മനുഷ്യര്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? എന്താണ് മരണം? മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു? മരിച്ചവരുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ ദൈവശാസ്ത്രപ്രകാരമുള്ള, ഹൃസ്വമായ ഒരു വിശദീകരണം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. തിരുവെഴുത്തില്‍ വ്യക്തമായി പറയുന്ന വിവരങ്ങള്‍ മാത്രമേ നമ്മള്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ. അതും ചുരുക്കമായി മാത്രമേ പറയുന്നുള്ളൂ.
എന്താണ് മരണം - ഒരു നിര്‍വചനം
മരണം എന്നതിനൊരു നിര്‍വചനം കണ്ടെത്തികൊണ്ട് നമുക്ക് ആരംഭിക്കാം. മരണം, സാര്‍വ്വലൌകീകവും, എല്ലാ കാലത്തും സംഭവിക്കുന്നതും, സുനിശ്ചിതവും ആയ ഒരു അനുഭവം ആണ്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സകല ജീവികളും ജനിക്കുകയും, ജീവിക്കുകയും, പിന്നീട് ഒരിക്കല്‍ മരിക്കുകയും ചെയ്യും. എന്നാല്‍ മരണം എപ്പോള്‍ സംഭവിക്കും എന്നോ, എങ്ങനെ സംഭവിക്കും എന്നോ ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. മരണത്തെ മാറ്റിവയ്ക്കുവാനോ, അത് സംഭവിക്കുന്ന സമയം മുന്‍ കൂട്ടി കണ്ടുപിടിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. തത്വ ചിന്തകരും ശാസ്ത്രാന്വേഷികളും മത പണ്ഡിതന്മാരും ആരാഞ്ഞുനോക്കിയിട്ടും മരണത്തിന്റെ നിഗൂഢത അഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യശാസ്ത്രത്തിന് മരണത്തിന്റെ മുന്നില്‍ എന്നും തോല്‍ക്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനാല്‍ തന്നെ മരണം എന്നും മനുഷ്യനു ഒരു പ്രഹേളിക ആയി നില്‍ക്കുക ആണ്. അത് മനുഷ്യന്റെ നശ്വരതയേയും പരിമിതിയേയും സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.