പകര്‍ച്ചവ്യാധികളും ക്രിസ്തീയ സഭയും

2019 തിന്‍റെ അവസാന നാളുകള്‍ മുതല്‍ ലോകം ഒരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുക ആണ്. ഇപ്പൊഴും അത് പൂര്‍ണ്ണമായി മാറിയിട്ടില്ല എങ്കിലും, അതിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വൈദ്യശാസ്ത്രം അതിനെ പ്രതിരോധിക്കുവാന്‍ കുത്തിവെയ്പ്പുകള്‍ കണ്ടെത്തിക്കഴിഞ്ഞു. താമസിയാതെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കുവാന്‍ കഴിയുന്ന മരുന്നുകളും കണ്ടെത്തിയേക്കാം. ആരംഭത്തില്‍ ഭയന്ന ലോകം ഇന്ന് കരുതലിലേക്ക് മാറിയിട്ടുണ്ട്. ഈ മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം രോഗങ്ങളും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചും, അതില്‍ ക്രിസ്തീയ സഭയുടെ സ്ഥാനത്തെക്കുറിച്ചും ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ലോകം പ്രതികൂല അവസ്ഥകളെ അഭിമുഖീകരിക്കുമ്പോഴെല്ലാം ക്രിസ്തീയ വിശ്വാസികള്‍ അതിനൊരു മറുപടി വേദപുസ്തകത്തില്‍ അന്വേഷിക്കാറുണ്ട്. അത് സ്വഭാവികം മാത്രമാണ്. ക്രിസ്തുവിന് മുമ്പ്, അന്നത്തെ ജനം, അവര്‍ക്ക് പരിചയമുണ്ടായിരുന്ന മതങ്ങളില്‍ നിന്നും വിശദീകരണവും ആശ്വാസവും അന്വേഷിക്കുമായിരുന്നു. എന്നാല്‍ എല്ലായിപ്പോഴും എല്ലാ സംഭവങ്ങള്‍ക്കും തൃപ്തികരമായ ഒരു വിശദീകരണം തിരുവെഴുത്തുകളില്‍ നിന്നും നമുക്ക് ലഭിച്ചു എന്നു വരുകയില്ല.  ഈ സാഹചര്യത്തില്‍, എല്ലാ സംഭവങ്ങളെയും, അന്ത്യകാലവും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവുമായും ബന്ധിപ്പിക്കുന്ന അനേകം പ്രഭാഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ലോകം അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നത് സത്യം ആണ്. നമ്മളുടെ കര്‍ത്താവിന്റെ വരവ് ഏറെ സമീപിച്ചിരിക്കുന്നു എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലോകത്ത് സംഭവിക്കുന്ന ഓരോ സംഭവങ്ങളെയും പര്‍വ്വതീകരിച്ച്, അതിനോടൊപ്പം വ്യാജ പ്രചാരണങ്ങള്‍ കൂട്ടി ചേര്‍ത്തു, നിഗൂഢ സിദ്ധാന്തങ്ങളുടെ അകമ്പടിയോടെ, യേശുവിന്റെ മടങ്ങിവരവിനെ അവതരിപ്പിക്കുന്നത് ശരിയായ വചന വ്യാഖ്യാനമല്ല. നമ്മളുടെ കര്‍ത്താവ് മടങ്ങിവരുവാന്‍ കാലമാകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നു അവന്‍ മരിക്കുന്നതിന് മുമ്പായി തന്നെ നമ്മളോട് പറഞ്ഞിട്ടുണ്ട്. അപ്പോസ്തലന്മാര്‍ അത് വിശദീകരിച്ചിട്ടുണ്ട്. ഇനി നമുക്ക് നിഗൂഢ സിദ്ധാന്തങ്ങളും വ്യാജ പ്രചാരണങ്ങളും ആവശ്യമില്ല.

 

അതിനാല്‍ മഹാവ്യാധികളെകുറിച്ചുള്ള ചില സത്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാവ്യാധി ലോകത്ത് ഉണ്ടായ ആദ്യത്തെ പകര്‍ച്ചവ്യാധി അല്ല. ഈ പകര്‍ച്ചവ്യാധിയിലല്ല ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിച്ചത്. ഈ മഹാവ്യാധി ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ആദ്യത്തേതോ, ഏറ്റവും മോശമായതോ അല്ല. ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുന്നതും ശവശരീരങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുന്നതും ആദ്യമായിട്ടല്ല. ലോകത്താകെ വ്യപാരശാലകളും, സ്കൂളുകളും, ആരാധനാലയങ്ങളും അടച്ചിടുന്നത് ആദ്യമായല്ല. മുമ്പ് ഉണ്ടായിട്ടുള്ള എല്ലാ മഹാമാരികളെപ്പോലെ തന്നെ കോവിഡ് 19 എന്ന രോഗവും ലോക ക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇതെല്ലാം ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ ആണ്. മുമ്പ് ഉണ്ടായിട്ടുള്ള അനേകം മഹാവ്യാധികളെയും, യുദ്ധങ്ങളെയും, പ്രകൃതി ദുരന്തങ്ങളെയും ക്രിസ്തീയ സഭ അഭിമുഖീകരിച്ചിട്ടുണ്ട്, അതിനെ തരണം ചെയ്തിട്ടുണ്ട്. ഇവയ്ക്കൊന്നും ക്രിസ്തീയ സഭയെയോ, വിശ്വാസത്തെയോ തകര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, നമ്മളുടെ കര്‍ത്താവ് വരുവാന്‍ ഇനിയും കാലങ്ങള്‍ നീണ്ടാല്‍, ലോകത്ത് വീണ്ടും മഹാമാരികള്‍ ഉണ്ടായേക്കാം. വ്യാജങ്ങള്‍ പ്രസംഗിച്ച്, വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്യുവാനല്ല, സത്യം പഠിപ്പിച്ചു, യേശുവിന്റെ മനോഭാവം ഉള്ളവരായി ജീവിക്കുവാനും അവന്റെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനുമാണ് നമ്മള്‍ ദൈവജനത്തെ പരിശീലിപ്പിക്കേണ്ടത്.

ഇത്രയും മുഖവരയായി പറഞ്ഞുകൊണ്ടു, എന്താണ് മഹാവ്യാധികള്‍ എന്നതിനൊരു നിര്‍വചനത്തോടെ നമുക്ക് ഈ ചരിത്ര അവലോകനം ആരംഭിക്കാം. എന്താണ് മഹാ പകര്‍ച്ച വ്യാധികള്‍?    

ഒരു നിശ്ചിത കലയാളവിനുള്ളില്‍, വലിയ ഒരു കൂട്ടം ജനങ്ങളിലേക്ക് അതിവേഗത്തില്‍ പടരുന്ന, മാരകമായ രോഗങ്ങളെയാണ് പകര്‍ച്ച വ്യാധികള്‍ എന്നു വിളിക്കുന്നത്. ലോകത്തില്‍ അറിയപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും പെട്ടന്നും വേഗത്തിലും പരക്കുകയും, അനേകം മനുഷ്യരെ ബാധിക്കുകയും അനേകരുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന രോഗങ്ങളെ ആഗോള പകര്‍ച്ചവ്യാധികള്‍ എന്നും മഹാ വ്യാധികള്‍ എന്നും വിളിക്കാം. ചില പകര്‍ച്ചവ്യാധികള്‍ നീണ്ടകാലത്തേക്ക് ലോകത്തില്‍ നിലനിക്കും, ചിലത് ചെറിയ ഒരു കാലയളവിനുള്ളില്‍ നിയന്ത്രണ വിധേയമാകും. ചില രോഗങ്ങളെ നമുക്ക് തുടച്ചു നീക്കുവാന്‍ കഴിയും, എന്നാല്‍ മറ്റ് ചിലത് അങ്ങിങ്ങായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. ഒരിക്കല്‍ തുടച്ചു നീക്കപ്പെട്ടത് എന്നു കരുതുന്ന രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷമായ ചരിത്രവും ഉണ്ട്.

പകര്‍ച്ച വ്യാധികള്‍ മനുഷ്യ ചരിത്രത്തിന്റെ ഭാഗം ആണ്. അത് മനുഷ്യ വംശങ്ങളെയും സംസ്കാരത്തെയും നാഗരികതകളെയും തുടച്ചു നീക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ കാരണം യുദ്ധങ്ങള്‍ പരാജയപ്പെടുകയും രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകരുകയും ചെയ്തിട്ടുണ്ട്. മഹാ വ്യാധികള്‍ ലോകത്തിന്റെ ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിത രീതികളെയും, അവന്റെ ആരോഗ്യത്തെയും മാനവ സംസ്കാരത്തെയും, രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ടുകളെയും ഇത് മാറ്റിമറിച്ചിട്ടുണ്ട്. ചില ഇടങ്ങളില്‍ മനുഷ്യരുടെ കുടിയേറ്റം ഉണ്ടാകുകയും ചില പ്രദേശങ്ങള്‍ ശൂന്യമാകുകയും ചെയ്തിട്ടുണ്ട്.

മനുഷ്യരും പകര്‍ച്ച വ്യാധികളും തമ്മിലുള്ള ബന്ധം പഴക്കമേറിയതാണ്. മനുഷ്യര്‍ കൃഷി ചെയ്തു ജീവിക്കുവാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പകര്‍ച്ച വ്യാധികള്‍ ഉണ്ടായിരുന്നിരിക്കാം. മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടി പിടിക്കുവാന്‍ ആരംഭിച്ച കാലത്തായിരിക്കാം പകര്‍ച്ച വ്യാധികള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത്. മനുഷ്യര്‍ ഒരുമിച്ച് ഒരു സമൂഹമായി ജീവിക്കുവാന്‍ ആരംഭിച്ചത് പകര്‍ച്ച വ്യാധികള്‍ പടരുന്നത് എളുപ്പമാക്കി. മനുഷ്യന്റെ സാമൂഹിക പുരോഗതി അനുസരിച്ചു രോഗങ്ങളുടെ പകര്‍ച്ചയ്ക്കുള്ള സാഹചര്യം വര്‍ദ്ധിച്ചു. വ്യവസായവും, യുദ്ധങ്ങളും, യാത്രകളും, എല്ലാം പകര്‍ച്ചവ്യാധികളെ ഒരു സ്ഥലത്തുനിന്നും മറ്റ് എല്ലാ ഇടങ്ങളിലേക്കും വേഗത്തില്‍ പരത്തുന്നു.  

ലോക ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ പകര്‍ച്ചവ്യാധികളെക്കുറിച്ചും, അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും ഇന്ന് നമുക്ക് അറിവില്ല. പുരാതന കാലത്തെക്കുറിച്ച് നമുക്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂ.

ചരിത്രാതീത കാലം

വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മഹാവ്യാധികളില്‍ ആദ്യത്തേതാണ്, മിസ്രയീം ദേശത്ത് മോശെയുടെ കാലത്ത് സംഭവിച്ചത്. അത് യിസ്രായേല്‍ ജനത്തെ അവിടെ നിന്നും സ്വതന്ത്രരാക്കുവാന്‍, യഹോവയായ ദൈവം, മിസ്രയീം രാജ്യത്തിനുമേല്‍ അയച്ചതാണ് എന്നു വേദപുസ്തകം പറയുന്നു. അത് വ്യത്യസ്തമായതും തുടര്‍ച്ചയായി സംഭവിച്ചതുമായ 10 ബാധകള്‍ ആയിരുന്നു. അതില്‍ ചിലത് പ്രകൃതിയെയും, മറ്റ് ചിലത് മൃഗങ്ങളെയും മനുഷ്യരെയും ബാധിച്ചു. ഇതിനാല്‍, മിസ്രയീം രാജ്യത്തിന്റെ മതവും, സമ്പത്തും, സൈന്യബലവും, മനുഷ്യ വിഭവശേഷിയും തകര്‍ന്നു.

യിസ്രായേല്‍ ജനം മരുഭൂമിയിലൂടെ യാത്ര ചെയ്തപ്പോഴും അവര്‍ ബാധകളെ അഭിമുഖീകരിച്ചു. വേദപുസ്തകത്തിലെ അവസാനത്തെ പുസ്തകമായ വെളിപ്പാട് പുസ്തകത്തിലും, തുടര്‍ച്ചയായ ബാധകള്‍ ഭൂമിയെയും മനുഷ്യരെയും ബാധിക്കും എന്നുള്ള പ്രവചനം ഉണ്ട്. മനുഷ്യരുടെ പാപവും അതിന്റെ ശിക്ഷയും ആണ് വേദപുസ്തകത്തിലെ ബാധകളുടെ ചരിത്രം. ബാധകള്‍ മനുഷ്യര്‍ക്ക് ചെറുത്തു തോല്‍പ്പിക്കുവാന്‍ കഴിയാത്തതായി വേദപുസ്തകത്തില്‍ ചിത്രീകരിക്കപ്പെടുന്നു.

വേദപുസ്തകത്തിന് വെളിയില്‍, മനുഷ്യ ചരിത്രത്തില്‍, ഏകദേശം 3000 BC ല്‍, ചൈനയിലെ ഒരു ഗ്രാമത്തെ മുഴുവന്‍ തുടച്ചുനീക്കിയ പകര്‍ച്ചവ്യാധിയാണ് ഇന്ന് നമുക് അറിയാവുന്ന ഏറ്റവും പുരാതനമായ മഹാ രോഗം. മരിച്ചവരുടെ ശവശരീരങ്ങള്‍ ഒരു വീടിനുള്ളില്‍ തിക്കി നിറച്ചതിന് ശേഷം അതിനെ തീവച്ചു നശിപ്പിക്കുക ആയിരുന്നു എന്നു പുരാവസ്തു ഗവേഷകരും നരവംശ ശാസ്ത്രജ്ഞരും കരുതുന്നു. മരിച്ചവരില്‍ എല്ലാ പ്രായത്തിലും ഉള്ളവര്‍ ഉണ്ടായിരുന്നു. വടക്ക് കിഴക്കന്‍ ചൈനയില്‍ ഉള്ള, ഈ വീട് നിന്നിരുന്ന സ്ഥലം ഇപ്പോള്‍, ഹാമിന്‍ മന്‍ഘ” (Hamin Mangha) എന്നാണ് അറിയപ്പെടുന്നത്. മരിച്ചവരെ അടകം ചെയ്യുവാനുള്ള സമയം പോലും ലഭിക്കാത്ത വിധം വേഗമായിരിക്കേണം ഈ മഹാ രോഗം പകര്‍ന്നത്. ഈ സ്ഥലത്ത് പിന്നീട് മനുഷ്യര്‍ താമസിച്ചിട്ടില്ല.

ചൈനയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് തന്നെ മറ്റൊരു ദുരന്ത സ്ഥലം കൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ “മിയാഒ സിഗോഉ” (Miaozigou) എന്നാണ് വിളിക്കുന്നത്. ഇവിടെ മരിച്ച മനുഷ്യരെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ ഉണ്ട്. അതിനാല്‍ ഒരു മഹാ പകര്‍ച്ചവ്യാധി ഈ പ്രദേശത്തെ ആകെ ബാധിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഈ രോഗം എന്തായിരുന്നു എന്നു നമുക്ക് ഇപ്പോള്‍ അറിവില്ല.   

ഏതന്‍സിലെ മഹാ വ്യാധി

BC 430 മുതല്‍ ഏതന്‍സ് എന്ന ഭൂപ്രദേശത്ത് ഒരു മഹാ വ്യാധി പടര്‍ന്നിരുന്നു എന്നതിന് തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഏകദേശം 5 വര്‍ഷങ്ങളോളം നീണ്ടു നിന്നു. ഏതന്‍സിലെ ഏകദേശം ഒരു ലക്ഷം പേര്‍ രോഗത്താല്‍ മരിച്ചു. ഇതിനെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരനായ തുസൈഡിഡെസ് വിവരിക്കുന്നതിങ്ങനെയാണ്: പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിച്ച മനുഷ്യര്‍ക്ക്, പെട്ടന്നു അവരുടെ ശിരസ്സിനുള്ളില്‍ അതിരൂക്ഷമായ ഉഷണതരംഗം അനുഭവപ്പെട്ടു. ചൂട് കാരണം അവരുടെ കണ്ണുകള്‍ ചുവന്നു തുടുത്തു പഴുക്കുവാന്‍ തുടങ്ങി. അവരുടെ വായും, തൊണ്ടയും, നാക്കും പഴുക്കുകയും രൂക്ഷമായ ദുര്‍ഗന്ധം വായില്‍ നിന്നും പുറത്തേക്ക് വമിക്കുകയും ചെയ്തു. (Thucydides (460-400 BC).

ഏതന്‍സും സ്പാര്‍ട്ട എന്ന രാജ്യവും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമായിരിക്കേണം രോഗം പടര്‍ന്നു പിടിച്ചത്. (Athens and Sparta). ഈ യുദ്ധത്തെ “പെലോപൊന്നേഷിയന്‍ യുദ്ധം” എന്നാണ് വിളിക്കുന്നത്. (Peloponnesian War). ഈ പകര്‍ച്ചവ്യാധി ലിബിയ, എത്യോപ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും ഏതെന്‍സില്‍ എത്തുക ആയിരുന്നു. അപ്പോള്‍ സ്പാര്‍ട്ടന്‍സ് ഏതെന്‍സിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുക ആയിരുന്നു. ഈ രോഗത്താല്‍ ഏതെന്‍സിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുപേര്‍ മരിച്ചു. കടുത്ത പനി, അത്യധികമായ ദാഹം, തൊണ്ടയില്‍ നിന്നും നാക്കില്‍ നിന്നും രക്തം വരുക, തൊലി ചുവന്ന നിറത്തിലാകുക, മുറിവുക ഉണ്ടാകുക എന്നിവയായിരുന്നു രോഗ ലക്ഷണങ്ങള്‍. ഇത് എന്തു രോഗമായിരുന്നു എന്നു നമുക്ക് തീര്‍ച്ചയില്ല. ടൈഫോയിഡോ എബോള എന്ന രോഗത്തിന്റെ ഒരു രൂക്ഷമായ വകഭേദമോ ആയിരുന്നിരിക്കാം.

രോഗികള്‍ ഏഴോ എട്ടോ ദിവസങ്ങള്‍ക്കുളില്‍ മരിക്കും. രോഗത്തെ അതിജീവിക്കുന്നവരില്‍, കാഴ്ച നഷ്ടപ്പെടുവാനോ, അംഗവൈകല്യം ഉണ്ടാകുവാനോ, ആരോഗ്യം തകരുവാനോ സാധ്യത ഉണ്ടായിരുന്നു. രോഗികളെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പോലും രോഗ ബാധിതരായി മരിച്ചു.

ഏതെന്‍സില്‍ യുദ്ധത്തിനായി സൈന്യം ഒരുമിച്ച് കൂടിയത് രോഗം ദ്രുതഗതിയില്‍ പടരുവാന്‍ കാരണമായി. പകര്‍ച്ചവ്യാധികള്‍ക്ക് ഇടയിലും യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി ഏതന്‍സിന്‍റെ സൈന്യബലത്തെ ചോര്‍ത്തിക്കളഞ്ഞു. അതിനാല്‍ ഏതന്‍സിന് സ്പാര്‍ട്ടന്‍സുമായി ഉടമ്പടി ചെയ്ത് കീഴടങ്ങേണ്ടി വന്നു. 

ഇതില്‍ നിരാശരായ ജനം, രാജ്യത്തിന്റെയും സമൂഹത്തിന്റെയും മതത്തിന്റെയും നിയമങ്ങളെയും പ്രമാണങ്ങളെയും ധിക്കരിക്കുവാന്‍ തുടങ്ങി. അവരുടെ ദേവന്‍മാരിലുള്ള വിശ്വാസവും ആശ്രയവും കുറഞ്ഞു. ജീവിക്കുന്ന കാലം ഭൌതീക സുഖങ്ങള്‍ അനുഭവിച്ചു ജീവിക്കുക, ഏത് നിമിഷവും മരിക്കാം എന്ന ചിന്ത വളര്‍ന്ന് വന്നു. ഇതിനോടൊപ്പം അന്ധവിശ്വാസങ്ങളും തഴച്ചു വളര്‍ന്നു.

അന്‍റോനൈന്‍ പ്ലേഗ്

ക്രിസ്തുവിന് ശേഷം ഉണ്ടായ ഒരു മഹാവ്യാധിയായിരുന്നു “അന്‍റോനൈന്‍ പ്ലേഗ്” (Antonine Plague). ഇത് AD 165-180 വരെയുള്ള കാലത്ത് റോമന്‍ സാമ്രാജ്യത്തില്‍ പരക്കെ വ്യാപിച്ചു. അയല്‍ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി, അവിടെയുള്ള സ്വത്തുക്കള്‍ കൊള്ളചെയ്തു സാമ്രാജ്യത്തിന്റെ വിസ്തൃതിയും സമ്പത്തും വര്‍ദ്ധിപ്പിക്കുക എന്നത് റോമന്‍ രീതിയായിരുന്നു. അങ്ങനെ യുദ്ധം ചെയ്യുവാന്‍ പോയ സൈന്യം, ശത്രുരാജ്യത്തിലെ കൊള്ള മാത്രമല്ല കൂടെ കൊണ്ടുപോന്നിരുന്നത്, അവിടെയുള്ള രോഗങ്ങളെയും അവര്‍ വഹിച്ചുകൊണ്ട് വന്നു. ഇങ്ങനെ, പാര്‍ത്തിയ (Parthia) എന്ന രാജ്യത്തെ ആക്രമിച്ചതിന് ശേഷം തിരിച്ചെത്തിയ റോമന്‍ സൈന്യം പകര്‍ച്ച വ്യാധിയെയും റോമന്‍ സാമ്രാജ്യത്തില്‍ എത്തിച്ചു. ഇത് വിശാലമായ റോമന്‍ സാമ്രാജ്യത്തിലാകെ പരന്നു. അത് ഒരു പക്ഷേ ഇന്ന് നമ്മള്‍ “വസൂരി” (smallpox) എന്നു വിളിക്കുന്ന രോഗം ആയിരുന്നിരിക്കാം. ഈ രോഗം, അന്നത്തെ റോമന്‍ സാമ്രാജ്യത്തിലെ ഏകദേശം 50 ലക്ഷത്തില്‍ അധികം പേരെ കൊന്നൊടുക്കി. അതായത്, റോമന്‍ സാമ്രാജ്യത്തിലെ മൂന്നില്‍ ഒന്നു ജനങ്ങള്‍ ഈ മഹാവ്യാധിയാല്‍ മരിച്ചു. അതില്‍ അനേകര്‍ സൈന്യത്തിലെ അംഗങ്ങള്‍ ആയിരുന്നു.

ഇതിനെ പ്ലേഗ് ഓഫ് ഗാലെന്‍ എന്നും വിളിക്കാറുണ്ട്. (Plague of Galen) ഗാലെന്‍ ആക്കാലത്തെ ഒരു വൈദ്യന്‍ ആയിരുന്നു. അക്കാലത്ത്, ലൂസിയസ് വെറസും മാര്‍ക്കസ് ഒറേലിയസും ചക്രവര്‍ത്തി പദം പങ്കിട്ടിരുന്നു. (Lucius Aurelius Verus, Marcus Aurelius Antoninus). വെറസ് 169 ലും ഒറേലിയസ് 180 ലും മരിച്ചു. ഇരുവരും മരിച്ചത് ഈ പകര്‍ച്ചവ്യാധിയാല്‍ ആണ് എന്നു കരുതപ്പെടുന്നു. ഒറേലിയസിന്റെ കുടുംബ പേരില്‍ നിന്നുമാണ് ഈ പകര്‍ച്ചവ്യാധിക്ക്, അന്‍റോനൈന്‍ പ്ലേഗ് എന്ന പേര് ലഭിച്ചത്. 

ഈ പകര്‍ച്ചവ്യാധി, 180 AD നു ശേഷം സംഭവിച്ച, റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ ഒരു കാരണമാണ്. ഇതോടെ റോമന്‍ സാമ്രാജ്യത്തിന്റെ സൈനീക, സാമ്പത്തിക ശക്തി ക്ഷയിച്ചു. റോമന്‍ സാമ്രാജ്യത്തില്‍ പല സ്ഥലങ്ങളിലും ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായി. അയല്‍ രാജ്യങ്ങള്‍ അവരെ ആക്രമിക്കുവാന്‍ തുടങ്ങി. സൈന്യ ബലം നഷ്ടപ്പെട്ട റോമാക്കാര്‍ക്ക് ഇതിനെയൊന്നും പര്യാപ്തമായി പ്രതിരോധിക്കുവാന്‍ കഴിഞ്ഞില്ല.

എന്നാല്‍ റോമന്‍ പാരമ്പര്യങ്ങളിലും ആത്മീയതയിലും ഉള്ള വിശ്വസം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വന്നു. ഈ മഹാവ്യാധിയ്ക്കു ശേഷം ക്രിസ്തുമതം റോമന്‍ സാമ്രാജ്യത്തിലും, പിന്നീട് അതിനെ ആക്രമിച്ചു പിടിച്ചടക്കിയ രാജ്യങ്ങളിലും ശക്തമായി വ്യാപിച്ചു. പകര്‍ച്ചവ്യാധി ക്രിസ്തീയ സഭയെ തളര്‍ത്തിയില്ല, അതിനെ ശക്തിപ്പെടുത്തിയതെയുള്ളൂ.

 പ്ലേഗ് ഓഫ് സൈപ്രിയന്‍

AD 250 മുതല്‍ 271 വരെയുള്ള കാലഘട്ടത്തില്‍, ഈജിപ്തിലെ തെബ്സ് പട്ടണത്തില്‍ ഉണ്ടായ മഹാവ്യാധിയാണ് പ്ലേഗ് ഓഫ് സൈപ്രിയന്‍ എന്നു അറിയപ്പെടുന്നത് (Plague of Cyprian). സൈപ്രിയന്‍ അപ്പോള്‍ ടുണീഷ്യയിലെ കാര്‍ത്തേജ് എന്ന സ്ഥലത്തെ ബിഷപ്പ് ആയിരുന്നു. പകര്‍ച്ച വ്യാധിയുണ്ടായപ്പോള്‍, അതിനെ അദ്ദേഹം ലോകാവസാനവും യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ലക്ഷണവും ആയി വ്യാഖ്യാനിച്ചു. പകര്‍ച്ചവ്യാധി എത്യോപ്പിയയില്‍ നിന്നും വടക്കന്‍ ആഫ്രിക്കയിലേക്കും, തുടര്‍ന്നു റോം, ഈജിപ്ത്, വടക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും പടര്‍ന്നു. പട്ടണങ്ങളില്‍ രോഗം പടന്നു പിടിച്ചപ്പോള്‍, അവിടെയുള്ള ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചു. ഇത് രോഗം ഗ്രാമങ്ങളിലേക്ക് കൂടി പടരുവാന്‍ കാരണമായി.

ഈ രോഗം കാരണം, റോമില്‍ മാത്രം, ഒരു ദിവസം 5000 പേര്‍ വീതം മരിച്ചു എന്നു കരുതപ്പെടുന്നു. മരിച്ചവരെ ചുണ്ണാമ്പ് കല്ലുകള്‍  കൊണ്ട് മൂടി അടക്കുകയോ, അനേകം ശരീരങ്ങളെ ഒരുമിച്ച് കൂട്ടി തീയില്‍ കത്തിച്ചു കളയുകയോ ആയിരുന്നു.

അടുത്ത മൂന്നു നൂറ്റാണ്ടുകളില്‍ ഈ രോഗം ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 444 AD യില്‍ ഇത് ഇംഗ്ലണ്ടിനെ ബാധിച്ചു. അത് അവരുടെ സൈന്യബലത്തെ ക്ഷീണിപ്പിച്ചു. അതിനാല്‍, പിക്റ്റ്സ്, സ്കോട്ട്സ് എന്നിവരോടുള്ള യുദ്ധത്തില്‍ ജയിക്കുവാനായി അവര്‍ സാക്സന്‍ വംശജരുടെ സഹായം തേടി. ഇത് പിന്നീട് സാക്സന്‍ വംശജര്‍ ഇംഗ്ലണ്ടിനെ കീഴടക്കുവാന്‍ കാരണമായി. (Picts, Scots, Saxons)

പ്ലേഗ് ഓഫ് ജസ്റ്റീനിയന്‍

വളരെ നാളുകള്‍ നീണ്ടുനിന്ന ഒരു പകര്‍ച്ചവ്യാധിയായിരുന്നു 6 ആം നൂറ്റാണ്ടിന്റെയും 8 ആം നൂറ്റാണ്ടിന്റെയും ഇടയില്‍ വ്യാപിച്ച പ്ലേഗ് എന്ന മഹാരോഗം. ഇത് രണ്ടാമതും 14 ആം നൂറ്റാണ്ടിന്റെയും 19 ആം നൂറ്റാണ്ടിന്റെയും ഇടയില്‍ വീണ്ടും പ്രത്യക്ഷമായി. ഒന്നാമത്തെ പ്ലേഗ് ബാധ, അന്നത്തെ റോമന്‍ ചക്രവര്‍ത്തിയുടെ പേരിനോടൊപ്പാം, ജസ്റ്റീനിയന്‍ പ്ലേഗ് (Plague of Justinian) എന്നും രണ്ടാമത്തെ പ്ലേഗ് “കറുത്ത മരണം” (Black Death) എന്നും അറിയപ്പെടുന്നു. 

AD 541 നും 542 നും ഇടയിലാണ് ജസ്റ്റീനിയന്‍ പ്ലേഗ് ഉണ്ടായത്. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്കും രോഗം ബാധിച്ചു എങ്കിലും അദ്ദേഹം സൌഖ്യം പ്രാപിച്ചു. കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ ഈ പകര്‍ച്ച വ്യാധി 4 മാസങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ എങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലായി ഇത് ഏകദേശം 300 വര്‍ഷങ്ങള്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരുന്നു. ഏറ്റവും അവസാനത്തെ രോഗ പകര്‍ച്ച ഉണ്ടായത് 750 AD യിലാണ്.

ഈജിപ്തില്‍ ആയിരിക്കാം ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അവിടെ നിന്നും ബൈസാന്റൈന്‍ സാമ്രാജ്യം, സസ്സാനിയന്‍ സാമാജ്യം, മെഡിറ്ററേനിയന്‍ സമുദ്രത്തിനും ഏഷ്യ മൈനര്‍ പ്രദേശത്തിനും ഇടയിലുള്ള രാജ്യങ്ങള്‍, പലസ്തീന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് പടര്‍ന്നു. ഇതിനാല്‍ മൊത്തം 1000 ലക്ഷം പേര്‍ എങ്കിലും മരിച്ചിട്ടുണ്ടാകും. അതായത് അന്നത്തെ ലോക ജനസഖ്യയിലെ 30 ശതമാനം പേര്‍ ഈ രോഗത്താല്‍ മരിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു.

ബൈസാന്റൈന്‍ സാമ്രാജ്യം ഒരു പരിഷ്കൃത സമൂഹമായിരുന്നു. എന്നാല്‍ പകര്‍ച്ച വ്യാധി കാരണം, എല്ലാ സാമൂഹിക സംവിധാനങ്ങളും തകര്‍ന്നു. നിയമങ്ങള്‍ ആര്‍ക്കും പാലിക്കുവാന്‍ കഴിയാതെയായി. ശവശരീരങ്ങള്‍ മറവ് ചെയ്യുവാന്‍ കഴിയാതെ വന്നപ്പോള്‍, ജനങ്ങള്‍ തെരുവീഥികളിലും കടല്‍ തീരത്തും ശരീരങ്ങളെ ഉപേക്ഷിക്കുവാന്‍ തുടങ്ങി. ഇത് ഗവണ്‍മെന്‍റിന് ഒരു ഭാരമായി മാറി. റോമന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നു. നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. സാമ്രാജ്യത്തിന് സൈന്യത്തിനെ പോറ്റുവാന്‍ പോലും കഴിഞ്ഞില്ല. പടിഞ്ഞാറന്‍, കിഴക്കന്‍ റോമന്‍ സാമ്രാജ്യങ്ങള്‍ ഒന്നിപ്പിച്ച് വീണ്ടും റോമന്‍ സാമ്രാജ്യത്തെ ഒന്നായി പുനസ്ഥാപിക്കുക എന്ന ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ആഗ്രഹം വിഫലമായി. റോമന്‍ സാമ്രാജത്വ വികസനമെന്ന സ്വപ്നം അവസാനിച്ചു. ലോകം അവസാനിക്കുവാന്‍ പോകുന്നു എന്നൊരു ഭീതി ജനങ്ങളുടെ ഇടയില്‍ ഉണ്ടായി. ഇത് ക്രൈസ്തവ മത വിശ്വസം വേഗം പരക്കുവാന്‍ സഹായിച്ചു.

ഈ കാലത്ത് ക്രിസ്തീയ സഭ ഈ സംഭവങ്ങളെ വിശദീകരിക്കുവാന്‍ പ്രയാസപ്പെട്ടു. വെളിപ്പാട് പുസ്തകത്തിലെ പ്രവചനങ്ങള്‍ ആയിരുന്നു അവര്‍ക്ക് ആശ്രയം. മഹാവ്യാധികള്‍ പാപത്തിനുള്ള ശിക്ഷയായും ദൈവ കോപമായും വ്യാഖ്യാനിക്കപ്പെട്ടു. ഇതേ വ്യാഖ്യാനം പിന്നീട് ഉണ്ടായ എല്ലാ പകര്‍ച്ചവ്യാധികാലത്തും ക്രൈസ്തവ പ്രഭാഷകര്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ജനസംഖ്യ കുറഞ്ഞതും രോഗബാധയില്ലാത്തതുമായ പ്രദേശങ്ങളിലൂടെ മുസ്ലീം ഭരണാധികാരികള്‍ ബൈസാന്‍റിയം സാമ്രാജ്യത്തിലേക്ക് നുഴഞ്ഞു കയറി. ഇത് പിന്നീട് റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായി.

കുഷ്ഠരോഗം

11 ആം നൂറ്റാണ്ടിലും തുടര്‍ന്നുള്ള മദ്ധ്യകാല ഘട്ടത്തിലും യൂറോപ്പില്‍ കുഷ്ഠരോഗം വ്യാപകമായി പടരുവാന്‍ തുടങ്ങി. ഇതിനെ ഹാന്‍സെന്‍ രോഗം (Hansen’s disease) എന്നും വിളിക്കാറുണ്ട്. ഒരു തരം ബാക്റ്റീരിയ ആയിരുന്നു രോഗ കാരണം. ഒരു വ്യക്തിയെ ക്രമേണ ബാധിക്കുന്ന ഈ രോഗം, ശരീരത്തില്‍ മുറിവുകളും, വൃണങ്ങളും ഉണ്ടാക്കുകയും, അതിനാല്‍  ശരീരം വികൃതമാകുകയും, അംഗവൈകല്യം ഉണ്ടാകുകയും ചെയ്തു.

ഇതിനെ പാപത്തിന്റെ ദൈവീക ശിക്ഷയായി അന്നത്തെ ജനങ്ങള്‍ കണ്ടു. അതിനാലും രോഗത്തിന്റെ പകര്‍ച്ച ഭയന്നും, രോഗികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തി. ഇന്നും ഈ രോഗം പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഇത് ലോകത്തിലാകമാനം അനേകം കുഷ്ഠരോഗാശുപത്രികള്‍ ഉയരുവാന്‍ കാരണമായി.

കറുത്ത മരണം

“കറുത്ത മരണം” അല്ലെങ്കില്‍ “ബ്ലാക്ക് ഡെത്ത്” എന്നു അറിയപ്പെടുന്ന പകര്‍ച്ചവ്യാധി 1346 നും 1353 നും ഇടയില്‍ ഏഷ്യയിലും യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും വ്യാപകമായി പ്രത്യക്ഷപ്പെട്ടു (Black Death). ഈ രോഗത്തിന്റെ ഉറവിടം ചൈന ആയിരിക്കാം. ഇതിന്റെ കാരണം ഒരുതരം ബാക്ടീരിയ ആയിരുന്നു. ഈ രോഗത്താല്‍ ഏകദേശം 2000 ലക്ഷം പേര്‍ മരിച്ചു. അതായത് അന്നത്തെ യൂറോപ്പിലെ ജനസംഖ്യയില്‍ 60 ശതമാനം പേരും, ലോക ജനസംഖ്യയിലെ മൂന്നിലൊന്ന് പേരും ഈ രോഗത്താല്‍ മരിച്ചു. മരിച്ചവരുടെ ശവശരീരങ്ങളെ കൂട്ടത്തോടെ അടക്കുക ആയിരുന്നു. പല പ്രദേശങ്ങളിലും ശവശരീരങ്ങള്‍ കൃത്യമായി അടക്കം ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ശവ ശരീരങ്ങളില്‍ നിന്നും പുറത്തേക്ക് വമിച്ച ദുര്‍ഗന്ധം പട്ടങ്ങളില്‍ നിറഞ്ഞു നിന്നു.

യൂറോപ്പിന്റെ ചരിത്രത്തെയും സാമൂഹിക ജീവിതത്തേയും മാറ്റിയ ഒരു മഹാവ്യാധിയായിരുന്നു കറുത്ത മരണം. കലയും സാമൂഹിക ജീവിതവും, സാമ്പത്തിക മേഖലയും സാംസ്കാരിക പ്രവര്‍ത്തനളും എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായി. മഹാവ്യാധികള്‍ വന്നു പോകുന്നവയല്ല, അത് സമൂഹത്തെ മാറ്റിമറിക്കുന്നതാണ് എന്നതിന്റെ നല്ല ഉദാഹരണം ആണിത്. 

അന്നത്തെ ശാസ്ത്രജ്ഞന്‍മാര്‍, മൂന്നു ഗ്രഹങ്ങളുടെ പ്രത്യേക രീതിയിലുള്ള സംഗമം ആണ് രോഗത്തിന്റെ കാരണം എന്ന് ആദ്യം വിലയിരുത്തി. പിന്നീട്, അത് വിഷലിപ്തമായ വായു മൂലമാണ് എന്ന വിശദീകരണം ഉണ്ടായി. ശാസ്ത്രത്തിന് ശരിയായ വിശദീകരണം നല്കുവാന്‍ കഴിയാതെ വന്നപ്പോള്‍, ജനങ്ങള്‍ മത വിശ്വാസത്തിലേക്ക് തിരിഞ്ഞു. അവര്‍ വിശുദ്ധന്മാരോടും കന്യകാ മറിയത്തോടും മദ്ധ്യസ്ഥത അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രാര്‍ത്ഥനകള്‍ നടത്തി. ദൈവീക ഇടപെടലിനായി സ്വയം പീഡിപ്പിച്ചുകൊണ്ടു അവര്‍ തെരുവുകളിലൂടെ നടന്നു.

ഇതും പാപത്തിന്റെ ദൈവീക ശിക്ഷയാണ് എന്നു ക്രൈസ്തവ സഭ വ്യാഖ്യാനിച്ചു. എന്നു മാത്രമല്ല, ഏതെല്ലാം വിഭാഗങ്ങളിലുള്ള ജനങ്ങള്‍ ആണ് കൂടുതല്‍ പാപികള്‍ എന്നും സഭ കണ്ടെത്തി. അത് ന്യൂനപക്ഷ സമൂഹങ്ങളോ സ്ത്രീകളോ ആയിരുന്നു. യഹൂദന്മാരെ വലിയ പാപികള്‍ ആയി പ്രഖ്യാപിച്ചു. അവരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു. ചിലരെ മത വിരുദ്ധര്‍ ആയി പ്രഖ്യാപിച്ചു പീഡിപ്പിച്ച് കൊന്നു.

ക്രിസ്തീയ സഭ മാത്രമല്ല, മുസ്ലീം ഭരണാധികാരികളും ഇത്തരം അന്ധവിശ്വാസങ്ങളെ പ്രചരിപ്പിച്ചു. കെയ്റോവിലെ സുല്‍ത്താന്‍, സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുത് എന്നു കല്‍പ്പനയിറക്കി. സ്ത്രീകര്‍ പുരുഷന്മാരെ പാപം ചെയ്യുവാനായി പ്രേരിപ്പിക്കുന്നു എന്നതായിരുന്നു കുറ്റം. എന്നാല്‍ ഇതൊന്നും രോഗത്തിന് പ്രതിവിധി ആയില്ല.

രോഗത്തെ പ്രതിരോധിക്കുവാന്‍ സുഗന്ധങ്ങള്‍ക്ക് കഴിയും എന്നൊരു ചിന്ത ഉണ്ടായി. അതിനാല്‍ സുഗന്ധമുള്ള പൂക്കളും മറ്റ് ദ്രവ്യങ്ങളും ജനങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. രോഗത്തില്‍ അനേകം ഡോക്ടര്‍മാരും കൊല്ലപ്പെട്ടതിനാല്‍, വ്യാജ ഡോക്ടര്‍മാര്‍ എഴുന്നേല്‍ക്കുവാന്‍ തുടങ്ങി. അവര്‍ പ്രയോജനരഹിതമായ വസ്തുക്കള്‍ മരുന്നായി വിറ്റു. മന്ത്രം ചെയ്ത അത്ഭുത സിദ്ധിയുണ്ട് എന്നു അവകാശപ്പെട്ട് ചില വസ്തുക്കളും വിറ്റു. 

ചില ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ജനങ്ങള്‍ മൊത്തമായി മരിച്ചു. അത്തരം പ്രദേശങ്ങള്‍ ജനവാസമില്ലാത്തതായി തീര്‍ന്നു. കൃഷി ഇല്ലാതെയായി. ആഹാരസാധനങ്ങളുടെ ക്ഷാമം വര്‍ദ്ധിച്ചു. യാത്രകളും കച്ചവടവും നിരോധിക്കപ്പെട്ടു.

മരണസഖ്യ കൂടുതല്‍ ആയിരുന്നതിനാല്‍, യൂറോപ്പിലാകെ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെട്ടു. അതിനാല്‍ തൊഴിലാളികളുടെ വേതനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചമായ ആഹാരം വാങ്ങി കഴിക്കുവാന്‍ കഴിഞ്ഞു. ഭൂമിയുടെ വില കുറഞ്ഞു. കൂടുതല്‍ മെച്ചമായ വീടുകള്‍ ഉണ്ടായി. താഴ്ന്ന വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു. പ്രഭുത്വവും അടിമത്വവും അവസാനിച്ചു. വരേണ്യവര്‍ഗ്ഗത്തിന്റെ അധികാരവും അവര്‍ പറയുന്ന കാര്യങ്ങളുടെ വിശ്വസനീയതയും കുറഞ്ഞു. പല സാമൂഹിക വ്യവസ്ഥിതികളെയും തൊഴിലാളികളും പാവപ്പെട്ട ജനങളും ചോദ്യം ചെയ്യുവാന്‍ തുടങ്ങി. ഉന്നത വിഭാഗവും താഴ്ന്ന വിഭാഗവും തമ്മിലുള്ള വിഭജനം ഇല്ലാതെയായി. മദ്ധ്യവര്‍ഗ്ഗം ഉടലെടുത്തു. മതവും പള്ളികളും അതിന്റെ സംവിധാനങ്ങളും അവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. ഇത് രാക്ഷ്ട്രീയ വ്യവസ്ഥിതിയിലും മാറ്റങ്ങള്‍ വരുത്തി. വ്യവസായങ്ങള്‍ സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായി.

അന്നത്തെ എല്ലാ യുദ്ധങ്ങളും നിര്‍ത്തല്‍ ചെയ്തു. രാജ്യങ്ങളുടെ അതിരുകള്‍ മാറി. വൈക്കിങ്സ്, ഗ്രീന്‍ലാന്‍ഡ് പോലെയുള്ള വംശജരുടെ യുദ്ധങ്ങളും സാമ്രാജത്യ മോഹങ്ങളും അവസാനിച്ചു. വൈക്കിങ്സിന്‍റെ വടക്കന്‍ അമേരിക്കയിലേക്ക് ഉള്ള ആക്രമണം റദ്ദാക്കി. (Greenland, Vikings).

ഇതിന്റെയെല്ലാം തുടര്‍ച്ചയായി, 14 ആം നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനവും, 16 ആം നൂറ്റാണ്ടില്‍ ക്രൈസ്തവ സഭയിലെ നവീകരണ മുന്നേറ്റവും ഉണ്ടായി.

ക്യാറന്‍റീന്‍ എന്ന രീതി ഉടലെടുത്തത് ഇതിനോടൊപ്പം ആയിരുന്നു. ക്യാറന്‍റീന്‍ (quarantine) എന്ന വാക്ക് ഇറ്റാലിയന്‍ ഭാഷയിലെ ക്യാരന്‍റാ (quaranta) എന്ന വാക്കില്‍ നിന്നും ഉടലെടുത്തതാണ്. ഇതിന് 40 എന്നാണര്‍ത്ഥം. സാമൂഹിക അകലം, പൊതു ശുചിത്വം മുതലായ ജീവിത രീതികള്‍ ഈ രോഗത്തോടെ രൂപപ്പെട്ടു.

ഇന്നും ഈ രോഗം പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഏഷ്യ, ആഫ്രിക്ക, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഓരോ വര്‍ഷവും കുറെ രോഗികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നമ്മളുടെ ആരോഗ്യ പരിപാലനവും ശുചിത്വവും മെച്ചപ്പെട്ടതിനാല്‍, ഇന്ന് അത് വലിയ തോതില്‍ പടര്‍ന്നു പിടിക്കുവാനുള്ള സാധ്യതയില്ല. ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ഈ രോഗത്തെ ചികില്‍സിച്ച് ഭേദമാക്കുവാന്‍ കഴിയും.   

കൊകൊലിസ്ലി പകര്‍ച്ചവ്യാധി

അസ്ടെക് സാമ്രാജ്യം (Aztec Empire) തകര്‍ന്നത് 1520 ല്‍  ഉണ്ടായ ഒരു പകര്‍ച്ച വ്യാധി മൂലമാണ്. രോഗം കാരണം അവര്‍ക്ക് സ്പാനിഷ് സൈന്യത്തോട് എതിര്‍ത്തുനില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവരുടെ കൃഷിക്കാര്‍ക്ക് ആവശ്യമായ ആഹാരസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അന്ന് 560 ലക്ഷം ജനങ്ങള്‍ മരിച്ചിട്ടുണ്ടാകേണം. എന്നുമാത്രമല്ല, കൃഷി ഇടങ്ങള്‍ തരിശായി കിടന്നതിനാല്‍, അത് ഭൂമിയുടെ കാലാവസ്ഥയെയും ബാധിച്ചു.

1545 നും 1548 നും ഇടയില്‍, മദ്ധ്യ അമേരിക്കയിലും മെക്സിക്കയിലും പടര്‍ന്നു പിടിച്ച മറ്റൊരു രോഗമായിരുന്നു “കൊകൊലിസ്ലി പകര്‍ച്ചവ്യാധി (Cocoliztli epidemic). ഇതിനാല്‍ 150 ലക്ഷം പേര്‍ മരിച്ചു.

അമേരിക്കന്‍ പ്ലേഗുകള്‍

16 ആം നൂറ്റാണ്ടില്‍ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ കണ്ടിരുന്ന ഒന്നിലധികം രോഗങ്ങളെയാണ് “അമേരിക്കന്‍ പ്ലേഗുകള്‍” (American Plagues) എന്നു വിളിക്കുന്നത്. യൂറോപ്പില്‍ നിന്നും തിരികെ വന്നവര്‍ ആയിരിക്കാം ഇതിനെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിച്ചത്. ഇതില്‍ പ്രധാന പകര്‍ച്ചവ്യാധി വസൂരി ആയിരുന്നു (smallpox). ഇതായിരിക്കേണം, പുരാതന നഗരികതകള്‍ ആയിരുന്ന ഇന്‍കാ, അസ്ടെക് എന്നിവയെ തുടച്ചു നീക്കിയത്. (Inca, Aztec).

ഈ മഹാവ്യാധിയില്‍ പ്രയാസപ്പെടുമ്പോള്‍ ആയിരിക്കേണം, ഇന്‍കാ എന്ന നാഗരികതയെ സ്പാനിഷ് സൈന്യം 1532 ല്‍ ആക്രമിച്ചു കീഴടക്കുന്നത്. 1519 ലെ സ്പാനിഷ് ആക്രമണത്തെ ചെറുക്കുവാന്‍ അസ്ടെക് നാഗരികതയ്ക്കു കഴിയാതെയിരുന്നതും ഈ രോഗം കാരണം ആയിരിക്കേണം. ബിട്ടന്‍, ഫ്രാന്‍സ്, പോര്‍ട്ടുഗീസ്, നെതര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ അവരുടെ ചുറ്റിനുമുള്ള രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കിയതും ഇക്കാലത്താണ്. ചെറിയ രാജ്യങ്ങളിലെ സൈന്യത്തിന് പകര്‍ച്ചവ്യാധി കാരണം ആക്രമണങ്ങളെ ചെറുക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഈ രോഗത്തോടെ അനേകം പുരാതന നാഗരികതകള്‍ അപ്രത്യക്ഷമായി.

ലണ്ടനിലെ വലിയ പ്ലേഗ്

1665 ല്‍ ലണ്ടന്‍ പട്ടണത്തില്‍ ആരംഭിച്ച മഹാവ്യാധിയാണ്, “ലണ്ടനിലെ വലിയ പ്ലേഗ്” (Great Plague of London) എന്നു അറിയപ്പെടുന്നത്. ഇത് 1666 വരെ നീണ്ടുനിന്നു. മുയല്‍, എലി, അണ്ണാന്‍ എന്നിങ്ങനെയുള്ള ജീവികളെ ബാധിച്ച രോഗത്തെ ഒരു തരം ചെറിയ പ്രാണികള്‍ മനുഷ്യരിലേക്ക് പരത്തുക ആയിരുന്നു. രോഗത്തില്‍ നിന്നും രക്ഷപ്പെടുവാനായി, അന്നത്തെ രാജാവായിരുന്ന ചാള്‍സ് രണ്ടാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ലണ്ടന്‍ പട്ടണം ഉപേക്ഷിച്ച് പോയി. രോഗം ശമിച്ചപ്പോഴേക്കും ഏകദേശം 10 ലക്ഷം പേര്‍ ലണ്ടനില്‍ തന്നെ മരിച്ചു. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20 % ആയിരുന്നു. ശവശരീരങ്ങളെ കൂട്ടത്തോടെ കുഴിച്ചിട്ടു. രോഗവാഹകര്‍ എന്ന ധാരണയില്‍, നായ്ക്കളെയും പൂച്ചകളെയും കൂട്ടത്തോടെ കൊന്നു.

ഇതിന്റെ തുടര്‍ച്ചയെന്നവണം 1666 സെപ്റ്റംബര്‍ 2 ആം തീയതി, ലണ്ടന്‍ പട്ടണം അഗ്നിക്ക് ഇരയായി. 4 ദിവസങ്ങള്‍ തുടര്‍ന്ന അഗ്നിബാധ ലണ്ടന്‍ പട്ടണത്തിന്റെ വലിയ ഒരു ഭാഗത്തെ ഇല്ലാതാക്കി.

മാര്‍സെല്ലെയിലെ വലിയ പ്ലേഗ്

1720-1723 നും ഇടയില്‍ ഫ്രാന്‍സിലെ മാര്‍സെല്ലെയില്‍ ഉണ്ടായ പ്ലേഗ് ബാധയില്‍, അവിടെ ഉണ്ടായിരുന്ന ജനങ്ങളില്‍ 30 ശതമാനത്തോളം പേര്‍ മരിച്ചു. മാര്‍സെല്ലെ ഒരു തുറമുഖ പട്ടണം ആയിരുന്നു. അവിടെ എത്തിയ ഒരു കപ്പലിലെ എലികളില്‍ നിന്നും ഈച്ചപ്പോലെയുള്ള ജീവികളിലൂടെ ആണ് പട്ടണ നിവാസികളിലേക്ക് രോഗം പടര്‍ന്നത്. മൂന്നു വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്ലേഗ്ല്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചു.

റഷ്യന്‍ പ്ലേഗ്

റഷ്യന്‍ പ്ലേഗ് 1770 മുതല്‍ 1772 വരെ നീണ്ടുനിന്നു (Russian plague). അന്നത്തെ രാഞ്ജി കാതറിന്‍ രണ്ടാമന്‍ മോസ്കോയില്‍ ക്യാറന്‍റീന്‍ ഏര്‍പ്പെടുത്തി (Catherine II). രോഗത്തെ നിയന്ത്രിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍, മോസ്കോയിലെ എല്ലാ വ്യവസായ ശാലകളും മോസ്കോയില്‍ നിന്നും മാറ്റി സ്ഥാപിക്കുവാന്‍ രാഞ്ജി ഉത്തരവിട്ടു. നിയന്ത്രണങ്ങളില്‍ പ്രകോപിതരായ ജനം കലാപം ഉണ്ടാക്കി. ആരാധനയ്ക്കായി പള്ളികളില്‍ ഏത്തരുത് എന്നു അഭ്യര്‍ത്ഥിച്ച ആര്‍ച്ച് ബിഷപ്പ് അംബ്രോസിയൂസിനെ കലാപകാരികള്‍ വധിച്ചു. (Archbishop Ambrosius). രോഗത്താല്‍ ഏകദേശം ഒരു ലക്ഷം പേര്‍ മരിച്ചു. അതിന്റെ ഫലമായി പകര്‍ച്ചവ്യാധിയ്ക്ക് ശേഷം, 1773 ല്‍ ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായി. അതില്‍ വീണ്ടും അനേകര്‍ മരിച്ചു.

ഫിലദെല്‍ഫിയയിലെ മഞ്ഞ പനി

1793 ന്‍റെ ആദ്യ പകുതിയില്‍ അമേരിക്കയിലെ ഫിലദെല്‍ഫിയയില്‍ മഞ്ഞ പനി എന്ന ഒരു പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചു. (Philadelphia yellow fever). ഈ രോഗത്തെ മലയാളത്തില്‍ പിത്തപ്പകര്‍ച്ച പനി എന്നും പീതജ്വരം എന്നും വിളിക്കാറുണ്ട്. അന്ന് ഫിലദെല്‍ഫിയ ആയിരുന്നു അമേരിക്കയുടെ തലസ്ഥാനം. അന്നത്തെ ആരോഗ്യ വിദഗ്‌ദ്ധര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് രോഗം വരുകയില്ല എന്ന് വിശ്വസിച്ചു. അതിനാല്‍ അവരെ രോഗികളെ ശുശ്രൂഷിക്കുവാനായി നിയമിച്ചു. ഇത് വലിയ ദുരന്തം ആയി.

മഞ്ഞപ്പനി കൊതുകുകള്‍ പരത്തുന്ന രോഗമായിരുന്നു. ആ വര്‍ഷം കൊതുകുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായിരുന്നു. മഞ്ഞുകാലം വന്നപ്പോള്‍ കൊതുകുകള്‍ ചാകുകയും രോഗം ശമിക്കുകയും ചെയ്തു. അപ്പോഴേക്കും ഏകദേശം 5000 പേര്‍ മരിച്ചിരുന്നു.

കോളറ പകര്‍ച്ച വ്യാധി

കോളറ പകര്‍ച്ച വ്യാധിയുടെ തുടക്കം 1817 ല്‍ ആണെന്ന് പറയാം. പിന്നീട് അത് 150 വര്‍ഷങ്ങള്‍ ലോകത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. ഇത് റഷ്യയില്‍ ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നു പറയപ്പെടുന്നു. അന്ന് 10 ലക്ഷം പേര്‍ റഷ്യയില്‍ മരിച്ചു. അവിടെ നിന്നും ഇതിന്റെ ബാക്ടീരിയയെ ബ്രിട്ടീഷ് സൈന്യം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്‍ഡ്യയിലും ലക്ഷ കണക്കിനു ആളുകള്‍ മരിച്ചു. ബ്രിട്ടീഷ് നാവികര്‍ അതിനെ സ്പെയിന്‍, ആഫ്രിക്ക, ഇന്തോനേഷ്യ, ചൈന, ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളില്‍ എല്ലാം എത്തിച്ചു. ആദ്യത്തെ ആക്രമണത്തില്‍ തന്നെ ഒരു ലക്ഷത്തി അന്‍പതിനായിനായിരം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. 1885 ല്‍ ഇതിനൊരു പ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്തി. എങ്കിലും ഇത് ഇന്നും ലോകത്ത് നിന്നും മാഞ്ഞുപോയിട്ടില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, വീണ്ടും ഈ രോഗത്തിന്റെ ഒരു ആഗോള പകര്‍ച്ച ഉണ്ടായി. അതിന്റെ ആരംഭം ഇന്‍ഡ്യയിലോ ഇന്തോനേഷ്യയിലോ ആണ് എന്ന് കരുതപ്പെടുന്നു. ഇതിനെ ആറാമത്തെ കോളറ ബാധ എന്ന് വിളിക്കുന്നു. (Sixth Cholera Pandemic). അശുദ്ധമായ വെള്ളവും, ഭക്ഷണവും മൂലമായിരുന്നു ഇത് ഉണ്ടായത്. ഇത് റഷ്യ, മധ്യ പൂര്‍വ്വ രാജ്യങ്ങള്‍, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതിനാല്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും ഇന്‍ഡ്യയിലും റഷ്യയിലും ഉള്ളവര്‍ ആയിരുന്നു.

ഫ്ലൂ പകര്‍ച്ച പനി

1889 ലും 1890 ലും പാരീസില്‍ ഫ്ലൂ പകര്‍ച്ച പനി വ്യാപകമായി പടര്‍ന്നു. ഇത് 10 ലക്ഷം പേരെ കൊന്നൊടുക്കി. ഒരു തരം ഇന്‍ഫ്ലുവെന്‍സ വൈറസ് ആയിരുന്നു രോഗകാരണം. ഇത് ആരംഭിച്ചത് റഷ്യയിലെ സൈബീരിയയില്‍ ആയിരിക്കേണം. അവിടെനിന്നും അത് മോസ്കോയിലേക്കും, തുടര്‍ന്നു യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പരന്നു. 19 ആം നൂറ്റാണ്ടിലെ വ്യാവസായിക വളര്‍ച്ചയും യാത്ര സൌകര്യങ്ങളിലെ വളര്‍ച്ചയും രോഗം പെട്ടന്ന് പടര്‍ന്നു പിടിക്കുവാന്‍ കാരണമായി. അന്ന് വിമാനയാത്രകള്‍ ആരംഭിച്ചിരുന്നില്ല എന്നിട്ടും ലോകത്തിലെ പല രാജ്യങ്ങളിലേക്കും രോഗം വേഗം പടര്‍ന്നു. 1890 ആയപ്പോഴേക്കും മൂന്ന് ലക്ഷത്തി അറുപത്തിനായിരം പേര്‍ ഈ രോഗം മൂലം മരിച്ചു.

അമേരിക്കന്‍ പോളിയോ പകര്‍ച്ചവ്യാധി

1916 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിലാണ് അമേരിക്കന്‍ പോളിയോ പകര്‍ച്ചവ്യാധി എന്ന രോഗത്തെ ആദ്യമായി തിരിച്ചറിയുന്നത്. അമേരിക്കയില്‍ തന്നെ 27,000 പേര്‍ രോഗികള്‍ ആകുകയും 6000 പേര്‍ രോഗത്താല്‍ മരിക്കുകയും ചെയ്തു. പ്രധാനമായും കുട്ടികളെ ഈ രോഗം ബാധിക്കുകയും പലര്‍ക്കും ജീവിതകാലമെല്ലാം അംഗവൈകല്യം ഉണ്ടാകുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഫ്രാങ്ക്ലിന്‍ റൂസ് വെല്‍ട്ട് 1921 ല്‍ 39 ആമത്തെ വയസ്സില്‍ പോളിയോ രോഗബാധിതനായി.

1954 ല്‍ ജോനാസ് സല്‍ക് എന്ന അമേരിക്കന്‍ വൈദ്യ ശാസ്ത്രജ്ഞന്‍ വാക്സിന്‍ കണ്ടു പിടിക്കുന്നത് വരെ ഈ രോഗം മാരകമായിതന്നെ തുടര്‍ന്നു. അമേരിക്കയിലെ അവസാനത്തെ രോഗിയെ കണ്ടെത്തിയത് 1979 ല്‍ ആണ്. ഇന്ന്, ലോകമെമ്പാടും പോളിയോ രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നുണ്ട്. അതിനാല്‍ രോഗത്തെ നിയന്ത്രണ വിധേയമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല.      

സ്പാനിഷ് ഫ്ലൂ

ആധുനിക ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ച വ്യാധിയായ സ്പാനിഷ് ഫ്ലൂ (Spanish Flu) 1918 മുതല്‍ 1920 വരെ യൂറോപ്പിലാകെ പടര്‍ന്നു പിടിച്ചു. ഈ രോഗബാധയാല്‍ ഏകദേശം 5000 ലക്ഷം പേര്‍ രോഗികളായി. അതില്‍ അഞ്ചില്‍ ഒന്ന് മരണത്തിന് കീഴടങ്ങി. അതായത് 1000 ലക്ഷം പേര്‍ രോഗബാധയാല്‍ മരിച്ചു. ഇത് അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നില്‍ ഒന്നു വരും. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ക്ഷാമവും പോഷക ആഹാരക്കുറവും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും എല്ലാം രോഗം പടരുവാന്‍ കാരണമായി. 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ളവരായിരുന്നു മരിച്ചവരില്‍ അധികവും. 

ഈ രോഗത്തെ സ്പാനിഷ് ഫ്ലൂ എന്നു വിളിക്കുന്നു എങ്കിലും അത് ആരംഭിച്ചത് സ്പെയിനില്‍ അല്ല. സ്പെയിനിലെ പത്രമാധ്യമങ്ങള്‍ ആണ് ആദ്യമായി ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതിനാല്‍ അവിടെനിന്നുമാകാം ഇത് പൊട്ടിപ്പുറപ്പെട്ടത് എന്ന തെറ്റിദ്ധാരണ ഉണ്ടായി. അങ്ങനെ സ്പാനിഷ് ഫ്ലൂ എന്ന പേരുണ്ടായി. എച്ച് 1 എന്‍ 1 ഇനത്തില്‍ പെട്ട ഒരു വൈറസ് ആയിരുന്നു രോഗകാരണം. പക്ഷികളില്‍ നിന്നുമാകാം ഇതിന്റെ ആരംഭം.

അന്ന് ആന്‍റി ബയോട്ടിക്ക് മരുന്നുകള്‍ ലഭ്യമായിരുന്നില്ല. ഇന്നത്തെപ്പോലെയുള്ള വെന്റിലേറ്റര്‍ സൌകര്യവും രോഗ ചികില്‍സയ്ക്ക് ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിച്ചും, മുഖം മറയ്ക്കുന്ന മാസ്ക് ഉപയോഗിച്ചും, കൈകള്‍ അനുനശീകരണ ലായിനികള്‍ ഉപയോഗിച്ച് കഴുകിയും ജനങ്ങള്‍ അതിനെ അതിജീവിക്കുവാന്‍ ശ്രമിച്ചു. ആളുകള്‍ കൂട്ടം കൂടുന്നതും, ആരാധനായലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരശാലകള്‍ എന്നിവ തുറക്കുന്നതും നിരോധിച്ചു. പൊതു സ്ഥലങ്ങളില്‍, വീടിന് വെളിയില്‍ മുഖം മറയ്ക്കുന്ന മാസ്ക് ധരിക്കേണം എന്നത് നിര്‍ബന്ധം ആയിരുന്നു. മാസ്ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ഇത് രോഗത്തിന്റെ വ്യാപനത്തെ കുറച്ചു. 1919 ആയപ്പോഴേക്കും രോഗബാധിതമായ പ്രദേശങ്ങളിലെ ജനങ്ങളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും രോഗം ക്രമേണ കുറയുകയും ചെയ്തു.

സ്പാനിഷ് ഫ്ലൂവിന്‍റെ കാലത്ത്, ഇന്നത്തെപ്പോലെ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലായിരുന്നു. അതിനാല്‍, ക്രിസ്തീയ സഭകള്‍ എല്ലാ ആഴ്ചയും, പത്ര മാധ്യമങ്ങളിലൂടെ സുവിശേഷ സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. വീടുകളില്‍ ആരാധന നടത്തുവാനും പത്രത്തിലെ പ്രസംഗങ്ങള്‍ വായിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും വിശ്വാസികളെ പ്രോല്‍സാഹിപ്പിച്ചു. ചില സഭകള്‍ പ്രസംഗങ്ങളും നിര്‍ദ്ദേശങ്ങളും തപാല്‍ വഴി വിശ്വാസികള്‍ക്ക് അയച്ചുകൊടുക്കുകയും എല്ലാവരും ഒരേ സമയത്ത് വീടുകളില്‍ ആരാധനയ്ക്കായും പ്രാര്‍ത്ഥനയ്ക്കായും കൂടേണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഏഷ്യന്‍ ഫ്ലൂവും ഹോങ്കോങ്ങ് പകര്‍ച്ചപ്പനിയും

ഏഷ്യന്‍ ഫ്ലൂ (Asian Flu) എന്നു അറിയപ്പെടുന്ന പകര്‍ച്ചപ്പനിയുടെ ആരംഭം സിംഗപ്പൂര്‍ ആയിരുന്നു. അത് അവിടെ നിന്നും ഹോങ്കോങ്ങില്‍ എത്തി. പിന്നീട് അമേരിക്കയുടെ തീര പ്രദേശങ്ങളിലും പടര്‍ന്ന് പിടിച്ച്. ഇത് 1957 മുതല്‍ 1958 വരെ ലോകത്താകെ പടര്‍ന്നുപിടിച്ചു. ആദ്യത്തെ ആറുമാസത്തില്‍ തന്നെ പതിനാലായിരം പേര്‍ മരിച്ചു. 1958 ല്‍ ഈ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. അന്ന് 11 ലക്ഷത്തിലധികം പേര്‍ ലോകത്താകമാനം മരിച്ചു. ഇതില്‍ 1,16,000 പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു. എച്ച് 2 എന്‍ 2 വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തരം ഏവിയന്‍ ഫ്ലൂ വൈറസ് ആയിരുന്നു കാരണക്കാരന്‍.

ഹോങ്കോങ്ങ് പകര്‍ച്ചപ്പനിയുടെ ആരംഭം 1968 ല്‍ ചൈനയില്‍ ആയിരുന്നു. എച്ച് 3 എന്‍ 3 വിഭാഗത്തില്‍ പെട്ട ഒരു വൈറസ് ആയിരുന്നു കാരണം. ലോകത്തോട്ടാകെ 10 ലക്ഷം പേര്‍ ഇതിനാല്‍ മരിച്ചു. അമേരിക്കയില്‍ മാത്രം ഒരു ലക്ഷം പേര്‍ മരിച്ചു.

എയിഡ്സ് മഹാവ്യാധി

എയിഡ്സ് എന്ന മഹാവ്യാധി ആരംഭിക്കുന്നത് 1981 ല്‍ ആണ് (AIDS). അത് ഇപ്പൊഴും മനുഷ്യരുടെ ഇടയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് 1920 കളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍ പെട്ട കുരങ്ങന്‍മാരില്‍ നിന്നുമാകാം മനുഷ്യരിലേക്ക് പടര്‍ന്നത്. ഇന്നുവരെ അതിനൊരു പ്രതിവിധിയോ, പ്രതിരോധ മരുന്നോ കണ്ടെത്തിയിട്ടില്ല. ചില രാജ്യങ്ങളില്‍ അത് നിയന്ത്രണ വിധേയമാണ് എന്നത് മാത്രമാണു ആശ്വാസം. എയിഡ്സ് രോഗത്താല്‍ 750 ലക്ഷത്തില്‍ അധികം പേര്‍ രോഗികള്‍ ആകുകയും, 350 ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

എയിഡ്സ് രോഗത്തിന്റെ ചികില്‍സയ്ക്കായി 1990 കളില്‍ ചില മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗത്തെ പൂര്‍ണ്ണമായും ശമിപ്പിക്കുന്നില്ല എങ്കിലും, രോഗികളുടെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കും. അപൂര്‍വ്വം ചിലര്‍ രോഗ സൌഖ്യം പ്രാപിക്കുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇന്നും നാല്‍പ്പത്തിനായിരത്തോളം പുതിയ എയിഡ്സ് രോഗികള്‍ അമേരിക്കയില്‍ മാത്രം ഓരോ വര്‍ഷവും ഉണ്ടാകുന്നു.

ഒരു രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറുക്കുന്ന രീതി ആരംഭിക്കുന്നത് എയിഡ്സ് മഹാവ്യാധി കണ്ടെത്തിയതോടെ ആണ്. പൊതു ഇടങ്ങളിലെ ശുചിത്വത്തിന് ഇതിന് ശേഷം വളരെ പ്രാധാന്യം കൂടി.  

എച്ച് 1 എന്‍ 1 പന്നി പനി

2009 ല്‍ മെക്സിക്കോയില്‍ കണ്ടെത്തിയ ഒരു പകര്‍ച്ചപ്പനിയാണ് എച്ച് 1 എന്‍ 1 പന്നി പനി. (H1N1 Swine flue). ഇതിനെ ആദ്യമായി കണ്ടെത്തിയത് അമേരിക്കയിലാണ് എന്നും കരുതപ്പെടുന്നു. ഇത് പരത്തുന്ന വൈറസിനെയാണ് എച്ച് 1 എന്‍ 1 എന്നു വിളിക്കുന്നത്. ഈ രോഗം പിന്നീട് ലോകമാകെ പടര്‍ന്നു. രോഗം പ്രത്യക്ഷമായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലോകമാകെ 140 കോടി ജനങ്ങളെ അത് ബാധിക്കുകയും ഏകദേശം അഞ്ചര ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

മറ്റുള്ള ഇന്‍ഫ്ലുവെന്‍സ വൈറസുകള്‍ കൂടുതലും മാരകമായി ബാധിക്കുന്നത് 65 വയസ്സിന് മുകളില്‍ ഉള്ളവരെ ആണ് എങ്കില്‍ പന്നിപ്പനി യുവാക്കളെയും കുട്ടികളെയും ബാധിക്കുകയും അവരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. ഇപ്പോള്‍ ഇതിനൊരു പ്രതിരോധ കുത്തിവെയ്പ്പ് കണ്ടെത്തിയിട്ടുണ്ട്.

മെര്‍സ് പകര്‍ച്ചവ്യാധി

2012 ല്‍ സൌദി അറേബ്യയില്‍ കണ്ടെത്തിയ പകര്‍ച്ചവ്യാധിയാണ് മെര്‍സ് എന്ന് അറിയപ്പെടുന്നത്. (Middle East Respiratory Syndrome - MERS). ഇത് ഒട്ടകങ്ങളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് പടര്‍ന്നത്. 2014 ല്‍ ഇത് അറേബ്യന്‍ നാടുകളില്‍ വ്യാപകമായി. 2015 ല്‍ ഇത് തെക്കന്‍ കൊറിയയില്‍ എത്തി. അതിനു ശേഷം ഏകദേശം 24 രാജ്യങ്ങളിലേക്ക് ഇത് പടര്‍ന്നു. ഈ രോഗം ന്യൂമോണിയ പോലെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കി. ഇതിനോടകം 2500 ല്‍ അധികം പെര്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുകയും 850 ല്‍ അധികം പേര്‍ മരിക്കുകയും ചെയ്തു.  

എബോള പകച്ചവ്യാധി

എബോള എന്ന ഭീകര രോഗം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചു. (West African Ebola epidemic). 28,600 രോഗികളെ തിരിച്ചറിയുവാന്‍ കഴിഞ്ഞതില്‍ 11,325 പേര്‍ മരിച്ചു. ഈ രോഗത്തിന്റെ ആദ്യത്തെ ഇരയെ 1976 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോന്‍ഗോ യിലെ സുഡാനില്‍ കണ്ടെത്തിയിരുന്നു എന്നു കരുതുന്നു. വീണ്ടും ഉണ്ടായ പകര്‍ച്ചയില്‍, ആദ്യത്തെ രോഗിയെ കണ്ടെത്തിയത് 2013 ഡിസംബറില്‍, ഗിനിയ (Guinea) എന്ന പട്ടണത്തില്‍ ആണ്. അവിടെ നിന്നും അത് ആഫ്രിക്കയിലാകെ പടര്‍ന്നു. ചെറിയ തോതില്‍ അമേരിക്കയിലും യൂറോപ്പിലും ഇത് പ്രത്യക്ഷപ്പെട്ടു. വവ്വാലുകളില്‍ ആയിരിക്കാം ഇതിന്റെ രോഗാണുക്കള്‍ ആദ്യമായി ഉണ്ടായത്.

2018 ല്‍ എബോള രോഗം വീണ്ടും കോന്‍ഗോ എന്ന രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രവിശ്യകളില്‍ പടര്‍ന്ന് പിടിച്ചു. അത് ഉഗാണ്ടയിലേക്കും പടര്‍ന്നു. 2019 ആയപ്പോഴേക്കും ലോക ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മഹാവ്യാധിയായി എബോള മാറി. അതിനാല്‍ ജൂലൈ മാസത്തില്‍ ഡബ്ലു എച്ച് ഒ അതിനെ ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. 3400 പേര്‍ രോഗികളാകുകയും 2300 പേര്‍ മരിക്കുകയും ചെയ്തു. 2020 ല്‍ ഈ രോഗത്തെ ആഗോള പകര്‍ച്ച വ്യാധി എന്ന ഗണത്തില്‍ നിന്നും ഡ്ബ്ലു എച്ച് ഒ മാറ്റി. എങ്കിലും ഇന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഈ രോഗം പൂര്‍ണ്ണമായി മാറിപ്പോയിട്ടില്ല. അതിനാല്‍ രോഗം മറ്റ് രാജ്യങ്ങളിലേക്ക് പകരാതെ ഇരിക്കുവാന്‍ കരുതലോടെ ആയിരിക്കുന്നു. ഇന്നേവരെ ഈ രോഗത്തിനൊരു ശരിയായ പ്രതിവിധി കണ്ടെത്തിയിട്ടില്ല.

സിക വൈറസ് രോഗബാധ

ഉഷ്ണപ്രദേശങ്ങളില്‍ ആണ് സിക വൈറസ് കൂടുതലായി കാണുന്നത് (Zika Virus). ഇത് സാധാരണയായി കൊതുകളിലൂടെയാണ് പടരുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാം. 2015 മുതല്‍ ഈ രോഗം ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇതൊരു മാരകമായ രോഗമല്ല. എന്നാല്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഇത് അപകടകരമായ രീതിയില്‍ ബാധിക്കാം. ശിശുക്കളില്‍ ജനന വൈകല്യം ഉണ്ടാക്കിയേക്കാം.

സിക വൈറസ് മൂലമുള്ള രോഗം ആദ്യമായി കണ്ടെത്തുന്നത് 1940 ല്‍ ഉഗാണ്ടയിലാണ്. ഇത് വ്യാപകമായി കണ്ടത് 2015 ല്‍ ബ്രസീലില്‍ ആണ്. 2016 ഫെബ്രുവരിയില്‍ ഡ്ബ്ലു എച്ച് ഒ (WHO) ഇതിനെ ഒരു ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. അതേവര്‍ഷം അമേരിക്ക ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ ഈ രോഗം പ്രത്യക്ഷപ്പെട്ടു. ഈ ബാധ 2016 നവംബറില്‍ അവസാനിച്ചതായി ഡ്ബ്ലു എച്ച് ഒ പ്രഖ്യാപിച്ചിട്ടുണ്ട്.    

കോവിഡ് 19 പകര്‍ച്ചവ്യാധി

2002 ല്‍ ഒരു തരം വവ്വാലുകളില്‍, ചൈനയില്‍ ആണ് സാര്‍സ് എന്ന രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. സാര്‍സ് പകര്‍ച്ചവ്യാധി ആദ്യമായി മനുഷ്യരില്‍ തിരിച്ചറിയുന്നത് 2003 ഫെബ്രുവരിയില്‍ ആണ്. (Severe Acute Respiratory SyndromeSARS). ശ്വാസകോശ രോഗങ്ങള്‍ ആയിരുന്നു പ്രധാന ലക്ഷണം, ഇത് വവ്വാലുകളില്‍ നിന്നും പൂച്ചകളിലേക്കും അവിടെ നിന്നും മനുഷ്യരിലേക്കും പകര്‍ന്നതായിരിക്കാം, ചൈനയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ രോഗം അവിടെ നിന്നും ലോകത്താകമാനം പരന്നു.

സാര്‍സ് കൊവ് – 2 പിന്നീട് ഉണ്ടായ വകഭേദമാണ്. ഇതാണ് ഇപ്പോള്‍ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധിയുടെ കാരണം (COVID-19). ഇത് മുമ്പ് പ്രത്യക്ഷപ്പെട്ട സാര്‍സ് വൈറസിനെക്കാള്‍ വേഗത്തില്‍ പടരുന്നത് ആണ്.

2019 നവംബര്‍ 17 ആം തീയതി, മദ്ധ്യ ചൈനയിലെ ഹൂബേ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന വുഹാന്‍ പട്ടണത്തില്‍ ആണ് കോവിഡ് 19 ആദ്യമായി കണ്ടെത്തുന്നത്. (Hubei, Wuhan). ആദ്യം അതിനെ തിരിച്ചറിയുവാന്‍ കഴിയാതെ പോയി. എന്നാല്‍ ഡിസംബറില്‍ 8 രോഗികളെക്കൂടെ കണ്ടെത്തിയപ്പോള്‍, ഡോക്ടര്‍ ലീ വെന്‍ലിയാങ്, ചൈനീസ് ഗവര്‍മെന്റിന്റെ നിര്‍ദ്ദേശങ്ങളെ വകവയ്ക്കാതെ, ഈ രോഗത്തെക്കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ടുന്ന പ്രതിരോധങ്ങളെക്കുറിച്ചും മറ്റ് ഡോക്റ്റര്‍മാരെ അറിയിച്ചു (Dr Li Wenliang). അങ്ങനെയാണ് ലോകം ഇതിനെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍, ഡോക്ടര്‍ ലീ യെ ഗവര്‍ണ്‍മെന്‍റ് അറസ്റ്റ് ചെയൂകയും, ഒരു മാസം കഴിഞ്ഞപ്പോള്‍ കോവിഡ് ബാധിച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.  ഡിസംബര്‍ ആയപ്പോഴേക്കും രോഗം 75 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും വ്യാപകമായി ഈ രോഗം ഉണ്ട്.

കോവിഡ് 19 പകര്‍ച്ച വ്യാധിയും മുമ്പ് ഉണ്ടായിട്ടുള്ള വ്യാധികളും തമ്മില്‍ ഒരു താരതമ്യം സാധ്യമല്ല. പല പകര്‍ച്ച വ്യാധികളും ചികില്‍സിച്ചു ഭേദമാക്കുവാന്‍ കഴിയാത്തത് ആണ്. എന്നാല്‍ കോവിഡ് 19 ചികില്‍സിച്ചു ഭേദമാക്കുവാന്‍ കഴിയുന്ന രോഗമാണ്. കോവിഡ് മൂലമല്ല, അതിനോടനുബന്ധമായ രോഗങ്ങള്‍ കാരണമാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്.   

2020 മാര്‍ച്ചില്‍ ഡബ്ലു. എച്ച്. ഒ ഇതിനെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. വ്യാപാരശാലകളും സ്ഥാപനങ്ങളും അടച്ചിടുക, പൊതു ഗതാഗതം നിറുത്തിവയ്ക്കുക, പൊതു ഇടങ്ങളില്‍ മനുഷ്യര്‍ മാസ്ക്ക് ധരിക്കുക എന്നിവയും, സാമൂഹിക അകലം, ശുചിത്വം, അനുനശീകരണം, ക്യാറന്‍റീന്‍ എന്നിങ്ങനെയുള്ള അനേകം കരുതലുകളും രോഗം പടരാതെ ഇരിക്കുവാന്‍ സ്വീകരിക്കുന്നുണ്ട്. എങ്കിലും അനേകര്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു.

മുമ്പ് ഉണ്ടായിട്ടുള്ള പകര്‍ച്ചവ്യാധികള്‍ക്ക് ശേഷമുള്ള സാമൂഹിക മാറ്റങ്ങള്‍ക്ക് സമാനമായ മാറ്റങ്ങള്‍ കോവിഡ് 19 എന്ന പകര്‍ച്ച വ്യാധിയ്ക്കു ശേഷവും സംഭവിച്ചേക്കാം. അത് എങ്ങനെയെല്ലാം ആയിരിയ്ക്കും എന്നു ഇപ്പോള്‍ തീര്‍ച്ച പറയുവാന്‍ സാധ്യമല്ല. ഇപ്പോള്‍ തന്നെ രാജ്യങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക ഭദ്രത തകര്‍ന്നിരിക്കുകയാണ്. അനേകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ആരാധനാലയങ്ങള്‍ ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്നു. സാമ്പത്തിക, വ്യാപാര, വ്യവസായിക രംഗത്തും യാത്രകളിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ചില വ്യവസായങ്ങളും വ്യപാരങ്ങളും തകരുവാനും ചിലതെല്ലാം എന്നന്നേക്കുമ്മായി അപ്രത്യക്ഷമാകുവാനും ഇടയുണ്ട്.  എന്നാല്‍ മറ്റ് ചിലത് പുതിയതായി ഉയരുന്നുമുണ്ട്.

കോവിഡ് 19 നു ശേഷം, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുവാനുള്ള സാധ്യതയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. വെര്‍ച്യൂല്‍, ഡിജിറ്റല്‍ എന്നീ വാക്കുകള്‍ സര്‍വ്വസാധാരണമാകുന്നു. സാമൂഹിക അകലം, പൊതു ശുചിത്വം പോലെയുള്ള ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗം ആകും. വിദ്യാഭ്യാസവും, ആരോഗ്യ പരിപാലനവും, ഗവണ്‍മെന്‍റ് ഇടപാടുകളും എല്ലാം വ്യത്യാസപ്പെടും. മതവും ആരാധനയും പുതിയ തലങ്ങളിലേക്കും രീതികളിലേക്കും മാറ്റപ്പെടാം. ഇതുവരെയും നമ്മള്‍ അകറ്റി നിറുത്തിയ സാങ്കേതിക വിദ്യകള്‍ പലതും നമ്മളുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാകും.

എന്നാല്‍, മുമ്പ് ഉണ്ടായിട്ടുള്ള പകര്‍ച്ച വ്യാധികളാല്‍ ലോകം അഭിമുഖീകരിച്ച തകര്‍ച്ചകള്‍ ആഗോളമായി ഉണ്ടാകുവാന്‍ സാധ്യത കുറവാണ്. ലോകവും ക്രൈസ്തവ സഭയും അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വലിയ പകര്‍ച്ചവ്യാധിയല്ല കോവിഡ് 19.

ഉപസംഹാരം

പകര്‍ച്ചവ്യാധികളെക്കുറിച്ച് മനുഷ്യനുണ്ടായിരുന്ന മിഥ്യാബോധങ്ങള്‍ ഇന്ന് തകര്‍ന്നു കഴിഞ്ഞു. പകര്‍ച്ച വ്യാധികള്‍ പാവപ്പെട്ടവരെ മാത്രം ബാധിക്കുന്ന രോഗങ്ങള്‍ ആണ് എന്ന ധാരണ മാറിയിരിക്കുന്നു. അത് മത വിശ്വാസികളെയും നിരീശ്വര വാദികളെയും ഒരു പോലെ ബാധിക്കും. ജനസംഖ്യ കൂടിയ രാജ്യങ്ങളെയും കുറഞ്ഞ രാജ്യങ്ങളെയും ബാധിക്കും. നമ്മളുടെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ക്ക് അതിനെ എതിരിടുവാന്‍ കഴിഞ്ഞു എന്നു വരികയില്ല. കോവിഡ് 19 സമ്പന്നമായ രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞു. ആധുനിക ജീവിത ശൈലി, രോഗങ്ങളെ വേഗം ലോകത്തിന്റെ എല്ലാ മൂലകളിലേക്കും കൊണ്ടുപോയി. പട്ടണമെന്നോ, ഗ്രാമങ്ങള്‍ എന്നോ പകര്‍ച്ചവ്യാധികള്‍ക്ക് വേര്‍തിരിവില്ല. ഒരു രാജ്യവും സുരക്ഷിതവുമല്ല.  

ക്രിസ്തീയ സഭ പകര്‍ച്ചവ്യാധികളെയും യുദ്ധങ്ങളെയും കലാപങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും ആദ്യകാലം മുതല്‍ തന്നെ അഭിമുഖീകരിക്കുകയും അതിനെയെല്ലാം അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും സഭയ്ക്ക് പുതിയതല്ല. ഒരു പക്ഷേ അവസാനത്തേതുമല്ലായിരിക്കാം. എക്കാലവും, മറ്റ് മതവിശ്വാസികളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് ക്രൈസ്തവര്‍ ഇവയെല്ലാം തരണം ചെയ്തിട്ടുള്ളത്. സ്നേഹം, ആദ്രത, കരുതല്‍, വിശ്വസം, പ്രത്യാശ എന്നിവയെല്ലാം ക്രൈസ്തവ വിശ്വാസികളെ വ്യത്യസ്തര്‍ ആക്കുന്നു. പകര്‍ച്ച വ്യാധികളും മറ്റ് ദുരന്തങ്ങളും ക്രിസ്തീയ വിശ്വാസത്തിന് കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് മനുഷ്യരെ ഭയപ്പെടുത്തി നേടിയതല്ല, ക്രിസ്തുവിന്റെ സ്നേഹത്താല്‍ നേടിയതാണ്.

ക്രിസ്തീയ വിശ്വസം മാറ്റമില്ലാത്തതാണ്. എന്നാല്‍ ക്രിസ്തീയ സഭയുടെ പ്രവര്‍ത്തന രീതികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഇതാണ് സഭാ ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. ആദ്യ നൂറ്റാണ്ടിലെ സഭ നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും മാറ്റങ്ങള്‍ക്ക് വിധേയമായി. 10 നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ അത് മദ്ധ്യകാലഘട്ടത്തിലെ അന്ധകാര യുഗത്തിലേക്ക് കടന്നു. 1054 ല്‍ അന്നത്തെ ഏക ക്രിസ്തീയ സഭ, കത്തോലിക്ക സഭ, ഓര്‍ത്തഡോക്സ് സഭ എന്നിങ്ങനെ രണ്ടായി പിളര്‍ന്നു. 16 ആം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റം ഉണ്ടായി. പുതിയ ചിന്തകളും വ്യാഖ്യാനങ്ങളും, ആരാധനാ രീതികളും ഉണ്ടായി. ആധുനിക ലോകത്തില്‍ സഭ വീണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്നു. എന്നാല്‍ എന്നും അടിസ്ഥാന ഉപദേശങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അടിസ്ഥാന ഉപദേശങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടാകുമ്പോള്‍, അതിനെ സംരക്ഷിക്കുവാനുള്ള പുതിയ മുന്നേറ്റങ്ങള്‍ ഉണ്ടാകും. അതാണ് ദൈവ സഭയുടെ ചരിത്രം. ദൈവ സഭയെ സ്ഥാപിച്ചതും, പരിപാലിക്കുന്നതും ദൈവമാണ്, മനുഷ്യര്‍ അല്ല.

കോവിഡ് 19 പകര്‍ച്ചവ്യാധിയും സഭയുടെ പ്രവര്‍ത്തന രീതികളെ ബാധിച്ചേക്കാം. ലോകത്താകമാനം സഭകള്‍ അടച്ചിടുന്നത് നമ്മളുടെ തലമുറയ്ക്ക് പുതിയ അനുഭവം ആയിരുന്നു. എന്നാല്‍ അത് മുമ്പും സംഭവിച്ചിട്ടുണ്ട് എന്നു നമ്മള്‍ കണ്ടു കഴിഞ്ഞു. സഭകള്‍ അടച്ചിട്ടപ്പോള്‍ നമുക്ക് ഞായറാഴ്ചത്തെ ആരാധന നഷ്ടപ്പെട്ടു. വിശുദ്ധ കഷ്ടാനുഭവ ആഴ്ചയും, ദുഖവെള്ളിയാഴ്ചയും, ഉയിര്‍പ്പിന്‍ ഞായറും ഇല്ലാതെയായി. ഇത് ആദ്യം ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വലിയ സംഘര്‍ഷം ഉണ്ടാക്കി എങ്കിലും ഇപ്പോള്‍ നമ്മള്‍ അതിനോടു പൊരുത്തപ്പെട്ടു വരുന്നു. 

പകര്‍ച്ച വ്യാധികളുടെ ആധുനിക കാലത്ത്, സഭകള്‍ പലതും അവരുടെ വിശ്വാസികളെ ഒരുമിച്ച് കൂട്ടുന്നതും ആരാധന നടത്തുന്നതും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആണ്. ഇത് സുവിശേഷീകരണത്തിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തുറക്കുകയാണ്. സുവിശേഷത്തിനുള്ള വഴികള്‍ അടയുന്നില്ല. മാറ്റങ്ങള്‍ അവസാനം അല്ല, പുതിയതിന്റെ ആരംഭം ആണ്.

നമ്മളുടെ ദൈവം സകലതും നന്മയ്ക്കായി ക്രമീകരിക്കും എന്നതിനാല്‍ ഈ പകര്‍ച്ച വ്യാധിയും നന്മയ്ക്കായി പരിണമിക്കും.  

ഈ ചരിത്ര വിവരണം ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.  

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.

ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക. 

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment