1054 ലെ വലിയ പിളര്‍പ്പ്

ക്രിസ്തീയ സഭാചരിത്രത്തിലെ വലിയ പിളര്‍പ്പ് സംഭവിച്ചത് 1054 ജൂലൈ 16 ആം തീയതി ആണ്. അന്ന്, ഏകശിലയായിരുന്ന ക്രിസ്തീയ സഭ, പടിഞ്ഞാറന്‍ റോമന്‍ സഭയായും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയായും രണ്ടായി പിളര്‍ന്നു. ഈ സംഭവത്തെ 1054 ലെ വലിയ പിളര്‍പ്പ് എന്നും 1054 ലെ പടിഞ്ഞാറന്‍-കിഴക്കന്‍ പിളര്‍പ്പ് എന്നും ചരിത്രത്തില്‍ അറിയപ്പെടുന്നു. ഈ പിളര്‍പ്പിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ നീണ്ട അഭിപ്രായ വ്യത്യാസങ്ങളുടേതാണ്. അനേകം സംഭവങ്ങളുടെ അവസാന ചിത്രമാണ് 1054 ഉണ്ടായ പിളര്‍പ്പ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ എല്ലാം വിശദീകരിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പ്രധാനപ്പെട്ട സംഭവങ്ങളിലോടെ മാത്രം ദ്രുതഗതിയില്‍ സഞ്ചരിച്ചുകൊണ്ട്, ഈ വലിയ പിളര്‍പ്പിന്‍റെ ചരിത്രം ലഘുവായി മനസ്സിലാക്കുവാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

റോമന്‍ സഭാ അദ്ധ്യക്ഷന്‍ ആയിരുന്ന വിശുദ്ധനായ ലിയോ ഒന്‍പതാമന്‍ (Pope St. Leo IX), കിഴക്കന്‍ റോമിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ് നെ (Michael I Cerularius) സഭയില്‍ നിന്നും പുറത്താക്കുകയും, അതിനു മറുപടിയായി, സെറുലേറിയസ് മാര്‍പ്പാപ്പയുടെ പ്രതിനിധികളെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സംഭവം ആണ് വലിയ പിളര്‍പ്പായി അറിയപ്പെടുന്നത്. ഇത് ഒരു പിളര്‍പ്പിന്റെ ആരംഭമോ അവസാനമോ ആയിരുന്നില്ല. ഈ പിളര്‍പ്പോടെ ക്രിസ്തീയ സഭ രണ്ടായി വിഭജിക്കപ്പെട്ട്, പടിഞ്ഞാറന്‍ റോമന്‍ കത്തോലിക്ക സഭയും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും ഉണ്ടായി.

രാക്ഷ്ട്രീയ താല്പര്യങ്ങള്‍, അധികാര തര്‍ക്കങ്ങള്‍, സാംസകാരികവും ഭാഷാപരവുമായ വ്യത്യാസങ്ങള്‍,  ദൈവശാസ്ത്രവും സഭാ ഭരണ സംവിധാനവും സംബന്ധിച്ച വിഭിന്ന കാഴ്ചപ്പാടുകള്‍, വ്യത്യസ്ഥമായ ആരാധന രീതികളും ആചാരങ്ങളും എന്നിവയെല്ലാം പിളര്‍പ്പിന് കാരണമായി. റോമന്‍ സാമ്രാജ്യത്തിന്റെ വിഭജനത്തിന് ശേഷം, പടിഞ്ഞാറന്‍ റോമും കിഴക്കന്‍ റോമും വ്യത്യസ്തങ്ങള്‍ ആയ തത്ത്വശാസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ടു. അതിനാല്‍ അവര്‍ ഒരേ ഉപദേശസത്യത്തെ വ്യത്യസ്ഥമായ രീതികളില്‍ മനസ്സിലാക്കി. ഇതെല്ലാം വലിയ പിളര്‍പ്പിന് കാരണമായി.   

ചരിത്ര പശ്ചാത്തലം

യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും കാലത്ത് ഒന്നായിരുന്ന റോമന്‍ സാമ്രാജ്യം, പിന്നീട് രണ്ടായി വിഭജിക്കപ്പെട്ടതാണ് വലിയ പിളര്‍പ്പിന്റെ ചരിത്ര പശ്ചാത്തലം. റോമന്‍ സാമ്രാജ്യം, അതിന്റെ ഉന്നതിയില്‍, ഏകദേശം 20 ലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണവും, ഏകദേശം 3 ഭൂഘണ്ഡങ്ങളില്‍ ആയി വ്യാപിച്ച് കിടക്കുന്നതും ആയിരുന്നു. അതിന്റെ വിസ്തൃതി കാരണം, ഒരു തലസ്ഥാനത്ത് നിന്നുകൊണ്ട് ഒരു ചക്രവര്‍ത്തിക്ക് അതിനെ ഭരിക്കുവാന്‍ അസാധ്യമായി തീര്‍ന്നു. സാമ്രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ അരാജകത്വവും നിയമരാഹിത്യവും നിലനിന്നു. മാത്രവുമല്ല, ചുറ്റിനുമുണ്ടായിരുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍, അതിര്‍ത്തികളെ ആക്രമിച്ചുകൊണ്ടിരുന്നു. അതിനാല്‍, AD 285 ല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി (Emperor Diocletian), റോമന്‍ സാമ്രാജ്യത്തെ പ്രധാനമായും രണ്ടായി വിഭജിച്ചു. എന്നാല്‍ പ്രായോഗികമായി അദ്ദേഹം സാമ്രാജ്യത്തെ നാല് ഭരണ പ്രവിശ്യകളായി വിഭജിക്കുകയാണ് ഉണ്ടായത്. അങ്ങനെ റോമന്‍ സാമ്രാജ്യത്തില്‍ നാല് ഭരണകര്‍ത്താക്കളുടെ കൂട്ടായ്മയായ, ടെട്രാര്‍ക്കി (Tetrarchy) എന്ന സംവിധാനം നിലവില്‍ വന്നു. പിന്നീട് പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യം കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെയും (Constantine) കിഴക്കന്‍ റോമന്‍ സാമ്രാജ്യം ലൈസിനസ് ചക്രവര്‍ത്തിയുടെയും (Licinus) കീഴില്‍ ആയി. 312 ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍, അദ്ദേഹം ക്രിസ്തുമതത്തെ പടിഞ്ഞാറന്‍ റോമിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍, കിഴക്കന്‍ റോമിലും ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുവാന്‍ ലൈസിനസ് (Licinus) ചക്രവര്‍ത്തിയും സമ്മതിച്ചു. എന്നാല്‍ ലൈസിനസ് (Licinus) ഇതില്‍ വീഴ്ചവരുത്തി. അതിനാല്‍, കോണ്‍സ്റ്റാന്‍റൈന്‍ കിഴക്കന്‍ റോമിനെ ആക്രമിക്കുകയും, യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ റോമന്‍ സാമ്രാജ്യം വീണ്ടും ഒന്നായി മാറി. കോണ്‍സ്റ്റാന്‍റൈന്‍ അതിന്റെ ഏക ചക്രവര്‍ത്തിയും ആയി.      

കോണ്‍സ്റ്റാന്‍റൈന്‍ ക്രിസ്തുമതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നത് 313 ല്‍ ആണ്. അതോടെ, ക്രിസ്ത്യാനികള്‍ക്ക് എതിരായ പീഡനങ്ങള്‍ അവസാനിക്കുകയും, ക്രിസ്തു വിശ്വസം വിശാലമായ സാമ്രാജ്യത്തിലും അയല്‍ രാജ്യങ്ങളിലും വേഗത്തില്‍ പരക്കുകയും ചെയ്തു. പിന്നീട്, കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമില്‍ നിന്നും കിഴക്കന്‍ റോമിലെ ബൈസാന്‍റിയം (Byzantium) എന്ന പട്ടണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. റോം ലാറ്റിന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമായിരുന്നു എങ്കില്‍, കിഴക്ക് ബൈസാന്‍റിയം ഗ്രീക്ക് ഭാഷാ പ്രദേശം ആയിരുന്നു. അദ്ദേഹം ആ പട്ടണത്തെ, കോന്‍സ്റ്റാന്റിനോപ്പിള്‍ (Constantinople) എന്ന് പുനര്‍ നാമകരണം ചെയ്തു. അതിനെ “പുതിയ റോം “ എന്നും വിളിച്ചു.

കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മരണശേഷം സാമ്രാജ്യം മൂന്നായി വിഭജിക്കപ്പെട്ടു. 379 ല്‍ തിയോഡോസിയുസ് ഒന്നാമന്‍ (Theodosius I) കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആയി. 392 ല്‍ അദ്ദേഹം സംയുക്ത റോമന്‍ സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായി. എന്നാല്‍ 395 ല്‍, തിയോഡോസിയൂസ് റോമന്‍ സാമ്രാജ്യത്തെ വീണ്ടും രണ്ടായി വിഭജിച്ചു. സാമ്രാജ്യത്തിന്റെ പശ്ചിമ ഭാഗം അദ്ദേഹത്തിന്റെ ഇളയ പുത്രനായ ഹോണോറിയസിന് (Honorius) നല്കി. കിഴക്കന്‍ സാമ്രാജ്യം മൂത്ത പുത്രനായ അര്‍ക്കാഡിയസിന് (Arcadius) നല്കി. രണ്ടു ഭാഗങ്ങളും റോമന്‍ സാമ്രാജ്യം എന്ന് തന്നെ അറിയപ്പെട്ടു. പടിഞ്ഞാറന്‍ റോമിന്, “വിശുദ്ധ റോമന്‍ സാമ്രാജ്യം “ എന്നും കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന് ബൈസാന്റൈന്‍ സാമ്രാജ്യം എന്നും പേര്‍ ഉണ്ടായിരുന്നു. (Holy Roman Empire and Byzantine Empire). ഇവരുടെ തലസ്ഥാനം റോമും, കോന്‍സ്റ്റാന്റിനോപ്പിളും ആയിരുന്നു. പിന്നീട് ഒരിയ്ക്കലും റോമന്‍ സാമ്രാജ്യം ഒന്നായി ചേര്‍ക്കപ്പെട്ടില്ല.

നിര്‍ഭാഗ്യവശാല്‍, തിയോഡോസിയൂസിന്റെ മക്കള്‍ കഴിവുള്ള ഭരണകര്‍ത്താക്കള്‍ ആയിരുന്നില്ല. 410 ല്‍ വിസിഗോത്ത്സ് (Visigoths) എന്ന് അറിയപ്പെട്ടിരുന്ന ഒരു ഗോത്ര വര്‍ഗ്ഗവും 455 ല്‍ വാണ്ടല്‍സ് (Vandal) എന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു കൂട്ടരും പടിഞ്ഞാറന്‍ റോമിനെ ആക്രമിക്കുകയും റോമന്‍ സാമ്രാജ്യത്തിന്റെ അതിരിനുള്ളില്‍ അവരുടെ സ്വതന്ത്ര രാജ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

479 ല്‍ വിസിഗോത്ത്സ് വര്‍ഗ്ഗക്കാര്‍ പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തെ കീഴടക്കി. 480 ല്‍ ഫ്ലേവിയസ് ഒഡാസെര്‍ (Flavius Odoacer), റോമിലെ അവസാനത്തെ ചക്രവര്‍ത്തിയായിരുന്ന റൊമുലസ് അഗസ്റ്റലസിനെ (Romulus Augustulus) പരാജയപ്പെടുത്തി, റോമിലെ രാജാവായി. അദ്ദേഹം ചക്രവര്‍ത്തി എന്ന പേര് ഉപയോഗിച്ചില്ല. ഇതോടെ, പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യം ഇല്ലാതെയായി. 

എന്നാല്‍ പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ വീഴ്ചയ്ക്ക് ശേഷവും, ഏകദേശം 1000 വര്‍ഷങ്ങളോളം, കിഴക്കന്‍ റോമര്‍ സാമ്രാജ്യം നിലനിന്നു. അവര്‍ പേര്‍ഷ്യ, അറബ് എന്നീ ശത്രുരാജ്യങ്ങളോട് നിരന്തരം യുദ്ധം ചെയ്തു.

എങ്കിലും 1453 മെയ് 29 ആം തീയതി, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ആക്രമണത്തില്‍,  കോന്‍സ്റ്റാന്റിനോപ്പിള്‍ വീണു. കോണ്‍സ്റ്റാന്‍റൈന്‍  പതിനൊന്നാമന്‍ (Constantine XI) ആയിരുന്നു കിഴക്കന്‍ റോമിന്റെ അവസാനത്തെ രാജാവ്.

സഭാപരമായ പശ്ചാത്തലം

റോമിലെ ക്രിസ്തീയ സഭ, യേശുക്രിസ്തുവിന്‍റെ ശിഷ്യന്‍ ആയിരുന്ന വിശുദ്ധ പത്രൊസ്, അപ്പൊസ്തലനായ പൌലൊസ് എന്നിവര്‍ സ്ഥാപിച്ചതാണ് എന്നാണ് പാരമ്പര്യ വിശ്വസം. എന്നാല്‍ ഇതിന് യാതൊരു ചരിത്ര തെളിവുകളും ഇല്ല. റോമര്‍ക്ക് എഴുതിയ ലേഖനം, അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന ഒരു സഭയ്ക്ക് എഴുതിയ ലേഖനമാണ്. അത് പൌലൊസ് സ്ഥാപിച്ചതല്ല എന്ന് ലേഖനം വായിച്ചാല്‍ മനസ്സിലാകും. അതില്‍ പത്രൊസിനെക്കുറിച്ച് യാതൊരു പരാമര്‍ശവും കാണുന്നില്ല. ഇത് റോമിലെ സഭ മറ്റാരോ, അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് എന്നതിന്റെ തെളിവാണ്. പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിലെ സഭ അവിടെയുള്ള വിശ്വാസികള്‍ തന്നെ ആരംഭിച്ചതായിരിക്കേണം. പെന്തക്കോസ്ത് നാളില്‍, യെരൂശലേമിലേക്ക് പോയിരുന്ന യഹൂദന്മാര്‍, അവിടെ പത്രൊസിന്റെ പ്രസംഗം കേള്‍ക്കുകയും മാനസാന്തരപ്പെടുകയും ചെയിട്ടുണ്ടാകേണം. അവര്‍ തിരികെ വന്നു ആരംഭിച്ചതാണ് റോമിലെ സഭ. റോമിലെ സഭയില്‍ യഹൂദന്മാരും ജാതീയ വിശ്വാസത്തില്‍ നിന്നു രക്ഷിക്കപ്പെട്ടവരും ഉണ്ടായിരുന്നു. അതിനു ശേഷം പത്രോസിനും പൌലൊസിനും ആ സഭയുമായി ബന്ധം ഉണ്ടായി. പത്രൊസ് റോമില്‍ താമസിച്ച് അവിടെയുള്ള സഭയ്ക്ക് നേതൃത്വം നല്കി എന്നതിന് ചരിത്ര തെളിവുകള്‍ ഇല്ലാ എങ്കിലും അതിന്റെ സാധ്യതകള്‍ തള്ളിക്കളയുവാന്‍ സാധ്യമല്ല.

പത്രൊസ് റോമിലെ സഭയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു എന്ന പാരമ്പര്യം ഉടലെടുത്തത് ഒന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മാത്രമാണ്. രണ്ടാം നൂറ്റാണ്ടില്‍ സിറിയയിലെ അന്ത്യോക്യയില്‍ ബിഷപ്പ് ആയിരുന്ന വിശുദ്ധനായ ഇഗ്നേഷ്യസ് (St. Ignatius) റോമിലെ സഭയ്ക്ക് എഴുതിയ ഒരു കത്തില്‍ ആണ് പത്രൊസ് റോമിലെ സഭയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു എന്ന പരാമര്‍ശം ആദ്യമായി കാണുന്നത്. ഈ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍, പത്രൊസ് റോമിലെ സഭയുടെയും അങ്ങനെ സകല ക്രിസ്തീയ സഭയുടെയും ആദ്യത്തെ മാര്‍പ്പാപ്പ ആയിരുന്നു എന്ന് കത്തോലിക്ക സഭ വിശ്വസിക്കുന്നു.

ക്രിസ്തീയ സഭയിലെ വലിയ പിളര്‍പ്പ് ആരംഭിക്കുന്നത് റോമന്‍ സാമ്രാജ്യത്തിന്റെ വിഭജനത്തോടെ ആണ് എന്ന് പറയാം. സഭയുടെ പിളര്‍പ്പ് അഞ്ചാം നൂറ്റാണ്ടില്‍ ആരാംഭിച്ചു 11 ആം നൂറ്റാണ്ടില്‍ പാരമത്യത്തില്‍ എത്തിച്ചേര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്‍റെ തകര്‍ച്ച, പടിഞ്ഞാറന്‍, കിഴക്കന്‍ വിഭാഗങ്ങള്‍ക്കിടയിലെ അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. പടിഞ്ഞാറന്‍ റോം, കിഴക്കന്‍ റോമിനുമേല്‍ അധീശത്വം  അവകാശപ്പെട്ടതും അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി.  

അന്ന് ക്രിസ്തീയ സഭയില്‍ പ്രധാനമായും അഞ്ചു പാത്രിയര്‍ക്കീസുകള്‍ ആണ് ഉണ്ടായിരുന്നത്. അവ റോം, കോണ്‍സ്റ്റാന്റ്റിനോപ്പിള്‍, അലക്സാന്‍ഡ്രിയ, അന്ത്യോക്യ, യെരൂശലേം എന്നിവിടങ്ങളിലെ പാത്രിയര്‍ക്കീസുകള്‍ ആയിരുന്നു. ഈ പാത്രിയാര്‍ക്കീസുകള്‍ക്ക് എല്ലാം ഓരോ തലവനും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഓരോ പാത്രിയര്‍ക്കീസില്‍ ഉള്‍പ്പെട്ട സഭകളുടെമേല്‍ സ്വതന്ത്ര അധികാരവും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ ക്രിസ്തീയ സഭകളുടെമേലും റോമിന് പരമാധികാരം ഉണ്ട് എന്നായിരുന്നു പടിഞ്ഞാറന്‍ റോമന്‍ സഭയുടെ വാദം. മറ്റുള്ളവര്‍, പ്രത്യേകിച്ച്, കോണ്‍സ്റ്റാന്റ്റിനോപ്പിളിലെ പാത്രിയര്‍ക്കീസ്, ഇതിനെ ശക്തമായി എതിര്‍ത്തു. 4 ആം നൂറ്റാണ്ടു ആയപ്പോഴേക്കും കിഴക്കന്‍ റോമന്‍ സാമ്രാജ്യമായ ബൈസാന്റൈന്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍, സഭയുടെ അധികാരത്തിലും ഇടപ്പെടുവാന്‍ തുടങ്ങി. സഭാകാര്യങ്ങളില്‍ ചക്രവര്‍ത്തിമാരുടെ ഇടപെടലിനെ റോമന്‍ സഭയുടെ മാര്‍പ്പാപ്പ എതിര്‍ത്തപ്പോള്‍ കിഴക്കന്‍ സഭ അതിനെ അനുകൂലിച്ചു.  

പടിഞ്ഞാറന്‍ റോമിലെ ജനങ്ങളുടെയും കിഴക്കന്‍ സാമ്രാജ്യത്തിലെ ജനങ്ങളുടെയും ചിന്താരീതികളില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. പടിഞ്ഞാറന്‍ റോമിലുള്ളവരെ, റോമന്‍ സംസ്കാരവും നിയമങ്ങളും സ്വാധീനിച്ചു. അതുകൂടാതെ, കാലാകാലങ്ങളില്‍ റോമന്‍ സാമ്രാജ്യം കീഴടക്കി, കൂട്ടി ചേര്‍ത്ത രാജ്യങ്ങളുടെയും ജനങ്ങളുടെയും, അവരുടെ മതങ്ങളുടെയും സംസ്കാരവും ഇടകലര്‍ന്നു. അവര്‍ ലാറ്റിന്‍ ഭാഷ സംസാരിച്ചു. കിഴക്കന്‍ സാമ്രാജ്യത്തിലെ ജനങ്ങള്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവര്‍ ആയിരുന്നു. അവരെ, ഗ്രീക്ക്, ഈജിപ്റ്റ്, യഹൂദ്യ എന്നിവിടങ്ങളിലെ തത്ത്വചിന്തകള്‍ സ്വാധീനിച്ചിരുന്നു. ഇരുവശത്തും ഉള്ള ക്രിസ്തീയ വിശ്വാസികള്‍ അഭിമുഖീകരിച്ചത് വ്യത്യസ്തങ്ങള്‍ ആയ വെല്ലുവിളികളെ ആണ്. അവയ്ക്കെല്ലാം അവര്‍ വ്യത്യസ്തങ്ങള്‍ ആയ ഉത്തരം കണ്ടെത്തി എന്നത് സ്വാഭാവികം മാത്രമാണ്.

ഈ സ്വാഭാവിക വിഭിന്നത കാരണം ഇരുകൂട്ടരും വ്യതസ്തങ്ങള്‍ ആയ ചിന്താധാരകളും, ആരാധനാ രീതികളും, ഉപദേശങ്ങളും രൂപപ്പെടുത്തി. അതിനാല്‍ തന്നെ, അവര്‍ വിവിധ വിഷയങ്ങളില്‍, പരസ്പരം അകന്നുകൊണ്ടേയിരുന്നു. ഈ അകല്‍ച്ച 6 നൂറ്റാണ്ടുകള്‍ തുടര്‍ന്നു. അതിനു ഏകീകൃതമായ ഒരു പരിഹാരം കണ്ടെത്തുവാന്‍ ഇരു സഭാ വിഭാഗങ്ങള്‍ക്കും കഴിഞ്ഞില്ല.

1054 ലെ വലിയ പിളര്‍പ്പിന്റെ ചരിത്രം

ക്വാര്‍ട്ടോഡെസിമെന്‍ വിവാദം (Quartodeciman controversy  - 2-8 നൂറ്റാണ്ടുകള്‍)

വിക്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലത്തുണ്ടായ ക്വാര്‍ട്ടോഡെസിമെന്‍ വിവാദം (Quartodeciman controversy) ആണ്, പിന്നീട് ഉണ്ടായ വലിയ പിളര്‍പ്പിന്റെ വിത്തുകള്‍ പാകിയത് എന്നാണ് ക്രിസ്തീയ പണ്ഡിതന്മാര്‍ കരുതുന്നത്. ലാറ്റിന്‍ ഭാഷയെ റോമന്‍ സഭയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് വിക്ടര്‍ മാര്‍പ്പാപ്പ ആണ്.

ക്വാര്‍ട്ടോഡെസിമെന്‍ വിവാദം, സഭ എന്ന് ഈസ്റ്റര്‍ ആഘോഷിക്കേണം എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ആണ്. ഈസ്റ്റര്‍, യഹൂദന്മാരുടെ പെസഹാ ആചാരണത്തോടൊപ്പം ആഘോഷിക്കണമോ അതോ അതിനുശേഷം വരുന്ന ഞായറാഴ്ച ആഘോഷിച്ചാല്‍ മതിയോ? ഈ തര്‍ക്കം രണ്ടാം നൂറ്റാണ്ടുമുതല്‍ എട്ടാം നൂറ്റാണ്ടുവരെ സഭയില്‍ തുടര്‍ന്നു. 

ഏഷ്യന്‍ പ്രദേശങ്ങളില്‍ ഉള്ള ക്രിസ്തീയ സഭകള്‍, ആരംഭം മുതല്‍ തന്നെ, ഈസ്റ്റര്‍, യഹൂദന്മാരുടെ പെസഹയോടൊപ്പം ആചരിച്ചു. അതൊരു ഞായറാഴ്ച ആകേണം എന്നു നിര്‍ബന്ധം ഇല്ലായിരുന്നു. എന്നാല്‍, പിന്നീട് കൂടിയ ചില സുന്നഹദോസുകള്‍, ഈസ്റ്റര്‍ യഹൂദന്മാരുടെ പെസഹയ്ക് ശേഷം വരുന്ന ഞായറാഴ മാത്രമേ ആഘോഷിക്കാവുള്ളൂ എന്നു തീരുമാനിച്ചു. വിക്ടര്‍ മാര്‍പ്പാപ്പയുടെ കാലത്ത്, റോമില്‍ ഈ തീരുമാനം നിലവിലിരുന്നു. എന്നാല്‍, ഏഷ്യന്‍ പ്രദേശങ്ങളിലെ സഭകള്‍ പഴയ രീതി തന്നെ തുടര്‍ന്നു. അതിനാല്‍, ഈസ്റ്റര്‍ ഞായറാഴ്ച തന്നെ ആഘോഷിക്കേണം എന്നു മാര്‍പ്പാപ്പ കല്‍പ്പന ഇറക്കി. ഇത് നിരസിച്ച എഫസൊസിലെ ബിഷപ്പ് ആയിരുന്ന പൊളിക്രാറ്റസ് നെ (Polycrates) സഭയില്‍ നിന്നും പുറത്താക്കും എന്നു മാര്‍പ്പാപ്പ ഭീഷണി മുഴക്കി. എന്നാല്‍ റോമില്‍ തന്നെ ഉള്ള ചില ബിഷപ്പുമാര്‍ പൊളിക്രാറ്റസ് നെ പുറത്താക്കുന്നതിനോട് വിയോജിച്ചതിനാല്‍, മാര്‍പ്പാപ്പ അത് നടപ്പിലാക്കിയില്ല. 

ഈ സംഭവം, ആഗോള ക്രൈസ്തവ സഭകളുടെ മേല്‍ റോമിലെ മാര്‍പ്പാപ്പയ്ക്ക് നിയന്ത്രണാധികാരം ഉണ്ടായിരുന്നു എന്നു കാണിക്കുന്നു. അന്ന് ആരും, റോമന്‍ മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തില്ല. എന്നാല്‍ ചില ബിഷപ്പ്മാര്‍, പൊളിക്രാറ്റസ് നെ പുറത്താക്കുന്നത് ഔചിത്യമല്ല എന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയും ക്രിസ്തീയ സഭയും

ഒന്നാം നൂറ്റാണ്ടുമുതല്‍ നാലാം നൂറ്റാണ്ടിന്‍റെ ആരംഭകാലം വരെ ക്രിസ്തീയ സഭ, വിവിധ റോമന്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തില്‍, ക്രൂരമായ പീഡനങ്ങളിലൂടെ കടന്നു പോയി. എന്നാല്‍ 306 മുതല്‍ 337 വരെ റോമിന്‍റെ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്‍റൈന്‍ ഈ സ്ഥിതിക്ക് വ്യത്യാസം വരുത്തി. അദ്ദേഹം ഒരു പടിഞ്ഞാറന്‍ റോമന്‍ സൈന്യാധിപന്‍ ആയിരുന്നപ്പോള്‍ ഉണ്ടായ ഒരു യുദ്ധത്തില്‍, ശത്രുക്കളുടെമേല്‍ ജയിക്കുവാന്‍ സഹായിച്ചത്, ക്രിസ്തീയ ദൈവമാണ് എന്നു അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ യോദ്ധാനന്തരം, 312 ല്‍ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. അതിനു ശേഷം അദ്ദേഹം, കിഴക്കന്‍ റോമിലെ ഭരണാധികാരിയായിരുന്ന ലൈസിനസ് (Licinus) നെ സ്വാധീനിച്ച്, സാമ്രാജ്യത്തില്‍ ക്രിസ്തുമതത്തോടുള്ള സഹിഷ്ണത വിളംബരം ചെയ്തു. ഈ വിളംബരമാണ്, “എഡിക്റ്റ് ഓഫ് മിലാന്‍” (Edict of Milan) എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കോണ്‍സ്റ്റന്‍റൈന്‍ 313 ഫെബ്രുവരിയിലും ലൈസിനസ് ജൂണിലും ഈ വിളംബരം പ്രഖ്യാപിച്ചു.  

നിഖ്യായിലെ കൌണ്‍സില്‍ (325 AD)

ക്രിസ്തീയ വിശ്വാസികള്‍ക്കിടയിലെ ആശയവ്യത്യാസങ്ങളെ ഏകീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ, കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, ഗ്രീക്കിലെ നിഖ്യാ എന്ന സ്ഥലത്ത് വച്ച് ആദ്യത്തെ എക്യൂമിനിക്കല്‍ കൌണ്‍സില്‍ വിളിച്ച് ചേര്‍ത്തു. ഇതില്‍ വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന, എല്ലാ പ്രദേശങ്ങളിലെയും സഭകളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ ആണ് അതിനെ “എല്ലാ ക്രിസ്തീയ സഭകള്‍ക്കും പൊതുവായ “ എന്ന അര്‍ത്ഥത്തില്‍ എക്യൂമിനിക്കല്‍ എന്നു വിളിച്ചത്.

അന്നത്തെ പ്രധാന വെല്ലുവിളി, ഏരിയനിസം (Arianism) എന്നു അറിയപ്പെട്ടിരുന്ന വിരുദ്ധ ഉപദേശം ആയിരുന്നു. ഇതിന്‍റെ ഉപഞ്ജാതാവ് ഏരിയസ് (Arius) എന്ന അലക്സാന്‍ഡ്രിയന്‍ പുരോഹിതന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ ആയിരുന്നു: യേശുക്രിസ്തു ഒരു പുരാതന സൃഷ്ടി മാത്രം ആണ്. അതിനാല്‍, യേശു പിതാവായ ദൈവത്തിന്റെ സത്വം വഹിക്കുന്നില്ല. ക്രിസ്തുവിന് സൃഷ്ടിക്കപ്പെട്ട, നിശ്ചിതമായ ഒരു പ്രകൃതി ആണ് ഉള്ളത്. പിതാവായ ദൈവത്തോട് തുല്യമായ ദൈവീകത്വം യേശുവിന് ഇല്ല. അതിനാല്‍ ക്രിസ്തുവിന്‍റെ സ്ഥാനം പിതാവായ ദൈവത്തിനും താഴെയാണ്.

നിഖ്യായിലെ കൌണ്‍സില്‍, ഈ വിരുദ്ധ ഉപദേശത്തെ അപ്പാടെ ഖണ്ഡിക്കുകയും തള്ളിക്കളയുകയും ചെയ്തു. യേശുക്രിസ്തു, സത്യ ദൈവവും, പിതാവായ ദൈവത്തോട് ഏക സത്വവും ഉള്ളവന്‍ ആണ് എന്ന് കൌണ്‍സില്‍ പ്രഖ്യാപിച്ചു. എല്ലാ ക്രൈസ്തവ സഭകളും അംഗീകരിക്കുന്ന, നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ ആദ്യ രൂപം തയ്യാറാക്കിയത് നിഖ്യാ കൌണ്‍സില്‍ ആണ്. എന്നാല്‍ ഈ കൌണ്‍സിലില്‍ ക്രൈസ്തവ സഭയിലെ ആശയ വ്യത്യാസങ്ങള്‍ എല്ലാം പരിഹരിക്കുവാന്‍ കഴിഞ്ഞില്ല. 

നിഖ്യാ കൌണ്‍സിലിന്‍റെ മറ്റ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇവയായിരുന്നു: റോമിലെയും അലെക്സാന്‍ഡ്രിയയിലെയും സഭാ മേലദ്ധ്യക്ഷന്‍മാര്‍ക്ക് അവരുടെ പ്രദേശങ്ങള്‍ക്ക് വെളിയില്‍ ഉള്ള സഭകളുടെമേലും അധികാരം ഉണ്ടായിരിക്കും. അന്ത്യോക്യയിലെ സഭയ്ക്ക്, അന്ന് അവര്‍ അനുഭവിച്ചിരുന്ന എല്ലാ അധികാരങ്ങളും തുടര്‍ന്നും ഉണ്ടായിരിക്കും. യെരൂശലേമിലെ സഭയെയും പ്രത്യേക പദവിയും അധികാരവും ഉള്ളതായി അംഗീകരിച്ചു. സഭയിലെ ഈ അധികാര കേന്ദ്രങ്ങളെ പിന്നീട്, പാത്രിയര്‍ക്കീസുകള്‍ എന്ന് വിളിച്ചു. അങ്ങനെ നിഖ്യാ കൌണ്‍സില്‍ അനുസരിച്ച്, നാല് പാത്രിയര്‍ക്കീസുകള്‍ നിലവില്‍ വന്നു. അവയുടെ മുന്‍ഗണനാ ക്രമം ഇങ്ങനെ ആയിരുന്നു: റോം, അലെക്സാന്‍ഡ്രിയ, അന്ത്യോക്യ, യെരൂശലേം.

കോണ്‍സ്റ്റാന്‍റിനോപ്പിളിളിന്റെ അവകാശവാദം

നമ്മള്‍ ഇതുവരെ മനസ്സിലാക്കിയതുപോലെ, 330 ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമില്‍ നിന്നും കിഴക്ക് ബൈസാന്റിയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ബൈസാന്‍റിയം ആണ് പിന്നീട് കോന്‍സ്റ്റാന്റിനോപ്പിള്‍ എന്ന് അറിയപ്പെട്ടത്. അങ്ങനെ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം ബൈസാന്‍റിയം ആയി, റോമിന്റെ പ്രഭാവം നഷ്ടപ്പെട്ടു.

അന്ന്, ബൈസാന്റിയത്തിലെ ക്രിസ്തീയ സഭയുടെ ബിഷപ്പ്, ഗ്രീക്ക് പട്ടണമായ ഹെരാക്ലിയയിലെ മെത്രാപ്പോലീത്തയുടെ അധികാര പരിധിയില്‍ ആയിരുന്നു. എന്നാല്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം, ബൈസാന്‍റിയം ആയപ്പോള്‍, അവിടെയുള്ള ബിഷപ്പിന് ചക്രവര്‍ത്തിയുമായി അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞു. അങ്ങനെ, ക്രമേണ, കോന്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ്പ്, ഹെരാക്ലിയയിലെ മെത്രാപ്പോലീത്തയുടെ അധികാര പരിധിയില്‍ നിന്നും അകന്നുമാറി. കോന്‍സ്റ്റാന്റിനോപ്പിളിലെ സഭ അതിന്റെതായ അധികാരപരിധിയില്‍ ആയി.

എഡിക്റ്റ് ഓഫ് തെസ്സലോനീക്യ 

379 ല്‍ തിയോഡോസിയുസ് ഒന്നാമന്‍ (Theodosius I) കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആയി. ഈ കാലത്ത്, ഏരിയനിസം എന്ന വിരുദ്ധ ഉപദേശം, കിഴക്കന്‍ സഭയില്‍ വളരെ പ്രചാരം നേടിയിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ സഭ, നിഖ്യാ വിശ്വാസത്തില്‍ ഉറച്ചു നിന്നു. ഈ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി, 380 ഫെബ്രുവരി 27 ആം തീയതി, എഡിക്റ്റ് ഓഫ് തെസ്സലൊനീക്യ (Edict of Thessalonica) എന്ന് അറിയപ്പെടുന്ന രാജകീയ വിളംബരം പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ റോമിലെ ഭരണാധികാരി ആയിരുന്ന, ഗ്രേഷിയന്‍, അദ്ദേഹത്തിന്റെ സഹഭരണാധികാരി ആയിരുന്ന വലെന്‍റൈനിയന്‍ രണ്ടാമന്‍, കിഴക്കന്‍ റോമിന്‍റെ ഭരണാധികാരി ആയിരുന്ന തിയോഡോസിയുസ് ഒന്നാമന്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്നാണ് ഈ രാജകീയ വിളംബരം പ്രഖ്യാപിച്ചത് (Gratian, Valentinian II and Theodosius I ). ഇതിന്റെ പിന്നില്‍ തെസ്സലൊനീക്യയിലെ ബിഷപ്പ് ആയിരുന്ന അസ്കോലിയസിന്റെയും പോപ്പ് ദമാസൂസിന്റെയും സ്വാധീനവും ഉണ്ടായിരുന്നു (Ascholius, Pope Damasus).

എഡിക്റ്റ് ഓഫ് തെസ്സലൊനീക്യ, നിഖ്യാ വിശ്വാസപ്രമാണ പ്രകാരമുള്ള ക്രിസ്തീയ വിശ്വാസത്തെ റോമന്‍ സാമ്രാജ്യത്തിന്റെ മതമായി പ്രഖ്യാപിച്ചു. ഏരിയനിസം എന്ന വിരുദ്ധ ഉപദേശത്തെ ഭ്രാന്തന്‍മാരുടെ ആശയമായും, അതിനെ അനുകൂലിക്കുന്നവരെ പീഡിപ്പിക്കുവാനും ഉത്തരവുണ്ടായി. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിയേക ദൈവത്തിലുള്ള വിശ്വാസത്തെയും അതില്‍ പ്രഖ്യാപിച്ചു. എല്ലാ ക്രിസ്തീയ വിശ്വാസികളും, സാര്‍വ്വദേശീയം എന്ന അര്‍ത്ഥത്തില്‍, കത്തോലിക്ക ക്രിസ്ത്യാനികള്‍ എന്ന പേര് സ്വീകരിക്കേണം എന്നും എല്ലാ ബിഷപ്പുമാരും റോം,  അലക്സാന്‍ഡ്രിയ എന്നിവിടങ്ങളിലെ പാത്രിയര്‍ക്കീസുമാരുടെ വിശ്വാസം പിന്തുടരേണം എന്നും പ്രഖ്യാപിച്ചു.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഒന്നാമത്തെ കൌണ്‍സില്‍

കിഴക്കന്‍ സാമ്രാജ്യത്തില്‍, സഭയും ചക്രവര്‍ത്തിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍, കോണ്‍സ്റ്റന്‍റിനോപ്പിളിന്റെ ബിഷപ്പിന് കൂടുതല്‍ അധികാരവും പ്രാധാന്യവും വേണം എന്ന ചിന്തയുണ്ടായി. അതിനാല്‍ 381 ല്‍, ബൈസാന്റൈന്‍ ചക്രവര്‍ത്തി ആയിരുന്ന തിയോഡോസിയുസ് ഒന്നാമന്‍ “കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഒന്നാമത്തെ കൌണ്‍സില്‍ “ എന്നു അറിയപ്പെടുന്ന ആലോചനസമിതി വിളിച്ച് ചേര്‍ത്തു. ഇത്, രണ്ടാമത്തെ എക്യൂമിനിക്കല്‍ കൌണ്‍സില്‍ എന്നും അറിയപ്പെടുന്നു. ഈ കൌണ്‍സിലില്‍ ത്രിത്വ ഉപദേശം അന്തിമമായി പ്രഖ്യാപിക്കപ്പെട്ടു.

കോണ്‍സ്റ്റന്‍റിനോപ്പിളിനെ ഒരു പാത്രിയര്‍ക്കീസായായി ഉയര്‍ത്തിയതാണ് ഈ കൌണ്‍സിലിലെ പ്രധാന തീരുമാനം. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പുതിയ റോം ആയതിനാല്‍, അവിടെയുള്ള സഭാകേന്ദ്രം മറ്റ് പാത്രിയര്‍ക്കീസുകളെക്കാള്‍ ഉയര്‍ന്നതാണ് എന്നും മുന്‍ ഗണനാ ക്രമത്തില്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് റോമിലെ മാര്‍പ്പാപ്പയ്ക്ക് തൊട്ട് ശേഷം ആയിരിയ്ക്കും എന്നും പ്രഖ്യാപനം ഉണ്ടായി.

ഈ തീരുമാനം, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസും റോമിലെ മാര്‍പ്പാപ്പയും തമ്മിലുള്ള അധികാര വടംവലിക്ക് ശക്തി പകര്‍ന്നു. ഈ കൌണ്‍സിലില്‍, പടിഞ്ഞാറന്‍ സഭയില്‍ നിന്നും മാര്‍പ്പാപ്പയുടെ ഔദ്യോഗിക പ്രതിനിധി ആയി ആരും പങ്കെടുത്തിരുന്നില്ല. അതിനാല്‍, അന്ന് അവര്‍ അതിനെ എക്യൂമിനിക്കല്‍ കൌസിലായി അംഗീകരിച്ചില്ല. ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് ശേഷം, 6 ആം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്താണ്, റോമിലെ സഭ ഈ കണ്‍സിലിനെ അംഗീകരിക്കുന്നത്.  

ക്രമേണ, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ, റോമിലെ സഭയെക്കാള്‍ കൂടുതല്‍ രാക്ഷ്ട്രീയ ശക്തി പ്രാപിച്ചു. എന്നാല്‍, സഭയുടെ അധികാരം, രാക്ഷ്ട്രീയ ശക്തിയല്ല എന്നും, അത് അപ്പൊസ്തലനായ പത്രൊസിനാല്‍ സ്ഥാപിക്കപ്പെട്ട സഭയ്ക്ക് ഉള്ളതാണ് എന്നും റോമിലെ സഭ അവകാശപ്പെട്ടു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ ഒരു അപ്പോസ്തലന്‍ സ്ഥാപിച്ചതല്ല എന്ന് അവര്‍ വാദിച്ചു. എന്നാല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ സ്ഥാപിച്ചത് അപ്പൊസ്തലനായ അന്ത്രെയാസ് ആണ് എന്ന് കിഴക്കന്‍ സഭയും വാദിച്ചു. യോഹന്നാന്‍ 1: 40 അനുസരിച്ച്, അന്ത്രെയാസ് യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്‍ ആയിരുന്നു. അവനാണ് ആദ്യം യേശുവിനെ അനുഗമിച്ചതും, പത്രൊസിനെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരുന്നതും. അതിനാല്‍ ബൈസാന്റൈന്‍ സഭ, അന്ത്രെയാസിനെ “ആദ്യം വിളിക്കപ്പെട്ടവന്‍ “ എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ അന്ത്രെയാസ് സ്ഥാപിച്ചതാണ് എന്നത് ഒരു പരമ്പര്യ വിശ്വാസം മാത്രം ആണ്. അതിനു വേദപുസ്തകത്തിലോ, ചരിത്രത്തിലോ തെളിവുകള്‍ ഇല്ല.

ഈ കൌണ്‍സിലിന് ശേഷം, മറ്റ് പാത്രിയര്‍ക്കീസുകളുടെമേല്‍ അധികാരം പ്രയോഗിക്കുവാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ ശ്രമിക്കുക ഉണ്ടായി. എന്നാല്‍, മറ്റ് പാത്രിയര്‍കീസുകള്‍ അതിനെ ശക്തമായി എതിര്‍ത്തു. ഈ വിഷയത്തില്‍ റോം, മറ്റ് പാത്രിയര്‍ക്കീസുകളോടൊപ്പം നിന്നു. ഇതിനാല്‍ 5 ആം നൂറ്റാണ്ടിന്‍റെ ആദ്യ കാലങ്ങള്‍ സംഘര്‍ഷ ഭരിതം ആയിരുന്നു. റോമിലെ സഭ, പത്രൊസിനാല്‍ സ്ഥാപിക്കപ്പെട്ട മൂന്നു പാത്രിയര്‍ക്കീസുകളെ മാത്രമേ അംഗീകരിച്ചുള്ളൂ. അത് റോം, അലക്സാന്‍ഡ്രിയ, അന്ത്യോക്യ എന്നിവയായിരുന്നു. അതില്‍ ഒന്നാമത് റോം ആയിരുന്നു.


കാല്‍സിഡോണിലെ കൌണ്‍സില്‍

451 ല്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിലെ മാര്‍സിയന്‍ ചക്രവര്‍ത്തി (Marcian), “കാല്‍സിഡോണിലെ കൌണ്‍സില്‍ എന്ന് അറിയപ്പെടുന്ന ആലോചനായോഗം വിളിച്ച് ചേര്‍ത്തു. (Chalcedon - kal-si-don). പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് കൂടിയ അവസാനത്തെ കൌണ്‍സില്‍ ആയിരുന്നു ഇത്. ബിഷപ്പുമാരും അവരുടെ പ്രതിനിധികളുമായി ഏകദേശം 520 പേര്‍ ഈ കൌണ്‍സിലില്‍ ഒത്തുകൂടി. അവര്‍ നിഖ്യാ വിശ്വാസപ്രമാണത്തിന് അന്തിമ അംഗീകാരം നല്കി.

നിഖ്യാ വിശ്വാസപ്രമാണം, ആദ്യം ഗ്രീക്കില്‍ ആണ് എഴുതപ്പെട്ടത്. 325 ലെ നിഖ്യായിലെ കൌണ്‍സിലില്‍ ആണ് ആദ്യം അത് അവതരിക്കപ്പെട്ടത്. 381 ലെ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൌണ്‍സില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. 451 ലെ കാല്‍സിഡോണിലെ കൌണ്‍സില്‍ അതിനു അന്തിമരൂപവും അംഗീകാരവും നല്കി. ഇന്നും ഇതേ വിശ്വാസപ്രമാണമാണ് എല്ലാ ക്രിസ്തീയ സഭകളും അവരുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി ഉപയോഗിക്കുന്നത്.

അലെക്സാന്‍ഡ്രിയയിലെ വിശുദ്ധനായ സിറിള്‍, റോമിലെ ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പ എന്നിവര്‍ നെസ്റ്റോറിയസ് (Nestorius) എന്ന് അറിയപ്പെട്ടിരുന്ന വിരുദ്ധ ഉപദേശത്തെ ഖണ്ഡിച്ചുകൊണ്ട് എഴുതിയ രണ്ടു കത്തുകളും ഈ കൌണ്‍സില്‍ അംഗീകരിച്ചു. ഈ കത്തുകളില്‍ പറയുന്നതിങ്ങനെ ആണ്: യേശുക്രിസ്തുവിന് രണ്ടു പ്രകൃതി ഉണ്ടായിരുന്നു, ഒന്നു മനുഷന്‍ എന്നതും മറ്റൊന്നു ദൈവം എന്നതും. ഈ രണ്ടു പ്രകൃതിയും ദൈവപുത്രന്‍ എന്ന ഒരു വ്യക്തിയില്‍ സംയോജിച്ചിരുന്നു. എന്നാല്‍ ഈ വ്യാഖ്യാനത്തെ എല്ലാ പ്രദേശങ്ങളിലെയും സഭകള്‍ അംഗീകരിച്ചില്ല. അവര്‍ ഈ തീരുമാനത്തെയും കൌണ്‍സിലിനേയും ദൈവദൂഷണം എന്നു വിളിച്ചു. അടുത്ത എക്യൂമിനിക്കല്‍ കൌണ്‍സില്‍ മാര്‍പ്പാപ്പയുടെ കത്തിലെ ആശയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി.

ഈ കൌണ്‍സിലില്‍ അഞ്ചു പാത്രിയര്‍ക്കീസുകളെ അംഗീകരിച്ചു. അവ ഇതെല്ലാം ആയിരുന്നു: റോം, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, അലെക്സാന്‍ഡ്രിയ, അന്ത്യോക്യ, യെരൂശലേം. ഇതില്‍ തീരുമാനിച്ച, 28 ആം സഭാചട്ടം അനുസരിച്ച്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിന് അന്ന് ഉണ്ടായിരുന്ന എല്ലാ അധികാരങ്ങള്‍ക്കും ഉപരിയായി, പൊന്തോസ്, ത്രേസ് എന്നിവിടങ്ങളിലെയും ചുറ്റിനുമുള്ള ബര്‍ബരന്‍മാരുടെ ഇടയിലെ സഭകളുടെ മേലും അധികാരം ലഭിച്ചു. ഇത് പിന്നീട് പലവിധത്തില്‍ വ്യാഖ്യാനപ്പെട്ടു.

റോമിലെ മാര്‍പ്പാപ്പ ലിയോ ഒന്നാമന്‍ ഈ കൌണ്‍സിലിനെ അംഗീകരിച്ചു എങ്കിലും, അതിലെ 28 ആമത്തെ സഭാചട്ടത്തെ അംഗീകരിച്ചില്ല. അത് അലക്സാന്‍ഡ്രിയ, അന്ത്യോക്യ എന്നീ പാത്രിയര്‍ക്കീസുകളുടെ അധികാരത്തെ കവരുന്നതാണ് എന്ന് അദ്ദേഹം വാദിച്ചു. ഈ ചട്ടം പടിഞ്ഞാറേ സഭയും കിഴക്കന്‍ സഭയും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായി തുടര്‍ന്നു.

എങ്കിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്‍റെ അധികാരം വര്‍ദ്ധിച്ചു വന്നു. അദ്ദേഹം കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ താമസിച്ചിരുന്ന ബിഷപ്പുമാരെ ഉള്‍പ്പെടുത്തി ഒരു സിനഡ് രൂപീകരിച്ചു. ഇത് സഭയുടെ ഭരണ സിരാകേന്ദ്രമായി.

476 ല്‍ പടിഞ്ഞാറന്‍ റോമിലെ അവസാനത്തെ ചക്രവര്‍ത്തിയും നിഷ്ക്കാസിതന്‍ ആയി. അതിനാല്‍, രാജകീയ ചിഹ്നങ്ങളും അധികാര മുദ്രകളും കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് മാറ്റി. അതിനുശേഷം ഒരു റോമന്‍ സാമ്രാജ്യം മാത്രമേ നിലവില്‍ ഉണ്ടായിരുന്നുള്ളൂ. അത് കിഴക്കന്‍ റോമന്‍ സാമ്രാജ്യം, അല്ലെങ്കില്‍, ബൈസാന്റൈന്‍ സാമ്രാജ്യം ആയിരുന്നു. അതിനെ പുതിയ റോം എന്നും വിളിച്ചു. അങ്ങനെ കിഴക്കന്‍ സാമ്രാജ്യത്തിന്, പടിഞ്ഞാറന്‍ റോമില്‍ യാതൊരു അധികാരവും സ്വാധീനവും ഇല്ലാതെയായി. ലാറ്റിനും ഗ്രീക്കും ഒരുപോലെ സംസാരിക്കുവാന്‍ അറിയാമായിരുന്നവരുടെ എണ്ണം കുറഞ്ഞു. അങ്ങനെ ഭാഷാപരവും സാംസ്കാരികവുമായ ഐക്യം നഷ്ടപ്പെട്ടു. ഈ മാറ്റം ഇരു വിഭാഗം സഭകളുടെ ചിന്താധാരയെയും സ്വാധീനിച്ചു.

അക്കേഷിയന്‍ പിളര്‍പ്പ്   

AD 482 ല്‍ ഉണ്ടായ അക്കേഷിയന്‍ പിളര്‍പ്പ് ല്‍ (Acacian Schism - əˈkeɪʃn), പടിഞ്ഞാറന്‍ സഭ, കിഴക്കന്‍ സഭയെ പ്രത്യക്ഷത്തില്‍ തന്നെ എതിര്‍ത്തു. അതിനു കാരണമായത്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസായിരുന്ന അക്കേഷിയന്‍ പുറപ്പെടുവിച്ച ഒരു കല്‍പ്പനയാണ്. ഈ കല്‍പ്പനയില്‍ അദ്ദേഹം, ക്രിസ്തുവിന്റെ ദൈവീകത്വത്തെക്കുറിച്ച് പറഞ്ഞു എങ്കിലും, ക്രിസ്തു ഒരേസമയം മനുഷ്യനും ദൈവവും ആണ് എന്ന ഉപദേശത്തെക്കുറിച്ച് പരാമര്‍ശിക്കാതെയിരുന്നു. ഇത് കാല്‍സിഡോണിലെ കൌണ്‍സിലിലെ തീരുമാനങ്ങള്‍ക്ക് എതിരാണ് എന്നും, പാത്രിയര്‍ക്കീസ് മിയാഫൈസിറ്റിസം (Miaphysitism) എന്ന വിരുദ്ധ ഉപദേശത്തെ പിന്തുണയ്ക്കുകയാണ് എന്നും പടിഞ്ഞാറന്‍ സഭ ആരോപിച്ചു. മിയാഫൈസിറ്റിസം എന്ന ഉപദേശത്തെ മോണോഫൈസിറ്റിസം (Monophysitism) എന്നും വിളിക്കാറുണ്ട്. ഇതില്‍ വിശ്വസിക്കുന്നവര്‍, ദൈവീകത്വവും മനുഷ്യ പ്രകൃതിയും യേശുക്രിസ്തുവില്‍ ഒരു പ്രകൃതിയായി സംയോജിച്ചിരിക്കുന്നു എന്നും രണ്ടു പ്രകൃതിയും, ഭിന്നത കൂടാതെയും, ആശയക്കുഴപ്പം ഇല്ലാതെയും, മാറ്റങ്ങള്‍ക്ക് വിധേയമാകാതെയും സംയോജിച്ചിരിക്കുന്നു എന്നും വിശ്വസിച്ചു.  

കാല്‍സിഡോണിലെ കൌണ്‍സില്‍ സ്വീകരിച്ചത് ഡൈഓഫൈസിറ്റിസം (dyophysitism) എന്ന ഉപദേശമാണ്. അതില്‍ യേശുക്രിസ്തുവിന് രണ്ടു പ്രകൃതി ഉണ്ടായിരുന്നു എന്ന് പറയുന്നു. എന്നാല്‍ അത് രണ്ടും വിഭിന്നമല്ല എന്നും ക്രിസ്തു പൂര്‍ണ്ണമായും ഒരു വ്യക്തി ആണ് എന്നും പറഞ്ഞിരുന്നു.

484 ല്‍, ഫെലിക്സ് മൂന്നാമന്‍ മാര്‍പ്പാപ്പ (Pope Felix III), അക്കേഷിയനെ പാത്രിയാര്‍ക്കീസ് സ്ഥാനത്തുനിന്ന് സ്ഥാനഭ്രഷ്ടനാക്കി. 485 ല്‍ അദ്ദേഹത്തിന്റെ എല്ലാ അനുയായികളെയും സഭയില്‍ നിന്നും പുറത്താക്കി. ഈ പുറത്താക്കല്‍ കല്‍പ്പന അക്കേഷിയന്‍ പിളര്‍പ്പിന് കാരണമായി. ഈ ഭിന്നത 35 വര്‍ഷങ്ങളോളം നീണ്ടുനിന്നു. 519 ല്‍ ഹോര്‍മിസ്ദാസ് മാര്‍പ്പാപ്പയുടെ ഒരു കല്‍പ്പനയോടെ ഈ പിളര്‍പ്പ് ഇല്ലാതായതായി വിശ്വസിക്കപ്പെടുന്നു. (Pope Hormisdas - 514–523). 

ജസ്റ്റീനിയന്‍ ഒന്നാമന്‍

ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആയിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ (527-565), സീസറോപാപ്പിസം (Caesaropapism) എന്ന നിയമം സഭയില്‍ നടപ്പാക്കി. ഈ നിയമം അനുസരിച്ച്, രാജ്യത്തിന്റെയും സഭയുടെയും പരമാധികാരി, ചക്രവര്‍ത്തി ആയിരിയ്ക്കും. എല്ലാ മതപരമായ കാര്യങ്ങളിലും ഉന്നത അധികാരിയും ചക്രവര്‍ത്തി ആയിരിയ്ക്കും. സഭയുടെ ഉപദേശങ്ങളും, ആരാധന രീതികളും, അച്ചടക്ക നടപടികളും എല്ലാം അദ്ദേഹത്തിന്റെ തീരുമാനപ്രകാരം ആയിരിയ്ക്കും. എന്നാല്‍, ഇങ്ങനെ ഒരു നിയമം ചക്രവര്‍ത്തി പ്രഖ്യാപിച്ചു എങ്കിലും, അത് പ്രായോഗികമായി, ഏകപക്ഷീയമായി നടപ്പാക്കിയിരുന്നില്ല എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. സഭയും ചക്രവര്‍ത്തിയും സൌഹൃദത്തോടെ യോജിച്ച് പ്രവര്‍ത്തിച്ചു. എന്നാല്‍, ഈ നിയമത്തെ അംഗീകരിക്കുവാന്‍ റോമിലെ സഭ തയ്യാറായില്ല. അവര്‍ സഭാ കാര്യങ്ങളില്‍ രാജ്യത്തിന്റെ അധികാരികള്‍ ഇടപെടുന്നതിനെ എതിര്‍ത്തു. 

595 ല്‍ നിര്യാതനായ, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ആയിരുന്ന ജോണ്‍ നാലാമന്‍, റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമില്‍ നിന്നും കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് മാറ്റിയപ്പോള്‍, സഭയുടെ കേന്ദ്രവും അവിടെക്കു മാറി എന്ന് വിശ്വസിച്ചിരുന്നു. അതിനാല്‍ അദ്ദേഹം, “എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസ് “ (Ecumenical Patriarch) എന്ന പേര് സ്വീകരിച്ചു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ആണ് ലോകത്തിലെ എല്ലാ സഭകളുടെയും പരമാധികാരി എന്നും അവിടുത്തെ ചക്രവര്‍ത്തിക്ക് എല്ലാ സഭകളുടെയും മേല്‍ അധികാരം ഉണ്ട് എന്നും അദ്ദേഹം വാദിച്ചു. ഈ വാദങ്ങള്‍ ഒന്നും പടിഞ്ഞാറന്‍ റോമന്‍ സഭ അംഗീകരിച്ചില്ല.

മൂന്ന് പാത്രിയര്‍ക്കീസുകളെ പതനം

637 മുതല്‍, അലക്സാന്‍ഡ്രിയ, അന്ത്യോക്യ, യെരൂശലേം എന്നീ പാത്രിയര്‍ക്കീസുകളുടെ പ്രതാപം നഷ്ടപ്പെടുവാന്‍ തുടങ്ങി. അലക്സാന്‍ഡ്രിയ, അന്ത്യോക്യ എന്നീ പട്ടണങ്ങള്‍, മുസ്ലീം-ക്രിസ്ത്യന്‍ രാജാക്കന്മാരുടെ യുദ്ധക്കളമായി മാറി. 6 ആം നൂറ്റാണ്ടില്‍, ഈ പട്ടണങ്ങളില്‍ തുടരെ, ഭൂകമ്പം, അഗ്നിബാധ മുതലായ പല പ്രകൃതി ക്ഷോഭങ്ങളും ഉണ്ടായി. 540 ജൂണില്‍ അന്ത്യോക്യയെ പേര്‍ഷ്യന്‍ രാജാക്കന്മാര്‍ കീഴടക്കി. അലക്സാന്‍ഡ്രിയ, അന്ത്യോക്യ, യെരുശലേം എന്നീ പാത്രിയര്‍ക്കീസുകളുടെ അധികാര പരിധിയില്‍ ആയിരുന്ന പ്രദേശങ്ങള്‍, 661 ല്‍ മുസ്ലിം അറബ് ശക്തികള്‍ കീഴടക്കി. അതിന് ശേഷം ഒരിയ്ക്കലും ആ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തിരികെ പിടിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍, ഈ മൂന്ന് പാത്രിയര്‍ക്കീസുകളുടെയും ശക്തിയും പ്രാധാന്യവും കുറഞ്ഞു.

എന്നാല്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്‍റെ അധികാര പരിധി, കിഴക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിച്ചുകൊണ്ടിരുന്നു.

ക്യുനിസെക്സ്റ്റ് കൌണ്‍സില്‍ (ട്രുല്ലോയിലെ കൌണ്‍സില്‍)

കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ വച്ച് നടന്ന അവസാനത്തെ കൌണ്‍സില്‍ ആണ് ക്യുനിസെക്സ്റ്റ് കൌണ്‍സില്‍ എന്നും ട്രുല്ലോയിലെ കൌണ്‍സില്‍ എന്നും അറിയപ്പെടുന്നത് (Quinisext Ecumenical Council or the Council in Trullo). ഇത് 691 സെപ്റ്റംബര്‍ ഒന്നാം തീയതിക്കും ഒക്ടോബര്‍ 31 ആം തീയതിയ്ക്കും ഇടയില്‍ നടന്നു എന്ന് അനുമാനിക്കപ്പെടുന്നു. അഞ്ചു പാത്രിയര്‍ക്കീസുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തതിനാല്‍, ഇത് ഒരു എക്യൂമിനിക്കല്‍ കൌണ്‍സില്‍ ആയി അംഗീകരിക്കപ്പെട്ടു.

553 ലും 680 ലും കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കൂടിയ, അഞ്ചാമത്തെയും ആറാമത്തെയും എക്യൂമിനിക്കല്‍ കൌണ്‍സിലില്‍, സഭാകാര്യങ്ങളില്‍ പ്രത്യേക തീരുമാനങ്ങള്‍ എടുക്കുകയോ കല്‍പ്പനകള്‍ പുറപ്പെടുവിക്കുകയോ ചെയ്തില്ല. അതിനാല്‍, ജെസ്റ്റീനിയന്‍ രണ്ടാമന്‍ (Justinian II - 685-695 and 705-711) ക്യുനിസെക്സ്റ്റ് കൌണ്‍സില്‍ വിളിച്ച് ചേര്‍ക്കുക ആയിരുന്നു. ഇതില്‍ 102 സഭാചട്ടങ്ങള്‍ രൂപീകരിച്ചു.

ഈ കൌണ്‍സിലില്‍ 215 ബിഷപ്പുമാര്‍ പങ്കെടുത്തു എങ്കിലും, അവര്‍ എല്ലാവരും കിഴക്കന്‍ സാമ്രാജ്യത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു. ഈ കൌണ്‍സിലില്‍ പങ്കെടുത്ത, ഇല്ലീറിയയിലെ ബാസില്‍ ഓഫ് ഗോര്‍റ്റിന എന്ന ബിഷപ്പ്, പടിഞ്ഞാറന്‍ റോമന്‍ സഭയില്‍ ഉള്ള വ്യക്തി ആയിരുന്നു എങ്കിലും, അദ്ദേഹത്തെ റോമിലെ മാര്‍പ്പാപ്പ പ്രതിനിധിയായി അയച്ചതാണ് എന്നതിന് യാതൊരു തെളിവുകളും ഇല്ല. (Basil of Gortyna in Illyria).

കൌണ്‍സില്‍ അംഗീകരിച്ച എല്ലാ ചട്ടങ്ങളും, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ നിയമങ്ങള്‍ക്ക് അനുസൃതമായിരുന്നു. അവയില്‍ പലതും പടിഞ്ഞാറന്‍ റോമിലെ സംസ്കാരത്തിനും ജീവിത രീതികള്‍ക്കും വിഭിന്നം ആയിരുന്നു. പടിഞ്ഞാറന്‍ സഭയുടെ പല ആചാരങ്ങളെയും കൌണ്‍സില്‍ അപലപിച്ചു. ക്രിസ്തുവിനെ കുഞ്ഞാടായി ചിത്രീകരിക്കുക, നോമ്പുകാലത്തെ വിശുദ്ധ കുര്‍ബാന, എല്ലാ ശനിയാഴ്ച ദിവസങ്ങളിലെയും ഉപവാസം, തിരുവത്താഴത്തിന് പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുക, ബിഷപ്പുമാര്‍, പുരോഹിതന്മാര്‍, ശെമ്മാച്ചന്‍മാര്‍ എന്നിവരുടെ ബ്രഹ്മചര്യം എന്നീ പടിഞ്ഞാറന്‍ സഭയുടെ നിയമങ്ങളെ കൌണ്‍സില്‍ അപലപിച്ചു. വിവാഹിതരായവര്‍ക്ക് പുരോഹിതന്മാര്‍ ആകുവാന്‍ യോഗ്യതയുണ്ട് എന്നും എന്നാല്‍ പുരോഹിതന്മാരും ബിഷപ്പുമാരും ആയവര്‍ പിന്നീട് വിവാഹം കഴിക്കുവാന്‍ പാടില്ല എന്നും തീരുമാനിച്ചു.

ഈ ചട്ടങ്ങളെ കിഴക്കന്‍ സഭയിലെ എല്ലാ ബിഷപ്പുമാരും പടിഞ്ഞാറന്‍ റോമിലെ മാര്‍പ്പാപ്പയും അംഗീകരിച്ച് ഒപ്പ് ഇടേണം എന്ന് ജെസ്റ്റീനിയന്‍ ചക്രവര്‍ത്തി ആഗ്രഹിച്ചു. എന്നാല്‍ സെര്‍ജിയസ് മാര്‍പ്പാപ്പ (Pope Sergius I - 687–701) ഈ ചട്ടങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കുകയോ ഒപ്പിടുകയോ ചെയ്തില്ല. അതിനാല്‍ മാര്‍പ്പാപ്പയെ അറസ്റ്റ് ചെയ്യുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു എങ്കിലും അത് നടപ്പിലായില്ല.  

കിഴക്കന്‍ സഭ, ഈ കൌണ്‍സിലിലെ ചട്ടങ്ങളെ, അഞ്ചാമത്തെയും ആറാമത്തെയും എക്യൂമിനിക്കല്‍ കൌണ്‍സിലിലെ തീരുമാനങ്ങളോട് ചേര്‍ത്ത് അംഗീകരിച്ചു. ബൈസന്‍റിയന്‍ കിഴക്കന്‍ സഭ, മറ്റ് പ്രദേശങ്ങളിലെ സഭകളുടെ സാംസ്കാരിക പരമ്പര്യങ്ങളെയും ആരാധനാ രീതികളെയും അസഹിഷണതയോടെ കാണുകയും, അതിനെ തകര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്തു എന്നതിന് ഈ സംഭവം ഒരു ഉദാഹരണമാണ് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എല്ലാവരും ബൈസാന്റിയന്‍ രീതികളെ അംഗീകരിക്കേണം എന്നായിരുന്നു അവരുടെ തല്‍പര്യം.

ഫോട്ടിയന്‍ പിളര്‍പ്പ്

വലിയ പിളര്‍പ്പിന്‍റെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവം ആയിരുന്നു “ഫോട്ടിയന്‍ പിളര്‍പ്പ് “ (Photian Schism). ഇത് സംഭവിക്കുന്നത് 863 മുതല്‍ 867 വരെയുള്ള കാലത്താണ്. റോമിലെ മാര്‍പ്പാപ്പയുടെ അനുവാദമില്ലാതെ, പാത്രിയര്‍ക്കീസുമാരെ നിഷ്കാസനം ചെയ്യുവാനും വാഴിക്കുവാനും ബൈസാന്റൈന്‍ ചക്രവര്‍ത്തിക്ക് അധികാരം ഉണ്ടോ എന്നതായിരുന്നു വിവാദ വിഷയം.

798 മുതല്‍ 877 വരെ കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ പാത്രിയര്‍ക്കീസായിരുന്ന ഇഗ്നേഷിയോസ് (Ignatios), ബര്‍ദാസ് (Bardas) എന്നൊരു പ്രമുഖ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന് തിരുവത്താഴകൂദാശ നിഷേധിച്ചു. അതിനാല്‍ 857 ല്‍ മൈക്കിള്‍ മൂന്നാമന്‍ ചക്രവര്‍ത്തി (Emperor Michael III), ഇഗ്നേഷിയോസിനെ പാത്രിയര്‍ക്കീസ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന് പകരമായി, 858 ല്‍, ഫോട്ടിയസ് എന്ന പുരോഹിതന്‍ അല്ലാതിരുന്ന ഒരു വ്യക്തിയെ, പാത്രിയര്‍ക്കീസായി ചക്രവര്‍ത്തി വാഴിച്ചു. ഈ പ്രശ്നം നിക്കോളാസ് മാര്‍പ്പാപ്പയുടെ അടുക്കല്‍ എത്തിയപ്പോള്‍, അദ്ദേഹം ഇഗ്നേഷിയോസിനെ പാത്രിയര്‍ക്കീസായി പുനസ്ഥാപിച്ചു.

867 ല്‍ ഫോട്ടിയസ് ഒരു കൌണ്‍സില്‍ വിളിച്ച് കൂട്ടി, നിക്കോളാസ് മാര്‍പ്പാപ്പയ്ക്കും, പടിഞ്ഞാറന്‍ സഭയ്ക്കും ഭ്രഷ്ട് കല്‍പ്പിച്ചു. എന്നാല്‍ അതേ വര്‍ഷം, ബാസില്‍ ഒന്നാമന്‍ (Basil I) ബൈസാന്റൈന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം ഇഗ്നേഷിയോസിനെ പാത്രിയര്‍ക്കീസ് ആയി വീണ്ടും നിയമിച്ചു. 877 ല്‍ ഇഗ്നേഷിയോസ് മരിച്ചു. അതിനു ശേഷം ഫോട്ടിയസ് വീണ്ടും പാത്രിയര്‍ക്കീസ് ആയി. ഫോട്ടിയസും ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് മുഖാന്തിരം മറ്റൊരു പിളര്‍പ്പ് ഉണ്ടായില്ല.

ഈ വിവാദത്തിലെ പ്രധാന വിഷയം, വിരുദ്ധ ഉപദേശം ആയിരുന്നില്ല, കിഴക്കന്‍ സാമ്രാജ്യത്തിന്റെയും സഭയുടെയും അധികാരമായിരുന്നു. ഫോട്ടിയന്‍ വിവാദം, ഒരു വലിയ പിളര്‍പ്പ് ആയി മാറിയില്ല എങ്കിലും, പടിഞ്ഞാറന്‍ സഭയെയും കിഴക്കന്‍ സഭയെയും അത് രണ്ടു ധ്രുവങ്ങളിലേക്ക് നയിച്ചു.


നോര്‍മന്‍ വംശജരും റോമും

മാര്‍പ്പാപ്പയുടെ അധികാരപരിധിയില്‍പെട്ട അനേകം പ്രദേശങ്ങളെ, 11 ആം നൂറ്റാണ്ടില്‍, നോര്‍മ്മന്‍ വംശജര്‍ ആക്രമിച്ചു. അവിടെയുണ്ടായിരുന്ന, പള്ളികളേയും സന്ന്യാസിമഠങ്ങളെയും അവര്‍ ആക്രമിക്കുകയും കൊള്ളചെയ്യുകയും ചെയ്തു. അവരെ തിരികെ ആക്രമിക്കുവാന്‍ ലിയോ മാര്‍പ്പാപ്പ ബൈസാന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന ഹെന്‍റി മൂന്നാമന്റെ (Emperor Henry III) സഹായം തേടി. ചക്രവര്‍ത്തി സൈന്യത്തെ അയക്കാം എന്നു സമ്മതിച്ചു എങ്കിലും പിന്നീട് പിന്മാറി. മാര്‍പ്പാപ്പയുടെ സൈന്യത്തിന് ആവശ്യമായ പരിശീലനമോ ശക്തിയോ ഇല്ലായിരുന്നു എങ്കിലും, അവര്‍ നോര്‍മന്‍കാരൊട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ മാര്‍പ്പാപ്പയുടെ സൈന്യം തോല്‍ക്കുകയും, 1053 ജൂണ്‍ 18 ആം തീയതി നോര്‍മന്‍കാര്‍ അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. എന്നാല്‍ അവസാന നിമിഷം, സൈന്യത്തെ അയക്കുവാന്‍ വിസമ്മതിച്ച ബൈസാന്റൈന്‍ ചക്രവര്‍ത്തിയുടെ നടപടി, പടിഞ്ഞാറന്‍ സഭയും കിഴക്കന്‍ സഭയുമായുള്ള അകല്‍ച്ച വര്‍ദ്ധിപ്പിച്ചു.

കിഴക്കന്‍ സഭ, തെക്കന്‍ ഇറ്റലി, സിസിലി, ബള്‍ഗേറിയ എന്നിവിടങ്ങളിലേക്ക് അവരുടെ അധികാരപരിധി വ്യാപിപ്പിച്ചു (southern Italy, Sicily and Bulgaria). ഇതിനെ ലിയോ മാര്‍പ്പാപ്പ ശക്തമായി എതിര്‍ത്തു. എന്നാല്‍ മാര്‍പ്പാപ്പയുടെ എതിര്‍പ്പിനെ, കോണ്‍ന്‍സ്റ്റാന്‍റിനോപ്പ്ളിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ് (Michael I Cerularius) ഒരു പ്രകോപനമായി കണ്ടു. പടിഞ്ഞാറന്‍ റോമന്‍ സഭയില്‍ ഗുരുതരമായ വിരുദ്ധ ഉപദേശങ്ങള്‍ ഉണ്ട് എന്ന് മൈക്കിള്‍ ആരോപിച്ചു. അദ്ദേഹം കോണ്‍ന്‍സ്റ്റാന്‍റിനോപ്പ്ളിലെ എല്ലാ ലാറ്റിന്‍ സഭകളും അടച്ചു. ഇതിന് മറുപടിയായി, പടിഞ്ഞാറന്‍ സഭയിലെ കര്‍ദിനാള്‍ ഹംബെര്‍ട്ട്, സെറുലേറിയസിനെ, പരുഷവും വൈകാരികവും ആയ ഭാഷയില്‍ വിമര്‍ശിച്ചു. “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ എന്ന് അറിയപ്പെട്ടിരുന്ന പ്രമാണത്തെ ഉദ്ധരിച്ചുകൊണ്ടു, റോമിലെ സഭയുടെ പരമാധികാരത്തെക്കുറിച്ച് അദ്ദേഹം വാചാലമായി വാദിച്ചു (Donation of Constantine).           

കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം

“കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “എന്നത് (Donation of Constantine), കോണ്‍സ്റ്റാന്‍റൈന്‍ സംയുക്ത റോമിന്റെ ചക്രവര്‍ത്തിയായിരുന്നപ്പോള്‍, വിശാലമായ ഭൂപ്രദേശങ്ങളും അതിന്മേലുള്ള അധികാരവും, ആത്മീയ അധികാരങ്ങളും, അന്നത്തെ മാര്‍പ്പാപ്പ ആയിരുന്ന സില്‍വെസ്റ്റെര്‍ ഒന്നാമനും ശേഷം വരുന്ന മാര്‍പ്പാപ്പാമാര്‍ക്കും ദാനമായി നല്കി എന്നു പ്രതിവാദിക്കുന്ന ഒരു രേഖയാണ്. (Pope Sylvester I - മാര്‍പ്പാപ്പ ആയിരുന്ന കാലം: 314–335). ഈ രേഖയ്ക്ക് മദ്ധ്യകാലഘട്ടത്തില്‍ വലിയ പ്രചാരവും പ്രാധാന്യവും ഉണ്ടായിരുന്നു. ഇതില്‍ ഒന്നാമത്തെ ഭാഗം കോണ്‍സ്റ്റാന്‍റൈന്‍ ചക്രവര്‍ത്തിയുടെ ജീവിത അനുഭവവും രണ്ടാമത്തെ ഭാഗം മാര്‍പ്പാപ്പയ്ക്ക് അദ്ദേഹം നല്‍കുന്ന ഭൂപ്രദേശങ്ങളുടെയും അധികാരങ്ങളുടെയും വിവരണവും ആണ്.

കോണ്‍സ്റ്റാന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തീയ വിശ്വസം സ്വീകരിച്ചതിനെക്കുറിച്ചുള്ള, ചരിത്ര വിവരണത്തില്‍ നിന്നും വ്യത്യസ്ഥമായ ഒരു വിവരണം നമുക്ക് ഈ രേഖയില്‍ കാണാം. ഇതില്‍ പറയുന്ന പ്രകാരം, കോണ്‍സ്റ്റാന്‍റൈന്‍ന് കുഷ്ഠരോഗം ഉണ്ടായിരുന്നു. സില്‍വെസ്റ്റെര്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ അത്ഭുതകരമായി സൌഖ്യമാക്കി. അങ്ങനെ കോണ്‍സ്റ്റാന്‍റൈന്‍ ക്രിസ്തുമതം സ്വീകരിക്കുകയും അദ്ദേഹത്തെ മാര്‍പ്പാപ്പ  സ്നാനപ്പെടുത്തുകയും ചെയ്തു. റോമിലെ സഭ അപ്പോസ്തലന്മാര്‍ ആയ പത്രൊസ്, പൌലൊസ് എന്നിവര്‍ സ്ഥാപിച്ചതാണ് എന്നും അതിനാല്‍ അതിന് വിശ്വാസപരമായ പ്രാധാന്യമുണ്ട് എന്നും കോണ്‍സ്റ്റാന്‍റൈന്‍ന് ബോധ്യമായി. അതിനാല്‍, റോമന്‍ സാമ്രാജ്യത്തിന്റെ രാക്ഷ്ട്രീയ തലസ്ഥാനം ബൈസാന്‍റിയത്തിലേക്ക് മാറ്റുവാന്‍ അദ്ദേഹം തീരുമാനിച്ചു.

ഒപ്പം തന്നെ, റോം, ഇറ്റലി, യെരൂശലേം, കോണ്‍ന്‍സ്റ്റാന്‍റിനോപ്പിള്‍, അലെക്സാന്‍ഡ്രിയ, അന്ത്യോക്യ എന്നീ പ്രദേശങ്ങളുടെമേലുള്ള പരമാധികാരം, ചക്രവര്‍ത്തി, സില്‍വെസ്റ്റെര്‍ മാര്‍പ്പാപ്പായ്ക്ക് നല്കി. റോമന്‍ കൊട്ടാരത്തിന്മേലും, പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്മേലും ഉള്ള അധികാരവും മാര്‍പ്പാപ്പയ്ക്ക് നല്കി. പടിഞ്ഞാറന്‍ റോമില്‍ രാജാക്കന്മാരെ വാഴിക്കുവാനുള്ള അധികാരം മാര്‍പ്പാപ്പയ്ക്ക് ലഭിച്ചു. എന്നാല്‍, ഈ രേഖയില്‍ പറയുന്നതനുസരിച്ച്, രാജകീയ കിരീടം സൌമ്യമായി സില്‍വെസ്റ്റെര്‍ മാര്‍പ്പാപ്പ തിരസ്കരിച്ചു. അതിന് പകരമായി വെള്ള നിറത്തിലുള്ള ഒരു കിരീടം ചക്രവര്‍ത്തി അദ്ദേഹത്തിന് നല്കി.

കോണ്‍സ്റ്റാന്‍റൈന്‍ ചക്രവര്‍ത്തിയുടെയും സില്‍വെസ്റ്റെര്‍ മാര്‍പ്പാപ്പായുടെയും കാലത്ത്, ഈ രേഖയ്ക്ക് പ്രചാരം ഉണ്ടായിരുന്നതായി ചരിത്ര തെളിവുകള്‍ ഇല്ല. 9 ആം നൂറ്റാണ്ടിലും 10 നൂറ്റാണ്ടിലുമായി, ബൈസാന്റൈന്‍ സാമ്രാജ്യവുമായി മാര്‍പ്പാപ്പയുടെ അധികാരത്തെ ചൊല്ലി തര്‍ക്കം ഉണ്ടായപ്പോള്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായി. സര്‍വ്വദേശീയമായി എല്ലാ ക്രിസ്തീയ സഭകളുടെമേലും, രാജ്യങ്ങളുടെ മേലും മാര്‍പ്പാപ്പയ്ക്ക് അധികാരം ഉണ്ട് എന്നു വാദിക്കുവാന്‍ “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ എന്ന രേഖയെ മദ്ധ്യകാലഘട്ടത്തില്‍ പടിഞ്ഞാറന്‍ റോമന്‍ സഭ ഉപയോഗിച്ചു.

ഈ രേഖയെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം നമ്മള്‍ കാണുന്നത്, 778 ല്‍ ഹാഡ്രിയന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ (Pope Hadrian I) എഴുതിയ ഒരു കത്തില്‍ ആണ്. ഈ കത്തില്‍ “പിപ്പിന്‍റെ ദാനം “ (Donation of Pippin) എന്നൊരു രേഖയെക്കുറിച്ച് അദ്ദേഹം പറയുന്നു. പിപ്പിന്‍ മൂന്നാമന്‍, ഷാര്‍ലുമെയിന്‍ ചക്രവര്‍ത്തിയുടെ (Emperor Charlemagne) പിതാവ് ആയിരുന്നു. 756 ല്‍ പിപ്പിന്‍, സ്റ്റീഫെന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. പിപ്പിനെ ചക്രവര്‍ത്തിയാകുവാന്‍ അനുവദിച്ചാല്‍ മാര്‍പ്പാപ്പയെ അദ്ദേഹം സംരക്ഷിക്കാം എന്നതായിരുന്നു ഉടമ്പടിയുടെ ചുരുക്കം. ഈ ഉടമ്പടി പ്രകാരം, ഇറ്റലിയുടെ മദ്ധ്യഭാഗത്തുള്ള വിശാലമായ ഒരു ഭൂപ്രദേശം, പിപ്പിന്‍, മാര്‍പ്പാപ്പയ്ക്ക് അവകാശമായി നല്കി. ഈ പ്രദേശം പിന്നീട് മാര്‍പ്പാപ്പയുടെ രാജ്യമായി ആയി മാറി. എന്നാല്‍, പിപ്പിന്‍, ഈ ഭൂപ്രദേശത്തിന്‍റെ അതിരുകള്‍ കൃത്യമായി നിശ്ചയിച്ചിരുന്നില്ല. അതിനാല്‍, അത് പിന്നീട് ഷാര്‍ലുമെയിന്‍ ചക്രവര്‍ത്തിയും (Charlemagne) മാര്‍പ്പാപ്പയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഈ അവസരത്തില്‍ ആണ്, ഹാഡ്രിയന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ, ഷാര്‍ലുമെയിന്‍ ചക്രവര്‍ത്തിയ്ക്ക് കത്ത് എഴുത്തുന്നത്. ഈ കത്തില്‍, പിപ്പിന്‍, മാര്‍പ്പാപ്പായ്ക്ക് നല്കിയ പ്രത്യേക വാഗ്ദാനത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും, ഷാര്‍ലുമെയിനെ  ഓര്‍മ്മിപ്പിക്കുന്നു. “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ എന്ന രേഖയെക്കുറിച്ചും മാര്‍പ്പാപ്പ പരാമര്‍ശിക്കുന്നുണ്ട്. പിന്നീട് ഷാര്‍ലുമെയിന്‍, മാര്‍പ്പാപ്പയുമായി നല്ലബന്ധത്തില്‍ ആയിരുന്നു എന്നു ചരിത്രം പറയുന്നു.

11, 12, 13 നൂറ്റാണ്ടുകളില്‍, സര്‍വ്വദേശീയ സഭകളുടെമേല്‍ മാര്‍പ്പാപ്പയ്ക്ക് അധികാരം ഉണ്ട് എന്നു വാദിക്കുവാന്‍, “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ എന്ന രേഖയെ പടിഞ്ഞാറന്‍ സഭ ഉദ്ധരിച്ചിരുന്നു. അന്ന് ആരും തന്നെ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തില്ല. ഈ രേഖയുടെ അടിസ്ഥാനത്തില്‍ അധികാരം ഉറപ്പിക്കുവാന്‍ ആദ്യം ശ്രമിച്ചത്, ലിയോ ഒന്‍പതാമന്‍ മാര്‍പ്പാപ്പ ആണ്. അദ്ദേഹം 1054 ല്‍ കോണ്‍ന്‍സ്റ്റാന്‍റിനോപ്പ്ളിലെ പാത്രിയര്‍ക്കീസായിരുന്ന മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ് ന് (Michael I Cerularius) എഴുതിയ കത്തില്‍, ഈ രേഖയുടെ അടിസ്ഥാനത്തില്‍ മാര്‍പ്പാപ്പയ്ക്ക് ഉള്ള അധികാരത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. ഇത് വിശ്വസിനീയമായ, ആധികാരിക രേഖയാണ് എന്ന് ലിയോ മാര്‍പ്പാപ്പ വിശ്വസിച്ചിരുന്നു.

എന്നാല്‍ “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ എന്നത് ഒരു വ്യാജ പ്രമാണമാണ് എന്ന് പിന്നീട് തെളിഞ്ഞു. ഇതിനെക്കുറിച്ച് ആദ്യം സംശയം ഉന്നതിച്ചത്, 1000 ആം ആണ്ടില്‍ അന്നത്തെ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന ഒട്ടോ മൂന്നാമന്‍ ആണ് (Otto III – ജനനം 980 ജൂലൈ – മരണം ജനുവരി 23, 1002). എന്നാല്‍ അദ്ദേഹത്തിന്റെ സംശയങ്ങളെ തെളിയിക്കുവാന്‍ അന്ന് കഴിഞ്ഞില്ല.

15 ആം നൂറ്റാണ്ടില്‍ ഒരു കര്‍ദിനാളും പണ്ഡിതനും ആയിരുന്ന, ജര്‍മ്മന്‍കാരനായ നിക്കോളാസ് ഓഫ് കുസ (Nicholas of Cusa) ഈ രേഖ വ്യാജമാണ് എന്നു തെളിയിച്ചു. 1441 ല്‍ മറ്റൊരു കത്തോലിക്ക പുരോഹിതനായ ലോറെന്‍സൊ വല്ലാ (Lorenzo Valla - c. 1406–1457), ഈ രേഖയില്‍ ഉപയോഗിച്ചിരിക്കുന്ന ലാറ്റിന്‍ ഭാഷ 4 ആം നൂറ്റാണ്ടില്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നതല്ല എന്നു തെളിയിച്ചു. ഇത് ഒരു വ്യാജ രേഖയാണ് എന്നു സഭയ്ക്ക് അറിയാമായിരുന്നു എന്നാണ് അദ്ദേഹം വാദിച്ചത്. അതേ നൂറ്റാണ്ടില്‍, റെജിനാള്‍ഡ് പീക്കോക്ക് എന്ന ബിഷപ്പ് അതേ സംശയങ്ങള്‍ ഉയര്‍ത്തി (Reginald Pecocke, Bishop of Chichester - 1450–57). പിന്നീട്, ഇതിലെ കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ രോഗസൌഖ്യം,  5 ആം നൂറ്റാണ്ടില്‍ പ്രചരിച്ചിരുന്ന, സില്‍വെസ്റ്റെര്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള, ഐതീഹ കഥകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് എന്നു തെളിയിക്കപ്പെട്ടു. എന്നിരുന്നാലും ഈ രേഖ ആധികാരികമാണ് എന്നു തന്നെ റോമന്‍ സഭ തുടര്‍ന്നും വാദിച്ചു. എന്നാല്‍ സീസര്‍ ബാരോനിയസ് എന്ന പണ്ഡിതന്‍, അദ്ദേഹത്തിന്റെ അനാലെസ് എക്ലേസിയാസ്റ്റിസി എന്ന കൃതിയില്‍ “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ ഒരു വ്യാജ രേഖയാണ് എന്ന് വ്യക്തമായി തെളിയിച്ചു. (Caesar Baronius in his Annales Ecclesiastici). ഇത് 1588 നും 1607 നും ഇടയില്‍ പ്രസിദ്ധീകരിച്ചു. അതിന് ശേഷം, കത്തോലിക്ക സഭ “ദാനം “ എന്ന രേഖയെ ഔദ്യോഗികമായി ഉപയോഗിച്ചിട്ടില്ല.

“കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ 8 ആം നൂറ്റാണ്ടിലോ 9 ആം നൂറ്റാണ്ടിലോ എഴുതപ്പെട്ട ഒരു വ്യാജ രേഖ ആയാണ്. അന്നത്തെ രാക്ഷ്ട്രീയ സാഹചര്യത്തില്‍ സഭയുടെ അറിവോടെ ആയിരുന്നിരിക്കേണം അത് എഴുതപ്പെട്ടത്. അക്കാലത്ത്, പടിഞ്ഞാറന്‍ സഭയുടെ സ്വാതന്ത്ര്യത്തെ, ബൈസാന്റൈന്‍ ചക്രവര്‍ത്തിമാരുടെ ഇടപെടലുകളില്‍ നിന്നും സംരക്ഷിക്കുവാനുള്ള തീവ്ര ശ്രമത്തില്‍ ആയിരുന്നു മാര്‍പ്പാപ്പ. ഒപ്പം തന്നെ ഷാര്‍ലുമെയിനെപ്പോലെയുള്ള പടിഞ്ഞാറന്‍ രാജാക്കന്മാരുമായും സഭയ്ക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഭയുടെ അധികാരം നിലനിറുത്തുവാനായി കണ്ടെത്തിയ ഒരു കുറുക്ക് വഴി ആയിരുന്നിരിക്കേണം, “ദാനം “ എന്ന രേഖ.  

1054 ലെ പരസ്പരമുള്ള സഭ ഭ്രഷ്ട്

ഏകദേശം 300 ആം ആണ്ടുമുതല്‍ പടിഞ്ഞാറന്‍ റോമന്‍ സഭയും കിഴക്കന്‍ സഭയും രണ്ടു ധ്രുവങ്ങളിലേക്ക് അകന്നുകൊണ്ടിരിക്കുക ആയിരുന്നു എന്ന ചരിത്രമാണ്, നമ്മള്‍ ഇതുവരെയും പഠിച്ചത്. അതിന്റെ പ്രധാന കാരണങ്ങള്‍, രാക്ഷ്ട്രീയവും, സഭയുടെ അധികാരവും, സംസ്കാരവും, ഭാഷയും ഒക്കെ ആയിരുന്നു. ഇവയില്‍ ഉണ്ടായിരുന്ന വ്യത്യാസങ്ങളാല്‍, പടിഞ്ഞാറും കിഴക്കും ദൈവശാസ്ത്രപരമായി വ്യത്യസ്തങ്ങളായ മനസ്സിലാക്കലുകളും, അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ആരാധനാ രീതികളും ഉടലെടുത്തു. ഇരുവരുടെയും രാക്ഷ്ട്രീയ ഭരണാധികാരികള്‍ വിഭിന്നം ആയിരുന്നു; അവരുടെ മത മേലദ്ധ്യക്ഷന്മാരും വ്യത്യസ്തര്‍ ആയിരുന്നു. അതിനാല്‍ 1054 ലെ വലിയ പിളര്‍പ്പ് പൊടുന്നനെ ഉണ്ടായ ഒരു സംഭവം അല്ല. അത് തുടര്‍ച്ചയായ തര്‍ക്കങ്ങളുടെയും, വാദങ്ങളുടെയും അനന്തര ഫലമാണ്. അന്തിമമായി കോണ്‍സ്റ്റാന്‍റൈന്‍ ഒന്‍പതാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്, വലിയ പിളപ്പ് ഉണ്ടായി. (Emperor Constantine IX – 11 ജൂണ്‍ 1042 – 11 ജനുവരി 1055).

1053 ല്‍ തെക്കന്‍ ഇറ്റലിയിലെ എല്ലാ ഗ്രീക്ക് സഭകളും, ലാറ്റിന്‍ സഭയുടെ ആചാര രീതികള്‍ സ്വീകരിക്കേണം എന്നും, അല്ലായെങ്കില്‍ അടച്ചുപൂട്ടണം എന്നും ലിയോ ഒന്‍പതാമന്‍ മാര്‍പ്പാപ്പ കല്‍പ്പനയിറക്കി (Pope Leo IX - 1049–1054). ഇതിന് പകരമായി, കോണ്‍ന്‍സ്റ്റാന്‍റിനോപ്പ്ളിലെ എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസ് ആയിരുന്ന മൈക്കിള്‍ ഒന്നാമന്‍ സെറുലേറിയസ്, കോണ്‍ന്‍സ്റ്റാന്‍റിനോപ്പ്ളില്‍ ഉള്ള എല്ലാ ലാറ്റിന്‍ സഭകളും അടച്ചുപൂട്ടുവാന്‍ കല്‍പ്പിച്ചു. (Ecumenical Patriarch of Constantinople Michael I Cerularius). മാത്രവുമല്ല, പടിഞ്ഞാറന്‍ സഭ, പുളിക്കാത്ത അപ്പം വിശുദ്ധ തിരുവത്താഴത്തിന് ഉപയോഗിക്കുന്നു എന്നത് ഗുരുതരമായ വിരുദ്ധ ഉപദേശമായി മൈക്കിള്‍ ഉയര്‍ത്തിക്കാട്ടി.

തിരുവത്താഴത്തിന് പുളിക്കാത്ത അപ്പമാണോ, പുളിച്ച അപ്പമാണോ ഉപയോഗിക്കേണ്ടത് എന്നത്, പടിഞ്ഞാറന്‍ സഭയും കിഴക്കന്‍ സഭയും തമ്മില്‍ നിലനിന്നിരുന്ന ഒരു തര്‍ക്കം ആയിരുന്നു. ഒഹ്റിഡ് ലെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ലിയോ, (Leo of Ohrid) 1053 ല്‍, ട്രാനിയിലെ ബിഷപ്പായിരുന്ന ജോണിന് (Bishop John of Trani), പടിഞ്ഞാറന്‍ രീതിയായ പുളിക്കാത്ത അപ്പം ഉപയോഗിക്കുന്നതിനെ അപലപിച്ചുകൊണ്ട് ഒരു കത്ത് എഴുതി. ഉപവാസത്തിനുള്ള കിഴക്കന്‍ സഭയിലെ നിയമങ്ങള്‍ പടിഞ്ഞാറന്‍ സഭകളില്‍ നിന്നും വ്യത്യസ്തം ആണ് എന്നും ഈ കത്തില്‍ പറഞ്ഞിരുന്നു. മൈക്കിള്‍ സെറുലേറിയസിന്‍റെ പ്രേരണയാല്‍ ആണ് അദ്ദേഹം ഈ കത്ത് എഴുതിയത്. അത് എല്ലാ ലാറ്റിന്‍ സഭകളിലെയും ബിഷപ്പ്മാര്‍ വായിക്കേണം എന്നും അദ്ദേഹം ആഗ്രഹിച്ചു.

പടിഞ്ഞാറും, കിഴക്കും ഉള്ള വേദ പണ്ഡിതന്മാര്‍, ആദിമ സഭയില്‍ പുളിച്ചമാവു കൊണ്ടുണ്ടാക്കിയ അപ്പമാണ് തിരുവത്താഴത്തിന് ഉപയോഗിച്ചിരുന്നത് എന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അര്‍മേനിയയിലെ സഭ ആദ്യകാലം മുതല്‍ തന്നെ പുളിക്കാത്തമാവു കൊണ്ടുണ്ടാക്കിയ അപ്പമാണ് ഉപയോഗിച്ചിരുന്നത്. ഏകദേശം 7 ആം നൂറ്റാണ്ടുമുതല്‍ പടിഞ്ഞാറന്‍ സഭ, പുളിക്കാത്ത അപ്പം തിരുവത്താഴത്തിന് ഉപയോഗിക്കുവാന്‍ തുടങ്ങി. പിന്നീട് അത് സഭയുടെ ഉപദേശം ആയിമാറി. ഇത്, തിരുവത്താഴത്തെ, യേശുക്രിസ്തു ആചരിച്ച പെസഹ അത്താഴത്തോട് കൂടുതല്‍ അനുരൂപമാക്കുന്നു.

എന്നാല്‍ ബൈസാന്റൈന്‍ സംസ്കാരം അനുസരിച്ച്, പുളിക്കാത്ത മാവു കൊണ്ടുണ്ടാക്കിയ അപ്പം ജീവനില്ലാത്തതാണ്. മാവ് പുളിക്കുമ്പോള്‍ അതിന് ജീവന്‍ ഉണ്ടാകുന്നു എന്നും, യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനാലുള്ള ജീവനെ കാണിക്കുവാന്‍ പുളിച്ച അപ്പമാണ് നല്ലത് എന്നും അവര്‍ വിശ്വസിച്ചു. ക്രിസ്തീയ സഭ ആചരിക്കുന്ന തിരുവത്താഴം, യഹൂദന്മാരുടെ പെസഹയില്‍ നിന്നും വേറിട്ട് നില്‍ക്കേണം എന്നും കിഴക്കന്‍ സഭ ആഗ്രഹിച്ചു.

കിഴക്കന്‍ സഭയുടെ ഈ വിശ്വാസത്തെ, പടിഞ്ഞാറന്‍ സഭയിലെ ചില അപ്രധാന വ്യക്തികള്‍ വിമര്‍ശിച്ചിരുന്നു എങ്കിലും, റോമന്‍ സഭയിലെ പ്രധാന വ്യക്തികള്‍ ആരും തന്നെ കിഴക്കന്‍ സഭയില്‍ പുളിച്ച അപ്പം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിട്ടില്ല. എന്നാല്‍, 1053 ല്‍ കോണ്‍ന്‍സ്റ്റാന്‍റിനോപ്പ്ളിലെ പാത്രിയര്‍ക്കീസ് മൈക്കിള്‍ സെറുലേറിയസ്, പൊടുന്നനെ, ഇതിനെ ഒരു വലിയ വിവാദമാക്കി മാറ്റി.

ഈ വിഷയത്തെക്കുറിച്ച്, 1053 സെപ്റ്റംബര്‍ 2 ആം തീയതി, ലിയോ ഒന്‍പതാമന്‍ മാര്‍പ്പാപ്പ, മൈക്കിളിനും ഒഹ്റിഡ് ലെ ലിയോയ്ക്കും ഒരു കത്ത് എഴുതി. ഇതില്‍ വിശുദ്ധ പത്രൊസിനാല്‍ റോമിലെ സഭയ്ക്ക് ലഭിച്ചിരിക്കുന്ന പരമാധികാരത്തെക്കുറിച്ച് വിശദമായി പ്രതിവാദിച്ചു. “കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ ദാനം “ എന്ന രേഖയാല്‍ മാര്‍പ്പാപ്പയ്ക്ക് ചക്രവര്‍ത്തി നല്കിയ അധികാരത്തെക്കുറിച്ചും പറഞ്ഞു. എന്നാല്‍ ഈ കത്ത് അവര്‍ക്ക് അയച്ചുകൊടുത്തില്ല എന്നും അതിന് പകരമായി മറ്റൊരു ചെറിയ കത്താണ് മാര്‍പ്പാപ്പ അവര്‍ക്ക് കൊടുത്തത് എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ രണ്ടാമത്തെ കത്ത്, 1054 ജനുവരി മാസം, മാര്‍പ്പാപ്പ, ബൈസാന്റൈന്‍ ചക്രവര്‍ത്തിക്കും, മൈക്കിള്‍ സെറുലേറിയസിനും, പ്രതിനിധികള്‍ മുഖാന്തരം അയച്ചുകൊടുത്തു.

ഈ കത്തില്‍, സെറുലേറിയസിന്‍റെ ധിക്കാര മനോഭാവത്തെ മാര്‍പ്പാപ്പ വിമര്‍ശിച്ചു. അലക്സാന്‍ഡ്രിയ, അന്ത്യോക്യ എന്നീ പാത്രിയര്‍ക്കീസുകളെ സെറുലേറിയസ് അധീനതയില്‍ ആക്കുവാന്‍ ശ്രമിക്കുന്നു എന്നൊരു പരാതിയും ഉന്നയിച്ചു. സെറുലേറിയസ്, “എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസ് “ എന്ന പദവി ഉപയോഗിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. റോമന്‍ സഭയുടെയും മാര്‍പ്പാപ്പയുടെയും പരമാധികാരത്തെ അദ്ദേഹം ഒരിക്കല്‍ കൂടി അവകാശപ്പെട്ടു.

ഈ കത്ത്, മാര്‍പ്പാപ്പ മൂന്ന് പ്രതിനിധികളിലൂടെ ബൈസാന്റൈന്‍ ചക്രവര്‍ത്തിക്കും സെറുലേറിയസിനും ആയി കൊടുത്തുവിട്ടു. കര്‍ദിനാള്‍ ഹംബെര്‍ട്ട്, മാര്‍പ്പായുടെ സെക്രട്ടറി ആയിരുന്ന ഫ്രെഡെറിക് ഓഫ് ലൊറൈന്‍, ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എന്നിവര്‍ ആയിരുന്നു, ഈ പ്രതിനിധികള്‍. (Cardinal Humbert, Papal Secretary, Frederick of Lorraine and Archbishop Peter). ചക്രവര്‍ത്തി അവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു എങ്കിലും, സെറുലേറിയസ് അവരെ ഗൌരമായി ഗൌനിച്ചില്ല. 

നിഭാഗ്യവശാല്‍, ഇവരുടെ ദൌത്യം പരാജയപ്പെട്ടു. സെറുലേറിയസ്, മാര്‍പ്പാപ്പയുടെ ആവശ്യങ്ങള്‍ നിരാകരിച്ചു. അതിനാല്‍, 1054 ജൂലൈ മാസം 16 ആം തീയതി, മാര്‍പ്പാപ്പയുടെ പ്രതിനിധി ആയിരുന്ന കര്‍ദിനാള്‍ ഹംബെര്‍ട്ട്, ഹാഗിയ സോഫിയ (Hagia Sophia Church) എന്ന കിഴക്കന്‍ പാത്രിയാര്‍ക്കീസിന്റെ കത്തീഡ്രല്‍ പള്ളിയില്‍ പ്രവേശിക്കുകയും, അവിടെ, മൈക്കിള്‍ സെറുലേറിയസിനെ സഭയില്‍ നിന്നും പുറത്താക്കിയതായി മാര്‍പ്പാപ്പയുടെ കല്‍പ്പന പതിപ്പിക്കുകയും ചെയ്തു.

1054 ജൂലൈ 20 തീയതി, സെറുലേറിയസ്, ബിഷപ്പുമാരുടെ ഒരു കൌണ്‍സില്‍ വിളിച്ചുകൂട്ടി. ഈ കൌണ്‍സില്‍, ലിയോ ഒന്‍പതാമന്‍ മാര്‍പ്പാപ്പയെയും പടിഞ്ഞാറന്‍ സഭയെയും അപലപിക്കുകയും, മാര്‍പ്പാപ്പയുടെ മൂന്ന് പ്രതിനിധികളെയും സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സഭയെ അപലപിക്കുവാനുള്ള പ്രധാന കാരണമായി കൌണ്‍സില്‍ കണ്ടെത്തിയത്, നിഖ്യാ വിശ്വാസ പ്രമാണത്തില്‍ പടിഞ്ഞാറന്‍ സഭ കൂട്ടിചേര്‍ത്ത, ഫിലിയോക്ക് (filioque) എന്ന ഉപവാക്യം ആണ്.  

ലാറ്റിന്‍ ഭാഷയില്‍, ഫിലിയോക്ക് (filioque) എന്ന പദത്തിന്റെ അര്‍ത്ഥം, “പുത്രനില്‍ നിന്നും “ എന്നാണ്. പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനാണ് പരിശുദ്ധാത്മാവ് എന്ന് റോമന്‍ സഭ വിശ്വസിച്ചു. അതിനാല്‍, നിഖ്യാ വിശ്വാസ പ്രമാണത്തില്‍, “പുത്രനില്‍ നിന്നും “ എന്ന ഉപവാക്യം, ഏകദേശം 6 ആം നൂറ്റാണ്ടോടെ, റോമന്‍ സഭ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 451 ലെ കാല്‍സിഡോണിലെ കൌണ്‍സില്‍ അംഗീകരിച്ച നിഖ്യാ വിശ്വാസപ്രമാണത്തില്‍, “പിതാവില്‍ നിന്നും പുറപ്പെടുന്നവന്‍ “ എന്ന് മാത്രമേ പറയുന്നുള്ളൂ എന്ന് കിഴക്കന്‍ സഭ വാദിച്ചു. മാത്രവുമല്ല, നിഖ്യാ വിശ്യസപ്രമാണത്തെ, ആരും തിരുത്തുവാന്‍ പാടില്ല എന്ന് 431 ലെ എഫസൊസിലെ കൌണ്‍സിലില്‍ തീരുമാനമുണ്ട് എന്നും അവര്‍ വാദിച്ചു.

ഫിലിയോക്ക് അഥവാ “പുത്രനില്‍ നിന്നും “ എന്ന ഉപവാക്യം റോമന്‍ സഭ നിഖ്യാ വിശ്വാസപ്രമാണത്തോട് കൂട്ടിചേര്‍ത്തതാണ് എന്നത് സത്യം ആണ്. പിതാവിൽനിന്നും, പുത്രനിൽനിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവ് “ എന്ന കത്തോലിക്ക സഭയുടെ വിശ്വാസത്തില്‍ വിരുദ്ധ ഉപദേശമില്ല. എന്നാല്‍ കിഴക്കന്‍ സഭ, ഇതിനെ, പിതാവും, പുത്രനും എന്ന രണ്ടു വ്യക്തികളായി കാണുന്നു എന്നാണ് മനസ്സിലാക്കിയത്. ഇത് ഇരുവരുടെയും വീക്ഷണത്തിന്റെ പ്രത്യേകത മാത്രം ആയിരുന്നു.

ഫിലിയോക്ക് എന്ന പദത്തിന്റെ ഉപയോഗത്തെ, പടിഞ്ഞാറന്‍ സഭയെയും മാര്‍പ്പാപ്പയെയും എതിര്‍ക്കുവാനും തള്ളിപ്പറയുവാനുമുള്ള ഒരു ആയുധമായി സെറുലേറിയസും കിഴക്കന്‍ സഭയും ഉപയോഗിച്ചു. അവര്‍ കിഴക്കന്‍ സഭയെ, അത് ശുദ്ധവും, ശരിയായതും, സത്യമായതും ആണ് എന്ന അര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്സ് എന്ന് വിളിച്ചു. അങ്ങനെ 1054 ജൂലൈ 16 ആം തീയതി, “കാതോലികവും അപ്പോസ്തലികവും ആയ ഏക വിശുദ്ധ സഭ “, പടിഞ്ഞാറ്, റോമന്‍ കത്തോലിക്ക സഭയായും, കിഴക്ക്, ഓര്‍ത്തഡോക്സ് സഭയായും രണ്ടായി പിരിഞ്ഞു.

ഇരുകൂട്ടരും പരസ്പരം പുറത്താക്കി എങ്കിലും, അവരുടെ കല്‍പ്പനകളുടെ നിയപരമായ വശത്തെക്കുറിച്ച് വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ഉണ്ട്. ലിയോ മാര്‍പ്പാപ്പായുടെ മരണത്തിന് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ്, അദ്ദേഹം ഒപ്പിട്ട കല്‍പ്പന ഹാഗിയ സോഫിയ ദൈവാലയത്തില്‍ പതിക്കുന്നത്. അതിന് 9 മാസങ്ങള്‍ക്ക് ശേഷമാണ് അടുത്ത മാര്‍പ്പാപ്പ അധികാരം ഏല്‍ക്കുന്നത്. അതിനാല്‍, കിഴക്കന്‍ പാത്രിയാര്‍ക്കീസായിരുന്ന മൈക്കിള്‍ സെറുലേറിയസിനെ സഭയില്‍ നിന്നും പുറത്താക്കുവാനുള്ള കല്‍പ്പന, മാര്‍പ്പാപ്പയുടെ പ്രതിനിധികള്‍ റോമില്‍ നിന്നും യാത്രതിരിക്കുന്നതിന് മുമ്പ് തന്നെ തയ്യാറാക്കിയതും, മാര്‍പ്പാപ്പ ഒപ്പിട്ടതും ആയിരുന്നു. ഈ കല്‍പ്പനയില്‍ കിഴക്കന്‍ സഭയെ മൊത്തമായി മാര്‍പ്പാപ്പ പുറത്താക്കുന്നില്ല. സെറുലേറിയസിനെയും അദ്ദേഹത്തിന്റെ അനുയായികളെയും മാത്രമേ പുറത്താക്കുന്നുള്ളൂ.

 അതുപോലെതന്നെ, സെറുലേറിയസ് വിളിച്ചുചേര്‍ത്ത കൌണ്‍സില്‍ മാര്‍പ്പാപ്പയുടെ മൂന്നു പ്രതിനിധികളെ മാത്രമേ പുറത്താക്കുന്നുള്ളൂ. എന്നാല്‍, ഇതെല്ലാം തികച്ചും സാങ്കേതികത്വം മാത്രമാണ് എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. അന്നത്തെ മാര്‍പ്പാപ്പയുടേതായിരുന്നു പുറത്താക്കല്‍ കല്‍പ്പന. അതുപോലെ തന്നെ, പടിഞ്ഞാറന്‍ സഭയെ സെറുലേറിയസ് വിളിച്ചുചേര്‍ത്ത കൌണ്‍സില്‍ അപലപിക്കുയയും ചെയ്തു. മാര്‍പ്പാപ്പയുടെ പ്രതിനിധികളെ പുറത്താക്കുക എന്നത്, മാര്‍പ്പാപ്പയെ പുറത്താക്കുന്നതിന് തുല്യമാണ്.

1054 നു ശേഷം

1054 ലെ വലിയ പിളര്‍പ്പ് ഒരു പ്രധാന സംഭവമായി അന്നത്തെ ചരിത്രകാരന്‍മാര്‍ കരുതിയില്ല. അത് അന്തിമമായ ഒരു പിളര്‍പ്പ് ആയും അവര്‍ കണ്ടില്ല. അതിനാല്‍ ഈ പിളര്‍പ്പ് അന്തിമമാകുന്നത് 1204 ലെ ദുരന്തത്തോടെ ആണ് എന്ന് ആധുനിക ചരിത്രകാരന്‍മാര്‍ കരുതുന്നു. ആ വര്‍ഷം, പടിഞ്ഞാറന്‍ സഭയിലെ, നാലാമത്തെ കുരിശ് യുദ്ധക്കാര്‍, അപ്രതീക്ഷിതമായി കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ആക്രമിച്ചു. അക്രമികള്‍, ഓര്‍ത്തഡോക്സ് സഭയുടെ പള്ളികളെയും, രൂപങ്ങളെയും തകര്‍ത്തു. ആയിരക്കണക്കിന് നിര്‍ദ്ദോഷികളായ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ കൊന്നൊടുക്കി. ഇത് ഇന്നേവരെ ഉണങ്ങാത്ത മുറിവും അകല്‍ച്ചയും ഉണ്ടാക്കി.

അതിനുശേഷം, മാര്‍പ്പാപ്പയും പാത്രിയര്‍ക്കീസും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കുവാന്‍ പല ശ്രമങ്ങളും നടന്നു. രാജാക്കന്മാരും, സഭാ നേതാക്കന്മാരും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. എന്നാല്‍ അടിസ്ഥാനപരമായ ഭിന്നത പരിഹരിക്കാനായിട്ടില്ല. പഴയ മുറിവുകള്‍ ഒരിയ്ക്കലും ഉണങ്ങുക ഇല്ല എന്നാണല്ലോ പഴഞ്ചൊല്ല്.

ഈ പഠനം അവസാനിപ്പിക്കട്ടെ. ഇന്ന് ക്രൈസ്തവ സഭ അനേകം വിഭാഗങ്ങള്‍ ആയി വിഭജിക്കപ്പെടിരിക്കുന്നു. എങ്കിലും, എല്ലാ സഭയും, “കാതോലികവും അപ്പോസ്തലികവും ആയ ഏക വിശുദ്ധ സഭ“യുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗം ആണ്. സഭ മാര്‍മ്മികമായി ക്രിസ്തുവിന്റെ ശരീരവും മണവാട്ടിയും ആണ്. വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന മര്‍മ്മം, യേശുക്രിസ്തു എന്ന രക്ഷിതാവ് ആണ്. എല്ലാവരും വിശ്വസിക്കുന്നതും പ്രസംഗിക്കുന്നതും, യേശുക്രിസ്തുവിന്റെ ദൈവരാജ്യത്തിന്‍റെ സുവിശേഷം ആണ്. ഐക്യത എന്നത് ഒരേ അധികാരപരിധിയില്‍ ആയിരിക്കുക എന്നതല്ല. വിശുദ്ധന്മാരുടെ കൂട്ടായ്മയിലാണ് ഐക്യത ഉള്ളത്. നമ്മള്‍ എല്ലാവരും യേശുക്രിസ്തുവിന്റെ കത്തൃത്വത്തിന് കീഴില്‍ ആണ്. എല്ലാവരും യേശുവിന്‍റെ ദാസന്മാര്‍ ആണ്. ഐക്യതയ്ക്ക് സഭകളുടെ ഏകത ആവശ്യമില്ല. ഏകത യേശുക്രിസ്തുവില്‍ മാത്രമാണ്.      


തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍, മുകളില്‍ പറഞ്ഞ ഫോണ്‍ നമ്പറില്‍, whatsapp ലൂടെ ആവശ്യപ്പെടാം.

വേദപുസ്തക സംബന്ധമായ എന്തെങ്കിലും സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍, അത് എനിക്ക് Whatsapp ലൂടെ അയച്ചുതരുക. ചോദ്യവും ഉത്തരവും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉപകാരപ്രദമാണ് എങ്കില്‍, സമയ ലഭ്യത അനുസരിച്ച്, ദൈവശാസ്ത്രപരമായ മറുപടി നല്‍കുന്നതാണ്. ഫോണ്‍ നമ്പര്‍ 9895524854 

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment