മശീഹ എന്ന വിശ്വസം ഉടലെടുത്തത് യഹൂദ മതത്തില്‍ ആണ്. അതിനാല്‍ തന്നെ യഹൂദമതം അനുശാസിക്കുന്ന ലക്ഷണങ്ങളും അടയാളങ്ങളും മശീഹയ്ക്കു ഉണ്ട്. ഒരുവന്‍ മശീഹയാണോ എന്നു തീരുമാനിക്കപ്പെടേണ്ടത്, അവന്‍ എത്രത്തോളം മശീഹയെക്കുറിച്ചുള്ള യഹൂദ സങ്കല്‍പ്പത്തോട് ചേര്‍ന്ന് നില്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
മശീഹ എന്നതിന്റെ എബ്രായ വാക്ക് മഷിയാക് എന്നാണ് (Mashiach). ഇതിന്റെ ഗ്രീക്ക് പരിഭാഷ ക്രിസ്റ്റോസ് എന്നും, ഇംഗ്ലീഷില്‍ ക്രൈസ്റ്റ് എന്നും, മലയാളത്തില്‍ മശീഹ എന്നും ക്രിസ്തു എന്നുമാണ് (Khristós – Χριστός; Christ). ഈ വാക്കിന്റെ അര്‍ത്ഥം “അഭിഷിക്തന്‍” എന്നാണ്. യഹൂദന്മാര്‍ മശീഹയെ, “അഭിഷിക്തനായ രാജാവ്” എന്ന അര്‍ത്ഥത്തില്‍, “മെലേക് മഷിയാക്” എന്നും വിളിക്കാറുണ്ട് (Melech Mashiach). അദ്ദേഹത്തിന്റെ ഭരണ കാലത്തെയാണ് മശീഹ യുഗം എന്നു വിളിക്കുന്നത് (Messianic Age). മശീഹയുടെ വാഴ്ചയുടെ കാലത്ത് ഭൂമിയില്‍ സമ്പൂര്‍ണ്ണ സമാധാനവും സമൃദ്ധിയും ഉണ്ടാകും
ക്രിസ്തീയ വിശ്വാസികള്‍ യേശുവിനെ മശീഹയായി കാണുന്നു എങ്കിലും യഹൂദ വേദപണ്ഡിതന്മാര്‍ ഒരിയ്ക്കലും അതിനോടു യോജിക്കുന്നില്ല. യേശുവിന്റെ ജനനം, ജീവിതം, ശുശ്രൂഷകള്‍, പഠിപ്പിക്കലുകള്‍, മരണം എന്നിവയൊന്നും യഹൂദ വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അവരുടെ വാദം.
എന്നാല്‍ ക്രിസ്തീയ വിശ്വാസികള്‍ യേശുവിനെ മശീഹ ആയി കാണുന്നു. മശീഹയെക്കുറിച്ചുള്ള, പഴയനിയമത്തിലെ പ്രവചനങ്ങളും, മശീഹയുടെ ദൌത്യങ്ങളും എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. യേശുക്രിസ്തുവിന്റെ ജനനവും, ജീവിതവും, മരണവും പഴയനിയമ പ്രവചകന്‍ മുന്നറിയിച്ചിട്ടുണ്ട്. യേശു ദാവീദിന്റെ വംശാവലിയില്‍ ജനിച്ച് യഹൂദ രാജാവായി പ്രഖ്യാപിക്കപ്പെട്ട മശീഹയാണ്.
മശീഹയുടെ ദൌത്യമായി പ്രവചിക്കപ്പെട്ട ചില കാര്യങ്ങള്‍ യേശുവിന്റെ ജീവിത കാലത്തില്‍ നിവര്‍ത്തിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവയെല്ലാം, യേശു വീണ്ടും വരുമ്പോള്‍ പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെടും. അവന്‍ വീണ്ടും വരുമ്പോള്‍ മശീഹ യുഗം ആരംഭിക്കും. ഇതെല്ലാമാണ് ക്രിസ്ത്യാനികളുടെ വിശ്വസം.
ദേശീയ
രാക്ഷ്ട്രീയ നേതാവ്
യഹൂദ മത വിശ്വാസമനുസരിച്ച് മശീഹ ഒരു ദേശീയ രാക്ഷ്ട്രീയ
നേതാവായിരിക്കും. അദ്ദേഹം ഒരു രാജാവോ, പുരോഹിതനോ, രണ്ടും
കൂടെയോ ആയിരിയ്ക്കും. മശീഹ നാല് പ്രധാന കര്‍ത്തവ്യങ്ങള്‍ നിവര്‍ത്തിക്കും.
1.
അവന്‍ യിസ്രായേല്‍ ജനത്തെ അവരുടെ എല്ലാ ശത്രുക്കളുടെയും
കൈയില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കും
2. അവന്‍ യെരൂശലേം
ദൈവാലയത്തെ പുനര്‍നിമ്മിക്കും.
3. ഇപ്പോള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയിരിക്കുന്ന യിസ്രായേലിലെ 12
ഗോത്രങ്ങളെയും അവരുടെ വാഗ്ദത്ത ഭൂമിയായ യിസ്രായേല്‍ ദേശത്ത് വീണ്ടും മടക്കിവരുത്തും.
ഇതൊരു പുതിയ “പുറപ്പാട്” ആയിരിയ്ക്കും (Exodus).
4. സമാധാനവും
സമൃദ്ധിയും നിറഞ്ഞ മശീഹ യുഗം സ്ഥാപിക്കും.
ദാവീദിനെപ്പോലെ ഒരു രാജാവ്
ദാവീദ് രാജാവ് യഹൂദന്‍മാര്‍ക്ക്, ദേശീയമായ ഒരു
വികാരമായിരുന്നു. മശീഹ സങ്കല്‍പ്പം ദാവീദുമായി ബന്ധപ്പെട്ടിരുന്നു. ദാവീദ് ആണ്
അവരുടെ മാതൃകാ പുരുഷനും, യോദ്ധവും,
രാജാവും. അവന്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ ആയിരുന്നു. ദൈവീക
പ്രമാണങ്ങള്‍ അനുസരിച്ചു ജീവിച്ച്, ദൈവ ഇഷ്ടം അറിഞ്ഞ് രാജ്യം
ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ദാവീദ്.
യിസ്രയേലില്‍ സമാധാനവും സമൃദ്ധിയും നിറഞ്ഞ കാലമായിരുന്നു
ദാവീദിന്റെ ഭരണകാലം. ഭാവിയില്‍ വരുവാനിരിക്കുന്ന മശീഹ ദാവീദിനെക്കാള്‍ ശ്രേഷ്ഠന്‍
ആയിരിയ്ക്കും. അദ്ദേഹത്തിന്റെ വാഴ്ചയുടെ കാലവും സമാധാനവും സമൃദ്ധിയും നിറഞ്ഞത്
ആയിരിയ്ക്കും. മശീഹ, ന്യായപ്രമാണം മുഴുവന്‍ ശരിയായി മനസ്സിലാക്കിയ
വ്യക്തിയായിരിക്കും. അതിനാല്‍ യാതൊരു വ്യതിചലനവും ഇല്ലാതെ എല്ലാ പ്രമാണങ്ങളെയും
ശരിയായി അദ്ദേഹം പാലിക്കും. ജനങ്ങളെയും പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍
അദ്ദേഹം പ്രാപ്തരാക്കും. അങ്ങനെ ദൈവത്തിന്റെ അനുഗ്രഹം യിസ്രയേലില്‍ ഉണ്ടാകും.
ദാവീദിന്റെ
ഉടമ്പടി
ശമുവേല്‍ പ്രവാചകന്‍ വരെ യിസ്രായേല്‍ ഭരിച്ചിരുന്നത്, ദൈവത്താല്‍
തെരഞ്ഞെടുക്കപ്പെട്ട ന്യായാധിപന്മാര്‍ ആയിരുന്നു. എന്നാല്‍ ശമുവേല്‍ പ്രവാചകന്
ശേഷം, ശൌല്‍ അവരുടെ പ്രഥമ രാജാവായി. അവന് ശേഷം ദാവീദിനെ ദൈവം
രാജാവായി തിരഞ്ഞെടുത്തു. അവന്റെ മരണശേഷം മകനായ ശലോമോന്‍ രാജാവായി. ഇവര്‍ മൂന്നു
പേര്‍ മാത്രമേ യിസ്രായേല്‍ 12 ഗോത്രങ്ങളുടെയും രാജാവായി ഇരുന്നിട്ടുള്ളൂ. ശലോമോന്
ശേഷം സംയുക്ത യിസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. 10 ഗോത്രങ്ങള്‍ വടക്ക്
യിസ്രായേല്‍ എന്ന രാജ്യവും 2 ഗോത്രങ്ങള്‍ തെക്ക് യഹൂദ എന്ന രാജ്യവും ആയി.
യഹൂദ വിശ്വാസമനുസരിച്ച്, മശീഹ, ദാവീദിന്റെ
വംശാവലിയില്‍, ശലോമോന്റെ പിന്തലമുറക്കാരനായി ജനിക്കേണം.
ദാവീദിന് ശേഷം രാജാവാകുവാനായി ദൈവം തിരഞ്ഞെടുത്തവനാണ് ശലോമോന്‍. മശീഹ, “ദാവീദിന്റെ പുത്രനായ മശീഹ” എന്നാണ് അറിയപ്പെടേണ്ടത്.
ദാവീദിന്റെ സിംഹാസനം, ഒരു ദൈവീക ഉടമ്പടി മുഖാന്തിരം
നിത്യമാണ്. ഇത് ദൈവം നാഥാന്‍ പ്രവാചകനിലൂടെ ദാവീദിനെ അറിയിച്ചു. ഇതിനെയാണ്
ദാവീദിന്റെ ഉടമ്പടി എന്നു വിളിക്കുന്നത്.
2 ശമുവേല്‍ 7: 12, 16
12 നിന്റെ ഉദരത്തിൽനിന്നു
പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ
പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി
സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
16 നിന്റെ ഗൃഹവും നിന്റെ രാജത്വവും
എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ
സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
ഈ
ഉടമ്പടി പ്രകാരം,
മശീഹ ദാവീദിന്റെ വംശാവലിയില്‍ ജനിക്കേണം, ക്രിസ്തീയ
ദൈവശാസ്ത്രവും ഇതിനോട് യോജിക്കുന്നു. അപ്പോള്‍ ചോദ്യം ഇതാണ്: യേശുക്രിസ്തു
ദാവീദിന്‍റെ വംശാവലിയിലാണോ ജനിച്ചത്? അതിലേക്കു പോകുന്നതിനു
മുമ്പ് ദാവീദിന്റെ ഉടമ്പടിയെ കൂടുതല്‍ മനസ്സിലാക്കാം.
ഉടമ്പടിയിലെ നിബന്ധനകള്‍
ദാവീദിന്റെ ഉടമ്പടി, ഉപാധിരഹിത, ഏകപക്ഷീയ ഉടമ്പടിയായാണ് പൊതുവേ
കണക്കാക്കപ്പെടുന്നത്. എന്നാല്‍, ദാവീദിന്റെ ഉടമ്പടിയ്ക്കു
നിബന്ധനകള്‍ ഉള്ള ഒരു ഭാഗവും നിബന്ധനകള്‍ ഇല്ലാത്ത ഒരു ഭാഗവും ഉണ്ട്. ദാവീദിന്
അതൊരു നിബന്ധനകള്‍ ഇല്ലാത്ത ഉടമ്പടി ആയിരുന്നു. അത് നിത്യവും ആയിരുന്നു. എന്നാല്‍
ദാവീദിന്റെ പിന്തലമുറയ്ക്ക് അത് നിബന്ധനകളോട് കൂടിയ ഉടമ്പടി ആയിരുന്നു. ഉടമ്പടിയിലെ
ഇത്തരം നിബന്ധനകളെക്കുറിച്ച് ദാവീദിന് അറിയാമായിരുന്നു. അവന്റെ മരണത്തിന് മുമ്പ്
ദാവീദ്, മകനായ ശലോമോനോട്, ഉടമ്പടിയിലെ
നിബന്ധന ഓര്‍മ്മിപ്പിക്കുന്നുണ്ട്:
1
രാജാക്കന്മാര്‍ 2: 3 നീ
എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിന്നും നിന്റെ
മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്നു
തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ
നിനക്കു ഇല്ലാതെ പോകയില്ല
എന്നാല്‍ ദൈവത്തിന്റെ ചട്ടങ്ങളും വിധികളും അനുസരിച്ചു ജീവിക്കുന്നതില്‍ ശലോമോന്‍
പരാജയപ്പെട്ടു. അവന്‍ ജാതീയ സ്ത്രീകളെ ഭാര്യമാരായി എടുത്തു. അവരുടെ സ്വാധീനത്തില്‍
ജാതീയ ദേവന്‍മാര്‍ക്ക് പൂജകളും യാഗങ്ങളും നടത്തി.
നമ്മള്‍ ഇതിനോടകം മനസ്സിലാക്കിയത് പോലെ, ശലോമോന് ശേഷം യിസ്രായേല്‍ രാജ്യം രണ്ടായി
വിഭജിക്കപ്പെട്ടു. വടക്ക് 10 ഗോത്രങ്ങളുള്ള യിസ്രായേല്‍ എന്ന രാജ്യവും തെക്ക്
രണ്ടു ഗോത്രങ്ങള്‍ ഉള്ള യഹൂദ എന്ന രാജ്യവും നിലവില്‍ വന്നു. ശലോമോന്റെ ദാസന്‍
ആയിരുന്ന യൊരോബെയാം യിസ്രയേലിന്റെ രാജാവായി (1 രാജാക്കന്മാര്‍ 12:20). ശലോമോന്റെ
മകനായ രെഹബെയാം യഹൂദ രാജ്യത്തിന്റെ രാജാവായി (1 രാജാക്കന്മാര്‍ 11: 43)
ദാവീദിന്റെ വംശാവലിയിലെ ആരും യിസ്രയേലില്‍ രാജാവായിട്ടില്ല. തെക്കന്‍
രാജ്യമായ യഹൂദയില്‍ ദാവീദിന്റെ പിന്തലമുറക്കാര്‍ രാജാക്കന്മാരായി തുടര്‍ന്നു. എന്നാല്‍
ശലോമോന് ശേഷം ദാവീദിന്റെ പിന്തലമുറക്കാരില്‍ ആരും 12 ഗോത്രങ്ങള്‍ ചേര്‍ന്ന സംയുക്ത
രാജ്യം ഭരിച്ചിട്ടില്ല.
ദാവീദിന്റെ ഉടമ്പടി നിബന്ധനകള്‍ ഇല്ലാതെ നിത്യമാണ്
ദാവീദിന്റെ സന്തതികള്‍ക്ക് ഉടമ്പടിയില്‍ നിബന്ധനകള്‍ ഉണ്ടായിരുന്നു
എങ്കിലും ദാവീദിന് ഉടമ്പടി നിബന്ധനകള്‍ ഇല്ലാതെ നിത്യമാണ്.
1 ദിനവൃത്താന്തം 17: 11 നീ നിന്റെ പിതാക്കന്മാരുടെ
അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെശേഷം നിന്റെ
പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം
സ്ഥിരമാക്കുകയും ചെയ്യും.
യേശുവിന്റെ വംശാവലി
യേശുക്രിസ്തു
ദാവീദിന്റെ സന്തതിയാണ് എന്നു തെളിയിക്കുക അവന്റെ വംശാവലി എഴുതിയ മത്തായിയുടെയും
ലൂക്കോസിന്റെ ലക്ഷ്യം ആയിരുന്നു. രണ്ടു പേരും എഴുതിയ വംശാവലി, യേശുവിന്റെ വളര്‍ത്ത് പിതാവായ യോസേഫില്‍
ആരംഭിക്കുന്നതാണ് എങ്കിലും അവ വ്യത്യസ്തങ്ങള്‍ ആണ്. മത്തായി യോസേഫിന്റെ വംശാവലി
പറയുമ്പോള്‍ ലൂക്കോസ് മറിയയുടെ വംശാവലിയാണ് പറയുന്നത്.
മത്തായിയുടെ സുവിശേഷത്തിലെ വംശാവലി
യേശുവിന്റെ
വംശാവലി മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് 1 ആം അദ്ധ്യായം 1 മുതല്‍ 18 വരെയുള്ള
വാക്യങ്ങളില്‍ ആണ്. ഈ വംശാവലി അബ്രാഹാമില്‍ ആരംഭിച് യോസേഫില്‍ വന്നു ചേരുന്നു.
യോസേഫ് യേശുവിന്റെ വളര്‍ത്ത് പിതാവ് ആയിരുന്നു. ഒരുവന്റെ വംശാവലി തയ്യാറാക്കേണ്ടത്
അവന്റെ പിതാവിലൂടെയാണ് എന്നത് ഒരു യഹൂദ പാരമ്പര്യമായിരുന്നു.
മത്തായി 1: 16 യാക്കോബ് മറിയയുടെ
ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു
ജനിച്ചു.
ഇത്
യോസേഫുമായുള്ള യേശുവിന്റെ നിയപരമായ പിന്തുടര്‍ച്ചാവകാശത്തെ കാണിക്കുന്നു. യോസേഫ്
യേശുവിന്റെ ജൈവശാസ്ത്രപരമായ (biological) പിതാവായിരുന്നില്ല, നിയപരമായി പിതാവായിരുന്നു. അതിനാല്‍ യേശുവിന്റെ കാലത്തെ യഹൂദന്മാര്‍ അവനെ
യോസേഫിന്റെ മകനായി കരുതി.
യോഹന്നാന്‍
6: 42 ഇവൻ യോസേഫിന്റെ പുത്രനായ
യേശു അല്ലയോ? അവന്റെ
അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; ....
ലൂക്കോസിന്റെ സുവിശേഷത്തിലെ വംശാവലി
മത്തായിയില്‍
നിന്നും വിഭിന്നമായ ഒരു വംശാവലിയാണ് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്
നമുക്ക് ലൂക്കോസ് 3: 23 – 38 വരെയുള്ള വാക്യങ്ങളില്‍ വായിയ്ക്കാം. ലൂക്കൊസും
യോസേഫിലാണ് തുടങ്ങുന്നത്.
മറിയയുടെ ഭര്‍ത്താവ് യോസേഫും, മറിയയുടെ പിതാവ് ഹേലിയും യഹൂദ ഗോത്രത്തില്‍ ഉള്ളവര്‍ ആയിരുന്നു.
ഹെലിയ്ക്ക് പുത്രന്മാര്‍ ഇല്ലാതിരുന്നതിനാല്‍ അവന്‍ യോസേഫിനെ പുത്രനായി
സ്വീകരിച്ചു. ഇത് യഹൂദ നിയമ പ്രകാരം സ്വത്തുക്കളുടെ പിന്തുടര്‍ച്ചയ്ക്ക്
ആവശ്യമായിരുന്നു.
ലൂക്കോസ് എഴുതിയ വംശാവലി ആരംഭിക്കുന്നത്,
“അവൻ (യേശു)
യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു” എന്നു പറഞ്ഞുകൊണ്ടാണ്. അതയാത് യഥാര്‍ത്തല്‍ യേശു യോസേഫിന്റെ മകന്‍
ആയിരുന്നില്ല, എന്നാല്‍ നിയമപരമായി അവന്‍ യോസേഫിന്റെ മകന്‍
ആയിരുന്നു. ലൂക്കോസ് തന്റെ വംശാവലി യോസേഫിലൂടെ പുറകോട്ടു കൊണ്ടുപോകുവാനല്ല
ആഗ്രഹിച്ചത്. അവന്‍ അത് മറിയയിലൂടെ അനുധാവനം ചെയ്യുവാനാണ് ശ്രമിക്കുന്നത്.
യോസേഫില്‍ നിന്നും ഹേലിയിലേക്കും തുടര്‍ന്നു ഹേലിയുടെ മുന്‍തലമുറകളിലേക്കും
വംശാവലി പുറകോട്ടു പോകുന്നു.
ലൂക്കോസ്
3: 23, 24
23 യേശുവിന്നു താൻ പ്രവൃത്തി
ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം
വിചാരിച്ചു;
24 യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ
മകൻ, യന്നായി യോസേഫിന്റെ മകൻ,
മത്തായി 1: 16 ല്‍ പറയുന്നതനുസരിച്ച് യോസേഫിന്റെ യഥാര്‍ത്ഥ പിതാവ്
യാക്കോബ് എന്നു പേരുള്ള ഒരു വ്യക്തിയാണ്. യോസേഫ് ഹേലിയുടെ മകനായി
ഗണിക്കപ്പെടുന്നത് അവന്‍ ഹേലിയുടെ മകളായ മറിയയെ വിവാഹം കഴിക്കുന്നതിലൂടെയാണ്.
ഗ്രീക്കില്‍ മരുമകന്‍ എന്നതിനും പുത്രന്‍ എന്നതിനും ഒരു വാക്കേ ഉണ്ടായിരുന്നുള്ളൂ.
അത് പുത്രന്‍ എന്ന വാക്കായിരുന്നു. അതിനാല്‍ മകളുടെ ഭര്‍ത്താവിനെയും മകന്‍ എന്നു
വിളിച്ചിരുന്നു.
ലൂക്കോസ്
എഴുതിയ വംശാവലി പുറകോട്ട്,
നാഥാനിലൂടെ ദാവീദ് രാജാവിലേക്ക് പോകുന്നു. നാഥാന്‍ ദാവീദിന്റെ പ്രിയ ഭാര്യയായ ബത്ത്-ശേബ
യുടെ മൂന്നാമത്തെ പുത്രന്‍ ആണ്. അങ്ങനെ യേശു ദാവീദിന്റെ സന്തതി എന്നു
ഉറപ്പിക്കുന്നു.
മത്തായിയും, ലൂക്കൊസും എഴുതിയ
വംശാവലികള്‍ ദാവീദിന്റെ ഉടമ്പടിയുടെ പിന്തുടര്‍ച്ച അവകാശം യേശുവിനുണ്ട് എന്നു
വ്യക്തമാക്കുന്നു. മത്തായി നിയമപരമായി യേശു ശലോമോനിലൂടെ ദാവീദിന്റെ പിന്‍ഗാമിയാണ്
എന്നു പറയുന്നു. ലൂക്കോസ്, യേശുവിന് ജൈവശാത്രപരമായി നാഥാനിലൂടെയുള്ള
ദാവീദിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു.
യേശുവിന്റെ കന്യകാ ജനനം (Virgin Birth)
മത്തായിയും ലൂക്കൊസും എഴുതിയ യേശുവിന്റെ വംശാവലികള്‍, അവന്റെ കന്യകാ ജനനം എന്ന
സത്യത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. യേശുക്രിസ്തു സത്യ ദൈവത്തിന്റെ
പുത്രനാണ് എന്നും അവന്‍ “പരിശുദ്ധാത്മാവിനാല്‍ കന്യകമറിയയില്‍
നിന്ന് അവതരിച്ചു മനുഷ്യനായിത്തീര്‍ന്നു.” എന്നും ക്രൈസ്തവര്‍
വിശ്വസിക്കുന്നു.
പഴയനിയമ
പ്രവാചകന്മാരുടെ പുസ്തകങ്ങളില്‍ യേശുക്രിസ്തുവിന്റെ കന്യകാ ജനനത്തെക്കുറിച്ച്
പറയുന്നുണ്ട്. ഇങ്ങനെ ജനിക്കുന്നവന്‍ മശീഹ ആയിരിയ്ക്കും എന്നും പ്രവാചകന്മാര്‍ പറഞ്ഞിട്ടുണ്ട്.
യെശയ്യാവ് 7: 14 ഇതിനൊരു ഉദാഹരണം ആണ്.
യെശയ്യാവ് 7: 14 അതുകൊണ്ടു കർത്താവു
തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
യെശയ്യാവ്
ഇവിടെ മശീഹയുടെ ജനനത്തെക്കുറിച്ച് പ്രവചിക്കുകയാണ്. മശീഹയാണ് യിസ്രയേലിന്റെ
വീണ്ടെടുപ്പുകാരന്‍. അവന്‍ കന്യകയില്‍ ജനിക്കും. അവന്റെ പേര്‍ ഇമ്മാനൂവേല്‍
എന്നായിരിക്കും. ഈ പേരിന്റെ അര്‍ത്ഥം “ദൈവം നമ്മോടുകൂടെ” എന്നാണ്.
ഈ
വാക്യത്തെ അപ്പോസ്തലന്മാര്‍ യേശുവിനെക്കുറിച്ചുള്ള പ്രവചനമായാണ് മനസ്സിലാക്കിയത്.
അത് യേശുവിന്റെ ജനനത്തില്‍ നിവര്‍ത്തിക്കപ്പെട്ടു.
മത്തായി 1:
22, 23
22 “കന്യക
ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള
ഇമ്മാനൂവേൽ എന്നു പേർവിളിക്കും”
23 എന്നു കർത്താവു പ്രവാചകൻമുഖാന്തരം
അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
പഴയനിയമ
തിരുവെഴുത്തുകള്‍ യേശു എങ്ങനെ കണ്ടു, അവന്‍ എങ്ങനെ അത് നമുക്ക് വിശദീകരിച്ചു തന്നു എന്നതിന് വളരെ
പ്രാധാന്യമുണ്ട്. പഴയനിയമത്തിലെ വാക്യങ്ങളെ അപ്പോസ്തലന്മാര്‍ എങ്ങനെയാണ്
മനസിലാക്കിയതും നമ്മളോട് വിശദീകരിച്ചു പറഞ്ഞതും എന്നതിനും വളരെ പ്രാധാന്യമുണ്ട്.
യേശുവിന്റെയും അപ്പോസ്തലന്മാരുടെയും വ്യാഖ്യാനങ്ങള്‍ നമുക്ക് സ്വീകാര്യമാണ്.
ബേത്ത്ലേഹെമിൽ ജനിച്ച മശീഹ
അഗസ്റ്റസ് സീസര്‍ ആയിരുന്നു യേശുക്രിസ്തുവിന്റെ ജനന സമയത്തെ റോമന്‍
ചക്രവര്‍ത്തി. എല്ലാ യഹൂദന്മാരും അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണം എന്നൊരു
കല്പ്പന അദ്ദേഹം പുറപ്പെടുവിച്ചു. അതിനാല്‍, ദേശത്ത് പല സ്ഥലങ്ങളിലായി ചിതറി താമസിച്ചിരുന്ന യഹൂദന്മാര്‍ എല്ലാവരും
“താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.” (ലൂക്കോസ് 2: 3). അങ്ങനെ യോസേഫും മറിയയും
ബേത്ലേഹെമിലേക്ക് പോയി. അവര്‍ ഇരുവരും ദാവീദിന്റെ വംശാവലിയില്‍ പെട്ടവര്‍
ആയിരുന്നു. ബേത്ലേഹെം ദാവീദിന്റെ പട്ടണം ആയിരുന്നു.
ഈ യാത്രയില്‍ ആണ് യേശു ബേത്ലേഹെമില്‍ ജനിക്കുന്നത്. അന്നത്തെ ജനങ്ങള്‍
യേശുവിനെ "ദാവീദുപുത്രാ” എന്ന് വിളിച്ചതിന്റെ ഒരു കാരണം ഇതാണ് യോഹന്നാന്‍ 1:
49 ല്‍ നഥനയേല്‍ യേശുവിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു”. യിസ്രയേലിന്റെ രാജാവു എന്നതില്‍ ദാവീദിന്റെ
സന്തതി എന്ന അര്‍ത്ഥം ഉണ്ട്.
യഹൂദന്മാരുടെ വിശ്വാസമനുസരിച്ച്, മശീഹ ബേത്ലേഹെമില്‍ ആണ് ജനിക്കേണ്ടത്. കാരണം അത് ദാവീദിന്റെ ജന്മദേശമാണ്.
ഇതിനെക്കുറിച്ച് മീഖാ പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ് (prophet Micah):
മീഖാ
5: 2 നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ
യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ
എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം
പണ്ടേയുള്ളതും പുരാതനമായതും തന്നേ.
ന്യായപ്രമാണത്തിന്റെ
അനുസരണവും നിവര്‍ത്തിയും
പഴയനിയമ
ന്യായപ്രമാണമനുസരിച്ച്,
യഹോവയുടെ യഥാര്‍ത്ഥ പ്രവാചകന്‍ യിസ്രയേലിന്റെ ദൈവത്തെ മാത്രം ആരാധിക്കുന്നവന്‍
ആയിരിക്കേണം. എഴുതപ്പെട്ടു ലഭിച്ചിരിക്കുന്ന ദൈവ വചനത്തില്‍ നിന്നും വ്യത്യസ്തമായി
ദൈവത്തെക്കുറിച്ച് പഠിപ്പിക്കരുത്. ദൈവ വചനത്തെ യാതൊരു കാരണവശാലും മാറ്റിക്കളയരുത്.
ന്യായപ്രമാണം
നിവര്‍ത്തിക്കപ്പെടുക എന്നൊരു ചിന്ത യഹൂദ പഠിപ്പിക്കലില്‍ ഇല്ല. ന്യായപ്രമാണം
എപ്പോഴും മനുഷ്യര്‍ അനുസരിക്കുവാനുള്ളതാണ്. ന്യായപ്രമാണങ്ങള്‍ മേലില്‍ മനുഷ്യന്‍
അനുസരിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാവണ്ണം അതിനെ ഒരുവന്‍ നിവര്‍ത്തിക്കുക എന്ന
കാഴ്ചപ്പാട് യഹൂദമതത്തില്‍ അന്യമാണ്.
ന്യായപ്രമാണം
അനുസരിച്ചു ജീവിക്കുവാന്‍ യിസ്രയേല്യരെ പ്രബോധിപ്പിക്കുന്നവനായിരിക്കും മശീഹ.
പ്രമാണത്തിന്റെ അനുസരണത്തില്‍ ഉണ്ടായിട്ടുള്ള പിഴവുകളെ അവന്‍ ക്രമീകരിക്കും. അവന്
മോശെയുടെ ന്യായപ്രമാണത്തെക്കുറിച്ച് അഗാധമായ ജ്ഞാനം ഉണ്ടായിരിക്കും. എല്ലാ
പ്രമാണങ്ങളും, പ്രയോഗിക
ജീവിതത്തില്‍ എങ്ങനെ പാലിക്കേണം എന്ന്, മശീഹ കൃത്യമായി
വ്യാഖ്യാനിക്കും. അവന്‍ ദൈവത്താല്‍ പ്രചോദിതനായ ന്യായാധിപനും പ്രവാചകനും
ആയിരിയ്ക്കും. ന്യായപ്രമാണത്തെ ഏതെങ്കിലും വിധത്തില്‍ മാറ്റികളയുന്നവന്‍ വ്യാജ
പ്രവാചകന്‍ ആയിരിയ്ക്കും എന്ന് തിരുവെഴുത്ത് പറയുന്നു:
അതിനാല്‍, ന്യായപ്രമാണത്തില്‍ നിന്നും എന്തെങ്കിലും
വ്യതിചലനം യേശുവിന്റെ പഠിപ്പിക്കലിലോ പ്രവര്‍ത്തനങ്ങളിലോ ഉണ്ടായാല്‍, അദ്ദേഹം മശീഹ ആകുവാന്‍ യോഗ്യനല്ല.
എന്നാല്‍
സുവിശേഷങ്ങളില്‍ യേശുക്രിസ്തു ചില ന്യായപ്രമാണങ്ങളെ തിരുത്തുകയോ, മാറ്റിക്കളയുകയോ ചെയ്യുന്നതായി
രേഖപ്പെടുത്തിയിരിക്കുന്നു എന്നു യഹൂദ മത പണ്ഡിതന്മാര്‍ വാദിക്കുന്നു. അവര്‍ പല
ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ ഒന്നു ഇതാണ്:
യോഹന്നാന്‍
9: 6, 7 വാക്യങ്ങളില്‍ യേശു
ഒരു കുരുടനായ മനുഷ്യനെ സൌഖ്യമാക്കുന്നതിന്റെ ചരിത്രം ഉണ്ട്. അന്ന് ഒരു ശബ്ബത്ത്
ദിവസം ആയിരുന്നു. ആരും സാമാന്യവേലകള്‍ ചെയ്യുവാന്‍ പാടില്ല എന്നു ന്യായപ്രമാണം ഉണ്ടായിരുന്നു.
എന്നാല്‍ യേശു “നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ
പൂശി, നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്നു അവനോടു
പറഞ്ഞു..... അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി
മടങ്ങിവന്നു.” ഇതെല്ലാം പ്രവര്‍ത്തികളായി പരീശന്മാര്‍ കണ്ടു. അതുകൊണ്ടു അവര്‍
പറഞ്ഞു: “ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു
വന്നവനല്ല”. (9: 16).
നിവര്‍ത്തിയും നീക്കുന്നതും
മത്തായി
5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങള്‍ യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ രേഖയാണ്. ഇത്
ദൈവരാജ്യത്തിന്റെ പ്രമാണങ്ങളുടെ പ്രഖ്യാപനമാണ്. ഈ പ്രഭാഷണത്തിലുടനീളം യേശു ന്യായപ്രമാണങ്ങളെ
എടുത്ത് പറയുകയും അതിനു പുതിയ വ്യാഖ്യാനം നല്കുകയും ചെയ്തു. ഈ വ്യാഖ്യാനങ്ങള്‍
എല്ലാം ദൈവരാജ്യത്തിന്റെ മൂല്യങ്ങളാണ് വെളിപ്പെടുത്തിയത്.
മത്തായി 5: 17, 18
17 ഞാൻ ന്യായപ്രമാണത്തെയോ
പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
18 സത്യമായിട്ടു ഞാൻ നിങ്ങളോടു
പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം
ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും
ഒഴിഞ്ഞുപോകയില്ല.
17
ആം വാക്യത്തിലെ “നിവർത്തിപ്പാനത്രെ” എന്ന വാക്കിന്റെയും 18 ആം വാക്യത്തിലെ
“നിവൃത്തിയാകുവോളം” എന്ന വാക്കിന്റെയും അര്‍ത്ഥം, മൂലഭാഷയില്‍ വ്യത്യസ്തങ്ങള്‍ ആണ്. 18 ആം വാക്യത്തില്‍”, “നിവൃത്തിയാകുവോളം “ എന്നതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് “ഗിനൊമായ്”
എന്ന പദമാണ് (ginomai - ghin'-om-ahee). ഈ വാക്കിന്റെ അര്‍ത്ഥം, ആയിത്തീരുക, സംഭവിക്കുക, സംഭവിക്കുവാന്‍ ഇടയാക്കുക, അവസാനിക്കുക, കൂട്ടിച്ചേര്‍ക്കുക, പൂര്‍ത്തീകരിക്കുക, നിവര്‍ത്തിയാക്കുക എന്നിങ്ങനെയാണ്. അതായത്, മോശെയുടെ ന്യായപ്രമാണം
അവസാനിക്കുന്ന, നിവര്‍ത്തിയാകുന്ന, പൂര്‍ണ്ണമാകുന്ന ഒരു ദിവസം ഉണ്ടാകുകതന്നെ ചെയ്യും. അതിന്റെ നിവര്‍ത്തിയ്ക്ക്
ശേഷം മോശെയുടെ ന്യായപ്രമാണങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുയില്ല.
17
ആം വാക്യത്തിലെ “നിവർത്തിപ്പാനത്രെ” എന്ന വാക്ക് അതേ വാക്യത്തിലെ
“നീക്കേണ്ടതിന്നു” എന്ന വാക്കിന് എതിരായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്
“നീക്കുക” എന്നതിന്റെ എതിരായ അര്‍ത്ഥത്തില്‍ ആണ് “നിവര്‍ത്തിക്കുക” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
“നീക്കുക” എന്നത് ഗ്രീക്കില്‍ “കറ്റാലൂഒ” എന്നാണ് (kataluo - kat-al-oo’-o). ഈ ഗ്രീക്കു വാക്കിന്റെ അര്‍ത്ഥം, അഴിക്കുക, വിഘടിപ്പിക്കുക,
പൊളിക്കുക, നശിപ്പിക്കുക,
ദ്രവിപ്പിക്കുക, ഇല്ലാതാകുക,
മറിച്ചിടുക എന്നിങ്ങനെയാണ്. ഒരു കൂടാരം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്
കൊണ്ടുപോകുന്നതിനായി അതിന്‍റെ ഓരോ ഭാഗങ്ങളും അഴിക്കുന്നതിനെക്കുറിച്ച് പറയുവാന്‍ ഈ
വാക്ക് ഉപയോഗിച്ചിരുന്നു.
ഈ അര്‍ത്ഥത്തില്‍
ആണ് യേശു പറഞ്ഞത്, അവന്‍ “നീക്കുവാനല്ല നിവർത്തിപ്പാനത്രെ”
വന്നത്. അതായത് യേശു വന്നത് ന്യായപ്രമാണങ്ങളെ അഴിക്കുവാനോ, നശിപ്പിക്കുവാനോ,
ഇല്ലാതാക്കുവാനോ അല്ല. അതിനെ തെറ്റായി വ്യാഖ്യാനിക്കുക യേശുവിന്റെ ഉദ്ദേശ്യം
അല്ലായിരുന്നു.
17
ആം വാക്യത്തിലെ “നിവർത്തിപ്പാനത്രെ” എന്നത് ഗ്രീക്കില്‍ “പ്ലേറോ” എന്നാണ് (pleroo - play-ro'-o).
ഈ വാക്കിന്റെ അര്‍ത്ഥം,
വക്കോളം നിറയ്ക്കുക, മീന്‍ വലയെ നിറയ്ക്കുക, ശൂന്യമായിടത്ത് നിറയ്ക്കുക, പൂര്‍ണ്ണമാക്കുക, അവസാനിപ്പിക്കുക, കാലഹരണപ്പെടുക, നിവര്‍ത്തിക്കുക, പൂര്‍ണ്ണമായി പ്രസംഗിക്കുക, തികഞ്ഞത്, പൂര്‍ണ്ണമായത് എന്നിങ്ങനെയാണ്
ഇതിന്റെ
അര്‍ത്ഥം, യേശു വന്നത്
ന്യായപ്രമാണങ്ങളെ പൂര്‍ണ്ണമാക്കുവാനും, പൂര്‍ണ്ണമായി
പ്രസംഗിക്കുവാനും, നിറയ്ക്കുവാനും, തിയകഞ്ഞതാക്കുവാനുമാണ്.
ന്യായപ്രമാണത്തിന്റെ വ്യാഖ്യാനത്തില്‍ എന്തെങ്കിലും കുറവുള്ളതു നിറയ്ക്കുവാനുമാണ്
യേശു വന്നത്.
ന്യായപ്രമാണങ്ങള്‍
അനുസരിച്ചു ജീവിക്കുക, അതിനെ ശരിയായി
വ്യാഖ്യാനിക്കുക എന്നിവയായിരുന്നു യേശുവിന്റെ കാലത്തെ റബ്ബിമാരുടെ മുഖ്യ കര്‍ത്തവ്യം.
ഇതിനെ “നിവര്‍ത്തിക്കുക” എന്നു അവര്‍ വിളിച്ചിരുന്നു. മനുഷ്യര്‍ക്ക്
അനുസരിക്കുവാന്‍ അസാധ്യമായ രീതിയില്‍ ന്യായപ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും
പഠിപ്പിക്കുകയും ചെയ്യുന്നതിനെ “നീക്കുക” എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്.
അതായത് യേശു
പറഞ്ഞതിതാണ്: അവന്‍ വന്നത് ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ നീക്കി ഇല്ലാതാക്കുവാനല്ല, അതിനെ ജനങ്ങള്‍ക്ക് അനുസരിക്കുവാന്‍ കഴിയുന്നവണ്ണം ശരിയായി, ദൈവത്തിന്റെ ഹൃദയ പ്രകാരം വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുവാനാണ്.
യേശുവും ശിഷ്യന്മാരും ആദ്യ നൂറ്റാണ്ടിലെ എല്ലാ യഹൂദ ക്രിസ്തീയ വിശ്വാസികളും
ന്യായപ്രമാണമനുസരിച്ചാണ് ജീവിച്ചത് എന്നതും ഒരു ചരിത്ര വസ്തുതയാണ്. എന്നാല്‍ അതില്‍
യേശു നല്കിയ വ്യാഖ്യാനങ്ങള്‍ കൂടി ഉണ്ടായിരുന്നു.
ശബ്ബത്തിനെ
ബഹുമാനിച്ചില്ല
യേശുവിനെക്കുറിച്ചുള്ള
മറ്റൊരു ആരോപണമാണ് അവന്‍ ശബ്ബത്ത് നാളിനെ ബഹുമാനിച്ചില്ല എന്നത്. ഒരു ശബ്ബത്ത്
ദിവസം യേശുവും ശിഷ്യന്മാരും ഒരു കൃഷിഭൂമിയിലൂടെ നടന്നു പോകുകയായിരുന്നു. അത്
വിളകള്‍ പാകമായ കാലമായിരുന്നു. അപ്പോള്‍ ശിഷ്യന്‍മാര്‍ക്ക് വിശക്കുന്നുണ്ടായിരുന്നു.
അതിനാല്‍ അവര്‍ കതിര്‍ പറിച്ചു തിന്നു. ലൂക്കോസ് പറയുന്നതിങ്ങനെയാണ്: “ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു
തിരുമ്മി തിന്നു.” ഇത് വിളവെടുപ്പും മെതിയും നടത്തിയതിന് തുല്യമാണ്. പരീശന്മാര്‍ ഈ
പ്രമാണ ലംഘനം യേശുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു, “ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു: എന്നു അവനെ
അറിയിച്ചു.
എന്നാല്‍
യേശു ശിഷ്യന്മാരെ ശാസിക്കുകയോ, തിരുത്തുകയോ ചെയ്തില്ല. ഇവിടെ യേശു ചരിത്രപരമായ ഒരു പ്രസ്താവന നടത്തി.
മത്തായി 12: 6 – 8
6 എന്നാൽ
ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
7 യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു
എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം
വിധിക്കയില്ലായിരുന്നു.
8 മനുഷ്യപുത്രനോ ശബ്ബത്തിന്നു
കർത്താവാകുന്നു.
യഹൂദന്മാര്‍, ഈ
ഭൂമിയില്‍ അവരുടെ ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠമായി യാതൊന്നിനെയും
കണക്കാക്കിയിരുന്നില്ല. ദൈവാലയം യിസ്രായേല്‍ ജനവും യഹോവയായ ദൈവവും തമ്മില്‍
കണ്ടുമുട്ടുന്ന ഇടമാണ്. അവര്‍ക്ക് ദൈവത്തെ ആരാധിക്കുവാനുള്ള ഏക ഇടം ദൈവാലയം ആണ്.
ആലയത്തെക്കാള്‍ വലിയവനായി യഹോവയായ ദൈവം മാത്രമേ ഉള്ളൂ.
എന്നാല്‍ ഇവിടെ യേശുക്രിസ്തു,
അവന്‍ ദൈവാലയത്തെക്കാള്‍ വലിയവനാണ് എന്ന് അവകാശപ്പെടുന്നു. അതിന്റെ അര്‍ത്ഥം അവന്‍
ദൈവമാണ് എന്നാണ്. ദൈവം ഭൂമിയില്‍ വന്നു എന്നതിനാല്‍, ഇനി
ഭൂമിയിലെ ആലയത്തിന് യാതൊരു പ്രസക്തിയും ഇല്ല. അതിന്റെ ആവശ്യവും ഇല്ല. അപ്പോഴത്തെ
ആലയമോ, പുതുക്കിപ്പണിയുന്ന ആലയമോ,
വീണ്ടും പണിയുന്ന ആലയമോ ഇനി ഭൂമിയില്‍ ആവശ്യമില്ല.
യേശുവും ശബ്ബത്തും
മത്തായി 12: 8 ല്‍ യേശു മറ്റൊരു അവകാശവാദം
കൂടി നടത്തുണ്ട്. അവന്‍ പറഞ്ഞു: “മനുഷ്യപുത്രനോ
ശബ്ബത്തിന്നു കർത്താവാകുന്നു”. അതായത് യേശുവാണ് ശബ്ബത്ത് ദിവസത്തെ അപ്രകാരം
ആയിരിക്കുവാനായി കല്‍പ്പിച്ചത്. അവന്‍ ശബ്ബത്തിന്റെ സൃഷ്ടാവാണ്. അവന്‍ ശബത്ത്
ദിവസത്തിന്റെമേലും,
അതിന്റെ ആചാരത്തിന്മേലും അധികാരമുള്ള ദൈവമാണ്. അവന് അതിനെ തിരുത്തുവാനും, നീക്കികളയുവാനും, നിവര്‍ത്തിക്കുവാനും
അധികാരമുണ്ട്.
അതുകൊണ്ടു, മാര്‍ക്കോസ് 2: 27 ല്‍ യേശു പറഞ്ഞു: “മനുഷ്യൻ
ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ
ഉണ്ടായതു”. ശബ്ബത്ത് വിശ്രമത്തിന്റെ ദിവസമാണ്. അത് മനുഷ്യര്‍ക്കും
ഭൂമിയ്ക്കും വിശ്രമത്തിന്റെ ദിവസമാണ്.
യേശുവില്‍
ശബ്ബത്ത് നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അവന്‍ ശബ്ബത്തിനും മീതെയാണ്. പുതിയനിയമ
വിശ്വാസിയുടെ വിശ്രമമാണ് യേശു. വിശ്വാസികള്‍ യേശുവില്‍ വിശ്രമത്തിലേക്ക്
കടന്നിരിക്കുന്നു. ഇത് യേശുവിന്റെ ദൈവീകത്വത്തിന്റെ പ്രഖ്യാപനം കൂടിയാണ്.
മശീഹയുഗം
യാഥാസ്ഥിക
യഹൂദ റബ്ബിമാരുടെ അഭിപ്രായം അനുസരിച്ച് മശീഹയുഗം സാധ്യമാക്കുക എന്നത് മശീഹയുടെ
പ്രധാന ദൌത്യമാണ്. മശീഹയുഗത്തില്‍ സര്‍വ്വലൌകീകമായി സമാധാനം നിലവില്‍ വരുകയും
എല്ലാ മനുഷ്യരും യഹോവയായ ദൈവത്തെ ആരാധിക്കുകയും ചെയ്യും. മശീഹ രാജാവായി വാഴും.
യഹോവയെക്കുറിച്ചുള്ള ജ്ഞാനം ഭൂമിയിലാകേ, സര്‍വ്വലൌകീകമായി പരക്കും. എല്ലാ ജനസമൂഹങ്ങളും യിസ്രയേലിനോടു ചെയ്ത
അനീതിയില്‍ പശ്ചാത്തപിക്കും. നഷ്ടപ്പെട്ട പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ 12
ഗോത്രങ്ങളും യിസ്രയേലില്‍ തിരികെയെത്തും. ആഹാരവും വെള്ളവും സമൃദ്ധിയായി ഉണ്ടാകും.
കൃഷിയിടങ്ങള്‍ സമൃദ്ധമായ വിളകള്‍ പുറപ്പെടുവിക്കും. മൃഗങ്ങള്‍ പരസ്പരം വേട്ടയാടി
തിന്നുകയില്ല.
മശീഹയുഗത്തില്‍ മരിച്ചവരുടെ ഒരു പൊതു പുനരുദ്ധാരണം
ഉണ്ടാകും എന്നൊരു വിശ്വാസവും ഒന്നാം നൂറ്റാണ്ടില്‍ പരന്നിരുന്നു. ഇങ്ങനെ
പുനരുദ്ധാരണം പ്രാപിക്കുന്നവര്‍ക്ക് ന്യായവിസ്താരവും അന്തിമ വിധിയും ഉണ്ടാകും.
അതിനുശേഷം സര്‍വ്വലൌകീകമായ സമാധാനം ഉണ്ടാകും. ചിതറിപ്പോയ യിസ്രായേല്‍ 12 ഗോത്രങ്ങളെയും
മശീഹ യിസ്രായേല്‍ ദേശത്തു തിരികെ വരുത്തും. അവന്‍ അവരെ സംയോജിപ്പിക്കും.
യഹൂദന്മാര്‍ ഇതിനെ വലിയ യിസ്രായേല്‍ എന്ന അര്‍ത്ഥത്തില്‍ “എറെറ്റ്സ് യിസ്രായേല്‍”
എന്നു വിളിച്ചു (Greater Israel/Eretz Israel).
തകര്‍ക്കപ്പെട്ട
യഹൂദ ദൈവാലയം, അതിന്റെ
ശരിയായ സ്ഥാനത്തും, രൂപത്തിലും,
അളവിലും മശീഹ പുനര്‍നിര്‍മ്മിക്കും എന്നതാണു മശീഹയുഗത്തെക്കുറിച്ചുള്ള മറ്റൊരു യഹൂദ
വിശ്വസം.
യേശു കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ മരിച്ചു
യഹൂദ
മത വിശ്വസം അനുസരിച്ച്,
മശീഹയുഗം സ്ഥാപിക്കാതെയും, മശീഹയുടെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണമായി
നിവര്‍ത്തിക്കാതെയും, അതിനു മുമ്പായി മരിക്കുന്നവന്‍ യഥാര്‍ത്ഥ
മശീഹയല്ല. മശീഹ മരിച്ചതിന് ശേഷം വീണ്ടും വരുക എന്നൊരു വിശ്വസം യഹൂദ മതത്തില്‍
ഇല്ല. അതിനാല്‍ യേശുവിനെ മശീഹയായി അംഗീകരിക്കുവാന്‍ യഹൂദ മതവിശ്വാസികള്‍ക്ക്
കഴിയുന്നില്ല.
യേശുക്രിസ്തു
ജീവിച്ചിരിക്കുമ്പോള്‍,
ഹെരോദാ രാജാവു പുതുക്കിപണിത രണ്ടാമത്തെ ദൈവാലയം, നിലവില്‍
ഉണ്ടായിരുന്നു. AD 70, 325 എന്നീ വര്‍ഷങ്ങളിലെ യഹൂദ കലാപത്തെ തുടര്‍ന്നാണ് യഹൂദന്മാര്‍
യെരൂശലേമില്‍ നിന്നും ഓടിപ്പോയത്. അതിനാല്‍ ദൈവാലയം പുനര്‍ നിര്‍മ്മിക്കുക എന്നതും
യിസ്രായേല്‍ ഗോത്രങ്ങളെ യിസ്രയേലില്‍ വീണ്ടും ചേര്‍ക്കുക എന്നതും യേശു നിവര്‍ത്തിച്ചില്ല.
ഇന്നുവരെയും ആരും മശീഹയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ, അവന്റെ കര്‍ത്തവ്യങ്ങള്‍
ചെയ്തു തീര്‍ക്കുകയോ ചെയ്തിട്ടില്ല എന്നു യഹൂദന്മാര്‍ വിശ്വസിക്കുന്നു. അതിനാല്‍
അവര്‍ ഇപ്പൊഴും മശീഹയുടെ വരവിനായി കാത്തിരിക്കുന്നു.
എന്നാല്‍ ക്രിസ്തീയ വിശ്വാസമനുസരിച്ച്, മശീഹയെക്കുറിച്ചുള്ള
അനേകം പ്രവചനങ്ങള്‍ യേശുവില്‍ നിവര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ യേശു മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹണം
ചെയ്തിരിക്കുകയാണ്. അവന്‍ മശീഹായായും രാജാധിരാജനായും വീണ്ടും വരും. അവന്റെ
ഒന്നാമത്തെ വരവില്‍ നിവര്‍ത്തിക്കപ്പെടാതെ ശേഷിച്ച പ്രവചനങ്ങളും കര്‍ത്തവ്യങ്ങളും
രണ്ടാമത്തെ വരവില്‍ നിവര്‍ത്തിക്കപ്പെടും.
ദണ്ഡനം സഹിക്കുന്ന ദാസന്‍
“ദാസന്റെ പാട്ടുകള്‍” എന്നു അറിയപ്പെടുന്ന 4 വേദഭാഗങ്ങള്‍
യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തില്‍ ഉണ്ട് (Servant Songs). അവ
യെശയ്യാവ് 42, 49, 50, 53 എന്നീ
അദ്ധ്യായങ്ങള്‍ ആണ്. ഇവിടെ യഹോവയുടെ ദാസന്‍ എന്നു വിളിക്കപ്പെടുന്ന ഒരുവന്റെ
പീഡാനുഭവങ്ങളെക്കുറിച്ചാണ് പറയുന്നതു. യഹോവയുടെ ദാസന്‍ ആരാണ് എന്നു പേരെടുത്ത്
പറയുന്നില്ല.
ഈ വേദഭാഗങ്ങളില്‍ പറയുന്ന ആത്മീയ മര്‍മ്മങ്ങള്‍
മനസ്സിലാക്കുവാനായി, ഒന്നു രണ്ട് വാക്യങ്ങള്‍ സൂക്ഷ്മമായി
പഠിക്കേണ്ടിയിരിക്കുന്നു.
യെശയ്യാവ് 53: 5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം
മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ
നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
ഈ വാക്യത്തിലെ “മുറിവേറ്റും” എന്ന വാക്കിന്റെ എബ്രായ പദം “മെഖോലാല്‍”
എന്നതാണ് (mecholal). “ഖലാല്‍” എന്ന എബ്രായ പദത്തിന്റെ മറ്റൊരു
രൂപമാണിത് (chalal- khaw-lal).
“മെഖോലാല്‍” എന്ന വാക്കിന്റെ അര്‍ത്ഥം, തുളയ്ക്കുക, കുത്തുക, പിളര്‍ക്കുക എന്നിങ്ങനെയാണ് (to
perforate, to pierce). മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് കുത്തി
പിളര്‍ക്കുന്നതുകൊണ്ടാണ് മുറിവ് ഉണ്ടാകുന്നത്. അതിനാല്‍, New
International Version, New Living Translation മുതലായ പല ആധുനിക പരിഭാഷകളില്‍ “മുറിവേറ്റും” എന്ന വാക്കിന് പകരം “കുത്തി
തുളച്ചും” എന്ന പദമാണ് ഉപയോഗിക്കുന്നത് (pierced). അപ്പോള്‍
ഈ വാക്യം ഇങ്ങനെവേണം മനസ്സിലാക്കുവാന്‍:
യെശയ്യാവ് 53: 5 എന്നാൽ അവൻ നമ്മുടെ
അതിക്രമങ്ങൾനിമിത്തം “കുത്തി തുളയ്ക്കപ്പെട്ടും” നമ്മുടെ അകൃത്യങ്ങൾനിമിത്തം
തകർന്നും ഇരിക്കുന്നു; ....
യേശുക്രിസ്തുവിനെ ക്രൂശിച്ചപ്പോള്‍, അവന്റെ ശിരസ്സും, കൈകളും കാലുകളും, വിലാപ്പുറവും റോമന്‍ പടയാളികള്‍
കുത്തിത്തുളച്ചു. അങ്ങനെ ഈ പ്രവചനത്തിന് നിവര്‍ത്തിയായി.
യെശയ്യാവു 53: 10 എന്നാൽ അവനെ
തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി;
അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു
അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും
യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
യഹോവയുടെ ദാസന്റെ മരണത്തെ യെശയ്യാവ് പ്രവാചകന്‍ ഒരു “അകൃത്യയാഗമായി” ആണ് കാണുന്നത്. ഇവിടെ “അകൃത്യയാഗം”
എന്നു പറയുവാന്‍ പ്രവാചകന്‍ ഉപയോഗിച്ച എബ്രായ പദം, “അഷാം” എന്നതാണ് (asham - aw-shawm). യിസ്രയേലിന്റെ പാപ
പരിഹാരത്തിനായി, മഹാപുരോഹിതന്‍ കഴിക്കുന്ന യാഗത്തെക്കുറിച്ച്
പറയുവാനാണ്, ഈ വാക്ക് ന്യായപ്രമാണ പുസ്തകങ്ങളില്‍
ഉപയോഗിച്ചിരിക്കുന്നത് (Pentateuch). അതിനാല്‍ ദണ്ഡനം സഹിക്കുന്ന ദാസന്റെ (യേശുക്രിസ്തു) മരണം ഒരു പാപ പരിഹാര
യാഗമായിരുന്നു.
യഹൂദ മതത്തിലെ റബ്ബിമാരുടെ വ്യാഖ്യാനം അനുസരിച്ചു, “ദണ്ഡനം സഹിക്കുന്ന
ദാസന്‍” എന്നത് യിസ്രായേല്‍ രാജ്യമാണ്. അത് മശീഹയെക്കുറിച്ചല്ല. കാരണം, യിസ്രായേല്‍ ജനത ദൈവത്തിന്റെ ദാസനാണ്.
എന്നാല്‍, ക്രിസ്തീയ വേദപണ്ഡിതന്മാര്‍, “ദാസന്റെ പാട്ടുകള്‍” എല്ലാം യേശുക്രിസ്തുവിനെക്കുറിച്ചാണ് എന്ന്
വിശ്വസിക്കുന്നു. മനുഷ്യരുടെ പാപ പരിഹാരത്തിനായി മശീഹ ജനിക്കുകയും അവന്‍ കഷ്ടം
അനുഭവിച്ച് മരിക്കുകയും ചെയ്യും എന്നതാണ് ക്രൈസ്തവ വിശ്വസം. ഇതാണ് യെശയ്യാവ്
പ്രവചിക്കുന്നത്.
ഈ വേദഭാഗങ്ങളിലെ വാക്യങ്ങള്‍, പുതിയനിയമ
പുസ്തകങ്ങളില്‍, ശിഷ്യന്മാര്‍,
യേശുമായി ചേര്‍ത്തു എടുത്തു പറയുന്നുണ്ട്. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ ഇവയാണ്:
മത്തായി 8:
17 അവൻ നമ്മുടെ ബലഹീനതകളെ
എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
1 പത്രൊസ് 2: 24 നാം പാപം സംബന്ധിച്ചു മരിച്ചു
നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു
ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം
വന്നിരിക്കുന്നു.
യഹൂദന്‍റെ മശീഹ യേശു തന്നെ
യേശു
മശീഹ തന്നെ എന്നു ക്രൈസ്തവര്‍ രണ്ടായിരത്തിലധികം വര്‍ഷങ്ങളായി വിശ്വസിക്കുന്നു. അവനെക്കുറിച്ച്
പഴനിയമത്തിലെ പുസ്തകങ്ങളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. സുവിശേഷ ഗ്രന്ഥങ്ങളില്‍
യേശുവിനെ ചിത്രീകരിച്ചിരിക്കുന്നതും മശീഹ ആയിട്ടാണ്. യേശു രോഗികളെ സൌഖ്യമാക്കുകയും, മരിച്ചവരെ ഉയിര്‍പ്പിക്കുകയും, കുരുടനും ചെകിടനും കാഴ്ചയും കേള്‍വിയും നല്കുകയും,
ഭൂതഗ്രസ്ഥരെ വിടുവിക്കുകയും ചെയ്തു. ഇതിനെല്ലാം ഉപരിയായി,
അവന്‍ ദൈവരാജ്യം വന്നിരിക്കുന്നു എന്നു പ്രസംഗിച്ചു. യേശു മശീഹയും രാജാവുമാണ്
എന്ന് അവന്‍ തന്നെ സാക്ഷിച്ചു. ഇതെല്ലാം വിവരിച്ചിരിക്കുന്ന ശിഷ്യന്മാര്‍ യേശു
മശീഹയാണ് എന്നു വിശ്വസിച്ചിരുന്നു.
മശീഹ
ചെയ്തുതീര്‍ക്കേണ്ട കര്‍ത്തവ്യങ്ങള്‍ എല്ലാം യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവില്‍
പൂര്‍ത്തീകരിച്ചില്ല. എന്നാല്‍, അവന്‍ വീണ്ടും വരും എന്ന് യേശുവും സ്വര്‍ഗ്ഗീയ ദൂതന്മാരും വാക്ക്
നല്കിയിട്ടുണ്ട്. അവന്റെ രണ്ടാമത്തെ വരവില്‍, മശീഹയുടെ
ശേഷിപ്പുള്ള എല്ലാ കര്‍ത്തവ്യങ്ങളും അവന്‍ നിവര്‍ത്തിക്കും. അവന്‍ രാജാധി രാജാവായി
എന്നേക്കും വാഴും.
No comments:
Post a Comment