സകലജഡത്തിന്മേലും പകരപ്പെടുന്ന ആത്മാവ്

 വീണ്ടും ജനനവും പരിശുദ്ധാത്മ സ്നാനവും

വീണ്ടും ജനനവും പരിശുദ്ധാത്മ സ്നാനവും രണ്ടു വ്യത്യസ്തങ്ങളായ ആത്മീയ അനുഭവങ്ങള്‍ ആണ്. വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ നമ്മള്‍ ആത്മ രക്ഷ പ്രാപിക്കുന്നു. വീണ്ടും ജനനം എന്നത് നമ്മളെ പുതിയ ഒരു സൃഷ്ടിയാക്കിമാറ്റുന്ന, ഒരു സമ്പൂര്‍ണ്ണ മാറ്റത്തിന്റെ ആത്മീയ പ്രക്രിയ ആണ്. പഴയ വ്യക്തിയില്‍ നിന്നും ആത്മീയമായി വിഭിന്നന്‍ ആയ ഒരു പുതിയ വ്യക്തി നമ്മളില്‍ തന്നെ സൃഷ്ടിക്കപ്പെടുകയാണ്. അതുകൊണ്ടാണ് അതിനെ വീണ്ടും ജനനം എന്നു വിളിക്കുന്നത്.

1 കൊരിന്ത്യര്‍ 12: 3 ല്‍ അപ്പൊസ്തലനായ പൌലൊസ് പറയുന്നതു ഇങ്ങനെയാണ്: “ ... പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” അതായത് യേശുവിനെ രക്ഷിതാവായി സ്വീകരിക്കുക എന്നത് പരിശുദ്ധാത്മാവിനാല്‍ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇതാണ് നമ്മളെ രക്ഷയിലേക്ക് എത്തിക്കുന്നത്. അതിനാല്‍ രക്ഷിക്കപ്പെടുന്ന എല്ലാവരിലും ഒരു അളവില്‍ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഉണ്ട്.

എന്നാല്‍, പരിശുദ്ധാത്മ സ്നാനം വ്യത്യസ്തമായ ഒരു അനുഭവം ആണ്. ഇത് യേശുക്രിസ്തുവില്‍ വിശ്വസിച്ച്, ദൈവ കൃപയാല്‍ രക്ഷപ്രാപിച്ചവരുടെ മേല്‍ പരിശുദ്ധാത്മാവ് ശക്തിയോടെ പകരപ്പെടുന്ന ആത്മീയ അനുഭവം ആണ്. അത് പെന്തെക്കോസ്ത് ദിവസം, യെരൂശലേമിലെ ഒരു മാളിക മുറിയില്‍ ഒരുമിച്ച് കൂടിയിരുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 120 പേരുടെമേല്‍ വന്ന ആത്മാവിന്റെ പകര്‍ച്ചയാണ്. ഈ അനുഭവം പെന്തെക്കോസ്ത് ദിവസം കൊണ്ട് അവസാനിച്ചില്ല. അത് യേശുവില്‍ വിശ്വസിച്ച എല്ലാവരുടെമേലു വീണ്ടും ഉണ്ടായിട്ടുണ്ട്. ആത്മാവിന്റെ ഈ പകര്‍ച്ച, അതേ അളവിലും ശക്തിയിലും ഇന്നും വിശ്വസിക്കുന്നവരുടെമേല്‍ സംഭവിക്കുന്നു.

 

പരിശുദ്ധാത്മ സ്നാനം എന്താണ് എന്നല്ല നമ്മളുടെ ഈ പഠനത്തിന്റെ വിഷയം. ഇവിടെ നമ്മള്‍ ആത്മ പകര്‍ച്ചയുടെ മൂന്ന് സവിശേഷതകളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ നമ്മള്‍ ചിന്തിക്കുന്ന വിഷയങ്ങള്‍ ഇതെല്ലാം ആണ്:  

 

1.        ആദ്യകാല സഭയില്‍ പരിശുദ്ധാത്മാവിന്റെ സ്നാനം പ്രാപിച്ചവരും പ്രാപിക്കാത്തവരും എന്നിങ്ങളെ രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നുവോ?

2.      പരിശുദ്ധാത്മ സ്നാനവും ശക്തിയും രണ്ടു സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി പ്രാപിക്കേണ്ടതാണോ?

3.      ഒരു വിശ്വാസിയുടെ ജീവിതത്തില്‍, ആത്മ സ്നാനം ആവര്‍ത്തിച്ച് സംഭവിക്കുമോ?

 പെന്തെക്കോസ്ത് ദിവസം

ക്രൈസ്തവ സഭാ ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമായിരുന്നു, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത്തിന് ശേഷം വന്ന ആദ്യത്തെ പെന്തെക്കോസ്ത് ദിവസം. അന്ന്, യേശുവിന്റെ ശിഷ്യന്മാരും യേശുവിന്റെ അമ്മ മറിയയും അവന്റെ സഹോദരന്മാരും, മറ്റ് ചിലരും കൂടി, ആകെ 120 പേര്‍, യെരൂശലേമിലെ ഒരു വീടിന്റെ രണ്ടാമത്തെ നിലയിലുള്ള ഒരു മുറിയില്‍ ഒരു മിച്ചു കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ്, വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനും ശക്തിയ്ക്കും വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുക ആയിരുന്നു.

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 2 - 4

   പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

   അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.

   എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.

 

അന്ന്, പെന്തെക്കോസ്ത് പെരുന്നാളിന്റെ ദിവസം ആയിരുന്നതിനാല്‍, റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ചിതറി താമസിച്ചിരുന്ന എല്ലാ യഹൂദ പുരുഷന്മാരും, യെഹൂദമതാനുസാരികളും യെരൂശലേമില്‍ ഒത്തുകൂടിയിരുന്നു. അവര്‍ താമസിച്ചിരുന്ന പ്രവിശ്യകളിലെ ഭാഷകള്‍ ആയിരുന്നു അവര്‍ സംസാരിച്ചിരുന്നത്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ ശിഷ്യന്മാരും കൂടെയുള്ളവരും, ദൂരെ നിന്നും വന്ന യഹൂദന്മാരുടെ പ്രാദേശിക ഭാഷകളില്‍ സംസാരിച്ചു. ഇത് കേട്ട്, “എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു” (അപ്പോസ്തല പ്രവൃത്തികള്‍ 2: 12).

എന്നാല്‍ ചിലര്‍ അപ്പോസ്തലന്മാരെ പരിഹസിച്ചു. “ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു” എന്ന് അവര്‍ പറഞ്ഞു. (2:13). അപ്പോള്‍ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു:”

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 16, 17, 18

16   ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:

17   അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.

18   എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

നമ്മള്‍ക്ക് അറിയാവുന്നതുപോലെ പത്രൊസ് ഇവിടെ യോവേല്‍ പ്രവാചകന്റെ പ്രശസ്തമായ ഒരു പ്രവചനം ഉദ്ധരിക്കുകയായിരുന്നു. ഈ പ്രവചനം പരിശുദ്ധാത്മ സ്നാനത്തെക്കുറിച്ച് ഉള്ളതായിരുന്നു. യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരുടെമേലും, അവരുടെ പ്രായമോ, വര്‍ഗ്ഗമോ, സാമൂഹിക സ്ഥാനമോ പരിഗണിക്കാതെ, ആത്മാവിന്റെ പകര്‍ച്ച ഉണ്ടാകുന്ന ഒരു ദിവസത്തെക്കുറിച്ചാണ് യോവേല്‍ പ്രവചിച്ചത്.

 

ഈ പ്രവചനം പുതിയനിയമ സഭയിലെ എല്ലാ വിശ്വാസികള്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ സകല ജഡത്തിന്മേലും പരിശുദ്ധാത്മാവിനെ പകരുന്ന അനുഭവത്തെക്കുറിച്ച് ആദ്യമായി പ്രവചിച്ചത് യോവേല്‍ ആയിരുന്നില്ല, അത് മോശെ ആയിരുന്നു. ഇത് നമുക്ക് സംഖ്യാപുസ്തകം 11 ആം അദ്ധ്യായത്തില്‍ വായിക്കാം.

മോശെയുടെ പ്രവചനം

യിസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചകനായിട്ടാണ് യഹൂദന്മാര്‍ മോശെയെക്കാണുന്നത്. നമ്മളുടെ കര്‍ത്താവ് കഴിഞ്ഞാല്‍, മോശെയാണ് ഏറ്റവും വലിയ പ്രവാചകന്‍ എന്ന് നമുക്കും പറയുവാന്‍ കഴിയും. മോശെ വരുവാനുള്ള കാലങ്ങളെക്കുറിച്ചും യേശുക്രിസ്തു എന്ന മശീഹയേക്കുറിച്ചും പ്രവചിച്ചിട്ടുണ്ട്. സകല ജഡത്തിന്മേലുമുള്ള ആത്മ പകര്‍ച്ചയുടെ അനുഭവത്തെയും മോശെ മുന്‍കൂട്ടി കണ്ടിരുന്നു.

 

സംഖ്യാപുസ്തകം 11 ആം അദ്ധ്യായം പൊതുവേ അറിയപ്പെടുന്നത് യിസ്രായേല്‍ ജനത്തിന്റെ മരുഭൂപ്രയാണ യാത്രയിലെ ഒരു സംഭത്തെ ചുറ്റിപ്പറ്റിയാണ്. യിസ്രായേല്‍ ജനവും അവരുടെ ഇടയില്‍ ഉണ്ടായിരുന്ന സമ്മിശ്ര ജാതിയും ദുരാഗ്രഹികളായി, ഇറച്ചി ആഹാരമായി ലഭിക്കേണ്ടതിനായി കരഞ്ഞു. (സംഖ്യാപുസ്തകം 11: 4). അപ്പോള്‍ അവര്‍ക്ക് ദൈവം ആകാശത്തുനിന്നും വര്‍ഷിപ്പിക്കുന്ന മന്നാ അല്ലാതെ യാതൊന്നും ആഹാരമായി ലഭിച്ചിരുന്നില്ല. എന്നാല്‍ ദൈവത്തിനും മോശെയ്ക്കും യിസ്രായേല്‍ ജനത്തിന്റെ പരാതി അനിഷ്ടമായി.

അതിനാല്‍ മോശെ ദൈവത്തോട് പറഞ്ഞു:

 

സംഖ്യാപുസ്തകം 11: 14, 15

14   ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.

15   ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.

 

അതുകൊണ്ടു ദൈവം മോശെയോടു അരുളിച്ചെയ്തു:

 

സംഖ്യാപുസ്തകം 11: 16, 17

16   അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.

17   അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.

 

അങ്ങനെ മോശെ ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.

 

സംഖ്യാപുസ്തകം 11: 25 എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.

എന്നാല്‍ മോശെ തിരഞ്ഞെടുത്ത 70 മൂപ്പന്മാരില്‍ രണ്ടു പേര്‍ സമാഗമന കൂടാരത്തിന്റെ സമീപത്തേക്ക് വന്നില്ല. അവര്‍ എൽദാദ്, മേദാദ് എന്നിവര്‍ ആയിരുന്നു. എന്തുകൊണ്ടാണ് അവര്‍ വരാഞ്ഞത് എന്ന് നമുക്ക് അറിഞ്ഞുകൂടാ. തീര്‍ച്ചയായും അത് ധിക്കാരമോ അനുസരണക്കേടോ ആയിരുന്നില്ല. കാരണം അവര്‍ പാളയത്തില്‍ ആയിരുന്നു എങ്കിലും, പരിശുദ്ധാത്മാവ്, അവരുടെ മേലും ആവസിച്ചു. അവർ പാളയത്തിൽവെച്ചു പ്രവചിച്ചു (11: 26).

ഇവര്‍ പ്രവചിച്ചത്, ഒരു മല്‍സരമായി ചിലര്‍ കരുതി. മോശെയുടെ വിശ്വസ്തനായിരുന്ന യോശുവ “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.” ഇതിന് മോശെ നല്‍കുന്ന മറുപടി, ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്ന ഒരു മഹാ സംഭവത്തിനെക്കുറിച്ചുള്ള ഒരു പ്രവചനം ആയിരുന്നു.

 

സംഖ്യാപുസ്തകം 11: 29 മോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.

മോശെയുടെ ആത്മാവില്‍ കുറെ 70 മൂപ്പന്മാരിലേക്ക് പകരപ്പെട്ടപ്പോള്‍, മോശെയുടെ അഭിഷേകത്തിന് കുറവുണ്ടായില്ല. ആത്മാവിനെ പ്രാപിച്ചവര്‍ ആരും മോശെയ്ക്ക് പകരക്കാര്‍ ആയില്ല. ആരും മോശെയോട് മല്‍സരിച്ചില്ല. അവര്‍ മോശെയുടെ ആത്മീയ അധികാരത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു. 

 

സംഖ്യാപുസ്തകം 11: 25 ... ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു ...

 

പുതിയനിയമത്തില്‍, അന്യഭാഷ, പരിശുദ്ധാത്മ പകര്‍ച്ചയുടെ അടയാളമായതുപോലെ, പഴയനിയമത്തില്‍ പ്രവചനം പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയുടെ അടയാളം ആയിരുന്നു. ഇത് നമുക്ക് പഴയനിയമത്തില്‍ മറ്റൊരു സംഭവത്തിലും കാണാം.

ശൌലും പ്രവാചകന്മാരും

ശൌലിനെ യിസ്രയേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നതിന്റെ ചരിത്രമാണ് 1 ശമുവേല്‍ 10 ആം അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നത്. ശമുവേല്‍ പ്രവാചകന്‍ തൈലപാത്രത്തിലെ അഭിഷേക തൈലം ശൌലിന്‍റെ മേല്‍ ഒഴിച്ച് അവനെ രാജാവായി അഭിഷേകം ചെയ്തതിന് ശേഷം, അവനെ വീട്ടിലേക്ക് തിരികെ അയച്ചു. പോകുന്ന വഴിക്കു അവന്‍ കണ്ടുമുട്ടുവാനിടയുള്ള സംഭവങ്ങളെ ഒരു അടയാളമായി പ്രവാചകന്‍ അവനെ അറിയിച്ചു. ഓരോരുത്തരേയും കാണുമ്പോള്‍ എന്തു ചെയ്യേണം എന്നും ശമുവേല്‍ ശൌലിനോടു പറഞ്ഞു.

 

ശമുവേല്‍ പറഞ്ഞ അടയാളങ്ങളില്‍ പ്രധാനപ്പെട്ടത് ഇതായിരുന്നു. ശൌല്‍ ദൈവഗിരി എന്നു അറിയപ്പെടുന്ന ദൈവത്തിന്റെ പര്‍വ്വതമുള്ള സ്ഥലത്ത് എത്തുമ്പോള്‍, “മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.” (1 ശമുവേല്‍ 10:5).

 

1 ശമുവേല്‍ 10: യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.

 

10 വാക്യത്തില്‍ പ്രവാചകന്റെ വാക്കുകള്‍ പോലെ സംഭവിക്കുന്നത് നമ്മള്‍ കാണുന്നു. ശൌല്‍ ദൈവഗിരിയില്‍ എത്തിയപ്പോള്‍ ഒരു പ്രവാചക ഗണം അവനെതിരെ വന്നു. അപ്പോള്‍ ദൈവത്തിന്റെ ആത്മാവ് ശൌലിന്റെമേല്‍ ശക്തിയോടെ വന്നു. അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു. ഇത് കണ്ടവര്‍ “ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.” (10:11) അങ്ങനെ ശമുവേല്‍ പ്രവാചകന്‍ പറഞ്ഞതുപോലെ ശൌല്‍ “ആൾ മാറിയതുപോലെ ആയ്തീരുകയും” ചെയ്തു (10:6).

പഴയനിയമ കാലത്ത് പ്രവചനം പരിശുദ്ധാത്മ സ്നാനത്തിന്റെ ഒരു പ്രത്യക്ഷ അടയാളമായിരുന്നു എന്നതിന്റെ ഒരു ചരിത്ര തെളിവാണ് ഈ സംഭവം. എന്നാല്‍, ഇതിന് ശേഷം ശൌല്‍ വീണ്ടും പ്രവചിച്ചിട്ടില്ല.

യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” എന്നു മോശെ ആഗ്രഹിച്ചു. (സംഖ്യാപുസ്തകം 11: 29) യഹോവയുടെ ജനമായ എല്ലാവരുടെമേലും പരിശുദ്ധാത്മാവ് പകരപ്പെടേണം എന്നാണ് മോശെ ആഗ്രഹിച്ചത്. ഇതൊരു ആഗ്രഹം മാത്രമായിരുന്നില്ല, ഒരു പ്രവചനം കൂടി ആയിരുന്നു. ഭാവിയില്‍ നിവര്‍ത്തിക്കാനിരിക്കുന്ന ഒരു പ്രവചനം ആയിരുന്നു.

 

യോവേല്‍ പ്രവാചകന്‍

യഹോവയുടെ സകല ജനത്തിന്മേലും പരിശുദ്ധാത്മാവിനെ പകരുന്ന ഒരു ദിവസത്തെക്കുറിച്ച് പ്രവചിച്ച യിസ്രായേലിലെ ഒരു പഴയനിയമ പ്രവാചകന്‍ ആണ് യോവേല്‍. പെന്തക്കോസ്ത് ദിവസം പത്രൊസ് എടുത്തു പറയുന്നതു അദ്ദേഹത്തിന്റെ പ്രവചനമാണ്. യോവേല്‍ പ്രവാചകന്റെ വാക്കുകള്‍ക്ക് അന്ന് നിവര്‍ത്തി ഉണ്ടായിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.

 

യോവേല്‍ 2: 28, 29

28  അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.

29  ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.

യോവേല്‍ പ്രവചിച്ചത് ഇതൊക്കെയാണ്: സകലജഡത്തിന്മേലും പരിശുദ്ധാത്മാവിനെ പകരുന്ന ഒരു ദിവസം വരുന്നു. അന്ന് സ്ത്രീ പുരുഷ വ്യത്യാസമോ, പ്രായമോ, വര്‍ഗ്ഗമോ, സമൂഹത്തിലെ നിലയോ, സാമ്പത്തിക സ്ഥിതിയോ അടിസ്ഥാനമാക്കിയ വേര്‍തിരിവ് ഇല്ലാതെ ദൈവത്തിന്റെ സകല ജനത്തിന്മേലും പരിശുദ്ധാത്മാവിനെ പകരും.

 

അതിന്റെ അര്‍ത്ഥം ദൈവജനത്തില്‍ ആരും ആത്മാവിനെ പ്രാപിക്കാത്തവരായി ഉണ്ടായിരിക്കുകയില്ല. ലഭിച്ചവരും ലഭിക്കാത്തവരും എന്ന രണ്ടു വിഭാഗം ഉണ്ടായിരിക്കുകയില്ല. ഇതാണ് പെന്തെക്കോസ്ത് ദിവസം സംഭവിച്ചത്.

 

സാധാരണയായി, യഹൂദ റബ്ബിമാര്‍, യോവേലിന്റെ ഈ പ്രവചനത്തെ, മശീഹ യുഗത്തില്‍ നിവര്‍ത്തിക്കപ്പെടുന്ന ഒരു സംഭവമായിട്ടാണ് വ്യാഖ്യാനിച്ചിരുന്നത്. എന്നാല്‍ പെന്തെക്കോസ്ത് ദിവസം ആത്മപകര്‍ച്ച ഉണ്ടായപ്പോള്‍, പത്രൊസ് ആ അനുഭവത്തെ യോവേല്‍ പ്രവാചകന്റെ പ്രവചന നിവര്‍ത്തിയാണ് എന്നു വ്യാഖ്യാനിച്ചു.

 

അന്ന് മാളികമുറിയില്‍, അപ്പോസ്തലന്മാര്‍ ഉള്‍പ്പടെ 120 പേര്‍ ഒരുമിച്ച് കൂടിയിരുന്നു. അവരില്‍ എല്ലാവരുടെമേലും, ഒരുപോലെ പരിശുദ്ധാത്മാവ് പകരപ്പെട്ടു. അപ്പോസ്തല പ്രവൃത്തികള്‍ 2 ആം അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെയാണ്:

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 3, 4

   അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.

   എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.

അതായത്, പരിശുദ്ധാത്മാവ് അവരില്‍ ഓരോരുത്തന്റെ മേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി, എല്ലാവരും അന്യഭാഷകളില്‍ സംസാരിച്ചു. അവിടെ പ്രാപിച്ചവരും പ്രാപിക്കാത്തവരും എന്നിങ്ങനെ രണ്ടു വിഭാഗം ഉണ്ടായിരുന്നില്ല.

 

പെന്തെക്കോസ്ത് ദിവസത്തെ ആത്മ പകര്‍ച്ചയ്ക്ക് ശേഷം, ദൈവജനം കൂടിയിരുന്നിടത്തേല്ലാം, അവിടെ അപ്പോള്‍ കൂടിവന്നിരുന്ന എല്ലാവരുടെമേലും ഒരേപോലെ പരിശുദ്ധാത്മാവ് പകരപ്പെട്ടിട്ടുണ്ട്. ആരെയും വേര്‍തിരിച്ച് നിറുത്തിയിട്ടില്ല. ഇപ്പോള്‍ കുറെ പേരും പിന്നീട് മറ്റുള്ളവരും എന്ന സ്ഥിതി ഉണ്ടായിട്ടില്ല. ആത്മാവില്‍ നിറഞ്ഞവരും നിറയാത്തവരും എന്ന രണ്ട് വിഭാഗങ്ങള്‍ അവരുടെ ഇടയില്‍ ഇല്ലായിരുന്നു. എല്ലാവരും ആത്മാവ് നിറഞ്ഞവര്‍ ആയിരുന്നു.

ആത്മ പകര്‍ച്ചയുടെ ഈ സവിശേഷതയെക്കുറിച്ച് പത്രൊസ് പറഞ്ഞതിങ്ങനെയാണ്:

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 38, 39

38  പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

39  വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

 


യേശു അവരുടെമേൽ ഊതി

യഥാര്‍ത്ഥത്തില്‍, പെന്തെക്കോസ്ത് ദിവസത്തിന് മുമ്പ് തന്നെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവ് പകരപ്പെട്ടിരുന്നു. ഇത് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷവും അവന്റെ സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പും ആണ് സംഭവിച്ചത്.

 

യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം, നേരം വൈകിയപ്പോള്‍, ശിഷ്യന്മാര്‍ ഒരു മുറിയില്‍ ഒരുമിച്ച് കൂടി. ഇതും മാളികമുറി തന്നെ ആയിരിക്കുവാനാണ് സാദ്ധ്യത. യെഹൂദന്മാരെ പേടിച്ച് അവര്‍ വാതില്‍ അടച്ചിരുന്നു. എന്നാല്‍ യേശു അവിടെ അവര്‍ക്ക് പ്രത്യക്ഷനായി, അവര്‍ക്ക് സമാധാനം ചൊല്ലി. അവന്‍ ആണിപ്പാടുകള്‍ ഉള്ള കയ്യും കുന്തമുനയാല്‍ മുറിവേറ്റ അവന്റെ വിലാപ്പുറവും അവരെ കാണിച്ചു, അവന്‍ യേശു തന്നെ എന്നു അവരെ ബോധ്യപ്പെടുത്തി (യോഹന്നാന്‍ 20: 19). അതിനു ശേഷം യേശു അവരോട്, “പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.”

ലൂക്കോസിന്റെ സുവിശേഷത്തിലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ യേശു അവരോട് പറഞ്ഞത്:

 

ലൂക്കോസ് 24: 47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

യോഹന്നാന്‍ പറയുന്നു, യേശു ഇങ്ങനെ പറഞ്ഞതിന് ശേഷം അവരുടെ മേല്‍ ഊതി, പരിശുദ്ധാത്മാവിനെ പകര്‍ന്നു.

 

യോഹന്നാന്‍ 20: 22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

എന്നാല്‍ ഈ സംഭവത്തിന് ശേഷവും ശിഷ്യന്മാര്‍ യേശുവിന്റെ സാക്ഷികള്‍ ആയില്ല. അവര്‍ അത്ഭുതങ്ങളും അടയാളങ്ങളുമായി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചില്ല.  അവരുടെ ആശയക്കുഴപ്പവും നിരാശയും വിട്ടുമാറിയില്ല. അതിനാല്‍ ആണ് അവര്‍ വീണ്ടും മീന്‍ പിടിക്കുവാനായി തിബെര്യാസ് കടലില്‍ പോയത്. (യോഹന്നാന്‍ 21). എന്നാല്‍ യേശു അവിടെയും അവരെ തേടി ചെന്നു. ഉയിര്‍ത്തെഴുന്നേറ്റ യേശു അവര്‍ക്ക് മൂന്നാമത്തെ പ്രാവശ്യം അവിടെ പ്രത്യക്ഷനായി (21: 14). 

തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ

യോഹന്നാന്‍ 17 ആം അദ്ധ്യായത്തില്‍ യേശുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥന വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ശിഷ്യന്‍മാര്‍ക്ക് വേണ്ടി യേശു പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്‍ പറഞ്ഞതിങ്ങനെയാണ്:

 

യോഹന്നാന്‍ 17: 12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.”

യേശു തിരഞ്ഞെടുത്തവരെ അവന്‍ സൂക്ഷിക്കുന്നു. കാരണം 9 ആം വാക്യത്തില്‍ യേശു പറയുന്നു:

 

യോഹന്നാന്‍ 17: ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.

ഈ വാക്യം, തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധന്മാരുടെ രക്ഷയുടെ ഭദ്രതയെക്കുറിച്ചാണ് പറയുന്നത്. ദൈവത്തിന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവില്‍  തിരഞ്ഞെടുക്കുകയും നമ്മെ മുന്നിയമിക്കയും ചെയ്തു. (എഫെസ്യര്‍ 1: 4, 6). ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുകയും മുന്നിയമിക്കപ്പെടുകയും ചെയ്തവരെ നശിച്ചുപോകാതെ അവന്‍ കാക്കുന്നു. 

അതുകൊണ്ടാണ് യേശു ശിഷ്യന്മാരെ അന്വേഷിച്ച് തിബെര്യാസ് കടല്‍കരയിലേക്ക് പോയത്. യേശുവിന് അവനോടൊപ്പം ഉണ്ടായിരുന്ന 12 ശിഷ്യന്മാരെ കൂടാതെ മറ്റാരെയും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിനായി ഉപയോഗിക്കുവാന്‍ സാധ്യമല്ലാഞ്ഞിട്ടല്ല. അപ്പൊല്ലോസും പൌലൊസും യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പിതാവായ ദൈവം അവന്  നല്‍കിയവരെ അവന്‍ സൂക്ഷിക്കുന്നു. അവര്‍ നശിച്ചുപോകുവാന്‍ അവന്‍ സമ്മതിക്കുകയില്ല. അവന്‍ അവരെ വീണ്ടും സന്ദര്‍ശിച്ചു കൂട്ടിച്ചേര്‍ക്കും.

ശിഷ്യന്മാരില്‍ യൂദാ ഈസ്കര്യോത്താവ് അല്ലാതെ മറ്റാരും നശിച്ചുപോയിട്ടില്ല. അവന്‍ നശിച്ചുപോയത് “തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു” ആയിരുന്നു എന്നും അവന്‍ നാശയോഗ്യന്‍ ആയിരുന്നു എന്നും യേശു പറയുന്നു. (യോഹന്നാന്‍ 17: 12)

പരിശുദ്ധാത്മാവിനായി കാത്തിരിക്കേണം

മുമ്പ് ശിഷ്യന്മാരുടെമേല്‍ ഊതി ആത്മാവിനെ പകര്‍ന്നുകൊടുത്ത യേശു, അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പ്, ഒലീവ് മലയില്‍ വച്ച് ശിഷ്യന്മാരോട് പറഞ്ഞു:

 

അപ്പോസ്തല പ്രവൃത്തികള്‍ 1: 4, 5

   അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

   യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

എന്തിനാണ് വീണ്ടും പരിശുദ്ധാത്മാവിനെ പ്രപ്പിക്കുന്നത്? മുമ്പ് യേശു “അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.” എന്നാണ് പറഞ്ഞത്. ഇപ്പോള്‍ അവന്‍ പറയുന്നു: നിങ്ങള്‍ക്ക് “ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” (യോഹന്നാന്‍ 20: 22, അപ്പോസ്തല പ്രവൃത്തികള്‍ 1: 5). പരിശുദ്ധാത്മ സ്നാനത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്. അതില്‍ ശക്തിയുണ്ട്.

 

അപ്പോസ്തല പ്രവൃത്തികള്‍ 1: 8

8    എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

9    ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. 

ശിഷ്യന്മാര്‍ യെരൂശലേമിലേക്ക് തിരികെപോയി. അവര്‍ താമസിച്ചിരുന്ന മാളികമുറിയില്‍ കയറി “പിതാവിന്റെ വാഗ്ദത്ത”മായ പരിശുദ്ധാത്മ സ്നാനത്തിനായി കാത്തിരുന്നു. അവരോടൊപ്പം യേശുവില്‍ വിശ്വസിച്ച ചില സഹോദരന്മാരും, യേശുവിന്റെ അമ്മയായ മറിയ ഉള്‍പ്പെടെ ചില സ്ത്രീകളും, ഉണ്ടായിരുന്നു. 120 പേരുള്ള ഈ സംഘം ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചുപോന്നു. (അപ്പോസ്തല പ്രവൃത്തികള്‍ 1: 14).

പെന്തെക്കോസ്ത് ദിവസം അവര്‍ എല്ലാവരും പരിശുദ്ധാത്മ സ്നാനം പ്രാപിച്ചു. ആത്മ സ്നാനത്തോടൊപ്പം അവര്‍ ആത്മാവിന്റെ ശക്തിയും പ്രാപിച്ചു. അതായിരുന്നു യേശു നല്കിയ വാഗ്ദത്തം.

പെന്തെക്കോസ്ത് നാളിലെ ആത്മ സ്നാനത്തിന് ശേഷം, ശക്തി ലഭിക്കുവാനായി അവര്‍ വീണ്ടും മറ്റൊരു അവസരത്തില്‍ കാത്തിരുന്നതായി തിരുവെഴുത്ത് പറയുന്നില്ല. ആത്മപകര്‍ച്ചയും ആത്മശക്തിയുടെ പകര്‍ച്ചയും രണ്ടായിരുന്നില്ല. ആത്മശക്തി യേശുവിന്റെ സാക്ഷികള്‍ ആകുവാനുള്ള ശക്തിയാണ്. അതിനു മറ്റൊരു ഉദ്ദേശ്യമോ, ലക്ഷ്യമോ ഇല്ല.  

ഇതിന് ശേഷം, യേശുവില്‍ വിശ്വസിച്ചവര്‍ അനേകര്‍, മറ്റ് അവസരങ്ങളിലും, സ്ഥലത്തുവച്ചും, പരിശുദ്ധാത്മ സ്നാനം പ്രാപിച്ചു. അവര്‍ ആരും വീണ്ടും ശക്തി ലഭിക്കുവാനായി മറ്റൊരു കാത്തിരിപ്പ് നടത്തിയില്ല. മറ്റൊരു ശക്തിയുടെ പകര്‍ച്ച ഉണ്ടായില്ല. പരിശുദ്ധാത്മ സ്നാനം ആത്മശക്തിയുടെ പകര്‍ച്ചയാണ്.

കൊർന്നേല്യൊസ്

പല അവസരങ്ങളിലും, ഒരു സ്ഥലത്ത് ഒരുമനപ്പെട്ട് കൂടിയിരുന്ന വിശ്വാസികളുടെമേല്‍ പരിശുദ്ധാത്മാവിന്റെ പകര്‍ച്ച ഉണ്ടായതിന്റെ വിവരണം അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

10 ആം അദ്ധ്യായത്തില്‍ കൊര്‍ന്നേല്യോസിന്റെ ഭവനത്തില്‍ സംഭവിച്ച ആത്മപകര്‍ച്ചയുടെ വിവരണമുണ്ട്. കൊര്‍ന്നേല്യോസ് ഒരു റോമന്‍ ശതാധിപന്‍ ആയിരുന്നു. അദ്ദേഹം ഒരു യഹൂദന്‍ ആയിരുന്നില്ല. എങ്കിലും അവന്‍ യഹോവയായ ദൈവത്തെ ഭയപ്പെടുന്നവനും, ഭക്തനും, മറ്റുള്ളവരെ സഹായിക്കുന്നവനും, യഹോവയോട് പ്രാര്‍ത്ഥിക്കുന്നവനും ആയിരുന്നു. അവന് ഒരു ദൈവീക ദര്‍ശനം ലഭിച്ചതനുസരിച്ച് അപ്പൊസ്തലനായ പത്രൊസിനെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സുവിശേഷം കേട്ടു. പത്രൊസ് അവിടെ ചെന്നപ്പോള്‍ “അനേകര്‍ വന്നു കൂടിയിരിക്കുന്നത് കണ്ടു” (10:27). പത്രൊസ് അവരോട് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സുവിശേഷം അറിയിച്ചു.

 

അപ്പോസ്തല പ്രവൃത്തികള്‍ 10: 44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.

യഹൂദന്മാര്‍ അല്ലാത്തവരുടെ മേല്‍ പരിശുദ്ധാത്മ പകര്‍ച്ച ഉണ്ടായത് പത്രൊസിനെപ്പോലും അതിശയിപ്പിച്ചു. അദ്ദേഹത്തോടൊപ്പം വന്നിരുന്ന വിശ്വാസികളായ യഹൂദന്മാരും “പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (10: 46). അതിനു ശേഷം പത്രൊസ് അവരെ വെള്ളത്തില്‍ സ്നാനപ്പെടുത്തുവാന്‍ കല്‍പ്പിച്ചു (10: 48).

10: 44 ആം വാക്യത്തില്‍ പറയുന്നത്,വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” എന്നാണ്. അവിടെ വചനം കേട്ടു വിശ്വസിച്ചവരില്‍ ആത്മസ്നാനം പ്രാപിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല.

ശമര്യയിലെ ആത്മ പകര്‍ച്ച

ശമര്യ പട്ടണത്തില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടായത് ഫിലിപ്പൊസിന്റെ ശുശ്രൂഷയിലൂടെയാണ്. യെരൂശലേമില്‍ സഭയ്ക്ക് എതിരെ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍, ക്രിസ്തീയ വിശ്വാസികള്‍ പല സ്ഥലങ്ങളിലേക്ക് ചിതറിപ്പോയി. അങ്ങനെ ഫിലിപ്പൊസ് ശമര്യ പട്ടണത്തില്‍ എത്തി, അവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് അവിടെ യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അശുദ്ധാത്മാക്കളില്‍ നിന്നും ചിലര്‍ വിടുതല്‍ പ്രാപിച്ചു. പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു. അതിനാല്‍ ശമര്യാക്കാര്‍ ഫിലിപ്പൊസ് പറഞ്ഞത് ഏകമനസ്സോടെ ശ്രദ്ധിച്ചു.

 

അപ്പോസ്തല പ്രവൃത്തികള്‍ 8: 12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

അങ്ങനെ ആ പട്ടണത്തില്‍ വലിയ ആത്മീയ ഉണര്‍വ് ഉണ്ടായി. ഇതിന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍, യെരൂശലേമില്‍ നിന്നും പത്രൊസും യോഹന്നാനും ശമര്യയില്‍ എത്തി. അവര്‍ വന്നു, രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട വിശ്വാസികള്‍ക്ക് പരിശുദ്ധാത്മ സ്നാനം ലഭിക്കേണ്ടതിനായി പ്രാര്‍ത്ഥിച്ചു. ശിഷ്യന്മാര്‍ അവരുടെമേല്‍ കൈവച്ചപ്പോള്‍ അവര്‍ക്ക് പരിശുദ്ധാത്മാവ് ലഭിച്ചു (8: 17).

ഇവിടെയും അപ്പോസ്തലന്മാര്‍ കൈവച്ചപ്പോള്‍ ചിലര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു എന്നല്ല, അവര്‍ എല്ലാവരും ആത്മ സ്നാനം പ്രാപിച്ചു എന്നാണ് പറയുന്നത്.

പൌലൊസ് എഫെസോസില്‍

അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവത്തെക്കുറിച്ചുകൂടി നമുക്ക് ചിന്തിക്കാം. 19 അദ്ധ്യായം അപ്പൊസ്തലനായ പൌലൊസിന്‍റെ എഫെസൊസിലെ ശുശ്രൂഷയുടെ ചരിത്രം പറയുന്നു. അദ്ദേഹം അവിടെ ചെന്നപ്പോള്‍ യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാരില്‍ ചിലരെ കണ്ടുമുട്ടി.

യോഹന്നാന്‍ സ്നാപകന്‍ വരുവാനുള്ള മശീഹയെക്കുറിച്ചാണ് പ്രസംഗിച്ചത്. കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുക എന്നതായിരുന്നു അവന്റെ ശുശ്രൂഷ (മത്തായി 3: 3). “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു യോഹന്നാന്‍ വിളിച്ച് പറഞ്ഞു (മത്തായി 3: 2). തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞു സ്നാനപ്പെടുവാന്‍ അവന്‍ യഹൂദന്മാരെ ഉപദേശിച്ചു.

എഫെസൊസില്‍ പൌലൊസ് കണ്ടുമുട്ടിയ ജനം, യോഹന്നാനില്‍ വിശ്വസിച്ചു, സ്നാനപ്പെട്ട്, മശീഹയുടെ വരവിനായി തങ്ങളെ തന്നെ ഒരുക്കി കാത്തിരിക്കുന്നവര്‍ ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു എന്ന മശീഹ വന്നിരിക്കുന്നു എന്നു അവര്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിരുന്നില്ല.

ഇവരോട് പൌലൊസ് ചോദിക്കുന്നതിങ്ങനെയാണ്:

 

അപ്പോസ്തല പ്രവൃത്തികള്‍ 19: 2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.

 

 അപ്പോഴാണ് അവരുടെ സ്നാനം ഏതായിരുന്നു എന്നു പൌലൊസ് ചോദിക്കുന്നതും അത് യോഹന്നാന്‍ സ്നാപകന്‍ ഉപദേശിച്ച മനസാന്തരത്തിനായുള്ള സ്നാനം ആയിരുന്നു എന്നും പൌലൊസ് മനസ്സിലാക്കുന്നത്.

 

അതിനു ശേഷം പൌലൊസ് അവരോട് യേശു എന്ന മശീഹയേക്കുറിച്ചു പഠിപ്പിച്ചു. അവര്‍ എല്ലാവരും യേശുവില്‍ വിശ്വസിച്ചു, അവന്റെ നാമത്തില്‍ സ്നാനപ്പെട്ടു.

 

അപ്പോസ്തല പ്രവൃത്തികള്‍ 19: 6, 7

   പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

   ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.

 

ഇവര്‍ പന്ത്രണ്ടോളം പുരുഷന്മാര്‍ ഉണ്ടായിരുന്നു എന്ന് ഇവിടെ പറയുന്നു. നിശ്ചയമായും അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ ഒരു ചെറിയ കൂട്ടം ജനം ഉണ്ടായിരുന്നു.

 

അവര്‍ യേശുവില്‍ വിശ്വസിക്കുന്നതിന് മുമ്പ് പൌലൊസ് അവരോടു ചോദിച്ച ചോദ്യം ഒരിക്കല്‍കൂടി നമുക്ക് വായിയ്ക്കാം:

 

അപ്പോസ്തല പ്രവൃത്തികള്‍ 19: 2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ ... “

പൌലൊസിന്റെ ഈ ചോദ്യത്തില്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും പരിശുദ്ധാത്മാവിനെ പ്രാപിക്കേണം എന്നൊരു അര്‍ത്ഥം ഉണ്ട്. 

യേശുവില്‍ വിശ്വസിച്ച്, സ്നാനപ്പെട്ട ഇവര്‍ എല്ലാവരുടെയും മേല്‍ പൌലൊസ് കൈവച്ചപ്പോള്‍ അവര്‍ എല്ലാവരും പരിശുദ്ധാത്മ സ്നാനം പ്രാപിച്ചു. അവര്‍ എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. ആരും ആത്മ സ്നാനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ല.


ആത്മാവു നിറഞ്ഞവരാകുവീന്‍

 

ഒരിക്കല്‍ പരിശുദ്ധാത്മ സ്നാനം പ്രാപിച്ചവരുടെമേല്‍ വീണ്ടും അതേ ശക്തിയോടെയും അടയാളത്തോടെയും ആത്മ പകര്‍ച്ച ഉണ്ടാകുമോ? ഇതാണ് ഇനി നമ്മള്‍ ചിന്തിക്കുന്ന വിഷയം.

 

പെന്തെക്കോസ്ത് നാളില്‍ ആത്മസ്നാനം ലഭിച്ച അപ്പോസ്തലന്മാര്‍, അന്നത്തെപ്പോലെ ആത്മസ്നാനത്തിനായി പിന്നീട് കാത്തിരുന്നതായി തെളിവില്ല. അവര്‍ പ്രാപിച്ച ആത്മശക്തിയാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും, സുവിശേഷം പ്രസംഗിക്കുകയും, ക്രിസ്തുവിന്റെ സാക്ഷികള്‍ ആകുകയും ചെയ്തു. അവര്‍ കാരാഗൃഹത്തിലും മറ്റ് ദുഷ്കരവും സുഖകരവും ആയ സാഹചര്യത്തിലും കര്‍ത്താവിനെ ശക്തിയോടെ ആരാധിച്ചു. എന്നാല്‍ പെന്തെക്കോസ്ത് നാളിലെ അനുഭവം അതേപോലെ ആവര്‍ത്തിക്കപ്പെട്ടില്ല.

 

ഇതിന്റെ അര്‍ത്ഥം, ആത്മ പകര്‍ച്ച ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ഒരു അനുഭവം ആണ് എന്നല്ല. ഒരിക്കല്‍ പകരുന്ന ആത്മശക്തി അപ്പോസ്തലന്‍മാരില്‍ എക്കാലവും അതേപോലെ നിറഞ്ഞു നിന്നിരുന്നു. അവര്‍ എപ്പോഴും ആത്മ നിറവില്‍, പ്രസംഗിച്ചും, പ്രവര്‍ത്തിച്ചും, ആരാധിച്ചും പോന്നു. യോഹന്നാന്‍ 14: 16 ല്‍ പറയുന്നതുപോലെ, പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ എന്നേക്കും നമ്മളോടുകൂടെ ഇരിക്കുന്നു.

 

എന്നാല്‍, അപ്പോസ്തല പ്രവൃത്തികള്‍ 3 ആം അദ്ധ്യായത്തില്‍ ആത്മപകര്‍ച്ചയുടെ ആവര്‍ത്തനം ഉണ്ടാകുന്ന ഒരു സംഭവം വിവരിക്കപ്പെടുന്നുണ്ട്. ഇതിന് പെന്തെക്കോസ്ത് നാളിലെ സംഭവങ്ങളുടെ തനിയാവര്‍ത്തനമല്ല എങ്കിലും അതിനോട് സാമ്യമുണ്ട്.   

 

പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്ക് പോകുന്ന മാര്‍ഗ്ഗമദ്ധ്യേ ഒരു മുടന്തനായ മനുഷ്യനെ യേശുവിന്റെ നാമത്തില്‍ സൌഖ്യമാക്കിയത്തിന്റെ ചരിത്രം 3 ആം അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നു. ഇത് അവിടെ വലിയ കോലാഹലം സൃഷ്ടിച്ചു. അതിനാല്‍ പുരോഹിതനും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരെ പിടിച്ച് തടവിലാക്കി. “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (4:4).

 

പിറ്റെന്നാള്‍ അവരെ വിചാരണ ചെയ്ത് “യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു. അവരെ വിട്ടയച്ചു. (4: 18). അതിനു ശേഷം, അപ്പോസ്തലന്മാര്‍, കൂട്ടുവിശ്വാസികളുടെ അടുക്കല്‍ പോയി. അവര്‍ എല്ലാവരും ഒരുമാനപ്പെട്ടു ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

 

അപ്പോസ്തല പ്രവൃത്തികള്‍ 4: 31 ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

 

ഇത് പെന്തക്കോസ്ത് നാളിന് ശേഷം യേശുവില്‍ വിശ്വസിച്ചു സഭയോട് ചേര്‍ന്ന വിശ്വാസികളുടെമേല്‍ ആദ്യമായി ഉണ്ടായ ആത്മ പകര്‍ച്ചയാണോ അതോ വീണ്ടും ഉണ്ടായ ആത്മ നിറവാണോ എന്നു നമുക്ക് നിശ്ചയമില്ല.

 

പെന്തെക്കോസ്ത് നാളില്‍ അനേകര്‍ യേശുവില്‍ വിശ്വസിച്ചു.

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 41 അവന്റെ (പത്രൊസിന്റെ) വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.

 

വീണ്ടും, അപ്പോസ്തല പ്രവൃത്തികള്‍ 4: 4 ല്‍ പറയുന്നു: “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.”

 

 എന്നാല്‍ ഇവിടെ പറയുന്ന, അയ്യായിരത്തോളം പുരുഷന്മാര്‍, പെന്തെക്കോസ്ത് ദിവസത്തിന് ശേഷം, പുതിയതായി വിശ്വാസത്തിലേക്ക് വന്നവരാണോ എന്നതില്‍ തീര്‍ച്ചയില്ല. അപ്പോസ്തല പ്രവൃത്തികള്‍ 3: 11 ല്‍ പറയുന്നതുപോലെ, മുടന്തന്‍ സൌഖ്യമായത് കണ്ടു വിസ്മയം പൂണ്ടവര്‍ ശലോമോന്റെ മണ്ഡപത്തില്‍ ഒരുമിച്ച് കൂടി. ഇവരില്‍ ചിലരാണ് യേശുവില്‍ വിശ്വസിച്ചു സഭയോടു ചേര്‍ന്നത്. ശലോമോന്റെ മണ്ഡപത്തില്‍ 5000 പേര്‍ക്ക് ഒരുമിച്ച് കൂടുവാന്‍ സാധ്യമല്ല. അതിനാല്‍, പുരുഷന്മാര്‍ മാത്രം അയ്യായിരം എന്നത് മുമ്പ് വിശ്വാസത്തില്‍ വന്നവരും പുതിയതായി വിശ്വാസത്തില്‍ ചേര്‍ന്നവരും കൂടിയാണ്.

 

അതിനാല്‍, തടവില്‍ നിന്നും സ്വതന്ത്രരായി വന്ന അപ്പോസ്തലന്മാര്‍ കണ്ടുമുട്ടിയ വിശ്വാസികളില്‍ മുമ്പ് വിശ്വാസത്തില്‍ വന്നവരും പുതിയതായി വിശ്വാസത്തില്‍ വന്നവരും ഉണ്ടായിരുന്നു. അവരുടെമേലാണ് പരിശുദ്ധാത്മ പകര്‍ച്ച ഉണ്ടായത്.

കൂടാതെ അപ്പോസ്തലന്മാരായ പത്രൊസും യോഹന്നാനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി എന്നും ഇവിടെ പറയുന്നു. അതില്‍ അപ്പോസ്തലന്മാരും ഉള്‍പ്പെടുന്നു.

 

ഇതില്‍ നിന്നും, പരിശുദ്ധാത്മ സ്നാനം, ഒരു അളവില്‍, വ്യത്യസ്തമായ രീതിയില്‍ വീണ്ടും ഒരുവന്റെ മേല്‍ ഉണ്ടാകാം എന്നു നമുക്ക് അനുമാനിക്കാം.

 

ആത്മാവു നിറഞ്ഞവരായിരിപ്പീന്‍

ആത്മശക്തിയുടെ തുടരെയുള്ള നിറവിനെക്കുറിച്ച് പൌലൊസ് പരമര്‍ശിക്കുന്ന ഒരു വേദഭാഗം കൂടി ഇതൊനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.    

 

എഫെസ്യര്‍ 5: 18 - 20

18   വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും

19   സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും 

20  നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

 

ഇവിടെ, 18 ആം വാക്യത്തില്‍ നമ്മള്‍ എപ്പോഴും “ആത്മാവു നിറഞ്ഞവരായി” ജീവിക്കേണം എന്ന് പൌലൊസ് ഉപദേശിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന “നിറയുക” എന്ന വാക്കിന്റെ ഗ്രീക്ക് പദം പ്ലേറോ എന്നാണ് (pleroo - play-ro'-o). ഈ വാക്കിന്റെ അര്‍ത്ഥം, വാക്കോളം നിറയ്ക്കുക, മീന്‍ വലയെ നിറയ്ക്കുക, ശൂന്യമായിടത്ത് നിറയ്ക്കുക, പൂര്‍ണ്ണമാക്കുക, എന്നിങ്ങനെയാണ് (to make replete, fill a net, level up a hollow, complete, fill up, make full etc.).

 

ഇവിടെ പൌലൊസ് പറയുന്നത്, നമ്മളില്‍ കുറവുള്ള ആത്മ പകര്‍ച്ചയെ വക്കോളം നിറയ്ക്കേണം എന്നാണ്. ഇത് വീണ്ടും ഉണ്ടാകുന്ന ആത്മ പകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ആദ്യം പ്രാപിച്ചതിനെക്കാള്‍ കൂടുതല്‍ എന്നല്ല. ഇപ്പോള്‍ നമ്മളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആത്മ പകര്‍ച്ച എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

 

പരിശുദ്ധാത്മ സ്നാനം പ്രാപിച്ച ഒരുവന്റെമേല്‍ വ്യസ്തമായ അളവിലും രീതിയിലും ആത്മ പകര്‍ച്ച വീണ്ടും ഉണ്ടാകാം എന്നുതന്നെയാണ് ഇതെല്ലാം നമ്മളെ ബോധ്യപ്പെടുത്തുന്നത്. അത് ആവര്‍ത്തിക്കുന്ന ആത്മ പകര്‍ച്ചയോ, കുറവുള്ളതിനെ നിറയ്ക്കുന്ന ആത്മപകര്‍ച്ചയോ ആകാം.  

 

സകലജഡത്തിന്മേലും പകരപ്പെടുന്ന ആത്മാവ്

 

ഈ പഠനം ചുരുക്കുവാന്‍ ആഗ്രഹിക്കുന്നു. ആദ്യകാല ക്രൈസ്തവ സഭയില്‍, യേശുവില്‍ വിശ്വസിച്ച എല്ലാവരും പരിശുദ്ധാത്മ സ്നാനം പ്രാപിച്ചിരുന്നു. അവരുടെ ഇടയില്‍ പ്രാപിച്ചവരും പ്രാപിക്കാത്തവരും ഇന്നിങ്ങനെ രണ്ടു കൂട്ടര്‍ ഇല്ലായിരുന്നു. പരിശുദ്ധാത്മാവ് എപ്പൊഴും ശക്തിയോടെ അവരുടെ മേല്‍ വന്നു. ആത്മ ശക്തിയ്ക്കായി രണ്ടാമതൊരു അവസരത്തില്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നില്ല. ആത്മസ്നാനം ഒരുവന്റെമേല്‍, വ്യത്യസ്ഥമായ അളവില്‍ വീണ്ടും സംഭവിക്കാം. അത് ആത്മ സ്നാനത്തിന്റെ ആവര്‍ത്തനമോ, നിറവോ ആകാം. ആത്മസ്നാനം യഹോവയുടെ ജനത്തിന് എല്ലാവര്‍ക്കും, നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ള വാഗ്ദത്തമാണ്. (സംഖ്യാപുസ്തകം 11: 29; അപ്പോസ്തലപ്രവൃത്തികള്‍ 2: 39).    




No comments:

Post a Comment