യേശുക്രിസ്തു നമുക്ക് പരിചയപ്പെടുത്തി തന്ന ദൈവരാജ്യത്തിന്‍റെ സവിശേഷതകള്‍ എന്താല്ലാം ആണ് എന്നാണ് നമ്മള്‍ ഇന്ന് ചിന്തിക്കുന്നത്.
ദൈവരാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല എന്നതാണ് ദൈവരാജ്യത്തിന്‍റെ
അടിസ്ഥാന സ്വഭാവം. ഈ സത്യം യേശു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അവന്‍ പീലാത്തൊസിന്‍റെ
മുന്നില്‍, ഒരു രാജ്യ ദ്രോഹിയെപ്പോലെ കുറ്റവിചാരണ ചെയ്യപ്പെടുമ്പോള്‍, പീലാത്തൊസ് അവനോടു, “നീ
യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.” (യോഹന്നാന്‍
18:33). യേശു ഇങ്ങനെ മറുപടി പറഞ്ഞു:
യോഹന്നാന്‍ 18: 36, 37
36 എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ
ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല
എന്നു ഉത്തരം പറഞ്ഞു.
37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
യേശുവിന്റെ ഈ ഉത്തരത്തില്‍ ദൈവരാജ്യത്തിന്റെ രണ്ടു സ്വഭാവ വിശേഷങ്ങള്‍ ഉണ്ട്. ഒന്നു, അവന്റെ രാജ്യം ഐഹികമല്ല. രണ്ടാമത്, അവന്റെ വാക്ക് കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ദൈവരാജ്യത്തിന് അവകാശികള്‍ ആണ്. യേശു രാജാവാണ്, അവന് ഒരു രാജ്യം ഉണ്ട്. അവന്‍ യഹൂദന്മാരുടെ മാത്രം രാജവല്ല. അവന്റെ വാക്ക് കേള്‍ക്കുന്ന എല്ലാവരുടെയും രാജാവാണ്.
“ഐഹികമല്ല” എന്നത്തിന് മൂല ഭാഷയായ ഗ്രീക്കില്‍ കോസ്മോസ് (kosmos) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം, സകല മനുഷ്യരും, ജീവജാലങ്ങളും, വ്യവസ്ഥിതികളും അടങ്ങുന്ന പ്രപഞ്ചമെന്നാണ്. അതായത്, യേശു പറഞ്ഞത്, അവന്റെ രാജ്യം, അഥവാ ദൈവരാജ്യം, ഈ ലോകത്തിന്റെ വ്യവസ്ഥിതികളില്‍ നിന്നുള്ളതല്ല, അത് മറ്റൊരു രാജ്യത്തില്‍ നിന്നും മറ്റൊരു വ്യവസ്ഥിതിയില്‍ നിന്നും ഉള്ളതാണ്. ദൈവരാജ്യം സ്വര്‍ഗ്ഗീയമായതും ആത്മീയമായതും ആയ രാജ്യം ആണ്. യേശുവിന്റെ ഈ വാദത്തിന് ഒരു തെളിവും അവന്‍ ചൂണ്ടിക്കാട്ടുന്നു. അവന്റെ രാജ്യം ഈ ലോകത്തില്‍നിന്നും ഉള്ളതായിരുന്നു എങ്കില്‍, അവന് സംരക്ഷണത്തിനായി പടയാളികള്‍ ഉണ്ടായിരുന്നേനെ. യഹൂദന്മാര്‍ അവനെ പിടിച്ചപ്പോള്‍, അവന്റെ പടയാളികള്‍ യഹൂദ ചേവകരോട് പോരാടിയേനെ. എന്നാല്‍ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാരെപ്പോലെയുള്ള പടയാളികള്‍ യേശുവിന് ഇല്ല. അവന്റെ രാജ്യം ഈ ലോകത്തില്‍ നിന്നും ഉള്ളതല്ല.
ഈ വാദം പീലാത്തോസിന് മനസ്സിലായി. അന്ന് യഹൂദന്മാരുടെ ഇടയില്‍ എരിവുകാരെപ്പോലെയുള്ള ചില കൂട്ടങ്ങള്‍, റോമന്‍ സാമ്രാജ്യത്തിനെതിരെ നിരന്തരം കലാപം ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു. യേശുവും ഗലീലയില്‍ നിന്നും ഉള്ളവന്‍ ആയിരുന്നു. എന്നാല്‍ യേശു അന്നേവരെ ഒരു കലാപവും ഉണ്ടാക്കിയില്ല. അവന്‍ ഒരിക്കലും, ഭൌതീകമായ ഒരു രാജ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ചിട്ടില്ല. അവന്‍ രാജാവാണ്, അവന് രാജ്യം ഉണ്ട്. എന്നാല്‍ അത് സ്ഥാപിക്കുന്നത്, ഭൌതീക തലത്തില്‍ യുദ്ധം ചെയ്തിട്ടല്ല. അവന്റെ രാജ്യം ഐഹീകം അല്ല.
യേശു രാജ്യം പ്രഖ്യാപിച്ചു
യേശു പീലാത്തൊസിനോട് പറഞ്ഞ മറുപടി, നമുക്ക് ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കാം. “ നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ”. ഇംഗ്ലീഷില്‍ NIV വിവര്‍ത്തനത്തില്‍ ഇങ്ങനെ ആണ് പറഞ്ഞിരിക്കുന്നത്: “You say that I am a king”. ഇത് ഒരു വര്‍ത്തമാന കാലത്തിലുള്ള (Present tense) പ്രസ്താവന ആണ്. ഞാന്‍ ഒരിക്കല്‍ രാജാവാകും എന്നല്ല യേശു പറഞ്ഞത്, ഞാന്‍ ഇപ്പോള്‍ രാജാവു തന്നെ എന്നാണ് യേശു പറഞ്ഞത്. അതായത്, എന്റെ രാജ്യം ഇപ്പോള്‍ തന്നെ ഇവിടെ ഉണ്ട്.
ഇവിടെ സ്വാഭാവികമായി, ചില ചോദ്യങ്ങള്‍ ഉയരുന്നു. യേശു ഇപ്പോള്‍ തന്നെ രാജാവായിരിക്കുന്നു എങ്കില്‍, അവന്റെ രാജ്യം എവിടെ ആണ്? അത് എങ്ങനെ ഉള്ള രാജ്യം ആയിരിക്കും? അതിന്റെ സ്വാഭാവ വിശേഷതകള്‍ എന്തെല്ലാം ആയിരിക്കും?
എന്നാണ് യേശുവിന്റെ രാജ്യം നിലവില്‍ വന്നത് എന്ന ചിന്തയോടെ നമുക്ക് ഇതിന്റെയെല്ലാം ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കാം. ഒരുവനെ, ദൈവം നേരിട്ടോ, ഒരു പ്രതിനിധിയിലൂടെയോ രാജാവായി അഭിഷേകം ചെയ്യുമ്പോള്‍ തന്നെ അവന്‍ രാജാവായി തീരുന്നു. അവന്റെ മേല്‍ രാജാവു എന്ന ദൈവീക നിയോഗവും അതിനുള്ള അധികാരവും അഭിഷേകവും അപ്പോള്‍ തന്നെ ഉണ്ടാകുന്നു. ഈ രാജാവ് അവന്റെ രാജ്യം പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍, അത് നിലവില്‍ വരുന്നു. രാജാവ് എവിടെ ഉണ്ടോ, അവിടെ രാജ്യം ഉണ്ട്. രാജാവ് രാജ്യം ആണ്, രാജ്യം രാജാവാണ്. ഇത് മനസ്സിലാക്കുവാനായി, ഒരു വര്‍ത്തമാന കാല ഉദാഹരണം എടുക്കാം. നമ്മളുടെ രാജ്യത്തു കോടതികളില്‍, മജിസ്ട്രേറ്റ് ഉണ്ടല്ലോ. നിയമപ്രകാരം, ഒരു മജിസ്ട്രേറ്റ് ഒരിയ്ക്കലും കോടതിക്ക് വെളിയില്‍ ആകുന്നില്ല. എന്നു പറഞ്ഞാല്‍, അദ്ദേഹം എവിടെ ഉണ്ടോ അതാണ് കോടതി. അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള എല്ലായിടവും കോടതി ആണ്. ഉത്തരവുകള്‍ പുറപ്പെടുവിക്കുവാന്‍, സാധാരണയായി ഒരു കോടതി മുറിയില്‍ ഇരിക്കുക പതിവാണ് എങ്കിലും, കോടതിമുറിയില്‍ ഇരിക്കാതെയും ഉത്തരവുകള്‍ പുറപ്പെടുവിക്കാം. അതുകൊണ്ടാണ്, പോലീസ് പിടിക്കുന്ന കുറ്റവാളികളെ ചിലപ്പോള്‍ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കി ജാമ്യം നേടുകയോ, റിമാന്‍റില്‍ വെക്കുവാന്‍ ഉത്തരവ് വാങ്ങുകയോ ചെയ്യുന്നത്. മജിസ്ട്രേറ്റ് ആണ് കോടതി, കോടതി ആണ് മജിസ്ട്രേറ്റ്. രാജാവാണ് രാജ്യം, രാജ്യമാണ് രാജാവ്. ഇതൊരു പഴയ ഗ്രീക്ക് കാഴ്ചപ്പാട് ആണ്. അതിനാല്‍, രാജാവ് രാജ്യം പ്രഖ്യാപിക്കുമ്പോള്‍ തന്നെ രാജ്യം നിലവില്‍ വരുന്നു. രാജാവിന്റെ വാക്കുകള്‍ സകലതിനെയും ഉളവാക്കുന്ന വാക്കുകള്‍ ആണ്.
യേശുക്രിസ്തു, തന്റെ ഭൌതീക ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ, ദൈവരാജ്യം എത്തിയിരിക്കുന്നു എന്നു പ്രഖ്യാപിച്ചു. അവന്‍ ആദ്യം സംസാരിച്ചത്, പാപ പരിഹാരത്തെക്കുറിച്ചോ, യാഗത്തെക്കുറിച്ചോ അല്ല. അവന്റെ ആദ്യ വിളമ്പരം, ദൈവരാജ്യം എത്തിപ്പോയി എന്നാണ്. മത്തായി എഴുതിയ സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നത് പ്രകാരം യേശു തന്റെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത് ഗലീല ദേശത്തുള്ള കഫര്‍ന്നഹൂമില്‍ നിന്നും ആണ്. മത്തായി 4:17 ഇങ്ങനെ ആണ്: “അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിന്‍ എന്നു പ്രസംഗിച്ചു തുടങ്ങി.”
എന്നാല്‍ ദൈവരാജ്യത്തിന്റെ ഈ പ്രഖ്യാപനവും, ആരംഭവും വളരെ ചെറിയ ഒരു തുടക്കം ആയിരുന്നു. വലിയ, മോടിയോടുകൂടെ ഉള്ള ഒരു ആരംഭം ആയിരുന്നില്ല. യേശു എന്ന രാജാവ് ജനിച്ചത്, ഒരു അഞ്ജാതമായ സ്ഥലത്താണ്. പിന്നീട് അവനെ ഒരു വീടിന്റെ കാലിത്തൊഴുത്തില്‍ കിടത്തി. അവിടെ ആണ് അവന്റെ ആദ്യ സന്ദര്‍ശകര്‍ അവനെ കണ്ടത്. അവന്റെ മാതാപിതാക്കന്മാര്‍ സാധാരണക്കാര്‍ ആയിരുന്നു. ശിശു ആയിരിക്കുമ്പോള്‍ തന്നെ അവന് സ്വന്ത ദേശം വിട്ടു ഈജിപ്റ്റിലേക്ക് ഓടിപ്പോകേണ്ടി വന്നു. ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ സ്വന്ത ദേശത്തേക്കു വന്നു. യുവാവായപ്പോള്‍, അവന്‍ യോഹന്നാന്‍ സ്നാപകന്റെ കൈകീഴില്‍ മാനസാന്തര സ്നാനം സ്വീകരിച്ചു. അതിനുശേഷം ഒരു യഹൂദ റബ്ബിയായി ശുശ്രൂഷ ചെയ്തു പോന്നു. ഇവിടെ എങ്ങും സവിശേഷമായ യാതൊന്നും ഉണ്ടായിരുന്നില്ല. എല്ലാം സാധാരണവും, താഴ്മയുള്ളതും, ആര്‍ഭാടങ്ങള്‍ ഇല്ലാത്തതും ആയിരുന്നു. ഒരു രാജാവിന്റെ വരവിന്റെ യാതൊരു ലക്ഷണവും എവിടേയും ഇല്ലായിരുന്നു.
ദൈവരാജ്യത്തിന്റെ ചെറിയ തുടക്കത്തെക്കുറിച്ച് യേശു പറഞ്ഞ ഒരു ഉപമ ലൂക്കോസിന്റെ സുവിശേഷം 13 ആം അദ്ധ്യായം 20, 21 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പിന്നെയും അവൻ “ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു” എന്നു പറഞ്ഞു.’ ഇവിടെ യേശു ദൈവരാജ്യത്തിന്റെ രണ്ടു പ്രത്യക്ഷതയെക്കുറിച്ചാണ് പറയുന്നതു. ഒന്നു വളരെ ചെറിയ ഒരു തുടക്കം. ക്രമേണ അത് വളര്‍ന്ന്, തക്ക സമയത്ത് ലോകം മുഴുവന്‍ അറിയുവാന്‍ തക്കവണം, പെട്ടന്നുള്ള മുന്നേറ്റമായി പ്രത്യക്ഷമാകും.
അതായത്, ദൈവം മനുഷ്യനായി, മനുഷ്യരുടെ ഇടയില്‍ വന്നപ്പോള്‍ തന്നെ ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു. യേശു അത് തന്‍റെ ശുശ്രൂഷയുടെ ആരംഭത്തില്‍ വിളമ്പരം ചെയ്തു. അന്നുമുതല്‍ അവന്റെ വാക്കുകള്‍ കേട്ട് വിശ്വസിക്കുന്നവര്‍ എല്ലാം, ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി.
ദൈവരാജ്യം ഒരു മര്‍മ്മമാണ്
ദൈവരാജ്യം യേശുക്രിസ്തു വിളമ്പരം ചെയ്യുകയും അത് ആരംഭിക്കുകയും ചെയ്തു എങ്കിലും, ഇപ്പോള്‍ അത് ഒരു മര്‍മ്മമായി തുടരുക ആണ്. എന്നു പറഞ്ഞാല്‍, ദൈവരാജ്യം എല്ലാ മനുഷ്യര്‍ക്കും ഗ്രഹിക്കുവാനോ അനുഭവിക്കുവാനോ ഇപ്പോള്‍ കഴിയുന്നില്ല. അത് ഒരേ സമയം വെളിപ്പെട്ടതും മര്‍മ്മമായി മറഞ്ഞിരിക്കുന്നതും ആണ്.
യേശുക്രിസ്തു, വിതയ്ക്കുന്നവന്‍റെ ഉപമ പറഞ്ഞതിന് ശേഷം അവന്‍ തനിച്ചിരിക്കുമ്പോള്‍
അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളുടെ ഒരു വിശദീകരണം അവനോട് ചോദിച്ചു. അവര്‍ക്ക്
ഈ ഉപമയില്‍ അടങ്ങിയിരുന്ന ആത്മീയ മര്‍മ്മങ്ങള്‍ മനസ്സിലായില്ല. യേശു അവരോട് ഇങ്ങനെ
ഉത്തരം പറഞ്ഞു:
മര്‍ക്കോസ് 4: 11, 12
11 അവരോടു അവൻ പറഞ്ഞതു:
“ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.”
12 അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
യേശു പറഞ്ഞത് ഇതാണ്: അവന്‍ ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ അറിയിച്ചപ്പോള്‍, അവന് രണ്ടു ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. അവനെ കേള്‍ക്കുന്ന എല്ലാവരും ഉപമകളിലെ ആത്മീയ മര്‍മ്മങ്ങള്‍ മനസ്സിലാക്കേണ്ടതില്ല. അതായത് ദൈവരാജ്യത്തിന്റെ മര്‍മ്മം എല്ലാവരും ഗ്രഹിക്കേണ്ടതില്ല. ഒപ്പം, ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി തീരേണ്ടതിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആത്മീയ മര്‍മ്മങ്ങള്‍ മനസ്സിലാക്കുകയും വേണം. ഇവിടെ യേശു രണ്ടു കൂട്ടം മനുഷ്യരെക്കുറിച്ച് പറയുക ആണ്. ഒന്ന്, ദൈവരാജ്യത്തിന്റെ മര്‍മ്മം നല്‍കപ്പെട്ടിരിക്കുന്ന നിങ്ങള്‍; രണ്ട്, ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ക്ക് പുറത്തുള്ളവര്‍. അനേകര്‍ യേശുവിന്റെ വാക്കുകള്‍ കേള്‍ക്കും എങ്കിലും, അതില്‍ ചിലര്‍ ദൈവരാജ്യത്തിന് പുറത്തുള്ളവര്‍ ആണ്. അവര്‍ കേള്‍ക്കും എങ്കിലും ഗ്രഹിക്കുകയില്ല. അവരുടെ ചെവിയില്‍ വീഴുന്ന വാക്കുകള്‍, വഴിയരികിലും, പാറപ്പുറത്തും, മുള്ളുകള്‍ക്കിടയിലും വീഴുന്ന വിത്തുകള്‍ പോലെ ആണ്. അവര്‍ കേള്‍ക്കുന്ന വാക്കുകള്‍ ഒരിയ്ക്കലും പാകമായ ഫലം പുറപ്പെടുവിക്കുക ഇല്ല. അവര്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ഗ്രഹിച്ച്, മനം തിരിയുകയോ, അവരോട് ക്ഷമിക്കുകയോ ഇല്ല. എന്നാല്‍ ലോകാരംഭത്തിന് മുമ്പേ, ക്രിസ്തുവില്‍, ദൈവരാജ്യത്തിനായി, തിരഞ്ഞെടുക്കപ്പെടുകയും, മുന്‍ നിയമിക്കപ്പെടുകയും ചെയ്തവര്‍, മര്‍മ്മങ്ങള്‍ കേള്‍ക്കുകയും, ഗ്രഹിക്കുകയും, മനം തിരിയുകയും, അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും, അവര്‍ ദൈവരാജ്യം അവകാശമാക്കുകയും ചെയ്യും.
ദൈവരാജ്യം ഒരു മറഞ്ഞിരിക്കുന്ന മര്‍മ്മം ആയതിനാല്‍, നമ്മള്‍ അതിനെ അന്വേഷിച്ച് കണ്ടെത്തേണം എന്നും യേശു മറ്റൊരു ഉപമയില്‍ പറഞ്ഞിട്ടുണ്ട്. ഈ ഉപമ, മത്തായി 13:44 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്‍റെ തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.” ദൈവരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധി ആണ്. അത് നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ദൈവരാജ്യം അന്വേഷിക്കുന്നവര്‍ മാത്രമേ അത് കണ്ടെത്തുന്നുള്ളൂ.
ദൈവരാജ്യം നമ്മളുടെ ഇടയില്‍
യേശുക്രിസ്തു ദൈവ രാജ്യം വിളമ്പരം ചെയ്യുകയും അത് ആരംഭിക്കുകയും ചെയ്തു എങ്കില്‍, അത് ഇപ്പോള്‍ എവിടെ ആണ്? ഒരു ദിവസം പരീശന്മാര്‍ അവന്റെ അടുക്കല്‍ വന്നു ദൈവരാജ്യത്തിന്റെ പ്രത്യക്ഷതയെക്കുറിച്ച് ചോദിച്ചു. ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. യഹൂദന്മാര്‍ അവരുടെ രാജാവായ മശിഹായുടെ വരവിനായി കാലങ്ങള്‍ ആയി കാത്തിരിക്കുക ആയിരുന്നു. അവര്‍ പ്രതീക്ഷിക്കുന്ന മശിഹാ സ്വര്‍ഗ്ഗീയനോ, സ്വര്‍ഗ്ഗീയ ശക്തിയോടെ വരുന്നവനോ ആയ രാജാവാണ്. അദ്ദേഹം യഹൂദന്മാരുടെ സകല ശത്രുക്കളെയും തോല്‍പ്പിച്ച്, അവരുടെ വാഗ്ദത്ത ദേശം വീണ്ടെടുക്കും. അവിടെ നിത്യമായ രാജ്യം സ്ഥാപിക്കും. ഇതായിരുന്നു അവരുടെ വിശ്വസം. ഈ ദൈവരാജ്യം എപ്പോള്‍ വരും എന്നാണ് അവര്‍ ചോദിച്ചത്.
ഇതിനുള്ള മറുപടിയായി യേശു പറഞ്ഞ വാക്കുകള്‍ പഠിച്ചാല്‍, ദൈവരാജ്യത്തിന് രണ്ട് പ്രത്യക്ഷത ഉണ്ടാകും എന്നു നമുക്ക് മനസ്സിലാക്കാം. യേശു പരീശന്മാരോടു പറഞ്ഞു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു”. അത് ആരാലും ശ്രദ്ധിക്കപ്പെടാത്ത, വലിയ ആകര്‍ഷണമില്ലാത്ത, ചെറിയ പ്രത്യക്ഷത ആയിരിക്കും. അതിന്റെ രാജാവു കഷ്ടം സഹിക്കുന്ന ദാസനായി പ്രത്യക്ഷപ്പെടും. അത് വിളമ്പരം ചെയ്യപ്പെടും എങ്കിലും, കേള്‍ക്കുന്ന ചിലര്‍ ഗ്രഹിക്കുകയും ചിലര്‍ ഗ്രഹിക്കാതിരിക്കുകയും ചെയ്യും. ഇത് ദൈവരാജ്യത്തിന്റെ ഒന്നാമത്തെ പ്രത്യക്ഷത ആണ്. അതിനാല്‍ യേശു പറഞ്ഞു, നിങ്ങള്‍ ഇത് വരെയും ഗ്രഹിച്ചില്ല എങ്കിലും, “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ”. (ലൂക്കോസ് 17: 20, 21).
യേശു ആണ് ദൈവരാജ്യത്തിലെ രാജാവ്; അവനാണ് ദൈവരാജ്യം. യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നു, ഇപ്പോള്‍ അവരുടെ ഇടയില്‍ ജീവിച്ചിരിക്കുന്നു. അവനില്‍ ദൈവരാജ്യം ഉണ്ട്. ലൂക്കോസ് 11: 20 ല്‍ യേശു ഇത് സാക്ഷിക്കുന്നു. “എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.” ദൈവരാജ്യത്തിന്റെ പ്രഥമ പ്രത്യക്ഷതയ്ക്കു വലിയ ആകര്‍ഷണീയത ഇല്ലായിരുന്നു എങ്കിലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗ്രഹിക്കുവാന്‍ തക്കവണം, അതിനു അടയാളങ്ങള്‍ ഉണ്ടായിരുന്നു. യേശു ചെയ്ത അത്ഭുതങ്ങള്‍ എല്ലാം, ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ ആയിരുന്നു. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍, കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതിന് ശേഷം, അതിനെക്കുറിച്ച് ഇങ്ങനെ ആണ് പറയുന്നത്: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” (യോഹന്നാന്‍ 2:11). എല്ലാ അത്ഭുതങ്ങളും, അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ദൈവരാജ്യത്തില്‍ വിശ്വസിക്കുവാന്‍ വേണ്ടിയുള്ള, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു.
പരീശന്മാരോടു, “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ” എന്നു പറഞ്ഞതിന് ശേഷം, യേശു ശിഷ്യന്മാരോടു, ദൈവരാജ്യത്തിന്റെ രണ്ടാമത്തെ പ്രത്യക്ഷതയെക്കുറിച്ച് പറഞ്ഞു. രണ്ടാമത്തെ പ്രത്യക്ഷത, ആകര്‍ഷണീയവും, എല്ലാവരും തിരിച്ചറിയുന്നതും, മാനവ ചരിത്രത്തിലേക്ക് പൊടുന്നനെ ഉള്ള ഒരു മുന്നേറ്റവും ആയിരിക്കും. യേശുവിന്റെ വാക്കുകള്‍ ഇതാണ്: മിന്നൽ ആകാശത്തിന്‍ കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.” (ലൂക്കോസ് 17:24). ഇതേ സംഭവത്തെക്കുറിച്ച് മത്തായി 24:27 ലും രേഖപ്പെടുത്തിയിട്ടുണ്ട്. “മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.”
അതായത് ദൈവരാജ്യം ഇപ്പോള്‍ ആരംഭിക്കപ്പെട്ട ഒന്നാമത്തെ പ്രത്യക്ഷതയില്‍ ആണ്. ദൈവരാജ്യം അതിന്റെ സമ്പൂര്‍ണ്ണത്തയില്‍ പ്രത്യക്ഷമായിട്ടില്ല. ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ പ്രത്യക്ഷത ഭാവിയില്‍ സംഭവിക്കുവാന്‍ ഇരിക്കുന്നതെ ഉള്ളൂ. ഒന്നാമത്തേയും രണ്ടാമത്തേയും പ്രത്യക്ഷതയ്ക്ക് മദ്ധ്യേ മശിഹാ അനേകം കഷ്ടം അനുഭവിക്കുകയും ഇപ്പോഴത്തെ തലമുറ അവനെ തള്ളി പറയുകയും വേണം. (ലൂക്കോസ് 17:25). ഇവിടെ നമ്മള്‍ യെശയ്യാവു പ്രവാചകന്റെ പുസ്തകം 53 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കഷ്ടം അനുഭവിക്കുന്ന ദാസന്‍റെ വിവരണം ഓര്‍ക്കുന്നു. എന്നാല്‍, മശിഹായുടെ, അല്ലെങ്കില്‍ യേശുക്രിസ്തുവിന്റെ, രണ്ടാമത്തെ വരവ്, ദൈവരാജ്യത്തിന്റെ രാജാവായി, അതിന്റെ എല്ലാ പ്രൌഡിയോടേയും ആയിരിയ്ക്കും, ഈ വരവ് ആര്‍ക്കും തെറ്റിപ്പോകുക ഇല്ല, ആറും അറിയാതെയും ഗ്രഹിക്കാതെയും ഇരിക്കുക ഇല്ല.
ദൈവരാജ്യത്തിന്റെ രണ്ടു പ്രത്യക്ഷതകള്‍ക്കും ഇടയിലുള്ള കഷ്ടം, യേശുക്രിസ്തുവിന് മാത്രം ഉള്ളതല്ല, അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും കഷ്ടത്തിലൂടെ കടന്നുപോകേണ്ടി വരും. ലൂക്കോസ് 9: 23 ല്‍ യേശു പറഞ്ഞു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” ഈ ഭൂമിയില്‍ ദൈവരാജ്യത്തിന് ഒത്തവണ്ണം ജീവിക്കുക എന്നത് സുഖകരമായ അനുഭവം അല്ല. അത് ക്രിസ്തുവിനോടൊപ്പം, അവനായി കഷ്ടം സഹിക്കുക എന്നതാണ്. കൊലൊസ്യര്‍ 1: 24 ല്‍ പൌലൊസ് പറയുന്ന വാക്കുകള്‍ ഇങ്ങനെ വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. “ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.” പൌലൊസ്, ക്രിസ്തുവിന്റെ സഭ എന്ന ശരീരത്തിനു വേണ്ടി കഷ്ടം അനുഭവിക്കുന്നു, അതില്‍ അവന്‍ സന്തോഷിക്കുന്നു.
എന്നാല്‍, ഇങ്ങനെ കഷ്ടം അനുഭവിക്കുവാന്‍, യേശു നമ്മളെ അനാഥരായി വിട്ടിട്ടില്ല. അവന്റെ സാന്നിധ്യം എപ്പോഴും നമ്മളോട് കൂടെ ഉണ്ട്. മത്തായി 18: 20 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” യേശുവിന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ച് കൂടുമ്പോള്‍, അവന്റെ സാന്നിധ്യം അവിടെ ഉണ്ടാകും. യേശുവും അവിടെ ഒരുമിച്ച് കൂടും. ആ കൂടിവരവ് ദൈവരാജ്യമാണ്. രാജാവിന്റെ സാന്നിധ്യം രാജ്യത്തിന്റെ സാന്നിധ്യമാണ്. നമ്മള്‍ ഒരിയ്ക്കലും ദൈവരാജ്യത്തിന് വെളിയില്‍ ആകുന്നില്ല, നമ്മള്‍ എപ്പോഴും ദൈവരാജ്യത്തില്‍ തന്നെ ആണ്.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ ദൈവരാജ്യം
യേശുക്രിസ്തു എന്ന രാജാവിന്റെ സാന്നിധ്യത്താല്‍, അവന്‍ അനുഗ്രഹിക്കുന്ന രണ്ടോ മൂന്നോ പേര്‍ ആരാണ്? ആരുടേതാണ് ഈ ദൈവരാജ്യം? ആരാണ് ദൈവരാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍? ഇനി നമുക്ക് ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ കേട്ടു ഗ്രഹിക്കുന്നവരും, അത് കേള്‍ക്കുന്നു എങ്കിലും ഗ്രഹിക്കാത്തവരുമായ രണ്ടു മനുഷ്യര്‍ ഉണ്ട് എന്നും നമ്മള്‍ പഠിച്ചു കഴിഞ്ഞല്ലോ. അതിന്റെ അര്‍ത്ഥം, ദൈവം തന്റെ സര്‍വ്വാധികാരത്താല്‍, ചിലരെ തിരഞ്ഞെടുക്കുകയും ചിലരെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ, ദൈവരാജ്യം എല്ലാ മനുഷ്യര്‍ക്കും ഉള്ളതല്ല, അത് ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉള്ളതാണ്.
മത്തായി 22 ല്‍ യേശു പറയുന്ന ഒരു ഉപമ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഉപമ തുടങ്ങുന്നത് “സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഈ ഉപമ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഒരു മര്‍മ്മം വിശദീകരിക്കുന്നു. രാജാവ് മകന്റെ വിവാഹ സദ്യയ്ക്ക് അനേകം വിശിഷ്ടാഥിതികളെ ക്ഷണിച്ചിരുന്നു എങ്കിലും അവര്‍ ആരും തക്കസമായത്ത് എത്തിചേര്‍ന്നില്ല. അതിനാല്‍, “അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു.” അങ്ങനെ “ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.” എന്നാല്‍, ഇങ്ങനെ വിളിക്കപ്പെട്ട ആളുകള്‍ക്ക് യോഗ്യമായ വിവാഹ വസ്ത്രം ഇല്ലായിരുന്നു. അതിനാല്‍, അവര്‍ക്ക് വിശേഷമായ വിവാഹവസ്ത്രം രാജാവു തന്നെ സൌജന്യമായി നല്കി. അവര്‍ അത് ധരിച്ചുകൊണ്ടു വേണം വിവാഹ സദ്യയ്ക്ക് പ്രവേശിക്കുവാന്‍. ഒരുവന്‍ ഒഴികെ മറ്റ് എല്ലാവരും, രാജാവു നല്കിയ വസ്ത്രം സ്വീകരിക്കുകയും അത് ധരിച്ചുകൊണ്ടു യോഗ്യമായ രീതിയില്‍ വിവാഹ സദ്യയ്ക്ക് പ്രവേശിക്കുകയും ചെയ്തു. സദ്യയ്ക്കു വന്നിരിക്കുന്നവരെ നോക്കുവാന്‍ രാജാവു, വിരുന്നുശാലയില്‍ വന്നപ്പോള്‍, യോഗ്യമല്ലാത്ത വസ്ത്രം ധരിച്ച ഇവനെ കണ്ടെത്തി. അവന്‍ രാജാവു സൌജന്യമായി നല്കിയ, വിശേഷമായ വിവാഹ വസ്ത്രം നിരസിച്ചിരിക്കുന്നു. അത് രാജാവിനെ നിരസിക്കല്‍ ആണ്. അതിനാല്‍, “രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.” ഈ ഉപമയുടെ അവസാന വാചകം ദൈവരാജ്യത്തിന്റെ പ്രധാനപ്പെട്ട ഒരു സ്വഭാവ വിശേഷത വെളിവാക്കുന്നതാണ്. അത് ഇങ്ങനെ ആണ്: “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” (മത്തായി 22:14). ഈ വാചകമാണ് ഈ ഉപമയുടെ പ്രധാന സന്ദേശം.
ഇവിടെ അന്നത്തെ യഹൂദന്‍മാര്‍ക്ക് കണ്ടും കെട്ടും പരിചമുള്ള ഒരു സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. റോമന്‍ സാമ്രാജത്തിന്റെ നിയമം അനുസരിച്ചു, 20 വയസ്സിന് മുകളില്‍ ഉള്ള, ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും രാജ്യത്തിന്റെ സൈന്യത്തിലെ അംഗമാണ്. അഗസ്റ്റസ് സീസറിന്റെ കാലത്തിനു മുമ്പ്, യുദ്ധ സമയങ്ങളില്‍ ഇവരെ വിളിച്ച് ചേര്‍ത്തു യുദ്ധത്തിന് കൊണ്ടുപോകുക ആയിരുന്നു. എന്നാല്‍ അഗസ്റ്റസ് ചക്രവര്‍ത്തി, സമാധാന കാലത്തും സൈന്യം ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന ചിന്തിച്ചു. ആഭ്യന്തര കലാപങ്ങള്‍ അടിച്ചമര്‍ത്തുവാനും, പ്രത്യേക പരിശീലനം നല്‍കുവാനും ഇത് ഗുണകരമായിരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിനാല്‍, അദ്ദേഹം സ്ഥിരമായ ഒരു റോമന്‍ സൈന്യത്തെ രൂപീകരിച്ചു. അതിനായി, പ്രത്യേകമായ തിരഞ്ഞെടുപ്പ് നടത്തി. ഇതിനായി, ഒരു കാഹളം ഊതി, റോമന്‍ സൈന്യത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവരെ എല്ലാം വിളിച്ച് ചേര്‍ക്കും. 20 വയസ്സിന് മുകളില്‍ പ്രായമുള്ള, ആരോഗ്യവാന്മാര്‍ ആയ എല്ലാവരും കാഹള ശബ്ദം കേള്‍ക്കുമ്പോള്‍ ഒരുമിച്ച് കൂടും. എന്നാല്‍, എല്ലാവരെയും സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുക ഇല്ല. വളരെ കര്‍ശനവും കഠിനവും ആയ പരിശോധന നടത്തും. അതില്‍ വിജയിക്കുന്ന ചുരുക്കം ചിലരെ മാത്രമേ, സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുക ഉള്ളൂ. ഇവിടെ വിളിക്കപ്പെടുന്നവര്‍ അനേകര്‍ എങ്കിലും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചുരുക്കം ആണ്.
ദൈവരാജ്യത്തിന്റെ സുവിശേഷം കേട്ട്, അനേകര്‍ ഒരുമിച്ച് കൂടിയേക്കാം എങ്കിലും അവരില്‍ ചുരുക്കം പേരെ മാത്രമേ ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി തിരഞ്ഞെടുക്കുക ഉള്ളൂ. യേശുവിന്‍റെ ചുറ്റും കൂടിയിരിക്കുന്നവര്‍ അനേകര്‍ ആണ്. ചിലര്‍ അത്ഭുതങ്ങള്‍ കണ്ടും, ചിലര്‍ അവന്‍ മശിഹാ ആണ് എന്നു വിശ്വസിച്ചും അവനോടൊപ്പം കൂടിയിട്ടുണ്ട്. എന്നാല്‍ യേശു പറഞ്ഞു, അതില്‍ ചുരുക്കം പേരെ മാത്രമേ ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി തിരഞ്ഞെടുക്കുക ഉള്ളൂ. അവര്‍ കഠിനമായ പരിശോധനകളിലൂടെ കടന്ന് പോകേണ്ടി വരും. വിജയിക്കുന്നവര്‍ അവകാശികള്‍ ആകും.
യേശു പറഞ്ഞതിന്റെ വര്‍ത്തമാന കാല പ്രസക്തി ഇതാണ്. സുവിശേഷത്തിന്റെ കാഹള ശബ്ദത്തോട്
അനുകൂലമായി പ്രതികരിക്കുന്നവര്‍ അനേകര്‍ കണ്ടേക്കാം. അവര്‍ ഒരുമിച്ച് കൂടി
വന്നേക്കാം. എല്ലാ ഞായറാഴ്ചയും ആരാധനയ്ക്ക് വന്നേക്കാം. കൃത്യമായി ദശാംശം
നല്കുകയും, സഭാ കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തേക്കാം. ചിലര്‍ യേശുവിന്റെ
നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും,
പ്രവചിക്കുകയും ചെയ്തേക്കാം.
എന്നാല്‍ ഇതൊന്നും ദൈവരാജ്യം കൈവശമായി എന്നതിന്റെ ഉറപ്പല്ല.
മത്തായി 7:21 മുതല്‍ 23 വരെയുള്ള വാക്യങ്ങളില്‍ യേശു ഈ
സാഹചര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ ആണ്:
21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ
സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
22 കർത്താവേ, കർത്താവേ,
നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ
പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും
ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.
സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുക എന്നതും, ഒരുമിച്ച് കൂടുക എന്നതും, തിരഞ്ഞെടുപ്പിന്റെ ആദ്യ പടികള്‍ മാത്രമാണ്. ഒരു കഠിനമായ പരിശോധന തുടര്‍ന്നു വരുന്നുണ്ട്. വിജയിക്കുന്നവര്‍ മാത്രം ദൈവരാജ്യത്തിന് അവകാശികള്‍ ആകും.
ഈ ഉപമ ദൈവരാജ്യത്തിന്റെ അവകാശികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്.
തിരഞ്ഞെടുക്കപ്പെടുന്നവരും ദൈവരാജ്യവും തമ്മിലുള്ള ബന്ധം ഇവിടെ പറഞ്ഞിട്ടില്ല.
ദൈവരാജ്യത്തില്‍, തിരഞ്ഞെടുക്കപ്പെടുന്ന നമ്മള്‍ അതിഥികള്‍ അല്ല, അവകാശികള്‍ ആണ്. ദൈവകൃപയാല്‍, യേശുക്രിസ്തു
വിളമ്പരം ചെയ്ത ദൈവരാജ്യത്തിന്റെ മര്‍മ്മം ഗ്രഹിക്കുവാനും,
വിശ്വസിക്കുവാനും നമുക്ക് കഴിഞ്ഞു. നമ്മള്‍ ഒരിക്കല്‍ യേശുക്രിസ്തുവില്‍
വിശ്വസിച്ചു കഴിഞ്ഞാല്‍, അവനോടൊപ്പം കൂട്ടവകാശികള്‍ ആയി.
റോമര്‍
8:1 7 “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു
കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ
തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.”
ലൂക്കോസ്
12: 32 “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ
പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.”
യിസ്രായേല്‍
ജനം വാഗ്ദത്തദേശം കൈവശമാക്കിയതുപോലെ, തിരഞ്ഞെടുക്കപ്പെടുന്നവര്‍
ദൈവരാജ്യം കൈവശമാക്കും.
സര്‍വ്വശക്തിയും
സര്‍വ്വാധികാരവും ഉള്ള രാജ്യം
തിരഞ്ഞെടുക്കപ്പെട്ട
ജനം, അവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഉള്ളൂ എങ്കിലും,
യേശുക്രിസ്തുവിന്റെ സാന്നിധ്യത്താല്‍, അവര്‍ ഈ ഭൂമിയില്‍
ദൈവരാജ്യത്തിന്റെ പ്രക്ഷ്യത ആയിരിയ്ക്കും; അവര്‍ ദൈവരാജ്യം
ആയിരിയ്ക്കും. അതിനാല്‍ തന്നെ അവര്‍ക്ക് ദൈവരാജ്യത്തിന്റെ ശക്തിയും അധികാരങ്ങളും
ഉണ്ടായിരിക്കും. ദൈവരാജ്യം സര്‍വ്വശക്തിയും സര്‍വ്വാധികാരവും ഉള്ള രാജ്യമാണ്.
അതിന്റെ അധികാരമണ്ഡലം സൃഷ്ടിക്കപ്പെട്ട സകലതും ആണ്, അതില്‍
ജീവനുള്ളതും ജീവനില്ലാത്തതും, കാണപ്പെടുന്നതും
കാണപ്പെടാത്തവയും ഉള്‍പ്പെടുന്നു.
കൊലൊസ്സ്യര്‍ 1:16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
സൃഷ്ടാവിന്, നിശ്ചയമായും, സൃഷ്ടികളുടെ മേല്‍ സര്‍വ്വാധികാരം ഉണ്ട്. ജീവനുള്ളതും അല്ലാത്തതും, സാമ്രാജ്യങ്ങളും രാജ്യങ്ങളും, അധികാരങ്ങളും, അധിപതികളും, എല്ലാം ദൈവത്തിന്റെ സര്‍വ്വാധികാരത്തിന്‍ കീഴില്‍ ആണ്. കൊലൊസ്സ്യര്‍ 2:15 ല്‍ പൌലൊസ് പറയുന്നു: യേശുക്രിസ്തു, “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” ഇതാണ് യേശു ക്രൂശില്‍ മരിച്ചപ്പോള്‍, ആത്മീയ മണ്ഡലത്തില്‍ സംഭവിച്ചത്.
അധികാരത്തിന്റെ സ്വഭാവം എന്താണ് എന്നു മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഒരു
സംഭവം മത്തായി 8 ആം അദ്ധ്യായത്തില്‍
രേഖപ്പെടുത്തിയിട്ടുണ്ട്. യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു റോമന്‍ ശതാധിപൻ വന്നു, അവന്റെ ദാസന്‍ പക്ഷവാതം
പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു, അവനെ
സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. യേശു അവന്റെ നിന്റെ വീട്ടില്‍ ചെന്നു ദാസനെ സൗഖ്യമാക്കുവാന്‍
തയ്യാറായി. അതിന് റോമന്‍ ശതാധിപന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
മത്തായി 8: 8, 9
8 കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ
യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ
ബാല്യക്കാരന്നു സൗഖ്യം വരും.
9 ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
ഇതാണ് അധികാരത്തിന്റെ കൃത്യമായ നിര്‍വചനം. റോമന്‍ ശതാധിപന് മുകളില്‍ അധികാരികള്‍ ഉണ്ട്, അവന് താഴെ ദാസന്മാരും ഉണ്ട്. അതിനാല്‍ തന്നെ, അവന് അധികാരം എന്താണ് എന്നു അറിയാം. അവന്‍ ഒരു ദാസനോടു വരിക എന്നു പറഞ്ഞാല്‍ അവന്‍ വരും, പോകുക എന്നു പറഞ്ഞാല്‍ അവന്‍ പോകും. ഇത് ചെയ്യുക എന്നു പറഞ്ഞാല്‍, അത് ചെയ്യും, ഇത് ചെയ്യരുത് എന്നു പറഞ്ഞാല്‍ അത് ചെയ്യുക ഇല്ല. യേശു ഈ അധികാരം ഉള്ള വ്യക്തിയാണ്. അതിനാല്‍ യേശു രോഗത്തോടു പോകുക എന്നു പറഞ്ഞാല്‍ അത് പോകും.
യേശുവിന് രോഗത്തിന്റെമേല്‍ മാത്രമല്ല സര്‍വ്വ പ്രപഞ്ചത്തിന്മേലും അധികാരം ഉണ്ടായിരുന്നു. ഇതേ അധികാരമാണ് ദൈവരാജ്യത്തിലെ അവകാശികള്‍ ആയ രണ്ടോ മൂന്നോ പേര്‍ക്ക് ഉള്ളത്. പോകുവാനും, വരുവാനും, ചെയ്യുവാനും, ചെയ്യാതിരിക്കുവാനും കല്‍പ്പിക്കുവാനുള്ള അധികാരം ദൈവരാജ്യത്തിന്റെ അവകാശികള്‍ക്ക് ഉണ്ട്. കാരണം, അവര്‍ യേശുവിന്റെ സാന്നിദ്ധ്യത്താല്‍ ദൈവരാജ്യത്തിന്റെ ഒരു ചെറിയ ഘടകം ആയി തീര്‍ന്നിരിക്കുന്നു. അതിനാല്‍ യേശു പറഞ്ഞു: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 18:18). ദൈവത്തിന്റെ അധികാരം സര്‍വ്വാധികാരമാണ്. അതിനുമീതെ യാതൊരു അധികാരവും ഇല്ല. ഈ അധികാരം നമ്മളുമായി പങ്കിടുവാന്‍, കൃപയാല്‍, ദൈവത്തിന് ഇഷ്ടം തോന്നിയിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ പ്രത്യക്ഷമായിരിക്കുന്ന ദൈവരാജ്യവും അധികാരവും ശക്തിയുമുള്ള രാജ്യമാണ്.
ദൈവരാജ്യത്തിന്‍റെ ജനം
ഇനി ന്മുക്ക് ദൈവരാജ്യത്തില്‍ നിന്നും ദൈവരാജ്യത്തിന്‍റെ ജനത്തിലേക്ക് പോകാംദൈവരാജ്യം കൈവശമാക്കുന്ന, അതിന്റെ അവകാശികളെ ആണ് നമ്മള്‍ ദൈവരാജ്യത്തിന്റെ ജനം എന്നു വിളിക്കുന്നത്. അവര്‍ ഇപ്പോള്‍ ഈ ഭൂമിയില്‍, ലോക രാജ്യങ്ങളുടെ ഭരണസംവിധാനത്തിനും അധികാരങ്ങള്‍ക്കും കീഴ്പ്പെട്ട് ജീവിക്കുന്നു. എന്നാല്‍ അവര്‍ മറ്റൊരു ആത്മീയ രാജ്യത്തിലെ പൌരന്‍മാര്‍ ആണ്. അതിനാല്‍ ദൈവരാജ്യത്തിന്റെ ജനം ഈ ഭൂമിയില്‍ പ്രവാസികളും പരദേശികളുമായിരിക്കുന്നു. (1 പത്രൊസ് 2:11). അവര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നു എങ്കിലും അവരുടെ ഹൃദയം സ്വര്‍ഗ്ഗത്തില്‍ ആകുന്നു. യോഹന്നാന്‍ 17: 16 ല്‍ യേശു ദൈവരാജ്യത്തിന്റെ ജനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നത് ഇങ്ങനെ ആണ്: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.”
ദൈവകൃപയാല്‍, യേശുക്രിസ്തുവിലുള്ള വിശ്വസം മൂലം നമ്മള്‍ രക്ഷിക്കപ്പെടുമ്പോള്‍ തന്നെ, നമ്മള്‍ ഈ ലോകത്തില്‍ പ്രവാസികളും പരദേശികളും ആയിത്തീരുന്നു. അതിനാല്‍ തന്നെ നമ്മളുടെ സ്വന്ത ദേശത്തിനായി നമ്മള്‍ തീഷ്ണമായ ആഗ്രഹത്തോടെ കാത്തിരിക്കുന്നു. നമ്മള്‍ “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ” അന്വേഷിക്കുന്നവര്‍ ആണ്. (കൊലൊസ്സ്യര്‍ 3:1, 2). കാരണം, “ഇപ്പോഴത്തെ ആകാശവും ഭൂമിയും ... തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു ...” (2 പത്രൊസ് 3:7). അതിനാല്‍ നമ്മള്‍ ഈ ലോകത്തിലെ വസ്തുവകകള്‍ക്ക് പിന്നാലേ ദാഹിച്ച് നടക്കുന്നില്ല. നമ്മള്‍ ദൈവരാജ്യത്തില്‍ നിക്ഷേപം ഉള്ളവര്‍ ആണ്. നമ്മള്‍ ഈ ഭൂമിയിലെ വസ്തുവകകളില്‍ ബന്ധിക്കപ്പെട്ട് കിടക്കുന്നില്ല.
ഗിരിപ്രഭാഷണത്തിലെ യേശുക്രിസ്തുവിന്റെ വാക്കുകള്‍ ഇതാണ്:
മത്തായി 6: 19 – 21
19 പുഴുവും തുരുമ്പും കെടുക്കയും
കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം
സ്വരൂപിക്കരുതു.
20 പുഴുവും തുരുമ്പും കെടുക്കാതെയും
കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം
സ്വരൂപിച്ചുകൊൾവിൻ.
21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
അതിനാല്‍ നമ്മള്‍ അബ്രഹാം മുതലായ പൂര്‍വ്വന്‍മാരെപ്പോലെ, ഈ ഭൂമിയില്‍ പ്രവാസികളും, പരദേശികളും ആയി, കൂടാരങ്ങളില്‍ വസിക്കുന്നു. അവരെപ്പോലെ നമ്മളും, “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി” കാത്തിരിക്കുന്നു. (എബ്രായര്‍ 11: 9, 10)
മുന്‍ഗണനാ ക്രമം
ഇതേ കാരണത്താല്‍, ഈ ലോകത്തിലെ മറ്റുള്ളവറില്‍ നിന്നും നമ്മള്‍ വ്യത്യസ്തരും വേര്‍പാട് ഉള്ളവരും ആണ്. നമുക്ക് ഒരു വ്യത്യസ്ഥമായ മുന്‍ഗണനാ ക്രമം ഉണ്ട്. ഈ മുന്‍ഗണനാ ക്രമം ദൈവരാജ്യത്തിന്റെ ജനത്തിന്റെ പ്രധാന സ്വഭാവ വിശേഷത ആണ്. യേശു ഇതിനെക്കുറിച്ച് മത്തായി 6: 33 ല്‍ ഇങ്ങനെ പറഞ്ഞു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” ഇവിടെ യേശു രണ്ടു ലക്ഷ്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒന്നു, ദൈവരാജ്യത്തിന്റെ “രാജ്യവും നീതിയും”; രണ്ടാമത്തേത്, “ഇതൊക്കെയും”.
എന്താണ് “ഇതൊക്കെയും” എന്ന് പറഞ്ഞാല്‍? നമ്മള്‍ വായിച്ച വാക്യത്തിന് മുമ്പ് യേശു അതിനെക്കുറിച്ച് പറയുന്നുണ്ട്. “ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. “ (മത്തായി 6:31). ഇവിടെ പാനീയങ്ങളെക്കുറിച്ചും, ആഹാരത്തെക്കുറിച്ചും മാത്രമല്ല യേശു പറയുന്നത്. ഈ ലോകത്തിലെ ഭൌതീക വസ്തുവകകളെക്കുറിച്ചാണ്. അതിനെക്കുറിച്ച് ഓര്‍ത്ത് വിചാരപ്പെടരുത്. കാരണം, യേശു പറയുന്നു: “ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു” (32). ജാതികള്‍ക്ക് ഇതെല്ലാം തക്കസമായത്ത് കൊടുക്കുവാന്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഇല്ല. അതിനാല്‍ അവര്‍ ഭാവിയെക്കുറിച്ചോര്‍ത്തു ആകുലപ്പെടുന്നവര്‍ ആയിരിക്കും. എന്നാല്‍, ദൈവജനത്തിന് ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഉണ്ട്. “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.” (32). യേശുവിന്റെ വാക്കുകളുടെ അര്‍ത്ഥം ഇതാണ്. ജാതികള്‍ക്ക് ഭൌതീക വസ്തുവകകളോട് അതിയായ ആഗ്രഹം ഉണ്ടാകും, അവര്‍ അതിനായി ഓടി നടക്കും; അവരുടെ മുന്‍ഗണന ഭൌതീക വസ്തുവകകളില്‍ ആയിരിയ്ക്കും. എന്നാല്‍ ദൈവജനത്തിന്, ഭൌതീക വസ്തുക്കള്‍ മുന്‍ഗണന അല്ല, അതിനാല്‍ അവര്‍ അതിനായി ഓടിനടക്കുന്നില്ല. ദൈവജനം ഭൌതീകമായ യാതൊന്നിലും അവരുടെ നിക്ഷേപം സ്വരൂപിക്കുന്നില്ല. എങ്കിലും അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമായവയെല്ലാം, അത് മുന്‍ കൂട്ടി അറിയുന്ന അവരുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തക്ക സമയത്തു നല്കുന്നു. അതിനാല്‍ ദൈവജനത്തിന്റെ മുന്‍ ഗണന ദൈവരാജ്യം ആയിരിക്കും. അവരുടെ നിക്ഷേപം ദൈവരാജ്യത്തില്‍ ആയിരിക്കും.
യേശുവിന്റെ ഈ വാക്കുകളുടെ ഉദ്ദേശ്യം, നമ്മളെ ആശ്വസിപ്പിക്കുകയോ, അവന്‍ നമ്മളെ ഭൌതീക നന്‍മകളാല്‍ ധാരാളമായി അനുഗ്രഹിക്കാം എന്ന് ഉറപ്പ് പറയുകയോ അല്ല. അവന്‍ നമ്മളുടെ മുന്‍ഗണനകളെ പുനര്‍ ക്രമീകരിക്കുവാന്‍ ആവശ്യപ്പെടുക ആണ്. ദൈവരാജ്യത്തിന് മുന്‍ഗണന നല്കിയാല്‍ മാത്രമേ നമുക്ക് ദൈവരാജ്യത്തിന്റെ ജനമായി ഇവിടെ ജീവിക്കുവാന്‍ കഴിയൂ. എങ്കില്‍ മാത്രമേ നമുക്ക്, ഭാവിയില്‍, വെളിപ്പെടുവാനിരിക്കുന്ന നിത്യമായ ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയൂ. ദൈവരാജ്യത്തിനായി തീഷ്ണതയോടെ ജീവിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്.
നീതിയുടെ രാജ്യം
ദൈവജനം ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍, അവര്‍ ദൈവരാജ്യവും ഈ ലോകവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആയിരിയ്ക്കും. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ഈ ലോകത്തിന്റെ പ്രമാണങ്ങള്‍ക്കും തമ്മില്‍ എപ്പോഴും ഒരു സംഘര്‍ഷം ഉണ്ട്. കാരണം, ദൈവരാജ്യത്തിന് വ്യത്യസ്ഥമായ ഒരു നീതി വ്യവസ്ഥ ആണ് ഉള്ളത്. റോമര്‍ 14: 17 ല്‍ പൌലൊസ്, ദൈവരാജ്യത്തിന്റെ നീതിയെക്കുറിച്ച് പറയുന്നുണ്ട്. “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.” ഈ വേദഭാഗത്തിന്റെ പശ്ചാത്തലം, ചില ഭക്ഷണങ്ങള്‍ കഴിക്കേണമോ, അത് സഹോദരന് ഇടര്‍ച്ച വരുത്തും എങ്കില്‍ കഴിക്കാതെ ഇരിക്കുന്നത് നല്ലതാണ് എന്നിങ്ങനെ ഉള്ള വാദങ്ങള്‍ ആണ്. എന്നാല്‍ ഈ വാക്യത്തിന്റെ കൂടുതല്‍ ആഴമായ അര്‍ത്ഥം, ദൈവരാജ്യം ഭൌതീക വസ്തുവകകള്‍ അല്ല എന്നാണ്. ദൈവരാജ്യത്തിന്റെ സ്വഭാവ സവിശേഷതയാണ് നീതി. നീതി ഉള്ള ഇടത്തെല്ലാം സന്തോഷവും ഉണ്ടാകും. അതിനാല്‍ ദൈവരാജ്യത്തെ നമ്മളുടെ ഭൌതീക പ്രവര്‍ത്തികളാല്‍ നിര്‍വചിക്കുവാന്‍ സാധ്യമല്ല. ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുകയോ കഴിക്കാതെ ഇരിക്കുന്നതോ, ഏതെങ്കിലും ഭൌതീക വസ്തുവകകള്‍ ഉപയോഗിക്കുന്നതോ, ഉപയോഗിക്കാതെ ഇരിക്കുന്നതോ, കൈവശം വക്കുന്നതോ, ഇല്ലാതിരിക്കുന്നതോ, ദൈവരാജ്യത്തിന്റെ സ്വഭാവ സവിശേഷതയെ വെളിവാക്കുന്നില്ല. എന്നാല്‍ ദൈവീക നീതിയും സന്തോഷവും ദൈവരാജ്യത്തെ വെളിവാക്കും. ദൈവരാജ്യത്തിന്റെ നീതി പുറത്തുനിന്നും അകത്തേക്ക് പ്രവേശിക്കുന്നത് അല്ല, അകത്തുനിന്നും പുറത്തേക്ക് പുറപ്പെട്ട് വരുന്നതാണ്.
ദൈവരാജ്യത്തിന്റെ നീതിയും ലോകത്തിന്റെ നീതിയും വ്യത്യസ്ഥമായതിനാല്‍, അവയ്ക്കിടയില്‍ ഒരു സംഘര്‍ഷം എപ്പോഴും നിലനില്‍ക്കുന്നു. ഈ സംഘര്‍ഷത്തെ കുറിച്ചാണ് യേശു മത്തായി 5:10 ല്‍ പരാമര്‍ശിക്കുന്നത്. “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” ഇത് ദൈവരാജ്യത്തിന്റെ നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവരെ കുറിച്ചാണ്. ലോകം നമ്മളെ ഉപദ്രവിക്കുന്നത്, നമ്മള്‍ ദൈവരാജ്യത്തിന്റെ നീതിയ്ക്കു ഒത്തവണ്ണം ജീവിക്കുന്നതു കൊണ്ടാണ്. നമ്മള്‍ വീണ്ടും ജനനംപ്രാപിച്ച നാള്‍ മുതല്‍, നമ്മളില്‍ പകര്‍ന്നിരിക്കുന്ന, ദൈവത്തിന്റെ നീതിയ്ക്ക് യോഗ്യമാം വണ്ണം, നമ്മള്‍ ചിന്തിക്കുകയും, സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍, ലോകത്തിന്റെ നീതിയുമായി എപ്പോഴും സംഘര്‍ഷത്തില്‍ ആകുകയും, ലോകം നമ്മളെ ഉപദ്രവിക്കുകയും ചെയ്യുന്നു. വീണ്ടും ജനനം പ്രാപിച്ച ദൈവജനത്തിന്റെ മേല്‍ ക്രിസ്തുവിന്റെ നീതി കണക്കാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നമ്മള്‍ ഇപ്പോള്‍ സമാധാനം ഉണ്ടാക്കുന്നവര്‍ ആയിത്തീര്‍ന്നു. (മത്തായി 5:9)
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നതിനാല്‍, നമ്മള്‍ നീതിക്കായി വിശന്നു ദാഹിക്കുന്നു. അതിനാല്‍ യേശു പറഞ്ഞു: നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.” (മത്തായി 5:6). ഈ ദൈവീക നീതി, പ്രവര്‍ത്തികളാല്‍ അല്ല, വിശ്വാസത്താല്‍ പ്രാപിക്കുന്നത് അത്രേ. റോമര്‍ 3: 21 ല്‍ പൌലൊസ് പറയുന്നു: “ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.”
ശത്രുക്കളെ സ്നേഹിപ്പിൻ
ദൈവരാജ്യത്തിന്റെ നീതിയുടെ സുവര്‍ണ്ണ നിയമമാണ്, ശത്രുക്കളെ സ്നേഹിപ്പിൻ എന്നത്. ലൂക്കോസിന്റെ സുവിശേഷം 6: 27-36 വരെയുള്ള വാക്യങ്ങളില്‍, എങ്ങനെ ആണ് ശത്രുക്കളെ സ്നേഹിക്കേണ്ടത് എന്ന്, മൂന്ന് ഉദാഹരണങ്ങളിലൂടെ യേശു വിവരിക്കുന്നുണ്ട്. 27 ആം വാക്യം ആരംഭിക്കുന്നത് ഇങ്ങനെ ആണ്: “എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ.” 35 ആമത്തെ വാക്യം വീണ്ടും പറയുന്നു: “നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ”. ഇതിനിടയ്ക്കുള്ള വാക്യങ്ങളില്‍, ദൈവജനവും അവരുടെ ശത്രുക്കളും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കേണം എന്നാണ് യേശു പറയുന്നത്. ഇവിടെ ശത്രു മനുഷ്യരാണ്, പിശാച് അല്ല. ദൈവജനവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നതു.
29 ആം വാക്യത്തില്‍ “നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക” എന്നാണ് യേശു ഉപദേശിക്കുന്നത്. ചെകിട്ടത്തു അടിക്കുക എന്നത് യഹൂദന്മാരുടെയും റോമാക്കാരുടെയും ഇടയില്‍, ഏറ്റവും നിന്ദ്യമായ പ്രവര്‍ത്തി ആയിരുന്നു. ഒരു വ്യക്തിയെ ഏറ്റവും നിന്ദിക്കുവാനും, പരിഹസിക്കുവാനും, നിസ്സാരന്‍ ആക്കുവാനും അവന്റെ ചെകിട്ടത്ത് അടിക്കുമായിരുന്നു. അടിമകളെ യജമാനന്‍മാര്‍ ചെകിട്ടത്ത് അടിക്കുന്ന പതിവുണ്ടായിരുന്നു. അടിമയ്ക്ക് യാതൊന്നും തിരികെ ചെയ്യുവാന്‍ കഴിയില്ല, സ്വയം പ്രതിരോധിക്കുവാന്‍ പോലും അടിമയ്ക്ക് സ്വാതന്ത്ര്യം ഇല്ല. യജമാനന്‍ ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ അവന്‍ പ്രതിരോധിക്കാതെ, മറ്റെ ചെകിടും കാണിച്ചുകൊടുക്കുക ആണ്.
യേശു പറഞ്ഞു, നമ്മള്‍ ഈ ഭൂമിയില്‍ നിന്ദിക്കപ്പെടുകയും, നിസ്സാരന്‍മാര്‍ ആക്കപ്പെടുകയും,
പരിഹസിക്കപ്പെടുകയും ചെയ്യുമ്പോള്‍, അതുപോലെ തിരികെ
പ്രതികരിക്കരുത്. യേശുക്രിസ്തുവിനെയും യഹൂദ-റോമന്‍ പടയാളികള്‍ അടിക്കുകയും
നിന്ദിക്കുകയും ചെയ്തു എന്നു ഓര്‍ക്കുക. ലോകം നിങ്ങളോട് ചെയ്യുന്നതുപോലെ, നിങ്ങള്‍ തിരികെ ചെയ്യരുത്. കാരണം ലോകത്തിന്റെ നീതിയും ദൈവരാജ്യത്തിന്റെ
നീതിയും വ്യത്യസ്ഥമാണ്. നമ്മള്‍ ദൈവരാജ്യത്തിന്റെ ജനം ആണ്. നമ്മള്‍ സമാധാനം
ഉണ്ടാക്കുന്നവര്‍ ആണ്. യേശുവിന്റെ ഗിരിപ്രഭാഷണത്തില്‍ അവന്‍ നമ്മളോട് പറഞ്ഞതിങ്ങനെ
ആണ്:
മത്തായി 5: 11, 12
11 എന്റെ നിമിത്തം നിങ്ങളെ
പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ
നിങ്ങൾ ഭാഗ്യവാന്മാർ.
12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
ലോകം, നമുക്ക് മുമ്പ് ജീവിച്ചിരുന്നവരെയും നിന്ദിക്കുകയും പഴിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് ശേഷം ജീവിക്കുവാനിരിക്കുന്നവരോടും ഇതുതന്നെ ചെയ്യും.
29 ആം വാക്യത്തിന്‍റെ രണ്ടാമത്തെ ഭാഗത്ത് രണ്ടാമതൊരു ഉദാഹരണം യേശു പറയുന്നു. “നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.” പുതപ്പ് എന്നതുകൊണ്ടു യഹൂദന്മാര്‍ ധരിക്കുന്ന മേല്‍വസ്ത്രമാണ് ഉദ്ദേശിക്കുന്നത്. അത് എടുത്തുമാറ്റുന്ന ശത്രു ഉടുപ്പും എടുത്തുകൊണ്ടുപോകുവാന്‍ ശ്രമിച്ചാല്‍ അതിനെ തടയരുത് എന്നാണ് യേശു പറഞ്ഞത്. റോമന്‍ സാമ്രാജ്യത്തിന്റെ അനീതിയുള്ള നികുതി പിരിവില്‍ നട്ടം തിരിയുന്ന, അതിനെതിരെ രോക്ഷാകുലരായ ജനത്തോട് ആണ് യേശു പറയുന്നതു, ശത്രു എടുത്തുമാറ്റുവാന്‍ ശ്രമിക്കുന്നതെല്ലാം എതിര്‍പ്പുകൂടാതെ വിട്ടുകൊടുക്കുക. ഇതാണ് ദൈവരാജ്യത്തിന്റെ നീതി.
ഈ ഉദാഹരണത്തെ നമ്മള്‍ കൂടുതല്‍ അടുത്തു മനസ്സിലാക്കേണ്ടിയിരിക്കുന്നു. റോമന്‍ ഭരണത്തിനു കീഴില്‍, യഹൂദന്മാരില്‍ ഭൂരിപക്ഷവും സമ്പന്നമായ ഒരു ജീവിതമല്ല നയിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് എല്ലാവര്‍ക്കും ഒരു പുതപ്പ് അല്ലെങ്കില്‍ മേല്‍വസ്ത്രം ഉണ്ടായിരിക്കും. ഇത്, പകല്‍ സമയം തണുപ്പില്‍ നിന്നും, സൂര്യന്റെ ചൂടില്‍ നിന്നും സംരക്ഷണം നല്കും. രാത്രിയില്‍ അവര്‍ ഇത് തണുപ്പില്‍ നിന്നും രക്ഷ നേടുവാനായി ഒരു പുതപ്പായോ, ചുരുട്ടി തലയിണ ആയോ ഉപയോഗിക്കും. പുതപ്പ് അവരുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. പുറപ്പാടു 22: 26, 27 വാക്യങ്ങളില്‍ ദൈവം പറയുന്ന കല്‍പ്പന വായിച്ചാല്‍ ഇത് അവര്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നു നമുക്ക് മനസ്സിലാകും. “നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.” പക്ഷേ യേശു പറഞ്ഞു, ശത്രു നിന്റെ പുതപ്പ് എടുത്തുകൊണ്ടു പോയാല്‍, അവന്‍ നിന്റെ ഉടുപ്പു എടുത്തുകൊണ്ടു പോകുന്നതിനെയും തടയരുത്.
യേശു ഇവിടെ പറയുന്നതു, നമ്മളുടെ ശത്രു നമ്മളുടെ മേല്‍ ജയം എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍, അവന് അത് വിട്ടുകൊടുക്കുക എന്നാണ്. നമ്മളുടെ ഭാഗമായിരിക്കാം ശരി. എങ്കിലും ശത്രുവിനോട് വാദിച്ചു ജയിക്കുവാന്‍ ശ്രമിക്കാതിരിക്കുക.
ലൂക്കോസ് 6:30 ല്‍ മൂന്നാമത്തെ ഉദാഹരണം യേശു പറയുന്നുണ്ട്. “നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.” ഇത് രണ്ടു പശ്ചാത്തലത്തില്‍ ആയിരിക്കാം അന്ന് യഹൂദന്മാര്‍ മനസ്സിലാക്കിയത്. പഴനിയമ പ്രമാണം അനുസരിച്ച്, എല്ലാ ഏഴാമത്തെ വര്‍ഷവും, 50 ആമത്തെ വര്‍ഷവും, അവര്‍ എല്ലാ കടങ്ങളും ഇളച്ചുകൊടുക്കുകയും എല്ലാ അടിമകളെയും സ്വതന്ത്രര്‍ ആക്കുകയും വേണം. രണ്ടാമത്തേത്, അന്ന് അവര്‍ ആയിരിക്കുന്ന റോമന്‍ അധിനിവേശമാണ്. യേശു പറയുന്നതു, മോശെയുടെ പ്രമാണം ആയാലും, റോമാക്കാരുടെ നികുതി പിരിവ് ആയാലും, ശത്രുവിന് കൊടുക്കുന്നത് ഒന്നും തിരികെ പ്രതീക്ഷിക്കാതെ കൊടുക്കുവീന്‍ എന്നാണ്.
യേശുക്രിസ്തു നമ്മളെ പഠിപ്പിച്ച പ്രാര്‍ഥനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ ആണ് അവന്‍ പറഞ്ഞത്: “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ”. നമ്മളുടെ ശത്രുക്കള്‍, നമ്മളില്‍ നിന്നും എടുത്തുമാറ്റിയത് തിരികെ തരുന്നില്ല എങ്കില്‍, അവനോടു ക്ഷമിക്കുക. അവന്റെ കടം ഇളച്ചു കൊടുക്കുക. ശത്രു നിങ്ങളെ, അവഗണിച്ചാലും, അനീതി പ്രവര്‍ത്തിച്ചാലും അവനോടു ക്ഷമിക്കുക. ഇതാണ് നമ്മളുടെ ക്രൂശ്. നമ്മള്‍ നാള്‍തോറും നമ്മളുടെ ക്രൂശ് എടുത്തുകൊണ്ടു യേശുവിനെ അനുഗമിക്കേണ്ടവര്‍ ആകുന്നു.
ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകള്‍ ഈ ലോക ജീവിതത്തില്‍ അനുസരിക്കുവാന്‍ അസാധ്യമായത് ആണ് എന്നു നമുക്ക് തോന്നിയേക്കാം. യേശു പറഞ്ഞത്, ഈ ലോകത്തെക്കുറിച്ചല്ല, മറ്റൊരു ആത്മീയ ലോകത്തെക്കുറിച്ചാണ്. അവിടെ ഉള്ള നീതിയും സന്തോഷവും തികച്ചും വ്യത്യസ്തം ആണ്. നമ്മള്‍ ഇപ്പോള്‍ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ച്, ഈ ലോകത്ത് ജീവിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ ആണ്. അതിന്റെ സംഘര്‍ഷം നമ്മള്‍ അനുഭവിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ സ്വർഗ്ഗത്തിൽ നമ്മളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ!
ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.
തിരുവചനത്തിന്റെ
ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍
naphtalitribetv.com
എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com
എന്ന ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, ഈ-ബുക്കായി നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെല്ലാം naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ സൌജന്യമായി ലഭ്യമാണ്. ഇ-ബുക്കുകള്‍ vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇ-ബുക്ക് സ്റ്റോറില്‍ നിന്നും interactive catalogue ഉം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതല്ലങ്കില്‍, ഈ-ബുക്കിന്റെ പേര് whatsapp ല്‍ അയച്ചുതന്നും അതിന്റെ ഒരു കോപ്പി ആവശ്യപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment