മനുഷ്യന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

മനുഷ്യര്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? എന്താണ് മരണം? മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു? മരിച്ചവരുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ ദൈവശാസ്ത്രപ്രകാരമുള്ള, ഹൃസ്വമായ ഒരു വിശദീകരണം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. തിരുവെഴുത്തില്‍ വ്യക്തമായി പറയുന്ന വിവരങ്ങള്‍ മാത്രമേ നമ്മള്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുന്നുള്ളൂ. അതും ചുരുക്കമായി മാത്രമേ പറയുന്നുള്ളൂ.

എന്താണ് മരണം - ഒരു നിര്‍വചനം

മരണം എന്നതിനൊരു നിര്‍വചനം കണ്ടെത്തികൊണ്ട് നമുക്ക് ആരംഭിക്കാം. മരണം, സാര്‍വ്വലൌകീകവും, എല്ലാ കാലത്തും സംഭവിക്കുന്നതും, സുനിശ്ചിതവും ആയ ഒരു അനുഭവം ആണ്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സകല ജീവികളും ജനിക്കുകയും, ജീവിക്കുകയും, പിന്നീട് ഒരിക്കല്‍ മരിക്കുകയും ചെയ്യും. എന്നാല്‍ മരണം എപ്പോള്‍ സംഭവിക്കും എന്നോ, എങ്ങനെ സംഭവിക്കും എന്നോ ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. മരണത്തെ മാറ്റിവയ്ക്കുവാനോ, അത് സംഭവിക്കുന്ന സമയം മുന്‍ കൂട്ടി കണ്ടുപിടിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. തത്വ ചിന്തകരും ശാസ്ത്രാന്വേഷികളും മത പണ്ഡിതന്മാരും ആരാഞ്ഞുനോക്കിയിട്ടും മരണത്തിന്റെ നിഗൂഢത അഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യശാസ്ത്രത്തിന് മരണത്തിന്റെ മുന്നില്‍ എന്നും തോല്‍ക്കുവാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനാല്‍ തന്നെ മരണം എന്നും മനുഷ്യനു ഒരു പ്രഹേളിക ആയി നില്‍ക്കുക ആണ്. അത് മനുഷ്യന്റെ നശ്വരതയേയും പരിമിതിയേയും സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

മരണത്തെക്കുറിച്ചുള്ള, മെറിയം വെബ്സ്റ്റര്‍ നിഘണ്ടുവിലെ (Merriam-Webster dictionary) നിര്‍വചനം ഇങ്ങനെ ആണ്: ഹൃദയം, ശ്വസനം, തലച്ചോറ് എന്നിങ്ങനെ ഉള്ള, ജീവധാരണമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്ഥിരമായ നിശ്ചലത ആണ് മരണം. അത് ജീവന്റെ അവസാനം ആണ്. ജൈവശാസ്ത്രപരമായ ജീവന്റെ അവസാനമാണ് മരണം. മരണത്തോടെ ശരീരം ജീര്‍ണിക്കുവാന്‍ തുടങ്ങും. അങ്ങനെ ശരീരം മണ്ണിലേക്ക് തിരികെ പോകും. 

എന്നാല്‍, ലോകത്തിന്റെ കാഴപ്പാടില്‍  നിന്നും വ്യത്യസ്തം ആണ് വേദപുസ്തകത്തിന്റെ കാഴപ്പാട്. വേദപുസ്തകത്തില്‍ മരണത്തെക്കുറിച്ച് ആദ്യമായി പറയുന്നതു ഉല്‍പ്പത്തി പുസ്തകത്തില്‍ ആണ്. ദൈവം ആദാമിനോട് പറഞ്ഞു: “എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‍പ്പത്തി 2:17). നിര്‍ഭാഗ്യവശാല്‍ ആദാമും ഹവ്വയും ദൈവത്തിന്റെ കല്‍പ്പന അനുസരിച്ചില്ല. അതിന്റെ ഫലമായി മരണം ഭൂമിയില്‍ പ്രവേശിച്ചു. എങ്കിലും അവര്‍ അതിനുശേഷവും അനേകം വര്‍ഷങ്ങള്‍ ജീവിച്ചു. ആദാം 930 വര്‍ഷങ്ങള്‍ ജീവിച്ചു. എന്നാല്‍ ഹവ്വയുടെ ജീവിതകാലം വേദപുസ്തകത്തില്‍ പറയുന്നില്ല. എങ്കിലും രണ്ടുപേരും ഏകദേശം ഒരേ കാലയളവ് വരെ ജീവിച്ചു എന്നു കരുതപ്പെടുന്നു.

ആദാമിന്റെയും ഹവ്വയുടെയും മേല്‍ വന്ന പാപത്തിന്റെ ശിക്ഷയായ മരണം ശരീരികവും ആത്മീയവും ആയിരുന്നു. എന്നാല്‍, ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ സംഭവിക്കുന്ന മരണം, ജീവിതത്തിന്റെ അവസാനം അല്ല എന്നു വേദപുസ്തകം പഠിപ്പിക്കുന്നു. മരണത്തിന് ശേഷവും ഒരു ജീവിതം ഉണ്ട്. യോഹന്നാന്‍ 5: 24 ല്‍ യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. 26 ആം വാക്യത്തില്‍ യേശുവില്‍ ജീവന്‍ ഉണ്ട് എന്നും പറഞ്ഞിരിക്കുന്നു. അതിനാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കും. 

എന്താണ് മരണം – ക്രിസ്തീയ കാഴ്ചപ്പാട്

മുമ്പ് പറഞ്ഞതുപോലെ, വേദപുസ്തകം മരണത്തെക്കുറിച്ച്, ലോകത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും, വ്യത്യസ്തമായ ഒരു കാഴപ്പാട് ആണ് പഠിപ്പിക്കുന്നത്. എല്ലാ മനുഷ്യരും മൂന്ന് ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് എന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നു. അത് ദേഹം, ദേഹി, ആത്മാവ് എന്നിവ ആണ്. ദേഹിയെ വേദപുസ്തകത്തില്‍ പ്രാണന്‍ എന്നും വിളിക്കുന്നുണ്ട്. (1 തെസ്സലൊനീക്യര്‍ 5: 23). ദേഹം എന്നത് നമ്മളുടെ ശരീരം ആണ്. അത് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. എന്നാല്‍ നമ്മളുടെ ദേഹിയും ആത്മാവും ദൃശ്യമല്ല. 1 തെസ്സലൊനീക്യര്‍ 5: 23 ല്‍ പ്രാണന്‍ എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത് സൂക്കേ (psuche) എന്ന ഗ്രീക്ക് പദം ആണ്. ഇത് നമ്മളുടെ മനസ്സിനെ സൂചിപ്പിക്കുന്നു. ഇത് നമ്മളുടെ ഇശ്ചാ ശക്തിയും, ആഗ്രഹങ്ങളും, വ്യക്തിപരമായ മുന്‍ഗണനകളും, തിരഞ്ഞെടുപ്പും, വൈകാരികമായ പ്രതികരണവും ആണ്. ഇതെല്ലാം കൂടി ചേര്‍ന്നതാണ് നമ്മളുടെ വ്യക്തിത്വം. ഇതേ വാക്യത്തില്‍ ആത്മാവു എന്നു പറയുവാന്‍, ന്യൂമാ (pneuma) എന്ന ഗ്രീക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ദൈവവും നമ്മളുമായുള്ള ബന്ധത്തിന്റെ ഘടകം ആണ്. ആത്മാവ് നമ്മളിലുള്ള ദൈവീക ഘടകം ആണ്. ആത്മാവ് നമുക്ക് ദൈവത്തില്‍നിന്നും ലഭിച്ചതാണ്. നമ്മളുടെ ദേഹം സ്വയത്തിന്റെ ചിന്തകളില്‍ ആയിരിക്കുമ്പോള്‍ ആത്മാവു ദൈവവുമായി ബന്ധത്തില്‍ ആയിരിക്കുന്നു. ദൈവീക സമാധാനവും സന്തോഷവും നമ്മള്‍ അനുഭവിക്കുന്നത് ആത്മാവില്‍ ആണ്.

ഇതില്‍ നിന്നും അല്‍പ്പം വ്യത്യസ്ഥമായ കാഴ്ചപ്പാട് ഉള്ള വേദപണ്ഡിതരും ഉണ്ട്. അവര്‍ മനുഷ്യനെ രണ്ട് ഘടകങ്ങള്‍ ഉള്ള വ്യക്തികള്‍ ആയിട്ടാണ് കാണുന്നത്. ദേഹം ഒരു ഘടകവും ദേഹിയും ആത്മാവും മറ്റൊരു ഘടകവും. അതായത്, അവര്‍ ദേഹിയും ആത്മാവും ഒന്നാണ് എന്നു വിശ്വസിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണ്. രണ്ട് കൂട്ടരും മനുഷ്യന്, മുഖ്യമായും, മൂര്‍ത്തമായ ഒരു ഘടകവും അമൂര്‍ത്തമായ മറ്റൊരു  ഘടകവും ഉണ്ട് എന്ന് വിശ്വസിക്കുന്നു. ഇതാണ് പ്രധാനപ്പെട്ട സത്യം.

മരണം മനുഷ്യരുടെ ശരീരവും ആത്മാവും തമ്മിലുള്ള വേര്‍പെടല്‍ ആണ്. മരണ സമയത്ത്, മനുഷ്യന്റെ ആത്മാവ് അവന്റെ ശരീരം ഉപേക്ഷിച്ച്, അതിനായി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇടത്തേക്ക് പോകുന്നു. ജീവിച്ചിരുന്നപ്പോള്‍ ദൈവവുമായി ഒരു മനുഷ്യനു ഉണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവന്റെ ആത്മാവിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നു. എന്നാല്‍ മരണ ശേഷം, ആത്മാവ് ഇല്ലാതാകുകയോ, മറ്റൊന്നില്‍ വിലയം പ്രാപിക്കുകയോ, പുനര്‍ ജനിക്കുകയോ ചെയ്യുന്നില്ല.

വേദപുസ്തകം മരണത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു – ഒന്നു, ശാരീരിക മരണം, രണ്ടാമത്തേത് ആത്മീയ മരണം. ആദ്യത്തേത് താല്‍ക്കാലികവും രണ്ടാമത്തേത് നിത്യവും ആണ്. മരിച്ചവരുടെ ശരീരം, അവന്റെ മരണശേഷവും, ഒരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും, എന്നാല്‍ ആത്മാവിന്റെ മരണം നിത്യ ദണ്ഡനം ആയിരിക്കും.

വേദപുസ്തകം മരണത്തെ എങ്ങനെ കാണുന്നു?

മനുഷ്യര്‍ക്കിടയില്‍ വിവിധ തത്വചിന്തകളും, മതങ്ങളും ഉള്ളതിനാല്‍ അതിനെല്ലാം അതിന്റെതായ ചിന്താധാരകളും ഉണ്ട്. മരണത്തെക്കുറിച്ചും വിവിധ ചിന്തകള്‍ നിലവില്‍ ഉണ്ട്. ക്രിസ്തീയ വിശ്വാസമനുസരിച്ച്, ഈ ഭൂമിയിലെ ജീവിതം നൈമിഷികവും, വേഗത്തില്‍ തീര്‍ന്നുപോകുന്നതും, താല്‍ക്കാലികവും ആകുന്നു. ഭൌതീക ജീവിതം, ഒരു ദീര്‍ഘദൂര യാത്രക്കാരന്റെ യാത്രയ്ക്കിടയിലെ ഹൃസ്വമായ ഇടക്കാല താമസ സ്ഥലം മാത്രമാണ്. സങ്കീര്‍ത്തനം 39: 4 മുതല്‍ 7 വരെയുള്ള വാക്യങ്ങളില്‍ ദാവീദ് ജീവിതത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ ആണ്: ജീവിതം ക്ഷണികവും നാലുവിരല്‍ നീളവും ദൈവമുമ്പാകെ ഏതുമില്ലാത്തതും ആകുന്നു. മനുഷ്യന്‍ ഒരു ശ്വാസം മാത്രമാണ്. അവന്‍ വെറും നിഴല്‍ മാത്രമാണ്. എന്നാല്‍ ഇവിടെയും ഒരു ക്രിസ്തീയ വിശ്വസിക്ക് പ്രത്യാശ ഉണ്ട്. അവന്‍ മരിച്ചാല്‍, അതിനുശേഷമുള്ള ജീവിതം അവന്റെ രക്ഷകനായ യേശുക്രിസ്തുവിനോടൊപ്പം ആയിരിയ്ക്കും. അതിനാല്‍, വേദപുസ്തകം മരണത്തെ വിശേഷിപ്പിക്കുന്ന ചില പദങ്ങളും വിവരണങ്ങളും നമുക്ക് മനസ്സിലാക്കുവാന്‍ ശ്രമിക്കാം.

മരണം മനുഷ്യന്റെ ശത്രു ആണ്

വേദപുസ്തക ദൈവശാസ്ത്രം മരണത്തെ മനുഷ്യന്റെ ശത്രു ആയിട്ടാണ് കാണുന്നത്. മനുഷനെക്കുറിച്ചുള്ള ദൈവീക പദ്ധതിയിലെ സ്വാഭാവികമായ ഒരു അനുഭവമല്ല മരണം. ദൈവവുമായുള്ള കൂട്ടായ്മയില്‍ നിത്യമായി  ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാല്‍, നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, മനുഷ്യന്‍ ദൈവത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച്, ദൈവത്തോട് പാപം ചെയ്ത്, മരണത്തിന് അര്‍ഹരായി തീര്‍ന്നു. എങ്കിലും ദൈവം മനുഷ്യനെക്കുറിച്ചുള്ള തന്‍റെ പദ്ധതി ഉപേക്ഷിച്ചില്ല. അവന്‍ മനുഷ്യനു പ്രത്യാശയും രക്ഷയും വാഗ്ദത്തം ചെയ്തു. മനുഷ്യനു മരണത്തില്‍ നിന്നും ഒരു ഉയിര്‍പ്പും, നിത്യമായ ജീവനും വാഗ്ദത്തം നല്കി. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ശത്രുവാണ് മരണം. അതിനാല്‍ മരണത്തെ വേദപുസ്തകം മനുഷ്യരുടെ ശത്രുവായി കാണുന്നു. കീഴടക്കപ്പെടേണ്ട അവസാനത്തെ ശത്രു ആണ് മരണം.

മരണം ഒരു കാരണത്തിന്റെ ഫലം ആയതിനാല്‍ കാരണത്തെ തന്നെ കീഴടക്കേണ്ടിയിരിക്കുന്നു. സാത്താന്റെ വഞ്ചനയാല്‍ ആണ് മനുഷ്യന്‍ ദൈവത്തിന്റെ കല്‍പ്പനയെ നിരസിച്ചത്. അതിനാല്‍ ആണ് മരണം മനുഷ്യരുടെ ജീവിതത്തില്‍ പ്രവേശിച്ചത്. അതുകൊണ്ടു സാത്താനെ തോല്‍പ്പിക്കുക എന്നതാണു മരണത്തെ എന്നന്നേക്കുമായി നീക്കുവാനുള്ള മാര്‍ഗ്ഗം. 1 കൊരിന്ത്യര്‍ 15: 25, 26 ല്‍ അപ്പൊസ്തലനായ പൌലൊസ് പറയുന്നു: “അവൻ (ക്രിസ്തു) സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.”


പൊടിയിലേക്ക് തിരികെ പോകും

വേദപുസ്തകം മരണത്തെക്കുറിച്ച് ഭാവനാത്മകമായ ഒരു ചിത്രം നല്‍കുന്നില്ല. മരണത്തോടെ മനുഷ്യന്റെ ശരീരം മണ്ണിലേക്ക് തിരികെ ചേരും എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. ആദാമും ഹവ്വയും പാപം ചെയ്ത് കഴിഞ്ഞപ്പോള്‍, അവര്‍ ജീവവൃക്ഷത്തിന്റെ ഫലം കൂടി തിന്നു എന്നേക്കും പാപികളായി ജീവിക്കാതിരിക്കേണ്ടതിന്, ദൈവം അവരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി. (ഉല്‍പ്പത്തി 3: 22). അങ്ങനെ, നിലത്തുനിന്നെടുത്ത മനുഷ്യന്‍ അതില്‍ തിരികെ ചേരും എന്ന പ്രമാണം ഉണ്ടായി. “നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും” എന്നു ദൈവം മനുഷനോടു കല്‍പ്പിച്ചു. (ഉല്‍പ്പത്തി 3: 19). ഇതേ അര്‍ത്ഥത്തില്‍ ആണ് അപ്പൊസ്തലനായ പൌലൊസ്, ഭൌതീക ശരീരത്തെ കൂടാരം എന്നും അഴിഞ്ഞുപോകുന്ന ഭവനം എന്നും വിളിക്കുന്നത്. (2 കൊരിന്ത്യര്‍ 5: 1). “അഴിഞ്ഞുപോകും” എന്നതിന് പൌലൊസ് ഉപയോഗിച്ച ഗ്രീക്കു വാക്ക്, കറ്റാലോ (kataluo) എന്നതാണ്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുവാനായി ഒരു കൂടാരത്തെ അതിന്റെ ഓരോ ഭാഗങ്ങള്‍ ആയി അഴിക്കുന്നതിനെ ആണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. നമ്മളുടെ ശരീരത്തിന് മരണത്തോടെ സംഭവിക്കുന്ന ജീര്‍ണ്ണതയുടെ ഒരു ചിത്രമാണിത്.

മരണം ഒരു പുറപ്പെടല്‍ ആണ്

മരണം ഒരു പുറപ്പെടല്‍ ആണ് എന്നാണ് വേദപുസ്തകം പറയുന്നത്. 2 തിമൊഥെയൊസ് 4: 6 ല്‍ പൌലൊസ് എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്: എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.ഈ വാക്യം മൂല ഭാഷയിലും ഇംഗ്ലീഷിലും “എന്റെ പുറപ്പാടിന്റെ കാലവും അടുത്തിരിക്കുന്നു” എന്നാണ്. ഇവിടെ പുറപ്പാടു എന്ന് പറയുവാന്‍ പൌലൊസ് ഉപയോഗിച്ച ഗ്രീക്ക് വാക്ക്, അനലുസിസ് (analusis) എന്നതാണ്. ഈ വാക്കിന് പുറപ്പാട് എന്നാണ് അര്‍ത്ഥം എങ്കിലും അതിനു മൂന്ന് തലങ്ങള്‍ ഉണ്ട്. ഇത് സമുദ്രയാത്രയുമായി ബന്ധപ്പെട്ട ഒരു വാക്ക് ആണിത്. ഒരു കപ്പല്‍ അതിന്റെ നങ്കൂരം അഴിച്ച് യാത്രപുറപ്പെടുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഈ വാക്കിന് സൈന്യവുമായുള്ള ബന്ധത്തില്‍ മറ്റൊരു അര്‍ത്ഥതലം ഉണ്ട്. ഒരു സ്ഥലത്തു താവളമടിച്ചിരുന്ന സൈന്യം, മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുവാനായി കൂടാരങ്ങളെ അഴിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. മൂന്നാമത്തെ അര്‍ത്ഥം, ഒരു മനുഷ്യനെ അവനെ കെട്ടിയിരുന്ന ചങ്ങലകളില്‍ നിന്നും മോചിപ്പിക്കുക എന്നതാണ്. അതായത്, അപ്പൊസ്തലനായ പൌലൊസ് പറയുന്നു: മരണം, ഈ ഭൂമിയില്‍ നമ്മളെ ബന്ധിച്ചിരുന്ന നങ്കൂരത്തെ അഴിച്ച് മറ്റൊരു തുറമുഖത്തേക്കുള്ള യാത്ര ആണ്. അത് നമ്മളുടെ ഭൌതീക താവളം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് യാത്രയാകുക ആണ്. മരണം മനുഷ്യരെ ഭൌതീകതയുടെ ചങ്ങലയില്‍ നിന്നും മോചിപ്പിക്കുക ആണ്. യഥാര്‍ത്ഥത്തില്‍, മരണം, മരിച്ചവരുടെ ഇടയില്‍നിന്നും ജീവിക്കുന്നവരുടെ ഇടയിലേക്കുള്ള യാത്ര ആണ്.

മറുരൂപമലയിലെ യേശുവിന്റെ രൂപാന്തരത്തെക്കുറിച്ചുള്ള വിവരണം ലൂക്കോസ് 9 ആം അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നു.   അവിടെ മോശെയും ഏലിയാവും പ്രത്യക്ഷരായി, യെരൂശലേമില്‍ സംഭവിക്കുവാനിരിക്കുന്ന യേശുക്രിസ്തുവിന്‍റെ നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. ഇവിടെ “നിര്യാണത്തെക്കുറിച്ച് “ എന്നതിന്റെ ഗ്രീക്ക് പദം, എക്സോഡസ് (exodos) എന്നതാണ്. ഇതേ പദമാണ്, വേദപുസ്തകത്തിലെ രണ്ടാമത്തെ പുസ്തകമായ പുറപ്പാട് പുസ്തകത്തിന്റെ പേരിനും ഉപയോഗിച്ചിരിക്കുന്നത്. ഇത് യിസ്രായേല്‍ ജനത്തിന്റെ മിസ്രയീമില്‍ നിന്നുമുള്ള പുറപ്പാടിനെ സൂചിപ്പിക്കുന്നു. അതായത്, മരണം ഒരു പുറപ്പാട് ആണ്. അത് ഒരു പ്രവാസ ദേശത്തുനിന്നും സ്വന്തദേശത്തേക്കുള്ള പുറപ്പാട് ആണ്.

മരണം ഉറക്കമാണ്

വേദപുസ്തകത്തില്‍ അനേക പ്രാവശ്യം മരണത്തെ ഉറക്കത്തോട് ഉപമിച്ചിട്ടുണ്ട്. ഈ അര്‍ത്ഥവത്തായ സാദൃശ്യം പുരാതനകാലം മുതല്‍ മനുഷ്യരുടെ ഇടയില്‍ പറഞ്ഞുവരുന്നതാണ്. ഗ്രീക്ക് സാഹിത്യകാരന്മാരായ ഹോമര്‍, സൊഫൊക്ലീസ് എന്നിവരും മരണത്തെ ഉറക്കത്തോട് ഉപമിച്ചിട്ടുണ്ട്. എന്നാല്‍, വേദപുസ്തകത്തിലെയും സാഹിത്യ രചനകളിലെയും കാഴ്ചപ്പാടുകള്‍ക്ക് വ്യത്യാസം ഉണ്ട്.

മരണത്തിന് ശേഷമുള്ള മനുഷ്യ ശരീരത്തിന്റെ അവസ്ഥയെ ആണ് ഉറക്കം എന്ന പദം കൊണ്ട്, വേദപുസ്തകം അര്‍ത്ഥമാക്കുന്നത്. മനുഷ്യന്റെ ശരീരം മാത്രമേ മരണാനന്തരം ഉറങ്ങുന്നുള്ളൂ. ദാനിയേല്‍ 12: 2 ല്‍ മരിച്ചവരെ “നിലത്തിലെ പൊടിയില്‍ നിദ്രകൊള്ളുന്നവര്‍” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ശരീരം മാത്രമേ നിലത്തെ പൊടിയില്‍ മറവ് ചെയ്യാറുള്ളൂ. ശരീരമാണ് നിദ്രയില്‍ ആകുന്നത്. മരണാനന്തരം ഒരു മനുഷ്യന്റെയും ആത്മാവ് നിദ്രയില്‍ ആകുന്നില്ല. ഭൌതീക ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നു കൂടി ദാനിയേല്‍ പറയുന്നുണ്ട്.

ആത്മാക്കള്‍ ഉറങ്ങുക അല്ല എന്നതിന് മതിയായ തെളിവുകള്‍ വേദപുസ്തകത്തില്‍ ഉണ്ട്. യായീറോസിന്റെ മകളെ യേശു ഉയിര്‍പ്പിച്ചപ്പോള്‍, “അവളുടെ ആത്മാവ് മടങ്ങിവന്നു” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ലൂക്കോസ് 8: 55). യേശു ഉയിര്‍പ്പിച്ച ലാസര്‍, മരിച്ചു എന്നു അറിഞ്ഞപ്പോള്‍, യേശു പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു”. (യോഹന്നാന്‍ 11: 11).

1 തെസ്സലൊനീക്യര്‍ 4: 13 ല്‍ മരിച്ചവരെ നിദ്രകൊള്ളുന്നവര്‍ എന്നു വിളിക്കുന്നു. 14 ആം വാക്യം ഇങ്ങനെ ആണ്: “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.” ഈ വാക്യം ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍, “യേശുവില്‍ നിദ്രപ്രാപിച്ചവരെയും ദൈവം അവനോടുകൂടെ കൊണ്ടുവരും” എന്നാണ്. “വരുത്തും” എന്ന വാക്കിന്റെ ഗ്രീക്ക് പദം, അഗോ (ago - ag'-o) എന്നതാണ്. ഇതിന്റെ അര്‍ത്ഥം നയിച്ചുകൊണ്ടു വരുക, കൂട്ടമായി തെളിയിക്കുക, കൊണ്ടുവരുക എന്നിങ്ങനെ ആണ്. ഈ വാക്യത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച്, മരിച്ചവരുടെ ആത്മാക്കള്‍ ക്രിസ്തുവിനോടു കൂടെ ആയിരിക്കേണം. അവരെ ആണ് യേശുക്രിസ്തു നയിച്ചുകൊണ്ടു വരുന്നത്. അതേ സമയം, അവരുടെ ശരീരം യേശുവില്‍ നിദ്രകൊള്ളുന്നു എന്നും ഇതേ വാക്യം പറയുന്നു. അതായത് മരിച്ചവരുടെ ശരീരം കല്ലറകളില്‍ ഉറക്കത്തില്‍ ആണ്. ഇവിടെ നമ്മള്‍ മരണത്തിന് ശേഷമുള്ള ശരീരത്തിന്റെയും ആത്മാവിന്റെയും അവസ്ഥകള്‍ കാണുന്നു.

മരണം ഉറക്കമാണ് എന്ന കാഴപ്പാട് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍, പുതിയനിയമത്തില്‍ കാണുന്ന, ഉറക്കത്തെ സൂചിപ്പിക്കുന്ന, ചില ഗ്രീക്ക് പദങ്ങളെ നമുക്ക് പരിചയപ്പെടാം. കൊയ്മൌ (koimao - koimaw ,  koy-mah'-o) എന്ന ഗ്രീക്ക് വാക്ക് മത്തായി 28: 13, ലൂക്കോസ് 22: 45 എന്നിവിടങ്ങളില്‍ കാണാം. ഈ വാക്ക് മറ്റൊരു മൂല പദത്തില്‍നിന്നും രൂപപ്പെട്ടതാണ്. അത് കെയ്മയ് (keimai  - ki'-mahee) എന്ന പദമാണ്. ഇതിന്റെ അര്‍ത്ഥം, “കിടക്കുക” എന്നാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കുവാന്‍ കഴിയുന്ന സത്രം പോലെയുള്ള ഇടങ്ങളെ ആണ് കൊയ്മെറ്റെരിഓണ്‍ (koimeterion) എന്നു വിളിച്ചിരുന്നത്. ഉറക്കം എന്നു പറയുവാന്‍ ഗ്രീക്കില്‍ ഉപയോഗിച്ചിരുന്ന മറ്റൊരു വാക്കാണ്, കാത്യൂഡോ (katheudokatheudo - kath-yoo'-do) എന്നത്. ഈ വാക്ക് നമുക്ക് ലൂക്കോസ് 22: 46; മര്‍ക്കോസ് 5: 39; മത്തായി 13: 25 എന്നിവിടങ്ങളില്‍ കാണാം. ആദിമ ക്രിസ്ത്യാനികള്‍ അവരുടെ ശവശരീരം അടക്കം ചെയ്തിരുന്ന സ്ഥലത്തെ, കൊയ്മെറ്റെരിയ (koimeteria) എന്നാണ് വിളിച്ചിരുന്നത്. ഈ വാക്കിന്‍റെ അര്‍ത്ഥം “ഉറങ്ങുന്ന സ്ഥലം” എന്നാണ്. ഈ ഗ്രീക്ക് വാക്കില്‍ നിന്നുമാണ്, ശവക്കോട്ടയുടെ ഇംഗ്ലീഷ് ആയസെമെറ്ററി (cemetery) എന്ന പദം ഉടലെടുത്തത്. നമ്മള്‍ സെമിട്രി എന്നു വിളിക്കുന്ന ശവക്കോട്ടയില്‍ ആണ് മരിച്ചവരുടെ ശരീരങ്ങള്‍ ഉറക്കത്തില്‍ ആയിരിക്കുന്നത്.

അപ്പൊസ്തലനായ പൌലൊസ് 1 തെസ്സലൊനീക്യര്‍ 5: 10 ല്‍ ഇങ്ങനെ എഴുതി: നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.” 2 കൊരിന്ത്യര്‍ 5: 8 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. ഈ വാക്യങ്ങള്‍ എല്ലാം മരിച്ചവരുടെ ശരീരം മാത്രമേ ഉറക്കത്തില്‍ ആകുന്നുള്ളൂ എന്നു തെളിയിക്കുന്നു.

2 കൊരിന്ത്യര്‍ 5: 1 ല്‍ പൌലൊസ് പറയുന്നു: “കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.” ഇവിടെ, അഴിഞ്ഞുപോയാല്‍ എന്നു പറയുവാനായി പൌലൊസ്, കറ്റാലൂ (kataluo - kataluw - kat-al-oo'-o) എന്ന ഗ്രീക്കു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം, കെട്ട് അഴിക്കുക, വിയോജിപ്പിക്കുക, പൊളിക്കുക, നശിപ്പിക്കുക എന്നിങ്ങനെ ആണ്. പൌലൊസ് ഈ വാക്കിനെ കൂടാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാരം ഒരു താല്‍ക്കാലികമായ ഭവനം ആണ്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുമ്പോള്‍, അതിനെ അഴിച്ച് എടുക്കും. അതുപോലെ നമ്മളുടെ ശരീരത്തെ മരണത്താല്‍ അഴിച്ചുമാറ്റുന്നു എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. 

ഉറങ്ങുന്ന ഒരു മനുഷ്യന്റെ ജീവിതം അവിടെ അവസാനിക്കുക അല്ല. മരിച്ച ഒരു മനുഷ്യന്റെ ജീവിതവും അവിടെ അവസാനിക്കുക അല്ല. അവന്‍റെ ഭൌതീക ശരീരം നിലത്തെ പൊടിയില്‍ ഉറങ്ങുക മാത്രം ചെയ്യുന്നു. ഉറങ്ങുന്ന ഒരു മനുഷ്യന്‍ കേള്‍ക്കുന്നില്ല, സംസാരിക്കുന്നില്ല, ഭൂമിയില്‍ ഉള്ള യാതൊന്നിലും പങ്കെടുക്കുന്നില്ല. എന്നിരുന്നാലും അവന്‍ ഇല്ലാതാകുന്നില്ല. അവന്‍ അപ്പോഴും ഉണ്ട്. ഉറക്കം ഒരു താല്‍ക്കാലികമായ അനുഭവം മാത്രമാണ്. ഉറക്കത്തിന് ശേഷം, അവന്‍ പുതിയ ഉണര്‍വ്വോടും ശക്തിയോടും കൂടെ ഉണര്‍ന്നെഴുന്നേല്‍ക്കും. അതുപോലെ തന്നെ, മരിച്ചവരുടെ ശരീരവും, അതിനായി നിയോഗിക്കപ്പെട്ട ദിവസം, രൂപാന്തരം പ്രാപിച്ച്, ഉയിര്‍ത്തെഴുന്നേല്‍ക്കും. ഉറക്കവും മരണവും ഈ ലോക ജീവിതത്തിലെ പ്രയാസങ്ങളില്‍ നിന്നുമുള്ള താല്‍ക്കാലികമായ വിശ്രമം ആണ്.

മരിച്ചവരുടെ ആത്മാക്കള്‍ ബോധരഹിതര്‍ അല്ല

മരിച്ചവരുടെ ആത്മാക്കള്‍ ബോധരഹിതര്‍ അല്ല എന്നും വേദപുസ്തകം പഠിപ്പിക്കുന്നു. ആത്മാക്കള്‍ ഉയിര്‍പ്പിന്‍ ദിനം വരെ അബോധാവസ്ഥയില്‍ ഉറങ്ങുക ആണ് എന്ന ധാരണ തെറ്റാണ്. ലാസറിന്റെയും ധനവാന്റെയും ഉപമയില്‍, അവര്‍ രണ്ട് പേരും, മരണശേഷവും ബോധത്തോടെ ആയിരിക്കുന്നതായി കാണുന്നു.

മറുരൂപമലയില്‍ മോശെയും ഏലിയാവും പ്രത്യക്ഷരായി യേശുക്രിസ്തു യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. (ലൂക്കോസ് 9: 31). അതിന്റെ അര്‍ത്ഥം, പഴയനിയമ വിശുദ്ധരായ മോശെയും ഏലിയാവും മരണശേഷവും ബോധത്തോടെ ആയിരിക്കുന്നു എന്നാണ്. മാനസാന്തരപ്പെട്ട കള്ളന് യേശു കൊടുത്ത വാഗ്ദത്തം,ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്നാണ്. (ലൂക്കോസ് 23: 43). ഇവിടെ യേശുവിനോടൊപ്പമുള്ള സജീവമായ കൂട്ടായ്മയാണ് യേശു വാഗ്ദത്തം ചെയ്യുന്നത്.

മരിച്ചവരുടെ ആത്മാക്കള്‍ ബോധത്തോടെ ആയിരിക്കുന്നതിനാല്‍, അവര്‍ക്ക് അവരുടെ ഭൌതീക ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഓര്‍ക്കുവാന്‍ കഴിയും. അവര്‍ മരണത്തിന് ശേഷം ആയിരിക്കുന്ന അവസ്ഥ അവര്‍ക്ക് അനുഭവിക്കുവാന്‍ കഴിയും. അത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അവസ്ഥയായാലും, വേദനയുടെയും യാതനയുടെയും അവസ്ഥ ആയാലും അത് അവര്‍ക്ക് അനുഭവിക്കുവാന്‍ കഴിയും. ലാസറിന്റെയും ധനവാന്റെയും ഉപമയില്‍, മരിച്ച ലാസര്‍ അബ്രാഹാമിന്റെ മടിയില്‍ വിശ്രമിക്കുമ്പോള്‍ ധനവാന്‍ യാതനാ സ്ഥലത്ത് തീജ്വാലയില്‍ കിടന്നു വേദന അനുഭവിച്ചു. ധനവാന് ഭൂമിയില്‍ ആയിരിക്കുന്ന അവന്റെ സഹോദരന്മാരെ രക്ഷിക്കേണം എന്നു ആഗ്രഹമുണ്ട്. അതായത്, അവന് ഭൂമിയിലെ അവന്റെ ജീവിതം ഓര്‍മ്മയുണ്ട്, ചില ആഗ്രഹങ്ങളും ഉണ്ട്.

വെളിപ്പാടു പുസ്തകം 6 ആം അദ്ധ്യായത്തില്‍, സ്വര്‍ഗ്ഗീയ യാഗപീഠത്തിന്റെ കീഴില്‍ മരിച്ചവരുടെ ആത്മാക്കളെ യോഹന്നാന്‍ ദര്‍ശിക്കുന്നു. അവര്‍ ദൈവവചനവും സാക്ഷ്യവും നിമിത്തം കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ ആയിരുന്നു. അവരുടെ രക്തത്തിന് പകരം, ഭൂമിയില്‍ വസിക്കുന്നവരോട് ന്യായവിധി ഉണ്ടാകേണ്ടതിനായി അവര്‍ ദൈവത്തോട് നിലവിളിച്ചു. (വെളിപ്പാട് 6: 9, 10). അതായത് അവരെ കൊലപ്പെടുത്തിയവരെ ദൈവം ന്യായം വിധിക്കേണം എന്ന ആഗ്രഹം അവര്‍ക്ക് ഉണ്ടായിരുന്നു.  

ആശയവിനിമയം സാധ്യമല്ല

മരിച്ചവരുടെ ആത്മാക്കള്‍ക്ക്, ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുമായി യാതൊരു രീതിയിലുമുള്ള ആശയ വിനിമയം സാധ്യമല്ല. അവര്‍ക്ക് ഭൂമിയിലുള്ള യാതൊരു കാര്യത്തിലും ഇടപ്പെടുവാനോ, അവരുടെ യാതൊരു ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുവാനോ കഴിയുക ഇല്ല. മരണത്തിന് ശേഷം ഭൂമിയില്‍ എന്തെല്ലാമാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ക്ക് അറിവില്ല. അതായത്, അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ബന്ധുമിത്രാധികളെയും, അവരുടെ ജീവിതകാലത്ത് സംഭവിച്ച കാര്യങ്ങളെയും അവര്‍ക്ക് ഓര്‍ക്കാം എങ്കിലും അവരുടെ അറിവ് പിന്നീട് പുതുക്കപ്പെടുന്നില്ല.

 

സഭാപ്രസംഗി 9: 5, 6

   ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. (even their name is forgotten NIV)

   അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.

ഇത് മനസ്സിലാക്കുവാനായി, നമുക്ക് ഒരിക്കല്‍ കൂടി ലാസറിന്റെയും ധനവാന്റെയും ഉപമയിലേക്ക് പോകാം. ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മരിച്ചവര്‍ക്ക് ഇടപ്പെടുവാന്‍ കഴിയില്ല എന്നതു കൊണ്ടാണ് ധനവാന്റെ ആത്മാവ്, അവന്റെ സഹോദരങ്ങളുടെ അടുക്കലേക്ക് ലാസറിന്റെ ആത്മാവിനെ അയക്കേണമേ എന്നു അബ്രാഹാമിനോടു അപേക്ഷിച്ചത്. എന്നാല്‍ ധനവാന്റെ ആത്മാവിന് ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കുവാന്‍ കഴിയാത്തതുപോലെ, ലാസറിന്റെ ആത്മാവിനും കഴിയുക ഇല്ല. ധനവാനും ലാസറിനും മരണശേഷം ഭൂമിയിലേക്ക് തിരികെ പോകുവാന്‍ കഴിയുക ഇല്ല. അതുകൊണ്ടു അബ്രഹാം മറുപടി പറഞ്ഞു, ധനവാന്റെ ഭൂമിയിലെ സഹോദരങ്ങള്‍ക്ക് മാനസാന്തരപ്പെടുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവര്‍ക്ക് ദൈവത്തിന്റെ പ്രമാണങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ ദൈവദാസന്മാരും പ്രവാചകന്മാരും ഭൂമിയില്‍ ജീവനോടെ ഉണ്ട്. ധനവാന്റെ സഹോദരങ്ങള്‍ ഭൂമിയില്‍ ജീവനോടെയുള്ളവരില്‍ നിന്നും പഠിക്കട്ടെ. 

മാത്രമല്ല, മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തുന്നതിനെ ദൈവവചനം ശക്തമായി വിലക്കുന്നു.


ആവര്‍ത്തനപുസ്തകം 18: 10, 11

10   തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,

11    മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.

 

ലേവ്യപുസ്തകം 19: 31 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

പിശാചുക്കള്‍ മരിച്ചവരുടെ ആത്മാവിനെപ്പോലെ പ്രത്യക്ഷമാകുകയും, അവരെപ്പോലെ സംസാരിക്കുകയും ചെയ്യുക അസാധാരണമല്ല. മരിച്ചവര്‍ക്ക് മാത്രം അറിയാമായിരുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും, അവരുടെ അതേ സ്വരത്തില്‍ സംസാരിക്കുകയും ചെയ്യുക പിശാചിന് സാധ്യമാണ്. ഇതിനാലും, മരിച്ചവരുടെ ആത്മാക്കളുമായി ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും പിശാചുമായുള്ള ബന്ധനത്തില്‍ അവസാനിക്കും. അതുകൊണ്ടു, നമ്മള്‍ യാതൊരു മാര്‍ഗ്ഗത്തിലൂടെയും മരിച്ചവരുടെ ആത്മാക്കളുമായി ബന്ധപ്പെടുവാന്‍ ശ്രമിക്കരുത്. 

ഇവിടെ ഒരു സംശയം ഉയരുവാന്‍ സാധ്യത ഉണ്ട്. ലൂക്കോസ് 9 ആം അദ്ധ്യായത്തില്‍ മോശെയും ഏലിയാവും യേശുവിന് പ്രത്യക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മോശെ മരിച്ചു എന്നും ഏലീയാവ് സ്വര്‍ഗ്ഗത്തിലേക്ക് ജീവനോടെ എടുക്കപ്പെട്ടു എന്നും വേദപുസ്തകം പറയുന്നു. എന്നാല്‍, മറുരൂപമലയിലെ വിശുദ്ധന്മാരുടെ പ്രത്യക്ഷത, സവിശേഷമായ, ഒരിക്കല്‍ മാത്രം നമ്മള്‍ കാണുന്ന സംഭവം ആണ്. അതിനു ഒരു പ്രത്യേക ദൈവീക ഉദ്ദേശ്യം ഉണ്ട്. അതിനാല്‍ ഇതൊരു സവിശേഷമായ അനുഭവമായും, ദൈവം അയച്ചിട്ട് അവര്‍ വന്നു എന്നും നമുക്ക് ചിന്തിക്കാം. ഇത്തരം സംഭവങ്ങള്‍ മുമ്പോ, പിന്നീടോ സംഭവിച്ചതായി വേദപുസ്തകം പറയുന്നില്ല. ഇതില്‍ നിന്നും ഒരു ഉപദേശം രൂപീകരിക്കുവാന്‍ സാധ്യമല്ല.

അനുഗ്രഹിക്കപ്പെട്ട പുനസമാഗമം

മരണം നമ്മളുടെ ബന്ധുമിത്രാധികളുമായുള്ള അനുഗ്രഹിക്കപ്പെട്ട ഒരു പുനസമാഗമം കൂടി ആണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രക്ഷിക്കപ്പെട്ടവരായി, ക്രിസ്തുവില്‍ മരിച്ച, നമ്മളുടെ ബന്ധുമിത്രാധികളെ, മരണത്തിന് ശേഷം നമ്മള്‍ കണ്ടുമുട്ടും. അവരോടൊപ്പമായിരിക്കും നമ്മള്‍ പിന്നീടുള്ള കാലങ്ങള്‍ ചിലവഴിക്കുന്നത്. ഉല്‍പ്പത്തി 25: 8, 9 ല്‍ അബ്രാഹാമിന്റെ മരണത്തെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്: “അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.” മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. ഈ വാചകങ്ങള്‍, അബ്രാഹാമിന്റെ ആത്മാവിനെക്കുറിച്ചും ശരീരത്തെക്കുറിച്ചും പറയുന്നു. അവന്റെ ആത്മാവ്, അവന്റെ ജനത്തോട് കൂടെ ചേര്‍ന്നു; ശരീരം വാഗ്ദത്തദേശത്ത് മക്പേലാഗുഹയിൽ അടക്കി. എന്നാല്‍, അബ്രാഹാമിന്റെ പൂര്‍വ്വികരില്‍ ആരെയും ഈ സ്ഥലത്ത് അടക്കം ചെയ്തിട്ടില്ല. അതിനാല്‍, അവന്‍ “തന്റെ ജനത്തോട് കൂടെ ചേര്‍ന്നു” എന്നു പറഞ്ഞാല്‍, അവന്റെ ആത്മാവ് പൂര്‍വ്വന്‍മാരുടെ ആത്മാക്കളോടുകൂടെ, അവര്‍ ആയിരിക്കുന്ന ഇടത്തേക്ക് പോയി എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.  

ദാവീദിന് ബത്ത്-ശേബയില്‍ ജനിച്ച മകന്‍ മരിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “ഇപ്പോഴോ അവൻ മരിച്ചുപോയി; ... അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.” (2 ശമുവേല്‍ 12: 23). തന്‍റെ മരണശേഷം, മരിച്ചുപോയ തന്റെ മകനോടുകൂടെ ആയിരിക്കുവാന്‍ കഴിയും എന്ന പ്രത്യാശയും വിശ്വാസവും ആണ് ദാവീദ് ഇവിടെ പ്രകടിപ്പിക്കുന്നത്. യേശുക്രിസ്തുവും ഇതേകാര്യം വ്യക്തമായി പറയുന്നുണ്ട്:

 

മത്തായി 8: 11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.

നമ്മള്‍ക്ക് ലഭിക്കുവാനിരിക്കുന്ന, ക്രിസ്തുവില്‍ മരിച്ച നമ്മളുടെ പൂര്‍വ്വന്‍മാരുമായുള്ള,  അനുഗ്രഹിക്കപ്പെട്ട പുനസമാഗമത്തെക്കുറിച്ചാണ് നമ്മളുടെ കര്‍ത്താവ് ഇവിടെ പറയുന്നത്. ഈ പുനസമാഗമം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍, മരണത്തിന് ശേഷം കണ്ടുമുട്ടുന്ന ആത്മാക്കള്‍ക്ക് പരസ്പരം തിരിച്ചറിയുവാന്‍ കഴിയേണം. എന്നാല്‍ അവിടെയുള്ളവര്‍ എല്ലാം ആത്മാക്കള്‍ ആയതിനാല്‍, ഭൂമിയിലുള്ളതുപോലെയുള്ള ജഡീകമായ ബന്ധങ്ങള്‍ ഉണ്ടായിരിക്കുക ഇല്ല. ഒരിക്കല്‍ മരിച്ചു കഴിഞ്ഞാല്‍, പിന്നീട് ഒരിയ്ക്കലും, ഇപ്പോള്‍ ഉള്ളതുപോലെയുള്ള ഒരു ജഡശരീരം നമുക്ക് ഉണ്ടായിരിക്കുക ഇല്ല. അതിനാല്‍ ജഡീക ബന്ധങ്ങളും ഉണ്ടായിരിക്കുക ഇല്ല. നമ്മളുടെ പുനസമാഗമം ആത്മീയ തലത്തില്‍ ആയിരിയ്ക്കും.

മരിച്ചവര്‍ ഇപ്പോള്‍ എവിടെ ആണ്?

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം മരിച്ച വിശുദ്ധന്മാരുടെ ആത്മാക്കള്‍ വസിക്കുന്ന സ്ഥലത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിവരണം നമുക്ക് ലഭ്യമല്ല. പഴയനിയമ വിശുദ്ധന്മാര്‍ മരിച്ചവരുടെ ആത്മാക്കള്‍ വസിക്കുന്ന സ്ഥലത്തെ ഷിയോള്‍ (Sheol) എന്നാണ് വിളിച്ചിരുന്നത്. ഷിയോള്‍ എന്ന എബ്രായ പദത്തെ ഹെയ്ഡ്സ് (Hades) എന്നാണ് ഗ്രീക്കില്‍ പറയുന്നതു. ഷിയോള്‍ ഭൂമിയുടെ അധോഭാഗത്ത് ആണ് എന്നും സ്വര്‍ഗ്ഗം ഭൂമിയുടെ മുകളില്‍ എവിടെയോ ആണ് എന്നും ആണ് അവര്‍ വിശ്വസിച്ചിരുന്നത്. ഈ വിശ്വാസമാണ് 139 ആം സങ്കീര്‍ത്തനത്തില്‍ ദാവീദ് പ്രസ്താവിക്കുന്നത്: “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. (139: 8). ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ നിന്നും മനസ്സിലാക്കുന്ന വിവരങ്ങള്‍ പ്രകാരം, ഷിയോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു ഭാഗങ്ങള്‍ക്കും മദ്ധ്യേ ഒരു വലിയ പിളര്‍പ്പ് ഉണ്ട്. അതിനാല്‍ ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് പോകുവാന്‍ സാധ്യമല്ല. പഴയനിയമ കാലത്തെ നീതിമാന്മാരുടെ ആത്മാക്കള്‍, “അബ്രാഹാമിന്റെ മടി” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗത്തേക്ക് പോകും. അനീതിയില്‍ ജീവിച്ചവരുടെ ആത്മാക്കള്‍ യാതനാ സ്ഥലമായ രണ്ടാമത്തെ ഭാഗത്തേക്ക് പോകും. 

എന്നാല്‍, യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം കര്‍ത്താവില്‍ മരിക്കുന്ന, രക്ഷിക്കപ്പെട്ടവരുടെ ആത്മാക്കള്‍, ഷിയൊളിലേക്ക് പോകുന്നു എന്ന് വേദപുസ്തകം പറയുന്നില്ല. പുതിയനിയമത്തിലെ വാക്യങ്ങള്‍ പറയുന്നത്, ക്രിസ്തീയ വിശ്വാസികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ഉടന്‍ തന്നെ ക്രിസ്തുവിന്റെ സന്നിധിയിലേക്ക് പോകുന്നു എന്നാണ്. യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചപ്പോള്‍ തന്നെ അവരുടെ പാപങ്ങള്‍ മോചിക്കപ്പെട്ടതാണ്. അതിനാല്‍ വീണ്ടും ഒരു ശുദ്ധീകരണവും ശുദ്ധീകരണ സ്ഥലവും അവര്‍ക്ക് ആവശ്യമില്ല. അതുകൊണ്ടു പൌലൊസ് പറഞ്ഞു: “ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.” (ഫിലിപ്പിയര്‍ 1: 23). ഇതേ സത്യം അദ്ദേഹം 2 കൊരിന്ത്യര്‍ 5: 8 ലും പറയുന്നുണ്ട്: “ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.” ശരീരം വിടുക എന്നാല്‍ കര്‍ത്താവിനോടു കൂടെ വസിക്കുക എന്നാണ്. ഇതിനിടയില്‍ മറ്റൊരു സ്ഥലമോ, കാലമോ, പ്രക്രിയകളോ ഇല്ല. സഭാപ്രസംഗി 12: 7 ല്‍ ഇങ്ങനെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്: “പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.”

മരിച്ചവരുടെ ആത്മാവു ഒരു ശുദ്ധീകരണസ്ഥലത്ത് ഉറങ്ങുന്നു എന്നതിന് വേദപുസ്തകത്തില്‍ യാതൊരു തെളിവും ഇല്ല. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും, മരിച്ചുപോയവരുടെ ആത്മാക്കളുടെ ശുദ്ധീകരണത്തിനായി യാതൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, യേശുക്രിസ്തുവിനെ രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിക്കുകയും, പാപമോചനം പ്രാപിക്കുകയും, രക്ഷയുടെ അനുഭവത്തില്‍ തുടര്‍ന്നും ജീവിക്കുകയും ചെയ്ത എല്ലാവരും, മരണത്തിന് ശേഷം കര്‍ത്താവിനോടൊപ്പം ആയിരിയ്ക്കും. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരി”ക്കുന്നു എന്നാണ് വേദപുസ്തകം പറയുന്നത്. (എബ്രായര്‍ 9: 27).  

2 കൊരിന്ത്യര്‍ 12: 2-4 വരെയുള്ള വാക്യങ്ങളില്‍ പൌലൊസ്, അദ്ദേഹത്തിന്‍ ഉണ്ടായ ഒരു പ്രത്യേക അനുഭവം വിവരിക്കുണ്ട്. അദ്ദേഹം പറയുന്നതിതൊക്കെ ആണ്. ക്രിസ്തുവിലുള്ള ഒരു മനുഷ്യന്‍, 14 വര്‍ഷങ്ങള്‍ മുമ്പ്, മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു. അത് ശരീരത്തോടെയോ, ശരീരം കൂടാതെയോ എന്നു അറിയുന്നില്ല. ആ മനുഷ്യന്‍ പരദീസയോളം എടുക്കപ്പെട്ടു. മനുഷ്യനു ഉച്ചരിക്കുവാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവിടെ അദ്ദേഹം കേട്ടു. ഇവിടെ പരദീസ എന്നതിന് അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം, പാരഡൈസോസ് (paradeisos (par-ad'-i-sos) എന്നതാണ്. പൌലൊസ് വിവരിക്കുന്ന അനുഭവത്തില്‍ നിന്നും, ഈ സ്ഥലം, മനുഷ്യരുടെ ആത്മാക്കള്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുന്ന ഇടമാണ് എന്ന് ഗ്രഹിക്കാം. ഇതേ ഗ്രീക് പദം നമ്മള്‍ വീണ്ടും വെളിപ്പാടു പുസ്തകം 2: 7 ല്‍ കാണുന്നു. ഇവിടെ പറയുന്ന പരദീസയില്‍ ജീവവൃക്ഷത്തിന്‍റെ ഫലം തിന്നുവാന്‍ ലഭിക്കും. വെളിപ്പാടു പുസ്തകം 22 ആം അദ്ധ്യായത്തില്‍ വിവരിക്കുന്ന പുതിയ യെരൂശലേമില്‍, നദിക്കു ഇക്കരയും അക്കരെയുമായി ജീവവൃക്ഷത്തെ നമ്മള്‍ വീണ്ടും കാണുന്നു. (22: 2). ഇതില്‍ നിന്നും പരദീസ സ്വര്‍ഗ്ഗീയമായ ഒരു സ്ഥലമാണ് എന്നു നമുക്ക് അനുമാനിക്കാം. പൌലൊസ് പറയുന്ന മൂന്നാം സ്വര്‍ഗ്ഗം ദൈവത്തിന്റെ വാസസ്ഥലം ആണ്. അതിനാല്‍ അദ്ദേഹം ദൈവം വസിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. അവിടെ മാത്രമേ ജീവവൃക്ഷം ഉണ്ടാകൂ. പൌലൊസ് എടുക്കപ്പെട്ട, ജീവവൃക്ഷത്തിന്റെ ഫലം തിന്നുവാന്‍ ലഭിക്കുന്ന സ്വര്‍ഗ്ഗീയ സ്ഥലത്തായിരിക്കാം ക്രിസ്തുവില്‍ മരിച്ചവരുടെ ആത്മാക്കള്‍ ഇപ്പോള്‍ വസിക്കുന്നത്. കാരണം അവര്‍ ഇപ്പോള്‍ ക്രിസ്തുവിനോടു കൂടെ സജീവമായ കൂട്ടായ്മയില്‍ ആയിരിക്കുന്നു.

അപ്പൊസ്തല പ്രവൃത്തികള്‍ 7 ആം അദ്ധ്യായം, ആദിമ സഭാ ചരിത്രത്തിലെ വേദനാജനകമായ ഒരു സംഭവത്തിന്റെ വിവരണം ആണ്. യഹൂദന്മാര്‍ ക്രിസ്തു ശിഷ്യനായിരുന്ന സ്തെഫാനോസിനെ കല്ലെറിഞ്ഞു കൊന്നു. അവന്റെ വിചാരണവേളയില്‍, സ്തെഫാനോസ് ശക്തമായി, യേശുക്രിസ്തു മശിഹാ തന്നെ എന്ന് സാക്ഷിച്ചു. അതുകേട്ട യഹൂദ മത പ്രമാണിമാര്‍ കോപപരവശര്‍ ആയി. അപ്പോള്‍ സ്തെഫാനോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്ക് നോക്കി, ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നത് കണ്ടു. എന്നാല്‍ യഹൂദ മതപ്രമാണിമാര്‍ അവനെ കൊല്ലുവാനായി കല്ലെറിഞ്ഞു, അവനെ കൊന്നു. മരിക്കുന്നതിന് മുമ്പ് സ്തെഫാനോസ് പറഞ്ഞത് ഇങ്ങനെ ആണ്: “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ (7: 59). സ്തെഫാനോസിന്റെ ആത്മാവ് ഒരു ഇടക്കാല സ്ഥലത്തേക്ക് പോകുക ആയിരുന്നില്ല, അത് യേശുവിന്റെ കൈകളിലേക്ക് പോകുക ആണ് ചെയ്തത്.

ക്രൂശില്‍ വച്ച് മാനസാന്തരപ്പെട്ട കള്ളനോട് യേശു പറഞ്ഞതും ഇതേ കാര്യം തന്നെ ആണ്: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”. (ലൂക്കോസ് 23: 43). കള്ളന്‍ ഒരു ഇടക്കാല സ്ഥലത്തേക്ക് പോകും എന്നല്ല യേശു പറഞ്ഞത്. ഈ വാക്യങ്ങളില്‍ നിന്നെല്ലാം, മരിച്ചവരുടെ ആത്മാക്കള്‍ ഒരു ഇടക്കാല അവസ്ഥയിലേക്കൊ, സ്ഥലത്തേക്കോ, ശുദ്ധീകരണ സ്ഥലത്തേക്കോ പോകുന്നില്ല എന്നും ആത്മാക്കള്‍ ക്രിസ്തുവിനോട് ചേരുന്നു എന്നും, ക്രിസ്തു എവിടെ ആയിരിക്കുന്നുവോ, അവിടെ മരിച്ചവരുടെ ആത്മാക്കളും ആയിരിക്കുന്നു എന്നും നമുക്ക് ഗ്രഹിക്കാം.

എന്നാല്‍, ക്രിസ്തുവിലൂടെ ഉള്ള രക്ഷയെ നിരസിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്ക്, മരണം നിത്യമായ ഒരു യാതനയുടെ തുടക്കം ആണ്. ലാസറിന്റെ ഉപമയിലെ ധനവാന്‍റെ ആത്മാവ് ആയിരിക്കുന്ന യാതനാസ്ഥലം ഇപ്പൊഴും ഉണ്ടായിരിക്കുവാനാണ് സാധ്യത. കാരണം, അവര്‍ വിശ്വസിക്കാഞ്ഞതിനാല്‍, യേശുക്രിസ്തുവിന്റെ പരമയാഗം അവരുടെ ജീവിതത്തിലെ പാപത്തെ നീക്കി കളഞ്ഞിട്ടില്ല. അതിനാല്‍, ഇപ്പോള്‍ തന്നെ, അവരുടെ വാസസ്ഥലം വേദനയുടെതാണ്. ഉപമയിലെ ധനവാന്‍,ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നാണ് വിളിച്ചുപറഞ്ഞത്. (ലൂക്കോസ് 16: 24). എന്നാല്‍ അവരുടെ ആത്മാക്കള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഇടം നിത്യമായ സ്ഥലമല്ല. അവര്‍ ഒരിക്കല്‍ ദൈവമുമ്പാകെ ന്യായവിധിക്കായി നില്‍ക്കേണ്ടിവരും. ഈ ന്യായവിധിയില്‍ അവരുടെ നിത്യശിക്ഷ അന്തിമമായി വിധിക്കും.

വെളിപ്പാട് പുസ്തകം 20 ആം അദ്ധ്യായത്തില്‍ നമുക്ക് ഈ ന്യായവിധിയുടെ വിവരണം വായിക്കാവുന്നതാണ്. 11 മുതലുള്ള വാക്യങ്ങളില്‍, ഒരു വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും വിവരിക്കപ്പെടുന്നു. മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നിന്നു. മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കൊത്തവണ്ണം ന്യായവിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഭൂമിയില്‍ ജീവനോട് ആയിരുന്നപ്പോള്‍ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കാത്ത എല്ലാവരെയും, നിത്യ ശിക്ഷയായ തീപ്പൊയ്കയില്‍ തള്ളിയിടും. ദുഷ്ടന്മാരുടെ നരകം ഉണ്ട് എന്നത് വേദപുസ്തകത്തിലെ ഒരു പ്രധാന പഠിപ്പിക്കലാണ്. മര്‍ക്കോസ് 9: 44 മുതലുള്ള വാക്യങ്ങളില്‍, യേശുക്രിസ്തു, കെടാത്ത തീയുള്ള അഗ്നിനരകത്തെക്കുറിച്ച് പറയുന്നുണ്ട്. അവിടെ അവരുടെ പുഴു ചാകുന്നില്ല എന്നും എല്ലാവരും തീകൊണ്ടു ഉപ്പിടും എന്നും പറഞ്ഞു.   

മത്തായി 25: 31-46 വരെയുള്ള വാക്യങ്ങളില്‍, അന്ത്യനാളിലെ വേര്‍തിരിവിനെയും ന്യായവിധിയേയും കുറിച്ച്, യേശു ഒരു ഉപമ പറയുന്നുണ്ട്. ന്യായാധിപനായി സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവ്, സകല മനുഷ്യരെയും അവന്റെ മുന്നില്‍ കൂട്ടും. അവന്‍ അവരെ ഒരു ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിക്കും. ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും. അതിനുശേഷം അവന്‍ തന്റെ വലത്തുള്ളവരോട്, പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വീന്‍ എന്നു പറയും. പിന്നെ അവന്‍ ഇടത്തുള്ളവരോട്, ശപിക്കപ്പെട്ടവരെ, എന്നെ വിട്ട് പോകുവീന്‍, പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവീന്‍, എന്നു പറയും. ഉപമ അവസാനിപ്പിച്ചുകൊണ്ട് യേശു പറഞ്ഞു: “ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” (25: 46)

മരിച്ചവര്‍ക്ക് എന്തു സംഭവിക്കും?

നമ്മള്‍ ഇതുവരെയുള്ള പഠനത്തില്‍ നിന്നും മനസ്സിലാക്കിയതുപോലെ, മരണം ഒരു താല്‍ക്കാലിക അനുഭവം ആണ്. മരണത്തിങ്കല്‍, ശരീരം നിലത്തെ പൊടിയിലേക്കും, ആത്മാവ്, അതിനായി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്കും പോകും. എന്നാല്‍ ഭാവിയില്‍, നിശ്ചയിക്കപ്പെട്ട ഒരു സമയത്ത് ശരീരത്തിനും ആത്മാവിനും ഒരു പുനരേകീകരണം ഉണ്ട്. അവ രണ്ടും വീണ്ടും കൂടിച്ചേരും. ഇതിനെ ആണ് നമ്മള്‍ ഉയിര്‍പ്പ് എന്നു വിളിക്കുന്നത്. ഈ വിശ്വസം നമുക്ക് പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം. ദാനിയേല്‍ 12: 2 ല്‍ പറയുന്നു: “നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. പുതിയനിയമത്തില്‍ ഈ കാഴപ്പാടിന് കൂടുതല്‍ പ്രാധാന്യമുണ്ട്. 2 തിമൊഥെയൊസ് 1: 9, 10 വാക്യങ്ങളില്‍, യേശുക്രിസ്തുവിന്റെ സുവിശേഷം, മരണം നീക്കുകയും, ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്ന് പൌലൊസ് പറയുന്നു.

യേശുക്രിസ്തുവും ഇതേ സത്യം പറഞ്ഞിട്ടുണ്ട്:

 

യോഹന്നാന്‍ 5: 28, 29

28 ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,

29  നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.

മരിച്ചവരുടെ പുനരുദ്ധാരണം രണ്ടു ഘട്ടമായി സംഭവിക്കും എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിങ്കല്‍, ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. പൌലൊസ് ഇതിനെക്കുറിച്ച് 1 തെസ്സലൊനീക്യര്‍ 4: 16 ല്‍ പറയുന്നതിങ്ങനെ ആണ്: “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.” 1 കൊരിന്ത്യര്‍ 15: 52 ല്‍ പൌലൊസ് വീണ്ടും പറയുന്നു: “നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.” ഉയിര്‍പ്പിന്‍റെ രണ്ടാമത്തെ ഘട്ടത്തില്‍, മരിച്ചുപോയ എല്ലാ മനുഷരും, ഉയിര്‍ത്തെഴുന്നേറ്റ്,  ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പില്‍ നില്‍ക്കും. ഇതിനെക്കുറിച്ച് നമ്മള്‍ വെളിപ്പാടു 20: 12 – 15 വരെയുള്ള വാക്യങ്ങളില്‍ വായിക്കുന്നു. അന്ന് മരിച്ചവര്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ക്ക് അനുസരിച്ചുള്ള ന്യായവിധി ഉണ്ടാകും. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത എല്ലാവരെയും നരകത്തിലേക്കും, തീപ്പൊയ്കയിലേക്കും തള്ളിയിടും. 

ഗ്രീക്കു ഭാഷയില്‍, “ന്യായവിധി” എന്ന വാക്ക് രണ്ടു അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കപ്പെടുന്നത്. ഒരു അര്‍ത്ഥം, ന്യായവിധി നടത്തി പ്രതിഫലം നല്കുക എന്നതാണ്. മറ്റൊരു അര്‍ത്ഥം, ന്യായവിധി നടത്തി ശിക്ഷിക്കുക എന്നതാണ്. ക്രിസ്തീയ വിശ്വാസികളുടെ പാപം അവര്‍ ജീവിച്ചിരിക്കെ തന്നെ ക്ഷമിക്കപ്പെട്ടതാണ്. അതിനാല്‍ അവര്‍ക്ക് യേശുക്രിസ്തു പ്രതിഫലം ആണ് നല്‍കുന്നത്. എന്നാല്‍ അവിശ്വാസികളുടെ പാപം മോചിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍, അവര്‍ക്ക് ന്യായവിധിക്ക് ശേഷം നിത്യമായ ശിക്ഷ ലഭിക്കും. രണ്ടുകൂട്ടരെയും, അവരുടെ വിശ്വാസത്തിന്റെയും പ്രവര്‍ത്തികളുടെയും അടിസ്ഥാനത്തില്‍ ന്യാവിധി നടത്തും. (2 കൊരിന്ത്യര്‍ 5: 10). നമ്മളുടെ പ്രവര്‍ത്തികള്‍ മരണശേഷവും നമ്മളെ പിന്തുടരുന്നു എന്നു പറയുന്നത് ഈ അര്‍ത്ഥത്തില്‍ ആണ്. (വെളിപ്പാടു 14: 13). 1 കൊരിന്ത്യര്‍ 15: 58 ല്‍ നമ്മളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥം അല്ല എന്നും; 3: 8 ല്‍ ഓരോരുത്തര്‍ക്കും അവരവരുടെ അദ്ധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും, എന്നും പൌലൊസ് പറയുന്നുണ്ട്.

ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ക്കുമ്പോള്‍, അവര്‍ ഇപ്പോഴത്തെ ജഡശരീരത്തോടു കൂടെയല്ല ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. ക്രിസ്തീയ വിശ്വാസികള്‍ക്ക് പുനരുദ്ധാനം പ്രാപിച്ച, മഹത്വരവും, രൂപാന്തരം പ്രാപിച്ചതും, അമര്‍ത്യവും ആയ ശരീരം ലഭിക്കും. (1 കൊരിന്ത്യര്‍ 15: 52, 53). അതായത് അവരുടെ ആത്മാക്കള്‍ രൂപാന്തരം പ്രാപിച്ച ഒരു ശരീരത്തോടാണ് പുനരേകീകരിക്കുന്നത്. ക്രിസ്തീയ വിശ്വാസികള്‍ മരിക്കുമ്പോള്‍, അവരുടെ ആത്മാവു ക്രിസ്തുവിന്‍റെ സന്നിധിയിലേക്കാണ് പോകുന്നത് എന്നു നമ്മള്‍ മുമ്പ് പറഞ്ഞുവല്ലോ. ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, അതേ ആത്മാക്കള്‍ക്ക്, പുനരുദ്ധാനം പ്രാപിച്ച, രൂപാന്തരപ്പെട്ട ഒരു ശരീരം ലഭിക്കുന്നു. ഇത് അവര്‍ക്ക് നിത്യതയില്‍ വസിക്കുവാനായി ലഭിക്കുന്ന അമര്‍ത്യമായ ശരീരം ആണ്. ഇവിടെ ആത്മാവും ശരീരവും വീണ്ടും ഒരുമിച്ച് ചേരുകയാണ്. ഈ പുതിയ ശരീരം, ഉയിര്‍ത്തെഴുന്നേറ്റ നമ്മളുടെ കര്‍ത്താവിന്റെ ശരീരത്തോട് അനുരൂപമായിരിക്കും. (ഫിലിപ്പിയര്‍ 3: 21)

എന്നാല്‍, മരണത്തിന് ശേഷം, രക്ഷിക്കപ്പെടുവാനോ, രക്ഷയുടെ പ്രവര്‍ത്തികള്‍ ചെയ്യുവാനോ ആര്‍ക്കും അവസരം ലഭിക്കുന്നില്ല. ഇത് വളരെ വ്യക്തമായി പൌലൊസ് 2 കൊരിന്ത്യര്‍ 6: 2 ല്‍ പറയുന്നുണ്ട്: ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.” “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു എന്നു എബ്രായര്‍ 9: 27 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരണത്തിന് ശേഷം ന്യായവിധി മാത്രമേയുള്ളൂ.

മരണം നിശ്ചയമാണ്

ഈ ഭൂമിയില്‍ ജനിച്ച എല്ലാവര്‍ക്കും മരണം നിശ്ചയമാണ്. മരണത്തിന് ശേഷമുള്ള ഒരു ജീവിതവും തീര്‍ച്ചയാണ്. എന്നാല്‍, മരണത്തിന് ശേഷം നമ്മള്‍ എവിടെ ആയിരിയ്ക്കും എന്നത് വ്യത്യസ്തം ആയിരിയ്ക്കും. കൃപയാല്‍, യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷ പ്രാപിച്ചവര്‍, ക്രിസ്തുവിനോടൊപ്പം ആയിരിയ്ക്കും. ജീവിച്ചിരിക്കുമ്പോള്‍, ക്രിസ്തുവിലൂടെ ഉള്ള രക്ഷയെ നിരസിച്ചവര്‍ യാതനാ സ്ഥലത്തായിരിക്കും എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. ഒരുവന് അവിശ്വാസിയായി ജീവിക്കുകയും വിശ്വാസിയായി മരിക്കുകയും ചെയ്യുവാന്‍ സാധ്യമല്ല. മരണശേഷം നമ്മളുടെ ആത്മാവ് എവിടെ ആയിരിക്കേണം എന്നു നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ തീരുമാനിക്കേണ്ടുന്ന കാര്യം ആണ്. മരണ ശേഷം, രണ്ടാമതൊരു അവസരമോ, ശുദ്ധീകരണമോ, സ്നാനമോ സാധ്യമല്ല.

മരിച്ചവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുവാന്‍ നമ്മള്‍ ശ്രമിക്കുക ആയിരുന്നുവല്ലോ. മരണം ഒരു മര്‍മ്മം ആയി നിലനില്‍ക്കുന്നതിനാല്‍ അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇവിടെ വിശദീകരിച്ചു എന്നു കരുതുന്നില്ല. എങ്കിലും ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പക്കട്ടെ. 

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

വേദപുസ്തക സംബന്ധമായ എന്തെങ്കിലും സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍, അത് എനിക്ക് Whatsapp ലൂടെ അയച്ചുതരുക. ചോദ്യവും ഉത്തരവും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉപകാരപ്രദമാണ് എങ്കില്‍, സമയ ലഭ്യത അനുസരിച്ച്, ദൈവശാത്രപരമായ മറുപടി നല്‍കുന്നതാണ്. മുകളില്‍ പറഞ്ഞ ഫോണ്‍ നമ്പര്‍ അതിനായി ഉപയോഗിക്കാവുന്നതാണ്.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment