യെരൂശലേമിന്‍റെ പതനം

ദൈവം സ്വന്തജനമായി തിരഞ്ഞെടുത്ത തിരഞ്ഞെടുത്ത പ്രത്യേക ജനമാണ് യിസ്രായേല്‍ എങ്കിലും, അവരുടെ ചരിത്രം എക്കാലവും സമാധാനത്തിന്റേത് ആയിരുന്നില്ല. ഇതൊരു വൈരുധ്യമായി തോന്നിയേക്കാം. ദൈവം, ഒന്നുമില്ലായ്മയില്‍ നിന്നും, അബ്രഹാം എന്ന 100 വയസ്സുള്ള ഒരു വൃദ്ധനില്‍ നിന്നുമാണ് യിസ്രായേല്‍ ജനത്തെ ഉല്‍ഭവിപ്പിച്ചത്. എന്നാല്‍ അബ്രാഹാമിന്റെ എല്ലാ സന്തതികളും യിസ്രായേല്‍ ആയില്ല. അവന്റെ കൊച്ചുമകനായ യാക്കോബിന്റെ 12 മക്കളുടെ സന്തതി പരമ്പരകല്‍ ആണ് പിന്നീട് യിസ്രായേല്‍ ആയിത്തീര്‍ന്നത്. ദൈവം വാഗ്ദത്തം ചെയ്ത ദേശം കൈവശമാക്കി താമസിക്കുവാനുള്ള അബ്രാഹാമിന്റെ യാത്ര മെസപ്പൊട്ടേമിയ എന്ന സ്ഥലത്തുനിന്നുമാണ് ആരംഭിച്ചത്. അവന്‍ കനാന്‍ എന്ന വാഗ്ദത്ത ദേശത്തു എത്തി, അവിടെ താമസിച്ചു എങ്കിലും പിന്നീട്, അവന്റെ കൊച്ചുമകനായ യാക്കോബും സന്തതികളും 400 ല്‍ അധികം വര്‍ഷങ്ങള്‍ ഈജിപ്തില്‍ അടിമകളായി താമസിച്ചു. അവിടെ നിന്നും മോചനം പ്രാപിച്ച യിസ്രയേല്യര്‍, വീണ്ടും കനാന്‍ ദേശത്ത് വന്നു. അവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന രാജ്യങ്ങളോട് യുദ്ധം ചെയ്തു ദേശം വീണ്ടും കൈവശമാക്കി. പിന്നീട് ഉള്ള അവരുടെ ചരിത്രം, സമാധാനത്തിന്റെയും, സമൃദ്ധിയുടെയും, യുദ്ധങ്ങളുടെയും, പ്രവാസ ജീവിതത്തിന്‍റെയും, വിദേശ ആധിപത്യത്തിന്‍റെതും ആയിരുന്നു. 1948 ല്‍ ഇന്നത്തെ ആധുനിക യിസ്രായേല്‍ രാജ്യം നിലവില്‍ വന്നു എങ്കിലും, അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. 

യിസ്രയേലിന്‍റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവം, യെരൂശലേം പട്ടണത്തിന്റെയും, രണ്ടാമത്തെ ദൈവാലയത്തിന്‍റെയും തകര്‍ച്ച ആണ്. ഇത് AD 70 ല്‍ ആണ് സംഭവിക്കുന്നത്. അന്ന് യഹൂദ ദേശം ഭരിച്ചിരുന്ന റോമന്‍ സാമ്രാജ്യത്വത്തിനെതിരെ AD 66 ല്‍ ആരംഭിച്ച് AD 73 വരെ നീണ്ടുനിന്ന കലാപമാണ് യെരൂശലേം പട്ടണത്തിന്റെ പതനത്തിന് കാരണം.


പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സ്

യെരൂശലേം പട്ടണത്തിന്റെയും ദൈവാലയത്തിന്‍റെയും പതനത്തിന്റെ വിവരണങ്ങള്‍ക്കുള്ള പ്രധാന സ്രോതസ്സ്, യഹൂദ ചരിത്രകാരനായ ഫ്ലേവിയസ് ജൊസിഫസിന്‍റെ (Flavius Josephus.) പുസ്തകങ്ങള്‍ ആണ്. യഹൂദ ചരിത്രത്തിലെ യുദ്ധങ്ങള്‍, യഹൂദന്മാരുടെ പുരാതനത്വങ്ങള്‍, ആപ്പിയോണിന് വിരുദ്ധമായി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകള്‍. ഫ്ലേവിയസ് ജൊസിഫസിന്‍റെ ജീവിതം എന്നൊരു ആത്മകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. (History of the Jewish War, The Antiquities of Jews, Against Apion, The Life of Flavious Josephus).

ജൊസിഫസ് യഹൂദ കലാപകാരികളില്‍ അംഗമായി, ഗലീലയിലെ വിഭാഗത്തിന്റെ തലവന്‍ ആയിരുന്നു. അന്ന് റോമന്‍ സൈന്യാധിപന്‍ ആയിരുന്ന വെസ്പെഷ്യന്‍റെ (Vespasian) നേതൃത്വത്തില്‍, AD 67 ല്‍ റോമന്‍ സൈന്യം ഗലീലയില്‍ എത്തിയപ്പോള്‍, ജോസിഫസും 40 കലാപകാരികളും, യോധ്ഫട് (Yodfat - Jotapata) എന്ന പട്ടണത്തിലേക്കും, പിന്നീട് ഒരു ചെറിയ ഗുഹയിലേക്കും ഓടിപ്പോയി. റോമന്‍ സൈന്യത്തിന് ജീവനോടു കീഴടങ്ങുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നു അവര്‍ തീരുമാനിച്ചു. അതിനാല്‍ ഒരുവന്‍ മറ്റൊരുവനെ കൊല്ലേണ്ടതിന്, ഒരു ക്രമം കണ്ടെത്തുവാനായി അവര്‍ ചീട്ടിട്ടു. അതിന്‍ പ്രകാരം അവരില്‍ ഒരുവന്‍ മറ്റൊരുവനെ ക്രമമായി കൊന്നു. അവസാനം ജോസിഫസും മറ്റൊരു കലാപകാരിയും മാത്രം അവശേഷിച്ചു. അപ്പോള്‍, ജോസിഫസിന്‍റെ ചരിത്രപ്രകാരം, റോമന്‍ സൈന്യത്തിന് ജീവനോടെ കീഴടങ്ങുവാന്‍ അദ്ദേഹത്തിന് ദൈവീക നിര്‍ദ്ദേശം ലഭിച്ചു. അദ്ദേഹവും കൂടെയുള്ള കലാപകാരിയും റോമന്‍ സൈന്യത്തിന് കീഴടങ്ങി.

ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവനായി, വെസ്പെഷ്യന്‍റെ അടുക്കല്‍ ചെന്ന, ജോസിഫസ്, വെസ്പെഷ്യന്‍ അടുത്ത റോമന്‍ ചക്രവര്‍ത്തി ആകും എന്നു പ്രവചിച്ചു. അതിനാല്‍, വെസ്പെഷ്യന്‍ അദ്ദേഹത്തെ റോമന്‍ സൈന്യത്തോടൊപ്പം രണ്ടു വര്‍ഷങ്ങള്‍ താമസിപ്പിച്ചു. AD 69 ല്‍ അപ്രതീക്ഷിതമായി, വെസ്പെഷ്യന്‍, ചക്രവര്‍ത്തി ആയപ്പോള്‍, അദ്ദേഹം ജോസിഫസിനെ മോചിപ്പിച്ചു. അതിനുള്ള നന്ദി സൂചകമായി, ജോസിഫസ്, വെസ്പെഷ്യന്‍റെ കുടുംബ പേരായ, ഫ്ലേവിയസ് എന്ന പെരുകൂടി തന്റെ പേരിനോടൊപ്പം കൂട്ടി. പിന്നീട് ജോസിഫസ് അലെക്സാന്‍ഡ്രിയയിലേക്ക് പോയി, അവിടെ താമസിച്ചു.

ഒന്നാമത്തെ യഹൂദ കലാപം

AD 66 മുതല്‍ 73 വരെയുണ്ടായ യഹൂദ കലാപത്തെ, ഒന്നാമത്തെ യഹൂദ കലാപം എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഈ കലാപത്തിന്‍റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാനായി, ഹസ്മോനിയന്‍ രാജവംശത്തിലെ രാജ്ഞി ആയിരുന്ന ശലോമി അലെക്സാന്‍ഡ്രിയ (Hasmonean Queen Salome Alexandria) യുടെ കാലം മുതല്‍ ഉള്ള ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു. ശലോമി BC 76 മുതല്‍ BC 67 വരെയുള്ള 9 വര്‍ഷങ്ങള്‍ യഹൂദ്യയുടെ രാജ്ഞി ആയിരുന്നു. അവര്‍ വളരെ ഭക്തയായ ഒരു സ്ത്രീ ആയിരുന്നു. അവരുടെ കാലത്ത് അസാധാരണമായ ദൈവീക അനുഗ്രഹങ്ങള്‍ യഹൂദര്‍ അനുഭവിച്ചു. അവരുടെ മൂത്തമകനായ ഹൈര്‍കാനസ് ഉം (Hyrcanus) ഒരു ഭക്തനായ മനുഷ്യന്‍ ആയിരുന്നു. അദ്ദേഹം ദൈവാലയത്തിലെ മഹാ പുരോഹിതന്‍ ആയി. 73 ആമത്തെ വയസ്സില്‍, BC 67 ല്‍ ശലോമി മരിച്ചു. അതിനുശേഷം അവരുടെ മകള്‍ക്കിടയില്‍ ഒരു അധികാര തര്‍ക്കവും ആഭ്യന്തര കലാപവും ഉണ്ടായി. അവരുടെ രണ്ടാമത്തെ മകനായ അരിസ്റ്റോബുലസ് (Aristobulus), സദൂക്യരുടെ പിന്തുണയോടെ രാജാവായി. ഹൈര്‍കാനസ് പരീശന്മാരുടെ പിന്തുണയോടെ മഹാ പുരോഹിതന്‍ ആയി തുടര്‍ന്നു. എന്നാല്‍ ആഭ്യന്തര കലാപം ഇതുകൊണ്ടു അവസാനിച്ചില്ല. ഈ കലാപമാണ് റോമാക്കാരെ യഹൂദയിലേക്ക് ക്ഷണിച്ചത്.

63 BC ല്‍, പെസഹ പെരുന്നാളിന്‍റെ സമയത്ത്, അരിസ്റ്റോബുലസിനെയും സദൂക്യരെയും, ഹൈര്‍കാനസ് ദൈവാലയത്തില്‍ ബന്ധികള്‍ ആക്കി. അതിനാല്‍, അരിസ്റ്റോബുലസ്, അന്ന് സിറിയയില്‍ ഉണ്ടായിരുന്ന, റോമന്‍ സൈന്യാധിപനായ പൊംപെയുടെ പ്രതിനിധി ആയിരുന്ന മാര്‍ക്കസ് അമീലിയസ് സ്കാരസിനോട് സഹായം അഭ്യര്‍ത്ഥിച്ചു. (Marcus Aemilius Scaurus). അരിസ്റ്റോബുലസ്, സ്കാരസിന് 8000 കിലോ വെള്ളി സമ്മാനമായി നല്കി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പോംപെയ് (Pompey) സിറിയയില്‍ വന്നപ്പോള്‍, അരിസ്റ്റോബുലസ്, അദ്ദേഹത്തിനോടും സഹായം അഭ്യര്‍ത്ഥിക്കുകയും, 800 കിലോ സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ ഒരു മുന്തിച്ചെടി സമ്മാനമായി നല്കുകയും ചെയ്തു. എങ്കിലും അരിസ്റ്റോബുലസിന് പോംപെയ് യില്‍ വിശ്വസം തോന്നിയില്ല. അതിനാല്‍ പോംപെയ് യെ, സായുധരായി എതിര്‍ക്കുവാന്‍ തന്നെ അരിസ്റ്റോബുലസ് തീരുമാനിച്ചു. അദ്ദേഹം ഭയപ്പെട്ടതുപോലെ തന്നെ, പോംപെയ്, ഹൈര്‍കാനസിന്റെ പക്ഷം ചേരുകയും അരിസ്റ്റോബുലസിനെ റോമിലേക്ക് പിടിച്ചുകൊണ്ട് പോകുകയും ചെയ്തു.

അങ്ങനെ, ഹൈര്‍കാനസ് ആണ് പോംപെയ് യെ യെരൂശലേമിലെ താഴത്തെ പട്ടണത്തില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചത്. അപ്പോഴും അരിസ്റ്റോബുലസിന്റെ അനുയായികളായ സദൂക്യര്‍ ദൈവാലയത്തില്‍ സ്ഥാനമുറപ്പിച്ചിരുന്നു. അതിനാല്‍ പോംപെയ് ദൈവാലയത്തിലേക്ക് അതിക്രമിച്ചു കയറി, ടെമ്പിള്‍ മൌണ്ടിനെ പിടിച്ചടക്കി. റോമന്‍ സൈന്യം, ആലയത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന പുരോഹിതന്മാരെ കൊന്നു. ചിലര്‍ ആത്മഹത്യ ചെയ്തു. അന്ന്, ഏകദേശം 2000 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. കൂടാതെ, മഹാപുരോഹിതന്‍, ആണ്ടില്‍ ഒരിക്കല്‍ മാത്രം പ്രവേശിക്കാറുള്ള, അതിവിശുദ്ധ സ്ഥലത്തു, പോംപെയ് യും സൈന്യവും കയറി, അതിനെ അശുദ്ധമാക്കി. റോമന്‍ സൈന്യം അവരുടെ വിശ്വാസമനുസരിച്ചുള്ള യാഗവും നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ആലയത്തിന് കേടുവരുത്തുവാനോ, കൊള്ള ചെയ്യുവാനോ അദ്ദേഹം ശ്രമിച്ചില്ല. അടുത്ത ദിവസം ഹൈര്‍കാനസിനെ മഹാപുരോഹിതന്‍ ആയി പോംപെയ് നിയമിച്ചു. ആലയത്തെ ശുദ്ധീകരിക്കുവാനുള്ള ക്രമീകരവും ചെയ്തു. ഹൈര്‍കാനസിന്, ദേശീയ നേതാവ് എന്ന് അര്‍ത്ഥമുള്ള “എത്നാര്‍ക്ക്‌” എന്ന പദവി നല്കി. (ethnarch - national leader). അരിസ്റ്റോബുലസിനെയും അദ്ദേഹത്തിന്റെ രണ്ടു ആണ്‍മക്കളെയും രണ്ടു പെണ്‍മക്കളെയും റോമിലേക്ക് തടവുകാരായി കൊണ്ടുപോയി. അരിസ്റ്റോബുലസിന്റെ കൂടെ ഉണ്ടായിരുന്ന പോരാളികളെ കൊന്നു. യഹൂദ്യയെ റോമന്‍ സാമ്രാജ്യത്തോട് പൂര്‍ണ്ണമായി ചേര്‍ക്കാതെ, ഗലീലി, യഹൂദ്യ എന്നിവയെ റോമാക്കാരുടെ ആശ്രിത രാജ്യങ്ങള്‍ ആക്കി.

പോംപെയ് യ്ക്കു ശേഷം, ബി‌സി 49 ല്‍ ജൂലിയസ് സീസര്‍ റോമില്‍ അധികാരത്തില്‍ വന്നു. അദ്ദേഹം ഹൈര്‍കാനസിനോട് സഹകരിച്ചു, എങ്കിലും, BC 47 ല്‍ അരിസ്റ്റോബുലസിന്റെ രാജസദസ്സില്‍ ഉണ്ടായിരുന്ന അന്‍റിപേറ്റര്‍ (Antipater) എന്ന വ്യക്തിയെ എപ്പിട്രോപ്പോസ് (Epitropos) എന്ന പദവിയോടെ യഹൂദ്യയുടെ ഭരണാധികാരിയായി നിയമിച്ചു. അതേവര്‍ഷം തന്നെ അന്‍റിപേറ്ററുടെ മകന്‍, ഹെരോദ് (Herod) ഗലീലിയുടെ ഗവര്‍ണര്‍ ആയി. പിന്നീട് അന്‍റിപേറ്ററിനെ ഒരു രാഷ്ട്രീയ എതിരാളി കൊന്നു. അങ്ങനെ മഹാനായ ഹെരോദ് ഒന്നാമന്‍ യഹൂദ്യയുടെ രാജാവായി. അദ്ദേഹത്തിന്റെ വാഴ്ചാകാലത്തില്‍ യഹൂദന്മാര്‍ മതപരമായ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. 41 BC ല്‍ മാര്‍ക്ക് ആന്‍റണി (Mark Antony) റോമില്‍ അധികാരത്തില്‍ വന്നപ്പോള്‍, ഹെരോദിനെ ഗലീലിയുടെ ടെട്രാര്‍ക് (tetrarch ) ആയി നിയമിച്ചു. ഹെരോദിന്റെ സഹോദരന്‍ ഫാസയെല്‍ (Phasael) യെരൂശലേമിന്റെ ടെട്രാര്‍ക് ആയി നിയമിതനായി. ഹൈര്‍കാനസ്, പേരുകൊണ്ട് മാത്രം ദേശീയ നേതാവായി തുടര്‍ന്നു.

54 BC ല്‍ പുരാതന ഇറാനില്‍ നിന്നും വന്ന പാര്‍ത്തിയന്‍ വംശക്കാരും, റോമാക്കാരും, തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍, സാധാരണ യഹൂദ ജനം പാര്‍ത്തിയരെ പിന്തുണച്ചു. 43 BC ല്‍ ഹൈര്‍കാനസിന്‍റെ അനിന്തരവന്‍ ആന്‍റിഗോണസ് (Antigonus) ഹെരോദിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഹെരോദ് അദ്ദേഹത്തെ തോല്‍പ്പിച്ചു. എന്നാല്‍ 40 BC ല്‍ പാര്‍ത്തിയര്‍, ഹൈര്‍കാനസിനെ തടവുകാരനായി പിടിച്ചുകൊണ്ടു അവരുടെ തലസ്ഥാനമായ ബാബിലോണിലേക്ക് കൊണ്ടുപോയി. ഹെരോദിനെ രാജസ്ഥാനത്ത് നിന്നും മാറ്റി ആന്‍റിഗോണസ് രാജാവായി. യെരൂശലേമിന്റെ ടെട്രാര്‍ക് ആയിരുന്ന, ഹെരോദിന്റെ സഹോദരന്‍ ഫാസയെല്‍ (Phasael) ആത്മഹത്യ ചെയ്തു. എന്നാല്‍ ഹെരോദ് ശത്രുക്കളുടെ കൈയില്‍പ്പെടാതെ രക്ഷപ്പെട്ട്, റോമിലേക്ക് പോയി. പാര്‍ത്തിയരെ തുരത്തുവാന്‍, അദ്ദേഹം മാര്‍ക്ക് ആന്‍റണിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു റോമന്‍ സൈന്യം പാര്‍ത്തിയരെ തോല്‍പ്പിക്കുകയും ഹെരോദാവിനെ വീണ്ടും രാജാവാക്കുകയും ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം ഹൈര്‍കാനസിനെ തിരികെ കൊണ്ടുവന്നു. ഹൈര്‍കാനാസ് വീണ്ടും മഹാപുരോഹിതന്‍ ആയില്ല എങ്കിലും, ഹെരോദാവ് അദ്ദേഹത്തെ ബഹുമാനത്തോടെ സംരക്ഷിച്ചു. 

ഹെരോദാവ്, മാര്‍ക്ക് ആന്റണിയുടെ പക്ഷം ആയിരുന്നു. എന്നാല്‍ ആന്റണിയും ഒക്ടേവിയനും (Octavian) തമ്മിലുണ്ടായ ആഭ്യന്ത്ര കലാപത്തില്‍, ആന്‍റണി പരാജയപ്പെട്ടു. അപ്പോള്‍ തന്റെ രാജകീയ സ്ഥാനത്തിന് ഭീഷണി ഉണ്ടാകുമോ എന്നു ഭയപ്പെട്ട്, 31 BC ല്‍ ഹെരോദാവ്, ഹൈര്‍കാനസിനെ കൊന്നു. എന്നാല്‍ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല, എന്നു മാത്രമല്ല,  ഒക്ടേവിയന്‍, യെരീഹോ, ഗസ്സാ എന്നീ പ്രദേശങ്ങള്‍ കൂടി ഹെരോദാവിന്റെ ഭരണത്തില്‍ ആക്കി.

റോമാക്കാരുടെ പ്രീതി സാമ്പാദിക്കുവാനായി, ഹെരോദാവ്, യെരൂശലേം ദൈവാലയത്തിന്റെ പ്രവേശന കവാടത്തില്‍, റോമന്‍ ശക്തിയുടെ അടയാളമായി, സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒരു കഴുകന്‍റെ മാതൃക സ്ഥാപിച്ചു. അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഒക്ടേവിയസ് അഗസ്റ്റസ് (Octavius Augustus), ചക്രവര്‍ത്തിക്കും, റോമന്‍ സെനറ്റര്‍മാര്‍ക്കും റോമന്‍ ജനതയ്ക്കും വേണ്ടി പ്രത്യേക യാഗങ്ങള്‍, യെരൂശലേം ദൈവാലയത്തില്‍ അര്‍പ്പിക്കുവാന്‍ കല്‍പ്പന ഇറക്കി. അതിനുള്ള ചിലവും അദ്ദേഹം നല്കി. ഇത് രണ്ടും യഹൂദന്‍മാര്‍ക്ക് അപ്രിയമായി. കൂടാതെ, അവരുടെ പിതാക്കന്മാരായ ദാവീദ്, ശലോമോന്‍ എന്നിവരുടെ ശവകുടീരങ്ങള്‍ തുറന്ന്, അതില്‍ നിന്നും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും, ഹെരോദാ രാജാവു കവര്‍ന്നു എന്നൊരു വാര്‍ത്തയും പരന്നു. ഇതില്‍ എത്രത്തോളം ശരിയുണ്ട് എന്നു അറിയില്ല. എങ്കിലും മതവിശ്വാസികള്‍ ആയ യഹൂദന്മാര്‍ ഇതില്‍ നീരസപ്പെട്ടു.

ഹെരോദാ രാജാവു 4 BC ല്‍ മരിച്ചു. അതിനുശേഷം യഹൂദ്യ ദേശം, നാലായി വിഭജിക്കപ്പെട്ടു. ഹെരോദാ രാജാവിന്റെ മകനായ ഹെരോദ് അന്‍റിപ്പാസ് (Herod Antipas) ഗലീലി, യോര്‍ദ്ദാന്‍റെ കിഴക്ക് ഭാഗം എന്നിവയുടെ ടെട്രാര്‍ക് ആയി. രണ്ടാമത്തെ മകനായ ഫിലിപ്പ് (Philip) ഗോലാന്‍ കുന്നുകളുടെയും വടക്ക് കിഴക്കന്‍ പ്രദേശങ്ങളുടെയും ഭരണാധികാരി ആയി. മൂന്നാമത്തെ മകനായ ആര്‍ക്കിലസ് (Archelaus), യഹൂദ്യ, ശമര്യ എന്നിവിടങ്ങളുടെ എത്നാര്‍ക് ആയി. ഹെരോദാ രാജാവിന്റെ സഹോദരി, ശലോമി (Salome), ജാംനിയ (Jamnia) എന്ന ചെറിയ പ്രദേശത്തിന്റെ ഭരണാധികാരിയും ആയി. എന്നാല്‍ ആര്‍ക്കിലസിന്‍റെ ഭരണം വളരെ മോശമായിരുന്നതിനാല്‍, AD 6 ല്‍ ഗലീലിക്കാരനായ യൂദാസ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു കലാപം ഉണ്ടായി. കലാപത്തിന്റെ അവസാനം, ആര്‍ക്കിലസിനെ വിയന്ന (Vienna) എന്ന സ്ഥലത്തേക്ക് നാടുകടത്തി. അവിടെ വച്ച്, AD 18 ല്‍ അദ്ദേഹം മരിച്ചു. യഹൂദ്യ, ശമര്യ, ഏദോം എന്നീ പ്രദേശങ്ങള്‍ ഒരുമിച്ച് ഒരു റോമന്‍ പ്രവിശ്യ നിലവില്‍ വന്നു. AD 10 ല്‍ ശലോമി മരിച്ചപ്പോള്‍, അവരുടെ പ്രദേശം കൂടെ യഹൂദ്യയോട് ചേര്‍ത്തു. മറ്റ് പ്രദേശങ്ങളില്‍ ഹെരോദാവിന്റെ മക്കള്‍ കുറെക്കാലം കൂടെ തുടര്‍ന്നു ഭരണം നടത്തി. എന്നാല്‍ ക്രമേണ ആ പ്രദേശങ്ങളും യഹൂദ്യയുടെ ഭാഗമായി. യഹൂദ്യ റോമന്‍ സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ആകുകയും ചെയ്തു.

കൈറേനിയസ് (Cyrenius) എന്നു അറിയപ്പെട്ടിരുന്ന, പബ്ലിയസ് സല്‍പ്പീഷിയസ് ക്യുറിനിയസ് (Publius Sulpicius Quirinius) എന്ന റോമന്‍ സൈന്യാധിപന്‍ സിറിയ എന്ന പ്രവിശ്യയുടെ അധികാരത്തില്‍ ഇരിക്കുമ്പോള്‍, ഒരു ജനസംഖ്യാ കണക്കെടുപ്പിനായി, യഹൂദയെ സിറിയയോട് ചേര്‍ത്തു. AD 6 ല്‍, അദ്ദേഹം ഹന്നാവിനെ (Annas) യഹൂദാ ദൈവാലയത്തിലെ മഹാപുരോഹിതനായി നിയമിച്ചു. അന്നുമുതല്‍ മഹാപുരോഹിതനെ നിയമിക്കുവാനുള്ള അധികാരം റോമാക്കാരുടെ പക്കലായി. ഹന്നാവ് ഒരു സദൂക്യന്‍ ആയിരുന്നു.

ടൈബേരിയസ് ചക്രവര്‍ത്തിയുടെ (Emperor Tiberius) കാലത്ത്, AD 15 മുതല്‍ 26 വരെ വലേറിയസ് ഗ്രാറ്റസ് (Valerius Gratus) യഹൂദയുടെ ഭരണാധികാരി ആയി. ഭരണാധികാരികള്‍ക്ക് തോന്നുന്നതുപോലെ ആലയത്തില്‍ മഹാ പുരോഹിതന്മാരെ നിയമിക്കുകയും മാറ്റുകയും ചെയ്യുന്ന രീതി അദ്ദേഹം തുടങ്ങി വച്ചു. AD 15 ല്‍ ഹന്നാവിനെ, അദ്ദേഹത്തിന് 36 ഓ 37 ഓ വയസ്സ് ആയപ്പോള്‍ തന്നെ മഹാപുരോഹിത സ്ഥാനത്ത് നിന്നും മാറ്റി. AD 16 ല്‍ പകരം ഹന്നാവിന്റെ മകനായ എലെയാസറിനെ (Eleazar) മഹാപുരോഹിതന്‍ ആയി നിയമിച്ചു. AD 17 ല്‍ ഹന്നാവിന്‍റെ മരുമകനായ കയ്യഫാവിനെ (Caiaphas) മഹാ പുരോഹിതന്‍ ആയി നിയമിച്ചു.

വലേറിയസ് ഗ്രാറ്റസിന് ശേഷം, AD 26 മുതല്‍ 36 വരെ, പീലാത്തൊസ് ആയിരുന്നു യഹൂദ്യയുടെ ഭരണാധികാരി. യേശുവിന്റെ ക്രൂശീകരണ കാലത്ത് അദ്ദേഹമായിരുന്നു അധികാരത്തില്‍. ഈ കാലമായപ്പോഴേക്കും റോമന്‍ ഭരണത്തോടുള്ള യഹൂദന്മാരുടെ വിരോധം വര്‍ദ്ധിച്ചു വന്നു. റോമാക്കാര്‍ യഹൂദന്മാരുടെ മതത്തെയും സംസ്കാരത്തെയും തകര്‍ക്കുവാന്‍ ശ്രമിക്കുന്നു എന്ന ചിന്ത ശക്തമായി. അതിനാല്‍ ഇടയ്ക്കിടെ ചെറിയ കലാപങ്ങള്‍ അങ്ങിങ്ങായി ഉണ്ടായി. ഇത്തരം കലാപങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റമായിരുന്നു AD 66 ല്‍ ഉണ്ടായ ഒന്നാമത്തെ യഹൂദ കലാപം.

കലാപം പൊട്ടിപ്പുറപ്പെടുന്നു

റോമന്‍ ഭരണത്തിനെതിരായുള്ള യഹൂദന്മാരുടെ ഒന്നാമത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്, ഗെസ്സിയസ് ഫ്ലോറസ് (Gessius Florus) എന്ന ഭരണാധികാരിയുടെ കാലത്താണ് സംഭവിച്ചത്. അദ്ദേഹത്തെ യഹൂദയുടെ ഗവര്‍ണര്‍ ആയി നീറോ ചക്രവര്‍ത്തി നിയമിക്കുന്നത് AD 64 ല്‍ ആണ്. AD 66 ല്‍ കലാപത്തെ അമര്‍ച്ച ചെയ്യുവാന്‍ കഴിയാഞ്ഞതിനാല്‍ അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ഫ്ലോറസിന്റെ യഹൂദ വിരോധവും ഗ്രീക്കുകരോടുള്ള പക്ഷപാദ സമീപനവും ആണ് കലാപം പെട്ടിപ്പുറപ്പെടുവാനുള്ള പെട്ടന്നുള്ള കാരണം.

യഹൂദന്മാര്‍ ആരാധന നടത്തികൊണ്ടിരിക്കെ, അവരുടെ പള്ളിയുടെ പ്രവേശന കവാടത്തില്‍, മണ്ണ് കൊണ്ടുള്ള ഒരു പാത്രത്തിന് മുകളില്‍ വച്ച്, ഗ്രീക്കുകാര്‍ പക്ഷികളെ യാഗം കഴിച്ചു. ഇത് യഹൂദന്മാരുടെ പള്ളിയെ അശുദ്ധമാക്കി. ഇതിനെക്കുറിച്ച് അവര്‍ ഫ്ലോറസിനോട് പരാതി പറഞ്ഞു എങ്കിലും, പരാതിക്കാരെ തുറുങ്കില്‍ അടയ്ക്കുക ആണ് അദ്ദേഹം ചെയ്തത്. അദ്ദേഹം യഹൂദന്മാരില്‍ നിന്നും വലിയ തുക നികുതിയായി പിരിച്ചെടുത്തു. അതില്‍ കുറവ് വരുമ്പോള്‍ എല്ലാം ദൈവാലയത്തിലെ ഭണ്ഡാരത്തെ കൊള്ള ചെയ്തു. ഇതെല്ലാം കാരണം AD 66 ല്‍ യഹൂദന്മാര്‍ കലാപം ആരംഭിച്ചു. കലാപത്തെ അടിച്ചമര്‍ത്തുവാനായി അദ്ദേഹം യെരൂശലേമിലേക്ക്, പട്ടാളക്കാരെ അയച്ചു. അങ്ങനെ 3600 യഹൂദന്മാര്‍ കൊല്ലപ്പെട്ടു. ജീവനോടെ പിടിച്ച യഹൂദ നേതാക്കന്മാരെ, ചാട്ടവാറിനാല്‍ അടിച്ച്, ക്രൂശിച്ച് കൊന്നു. അവരില്‍ പലരും റോമന്‍ പൌരന്‍മാര്‍ ആയിരുന്നിട്ടും, നിയമത്തിന്നു വിരുദ്ധമായി ക്രൂശിച്ചു. എന്നാല്‍ കലാപം കൂടുതല്‍ ശക്തമായി. യഹൂദന്മാരെ കൊല്ലുവാന്‍ ഫ്ലോറസ്, കൈസര്യയിലുള്ള ഗ്രീക്കുകാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു. വീണ്ടും അനേകം യഹൂദന്മാര്‍ കൊല്ലപ്പെട്ടു.

കലാപത്തെ ഇല്ലാത്തക്കുവാന്‍ ഫ്ലോറസിന് കഴിയുന്നില്ല എന്നു മനസ്സിലാക്കിയ റോമാക്കാര്‍, മാര്‍ക്കസ് അന്റോണിയസ് ജൂലിയാനസ് (Marcus Antonius Julianus) എന്ന പുതിയ ഗവര്‍ണരെ യഹൂദ്യയില്‍ നിയമിച്ചു. എങ്കിലും കലാപം തുടര്‍ന്നു കൊണ്ടിരുന്നു. സീസര്‍ ചക്രവര്‍ത്തിക്കുവേണ്ടിയുള്ള, ദിവസേനയുള്ള, പ്രത്യേക യാഗങ്ങള്‍, യെരൂശലേം ദൈവാലയത്തില്‍ നിറുത്തി വച്ചു. യഹൂദയില്‍ നിന്നും കലാപം ഗലീലിയിലേക്ക് പടര്‍ന്നു.

AD 66, സെപ്റ്റംബര്‍ മാസത്തില്‍, സിറിയ പ്രവിശ്യയില്‍ നിന്നും ഗായുസ് സെസ്റ്റിയസ് ഗാല്ലസ് (Gaius Cestius Gallus) എന്ന റോമന്‍ സൈന്യാധിപന്‍ മുപ്പത്തിനായിരം (30, 000) പടയാളികളുമായി യഹൂദ്യയില്‍ എത്തി. അദ്ദേഹത്തിന്റെ സൈന്യം യെരൂശലേമിനെ വളയുകയും, 6 മാസങ്ങള്‍ പട്ടണത്തെ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്നുള്ള യുദ്ധത്തില്‍ ആറായിരം റോമന്‍ പടയാളികള്‍ മരിച്ചു. അതിനാല്‍, ആയുധങ്ങള്‍ പോലും ഉപേക്ഷിച്ച്, അദ്ദേഹം തിരികെ പോയി. യഹൂദ കലാപകാരികള്‍ ഈ ആയുധങ്ങള്‍ ശേഖരിച്ചു.

കലാപത്തിന്റെ ആദ്യനാളുകളില്‍ യഹൂദന്മാര്‍ക്കു ആയിരുന്നു വിജയം. അവര്‍ റോമന്‍ പട്ടാളത്തെ യെരൂശലേമില്‍ നിന്നും ഓടിച്ചു, അവിടെ ഒരു ഗവണ്‍മെന്‍റ് സ്ഥാപിച്ചു. എന്നാല്‍ റോമാക്കാര്‍ യഹൂദയെ ഉപേക്ഷിക്കുവാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍, AD 66 ല്‍ തന്നെ, നീറോ ചക്രവര്‍ത്തി, വെസ്പെഷ്യന്‍ എന്ന സര്‍വ്വ സൈന്യാധിപന്റെ നേതൃത്വത്തില്‍ പട്ടാളക്കാരെ അയച്ചു. AD 68 ആയപ്പോഴേക്കും ഗലീലി, ട്രാന്‍സ് യോര്‍ദ്ദാന്‍, ഏദോം എന്നിവിടങ്ങളിലെ കലാപത്തെ വെസ്പെഷ്യന്‍ അടിച്ചമര്‍ത്തി. കലാപകാരികള്‍ യെരൂശലേം പട്ടണത്തിലേക്ക് ചുരുങ്ങി. അതിനു ശേഷം അദ്ദേഹം യെരൂശലേം പട്ടണത്തെ വളഞ്ഞു.

എന്നാല്‍, അക്കാലത്ത്, റോമില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നു. നീറോ ചക്രവര്‍ത്തി ആത്മഹത്യ ചെയ്തു. തുടര്‍ന്നു ഉണ്ടായ അധികാര ശൂന്യതയും തര്‍ക്കങ്ങളും കാരണം വെസ്പെഷ്യന് പെട്ടന്ന് റോമിലേക്ക് തിരികെ പോകേണ്ടി വന്നു. അങ്ങനെ AD 69 ല്‍ വെസ്പെഷ്യന്‍ റോമന്‍ ചക്രവര്‍ത്തിയായി അധികാരം ഏറ്റു. അതിനാല്‍, അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് (Titus) യെരൂശലേമിന് നേരെയുള്ള യുദ്ധം ഏറ്റെടുത്തു. അദ്ദേഹം, തന്റെ സഹ സൈന്യാധിപനായ ടൈബെരിയസ് ജൂലിയസ് അലക്സാണ്ടര്‍ നോടൊപ്പം യെരൂശലേമില്‍ എത്തി. (Tiberius Julius Alexander)

യെരുശലേം ഉപരോധം

 

റോമന്‍ സൈന്യം, ടൈറ്റസിന്റെ നേതൃത്വത്തില്‍, യെരൂശലേം പട്ടണത്തിനെ ചുറ്റി വളഞ്ഞു. AD 70, ഏപ്രില്‍ 14 ആം തീയതി അതിനു ഉപരോധം ഏര്‍പ്പെടുത്തി. ഇത് പെസഹപ്പെരുന്നാളിന് മൂന്നു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു. മൂന്നു ലീജിയന്‍ സൈന്യം, യെരൂശലേമിന്റെ പടിഞ്ഞാറും, മറ്റൊരു ലീജിയന്‍ സൈന്യം കിഴക്ക്, ഒലീവ് മലയിലും തമ്പടിച്ചു. ആരും പട്ടണത്തിലേക്കു പ്രവേശിക്കാതെയും ആരും പുറത്തേക്ക് പോകാതെയും ഇരിക്കുവാനായി, റോമാക്കാര്‍ പട്ടണത്തിന് ചുറ്റിനും, 50 മുതല്‍ 70 അടിവരെ ഉയരമുള്ള, ഇരുമ്പ് തകിടുകള്‍ പാകിയ കോട്ടകള്‍ പണിതുയര്‍ത്തി. ഈ കോട്ടകളില്‍, ശക്തമായ മതിലും, പട്ടണ മതിലിനെ തകര്‍ക്കുവാനുള്ള ഇടിമുട്ടിയും, പാലങ്ങളും, പീരങ്കികളും, കവണയും, മറ്റ് യുദ്ധോപകരണങ്ങളും ഉണ്ടായിരുന്നു. ഈ കോട്ടകളുടെ മുകളില്‍ നിന്നുകൊണ്ടു ഉപരോധിക്കപ്പെട്ട പട്ടണത്തിലേക്ക് തീയമ്പുകള്‍ അയക്കുവാന്‍ കഴിയുമായിരുന്നു. ഇത്തരം അമ്പുകളെ പ്രതിരോധിക്കുവാന്‍ കലാപകാരികള്‍ ശ്രമിക്കുമ്പോള്‍, ഇടിമുട്ടി ഉപയോഗിച്ച്, പട്ടണ മതിലുകള്‍ തകര്‍ക്കുവാന്‍ റോമന്‍ സൈന്യത്തിന് കഴിഞ്ഞു.

 

യെരൂശലേമിന്റെ ഉപരോധത്തിന്റെ നാളുകള്‍, യഹൂദന്മാരുടെ പെസഹ പെരുന്നാളിന്റെ ദിവസങ്ങള്‍ ആയിരുന്നതിനാല്‍, ചുറ്റുമുള്ള രാജ്യങ്ങളില്‍ ചിതറിപ്പാര്‍ക്കുന്ന യഹൂദാന്‍മാര്‍ എല്ലാവരും പെരുന്നാള്‍ ആഘോഷിക്കുവാനായി യെരൂശലേമില്‍ വന്നിരുന്നു. അവരെ പട്ടണത്തില്‍ പ്രവേശിക്കുവാന്‍ റോമന്‍ സൈന്യം അനുവദിച്ചു, എന്നാല്‍ ആരും തിരികെ പുറത്തേക്ക് പോകുവാന്‍ അവര്‍ അനുവദിച്ചില്ല. അങ്ങനെ ക്രമേണ പട്ടണത്തില്‍ ആഹാരത്തിനും വെള്ളത്തിന്നും മരുന്നുകള്‍ക്കും ക്ഷാമം ഉണ്ടായി. റോമന്‍ സൈന്യം യെരൂശലേം പട്ടണത്തിന്റെ പടിഞ്ഞാറും, വടക്കും, മതിലുകള്‍ തകര്‍ത്ത് അകത്തേക്ക് കയറിയപ്പോള്‍, ജനമെല്ലാം ദൈവാലയത്തിനുള്ളിലും പട്ടണത്തിന്റെ ചില പ്രദേശങ്ങളിലും ആയി ചുരുങ്ങി.

 

ടൈറ്റസ് വളരെ തന്ത്രശാലി ആയിരുന്നു. യഹൂദന്മാര്‍ തമ്മിലുള്ള കലാപത്താലും, പട്ടിണിയാലും രോഗത്താലും പട്ടണത്തില്‍ ഉള്ളവര്‍ നശിക്കുകയോ, കീഴടങ്ങുകയോ ചെയ്യേണം എന്നു അദ്ദേഹം പദ്ധതി ഇട്ടു. യഹൂദ കലാപകാരികളില്‍ പല വിഭാഗക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഒരു പൊതു നേതൃത്വമോ, അച്ചടക്കാമോ, മതിയായ പരിശീലനമോ ഉണ്ടായിരുന്നുമില്ല. അതിനാല്‍ തന്നെ അവര്‍ റോമന്‍ സൈന്യത്തോട് എതിരിടുവാന്‍ ശക്തര്‍ ആയിരുന്നില്ല. ഉപരോധത്തിന്റെ നാളുകളിലും, കലാപകാരികള്‍ പരസ്പരം ആക്രമിച്ചു. അവരില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. എരിവുകാര്‍ (Zealots - സെലറ്റ്സ്) എന്നു അറിയപ്പെട്ടിരുന്ന വിഭാഗത്തിന്‍റെ തലവന്‍ സൈമണ്‍ ന്‍റെ മകനായ എലിയാസര്‍ ആയിരുന്നു (Eleazar son of Simon). രണ്ടാമത്തെ വിഭാഗത്തിന്‍റെ തലവന്‍ ഗിസ്ക്കാല യിലെ ജോണ്‍ ആയിരുന്നു (John of Gischala). മൂന്നാമതൊരു വിഭാഗത്തെ നയിച്ചിരുന്നത് സൈമണ്‍ ബാര്‍ ഗിഒറ ആയിരുന്നു (Simon bar Giora). ഗിസ്ക്കാല യിലെ ജോണ്‍ ന്‍റെ വിഭാഗം എലിയാസറിന്‍റെ വിഭാഗവുമായി കലഹിച്ചു അവരെ കീഴടക്കി. ജോണിന്‍റെ വിഭാഗം എലയാസറിനെ വധിച്ചു, ആ വിഭാഗത്തെ കീഴടക്കി. ജോണിനും സൈമണിനും വിഭിന്നമായ ലക്ഷ്യങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ജോണ്‍ യഹൂദ്യയുടെ രാക്ഷ്ട്രീയ സ്വാതന്ത്ര്യം മാത്രം ലക്ഷ്യം ഇട്ടപ്പോള്‍, സൈമണ്‍ മശിഹാ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായ യഹൂദയുടെ വീണ്ടെടുപ്പ് ലക്ഷ്യം വച്ചു. റോമാക്കാര്‍, ഉപരോധത്തിനായി കോട്ടകളും കൊത്തളങ്ങളും പണിത് ഉയര്‍ത്തുവാന്‍ തുടങ്ങിയപ്പോള്‍ ജോണും സൈമണും ഒത്തുതീര്‍പ്പില്‍ എത്തി. എന്നാല്‍ അപ്പോഴേക്കും റോമാക്കാരുടെ കവണകള്‍ പട്ടണത്തിനുള്ളിലേക്ക് വലിയ കല്ലുകള്‍ വര്‍ഷിക്കുവാന്‍ തുടങ്ങി. ഈ ആക്രമണത്തിന്റെ മറവില്‍, റോമാക്കാര്‍ പട്ടണത്തിന്റെ വടക്കന്‍ മതില്‍ തകര്‍ത്തു. യഹൂദന്മാര്‍ രണ്ടാമത്തെ മതിലിനുള്ളിലേക്ക് വലിഞ്ഞു. ജോണും സൈമനും അവരുടെ പടയാളികളും 4 ദിവസങ്ങള്‍ റോമാക്കാരുടെ ആക്രമണത്തെ എതിര്‍ത്തു നിന്നും, എങ്കിലും അഞ്ചാമത്തെ ദിവസം റോമന്‍ സൈന്യം രണ്ടാമത്തെ മതിലിനേയും തകര്‍ത്ത് പട്ടണത്തിനുള്ളില്‍ കയറി.

 

അങ്ങനെ യുദ്ധം യെരൂശലേം തെരുവുകളില്‍ ആയി. അനേകം യഹൂദന്മാരും റോമാക്കാരും കൊല്ലപ്പെട്ടു. അതിനാല്‍ ടൈറ്റസ്, റോമന്‍ സൈന്യത്തിന്റെ ഒരു ശക്തി പ്രകടനം തന്നെ നടത്തി. ഇത് നാല് ദിവസങ്ങള്‍ നീണ്ടു നിന്നു. യഹൂദ കലാപകാരികളെ ഭയപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഒപ്പം, ഈ ദിവസങ്ങളില്‍, ജോസിഫസിനെ മദ്ധ്യസ്ഥതയ്ക്കായി യഹൂദ കലാപകാരികളുടെ അടുക്കലേക്ക് അയച്ചു. അദ്ദേഹം യഹൂദന്മാരോടു കീഴടങ്ങുവാന്‍ ഉപദേശിച്ചു. എന്നാല്‍ അവര്‍ ജോസിഫസിനെ വിശ്വസിച്ചില്ല എന്നു മാത്രമല്ല, അദ്ദേഹത്തെ ആക്രമിച്ചു മുറിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു യഹൂദ കലാപകാരികള്‍ ആക്രമണം അഴിച്ചു വിട്ടു. ഇതില്‍, ടൈറ്റസ് ഏകദേശം പിടിക്കപ്പെട്ടു എന്നു പറയാം. എന്നാല്‍ അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു.

 

അഞ്ചാമത്തെ ദിവസം, റോമന്‍ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചു. അവര്‍ അന്‍റോണിയ കോട്ടയെ ആക്രമിക്കുവാനായി അതിനു നേരെ വലിയ ചിറ കെട്ടി. എന്നാല്‍ ഇത് അത്ര എളുപ്പം ആയിരുന്നില്ല. ജോണും കൂട്ടരും അതിനെ തീവച്ചു നശിപ്പിച്ചു. അപ്പോള്‍, യഹൂദന്മാര്‍ അവരുടെ ദേശത്തിനായി വിട്ടുവീഴ്ചയില്ലാതെ യുദ്ധം ചെയ്യും എന്നു റോമാക്കാര്‍ മനസ്സിലാക്കി. യെരൂശലേമിന്‍റെ ഉപരോധം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ നാളുകള്‍ നീണ്ടേക്കാം എന്നും അവര്‍ മനസ്സിലാക്കി. അതിനാല്‍ ടൈറ്റസ് ഉപരോധം കൂടുതല്‍ ശക്തമാക്കി. യെരൂശലേമിന്നു ചുറ്റും, വളഞ്ഞു, മതില്‍ കെട്ടി ഉയര്‍ത്തി. അകത്തേക്കും പുറത്തേക്കും ആരെയും കടത്തി വിട്ടില്ല. ആഹാരവും മരുന്നും അകത്തേക്ക് കൊണ്ടുപോകുവാന്‍ ആരെയും അനുസരിച്ചില്ല. എങ്കിലും ഉപരോധം അഞ്ചു മാസത്തോളം തുടര്‍ന്നു.

 

ക്രമേണ, യെരൂശലേം പട്ടണത്തിനുള്ളിലെ ആഹാര സാധാനങ്ങള്‍ കുറഞ്ഞു വന്നു. അനേകര്‍ രോഗികളായി മരിച്ചു.  അതിനാല്‍, ചിലര്‍ യെരൂശലേം പട്ടണം വിട്ടു പുറത്തേക്ക് ഒളിച്ചുകടക്കുവാന്‍ ശ്രമിച്ചു. ചിലര്‍ രക്ഷപ്പെട്ടു മറ്റു ചിലര്‍ റോമന്‍ സൈന്യത്തിന്റെ പിടിയില്‍ ആയി. സൈന്യത്തിന്റെ പിടിയില്‍ ആയവരെ അവര്‍ ക്രൂശിച്ചു കൊന്നു. ഏകദേശം 500 ഓളം പേരെ വരെ ഒരു ദിവസം റോമാക്കാര്‍ ക്രൂശിച്ചു കൊന്നു. യെരൂശലേം പട്ടണത്തിനുള്ളില്‍ പട്ടിണി വലുതായി. ഒരു മാതാവ്, അവരുടെ ശിശുവിനെ കൊന്നു ഭക്ഷിക്കുക പോലും ചെയ്തു എന്നു ജോസിഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

യഹൂദന്മാര്‍ കൂട്ടത്തോടെ മരിക്കുവാന്‍ തുടങ്ങി. പട്ടണത്തില്‍ ആയിരുന്നവര്‍ പട്ടിണിയാലും, രോഗത്താലും മരിച്ചു. രക്ഷപ്പെടുവാന്‍ ശ്രമിച്ചവരെ റോമാക്കാര്‍ കൊന്നു. കിദ്രോന്‍, ഹിന്നോന്‍ എന്നീ താഴ് വരകള്‍ ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞു. ഈ ഉപരോധത്തില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എണ്ണൂറ്റി എണ്‍പത് (1,15,880) യഹൂദന്മാര്‍ മരിച്ചിട്ടുണ്ടാകും എന്നു ജോസിഫസ് കണക്ക് കൂട്ടുന്നു. അനേകര്‍ റോമന്‍ സൈന്യത്തിന് കീഴടങ്ങി. കീഴടങ്ങുന്ന യഹൂദന്മാര്‍ അനേകര്‍ ആയതിനാല്‍, അവരെ ഉപദ്രവിക്കാതെ വിട്ടുകളയുവാന്‍ ടൈറ്റസ് തീരുമാനിച്ചു. അവര്‍ക്ക് റോമാക്കാര്‍ ഭക്ഷണം നല്കിയപ്പോള്‍, അനേകം ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച ഭക്ഷണം ചിലര്‍ ആര്‍ത്തിയോടെ അമിതമായി കഴിച്ചു, അതിനാല്‍ വയറ് വീര്‍ത്ത്, അവര്‍ മരിച്ചു പോയി. റോമന്‍ സൈന്യം അവരുടെ വയറ് കീറി അതില്‍ നാണയങ്ങളോ, വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടോ എന്നു നോക്കി. എങ്ങും ഇത്തരം ഭീകരമായ അന്തരീക്ഷമായി. യോഹന്നാന്‍ ബെന്‍ സക്കായി (Yohanan ben Zakkai) എന്ന അന്നത്തെ പ്രശസ്തനായ യഹൂദ റബ്ബി ഒരു ശപ്പെട്ടിയില്‍ ഉളിച്ചിരുന്നു രക്ഷപ്പെടുവാന്‍ ശ്രമിച്ചു. റോമാക്കാര്‍ അദ്ദേഹത്തെ പിടികൂടി എങ്കിലും, ടൈറ്റസ്, റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആകും എന്നു അദ്ദേഹം പ്രവചിച്ചതിനാല്‍, രക്ഷപ്പെട്ടു.

 

യഹൂദന്മാര്‍ കലാപം അവസാനിപ്പിക്കുന്നില്ല എന്നു മനസ്സിലാക്കിയ, റോമന്‍ സൈന്യം കൂടുതല്‍ ശക്തിയോടെ യെരൂശലേം പട്ടണത്തെ ആക്രമിക്കുവാന്‍ തുടങ്ങി. എന്നാല്‍, റോമിലെ രാക്ഷ്ട്രീയ സാഹചര്യം, ടൈറ്റസിന്റെ സാന്നിധ്യം അവിടെ ഉണ്ടാകേണം എന്നു ആവശ്യപ്പെട്ടു. അതിനാല്‍, ആക്രമണം വേഗത്തില്‍ ആക്കുവാന്‍ ടൈറ്റസ് തീരുമാനിച്ചു. യഹൂദ കലാപകാരികള്‍ കീഴടങ്ങുന്നത് വരെ കാത്തിരിക്കുവാന്‍ ടൈറ്റസിന് കഴിഞ്ഞില്ല. അതുകൊണ്ടു കഠിനവും ദ്രുതഗതിയിലുമുള്ള ആക്രമണത്തിലൂടെ, യെരൂശലേം പട്ടണത്തെ റോമന്‍ സൈന്യം കീഴടക്കി, പിടിച്ചെടുത്തു. ഏകദേശം AD 70 ആഗസ്റ്റ് മാസത്തോടെ, വലിയ യുദ്ധത്തോടെയും, കൂട്ടകൊലയോടെയും യെരൂശലേം പട്ടണത്തിലെ യുദ്ധം അവസാനിച്ചു. യെരൂശലേം ദൈവാലയം തീ വച്ച് നശിപ്പിച്ചു.


 യെരൂശലേം ദൈവാലയത്തിന്റെ പതനം

 

യെരൂശലേമിന്‍റെ പതനത്തിലെ ഏറ്റവും നിര്‍ണയകമായ സംഭവം അന്‍റോണിയ എന്നു അറിയപ്പെട്ടിരുന്ന കോട്ടയുടെ തകര്‍ച്ച ആണ്. ഇതാണ് പട്ടണത്തിന്റെ പതനത്തിലേക്ക് വഴി തുറന്നത്. അന്‍റോണിയ കോട്ട, ഹെരോദാ രാജാവു പണികഴിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ രക്ഷാധികാരി ആയിരുന്ന റോമന്‍ ചക്രവര്‍ത്തി മാര്‍ക്ക് ആന്റണിയുടെ ഓര്‍മ്മയ്ക്കായിട്ടാണ്, ഈ കോട്ടയ്ക്ക് അന്‍റോണിയ എന്ന് പേരിട്ടത്. ഇതായിരുന്നു ശത്രുക്കളില്‍ നിന്നും യഹൂദ ദൈവാലയത്തെ സംരക്ഷിച്ചു നിറുത്തിയത്. യഹൂദ കലാപകാരികളുടെ അവസാനത്തെ ആശ്രയമായിരുന്നു അന്‍റോണിയ കൊട്ട.

 

AD 70 ജൂലൈ മാസത്തില്‍ 24 റോമന്‍ പടയാളികള്‍, അന്‍റോണിയ കോട്ടയ്ക്ക് മുകളില്‍ കയറി, ഉച്ചത്തില്‍ കാഹളം ഊതി. ഇതിനാല്‍, അവര്‍ എണ്ണത്തില്‍ വളരെയാണ് എന്ന പ്രതീതി ഉണ്ടാക്കുവാന്‍  കഴിഞ്ഞു. ഭയന്ന യെഹൂദന്മാര്‍, ദൈവാലയത്തിലേക്ക് ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചു. ഈ അവസരം മുതലാക്കി, ടൈറ്റസിന്റെ കല്‍പ്പനപ്രകാരം, അതിരാവിലെ 3 മണി ആയപ്പോഴേക്കും, യഹൂദ കലാപകാരികള്‍ ഉണ്ടാക്കിയ ഒരു തുരങ്കത്തിലൂടെ, റോമന്‍ സൈന്യം കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചു. തുടര്‍ന്നു 10 മണിക്കോറോളം നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍, റോമാക്കാര്‍, യഹൂദ കലാപകാരികളെ പരാജയപ്പെടുത്തി. അന്‍റോണിയ കോട്ടയെ തകര്‍ത്തു. അതിന്റെ കല്ലുകള്‍ ഉപയോഗിച്ച് ദൈവാലയത്തെ ആക്രമിക്കുവാനായി ഒരു വലിയ ചിറ കെട്ടി. ഇവിടെ നിന്നും ദൈവാലയത്തിന്‍റെ വടക്കും പടിഞ്ഞാറും ഉള്ള പൂമുഖത്തേക്ക് തീയമ്പുകള്‍ അയച്ചു. എന്നാല്‍ ദൈവാലയത്തിന്‍റെ മതിലുകളെ തകര്‍ക്കുക എളുപ്പമായില്ല. അപ്പോഴാണ്, ദൈവാലയത്തിന്‍റെ ഉള്ളിലേക്ക് ഒരു റോമന്‍ പടയാളി ഒരു തീയമ്പ് അയക്കുന്നത്. തുടര്‍ന്നു തീ ആളി പടര്‍ന്നു. അങ്ങനെ ആഗസ്റ്റ് മാസം 10 ആം തീയതി, ദൈവാലയം അഗ്നിക്ക് ഇരയായി. ദൈവാലയത്തിലെ പ്രാകാരത്തില്‍ ഉണ്ടായിരുന്ന, 6000 ഓളം സ്ത്രീകളെയും പുരുഷന്മാരെയും, റോമാക്കാര്‍ തടവുകാരായി പിടിച്ചു. റോമന്‍ പടയാളികള്‍, ദൈവാലയത്തിന്‍റെ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുകയും, അവിടെ അവരുടെ ജാതീയ വിശ്വാസപ്രകാരം യാഗം അര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ ദൈവാലയത്തെ അശുദ്ധമാക്കി.

 

ഈ സംഭവങ്ങളെക്കുറിച്ച് ജൊസിഫസ് വിശദമായി തന്നെ എഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗത്തിന്റെ ചുരുക്കം ഇങ്ങനെ ആണ്: കലാപകാരികള്‍ വീണ്ടും റോമന്‍ സൈന്യത്തെ ആക്രമിച്ചു. അപ്പോള്‍, മേലധികാരികളുടെ ഉത്തരവില്ലാതെ, ചെയ്യുന്ന പ്രവര്‍ത്തിയുടെ ഭവിഷ്യത്വത്തെക്കുറിച്ച് അധികം ആലോചിക്കാതെ, ഒരു റോമന്‍ പടയാളി, മറ്റൊരു പടയാളിയുടെ തോളില്‍ കയറി, തീ കത്തിക്കൊണ്ടിരുന്ന ഒരു മരക്കഷണം എടുത്തു, അതിനെ ദൈവാലയത്തിനുള്ളിലേക്ക് എറിഞ്ഞു. തീ ആളിക്കത്തുവാന്‍ തുടങ്ങിയപ്പോള്‍, യഹൂദന്മാര്‍ അതീവ വേദനയോടെ നിലവിളിച്ചു. അവര്‍ വിശുദ്ധ സ്ഥലത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചു. എങ്കിലും, അവരുടെ ജീവനെക്കാള്‍ വിലയേറിയതായി യഹൂദന്മാര്‍ കത്ത് സൂക്ഷിച്ച ദൈവാലയം അഗ്നിക്കിരയാകുന്നത് അവര്‍ നിരാശയോടെ കണ്ടു.

 

ദൈവാലയത്തിനെ നശിപ്പിക്കുന്നത്, റ്റൈറ്റസിന്റെ പദ്ധതി ആയിരുന്നില്ല എന്നാണ് ജെസെഫസ് അഭിപ്രായപ്പെടുന്നത്. ഹെരോദാവിന്റെ സ്വപന പദ്ധതി ആയിരുന്നു ഇത് എന്നതായിരുന്നിരിക്കാം അതിനുള്ള കാരണം. അതിനാല്‍, യഹൂദ ദൈവാലയത്തെ, സംരക്ഷിക്കുകയും അതിനെ ഒരു റോമന്‍ ക്ഷേത്രം ആക്കി മാറ്റുക എന്നതായിരുന്നു ടൈറ്റസിന്റെ ആഗ്രഹം. എന്നാല്‍ നിഭാഗ്യവശാല്‍, ദൈവാലയം അഗ്നിക്കിരയായി, പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നി ദൈവാലത്തിന് വെളിയിലേക്ക് പട്ടണത്തിലെ മറ്റ് വീടുകളിലേക്കും പടര്‍ന്നു.

 

സല്‍പ്പിഷിയസ് (Sulpicius) എന്ന 4 ആം നൂറ്റാണ്ടിലെ എഴുത്തുകാരന് ഈ സംഭത്തെക്കുറിച്ച് വിഭിന്നമായ അഭിപ്രായമുണ്ട്. അദ്ദേഹം പറയുന്നത്, ടൈറ്റസിന്‍റെ കല്പ്പന പ്രകാരമാണ് ദൈവാലയത്തെ തീവച്ചത് എന്നാണ്. അദ്ദേഹത്തിന് ഈ വിവരം റോമന്‍ ചരിത്രകാരനായ റ്റാസിറ്റസില്‍ (Tacitus) നിന്നും ലഭിച്ചതാണ് എന്നും അവകാശപ്പെടുന്നു. ഇത് ശരിയാണ് എങ്കില്‍, ജോസിഫസ് ആ ചരിത്ര സത്യത്തെ മറച്ചുവച്ചതാകാം. ഒരു പക്ഷേ, തന്റെ രക്ഷാധികാരി ആയിരുന്ന റ്റൈറ്റസിനെ, ദൈവാലയത്തിന്‍റെ തകര്‍ച്ചയുടെ കുറ്റത്തില്‍ നിന്നും മുക്തനാക്കുവാന്‍ ജോസിഫസ് ശ്രമിച്ചതാകാം.  

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍, റോമന്‍ സൈന്യം യെരൂശലേം പട്ടണത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു. കലാപകാരിയായ ജോണ്‍ റോമാക്കാര്‍ക്ക് കീഴടങ്ങി. സൈമണ്‍ ചില ദിവസങ്ങള്‍ ഒളിവില്‍ പാര്‍ത്തു, എങ്കിലും, പിന്നീട്, വളരെ നാടകീയമായി പ്രത്യക്ഷപ്പെട്ടു. ശുഭ്ര വസ്ത്രത്തോടെ, ധൂമ്ര നിറത്തിലുള്ള മേലങ്കിയുംവും ധരിച്ച്, ഒരു പുരോഹിതനെ പോലെ, തകര്‍ന്ന ദൈവാലയ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അദ്ദേഹം പ്രത്യക്ഷനായി. അങ്ങനെ AD 70 സെപ്റ്റംബര്‍ 8 ആം തീയതി യെരൂശലേം പട്ടണം പൂര്‍ണ്ണമായും റോമാക്കാരുടെ നിയന്ത്രണത്തില്‍ ആയി. എന്നാല്‍, അവിടെ നിന്നും ചില കലാപകാരികള്‍ ഓടിപ്പോയിരുന്നു. അവരെ റോമന്‍ സൈന്യം തുടര്‍ന്നും പിന്തുടര്‍ന്നു.

 

യെരൂശലേം പട്ടണത്തിന്റെ പതനം 

 

യെരൂശലേം ദൈവാലയത്തിന്റെയും പട്ടണത്തിന്റെയും തകര്‍ച്ച നേരില്‍ കണ്ട വ്യക്തി ആണ്, ചരിത്രകാരനായ ജൊസിഫസ്. അദ്ദേഹം യെരൂശലേം പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്നും ചില കാര്യങ്ങള്‍ ചുരുക്കമായി പറയുവാന്‍ ആഗ്രഹിക്കുന്നു. ഇത് മുമ്പ് പറഞ്ഞ സംഭവങ്ങളുടെ വിവരണത്തോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

 

യെരൂശലേം പട്ടണത്തിലേക്ക് പ്രവേശിച്ച റോമന്‍ സൈന്യം, മുന്നില്‍ കണ്ട എല്ലാവരെയും വാളുകൊണ്ട് വെട്ടി കൊന്നു. വീടുകള്‍ തീവച്ചു നശിപ്പിച്ചു. അഗ്നിക്കിരയായ വീടുകളില്‍ നിന്നും പുറത്തേക്ക് വന്നവരെ എല്ലാം കൊന്നുകളഞ്ഞു. റോമന്‍ സൈന്യം കൊള്ള ചെയ്യുവാനായി കയറിച്ചെന്ന വീടുകളില്‍, നിറയെ ശവശരീരങ്ങള്‍ ആണ് അവര്‍ കണ്ടത്. പട്ടിണിയാലും രോഗത്താലും അനേകര്‍ മരിക്കുക ആയിരുന്നു. യെരൂശലേം തെരുവുകള്‍ ശവശരീരം കൊണ്ടും മനുഷ്യരുടെ രക്തം കൊണ്ടും നിറഞ്ഞു. പടരുന്ന അഗ്നിയെ ശമിപ്പിക്കുവാന്‍ തക്കവണം മനുഷ്യ രക്തം അവിടെ ഒഴുകി.    

 

റോമന്‍ സൈന്യത്തിന് കൊല്ലുവാന്‍ ആരും യെരൂശലേമില്‍ ശേഷിച്ചിരുന്നില്ല. പട്ടണത്തെയും ദൈവാലയത്തെയും നിശ്ശേഷം തകര്‍ക്കുവാന്‍ റ്റൈറ്റസ് കലപ്പന നല്കിയപ്പോള്‍, അതിലെ ഉയരമുള്ള തൂണുകളും മതിലുകളും കേടുകൂടാതെ നിലനിറുത്തുവാന്‍ അദ്ദേഹം കല്‍പ്പിച്ചു. കാരണം, യെരൂശലേം എത്രമാത്രം മനോഹരവും ശ്രേഷ്ടവും ആയ പട്ടണമായിരുന്നു എന്നു പിന്തലമുറ അറിയേണം. എത്രമാത്രം ശക്തമായ ഒരു പട്ടണത്തെയാണ് റോമന്‍ സൈന്യം തകര്‍ത്തത് എന്ന് പിന്തലമുറ മനസ്സിലാക്കേണം. അങ്ങനെ ആണ് യെരൂശലേമിന്റെ പടിഞ്ഞാറേ മതില്‍ തകര്‍ക്കാതെ ഇരുന്നത്. അത് റോമന്‍ സൈന്യത്തിന് പാളയമടിക്കുവാന്‍ ആവശ്യമായിരുന്നു. എങ്കിലും യെരൂശലേമിലെ മറ്റെല്ലാ മതിലുകളും, പട്ടണം തന്നെയും റോമാക്കാര്‍ നിലംപരിശാക്കി. ഇങ്ങനെ ഒരു പട്ടണം നിലനിന്നിരുന്നു എന്നതിന്റെ അടയാളം പോലും ഇല്ലാതെ ആയി.

 

യുദ്ധത്തില്‍ റോമന്‍ സൈന്യം അനേകമായിരം യഹൂദന്മാരെ കൊന്നു. അതിലും അനേകരെ അടിമകളായി വിറ്റു. അനേകരെ, വിനോദത്തിനായി, റോമിലെ രംഗസ്ഥലങ്ങളില്‍, സിംഹങ്ങള്‍ക്കും ക്രൂരമൃഗങ്ങള്‍ക്കും ഇട്ടുകൊടുത്തു. ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തെ ഉപകരണങ്ങള്‍ റോമാക്കാര്‍ എടുത്തുകൊണ്ടു പോയി, അതിനെ റോമന്‍ തെരുവീഥികളില്‍ ഘോക്ഷായാത്രയായി കൊണ്ട് നടന്ന്, പ്രദര്‍ശിപ്പിച്ചു.

 

യെരൂശലേം ദൈവാലയത്തിന്റെ തകര്‍ച്ചയ്ക്കു ശേഷവും, ചില കേന്ദ്രങ്ങളില്‍ യഹൂദ കലാപകാരികളില്‍ ചിലര്‍ ഒളിച്ചിരുന്നു. ഹെരൊദിയം, മാച്ചരസ്, മസദാ എന്നിവിടങ്ങളില്‍ കലാപകാരികള്‍ ഒത്തുകൂടി (Herodium, Machaerus, and Masada). അതിനാല്‍ അവിടെ യുദ്ധം തുടര്‍ന്നു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുളില്‍, ഹെരൊദിയം, മാച്ചരസ് എന്നീ കേന്ദ്രങ്ങളെ റോമന്‍ സൈന്യം തകര്‍ത്തു. എന്നാല്‍ മസദാ AD 73 വരെ തകര്‍ക്കപ്പെടാതെ കലാപകാരികളുടെ കേന്ദ്രമായി തുടര്‍ന്നു. അന്ത്യത്തില്‍ അതും റോമാക്കാര്‍ തകര്‍ത്തു. എന്നാല്‍ കോട്ടയ്ക്ക് അകത്തു കയറിയ റോമന്‍ സൈന്യം കണ്ടത്, സ്വയം മരിച്ചു കിടക്കുന്ന കലാപകാരികളെ ആണ്. റോമാക്കാരാല്‍ പിടിക്കപ്പെടുന്നതിനെക്കാള്‍ മരിക്കുന്നതാണ് ഏറെ നല്ലത് എന്നു അവര്‍ കരുതി. അങ്ങനെ, മസദായുടെ പതനത്തോടെ, ഒന്നാമത്തെ യഹൂദ കലാപം അവസാനിച്ചു.

 

യെരുശലേം ക്രിസ്ത്യാനികള്‍ക്ക് എന്തു സംഭവിച്ചു?

 

ഈ കലാപത്തിന്റെ ആരംഭ നാളുകളില്‍ യെരൂശലേമില്‍ അനേകം ക്രിസ്തീയ വിശ്വാസികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്തു സംഭവിച്ചു എന്നതിന്‍റെ കൃത്യമായ വിവരങ്ങള്‍ ജൊസിഫസ് രേഖപ്പെടുത്തിയിട്ടില്ല. അത്, ക്രിസ്തീയ വിശ്വാസികളെ അദ്ദേഹം ഗൌരമായി കണ്ടിരുന്നില്ല എന്നതിനാല്‍ ആയിരിക്കേണം. എന്നാല്‍, അവരുടെ ചരിത്രം രണ്ടു ക്രിസ്തീയ ചരിത്രകാരന്‍മാര്‍ സൂക്ഷമതയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. യൂസേബിയസ്, സലാമിസിലെ എപ്പിഫാനിയസ് (Eusebius and Epiphanius of Salamis) എന്നീ ക്രിസ്തീയ ചരിത്രകാരന്‍മാര്‍ 4 ആം നൂറ്റാണ്ടില്‍ ആണ് ജീവിച്ചിരുന്നത്. യെരൂശലേം ക്രിസ്ത്യാനികള്‍, യെരൂശലേമിന്‍റെ പതനത്തില്‍ നിന്നും, തുടര്‍ന്നുണ്ടായ കൂട്ട കൊലപാതകത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ചരിത്രം ഇവര്‍ രണ്ടുപേരും രേഖപ്പെടുത്തിയിട്ടുണ്ട്.

 

യെരൂശലേം പട്ടണത്തിന്റെ തകര്‍ച്ചയ്ക്ക് മുമ്പായി, അവിടെയുണ്ടായിരുന്ന ക്രൈസ്തവ വിശ്വാസികള്‍, യോര്‍ദ്ദാന്‍ നദിയുടെ (Jordan River) അക്കരെയുള്ള ഡെക്കാപ്പൊലിസ് (Decapolis) പ്രദേശത്തുള്ള പെല്ല (Pella) എന്ന സ്ഥലത്തേക്ക് ഓടിപ്പോയി എന്നാണ് അവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ഏകദേശം 37 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുക്രിസ്തു യെരുശലേമിന്‍റെ പതനത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. ഈ പ്രവചനത്തില്‍ യേശു ഇങ്ങനെ പറഞ്ഞിരുന്നു:

 

ലൂക്കോസ് 21: 20–22

20  സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. 

21   അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. 

22  എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. 

 

ശത്രു സൈന്യം യെരൂശലേമിനെ ആക്രമിക്കുന്നത് കാണുമ്പോള്‍, അത് പട്ടണത്തിന്റെ നാശത്തില്‍ കലാശിക്കും എന്നും, അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ യെരൂശലേമില്‍ നിന്നും ഓടി രക്ഷപ്പെടേണം എന്നുമായിരുന്നു അന്നത്തെ ക്രിസ്തീയ വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ അവര്‍ ഈ അടയാളങ്ങള്‍ക്കായി ശ്രദ്ധയോടെ നോക്കിയിരുന്നു. AD 66, സെപ്റ്റംബര്‍ മാസത്തില്‍, ഗായുസ് സെസ്റ്റിയസ് ഗാല്ലസ് (Gaius Cestius Gallus) എന്ന റോമന്‍ സൈന്യാധിപന്‍ യഹൂദ്യയില്‍ എത്തുകയും, സൈന്യം യെരൂശലേമിനെ വളയുകയും, 6 മാസങ്ങള്‍ പട്ടണത്തെ ഉപരോധിക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ ആറായിരം റോമന്‍ പടയാളികള്‍ മരിച്ചു. അതിനാല്‍, ആയുധങ്ങള്‍ പോലും ഉപേക്ഷിച്ച്, അദ്ദേഹം തിരികെ പോയി. ഈ അവസരം ഉപയോഗിച്ച്, യെരൂശലേമിലെ ക്രിസ്ത്യാനികള്‍ അവിടെനിന്നും പെല്ല (Pella) എന്ന സ്ഥലത്തേക്ക് ഓടിപ്പോയി.

 

ഇതേനെക്കുറിച്ച് യൂസേബിയസ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതി ആയ, സഭാ ചരിത്രം ല്‍ (Eusebius - Church History) പറയുന്നതിങ്ങനെ ആണ്: യെരൂശലേമിലെ ക്രിസ്തീയ വിശ്വാസികള്‍ക്ക് ഒരു ദൈവീക വെളിപ്പാടു, യുദ്ധത്തിന് മുമ്പായി തന്നെ ലഭിച്ചു. അതില്‍ യെരൂശലേമില്‍ നിന്നും പെല്ല എന്ന സ്ഥലത്തേക്ക് ഓടി രക്ഷപ്പെടേണം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഈ വെളിപ്പാടില്‍ വിശ്വസിച്ചു, അവര്‍ ഉടന്‍ തന്നെ പെല്ല യിലേക്ക് ഓടിപ്പോയി. ക്രിസ്ത്യാനികള്‍ യെരൂശലേം വിട്ടുകഴിഞ്ഞപ്പോള്‍, പട്ടണത്തിന്റെ നാശം സംഭവിച്ചു.

 

സലാമിസിലെ എപ്പിഫാനിയസിന്റെ പ്രശസ്തമായ കൃതി, പനാരിഓണ്‍ (Panarion) ആണ്. ഇതില്‍ അദ്ദേഹം പറയുന്നു: യെരൂശലേമിനെ ശത്രുക്കള്‍ ഉപരോധിക്കും എന്നും പട്ടണം തകരും എന്നും യേശുക്രിസ്തു മുന്‍ കൂട്ടി പറഞ്ഞിരുന്നു എന്നതിനാല്‍ അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ പെല്ല യിലേക്ക് ഓടിപ്പോയി. ഭാരത്തെക്കുറിച്ചും അളവുകളെക്കുറിച്ചും (On Weights and Measures) എന്ന അദ്ദേഹത്തിന്‍റെ മറ്റൊരു പുസ്തകത്തിലും, ഇതേ ചരിത്ര സത്യം പരാമര്‍ശിക്കപ്പെടുന്നുണ്ട്. യെരൂശലേം പട്ടണം തകരുവാന്‍ പോകുന്നു എന്നു ഒരു ദൈവീക ദൂതന്‍, അവിടെയുള്ള ക്രിസ്ത്യാനികളെ അറിയിച്ചു എന്നാണ് ഇവിടെ അദ്ദേഹം പറയുന്നത്.

 

യെരൂശലേമിന്റെ പതനത്തില്‍ അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ആരും തന്നെ നശിച്ചുപോയില്ല എന്നു പ്രശസ്ത വേദപണ്ഡിതന്‍ ആയ ആദം ക്ലര്‍ക്കും (Adam Clarke) അഭിപ്രായപ്പെടുന്നു. ക്രിസ്ത്യാനികള്‍ ഓടിപ്പോയത് പെല്ല യിലേക്ക് മാത്രം ആയിരിക്കുകയില്ല. എന്നാല്‍ അതായിരിക്കാം അന്നത്തെ പ്രധാനപ്പെട്ട ഒരു സ്ഥലം. പിന്നീട്, യെരൂശലേം ശൂന്യമായി കിടന്ന നാളുകളില്‍, ക്രിസ്ത്യാനികള്‍ അഭയം തേടിയ പെല്ല 70 ല്‍ അധികം വര്‍ഷങ്ങള്‍ സമൃദ്ധിയോടെ നിലനിന്നു. 

 

1951 വരെ ഈ ചരിത്ര സംഭവത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍, ഒരു ആഗ്ലിക്കന്‍ പുരോഹിതനും മത പണ്ഡിതനും ആയിരുന്ന എസ്. ജി. എഫ്. ബ്രണ്ടന്‍, 1951 ല്‍, അദ്ദേഹത്തിന്റെ യെരൂശലേമിന്റെ പതനവും ക്രിസ്തീയ സഭയും (S. G. F. Brandon - The Fall of Jerusalem and the Christian Church) എന്ന പുസ്തകത്തില്‍ ഈ ചരിത്രത്തെ ചോദ്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തത്തില്‍ ക്രിസ്ത്യാനികള്‍, യഹൂദ കലാപകാരികളിലെ എരിവുകാര്‍ എന്ന് അറിയപ്പെട്ടിരുന്ന വിഭാഗത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു കാണും. കലാപത്തില്‍ യെരൂശലേം ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു കാണും. അതിനു ശേഷമാണ് ക്രിസ്തുമതം ആഗോളതലത്തില്‍ പടര്‍ന്നത്. എന്നാല്‍, ഭൂരിപക്ഷം ചരിത്രകാരന്മാരും വേദപണ്ഡിതരും ബ്രണ്ടന്‍റെ ഈ അഭിപ്രായങ്ങളോട് യോജിക്കുന്നില്ല. അവര്‍ യൂസേബിയസ്, എപ്പിഫാനിയസ് എന്നിവരുടെ വിവരണത്തോട് ആണ് യോജിക്കുന്നത്.  

 

പതനത്തിന് ശേഷം

 

യെരൂശലേം പട്ടണത്തിന്റെയും ദൈവാലയത്തിന്റെയും പതനം റോമാക്കാര്‍ വലിയ ആഘോഷത്തോടെ കൊണ്ടാടി. ഇതിന്റെ ഓര്‍മ്മയ്ക്കായി റോമില്‍ ഒരു വലിയ കവാടം പണിതു. അതില്‍ ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തെ നിലവിളക്കിന്റെ ചിത്രം കൊത്തിവച്ചു. അവര്‍ കൊള്ള ചെയ്തുകൊണ്ടു വന്ന, യഹൂദ ദൈവാലയത്തിലെ, തിരശ്ശീല, നിലവിളക്ക്, കാഴ്ചയപ്പത്തിന്റെ മേശ എന്നിവയെയെല്ലാം റോമന്‍ തെരുവിലൂടെ ഘോക്ഷായാത്രയായി പ്രദര്‍ശിപ്പിച്ചു. അതിവിശുദ്ധ സ്ഥലത്തു സൂക്ഷിച്ചിരുന്ന ഈ വസ്തുക്കള്‍, അന്നുവരെ മഹാപുരോഹിതന്‍ അല്ലാതെ, സാധാരണ യഹൂദന്മാര്‍ ആരും കണ്ടിരുന്നില്ല. ഒപ്പം ഈ ഘോക്ഷായാത്രയില്‍ ഏകദേശം 700 ഓളം യഹൂദന്മാരെ തടവുകാരായി, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവരായി, നടത്തിച്ചുകൊണ്ടു പോയി. ഈ ജയോല്‍സവത്തിന് ശേഷം, ഗിസ്കാലയിലെ ജോണ്‍ ((John of Gischala) എന്ന കലാപകാരിയെ തുറുങ്കില്‍ അടച്ചു. സൈമണ്‍ ബാര്‍ ഗിഒറയെ (Simon bar Giora) വധിച്ചു. 

 

യെരൂശലേം ദൈവാലയത്തില്‍ നിന്നും കൊള്ള ചെയ്ത സ്വര്‍ണവും വെള്ളിയും ഉപയോഗിച്ച് റോമന്‍ നാണയങ്ങള്‍ ഉണ്ടാക്കി. അതില്‍ യൂദിയ കാപ്റ്റ അഥവാ യഹൂദയെ പിടിച്ചെടുത്തു (JUDAEA CAPTA) എന്ന വാചകം മുദ്രണം ചെയ്തു. അങ്ങനെ അവര്‍ യഹൂദന്മാരുടെ ദൈവത്തെ നിസ്സാരവല്‍ക്കരിച്ചു. എന്നാല്‍, യഹൂദന്മാരുടെ പരാജയവും ദൈവാലത്തിന്റെ പതനവും, അവരുടെ പാപം നിമിത്തം ഉണ്ടായ ദൈവ കോപം ആണ് എന്ന് ജൊസിഫസ് അഭിപ്രായപ്പെട്ടു.

 

ദൈവ കോപം ആയിരുന്നുവോ?

 

യെരൂശലേം പട്ടണത്തിന്റെയും ദൈവാലയത്തിന്‍റെയും പതനം ദൈവകോപം ആയിരുന്നുവോ? ഈ സംഭവം ഉണ്ടാകും എന്ന് യേശുക്രിസ്തു പ്രവചിച്ചപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞു: “എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.” (ലൂക്കോസ് 21: 22). അതിനാല്‍ തന്നെ, സംഭവിച്ചതെല്ലാം ദൈവകോപം ആയിരുന്നു എന്ന് അനുമാനിക്കാം. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്തു, അവനെ ക്രൂശിക്കുവാന്‍ യഹൂദന്മാര്‍ തന്നെ ആണ് ജാതീയ ഭരണ കര്‍ത്താക്കളായ റോമാക്കാരോടു ആവശ്യപ്പെട്ടത്. യേശുവില്‍ അനീതി കാണുന്നില്ല എന്ന് പീലാത്തൊസ് പറഞ്ഞപ്പോള്‍, “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നാണ് യഹൂദന്മാര്‍ വിളിച്ച് പറഞ്ഞത്. (മത്തായി 27: 25). ക്രൂശു ചുമന്നു കൊണ്ട് യെരൂശലേം തെരുവീഥിയിലൂടെ നടന്നു നീങ്ങിയപ്പോള്‍, തന്നെ നോക്കി കരഞ്ഞുകൊണ്ടിരുന്ന സ്ത്രീകളോട് യേശു പറഞ്ഞത് ഇങ്ങനെ ആണ്: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.” (ലൂക്കോസ് 23: 28). ഇതെല്ലാം യെരൂശലേം പട്ടണത്തിന്റെയും ദൈവാലയത്തിന്‍റെയും പതനം ദൈവ കോപമാണ് എന്ന ചിന്തയാണ് ഉളവാക്കുന്നത്. 

 


ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. അതിനു മുമ്പായി
, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, ഈ-ബുക്കായി നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെല്ലാം naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ സൌജന്യമായി ലഭ്യമാണ്. ഇ-ബുക്കുകള്‍ vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇ-ബുക്ക് സ്റ്റോറില്‍ നിന്നും interactive catalogue ഉം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതല്ലങ്കില്‍, ഈ-ബുക്കിന്റെ പേര് whatsapp ല്‍ അയച്ചുതന്നും അതിന്റെ ഒരു കോപ്പി ആവശ്യപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

 

 

No comments:

Post a Comment