വീട് പണിത മനുഷ്യരുടെ ഉപമ

യേശുക്രിസ്തുവിന്റെ ഉപമകളില്‍ പ്രശസ്തമായ ഒരു ഉപമായാണ് വീടുപണിത രണ്ട് മനുഷ്യരുടെ കഥ. ഇതില്‍ ഒരുവന്‍ പാറമേല്‍ വീട് പണിത ബുദ്ധിയുള്ള മനുഷ്യന്‍ ആയിരുന്നു. രണ്ടാമന്‍ മണലിന്‍മേല്‍ ആണ് വീട് പണിതത്. ഈ ഉപമ മത്തായി 7: 24-27 വരെയുള്ള വാക്യങ്ങളിലും ലൂക്കോസ് 6: 47-49 വരെയുള്ള വാക്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. ഇത് രണ്ടും വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ പറഞ്ഞതാണ്. ഉപമയുടെ വിവരണത്തിലെ വാക്കുകളില്‍ നേരിയ വ്യത്യാസം ഉണ്ട്.

മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളെ യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണം എന്നാണ് വിളിക്കുന്നത്. ലൂക്കോസിന്റെ 6: 20-49 വരെയുള്ള വാക്യങ്ങളെ സമതലത്തിലെ പ്രഭാഷണം എന്നാണ് വിളിക്കുന്നത്. ഇതില്‍ ദൈര്‍ഘ്യമേറിയ പ്രഭാഷണം മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം ആണ്. രണ്ടു പ്രഭാഷണങ്ങളും അവസാനിക്കുന്നത് വീട് പണിത രണ്ടു മനുഷ്യരുടെ ഉപമ പറഞ്ഞുകൊണ്ടാണ്. മത്തായിയും ലൂക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഉപമകളെ ഒരുമിച്ച് കൂട്ടി വായിച്ചാലേ ശരിയായ ഒരു ചിത്രം നമുക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ മത്തായിയുടെ വിവരണവും ലൂക്കോസിന്റെ വിവരണവും നമ്മള്‍ ഇടകലര്‍ത്തി വായിക്കുകയാണ്.  

മത്തായിയില്‍ യേശു ഉപമ ആരംഭിക്കുന്നത്, “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഒരുവനെ ബുദ്ധിയുള്ളവന്‍ എന്ന് വിളിച്ചുകൊണ്ടാണ് ഉപമ ആരംഭിക്കുന്നത്. രണ്ടാമന്‍ ബുദ്ധിയില്ലാത്തവന്‍ ആയിരുന്നു എന്ന് യേശു പറഞ്ഞില്ല. ലൂക്കോസ് ആരെയും ബുദ്ധിമാന്‍ എന്നോ ബുദ്ധിഹീനന്‍ എന്നോ വിളിക്കുന്നില്ല. എങ്കിലും യേശു ഒരുവനെക്കുറിച്ച് ബുദ്ധിയുള്ളവന്‍ എന്ന് പറഞ്ഞിരിക്കകൊണ്ടും പിന്നീട് രണ്ടാമന്റെ വീടിന് സംഭവിച്ച ക്ഷതം കൊണ്ടും രണ്ടാമനെ ബുദ്ധിയില്ലാത്തവന്‍ എന്ന് നമുക്ക് വിളിക്കാം. ഇത് അവരെ തിരിച്ചറിയുവാന്‍ നമ്മളെ സഹായിക്കും.

 

ബുദ്ധിയുള്ളവനും ബുദ്ധിയില്ലാത്തവനും

എന്താണ് ഒരുവനെ ബുദ്ധിയുള്ളവന്‍ എന്ന് യേശു വിളിക്കുവാന്‍ കാരണം? ആരാണ് ബുദ്ധിമാന്‍? ദൈവത്തിന്റെ ദൃഷ്ടിയിലെ ബുദ്ധിമാനും ലോകത്തിന്റെ ദൃഷ്ടിയിലെ ബുദ്ധിമാനും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ലോകം ഈ ലോകത്തിലെ വിജയത്തെക്കുറിച്ച് പറയുമ്പോള്‍ ദൈവം വരുവാനുള്ള ലോകത്തിലെ ജയത്തെക്കുറിച്ചാണ് പറയുന്നത്. ലോകം ഈ ഭൂമിയിലെ ജീവിതത്തില്‍ എന്തെല്ലാം നേടി എന്നതിനെ അടിസ്ഥാനമാക്കുമ്പോള്‍ ദൈവം നിത്യതയില്‍ എന്തെല്ലാം നേടി എന്നതിനെയാണ് അടിസ്ഥാനമാക്കുന്നത്. ലോകം കാഴ്ചയാല്‍ നീങ്ങുന്നു.  ലോകത്തിന് ഈ ലോകത്തിലുള്ളതിനപ്പുറത്തേക്ക് കാണുവാന്‍ കഴിയുന്നില്ല. ദൈവം വരുവാനുള്ളത്തിലുള്ള വിശ്വാസത്തെ കാണുന്നു. അതിനാല്‍ വരുവാനുള്ളത്തില്‍ ബുദ്ധിമാന്‍ അല്ലാത്തവരെ ദൈവം മൂഢന്‍ എന്നു വിളിക്കുന്നു.

 

ലൂക്കോസ് 12: 16 മുതല്‍ 21 വരെയുള്ള വാക്യങ്ങളില്‍ ലോകപ്രകാരം ബുദ്ധിമാനും ദൈവ ദൃഷ്ടിയില്‍ മൂഢനുമായ ഒരു ധനവാന്റെ ചിത്രം യേശു വിവരിക്കുന്നുണ്ട്. അവന്റെ ഭൂമി നന്നായി വിളഞ്ഞു, അവന്റെ കളപ്പുരയില്‍ കൂട്ടി വയ്ക്കുവാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ വിളവു ലഭിച്ചു. അവന്‍ ലോകപ്രകാരം ബുദ്ധിമാനായി. എന്നാല്‍ ദൈവം അവനെ മൂഢാ എന്നാണ് വിളിച്ചത്. അന്ന് രാത്രിയില്‍ അവന്‍ മരിച്ചാല്‍ ഈ സമ്പത്തുകൊണ്ട് അവന് എന്തു പ്രയോജനം? ദൈവം അവനില്‍ കണ്ട കുറവ്, അവന്‍ വരുവാനുള്ള ദൈവരാജ്യത്തില്‍ യാതൊന്നും നിക്ഷേപിച്ചില്ല എന്നതാണ്. അതിനാല്‍ നിത്യതയെ സംബന്ധിച്ചിടത്തോളം അവന്‍ മൂഢനാണ്. ദൈവത്തിന്റെ ദൃഷ്ടിയില്‍ അവന്‍ ബുദ്ധിയില്ലാത്തവന്‍ ആണ്.

 

കുറെക്കൂടെ മെച്ചമായ ഒരു ഉദാഹരണം പഴയനിയമത്തില്‍ ഉല്‍പ്പത്തി 13, 19 എന്നീ അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെടുന്നുണ്ട്. ദൈവം വിളിച്ചതനുസരിച്ച്, വിശ്വാസത്താല്‍, അബ്രഹാം ദൈവം കാണിക്കുവാനിരിക്കുന്ന ദേശത്തേക്ക് യാത്രയായി. അവന്റെ സഹോദര പുത്രനായ ലോത്തും കുടുംബവും അബ്രാഹാമിനോടൊപ്പം യാത്രചെയ്തു. അവര്‍ കനാന്‍ ദേശത്ത് എത്തി. അബ്രഹാം ബഹുസമ്പന്നന്‍ ആയിരുന്നു. ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ക്ക് ആ ദേശത്ത് ഒരുമിച്ച് താമസിക്കുവാന്‍ കഴിഞ്ഞില്ല. അവരുടെ ആടുമാടുകളെയും മറ്റ് കന്നുകാലികളെയും മേയ്ക്കുവാനുള്ള സ്ഥലം ചുറ്റുപാടുമായി ഇല്ലായിരുന്നു. അതിനാല്‍ അവര്‍ രണ്ടു വഴിക്കു പിരിയുവാന്‍ തീരുമാനിച്ചു. ലോത്ത് യോര്‍ദ്ദാന്‍ നദിക്കക്കരെയുള്ള, സൊദോം ഗൊമോരാ എന്നീ നീരോട്ടമുള്ള പ്രദേശം തിരഞ്ഞെടുത്തു. അത് അവന്റെ മൃഗ സമ്പത്തിനും ദാസീദാസന്‍മാരുടെ പാര്‍പ്പിനും അനുയോജ്യം എന്നു കണ്ടു.

 

ലോത്ത് ലോകപ്രകാരം ബുദ്ധിയുള്ളത് ചെയ്തു. അവന്‍ സമ്പന്നമായ ദേശത്ത് താമസമാക്കി. എന്നാല്‍ അബ്രഹാം ദൈവം കാണിച്ചുകൊടുത്ത ദേശത്ത് തന്നെ തുടര്‍ന്നു. അവിടെ അവന്‍ കൂടാരങ്ങളില്‍ താമസിച്ചു. അവന്‍ ദേശം പിടിച്ചടക്കിയില്ല. അവന്‍ യുദ്ധം ചെയ്തില്ല. അവന്‍ വന്‍ മാളികകള്‍ പണിതില്ല. കാരണം ദൈവം അവനോടു പറഞ്ഞു: അവന്റെ സന്തതി സ്വന്തമല്ലാത്ത് ദേശത്ത് 400 വര്‍ഷം പ്രവാസികള്‍ ആയി ജീവിക്കേണ്ടിവരും. അവരുടെ നാലാം തലമുറ വീണ്ടും കനാന്‍ ദേശത്തേക്ക് തിരികെ വരും. അവര്‍ വാഗ്ദത്ത ദേശം കൈവശമാക്കും. “നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.” (ഉല്‍പ്പത്തി 15: 15).

 

സ്വന്ത ദേശമായ മെസൊപ്പൊത്താമ്യയില്‍ നിന്നും യാത്ര പുറപ്പെട്ട അബ്രഹാം, ലോത്ത് എന്നിവരില്‍ ആരാണ് ബുദ്ധിമാന്‍? ലോകപ്രകാരം അനുഗ്രഹിക്കപ്പെട്ടവനോ, ദൈവത്തിന്റെ പദ്ധതിപ്രകാരം കൂടാരങ്ങളില്‍ ജീവിച്ചവനോ? ലോകത്തിന്റെ ദൃഷ്ടി അല്‍പ്പകാലത്തേക്കുള്ളതാണ്. ദൈവത്തിന്റെ ദൃഷ്ടി നിത്യതയിലേക്ക് കാണുന്നതാണ്. ലോത്ത് അവന്റെ ദൃഷ്ടിയില്‍ നല്ലത് തിരഞ്ഞെടുത്തപ്പോള്‍ അബ്രഹാം ദൈവത്തിന്റെ ദൃഷ്ടിയില്‍ നിത്യമായ അനുഗ്രഹത്തെ തിരഞ്ഞെടുത്തു.

 

പിന്നീടുള്ള ചരിത്രം നമുക്ക് സുപരിചിതമാണ്. ലോത്ത് തിരഞ്ഞെടുത്ത സൊദോം പട്ടണം ഭൌതീകമായി സമ്പന്നം ആയിരുന്നു എങ്കിലും അതിലെ നിവാസികള്‍ “ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.” (ഉല്‍പ്പത്തി 13:13). അതിനാല്‍ ദൈവം ആ പട്ടണത്തെ ഗന്ധകവും തീയും അയച്ച് നശിപ്പിച്ചു. തങ്ങളുടെ സമ്പത്ത് ഒന്നും എടുക്കാതെ, ലോത്തും കുടുംബവും അവിടെ നിന്നും ജീവരക്ഷയ്ക്കായി ഓടിപ്പോയി. വിട്ടുപോന്നതിലേക്ക് തിരിഞ്ഞുനോക്കിയ അവന്റെ ഭാര്യയെ അവന് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ലോത്തിന്റെ പിന്നീടുള്ള ജീവിതാനുഭവങ്ങളും ദുരിതപൂര്‍ണ്ണമായി.

 

അബ്രാഹാമിനെക്കുറിച്ച് എബ്രായ ലേഖനത്തില്‍ പറയുന്നതിങ്ങനെയാണ്:

 

എബ്രായര്‍ 11: 9, 10

   വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

10   ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

 

ലോകത്തിന്റെ ദൃഷ്ടിയില്‍ അല്‍പ്പകാലത്തേക്ക് ലോത്ത് ബുദ്ധിമാനും വിജയിയും ആയിരുന്നപ്പോള്‍, ദൈവത്തിന്റെ ദൃഷ്ടിയില്‍ അബ്രഹാം എപ്പോഴും ബുദ്ധിമാന്‍ ആയിരുന്നു. അവന്‍ തല്‍ക്കാലികമല്ല, നിത്യമായത് ലക്ഷ്യം വച്ചു. അബ്രഹാം വരുവാനുള്ളത്തിലേക്ക് നോക്കി.

 

യേശു പറഞ്ഞ, വീട് പണിത മനുഷ്യരെക്കുറിച്ചുള്ള ഉപമയിലും, താല്‍ക്കാലികമായത് മാത്രം കാണുന്നവനല്ല, വരുവാനുള്ളത് കാണുന്നവനാണ് ബുദ്ധിമാന്‍.

 

വീട് പണിയുന്നവരുടെ ഉപമ

ബുദ്ധിയുള്ള മനുഷ്യന്‍ പാറമേല്‍ വീട് പണിതു. ബുദ്ധിയില്ലാത്തവന്‍ മണലിന്‍മേല്‍ വീട് പണിതു. അത് ഒരുവന്‍ പാറയുള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ വീട് പണിതപ്പോള്‍ രണ്ടാമന്‍ മറ്റൊരു സ്ഥലത്തു മണല്‍ പരപ്പില്‍ വീട് പണിതു എന്നല്ല. രണ്ട് പേരും ഒരേ സ്ഥലത്തു തന്നെയാണ് വീട് പണിതത്. രണ്ട് പേരുടെയും വീടുകള്‍, അതിന്റെ നിര്‍മ്മാണത്തിന് ശേഷം, ചില പ്രകൃതിക്ഷോഭങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അത് രണ്ടു പേര്‍ക്കും ഒന്നു തന്നെയാണ്. അതിനാല്‍ അവര്‍ രണ്ടുപേരും ഒരേ സ്ഥലത്തു തന്നെയാണ് വീട് പണിതത് എന്നു ന്യായമായും അനുമാനിക്കാം. ലൂക്കോസ് നല്‍കുന്ന വിവരണവും ഈ ചിന്തയെ പിന്താങ്ങുന്നു.

ലൂക്കോസ് വിവരിക്കുന്ന ഉപമയില്‍ യേശു പറയുന്നതിങ്ങനെയാണ്: ബുദ്ധിയുള്ളവന്‍ “ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു”. എന്നാല്‍ ബുദ്ധിയില്ലാത്തവന്‍ “അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ” വീടു പണിതു (ലൂക്കോസ് 6: 48, 49). അപ്പോള്‍ ഒരേ ഭൂപ്രദേശം വീടുപണിയുവാന്‍ അവര്‍ക്ക് ലഭിച്ചു. എന്നാല്‍ അവര്‍ അതിനു അടിസ്ഥാനമിട്ടത് രണ്ട് രീതിയില്‍ ആയിരുന്നു. വീടിന്റെ അടിസ്ഥാനം എവിടെയായിരുന്നു എന്നതും അവരുടെ വീടിന് പിന്നീട് എന്തു സംഭവിച്ചു എന്നതുമാണ് ഒരുവനെ ബുദ്ധിയുള്ളവനും രണ്ടാമനെ ബുദ്ധി ഇല്ലാത്തവനും ആക്കിയത്.

പാറമേല്‍ വീട് പണിതവന് സ്വഭാവികമായി പാറയുള്ള സ്ഥലം കിട്ടിയതല്ല. അവന്‍ ആഴത്തില്‍ കുഴിച്ച്, പാറ കണ്ടെത്തി, അതിന്മേല്‍ വീട് പണിയുക ആയിരുന്നു. അതിനു അവന് കൂടുതല്‍ അദ്ധ്വാനം വേണ്ടിവന്നു. അവന്റെ വീടിന്റെ പണിതീരുവാന്‍ കൂടുതല്‍ സമ്പത്ത് ചിലവായി. കൂടുതല്‍ സമയവും എടുത്തു. എന്നാല്‍ രണ്ടാമന്‍, അവന് ലഭിച്ച സ്ഥലത്തു മണലില്‍, മുകള്‍ പരപ്പില്‍ തന്നെ വീട് പണിതു. അവന് കുറച്ചു സമ്പത്തേ ചിലവായുള്ളൂ. കുറച്ച് അധ്വാനമേ വേണ്ടിവന്നുള്ളൂ. അവന്‍ വേഗം വീട് പണിത് തീര്‍ത്തു. രണ്ടാമന്‍ വീട് പണിത് തീര്‍ത്ത് അതില്‍ താമസിക്കുവാന്‍ തുടങ്ങിയപ്പോഴും, ഒരു പക്ഷേ, ഒന്നാമന്‍ ആഴത്തില്‍ കുഴിച്ചുകൊണ്ടിരുന്നതെയുള്ളൂ. അവന്റെ വീട് പണി വളരെ മന്ദഗതിയില്‍ ആയിരുന്നു. അതിനാല്‍ ബുദ്ധിയുള്ളവന് അക്കാലത്ത്, കുറെ നിന്ദയും പരിഹാസങ്ങളും എല്‍ക്കേണ്ടി വന്നു. അവനെ രണ്ടാമനും കൂട്ടുകാരും ബുദ്ധിയില്ലാത്തവന്‍ എന്ന് കുറെക്കാലം വിളിച്ചിട്ടുണ്ടാകാം. ഒരു വിടുതല്‍ കാണാത്തതിനാല്‍ അവന് നിരാശ തോന്നിയിട്ടുണ്ടാകാം. എങ്കിലും അവന്‍ ആഴത്തില്‍ കുഴിച്ചുകൊണ്ടിരുന്നു. കുറെ അദ്ധ്വാനത്തിന് ശേഷം, ആഴത്തില്‍ പാറ കണ്ടപ്പോള്‍ അവന്‍ അതിന്മേല്‍ വീട് പണിതു.

ഉപമയുടെ ഒന്നാമത്തെ ഭാഗത്ത്, ലോകപ്രകാരം, ഒന്നാമന്‍ ബുദ്ധിയില്ലാത്തവനും രണ്ടാമന്‍ ബുദ്ധിയുള്ളവനും ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ഭാഗത്താണ് യഥാര്‍ത്ഥത്തില്‍ ആരാണ് ബുദ്ധിമാന്‍, ആരാണ് ബുദ്ധിയില്ലാത്തവന്‍ എന്ന് വെളിപ്പെടുന്നത്. അത് അവര്‍ പണിത വീടിന് എന്തു സംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ്. രണ്ട് വീടിനും ഒരുപോലെയുള്ള പ്രതികൂലങ്ങള്‍ ഉണ്ടായി. “വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു (മത്തായി 7:25,27). “വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീടിനോടു അടിച്ചു (ലൂക്കോസ് 6:48, 49). ഒന്നാമത്തവന്‍റെ വീട് “പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.” (മത്തായി 7:25). “എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.” (ലൂക്കോസ് 6: 48). രണ്ടാമത്തേവാന്റെ വീട് “അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” (മത്തായി 7:27). “ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു”. (ലൂക്കോസ് 6: 49).

എന്റെ ഈ വചനങ്ങള്‍

ഈ ഉപമയെ ശരിയായി മനസ്സിലാക്കുവാന്‍ അതിന്റെ തുടക്കത്തില്‍ യേശു പറഞ്ഞ വാചകം കൂടി വായിക്കേണം. “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. (മത്തായി 7: 24). ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചുതരാം.” (ലൂക്കോസ് 6:47). അതായത്, യേശുക്രിസ്തു പറഞ്ഞ വചനങ്ങള്‍ കേട്ട് അതിനനുസരിച്ച് ജീവിക്കുന്നവന്‍ ബുദ്ധിയുള്ളവനും അവന്റെ വചനങ്ങള്‍ കേട്ടു എങ്കിലും അതനുസരിച്ച് ജീവിക്കാത്തവന്‍ ബുദ്ധിയില്ലാത്തവനും ആണ്.

 

“എന്റെ ഈ വചനങ്ങളെ” എന്നു പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ച വചനങ്ങള്‍ ഏതെല്ലാം ആണ്. ആ വചനങ്ങള്‍ ആണ് ഈ ഉപമയിലെ കേന്ദ്ര ബിന്ദു. യേശു പറഞ്ഞ വചനങ്ങള്‍ ആണ് ബുദ്ധിയുള്ളവന്റെ വീടിന്റെ അടിസ്ഥാനമായ പാറ.  

 

നമ്മള്‍ മുകളില്‍ പറഞ്ഞതുപോലെ, വീട് പണിയുന്നവരുടെ ഉപമ, മത്തായി ഗിരി പ്രഭാഷണത്തിന്റെ അവസാനമായും, ലൂക്കോസ് സമതലത്തിലെ പ്രഭാഷണത്തിന്റെ അവസാനത്തിലും ആണ് പറഞ്ഞിരിക്കുന്നത്. അതിനാല്‍ യേശു പരാമര്‍ശിച്ച “എന്റെ ഈ വചനങ്ങളെ” എന്നത് ഗിരിപ്രഭാഷണത്തിലും സമതല പ്രഭാഷണത്തിലും യേശു പറഞ്ഞ പ്രമാണങ്ങള്‍ ആണ്.

 

എന്താണ് ഈ പ്രഭാഷണങ്ങളുടെ പ്രത്യേകത. ഈ രണ്ടു പ്രഭാഷണങ്ങളും രണ്ടു സന്ദര്‍ഭത്തില്‍ ആണ് പറയുന്നത്. അതിന്റെ ദൈര്‍ഘ്യത്തിന് വ്യത്യാസമുണ്ട്. എന്നാല്‍ പ്രധാന ആശയം ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ അഥവാ മൂല്യ വ്യവസ്ഥകള്‍ ആയിരുന്നു. യേശു ഈ ഭൂമില്‍ വന്നത് ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍ ആയിരുന്നു എന്നു നമുക്ക് അറിയാമല്ലോ. യേശു ഭൌതീക ശുശ്രൂഷ ആരംഭിക്കുന്നത് ഗലീലയിലെ കഫർന്നഹൂമിൽ നിന്നാണ്. അവന്റെ ആദ്യത്തെ വിളംബരം ഇതായിരുന്നു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” (മര്‍ക്കോസ് 1:15). 

 

അതിനുശേഷം അവന്‍ ശിഷ്യന്മാരെ വിളിച്ച് ചേര്‍ത്തു, ശുശ്രൂഷകള്‍ തുടര്‍ന്നു. അവന്‍ പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ സാന്നിധ്യം അത്ഭുതങ്ങളാലും അടയാളങ്ങളാലും ലോകത്തെ അറിയിച്ചു. അതിനു ശേഷം രാജ്യത്തിന്റെ പ്രമാണങ്ങള്‍ യേശു പ്രഖ്യാപിച്ചു. അതാണ് ഗിരി പ്രഭാഷണം.

 

യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ പ്രമാണങ്ങളുടെ സവിശേഷത എന്താണ് എന്ന് യേശു വ്യക്തമാക്കുന്നുണ്ട്.

 

മത്തായി 5: 17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.

 

ഈ വാക്യത്തെ നമ്മള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. നീക്കുക”, നിവര്‍ത്തിക്കുക എന്നീ വാക്കുകള്‍ വിപരീത അര്‍ത്ഥത്തില്‍ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “നീക്കുക” എന്നതിന്റെ ഗ്രീക്ക് വാക്ക് കറ്റ്-ആല്‍-ഉഒ എന്നതാണ്. അതിന്റെ അര്‍ത്ഥം, അഴിക്കുക, തകര്‍ക്കുക, നശിപ്പിക്കുക, മറിച്ചുകളയുക എന്നിവയാണ്. (kataluo,  kat-al-oo'-o). “നിവര്‍ത്തിക്കുക” എന്നതിന്റെ ഗ്രീക്ക് പദം, പ്ലേ-റൊ-ഒ എന്നതാണ്. (pleroo,  play-ro'-o). ഇതിന്റെ അര്‍ത്ഥം, പൂര്‍ണ്ണമാക്കുക, സമ്പന്നമാക്കുക, തൃപ്തികരമാക്കുക, പൂര്‍ത്തീകരിക്കുക, നിവര്‍ത്തിക്കുക, പൂര്‍ണ്ണമായും പ്രസംഗിക്കുക, ഊനമില്ലാത്തത് ആക്കുക എന്നിവയാണ്. 

 

ഇനി യേശുവിന്റെ കാലത്ത് റബ്ബിമാരുമായുള്ള ബന്ധത്തില്‍ ഈ പദങ്ങളെ എങ്ങനെയാണ് അവര്‍ മനസ്സിലാക്കിയിരുന്നത് എന്നു നോക്കാം. ന്യായപ്രമാണത്തെ പഠിപ്പിക്കുകയും ജനങ്ങളെ അതിനനുസരിച്ച് ജീവിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു അന്നത്തെ റബ്ബിമാരുടെ ഉത്തരവാദിത്തം. ശരിയായ ന്യായപ്രമാണ വ്യാഖ്യാനം ആണ് അവരെ പ്രശസ്തരാക്കിയത്. അപ്പൊസ്തലനായ പൌലൊസ് ഗമാലീയേൽ എന്ന റബ്ബിയുടെ പാഠശാലയില്‍ ന്യായപ്രമാണം അഭ്യസിച്ചവനായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. റബ്ബിമാരുടെ പഠിപ്പിക്കലുകളെ വിശേഷിപ്പിക്കുന്ന രണ്ടു പദങ്ങള്‍ ആയിരുന്നു, നീക്കുക എന്നതും നിവര്‍ത്തിക്കുക എന്നതും. ന്യായപ്രമാണത്തെ മനുഷ്യന് അനുസരിക്കുവാന്‍ സാധ്യമല്ലാത്ത രീതിയില്‍, ദുഷ്കരമായും, തെറ്റായും വ്യഖ്യനിക്കുന്നതിനെ ‘നീക്കുക’ എന്നും ന്യായപ്രമാണത്തെ മനുഷ്യന് അനുസരിക്കുവാന്‍ സാധ്യമായ രീതിയില്‍ ശരിയായി വ്യാഖ്യാനിക്കുന്നതിനെ നിവര്‍ത്തിക്കുക എന്നും പറയുമായിരുന്നു. അക്കാലത്ത് പരീശന്മാരുടെ ന്യായപ്രമാണ വ്യാഖ്യാനങ്ങള്‍ പ്രമാണങ്ങളെ അനുസരിക്കുവാന്‍ ദുഷ്കരമാക്കിയിരിക്കുന്നു. മാത്രവുമല്ല, പ്രവൃത്തികളാല്‍ നീതീകരണം എന്ന മിഥ്യാ സങ്കല്‍പ്പത്തിലേക്ക് ജനങ്ങളെ അത് നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യേശു പറയുന്നത്,  “ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ ... നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്തായി 5: 17).

 

നീക്കുക, നിവര്‍ത്തിക്കുക എന്നീ വാക്കുകളുടെ അര്‍ത്ഥത്തെ യേശു തന്നെ വിശദീകരിക്കുന്നുണ്ട്.

 

മത്തായി 5: 19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

 

ഇവിടെ നീക്കുക എന്നതിന് പകരം അഴിക്കുക എന്ന പദവും നിവര്‍ത്തിക്കുക എന്നതിന് ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന പദങ്ങളും യേശു ഉപയോഗിക്കുന്നു. അഴിക്കുന്നവന്‍ ന്യായപ്രമാണത്തെ തെറ്റായി വ്യാഖ്യാനിച്ചു മനുഷ്യര്‍ക്ക് അത് അനുസരിച്ചു ജീവിക്കുവാന്‍ സാധ്യമല്ലാതെയാക്കുന്നു. ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ ശരിയായി പഠിപ്പിക്കുകയും അത് അനുസരിച്ചു ജീവിക്കുവാന്‍ മനുഷ്യന് സാധ്യമാക്കുകയും ചെയ്യുന്നു.

 

യേശു പരീശന്മാരുടെയും ശാസ്ത്രിമാരുടെയും തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്നും ദുഷ്കരമായ നിയമ വ്യവസ്ഥകളില്‍ നിന്നും ന്യായപ്രമാണത്തെ മോചിപ്പിക്കുകയാണ്. അവന്‍ അതിനെ മൊത്തമായി റദ്ദാക്കുകയല്ല ചെയ്തത്.  

 

മത്തായി 5: 18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. 

സെമീഖ എന്ന അധികാരം

എങ്ങനെയാണ് യേശു ഈ ദൌത്യം പൂര്‍ത്തീകരിച്ചത്. അത് മനസ്സിലാക്കുവാനായി, റബ്ബിമാരുടെ ശുശ്രൂഷയെക്കുറിച്ച് മറ്റൊരു കാര്യം കൂടി നമ്മള്‍ അറിഞ്ഞിരിക്കേണം. എല്ലാ റബ്ബിമാരും ഒരേ ആത്മീയ അധികാരം ഉള്ളവര്‍ ആയിരുന്നില്ല. കൂടുതല്‍ റബ്ബിമാരും ന്യായപ്രമാണത്തിന്, അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന, പൊതുവേ സ്വീകാര്യമായ വ്യാഖ്യാനങ്ങള്‍ മാത്രം പഠിപ്പിക്കും. എന്നാല്‍ ചുരുക്കം ചിലര്‍ ന്യായപ്രമാണങ്ങളെ പുതിയതായി വ്യാഖ്യാനിക്കും. അവര്‍ക്ക് അതിനുള്ള പ്രത്യേക അധികാരം അവരുടെ ഗുരുക്കന്മാരില്‍ നിന്നും ലഭിച്ചിട്ടുണ്ടാകും. ഈ അധികാരത്തെ അവര്‍ സ്മിഖാ എന്നും സെമീഖാ എന്നും വിളിച്ചു. (s'mikhah, Semikhah  - Hebrew).  

 

മോശെയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പകരുന്ന ആത്മീയ അധികാരമാണ് സെമീഖ. ഇത്തരം സെമീഖ ഔദ്യോഗികമായി നല്‍കുന്ന രീതി ഏകദേശം AD 360 നും 425 നും ഇടയില്‍ നിന്നുപോയി. എങ്കിലും സെമീഖ കൊടുക്കുന്ന രീതി അനൌദ്യോഗികമായി ഇന്നും തുടരുന്നുണ്ട്. ദൈവം ന്യായപ്രമാണങ്ങളെ വ്യാഖ്യാനിക്കുവാനുള്ള അധികാരം മോശെയ്ക്ക് നല്കി എന്നും ഈ ആത്മീയ അധികാരം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നുമാണ് യഹൂദ വിശ്വാസം. ഇത് ന്യായപ്രമാണങ്ങളുടെ വ്യാഖ്യാനങ്ങളുടെ തുടര്‍ച്ചയെ ആധികാരികം ആക്കുന്നു. സെമീഖ ലഭിച്ചവര്‍ക്ക്, കുറ്റകൃത്യങ്ങളില്‍ ന്യായപ്രമാണ പ്രകാരം വിധി പറയുവാനുമുള്ള അധികാരം ഉണ്ടായിരുന്നു. ഇത് ഇന്നത്തെ ക്രൈസ്തവ സഭകളില്‍ പട്ടത്വം അല്ലെങ്കില്‍ ഓര്‍ഡിനേഷന്‍ കൊടുക്കുന്നതിന് തുല്യമാണ്.

 

യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം അവസാനിക്കുന്നത് ഈ അധികാരത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ്.

 

മത്തായി 7: 28, 29

28 ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;

29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

 

മത്തായി 21 ആം അദ്ധ്യായത്തില്‍ പുരോഹിതന്മാര്‍ യേശുവിനോട് ചോദിക്കുന്നതും ഈ അധികാരത്തെക്കുറിച്ചാണ്.

 

മത്തായി 21: 23 അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.

 

ഇവിടെയെല്ലാം പറയുന്ന അധികാരം സെമീഖ ആണ്. യേശു മറ്റൊരു റബ്ബിയുടെ കീഴില്‍ പരീശലനം സിദ്ധിക്കുകയോ, ആത്മീയ അധികാരം പ്രാപിക്കുകയോ ചെയ്തിട്ടില്ല. അവന് യഹൂദ പരമ്പര്യപ്രകാരം സെമീഖ അല്ലെങ്കില്‍ ന്യായപ്രമാണങ്ങളെ വ്യാഖ്യാനിക്കുവാനുള്ള അധികാരം ഒരു മനുഷ്യനില്‍ നിന്നും ലഭിച്ചിരുന്നില്ല. യേശുവിന് അവകാശപ്പെടുവാനുള്ളത് സ്നാപക യോഹന്നാനാല്‍ ഉള്ള സ്നാനവും സ്വര്‍ഗ്ഗീയ സാക്ഷ്യവും ആണ്. യേശു സ്നാനം ഏറ്റു വെള്ളത്തില്‍ നിന്നും കയറിയപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, ദൈവാത്മാവ് പ്രാവ് എന്നപോലെ ഇറങ്ങി അവന്റെമേല്‍ വന്നു.ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്തായി 3: 16, 17). ഇതാണ് അവന് ലഭിച്ച സ്വര്‍ഗ്ഗീയമായ അധികാരം.

 

യേശു ന്യായപ്രമാണങ്ങളെ പുതിയതായി വ്യാഖ്യാനിക്കുവാന്‍ അധികാരമുള്ള യഹൂദ റബ്ബിയായി ശുശ്രൂഷ ചെയ്തു. അവന്റെ ഏറ്റവും പ്രശസ്തമായ പുനര്‍വ്യഖ്യാനം യോഹന്നാന്‍ 8 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാര കുറ്റത്തിന് പിടിച്ച ഒരു സ്ത്രീയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ അധികാരമുള്ള ഒരു റബ്ബി ആയിരുന്നതിനാല്‍ മോശെയുടെ ന്യായപ്രമാണം അനുസരിച്ചു അവളെ കല്ലെറിഞ്ഞു കൊല്ലുവാനുള്ള ശിക്ഷാവിധി യേശു കല്‍പ്പിക്കേണം എന്നായിരുന്നു അവരുടെ ആവശ്യം. ആവര്‍ത്തനപുസ്തകം 22:22 ല്‍ പറയുന്നത് അനുസരിച്ചു ഇവള്‍ക്ക് മരണ ശിക്ഷ നല്‍കേണം. “ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം (തിന്മ - evil) നീക്കിക്കളയേണം.”

 

എന്നാല്‍ യേശു ന്യായപ്രമാണത്തെ പുനര്‍വ്യഖ്യാനിച്ചു. യേശു പറഞ്ഞു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” (യോഹന്നാന്‍ 8:7).

 

യേശു ഇവിടെ മോശെയുടെ ന്യായപ്രമാണത്തെ തള്ളിക്കളയുന്നില്ല. അവന്‍ അതിനെ നീക്കിക്കളയുന്നില്ല. അത് അനുസരിക്കുവാന്‍ പ്രയാസമുള്ളതാക്കുകയല്ല അവന്‍ ചെയ്തത്. മറിച്ച് അത് എങ്ങനെ അനുസരിക്കാം എന്നാണ് യേശു പറഞ്ഞത്. അവന്‍ പ്രമാണത്തെ പുനര്‍വ്യഖ്യാനിച്ചു. അവന്‍ പറഞ്ഞു: ന്യായപ്രമാണ പ്രകാരം നിങ്ങള്‍ക്ക് ഇവളെ കല്ലെറിഞ്ഞു കൊല്ലാം. പക്ഷേ നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിയേണം. അവളെ പിടിച്ചുകൊണ്ടു വന്നവര്‍, അവരുടെ പാപബോധം നിമിത്തം, അവളെ കല്ലെറിയാതെ വിട്ടുപോയി. യേശുവിന്റെ പുനര്‍വ്യഖ്യാനം ഇതുകൊണ്ട് തീര്‍ന്നില്ല. അപ്പോള്‍ യേശു അവളോടു ചോദിച്ചു: “സ്ത്രീയേ ... നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ”. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യരുതു”. (യോഹന്നാന്‍ 8:10, 11). ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല എന്നു യേശു പറയുമ്പോള്‍, അവിടെ ശിക്ഷ വിധിക്കുവാന്‍ യോഗ്യനായി യേശു ഉണ്ട് എന്നും അവന്‍ മാത്രമേയുള്ളൂ എന്നുമുള്ള അര്‍ത്ഥം ഉണ്ട്. എല്ലാവരും പാപബോധം നിമിത്തം അവളെ കല്ലെറിയാതെ വിട്ടുപോയപ്പോള്‍ യേശു അവിടെ തന്നെ നിന്നു. കാരണം അവനില്‍ പാപം ഇല്ലായിരുന്നു. യേശു പറഞ്ഞ പുനര്‍വ്യഖ്യാന പ്രകാരം അവളെ കല്ലെറിയുവാനുള്ള യോഗ്യത യേശുവിന് ഉണ്ട്. അതുകൊണ്ടാണ് യേശു പറഞ്ഞത്, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യരുതു”. ഇവിടെ ശിക്ഷ വിധിക്കേണ്ടുന്ന, അതിനു അര്‍ഹതയുള്ള വിധികര്‍ത്താവ് കുറ്റവാളിയെ നീതീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയാണ്. യേശു അവളുടെ പാപങ്ങളെ നീതീകരിക്കുകയല്ല ചെയ്യുന്നത്. ഇത്രയും നാളത്തെ കുറ്റങ്ങളെ മായ്ച്ചുകളഞ്ഞു അവളെ നീതിയുടെ പുതിയ ഒരു ജീവിതത്തിലേക്ക് നയിക്കുക ആണ്. പാപിയെ നീക്കികളയുകയല്ല പാപത്തെ നീക്കി, പാപിയെ മാനസാന്തരത്തിലേക്ക് നയിക്കുകയാണ് യേശു ചെയ്തത്. അതാണ് യേശു പറഞ്ഞത്: “പോക, ഇനി പാപം ചെയ്യരുതു”.  

 

യേശുവിന്റെ പുനര്‍വ്യഖ്യാനങ്ങള്‍

 

ഇനി നമുക്ക് ഗിരി പ്രഭാഷണത്തിലേക്ക് പോകാം. അവിടെ യേശു പറഞ്ഞു: ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” (മത്തായി 5: 17).

 

ന്യായപ്രാമാണത്തിന്റെ ലക്ഷ്യം മനുഷ്യരെ ദൈവത്തിന്നു മുമ്പാകെ നീതീകരിക്കപ്പെട്ടവരായി നിറുത്തുക എന്നതാണ്. പ്രവര്‍ത്തികളാലുള്ള നീതീകരണം ആണ് ന്യായപ്രമാണത്തിന്റെ വഴി. ഇവിടെയാണ് യേശുവിന്‍റെ പുനര്‍വ്യഖ്യാനം കടന്നുവരുന്നത്. അവന്‍റെ പുനര്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാന പ്രമാണം,നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല” എന്നതായിരുന്നു. (മത്തായി 5: 20). ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിബോധത്തെയാണ് യേശു തിരുത്തുന്നത്. അവര്‍ പഠിപ്പിക്കുന്ന നീതിയേക്കാള്‍ കൂടുതലായ ഒരു നീതി നമ്മളില്‍ ഉണ്ടാകേണം. എങ്കില്‍ മാത്രമേ യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തില്‍ നമ്മള്‍ കടക്കുകയുള്ളൂ.

 

ഗിരിപ്രഭാഷണത്തിന്‍റെ ആരംഭ ഭാഗമായ അനുഗ്രഹ പ്രഭാഷണത്തില്‍ സ്വര്‍ഗ്ഗരാജ്യം കൈവശമാക്കുന്നവരുടെ യോഗ്യതയെ യേശു പുനര്‍വ്യഖ്യാനിച്ചു. അത് ന്യായപ്രമാണ പ്രകാരമുള്ള നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ പട്ടിക അല്ല. അവിടെ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാനുള്ള യോഗ്യത ആത്മീയതലത്തിലേക്ക് മാറ്റപ്പെടുന്നു. യേശുവിന്റെ ദൈവരാജ്യം ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ക്കും, ദുഖിക്കുന്നവര്‍ക്കും സൌമ്യതയുള്ളവര്‍ക്കും, നീതിക്ക് വിശന്നു ദാഹിക്കുന്നവര്‍ക്കും ഉള്ളതാണ്. അവര്‍ക്കുള്ള യോഗ്യത കരുണ, ഹൃദയ ശുദ്ധി എന്നിവയാണ്. അവര്‍ സമാധാനം ഉണ്ടാക്കുന്നവര്‍ ആണ്. അവര്‍ നീതി നിമിത്തവും യേശുവിന്റെ നാമം നിമിത്തവും ഈ ലോകത്തില്‍ ഉപദ്രവിക്കപ്പെടുന്നവര്‍ ആണ്. (മത്തായി 5: 3-11). 

 

യേശുവിന്‍റെ പുനര്‍വ്യഖ്യാനത്തിന്റെ രീതി തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

 

മത്തായി 5: 21, 22

21   കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 

22  ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. 

 

യേശുവിന്റെ രീതി ഇങ്ങനെയായിരുന്നു: യേശു ആദ്യം ന്യായപ്രമാണത്തിലെ ഒരു വാക്യം എടുത്തുപറയുന്നു. “ കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” പൂര്‍വ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ” എന്നത് ന്യായപ്രമാണത്തില്‍ ഉണ്ടല്ലോ എന്നാണ്. ന്യായപ്രമാണമാണ് പൂര്‍വ്വന്മാരോടു അരുളിച്ചെയ്തത്. യേശു അതിനെ തള്ളിക്കളയുന്നില്ല. പകരം യേശു അവന്റെ വ്യാഖ്യാനം കൂട്ടിച്ചേര്‍ത്തു: “ ഞാനോ നിങ്ങളോടു പറയുന്നതു”. സഹോദരനോടു കോപിക്കുന്നവനും, സഹോദരനോടു നിസ്സാര എന്നും മൂഢാ എന്നും പറഞ്ഞു നിന്ദിക്കുന്നവനും യേശുവിന്‍റെ ദൈവരാജ്യത്തില്‍ കൊലപാതകികള്‍ ആണ്. അവര്‍ അഗ്നിനരകത്തിനു യോഗ്യനാകും.

 

അതുകൊണ്ട് യേശു പറഞ്ഞു: നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോള്‍, സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ, നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, സഹോദരനോടു നിരന്നുകൊൾക. അതിനു ശേഷം വന്നു നിന്റെ വഴിപാടു കഴിക്ക. സഹോദരനോടു നിരപ്പില്ലാത്തവര്‍ക്ക്  അര്‍പ്പിക്കുവാനുള്ളതല്ല യാഗം. കൊലപാതകികളുടെ യാഗത്തില്‍ ദൈവം പ്രസാദിക്കുന്നില്ല. യാഗത്തേക്കാള്‍ ആദ്യ പരിഗണന സഹോദരനുമായി നിരപ്പ് പ്രാപിക്കുന്നതാണ്. (മത്തായി 5: 23, 24).

 

യേശു വീണ്ടും മറ്റൊരു ന്യായപ്രമാണത്തെ പുനര്‍വ്യഖ്യാനം ചെയ്യുന്നുണ്ട്:

 

മത്തായി 5: 27, 28

27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 

28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

  

ഇവിടെയും യേശുവിന്റെ രീതി ഒന്നുതന്നെയാണ്. “എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നത് ന്യായപ്രമാണത്തെക്കുറിച്ചാണ്. “ഞാനോ നിങ്ങളോടു പറയുന്നതു” എന്നത് യേശുവിന്‍റെ പുനര്‍വ്യഖ്യാനവും.

 

ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍

 

യേശുവിന്റെ പുനര്‍വ്യഖ്യാനത്തിന്റെ ശൈലി, നിയമ കര്‍ത്താവിന്റെ വാക്കുകളില്‍ നിന്നും അവന്റെ ഹൃദയത്തിലെ ചിന്തകളിലേക്കും ലക്ഷ്യങ്ങളിലേക്കും പോകുക എന്നതായിരുന്നു. നിയമം അനുസരിക്കുക എന്ന പ്രവര്‍ത്തിയില്‍ നിന്നും യേശു നമ്മളെ നമ്മളുടെ ഹൃദ്യത്തിന്റെ വിചാരങ്ങളിലേക്ക് കൊണ്ടുപോയി. അവന്‍ ദൈവത്തിന്റെ ഹൃദയം നമ്മള്‍ക്ക് വെളിപ്പെടുത്തി. ബാഹ്യമായ പ്രവര്‍ത്തികളില്‍ നിന്നും ഹൃദയ വിചാരങ്ങളിലേക്ക് യേശു കടന്നു ചെന്നു. നമ്മളുടെ ഹൃദയത്തിന്റെ മാനസാന്തരത്തിലേക്ക് അവര്‍ നമ്മളെ നയിച്ചു. യേശു പറഞ്ഞു: ഇതാണ് ദൈവം ഉദ്ദേശിച്ചത്, ഇതാണ് ന്യായപ്രമാണത്താല്‍ ദൈവം ലക്ഷ്യം വച്ചത്. “ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” (മത്തായി 5: 48)

 

വീട് പണിയുവാന്‍ പോയ രണ്ടു പേരുടെ ഉപമായാണല്ലോ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഉപമ “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ” “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ” എന്നിവരുടെ കഥയാണ്. (മത്തായി 7: 24, 26). യേശു ഉപമ ആരംഭിക്കുന്നത്, “എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചുതരാം.” എന്ന് പറഞ്ഞുകൊണ്ടാണ്. (ലൂക്കോസ് 6: 47).

 

ഇവിടെ പറയുന്ന “എന്റെ ഈ വചനങ്ങള്‍” യേശു ഗിരി പ്രഭാഷണത്തിലും സമതലത്തിലെ പ്രഭാഷണത്തിലും പറഞ്ഞ ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ്. അതായത് ഉപമയിലെ പാറപ്പുറത്ത് വീട് പണിത ബുദ്ധിയുള്ള മനുഷ്യന്‍, യേശുക്രിസ്തു പ്രഭാഷണത്തിലെ എല്ലാ പ്രമാണങ്ങളും അനുസരിച്ചു ജീവിക്കുന്നവന്‍ ആണ്. മണലിന്‍മേല്‍ വീട് പണിതവന്‍, യേശുവിന്റെ പ്രഭാഷണം കേട്ടു എങ്കിലും അത് അനുസരിച്ച് ജീവിക്കാത്തവന്‍ ആണ്.

 

യേശുവിന്റെ ഗിരി പ്രഭാഷണം വളരെ ദൈര്‍ഘ്യമേറിയ ഒരു പ്രഭാഷണം ആണ്. പരസംഗം ഹേതുവായിട്ടാല്ലാതെ ഭാര്യയെ ഉപേക്ഷിക്കുവാന്‍ പാടില്ല എന്നും, അശേഷം സത്യം ചെയ്യരുത് എന്നും, നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക എന്നും ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ എന്നും യേശു ഉപദേശിക്കുന്നു. ഇവിടെയെല്ലാം ന്യായപ്രമാണത്തിലെ വാക്കുകളെ ഉദ്ധരിക്കുകയും അതിനു യേശു പുനര്‍ വ്യാഖ്യാനം ചെയ്യുകയും ആണ് ചെയ്യുന്നത്.

 

യേശു കല്‍പ്പിച്ച എല്ലാ പ്രമാണങ്ങളും പ്രധാനപ്പെട്ടതാണ്. അവയെല്ലാം നമ്മള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥര്‍ ആണ്. അനുസരിക്കുന്നവര്‍ക്കുള്ളതാണ് ദൈവരാജ്യം. എങ്കിലും ഒന്നു രണ്ട് പ്രമാണങ്ങളിലൂടെ മാത്രം വേഗത്തില്‍ കടന്നുപോകാം.

 

ലേവ്യപുസ്തകം 24 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പഴയനിയമ പ്രമാണമുണ്ട്. അത് നമുക്ക് പുറപ്പാട് 21, ആവര്‍ത്തനപുസ്തകം 19 എന്നിവിടങ്ങളിലും കാണാം.

 

ലേവ്യപുസ്തകം 24: 19, 20

19   ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടും ചെയ്യേണം.

20  ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.

 

പഴയനിയമത്തിലെ ഈ പ്രമാണം യിസ്രായേല്‍ ജനം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി എന്ന് നമുക്ക് ഉറപ്പില്ല. ന്യായപ്രമാണങ്ങള്‍ പ്രായോഗികമായി എങ്ങനെയാണ് അനുസരിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന വായ്മൊഴിയാലുള്ള പ്രമാണങ്ങളും യിസ്രായേല്‍ ജനത്തിന് ഉണ്ടായിരുന്നു. ദൈവം, സീനായ് പര്‍വത മുകളില്‍ വച്ച്, മോശെയ്ക്ക് പകല്‍ എഴുതപ്പെട്ട പ്രമാണങ്ങളും രാത്രി അതിന്റെ വിശദീകരണങ്ങള്‍ അടങ്ങിയ വായ്മൊഴിയാലുള്ള പ്രമാണങ്ങളും നല്കി എന്നാണ് യഹൂദ പരമ്പര്യ വിശ്വസം. വായ്മൊഴി പ്രമാണങ്ങളും ദൈവം മോശെയ്ക്ക് പറഞ്ഞുകൊടുത്തതാണ് എന്നതിനാല്‍ അവയെല്ലാം എഴുതപ്പെട്ട ന്യായപ്രമാണത്തിന് തുല്യമാണ് എന്ന് യഹൂദന്മാര്‍ വിശ്വസിക്കുന്നു. അതനുസരിച്ച്,  “കണ്ണിന്നു പകരം കണ്ണു” എന്ന പ്രമാണത്തെ, കുറ്റവും ശിക്ഷയും തുല്യമായിരിക്കേണം എന്ന് അവര്‍ വ്യാഖ്യാനിച്ചു. 19 ആം വാക്യത്തില്‍ തുല്യ ശിക്ഷ എന്ന ആശയം ഉണ്ട്: “ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടും ചെയ്യേണം.” ന്യായാധിപന്‍മാരാണ് ഈ നിയമം നടപ്പാക്കിയിരുന്നത്. കുറ്റം ചെയ്യുന്നവന്‍ തുല്യമായ ഒരു പരിഹാരം ഉപദ്രവം ഏറ്റവന് നല്‍കുമായിരുന്നു. ഈ പരിഹാരം ദൈവാലയത്തിനോ, രാജ്യത്തിനോ എടുക്കുവാന്‍ പാടില്ല. അത് ഉപദ്രവം ഏറ്റവന് ഉള്ളതാണ്. റോമാക്കാര്‍ ഇതിനെ ലെക്സ് റ്റാലിഒനിസ് (lex talionis - law of like for like) എന്നാണ് വിളിച്ചിരുന്നത്.    

 

എന്നാല്‍, യേശു ഈ പ്രമാണത്തിന് ഒരു പുതിയ വ്യാഖ്യാനം നല്കി. അത് നിയമകര്‍ത്താവിന്റെ ഹൃദയ വിചാരം വെളിപ്പെടുത്തുന്നത് ആയിരുന്നു. യേശു പഴയതിന്റെ റദ്ദാക്കി മറ്റൊരു സ്വര്‍ഗ്ഗീയ നിയമം സ്ഥാപിച്ചു. 

 

മത്തായി 5: 38, 39

38  കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 

39  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. 

 

ഇതിനോട് ചേര്‍ന്ന് വായിക്കേണ്ടുന്ന മറ്റൊരു വാക്യം ഉണ്ട്.

 

ലേവ്യപുസ്തകം 19: 18 നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

 

ഇതിന് യേശു നല്കിയ വ്യാഖ്യാനം ഇങ്ങനെയാണ്:

 

മത്തായി 5: 43, 44

43  കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 

44  ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ

 

യേശു ഇത് ഉപദേശിക്കുക മാത്രമല്ല ചെയ്തത്, അവന്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുതന്നു. അവന്‍ ക്രൂശില്‍ കിടക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചത് അവന്റെ ശിഷ്യന്‍മാര്‍ക്ക് വേണ്ടിയല്ല, അവന്റെ ഭൌതീക വിടുതലിനോ, സ്വര്‍ഗ്ഗീയ മഹത്വത്തിനോ വേണ്ടിയല്ല. അവന്‍ ഒരു മദ്ധ്യസ്ഥനായ പുരോഹിതനെപ്പോലെ അവനെ ക്രൂശിച്ച പുരോഹിതന്‍മാര്‍ക്കും, യഹൂദ മത മൂപ്പന്‍മാര്‍ക്കും, യിസ്രായേല്‍ ജനത്തിന്നും റോമാക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.  

 

ലൂക്കോസ് 23: 34 എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. 

 

യേശു മാത്രമല്ല ഇങ്ങനെ പ്രാര്‍ത്ഥിച്ചത്. ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ആയ സ്തെഫാനൊസ്, യഹൂദന്മാര്‍ അവനെ കൊല്ലുവാനായി കല്ലെറിയുമ്പോള്‍, സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്:

 

അപ്പോസ്തലപ്രവൃത്തികള്‍ 7: 60 അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

 

മത്തായി 5: 40 ല്‍ യേശു പറഞ്ഞതുകൂടി നമുക്ക് ചേര്‍ത്തു വായിയ്ക്കാം: “നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ലൂക്കോസിലെ സമതലത്തിലെ പ്രഭാഷണത്തില്‍ “നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. എന്നാണ് യേശു പറഞ്ഞത്. (ലൂക്കോസ് 6: 29). യേശു ഇവിടെ ഒരു നിയമപരമായ സാഹചര്യം ചിത്രീകരിക്കുകയാണ്. ഒരു മനുഷ്യനു വീട്ടുവാന്‍ കഴിയാത്ത കടം ഉണ്ട് എന്നിരിക്കട്ടെ. അവന് ഒരു ഉടുപ്പും അതിനു മീതെ പുതയ്ക്കുവാന്‍ ഒരു വസ്ത്രവും മാത്രമേ ഉള്ളൂ. എങ്കിലും കടം കൊടുത്തയാല്‍ വ്യവഹാരത്തിനായി കോടതിയില്‍ പോയാല്‍, അവന് കൈയ്യിലുള്ള സകലവും വിട്ടുകൊടുക്കുക. നമ്മളുടെ ഭാഗത്താണ് നീതി ഉള്ളത് എങ്കിലും ശത്രുവിനോടു വാദിച്ചു ജയിക്കുവാന്‍ തുനിയരുത്. ഈ ഭൂമിയില്‍ തോല്‍ക്കുന്നത് ദൈവരാജ്യത്തില്‍ ജയിക്കുവാന്‍ നമ്മളെ സഹായിച്ചേക്കാം.

 

പുതപ്പ് എന്നതുകൊണ്ടു യഹൂദന്മാര്‍ ധരിക്കുന്ന മേല്‍വസ്ത്രമാണ് ഉദ്ദേശിക്കുന്നത്. അത് എടുത്തുമാറ്റുന്ന ശത്രു ഉടുപ്പും എടുത്തുകൊണ്ടുപോകുവാന്‍ ശ്രമിച്ചാല്‍ അതിനെ തടയരുത് എന്നാണ് യേശു പറഞ്ഞത്. റോമന്‍ സാമ്രാജ്യത്തിന്റെ അനീതിയുള്ള നികുതി പിരിവില്‍ നട്ടം തിരിയുന്ന, അതിനെതിരെ രോക്ഷാകുലരായ ജനത്തോട് ആണ് യേശു പറയുന്നതു, ശത്രു എടുത്തുമാറ്റുവാന്‍ ശ്രമിക്കുന്നതെല്ലാം എതിര്‍പ്പുകൂടാതെ വിട്ടുകൊടുക്കുക.

 

ഭൌതീകമായ വസ്തുവകകളോടുള്ള നമ്മളുടെ മനോഭാവത്തെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നതു. ഭൌതീകമായതിനെ ഗണ്യമാക്കാതെ സകലതും വിട്ടുകളയുവാന്‍ നമ്മള്‍ തയ്യാറാകേണം എന്നാണ് യേശു ഉപദേശിക്കുന്നത്.

 

മത്തായി 5: 42 ആം വാക്യത്തില്‍ യേശു ഇതിനോട് കൂട്ടിച്ചേര്‍ക്കുന്നത് ഇതാണ്: നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.” ഇത് തന്നെയാണ് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയിലും നമ്മള്‍ കാണുന്നത്.   

 

മത്തായി 6:12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ”.

 

തുടര്‍ന്നു യേശു പറഞ്ഞു:

 

മത്തായി 6: 14

14   നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 

15   നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. 

 

ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല

 

ഗിരി പ്രഭാഷണത്തിലെ എല്ലാ തിരുവചനങ്ങളും ഇതുപോലെയുള്ള ഒരു ഹൃസ്വ പഠനത്തില്‍ വിവരിക്കുക സാധ്യമല്ല. അതിനാല്‍ ചുരുക്കട്ടെ.

 

വീട് പണിത മനുഷ്യരുടെ ഉപമ പറഞ്ഞുകൊണ്ടാണല്ലോ ഗിരി പ്രഭാഷണം അവസാനിക്കുന്നത്. അതിനു തൊട്ട് മുമ്പ് യേശു പറയുന്ന ഒരു സംഭവത്തിന്റെ വിവരണം ഉണ്ട്. ഇത് ഉപമയല്ല, ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്നതാണ്. ഈ വിവരണം പറഞ്ഞതിന് ശേഷമാണ് യേശു വീടു പണിയുന്നവരുടെ ഉപമ പറഞ്ഞത്. അതിനാല്‍ ഇത് തമ്മില്‍ നല്ല ബന്ധം ഉണ്ട്. യേശു പറഞ്ഞു:

 

മത്തായി 7: 21 - 23

21   എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. 

22  കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 

23  അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. 

 

ഇവിടെ യേശു വളരെ ഞെട്ടിക്കുന്ന ഒരു സത്യം വിളിച്ച് പറയുക ആണ്. യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന എല്ലാവരും സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുകയില്ല. കാരണം അവര്‍ക്ക് യേശുവുമായി ഒരു ഉറ്റ ബന്ധം ഇല്ല. യേശു അവരെ ഒരുനാളും അറിഞ്ഞിട്ടില്ല. അതിനാല്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ എന്ന് യേശു അവരെ വിളിക്കുന്നു.

 

ഇതിലെ ഏറ്റവും ദുഖകരമായ അവസ്ഥ, അവര്‍ ചെയ്തതെല്ലാം യേശുവിന്‍റെ ശക്തിയാലും അധികാരത്താലും ആണ് എന്നും ഈ പ്രവത്തികളുടെ അടിസ്ഥാനത്തില്‍ ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയും എന്നും അവര്‍ വിശ്വസിച്ചു എന്നതാണ്. അവരുടെ അസാധാരണ പ്രവര്‍ത്തികളുടെ ഒരു വലിയ പട്ടിക തന്നെ അവര്‍ യേശുവിന്‍റെ മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ അവരുടെ പ്രവത്തികളുടെ ഉത്തരവാദിത്തം യേശു ഏറ്റെടുത്തില്ല. യേശു അവരെ “അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ” എന്നാണ് വിളിച്ചത്. അതിന്‍റെ അര്‍ത്ഥം, അവരുടെ പ്രസിദ്ധമായ പ്രവര്‍ത്തനങ്ങളുടെ കാലത്തൊന്നും അവര്‍ക്ക് യേശുവുമായി ബന്ധം ഉണ്ടായിരുന്നില്ല. അവര്‍, ദൈവത്തിന്‍റെ ആത്മാവിനാല്‍ വീണ്ടും ജനനം പ്രാപിച്ചവര്‍ ആയിരുന്നില്ല. യേശു അവരെ ഒരുനാളും അറിഞ്ഞിട്ടില്ല എങ്കില്‍ അവര്‍ ഒരിക്കലും യേശുവിനുള്ളവര്‍ ആയിരുന്നില്ല.

 

അന്ത്യ ന്യായവിധി ദിവസം ഒരു പുതിയ ബന്ധം ആരംഭിക്കുവാനുള്ള ദിവസം അല്ല എന്ന് യേശു അവരെ ഓര്‍മ്മപ്പെടുത്തുകയാണ്. ഈ ഭൂമിയില്‍ ചെയ്ത അത്ഭുതങ്ങളുടെയോ നല്ല പ്രവര്‍ത്തികളുടെയോ അടിസ്ഥാനത്തില്‍ അന്ന് യേശുവുമായി ഒരു ബന്ധം ആരംഭിക്കുവാന്‍ കഴിയുക ഇല്ല. ന്യായവിധി ദിവസം രക്ഷിക്കപ്പെടുവാനുള്ള ദിവസം അല്ല; ഇപ്പോഴാകുന്നു സുപ്രസാദകാലം, ഇപ്പോള്‍ ആകുന്നു രക്ഷാ ദിവസം. യേശുവുമായുള്ള ഒരു ഉറ്റ ബന്ധത്തിന് മാത്രമേ ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയൂ.

ദീര്‍ഘിപ്പിക്കാതെ, ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ. വീട് പണിഞ്ഞ രണ്ടു മനുഷ്യരുടെ ഉപമയാണ് നമ്മള്‍ പഠിച്ചത്. ഈ വിശകലനം അനുഗ്രഹം ആയിരുന്നു എന്ന് വിശ്വസിക്കുന്നു. 

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!



 

 

No comments:

Post a Comment