രകാരമോ മറ്റ് കാരണങ്ങളാലോ, ദൃശ്യമായ സഭയുടെ ഭാഗം ആകുവാന്‍ കഴിയാതെ വന്നേക്കാം. ക്രൂശിലെ മനസാന്തരപ്പെട്ട കള്ളന് ദൃശ്യമായ സഭയുടെ ഭാഗമാകുവാന്‍ കഴിഞ്ഞില്ല. സഭയുടെ പീഡനങ്ങളുടെ നാളുകളില്‍, രക്ഷിക്കപ്പെട്ട പലരും സ്നാനപ്പെടുവാനോ, ദൃശ്യമായ സഭയോടു സഹകരിക്കുവാനോ അവസരം ലഭിക്കാതെ കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും അവര്‍ എല്ലാം ക്രിസ്തുവിന്റെ അദൃശ്യമായ സഭയുടെ അഭിവാജ്യ ഭാഗം തന്നെയാണ്. 

 

അതുപോലെ, എല്ലാ മനസാന്തരപ്പെട്ട വിശ്വാസികളും കാണപ്പെടുന്ന ഒരു സഭാവിഭാഗത്തോട് തന്നെ ചേര്‍ന്ന് നില്‍ക്കേണം എന്നില്ല. അവര്‍ പല സഭാവിഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. എന്നാല്‍ അവര്‍ എല്ലാവരും ക്രിസ്തുവില്‍ മാര്‍മ്മികമായ ഏക സഭയുടെ ഭാഗമാണ്.

 

ഈ ഏകത്വം ക്രിസ്തുവും സഭയും തമ്മിലുള്ള മാര്‍മ്മികമായ ഏകത്വം ആണ്. ഒരുവന്‍ മനസാന്തപ്പെടുമ്പോള്‍ അവന്‍ ക്രിസ്തുവില്‍ ആകുന്നു. അതുപോലെ ക്രിസ്തു അവനില്‍ ജീവിക്കുവാന്‍ തുടങ്ങുന്നു.

അതിനര്‍ത്ഥം, മനസാന്തരപ്പെട്ട എല്ലാ വിശ്വാസികളും ക്രിസ്തുവില്‍ ജീവിക്കുകയും ക്രിസ്തു അവരില്‍ ജീവിക്കുകയും ചെയ്യുന്നു. ഇത് ആത്മീയമായി പുതുക്കം പ്രാപിച്ച എല്ലാ വിശ്വാസികള്‍ക്കും ഇടയില്‍ ആഴമേറിയ ഒരു ഐക്യം സൃഷ്ടിക്കുന്നു. ഈ ഐക്യം ക്രിസ്തുവിലും, അവനിലുള്ള വിശ്വാസത്തിലും, സ്നാനത്തിലും, അവന്റെ കല്‍പ്പനകളിലും അടിസ്ഥാനമായതാണ്.

 

ഗലാത്യര്‍ 2: 20  ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു

 

എന്നാല്‍ ഏകതയും ഐക്യവും, ഏകരൂപമല്ല എന്നും നമ്മള്‍ ഓര്‍ക്കേണം (unity is not uniformity). ഐക്യതയില്‍ ബഹുരൂപങ്ങള്‍ അല്ലെങ്കില്‍ നാനാത്വം ഉണ്ടാകാം (diversity within the oneness). ഏകത, ഐക്യം (oneness and unity) എന്നിവ ഒരു ശരീരമായിരിക്കുക എന്നതാണ്.

ഏകരൂപം (uniformity) എന്നതോ ബാഹ്യമായി ഒരുപോലെയായിരിക്കുക എന്നതും. ഒരേ കാര്യം ഒരു പോലെ ചെയ്യുന്നതും, അതിനു ഒരേ ബാഹ്യമായ ഘടനയും രൂപവും ഉണ്ടാകുന്നതുമാണ് ഏകരൂപം. ഏകതയും ഐക്യതയും അമൂര്‍ത്തങ്ങള്‍ ആണ്, ഏകരൂപം മൂര്‍ത്തമാണ്. ഏകത മാര്‍മ്മികമാണ്, ഏകരൂപം ദൃശ്യമാണ്.

വിശുദ്ധ സഭ

നിഖ്യാവിശ്വാസപ്രമാണത്തില്‍ പ്രഖ്യാപിച്ച, സത്യ സഭയുടെ നാലാമത്തെ അടയാളം, സഭ വിശുദ്ധമാണ് എന്നതാണ്.  സഭ വിശുദ്ധമായിരിക്കുന്നത് അതിന്റെ ശിരസ്സായ യേശുക്രിസ്തു വിശുദ്ധനായതിനാലാണ്. സഭയുടെ വിശുദ്ധി എന്നതിന്, ദൃശ്യമായ സഭയില്‍ അംഗങ്ങളായുള്ള എല്ലാവരും പാപത്തില്‍ നിന്നും സ്വതന്ത്രര്‍ ആണ് എന്ന അര്‍ത്ഥമില്ല. സഭ ക്രിസ്തുവിന്റെ വിശുദ്ധി പങ്കിടുകയും അത് വിശ്വാസികളെ വിശുദ്ധ ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.

 

വിശുദ്ധി എന്നത്, ഒരു ദൈവീക പദ്ധതിക്കായി ഒരുവനെ അല്ലെങ്കില്‍ സഭയെ ദൈവം വേര്‍തിരിച്ചിക്കുന്ന അവസ്ഥയാണ്. ഈ ഭൂമിയിലെ ദൈവീക പദ്ധതി നിവര്‍ത്തിക്കുവാനായി ദൈവം സഭയെ വേര്‍തിരിച്ചിരിക്കുകയാണ്. സഭ ദൈവത്തിന്റെ സമ്പത്താണ്. അതിനാല്‍ ദൈവം അതിനെ, അവന്റെ മഹത്വത്തിനായി, അവന്റെ വിശുദ്ധിയാല്‍ നിറച്ച്, വിശുദ്ധീകരിച്ചും, നിര്‍മ്മലീകരിച്ചും ഇരിക്കുന്നു.

 

ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ അവന്റെ സഭയും വിശുദ്ധമായിരിക്കേണം എന്നു ദൈവം ആഗ്രഹിക്കുന്നു. ഇത് ദൈവത്തിന്റെ വിശുദ്ധി അനുകരിക്കുന്നതല്ല. അവന്റെ വിശുദ്ധിയിലേക്ക് തുല്യമായി എത്തുന്നതുമല്ല. വിശുദ്ധമായിരിക്കുക എന്നത്, ദൈവത്തിന്റെ ഉപദേശങ്ങളും കല്‍പ്പനകളും അനുസരിക്കുന്നതാണ്.

 

ഏകതയും ഐക്യതയും ദൈവത്തിന്റെ വിശേഷഗുണമായിരിക്കുന്നത് പോലെ വിശുദ്ധിയും അവന്റെ വിശേഷഗുണമാണ്. ഐക്യത ദൈവത്തില്‍ നിന്നും സഭയിലേക്ക് പകരപ്പെടുന്നതുപോലെ വിശുദ്ധിയും സഭയിലേക്ക് ദൈവത്തില്‍ നിന്നും പകരപ്പെടുകയാണ്. അതിനാല്‍, സഭയുടെ വിശുദ്ധി ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കാളികള്‍ ആകുന്നതാണ്. വിശുദ്ധനായ ദൈവം സത്യ സഭയില്‍ സന്നിഹിതന്‍ ആയിരിക്കുന്നതിനാലാണ് സഭ വിശുദ്ധമായിരിക്കുന്നത്. 

 

നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തുവാണ് സഭയുടെ വിശുദ്ധിയുടെ സ്രോതസ്സ്. സത്യ സഭ എപ്പോഴും ക്രിസ്തുവുമായി ചേര്‍ന്നിരിക്കുന്നു. പരിശുദ്ധാത്മാവിനാല്‍, സഭയിലെ സത്യ വിശ്വാസികളെ വിശുദ്ധിയില്‍ ജീവിക്കുവാന്‍ സഭ ശക്തരാക്കുന്നു.

 

യേശുക്രിസ്തുവിനെ സാക്ഷിക്കുവാനുള്ള ശക്തിയാണ് സത്യ സഭയുടെ അടയാളം. യേശുക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സാന്നിധ്യം ഈ ഭൂമിയില്‍ പരത്തുന്ന ഒരു മാര്‍ഗ്ഗമാണ് സഭ. ഈ ലോകത്തില്‍ വിശുദ്ധ സഭ ആയിരിക്കുക എന്നത്, ലോകവുമായുള്ള വേര്‍പാടാന്. ഈ വേര്‍പാട് മറ്റുള്ളവര്‍ക്ക് അനുകരിക്കുവാന്‍ കഴിയുന്നതായിരിക്കേണം. 

 അവസാന വാക്ക്

നിഖ്യാ വിശ്വാസപ്രമാണത്തില്‍ സത്യ സഭയുടെ അടയാളമായി പറയുന്ന നാല് അടയാളങ്ങളെക്കുറിച്ചാണ് നമ്മള്‍ ഇതുവരെ ചിന്തിച്ചത്. അത് “കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ” എന്നതാണ്. ഇതിലെ ഓരോ അടയാളത്തെക്കുറിച്ചും നമ്മള്‍ വിശദമായി ചര്‍ച്ചചെയ്തു കഴിഞ്ഞു. ഈ പഠനം, ആര്‍. സി. സ്പ്രൌള്‍ എന്ന പ്രശസ്ത വേദ ശാസ്ത്രജ്ഞന്‍റെ ചില വാക്കുകളോടെ അവസാനിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ വാക്കുകളിലെ ആശയം ഇങ്ങനെയാണ്:

 

ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന ഏറ്റുപറച്ചിലായി ഇന്നും നിഖ്യാവിശ്വാസ പ്രമാണം നിലനില്‍ക്കുന്നു. കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭ” എന്ന വാചകം നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിതാണ്: നമ്മള്‍ എല്ലാവരും ഒരു വിശ്വാസ സമൂഹമെന്ന ഏക ശരീരത്തിന്റെ അവയവങ്ങള്‍ ആണ്. അത് കാലങ്ങളെയും ദേശങ്ങളെയും ഭേദിച്ചുകൊണ്ടു നിലനില്‍ക്കുന്നു.
No comments:

Post a Comment