ദാവീദ് ഒരു മോവാബ്യന്‍ ആയിരുന്നുവോ?

യിസ്രയേലിന്റെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ദാവീദ്, ഒരു മോവാബ്യ വംശജന്‍ ആയിരുന്നുവോ എന്നതാണു നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ചോദ്യം. ദാവീദിന്റെ വംശാവലിയില്‍ ആണ് യേശു ക്രിസ്തു ജനിച്ചത്. സുവിശേഷങ്ങളില്‍, യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്നു വിളിക്കുന്നുമുണ്ട്. അതിനാല്‍ ദാവീദിന്റെ മോവാബ്യ ബന്ധം എന്താണ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഈ വിഷയത്തിന് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. പഴയനിയമത്തില്‍, മോവാബ്യരുടെ തലമുറ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്നൊരു പ്രമാണം ഉണ്ടായിരുന്നു. അതിങ്ങനെ ആയിരുന്നു:


ആവര്‍ത്തന പുസ്തകം 23: 3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

ഈ വാക്യത്തില്‍ യഹോവയായ ദൈവം കല്‍പ്പിച്ചിരിക്കുന്നത് പ്രകാരം, ഒരു മോവാബ്യന്‍റെ പത്താം തലമുറ പോലും ഒരു നാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്. എന്നാല്‍ ദാവീദിന്‍റെ വല്യമ്മച്ചിയായ രൂത്ത് ഒരു മോവാബ്യ സ്ത്രീ ആയിരുന്നു. അതിനാല്‍ മോവാബ്യ രക്തം അദ്ദേഹത്തില്‍ ഉള്ളതായി പറയാം. (രൂത്ത് 4: 17–22). മത്തായി 1: 5,6 വാക്യങ്ങളില്‍ പറയുന്ന വംശാവലി പ്രകാരം, രൂത്തിന്‍റെ മകന്‍ ഓബേദ്, അദ്ദേഹത്തിന്റെ മകന്‍ യിശ്ശായി, അദ്ദേഹത്തിന്റെ മകന്‍ ദാവീദ്. അതായത് ദാവീദ് മോവാബ്യ സ്ത്രീയായ രൂത്തിന്‍റെ കൊച്ചുമകന്റെ മകന്‍ ആണ്. രൂത്തിന്‍റെ മൂന്നാം തലമുറ ആണ് ദാവീദ്. ഈ ദാവീദ് എങ്ങനെ യിസ്രയേലിന്റെ രാജാവായി ദൈവത്താല്‍  തിരഞ്ഞെടുക്കപ്പെട്ടു?

ആരാണ് മോവാബ്യര്‍ എന്നു മനസ്സിലാക്കികൊണ്ടു നമുക്ക്ഈ പഠനം ആരംഭിക്കാം. ക്രിസ്തുവിന് മുമ്പ്, 9 ആം നൂറ്റാണ്ടില്‍ ശോഭിച്ചിരുന്ന, ചാവുകടലിന്റെ കിഴക്കുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍, ജീവിച്ചിരുന്ന ഒരു സമൂഹം ആയിരുന്നു മോവാബ്യര്‍. ഇന്ന് ഈ പ്രദേശം, യോര്‍ദ്ദാന്റെ മദ്ധ്യ-പടിഞ്ഞാറ് ഭാഗത്താണ്. അവരെക്കുറിച്ച്, നമുക്ക് പഴയനിയമത്തിലുള്ള വിവരണവും ചില പുരാവസ്തു തെളിവുകളും ലഭ്യമാണ്. BC 14 ആം നൂറ്റാണ്ടുമുതല്‍ 582 ആം നൂറ്റാണ്ടു വരെ ഈ സമൂഹം പുഷ്ടിപ്പെട്ട് നിലനിന്നിരുന്നു എന്നു പുരാവസ്തു ഗവേഷകര്‍ കരുതുന്നു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, യഹൂദ ചരിത്രകാരനായ ജൊസെഫസിന്‍റെ (Josephus) അഭിപ്രായത്തില്‍ 582 BC ല്‍ മോവാബ്യരെ ബാബിലോണ്‍ സാമ്രാജ്യം ആക്രമിച്ചു കീഴടക്കുക ആയിരുന്നു. അങ്ങനെ അവര്‍ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷര്‍ ആയി.  

ഉല്‍പ്പത്തി 19 ലെ വിവരണം അനുസരിച്ചു, മോവാബ്യരും യഹൂദന്മാരും തമ്മില്‍ വംശീയമായി ബന്ധം ഉണ്ട്. മോവാബ്യ വംശം തുടങ്ങുന്നത്, അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്തിന്റെ മകന്‍, മോവാബില്‍ നിന്നാണ്. ലോത്തിന്റെ മൂത്തമകളില്‍ ആണ് ആണ് മോവാബ് ജനിക്കുന്നത്. എന്നാല്‍ മോവാബ്യര്‍ യഹോവയായ ദൈവത്തെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കളഞ്ഞു. അവര്‍ കെമോശ് (Chemosh) എന്നൊരു ദേവനെ ആരാധിച്ചു.

ന്യായാധിപന്‍മാരുടെ പുസ്തകം 11: 15-18 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ച്, യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും പുറപ്പെട്ട് കാദേശ് എന്ന സ്ഥലത്ത് എത്തിയത്തിന് ശേഷം, അവര്‍ക്ക് അവിടെ നിന്നും അവര്‍ക്ക് മോവാബ്യ ദേശത്തൂകൂടെ പോകേണ്ടിയിരുന്നു. എന്നാല്‍ മോവാബ്യ രാജാവ് അത് അനുവദിച്ചില്ല. അതിനാല്‍ അവര്‍, മരുഭൂമിയിലൂടെ സഞ്ചരിച്ചു, മോവാബ് ദേശം ചുറ്റി, അതിന്റെ കിഴക്ക് എത്തി, അര്‍ന്നോന്‍ എന്ന സ്ഥലത്ത് പാളയമിറങ്ങി. യിസ്രായേല്‍ ജനം വാഗ്ദത്ത ദേശം കൈവശമാക്കിയതിന് ശേഷം, അവരും മോവാബ്യരും തമ്മിലുള്ള ബന്ധം സമ്മിശ്രമായിരുന്നു. അവര്‍ 13 ആം നൂറ്റാണ്ടുവരെ യിസ്രായേല്യരുമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു എന്നതിന് വേദപുസ്തകത്തില്‍ തെളിവുകള്‍ ഉണ്ട്.

രൂത്തിന്റെ പുസ്തകത്തില്‍ നിന്നും മോവാബ്യരും യഹൂദരും തമ്മില്‍ സൌഹൃദ ബന്ധം ഉണ്ടായിരുന്നതായി മനസ്സിലാക്കാം. ശൌല്‍ രാജാവിനാല്‍, ദാവീദ് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത്, അവന്‍ മോവാബിലെ മിസ്പയിലേക്ക് പോയി. അവിടെ മോവാബ്യ രാജാവിന്റെ സന്നിധിയില്‍ അവന്റെ അപ്പനെയും അമ്മയെയും കൊണ്ടുചെന്നു. അവരെ അവിടെ സുരക്ഷിതമായി പാര്‍ക്കുവാന്‍ അനുവദിക്കേണം എന്നു അപേക്ഷിച്ചു.അവര്‍ അവിടെ താമസിച്ചു. (1 ശമുവേല്‍ 22:3,4). ഈ മോവാബ്യ രാജാവു, രൂത്ത് മുഖാന്തിരം, ദാവീദിന്റെ ബന്ധുവായിരുന്നു എന്നു കരുതപ്പെടുന്നു.

എന്നാല്‍ പിന്നീട്, ദാവീദ് രാജാവായത്തിന് ശേഷം, അദ്ദേഹം മോവാബ്യര്‍ക്കെതിരെ യുദ്ധം ചെയ്യുകയും അവരില്‍ നിന്നും നികുതി പിരികുകയും ചെയ്തു. (2 ശമുവേല്‍ 8:2). ദാവീദിന്റെ മകനായ ശലോമോന്‍, അവന്റെ അധികാരത്തെ പ്രകടമാക്കുവാനായി, ഒരു മോവാബ്യ സ്ത്രീയെ ഭാര്യയായി എടുത്തു. അങ്ങനെ, ശലോമോന്‍ യെരൂശലേമിന് എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന് ഒരു പൂജാഗിരി പണിതു. 

മോവാബ്യരെക്കുറിച്ച് ഇത്രയും കാര്യങ്ങള്‍ പൊതുവേ മനസ്സിലാക്കിയത്തിന് ശേഷം, നമുക്ക് നമ്മളുടെ ചോദ്യത്തിലേക്ക് തിരികെ പോകാം. ദാവീദ് മോവാബ്യന്‍ ആയിരുന്നുവോ? ഉത്തരത്തിനായി, രൂത്തിന്‍റെ ചരിത്രം നമുക്ക് പരിശോധിക്കാം. ഒരിക്കല്‍ യെഹൂദയിലെ ബേത്ത്ലേഹെമില്‍ ക്ഷാമം ഉണ്ടായപ്പോള്‍, അവിടെ നിന്നും എലീമേലെക്ക് എന്ന യിസ്രയേല്യനും, അദ്ദേഹത്തിന്റെ ഭാര്യ നൊവൊമിയും, മഹ്ലോൻ എന്നും കില്യോൻ എന്നും പേരുണ്ടായിരുന്ന രണ്ട് പുത്രന്മാരും, സമീപത്തുള്ള മോവാബ്‌ദേശത്തു പോയി. മോവാബില്‍ അപ്പോള്‍ ക്ഷാമം ഇല്ലായിരുന്നു എന്നു വേണം അനുമാനിക്കുവാന്‍. നിര്‍ഭാഗ്യവശാല്‍ എലീമേലെക്ക് അവിടെ വച്ച് മരിച്ചു, എങ്കിലും, നൊവോമിയും മക്കളും അവിടെതന്നെ താമസം തുടര്‍ന്നു. മക്കള്‍ രണ്ടുപേരും മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ചു. ഒര്‍പ്പാ എന്നും രൂത്ത് എന്നുമായിരുന്നു അവരുടെ പേര്. ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം, നൊവോമിയുടെ രണ്ട് ആണ്മക്കളും മരിച്ചു. അവരുടെ ഭാര്യമാര്‍ വിധവകള്‍ ആയി. അപ്പോഴേക്കും നൊവോമിയുടെ സ്വന്ത ദേശമായ യെഹൂദയിലെ ബേത്ത്ലേഹെമില്‍ ക്ഷാമം മാറി, സമൃദ്ധി ഉണ്ടായി. അതിനാല്‍ നൊവോമി തിരികെ പോകുവാന്‍ തീരുമാനിച്ചു. രണ്ടു മരുമക്കളോടും, അവരവരുടെ കുടുംബത്തിലേക്ക് തിരികെ പോകുവാന്‍ നൊവൊമി നിര്‍ദ്ദേശിച്ചു. അതിനാല്‍, മൂത്ത മരുമകള്‍ ഒര്‍പ്പാ, അവളുടെ അമ്മയുടെ അടുക്കല്‍ തിരികെ പോയി. എന്നാല്‍ രൂത്ത് നൊവോമിയോടുകൂടെ യഹൂദയിലേക്ക് പോകുവാന്‍ തീരുമാനിച്ചു.

ഈ തീരുമാനമാണ് രൂത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഈ അവസരത്തില്‍ രൂത്ത് പറഞ്ഞ വാചകം വാചകം ഇങ്ങനെ ആണ്: “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത് 1: 16). ഇവിടെ രൂത്ത്, മോവാബ്യ ദേവന്മാരെ ഉപേക്ഷിച്ചിട്ട്, യഹോവയായ ദൈവത്തെ അവളുടെ ദൈവമായും, യഹോവയുടെ ജനത്തെ അവളുടെ ജനമായും സ്വീകരിക്കുക ആണ്. അങ്ങനെ, സകല ജാതികളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നുമുള്ളവര്‍ ദൈവരാജ്യത്തിന്റെ അവകാശികള്‍ ആകും എന്ന ദൈവീക പദ്ധതിയുടെ നിഴലായി രൂത്ത് മാറി. രൂത്ത് ദൈവജനത്തോടൊപ്പം കൂട്ടി ചേര്‍ക്കപ്പെട്ടു.

അങ്ങനെ നൊവൊമിയും രൂത്തും യെഹൂദയിലെ ബേത്ത്ലേഹെമില്‍ തിരികെ എത്തി. നൊവോമിയുടെ ഭര്‍ത്താവായിരുന്ന എലീമേലെക്കിന്റെ കുടുംബത്തിൽ, ബോവസ് എന്ന പേരുള്ള, മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു. അവന്റെ വയലില്‍ വച്ച് അവന്‍ രൂത്തിനെ കണ്ടുമുട്ടി. ന്യായപ്രമാണ പ്രകാരം, മരിച്ചവന്റെ പേര്‍ നിലനിറുത്തേണ്ടതിന്, ബോവസ് രൂത്തിനെ വീണ്ടെടുക്കുകയും ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. അവര്‍ക്ക് ഒരു മകന്‍ ജനിച്ചു. അവന് ഓബേദ് എന്ന് പേരിട്ടു. രൂത്തിന്‍റെ പുസ്തകം 3: 17 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: നൊവോമിയുടെ “അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.” ഇവിടെ ആണ് ദാവീദിന്‍റെ മോവാബ്യ ബന്ധം കാണുന്നത്.

എന്നാല്‍, ദാവീദിനെ ഒരു മോവാബ്യനായി കണക്കാക്കിയിരുന്നുവോ എന്നു മനസ്സിലാക്കുവാന്‍, യഹൂദ പാരമ്പര്യവും വിശ്വാസങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണം. ശത്രുക്കളുമായുള്ള യുദ്ധങ്ങളില്‍ പിടിച്ചുകൊണ്ടുവരുന്ന സ്ത്രീകളെ വിവാഹം കഴിക്കുകയും അവരില്‍ മക്കള്‍ ജനിക്കുകയും ചെയ്ത ചരിത്രം, ഇതിന് മുമ്പും പിമ്പും, യിസ്രയേലില്‍ ഉണ്ടായിട്ടുണ്ട്. ഉണ്ട്. ഇങ്ങനെ ജനിക്കുന്ന സന്തതികളെ, അവരുടെ പിതാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരായി, യഹൂദന്മാര്‍ ആയിട്ടാണ് കണ്ടിരുന്നത്. അതിനാല്‍ സാങ്കേതികമായി, ദാവീദിന്റെ വല്യപ്പച്ഛനായ ഓബേദ്, ബോവസിന്‍റെ മകന്‍ ആണ്.

എന്നാല്‍ യാഥാസ്ഥിതിക യഹൂദന്മാര്‍ പില്‍ക്കാലത്ത് യഹൂദ സത്വം മാതാവിലൂടെ പിന്തുടരുന്നു എന്നു വിശ്വസിച്ചു. എന്നാല്‍ രൂത്തിന്റെ കാലത്ത് ഈ പ്രമാണം ഉണ്ടായിരുന്നില്ല എന്ന് വേദപണ്ഡിതന്മാര്‍ കരുതുന്നു. എന്നാല്‍ ഈ ചിന്തകളുടെ ആവശ്യകത, ദാവീദിന്റെ കാര്യത്തില്‍ ഇല്ല. ദാവീദ് യഹൂദനാകുന്നതിന് മറ്റ് വ്യക്തമായ പ്രമാണങ്ങള്‍ ഉണ്ട്.  

ദാവീദ് ഒരു യഹൂദന്‍ തന്നെ ആയിരുന്നു എന്നതിന് വ്യക്തമായ യഹൂദ പാരമ്പര്യ വിശ്വാസവും കീഴ് വഴക്കങ്ങളും തെളിവായി  ഉണ്ട്. രൂത്ത്, അവളുടെ  മോവാബ്യ പാരമ്പര്യത്തേയും, അവളുടെ പിതൃഭവനത്തെയും ചര്‍ച്ചക്കാരെയും, അവളുടെ ജനത്തെയും ഉപേക്ഷിച്ചിട്ട്, യിസ്രയേലിന്റെ ദൈവത്തില്‍ ശരണം പ്രാപിച്ചതാണ്. “യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ” എന്നാണ് ബോവസ് അവളോട് പറഞ്ഞത്. (രൂത്ത് 2:12). അതായത്, അവള്‍ യഹൂദ മതത്തെയും, യഹോവയായ ദൈവത്തെ മാത്രം ദൈവമായും, യിസ്രായേല്‍ ജനത്തെ സ്വന്ത ജനമായും സ്വീകരിച്ച, ഒരു വ്യക്തി ആയിരുന്നു. അതിനാല്‍ അവള്‍ക്ക് മേലില്‍ മോവാബ്യ ബന്ധം ഇല്ലായിരുന്നു.

രൂത്തിനെപ്പോലെ, യഹൂദമത വിശ്വാസത്തെ സ്വീകരിച്ച ഇതര ജാതീയരില്‍ നിന്നുള്ള സ്ത്രീകളില്‍ നിന്നും യഹൂദ പുരുഷന്‍മാര്‍ക്ക് ജനിക്കുന്ന സന്തതികളെ യിസ്രായേല്‍ ആയി കണക്കാക്കിയിരുന്നു. അവരുടെ ഗോത്രം തീരുമാനിച്ചിരുന്നത്, അവരുടെ പിതാക്കന്മാര്‍ മുഖാന്തരം ആയിരുന്നു. ഇവിടെ മാതാവിന്റെ സത്വം ഗണിക്കപ്പെട്ടിരുന്നില്ല. യോസേഫിന്റെ ഭാര്യ മിസ്രയീം സ്ത്രീ ആയിരുന്നിട്ടും, അവരുടെ സന്തതികളെ യിസ്രായേല്‍ ആയാണ് കണക്കാക്കിയത്. അവര്‍ക്ക് യിസ്രയേലില്‍ അവകാശവും ലഭിച്ചു. മോശെയുടെ ഭാര്യ സിപ്പോറ ഒരു മിദ്യാന്യ സ്ത്രീയായിരുന്നു. എന്നാല്‍ മോശെയുടെ സന്തതികള്‍ യിസ്രായേല്‍ ആയിരുന്നു. 

ഈ കാരണം കൊണ്ട്, ഓബേദ്, ബോവസിന്റെ മകനും, യഹൂദ ഗോത്രക്കാരനും ആണ്. രാഹാബ് ഒരു യെരീഹോ നിവാസി ആയിരുന്നു. അവരുടെ മകനാണ് ബോവസ്. അവനെ യഹൂദന്‍ ആയിട്ടാണ് കണക്കാക്കിയിരുന്നത്. രൂത്തില്‍ ബോവസിന് ജനിച്ച മകനാണ് ഓബേദ്. അവന്റെ വംശാവലിയില്‍ ആണ് ദാവീദും, പിന്നീട് യേശുവും ജനിച്ചത്.

ബോവസ് രൂത്തിന്‍റെ വീണ്ടെടുപ്പുകാരന്‍ ആയിരുന്നു. അതിനാലാണ് അവന്‍ അവളെ വിവാഹം കഴിച്ചത്. ഇതിന്റെ പൊരുള്‍ കൂടി മനസ്സിലാക്കികൊണ്ടു നമുക്ക് ഈ വിശദീകരണം അവസാനിപ്പിക്കാം. ആരാണ് പഴയനിയമത്തിലെ വീണ്ടെടുപ്പുകാരന്‍? വീണ്ടെടുപ്പുകാരന്‍ ഒരു അടുത്ത ബന്ധുവാണ്. ഒരു യഹൂദന്‍ കഷ്ടതയിലോ, പ്രയാസത്തിലോ ആകുമ്പോള്‍ അവനെ സഹായിക്കുക വീണ്ടെടുപ്പുകാരന്റെ കര്‍ത്തവ്യം ആണ്. ഒരുവന്‍ ദാരിദ്ര്യത്തിലോ, കടത്തിലോ, അതിനാല്‍ അടിമത്വത്തിലോ ആയായാല്‍ അയാളെ വീണ്ടെടുക്കുക, അവന്റെ അടുത്ത ചര്‍ച്ചക്കാരന്റെ ഉത്തരവാദിത്തമാണ്. അതായത്, വീണ്ടെപ്പുകാരന്‍, വിടുവിക്കുന്ന, രക്ഷിക്കുന്ന അടുത്ത ബന്ധു ആണ്. ഇങ്ങനെയുള്ള ഒരു വീണ്ടെടുപ്പുകാരന്റെ മനോഹരമായ ചിത്രമാണ് രൂത്തിന്‍റെ പുസ്തകത്തില്‍, ബോവസില്‍ നമ്മള്‍ കാണുന്നത്. രൂത്തിന്‍റെ അടുത്ത ബന്ധുവും വീണ്ടെടുപ്പുകാരനും എന്ന നിലയിലാണ് ബോവസ് അവളെ ഭാര്യയായി സ്വീകരിക്കുന്നത്.

പഴനിയമ പ്രമാണം അനുസരിച്ചു ഒരു യിസ്രായേല്‍ പുരുഷന്‍, സന്തതി ഇല്ലാതെ മരിച്ചുപോയാല്‍, അവന്റെ സഹോദരന്‍, മരിച്ചുപോയവന്റെ വിധവയയെ, ഭാര്യയായി സ്വീകരിക്കുകയും സന്തതിയെ ജനിപ്പിക്കുകയും വേണം. എന്നാല്‍ അങ്ങനെ ജനിക്കുന്ന ആദ്യ സന്തതി, മരിച്ചുപോയവന്‍റെ പേരില്‍ അറിയപ്പെടുകയും, മരിച്ചവന്റെ സ്വത്തിനു അവകാശി ആകുകയും ചെയ്യും. അകാലത്തില്‍ മരിച്ചുപോകുന്ന പുരുഷന്മാരുടെ സ്വത്ത് അതേ ഗോത്രത്തിന്റെ അവകാശമായി, തുടരുന്നതിന്  വേണ്ടിയായിരിക്കേണം ഈ നിയമം നിലവില്‍ വന്നത്.

മരിച്ചുപോയവന് സഹോദരങ്ങള്‍ ഇല്ലെങ്കില്‍, അവന്റെ അടുത്ത ഒരു ബന്ധുവിന്, വിധവയെ വിവാഹം കഴിക്കാം. എന്നാല്‍, വിധവയെ വിവാഹം കഴിക്കാതിരിക്കുവാനും അടുത്ത ചാര്‍ച്ചക്കാരന് സ്വാതത്ര്യം ഉണ്ട്. ഈ പ്രമാണം അനുസരിച്ചാണ് ബോവസ് രൂത്തിന്റെ വീണ്ടെടുപ്പുകാരന്‍ ആകുന്നതും രൂത്തിനെ വിവാഹം കഴിക്കുന്നതും. അതിനാല്‍ ബോവസിനും രൂത്തിനും ജനിക്കുന്ന ആദ്യ സന്തതി, ബോവസിന്റെ മകന്‍ ആയിരിക്ക തന്നെ, രൂത്തിന്റെ മരിച്ചുപോയ ഭര്‍ത്താവായിരുന്ന കില്യോൻ ന്‍റെ മകനായി കണക്കാക്കപ്പെടുകയും, അവന്റെ സ്വത്തിന് അവകാശി ആകുകയും ചെയ്യും. ഈ അര്‍ത്ഥത്തില്‍ ആണ്, രൂത്തിന് ഒരു പുത്രന്‍ ജനിച്ചപ്പോള്‍, നൊവോമിയുടെ അയൽക്കാരത്തികൾ, “നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ” വിളിച്ചത്. നൊവോമിയുടെ ഭര്‍ത്താവും മക്കളും യഹൂദ ഗോത്രക്കാര്‍ ആയിരുന്നു എന്നുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനാല്‍, ദാവീദ്, ഒരു യിസ്രയേല്യനും യഹൂദനും ആയിരുന്നു.

ദാവീദ് ഒരു മോവാബ്യന്‍ ആയിരുന്നുവോ എന്ന ചോദ്യത്തിനുള്ള ഉത്തരംഇവിടെ അവസാനിപ്പിക്കട്ടെ. ഉത്തരം തൃപതികരം ആയിരുന്നു എന്നു വിശ്വസിക്കുന്നു.

വേദപുസ്തക സംബന്ധമായ എന്തെങ്കിലും സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍, അത് എനിക്ക് Whatsapp ലൂടെ അയച്ചുതരുക. ചോദ്യവും ഉത്തരവും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉപകാരപ്രദമാണ് എങ്കില്‍, സമയ ലഭ്യത അനുസരിച്ച്, ദൈവശാസ്ത്രപരമായ മറുപടി നല്‍കുന്നതാണ്. ഫോണ്‍ നമ്പര്‍ 9895524854

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍, മുകളില്‍ പറഞ്ഞ ഫോണ്‍ നമ്പറില്‍, whatsapp ലൂടെ ആവശ്യപ്പെടാം.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment