യഹോവ ഒരു കനാന്യ ദേവന്‍ ആയിരുന്നുവോ?

യഹൂദന്മാരും ക്രൈസ്തവരും ഏക സത്യ ദൈവമായി ആരാധിക്കുന്ന യഹോവ, പുരാതന കാലത്ത് കനാന്യരുടെ ദേവന്‍മാരില്‍ ഒരുവന്‍ ആയിരുന്നുവോ? ഇതാണ് ഇന്നത്തെ ചോദ്യം.

ഇന്ന് ഈ ചോദ്യം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ്. ഇതിന് കാരണം ഗെരാര്‍ഡ് നിസിം അംസല്ലാഗ് (Gerard Nissim Amzallag) എന്ന സസ്യ ശാസ്ത്രജ്ഞ്ന്‍റെ അഭിപ്രായങ്ങള്‍ ആണ്. അംസല്ലാഗ് ഒരു ഫ്രെഞ്ച് ശാസ്ത്രജ്ഞ്ന്‍ ആണ്. അദ്ദേഹം ജനിക്കുന്നത് 1962 ല്‍ മൊറോക്കോയിലാണ്. (Morocco). യെരൂശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണ ബിരുദ്ധം നേടിയിട്ടുണ്ട്. അദ്ദേഹം യെരൂശലേം യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിട്ടുണ്ട്. “ദി കോപ്പര്‍ റെവലൂഷന്‍” എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്. (The Copper Revolution: Smelters from Canaan and the Origin of Ancient Civilizations). പുരാതന കനാന്‍ ദേശത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. അംസല്ലാഗിന്റെ അഭിപ്രായത്തില്‍, കനാന്‍ ദേശത്ത്, വെങ്കലയുഗത്തില്‍ (Bronze Age) ഉടലെടുത്ത ഒരു ദൈവീക സങ്കല്‍പ്പം ആണ് യഹോവ. ആ പ്രദേശത്ത്, ലോഹ സംസ്കരണം നടത്തിയിരുന്നവരുടെ പ്രാദേശിക ദേവന്‍ ആയിരുന്നു യഹോവ.  

പകര്‍ച്ചവ്യാധികളും ക്രിസ്തീയ സഭയും

2019 തിന്‍റെ അവസാന നാളുകള്‍ മുതല്‍ ലോകം ഒരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുക ആണ്. ഇപ്പൊഴും അത് പൂര്‍ണ്ണമായി മാറിയിട്ടില്ല എങ്കിലും, അതിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വൈദ്യശാസ്ത്രം അതിനെ പ്രതിരോധിക്കുവാന്‍ കുത്തിവെയ്പ്പുകള്‍ കണ്ടെത്തിക്കഴിഞ്ഞു. താമസിയാതെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കുവാന്‍ കഴിയുന്ന മരുന്നുകളും കണ്ടെത്തിയേക്കാം. ആരംഭത്തില്‍ ഭയന്ന ലോകം ഇന്ന് കരുതലിലേക്ക് മാറിയിട്ടുണ്ട്. ഈ മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം രോഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചും, അതില്‍ ക്രിസ്തീയ സഭയുടെ സ്ഥാനത്തെക്കുറിച്ചും ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ലോകം പ്രതികൂല അവസ്ഥകളെ അഭിമുഖീകരിക്കുമ്പോഴെല്ലാം ക്രിസ്തീയ വിശ്വാസികള്‍ അതിനൊരു മറുപടി വേദപുസ്തകത്തില്‍ അന്വേഷിക്കാറുണ്ട്. അത് സ്വഭാവികം മാത്രമാണ്. ക്രിസ്തുവിന് മുമ്പ്, അന്നത്തെ ജനം, അവര്‍ക്ക് പരിചയമുണ്ടായിരുന്ന മതങ്ങളില്‍ നിന്നും വിശദീകരണവും ആശ്വാസവും അന്വേഷിക്കുമായിരുന്നു. എന്നാല്‍ എല്ലായിപ്പോഴും എല്ലാ സംഭവങ്ങള്‍ക്കും തൃപ്തികരമായ ഒരു വിശദീകരണം തിരുവെഴുത്തുകളില്‍ നിന്നും നമുക്ക് ലഭിച്ചു എന്നു വരുകയില്ല.  ഈ സാഹചര്യത്തില്‍, എല്ലാ സംഭവങ്ങളെയും, അന്ത്യകാലവും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവുമായും ബന്ധിപ്പിക്കുന്ന അനേകം പ്രഭാഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ലോകം അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നത് സത്യം ആണ്. നമ്മളുടെ കര്‍ത്താവിന്റെ വരവ് ഏറെ സമീപിച്ചിരിക്കുന്നു എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലോകത്ത് സംഭവിക്കുന്ന ഓരോ സംഭവങ്ങളെയും പര്‍വ്വതീകരിച്ച്, അതിനോടൊപ്പം വ്യാജ പ്രചാരണങ്ങള്‍ കൂട്ടി ചേര്‍ത്തു, നിഗൂഢ സിദ്ധാന്തങ്ങളുടെ അകമ്പടിയോടെ, യേശുവിന്റെ മടങ്ങിവരവിനെ അവതരിപ്പിക്കുന്നത് ശരിയായ വചന വ്യാഖ്യാനമല്ല. നമ്മളുടെ കര്‍ത്താവ് മടങ്ങിവരുവാന്‍ കാലമാകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നു അവന്‍ മരിക്കുന്നതിന് മുമ്പായി തന്നെ നമ്മളോട് പറഞ്ഞിട്ടുണ്ട്. അപ്പോസ്തലന്മാര്‍ അത് വിശദീകരിച്ചിട്ടുണ്ട്. ഇനി നമുക്ക് നിഗൂഢ സിദ്ധാന്തങ്ങളും വ്യാജ പ്രചാരണങ്ങളും ആവശ്യമില്ല.

യേശുക്രിസ്തുവിന്റെ കുറ്റ വിചാരണയിലെ നിയമരാഹിത്യം

യേശുക്രിസ്തു, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശില്‍ മരിക്കേണം എന്നത് ദൈവീക പദ്ധതി ആയിരുന്നു എന്നു എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും അറിയാം. അതിനാല്‍, ക്രൂശീകരണത്തിന് മുമ്പുണ്ടായ കുറ്റവിചാരണയെക്കുറിച്ച് അധികമായി ആരും ചിന്തിക്കാറില്ല. കുറ്റവാളികളെ വിചാരണ ചെയ്യുക പതിവാണല്ലോ. അതിനാല്‍, വിചാരണയില്‍ എന്തെങ്കിലും ആത്മീയ മര്‍മ്മം ഉള്ളതായി നമുക്ക് തോന്നാറില്ല. എന്നാല്‍ നിര്‍ദ്ദോഷിയായ ഒരു മനുഷ്യന്റെ നിഷ്കളങ്കമായ രക്തം മനുഷ്യവംശത്തിന്‍റെ പാപ പരിഹാരത്തിന് വേണ്ടി ചൊരിഞ്ഞു, എന്ന ആത്മീയ മര്‍മ്മം യേശുവിന്റെ കുറ്റവിചാരണയില്‍ അടങ്ങിയിട്ടുണ്ട്. അനീതിയുള്ള മനുഷ്യര്‍ക്ക് പോലും യേശുവിന്റെമേല്‍ കുറ്റം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നാണ് കുറ്റവിചാരണയുടെ ചരിത്രം പറയുന്നത്. യേശു തികച്ചും നിര്‍ദ്ദോഷിയും കളങ്കം ഇല്ലാത്തവനുമായ, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയിരുന്നു.   

 

യേശുക്രിസ്തുവിന്റെ കുറ്റവിചാരണ ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റം അനീതിനിറഞ്ഞതും നിയമരഹിതവും ആയിരുന്നു. എന്നാല്‍ അതിലെ നിയമരാഹിത്യം ഇന്നു നമുക്ക് വേഗം കണ്ടെത്തുവാന്‍ കഴിയാതെ വന്നേക്കാം. കാരണം, അത് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിദൂരമായ ഒരു സ്ഥലത്തു, നമുക്ക് അപരിചിതമായ ഒരു നിയമ വ്യവസ്ഥിതിയില്‍ നടത്തപ്പെട്ട ഒരു വിചാരണ ആയിരുന്നു. എങ്കിലും, ഒരു യഹൂദന് അന്നും ഇന്നും, ഈ വിചാരണയിലെ നീതി നിഷേധം പെട്ടന്നു തിരിച്ചറിയുവാന്‍ കഴിയും. അന്നത്തെ ഓരോ റോമന്‍ പൌരനും, യേശുവിന് വിചാരണ വേളയില്‍ നീതി ലഭിച്ചില്ല എന്ന ബോധ്യം ഉണ്ടായിരുന്നു കാണും. യേശുവിനെ കുറ്റവിചാരണ ചെയ്തത്, ആദ്യം യഹൂദ മത പുരോഹിതന്‍മാരും പിന്നീട് റോമന്‍ ഭരണകൂടവും ആയിരുന്നു. രണ്ട് കൂട്ടരും, അവരുടെ വിശ്വാസവും, നീതി ന്യായ വ്യവസ്ഥകളും അനുസരിച്ച്, കുറ്റവിചാരണ വേളയില്‍ പാലിക്കേണ്ടുന്ന ചട്ടങ്ങള്‍,  യേശുക്രിസ്തുവിന്റെ വിചാരണയില്‍ പാലിച്ചില്ല. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

യെരൂശലേമിന്‍റെ പതനം

ദൈവം സ്വന്തജനമായി തിരഞ്ഞെടുത്ത തിരഞ്ഞെടുത്ത പ്രത്യേക ജനമാണ് യിസ്രായേല്‍ എങ്കിലും, അവരുടെ ചരിത്രം എക്കാലവും സമാധാനത്തിന്റേത് ആയിരുന്നില്ല. ഇതൊരു വൈരുധ്യമായി തോന്നിയേക്കാം. ദൈവം, ഒന്നുമില്ലായ്മയില്‍ നിന്നും, അബ്രഹാം എന്ന 100 വയസ്സുള്ള ഒരു വൃദ്ധനില്‍ നിന്നുമാണ് യിസ്രായേല്‍ ജനത്തെ ഉല്‍ഭവിപ്പിച്ചത്. എന്നാല്‍ അബ്രാഹാമിന്റെ എല്ലാ സന്തതികളും യിസ്രായേല്‍ ആയില്ല. അവന്റെ കൊച്ചുമകനായ യാക്കോബിന്റെ 12 മക്കളുടെ സന്തതി പരമ്പരകല്‍ ആണ് പിന്നീട് യിസ്രായേല്‍ ആയിത്തീര്‍ന്നത്. ദൈവം വാഗ്ദത്തം ചെയ്ത ദേശം കൈവശമാക്കി താമസിക്കുവാനുള്ള അബ്രാഹാമിന്റെ യാത്ര മെസപ്പൊട്ടേമിയ എന്ന സ്ഥലത്തുനിന്നുമാണ് ആരംഭിച്ചത്. അവന്‍ കനാന്‍ എന്ന വാഗ്ദത്ത ദേശത്തു എത്തി, അവിടെ താമസിച്ചു എങ്കിലും പിന്നീട്, അവന്റെ കൊച്ചുമകനായ യാക്കോബും സന്തതികളും 400 ല്‍ അധികം വര്‍ഷങ്ങള്‍ ഈജിപ്തില്‍ അടിമകളായി താമസിച്ചു. അവിടെ നിന്നും മോചനം പ്രാപിച്ച യിസ്രയേല്യര്‍, വീണ്ടും കനാന്‍ ദേശത്ത് വന്നു. അവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന രാജ്യങ്ങളോട് യുദ്ധം ചെയ്തു ദേശം വീണ്ടും കൈവശമാക്കി. പിന്നീട് ഉള്ള അവരുടെ ചരിത്രം, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, യുദ്ധങ്ങളുടെയും, പ്രവാസ ജീവിതത്തിന്‍റെയും, വിദേശ ആധിപത്യത്തിന്‍റെതും ആയിരുന്നു. 1948 ല്‍ ഇന്നത്തെ ആധുനിക യിസ്രായേല്‍ രാജ്യം നിലവില്‍ വന്നു എങ്കിലും, അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. 

യിസ്രയേലിന്‍റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവം, യെരൂശലേം പട്ടണത്തിന്റെയും, രണ്ടാമത്തെ ദൈവാലയത്തിന്‍റെയും തകര്‍ച്ച ആണ്. ഇത് AD 70 ല്‍ ആണ് സംഭവിക്കുന്നത്. അന്ന് യഹൂദ ദേശം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്വത്തിനെതിരെ AD 66 ല്‍ ആരംഭിച്ച് AD 73 വരെ നീണ്ടുനിന്ന കലാപമാണ് യെരൂശലേം പട്ടണത്തിന്റെ പതനത്തിന് കാരണം.

ദൈവരാജ്യത്തിന്‍റെ സ്വഭാവ വിശേഷതകള്‍

യേശുക്രിസ്തു നമുക്ക് പരിചയപ്പെടുത്തി തന്ന ദൈവരാജ്യത്തിന്‍റെ സവിശേഷതകള്‍ എന്താല്ലാം ആണ് എന്നാണ് നമ്മള്‍ ഇന്ന് ചിന്തിക്കുന്നത്.

ദൈവരാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല എന്നതാണ് ദൈവരാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവം. ഈ സത്യം യേശു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അവന്‍ പീലാത്തൊസിന്‍റെ മുന്നില്‍, ഒരു രാജ്യ ദ്രോഹിയെപ്പോലെ കുറ്റവിചാരണ ചെയ്യപ്പെടുമ്പോള്‍, പീലാത്തൊസ് അവനോടു,നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.” (യോഹന്നാന്‍ 18:33). യേശു ഇങ്ങനെ മറുപടി പറഞ്ഞു:   

 

യോഹന്നാന്‍ 18: 36, 37

36  എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37  പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.