യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷയുടെ ആരംഭത്തില്‍, തന്റെ ഉപദേശങ്ങളെ കേള്‍ക്കുവാന്‍ കൂടിവന്ന യഹൂദ പുരുഷാരോത്തോട് പറഞ്ഞ സുദീര്‍ഘമായ പ്രഭാഷണം ആണ് ഗിരി പ്രഭാഷണം എന്നും മലമുകളിലെ പ്രഭാഷണം എന്നും അറിയപ്പെടുന്നത്. ഇതാണ് മത്തായി 5 ആം അദ്ധ്യായം മുതല്‍ 7 ആം അദ്ധ്യായം വരെ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങള്‍. ഇത് യേശു മലമുകളില്‍ നിന്നുകൊണ്ടു പ്രഖ്യാപിക്കുന്ന, ദൈവരാജ്യത്തിന്റെ പ്രമാണങ്ങളും മൂല്യ വ്യവസ്ഥകളും ആണ്. ഇവിടെ ദൈവരാജ്യത്തിന്റെ സ്വഭാവവും, അതിനെ കൈവശമാക്കുന്നവരുടെ പ്രത്യേകതകളും ആണ് വിവരിക്കപ്പെടുന്നത്. ഈ വേദഭാഗത്തിന്റെ വിഷയം തന്നെ ദൈവരാജ്യമാണ്. ഈ അദ്ധ്യായങ്ങളില്‍ പറയുന്നതെല്ലാം ദൈവരാജ്യത്തെക്കുറിച്ചാണ്. ദൈവരാജ്യം ഒരു ഭൌതീക രാജ്യമല്ല, അതൊരു ആത്മീയ രാജ്യമാണ്. അതിനാല്‍ തന്നെ, യേശു സംസാരിക്കുന്നത്, അപ്പോള്‍ ഭൌതീക തലത്തില്‍ നിവൃത്തിയാകുന്ന ഒരു രാജ്യത്തെക്കുറിച്ചല്ല. അവന്‍ പറഞ്ഞത് ഭാവിയില്‍, കാല സമ്പൂര്‍ണ്ണതയില്‍ നിവൃത്തിക്കപ്പെടുവാന്‍ ഇരിക്കുന്ന ആത്മീയമായ ഒരു രാജ്യത്തെക്കുറിച്ചാണ്. ഇത് ഈ വേദഭാഗം മനസ്സിലാക്കുവാന്‍ പ്രധാനമാണ്.
ഗിരി പ്രഭാഷണം, എങ്ങനെ രക്ഷിക്കപ്പെടാം എന്നതിന്റെ വിശദീകരണം അല്ല. അത് രക്ഷിക്കപ്പെട്ട്, ദൈവവുമായി ഒരു ആത്മ ബന്ധത്തില്‍ ആയിക്കഴിഞ്ഞ ദൈവജനം എങ്ങനെ ഒരു വിശുദ്ധ ജീവിതം നയിക്കേണം എന്നതിന്റെ മാര്‍ഗ്ഗ രേഖ ആണ്. ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ മൂല്യങ്ങളുടെ വിവരണം ആണ്. അത് വെറുതെ കേള്‍ക്കുവാന്‍ ഉള്ളതല്ല, അനുസരിക്കുവാന്‍ ഉള്ളതാണ്.
ഗിരി പ്രഭാഷണത്തിന്റെ മുഖ്യ ഭാഗമായ, മത്തായി 5: 3 ആമത്തെ വാക്യം മുതല്‍ 11 ആം വാക്യം വരെയുള്ള വേദഭാഗം, സ്വര്‍ഗ്ഗരാജ്യത്തിലെ ഭാഗ്യവാന്മാരെക്കുറിച്ച് പറയുന്ന ഒരു പട്ടിക ആണ്. ഇതിനെ അനുഗ്രഹ പ്രഭാഷണങ്ങള്‍ അഥവാ beatitudes എന്നാണ് വിളിക്കുന്നത്. യേശുവിന്റെ അനുഗ്രഹ പ്രഭാഷണത്തിലെയും വിഷയം ദൈവരാജ്യവും, അതിനെ മനുഷ്യര്‍ എങ്ങനെ കൈവശമാക്കും എന്നതാണ്. അനുഗ്രഹ പ്രഭാഷണത്തിലെ ഒന്നാമത്തെ വാക്യം ഇതാണ്: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” ഈ വാക്യത്തെ വിശദീകരിക്കുന്ന മറ്റൊരു പഠനം വീഡിയോ, ഓഡിയോ, പഠന കുറിപ്പുകള്‍ എന്നിവയായി ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതിനാല്‍ അത് ഇവിടെ വീണ്ടും വിശദീകരിക്കുന്നില്ല.
“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” എന്നു പറഞ്ഞതിന് ശേഷം, യേശു തുടര്‍ന്നു പറഞ്ഞു: “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.” (മത്തായി 5:4). ദുഖിച്ച് വിലപിക്കുന്നവരെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നത്. അവരുടെ വിലാപം ആശ്വാസത്തിന് വഴിമാറും. ഇവര്‍ തങ്ങളുടെയും മറ്റുള്ളവരുടെയും പാപം പാപം നിമിത്തം ദുഖിച്ചു വിലപ്പിക്കുന്നവര്‍ ആണ് എന്നു പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടില്‍ സിറിയയില്‍ ജീവിച്ചിരുന്ന, പിന്നീട് കോണ്‍സ്റ്റാന്റ്റിനോപ്പിളിന്‍റെ (Constantinople) ബിഷപ്പും, ആയിരുന്ന ജോണ്‍ ക്രിസോസ്റ്റം (John Chrysostom) എന്ന ആദ്യകാല സഭാപിതാവിന്റെ കാലം മുതല്‍ ആണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടായത്. കാരണം യേശു ഗിരിപ്രഭാഷണത്തില്‍ ഉടനീളം ആത്മീയമായ ദൈവരാജ്യത്തെക്കുറിച്ചാണ് പറയുന്നത്. ഈ വാക്യത്തിന് മുകളില്‍ പറയുന്ന ആത്മാവില്‍ ദരിദ്രരും, ശേഷം പറയുന്ന സൌമ്യതയുള്ളവരും ഭൌതീകതലത്തില്‍ ഭാഗ്യവാന്മാര്‍ അല്ല. 2 കൊരിന്ത്യര്‍ 7: 9 ല്‍ പൌലൊസ് മാനസാന്തരത്തിനായുള്ള ദുഖത്തെക്കുറിച്ച് പറയുന്നുണ്ട്. ദൈവഹിതപ്രകാരമുള്ള ദുഖം രക്ഷയ്ക്കു സഹായമാകും എന്നും അദ്ദേഹം പറയുന്നുണ്ട്. അതിനാല്‍ യേശു ഇവിടെ പറയുന്ന ദുഖിക്കുന്നവര്‍ പാപം നിമിത്തം ദുഖിച്ച് വിലപിക്കുന്നവര്‍ ആണ് എന്നു വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാല്‍ ഭൌതീക ജീവിതത്തില്‍ ദുഖിച്ചു വിലപിക്കുന്നവര്‍ യേശുവിന്റെ ദൃഷ്ടിയില്‍ ഇല്ലായിരുന്നു എന്നു പറയുക ശരിയല്ല. ഭൌതീക ജീവിതത്തില്‍ ദുഖിക്കുന്നവരും യേശുവിന്റെ കരുതലില്‍ എപ്പോഴും ഉണ്ടായിരുന്നു. അവര്‍ക്കും ആശ്വാസം ലഭിക്കും. യേശുവിന്റെ ഉപമയിലെ ലാസറും, ആദ്യ നൂറ്റാണ്ടുകളില്‍ പീഡനം അനുഭവിച്ച ക്രിസ്തീയ വിശ്വാസികളും, ഭൌതീക തലത്തില്‍, ജഡത്തില്‍ കഷ്ടത അനുഭവിച്ചവര്‍ ആണ്. ദൈവരാജ്യം അവര്‍ക്ക് ഉള്ളതാണ്, അവരുടെ ആശ്വാസമാണ്. വെളിപ്പാടു പുസ്തകം 21: 4, 5 വാക്യങ്ങളില്‍ പറയുന്ന, “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നത് ഒന്നാമത്തെ ഭൂമിയിലെ ജീവിതാനുഭവങ്ങളുടെ മാറ്റത്തെക്കുറിച്ചാണ്.
സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ
ദുഖിക്കുന്നവര്‍ക്ക് ആശ്വാസം ഉണ്ടാകും എന്നു വാഗ്ദത്തം നല്‍കിയശേഷം യേശു പറയുന്നതു സൌമ്യതയുള്ളവരെ കുറിച്ചാണ്. 5 ആം വാക്യത്തില്‍ യേശു പറഞ്ഞു: “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” സൗമ്യതയുള്ളവർ എന്നതിനെ എളിമയുള്ളവര്‍ എന്നും ശരിയായി വായിക്കാം. എളിമയുള്ളവര്‍ ആണ് ദൈവരാജ്യത്തില്‍ ഭാഗ്യവാന്മാര്‍. ആരാണ് സൌമ്യതയുള്ളവര്‍, അവര്‍ ഏത് ഭൂമിയെ കൈവശമാക്കും എന്നാണ് യേശു പറഞ്ഞത്? ഇതിനെക്കുറിച്ച് നമുക്ക് ഇനി ചിന്തിക്കാം.
37 ആം സങ്കീര്‍ത്തനത്തില്‍ സൌമ്യത ഉള്ളവരുടെ ഗുണവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഒരു പ്രതിധ്വനി യേശുവിന്റെ വാക്കുകളില്‍ കാണാം. സങ്കീര്‍ത്തനം ആരംഭിക്കുന്നത് ഇങ്ങനെ ആണ്: “ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. (37:1). ഇതാണ് സൌമ്യതയുടെ ലക്ഷണം. അതേ സങ്കീര്‍ത്തനം 7, 8 വാക്യങ്ങള്‍ പറയുന്നു: “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” ഈ സങ്കീര്‍ത്തനത്തിലെ 11 ആമത്തെ വാക്യം ആണ് യേശു എടുത്തു പറയുന്നതു: “എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” സൌമ്യതയുള്ളവര്‍, നീതികേടിനെയും ദുഷ്ടതയെയും, ദുരുപായങ്ങളെയും, ക്രോധത്തെയും ശാന്തമായി അനുഭവിക്കുകയും അത് ചെയ്തവരോടു കയ്പ്പോ, പ്രതികാര ചിന്തയോ ഇല്ലാത്തവരും ആണ്. സൌമ്യരായവര്‍ അധികാരങ്ങളെ ബഹുമാനിക്കുകയും കീഴ്പ്പെട്ടിരിക്കുകയും ചെയ്യുന്നവര്‍ ആണ്. മാനുഷിക അധികാരങ്ങളോടുള്ള ബഹുമാനം ദൈവത്തോടുള്ള ബഹുമാനത്തിന്റെയും കീഴ്പ്പെടലിന്റെയും അടയാളമാണ്.
സൌമ്യത എന്നതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് പ്രാഹൂസ് (praus - prah-oos) എന്ന പദമാണ്. ഇതിന് നിയന്ത്രിതണത്തിന് വിധേയമായ ശക്തി എന്നു പറയാം. അതായത് ആത്മനിയന്ത്രണമുള്ള ഒരു വ്യക്തിയെ സൌമ്യന്‍ എന്നു വിളിക്കാം. അയാള്‍ അധികമായി ക്രൂദ്ധിക്കുകയോ ബലഹീനനാകുകയോ ചെയ്യുന്നില്ല. ശക്തരായ യുദ്ധക്കുതിരകളെ മെരുക്കി നിറുത്തുന്നതിനെ പരാമര്‍ശിക്കുവാന്‍ ഗ്രീക്കുകാര്‍ ഈ പദം ഉപയോഗിച്ചിരുന്നു. ശക്തരാണ് എന്നാല്‍ കീഴ്പ്പെട്ട് നില്‍ക്കുവാന്‍ തല്‍പരരും ആണ്. ഇവരാണ് പ്രാഹൂസ് അല്ലെങ്കില്‍ സൌമ്യര്‍. സൌമ്യത, ഭീഷണിയാല്‍ ഒതുക്കി നിറുത്തുന്ന അനുഭവം അല്ല, സ്വയം തിരഞ്ഞെടുക്കുന്ന ഒരു സ്വഭാവ വിശേഷമാണ്. ഇവിടെ സൌമ്യത ഒരു ദൌര്‍ബല്യം അല്ല, ശക്തി ആണ്.
അതായത്, സൌമ്യത ഒരു ബലഹീനത അല്ല, അതൊരു ക്രിസ്തീയ ഗുണം ആണ്. സൌമ്യത പരിശുദ്ധാത്മാവിന്റെ ഫലം ആണ്. ലോകത്തില്‍ ഇന്നേവരെ ജീവിച്ചിരുന്ന വ്യക്തികളില്‍ ഏറ്റവും സൌമ്യന്‍ നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു ആയിരുന്നു. അവന്റെ അതേ മനോഭാവമാണ് നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. യേശു അവന്റെ സൌമ്യതയാല്‍ ബലഹീനന്‍ ആയിരുന്നില്ല. സൌമ്യത അവന്റെ ശക്തി ആയിരുന്നു. യേശുവില്‍ സ്വമനസ്സാലെയുള്ള അനുസരണവും കീഴ്പ്പെടലും നമുക്ക് കാണാവുന്നതാണ്.
ഗലാത്യര്‍ക്ക് എഴുതിയ ലേഖനം 5 ആം അദ്ധ്യായത്തില്‍ പൌലൊസ് പരിശുദ്ധാത്മാവിന്റെ ഫലത്തെക്കുറിച്ച് പറയുന്ന പട്ടികയില്‍ സൌമ്യത ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആണ്: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” മോശെയെക്കുറിച്ച്, സംഖ്യാപുസ്തകം 12: 3ല്‍, പറയുന്നതു ഇങ്ങനെ ആണ്: “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.” മോശെ അശക്തന്‍ ആയിരുന്നില്ല, എന്നാല്‍ അവന്‍ സകലത്തിലും ദൈവത്തിന് കീഴടങ്ങിയിരുന്നു; ദൈവം പറഞ്ഞതെല്ലാം അനുസരിച്ചു.
മത്തായി 11: 29 ല്‍ യേശു സ്വയം സൌമ്യന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്. “ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.” യേശു ദൈവമായിരുന്നു. എന്നാല്‍ “ അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി. തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയര്‍ 2:6, 7, 8). യേശുക്രിസ്തുവിന്റെ സൌമ്യതയുടെ ചിത്രം ഇതാണ്. അവന്‍ ദൈവം ആയിരുന്നു. എന്നാല്‍ ദൈവരൂപത്തെ ഉപേക്ഷിച്ച്, ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി ഭൂമിയില്‍ ജനിച്ചു, ഇവിടെ ശുശ്രൂഷ ചെയ്തു, നമ്മളുടെ പാപങ്ങളുടെ പരിഹാരത്തിനായി ക്രൂശില്‍ മരിച്ചു.
ഭൂമിയെ കൈവശമാക്കും
സൌമ്യതയുള്ളവരെക്കുറിച്ച് കര്‍ത്താവ് പറഞ്ഞത്, അവര്‍ ഭൂമിയെ കൈവശമാക്കും എന്നാണ്. ഇവിടെ ഭൂമി എന്നു വായിക്കുമ്പോള്‍, അത് നമ്മള്‍ ഇപ്പോള്‍ വസിക്കുന്ന ഭൂമിയാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ടാകുവാന്‍ ഇടയുണ്ട്. എന്നാല്‍ യേശുക്രിസ്തു പറഞ്ഞത്, നമ്മള്‍ നിത്യമായി വസിക്കുവാന്‍ പോകുന്ന വാസസ്ഥലത്തെക്കുറിച്ചാണ്. അതായത് പുതിയ ഭൂമിയെക്കുറിച്ചും പുതിയ ജെറുസലേമിനെക്കുറിച്ചും ആണ്. ഗിരി പ്രഭാഷണത്തിലെ വാഗ്ദത്തങ്ങള്‍ ഒന്നും ഭൌതീകമല്ല, ആത്മീയമാണ്. ദൈവരാജ്യമാണ് അതിലെ വിഷയം.
യേശുവിന്‍റെ പ്രഭാഷണം കേട്ടുകൊണ്ട് നിന്ന യഹൂദന്മാര്‍ ഭൂമിയെ കൈവശമാക്കും എന്ന പ്രസ്താവനയെ എങ്ങനെ ആണ് മനസ്സിലാക്കിയത് എന്നത് പ്രധാനപ്പെട്ട കാര്യം ആണ്. യേശു ഒരു യഹൂദ റബ്ബിയായി അവരുടെ ഇടയില്‍ ശുശ്രൂഷ ആരംഭിച്ചിരിക്കുക ആണ്. അവന്‍ യഹൂദന്മാര്‍ പ്രതീക്ഷിക്കുന്ന മശിഹ ആണോ എന്നാണ് യഹൂദന്മാരുടെ ചിന്ത. ദൈവം അബ്രാഹാമിനും, യിസ്ഹാക്കിനും, യാക്കോബിനും വാഗ്ദത്തം ചെയ്ത ദേശം, അപ്പോള്‍ റോമാക്കാരുടെ അധീനതയില്‍ ആയിരുന്നു. അത് വീണ്ടും അവര്‍ക്ക് സ്വന്തമാകുന്ന കാലത്തെ ആണ് അവര്‍ സ്വപ്നം കാണുന്നത്. വീണ്ടെടുക്കപ്പെടുന്ന രാജ്യത്തുള്ള മശിഹയുടെ ഭരണമാണ് അവരുടെ പ്രത്യാശ. അവരോടു യേശു പറഞ്ഞു, സൌമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആണ്, കാരണം അവര്‍ ഭൂമിയെ കൈവശമാക്കും. യഹൂദന്മാര്‍ മനസ്സിലാക്കിയ ഭൂമി, അവരുടെ വാഗ്ദത്ത ഭൂമി ആണ്. ഭൌതീക തലത്തിലുള്ള കനാന്‍ എന്ന വാഗ്ദത്ത ദേശം, ഐതീഹമല്ലാത്ത ദൈവരാജ്യം എന്ന നിത്യരാജ്യത്തിന്റെ നിഴല്‍ മാത്രമാണു എന്ന കാഴ്ചപ്പാട് അവര്‍ക്ക് നഷ്ടപ്പെട്ടു പോയിരുന്നു.
എന്നാല്‍ യേശുവിന്‍റെ രാജ്യം ഭൌതീകമായിരുന്നില്ല. അവന്റെ ഗിരി പ്രഭാഷണം ഭൌതീകരാജ്യത്തിന്റെ ഭരണഘടന അല്ല. അവന്റെ രാജ്യം ആത്മീയമാണ്. അവന്‍ വാഗ്ദത്തം ചെയ്ത ഭൂമി ദൈവരാജ്യമാണ്, പുതിയ ഭൂമി ആണ്, പുതിയ യെരൂശലേം ആണ്. അത് കൈവശമാക്കുവാനുള്ള യോഗ്യതയാണ്, സൌമ്യത ഉള്ളവര്‍ ആയിരിക്കുക എന്നത്.
നീതിക്കു വിശന്നു
ദാഹിക്കുന്നവർ
യേശുക്രിസ്തു അനുഗ്രഹ പ്രഭാഷണം ആരംഭിക്കുന്നത്, ആത്മാവില്‍ ദരിദ്രര്‍ ആയവരെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. അതിനുശേഷം ദുഖിക്കുന്നവരെക്കുറിച്ച് പറഞ്ഞു. പിന്നീട് സൌമ്യത ഉള്ളവരെക്കുറിച്ച് പരാമര്‍ശിച്ചു. ഈ മൂണ് കൂട്ടരും നീതിക്കായി വിശന്ന് ദാഹിക്കുന്നവര്‍ ആണ്. അവരെല്ലാം ഭാഗ്യവാന്മാര്‍ ആണ്.
യേശുവിന്റെ അനുഗ്രഹപ്രഭാഷണത്തിലെ മറ്റൊരു വാക്യം കൂടെ ഇതിനോട് ചേര്‍ത്തു നമുക്ക് വായിക്കാവുന്നതാണ്. 10 ആം വാക്യത്തില്‍ യേശു പറഞ്ഞു: “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” ഈ വാക്യത്തിന്റെ തുടര്‍ച്ചയോ വിശദീകരണമോ ആണ് 11 ആമത്തെ വാക്യം എന്നാണ് വേദപണ്ഡിതരുടെ അഭിപ്രായം. അതിനാല്‍ അതുകൂടെ നമ്മള്‍ ഇവിടെ ചേര്‍ത്തു വായിക്കുന്നു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.” ഈ മൂന്ന് വാക്യങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ നമുക്ക് ഇങ്ങനെ പറയുവാന്‍ കഴിയും: നീതിക്കായി വിശന്ന് ദാഹിക്കുന്നവര്‍, നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ആയിരിയ്ക്കും. നമ്മള്‍ എപ്പോഴും നീതിക്കായി ദാഹിക്കുന്നവരും വിശക്കുന്നവരും ആയിരിക്കേണം. ഈ ദാഹവും വിശപ്പും കാരണം നമ്മള്‍ ഈ ഭൂമിയില്‍ ഉപദ്രവിക്കപ്പെട്ടേക്കാം. നമ്മള്‍ ദൈവരാജ്യത്തിന്റെ നീതി ആണ് അന്വേഷിക്കുന്നത് എന്നതിനാല്‍, അത് നിമിത്തം, പഴിയും, ഉപദ്രവും, തിന്‍മയും ഈ ഭൂമിയില്‍ അനുഭവിക്കേണ്ടി വരും. അതായത്, ലോകം നമ്മളെ എതിര്‍ക്കുവാന്‍ കാരണമായേക്കാവുന്ന നീതിയ്ക്കായി ആണ് നമ്മള്‍ ദാഹിച്ചു വിശക്കുന്നത്. ലോകത്തിന് അനുകൂലമായ നീതിക്കായല്ല, ലോകത്തിന് എതിരായ നീതിക്കായാണ് നമ്മള്‍ ദാഹിക്കേണ്ടത്.
യേശുവിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന യഹൂദന്മാരുടെ മാനസിക അവസ്ഥയെ ആണ് യേശു ഇവിടെ സ്പര്‍ശിക്കുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ആയിരിക്കുന്നു എന്നത് തന്നെ അവര്‍ക്ക് നീതി നിഷേധം ആയിരുന്നു. യഹൂദ്യ ദേശം, ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്ത സ്വന്തദേശം ആണ്. അതിനെ വിദേശ രാജ്യങ്ങള്‍ ഭരിക്കുന്നത് തന്നെ നീതിനിഷേധമാണ്. അതിലുപരിയായി, അവരുടെ സംസ്കാരത്തെയും, മത വിശ്വാസത്തെയും, ജീവിത രീതികളെയും എല്ലാം വിദേശ സാമ്രാജ്യങ്ങള്‍ ചില കാലങ്ങളായി, മാറ്റുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അവര്‍ നീതിക്കായി വിശന്ന് ദഹിക്കുന്നവര്‍ ആണ്.
യേശു അവര്‍ക്ക് ഉറപ്പ് നല്കുന്നു: “അവർക്കു തൃപ്തിവരും.” എന്നാല്‍ യേശുവിന്റെ വാഗ്ദത്തങ്ങള്‍ക്ക് എപ്പോഴും ആത്മീയ നിവൃത്തിയാണ് ഉള്ളത്. അത് റോമാക്കാരുടെ അനീതിക്കെതിരെയുള്ള വാക്കുകള്‍ അല്ല, ലോകത്തിന്റെ അനീതിക്കെതിരെയുള്ള ദൈവരാജ്യത്തിന്റെ നീതി ആണ്. യേശു നല്‍കുന്ന നീതി ദൈവരാജ്യത്തില്‍ മാത്രം ലഭിക്കുന്ന നീതി ആണ്. അത് ദൈവരാജ്യം കൈവശമാക്കുന്നവര്‍ക്ക് മാത്രം അനുഭവിക്കുവാന്‍ കഴിയുന്ന നീതി ആണ്. അതിനാല്‍ യേശു പറഞ്ഞ വാക്കുകളുടെ പൊരുള്‍ അറിയാന്‍ അവന്റെ തന്നെ വാക്കുകളെ പിന്തുടരേണ്ടതുണ്ട്.
നീതി എന്ന വാക്ക് മത്തായിയുടെ സുവിശേഷത്തില്‍ ഏഴു പ്രാവശ്യം നമ്മള്‍ കാണുന്നു. അതില്‍ 5 പ്രാവശ്യവും ഗിരിപ്രഭാഷണത്തില്‍ ആണ് കാണുന്നത്. എന്നാല്‍ മറ്റ് സുവിശേഷങ്ങളില്‍ ഈ വാക് ഓരോ പ്രാവശ്യമേ കാണുന്നുള്ളൂ. ഈ വാക്ക് യേശു ഉപയോഗിച്ചത്, ഭൌതീക മണ്ഡലത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന നീതിയെക്കുറിച്ചല്ല, ദൈവരാജ്യത്തിലെ നീതിയെക്കുറിച്ചാണ്. അതിനെക്കുറിച്ച് പൂര്‍ണ്ണമായി ഇപ്പോള്‍ നമുക്ക് ഗ്രഹിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ഈ വാക്ക് ഗിരി പ്രഭാഷണത്തില്‍ തന്നെ, മറ്റ് നാല് ഇടങ്ങളില്‍ പറഞ്ഞിരിക്കുന്നതിന്റെ സാഹചര്യവും അര്‍ത്ഥവും നമുക്ക് നോക്കാം.
ഗിരി പ്രഭാഷണത്തില്‍ തന്നെ, മത്തായി 5: 20 ല്‍ യേശു നീതിയെക്കുറിച്ച് മറ്റൊരു പരാമര്‍ശം
നടത്തുണ്ട്. യേശു പറയുന്നു: “നിങ്ങളുടെ നീതി
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ
സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” ഈ വാക്യത്തിന് ശേഷം, എങ്ങനെ
ആണ് നമ്മളുടെ നീതി അന്നത്തെ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയേണ്ടത്
എന്നു 6 ഉദാഹരണങ്ങളിലൂടെ യേശു വിശദീകരിക്കുണ്ട്. 21 മുതല്‍ 26 വാക്യങ്ങള്‍
പറയുന്നു: സഹോദരനോടു കോപിക്കുന്നതും, നിസ്സാര എന്നോ മൂഢാ എന്നോ പറയുന്നതും കൊലപാതകത്തിന്
തുല്യമാണ്. അങ്ങനെ ചെയ്യുന്നവര്‍ ന്യായവിധിക്കും അഗ്നിനരകത്തിനും യോഗ്യരാകും.
അതിനാല്‍ സഹോദരന് നമ്മളോട് വല്ല വിരോധവും ഉണ്ടെങ്കില്‍,
അവനോടു നിരപ്പ് പ്രാപിച്ചിട്ടുവേണം ദൈവത്തിന് വഴിപാടു കഴിക്കുവാന്‍. 27 മുതല്‍ 30
വരെയുള്ള വാക്യങ്ങളില്‍ വ്യഭിചാരത്തിനെതിരെ യേശു മുന്നറിയിപ്പ് നല്കുന്നു. അന്യ സ്ത്രീയെ മോഹത്തോടെ നോക്കുന്നതുപോലും വ്യഭിചാരമായി
ദൈവരാജ്യത്തില്‍ കണക്കാക്കപ്പെടും എന്നും യേശു കൂട്ടിച്ചേര്‍ത്തു. 31, 32 വാക്യങ്ങളില്‍ യേശു
വിവാഹം എന്ന ഉടമ്പടിയെക്കുറിച്ചാണ് പറയുന്നതു. മോശെ വിവാഹമോചനത്തെ അനുവദിച്ചു എന്ന
സാങ്കേതികത്വം കാരണമാക്കി വിവാഹ ബന്ധത്തെ ഉപേക്ഷിക്കരുത്. ഉടമ്പടികളെ
പാലിക്കുന്നതായിരിക്കേണം നമ്മളുടെ നീതി. വിവാഹത്തെ ഒഴിയുവാന്‍ പാടില്ലാത്ത
ഉടമ്പടിയായി കരുതാത്ത ആരുമായും ബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നാണ് യേശു
ഉപദേശിച്ചത്. 33 മുതല്‍ 37 വരെയുള്ള വാക്യങ്ങളില്‍,
കള്ളസത്യം ചെയ്യരുത് എന്നും, സത്യം ചെയ്താല്‍ അത് നിവര്‍ത്തിക്കേണം
എന്നും, അതിനാല്‍ സത്യം ചെയ്യാതെ ഇരിക്കുന്നതാണ് കൂടുതല്‍
അഭികാമ്യം എന്നും യേശു ഉപദേശിക്കുന്നു. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ;
ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.”
ഇതാണ് യേശുവിന്റെ നീതി.
ന്യായപ്രമാണത്തിലെ, “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും” എന്ന നീതിയെ യേശു ഉപേക്ഷിക്കുന്നതായി നമ്മള്‍ 38 മുതല്‍ 42 വരെയുള്ള വാക്യങ്ങളില്‍ വായിക്കുന്നു. ഇതിന് പകരമായി, “ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.” എന്ന പുതിയ നീതിബോധം യേശു അവതരിപ്പിക്കുന്നു. ഈ ഭാഗത്തെ അവസാനത്തെ ഉപദേശം, നമ്മളുടെ കൂട്ടുകാരനെ മാത്രമല്ല, ശത്രുക്കളെയും സ്നേഹിക്കേണ്ടതാകുന്നു എന്ന ഉപദേശമാണ്. യേശു പറഞ്ഞു: “നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ”. 48 ആം വാക്യത്തില്‍ യേശു പറഞ്ഞു നിറുത്തുന്നത് ഇങ്ങനെ ആണ്: “ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”
ഇതാണ് യേശു പഠിപ്പിച്ച നീതി. ഇത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിബോധത്തെ കവിയുന്നതാണ്. ഇതാണ് പുതിയനിയമ നീതി വ്യവസ്ഥ. യേശു ക്ഷണിക്കുന്നത്, ഈ ലോകത്തിലെ നീതിയിലേക്കല്ല, സ്വര്‍ഗ്ഗീയമായ നീതി പ്രാപിക്കുവാനാണ്. നമ്മളെ അവന്‍ വിളിക്കുന്നത്, മറ്റൊരു ലോകത്തിലേക്ക്, ദൈവരാജ്യത്തിലേക്കാണ്. നീതിയ്ക്കായി ദാഹിക്കുകയും വിശക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നോക്കുന്നത് ദൈവത്തിങ്കലേക്കാണ്.
അന്നത്തെ സദൂക്യരും, ശാസ്ത്രിമാരും, പരീശന്മാരും അവരുടേതായ ഒരു നീതിബോധം സൃഷ്ടിച്ചിട്ടുണ്ട്. ഇവരുടെ നീതിബോധം യഹൂദ മതത്തെ ചുറ്റിപ്പറ്റി ആയിരുന്നു. അതാകട്ടെ, ആത്മീയമല്ല, തീകച്ചും ഭൌതീകവും ആയിരുന്നു. പ്രവര്‍ത്തികളില്‍ അധിഷ്ഠിതമായ ഒരു നീതിബോധം ഈ ഭൂമിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതിന് അപ്പുറത്തേക്ക് അവര്‍ക്ക് ഒരു കാഴ്ചപ്പാട് ഇല്ലായിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതിലൂടെ, സ്വയം വഞ്ചനയുടെ ഒരു നീതിബോധം അവര്‍ സൃഷ്ടിച്ചു. എന്നാല്‍ യേശു പറഞ്ഞ നീതി, ബാഹ്യമായ പ്രവര്‍ത്തികളില്‍ അധിഷ്ഠിതം അല്ല, അത് ഹൃദയത്തിന്റെ മാനസാന്തരത്തില്‍ അധിഷ്ഠിതം ആയിരുന്നു.
മത്തായി 6: 1 ല്‍ വീണ്ടും യേശുക്രിസ്തു നീതിയെക്കുറിച്ച് പറയുന്നു:
“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.”
പരീശന്മാര്‍ തങ്ങളുടെ ഭക്തി പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ അതീവ തല്‍പ്പരര്‍ ആയിരുന്നു. പാപികളായ മറ്റുള്ളവരെപ്പോലെ അല്ല തങ്ങള്‍ എന്നതായിരുന്നു അവരുടെ മനോഭാവം. അവരുടെ വസ്ത്രധാരണത്തിലും, അവര്‍ സാധുക്കളെ സഹായിക്കുന്ന രീതിയിലും ദൈവാലയത്തില്‍ ദാനങ്ങളെ നല്‍കുന്നതിലും എല്ലാം അവരുടെ ഈ മനോഭാവം തെളിഞ്ഞു നിന്നു. മറ്റുള്ളവരുടെ പ്രശംസയ്ക്കായി അവര്‍ ഇതെല്ലാം പരസ്യമായി ചെയ്തുകൊണ്ടിരുന്നു. ഇതിനെല്ലാം ദൈവം പ്രതിഫലം നല്കും എന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ ഇതിനെ യേശു തള്ളിപറഞ്ഞു. മനുഷ്യരുടെ പ്രശംസ ലഭിച്ച പരീശന്‍മാര്‍ക്ക് ദൈവത്തിന്റെ പ്രതിഫലം ലഭിക്കില്ല എന്ന് തന്നെ യേശു പറഞ്ഞു. അതിനാല്‍, അവന്‍ ജനത്തെ ഉപദേശിച്ചു, നിങ്ങള്‍ രഹസ്യത്തില്‍ ദൈവഹിതമായവ പ്രവര്‍ത്തിക്ക, എല്ലാ രഹസ്യങ്ങളും അറിയുന്ന ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കും.
യേശു ഗിരിപ്രഭാഷണത്തില്‍ നീതി എന്ന വാക്ക് അഞ്ചാമത്തെ പ്രാവശ്യം ഉപയോഗിക്കുന്നത് മത്തായി 6: 33 ല്‍ ആണ്. അത് ഇങ്ങനെ ആണ്: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”
ദൈവരാജ്യത്തിന്റെ ഈ പ്രമാണം നമ്മളുടെ മുന്‍ ഗണനകളെ പുനര്‍ക്രമീകരിക്കേണ്ടതിനെ കുറിച്ചാണ്. ഭൌതീക അനുഗ്രഹങ്ങള്‍ നല്ലതാണ് എങ്കിലും, നമ്മളുടെ ജീവിതത്തില്‍ നമ്മള്‍ മുന്‍ ഗണന നല്‍കേണ്ടത് അതിനല്ല എന്നും ദൈവരാജ്യത്തിനും അതിന്റെ നീതിയ്ക്കും മുന്‍ ഗണന നല്കിയാല്‍, നമുക്ക് ആവശ്യമായ ഭൌതീക നന്മകളും ലഭിക്കും എന്നാണ് കര്‍ത്താവ് പറയുന്നത്. ദൈവരാജ്യത്തിന്റെ നീതിയ്ക്ക് മുന്‍ ഗണന എന്നാല്‍, ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ജീവിതത്തില്‍ മുന്‍ ഗണന നല്കുക എന്നതാണ്.
ഇവയെല്ലാം ഒരുമിച്ച് കൂട്ടി വായിച്ചാല്‍ നമ്മള്‍ക്ക് എന്തു മനസ്സിലാക്കുവാന്‍ കഴിയും. നമ്മള്‍ വിശന്ന് ദാഹിക്കേണ്ടത് എന്തിനെല്ലാം ആണ്? നമ്മളുടെ ഹൃദയത്തിന്റെ രൂപാന്തരം വരുത്തുന്ന ഒരു ക്രിസ്തീയ ജീവിതത്തിനായി നമ്മള്‍ വിശന്ന് ദാഹിക്കേണം. മനുഷ്യരുടെ പ്രശംസ അല്ല, ദൈവത്തിന്റെ പ്രതിഫലമാണ് നമുക്ക് വിലയേറിയത്. ഇങ്ങനെ ജീവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് യേശു പറയുന്നത്.
യേശു പറഞ്ഞ വാക്യം ഒന്നുകൂടി പറയട്ടെ: “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.” തൃപ്തി വരും എന്ന പദത്തെ എങ്ങനെ ആണ് നമ്മള്‍ മനസ്സിലാക്കേണ്ടത്? തൃപ്തി എന്നതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ഖൊര്‍ട്ടഡ്സോ (chortazo, khor-tad'-zo) എന്നാതാണ്. ഇതിന്റെ അര്‍ത്ഥം. സമൃദ്ധമായി ആഹാരം നല്കുക, നിറയുന്നത് വരെ അല്ലെങ്കില്‍ തൃപ്തി ആകുന്നത് വരെ ആഹാരം നല്കുക എന്നതാണ്. ഈ ഗ്രീക്കു വാക്കിന്റെ മൂല പദം ഖൊര്‍ട്ടോസ് (chortos, khor'-tos) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം, സമൃദ്ധമായ പച്ച പുല്‍ത്തകിടി, എന്നാണ്. അതായത്, ഒരു ആടിന്, ഇനി കൂടുതല്‍ വേണ്ടാ എന്നു തോന്നുന്നത് വരെ ഭക്ഷിക്കുവാന്‍ ആവശ്യമായ സമൃദ്ധമായ ഒരു പച്ച പുല്‍ത്തകിടിയെ കുറിച്ചും, അങ്ങനെ തൃപ്തി ആകുവോളം ഭക്ഷിക്കുന്നതിനെ കുറിച്ചുമാണ് ഈ വാക്കുകള്‍ പറയുന്നതു. യേശു ഉദ്ദേശിച്ചതാകട്ടെ, ഇനി കൂടുതല്‍ ആവശ്യമില്ലാത്ത വണ്ണം നീതിയാല്‍ നമുക്ക് തൃപ്തി വരുത്തും എന്നാണ്.
ഇത് മനസ്സിലാക്കുവാന്‍ നമുക്ക് മറ്റൊരു സംഭവം വായിക്കാം. യേശു യെഹൂദ്യയില്‍ നിന്നും ഗലീലെക്കു യാത്രചെയ്യുമ്പോള്‍ അവന്‍
ശമര്യയില്‍ കൂടി പോയി. അവിടെ അവന്‍ ഒരു ശമര്യക്കാരത്തിയായ സ്ത്രീയെ കണ്ടു. അവളോടു
കുടിപ്പാന്‍ വെള്ളം ചോദിച്ചു. അവരുടെ തുടര്‍ന്നുള്ള സംഭാഷണത്തില്‍, യേശു ഇങ്ങനെ പറഞ്ഞു:
യോഹന്നാന്‍ 4: 13, 14
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു
എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
യേശു പറഞ്ഞ ഈ വാക്കുകളുടെ ആത്മീയ മര്‍മ്മം അപ്പോള്‍ ശമര്യ സ്ത്രീ മനസ്സിലാക്കിയില്ല. അവളുടെ പ്രതികരണം കൂടി നമുക്ക് വായിയ്ക്കാം. “സ്ത്രീ അവനോടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.” (15). യേശു പറഞ്ഞതിന്റെ പ്രാഥമിക അര്‍ത്ഥം, ഈ സ്ത്രീ മനസ്സിലാകിയത് ഇങ്ങനെ ആണ്: അവള്‍ വെള്ളം കോരുവാന്‍ വന്ന യോക്കോബിന്റെ ഉറവയിലെ വെള്ളം കുടിക്കുന്നവന് വീണ്ടും ദാഹിക്കും. അവര്‍ വീണ്ടും വെള്ളം കോരുവാന്‍ ഇവിടെക്ക് വരേണ്ടി വരും. എന്നാല്‍ യേശു നല്‍കുന്ന വെള്ളം കുടിച്ചാല്‍ വീണ്ടും ഒരിക്കലും ദാഹിക്കുക ഇല്ല. അവന്‍ വീണ്ടും വെള്ളം കോരുവാന്‍ വരേണ്ടതില്ല. ഈ അനുഭവത്തെ ആണ് തൃപ്തി എന്നു പറയുന്നത്.
യേശു പറഞ്ഞു, ഇപ്പോള്‍ നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ക്ക് ദൈവരാജ്യത്തില്‍ നീതി ലഭിക്കും. പിന്നീട് അവന്‍ ഒരിയ്ക്കലും അതിനായി വിശക്കുകയോ ദാഹിക്കുകയോ ഇല്ല. അവന് നീതിയാല്‍ തൃപ്തി ലഭിക്കും.
കരുണയുള്ളവർ ഭാഗ്യവാന്മാർ
ഇനി നമുക്ക് യേശു പറഞ്ഞ അനുഗ്രഹ പ്രഭാഷണത്തിലെ ശേഷിക്കുന്ന മൂന്ന് വാക്യങ്ങള്‍ കൂടി നോക്കാം. 7 ആമത്തെ വാക്യത്തില്‍ യേശു പറഞ്ഞു: “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” മറ്റുള്ളവരോട്, അവര്‍ക്ക് അര്‍ഹതയില്ലായെങ്കിലും, സ്നേഹത്തോടെയും കരുണയോടെയും പെരുമാറുമ്പോള്‍ ആണ് നമ്മള്‍ യഥാര്‍ഥത്തില്‍ കരുണയുള്ളവര്‍ ആകുന്നത്. കരുണ അര്‍ഹത നോക്കാതെ മറ്റൊരാള്‍ക്ക് നല്‍കുന്ന നന്മ ആണ്. കരുണ, നമ്മളെ സഹായിക്കുകയും, നമ്മളോട് നല്ല ബന്ധത്തില്‍ ആയിരിക്കുകയും ചെയ്യുന്നവര്‍ക്കായി നമ്മള്‍ ചെയ്യുന്ന നന്മകള്‍ അല്ല. ഒന്നും പ്രതീക്ഷിക്കാതെ, യാതൊന്നും പ്രതീക്ഷിക്കുവാന്‍ സാധ്യതയില്ലാത്ത ഇടത്ത് നമ്മള്‍ ചെയ്യുന്ന നന്മകള്‍ ആണ്.
യേശു അതാണ് നമ്മളോട് ചെയ്തത്. അവന് നമ്മളോട് കരുണ തോന്നി. പാപത്തിന്റെ കടുത്ത ശിക്ഷയില്‍ നിത്യമായ നരകം അനുഭവിക്കേണ്ടുന്ന നമ്മളോട് കരുണ തോന്നിയതിനാല്‍ ആണ്, അവന്‍ ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ മനുഷ്യനായി വന്ന്, നമ്മളുടെ പാപവും അതിന്റെ ശിക്ഷയും ഏറ്റെടുത്ത്, അതിനുള്ള പരിഹാരയാഗമായി സ്വയം മരിച്ചത്. നമുക്ക് ദൈവത്തില്‍ നിന്നും കരുണ ലഭിച്ചതിനാല്‍, നമ്മള്‍ അധികം കരുണ അര്‍ഹതയില്ലാത്ത മറ്റ് മനുഷ്യര്‍ക്ക് നല്‍കേണം. ഇത് നമ്മളോട് ദൈവം കാണിച്ച സ്നേഹത്തിന്റെയും കരുണയുടെയും പ്രതിഫലനമാണ്.
കരുണയും നീതിയും ഇല്ലാത്ത പരീശന്മാരെ യേശുക്രിസ്തു, നിങ്ങള്ക്ക് അയ്യോ കഷ്ടം
എന്നാണ് വിശേഷിപ്പിച്ചത്.
മത്തായി 23:23 “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു.”
ഇവിടെ, ബാഹ്യമായ ന്യായപ്രമാണ പരിപാലനത്തിലെ, പരീശന്മാരുടെ കപടഭക്തി, ഹൃദയത്തില്‍ നിന്നും പുറത്തേക്കുവരുന്ന കരുണയ്ക്ക് എതിരായായി നില്ക്കുന്നു. കരുണ, പ്രകടനമല്ല, ഹൃദയത്തിന്റെ മാനസാന്തരത്തിന്റെ ഫലമാണ്. കരുണ നമ്മളുടെ മതവിശ്വാസത്തെ മറ്റുള്ളവരുടെ മുമ്പില്‍ പ്രകടപ്പിക്കുവാനുള്ള പ്രവര്‍ത്തനമല്ല, അത് വീണ്ടും ജനനം പ്രാപിച്ചവന്റെ സ്വാഭാവിക പ്രതികരണം ആണ്. യേശു കരുണയെ, “ന്യായപ്രമാണത്തിൽ ഘനമേറിയവ” എന്നാണ് വിശേഷിപ്പിച്ചത്. ദൈവരാജ്യത്തില്‍ അതിനു വളരെ പ്രാധാന്യമുണ്ട്. കരുണയുള്ളവര്‍ ദൈവരാജ്യത്തില്‍ ഭാഗ്യവാന്മാര്‍ ആണ്. ”
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ
മത്തായി 5: 8 ആം വാക്യം ഹൃദയശുദ്ധി ഉള്ളവരെക്കുറിച്ചാണ്. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.” യേശുവിന്റെ പ്രഭാഷണം ശ്രദ്ധിച്ചവരില്‍ യെഹൂദ സദൂക്യരും ശാസ്ത്രിമാരും പരീശന്മാരും ഉണ്ടായിരുന്നു എന്നത് ഇവിടെ നമ്മള്‍ ഓര്‍ക്കേണം. യേശുവിന്റെ ഈ വാക്യം ഹൃദയ ശുദ്ധി ഉള്ളവരെക്കുറിച്ചാണ്, അത് സദൂക്യരെയും ശാസ്ത്രിമാരെയും പരീശന്മാരെയും കുറിച്ചല്ല. ഇവര്‍ക്ക് ബാഹ്യമായ ആചാരങ്ങളാല്‍ ശുദ്ധി അവകാശപ്പെടാമായിരുന്നു. മത്തായി 23: 25, 26 വാക്യങ്ങളില്‍ യേശു പറയുന്നതിങ്ങനെ ആണ്: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.” യേശു പറയുന്നതു ഹൃദയത്തിന്റെ ശുദ്ധിയെക്കുറിച്ചാണ്. മാത്രവുമല്ല, ബാഹ്യമായ ശരീരശുദ്ധി ഉള്ളവര്‍ക്കല്ല, ആന്തരികമായ ഹൃദയ ശുദ്ധി ഉള്ളവര്‍ക്കാണ് യേശു ദൈവരാജ്യം വാഗ്ദത്തം ചെയ്യുന്നത്.
ബാഹ്യമായ പെരുമാറ്റത്തിലും ജീവിത രീതികളിലും, നല്ലവരായ ഒരു സമൂഹത്തെ രൂപപ്പെടുത്തുക ആയിരുന്നില്ല യേശുവിന്റെ ഉദ്ദേശ്യം. യേശു ഒരു സാമൂഹിക പരിഷ്കര്‍ത്താവോ, വിപ്ലവകാരിയോ ആയിരുന്നില്ല. അവന്‍ ആഗ്രഹിച്ചതും ഉപദേശിച്ചതും ആന്തരികമായ സമ്പൂര്‍ണ്ണമായ മാനസാന്തരമാണ്. അത് ഭൌതീകതയേക്കാള്‍ ഉപരിയായി ആത്മീയമായ ദൈവരാജ്യത്തില്‍ ഊന്നിയുള്ള മാറ്റമാണ്. യേശു വന്നത് പാപികളായ മനുഷ്യരുടെ മാനസാന്തരത്തിനും രക്ഷയ്ക്കുമായിട്ടാണ്. യേശുവിന്റെ ദൈവരാജ്യം, ആരും വ്യഭിചാരം ചെയ്യാത്ത ഒരു സമൂഹം അല്ല. അത്, “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” എന്ന പ്രമാണ പ്രകാരം വ്യഭിചാരം ചെയ്യാതെ ജീവിക്കുന്നവരുടെ രാജ്യം ആണ്. (മത്തായി 5:28). അത് ഹൃദയത്തിന്റെ മാനസാന്തരം ആണ്. യേശുവിന്റെ രാജ്യത്തില്‍, “വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു” (മത്തായി 15: 18)
സങ്കീര്‍ത്തനം 24: 3, 4 വാക്യങ്ങളില്‍, ഹൃദയ ശുദ്ധി എന്താണ് എന്നു
നിര്‍വചിക്കുവാന്‍ ദാവീദ് ശ്രമിക്കുന്നുണ്ട്. ദാവീദ് പറയുന്നു:
സങ്കീര്‍ത്തനം
24: 3,
4
3 യഹോവയുടെ പർവ്വതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
6 ആം വാക്യത്തില്‍, ഇവര്‍ ആരായിരിക്കും എന്നും തുടര്‍ന്നു ദാവീദ് പറയുന്നുണ്ട്: “ ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ.” ഹൃദയ ശുദ്ധി ഉള്ളവര്‍ ദൈവത്തെ അന്വേഷിക്കുന്ന തലമുറ ആയിരിയ്ക്കും.
സമാധാനം ഉണ്ടാക്കുന്നവർ
മത്തായി 5: 9 ആം വാക്യം സമാധാനം ഉണ്ടാക്കുന്നവരെ കുറിച്ചാണ്. വാക്യം ഇങ്ങനെ ആണ്: “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” ഇത് യേശുവിന്റെ പ്രത്യേകത ആണ്. അനുഗ്രഹപ്രഭാഷണത്തിലെ ഓരോ വാക്യങ്ങളും രക്ഷയെയും ദൈവരാജ്യത്തെയും പുനര്‍നിര്‍വചിക്കുക ആണ്. എങ്ങനെ ദൈവത്തിന്റെ മക്കള്‍ ആകാം എന്നല്ല യേശു പറയുന്നത്, ആരാണ് ദൈവത്തിന്റെ മക്കള്‍ എന്നാണ്.
സമാധാനം സൃഷ്ടിക്കുന്നത് ശ്രേഷ്ഠമായ
ഒരു പ്രവര്‍ത്തിയാട്ടാണ് യഹൂദന്മാര്‍ കരുതിയിരുന്നത്. സമാധാനം എന്ന അര്‍ത്ഥത്തില്‍
ശാലോം എന്ന പദമാണ് അവര്‍ പരസ്പരം വന്ദനം ചെയ്യുവാന്‍ ഉപയോഗിച്ചിരുന്നത്. വന്ദനം
സ്വീകരിക്കുന്ന വ്യക്തിക്ക് ദൈവത്തിന്റെ നീതിയും സമാധാനവും നന്മയും ഉണ്ടാകട്ടെ
എന്നാണ് ഇത് അര്‍ഥമാക്കുന്നത്. പുരോഹിതനായ അഹരോന്റെ ആശീര്‍വാദം ഇതിന്റെ അര്‍ത്ഥം
കൂടുതല്‍ വ്യക്തമാക്കും.
സംഖ്യാപുസ്തകം 6: 24, 25
24 യഹോവ നിന്നെ അനുഗ്രഹിച്ചു
കാക്കുമാറാകട്ടെ;
25 യഹോവ തിരുമുഖം നിന്റെമേൽ
പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;
26 യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
എന്നാല്‍ അന്നത്തെ രാക്ഷ്ട്രീയ സാഹചര്യത്തില്‍ യഹൂദന്‍മാര്‍ക്ക് ആവശ്യം സമാധാനം എന്നു പറയുന്ന ഒരുവനെ ആയിരുന്നില്ല. അന്ന്, റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപങ്ങള്‍ പുകഞ്ഞുകൊണ്ടിരുന്ന ഒരു കാലമായിരുന്നു. ഗലീലയില്‍ തീവ്ര കലാപ സ്വഭാവമുള്ളവര്‍ യുദ്ധത്തിനായി ഒരുങ്ങുക ആയിരുന്നു. അപ്പോള്‍ അവര്‍ക്ക് ആവശ്യമായിരുന്നത്, അവരുടെ വാഗ്ദത്ത ദേശത്തെ റോമാക്കാരുടെ അധീനതയില്‍ നിന്നും മോചിപ്പിക്കുന്ന ഒരു രാക്ഷ്ട്രീയ നേതാവിനെ ആണ്. അതാണ് അവര്‍ കാത്തിരിക്കുന്ന മശിഹ. യഹൂദന്മാര്‍ പ്രതീക്ഷിച്ച മശിഹ യുദ്ധവീരനായ രാജാവാണ്. അവന്‍ റോമാക്കാരുടെ ആധിപത്യത്തെ തകര്‍ക്കുന്ന രാക്ഷ്ട്രീയ നേതാവാണ്.
ഈ സാഹചര്യം യേശുവിന് നല്ലതുപോലെ അറിയാമായിരുന്നു. എങ്കിലും, യേശു യഹൂദന്മാരോടു പറഞ്ഞു, അവന്‍ പ്രസംഗിക്കുന്ന ദൈവരാജ്യം, റോമന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരുടെതല്ല, സമാധാനം ഉണ്ടാക്കുന്നവരുടേതാണ്. വീണ്ടും യഹൂദന്മാരുടെ പ്രതീക്ഷയില്‍ ഉള്ള ദൈവരാജ്യവും യേശു പ്രസംഗിച്ച ദൈവരാജ്യവും രണ്ട് ധ്രുവങ്ങളിലേക്ക് അകലുക ആണ്.
യേശു ഒരു രാക്ഷ്ട്രീയ നവോഥാനത്തെക്കുറിച്ച് സംസാരിച്ചില്ല. യേശു കലാപങ്ങളെക്കുറിച്ച് സംസാരിച്ചില്ല. അവന്‍ റോമന്‍ അധിനിവേശത്തെക്കുറിച്ചോ രാക്ഷ്ട്രീയ ജീര്‍ണ്ണതകളെക്കുറിച്ചോ സംസാരിച്ചില്ല. ജനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന രാക്ഷ്ട്രീയ വിഷയങ്ങളൊന്നും യേശു സംസാരിച്ചില്ല. അതിനു പകരമായി, യേശു അന്നത്തെ യഹൂദ സമൂഹത്തെക്കുറിച്ച് സംസാരിച്ച്. അവരുടെ കപട ഭക്തിയെയും, ദുരുപദേശങ്ങളെയും കുറിച്ച് സംസാരിച്ചു. അവരുടെ ഇടയില്‍ സ്നേഹമായും സമാധാനമായും ജീവിച്ചു. അതാണ് യഥാര്‍ത്ഥ ദൈവരാജ്യം എന്നു പഠിപ്പിച്ചു.
അന്നത്തെ യഹൂദ സമൂഹത്തെ ഞെട്ടിപ്പിച്ച, അതീവ ദുഖത്തില്‍ ആഴ്ത്തിയ ഒരു സംഭവം അവര്‍
യേശുവിനോടു പറയുന്നതു നമ്മള്‍ ലൂക്കോസ് 13: 1- 3 വരെയുള്ള വാക്യങ്ങളില്‍
വായിക്കുന്നു. അര്‍ക്കിലസ് (Archelaus) എന്ന റോമന്‍
സൈന്യാധിപന്റെ നേതൃത്വത്തില്‍, പീലാത്തൊസ് യഹൂദ ദൈവാലയത്തിലേക്ക് പടയാളികളെ അയച്ചു, അവിടെ, പെസഹ ദിവസം യാഗം
കഴിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ഗലീലക്കാരെ റോമന്‍ സൈന്യം കൊന്നു. അവരുടെ രക്തം യാഗ
പീഠത്തില്‍ തെറിച്ചുവീണു, അവരുടെ രക്തം അവിടെ യാഗം അര്‍പ്പിച്ചിരുന്ന
മുഗങ്ങളുടെ രക്തത്തോടു ചേര്‍ന്നു.
അങ്ങനെ യാഗത്തെയും യാഗ പീഠത്തെയും അശുദ്ധമാക്കി. ഇങ്ങനെ
പ്രവര്‍ത്തിക്കുവാന്‍ പീലാത്തോസിനെ പ്രേരിപ്പിച്ചതിന്റെ കാരണം ഇന്ന് നമുക്ക്
വ്യക്തമല്ല. ഈ സംഭവം യേശുവിനോടു യഹൂദന്മാര്‍ അറിയിച്ചു. എന്നാല്‍ യേശുവിന്റെ
പ്രതികരണം അവര്‍ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല.
ലൂക്കോസ്
13: 2,
3
2 അതിന്നു അവൻ ഉത്തരം പറഞ്ഞതു: “ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ
ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
യേശു ഇവിടെയും മാനസാന്തരത്തെക്കുറിച്ചാണ് പറയുന്നത്. കാരണം അവന്റെ രാജ്യം സമാധാനം ഉണ്ടാക്കുന്നവരുടെ രാജ്യം ആണ്. നിത്യ ജീവന്‍ ആണ് ഭൌതീക ജീവനെക്കാള്‍ വലുത്.
സമാധാനം ഇഷ്ടപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നല്ല യേശു പറഞ്ഞത്, സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ്. ഇതൊരു മനപൂര്‍വ്വമായ പ്രവര്‍ത്തിയാണ്. ദൈവത്തിന്റെ നീതി ഇല്ലാതെ സമാധാനം സാധ്യമല്ല. വേദപുസ്തകത്തില്‍ സമാധാനം എപ്പോഴും നീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മത്തായി 5: 43-45 വരെയുള്ള വാക്യങ്ങളില്‍ സമാധാനം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം യേശു പറയുന്നുണ്ട്. യേശു പറഞ്ഞു: “കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ”. ഇതൊരു വ്യത്യസ്ഥമായ പ്രമാണം ആണ്. പഴയനിയമത്തിലെ കണ്ണുന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന പ്രമാണത്തിന് എതിരാണിത്. യേശുവിന്റെ ദൈവരാജ്യം യഹൂദന്മാര്‍ മനസ്സിലാക്കിയ ദൈവരാജ്യം അല്ല. ഇതിനുശേഷം ശേഷം യേശു പറഞ്ഞു, നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുന്നവര്‍ ആയാല്‍, നിങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്നു പുത്രന്മാരായി തീരും. (മത്തായി 5: 45)
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ
“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന അനുഗ്രഹ പ്രഭാഷണത്തിന് ശേഷം യേശു പറഞ്ഞു, “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.” (മത്തായി 5: 10, 11)
ഈ വാക്യങ്ങള്‍ നമ്മള്‍ മുകളില്‍ ചിന്തിച്ചു കഴിഞ്ഞു. 6 ആമത്തെ വാക്യമായ, “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.” എന്ന വാക്യവുമായി ബന്ധപ്പെടുത്തി ആണ് നമ്മള്‍ ഇത് പഠിച്ചത്. നീതിക്കു വിശന്നു ദാഹിക്കുന്നവര്‍, നീതി അന്വേഷിക്കുന്നവര്‍ ആയിരിയ്ക്കും. അവര്‍ക്ക് ഈ ഭൂമിയില്‍ നീതി ലഭിച്ചു എന്നു വരുകയില്ല എന്നു മാത്രമല്ല അവര്‍ ഉപദ്രവിക്കപ്പെടുവാനും സാധ്യതയുണ്ട്. ദൈവരാജ്യത്തിന്റെ നീതിബോധവും ഭൂമിലെ മനുഷ്യരുടെ നീതിബോധവും വ്യത്യസ്ഥമായതിനാല്‍ ആണിത്. ദൈവരാജ്യത്തിലെ നീതിബോധത്തെക്കുറിച്ച് മത്തായി 22:21 ല്‍ ഒരു വാചകത്തില്‍ യേശു പറഞ്ഞിട്ടുണ്ട്: “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു അവൻ അവരോടു പറഞ്ഞു.
മത്തായി 5: 12 ആമത്തെ വാക്യം അനുഗ്രഹ പ്രഭാഷണങ്ങളെ ഉപസംഗ്രഹിക്കുന്ന വാചകം
ആണ്. നമ്മള്‍ ആത്മാവില്‍ ദരിദ്രര്‍ ആയിരിക്കാം; ദുഖിക്കുന്നവരും,
സൌമ്യതയുള്ളവരും, നീതിക്കായി വിശന്നു ദാഹിക്കുന്നവരും
ആയിരിക്കാം. നമ്മള്‍ കരുണയുള്ളവരും, ഹൃദയശുദ്ധിയുള്ളവരും, സമാധാനം ഉണ്ടാക്കുന്നവരും, എന്നാല്‍ നീതിനിമിത്തം
ഉപദ്രവിക്കപ്പെടുന്നവരും ആയിരിക്കാം. എങ്കിലും, യേശു അനുഗ്രഹ
പ്രഭാഷണം നിറുത്തുന്നത് ഇങ്ങനെ ആണ്, “സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു
സന്തോഷിച്ചുല്ലസിപ്പിൻ”. ദൈവരാജ്യത്തിലെ നമ്മളുടെ പ്രതിഫലം ആണ് നമ്മളുടെ ലക്ഷ്യം.
കാരണം നമ്മളുടെ നിത്യത അവിടെ ആണ്.
ഈ പഠനം, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment