ക്രിസ്തീയ പതാക

എന്താണ് ക്രിസ്തീയ പതാക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി നമ്മള്‍ ചിന്തിക്കുന്നത്. ഇത് ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. ക്രിസ്തീയ പതാകയെ പ്രചരിപ്പിക്കുവാനോ, അതിന് ദൈവശാസ്ത്രമായ പിന്‍ബലം നല്കുവാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ക്രിസ്തീയ പതാക പ്രചാരത്തിലുണ്ട്. ഇത് എല്ലാ ക്രിസ്തീയ സഭകള്‍ക്കും പൊതുവായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു പതാക ആണ്. 1942, ജനുവരി 23 നു അമേരിക്കയിലെ, United States Federal Council of Churches എന്ന പൊതുവായ ക്രിസ്തീയ സംഘടന ഇതിനെ അംഗീകരിച്ചത് മുതല്‍, അമേരിക്കയിലും, യൂറോപ്പിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും, ആഫ്രിക്കയിലും ഉള്ള അനേകം സഭകള്‍, അവരുടെ ആരാധനാ സ്ഥലങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതില്‍, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെതൊടിസ്റ്റ്, മൊറെവിയന്‍, പ്രസ്ബിറ്റേറിയന്‍, ക്വാക്കര്‍, ബ്രതറന്‍, പൗരസ്‌ത്യ ഓര്‍ത്തഡോക്സ്, എപ്പിസ്കോപ്പല്‍, നവീകരണ സഭകള്‍ എന്നിവയും മറ്റ് അനേക സഭകള്‍ ഉള്‍പ്പെടും. (Anglican, Baptist, Lutheran, Mennonite, Methodist, Moravian, Presbyterian, Quaker, Brethren, Eastern Orthodox, Episcopal Reformed and other churches). ഇത് ഉപയോഗിക്കുന്നതിന് ഒരു ക്രിസ്തീയ സഭയ്ക്കും വിലക്കില്ല, നിര്‍ബന്ധവുമില്ല.

ക്രിസ്തീയ പതാക, ലോകത്തിലെ രാജ്യങ്ങളുടെ പതാകയോട് സാദൃശ്യം ഉള്ളതാണ്. അത് വെള്ളനിറത്തില്‍, ദീര്‍ഘചതുരാകൃതിയില്‍ ഉള്ള ഒരു കൊടിയാണ്. ഇതിന്റെ മുകളില്‍ ഇടത്ത് വശത്തായി നീല നിറത്തിലുള്ള ഒരു സമചതുരം ഉണ്ട്. ഈ സമചതുരത്തില്‍ ചുവന്ന നിറത്തില്‍ ഒരു കുരിശിന്റെ ചിത്രവും ഉണ്ട്. കുരിശിന്റെ ചിത്രത്തിന് ലാറ്റിന്‍ ക്രോസ് (Latin Cross) എന്നു അറിയപ്പെടുന്ന രൂപമാണ് ഉള്ളത്. യേശുക്രിസ്തു ക്രൂശില്‍ ചൊരിഞ്ഞ രക്തത്തെയാണ് ചുവന്ന നിറത്തിലുള്ള കുരിശ് സൂചിപ്പിക്കുന്നത്. നീല നിറം, യേശുക്രിസ്തുവിന്റെ വിശ്വസ്തതയെയും, രാജകീയതയെയും, ക്രിസ്തീയ സ്നാനത്തെയും സൂചിപ്പിക്കുന്നു. വെള്ള നിറം യേശുക്രിസ്തുവിന്റെ വിശുദ്ധിയുടെ അടയാളം ആണ്. പതാകയിലെ നിറങ്ങള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉണ്ട്. കൊടിയുടെ വലിപ്പത്തിനൊ, അതിലുള്ള നീല നിറത്തിലെ സമചതുരത്തിനോ, കുരിശിന്റെ ചിത്രത്തിനോ കൃത്യമായ അളവുകള്‍ ഇല്ല. ഇതാണ് ക്രിസ്തീയ പതാക.

 

ഇനി നമുക്ക് ഇതിന്റെ ചരിത്രം കൂടി മനസ്സിലാക്കാം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന, ചാള്‍സ് സി. ഒവേര്‍ട്ടന്‍ (Charles C. Overton) എന്ന ഒരു സണ്ടേസ്കൂള്‍ സൂപ്രണ്ടാണ് (Sunday school superintendent) ഈ പാതകയുടെ ഉപജ്ഞാതാവ്‌. 1897 സെപ്റ്റംബര്‍ 26 ആം തീയതി, സണ്ടേസ്കൂളിന്റെ ഒരു യോഗത്തില്‍ പ്രസംഗിക്കവേ ആണ്, അദ്ദേഹം ഇങ്ങനെ ഒരു പാതകയുടെ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ശേഷം, അദ്ദേഹം ഉള്‍പ്പെട്ട് നിന്നിരുന്ന മെതൊടിസ്റ്റ് സഭയിലെ യുവജന വിഭാഗത്തിന്റെ സെക്രട്ടറി ആയിരുന്ന, റാല്‍ഫ് ഡിഫെഫെന്‍ഡൊര്‍ഫര്‍ (Ralph Diffendorfer) എന്ന വ്യക്തിയുടെ സഹായത്തോടെ ആണ് പതാക രൂപപ്പെടുത്തിയത്.

 

പതാക, ഒരു രാജ്യത്തിന്റെ അധികാരത്തെയും, സാന്നിധ്യത്തെയും, ഭൂപ്രദേശത്തെയും, അങ്ങനെ ആ രാജ്യത്തെ മൊത്തമായും പ്രതിനിധീകരിക്കുന്നു എന്ന ചിന്തയാണ് ഇങ്ങനെ ഒരു പതാകയെക്കുറിച്ച് ചിന്തിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ക്രിസ്തീയ സഭകള്‍ക്ക് ഇങ്ങനെ പൊതുവായ ഒരു പതാക ഇല്ല എന്നു അദ്ദേഹം ശ്രദ്ധിച്ചു. അതിനാല്‍, ഭൂമിയില്‍ ദൈവരാജ്യത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒരു പതാക ആവശ്യമാണ് എന്നു അദ്ദേഹത്തിന് തോന്നി. അങ്ങനെ 10 വര്‍ഷത്തെ ചിന്തകള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവില്‍, അദ്ദേഹവും സഹപ്രവര്‍ത്തകനും ചേര്‍ന്ന് ഒരു ക്രിസ്തീയ പാതകയ്ക്ക് രൂപം നല്കി. ക്രമേണ, അനേകം പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങള്‍ ഇതിനെ അംഗീകരിക്കുകയും, അവരുടെ ആരാധനാ സ്ഥലങ്ങള്‍ക്ക് ഉള്ളില്‍ അത് പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു.  

ചില സഭകളിലും, സംഘടനകളിലും, ക്രിസ്തീയ പതാകയോട് ആദരവ് പ്രകടിപ്പിക്കാറുണ്ട്. ചിലര്‍ ഒരു പ്രതിജ്ഞ ചൊല്ലാറുമുണ്ട്. ഈ പ്രതിജ്ഞയില്‍, പതാകയോടും, യേശുക്രിസ്തുവിനോടും, ദൈവരാജ്യത്തോടും, ക്രിസ്തീയ സഭ എന്ന ഏക ശരീരത്തോടും, ഉള്ള കൂറും, കടപ്പാടും, വിശ്വസ്തതയും അവര്‍ ഏറ്റുപറയുന്നു. സ്നേഹം, ഐക്യത, ശുശ്രൂഷ എന്നിവയ്ക്ക് പ്രതിജ്ഞയില്‍ ഊന്നല്‍ ഉണ്ട്. 

1908, ലിന്‍ ഹാരോള്‍ഡ് ഹൊഫ് (Lynn Harold Hough) എന്ന, അമേരിക്കന്‍ മെതൊടിസ്റ്റ് സഭയിലെ എല്‍ഡര്‍ അഥവാ മൂപ്പനാണ് (elder) ആണ് ആദ്യമായി ക്രിസ്തീയ പാതകയോടുള്ള പ്രതിജ്ഞ രൂപപ്പെടുത്തിയത്. അദ്ദേഹം എഴുതിയ പ്രതിജ്ഞ ഇങ്ങനെ ആണ്: “ഞാന്‍ ക്രിസ്തീയ പാതകയോടും, അത് പ്രതിനിധാനം ചെയ്യുന്ന രക്ഷകന്റെ രാജ്യത്തോടും, സാഹോദര്യത്തോടും, എല്ലാ മനുഷ്യരെയും യോജിപ്പിക്കുന്ന ശുശ്രൂഷയിലും സ്നേഹത്തിലും ഉള്ള കൂറ് പ്രതിജ്ഞ ചെയ്യുന്നു.” എല്ലാ സഭകളും ഇതേ പ്രതിജ്ഞ പറയുന്നില്ല. മറ്റൊരു പ്രതിജ്ഞ വാചകം ഇങ്ങനെ ആണ്: “ഞാന്‍ ക്രിസ്തീയ പാതകയോടും, അത് പ്രതിനിധാനം ചെയ്യുന്ന രക്ഷകന്റെ രാജ്യത്തോടും, ക്രൂശിക്കപ്പെട്ട്, ഉയിര്‍ത്തെഴുന്നേറ്റവനും, വിശ്വസിക്കുന്ന എല്ലാവര്‍ക്കും ജീവനും വിടുതലുമായി, വീണ്ടും വരുന്നവനും ആയ ഏക രക്ഷകനോടും ഉള്ള കൂറ് പ്രതിജ്ഞ ചെയ്യുന്നു.” 

ക്രിസ്തീയ പാതകയോട് ഉള്ള കൂറ് ഇങ്ങനെ ഏറ്റുപറയേണം എന്ന് നിര്‍ബന്ധം ഇല്ല. എല്ലാ സഭാവിഭാഗങ്ങളും ഇങ്ങനെ പ്രതിജ്ഞ ചൊല്ലാറില്ല. അത് ആരും നിര്‍ബന്ധിക്കുന്നുമില്ല.

ക്രിസ്തീയ പതാക, പല രാജ്യങ്ങളിലെയും ക്രിസ്തീയ സഭകള്‍, ക്രിസ്തുവിന്റെ ഏകശരീരമായ സഭയുടെ ഐക്യതയെയും, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെയും സൂചിപ്പിക്കുന്ന ഒരു അടയാളമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഈ പതാക, ചില നിയമപരമായ തര്‍ക്കങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും ഔദ്യോഗികമായ ദേശീയ പാതകയോടൊപ്പം ഇത് ഉപയോഗിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആണ് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. അതിനാല്‍, ഇത് ഉപയോഗിക്കുന്നവര്‍, ആരാധനാലയത്തിന് ഉള്ളില്‍ മാത്രമോ, ദേശീയ പാതകളോടൊപ്പം അല്ലാതെയോ, രാജ്യത്തിന്റെ നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലോ ഉപയോഗിക്കേണ്ടതാണ്. ദൈവരാജ്യം ഭൌതീകമല്ല എന്നു നമ്മള്‍ ഓര്‍ക്കുകയും വേണം.


ഈ ഉത്തരം ഇവിടെ അവസാനിപ്പിക്കട്ടെ. അതിനു മുമ്പായി, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയട്ടെ.

വേദപുസ്തക സംബന്ധമായ എന്തെങ്കിലും സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍, അത് എനിക്ക് Whatsapp ലൂടെ അയച്ചുതരുക. ചോദ്യവും ഉത്തരവും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉപകാരപ്രദമാണ് എങ്കില്‍, സമയ ലഭ്യത അനുസരിച്ച്, ദൈവശാസ്ത്രപരമായ മറുപടി നല്‍കുന്നതാണ്. ഫോണ്‍ നമ്പര്‍ 9895524854

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍, മുകളില്‍ പറഞ്ഞ ഫോണ്‍ നമ്പറില്‍, whatsapp ലൂടെ ആവശ്യപ്പെടാം.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment