യേശുക്രിസ്തു, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശില്‍ മരിക്കേണം എന്നത് ദൈവീക പദ്ധതി ആയിരുന്നു എന്നു എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും അറിയാം. അതിനാല്‍, ക്രൂശീകരണത്തിന് മുമ്പുണ്ടായ കുറ്റവിചാരണയെക്കുറിച്ച് അധികമായി ആരും ചിന്തിക്കാറില്ല. കുറ്റവാളികളെ വിചാരണ ചെയ്യുക പതിവാണല്ലോ. അതിനാല്‍, വിചാരണയില്‍ എന്തെങ്കിലും ആത്മീയ മര്‍മ്മം ഉള്ളതായി നമുക്ക് തോന്നാറില്ല. എന്നാല്‍ നിര്‍ദ്ദോഷിയായ ഒരു മനുഷ്യന്റെ നിഷ്കളങ്കമായ രക്തം മനുഷ്യവംശത്തിന്‍റെ പാപ പരിഹാരത്തിന് വേണ്ടി ചൊരിഞ്ഞു, എന്ന ആത്മീയ മര്‍മ്മം യേശുവിന്റെ കുറ്റവിചാരണയില്‍ അടങ്ങിയിട്ടുണ്ട്. അനീതിയുള്ള മനുഷ്യര്‍ക്ക് പോലും യേശുവിന്റെമേല്‍ കുറ്റം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നാണ് കുറ്റവിചാരണയുടെ ചരിത്രം പറയുന്നത്. യേശു തികച്ചും നിര്‍ദ്ദോഷിയും കളങ്കം ഇല്ലാത്തവനുമായ, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയിരുന്നു.
യേശുക്രിസ്തുവിന്റെ കുറ്റവിചാരണ ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റം അനീതിനിറഞ്ഞതും നിയമരഹിതവും ആയിരുന്നു. എന്നാല്‍ അതിലെ നിയമരാഹിത്യം ഇന്നു നമുക്ക് വേഗം കണ്ടെത്തുവാന്‍ കഴിയാതെ വന്നേക്കാം. കാരണം, അത് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിദൂരമായ ഒരു സ്ഥലത്തു, നമുക്ക് അപരിചിതമായ ഒരു നിയമ വ്യവസ്ഥിതിയില്‍ നടത്തപ്പെട്ട ഒരു വിചാരണ ആയിരുന്നു. എങ്കിലും, ഒരു യഹൂദന് അന്നും ഇന്നും, ഈ വിചാരണയിലെ നീതി നിഷേധം പെട്ടന്നു തിരിച്ചറിയുവാന്‍ കഴിയും. അന്നത്തെ ഓരോ റോമന്‍ പൌരനും, യേശുവിന് വിചാരണ വേളയില്‍ നീതി ലഭിച്ചില്ല എന്ന ബോധ്യം ഉണ്ടായിരുന്നു കാണും. യേശുവിനെ കുറ്റവിചാരണ ചെയ്തത്, ആദ്യം യഹൂദ മത പുരോഹിതന്‍മാരും പിന്നീട് റോമന്‍ ഭരണകൂടവും ആയിരുന്നു. രണ്ട് കൂട്ടരും, അവരുടെ വിശ്വാസവും, നീതി ന്യായ വ്യവസ്ഥകളും അനുസരിച്ച്, കുറ്റവിചാരണ വേളയില്‍ പാലിക്കേണ്ടുന്ന ചട്ടങ്ങള്‍, യേശുക്രിസ്തുവിന്റെ വിചാരണയില്‍ പാലിച്ചില്ല. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
യേശുക്രിസ്തുവിന് നീതീപൂര്‍വ്വമായ ഒരു
വിചാരണ ലഭിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മൂന്ന് ഉത്തരങ്ങള്‍ ഉണ്ട്.
യേശുക്രിസ്തുവിനെ ക്രൂശിച്ചത്, ന്യായമായ വിചാരണയ്ക്ക് ശേഷം ആയിരുന്നു എന്നും, അവന്‍ യഹൂദ പ്രമാണങ്ങള്‍ അനുസരിച്ച് കുറ്റക്കാരന്‍ ആയിരുന്നു എന്നും, വാദിക്കുന്നവര്‍ യേശുവിന്‍റെ കാലത്തും, ഇന്നത്തെ കാലത്തും ഉണ്ട്. രണ്ടാമത്തെ ഉത്തരം: യഹൂദ മത മേലദ്ധ്യക്ഷന്മാര്‍, പ്രമാണങ്ങളുടെ അക്ഷര പ്രകാരമുള്ള വിചാരണ നല്കി, എന്നാല്‍ അവര്‍ അതിലെ ആത്മീയ ഉദ്ദേശ ശുദ്ധി പാലിച്ചില്ല. മൂന്നാമത്തെ അഭിപ്രായം, യഹൂദ പ്രമാണ പ്രകാരവും, റോമന്‍ നിയമ പ്രകാരവുമുള്ള നീതി, വിചാരണ വേളയില്‍ യേശുവിന് ലഭിച്ചില്ല. ഇതില്‍ മൂന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരി. യേശുവിന് നീതിയുള്ള വിചാരണ എങ്ങും ലഭിച്ചില്ല.
യഹൂദ നീതി ബോധം
യഹൂദന്മാര്‍ അവരുടെ കുറ്റവിചാരണ
രീതിയിലെ നീതിയെക്കുറിച്ച് അഭിമാനം കൊണ്ടിരുന്നു. ഇന്ന് ലോകത്തിന് തന്നെ, സമത്വം, സ്വാതന്ത്ര്യം, നീതി, ന്യായം, പരസഹായം, എന്നീ ആശയങ്ങളെ സംഭാവന ചെയ്തത് തന്നെ യഹൂദ സമൂഹം ആണ്. അവരുടെ നീതി ബോധം
വേദപുസ്തകത്തിലെ ഒരു പ്രമാണത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്.
ആവര്‍ത്തന പുസ്തകം 16: 18-20
18 നിന്റെ ദൈവമായ യഹോവ നിനക്കു
തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും
നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
19 ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം
മറിച്ചുകളകയും ചെയ്യുന്നു.
20 നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.
ഈ വചനപ്രകാരം, യഹൂദന്മാര്‍ ഓരോ പ്രദേശങ്ങളിലും ന്യായാധിപ സംഘങ്ങളെ ക്രമീകരിച്ചിരുന്നു. ഒരു പ്രദേശത്ത് 120 പുരുഷന്മാര്‍, ഗൃഹനായകന്മാരായി ഉണ്ടായാല്‍, അവിടെ ഒരു ന്യായാധിപ സംഘം ഉണ്ടാകും. 120 എന്നത് ഒരു യഹൂദ സിന്നഗോഗ് അഥവാ യഹൂദ പള്ളി സ്ഥാപിക്കുവാന്‍ ആവശ്യമായ അംഗസംഖ്യ ആയിരുന്നു. ഇവിടെ രൂപീകരിക്കുന്നത് ഒരു പ്രാദേശിക ന്യായാധിപ സംഘത്തെ ആയിരുന്നു. ഈ പ്രാദേശിക സംഘത്തില്‍ 23 പേര്‍ അംഗങ്ങള്‍ ആയി ഉണ്ടാകും. 120 ഗൃഹനായകന്‍മാര്‍ ഇല്ലാത്ത, ചെറിയ ഗ്രാമങ്ങള്‍ക്കും, ഒരു ന്യായാധിപ സംഘം ഉണ്ടായിരിക്കും. അതില്‍ മൂന്നോ ഏഴോ മൂപ്പന്മാര്‍ അംഗങ്ങള്‍ ആയിരിക്കും. അതില്‍ ഒരുവനെ മുഖ്യ ന്യായാധിപന്‍ ആയി കണക്കാക്കും. ഇത് രണ്ടും ഒരു പ്രാദേശിക ഭരണ സംവിധാനം പോലെയും കോടതിയെപ്പോലെയും പ്രവര്‍ത്തിക്കും.
വേദപുസ്തകത്തില്‍, മുഖ്യ പ്രമാണി എന്നോ മുഖ്യ ഭരണാധികാരിയെന്നോ പറയുന്നതു, ഇത്തരം ന്യായാധിപ സംഘത്തിന്റെ തലവനെക്കുറിച്ചാണ്. മത്തായി 5: 22 ലും 10: 17 ലും പരാമര്‍ശിക്കപ്പെടുന്ന ന്യായാധിപ സംഘങ്ങള്‍ ഇപ്രകാരമുള്ള പ്രാദേശികമായ ഭരണ സംവിധാനങ്ങള്‍ ആണ്.
എന്നാല്‍ യെരൂശലേമില്‍, ദൈവാലയത്തോട് ബന്ധപ്പെട്ട് രൂപീകരിച്ചിരിക്കുന്ന ന്യായാധിപ സംഘം, ഇന്നത്തെ നമ്മളുടെ സുപ്രീം കോടതി പോലെ, പരമോന്നത കോടതി ആയിരുന്നു. മുഖ്യപുരോഹിതന്മാരും, പ്രമാണിമാരും, ശാസ്ത്രിമാരും തുല്യ എണ്ണത്തില്‍ കാണുമായിരുന്നു എങ്കിലും മഹാപുരോഹിതന്‍ ഉള്‍പ്പെടെ മൊത്തം 71 പേര്‍ ആയിരുന്നു അംഗങ്ങള്‍. മഹാപുരോഹിതന്‍ കോടതിയുടെ അദ്ധ്യക്ഷനും വിധി പ്രസ്താവിക്കുന്നവനും അവസാന വാക്കും ആയിരുന്നു. എന്നാല്‍ മൊത്തം 71 പേര്‍ എന്നത് സ്ഥിരമായിരിക്ക തന്നെ, ചിലപ്പോഴെല്ലാം മുഖ്യ പുരോഹിതന്മാരുടെയും, പ്രമാണിമാരുടെയും, ശാസ്ത്രിമാരുടെയും എണ്ണത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. 71 അംഗങ്ങള്‍ ഉള്ള യെരൂശലേം ദൈവാലയത്തിലെ ന്യായാധിപ സംഘത്തിന് മാത്രമേ വധശിക്ഷ വിധിക്കുവാന്‍ അധികാരം ഉണ്ടായിരുന്നുള്ളൂ.
കുറ്റാരോപിതന്‍ ആയതുകൊണ്ട് ആരും കുറ്റക്കാരന്‍ ആകുന്നില്ല. അതിനാല്‍ അവന് ചില അവകാശങ്ങള്‍ ഉണ്ട്. അത് ഉറപ്പുവരുത്തേണ്ടത് ന്യായാധിപ സംഘത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ എല്ലാം ലംഘനമാണ് നമ്മള്‍ യേശുവിന്‍റെ വിചാരണയില്‍ കാണുന്നത്. ഈ ചരിത്രമാണ് നമ്മള്‍ ഇവിടെ പരിശോധിക്കുവാന്‍ ശ്രമിക്കുന്നത്.
1. യേശുവിനെ പിടിക്കുന്നു
യേശുവിനെ റോമന്‍ പടയാളികളും മതപുരോഹിതന്റെ സേവകരും ചേര്‍ന്ന് പിടിക്കുന്ന ഇടത്ത് നിന്നും നമുക്ക് ഈ പഠനം ആരംഭിക്കാം. യോഹന്നാന്‍ 18: 3 ല്‍ പറയുന്നതനുസരിച്ച് ഏകദേശം 600 ഓളം റോമന്‍ പടയാളികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, പടയാളികള്‍ യേശുവിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു. എന്നാല്‍, യേശുവിനെ പിടിച്ചപ്പോള്‍, അവന് എതിരായ യാതൊരു കുറ്റവും ആരോപിക്കപ്പെട്ടിരുന്നില്ല. യേശു ഒരു കുറ്റവാളി ആയിരുന്നില്ല. പിന്നീട്, ന്യായാധിപ സംഘത്തിന്റെ കുറ്റവിചാരണ വേളയിലാണ് യേശുവിന്റെമേല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നത്. അതായത്, യേശുക്രിസ്തുവിന്റെ കാര്യത്തില്‍, ആദ്യം കുറ്റവും ശിക്ഷയും തീരുമാനിക്കപ്പെടുകയും, പിന്നീട് പിടിക്കുകയും, അതിനു ശേഷം കുറ്റങ്ങള്‍ ആരോപിക്കപ്പെടുകയും ആണ് ഉണ്ടായത്. ഇതാണ് യേശു അനുഭവിച്ച ഒന്നാമത്തെ നീതി നിഷേധം. കുറ്റം തെളിയുന്നതുവരെ ആരെയും കുറ്റവാളി കാണുവാന്‍ യഹൂദ പ്രമാണം അനുവദിക്കുന്നില്ല.
2. നീതി ലഭിക്കുവാനുള്ള സാധ്യത ഇല്ലായിരുന്നു
യഹൂദ മതാധികാരികള്‍, യേശുവിന് ഒരു വിചാരണ നല്കി എങ്കിലും, ആരംഭത്തില്‍ തന്നെ യേശുവിന് യഹൂദ ന്യായാധിപ സംഘത്തില്‍ നിന്നും ന്യായമായ ഒരു വിചാരണ ലഭിക്കുവാനുള്ള സാധ്യത ഇല്ലായിരുന്നു. കാരണം യേശുവിനെ പിടിക്കുന്നതിന് മുമ്പ് തന്നെ, അവനെ കൊല്ലേണം എന്നു യഹൂദ മത പുരോഹിതന്മാര്‍ തീരുമാനിച്ചിരുന്നു. യഹൂദ ന്യായാധിപ സംഘത്തിന്റെ അധിപതി മഹാപുരോഹിതനായ കൈയ്യഫാസ് ആയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം നേരത്തെതന്നെ പറഞ്ഞിരുന്നു: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു” (യോഹന്നാന്‍ 11:50). അതായത്: യേശു യിസ്രായേല്‍ ജനത്തെ മുഴുവന്‍ നശിപ്പിക്കും, റോമാക്കാര്‍ അവരുടെ സ്ഥലത്തെ എടുത്തുകളയും. അതിനാല്‍ യേശു മരിക്കുന്നതാണ് നല്ലത്. ഇത് പറഞ്ഞ കയ്യാഫാവില്‍ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല.
യേശുവിനെ വിചാരണ ചെയ്ത ന്യായാധിപസംഘത്തിലെ അംഗങ്ങള്‍ മിക്കവരും അതിനു യോഗ്യത
ഇല്ലാത്തവര്‍ ആയിരുന്നു. “നിങ്ങളില്‍ പാപമില്ലാത്തവൻ അവളെ
ഒന്നാമതു കല്ലു എറിയട്ടെ” (യോഹന്നാന്‍
8:7) എന്ന
പ്രമാണം ആണ് യേശു പഠിപ്പിച്ചത്. എന്നാല്‍ യേശുവിനെ വിചാരണ ചെയ്തവരില്‍ മിക്കവരും
അന്യായമായി ന്യായാധിപ സംഘത്തില്‍ കയറികൂടിയവര്‍ ആയിരുന്നു. യഹൂദ ചരിത്രകാരനായ ജൊസിഫെസിന്‍റെ
അഭിപ്രായത്തില്‍, അന്നത്തെ ന്യായാധിപ സംഘത്തിലെ അംഗങ്ങള്‍ ആയ, മഹാപോരോഹിതന്‍ കയ്യഫാസ്, ഹന്നാവ്, മത്ഥിയാസ്, ഇസ്മായേല്‍, സൈമണ്‍, ജോണ്‍, അലക്സാണ്ടര്‍ എന്നിവരും മറ്റ് ചിലരും, റോമന്‍ ഭരണാധികാരികള്‍ക്ക് കൈകൂലി നല്കി സ്ഥാനം വാങ്ങിയവര്‍ ആണ്. ഇത്
മാത്രം മതിയാകും അവര്‍ അയോഗ്യര്‍ ആകുവാന്‍. ന്യായാധിപ സംഘത്തില്‍ മുന്‍
മഹാപുരോഹിതന്മാരും ഉണ്ടായിരുന്നു. എന്നാല്‍ വേദപുസ്തക പ്രമാണം അനുസരിച്ച്, മഹാപുരോഹിതന്‍ എന്നത് മരണം വരെയുള്ള സ്ഥാനം ആണ്. അവനെ ഇടയ്ക്കു വച്ച്
മാറ്റുവാന്‍ പാടില്ല. റോമാക്കാര്‍ ഈ പ്രമാണത്തെ ഗൌനിക്കാതെ,
പണം വാങ്ങി, മഹാപുരോഹിതന്മാരെ മാറ്റുകയും നിയമിക്കുകയും
ചെയ്തു. ന്യായാധിപ സംഘത്തില്‍, കുറ്റാരോപിതനെതിരെ ശത്രുത
ഉള്ളവര്‍ ഉണ്ടാകുവാന്‍ പാടില്ല എന്നും പ്രമാണം ഉണ്ടായിരുന്നു. എന്നാല്‍ കയ്യഫാവും
ഹന്നാവും മറ്റ് അംഗങ്ങളും യേശുവിനെ ഒരു ശത്രുവായി കണ്ടാണ് വിചാരണ നടത്തിയത്.
3. വിചാരണയിലെ നീതി നിഷേധങ്ങള്‍
വിചാരണയില്‍ എങ്ങും യാതൊരു നീതിയും പാലിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍, അതിന്റെ പട്ടിക വളരെ നീണ്ടതാണ്. അതെല്ലാം ഇവിടെ പറയുവാന്‍ നമുക്ക് സാധ്യമല്ല. എന്നതനാല്‍, ചില പ്രധാനപ്പെട്ട നീതി നിഷേധങ്ങള്‍ മാത്രം ചുരുക്കമായി പറയുവാന്‍ ആഗ്രഹിക്കുന്നു.
ഒന്നാമതായി, കുറ്റവിചാരണ, പൂര്‍ണ്ണമായും, പൊതുജന സമക്ഷം ആയിരിക്കേണം. അതിനാല്‍ അത് രഹസ്യമായോ രാത്രിയിലോ ആകരുതു. ഇത് നീതി പൂര്‍വ്വമായ കുറ്റവിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി ആയിരുന്നു. പൊതുജനങ്ങള്‍ക്ക് വിചാരണ കാണുവാനും കേള്‍ക്കുവാനും അവസരം ഉണ്ടാകേണം.
രണ്ടാമതായി, സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം എല്ലാ കുറ്റാരോപിതനും ഉണ്ടായിരിക്കും. അതായത്, കുറ്റം ആരോപിക്കുന്ന ഒരുവന്‍ ഉള്ളതുപോലെ, അതിനെ എതിര്‍ക്കുന്ന ഒരു വ്യക്തിയും ഉണ്ടായിരിക്കേണം. കുറ്റാരോപിതന് തനിക്ക് അനുകൂലമായ സാക്ഷികളെ കൊണ്ടുവരുവാന്‍ കഴിയേണം. ന്യായാധിപസംഘം അവരെ കേള്‍ക്കേണം.
മൂന്നാമതായി, രണ്ടോ മൂന്നോ സാക്ഷിമൊഴികള്‍ കൂടാതെ ആരെയും കുറ്റവാളി
ആണ് എന്നു വിധിക്കുവാന്‍ പാടില്ല. കള്ള സാക്ഷ്യം പറയുന്നതു അന്ന് ഗൌരവമായ കുറ്റം
ആയിരുന്നു. കുറ്റം തെളിയുന്ന പക്ഷം ആ കുറ്റവാളിക്ക് ലഭിച്ചേക്കാവുന്ന ശിക്ഷ തന്നെ, കള്ള സാക്ഷി പറയുന്ന വ്യക്തിക്ക് ലഭിക്കുമായിരുന്നു. അതായത്, ഒരാള്‍ കൊലപാതകി ആണ് എന്നു കള്ള സാക്ഷ്യം പറഞ്ഞാല്‍, ഒരു കൊലപാതകിക്ക് ലഭിക്കാവുന്ന ശിക്ഷ, കള്ളസാക്ഷി
പറഞ്ഞ വ്യക്തിക്ക് ലഭിക്കാം.
ആവര്‍ത്തന പുസ്തകം 19: 16-19
16 ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു
വിരോധമായി എഴുന്നേറ്റാൽ
17 തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും
ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.
18 ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി
കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ
19 അവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
യഹൂദന്മാരുടെ ഏറ്റവും വലിയ ശിക്ഷ
കല്ലെറിഞ്ഞു കൊല്ലുക എന്നതാണല്ലോ. ഇങ്ങനെ കൊല്ലുവാന്‍, ആദ്യം കല്ലെറിയേണ്ടത്, കുറ്റവാളിക്കെതിരെ സാക്ഷ്യം പറഞ്ഞ വ്യക്തി ആണ്. ഇത് സാക്ഷികളുടെ സാക്ഷ്യം
സത്യമാണ് എന്നു ഉറപ്പിക്കുവാനുള്ള പ്രമാണം ആയിരുന്നു. സാക്ഷ്യം പറഞ്ഞവന്‍, കള്ളസാക്ഷ്യമാണ് പറഞ്ഞതെങ്കില്‍,
കൊല്ലപ്പെടുന്നവന്റെ രക്തം അവന്റെ മേല്‍ ഇരിക്കും. സാക്ഷ്യം സത്യമാണെങ്കില്‍, അവനില്‍ കുറ്റം ഇല്ല.
ആവര്‍ത്തന പുസ്തകം 17: 7
അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ
അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം
നീക്കിക്കളയേണം.
കുറ്റക്കാരനെ ആദ്യം കല്ലെറിയേണ്ടത് അവനെതിരെയുള്ള സാക്ഷി ആണ് എന്നതിനാല്‍ ആണ്, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സാക്ഷി പറയുവാന്‍ അന്ന് അവസരം ഇല്ലായിരുന്നത്. അവര്‍ക്ക് ആദ്യം കല്ലെറിയുവാനുള്ള ധൈര്യം ഉണ്ടാകില്ല എന്നതായിരുന്നു കാരണം. അടിമകള്‍ക്കും, അധര്‍മ്മികള്‍ക്കും, അംഗവകല്യമുള്ളവര്‍ക്കും മാനസിക രോഗമുള്ളവര്‍ക്കും സാക്ഷി പറയുവാന്‍ അവകാശം ഉണ്ടായിരുന്നില്ല. അവരുടെ സാക്ഷ്യം ഒരുവനെ വധ ശിക്ഷയ്ക്ക് വിധിക്കുവാന്‍ വേണ്ടി സ്വീകരിക്കുവാന്‍ പാടില്ല.
അതായത്, പൊതുജന സമക്ഷമുള്ള വിചാരണ, സംശയലേശമെന്യേ
തെളിയിക്കപ്പെടുന്ന കുറ്റം, ഒന്നിലധികം സാക്ഷികള്‍ എന്നിവ
ഒരുവനെ കുറ്റക്കാരന്‍ എന്നു വിധിക്കുവാന്‍ ആവശ്യമാണ്. ഈ പ്രാമാണങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു
നീതിപൂര്‍വ്വമായ വിചാരണ യേശുവിന് ലഭിച്ചില്ല.
ഒരു കുറ്റാരോപിതനു അവന് എതിരായിതന്നെ സാക്ഷി
പറയുവാന്‍ സാധ്യമല്ല. അതായത് ഒരു വ്യക്തി, ഞാന്‍ കുറ്റക്കാരനാണ് എന്നു സ്വയം സ്വാക്ഷ്യപ്പെടുത്തുവാന്‍ സാധ്യമല്ല.
ഒരാള്‍ സ്വയം ഏറ്റുപറയുന്ന കുറ്റങ്ങളുടെ പേരില്‍, അയാളെ തന്നെ
വധശിക്ഷയ്ക്ക് വിധിക്കുവാന്‍ പാടില്ല. ഒരുവനെ കുറ്റക്കാരന്‍ എന്നു വിധിക്കുവാന്‍, കുറ്റാരോപിതന്‍ അല്ലാതെ, രണ്ടോ അതില്‍ അധികമോ
സാക്ഷിമൊഴികള്‍ ആവശ്യമാണ്. ആവര്‍ത്തന പുസ്തകം 17: 6 ല്‍ പറയുന്നു: “മരണയോഗ്യനായവനെ
കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു.”
ന്യായാധിപ സംഘത്തിലെ അംഗങ്ങള്‍ക്ക്, കുറ്റാരോപിതന്‍റെ
നിരപരാധിത്വത്തിനായി സംസാരിക്കാം, എന്നാല്‍ അവനില്‍ കുറ്റം ആരോപിച്ച്
സംസാരിക്കുവാന്‍ പാടില്ല. കുറ്റാരോപിതനു അവന്റെ ഭാഗം പറയുവാന്‍ അവസരം
ഉണ്ടായിരിക്കും അത് ന്യായാധിപ സംഘം ശ്രദ്ധയോടെ കേള്‍ക്കുകയും അതിനു വളരെ
പ്രാധാന്യം നല്കുകയും വേണം. വിചാരണയ്ക്ക് ശേഷം, ന്യായാധിപ
സംഘത്തിലെ അംഗംങ്ങളുടെ അഭിപ്രായത്തിനായി വോട്ടിടും. ഇതില്‍ ഭൂരിപക്ഷം വോട്ട്
ലഭിക്കുന്നത് അനുസരിച്ചു, കുറ്റാരോപിതന്നെ വെറുതെ വിടുകയോ, ശിക്ഷിക്കുകയോ ചെയ്യും. എന്നാല്‍ വധശിക്ഷ ഏകകണ്ഠേന ആയിരിക്കേണം.
എന്നാല്‍, കുറ്റാരോപിതനെതിരെ, വധശിക്ഷ വിധിക്കുക
ആണ് ചെയ്യുന്നത് എങ്കില്‍, അപ്പോള്‍ തന്നെ ശിക്ഷ
പ്രഖ്യാപിക്കുക ഇല്ല. ശിക്ഷ പ്രഖ്യാപിക്കുന്നത് മൂന്നാമത്തെ ദിവസം ആയിരിക്കും.
അതായത്, ഒരു കുറ്റാരോപിതനെ വിചാരണ ചെയ്യുവാനും കുറ്റം
നടപ്പിലാക്കുവാനും മൂന്ന് ദിവസങ്ങള്‍ വേണാമായിരുന്നു. ഒന്നാമത്തെ ദിവസം, ആദ്യത്തെ കുറ്റവിചാരണ; രണ്ടാമത്തെ ദിവസം ഇടവേള; മൂന്നാമത്തെ ദിവസം, അന്ത്യ വിചാരണയും ശിക്ഷ
വിധിക്കലും, ശിക്ഷ നടപ്പാക്കലും. ഒരു കുറ്റവാളിയെ പിടിച്ചാല്‍, അന്നുമുതല്‍ മൂന്നാമത്തെ ദിവസം മാത്രമേ ശിക്ഷ നടപ്പാവുള്ളൂ. ഒന്നാമത്തെ
വിചാരണയുടെയും മൂന്നാമത്തെ ദിവസത്തെ വിചാരണയുടെയും മദ്ധ്യേ ഉള്ള ദിവസം, മറ്റ് ആര്‍ക്കെങ്കിലും പുതിയ തെളിവുകള്‍,
കുറ്റാരോപിതനു എതിരായോ അനുകൂലമായോ നല്കുവാന്‍ ഉള്ളതാണ്. ഈ ഇടവേളയില്‍ ന്യായാധിപ
സംഘത്തിലെ അംഗങ്ങള്‍ മറ്റൊന്നും ചെയ്യുവാന്‍ പാടില്ല. അവര്‍ ഉപവാസത്തോടെ
ആയിരിക്കേണം. ഇത് ദൈവീക ഇടപെടലിന് അവസരം നല്കുന്നു. മൂന്നാം ദിവസം രാവിലെ
ന്യായാധിപ സംഘം വീണ്ടും ഒരുമിച്ച് കൂടേണം. പുതിയ തെളിവുകള്‍ ഉണ്ടെങ്കിലും
ഇല്ലെങ്കിലും, വീണ്ടും വിചാരണ നടത്തേണം.
മൂന്നാമത്തെ ദിവസം രാവിലെ അവര്‍ വീണ്ടും
ഒരുമിച്ച് കൂടുകയും,
വിചാരണ തുടരുകയും ചെയ്യും. അപ്പോള്‍ ഓരോ അംഗവും അവര്‍ മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍
ഉറച്ചു നില്‍ക്കുന്നുവോ എന്നു പറയേണം. കുറ്റാരോപിതന്‍ ശിക്ഷിക്കപ്പെടേണം എന്നു
മുമ്പ് അഭിപ്രായപ്പെട്ട ഒരുവന് അവന്റെ അഭിപ്രായം മാറ്റാം. എന്നാല്‍, കുറ്റാരോപിതന്‍ നിരപരാധി ആണ് എന്നു മുമ്പ് അഭിപ്രായം പറഞ്ഞവന് അത്
തിരുത്തുവാന്‍ സ്വാതന്ത്ര്യം ഇല്ല. കുറ്റാരോപിതന്‍റെ കുറ്റവും ശിക്ഷയും ഉറപ്പായാല്‍
അന്നുതന്നെ അവന് വധശിക്ഷ നടപ്പാക്കും.
യഹൂദ വിചാരണയില്‍, ന്യായാധിപസംഘത്തിന്റെ വിധി
പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാലും, ഒരു കുറ്റാരോപിതന് രക്ഷപ്പെടുവാന്‍, വീണ്ടും അവസരം ഉണ്ട്. വിധി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍, ഉടന്‍ തന്നെ അവനെ ശിക്ഷയ്ക്കായി കൊണ്ടുപോകും. അപ്പോള്‍, ന്യായാധിപ സംഘം കൂടിവരുന്ന കോടതിയുടെ മുമ്പില്‍ ഒരുവന്‍ ഒരു കൊടിയുമായി
നില്ക്കും. കുറ്റവാളിയുടെ പേരും കുറ്റവും, സാക്ഷികളുടെ പേരുകളും
ഒരുവന്‍ വിളിച്ച് പറഞ്ഞുകൊണ്ടു മുമ്പില്‍ സഞ്ചരിക്കും. അവരോടൊപ്പം മറ്റൊരു
ഉദ്യോഗസ്ഥന്‍ കുതിരപ്പുറത്ത് സഞ്ചരിക്കും. ആര്‍ക്കെങ്കിലും,
കുറ്റവാളിക്ക് അനുകൂലമായി എന്തെങ്കിലും ബോധിപ്പിക്കുവാന്‍ ഉണ്ടെങ്കില്‍ അതിനുള്ള
അവസരം ഇനിയും ഉണ്ട്. അങ്ങനെ ആരെങ്കിലും മുന്നോട്ട് വന്നാല്‍,
കോടതിയുടെ വാതില്‍ക്കല്‍ കൊടിയുമായി ഇരിക്കുന്ന മനുഷ്യന്‍,
കോടി ഉയര്‍ത്തി വീശും. അത് കാണുന്ന കുതിരപ്പുറത്ത് യാത്രചെയ്യുന്ന ഉദ്യോഗസ്ഥന്‍
ഉടന്‍ തന്നെ യാത്ര അവസാനിപ്പിക്കും. അവര്‍ തിരികെ വീണ്ടും ന്യായാധിപ സംഘത്തിന്റെ
കോടതിയിലേക്ക് പോകും. പുതിയ സാക്ഷിമൊഴി കൂടെ കേള്‍ക്കും. ഇങ്ങനെ സംഭവിക്കുവാന്‍
അഞ്ചു പ്രാവശ്യം വരെ അവസരം നല്കും. വധശിക്ഷയ്ക്കായുള്ള യാത്രാവേളയിലും ആരും
കുറ്റവാളിയെ രക്ഷിക്കുവാന്‍ മുന്നോട്ട് വരുന്നില്ല എങ്കില്‍ മാത്രമേ, അവനെ കൊല്ലുക ഉള്ളൂ. വധശിക്ഷയ്ക്കുള്ള സ്ഥലത്തു എത്തിയാല്‍, കുറ്റവാളിക്ക്, കുടിക്കുവാന്‍ ഒരു ദ്രാവകം
കൊടുക്കും, അത് മരണത്തിന്റെ വേദന അറിയാതെ അവന്റെ തലച്ചോറിനെ
മന്ദമാക്കും. ശേഷം അവനെ കല്ലെറിഞ്ഞു കൊല്ലും.
ഇത്ര ദീര്‍ഘമായ ഒരു വിചാരണ ആയിരുന്നു സാധാരണ
യഹൂദ ന്യായാധിപ സംഘത്തിന്റേത്. ഇതിന്‍റെ ഉദ്ദേശ്യം വ്യക്തമാണ്: ആരെയും കൊല്ലുവാനല്ല, രക്ഷിക്കുവാനാണ് ന്യായാധിപസംഘം
ശ്രമിക്കേണ്ടത്. കോടതിയും വിചാരണയും കുറ്റാരോപിതന് എതിരായല്ല, അനുകൂലമായി ആണ് പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ ഇതൊന്നും യേശുക്രിസ്തുവിന്റെ
വിചാരണ വേളയില്‍ പാലിക്കപ്പെട്ടില്ല. അതുകൊണ്ടാണ്,
ലോകചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം ആയിരുന്നു യേശുവിന്റെ വിചാരണയില്‍
സംഭവിച്ചത് എന്നു പറയുന്നത്.
യേശുക്രിസ്തുവിന് പ്രധാനമായും രണ്ട് വിചാരണകളിലൂടെ കടന്നുപോകേണ്ടി വന്നു. ആദ്യത്തേത്, യഹൂദ മതപുരോഹിതന്മാരുടെയും ന്യായാധിപ സംഘത്തിന്‍റെതും ആയിരുന്നു. രണ്ടാമത്തേത്, ജാതീയരായ റോമന്‍ ഭരണാധികാരികളുടെ വിചാരണ ആയിരുന്നു. ഇവ രണ്ടിനെയും പിന്നേയും വിഭജിച്ചാല്‍, യേശു 6 കുറ്റവിചാരണയെ ആണ് അഭിമുഖീകരിച്ചത്. മൂന്നു പ്രാവശ്യം യഹൂദ മത പുരോഹിതന്മാരും ന്യായാധിപ സംഘവും മൂന്നു പ്രാവശ്യം റോമന്‍ ഭരണാധികാരികളും അവനെ വിചാരണ ചെയ്തു. അതിന്റെ ക്രമീകരണം ഏകദേശം ഇങ്ങനെ ആയിരുന്നു: രാത്രിയില്‍ ഗെത്ത്ശെമന തോട്ടത്തില്‍ വച്ച് പിടിക്കപ്പെട്ടതിന് ശേഷം, യേശുവിനെ നേരെ കൊണ്ടുപോയത് ഹന്നാവിന്റെ അടുക്കലേക്ക് ആണ്. അതേ രാത്രിയില്‍, അവിടെ നിന്നും അവനെ കയ്യഫാവിന്റെ അടുക്കലും ന്യായാധിപ സംഘത്തിന്റെ മുന്നിലും നിറുത്തി. വീണ്ടും ന്യായാധിപ സംഘം അതിരാവിലെ ഒരുമിച്ച് കൂടി, അവരുടെ വിചാരണയ്ക്ക് നിയപരമായ പരിവേഷം നല്കി. അതിന് ശേഷം യേശുവിനെ പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോയി. യേശു ഗലീലിയില്‍ കലാപം ഉണ്ടാക്കി എന്ന് കേട്ടപ്പോള്‍, പീലാത്തൊസ് അവനെ ഹെരോദാവ് രാജാവിന്റെ അടുക്കല്‍ അയച്ചു. ഹെരോദാവ് അവനെ തിരികെ പീലാത്തൊസിന്‍റെ അടുക്കല്‍ അയച്ചു. പീലാത്തൊസ് അവനെ അവസാനമായി വീണ്ടും വിചാരണ ചെയ്തു. ഈ വിചാരണയില്‍ ഒരിടത്തും ആരും യേശു കുറ്റക്കാരന്‍ എന്ന് നീതിപൂര്‍വ്വം തെളിയിച്ചില്ല.
റോമന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിന്‍
കീഴില്‍ വധശിക്ഷയ്ക്കുള്ള അവകാശം അന്ന് യഹൂദ ന്യായാധിപ സംഘത്തിന് ഇല്ലായിരുന്നു.
എന്നാല്‍, മതപരമായ കാര്യങ്ങളില്‍ വധ ശിക്ഷവിധിക്കുവാനും
നടപ്പിലാക്കുവാനും അവര്‍ക്ക് കഴിയുമായിരുന്നു. ഇതിന് ഉദാഹരണം ആണ്, പാപിനിയായ ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാന്‍ വേണ്ടി യെഹൂദന്മാര്‍
യേശുവിന്റെ അടുക്കല്‍ കൊണ്ടുവരുന്നത്. എന്നാല്‍ അന്നത്തെ മത പുരോഹിതന്മാര്‍
യേശുവിനെ റോമിന്റെ ഭരണകൂടം ക്രൂശിക്കട്ടെ എന്നു തീരുമാനിച്ചു. യേശു വധശിക്ഷയ്ക്ക്
യോഗ്യന്‍ എന്നു ന്യായാധിപ സംഘം വിധിച്ചിരുന്നു. ക്രൂശീകരണത്തിന്റെ ഉത്തരവാദിത്തം
അവര്‍ റോമാക്കാരുടെ കണക്കില്‍ പ്പെടുത്തി.
4. ഹന്നാവിന്റെ മുന്നില്‍ വിചാരണ ചെയ്യപ്പെടുന്നു
പടയാളികള്‍
യേശുവിനെ പിടിച്ചതിന് ശേഷം അവനെ ആദ്യം കൊണ്ടുപോയത് ഹന്നാവിന്റെ അടുക്കല്‍ ആണ്.
(യോഹന്നാന്‍ 18:13). ഹന്നാവ്, മുമ്പ് മഹാപുരോഹിതന്‍ ആയിരുന്നു. എന്നാല്‍ ആ സമയത്ത്, അദ്ദേഹത്തിന്റെ മരുകനായ കയ്യഫാവ് ആയിരുന്നു മഹാപുരോഹിതന്‍. ഇവിടെ മുന്‍
മഹാപുരോഹിതന്, യേശുവിനെ വിചാരണ ചെയ്യുവാന്‍ അധികാരം
ഉണ്ടായിരുന്നുവോ എന്ന ചോദ്യം ഉയരുന്നു. മാത്രവുമല്ല,
യേശുവിനെ പിടിച്ചത്, ഒരു കൂട്ടായ ഗൂഡാലോചനയുടെ ഭാഗമാണ് എന്നു
തെളിയുന്നു. ചിലപ്പോള്‍, തന്റെ അമ്മായി അപ്പനെ
പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കാം. യേശുവിനെ കയ്യാഫവ്, ഹന്നാവിന്റെ അടുക്കല്‍ അയച്ചത്. ഹന്നാവിന്റെ അഭിപ്രായം അറിയട്ടെ എന്നു
കയ്യാഫവ് കരുതിയിട്ടുണ്ടാകാം. ഒരു പക്ഷേ, യഹൂദ ന്യായാധിപ
സംഘത്തിലെ അംഗങ്ങള്‍ കൂടിവരുവാനുള്ള സമയത്തിന്റെ ഇടവേളയില്‍ ആയിരിക്കാം യേശുവിനെ
ഹന്നാവിന്റെ അടുക്കല്‍ അയച്ചത്. ഇതിനെ ഒരു മുന്‍കൂര്‍ വിചാരണയായി കണക്കാക്കാം.
5. കുറ്റവിചാരണയുടെ സമയം
യേശുക്രിസ്തുവിന്റെ കുറ്റവിചാരണ ആദ്യം നടക്കുന്നതു മഹാപുരോഹിതനായ കൈയ്യഫാസിന്റെ വീട്ടില്‍ വച്ചാണ് എന്നും അത് അര്‍ദ്ധരാത്രി സമയം ആയിരുന്നു എന്നും നമ്മള്‍ പറഞ്ഞു കഴിഞ്ഞല്ലോ. യഹൂദന്മാരുടെ പ്രമാണം അനുസരിച്ച്, ഒരു കുറ്റവാളിയുടെ വിചാരണ, പകല്‍ സമയത്ത് മാത്രമേ നടത്താവൂ. അതായത്, രാവിലെത്തെ യാഗങ്ങള്‍ക്കും രാത്രിയിലെ അത്താഴത്തിനും ഇടയ്ക്കുള്ള സമയത്ത് മാത്രമേ വിചാരണ പാടുള്ളൂ. കാരണം, കുറ്റവിചാരണ പരസ്യമായിരിക്കേണം. അത് മറ്റുള്ളവര്‍ക്ക് പരിശോധിക്കുവാന്‍ കഴിയേണം. എന്നാല്‍, യേശുവിനെ, രാത്രിയില്‍, സൂര്യോദയത്തിന് മുമ്പായി, മൂന്നു പ്രാവശ്യം വിചാരണ ചെയ്തു. അതിലുപരിയായി, ശബ്ബത്ത് ദിവസമോ, ഉല്‍സവത്തിന്റെ ദിവസങ്ങളിലോ കുറ്റവാളികളെ വിചാരണ ചെയ്യുവാന്‍ പാടില്ല എന്നാണ് പ്രമാണം. എന്നാല്‍ യേശുവിന്‍റെ വിചാരണ നടന്നത് പെസഹ ദിവസം ആണ്.
യേശുവിന്റെ വിചാരണയുടെ സമയം അര്‍ദ്ധരാത്രി
ആയിരുന്നതിനാല്‍ ദൈവാലയം അടച്ചിരിക്കുവാന്‍ സാധ്യത ഉണ്ട്. സാധാരണയായി യഹൂദന്മാരുടെ
ന്യായാധിപ സംഘം ഒരുമിച്ചുകൂടുന്നത് ദൈവാലയത്തിനുള്ളില്‍ ആണ്. യെഹൂദ പ്രമാണമായ
താല്‍മഡ് (Talmud),
മൈമോനൈഡ്സ് (Maimonides) ന്‍റെ വ്യാഖ്യാനങ്ങള്‍ എന്നിവ അനുസരിച്ച് ന്യായാധിപ സംഘം
ഒരുമിച്ച് കൂടുവാന്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്തു വച്ച് അവര്‍ കൂടേണം. അവര്‍ അവിടെ
വച്ച് വിധിക്കുന്ന വധശിക്ഷയ്ക്ക് മാത്രമേ ആധികാരിക ഉള്ളൂ. അതായത് അന്നത്തെ കോടതി
മുറിയില്‍ വച്ച് തന്നെ തന്നെ വിചാരണ നടക്കുകയും, വധശിക്ഷ വിധിക്കുകയും വേണമായിരുന്നു.
കോടതിയ്ക്ക് വെളിയില്‍ വച്ച് വധശിക്ഷ വിധിക്കുവാന്‍ പാടില്ല. എന്നാല്‍ രാത്രി ആയതിനാലും, ദൈവാലയം അടച്ചിരുന്നതിനാലും, യേശുവിന്റെ
വിചാരണയ്ക്കായി അവര്‍ ഒരുമിച്ച് കൂടിയത്, മഹാപുരോഹിതനായ
കൈയ്യഫാവിന്റെ അരമനയില്‍ ആണ്. (ലൂക്കോസ് 22:54). ഇത്
പൊതുജനത്തെ ഒഴിവാക്കുവാനും ആവശ്യമായിരുന്നു.
6.
വിചാരണ രീതി നീതിരഹിതം ആയിരുന്നു.
യേശുക്രിസ്തുവിനെ
വിചാരണ ചെയ്ത രീതി പൂര്‍ണ്ണമായും നിയമരഹിതം ആയിരുന്നു. യഹൂദന്മാരുടെ ഉന്നത
നീതിപീഠം ആയ സനെഡ്രിന്‍,
അഥവാ ന്യായാധിപസംഘം ആണ് യേശുവിനെ വിചാരണ ചെയ്തു കുറ്റക്കാരന്‍ എന്നും മരണ
ശിക്ഷയ്ക്ക് യോഗ്യന്‍ എന്നും വിധിക്കുന്നത്. ഈ വിചാരണ നിഷ്പക്ഷമായ ഒന്നായിരിക്കേണ്ടതാണ്.
കുറ്റവാളിയെക്കുറിച്ച് ഉള്ള കുറ്റാരോപണങ്ങള്‍ കേള്‍ക്കുകയും അതിനുള്ള തെളിവുകള്‍
ശ്രദ്ധയോടെ പരിശോധിക്കുകയും വേണം. യേശുവിന് എതിരെ ചുമത്തപ്പെട്ടിരിക്കുന്നത്
വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമായതിനാല്‍, വിചാരണയില്‍ ഏറെ
കരുതല്‍ വേണ്ടതാണ്. എന്നാല്‍ യേശുവിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇങ്ങനെ ഒന്നും
അല്ല. ന്യായാധിപ സംഘം തന്നെ ആണ് കുറ്റം ആരോപിച്ചതും തെളിവുകള്‍ നിരത്തിയതും
യേശുവിനെ കുറ്റക്കാരന്‍ എന്ന് വിധിച്ചതും.
നമ്മള്‍
സുപ്രീം കോടതിയില്‍ ഹാജരാക്കപ്പെട്ടാല്‍, സുപ്രീം കോടതിയിലെ ജഡ്ജി തന്നെ ഇറങ്ങി വന്നു നമുക്ക് എതിരെ കുറ്റം ആരോപിക്കുകയും
തെളിവുകള്‍ നിരത്തുകയും അതിനെ പരിശോധിക്കാതെ തന്നെ നമ്മളെ കുറ്റവാളി എന്ന്
വിധിക്കുകയും ചെയ്യുന്നത് പോലെ ആണ്, അന്ന് യേശുവിന്റെ
വിചാരണയിലും സംഭവിച്ചത്. ഒരു വ്യക്തിയ്ക്കെതിരെ നേരിട്ട് കുറ്റം ആരോപിക്കുന്ന ഒരു
കോടതിയില്‍ ആര്‍ക്കും നീതി പൂര്‍വ്വമായ ഒരു വിചാരണയോ,
തീരുമാനങ്ങളോ പ്രതീക്ഷിക്കാനാവില്ല.
യേശുവിനെതിരെ
കുറ്റങ്ങള്‍ ആരോപിക്കപ്പെടുക ആയിരുന്നില്ല, മറിച്ച് കുറ്റവാളി ആണ് എന്ന് സമര്‍ത്ഥിക്കുവാന്‍ വേണ്ടിയുള്ള ചോദ്യങ്ങള്‍
ചോദിക്കുക മാത്രമാണു ന്യായാധിപ സംഘം ചെയ്തത്. യേശു അതിനൊന്നും ശരിയായ ഉത്തരം
നല്കാതിരുന്നപ്പോള്‍ അവന്റെ ചെകിട്ടത്ത് അടിച്ചു. ഇതും ഒരു കോടതിയില്‍, വിചാരണ സമയത്ത് നടക്കുവാന്‍ പാടില്ലാത്തത് ആണ്. കയ്യഫാവിന്റെ
അരമനയിലുണ്ടായ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. യേശുവിനെ സേവകര്‍ അടിച്ചു, പരിഹസിച്ചു, മുഖത്ത് തുപ്പി,
അവന്റെ കണ്ണുകള്‍ കെട്ടി കാഴ്ചയെ തടഞ്ഞു. ഇതെല്ലാം, അവനില്‍
കുറ്റങ്ങള്‍ കാണുകയോ, കുറ്റവാളി എന്നു വിധിക്കപ്പെടുകയോ
ചെയ്യുന്നതിന് മുമ്പാണ്. അതായത്, ഒരു നിരപരാധി ആയ മനുഷ്യനെ
ആണ് മഹാപുരോഹിതന്റെ നേതൃത്വത്തില്‍ പീഡിപ്പിച്ചത്.
അതായത്, യേശുവിനെ വിചാരണ ചെയ്ത യഹൂദന്മാരുടെ
ഉന്നത അധികാര കോടതി ആയ ന്യായാധിപസംഘം, ആദ്യം ശിക്ഷ തീരുമാനിക്കുകയും, പിന്നീട് കുറ്റം ആരോപിക്കുകയും, അതിനു ശേഷം തെളിവുകള്‍
സൃഷ്ടിക്കുകയും ആണ് ചെയ്തത്. വിചാരണ, അവര്‍ സൃഷ്ടിച്ചിരുന്ന
തെളിവുകളുടെ വ്യാഖ്യാനങ്ങളെ ഉറപ്പിക്കുവാന്‍ വേണ്ടി മാത്രം ആയിരുന്നു. യേശു
കുറ്റവാളി ആയിരുന്നില്ല, കുറ്റം അവന്റെമേല്‍ ചുമത്തുക
ആയിരുന്നു.
7.
സാക്ഷികളുടെ അവതരണം ന്യായമായിരുന്നില്ല
ഇന്ന്
നമ്മളുടെ ഇടയില്‍ ഉള്ളതുപോലെ തന്നെ, യഹൂദന്മാരുടെ ഇടയിലും, സാക്ഷികളുടെ മൊഴി
സ്വീകരിക്കുന്നതിന് ചില പ്രമാണങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ മൊഴികള്‍, കുറ്റത്തിന്റെ അടിസ്ഥാനപരമായ വിവരങ്ങളോട് ചേര്‍ന്ന് നില്‍ക്കേണം. അവര്‍
പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധം ആണെങ്കിലോ, അവര്‍
പറയുന്ന സമയം, തീയതി, സ്ഥലം, കുറ്റങ്ങള്‍ എന്നിവ ചേര്‍ന്ന് വരുന്നില്ല എങ്കിലോ,
സാക്ഷിമൊഴികളെ മൊത്തമായി തന്നെ തള്ളിക്കളയേണം. മാത്രവുമല്ല,
ഏതെങ്കിലും സാക്ഷി കള്ളസാക്ഷ്യം പറയുക ആണെങ്കില്‍, കുറ്റാരോപിതന്
കുറ്റം തെളിഞ്ഞാല്‍ ലഭിക്കാവുന്ന ശിക്ഷ, കള്ളസാക്ഷി
പറയുന്നവന് ലഭിക്കും. ഇത് ആരും കള്ള സാക്ഷി പറയാതെ ഇരിക്കുവാന്‍ വേണ്ടിയുള്ള
പ്രമാണം ആയിരുന്നു.
യേശുവിന്റെ
വിചാരണയില്‍, സാക്ഷികളെ
കണ്ടെത്തുവാനും തെളിവുകള്‍ കണ്ടെത്തുവാനും ശ്രമിക്കുന്നത് ന്യായാധിപ സംഘം ആണ്. ഇത്
അങ്ങേയറ്റം അനീതി ആയിരുന്നു. അവര്‍ കണ്ടെത്തിയ സാക്ഷികള്‍ പരസ്പരം ഒത്തുചേര്‍ന്നതും
ഇല്ല. കള്ള സാക്ഷികളെ ശിക്ഷിക്കേണം എന്ന പ്രമാണം നടപ്പിലായതും ഇല്ല.
യേശുവിന്
എതിരായ സാക്ഷികളെ കൊണ്ടുവന്നപ്പോള്‍, യേശുവിന് അനുകൂലമായ സാക്ഷികളെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘം അവസരം നല്‍കിയില്ല.
അങ്ങനെ വിചാരണ, ഏകപക്ഷീയമായി തീര്‍ന്നു. യഹൂദന്മാരുടെ
ന്യായാധിപസംഘത്തിലും, പിന്നീട് പീലാത്തൊസിന്‍റെ മുന്നിലും
ഉള്ള യേശുക്രിസ്തുവിന്റെ വിചാരണ വേളയില്‍ ഉടനീളം,
തടിച്ചുകൂടിയ ജനങ്ങള്‍ എല്ലാം, യേശുവിന്റെ ശത്രുക്കളായ
മതപുരോഹിതന്‍മാര്‍ വിളിച്ച് കൂട്ടിയതാണ്. യേശുവിനെ ക്രൂശിക്കുക എന്ന് അവര്‍
വിളിച്ച് പറഞ്ഞതും മതപുരോഹിതന്മാരുടെ പ്രേരണയാല്‍ ആണ്.
8. യേശുവിന്റെ സാക്ഷി മൊഴി അവര്‍ പരിശോധിച്ചില്ല
യഹൂദ
മതപുരോഹിതന്‍മാര്‍ ക്രമീകരിച്ച കള്ളസാക്ഷികള്‍ പരസ്പരം ഒത്തുവരാതെ ഇരുന്നപ്പോള്‍, യേശുവിന്റെ വാക്കുകളിലൂടെ അവന്
എതിരായ ഒരു സാക്ഷി മൊഴി ഉണ്ടാക്കുക എന്ന നീതിരഹിതമായ രീതി അവര്‍ അവലംബിച്ചു. അതിനായി
അവര്‍ യേശുവിനോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. യേശു അതിന് എന്തു ഉത്തരം
പറയും എന്നു അവര്‍ക്ക് മുന്‍ കൂട്ടി അറിയാമായിരുന്നു. മഹാപുരോഹിതന്‍ യേശുവിനോടു
ചോദിച്ചു: “നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ?
പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു
ചോദിക്കുന്നു എന്നു പറഞ്ഞു.” യേശു, അവന്‍ ദൈവ പുത്രന്‍ അല്ല
എന്നു പറയുക ഇല്ലാ എന്നു അവര്‍ക്ക് അറിയാം. കാരണം, യേശു താന്‍
ദൈവപുത്രന്‍ ആണ് എന്നു പരസ്യമായി മുമ്പ് പറഞ്ഞിട്ടുണ്ട്. യേശുവിന്റെ മറുപടി ഇങ്ങനെ
ആയിരുന്നു: “യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ
സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും
നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” (മത്തായി 26: 63, 64).
ഉടന്‍ തന്നെ മഹാപുരോഹിതൻ “ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി
സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം?” എന്നു
പറഞ്ഞുകൊണ്ടു വധശിക്ഷ വിധിക്കുക ആയിരുന്നു. ഇവിടെ യേശു പറഞ്ഞത് സത്യം ആയിരുന്നു, അവന്‍ ദൈവപുത്രന്‍ തന്നെ ആയിരുന്നു.
എന്നാല്‍ യേശു, അവന്‍ ദൈവ പുത്രനും ക്രിസ്തുവും ആണ് എന്നു പറഞ്ഞപ്പോള്‍ തന്നെ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്ത് പറഞ്ഞു. യഹൂദന്മാര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള ഒരു മശിഹാ അഥവാ ക്രിസ്തു അല്ല അവന്‍. യേശു ഒരു രാക്ഷ്ട്രീയ നേതാവായിരുന്നില്ല. അവന്‍ റോമന്‍ സാമ്രാജ്യത്തെ തോല്‍പ്പിച്ച് ഒരു യഹൂദ രാഷ്ട്രം സ്ഥാപിക്കുവാന്‍ വന്നവനായിരുന്നില്ല. അവന്റെ രാജ്യം ഐഹികമല്ല. എന്നാല്‍ ന്യായാധിപ സംഘം അത് ശ്രദ്ധിക്കുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല. യേശുവിന്റെ സാക്ഷി മൊഴി, ശരിയാണോ എന്നു, ന്യായപ്രമാണമോ, പ്രവാചകന്മാരെയോ അടിസ്ഥാനമാക്കി അവര്‍ പരിശോധിക്കാതെ, തിരക്കിട്ട്, അവന്‍ ദൈവദൂഷണം പറയുന്നു എന്നു വിധിച്ചു. ഇതെല്ലാം നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു.
യേശുവിന്റെ മൂന്നാമത്തെ കുറ്റവിചാരണ
നടക്കുന്നതു, അതിരാവിലെ,
ഏകദേശം ആറുമണിക്കും എഴുമണിക്കും ഇടയില്‍ ആയിരിക്കേണം. യഹൂദ ന്യായാധിപ സംഘം വീണ്ടും
ഒരിമിച്ചുകൂടി. രാത്രിയില്‍ അവര്‍ തീരുമാനിച്ച വധശിക്ഷ ഉറപ്പിക്കുവാന്‍ ആയിരുന്നു
ഇത്. ഇത് ദൈവാലയത്തില്‍, ന്യായാധിപ സംഘം പതിവുപോലെ കൂടുന്ന
സ്ഥലത്തു വച്ചായിരിക്കേണം നടന്നത്. പ്രമാണം അനുസരിച്ചു, വധശിക്ഷ
നടപ്പിലാകുന്നതിന് മുമ്പ് ന്യായാധിപ സംഘം രണ്ടാമതും കൂടി അത് ഉറപ്പിക്കേണ്ടതുണ്ട്.
പക്ഷേ അത് ഏറ്റവും കുറഞ്ഞത്, ആദ്യത്തെ വിധിയ്ക്കു ശേഷം, ഒരു ദിവസം എങ്കിലും കഴിഞ്ഞുവേണം. ആര്‍ക്കെങ്കിലും പുതിയതായി എന്തെങ്കിലും
ബോധിപ്പിക്കുവാന്‍ ഉണ്ടെങ്കില്‍ അതിനു സമയം അനുവദിക്കുവാന്‍ വേണ്ടി ആണിത്. എന്നാല്‍
യേശുവിന്റെ വിചാരണയില്‍ ഈ പ്രമാണം പാലിച്ചില്ല. ഒന്നാമത്തെ വിചാരണയ്ക്ക് ശേഷം ചില
മണിക്കൂറുകള്‍ക്കുളില്‍ രണ്ടാമത്തെ വിചാരണയും നടന്നു. ഒന്നാമത്തേത് ആരും അറിയാതെ, അര്‍ദ്ധരാത്രിയില്‍ നടത്തിയപ്പോള്‍, രണ്ടാമത്തേത്, അതിരാവിലെ നടത്തി. വിചാരണ വേഗം പൂര്‍ത്തിയാക്കുവാന്‍ അവര്‍ ശ്രമിക്കുക
ആയിരുന്നു. മാത്രവുമല്ല, പുതിയതായി ആര്‍ക്കെങ്കിലും എന്തെങ്കിലും
പറയുവാനോ, സാക്ഷിക്കുവാനോ അവസരം നല്‍കിയതും ഇല്ല. അതായത്, അവര്‍ രണ്ടാമത് കൂടിയത്, പ്രമാണങ്ങള്‍ പാലിക്കുന്നു
എന്ന തോന്നല്‍ ഉണ്ടാക്കുവാന്‍ വേണ്ടി മാത്രം ആയിരുന്നു.
9. യേശുവിനെ കുറ്റവാളി എന്ന് വിധിച്ചതിലും അനീതി ഉണ്ട്
യഹൂദന്മാരുടെ ന്യായാധിപ സംഘത്തില്‍ ഒരു അംഗമായിരുന്നു
നിക്കോദിമോസ്. അദ്ദേഹം
യേശുവില്‍ വിശ്വസിച്ചിരുന്ന ഒരു പ്രമാണി ആയിരുന്നു. യേശുവിനെ ക്രൂശിക്കുവാനുള്ള
തീരുമാനത്തോട് അദ്ദേഹം യോജിക്കുവാനുള്ള സാധ്യത ഇല്ല. ലൂക്കോസ് 23: 50 മുതല്‍ 52
വരെയുള്ള വാക്യങ്ങളില്‍, “അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി
നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി” യെക്കുറിച്ച്
പറയുന്നുണ്ട്. അവനാണ് പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം
കല്ലറയില്‍ വയ്ക്കുവാനായി ചോദിച്ചത്. അവന്‍ ന്യായാധിപ സംഘത്തിന്റെ ഗൂഡാലോചനയ്ക്കും
പ്രവര്‍ത്തിക്കും അനുകൂലം അല്ലായിരുന്നു എന്നും ലൂക്കോസ് പറയുന്നു. ഇതില്‍ നിന്നും, ന്യായാധിപ സംഘത്തില്‍
കുറഞ്ഞത് രണ്ടു പേരെങ്കിലും യേശുവിനോടു അനുകൂലം ഉള്ളവര്‍ ആയിരുന്നു എന്നു
മനസ്സിലാക്കാം.
യഹൂദ പ്രമാണം അനുസരിച്ചു, ഒരുവന്‍റെ വധശിക്ഷ, ന്യായാധിപ
സംഘത്തിലെ എല്ലാവരുടെയും അഭിപ്രായ സമന്വയത്തോടെ വേണം നടപ്പിലാക്കുവാന്‍. വധശിക്ഷ ഏകകണ്ഠേന
ആയിരിക്കേണം. ഇതിനായി വോട്ടിടുന്ന രീതി ഉണ്ടായിരുന്നു. ആദ്യം ന്യായാധിപ സംഘത്തിലെ
ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വോട്ട് രേഖപ്പെടുത്തും. പിന്നീട് അതിനു മുകളില്‍
പ്രായമുള്ള വ്യക്തി വോട്ടിടും. ഇത് മുതിര്‍ന്നവര്‍ മറ്റുള്ളവരെ സ്വാധീനിക്കാതെ
ഇരിക്കുവാന്‍ വേണ്ടി ആയിരുന്നു. എന്നാല്‍ യേശുവിനെ
കുറ്റക്കാരന്‍ എന്ന് വിധിച്ചത് അത്തരം ഒരു പ്രക്രിയയിലൂടെ അല്ല. അതിനാല്‍
ആയിരിക്കാം, നിക്കോദിമോസിനും യോസഫിനും തങ്ങളുടെ
എതിര്‍ അഭിപ്രായം രേഖപ്പെടുത്തുവാന്‍ കഴിയാതെ പോയത്.
10.
നിയമരഹിതമായ ക്രൂശീകരണം എന്ന വിധി
യഹൂദ ന്യായാധിപസംഘം
ദൈവദൂഷണം എന്ന കുറ്റമാണ് യേശുവില്‍ കണ്ടത്. ദൈവദൂഷണം എന്ന കുറ്റത്തിന്, യഹൂദ പ്രമാണപ്രകാരം, കുറ്റം ആരോപിക്കുന്നവര്‍ കുറ്റവാളിയെ കല്ലെറിഞ്ഞു കൊല്ലേണം. ഇതാണ്
ഏറ്റവും വലിയ ശിക്ഷ. ശിക്ഷ വിധിച്ചതിന് ശേഷം മൂന്നു ദിവസങ്ങള്‍ കഴിഞ്ഞേ അത് നടപ്പാക്കാവുള്ളൂ
എന്നും പ്രമാണമുണ്ട്. എന്നാല്‍ യേശുവിനെ, റോമന്‍ നിയപ്രകാരം, ക്രൂശിച്ചു കൊല്ലുക ആയിരുന്നു. യേശുവിനെ റോമാക്കാര്‍ ഒരു രാജ്യദ്രോഹിയായി
ക്രൂശിക്കട്ടെ എന്നതായിരുന്നു യഹൂദ മത പ്രമാണിമാരുടെ ഉദ്ദേശ്യം.
11.
പീലാത്തൊസിന്‍റെ അന്ത്യ ന്യായവിധിയും നീതിരഹിതമാണ്.
യഹൂദ അന്ന് റോമന്‍
സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ ആയിരുന്നു. പ്രവിശ്യകളില്‍ സമാധാനം നിലനില്‍ക്കേണം
എന്ന് റോമാക്കാര്‍ ആഗ്രഹിച്ചു. സൈന്യത്തിനായുള്ള ചിലവുകള്‍ കുറയ്ക്കുവാന്‍ ഇത്
ആവശ്യമാണ്. ആഭ്യന്തര,
പ്രാദേശിക കലാപങ്ങളെ അവര്‍ അടിച്ചമര്‍ത്തും. നികുതി പിരിവിനെ ആരും
തടസ്സപ്പെടുത്തുവാന്‍ പാടില്ല. റോമന്‍ ചക്രവര്‍ത്തിക്ക് എതിരായി, മറ്റൊരുവന്‍ ഉയരുവാന്‍ പാടില്ല. ഇതെല്ലാമായിരുന്നു റോമന്‍
സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍.
പീലാത്തൊസ്, റോമന്‍ സാമ്രാജ്യത്തിന്റെ പ്രതിനിധി
ആണ്. അവന്‍ റോമന്‍ നിയമങ്ങള്‍ ആണ് നടപ്പാക്കിയിരുന്നത്. യഹൂദ ദൈവാലയത്തിലെ മഹാ പുരോഹിതനെ
നിയമിക്കുക എന്നതിനപ്പുറം,
പ്രാദേശികമായ മതപരവും, സാംസ്കാരികവും ആയ കാര്യങ്ങളില്‍, റോമാക്കാര്‍ അധികമായി ഇടപെടാറില്ലായിരുന്നു.
യഹൂദ മത
പ്രമാണിമാര്‍, ദൈവദൂഷണം
എന്ന കുറ്റം പീലാത്തൊസിന്‍റെ അടുക്കല്‍ ഉന്നയിച്ചില്ല. യേശു റോമന്‍
സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി, നികുതി കൊടുക്കുന്നതു
തടഞ്ഞു, യേശു രാജാവാണ് എന്നു പറഞ്ഞതിനാല്‍ അവന്‍ സീസറിനെ
വെല്ലുവിളിച്ചു,
എന്നിങ്ങനെ ഉള്ള കുറ്റങ്ങള്‍ ആണ് അവര്‍ റോമന്‍ ഭരണാധികാരിയുടെ മുന്നില്‍
ഉയര്‍ത്തിയത്. (ലൂക്കോസ് 23: 1,2). അങ്ങനെ പീലാത്തൊസ് ഒരു
രാജ്യദ്രോഹിയെ വിചാരണ ചെയ്യുന്നതുപോലെ യേശുവിനെ വിചാരണ ചെയ്യുവാന്‍ ബാധ്യസ്ഥന്‍
ആയി.
പീലാത്തൊസ് വിചാരണ
ചെയ്തപ്പോള്‍, യേശു
അവന്റെ രാജ്യത്തെ കുറിച്ച്, വ്യക്തമായി പറഞ്ഞു: “എന്റെ
രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ
യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ
രാജ്യം ഐഹികമല്ല”. (യോഹന്നാന്‍ 18:36). സുദീര്‍ഘമായ വിചാരണയ്ക്ക് ഒടുവില്‍, യേശുവില്‍, റോമന്‍ നിയപ്രകാരമുള്ള, യാതൊരു കുറ്റവും കണ്ടെത്തുവാന്‍ പീലാത്തൊസിന് കഴിഞ്ഞില്ല. യേശു നിരപരാധി
ആണ് എന്ന് പീലാത്തൊസ് ഒന്നിലധികം പ്രാവശ്യം, വാക്കുകളാലും
പ്രവര്‍ത്തിയാലും പരസ്യമായി പറഞ്ഞു. എന്നാല്‍ യഹൂദ മത നേതാക്കന്മാരുമായി ഒരു സംഘര്‍ഷത്തിന്
പീലാത്തൊസ് തയ്യാറായിരുന്നില്ല. അതിനാല്‍ അന്തിമമായി, ഒരു
കലാപം ഒഴിവാക്കുവാനായി, യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തൊസ്
അനുവദിച്ചു.
യേശുവിന്റെ
വിചാരണയ്ക്ക് മുമ്പ് ഒരു അനിഷ്ട സംഭവം ഉണ്ടായി. പീലാത്തൊസ് യഹൂദ ദൈവാലയത്തിലേക്ക്
പടയാളികളെ അയച്ചു, ഒരു
കൂട്ടം ഗലീലിക്കാരെ കൊന്നു. അവരുടെ രക്തം യാഗപീഠത്തില്‍ തെറിച്ചു വീണു. മനുഷ്യരുടെ
രക്തം അവിടെ യാഗം അര്‍പ്പിച്ചിരുന്ന മുഗങ്ങളുടെ രക്തത്തോടു ചേര്‍ന്നു. ഒപ്പം, ടെമ്പിള്‍ മൌണ്ടിന് ചുറ്റും സീസറിന്റെ ചിത്രം ഉള്ള റോമന്‍ പതാകയും
പടയാളികള്‍ ഉയര്‍ത്തി. റോമന്‍ സൈന്യത്തിന്റെ ശക്തി പ്രകടിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു
പീലാത്തൊസ് ഇങ്ങനെ ചെയ്തത്. യെരൂശലേമിലെ കലാപങ്ങളെ ഇല്ലാതാക്കി, അവിടെ സമാധാനം ഉണ്ടാകുക എന്നത് റോമന്‍ സാമ്രാജ്യത്തിന്റെ ആവശ്യമാണ്.
എന്നാല്‍ ഇത് വിപരീത ഫലം ഉണ്ടാക്കി. ദൈവാലയത്തിന്റെ പരിസരത്ത് വിഗ്രഹങ്ങളെ
സ്ഥാപിച്ചതായി വ്യാഖ്യാനിക്കപ്പെട്ടു. വീണ്ടും യഹൂദന്മാരുടെ കലാപം ഉണ്ടായി. ഒരു
വലിയ ജനകൂട്ടം യഹൂദന്മാര്‍ കൈസര്യയില്‍ ഉള്ള പീലാത്തൊസിന്‍റെ കൊട്ടാരത്തിലേക്ക്
ജാഥയായി ചെന്നു, റോമന്‍ കൊടികളെ മാറ്റേണം എന്നു
ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ പീലാത്തൊസ് പടയാളികളെ അയച്ചു എങ്കിലും, ജനകൂട്ടം മരിക്കുവാന്‍ തന്നെ തയ്യാറി നിന്നു,
അവരില്‍ ആരും പിന്‍മാറിയില്ല. അങ്ങനെ നയതന്ത്രഞ്ത ആണ് യെരൂശലേമില്‍ ഏറെ അഭികാമ്യം
എന്നു പീലാത്തൊസ് മനസ്സിലാക്കി. ഈ പശ്ചാത്തലത്തില്‍ ആണ്,
യഹൂദ മത പുരോഹിതന്മാര്‍, യേശുവിനെ അവന്റെ അടുക്കല്‍
കൊണ്ടുവരുന്നത്.
എന്നാല്‍, വിചാര വേളയില്‍, തന്റെമേലുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ പീലാത്തൊസ് പലപ്പോഴും ശ്രമിച്ചു. യേശുക്രിസ്തു ഗലീലി ദേശത്തു ജനങ്ങളെ ഇളക്കിവ്ട്ട് കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ചു എന്നുള്ള ആരോപണം പീലാത്തൊസ് കേട്ടു. ഗലീലിയുടെ ഭരണാധികാരി ഹെരൊദാവ് അന്തിപ്പാസ് ആയിരുന്നു. അവന്‍ അപ്പോള്‍ യെരൂശലേമില്‍ വന്നിട്ടുണ്ടായിരുന്നു. അതിനാല്‍ യേശുവിനെ അവന്റെ അടുക്കല്‍ അയക്കുവാന്‍ പീലാത്തൊസ് തീരുമാനിച്ചു. ഹെരോദാവ് യേശുവിന്റെ വിധി തീരുമാനിക്കട്ടെ എന്നായിരുന്നു പീലാത്തൊസിന്‍റെ ചിന്ത.
പീലാത്തോസും ഹെരോദാവും തമ്മിലുള്ള വൈര്യത്തെക്കുറിച്ചും സൌഹൃദത്തെ കുറിച്ചും ലൂക്കോസ് 23:12 ല്‍ പറയുന്നുണ്ട്. ഇത് എന്തായിരുന്നു എന്നത് നമുക്ക് വ്യക്തമല്ല. ലൂക്കോസ് പറയുന്നതിങ്ങനെ ആണ്: “അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.” ഇവര്‍ തമ്മിലുള്ള വൈരത്തിന് കാരണം എന്തായിരുന്നു എന്നു ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍, യേശുവിന്‍റെ വിചാരണയ്ക്ക് ശേഷം അവരെ വീണ്ടും സൌഹൃദത്തില്‍ ആക്കിയത് എന്താണ് എന്നു വേദപുസ്തകമോ ചരിത്രമോ യാതൊന്നും പറയുന്നില്ല.
ഹെരോദാവും പീലാത്തോസും തമ്മില്‍ ശത്രുതയില്‍ ആകുവാനുള്ള കാരണമായി, പുരാതന ചരിത്രകാരന്‍ ആയ ഫിലോ (Philo) ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പീലാത്തൊസ് അവന്റെ സുവര്‍ണ്ണ കവചം, യെരൂശലേമിലെ ഹെരോദാവിന്റെ കൊട്ടാരത്തില്‍ സ്ഥാപിച്ചു. ഇതില്‍ ഹെരോദാവ് അന്തിപ്പാസ് അതീവ ക്രൂദ്ധനായി. അദ്ദേഹം റോമന്‍ ചക്രവര്‍ത്തിയായ ടൈബേരിയസ് സീസറിനോട് പരാതി പറയുകയും ചെയ്തു. അതിനാല്‍ ടൈബേരിയസ്, സുവര്‍ണ്ണ കവചത്തെ അവിടെ നിന്നും നീക്കുവാന്‍ പീലാത്തൊസിനോട് കല്‍പ്പിച്ചു. അന്നുമുതല്‍ ഹെരോദാവ് അന്തിപ്പാസും പീലാത്തൊസും തമ്മില്‍ ശത്രുത ഉണ്ടായി എന്നാണ് ഫിലോ രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ വിചാരണയോടെ, ഈ ശത്രുത മാറി എന്നു പറയുമ്പോള്‍, അത് ഇരുകൂട്ടര്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു കാര്യമായിരുന്നു എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. അങ്ങനെ എങ്കില്‍, യേശുക്രിസ്തുവിനെതിരെ അവര്‍ തമ്മില്‍ രഹസ്യമായി ഒരു കൂട്ട് കെട്ടുണ്ടാക്കി എന്നും വരുന്നു. ഇതില്‍ നമുക്ക് വ്യക്തത ഇല്ല.
ലൂക്കോസിന്റെ വിവരണം അനുസരിച്ച്, ഹെരോദാവിന്‍റെ മുന്നില്‍ യേശുക്രിസ്തു നിശബ്ദനായി നിന്നു, അവന്‍ യാതൊരു ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞില്ല. (ലൂക്കോസ് 23:9). ഹെരോദാവ് യേശുവില്‍ ഒരു കുറ്റവും കാണാതെ, അവനെ പീലാത്തൊസിന്‍റെ അടുക്കല്‍ തിരികെ അയച്ചു. എന്നാല്‍ അപ്പോസ്തല പ്രവൃത്തികള്‍ 4: 27 ല്‍ പറയുന്നതിങ്ങനെ ആണ്: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി…”. യേശുവിനെ ഹെരോദാവിന്റെ അടുക്കല്‍ അയച്ചു എന്നതും, ഈ വാക്യവും ചേര്‍ത്തു വായിച്ചാല്‍, നമുക്ക് ഇങ്ങനെ കാര്യങ്ങളെ ഗ്രഹിക്കുവാന്‍ കഴിയും: ഒന്നാമതായി, ഹെരോദാവിനും പീലാത്തൊസിനും, അവരുടെ അധികാരത്തിനെതിരെ ഉയര്‍ന്നുവരുന്ന ഏതൊരുവനെയും ഇല്ലാതാകേണം എന്ന പൊതുവായ താല്‍പര്യം ഉണ്ടായിരുന്നു. രണ്ടാമതായി, യേശുവിനെ കുറ്റം ചുമത്താതെ വിട്ടതിലൂടെ യഹൂദ ന്യായാധിപ സംഘത്തിന്റെ തീരുമാനത്തെ നിരസിക്കുകയും അതിലൂടെ അവരുടെ അധികാരത്തെക്കാള്‍ വലുതാണ് റോമന്‍ ഭരണ സംവിധാനത്തിന്റെ അധികാരം എന്നു വരുത്തുകയും ചെയ്യാം. മൂന്നാമത്തെ അനുമാനമാണ്, പീലാത്തൊസിന്‍റെ പ്രവര്‍ത്തിയില്‍ കൂടുതല്‍ ശരി. പീലാത്തൊസ് അപ്പോള്‍ തന്നെ യഹൂദന്മാരുടെ അപ്രീതിക്ക് ഭാഗമായി തീര്‍ന്നിരിക്കുക ആണ്. ഇനി ഒരു പരീക്ഷണം കൂടി വേണ്ട, യേശുവിന്റെ മരണത്തിന് യഹൂദ ന്യായാധിപ സംഘവും ഹെരോദാവും കൂട്ട് ഉത്തരവാദികള്‍ ആകട്ടെ എന്നു പീലാത്തൊസ് കരുതിയിട്ടുണ്ടാകാം. അനന്തര ഫലം എന്തായാലും മൂന്നു കൂട്ടര്‍ക്കും തുല്യ പങ്കാളിത്തം ആണ് പീലാത്തൊസ് ഉദ്ദേശിച്ചത്.
യഹൂദന്മാരുടെ ഇടയില്‍ സാമാധാന അന്തരീക്ഷം നിലനിറുത്തുന്നതില്‍ പീലാത്തൊസ് പലപ്പോഴും പരാജയപ്പെട്ടു എന്നു കരുതപ്പെടുന്നു. അതിനാല്‍ ടൈബേരിയസ് ചക്രവര്‍ത്തിക്ക് പീലാത്തൊസിനോടുള്ള നീരസം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം ആയിരുന്നു. മറ്റൊരു യഹൂദ കലാപം ഉണ്ടായാല്‍, പീലാത്തൊസ് സ്ഥാന ഭ്രഷ്ടന്‍ ആയേക്കാം. അതിനാല്‍, പീലാത്തൊസ് ജനത്തെ ഭയപ്പെട്ടു. അദ്ദേഹം സ്വന്തം സ്ഥാനം സംരക്ഷിക്കുവാന്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്ന റോമന്‍ നീതി വ്യവസ്ഥയുടെ കാതല്‍, പീലാത്തൊസ് മനപ്പൂര്‍വ്വം മറന്നു. നിരപരാധി എന്നു അദ്ദേഹത്തിന് ഉത്തമ ബോധ്യം ഉണ്ടായിരുന്ന, യേശുവിനെ ക്രൂശിച്ചു കൊല്ലുവാന്‍ യഹൂദ ജനത്തെ അനുവദിച്ചു.
ഉദ്ദേശ്യം
എന്തായിരുന്നാലും, ഇത് അവര്‍ക്ക് മൂന്നു കൂട്ടര്‍ക്കും ഗുണകരമായില്ല എന്നു
ചരിത്രം പറയുന്നു. റോമന്‍ ചക്രവര്‍ത്തി ആയ കലിഗുള (Caligula), AD
39 ല്‍, ഹെരോദാവ് അന്തിപ്പാസിനെ അധികാരത്തില്‍ നിന്നും
നിഷ്കാസനം ചെയ്തു. യേശുവിന്റെ ക്രൂശീകരണത്തിന് ശേഷം, റോമന്‍
ചക്രവര്‍ത്തി പീലാത്തോസിനെ തിരികെ വിളിച്ചു, അധികാരത്തില്‍
നിന്നും മാറ്റി. യേശുവോ, മരിച്ചു, അവിടെ ഉള്ള ഒരു
ധനികനായ ഒരു യഹൂദന്‍റെ കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടു, മൂന്നാം നാള്‍ ജീവനോടെ, ജയാളിയായി, ഉയിര്‍ത്തെഴുന്നേറ്റു.
പീലാത്തൊസിന്‍റെ
അടുക്കല്‍ ഉള്ള വിചാരണയിലും യേശുവിന് നീതി ലഭിച്ചില്ല. യേശു ഒരിക്കലും ഒരു രാജ്യാദ്രോഹി
ആയ കുറ്റവാളി ആയിരുന്നില്ല, അവന്‍ യഹൂദ മതപുരോഹിതന്മാരുടെ ഗൂഢ തന്ത്രങ്ങളുടെ ഇര മാത്രം ആയിരുന്നു. ഇത്
ഹെരോദാവിനും പീലാത്തൊസിനും മനസ്സിലായി. ഒന്നിലധികം പ്രാവശ്യം യേശു നിരപരാധി ആണ്
പീലാത്തൊസ് പരസ്യമായി പ്രഖ്യാപിച്ചു. നീതിമാനായ ഒരു റോമന്‍ ഭരണാധികാരി, നിരപരാധി ആയ യേശുവിനെ രക്ഷിക്കുവാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍, റോമന്‍ നീതി പീഠം നിരപരാധി എന്ന് പ്രഖ്യാപിച്ച ഒരു വ്യക്തിയെ ആണ് അവര്‍ ക്രൂശിച്ച്
കൊന്നത്.
ഉപസംഹാരം
ആര്‍ക്കുവേണ്ടിയാണ്
യേശു മരിച്ചത്, എന്തിനുവേണ്ടി ആണ് യേശു മരിച്ചത്? എന്തുകൊണ്ടാണ് എല്ലാ അനീതികളെയും യേശു നിശബ്ദനായി സഹിച്ചത്? എന്തുകൊണ്ടാണ് അവന്‍ നീതിക്കായി ആവശ്യപ്പെടാഞ്ഞത്? യഹൂദ പ്രമാണങ്ങളെയും റോമന്‍ നീതി വ്യവസ്ഥകളെയും യേശുവിന്
അറിയാമായിരുന്നില്ലേ? ഭരണ സംവിധാനങ്ങളില്‍
സ്വാധീനമുള്ള, യേശുവില്‍ വിശ്വസിച്ചിരുന്ന,
നിക്കോദിമോസ്,
അരിമത്യക്കാരനായ യോസഫ് എന്നിവര്‍ എന്തുകൊണ്ടാണ് നീതി നിഷേധം
ചൂണ്ടിക്കാണിക്കാതെ ഇരുന്നത്?
യേശു
തന്റെ ശുശ്രൂഷാകാലം മുഴുവന്‍, മറ്റുള്ളവര്‍ക്ക് നീതി നല്കി, ന്യായത്തോടെയും
കരുണയോടെയും പെരുമാറി. എന്നാല്‍ അവന് യാതൊരു നീതിയും ലഭിച്ചില്ല.
യേശുക്രിസ്തുവിന്റെ വിചാരണവേളയില്‍ അവന്‍ അനീതി അനുഭവിക്കുന്ന മനുഷ്യരോടു
താരതമ്യപ്പെടുക ആയിരുന്നു. വഞ്ചിക്കപ്പെട്ട, ചതിക്കപ്പെട്ട, തകര്‍ക്കപ്പെട്ട, നിരസിക്കപ്പെട്ട മനുഷ്യരോടൊപ്പം യേശുക്രിസ്തു
ചേരുക ആയിരുന്നു. നമ്മള്‍ കടന്നുപോകുന്ന എല്ലാ വേദനയുടെയും കഷ്ടതയുടെയും, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും,
തിരസ്കരണത്തിന്റെയും, അനീതിയുടെയും വഴിയിലൂടെ യേശു കടന്നുപോയി, അത് അനുഭവിച്ച്, നമുക്ക് വേണ്ടി അവന്‍ മരിച്ചു. നമ്മളുടെ
ഒരു വേദനയും, യേശു അനുഭവിക്കാത്തതായി ഇല്ല. പാപം മനുഷ്യനു
നല്കിയ എല്ലാ മുറിവുകളും യേശു തന്റെ ജീവിതത്തില്‍ അനുഭവിച്ച്, അവന്‍ അത് ഏറ്റെടുത്തു. അവന്‍ അങ്ങനെ ചെയ്തത്,
സകലത്തിനെയും മാറ്റി, നമ്മളെ വീണ്ടെടുക്കുവാന്‍ വേണ്ടിയും, അങ്ങനെ നമ്മളെ സ്വസ്ഥതയുടെ നാളുകളിലേക്ക് പ്രവേശിപ്പിക്കുവാന്‍ വേണ്ടിയും
ആയിരുന്നു.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍
ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍
9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.
ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment