ത്രിത്വം – ഒരു വിശദീകരണം

ത്രിത്വം എന്നത് ഒരു ആത്മീയ മര്‍മ്മമാണ് (Trinity). അത് ദൈവീകത്വത്തെ വിശേഷിപ്പിക്കുന്ന ഒരു പദമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ് എന്നും, ദൈവം ഏകനാണ് എന്നും തിരുവെഴുത്ത് പറയുന്നു. ഈ ദൈവീക അസ്തിത്വത്തെയാണ് നമ്മള്‍ ത്രിത്വം എന്നും ത്രീയേക ദൈവം എന്നും വിശേഷിപ്പിക്കുന്നത്.

ത്രിത്വം എന്ന വാക്കോ, ദൈവീക ത്രിത്വത്തെ നേരിട്ട് വിശദീകരിക്കുന്ന ഒരു അദ്ധ്യായമോ വേദപുസ്തകത്തില്‍ ഇല്ല. ത്രിത്വ ഉപദേശം കാലാകാലങ്ങളായി രൂപപ്പെട്ടുവന്ന ദൈവീക സത്യത്തിന്‍റെ പ്രഖ്യാപനം ആണ്. ദൈവ വചനത്തിലൂടെ ദൈവത്തിന്റെ ആളത്വത്തെ മനസ്സിലാക്കിയ സഭാ പിതാക്കന്മാര്‍ അത് വിശദീകരിക്കുവാന്‍ രൂപപ്പെടുത്തിയ വാക്കാണ് ത്രിത്വം. ത്രിത്വ ഉപദേശത്തിന്റെ മാര്‍മ്മികമായ ആശയം വേദപുസ്തകത്തില്‍, പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം.

ത്രിത്വ ഉപദേശത്തിന്റെ മര്‍മ്മം യേശുക്രിസ്തു ദൈവമാണ് എന്നതാണ്. ത്രിത്വ ഉപദേശത്തെ ഖണ്ഡിക്കുന്നവര്‍ യേശുവിന്റെ ദൈവീകത്വത്തെയാണ് തള്ളിക്കളയുന്നത്. അതിനാല്‍, ത്രിത്വ ഉപദേശത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കേണ്ടത് യേശു ദൈവമാണ് എന്നു പഠിച്ചു കൊണ്ടായിരിക്കേണം.


അപ്പോസ്തലന്മാരുടെ കാലം

യേശുക്രിസ്തുവിന് എതിരെ യഹൂദ മത പ്രമാണിമാര്‍ ആരോപിച്ച പ്രധാന ആരോപണം അവന്‍ ദൈവമാണ് എന്ന് അവകാശപ്പെട്ടു എന്നതാണ്. അപ്പോസ്തലന്‍മാരും യേശുക്രിസ്തുവിന്റെ ദൈവീകത്വത്തിനെതിരെയുള്ള വെല്ലുവിളി നേരിട്ടിരുന്നു. ഇതിനെക്കുറിച്ച് ഇങ്ങനെയാണ് അദ്ദേഹം കൊരിന്ത്യര്‍ക്ക് എഴുതിയത്.

 

1 കൊരിന്ത്യര്‍ 1: 22, 23

22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

ഇതിന്റെ പശ്ചാത്തലം മനസ്സിലാക്കിയാലേ, അദ്ദേഹം അഭിമുഖീകരിച്ച വെല്ലുവിളി എന്തായിരുന്നു എന്നു ഗ്രഹിക്കുവാന്‍ കഴിയൂ.

യഹൂദന്മാര്‍ എപ്പോഴും അടയാളം അന്വേഷിക്കുന്നവര്‍ ആയിരുന്നു. ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കും, അവന്‍ അയക്കുന്ന പ്രവാചകന്മാരുടെയും മശീഹയുടെയും വരവിനും അവര്‍ സ്വര്‍ഗ്ഗീയമായ അടയാളങ്ങള്‍ അന്വേഷിച്ചു. അടയാളങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ദൈവത്തിന്റെ ആലോചനയോ, പ്രവര്‍ത്തികളോ ഏറ്റെടുക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ പ്രതീക്ഷിക്കുന്ന മശീഹ അസാധാരണമായ സ്വര്‍ഗ്ഗീയ അടയാളങ്ങളോടെ പ്രത്യക്ഷനാകേണം. അതിനാല്‍ അവര്‍ യേശുവില്‍ അടയാളം അന്വേഷിച്ചു.  

യഹൂദന്‍റെ മശീഹ ജയാളിയായ ഒരു രാക്ഷ്ട്രീയ നേതാവാണ്. യഹൂദന്മാരുടെ മശീഹ രാജാവാണ്. അവന്‍ അവരുടെ രാക്ഷ്ട്രീയ എതിരാളികളോട് യുദ്ധം ചെയ്തു, അവരെ തോല്‍പ്പിച്ച്, വാഗ്ദത്ത ദേശം തിരികെ പിടിച്ച് ഒരു യഹൂദ സാമ്രാജ്യം സ്ഥാപിക്കുന്നവനാണ്. അവനെ റോമന്‍ സൈന്യത്തിന് പിടിക്കുവാനോ, കാരാഗൃഹത്തില്‍ അടയ്ക്കുവാനോ, കൊല്ലുവാനോ സാദ്ധ്യമല്ല.

യേശുക്രിസ്തുവിന്റെ ഭൌതീക ദാരിദ്ര്യവും, കഷ്ടതയും, അവന്‍ അനുഭവിച്ച അപമാനവും നിന്ദയും യഹൂദന്മാര്‍ പ്രതീക്ഷിക്കുന്ന മശീഹയോട് ചേരുന്നതായിരുന്നില്ല. യേശു ബലഹീനനും, സൈന്യമില്ലാത്തവനും, യുദ്ധം ചെയ്യുവാന്‍ അറിയാത്തവനും ആയിരുന്നു. അവനെ റോമന്‍ സൈന്യം പിടിച്ചപ്പോള്‍, സ്വയം രക്ഷിക്കുവാന്‍ യേശുവിന് കഴിഞ്ഞില്ല. ശത്രുക്കള്‍ യേശുവിനെ അതി ക്രൂരമായി, നിന്ദ്യമായി ക്രൂശില്‍ തറച്ചു കൊന്നു. അവനെ ദൈവം ഉപേക്ഷിച്ചു കളഞ്ഞു എന്നു അവന്‍ ക്രൂശില്‍ കിടന്നപ്പോള്‍ വിളിച്ച് പറഞ്ഞു. അവന്‍ ദൈവത്തെ സ്വന്ത പിതാവ് എന്നു വിളിച്ച് എങ്കിലും, അവനെ റോമന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവം എത്തിയില്ല. അവന്റെ ശിഷ്യന്മാര്‍ അവനെ ഉപേക്ഷിച്ചു. ഒരു ശിഷ്യന്‍ തന്നെ അവനെ ഒറ്റിക്കൊടുത്തു. അവനെ റോമന്‍ പടയാളികള്‍ അടിച്ചു, മുള്‍കിരീടം അണിയിച്ചു, പരിഹസിച്ചു, വിചാരണ ചെയ്തു, ക്രൂശിച്ചു.

ഇത് യഹൂദന്‍മാര്‍ക്ക് ഒരു ഇടര്‍ച്ച കല്ലായി. അവര്‍ക്ക് യേശുവിനെ മശീഹ ആയി സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല. യഹൂദന്മാരുടെ അവിശ്വാസമുള്ള കഠിന ഹൃദയം യേശുവിന്റെ മരണത്തെയും ഉയിര്‍പ്പിനെയും തള്ളിക്കളഞ്ഞു.

യവനന്‍മാര്‍ തത്വ ജ്ഞാനത്തില്‍ പ്രസിദ്ധര്‍ ആയിരുന്നു. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, സിസെറോ, സെനെക്ക, എന്നിവര്‍ പ്രശസ്തരായ ഗ്രീക്കു തത്വ ചിന്തകര്‍ ആണ്. ജീവിതവും, മരണവും, അതിനുശേഷമുള്ള കാലവും വിശദീകരിക്കുവാന്‍ അവര്‍ വളരെ ശ്രമിച്ചിട്ടുണ്ട്.

യവനന്‍മാര്‍, സുവിശേഷത്തെ, വിഡ്ഡിത്തം നിറഞ്ഞ, ഭോഷത്തമായ ഒരു കെട്ടുകഥയായാണ് കണ്ടത്. അതില്‍ അവരുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ദൈവം മനുഷ്യന്റെ ശരീരം സ്വീകരിച്ച് ഭൂമിയില്‍ ജനിക്കുക എന്നത് അവര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയാത്ത സംഭവം ആയിരുന്നു. കാരണം മനുഷ്യന്റെ ശരീരം തിന്‍മയും, ബലഹീനവും, നശ്വരവുമാണ്. ദൈവത്തിന്നു തിന്‍മയാകുവാനോ, ബലഹീനമാകുവാനോ, നശ്വരമാകുവാനോ കഴിയുക ഇല്ല. മനുഷ്യനു ഒരിയ്ക്കലും ദൈവത്തെ ഒരു കള്ളനെ എന്നപോലെ പിടിക്കുവാനോ, വിചാരണ ചെയ്യുവാനോ, ഉപദ്രവിക്കുവാനോ, കൊല്ലുവാനോ സാധ്യമല്ല. മനുഷ്യനായുള്ള ദൈവത്തിന്റെ അവതാരം അസാദ്ധ്യമാണ് എന്നു യവനന്‍മാര്‍ വാദിച്ചു.

അടയാളമന്വേഷിക്കുന്ന യഹൂദനും, തത്വജ്ഞാന പ്രകാരം യേശു ദൈവമാണ് എന്നു തെളിയിക്കുവാന്‍ ആവശ്യപ്പെടുന്ന യവനന്‍മാര്‍ക്കും പൌലൊസ് ഒരു ഉത്തരമാണ് നല്‍കുന്നത്: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. (1 കൊരിന്ത്യര്‍ 1: 23). ഇതൊരു ബലഹീനമായ വാദമായിട്ടല്ല പൌലൊസ് പറയുന്നത്. ക്രൂശിക്കപ്പെട്ട ക്രിസ്തു ശക്തമായ ഒരു എതിര്‍ വാദമാണ്. ക്രൂശില്‍ മരിച്ചു, അടക്കം ചെയ്തു, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഒരു സ്വര്‍ഗ്ഗീയ അടയാളവും ബദല്‍ തത്വ ജ്ഞാനവും ആണ്.

യേശുക്രിസ്തുവിന്റെ ദൈവീകത്വം

നമ്മള്‍ മുകളില്‍ വായിച്ച കൊരിത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം AD 53 ലോ 54 ലോ 55 ലോ പൌലൊസ് എഫെസൊസില്‍ വച്ച് എഴുതിയതാണ്. AD 70 മുതല്‍ 110 വരെയുള്ള കാലയളവില്‍ എപ്പോഴോ ആണ് യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടത്. അതായത് പൌലൊസ് കൊരിന്ത്യര്‍ക്ക് “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്ന എതിര്‍ തത്വശാസ്ത്രം അവതരിപ്പിച്ചതിന് ശേഷമാണ് യോഹന്നാന്‍ സുവിശേഷം എഴുതിയത്. അതിനാല്‍, പൌലൊസ് അഭിമുഖീകരിച്ച വെല്ലുവിളി യോഹന്നാനും അഭിമുഖീകരിച്ചിരുന്നു എന്നു മനസ്സിലാക്കാം. 


യോഹന്നാന്റെ സുവിശേഷം, യേശുവിന്‍റെ ഈ ഭൂമിയിലെ ജനനത്തോടെ അല്ല യോഹന്നാന്‍ ആരംഭിക്കുന്നത്, നിത്യതയിലുള്ള അവന്‍റെ ദൈവീകത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവന്‍ ആരംഭിക്കുന്നത്.

 

യോഹന്നാന്‍ 1: 1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

 

യേശുക്രിസ്തുവിന്‍റെ ചരിത്രം ആരംഭിക്കുന്ന സമയം “ആദിയില്‍” ആണ്. ഈ വാക്ക് ഉല്‍പ്പത്തി ഒന്നാം അദ്ധ്യായം ഒന്നാം വാക്യത്തിന്റെ പ്രതിധ്വനിയാണ്. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”(ഉല്‍പ്പത്തി 1:1). എന്നാല്‍ സൃഷ്ടിയെക്കുറിച്ച് പറയുന്നതിന് മുമ്പ്, സൃഷ്ടിക്കും മുമ്പേയുള്ള സൃഷ്ടാവിന്‍റെ അസ്തിത്വത്തെ കുറിച്ചാണ് യോഹന്നാന്‍ പറയുന്നത്. ആദിയില്‍, സകല സൃഷ്ടിക്കും മുമ്പേ, “വചനം ഉണ്ടായിരുന്നു”. ആദിയില്‍ വചനം സൃഷ്ടിക്കപ്പെട്ടതല്ല, വചനം ഉണ്ടായിരുന്നു. വചനം ഇല്ലാതിരുന്ന ഒരു കാലവും, അവസ്ഥയും ഉണ്ടായിട്ടില്ല. അവന്‍ നിത്യമായി ഉണ്ടായിരുന്നു.

 

യോഹന്നാന്‍ “ആദിയില്‍” എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം, “ആര്‍ക്കേ” എന്നാണ് (G746 - Archē - ar-khay'). ഈ വാക്കിന് ആദിയില്‍ എന്നു അര്‍ത്ഥമുള്ളതുപോലെ, എല്ലാറ്റിന്റെയും ആദിയായവന്‍, പ്രധാനി, പ്രഭുത്വം, ഭരണാധികാരി എന്നിങ്ങനെയും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥത്തിലാണ് നമ്മള്‍ പ്രധാന ദൂതനെ, ആര്‍ക്ക് ഏഞ്ജല്‍ എന്നും ബിഷപ്പുമാരില്‍ പ്രധാനിയെ ആര്‍ച്ച് ബിഷപ്പ് എന്നും വിളിക്കുന്നത് (arch angel, Arch Bishop).

അതായത് ആദിയില്‍ സകലത്തിന്റെയും അധികാരിയായി ഒരുവന്‍ ഉണ്ടായിരുന്നു. സകലതും അവനില്‍ നിന്നുമാണ് ആരംഭിക്കുന്നത്. അത് പരമമായ സത്യം ആയിരുന്നു. അത് വചനം ആയിരുന്നു. വചനം ദൈവമായിരുന്നു. വചനവും ദൈവവും ഒന്നാണ്.  

യോഹന്നാന്‍ 1: 1 ല്‍ അദ്ദേഹം പറയുന്ന മൂന്നാമത്തെ മര്‍മ്മം, “വചനം ദൈവം ആയിരുന്നു” എന്നതാണ്. 

പുതിയ നിയമത്തില്‍, ലോഗോസ്, റീമ എന്നീ രണ്ടു ഗ്രീക്ക് വാക്കുകളെ “വചനം” എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ട് (logos, rhema). ഈ രണ്ടു വാക്കുകള്‍ക്ക് ഏകദേശം ഒരേ അര്‍ത്ഥമാണ് ഉള്ളത് എങ്കിലും ദാര്‍ശനികമായി വ്യത്യാസമുണ്ട്.

ലോഗോസ് എന്ന വാക്കിന്, “സമ്പൂര്‍ണ്ണമായ, പ്രചോദിപ്പിക്കപ്പെട്ട ദൈവ വചനം” എന്നാണ് അര്‍ത്ഥം. ലോഗോസ്, സംസാരിക്കുന്ന വ്യക്തിയുടെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണമായ സന്ദേശമാണ്. ഗ്രീക്ക്കാര്‍ ലോഗോസ് എന്ന വാക്ക് കൊണ്ട് ഒരു വ്യക്തിയുടെ ജ്ഞാനം, യുക്തി, മനസ്സ്, ബുദ്ധി എന്നിവയെ പരാമര്‍ശിച്ചിരുന്നു.

ഗ്രീക്ക് തത്വ ശാസ്ത്രത്തില്‍ ഈ വാക്കിനു ദാര്‍ശനികമായ അര്‍ത്ഥമുണ്ട്. തത്വ ചിന്തകനായിരുന്ന ഹെരാക്ലീറ്റസ്, ഏകദേശം 600 BC ല്‍  ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് (Heraclitus). പ്രപഞ്ചത്തെ ഏകോപിക്കുന്ന പരമമായ യുക്തി, ജ്ഞാനം, പദ്ധതി, സംവിധാനം എന്നതിനെയാണ് അദ്ദേഹം ലോഗോസ് എന്നു വിളിച്ചത്. പിന്നീട്, സിറ്റിയത്തിലെ സെനോ എന്ന തത്വ ചിന്തകന്‍റെ അനുയായികളായ സ്റ്റോയിക്ക് ചിന്തകര്‍ ഇതിനെ വിശദീകരിച്ചു. എല്ലാ യാഥാര്‍ത്ഥ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന സജീവമായ യുക്തിയും, ജ്ഞാനവും, ആത്മീയ തത്വവും ആണ് ലോഗോസ് എന്നു അവര്‍ പഠിപ്പിച്ചു. അവര്‍ ലോഗോസിനെ, ദൈവം, പ്രകൃതി, ദിവ്യപരിപാലനം, പ്രപഞ്ചത്തിന്റെ ആത്മാവ് എന്നിങ്ങനെ വിശേഷിപ്പിച്ചു. ഇത്, പല പ്രാഥമികവും മൌലീകവും ആയ ലോഗോസ് അടങ്ങിയ പ്രാപഞ്ചികമായ ലോഗോസ് ആണ്. അതായത് പല ദൈവങ്ങള്‍ അടങ്ങിയ പരമമായ ദൈവമാണ് ലോഗോസ്.

ഈ തത്വചിന്തകളുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് യോഹന്നാന്‍ എഴുതിയത്,ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹന്നാന്‍ 1: 1). അതായത് യോഹന്നാന്‍ പറഞ്ഞതിതാണ്, സമയവും കാലവും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പേ, അനാദിയില്‍ ലോഗോസ് എന്ന ദൈവം ഉണ്ടായിരുന്നു. അത് വചനമായിരുന്നു. ഈ വചനമാണ് യേശുക്രിസ്തുവായി ഭൂമിയില്‍ ജനിച്ചത്.

യോഹന്നാന്റെ സുവിശേഷം 1: 1 ലെ രണ്ടാമത്തെ മര്‍മ്മം,വചനം ദൈവത്തോടുകൂടെ ആയിരുന്നു” എന്നാണ്. ഇത് പുത്രനായ ദൈവത്തിന്റെ വേറിട്ട ആളത്വത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആണ്. പിതാവായ ദൈവത്തിന്‍റെ എല്ലാ ഗുണങ്ങളും, സാരാംശവും, വചനമായിരുന്ന ദൈവത്തിന് ഉണ്ടായിരുന്നു, എന്നാല്‍ വചനം വേറിട്ട ഒരു സത്വം അല്ലെങ്കില്‍ ആളത്വം ആയിരുന്നു. അതാണ്,വചനം ദൈവത്തോടുകൂടെ ആയിരുന്നു” എന്ന വാക്കുകളിലൂടെ യോഹന്നാന്‍ പ്രസ്താവിക്കുന്നത്.  

ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായി ബഹുഭൂരിപക്ഷം ക്രൈസ്തവരും വിശ്വസിക്കുന്ന ത്രിത്വ ഉപദേശത്തിന്‍റെ ഹൃദയം. വചനത്തിന് ദൈവവുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്നാണ് ഈ വാക്യം പറയുന്നത്. “ദൈവത്തോട് കൂടെ” എന്നതിലെ “കൂടെ” എന്ന പ്രയോഗത്തില്‍ നിന്നുമാണ് ദൈവവുമായുള്ള ബന്ധം എന്ന ആശയം ഊരിതിരിയുന്നത്.

യോഹന്നാന്‍ 1: 2 ല്‍ യോഹന്നാന്‍ ഇതേ ആശയം ആവര്‍ത്തിക്കുക ആണ്.

 

യോഹന്നാന്‍ 1: 2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.

അതായത് ഒന്നാമത്തെയും രണ്ടാമത്തെയും വാക്യങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍, ആദിയില്‍ വചനം ദൈവത്തോട് കൂടെ ആയിരുന്നപ്പോഴും അവന്‍ ദൈവത്തില്‍ നിന്നും വേറിട്ട്‌ നിന്നു, എന്നു നമുക്ക് മനസ്സിലാക്കാം. ഇതാണ് പുത്രനായ ദൈവത്തിന്നു വേറിട്ട് ആളത്വം നല്‍കുന്നത്.

യോഹന്നാന്‍ 1: 3 ല്‍ യോഹന്നാന്‍ പറയുന്നതിങ്ങനെയാണ്:

 

യോഹന്നാന്‍ 1: 3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

 

ലോഗോസ് സൃഷ്ടിയുടെ മൂലശക്തിയാണ്. ലോഗോസ് ആണ് സകലത്തിനെയും സൃഷ്ടിച്ചത്. അതായത്, ഉളവായതെല്ലാം വചനം മുഖാന്തിരം ഉളവായി എങ്കില്‍ അവന്‍ ഉളവായതല്ല. അവന്‍ ഉളവാകുന്നതിനു മുമ്പ് അവന് യാതൊന്നും ഉളവാക്കുവാന്‍ കഴിയുക ഇല്ലല്ലോ. അങ്ങനെ ഉളവാകാത്തതും, സകലതിനെയും ഉളവാക്കുന്നവനുമാണ് വചനം. ആരംഭം ഉള്ളതെല്ലാം ഉളവായത് വചനത്തിലൂടെയാണ്.

ഇനി നമുക്ക് യോഹന്നാന്‍ 1: 14 ആമത്തെ പതിനാലാമത്തെ വാക്യം വായിക്കാം.

 

യോഹന്നാന്‍ 1: 14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്‍റെ തേജസ്സായി കണ്ടു.

ലോഗോസ് എന്ന പരമമായ ദൈവത്തിന്‍റെ സജീവമായ യുക്തിയും, ജ്ഞാനവും, ആത്മീയ തത്വവും, പ്രകൃതിയും, പ്രപഞ്ചത്തിന്റെ ആത്മാവും “ജഡമായി തീര്‍ന്നു.” ലോഗോസ്, മൂര്‍ത്തമായി, ഭൌതീക അസ്തിത്വം ആയി, യേശുക്രിസ്തുവായി ജനിച്ചു.

ഈ പ്രസ്താവന അക്കാലത്തെ യാഹൂദന്മാരെയും ഗ്രീക്കുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകേണം. ലോഗോസ് എന്ന പരമ സത്യത്തില്‍ നിന്നും ഒരു പടി താഴ്ന്ന സ്ഥാനമാണ് ഗ്രീക്കുകാര്‍ ദേവന്‍മാര്‍ക്ക് നല്കിയിരുന്നത്. കാരണം ദൈവങ്ങള്‍ക്കും (ദേവന്‍മാര്‍ക്കും) മുകളില്‍, സകലത്തിന്റെയും മൂല സ്രോതസ്സായി അവര്‍ കണ്ടിരുന്നത്‌ ലോഗോസിനെ ആയിരുന്നു. അവരോടു യോഹന്നാന്‍ പറയുക ആണ്, നിങ്ങള്‍ പരമമായ ദൈവമായി കരുതുന്ന ലോഗോസ്, ഇതാ ജഡമായി തീര്‍ന്നിരിക്കുന്നു.

ചരിത്രം

യേശുക്രിസ്തു ദൈവമാണോ, ആണ് എങ്കില്‍ എങ്ങനെ വിശദീകരിക്കും? യേശുക്രിസ്തു ദൈവമായിരിക്കെ, അവനും പിതാവായ ദൈവവുമായുള്ള ബന്ധം എങ്ങനെ വിശദീകരിക്കുക? ഈ ചോദ്യങ്ങള്‍ക്ക് പല വിശദീകരണങ്ങള്‍ സഭാ ചരിത്രത്തില്‍ ഉടലെടുത്തിട്ടുണ്ട്.

ഒന്നാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ ജീവിച്ചിരുന്ന റോമിലെ ക്ലെമെന്‍റ്, അദ്ദേഹത്തിന്റെ ഒന്നാമത്തെ ലേഖനത്തില്‍ ഇങ്ങനെ എഴുതി: “നമുക്ക് ഒരു ദൈവവും, ഒരു ക്രിസ്തുവും, നമ്മളിലേക്ക് പകര്‍ന്നിരിക്കുന്ന കൃപാലുവായ ഒരു ആത്മാവും, ക്രിസ്തുവില്‍ ഒരു വിളിയും അല്ലെയുള്ളൂ” ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട “ഡിടാകെ” എന്ന കൃതിയില്‍, ക്രിസ്തീയ വിശ്വാസികളെ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനപ്പെടുത്തേണം” എന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. AD 110 ല്‍ അന്ത്യോക്യായിലെ ഇഗ്നേഷിയസ്, ക്രിസ്തീയ വിശ്വാസികള്‍ “ക്രിസ്തുവിനോടും, പിതാവിനോടും, പരിശുദ്ധാത്മാവിനോടും” അനുസരണമുള്ളവര്‍ ആയിരിക്കേണം എന്നു പറയുന്നുണ്ട്.

ഒരു ആദ്യകാല ക്രിസ്തീയ തത്വചിന്തകനായിരുന്ന ജസ്റ്റിന്‍ മാര്‍ട്ടിര്‍, “പ്രപഞ്ചത്തിന്റെ കര്‍ത്താവും പിതാവുമായ ദൈവത്തിന്റെയും, നമ്മളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹമാണ് പിന്നീട് ത്രിത്വ ഉപദേശകര്‍ ഉപയോഗിച്ച ഔസിയ (ousia) എന്ന വാക്ക് രൂപപ്പെടുത്തിയത്. ഔസിയ എന്നത് ഗ്രീക്കു തത്വശാസ്ത്രത്തില്‍ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു വാക്കാണ്. ഇതിന്റെ അര്‍ത്ഥം ഇംഗ്ലീഷില്‍ being എന്നാണ്. ഇതിനെ നമുക്ക് മലയാളത്തില്‍, സാരാംശം, സത്ത, സത്വം, അസ്തിത്വം, ഉണ്മ എന്നിങ്ങനെ പരിഭാഷപ്പെടുത്താം. അദ്ദേഹം മൂന്നു ആളത്വങ്ങളെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ച വാക്ക് പ്രോസോപാ (prosopa) എന്നതാണു. ഈ വാക്കിന് മുഖങ്ങള്‍ (faces) എന്നാണ് അര്‍ത്ഥം. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ഔസിയ (ousia)  ആണ് എന്നും അവര്‍ മൂന്നും വേറിട്ട പ്രോസോപാ (prosopa) ആണ് എന്നുമാണ് അദ്ദേഹം പറഞ്ഞതു.

രണ്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ജീവിച്ചിരുന്ന അന്ത്യോക്ക്യയിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന തിയോഫിലസ് ആണ് ത്രിത്വം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ത്രിത്വ ഉപദേശത്തെ ആദ്യമായി ശക്തിയോടെ പ്രതിരോധിച്ചത് തെര്‍ത്തൂല്ലിയന്‍ ആണ്. അദ്ദേഹമാണ് ത്രിത്വം എന്ന വാക്കിനെ കൂടുതല്‍ പ്രചരത്തിലാക്കിയത്. “പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ഏക ദൈവീകത്വത്തിന്റെ ത്രിത്വം” എന്ന പദം തെര്‍ത്തുല്ലിയന്‍ അവതരിപ്പിച്ചു (trinity - Latin: trinitas). തെര്‍ത്തുല്ലിയന്‍ പാകിയ അടിത്തറയിലാണ് പിന്നീട് സഭാപിതാക്കന്മാര്‍ ത്രിത്വം എന്ന ഉപദേശവും അത് വിശദീകരിക്കുവാന്‍ ആവശ്യമായ പദങ്ങളും രൂപപ്പെടുത്തുന്നത്.

4 ആം നൂറ്റാണ്ടില്‍ ആണ് സഭ ഉപദേശപരമായി ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. ഏരിയസ് മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും നാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി അലക്സാഡ്രിയയില്‍ ജീവിച്ചിരുന്ന ഒരു ക്രിസ്തീയ പുരോഹിതന്‍ ആയിരുന്നു. അദ്ദേഹം രൂപപ്പെടുത്തിയ വിപരീത ഉപദേശത്തെയാണ് എരിയനിസം എന്നു വിളിക്കുന്നത്. പിതാവായ ദൈവം പുത്രനും മുമ്പേ ഉണ്ടായിരുന്നു എന്നും പുത്രന്‍ ആദിയില്‍ ദൈവം അല്ലായിരുന്നു എന്നും അവനെ ദൈവത്തിന്റെ പുത്രനാക്കി പിന്നീട് മാറ്റുകയായിരുന്നു എന്നും ഏരിയസ് പഠിപ്പിച്ചു. എന്നാല്‍, AD 325 ല്‍ കൂടിയ നിഖ്യാ കൌണ്‍സില്‍ ഈ വിരുദ്ധ ഉപദേശത്തെ തള്ളിക്കളയുകയും അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

അക്കാലത്ത്, സഭയില്‍ പല വിരുദ്ധ ഉപദേശങ്ങളും ഉടലെടുത്തിരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ ഒരു അന്തിമ രൂപം നല്‍കേണം എന്ന ആവശ്യമുണ്ടായി. ഈ ഉദ്ദേശ്യത്തോടെയാണ് നിഖ്യായിലെ കൌണ്‍സിലില്‍ വിളിച്ച് ചേര്‍ത്തത്. ഈ കൌണ്‍സിലില്‍ ആണ് സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ക്രോഡീകരിച്ചത്. പിന്നീട് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കൂടിയ കൌണ്‍സിലില്‍ കൂടുതല്‍ വിശദീകരണം ചേര്‍ത്തു. ഈ രണ്ടു കൌണ്‍സിലും, വിരുദ്ധ ഉപദേശങ്ങളെ ഖണ്ഡിക്കുകയും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കൃത്യമായ ക്രിസ്തീയ അടിസ്ഥാന ഉപദേശങ്ങള്‍ക്ക് അംഗീകാരം നല്കുകയും ചെയ്തു.

നിഖ്യാ കൌണ്‍സില്‍, പുത്രന്‍, പിതാവിന്റെ സാരാംശം തന്നെയാണ് എന്ന് പ്രഖ്യാപിച്ചു. അതായത് പിതാവ് എന്തായിരിക്കുന്നുവോ, പുത്രനും അതെല്ലാം ആയിരിക്കുന്നു. പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെകുറിച്ചു പറയുവാന്‍ ഹോമോഊസിയോസ് (ഏക സാരാംശം) എന്ന ഗ്രീക്ക് വാക്കാണ് നിഖ്യാ വിശ്വാസപ്രമാണത്തില്‍ ഉപയോഗിച്ചത്. ഇത് പിന്നീട് മൂന്നു ആളത്വങ്ങള്‍ ഉള്ള ഒരു സാരാംശം എന്നു വിശദീകരിക്കപ്പെട്ടു.

നിഖ്യാ കൌണ്‍സിലിന് ശേഷം, കപ്പഡോഷിയന്‍ പിതാക്കന്മാര്‍ എന്നു അറിയപ്പെടുന്ന കൈസര്യയിലെ ബാസില്‍, നസിയാന്‍സസിലെ ഗ്രിഗൊറി, നൈസ്സയിലെ ഗ്രിഗൊറി എന്നിവര്‍ ദൈവീക ത്രിത്വത്തിലെ  സാരാംശം, ആളത്വം എന്നീ പദങ്ങളെ വ്യക്തമായി വേര്‍തിരിച്ചു വിശദീകരിച്ചു. കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കൂടിയ കൌണ്‍സിലിലെ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതില്‍ കപ്പഡോഷിയന്‍ പിതാക്കന്മാര്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ദൈവീക ത്രിത്വത്തില്‍, പിതാവ്, പുത്രന്‍ എന്നിവരോടൊപ്പം സാരാംശത്തിലെ ഐക്യതയില്‍  പരിശുദ്ധാത്മാവിന്‍റെ വേറിട്ട ആളത്വം വ്യക്തമാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ത്രിത്വ ഉപദേശത്തെയും ദൈവീക സാരാംശത്തില്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഉള്ള വേറിട്ട ആളത്വത്തെയും വിശദീകരിക്കുവാനുള്ള പദങ്ങള്‍ അന്തിമമായി രൂപീകരിച്ചതും കപ്പഡോഷിയന്‍ പിതാക്കന്മാര്‍ ആണ്. ഈ പദങ്ങള്‍ ആണ് നമ്മള്‍ ഇന്നും ഉപയോഗിക്കുന്നത്.

381 ല്‍ കൂടിയ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഒന്നാമത്തെ കൌണ്സില്‍, 325 ല്‍ രൂപീകരിച്ച നിഖ്യാ വിശ്വാസപ്രമാണത്തെ വിപുലീകരിച്ചു. ഈ കൌണ്‍സില്‍ സ്നാനത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍, പരിശുദ്ധാത്മാവ് നിത്യമായും തുല്യതയോടെയും ദൈവീകത്വത്തില്‍ ഉണ്ടായിരുന്നു എന്ന പ്രഖ്യാപനം ഉണ്ട്. പരിശുദ്ധാത്മാവിന്റെ ദൈവീകത്വവും ആളത്വവും എന്ന ആശയം അത്തനാസിയൂസ് ആണ് രൂപപ്പെടുത്തിയത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു അസ്തിത്വമാണ് (consubstantiality) എന്ന ഉപദേശത്തിന്റെ പ്രധാന വ്യക്താവായിരുന്നു അത്താനാസിയസ് (Athanasius, ). അതായത് പിതാവും പുത്രനും പരിശുദ്ധാത്മാവും സാരാംശത്തില്‍ ഒന്നുതന്നെയാണ് (same in essence).

കപ്പഡോഷിയന്‍ പിതാക്കന്‍മാര്‍ക്ക് ശേഷം, സെന്‍റ്, അഗസ്റ്റീന്‍ ത്രിത്വ ഉപദേശം കൂടുതല്‍ സ്ഫുടമാക്കി പഠിപ്പിച്ചു. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്, “ഡി ട്രിനിറ്റാറ്റിസ്” (De Trinitatis - On the Trinity).

ദൈവത്തിന്റെ അടിസ്ഥാന സാരാംശം ത്രിത്വമാണ് എന്നു അഗസ്റ്റീന്‍ പഠിപ്പിച്ചു. അതിനാല്‍ തന്നെ ദൈവീകത്വത്തിലെ ആളത്വങ്ങള്‍ ദൈവം തന്നെയാണ്. ഓരോ ആളത്വങ്ങളും തുല്യമായി ദൈവം എന്ന സാരാംശം തന്നെയാണ്. സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ജീവനുള്ളതൊന്നിനും ഇങ്ങനെയൊരു അവസ്ഥയില്ല. ഒരു ജീവിയും മറ്റൊന്നിന് തുല്യമല്ല. ദൈവത്തില്‍, പിതാവും പുത്രനും, പരിശുദ്ധാത്മാവും കൂടെ ചേര്‍ന്ന്, പിതാവിനേക്കാളുമൊ, പുത്രനേക്കാളുമൊ, പരിശുദ്ധാത്മാവിനേക്കാളുമൊ വലിയ ഒരു ദൈവീകത്വം ഉണ്ടാകുകയല്ല. ഇവര്‍ മൂന്നു ആളത്വങ്ങളും ഓരോരുത്തരോടും തുല്യരാണ്. ഇവരെ ആളത്വങ്ങള്‍, സത്വം, സത്ത എന്നിങ്ങനെ നമുക്ക് മനസ്സിലാക്കുവാനായി വിശേഷിപ്പിക്കാം. ഇതാണ് സെന്‍റ്. അഗസ്റ്റീന്റെ കാഴ്ചപ്പാടുകള്‍.

 


ത്രിത്വ ഉപദേശം -  വിശദീകരണം

ത്രിത്വ ഉപദേശം തിരുവചന പ്രകാരമുള്ളതാണ്. അത് തികച്ചും യുക്തിഭദ്രവും ആണ്. എങ്കിലും ദൈവത്തെക്കുറിച്ചും അവന്റെ ത്രിയേകത്വത്തെക്കുറിച്ചും ഒരിയ്ക്കലും പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്ക് സാദ്ധ്യമല്ല. അത് നമ്മളുടെ മാനുഷിക ബുദ്ധികൊണ്ട് വിശദീകരിക്കുവാനും സാധ്യമല്ല. അതിന്റെ അര്‍ത്ഥം, ദൈവീകത്വം യുക്തിഭദ്രം അല്ലന്നോ അത് വൈരുദ്ധ്യമാണന്നോ അര്‍ത്ഥമില്ല. ആത്മീയ സത്യങ്ങള്‍ എപ്പോഴും മാര്‍മ്മികമാണ് എന്നു മാത്രമേ അതിനര്‍ത്ഥമുള്ളൂ.

 

ദൈവീക ത്രിത്വത്തെക്കുറിച്ച് പഠിക്കുമ്പോള്‍, ആദ്യമായി നമ്മള്‍ക്ക് വ്യക്തത ഉണ്ടായിരിക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്. നമ്മള്‍ ത്രിത്വം എന്ന വാക്കിലല്ല, അത് വിനിമയം ചെയ്യുന്ന ആത്മീയ മര്‍മ്മത്തിലാണ് വിശ്വസിക്കുന്നത്. ദൈവ ശാസ്ത്രജ്ഞന്മാര്‍ എല്ലാവരും ഇതേ ആത്മീയ മര്‍മ്മം സൂചിപ്പിക്കുവാന്‍, ത്രിത്വം എന്ന വാക്കല്ല ഉപയോഗിക്കുന്നത്. ചിലര്‍ “ദൈവത്തിന്റെ ത്രീ ഏകത്വം” എന്ന വാക്കാണ് ഉപയോഗിക്കുന്നത് (Tri-Unity of God; Triune God). ത്രിത്വം, ത്രീഏക ദൈവം, ദൈവത്തിന്റെ ത്രീ ഏകത്വം എന്നിങ്ങനെയ്ള്ള വാക്കുകളില്‍ ദൈവത്തിന്റെ ഐക്യതയും, ഏകതയും ആളത്വങ്ങളെയും കാണുവാന്‍ കഴിയും.

 

ത്രിത്വം എന്ന വാക്കിന്റെ അര്‍ത്ഥമാണ് ത്രിയേക ദൈവം എന്നത്. ഈ വാക്കില്‍ ദൈവീകത്വത്തില്‍ മൂന്ന് ആളത്വങ്ങള്‍ ഉണ്ട് എന്നും എന്നാല്‍ ദൈവം ഏകനാണ് എന്നുമുള്ള ആശമാണുള്ളത്. ഏക സത്യ ദൈവം മൂന്ന് ആളത്വങ്ങളിലായി സ്ഥിതിചെയ്യുന്നു എന്ന ആത്മീയ മര്‍മ്മത്തെയാണ് ത്രിത്വം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

 

ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില്‍ എങ്ങും കാണുന്നില്ല. എന്നാല്‍ അതിലെ ആത്മീയ മര്‍മ്മം പഴയനിയമത്തിലും പുതിയനിയമത്തിലും കാണാവുന്നത്. പഴയനിയമത്തില്‍ ദൈവത്തിന്റെ ത്രിയേകത്വം (triunity) പരമര്‍ശിക്കപ്പെടുന്നുണ്ട് എങ്കിലും സ്പഷ്ടമായി വെളിപ്പെടുന്നില്ല. ഇതിന് കാരണം പഴയനിയമം ദൈവീക പദ്ധതിയുടെ വെളിപ്പാടുകളുടെ ആരംഭം ആയിരുന്നു എന്നതാണ്. ദൈവരാജ്യത്തിന്റെ പുനസ്ഥാപനം എന്ന ദൈവീക പദ്ധതി ക്രമേണ, കാലനുഗതമായിട്ടാണ് മനുഷ്യനു വെളിപ്പെട്ടു കിട്ടുന്നത് (progressive revelation). അതിനാല്‍ പുതിയനിയമത്തില്‍ ലഭ്യമായിരിക്കുന്ന വെളിപ്പാടുകളികളുടെ സഹായത്തോടെ മാത്രമേ പഴയനിയമ വെളിപ്പാടുകള്‍ ഗ്രഹിക്കുവാന്‍ കഴിയൂ.

ത്രിത്വം പഴയനിയമത്തില്‍

ദൈവത്തിന്റെ ഏകത്വം എന്ന കാഴ്ചപ്പാടിനാണ് പഴയനിയമത്തില്‍ ഊന്നല്‍ നല്കിയിരുന്നത്. അഥവാ, ഏക ദൈവം എന്ന മര്‍മ്മമാണ് അവിടെ വെളിപ്പെട്ടത്. ഇത് അന്നത്തെ ചരിത്ര സാമൂഹിക പശ്ചാത്തലത്തില്‍, ബഹുദൈവ വിശ്വാസികളായ ലോക സമൂഹത്തില്‍, യിസ്രയേലിന്റെ ഏക ദൈവ വിശ്വാസത്തെ വേറിട്ട് നിറുത്തുന്നതായിരുന്നു. ബഹുദേവന്മാരുടെ ആരാധനയില്‍ നിന്നും യിസ്രായേല്‍ ജനത്തെ സംരക്ഷിച്ചു നിറുത്തുവാന്‍ ഏകദൈവ വിശ്വാസവും കാഴ്ചപ്പാടും അവര്‍ക്ക് വെളിപ്പെട്ടുകിട്ടി. എങ്കിലും, ദൈവത്തിന്റെ ത്രിയേകത്വം പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അത് വിശദീകരിക്കപ്പെട്ടിരുന്നില്ല എന്നു മാത്രം.

 

ഉല്‍പ്പത്തി 1: 1 ആം വാക്യത്തില്‍, “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” എന്ന വാക്യത്തില്‍ “ദൈവം” എന്നതിന്റെ എബ്രായ പദം ഏലോഹീം എന്നതാണ്. (H430, 'ĕlōhîm - el-o-heem'). ഇതൊരു ബഹുവചന നാമമാണ്. ഇത് “ഏലോഅ” എന്ന മറ്റൊരു എബ്രായ വാക്കിന്റെ ബഹുവചനമാണ് (H433, 'ĕlôha - el-o'-ah). “ഏലോഅ” എന്ന വാക്ക് വ്യാജ ദേവന്‍മാരെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതേ വാക്ക്, അതേ രീതിയില്‍ യിസ്രയേലിന്റെ ഏക ദൈവത്തെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചില്ല. യഹോവയായ ദൈവത്തെക്കുറിച്ച് പറയുവാന്‍ “ഏലോഅ” എന്നതിന്റെ ബഹുവചനമായ “ഏലോഹീം” എന്ന വാക്കാണ് ഉപയോഗിച്ചത്. ഏലോഹീം എന്ന വാക്കിന് ദൈവം എന്നത് കൂടാതെ, ചക്രവര്‍ത്തി, രാജാധികാരി, ന്യായാധിപന്‍ എന്നും അര്‍ത്ഥം ഉണ്ട്. ഇത് ദൈവം, സര്‍വ്വാധികാരിയായ ഏക രാജാധികാരി ആണ് എന്ന ആശയം നല്കുന്നു.

 

ഉല്‍പ്പത്തില്‍ 1 ല്‍ നമ്മള്‍ വായിച്ച വാക്യങ്ങള്‍ കൂടാതെ, ദൈവീക ത്രിത്വം അവര്‍ക്കിടയില്‍ തന്നെ ആശയവിനിമയം നടത്തുകയോ, പരസ്പരം പരാമര്‍ശിക്കുകയോ ചെയ്യുന്ന മറ്റ് സന്ദര്‍ഭങ്ങളും പഴയനിയമത്തില്‍ ഉണ്ട്.

 

ഉല്‍പ്പത്തി 3: 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.

 

ഉല്‍പ്പത്തി 11: 7 വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.

 

പഴയനിയമത്തില്‍ ത്രിത്വം മറഞ്ഞിരിക്കുന്ന ഒരു മര്‍മ്മം ആണ്. എങ്കിലും അത് ചില വാക്യങ്ങളില്‍ പ്രകടമാണ്. ദൈവം ഏകനാണ് എന്ന് പറയുവാന്‍ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒരു വാക്യമാണ് ആവര്‍ത്തനപുസ്തകം 6: 4.

 

ആവര്‍ത്തനപുസ്തകം 6: 4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.

 

ഈ വാക്യത്തിലെ യഹോവ എന്നതിന്റെ എബ്രായ വാക്ക് ഏകവചന നാമമായ യഹോവ എന്നു തന്നെയാണ് (H3068 - Yhōvâ - yeh-ho-vaw'). എന്നാല്‍ ദൈവം എന്നതിന് ബഹുവചന നാമമായ ഏലോഹീം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (H430 - 'ĕlōhîm - el-o-heem'). “ഏകന്‍” എന്നതിന്റെ എബ്രായ പദം എഹാദ് എന്ന വാക്കാണ് (H529 - 'eā - ekh-awd' – a numerical form). ഇത് ഒന്ന് എന്ന സംഖ്യയെ കാണിക്കുന്നു. അതായത് ഏകവചന നാമമായ യഹോവ എന്ന വാക്കും ബഹുവചന നാമമായ ഏലോഹീം എന്ന വാക്കും ഒരേ വാചകത്തില്‍ ഒരു ദൈവം എന്ന മര്‍മ്മത്തെക്കുറിച്ച് പറയുവാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

 

യേശുക്രിസ്തു അനാദി കാലം മുതല്‍ ഉള്ള ദൈവം

 

യേശുക്രിസ്തു അനാദി കാലം മുതല്‍ ഉള്ളവനായ ദൈവമായിരുന്നു എന്ന് പറയുവാന്‍, അവന്‍ തന്നെ ഉദ്ധരിച്ച, പഴയനിയമത്തിലെ ഒരു വാക്യമുണ്ട്. ഇത് മശീഹയെക്കുറിച്ചുള്ള പ്രവചനം കൂടിയാണ്.

 

സങ്കീര്‍ത്തനങ്ങള്‍ 110: 1 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

 

മത്തായി 22: 43, 44

43 അവൻ അവരോടു: “എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ?”

44 ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.

 

പഴയനിയമത്തില്‍ ദൈവത്തിന്റെ ദൂതന്‍ എന്ന് വിശേഷിക്കപ്പെടുന്ന പ്രത്യക്ഷത ദൈവീക ത്രിത്വത്തിലെ രണ്ടാമനായ പുത്രനായ ദൈവം ആകുവാനാണ് സാധ്യത. ഈ ദൂതന്‍ ദൈവത്തിന്റെ അധികാരത്തോടെ സംസാരിക്കുന്നതും വാഗ്ദത്തങ്ങള്‍ നല്‍കുന്നതും അതിനു തെളിവാണ്.

 

ഉല്‍പ്പത്തി 16: 10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു (ഹാഗാര്‍): ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

 

ഈ ദൂതന്‍ ദൈവത്തിന്റെ പ്രത്യക്ഷതയായിരുന്നു എന്നാണ് ഹാഗാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

 

ഉല്‍പ്പത്തി 16: 13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.

 

യോഹന്നാന്റെ സുവിശേഷം 1: 1 ല്‍ പറയുന്ന “വചനം” എന്ന വാക്കിന്റെ ഗ്രീക്ക് പദം ലോഗോസ് എന്നാണ് (G3056 - logos - log'-os). ഈ ലോഗോസ് ത്തന്നെയാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന “യഹോവയുടെ ദൂതന്‍” എന്നാണ് നവീകരണ ദൈവ ശാസ്ത്ര പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത് (Reformed theologians). ഇത് ദൈവീക ത്രിത്വത്തിലെ രണ്ടാമനായ യേശുക്രിസ്തുവിനെക്കുറിച്ചാണ്.

പരിശുദ്ധാത്മായ ദൈവം

പഴയനിയമത്തിലെ അനേകം വാക്യങ്ങളില്‍, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരെ വേര്‍തിരിച്ച് പരാമര്‍ശിക്കുന്നുണ്ട്. പഴയനിയമത്തില്‍ പരിശുദ്ധാത്മാവ്, സൃഷ്ടിയുടെയും, പരിപാലനത്തിന്റെയും, ശക്തിയുടെയും, വെളിപ്പാടിന്റെയും, വീണ്ടെടുപ്പിനെ സാദ്ധ്യമാക്കുന്നതുമായ ഹേതുവാണ്. പിതാവായ ദൈവവും പരിശുദ്ധാത്മാവും രണ്ടു ആളത്വങ്ങളാണ് എന്നാണ് ഈ വാക്യങ്ങളില്‍ കാണുന്നത്.

  

ഉല്‍പ്പത്തി 1: 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.

 

പുറപ്പാടു 35: 30, 33

30  എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർചൊല്ലി വിളിച്ചിരിക്കുന്നു.

33  അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.

 

2 ശമുവേല്‍ 23: 2 യഹോവയുടെ ആത്മാവു എന്നിൽ (ദാവീദ്) സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.

 

പ്രവാചകന്‍മാരോ, പഴയനിയമ യഹൂദ പണ്ഡിതന്മാരോ ദൈവീകത്വത്തിലെ ത്രിത്വത്തെ പൂര്‍ണ്ണമായി ഗ്രഹിച്ചിരുന്നു എന്ന് പറയുവാന്‍ കഴിയുകയില്ല. അതിനാല്‍ ഈ വേദഭാഗങ്ങളെ പുതിയനിയമത്തിലെ വെളിപ്പാടുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ത്രിത്വം പുതിയനിയമത്തില്‍

പുതിയനിയമത്തില്‍ ത്രിത്വത്തിന്റെ മര്‍മ്മം കൂടുതല്‍ വെളിവാകുന്നു. യേശുക്രിസ്തുവിന്റെ സ്നാന സമയത്ത് ത്രിയേക ദൈവത്തിലെ മൂന്ന് ദൈവീകത്വങ്ങളും അവിടെ വെളിപ്പെട്ടു. പിതാവായ ദൈവം പുത്രനോട് സംസാരിക്കുകയും പരിശുദ്ധാത്മാവ് അവന്റെമേല്‍ ഇറങ്ങിവന്നു വസിക്കുകയും ചെയ്തു. 

 

പുതിയനിയമത്തില്‍ മറ്റ് അനേകം സ്ഥലങ്ങളില്‍ ദൈവീകത്വത്തിലെ ത്രിത്വം വേര്‍തിരിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ചില വാക്യങ്ങള്‍ താഴെക്കൊടുക്കുന്നു:

 

മത്തായി 28: 19, 20

19   ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും

20  ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

 

1 കൊരിന്ത്യര്‍ 12: 3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

 

2 കൊരിന്ത്യര്‍ 13: 14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

 

സുവിശേഷങ്ങളില്‍ പുത്രന്‍ പിതാവിനോട് പ്രാര്‍ത്ഥിക്കുന്നതായി പല സന്ദര്‍ഭത്തിലും കാണുന്നുണ്ട്. അതിനര്‍ത്ഥം പിതാവും പുത്രനും വേര്‍തിരിക്കുവാന്‍ കഴിയുന്ന രണ്ട് വ്യക്തിത്വങ്ങളോ സത്വങ്ങളോ ആണ് എന്നാണ്. പ്രാര്‍ത്ഥന എപ്പോഴും ആശയവിനിമയം ആയിരുന്നു. പുത്രന്‍, പിതാവിന്റെ പദ്ധതികളെ നിരന്തരം കേട്ട്, അത് പ്രവര്‍ത്തിച്ചു.

നിഖ്യാ വിശ്വാസ പ്രമാണം

നിഖ്യാ വിശ്വാസപ്രമാണത്തില്‍, പിതാവില്‍നിന്നു ജനിപ്പിക്കപ്പെട്ടവന്‍”, “ഉണ്ടാക്കപ്പെട്ടവനല്ല എന്നു പുത്രനെക്കുറിച്ചും, പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനുംഎന്നു പരിശുദ്ധാത്മാവിനെക്കുറിച്ചും പറയുന്നത് അവരുടെ ആളത്വങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നു. ഇത് അവരുടെ പ്രവര്‍ത്തനപരമായ ശ്രേണിയെ സൂചിപ്പിക്കുന്നു. അങ്ങനെ പിതാവായ ദൈവത്തെ ദൈവീകത്വത്തിലെ ഒന്നാമനായും പുത്രനെ രണ്ടാമനായും പരിശുദ്ധാത്മാവിനെ മൂന്നാമനായും പറയുന്നു. എന്നാല്‍ ഇതിന്, ഒരാള്‍ മറ്റൊരാളുടെ കീഴില്‍ ആണ് എന്നോ, കുറഞ്ഞ സ്ഥാനത്താണ് എന്നോ അര്‍ത്ഥമില്ല. ഈ ശ്രേണി അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. രക്ഷ നമ്മളിലേക്ക് പിതാവായ ദൈവത്തില്‍ നിന്നും, പുത്രനിലൂടെ, പരിശുദ്ധാത്മാവിനാല്‍ ലഭിക്കുന്നു. നമ്മള്‍ പരിശുദ്ധാത്മാവിനാല്‍, പുത്രനിലൂടെ, പിതാവായ ദൈവത്തിന്നു മഹത്വം കരേറ്റുന്നു. മൂന്നു ആളത്വങ്ങളും, സത്വത്തിലും, സത്തയിലും നിത്യവും തുല്യവും ആണ്. എന്നാല്‍ അസ്തിത്വത്തില്‍ ഭിന്നമായി നില്‍ക്കുന്നു.        

ദൈവീക ആളത്വങ്ങള്‍ (Hypostasis)

ദൈവീക സാരാംശം എന്നത് ദൈവീകത്വമാണ്. ദൈവത്തില്‍ ദൈവീകത്വമല്ലാതെ മറ്റൊന്നും ഇല്ല. ത്രിത്വം ഒരു വ്യക്തിയെ മൂന്നു രീതിയില്‍ കാണുന്നതല്ല, അത് ഒരു വ്യക്തിയുടെ മൂന്ന് ഭാവങ്ങള്‍ അല്ല. ത്രിത്വത്തിലെ മൂന്നു ആളത്വങ്ങള്‍ക്കും വേറിട്ട ബോധാവസ്ഥ (consciousnes) ഉണ്ട്. അവര്‍ക്ക് വേറിട്ട വൈകാരിക, ബൌദ്ധിക തലങ്ങളും ഇശ്ചാശക്തിയും ഉണ്ട്. എന്നാല്‍ മൂന്ന് ആളത്വങ്ങളും സ്വമനസ്സാലെ ഒരേ ശ്രേണിയില്‍ കീഴ്പ്പെട്ടിരിക്കുന്നു. കാലാനുഗതമായ വെളിപ്പാടില്‍ (progressive revelation) ആദ്യം പിതാവായ ദൈവവും, പിന്നെ പുത്രനും പരിശുദ്ധാത്മാവും വെളിപ്പെട്ടുവന്നു.  

 

പിതാവായ ദൈവം പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചതിനാല്‍ അവര്‍ രണ്ടും ഒരു ആളത്വങ്ങള്‍ ആകുവാന്‍ സാധ്യമല്ല. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയതിന് ശേഷം ഭൂമിയിലേക്ക് അയക്കപ്പെട്ട പരിശുദ്ധാത്മാവ്, അവര്‍ രണ്ടില്‍ നിന്നും വേറിട്ട ഒരു ആളത്വമാണ്.

 

പിതാവായ ദൈവം പുത്രനായ ദൈവമായി ഭൂമിയില്‍ അവതരിക്കുക ആയിരുന്നില്ല. പിതാവും പുത്രനുമായവന്‍ പരിശുദ്ധാത്മാവായി ഭൂമിയില്‍ അവതരിക്കുകയായിരുന്നില്ല. പിതാവ് എപ്പോഴും പിതാവായ ദൈവമായിരുന്നു. പുത്രന്‍ എപ്പോഴും പുത്രനായ ദൈവമായിരുന്നു. പരിശുദ്ധാത്മാവ് എപ്പോഴും ആത്മാവായ ദൈവമായിരുന്നു. കാരണം അവര്‍ വേറിട്ട മൂന്നു വ്യക്തിത്വങ്ങള്‍ ആണ്. അവരില്‍ ആരും ഒരിയ്ക്കലും, ഒരു കാലത്തേക്കും ദൈവമല്ലാതെ ഇരുന്നിട്ടില്ല.

അവസാന വാക്കുകള്‍

ത്രിത്വ ഉപദേശം ക്രിസ്തീയ വിശ്വാസത്തിന്റെ മര്‍മ്മ പ്രധാനമായ ഉപദേശമാണ്. ഇത് ക്രിസ്തീയ വിശ്വാസികളെ ഒന്നിപ്പിക്കുകയും അക്രൈസ്തവരില്‍ നിന്നും അവരെ വേര്‍തിരിക്കുകയും ചെയ്യുന്നു. നമ്മള്‍ക്ക് ത്രിത്വ ഉപദേശത്തില്‍ വിശ്വസിക്കുകയും എന്നാല്‍ ക്രിസ്ത്യാനിയല്ലാതെ ജീവിക്കുകയും ചെയ്യാം. എന്നാല്‍ ത്രിത്വ ഉപദേശത്തെ നിരസിച്ചുകൊണ്ടു ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ സാദ്ധ്യമല്ല.

 

ദൈവത്തെക്കുറിച്ച് മനുഷ്യന് ഗ്രഹിക്കുവാന്‍ കഴിയുന്നതിന്റെ പരിധിയാണ് ത്രിയേക ദൈവം എന്ന അറിവ്. ഇതിന് അപ്പുറത്തായി മനുഷ്യന് ദൈവത്തെക്കുറിച്ച് ഗ്രഹിക്കുവാന്‍ സാധ്യമല്ല. ഇതില്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ നമുക്ക് ആഗ്രഹം ഉണ്ട് എങ്കിലും നമ്മളുടെ പരിമിതമായ ബുദ്ധിശക്തിയ്ക്ക് അത് ആരായുവാന്‍ പോലും കഴിവില്ല. നമുക്ക് ഇഷ്ടമുള്ളതുപോലെ ദൈവത്തെ രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിയുകയില്ല. ത്രിത്വം എന്ന കാഴ്ചപ്പാട് ദൈവത്തെക്കുറിച്ചുള്ള നമ്മളുടെ അറിവിന്റെ പരിധിയാണ്. ദൈവം, ത്രിത്വം എന്ന കാഴ്ചപ്പാടിനെക്കാള്‍ വലിയവനാണ്. എന്നാല്‍ അവന്‍ അതിനെക്കാള്‍ ചെറിയവന്‍ അല്ല.

 

മനുഷ്യരുടെ ഭാഷയില്‍, നമ്മള്‍ക്ക് പൂര്‍ണ്ണമായും ഗ്രഹിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ദൈവത്തെ വിശദീകരിക്കുവാന്‍ കഴിയുമെങ്കില്‍, അവന്‍ ദൈവമല്ലാതായിത്തീരും. “ഒരു സാരാംശം, മൂന്ന് ആളത്വങ്ങള്‍” എന്ന നിര്‍വചനത്തെക്കാള്‍ ദൈവം വലിയവന്‍ ആണ് (one in essence, three in Person). ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ടവും ജ്ഞാനവുമുള്ള മനുഷ്യര്‍ പോലും ദൈവീകത്വം എന്ന ആത്മീയ മര്‍മ്മത്തിനുമുന്നില്‍ നമ്രശിരസ്കരായി നിന്നിട്ടേയുള്ളൂ. 




 

No comments:

Post a Comment