യഹൂദന്മാരും ക്രൈസ്തവരും ഏക സത്യ ദൈവമായി ആരാധിക്കുന്ന യഹോവ, പുരാതന കാലത്ത് കനാന്യരുടെ ദേവന്‍മാരില്‍ ഒരുവന്‍ ആയിരുന്നുവോ? ഇതാണ് ഇന്നത്തെ ചോദ്യം.
ഇന്ന് ഈ ചോദ്യം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ്. ഇതിന് കാരണം ഗെരാര്‍ഡ് നിസിം അംസല്ലാഗ് (Gerard Nissim Amzallag) എന്ന സസ്യ ശാസ്ത്രജ്ഞ്ന്‍റെ അഭിപ്രായങ്ങള്‍ ആണ്. അംസല്ലാഗ് ഒരു ഫ്രെഞ്ച് ശാസ്ത്രജ്ഞ്ന്‍ ആണ്. അദ്ദേഹം ജനിക്കുന്നത് 1962 ല്‍ മൊറോക്കോയിലാണ്. (Morocco). യെരൂശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണ ബിരുദ്ധം നേടിയിട്ടുണ്ട്. അദ്ദേഹം യെരൂശലേം യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിട്ടുണ്ട്. “ദി കോപ്പര്‍ റെവലൂഷന്‍” എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്. (The Copper Revolution: Smelters from Canaan and the Origin of Ancient Civilizations). പുരാതന കനാന്‍ ദേശത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. അംസല്ലാഗിന്റെ അഭിപ്രായത്തില്‍, കനാന്‍ ദേശത്ത്, വെങ്കലയുഗത്തില്‍ (Bronze Age) ഉടലെടുത്ത ഒരു ദൈവീക സങ്കല്‍പ്പം ആണ് യഹോവ. ആ പ്രദേശത്ത്, ലോഹ സംസ്കരണം നടത്തിയിരുന്നവരുടെ പ്രാദേശിക ദേവന്‍ ആയിരുന്നു യഹോവ.
യഹോവ എന്നത് കനാന്യ ദേശത്തിലെ ഇരുമ്പ് പണിക്കാരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഒരു ദേവന്‍ ആണ് എന്നതാണ് അംസല്ലാഗിന്‍റെ കണ്ടെത്തല്‍. മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രത്തിലെ ഒരു ഭാഗം മാത്രമാണ് മതവും ദൈവീക സങ്കല്‍പ്പങ്ങളും. മനുഷ്യന്റെ പരിണാമം പൂര്‍ണ്ണമാകുമ്പോള്‍, മതങ്ങളും ദൈവീക സങ്കല്‍പ്പങ്ങളും ഇല്ലാതെയാകും. ഇതാണ് യുകതിവാദികളുടെ എക്കാലത്തെയും അഭിപ്രായം. ഇത്രയും പശ്ചാത്തലമായി മനസ്സിലാക്കികൊണ്ടു നമുക് ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നീങ്ങാം.
യഹോവ, പുരാതന എദോമ്യരുടെയോ, മിദ്യാന്യരുടെയോ, കനാന്യരുടെയോ ഒരു ദേവന്‍ ആയിരുന്നു എന്നു യുക്തിവാദികളായ പണ്ഡിതന്മാര്‍ വാദിക്കുന്നു. ഈ വാദത്തിന്റെ അടിസ്ഥാന പ്രമാണം, ദൈവം സൃഷ്ടാവല്ല, മറിച്ച് മനുഷ്യര്‍ ദൈവത്തെ സൃഷ്ടിച്ചതാണ് എന്നതാണു. ദൈവം അവന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചതാണ് എന്നതിന് പകരം മനുഷ്യര്‍ അവരുടെ സ്വരൂപത്തില്‍ ദൈവത്തെ സൃഷ്ടിച്ചതാണ് എന്നു ഇവര്‍ കരുതുന്നു. ഈ അടിസ്ഥാനം തന്നെ തെറ്റായതിനാല്‍, ഇതില്‍ പണിതു ഉയര്‍ത്തുന്ന വാദങ്ങളും തെറ്റായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ഇവരുടെ വാദങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം:
യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും കനാന്‍ ദേശത്തിലേക്ക് യാത്രചെയ്തപ്പോള്‍, അവര്‍ എദോം, മിദ്യാന്‍ എന്നിവരുടെ പ്രദേശത്തുകൂടെ യാത്ര ചെയ്തിട്ടുണ്ട്. അവരുടെ 40 വര്‍ഷങ്ങളുടെ മരുഭൂമി യാത്രയില്‍, കനാന്യ ദേവന്മാരുടെ ചില സങ്കല്‍പ്പങ്ങളും എദോമ്യ ദേവന്മാരെക്കുറിച്ചുള്ള ചില കാര്യങ്ങളും കടം എടുത്ത്, അവര്‍ക്കായി ഒരു ദൈവത്തെ സൃഷ്ടിക്കുക ആയിരുന്നു. അതാണ് യഹോവ എന്ന ദൈവം.
മിദ്യാന്യര്‍ എന്നത് അബ്രാഹാമിന് കെതൂറാ എന്ന ഭാര്യയില്‍ ജനിച്ച മിദ്യാന്‍ എന്ന പുത്രന്റെ വംശാവലിയാണ്. അവര്‍ക്ക് റെഗുവേല്‍ എന്നും യിത്രോവ് എന്നും പേരുള്ള ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. (പുറപ്പാടു 2:18; 3:1). മോശെ പിന്നീട് വിവാഹം കഴിച്ചത് യിത്രോവിന്റെ മകളെ ആണ്. യിത്രോവില്‍ നിന്നും മിദ്യാന്യ ദേവന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ മോശെ ഗ്രഹിച്ചുകാണും. മോശെയാണ് വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ രചിച്ചത്. അങ്ങനെ മിദ്യാന്യ ദേവന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ യഹൂദ മതത്തിന്റെ ഭാഗമാകുകയും യഹോവ ഏക ദൈവമാകുകയും ചെയ്തു.
യഹോവ എന്നു എബ്രായ ഭാഷയില്‍ എഴുത്തുന്നത്, YHWH എന്നാണ്. BC 13 ആം നൂറ്റാണ്ടിലെ ഒരു ഈജിപ്തിയന്‍ പുരാവസ്തു രേഖയില്‍ JWH എന്ന ഒരു എദോമ്യ ദേവനെക്കുറിച്ച് പറയുന്നുണ്ട്. JWH എന്നതും YHWH എന്നതും തമ്മില്‍ അക്ഷരങ്ങളില്‍ സാമ്യം ഉണ്ട്.
യിസ്ഹാക്കിന്റെ മകനും യാക്കോബിന്റെ സഹോദരനുമായ ഏശാവിന്റെ തലമുറയാണ് എദോമ്യര്‍. എദോമ്യര്‍ക്ക് ക്വൊസ് (Qos) എന്നൊരു ദേവന്‍ ഉണ്ടായിരുന്നു. വേദപുസ്തകത്തില്‍ ചില ഇടങ്ങളില്‍ യഹോവ എദോമ്യരുടെ ദേശത്ത് നിന്നും വരുന്നു എന്ന് ചിത്രീകരിച്ചിട്ടുണ്ട്. ക്വൊസ് എന്ന എദോമ്യ ദേവന്‍റെ സ്ഥലമായിരുന്നിരിക്കേണം സേയീര്‍ എന്ന പര്‍വ്വതം. (Mount Seir). ആവര്‍ത്തന പുസ്തകം 33:2 ലും മറ്റ് ചില വാക്യങ്ങളിലും യഹോവ സേയീരില്‍ നിന്നും ഉദിച്ചു, എന്നോ, വന്നു, എന്നോ പറയുന്നുണ്ട്. അതിനാല്‍ ക്വൊസ് എന്ന ദേവനും യഹോവ എന്ന ദൈവവും ഒന്നായിരിക്കേണം. (ന്യായാധിപന്മാര്‍ 5: 4,5; ഹബക്കൂക്ക് 3:3).
ജാതീയ ദേവന്‍മാര്‍ക്കിടയില്‍ ശത്രുതയും യുദ്ധങ്ങളും സാധാരണമായിരുന്നു. യഹോവയ്ക്കും മറ്റ് കനാന്യ ദേവന്‍മാര്‍ക്കിടയിലും ശത്രുതയും യുദ്ധങ്ങളും ഉണ്ടായിരുന്നു.
ഈ കാരണങ്ങളാല്‍ യഹോവ എന്നത് എദോമ്യരുടെയും മിദ്യാനരുടെയും കനാന്യരുടെയും ദേവന്‍മാരില്‍ ഒരുവനായിരുന്നു എന്നാണ് അംസല്ലാഗ് വാദിക്കുന്നത്.
എന്നാല്‍ ഇതെല്ലാം വലിയ വിഡിത്തങ്ങള്‍ മാത്രം ആണ്. ചില പുരാവസ്തുക്കളില്‍ നിന്നും ഊഹിച്ചെടുത്ത വാദങ്ങള്‍ മാത്രമാണിവ. ഇവയില്‍ ഒന്നിനെപ്പോലും സമര്‍ത്ഥിക്കുവാന്‍ ആവശ്യമായ മതിയായ തെളിവുകള്‍ ഇല്ല. വേദപുസ്തകം എഴുതിയത്, ആധുനിക കാലത്തെ ചരിത്രകാരന്‍മാര്‍ അല്ല. അതിലെ ഓരോ പുസ്തകങ്ങളും എഴുതിയത്, അതേ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ആണ്. അവര്‍ കേള്‍ക്കുകയും, കാണുകയും, അവര്‍ക്ക് തലമുറയായി പകര്‍ന്നു ലഭിച്ചതുമായ സത്യങ്ങള്‍ ആണ് അവര്‍ രേഖപ്പെടുത്തിയത്. ദൈവീക വെളിപ്പാടുകള്‍ വേദപുസ്തകത്തില്‍ എല്ലായിടവും കാണാം.
വേദപുസ്തകത്തില്‍ യഹോവയായ ദൈവം പല സന്ദര്‍ഭങ്ങളില്‍, പല സ്ഥലങ്ങളില്‍ പ്രത്യക്ഷനായതായി പറയുന്നുണ്ട്. അത് ദൈവത്തിന്റെ സര്‍വ്വവ്യാപിയായ പ്രകൃതിയെയും. അവന്റെ സര്‍വ്വാധികാരത്തെയും കാണിക്കുന്നു. യഹോവ ഒരു പ്രത്യേക ദേശത്തിന്റെയോ സമൂഹത്തിന്റെയോ ദൈവമല്ല, അവന്‍ സകലത്തിന്റെയും സൃഷ്ടാവും ദൈവവുമാണ്. യഹോവ ഒരു പ്രാദേശിക സമൂഹത്തിന്റെ ദേവന്‍ അല്ല. ഹബക്കൂക്ക് 3:3 ല്‍ പറയുന്നതിങ്ങനെയാണ്: “അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.”
യിസ്രായേല്‍ പലപ്പോഴും അന്യമത വിശ്വാസികളോടൊപ്പം ജീവിക്കുകയും, അവരുടെ ഇടയില്‍ നിന്നും ഭാര്യമാരെ എടുക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ തിരിച്ചും സംഭവിച്ചു കാണും. ഇതൊക്കെ അവരുടെ വിശ്വാസ ത്യാഗത്തിന്റെ ചരിത്രമാണ്. എങ്കിലും ഇത് ദൈവത്തെക്കുറിച്ചുള്ള യഹൂദ വിശ്വസം മറ്റുള്ളവരിലേക്ക് പടരുവാന്‍ ഇടയാക്കിയിട്ടുണ്ടാകേണം. ചിലപ്പോഴെല്ലാം യിസ്രായേല്‍ അന്യദേവന്മാരെ ആരാധിച്ചിട്ടുമുണ്ട്. അപ്പോഴെല്ലാം, ജാതീയ ദേവന്മാരെ അതേ പേരിലും രൂപത്തിലും ആണ് യിസ്രായേല്‍ ആരാധിച്ചിട്ടുള്ളത്. അതിനാല്‍, ഇത് അന്യ മത വിശ്വാസികളുടെ ദേവന്റെ യഹൂദ പതിപ്പാണ് യഹോവ എന്ന് തെളിയിക്കുന്നില്ല. യഹോവ എന്നും എപ്പോഴും ഏക സത്യ ദൈവമായി, മറ്റ് സകല ദേവന്‍മാരില്‍നിന്നും വേറിട്ട് നിന്നു.
പുറപ്പാടു 23: 13 ല്‍ യഹോവയായ ദൈവം യിസ്രായേല്‍ ജനത്തോട് കല്‍പ്പിക്കുന്നതിങ്ങനെ ആണ്: “ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കയും അരുതു.” അന്യ ദേവന്മാരെ ആരാധിക്കുന്നതും അവരുടെ പേര് ഉച്ചരിക്കുന്നത് പോലും വിലക്കുന്ന യഹോവ, ജാതീയ മതത്തില്‍ നിന്നും ഊരിതിരിഞ്ഞതാണ് എന്ന വാദം ന്യായമല്ല. യിസ്രായേല്‍ ജാതീയ ദേവന്മാരെ ആരാധിക്കുന്നതിലേക്ക് വീണപ്പോള്‍ എല്ലാം, ദൈവം അവരെ ശിക്ഷിച്ചിട്ടുണ്ട്. യിസ്രയേല്യരുടെ മരുഭൂമി യാത്രയില്‍ ഒരിക്കല്‍പോലും അവര്‍ ജാതീയ ദേവന്മാരെ ആരാധിക്കുവാന്‍ മോശെ അവരെ അനുവദിച്ചിട്ടില്ല.
ഒരു കനാന്യ ദേവന്റെയോ, എദോമ്യ ദേവന്റെയോ പേരുകളും യഹോവയായ ദൈവത്തിന്റെ പേരും എഴുതുമ്പോള്‍, അക്ഷരങ്ങളിലോ ഉച്ചാരണങ്ങളിലോ സാമ്യം ഉള്ളതിനാല്‍ രണ്ടും ഒന്നാണ് എന്ന വാദം പണ്ഡിതന്‍മാര്‍ക്ക് ചേര്‍ന്നതല്ല. സാമ്യമുള്ള പേരുകളോ അക്ഷരങ്ങളോ അതിനാല്‍ അറിയപ്പെടുന്ന വ്യക്തികള്‍ ഒന്നാണ് എന്ന് തെളിയിക്കുന്നില്ല.
കനാന്യര്‍ക്ക് ഏല്‍ എന്ന് പേരുള്ള ദേവന്‍ ഉണ്ടായിരുന്നു. യിസ്രയേലിന്റെ ദൈവത്തെ അവര്‍ ഏലോഹീം എന്നും വിളിച്ചിരുന്നു. (El, Elohim). അതിനാല്‍ ഇവര്‍ രണ്ടും ഒന്നാണ് എന്ന വാദവും ശരിയല്ല. ഏലോഹീം എന്നല്ല, “യഹോവ” എന്നാണ് ദൈവത്തിന്റെ നിത്യമായ നാമം. അത് ഉച്ചരിക്കുവാന്‍ യഹൂദന്മാര്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ BC 6 ആം നൂറ്റാണ്ടിലെ ബാബിലോണിയന്‍ പ്രവാസത്തിന് ശേഷം, യഹൂദന്മാര്‍, യഹോവ എന്ന പേരിനു പകരം, ദൈവത്തെ പൊതുവേ വിളിക്കുന്ന ഒരു പേരായി, ഏലോഹീം (Elohim) എന്ന പേര് വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങി.
യിസ്രായേല്‍ ജനം മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ ഉടലെടുത്തതല്ല യഹോവ എന്ന ദൈവം. മോശെയ്ക്കും മുമ്പേ യഹോവ എന്ന ദൈവവും അവനെ ആരാധിക്കുന്നവരും ഉണ്ടായിരുന്നു. യഹോവ എന്ന പേര് മുഴുവനായോ, ഭാഗികമായോ, മോശെയ്ക്കും മുമ്പേ അവര്‍ക്ക് അറിയാമായിരുന്നു. യഹോവ എന്ന പേര് എബ്രായ ഭാഷയില്‍ “യാഹ് വെ” എന്നാണ് (YHWH - YAHWEH). “യാഹ് വെ” എന്ന പേര് ഉല്‍പ്പത്തി പുസ്തകത്തില്‍ 160 പ്രാവശ്യം വ്യത്യസ്തങ്ങളായ രൂപത്തില്‍ കാണാം. പുറപ്പാട് 6: 20, സംഖ്യ പുസ്തകം 26: 59 എന്നീ വാക്യങ്ങള്‍ അനുസരിച്ചു, മോശെയുടെ അമ്മയുടെ പേര് യോഖേബെദ് എന്നായിരുന്നു. (Jochebed – Yowkebed – yokheved - yo-keh'-bed). ഈ പേരിനു യാഹ് (yah) എന്നും കാബേദ് (kabed) എന്നും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. യാഹ് എന്നത് യഹോവ എന്നതിന്റെ ചുരുക്കമാണ്. അതിനാല്‍ പൂര്‍ണ്ണമായോ, ഭാഗികമായോ യഹോവ എന്ന പേര് യിസ്രായേലിന് അറിയാമായിരുന്നു. ഒരു പക്ഷേ അവര്‍ അത് അവരുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ പേരായി, പൊതുവേ വിളിച്ചതായിരിക്കാം.
യിസ്രായേല്‍, അനേകം കനാന്യ ദേവന്മാരെ ഒന്നായി ചുരുക്കിയതാണ് യഹോവ എന്നാണ് അംസല്ലാഗിന്റയും കൂട്ടരുടെയും വാദം. എന്നാല്‍ ഏക ദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവ വിശ്വാസത്തിലേക്ക് മനുഷ്യര്‍ തെറ്റിപ്പോയി എന്നതാണു കൂടുതല്‍ ശരി. ബഹുദൈവ വിശ്വാസത്തില്‍ നിന്നും ഏകദൈവ വിശ്വസം ഉണ്ടായതല്ല, ഏക ദൈവ വിശ്വാസത്തില്‍ നിന്നും അകന്നുപോയവര്‍ രൂപപ്പെടുത്തിയതാണ് ബഹുദൈവ വിശ്വസം. മനുഷ്യന്‍ ഒരു ദൈവത്തില്‍ നിന്നുമാണ് ആരംഭിച്ചത്. പിന്നീട് അവന്‍ അവന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് ദേവന്മാരെ കൂട്ടി ചേര്‍ക്കുക ആയിരുന്നു.
ജാതീയ ദേവന്‍മാര്‍ക്കിടയിലെ ശത്രുതയും കലഹവും, യിസ്രായേല്‍ ജനത്തിന് മറ്റ് ശത്രുക്കളുമായുണ്ടായ യുദ്ധങ്ങളും സാമ്യമുള്ളതല്ല. യിസ്രയേലിന്റെ യുദ്ധങ്ങളില്‍ യഹോവയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ വേദപുസ്തകത്തിന്റെ കാഴ്ചപ്പാടില്‍, യഹോവ അല്ലാതെ മറ്റൊരു ദൈവമോ ദേവനോ ഇല്ല. അതായത് ജാതീയ ദേവന്‍മാര്‍ എന്നത് മിഥ്യയും, സങ്കല്‍പ്പങ്ങളും, മനുഷ്യ സൃഷ്ടിയും ആണ്. അതിനാല്‍ യഹോവയായ ദൈവത്തിന്, ദൈവം എന്ന നിലയില്‍ ശത്രുക്കളോ, വെല്ലുവിളികളോ ഇല്ല. ദൈവത്തിന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ അവന്‍ ആരോടും യുദ്ധം ചെയ്യേണ്ടതില്ല.
അംസല്ലാഗിന്റെ സിദ്ധാന്തം നിലനില്‍ക്കുന്നതല്ല. അദ്ദേഹവും അദ്ദേഹത്തെ പിന്‍താങ്ങുന്നവരും മുന്നോട്ട് വയ്ക്കുന്ന തെളിവുകള്‍, തികച്ചും ദുര്‍ബലമാണ്. പുരാതന കാലത്തെക്കുറിച്ചുള്ള അവ്യക്തമായ അറിവുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ചിന്തകള്‍ മാത്രമാണ്. വേദപുസ്തകം വ്യാജമാണ് എന്ന് തെളിയിക്കുവാനുള്ള വ്യഗ്രത ഈ സിദ്ധാന്തങ്ങളില്‍ കാണാം. വേദപുസ്തകം തെറ്റാണ് എന്നും അത് സങ്കല്‍പ്പ കഥകള്‍ ആണ് എന്നും വരുത്തി തീര്‍ക്കുവാനുള്ള അനേകം ശ്രമങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദൈവവചനം അതിനെയെല്ലാം അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു.
ഏക സത്യ ദൈവമായ യഹോവ, പുരാതന കാലത്ത് കനാന്യരുടെ ദേവന്‍മാരില്‍ ഒരുവന്‍ ആയിരുന്നുവോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ അവസാനിപ്പിക്കട്ടെ. ഉത്തരം തൃപ്തികരം ആയിരുന്നു എന്ന് കരുതുന്നു.
നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു അവസാനിപ്പിക്കട്ടെ.
തിരുവചനത്തിന്റെ
ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍
ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍
9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.
ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment