റോമർ, അദ്ധ്യായം 8

വേദപുസ്തകത്തിലെ അനുഗ്രഹിക്കപ്പെട്ട അദ്ധ്യായങ്ങളിൽ ഒന്നാണ് റോമർ 8. എങ്ങനെയാണ് ഒരു ക്രിസ്തീയ വിശ്വാസി ജീവിക്കേണ്ടത് എന്നു പൌലൊസ് ഇവിടെ വിവരിക്കുന്നു. യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ഇവിടെ ഒരു പ്രധാന വിഷയമാണ്. തിരഞ്ഞെടുപ്പ്, മുന്നറിവ്, മുൻനിയമനം, പുത്രത്വം എന്നിവയും അദ്ദേഹം ഇവിടെ ചർച്ച ചെയ്യുന്നു. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടതയും, പ്രാപിക്കുവാനിരിക്കുന്ന തേജസ്സ്ക്കരണവും വിഷയങ്ങൾ ആണ്. വിടുതലിന്റെ സുവിശേഷം, അത് വിശ്വസിക്കുന്നവർക്ക് എങ്ങനെ നല്ല വാർത്ത ആകുന്നു എന്നു പൌലൊസ് ഇവിടെ വിശദീകരിക്കുന്നു.

ദൈവസന്നിധിയിലുള്ള രക്ഷിക്കപ്പെട്ട ദൈവ ജനത്തിന്റെ സമ്പൂർണ്ണ സുരക്ഷിതത്വം പ്രഖ്യാപിച്ചുകൊണ്ടാണ് റോമർ 8 ആം അദ്ധ്യയം ആരംഭിക്കുന്നത്. 8:1 ൽ പൌലൊസ് എഴുതി, “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” 8:39 ൽ അദ്ദേഹം പറയുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല”. ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിശ്വസിച്ചിരിക്കുന്ന നമ്മൾ ഇപ്പോൾ ദൈവത്തിന്റെ ആത്മാവിൽ ജീവിക്കുന്നു. അവൻ, ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്നു. നമ്മൾ ക്രിസ്തുവിനോടു കൂടെ കഷ്ടം അനുഭവിച്ചിരികുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടും കൂടെ വിടുതലിനായി ഞരങ്ങികൊണ്ടു ജീവിക്കുന്നു. നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു പ്രത്യാശയോടെ കാത്തിരിക്കുന്നു. ദൈവം നമുക്കു അനുകൂലമായിരിക്കുന്നു എന്നും നമ്മൾ അറിയുന്നു. യേശുക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

 

ഒരു ശിക്ഷാവിധിയും ഇല്ല

 

വളരെ പ്രത്യാശനിറഞ്ഞ ഒരു പ്രസ്താവനയോടെയാണ് അപ്പൊസ്തലനായ പൌലൊസ്  റോമർ 8 ആം അദ്ധ്യായം ആരംഭിക്കുന്നത്. യേശുക്രിസ്തുവിൽ ആയിരിക്കുന്ന രക്ഷിക്കപ്പെട്ട ഒരു ക്രിസ്തീയ വിശ്വാസിയുടെ, പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ് ഈ അദ്ധ്യായത്തിലെ മുഖ്യ വിഷയം. 7 ആം അദ്ധ്യായം അവസാനിക്കുന്നത് ഹൃദയഭേദകമായ ഒരു നിലവിളിയോടെയാണ്, അവിടെ ന്യായപ്രമാണ പ്രകാരം ജീവിക്കുവാൻ ആഗ്രഹിക്കുന്ന, എന്നാൽ പരാജയപ്പെടുന്ന ഒരുവന്റെ ആന്തരിക സംഘർഷം നമ്മൾ കാണുന്നു. അതിൽ നന്മ ചെയ്യുവാൻ ഇശ്ചിച്ചിട്ടും തിന്മ ചെയ്യുന്ന ഒരു ക്രിസ്തീയ വിശ്വാസിയുടെ ചിത്രവും ഉണ്ട്. ഈ സംഘർഷം “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!” എന്ന നിലവിളിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു (റോമർ 7:24). ഒപ്പം, “ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” എന്നും അദ്ദേഹം ചോദിക്കുന്നു (റോമർ 7:24). അവിടെ തന്നെ അദ്ദേഹം അതിനുള്ള മറുപടി പറയുന്നുണ്ട്, “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (റോമർ 7:25).

 

അദ്ദേഹത്തിന്റെ നിലവിളിയ്ക്ക് മറുപടി നല്കികൊണ്ടാണ് 8 ആം അദ്ധ്യായം ആരംഭിക്കുന്നത്. 8:1 ലെ “അതുകൊണ്ടു” എന്ന വാക്ക് 7:25 ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു. “ഒരു ശിക്ഷാവിധിയും ഇല്ല” എന്നത് “ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” (7:24) എന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയും ഉറപ്പും ആണ്. അതായത് യേശുക്രിസ്തുവിൽ ഉള്ളവർക്ക് പാപത്തിന്റെതായ യാതൊരു ശിക്ഷാവിധിയും നിശ്ചയമായും ഇല്ല. ഒരു ചെറിയ ശിക്ഷയ്ക്ക് ഉള്ള സാദ്ധ്യത പോലും പൌലൊസ് പറയുന്നില്ല.

 

ഇതിന്റെ അർത്ഥം, നമ്മൾ യേശുക്രിസ്തുവിൽ ആയാൽ, ദൈവം ഒരിക്കലും, യാതൊരു വിധത്തിലും, പാപം കാരണമായി നമ്മളെ ശിക്ഷിക്കുക ഇല്ല. എന്നാൽ “ക്രിസ്തുയേശുവിലുള്ളവർക്കു” മാത്രമേ ഇത് ബാധകമാകുന്നുളളൂ എന്നു പ്രത്യേകം ശ്രദ്ധിക്കേണം.

 

റോമർ 3:25-26 

വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.

 

8:1 ലെ “ശിക്ഷാവിധി” എന്നതിന്റെ ഗ്രീക്ക് വാക്ക്, “കാറ്റാക്രീമ” എന്നാണ്. (katakrima, kat-ak'-ree-mah). ഈ വാക്കിന്റെ അർത്ഥം, നിത്യനാശത്തിനായുള്ള വിധി, ദണ്ഡനവിധി, എന്നിങ്ങനെയാണ് (damnatory sentence, condemnation). അതായത് പൌലൊസ് ഈ വാക്യത്തിൽ പറയുന്നത്, യേശുക്രിസ്തുവിലായ ക്രിസ്തീയ വിശ്വാസികൾക്ക് ഇനി നിത്യനാശത്തിനായുള്ള ദണ്ഡനവിധി ഇല്ല. അവർ നിത്യനാശത്തിൽ നിന്നും എന്നന്നേക്കുമായി രക്ഷപ്പെട്ടിരിക്കുന്നു. പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു, യേശുക്രിസ്തുവിന്റെ നിത്യജീവന്റെ ആത്മാവിന്റെ പ്രമാണം, നമുക്ക് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ പ്രമാണം നിത്യജീവന്റെ, പരിശുദ്ധാത്മാവിന്റെ പ്രമാണം ആണ്. അത് പാപത്തിന്റെയും, മരണത്തിന്റെയും പ്രമാണത്തിൽ നിന്നും നമ്മളെ രക്ഷിച്ചിരിക്കുന്നു. ഇവിടെ ജീവന്റെ പ്രമാണം, മരണത്തിന്റെ പ്രമാണത്തിനും, ആത്മാവിന്റെ പ്രമാണം പാപത്തിന്റെ പ്രമാണത്തിനും എതിരായി നിൽക്കുന്നു. പാപത്തിന്റെ പ്രമാണം മരണത്തെ കൊണ്ടുവരുന്നു. ആത്മാവിന്റെ പ്രമാണം നിത്യജീവനെ കൊണ്ടുവരുന്നു.

 

മനുഷ്യർക്ക് പൊതുവേ ദൈവത്തെ പ്രസാദിപ്പിക്കേണം എന്നു ആഗ്രഹം ഉണ്ട്. അതിനാൽ ആണ് അവൻ സന്മാർഗ്ഗീകവും, നന്മയും ഉള്ള പ്രവർത്തികൾ ചെയ്യുന്നത്. എന്നാൽ പാപത്തെ എതിർക്കുവാനുള്ള ശേഷി മനുഷ്യർക്ക് ഇല്ല. അതിനാൽ മനുഷ്യരെ പാപത്തിന്റെ ശക്തിയിൽ നിന്നും രക്ഷിക്കുവാൻ ദൈവം തന്നെ ഒരു മാർഗ്ഗം ഒരുക്കി. ദൈവം കൃപയാൽ, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്ഷമിച്ചു അവരെ നീതീമാന്മാർ ആയി പ്രഖ്യാപിക്കുന്നു. അവർ ഇപ്പോൾ നിത്യ ശിക്ഷാവിധിക്ക് യോഗ്യർ അല്ല. അവർ ദൈവത്തിന്റെ സ്വന്ത, വിശുദ്ധ, ജനമായി മാറിയിരിക്കുന്നു.  

 

ആത്മാവിന്റെ പ്രമാണം

 

“ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല” എന്നു പറഞ്ഞതിന്റെ കാരണം എന്താണ് എന്നു 8:2 മുതൽ പൌലൊസ് വിശദീകരിക്കുന്നു. ഈ വാക്യത്തിൽ, ആത്മാവിന്റെ പ്രമാണം, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണം, ക്രിസ്തുയേശുവിലുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് പൌലൊസ് പറയുന്നു. പാപം ഒരു പ്രമാണം പോലെ മനുഷ്യനെ നിയന്ത്രിക്കുന്നു. പാപത്തിന്റെ അന്തിമ ഫലം നിത്യ മരണം ആണ്. “പാപത്തിന്റെ ശമ്പളം മരണമത്രേ (റോമർ 6:23). പാപത്തിന്റെ പ്രമാണത്തിന് വിരുദ്ധമായി പരിശുദ്ധാത്മാവിന്റെ പ്രമാണം പ്രവർത്തിക്കുന്നു. ആത്മാവ് ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്ക് പാപത്തിൽ നിന്നും സ്വാതന്ത്ര്യം നല്കുന്നു. അതിന്റെ അന്തിമ ഫലം നിത്യജീവൻ ആണ്.

 

ഈ വാക്യത്തിൽ പറയുന്ന “ആത്മാവിന്റെ പ്രമാണം” പരിശുദ്ധാത്മാവിന്റെ പ്രമാണം ആണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ എല്ലാവരും ന്യായപ്രമാണത്തെയല്ല, പരിശുദ്ധാത്മാവിന്റെ പ്രമാണത്തെ അനുസരിച്ച് ജീവിക്കുന്നു. ഇതിനെക്കുറിച്ച് യിരേമ്യാവു പ്രവാചകൻ പ്രവചിട്ടുണ്ട്. 

 

യിരേമ്യാവു 31:33-34

എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.

 

ആത്മാവിന്റെ പ്രമാണം യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ എഴുതപ്പെടും. അത് ദൈവത്തെ അറിയുവാനും, അവനെ അനുസരിച്ചു ജീവിക്കുവാനും അവരെ പ്രാപ്തരാക്കും. ദൈവം അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല. ഇത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ സാദ്ധ്യമാകുന്നു.

 

8:2 ൽ “ജീവന്റെ ആത്മാവിന്റെ പ്രമാണം”ത്തെക്കുറിച്ച് പൌലൊസ് പറയുന്നു. റോമർക്ക് എഴുതിയ ലേഖനത്തിൽ പരിശുദ്ധാത്മാവിനെ പരാമർശിക്കുന്ന രണ്ടാമത്തെ വാക്യം ആണിത്. 1:5 ൽ യേശുക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെടുത്തി “വിശുദ്ധിയുടെ ആത്മാവു” എന്നു പറയുന്നതാണ് ഒന്നാമത്തെ പരാമർശം. 8 ആം അദ്ധ്യായത്തിൽ മൊത്തം 19 പ്രാവശ്യം പരിശുദ്ധാത്മാവിനെക്കുറിച്ച് പൌലൊസ് പറയുന്നുണ്ട്.

 

എന്തുകൊണ്ടാണ് “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല” എന്നു പറയുന്നത്. ജീവന്റെ ആത്മാവിന്റെ പ്രമാണം നമ്മളെ യേശുക്രിസ്തുവിനാൽ, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നും സ്വതന്ത്രർ ആക്കിയിരിക്കുന്നു. ഇവിടെ രണ്ട് പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന “പ്രമാണം” എന്ന വാക്കിന് ന്യായപ്രമാണവുമായി ബന്ധമില്ല. ന്യായപ്രമാണത്തെക്കുറിച്ചും, അതിൽ നിന്നുള്ള സ്വതന്ത്ര്യത്തെക്കുറിച്ചും പൌലൊസ് വിശദമായി മുൻ അദ്ധ്യായങ്ങളിൽ എഴുതിക്കഴിഞ്ഞു.

 

ഈ വാക്യത്തിൽ പരാമർശിക്കുന്ന, ഒന്നാമത്തെ പ്രമാണം “ജീവന്റെ ആത്മാവിന്റെ പ്രമാണം” ആണ്. പരിശുദ്ധാത്മാവിന്റെ പ്രമാണം നമുക്ക് നിത്യജീവൻ നല്കുന്നു. യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്താൽ അല്ലാതെ നമുക്ക് ദൈവത്താൽ നീതീകരിക്കപ്പെടുവാൻ സാദ്ധ്യമല്ല. (റോമർ 5:1). നീതീകരണം കൂടാതെ നമുക്ക് ജീവന്റെ ആത്മാവിനെ ലഭിക്കുകയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മൾ യേശുക്രിസ്തുവിൽ വിശ്വസിച്ചതിനാൽ, നമ്മൾ നീതീകരിക്കപ്പെടുകയും, ജീവന്റെ ആത്മാവിനെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ ജീവന്റെ ആത്മാവിന്റെ പ്രമാണം നമ്മളെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു എന്നന്നേക്കുമായി സ്വതന്ത്രർ ആക്കിയിരിക്കുന്നു.

 

ഇവിടെ പറയുന്ന രണ്ടാമത്തെ പ്രമാണം, “പാപത്തിന്റെയും മരണത്തിന്റെയും” പ്രമാണമാണ്. പാപം എപ്പോഴും, എന്നും, എവിടെയും, മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നു. ഈ പ്രമാണത്താൽ ആണ് നമ്മൾ നിത്യമരണത്തിനും, ദൈവവുമായുള്ള നിത്യമായ വേർപെടലിനുമായി വിധിക്കപ്പെട്ടിരുന്നത്.

 

റോമർ 3:23

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

 

റോമർ 6:23

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

 

പാപത്തിന്റെയും, മരണത്തിന്റെയും പ്രമാണത്തിൽ നിന്നും സ്വതന്ത്രർ ആകുവാൻ ഏക മാർഗ്ഗം പരിശുദ്ധാത്മാവിന്റെ പ്രമാണത്തിന് കീഴിൽ ആകുക എന്നതാണ്. അത് യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം സാദ്ധ്യമാകുന്നു.

 യേശുക്രിസ്തുവിലുള്ള സ്വാതന്ത്ര്യം

 

റോമർ 7 ആം അദ്ധ്യായത്തിൽ, ന്യായപ്രമാണത്തിന് നമ്മളെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയുക ഇല്ല എന്നു പൌലൊസ് വ്യക്തമാക്കി. നമ്മളുടെ ജഡത്താലുള്ള ബലഹീനത കാരണം ന്യായപ്രമാണത്തിന്റെ പാപത്തിൽ നിന്നു നമുക്ക് സ്വയം രക്ഷപ്രാപിക്കുവാനും ദൈവ സന്നിധിയിൽ നീതീയോടെ നിൽക്കുവാനും കഴിയുക ഇല്ല. അതിനാൽ നമ്മളെ രക്ഷിക്കുവാൻ ദൈവം തന്നെ ഇടപെട്ടു. അതിനായി ദൈവം തന്റെ പുത്രനെ നമുക്ക് വേണ്ടി പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, യേശുക്രിസ്തു പാപം ഒഴികെ സർവ്വത്തിലും നമുക്ക് തുല്യനായി തീർന്നു (8:3).

 

യേശുക്രിസ്തു പാപത്തിന്റെ പ്രമാണത്തിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം നല്കി. ന്യായപ്രമാണത്തിന് ചെയ്യുവാൻ കഴിയാഞ്ഞതിനെ ചെയ്യുവാൻ, ദൈവം അവന്റെ ഏകജാതനായ യേശുക്രിസ്തുവിനെ പാപജഡത്തിന്റെ സാദൃശ്യത്തിൽ അയച്ചു. ക്രിസ്തുവിന്റെ മനുഷ്യ പ്രകൃതിയിൽ പാപത്തിന് ശിക്ഷ വിധിച്ചു. അങ്ങനെ നമ്മളിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയായി. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം നമ്മളെ നീതീമാന്മാർ ആക്കിമാറ്റി. ആകയാൽ നമ്മൾ ഇപ്പോൾ ജഡത്തിന്റെ ആഗ്രഹങ്ങൾ അനുസരിച്ചല്ല ജീവിക്കുന്നത്. നമ്മൾ പരിശുദ്ധാത്മാവിന്റെ ഹിതപ്രകാരം ആണ് ജീവിക്കുന്നത് (8:4).

 

എഴുതപ്പെട്ട പ്രമാണം പാപം എന്താണ് എന്നു മനുഷ്യരെ ബോധ്യപ്പെടുത്തി. എന്നാൽ അതിന് അവരെ പാപത്തിൽ നിന്നും സ്വതന്ത്രർ ആക്കുവാൻ കഴിഞ്ഞില്ല. അതിനാൽ മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും രക്ഷിക്കുവാനായി ദൈവം മറ്റൊരു പദ്ധതി തയ്യാറാക്കി. അവൻ അവന്റെ ഏക ജാതനായ പുത്രനെ മനുഷ്യ ശരീരത്തിൽ “പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (8:3). യേശു പാപം ചെയ്തില്ല, അവനിൽ പാപം ഇല്ലായിരുന്നു. എന്നാൽ അവൻ “പാപജഡത്തിന്റെ സാദൃശ്യത്തിൽ” ഈ ഭൂമിയിൽ ജനിച്ചു. അവൻ പിതാവായ ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ചു, ന്യായപ്രമാണം നിവർത്തിച്ചു. അവൻ പാപത്തിന്റെ ശിക്ഷ അവന്റെ ശരീരത്തിൽ വഹിച്ചു, ക്രൂശിൽ ശിക്ഷ അനുഭവിച്ചു. ക്രൂശിലെ മരണം പാപത്തിനുള്ള ശിക്ഷയും, അതിനുള്ള പരിഹാരവും ആയി.

 

അങ്ങനെ മനുഷ്യന്റെ പാപം നീങ്ങിപ്പോയി. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് എല്ലാവർക്കും നീതീകരണവും നിത്യജീവനും ലഭിക്കുന്നു.   

 

യേശുക്രിസ്തുവിൽ ഉള്ള സ്വാതന്ത്ര്യം ആർക്കെല്ലാം ലഭിക്കും എന്നു 8:4 ൽ പറയുന്നു. നമ്മൾ പരിശുദ്ധാത്മാവിനെ അനുസരിച്ച് ജീവിക്കേണം. രക്ഷിക്കപ്പെട്ട ദൈവജനം ഇനി ജഡത്തെ അനുസരിക്കരുത്. എങ്കിൽ നമ്മളിൽ ന്യായപ്രമാണത്തിന്റെ നീതീ നിവർത്തിയാകും. ന്യായപ്രമാണത്തിന്റെ നീതീ പ്രവർത്തികളാൽ ഉള്ള നീതീയാണ്. ഇതിന് ആവശ്യമായ പ്രവർത്തി യേശുക്രിസ്തു നമുക്ക് വേണ്ടി നിവർത്തിച്ചു. അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും യേശുവിന്റെ സമ്പൂർണ്ണ അനുസരണം കണക്കിടുന്നു. അങ്ങനെ ന്യായപ്രമാണത്താൽ ലഭിക്കേണ്ട നീതീ തന്നെ, യേശുവിൽ വിശ്വസിക്കുന്നവർക്കും ലഭിക്കുന്നു.

 

ഫിലിപ്പിയർ 2:8

മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

 

 2 കൊരിന്ത്യർ 5:21

പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.

 

എബ്രായർ 4:15

നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.

 

1 പത്രൊസ് 2:22

അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.

 

1 യോഹന്നാൻ 3:5

പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.

 

പാപം അറിയാത്ത യേശുക്രിസ്തു, നമുക്ക് വേണ്ടി അവന്റെ ജഡത്തിൽ പാപത്തിന്നു ശിക്ഷ അനുഭവിച്ചു. അങ്ങനെ അവനിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾക്കുള്ള ശിക്ഷാവിധി യേശുവിൽ വിധിക്കപ്പെട്ടു. ന്യായപ്രമാണം അനുസരിച്ചുള്ള പാപത്തിന്റെ ശിക്ഷയ്ക്കും, നമ്മളുടെ നീതീകരണത്തിനും ഒരുവന്റെ മരണം ആവശ്യമായിരുന്നു. യേശുവിന്റെ മരണം ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിച്ചു. ഇത് പൌലൊസ് 8:4 ൽ വിശദീകരിക്കുന്നു.

 

ന്യായപ്രമാണം ദൈവം മോശെയിലൂടെ യിസ്രായേൽ എന്ന അവന്റെ സ്വന്ത ജനത്തിന്, അവരുടെ നീതീകരണത്തിനായി നല്കിയതാണ്. അത് ദൈവത്തിന്റെ നീതീയുടെയും, വിശുദ്ധിയുടെ പ്രമാണം ആണ്. ന്യായപ്രമാണം ദൈവത്തിന്റെ മനുഷ്യർക്കായുള്ള പ്രമാണം ആണ്. ഈ പ്രമാണ പ്രകാരം നീതീകരണത്തിന് ആവശ്യമായത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലൂടെ നിവർത്തിച്ചു. അങ്ങനെ സ്വർഗ്ഗീയ നീതി നിവർത്തിക്കപ്പെട്ടു. പാപത്തിന്റെ വില നൽകപ്പെട്ടു.

 

ദൈവം യേശുവിനെ അയച്ചു എന്നതും, അവൻ പാപ പരിഹാരമായി മരിച്ചു എന്നതും സാർവ്വലൌകീകമായ ഒരു പ്രവർത്തിയല്ല. ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും യേശുവിന്റെ മരണത്തിന്റെ ഫലം ലഭിക്കുന്നില്ല. അവനിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ, അവന്റെ മരണത്തിന്റെ ഫലം ലഭിക്കുന്നുളളൂ. ഇത് വ്യക്തിപരമായി പ്രാപിക്കേണ്ടത് ആണ്. ന്യായപ്രമാണം വ്യക്തിപരമായി അനുസരിക്കേണ്ടത് ആയിരുന്നു എന്നത് പോലെ, ന്യായപ്രമാണത്തിന്റെ പ്രമാണം നമ്മളിൽ ഓരോരുത്തരിലും വ്യക്തിപരമായി നിവർത്തിയാകേണം. നമ്മളുടെ വ്യക്തിപരമായ പാപങ്ങൾക്ക് യേശു എന്ന ഒരുവന്റെ മരണം ന്യായപ്രമാണ പ്രകാരം ഉള്ള വില നല്കി. 

 

അതിനാൽ ഇപ്പോൾ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ട നമ്മൾ ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ അല്ല. നമ്മൾ പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ആണ്. പരിശുദ്ധാത്മാവിന്റെ ജീവനിൽ ജീവിക്കുന്നവർ ആണ്.  

 

ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ

 

ക്രിസ്തീയ വിശ്വാസികൾ ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്നത് എന്നു 8:4 ൽ പൌലൊസ് എഴുതി. 8:5 മുതൽ ജഡത്തെ അനുസരിക്കുക, പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുക എന്നിവയുടെ വ്യത്യാസം എന്താണ് എന്നു പറയുന്നു. ഇവിടെയും, ജീവന്റെ ആത്മാവിന്റെ പ്രമാണം, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണം എന്ന വിഷയം പൌലൊസ് തുടരുകയാണ്. രക്ഷിക്കപ്പെട്ടവർ പരിശുദ്ധ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ആണ്. “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു” എന്നു അദ്ദേഹം 8:5 ൽ വിശദീകരിക്കുന്നു. ജഡസ്വഭാവമുള്ളവരെ പ്രകൃത്യായുള്ള ചിന്തകൾ നിയന്ത്രിക്കുന്നു. ആത്മസ്വഭാവമുള്ളവരെ പരിശുദ്ധാത്മാവ് നിയന്ത്രിക്കുന്നു. ജഡത്തിന്റെ ചിന്ത മരണത്തിലേക്ക് നയിക്കുന്നു. എന്നാൽ ആത്മാവിന്റെ ചിന്ത നിത്യജീവനും സമാധാനവും നല്കുന്നു. (8:6). ജഡത്തിന്റെ ചിന്ത ദൈവത്തെ എതിർക്കുന്നു. അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പെടുന്നില്ല. അതിന് ഒരിക്കലും ദൈവത്തിന്റെ പ്രമാണത്തിന് കീഴ്പെടുവാൻ കഴിയുകയില്ല. അതിനാൽ ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിവില്ല.

 

റോമർ 8:5-8 വാക്യങ്ങളിൽ രണ്ട് തരത്തിലുള്ള ജീവിതങ്ങളെ പൌലൊസ് താരതമ്യം ചെയ്യുന്നു. ഒന്ന്, ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയില്ലാത്ത ജഡസ്വഭാവമുള്ളവർ. ഇവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുക ഇല്ല. കാരണം ഇവരെ നിയന്ത്രിക്കുന്നത് പാപം ആണ്. നിത്യമായ മരണം ആണ് അവരുടെ ജീവിതത്തിന്റെ അന്ത്യം. “ജഡസ്വഭാവമുള്ളവർ” എന്നു പൌലൊസ് പറയുമ്പോൾ, നമ്മളുടെ ശരീരത്തിന്റെയും, ഈ ലോകത്തിന്റെയും, ഭൌതീക ജീവിതത്തിന്റെയും കാര്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ട് ജീവിക്കുന്നവരെക്കുറിച്ച് ആണ്. ഏതെങ്കിലും ഒരു പ്രത്യേക പാപത്തെ ഇവിടെ അർത്ഥമാക്കുന്നില്ല. ജഡസ്വഭാവമുള്ളവരുടെ ചിന്ത ഈ ലോകത്തിന്റെ ചിന്തകൾ ആണ്.  

 

രണ്ടാമത്തെ ജീവിതം പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നത് ആണ്. രക്ഷിക്കപ്പെട്ടവർ മാത്രമേ ഇങ്ങനെ ജീവിക്കുന്നുള്ളൂ. അവരുടെ ചിന്തകളെയും പ്രവർത്തികളേയും ദൈവത്തിന്റെ ആത്മാവ് പൂർണ്ണമായും നിയന്ത്രിക്കുന്നു. അവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയും. അവരുടെ ജീവിതത്തിന്റെ ഫലം നിത്യജീവനും, സ്വർഗ്ഗീയ സമാധാനവും ആയിരിക്കും.     

 

ഗലാത്യർ 5:19-23 വരെയുള്ള വാക്യങ്ങളിൽ, ജഡപ്രകാരമുള്ള ജീവിതവും പരിശുദ്ധാത്മാവിനെ അനുസരിച്ചുള്ള ജീവിതവും തമ്മിലുള്ള വ്യത്യാസം പൌലൊസ് വിശദീകരിക്കുന്നു.

 

ഗലാത്യർ 5:19-23

ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

 

ജഡത്തിന്റെ ചിന്തയും ആത്മാവിന്റെ ചിന്തയും വ്യത്യസ്തങ്ങൾ ആയ ഫലങ്ങൾ ഉളവാക്കുന്നു. ജഡത്തിന്റെ ചിന്ത മരണവും പരിശുദ്ധാത്മാവിന്റെ ചിന്ത നിത്യജീവനും സമാധാനവും ഉളവാക്കും. പരിശുദ്ധാത്മാവ് ഒരുവനെ ദൈവത്തോടും, മനുഷ്യരോടും, അവനോടു തന്നെയും സമാധാനം ഉള്ളവനാക്കുന്നു.

 

ജഡത്തെ അനുസരിച്ചു ജീവിക്കുന്നവർ ശരീരത്തിന്റെയും ഈ ലോകത്തിന്റെയും ആവശ്യങ്ങളെയും, മോഹങ്ങളേയും കുറിച്ച് ചിന്തിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ആത്മീയമായത് അന്വേഷിക്കുന്നു. അതിനാൽ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവരിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകുന്നു.   

 

പാപത്തിന്റെ മരണത്തിന്റെ പ്രമാണമനുസരിച്ച് ജഡത്തിന്റെയും ഈ ലോകത്തിന്റെയും ചിന്തകൾ നിവർത്തിക്കുവാനായി ജീവിക്കുമ്പോൾ, അതിന്റെ അന്ത്യം നിത്യ മരണം ആയിരിക്കും. ജീവന്റെ ആത്മാവിന്റെ പ്രമാണം അനുസരിച്ചു, പരിശുദ്ധാത്മാവിന്റെ ചിന്തയാൽ നയിക്കപ്പെടുന്നവൻ, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നും സ്വതന്ത്രർ ആകുന്നു. അവർക്ക് നിത്യജീവനും സമാധാനവും ലഭിക്കുന്നു.

 

ശരീരത്തെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും മാത്രമുള്ള ചിന്തയും അതിനായുള്ള ജീവിതവും ദൈവത്തോടു ശത്രുത്വം ആകുന്നു. ഇപ്രകാരം ജീവിക്കുന്ന ഒരുവൻ ദൈവത്തിന്റെ പ്രമാണത്തിന്നു കീഴ്പെടുന്നില്ല. അവന് ദൈവ പ്രമാണത്തിന്നു കീഴ്പെടുവാൻ കഴിയുക ഇല്ല. പാപം എപ്പോഴും നമ്മളെ ദൈവത്തിൽ നിന്നും അകറ്റുന്നു.

 

1 യോഹന്നാൻ 3:4-6

പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ. പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

 

അതിനാൽ റോമർ 8:8 ൽ പൌലൊസ് ഇങ്ങനെ എഴുതി, “ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.” ആത്മാവിന്റെ സ്വഭാവം ഉള്ളവർക്ക് മാത്രമേ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയൂ. അവർ ദൈവത്തെ പ്രസാദിപ്പിക്കുന്നവർ ആണ് എന്ന അർത്ഥവും ഇവിടെ വായിക്കാം.   

 

റോമർ 8:9 ആം വാക്യം ആരംഭിക്കുന്നത്, “നിങ്ങളോ” എന്നു പറഞ്ഞുകൊണ്ടാണ്. ഈ വാക്യങ്ങൾ റോമിലെ ക്രിസ്തീയ വിശ്വാസികളോട് നേരിട്ടു സംസാരിക്കുകയാണ്. അവർ ആരാണ് എന്നു പറഞ്ഞുതുടങ്ങുന്നതിന്റെ ആരംഭം ആണ്. “ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.” (8:8). എന്നാൽ റോമിലെ വിശ്വാസികൾ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ആണ് എന്നു പൌലൊസ് സാക്ഷിക്കുന്നു. “ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ” എന്നതിനെ ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നതിനാൽ എന്നു വായിക്കാവുന്നതാണ്. അതിനാൽ അവർ ആത്മസ്വഭാവമുള്ളവർ ആയിരുന്നു. അവരിൽ ജഡസ്വഭാവം ഇല്ലായിരുന്നു. ക്രിസ്തുവിന്റെ ആത്മാവു ഉള്ളവർ അവന്നുള്ളവർ ആണ്. റോമിലെ വിശ്വാസികൾക്ക് ലഭിച്ച നല്ല ഒരു സാക്ഷ്യം ആണിത്.

 

ഈ വാക്യങ്ങൾ റോമിലെ വിശ്വാസികൾക്ക് എഴുതിയതാണ് എങ്കിലും ഇതെല്ലാം സാർവ്വലൌകീകമായി എല്ലാ ക്രിസ്ത്യാനികൾക്കും ഒരുപോലെ ബാധകം ആണ്. ജഡത്തിൽ ആശ്രയിച്ചും ജഡപ്രകാരവും ജീവിക്കുന്നവരും, പരിശുദ്ധാത്മാവിൽ ആശ്രയിച്ചും  അനുസരിച്ചും ജീവിക്കുന്നവരും തമ്മിലുള്ള വ്യത്യാസം പൌലൊസ് ഇവിടെ വിവരിക്കുന്നു. രക്ഷിക്കപ്പെട്ടവരിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്നു. അതിനാൽ അവർ ജഡസ്വഭാവമുള്ളവരല്ല, ആത്മസ്വഭാവമുള്ളവർ ആണ്. ക്രിസ്തുവിന്റെ ആത്മാവു ഉള്ളവർ മാത്രമേ അവന് ഉള്ളവർ ആകുന്നുളളൂ. യേശുക്രിസ്തു അവരിൽ വസിക്കുന്നു. അവരുടെ ശരീരം പാപം നിമിത്തം മരിച്ച അവസ്ഥയിലാണ് എങ്കിലും ആത്മാവു ജീവനിൽ ആകുന്നു. കാരണം ക്രിസ്തു അവരെ നീതീകരിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെ മരണത്തിൽ നിന്നും ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവു അവരിൽ വസിക്കുന്നു. അതിനാൽ ദൈവം നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെക്കൊണ്ട് നമ്മളുടെ മർത്യശരീരങ്ങൾക്കും ജീവിൻ നല്കും.

 

ക്രിസ്തീയ വിശ്വാസികൾ അല്ലാത്തവർ എങ്ങനെയുള്ളവർ ആണ് എന്നും ഈ വാക്യം പറയുന്നു. അവർ ജഡസ്വഭാവം ഉള്ളവർ ആണ്. അവരിൽ ദൈവത്തിന്റെ ആത്മാവു വസിക്കുന്നില്ല. അതിനാൽ അവർ ക്രിസ്തുവിന് ഉള്ളവർ അല്ല. നിത്യജീവൻ അവരുടെ പ്രത്യാശയല്ല.

 

ഇവിടെ ഒരേ സമയം ജഡപ്രകാരവും, ആത്മാവിനെ അനുസരിച്ചും ജീവിക്കുവാൻ ഒരുവന് അവസരം നൽകുന്നില്ല. ക്രിസ്തീയ വിശ്വാസികൾ പരിശുദ്ധാത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ആണ്. 

 

8:11 ൽ പറയുന്ന “മർത്യശരീരങ്ങളെയും” എന്നത് പാപത്താൽ മരിച്ച അവസ്ഥയിലുള്ള ശരീരം ആകാം. അല്ലെങ്കിൽ, “മർത്യശരീരങ്ങളെയും ജീവിപ്പിക്കും” എന്നത് മരണത്തിന് ശേഷമുണ്ടാകുന്ന ശരീരത്തിന്റെ പുനരുത്ഥാനം ആകാം. ഏത് അവസ്ഥയിൽ നിന്നായായാലും, ജീവൻ ലഭിക്കുന്നത് പരിശുദ്ധാത്മാവിൽ ആണ്.

 

ഈ വാക്യങ്ങളിൽ പൌലൊസ് പരിശുദ്ധാത്മാവിനെ മൂന്ന് പേരുകളിൽ വിളിക്കുന്നു. അവ, ദൈവത്തിന്റെ ആത്മാവു, ക്രിസ്തുവിന്റെ ആത്മാവ്, ആത്മാവ്, എന്നിങ്ങനെയാണ്. ഇവിടെ മൂന്ന് വ്യത്യസ്തങ്ങൾ ആയ ആത്മാവ് ഉണ്ട് എന്നല്ല പൌലൊസ് പറയുന്നത്. നിഖ്യാ വിശ്വാസപ്രമാണത്തിൽ പറയുന്നത് പോലെ, പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന ജീവിപ്പിക്കുന്ന ഏക പരിശുദ്ധാത്മാവിനെ കുറിച്ചാണ് വിവിധ വാക്കുകളിൽ പൌലൊസ് പരാമർശിക്കുന്നത്.

 

ത്രിത്വം എന്ന ക്രിസ്തീയ വിശ്വാസത്തെ ഈ വാക്യം ശക്തമായി പിൻതാങ്ങുന്നു. ഇവിടെ പിതാവായ ദൈവത്തെയും, പുത്രനായ ക്രിസ്തുവിനെയും, പരിശുദ്ധാത്മാവിനെയും ഒരുവന്റെ രക്ഷാപ്രവർത്തിയിൽ നമ്മൾ കാണുന്നു. പരിശുദ്ധാത്മാവിനെ പിതാവായ ദൈവത്തിന്റെ ആത്മാവായും, ക്രിസ്തുവിന്റെ ആത്മാവായും നമ്മൾ കാണുന്നു. ഇതേ ഏക ആത്മാവ് രക്ഷിക്കപ്പെട്ടവരുടെ ഉള്ളിൽ വസിക്കുന്നു. അവരിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ ക്രിസ്തു അവരിൽ വസിക്കുന്നു. ഇത് ത്രീയേക ദൈവം എന്ന ക്രിസ്തീയ വിശ്വാസത്തെ ഉറപ്പിക്കുന്നു.  

 

8:10 ൽ പൌലൊസ് ഒരു യഥാർത്ഥ രക്ഷിക്കപ്പെട്ട വിശ്വാസിയുടെ ജീവിതത്തിലെ രണ്ട് അവസ്ഥകളെക്കുറിച്ച് പറയുന്നു. അവരിൽ ക്രിസ്തു വസിക്കുന്നു എന്ന സത്യത്തിൻമേലാണ് ഈ നിരീക്ഷണം നടത്തുന്നത്. അവരുടെ ശരീരം പാപം നിമിത്തം മരിച്ചിരിക്കുന്നു. ഇത് പാപ ശരീരത്തിന്റെ മോഹങ്ങൾ മരിച്ചിരിക്കുന്നു എന്നാകാം. അല്ലെങ്കിൽ “ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും” എന്നത് ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന ശരീരത്തിന്റെ മരണം ആകാം. ഇംഗ്ലീഷ് സ്റ്റാഡേർഡ് വെർഷൻ ൽ, “although the body is dead because of sin” എന്നാണ്. ഇത് ഭാവിയിൽ സംഭവിക്കുന്ന മരണത്തെക്കുറിച്ച് അല്ല. ഈ വാചകത്തിന്റെ അർത്ഥം, “പാപം നിമിത്തം ശരീരം മരിച്ചിരിക്കുന്നു എങ്കിലും” എന്നാണ്.

 

“ആത്മാവു നീതിനിമിത്തം ജീവനാകുന്നു” എന്നതിന്റെ അർത്ഥം, ക്രിസ്തു അവരുടെ ഉള്ളിൽ ഉള്ളതിനാൽ അവരുടെ ആത്മാവിന് നീതീ നിമിത്തം ജീവൻ ഉണ്ട് എന്നാണ്. എന്നാൽ, “ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും” എന്നത് ശരീരത്തിന്റെ സ്വാഭാവിക മരണത്തെക്കുറിച്ചാണ് പറയുന്നത് എങ്കിൽ, ഈ വാക്കുകളുടെ അർത്ഥത്തിന് അൽപ്പം വ്യത്യാസം ഉണ്ടാകും. അത്, ശരീരത്തിന്റെ മരണത്തിന് ശേഷം ആത്മാവിന് നിത്യജീവൻ ലഭിക്കും എന്നാകാം. ഇംഗ്ലീഷിൽ ഈ വാക്യം ഇങ്ങനെയാണ്, “the Spirit is life because of righteousness.” ഇതിന്റെ അർത്ഥം, “നീതീ നിമിത്തം ആത്മാവ് ജീവൻ ആകുന്നു” എന്നാണ്. രക്ഷിക്കപ്പെട്ട ദൈവജനം, യേശുക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നതിനാൽ അവരുടെ ആത്മാവ് ജീവൻ പ്രാപിക്കുന്നു എന്നു മനസ്സിലാക്കാം. പരിശുദ്ധാത്മാവ് അവർക്ക് ജീവൻ നല്കുന്നു എന്നും വ്യാഖ്യാനിക്കാം. പാപ ശരീരം മരിച്ചിരിക്കുന്നു എങ്കിലും ആത്മാവ് ജീവൻ പ്രാപിച്ചിരിക്കുന്നു.

 

അതായത്, റോമിലെ വിശ്വാസികൾ, ക്രിസ്തു അവരിൽ ഉണ്ട് എന്നതിനാൽ, അവരുടെ ശരീരം പാപം നിമിത്തം മരിച്ചിരിക്കുന്നു എങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. ഇവിടെ ശരീരം-ആത്മാവ് എന്നതിനെയും, പാപം-നീതീ എന്നതിനെയും, മരണം-ജീവൻ എന്നതിനെയും എതിർ ദിശകളിൽ നിറുത്തുന്നു.

 

ഈ വാക്യത്തിൽ പറയുന്ന “ആത്മാവ്” ഗ്രീക്കിൽ “ന്യൂമ” എന്നാണ് (pneuma, pnyoo'-mah). ഈ വാക്കിന് പരിശുദ്ധാത്മാവ്, മനുഷ്യന്റെ ഉള്ളിലുള്ള ആത്മാവ്, മരിച്ചവരുടെ ആത്മാവ്, ശരീരം ഇല്ലാത്ത ഒരു ആത്മാവ്, ശ്വാസം, കാറ്റ്, എന്നിങ്ങനെ അർത്ഥം ഉണ്ട്. അതിനാൽ ഇവിടെ “ആത്മാവു നീതിനിമിത്തം ജീവനാകുന്നു” എന്നത് മനുഷ്യരുടെ ഉള്ളിൽ ഉള്ള ആത്മാവിനെക്കുറിച്ചാണ് എന്നു കരുതുന്ന വേദപണ്ഡിതന്മാർ ഉണ്ട്. ഈ അർത്ഥത്തിൽ രക്ഷിക്കപ്പെടുന്ന ഒരുവന്റെ ഉള്ളിൽ ക്രിസ്തു ഉള്ളതിനാൽ അവന്റെ ഉള്ളിലുള്ള ആത്മാവ് ജീവൻ പ്രാപിക്കുന്നു. രക്ഷിക്കപ്പെടുന്നതിന് മുമ്പ് അവന്റെ ആത്മാവ് പാപം നിമിത്തം മരിച്ച അവസ്ഥയിൽ ആയിരുന്നു. അവൻ രക്ഷിക്കപ്പെടുമ്പോൾ ആത്മാവ് ജീവൻ പ്രാപിക്കുന്നു. 8:11 ൽ പറഞ്ഞിരിക്കുന്ന “മർത്യശരീരങ്ങളെയും ജീവിപ്പിക്കും” എന്നതിനെയും ഇതിനോട് ചേർത്തു വായിക്കേണം. രക്ഷിക്കപ്പെട്ട ഒരുവൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കെതന്നെ പരിശുദ്ധാത്മാവിനാൽ ജീവൻ പ്രാപിച്ചവൻ ആണ്.

 

ഈ വാക്യത്തിൽ പറയുന്ന “ആത്മാവ്” പരിശുദ്ധാത്മാവ് ആണെങ്കിൽ, ഇതിന്റെ അർത്ഥം, ക്രിസ്തു ഒരുവനിൽ ഉണ്ട് എങ്കിൽ അവൻ പരിശുദ്ധാത്മാവിനാൽ ജീവൻ പ്രാപിച്ചിരിക്കുന്നു, എന്നാണ്.  

 

രണ്ട് അർത്ഥത്തിലും, വാക്യത്തിന്റെ സാരം ഇതാണ്: ക്രിസ്തു ഒരുവനിൽ ഉണ്ടെങ്കിൽ, അവൻ ആത്മീയമായി പുതുജീവൻ പ്രാപിച്ചവൻ ആണ്. ഇത് പരിശുദ്ധാത്മാവിനാൽ സംഭവിക്കുന്നു. എങ്കിലും നമ്മളുടെ പാപത്താൽ മലിനമാക്കപ്പെട്ട ശരീരം മരിക്കുന്നു. ക്രിസ്തുവും പരിശുദ്ധാത്മാവും ഇല്ലാതെ ആർക്കും ആത്മീയ ജീവൻ ഇല്ല. നമ്മളിൽ ആത്മീയ ജീവൻ ഉണ്ടാകുന്നതിന്റെ കാരണം നീതീകരണം ആണ്. അത് ക്രിസ്തുവിന്റെ നീതീ നമ്മളിൽ ഗണിക്കപ്പെടുന്നത് ആണ്.

 

റോമർ 5:21

പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.

 

നമ്മളുടെ ശരീരം മരിക്കുന്നു എങ്കിലും അത് പുനരുത്ഥാനം പ്രാപിക്കും എന്നു 8:11 ൽ പൌലൊസ് ഉറപ്പ് നല്കുന്നു. ഇതിന്റെ മാതൃകയും സാക്ഷ്യവും ക്രിസ്തുവിന്റെ ഉയിർപ്പാണ്. യേശുക്രിസ്തുവിനെ ഉയിർപ്പിച്ചവന്റെ ആത്മാവ്, അതായത് പരിശുദ്ധാത്മാവ് നമ്മളിൽ വസിക്കുന്നു. അതിനാൽ ക്രിസ്തുവിനെ മരണത്തിൽ നിന്നും ഉയിർപ്പിച്ചവൻ, പരിശുദ്ധാത്മാവിനാൽ, നമ്മളുടെ മരിച്ചുപോയ ശരീരങ്ങളേയും ഉയിർപ്പിക്കും.

 

1 തെസ്സലൊനീക്യർ 4:16

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

 

1 യോഹന്നാൻ 3:2

പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 ജഡത്തിന് കടക്കാരല്ല

 

“ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല” എന്ന 1 ആം വാക്യത്തിലെ പ്രസ്താവനയെ കൂടുതൽ ശരി വയ്ക്കുന്നതാണ് റോമർ 8:12-13 വാക്യങ്ങളും.

 

ആത്മാവിന് നമ്മൾ എങ്ങനെ കടക്കാർ ആയിരിക്കുന്നു എന്നു വിശദീകരിക്കുന്നതിന് മുമ്പേ, 8:12 ൽ നമ്മൾ എന്തിന് കടക്കാർ അല്ല എന്നു പൌലൊസ് പറയുന്നു. രക്ഷിക്കപ്പെട്ടവർ ആരും തന്നെ ജഡത്തിന് കടക്കാരാകുന്നില്ല. ജഡസംബന്ധമായ യാതൊന്നും അനുസരിച്ചു ജീവിക്കുവാൻ നമ്മൾ ബാദ്ധ്യസ്ഥർ അല്ല. ജഡം എന്നത്കൊണ്ട് പൌലൊസ് ഉദ്ദേശിക്കുന്നത് ശരീരം മാത്രമല്ല, ശാരീരികവും, ഭൌതീകവും, ഈ ലോകത്തിന്റെതുമായ എല്ലാ മോഹങ്ങളെക്കുറിച്ചും ആണ്. അത് ക്രിസ്തുവിനെ കൂടാതെയുള്ള ജീവിതം ആണ്.

 

ഇവിടെ “കടക്കാരാകുന്നതു” എന്നതിന്റെ ഗ്രീക്ക് വാക്ക് “അഫായ് ലെറ്റേസ്” എന്നാണ് (opheiletēs, of-i-let'-ace). ഈ വാക്കിന്റെ അർത്ഥം, കടക്കാരൻ, കടമപ്പെട്ടവൻ, ചെയ്ത് തീർക്കേണ്ട ഒരു കർത്തവ്യം ഉള്ളവൻ,  എന്നിങ്ങനെയാണ്. വീണ്ടും ജനനം പ്രാപിച്ച ഒരുവന് ജഡത്തിന്റെ ഒരു പ്രവർത്തിയും ചെയ്തു തീർക്കേണ്ട ബാധ്യതയില്ല. ജഡവുമായുള്ള എല്ലാ കടമയിൽ നിന്നും അവൻ എന്നന്നേക്കുമായി സ്വതന്ത്രൻ ആണ്. അതിനാൽ ജഡത്തിനെ പ്രസാധിപ്പിക്കുവാൻ യാതൊന്നും ചെയ്യേണ്ടതില്ല. ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ നമ്മൾ രക്ഷിക്കപ്പെട്ടവർ അല്ല. രക്ഷിക്കപ്പെട്ടിട്ടില്ലാത്തവർക്ക് ജഡവുമായി കൊടുത്തു തീർക്കേണ്ടുന്ന ബാധ്യതകൾ ഉണ്ട്. അവർ ജഡത്തെ അനുസരിച്ചു ജീവിക്കുന്നതിനാൽ നിത്യമായി മരിക്കും. അതിനാൽ നിത്യമായി ജീവിക്കേണ്ടതിന് ആത്മാവിനെ അനുസരിച്ചു ജീവിക്കുക. പരിശുദ്ധാത്മാവിന്റെ ശക്തിയാലും സഹായത്താലും ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുക.

 

രക്ഷിക്കപ്പെട്ട ഒരു ക്രിസ്തീയ വിശ്വാസിക്കു ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുക സാദ്ധ്യമാണ്. കാരണം അവൻ ജഡത്തിന് കടക്കാരൻ അല്ല. ജഡം സംബന്ധിച്ച് അവൻ ക്രിസ്തുയേശുവിൽ സ്വതന്ത്രൻ ആണ്.

 

പാപത്തിൽ ജീവിച്ചിരുന്ന നാളുകളിലെ ജഡത്തിന്റെ എല്ലാ പ്രവർത്തികളെയും രക്ഷിക്കപ്പെട്ട ഒരുവൻ ഉപേക്ഷിക്കേണം. കാരണം, “ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.” (ഗലാത്യർ 5:24). അവരുടെ പ്രകൃത്യായുള്ള സ്വഭാവത്തെ അതിന്റെ എല്ലാ രാഗമോഹങ്ങളോടുകൂടെ, ക്രിസ്തുവിന്റെ ക്രൂശിൽ ക്രൂശിച്ചിരിക്കുന്നു. അവിടെ അതെല്ലാം മരിച്ചു. അങ്ങനെ ദൈവത്തിന്റെ ആത്മാവിനാൽ അവർ ഒരു പുതിയ ജീവിതം പ്രാപിച്ചു. അവർ ഇനി ജഡത്തിന്റെ ഒരു പ്രവർത്തിയും ചെയ്യുവാൻ പാടില്ല.

 

8:12 ആം വാക്യം ആരംഭിക്കുന്നത് “ആകയാൽ” എന്നു പറഞ്ഞുകൊണ്ടാണ്. അത് 8:11 ആം വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്. യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു രക്ഷിക്കപ്പെട്ട ദൈവജനത്തിൽ വസിക്കുന്നു. അവർ ഇപ്പോൾ ആത്മാവിൽ മരണത്തിൽ നിന്നും ഉയിർത്തവർ ആണ്. ഭാവിയിൽ അവരുടെ മർത്യശരീരങ്ങളും പുനരുത്ഥാനം പ്രാപിക്കും. ആകയാൽ നമ്മൾ ജഡത്തിന്നു കടക്കാരല്ല, ആത്മാവിന് കടക്കാർ ആകുന്നു. ആത്മാവിനെ അനുസരിച്ചു ജീവിക്കുവാൻ നമ്മൾ ബാധ്യതയുള്ളവർ ആണ്.

 

8:13 ആം വാക്യത്തെ വ്യത്യസ്തമായ രീതിയിൽ വേദപണ്ഡിതന്മാർ വ്യാഖ്യാനിക്കാറുണ്ട്. ജഡപ്രകാരമുള്ള ജീവിതം ക്രിസ്തുവിനെ കൂടാതെയുള്ള ജീവിതം ആണ്. അത് ഈ ലോകത്തിന്റെ പാപത്തിന്റെ പ്രമാണം അനുസരിച്ചുള്ള ജീവിതം ആണ്. ജഡപ്രകാരം ജീവിക്കുന്നവർ ക്രിസ്തീയ വിശ്വാസികൾ അല്ല. അവർക്ക് ദൈവ പ്രമാണത്തിന് കീഴ്പ്പെടുവാനോ, ദൈവത്തെ പ്രസാധിപ്പിക്കുമാറു ജീവിക്കുവാനോ കഴിയുക ഇല്ല.

 

റോമർ 8:7-8

ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.


8:13 ൽ പൌലൊസ് എഴുതി, “നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം”. ഇതിന് മുമ്പ് എഴുതിയ വാക്യങ്ങളിൽ, ഒരു ക്രിസ്തീയ വിശ്വാസിക്കു ജഡത്തെ അനുസരിച്ചു ജീവിക്കുവാൻ സാദ്ധ്യമല്ല എന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അത് ഒരു നിർദ്ദേശം അല്ല, ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആണ്. ഇതാണ് രക്ഷിക്കപ്പെട്ടവരും, അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം. ജഡത്തെ അനുസരിച്ചു ജീവിക്കുന്നവർ എല്ലാം രക്ഷിക്കപ്പെടാത്തവർ ആണ്. അതായത്, യേശുക്രിസ്തുവിൽ വിശ്വസിച്ച്, ആത്മാവിന്റെ ശക്തിയാൽ വീണ്ടും ജനനം പ്രാപിക്കാത്ത എല്ലാവരും മരിക്കും. ഇത് ഈ ഭൂമിയിലെ ജീവിതത്തിന്റെ അവസാനം ആയ മരണം ആയിരിക്കാം. എന്നാൽ ഇവിടെ പൌലൊസിന്റെ പ്രധാന ഊന്നൽ ആത്മീയ മരണവും നിത്യ മരണവും ആണ്. 

 

8:13 ആം വാക്യത്തിന്റെ രണ്ടാമത്തെ ഭാഗത്ത് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, “ ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.” ഒരുവൻ പരിശുദ്ധാത്മാവിനാൽ ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നു എങ്കിൽ അവൻ ജീവിക്കും.

 

ചിലർ ഈ വാക്യത്തെ ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. ഒരുവനിൽ സകല പാപ പ്രവർത്തികളും മരിക്കുന്നില്ല എങ്കിൽ അവന് നിത്യജീവൻ പ്രാപിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ഈ വിശദീകരണം പൌലൊസിന്റെ മറ്റ് പഠിപ്പിക്കലുകളോട് ചേരുന്നില്ല. നമുക്ക് ദൈവത്തോട് സമാധാനം ഉള്ളതും, ദൈവം നമ്മളെ നീതീകരിച്ചതും, നമ്മളുടെ നല്ല പ്രവർത്തികൾ കാരണമല്ല. യേശുക്രിസ്തുവിനാൽ ആണ് നമ്മൾ ദൈവത്തോട് നിരപ്പ് പ്രാപിച്ചു നീതീകരിക്കപ്പെട്ടത് (റോമർ 5:1-11). ഇത് 14 ആം വാക്യം മുതലുള്ള വാക്യങ്ങളിൽ നിന്നും കൂടുതൽ വ്യക്തമാകും.   

 

യേശുക്രിസ്തുവിൽ ഉള്ളവർ, ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാൽ പാപത്തിന്റെ മോഹങ്ങളെ ജയിക്കും. ജഡത്തിന്റെ ഇച്ഛകളെ  മരിപ്പിക്കുവാനുള്ള ശക്തി നമുക്ക് അധികമായി ലഭിക്കും. അതിനാൽ നമുക്ക് ആത്മീയമായി ഇപ്പോൾ തന്നെ നിത്യതയിൽ ജീവിക്കുവാൻ കഴിയും. പാപത്തിന്റെ ആധിപത്യത്തെ നമുക്ക് ദൈവത്തിന്റെ ആത്മാവിനാൽ മാത്രമേ തകർക്കുവാൻ കഴിയൂ, നമ്മളുടെ സ്വന്തം ശക്തിയാൽ അത് സാദ്ധ്യം അല്ല.

 

ദൈവത്തിന്റെ മക്കൾ

 

8:14-17 വരെയുള്ള വാക്യങ്ങളിൽ ദത്തെടുക്കപ്പെടുക (adoption) എന്ന വിഷയത്തെ പൌലൊസ് അവതരിപ്പിക്കുന്നു. 15 ആം വാക്യത്തിൽ ആണ് ദത്തെടുക്കുക എന്ന വാക്ക് അദ്ദേഹം എഴുതിയിരിക്കുന്നത്. മലയാളത്തിൽ ഈ വാക്കിനെ “പുത്രത്വം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.

 

8:15 ലെ “പുത്രത്വത്തിൻ” എന്നതിലെ “പുത്രത്വം” എന്ന വാക്കിന്റെ ഗ്രീക്ക് പദം, “ഹൂഅതെസീഅ” എന്നാണ് (huiothesia, hwee-oth-es-ee'-ah). ഈ വാക്കിന്റെ അർത്ഥം, ദത്തെടുക്കുക എന്നാണ് (adoption).  

 

ദൈവത്തിന്റെ ആത്മാവിനാൽ നടത്തപ്പെടുന്നവർ എല്ലാം ദൈവത്തിന്റെ മക്കൾ ആകുന്നു. അവർ ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുന്നു. അവരിൽ ദാസ്യത്തിന്റെ ആത്മാവ് ഇല്ല. അതിനാൽ ദൈവത്തെ പിതാവേ എന്നു വിളിക്കുവാൻ അവർ ഭയപ്പെടുന്നില്ല. ദൈവത്തിന്റെ ആത്മാവ് നമ്മളുടെ ആത്മാവിനോട് ചേർന്നു ഇതിന് സാക്ഷ്യം പറയുന്നു. ഒരു പിതാവിന്റെ മക്കൾക്ക് അവന്റെ സ്വത്തിൽ അവകാശം ഉണ്ട്. മക്കൾ പിതാവിന്റെ സ്വത്തിന്റെ സ്വാഭാവിക അവകാശികൾ ആണ്. നമ്മൾ ദൈവത്തിന്റെ മക്കൾ ആയതിനാൽ ദൈവത്തിന്റെ അവകാശികൾ ആണ്. ഇതിൽ നമ്മൾ ക്രിസ്തുവിന് കൂട്ടവകാശികളും ആണ്. കാരണം നമ്മൾ വിശ്വാസത്താൽ ക്രിസ്തുവിനോടു കൂടെ കഷ്ടമനുഭവിച്ചിരിക്കുന്നു. അതിനാൽ നമ്മൾ ക്രിസ്തുവിനോടു കൂടെ തേജസ്കരിക്കപ്പെടും.        

 

പൌലൊസിന്റെ കാലത്ത് ഒരു കുട്ടിയെ ദത്തെടുത്താൽ, അവൻ പിന്നീട് ദത്തെടുത്ത വ്യക്തിയുടെ പേരിൽ ആയിരിക്കും അറിയപ്പെടുക. അദ്ദേഹത്തിന്റെ എല്ലാ സ്വത്തിനും ദത്തെടുക്കപ്പെട്ട കുട്ടിക്ക് നിയമപ്രകാരം അവകാശം ഉണ്ടായിരിക്കും. ഇങ്ങനെ ഒരു കുട്ടിയെ ദത്ത് എടുക്കുന്നതിന് പ്രത്യേകമായ നിയമങ്ങളും ആചാരങ്ങളും റോമിൽ ഉണ്ടായിരുന്നു. ദത്ത് എടുക്കുന്ന ആചാരങ്ങൾക്ക് സാക്ഷികൾ ഉണ്ടാകേണം. അതിന് ശേഷം, ആ കുട്ടിയുടെ മുൻകാല ജീവിതം നിലനിൽക്കുന്നില്ല. അവൻ പൂർണ്ണമായും പുതിയ ഒരു ജീവിതം ആരംഭിക്കുന്നു. ദത്തെടുത്ത വ്യക്തിക്ക് വേറെ മക്കൾ ഉണ്ടെങ്കിൽ, അവർക്കു ഉള്ള എല്ലാ അവകാശങ്ങളും തുല്യമായി ദത്ത് എടുക്കപ്പെട്ട കുട്ടിക്കും ഉണ്ടായിരിക്കും. അവന് അവന്റെ പുതിയ പിതാവിന്റെ സകല സ്വത്തിനും അവകാശം ലഭിക്കും.

 

നമ്മൾ യേശുക്രിസ്തു മുഖാന്തിരം പിതാവായ ദൈവത്താൽ ദത്ത് എടുക്കപ്പെട്ടിരിക്കുന്നു. അതിനാൽ നമുക്ക് ഇപ്പോൾ പുത്രത്വത്തിന്റെ ആത്മാവിനെ ലഭിച്ചിരിക്കുന്നു. നമ്മൾ ദൈവത്തിന്റെ പുത്രന്മാരും, പുത്രിമാരും ആയിരിക്കുന്നു. അതിനാൽ പാപത്തിന്റെയും, അതിനോടുള്ള ദാസ്യത്തിന്റേയും ആത്മാവ് വിട്ടുപോയിരിക്കുന്നു. നമ്മൾ ഒരു പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു. നമ്മൾ ദൈവത്തിന്റെ മക്കൾ ആയി തീർന്നിരിക്കുന്നു എന്നതിന് പരിശുദ്ധാത്മാവ് സാക്ഷിയായി നമ്മളിൽ വസിക്കുന്നു. അതിനാൽ നമുക്ക് ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ അവകാശം ലഭിച്ചിരിക്കുന്നു.

 

പുതിയനിയമത്തിൽ മാത്രമേ “അബ്ബാ” എന്ന വാക്ക് കാണുന്നുളളൂ. ഈ വാക്ക് യേശുക്രിസ്തുവും, അപ്പൊസ്തലനായ പൌലൊസും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതിന്റെ ഉൽപ്പത്തി അരാമ്യ ഭാഷയിൽ ആണ് (Abba, Aramaic). എബ്രായ ഭാഷയിലെ “അവ്” എന്ന വാക്കിൽ നിന്നാണ് അരാമ്യ ഭാഷയിലെ “അബ്ബാ” രൂപപ്പെട്ടത് എന്നൊരു വാദം ഉണ്ട് (av - Hebrew). പുതിയനിയമത്തിൽ “അബ്ബാ” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്ന ഇടത്തെല്ലാം അതിനോടോപ്പം “പിതാവ്” എന്ന പദം കൂടി ഉപയോഗിച്ചിട്ടുണ്ട്. “അബ്ബാ” എന്ന അരാമ്യ പദത്തെ ഗ്രീക്കിലേക്ക് മൊഴിമാറ്റിയപ്പോൾ “പിതാവ്” എന്നു കൂടി ചേർത്തതാണ് (ho patēr). അങ്ങനെ “അബ്ബാ പിതാവേ” എന്നു എഴുതപ്പെട്ടിരിക്കുന്നു.      

 

ഈ വാക്ക് മൂന്ന് പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു.

 

മർക്കോസ് 14:36

അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

 

റോമർ 8:15

നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.

 

ഗലാത്യർ 4:6

നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.

 

നമ്മളിലെ പഴയ മനുഷ്യനെ ഒരു അടിമ എന്നത് പോലെ പാപം നിയന്ത്രിച്ചിരുന്നു. പാപത്തൊടുള്ള ഈ ദാസ്യത്തം നീങ്ങിപ്പോയിരിക്കുന്നു. നമ്മൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ദൈവത്താൽ പുത്രന്മാരും പുത്രിമാരും ആയി ദത്തെടുക്കപ്പെട്ടിരിക്കുന്നു. നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവ് ഈ ദത്തെടുക്കലിന്റെ സാക്ഷ്യം ആണ്. അതിനാൽ നമുക്ക് ദൈവത്തെ അബ്ബാ പിതാവേ എന്നു വിളിക്കുവാൻ അധികാരം ഉണ്ട്.  

 

പരിശുദ്ധാത്മാവ് ഉള്ളിൽ ഉള്ളവർ ദൈവത്തിന്റെ മക്കൾ ആയിരിക്കുന്നു. അല്ലെങ്കിൽ, ക്രിസ്തീയ വിശ്വാസികൾ ദൈവത്തിന്റെ മക്കൾ ആയിരിക്കുന്നു എന്നതിനാൽ അവരിൽ അതിന്റെ സാക്ഷ്യം ആയി പരിശുദ്ധാത്മാവ് ഉണ്ട്. ഇതാണ് പൌലൊസ് വ്യക്തമാക്കുന്നത്. ദൈവാത്മാവ് ആണ് ക്രിസ്തീയ വിശ്വാസിയെ ജീവിതത്തിന്റെ എല്ലാ മണ്ഡലത്തിലും നയിക്കുന്നത്. ആത്മാവ് ആണ് അവനെ പാപത്തിൽ നിന്നും അകറ്റിനിറുത്തുന്നത്. 

 

റോമർ 6:18 ൽ പൌലൊസ് എഴുതിയത് ഇങ്ങനെയാണ്, “പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.” ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമ്മൾ പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. അതിനാൽ ഇനി പാപത്തിന്റെ ദാസൻമാർ അല്ല. നീതീയുടെ ദാസൻമാർ ആയിരിക്കുന്നു. 6:22 ആം വാക്യത്തിൽ “ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ” എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് തന്നെയാണ് പൌലൊസ് 8:15 ലും പറയുന്നത്.

 

എന്നാൽ ദൈവ സന്നിധിയിൽ നമ്മൾ സാധാരണ ദാസന്മാരെപ്പോലെയല്ല, കാരണം അവൻ നമുക്ക് പുത്രത്വം നല്കിയിരിക്കുന്നു. ദൈവം നമ്മളെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിച്ചത്, അവന്റെ മക്കളാക്കി തീർക്കുവാനാണ്. അതിനാൽ ദൈവം നമുക്ക് ദാസ്യത്തിന്റെ ആത്മാവിന് പകരം പുത്രത്വത്തിന്റെ ആത്മാവിനെ നല്കിയിരിക്കുന്നു. ദുഷ്ട യജമാനന്മാരുടെ കീഴിൽ അടിമകൾ എപ്പോഴും ഭയത്തിൽ ജീവിക്കുന്നു. എന്നാൽ പുത്രന്മാരും, പുത്രിമാരും ഭയത്തിൽ ജിവിക്കുന്നില്ല. അവർ ദൈവത്തെ “അബ്ബാ പിതാവേ” എന്നു വിളിക്കുവാൻ തക്ക ഏറ്റവും അടുത്ത ബന്ധത്തിൽ ആയിരിക്കുന്നു. പരിശുദ്ധാത്മാവിനാൽ നമ്മൾ ദൈവവുമായി ഇപ്രകാരമുള്ള ഒരു ബന്ധത്തിൽ ആയിരിക്കുന്നു.   

 

അതിനാൽ നമ്മൾ ക്രിസ്തുവിന്റെ സ്വർഗ്ഗീയ തേജസ്സിൽ പങ്കാളികൾ ആകും, ഈ മഹത്വം പ്രാപിക്കുന്നതിന് മുമ്പ് ക്രിസ്തു കഷ്ടം സഹിച്ചിരുന്നു. നമ്മളും ക്രിസ്തുവിനോടൊപ്പവും, അവന് വേണ്ടിയും കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവനോടുകൂടെ തേജസ്കരിക്കപ്പെടും.

 

8:17 ആം വാക്യത്തിൽ രക്ഷിക്കപ്പെട്ടവർ, “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ” എന്നാണ് പൌലൊസ് പറയുന്നത്. പുത്രത്വത്തിന്റെ നന്മ എത്രമാത്രം ആണ് എന്നു ഈ വാക്യം വ്യക്തമാക്കുന്നു. ക്രിസ്തീയ വിശ്വാസികൾ ദൈവത്തിന്റെ അവകാശികൾ ആണ്, ക്രിസ്തുവിന് കൂട്ടവകാശികൾ ആണ്. “നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” എന്നത് രക്ഷയ്ക്കൊ നീതീകരണത്തിനോ ഉള്ള പ്രവർത്തിയാലുള്ള നിബന്ധന അല്ല. “അനുഭവിച്ചാലത്രേ” എന്നത് പ്രവർത്തിയാൽ നിവർത്തിക്കേണ്ട ഒരു നിബന്ധന ആയിട്ടല്ല പൌലൊസ് ഇവിടെ എഴുതിയിരിക്കുന്നത്. ഈ വാക്കിലെ “അത്രേ” എന്നതിന്റെ അർത്ഥം ഇംഗ്ലീഷ് ൽ ഇങ്ങനെ പറയാം, “if as is the fact", അല്ലെങ്കിൽ, "since”. ഇതൊരു നിവർത്തിക്കപ്പെട്ട അനുഭവം ആണ്. “അവനോടുകൂടെ കഷ്ടമനുഭവിച്ചതിനാൽ, അവനോടുകൂടെ തേജസ്കരിക്കപ്പെടും”, എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.

 

രക്ഷിക്കപ്പെടുന്ന എല്ലാവരും ആത്മാവിൽ ക്രിസ്തുവിനോടു കൂടെ കഷ്ടം അനുഭവിച്ചവർ ആണ്. അവർ ഭൌതീക ജീവിതത്തിൽ ക്രിസ്തുവിന് വേണ്ടി കഷ്ടം അനുഭവിക്കുവാനും തയ്യാറാണ്. ക്രിസ്തുവിനോടു കൂടെ അനുഭവിക്കുന്ന കഷ്ടം, ദിനം തോറുമുള്ള പാപത്തോടുള്ള പോരാട്ടവും ആകാം. “അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു” എന്നത് ഭാവിയിൽ നമ്മൾക്ക് ലഭിക്കുന്ന തേജസ്സ്കരണം ആണ്. ഈ പ്രത്യാശയാണ് ക്രിസ്തീയ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്.

വെളിപ്പെടുവാനുള്ള തേജസ്സ്  

 

ക്രിസ്തുവിനോടു കൂടെ കഷ്ടമനുഭവിച്ചവർ അവനോടുകൂടെ തേജസ്കരിക്കപ്പെടും എന്നു 8:17 ആം വാക്യത്തിൽ പറഞ്ഞതിന്നു ശേഷം, 8:18 ആം വാക്യത്തിൽ “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.” എന്നു പൌലൊസ് എഴുതി. ഇതിനുള്ള കാരണം നമ്മിൽ ഭാവിയിൽ വെളിപ്പെടുവാനുള്ള തേജസ്സിനെക്കുറിച്ചുള്ള പ്രത്യാശയാണ്. ഇത് പറയുമ്പോൾ പൌലൊസിന്റെ സുവിശേഷ യാത്രയിൽ അനുഭവിച്ച കഷ്ടതകളുടെ ഓർമ്മ അവന്റെ മനസ്സിൽ കണ്ടേക്കാം. ഈ കഷ്ടതകൾ അൽപ്പകാലത്തേക്ക് മാത്രമേയുളളൂ. ദൈവത്തിൽ നിന്നും പ്രാപിക്കുന്ന തേജസ്സ് നിത്യമാണ്. ഇപ്പോഴത്തെ അൽപ്പകാലത്തെ കഷ്ടവും, നിത്യമായ ദൈവീക തേജസ്സിന്റെ ശ്രേഷ്ഠതയും തമ്മിൽ താരതമ്യം ചെയ്താൽ, ഇപ്പോഴത്തെ കഷ്ടം അൽപ്പം എന്നു തോന്നും. ഇവിടെ പൌലൊസ് കഷ്ടതയെ ഉയർത്തിക്കാണിക്കുന്നില്ല. അദ്ദേഹം പ്രാപിക്കുവാനിരിക്കുന്ന ദൈവ തേജസ്സിനെയാണ് മഹത്വവൽക്കരിക്കുന്നത്. ഇപ്പോഴത്തെ കഷ്ടതയെ സ്വർഗ്ഗീയ തേജസ്സിലൂടെ അദ്ദേഹം നോക്കിക്കാണുന്നു.  

 

റോമർ 8:19 ൽ, ദൈവത്തിന്റെ ഈ ഭൂമിയിലെ സകല സൃഷ്ടികളും ദൈവപുത്രന്മാരുടെ വെളിപ്പാട് ആകാംഷയോടെ കാത്തിരിക്കുന്നു എന്നു പൌലൊസ് എഴുതി. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നുഎന്നതിലെ “ദൈവപുത്രൻ”, ആത്മാവിന്റെ പുതുക്കത്തിൽ ദൈവം പുത്രത്വം നല്കി ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആക്കിയവർ ആണ്. മനുഷ്യന്റെ പാപത്താൽ ഈ ഭൂമിയിലെ സകല സൃഷ്ടികളും മലിനപ്പെട്ടു. ദൈവത്തിന്റെ കൽപ്പനയാൽ അവ മലിനതയക്ക് കീഴ്പ്പെട്ടിരിക്കുന്നു. അത് സൃഷ്ടികളുടെ ഇഷ്ടപ്രകാരം അല്ല, ദൈവീക കൽപ്പനയാൽ ആണ്. ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും ഭാവിയിൽ പ്രാപിക്കും എന്നുള്ള ആശയോടെ സൃഷ്ടി മായെക്കു കീഴ്പെട്ടിരിക്കുന്നു. ഈ വിടുതലിനായി പ്രത്യാശിച്ചുകൊണ്ട് സകല സൃഷ്ടികളും ഞരങ്ങി വേദനയോടെ ഇരിക്കുന്നു.

 

ഈ വാക്യത്തിൽ പൌലൊസ് “ദൈവപുത്രന്മാരുടെ വെളിപ്പാട്” നെ കുറിച്ച് പറയുന്നു. ക്രിസ്തീയ വിശ്വാസികൾ ദൈവത്തിന്റെ പുത്രീ-പുത്രന്മാർ ആണ് എന്നു പൌലൊസ് 8:14-15 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇത് ക്രിസ്തുവിലുള്ള നമ്മളുടെ ഇപ്പോഴത്തെ അവസ്ഥയും ഭാവിയിൽ സമ്പൂർണ്ണമായി നിവർത്തിക്കപ്പെടുന്ന അനുഗ്രഹവും ആണ്. നമ്മൾ ക്രിസ്തുവിനോടുകൂടെ തേജസ്കരിക്കപ്പെടുന്ന ഒരു ദിവസം ഭാവിയിൽ ഉണ്ടാകും. (8:17). അന്ന് നമ്മളിൽ ദൈവ തേജസ്സു വെളിപ്പെടും (8:18). ഈ സംഭവത്തെയാണ്, “ദൈവപുത്രന്മാരുടെ വെളിപ്പാട്” എന്നു പൌലൊസ് വിശേഷിപ്പിക്കുന്നത്. അത്, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ടവർ, ദൈവപുത്രന്മാരായി വെളിപ്പെടുന്നതാണ്. ഈ ദിവസത്തിനായി സകല സൃഷ്ടികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു (8:19). അതായത്, ദൈവത്തിന്റെ പുത്രത്വം പ്രാപിച്ചവർ ആരെല്ലാമാണ് എന്നു വെളിപ്പെടുന്ന ദിവസത്തിനായി സകല സൃഷ്ടികളും ആശയോടെ കാത്തിരിക്കുന്നു.

 

1 യോഹന്നാൻ 3:2

പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

 

മനുഷ്യർ പാപം ചെയ്തപ്പോൾ, ഈ ഭൂമി മുഴുവൻ പാപത്തിലും അതിന്റെ പരിണിത ഫലത്തിലും ആയി. ദൈവം ആദാമിനോട് പറഞ്ഞത്, “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു”. ദൈവീക ശാപത്തിന്റെ ഫലം, “മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും” എന്നതായിരുന്നു (ഉൽപ്പത്തി 3:17-18). “ഭൂമി” എന്നത് ഈ ഭൂമിയും അതിലെ സകല സൃഷ്ടികളും ആണ്. “മുള്ളും പറക്കാരയും” മുളയ്ക്കുന്ന ഭൂമി എന്നത് പ്രതികൂലമായ ഭൂമിയും, അതിലെ സൌഹൃദമല്ലാത്ത സൃഷ്ടികളും ആണ്. ഇത്തരം ഒരു ഭൂമിയായിരുന്നില്ല ദൈവം സൃഷ്ടിച്ചത്. എന്നാൽ മനുഷ്യരുടെ പാപം നിമിത്തം ഭൂമിയക്ക് അതിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം നഷ്ടപ്പെട്ടിരിക്കുന്നു. ഭൂമി മാത്രമല്ല, ഈ ഭൂമിയിലെ സകല സൃഷ്ടികളും ശാപത്തിൻ കീഴിലായി. അതിനാൽ ഈ ശാപത്തിൽ നിന്നും മോചനം പ്രാപിക്കുവാൻ ഭൂമി ആശയോടെ കാത്തിരിക്കുന്നു.

 

ഭൂമിയുടെയും സൃഷ്ടികളുടെയും പുനസ്ഥാപനം എന്നത് ഒരു യഹൂദ കാഴ്ചപ്പാട് ആണ്. മശീഹയുടെ വാഴ്ചയുടെ കാലത്ത് അത് സംഭവിക്കും എന്നു അവർ വിശ്വസിക്കുന്നു. പ്രവാചകന്മാർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ കാലത്ത് രാജ്യങ്ങൾ തമ്മിൽ സമാധാനം ഉണ്ടാകും. അതിനാൽ പരസ്പരം ആക്രമിക്കുവാനായി ആയുധങ്ങൾ ഉണ്ടാക്കേണ്ടി വരുകയില്ല. യുദ്ധത്തിന്റെ ആയുധങ്ങൾ കൃഷിക്കാരുടെ പണിആയുധങ്ങൾ ആക്കി മാറ്റാം. ഭൂമിയിൽ ഫല സമൃദ്ധി ഉണ്ടാകും. മൃഗങ്ങളുടെ ഇടയിൽ നിന്നും ശത്രുത നീങ്ങിപ്പോകും. അവർ പരസ്പരം ആക്രമിക്കുക ഇല്ല.

 

മീഖാ 4:3

അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.

 

യോവേൽ 3:18

അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.

 

ആമോസ് 9:13

ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാടു.

 

യെശയ്യാവ് 11:6-9

ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.

 

എന്നാൽ ദൈവം ഒരു വീണ്ടെടുപ്പ് നിവർത്തിക്കുന്നത് വരെ ഭൂമിയും സൃഷ്ടികളും ഉള്ളിൽ ഞരങ്ങിക്കൊണ്ട് ജീവിക്കുന്നു. പ്രസവിക്കുന്ന ഒരു സ്ത്രീയെപ്പോലെ അത് വേദനപ്പെടുന്നു. ഒരു പുതിയ യുഗം ജനിക്കുവാനായി കാത്തിരിക്കുന്നു. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അവൻ രാജാധിരാജാവായി വരുമ്പോൾ ആ പുതുയുഗം ആരംഭിക്കും. അപ്പോൾ രക്ഷിക്കപ്പെട്ടവരായ, ദൈവം പുത്രന്മാരും പുത്രിമാരുമായി ദത്തെടുത്ത ദൈവജനം തേജസ്സ്കരിക്കപ്പെടും. ഈ ലോകത്തിന് ശ്വാശത സമാധാനം ഉണ്ടാകും.  

 

ഭാവിയിൽ നിവർത്തിക്കപ്പെടുന്ന തേജസ്സ്കരണത്തിനായി ക്രിസ്തീയ വിശ്വാസികൾ മാത്രമല്ല ഈ ഭൂമിയിലെ സകല സൃഷ്ടികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു (8:19). അത് ദൈവം ദത്തെടുത്ത പുത്രീ-പുത്രന്മാർ വെളിപ്പെടുമ്പോൾ സംഭവിക്കും. “സൃഷ്ടി” എന്ന വാക്ക് കൊണ്ട് ഈ ഭൂമിയുമായി ബന്ധപ്പെട്ട ദൈവത്തിന്റെ സകല സൃഷ്ടികളും ഉൾപ്പെടും. അതിൽ ഭൂമിയിലും, വായുവിലും, വെള്ളത്തിലും ഉള്ള സകല ജീവനുള്ളതും, ഭൂമിയും, വെള്ളവും, വായുവും, ആകാശവും, മറ്റ് പ്രതിഭാസങ്ങളും ഉൾപ്പെടുന്നു. ഇവർക്ക് ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന വീണ്ടെടുപ്പിനെ കുറിച്ച് ബോധ്യം ഉണ്ട് എന്നാണ് പൌലൊസ് പറയുന്നത്. ഇത് എപ്രകാരം ഉള്ള ജ്ഞാനം ആണ് എന്നു നമുക്ക് അറിഞ്ഞുകൂടാ. എല്ലാ സൃഷ്ടികളും ഒരുപോലെ ഒരു ദൈവീക വിടുതലിനായി കാത്തിരിക്കുന്നു.

 

എന്തുകൊണ്ടാണ് സൃഷ്ടികൾ ആ ദിവസത്തിനായി കാത്തിരിക്കുന്നത്? ഈ ചോദ്യത്തിന് പൌലൊസ് 8:20 ൽ ഉത്തരം നല്കുന്നു. ദൈവം സൃഷ്ടിച്ചത് എല്ലാം ദ്രവത്വത്തിന്റെ ദാസ്യത്തിൽ കഷ്ടത അനുഭവിക്കുന്നു. ദൈവം അവയെ സൃഷ്ടിച്ചതു ദ്രവത്വത്തോടെയല്ല. ദ്രവത്വം സൃഷ്ടി തിരഞ്ഞെടുത്തത് അല്ല. ആദാമിന്റെ പാപം നിമിത്തം ദൈവം അവയെ ദ്രവത്വത്തിന്റെ ദാസ്യത്തിൽ എൽപ്പിച്ചു കൊടുത്തതാണ്. അതിനാൽ അവ വിടുതലിന്റെ ദിവസത്തോളം കീഴ്പെട്ടിരിക്കുന്ന.   

 

സൃഷ്ടിപ്പിന്റെ അവസരത്തിൽ പറയുന്ന “നല്ലത് എന്നു ദൈവം കണ്ടു”, “എത്രയും നല്ലത് എന്നു കണ്ടു”  (ഉൽപ്പത്തി 1:4, 31) എന്നീ വാക്കുകൾ, സൃഷ്ടിയുടെ മനോഹാരിതയെക്കുറിച്ചല്ല, ഓരോ സൃഷ്ടിയുടെയും പിന്നിൽ ദൈവത്തിനുള്ള ഉദ്ദേശ്യത്തിന്റെ പൂർണ്ണത (functionality) ആണ് അർത്ഥമാക്കുന്നത്. ദൈവം സകലതിനെയും സൃഷ്ടിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. അതിന്റെ മനോഹാരിത, സൃഷ്ടികർത്താവിൽ നിന്നും ലഭിച്ച സ്വാഭാവികമായ പ്രത്യേകത മാത്രമാണ്. മനോഹാരിത നോക്കി നല്ലത് എന്നോ, എത്രയും നല്ലത് എന്നോ പറയേണ്ടതില്ല. കാരണം മനോഹരം അല്ലാത്തതൊന്നും ദൈവത്തിൽ നിന്നും പുറപ്പെടുക ഇല്ല.

 

അതായത് ദൈവം നല്ലത്, എത്രയും നല്ലത് എന്നു പറയുന്നത് സൃഷ്ടിയുടെ പ്രവർത്തനാത്മകതയുടെ ഗുണകരമായ നന്മ (qualitative goodness of functionality) യെ വിലയിരുത്തിയാണ്. ഒരു സൃഷ്ടിയെ ദൈവം എന്ത് ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചുവോ, ആ ഉദ്ദേശ്യം അത് നിവർത്തിക്കുന്നുണ്ട് എന്നു കണ്ടാണ് ദൈവം നല്ലത്, എത്രയും നല്ലത് എന്നു പറഞ്ഞത്.

 

ആദാമിന്റെ പാപം നിമിത്തം ഭൂമിയും അതിലെ സകല ചാരാചരങ്ങളും ശാപത്തിന് കീഴായി. അതിനാൽ സൃഷ്ടിപ്പിന്റെ ദൈവീക ഉദ്ദേശ്യം അവയ്ക്ക് പൂർണമായി നിറവേറ്റുവാൻ കഴിയാതെയായി. അതായത് ഉൽപ്പത്തി 1:31 ൽ ദൈവം “എത്രയും നല്ലത്” എന്നു പറഞ്ഞ സൃഷ്ടികൾ അവയുടെ പ്രവർത്തനാത്മകതയുടെ ഗുണകരമായ നന്മ (qualitative goodness of functionality) നഷ്ടപ്പെട്ടവർ ആയി.

 

എന്തുകൊണ്ടാണ് ആദാമിന്റെ പാപത്തിന്റെ ഫലം സകല സൃഷ്ടികളുടെമേലും വന്നത്? ഉൽപ്പത്തി 1:23 ൽ ദൈവം മനുഷ്യർക്ക്  “ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ” എന്ന കൽപ്പനയും അധികാരവും കൊടുത്തു. ഉൽപ്പത്തി 2:19-20 വാക്യങ്ങളിൽ, ആദാം ഭൂമിയിലെ സകല മൃഗങ്ങൾക്കും, ആകാശത്തിലെ എല്ലാ പറവകൾക്കും, സകല ജീവജന്തുക്കൾക്കും പേരിടുന്നതു നമ്മൾ വായിക്കുന്നു. ഇത് അവയുടെമേൽ ആദാമിനുള്ള അധികാരത്തിന്റെ പ്രവർത്തിയാണ്. ഈ സംഭവങ്ങൾക്ക് ശേഷമാണ്, 3 ആം അദ്ധ്യായത്തിൽ ആദാം പാപത്തിൽ വീഴുന്നത്. അതിനാൽ ആദാമിന്റെ പാപത്തിന്റെ പരിണിത ഫലം, അവന്റെ അധികാരത്തിന് കീഴുള്ള സകല സൃഷ്ടികളിലേക്കും വന്നു.

 

മനുഷ്യർക്ക് പാപത്തേക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നു. അവൻ ബോധപൂർവ്വം ദൈവീക കൽപന ലംഘിച്ച് പാപം ചെയ്തതാണ്. എന്നാൽ ഭൂമിയും, അതിലെ സൃഷ്ടികളും അതേരീതിയിൽ പാപം ചെയ്തവർ അല്ല. ആദാം പാപം ചെയ്തപ്പോൾ അവന്റെ അധികാരത്തിൽ കീഴിൽ ആയ സകലതും പാപത്തിൽ ആയി. അങ്ങനെ ഭൂമിയും സൃഷ്ടികളും പാപത്തിന്റെ ശിക്ഷ അനുഭവിക്കുന്നു. അവയ്ക്ക് സൃഷ്ടിയുടെ ലക്ഷ്യവും ഉദ്ദേശ്യവും നഷ്ടപ്പെട്ടു. മനുഷ്യന്റെ പാപത്താൽ ഈ ഭൂമിയും അതിലെ സകല സൃഷ്ടികളും കഷ്ടത അനുഭവിക്കുന്നു.

 

8:20 ലെ “മായെക്കു” എന്ന വാക്കിന്റെ ഗ്രീക്ക് പദം, “മറ്റയാറ്റേസ്” എന്നതാണ് (mataiotēs, mat-ah-yot'-ace). ഈ വാക്കിന്റെ അർത്ഥം സത്യവും ഉചിതമായതും ഇല്ലാത്തത്, വക്രത, ദുഷ്ടത, അപചയം, മലിനത, എന്നിങ്ങനെയാണ് (devoid of truth and appropriateness, perverseness, depravity). ഇത് ആദാമിന്റെ പാപത്താൽ ഉളവായ മലിനവും ദ്രവത്വവും ഉള്ള നിഷ്ഫലമായ അവസ്ഥയാണിത്.  

 

8:20 ആം വാക്യം മലയാളം പരിഭാഷയിൽ മനസ്സിലാക്കുവാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ട്. 19-21 വരെയുള്ള വാക്യങ്ങൾ ഒരുമിച്ച് വായിച്ചാലേ ഇത് വ്യക്തമാകൂ. ചില വാക്കുകൾ ശരിയായ സ്ഥലത്തല്ല ചേർത്തിരിക്കുന്നത്. അതിനാൽ നമുക്ക് ഈ മൂന്ന് വാക്യങ്ങൾ ഒരുമിച്ച് വായിക്കാം.

 

റോമർ 8:19-21

19   സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;

21   മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.

 

Romans 8:19-21 (ESV)

19   For the creation waits with eager longing for the revealing of the sons of God.

20 For the creation was subjected to futility, not willingly, but because of him who subjected it, in hope

21   that the creation itself will be set free from its bondage to corruption and obtain the freedom of the glory of the children of God.

 

ഈ വാക്യങ്ങളെ ഒരുമിച്ച്, ഇംഗ്ലീഷ് ൽ നിന്നും മലയാളത്തിലേക്ക് സ്വതന്ത്രമായി പരിഭാഷപ്പെടുത്തിയാൽ, അത് ഇപ്രകാരം ആയിരിക്കും.

 

റോമർ 8:19-21

19   സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

20 സൃഷ്ടി മലിനതയ്ക്ക് (നിഷ്ഫലതയ്ക്ക്, ദ്രവത്വത്തിന്) കീഴ്പ്പെട്ടിരിക്കുന്നു. മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. അവ പ്രത്യാശയോടെ അങ്ങനെ ആയിരിക്കുന്നു (in hope)

21   സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവ മക്കളുടെ തേജസ്സിന്റെ സ്വാതന്ത്ര്യവും പ്രാപിക്കും എന്നതിനായി തന്നെ. (അതിനായി അവ പ്രത്യാശയോടെ കാത്തിരിക്കുന്നു).

 

(ആശയങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കുക എന്നത് മാത്രമേ ഈ സ്വതന്ത്ര പരിഭാഷകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.)

 

സൃഷ്ടി മലിനതയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നത് അവയുടെ വിടുതലിന്റെ പ്രത്യാശയോടെ ആണ്. നിത്യമായ നാശം എല്ലാ സൃഷ്ടികൾക്കും ദൈവം കൽപ്പിച്ചിട്ടില്ല. ദൈവ മക്കൾ തേജസ്സിൽ വെളിപ്പെടുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോൾ സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ പ്രാപിക്കും. അതായത് രക്ഷിക്കപ്പെട്ട ദൈവ ജനം പ്രാപിക്കുന്ന സ്വാതന്ത്ര്യം സകല സൃഷ്ടികളും പ്രാപിക്കും. അന്ന് എല്ലാ ദ്രവത്വവും നീങ്ങിപ്പോകും.

 

വെളിപ്പാടു 21:5

ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.

 

ദൈവ മക്കൾ തേജസ്സ്ക്കരിക്കപ്പെടുകയും, സകല സൃഷ്ടികളും വിടുതൽ പ്രാപിക്കുകയും ചെയ്യുന്ന ദിവസം ഇതുവരെയും വന്നിട്ടില്ല എന്നാണ് 8:22 ൽ പൌലൊസ് പറയുന്നത്. അതിനാൽ അവർ ഇപ്പോൾ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു. ഈ ലോകത്തിലെ ജീവിതത്തിൽ വേദനയും പ്രയാസങ്ങളും ഉണ്ട് എന്നു ഈ വാക്യം വ്യക്തമാക്കുന്നു. നമ്മൾ പ്രാപിക്കുവാനിരിക്കുന്ന തേജസ്സിനെക്കുറിച്ചുള്ള പ്രത്യാശയാണ് ഇതെല്ലാം സഹിക്കുവാൻ നമ്മളെ ബലപ്പെടുത്തുന്നത്. ഈ അനുഭവത്തെ പൌലൊസ് ഒരു സ്ത്രീയുടെ പ്രസവ വേദനയോട് ആണ് ഉപമിച്ചിരിക്കുന്നത്. വേദനയുടെ മറുവശത്ത് ഒരു വലിയ പ്രത്യാശ ഉണ്ട്. “ഞരങ്ങി”, “ഈറ്റുനോവോടിരിക്കുന്നു” എന്നീ വാക്കുകൾ പ്രസവ വേദനയുമായി ബന്ധപ്പെട്ട വാക്കുകൾ ആണ്. പ്രസവ വേദന ഒരു പുതിയ ജീവന് വേണ്ടിയുള്ള വേദനയാണ്.

 

ആത്മാവെന്ന ആദ്യദാനം

 

8:23 ലെ “ആത്മാവെന്ന ആദ്യദാനം” (the firstfruits of the Spirit – ESV)  എന്നതിലെ “ആദ്യദാനം” എന്നത് ആദ്യഫലം ആണ്. അത് കൊയ്ത്തിന്റെ ആരംഭത്തിൽ ശേഖരിക്കുന്ന ഫലം ആണ്. അത് സമ്പൂർണ്ണവും ഗുണമേന്മയും ഉള്ള ഒരു വിളവെടുപ്പ് ഉറപ്പ് നല്കുന്നു. ക്രിസ്തീയ വിശ്വാസികൾക്ക് പരിശുദ്ധാത്മാവിനെ ആദ്യഫലമായി ലഭിച്ചിരിക്കുന്നു. അത് സമ്പൂർണ്ണമായ ഒരു നിവർത്തിയുടെ ഉറപ്പാണ്. ഇപ്പോഴത്തെ ജഡശരീരത്തിന്റെ മലിനതയിൽ നിന്നും വിടുതൽ ആണ്. അതിനായി കാത്തുകൊണ്ടു നമ്മൾ ഉള്ളിൽ ഞരങ്ങുന്നു.

 

വരുവാനിരിക്കുന്ന അനുഗ്രഹത്തിന്റെ ആദ്യദാനമായി നമുക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചിരിക്കുന്നു. അത് നമ്മൾ യേശുക്രിസ്തുവിൽ ആയതിന്റെ ആദ്യഫലം ആണ്. വരുവാനിരിക്കുന്ന അനുഗ്രഹമോ, നമ്മളുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വമാണ്. ഇതിന്റെ സമ്പൂർണ്ണ നിവർത്തിക്കായി നമ്മൾ ഉള്ളിൽ ഞരങ്ങുന്നു. ഇത് നിവർത്തിക്കപ്പെടുമ്പോൾ നമ്മൾ ഇപ്പോഴത്തെ ജഡശരീരം വിട്ടു രൂപാന്തരപ്പെട്ട പുതിയ ശരീരം പ്രാപിക്കും. ദൈവമക്കൾ തേജസ്സാകുന്ന സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ, സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ പ്രാപിക്കും.

 

ഫിലിപ്പിയർ 3:21

അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. 

 

പ്രത്യാശയാൽ ആണ് നമ്മൾ രക്ഷിക്കപ്പെടിരിക്കുന്നതു എന്നു 8:24 ൽ പൌലൊസ് എഴുതി. ഈ വാക്യത്തിലെ “പ്രത്യാശ” ഇതിന് മുമ്പ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്. അത്,  സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള പ്രത്യാശയാണ് (8:20). അത്, നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനുള്ള പ്രത്യാശയാണ് (8:23). നമ്മൾ ഇതുവരെ ദൃശ്യമായിട്ടില്ലാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു (8:25).

 

റോമർ 8:24 ലെ “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു” എന്നതിന് കൂടുതൽ വ്യക്തത ആവശ്യമാണ്. നമ്മൾ രക്ഷിക്കപ്പെടുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം ആണ്. ഈ സത്യത്തിന് ഒരിക്കലും മാറ്റമില്ല. പ്രത്യാശ വിശ്വാസത്തിന് പകരം ആകുന്നില്ല.

 

ഈ വാക്യം ഇംഗ്ലീഷിലും അതിന്റെ മലയാളം പദാനുപദ മലയാള പരിഭാഷയും ഇങ്ങനെയാണ്:

 

Romans 8:24 (ESV)

For in this hope we were saved. Now hope that is seen is not hope. For who hopes for what he sees?

 

റോമർ 8:24

പ്രത്യാശയിൽ ആണ് നമ്മൾ രക്ഷിക്കപ്പെട്ടത്. ദൃശ്യമായതിനെക്കുറിച്ചുള്ള പ്രത്യാശ, പ്രത്യാശ അല്ല. ഒരുവന് ദൃശ്യമായതിനായി ആർ പ്രത്യാശിക്കും.

 

ഈ വാക്യം ഇംഗ്ലീഷിൽ ന്യൂ ലിവിങ് ട്രാൻസ്ലേഷൻ ൽ (New Living Translation) കൊടുത്തിരിക്കുന്നത് താഴെ കൊടുക്കുന്നു. ഒപ്പം അത് ഇംഗ്ലീഷിൽ നിന്നും അക്ഷരാർത്ഥത്തിൽ പരിഭാഷപ്പെടുത്തിയാൽ എങ്ങനെ ആയിരിക്കും എന്നും കൊടുക്കുന്നു.

 

Romans 8:24 (NLT)

We were given this hope when we were saved. (If we already have something, we don’t need to hope for it.

 

റോമർ 8:24

നമ്മൾ രക്ഷിക്കപ്പെട്ടപ്പോൾ നമുക്ക് ഈ പ്രത്യാശ നൽകപ്പെട്ടു. നമുക്ക് ഒരു കാര്യം ഇപ്പോൾ തന്നെ ഉണ്ട് എങ്കിൽ, നമ്മൾ അതിനായി പ്രത്യാശിക്കേണ്ടതില്ല.    

 

ഈ പരിഭാഷകളിൽ ആശയം കൂടുതൽ വ്യക്തമായി എന്നു കരുതുന്നു. നമ്മൾ രക്ഷിക്കപ്പെട്ടപ്പോൾ, ഭാവിയിൽ, ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും, നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വവും പ്രാപിക്കും എന്ന പ്രത്യാശ പരിശുദ്ധാത്മാവിനാൽ നമുക്ക് ലഭിച്ചു. ഈ പ്രത്യാശയിൽ ആണ് നമ്മൾ രക്ഷിക്കപ്പെട്ടത്.  

 

പുനരുത്ഥാനത്തെക്കുറിച്ചും, ദൈവ മക്കൾ ആയി തീരുക എന്നതിനെക്കുറിച്ചും ഉള്ള പ്രത്യാശയാണ് നമ്മളെ വിശ്വാസത്താൽ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവന്നത്. അതാണ് എല്ലാ ക്രിസ്തീയ വിശ്വാസികളും പ്രത്യാശിക്കുന്നത്. ഇത് ആർക്കും സ്വയം പ്രാപിക്കുവാൻ കഴിയുക ഇല്ല. എന്നാൽ ദൈവത്തിന്റെ കൃപാവരം മൂലം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ എന്ന ദാനം നമുക്ക് വാഗ്ദത്തമായിട്ടുണ്ട് (റോമർ 6:23). ഇത് ഇതുവരെയും ദൃശ്യമായിട്ടില്ല. എന്നാൽ അതിന്റെ ഉറപ്പ് നമുക്ക് ഉണ്ട്. ഈ പ്രത്യാശയോടെയാണ് ക്രിസ്തീയ വിശ്വാസികൾ ജീവിക്കുന്നത്.

 

നമ്മളുടെ ഇപ്പോഴത്തെ അവസ്ഥ കഷ്ടതയുടെയും, പീഡനങ്ങളുടേതും ആകാം. എന്നാൽ ഭാവിയിൽ പ്രാപിക്കുവാനിരിക്കുന്ന തേജസ്സിനെക്കുറിച്ച് നമുക്ക് ഉറപ്പ് ഉണ്ട്. നമ്മൾ ഇതുവരെയും കാണുകയോ, അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ഈ പ്രത്യാശയ്ക്കായി ക്ഷമയോടെ കാത്തിരിക്കുന്നു.

 

ആത്മാവു തുണനിൽന്നു

 

രക്ഷിക്കപ്പെട്ട നമുക്ക് ആദ്യദാനമായി  ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവ് നമുക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നു 8:26 ആം വാക്യത്തിൽ പൌലൊസ് എഴുതുന്നു. നമ്മൾ ബലഹീനർ ആയതിനാൽ വേണ്ടരീതിയിൽ പ്രാർത്ഥിക്കുവാൻ നമുക്ക് അറിഞ്ഞുകൂടാ. അതിനാൽ ആത്മാവ് നമുക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് സഹായമായി നിൽക്കുന്നു. വാക്കുകൾക്ക് പ്രകടിപ്പിക്കുവാൻ കഴിയാത്ത വേദനയുടെ നിലവിളിയാൽ അവൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 8:27 ൽ പൌലൊസ് പറയുന്നു, നമ്മളുടെ ഹൃദയത്തെ അറിയുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ചിന്ത എന്ത് എന്നു അറിയുന്നു. ആത്മാവ് ദൈവമക്കൾക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നു.  

 

വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോഎന്നു പറഞ്ഞാൽ, നമ്മൾക്ക് ഏറ്റവും നല്ലത് എന്താണ് എന്നു നമ്മൾ അറിയുന്നില്ല. അതിനാൽ ശരിയായി പ്രാർത്ഥിക്കുവാനോ, നമ്മൾക്ക് നല്ലത് എന്താണ് എന്നു തിരിച്ചറിഞ്ഞു പ്രാർത്ഥിക്കുവാനോ നമ്മൾക്ക് അറിഞ്ഞുകൂടാ. എന്നാൽ ഇതിൽ നമ്മളെ സഹായിക്കുവാൻ പരിശുദ്ധാത്മാവ് ഉണ്ട്. യേശുക്രിസ്തു പരിശുദ്ധാത്മാവിനെ കാര്യസ്ഥൻ എന്നാണ് പരിചയപ്പെടുത്തിയത്.

 

യോഹന്നാൻ 14:16

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

 

ഈ വാക്യത്തിലെ “കാര്യസ്ഥൻ” എന്നതിന്റെ ഗ്രീക്ക് പദം, “പറാക്ലിറ്റാസ്” എന്നാണ് (Paraklētos, par-ak'-lay-tos). ഈ വാക്കിന്റെ അർത്ഥം, സഹായി, ഒരു ന്യായാധിപന്റെ മുന്നിൽ മറ്റൊരാൾക്ക് വേണ്ടി വാദിക്കുന്നവൻ, അഭിഭാഷകൻ, മധ്യസ്ഥൻ ഉപദേഷ്ടാവ്, എന്നിങ്ങനെയാണ് (called to one's aid, one who pleads another's cause before a judge, advocate, counsellor, intercessor). ഈ അർത്ഥം എല്ലാം പരിശുദ്ധാത്മാവിന് യോജ്യവും ശരിയും ആണ്.

 

നമ്മളുടെ വേദനയും, ആവശ്യങ്ങളും പരിശുദ്ധാത്മാവിന് അറിയാം. നമ്മളെക്കുറിച്ചുള്ള ദൈവഹിതം എന്ത് എന്നും അവന് അറിയാം. അതിനാൽ വേണ്ടുംപോലെ പ്രാർത്ഥിക്കുവാനും ആത്മാവിന് അറിയാം. ദൈവം ആത്മാവിന്റെ പ്രാർത്ഥനയ്ക്ക് മറുപടി നല്കുന്നു.   

 

നമ്മൾ രക്ഷിക്കപ്പെട്ട ക്രിസ്തീയ വിശ്വാസികൾ ആയിരിക്കുന്നു എങ്കിലും, പല കാര്യങ്ങളിലും ബലഹീനർ ആണ്. ശാരീരികമായും, ആത്മീയമായും നമ്മളിൽ ബലഹീനത ഉണ്ട്. ഇത് പൌലൊസ് മുമ്പ് വിശദീകരിച്ചു കഴിഞ്ഞു. ഈ ബലഹീനതയിൽ നമ്മളെ സഹായിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ ഒരു പ്രവർത്തനം ആണ്. ഇതിന് ഒരു ഉദാഹരണമായി, പൌലൊസ് നമ്മളുടെ പ്രാർത്ഥനയുടെ കാര്യം പറയുന്നു. പിതാവായ ദൈവത്തോട് യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുവാൻ നമുക്ക് സ്വാതന്ത്ര്യവും അധികാരവും ഉണ്ട്. എന്നാൽ, എന്തിന് വേണ്ടി പ്രാർത്ഥിക്കേണം എന്നു നമ്മൾക്ക് ശരിയായി അറിഞ്ഞുകൂടാ. ഇവിടെ പരിശുദ്ധാത്മാവ്, നമ്മൾക്ക് യോജ്യവും നല്ലതുമായതിനായി നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

 

റോമർ 8:27 ആം വാക്യത്തിൽ ദൈവം എങ്ങനെയാണ് ആത്മാവിന്റെ പ്രാർത്ഥനയെ സ്വീകരിക്കുന്നത് എന്നു പൌലൊസ് പറയുന്നു. ദൈവം ഹൃദയങ്ങളെ പരിശോധിക്കുന്നവൻ ആണ്. അതിനാൽ നമ്മളിൽ ഉള്ള, നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ചിന്ത ഇന്നതെന്നു അവൻ അറിയുന്നു. നമ്മളുടെ ഉച്ചരിക്കപ്പെടാത്ത ഹൃദയത്തിന്റെ വേദനകൾ, അവയുടെ കരച്ചിൽ, ആത്മാവ് ദൈവ സന്നിധിയിൽ എത്തിക്കുന്നു. ആത്മാവ് എപ്പോഴും ദൈവ ഹിതപ്രകാരം നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇങ്ങനെ പരിശുദ്ധാത്മാവ് പ്രാർത്ഥനയിൽ നമ്മൾക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു.

 

മുൻ നിയമനം

 

റോമർ 8:28-30

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 

ദൈവത്തെ സ്നേഹിക്കുന്നവർക്ക് സകലവും അവരുടെ നന്മയ്ക്കായി ദൈവം ക്രമീകരിക്കുന്നു എന്നു നമ്മൾ അറിയുന്നു (8:28). അവർ ദൈവത്താൽ, ദൈവത്തിന്റെ നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർ ആണ്. ദൈവം മുന്നമേ അവരെ അറിഞ്ഞിരിക്കുന്നു (8:29). അവരെ യേശുക്രിസ്തുവിനോട് അനുരൂപരാകുവാൻ മുന്നമേ നിയമിച്ചിരിക്കുന്നു. യേശുക്രിസ്തു അനേകം സഹോദരീ സഹോദരന്മാരിൽ ആദ്യജാതനായി നിൽക്കുന്നു. മുന്നറിഞ്ഞ്, മുൻനിയമിക്കപ്പെട്ടവരെ അവൻ ലോകാരംഭത്തിന് മുമ്പേ നിശ്ചയിച്ചിരുന്നു. അവരെ വിളിച്ചും, നീതീകരിച്ചും, തേജസ്കരിച്ചും ഇരിക്കുന്നു (8:30).

 

8:28 ആം വാക്യം വളരെ പ്രശസ്തമായ ഒരു വാക്യമാണ്. അതുപോലെതന്നെ അത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്യം കൂടിയാണ്. ഒരു ക്രിസ്തീയ വിശ്വാസി “നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (8:23). ഈ ഭൌതീക ജീവിതത്തിൽ നമ്മൾ പാപത്തിന്റെ ഫലമായി ഉളവായിരിക്കുന്ന വേദനയോടെ ഞരങ്ങുന്നു എങ്കിലും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വം എന്ന പ്രത്യാശ നമുക്ക് ഉണ്ട്. നമ്മളിൽ ഉള്ള ദൈവത്തിന്റെ ആത്മാവ്, “വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം” ചെയ്യുന്നു (8:27). ഇത്രയും പറഞ്ഞതിന്നു ശേഷം പൌലൊസ് എഴുതി, “ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു” (8:28). അതായത് ഭൌതീക ജീവിതത്തിലെ എല്ലാ അനുഭവങ്ങളും, ദൈവം നന്മയ്ക്കായി ക്രമീകരിക്കും.

 

ഈ വാക്യത്തിലെ “നാം അറിയുന്നു” എന്നതിന് സാധാരണ നമ്മൾ ഉദ്ദേശിക്കുന്ന, വിവരങ്ങളുടെ അറിവ് എന്ന അർത്ഥമല്ല ഉള്ളത്. ഇവിടെ “അറിവ്”, അനുഭവിച്ചു അറിയുന്ന അറിവാണ്. അതൊരു ഊഷ്മളമായ ബന്ധം ആണ്. രക്ഷിക്കപ്പെട്ട ഓരോരുത്തരും അനുഭവിച്ചു അറിയുന്ന ചില കാര്യങ്ങൾ ആണ് 8:28-30 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് പറയുന്നത്.

 

ഇവിടെ ഒരു ക്രിസ്തീയ വിശ്വാസിക്ക് പൌലൊസ് ഒരു നിർവചനം നല്കുന്നുണ്ട്. അവർ ദൈവത്തെ സ്നേഹിക്കുന്നവരും, ദൈവത്താൽ നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവരും ആണ്. ഇവരുടെ ജീവിതത്തിൽ ദൈവം അവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നു. നമ്മളുടെ എല്ലാ കഷ്ടതയിലും, പ്രതികൂലങ്ങളിലും, വേദനകളിലും, നിരാശയിലും, ദൈവം നമ്മളുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. അവരുടെ ജീവിതത്തിൽ എല്ലാം നന്മയ്ക്കായി സംഭവിക്കുക അല്ല, എല്ലാം നന്മയ്ക്കായി ദൈവത്താൽ ക്രമീകരിക്കപ്പെടുകയാണ്.

 

“കൂടി വ്യാപരിക്കുന്നു” എന്നത് ഒരുമിച്ച് പ്രവർത്തിക്കുന്നു” (work togetherESV) എന്നാണ് ഇംഗ്ലീഷിൽ. ചില പുരാതന കൈയ്യെഴുത്ത് പ്രതികളിൽ എഴുതിയിരിക്കുന്നത്, “ദൈവം എല്ലാ കാര്യങ്ങളിലും പ്രവർത്തിക്കുന്നു” (God works in all things- ESV) എന്നാണ്. മറ്റ് ചിലതിൽ, “ദൈവം സകല കാര്യങ്ങളെയും നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിച്ചു കൊണ്ടു വരുന്നു” (God works all things together for good) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വാക്കിന്റെ ഗ്രീക്ക് പദം, “സുനെർഗെഒ” എന്നാണ് (synergeō, soon-erg-eh'-o). ഈ വാക്കിന്റെ അർത്ഥം ചേർന്ന് പ്രവർത്തിക്കുക, പ്രവർത്തിയിൽ സഹായിക്കുക, പ്രവർത്തിയിൽ ഒരു പങ്കാളിയാകുക, ഒരുമിച്ച് ശക്തി പ്രയോഗിക്കുക, എന്നിങ്ങനെയാണ്. ഈ അർത്ഥങ്ങൾ എല്ലാം പൌലൊസ് എഴുതിയ “കൂടി വ്യാപരിക്കുന്നു” എന്ന വാക്കിന് യോജ്യം ആണ്.

 

അതായത്, ദൈവത്തെ സ്നേഹിക്കുന്നവരുടെ ജീവിതത്തിൽ ദൈവം എല്ലാ കാര്യങ്ങളിലും ഇടപെടുന്നു. ദൈവം, സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും ഒരുമിച്ച് ചേർന്ന് പ്രവർത്തിപ്പിച്ച് അത് നന്മയ്ക്കായി തീർക്കുന്നു. ദൈവത്തിന്റെ ഇത്തരം ഇടപെടലുകൾ റോമിലെ സഭയിലെ ക്രിസ്തീയ വിശ്വാസികളും, മറ്റ് വിശ്വാസികളും അനുഭവിച്ചു അറിഞ്ഞുകൊണ്ടിരിക്കുന്നു.

 

“നിർണ്ണയപ്രകാരം” എന്ന വാക്കിനും ഒരു വിശദീകരണം ആവശ്യമാണ്. ഇത് ഇംഗ്ലീഷിൽ, “അവന്റെ ഉദ്ദേശ്യ പ്രകാരം അല്ലെങ്കിൽ ലക്ഷ്യം അനുസരിച്ചു” എന്നാണ് (according to his purposeESV). ഈ വാക്കിന്റെ ഗ്രീക്ക് പദം “പ്രാത്തിസിസ്” എന്നാണ് (prothesis, proth'-es-is). ഈ വാക്കിന്റെ അർത്ഥം, ഒരു കാര്യത്തെ മുൻകൂട്ടി ക്രമീകരിക്കുക, അതിനെ കാണാവുന്ന രീതിയിൽ വയ്ക്കുക, സമാഗമന കൂടാരത്തിലെ കാഴ്ചയപ്പം, ഒരു ഉദ്ദേശ്യം അല്ലെങ്കിൽ ലക്ഷ്യം, എന്നിങ്ങനെയാണ് (a setting forth of a thing, placing of it in view, the shewbread, a purpose).

 

അതായത് 8:28 ലെ “നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർ” ദൈവത്തിന്റെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനും ലക്ഷ്യത്തിനുമായി, മുൻകൂട്ടി വിളിക്കപ്പെട്ടവർ ആണ്. ദൈവത്തിന് എപ്പോഴും കാണാവുന്നതുപോലെ അവർ ദൈവത്തിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. അവർ സമാഗമന കൂടാരത്തിലെ വിശുദ്ധ സ്ഥലത്തെ കാഴ്ചയപ്പം പോലെ വിശുദ്ധർ ആണ്. സമാഗമന കൂടാരത്തിലെ കാഴ്ചയപ്പം സകല യിസ്രായേൽ ജനത്തെയും പ്രതിനിധീകരിച്ചിരുന്നു. ഇവിടെയും “നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർ” സകല ക്രൈസ്തവ വിശ്വാസികളും ആണ്.   

 

ഈ രണ്ട് വാക്കുകളിലും ആയി ദൈവ ജനത്തിന്റെമേലുള്ള അവന്റെ കരുതലും, ദൈവ മുമ്പാകെയുള്ള അവരുടെ സവിശേഷതയും അടങ്ങിയിട്ടുണ്ട്. സകല കാര്യങ്ങളിലും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അവൻ സജീവമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നമ്മളെ ദൈവം പുത്രീ-പുത്രന്മാരായി ദത്ത് എടുത്തിരിക്കുകയാണ്. നമ്മൾ ദൈവത്തിന്റെ മക്കൾ ആണ്. അവൻ നമുക്ക് വേണ്ടി ഒരു വലിയ നന്മ ക്രമീകരിച്ചിരിക്കുന്നു.

 

എന്നാൽ ഈ ഉറപ്പ് “ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു” മാത്രമേ ലഭിക്കുകയുള്ളൂ. അതായത് ഈ ഉറപ്പ് രക്ഷിക്കപ്പെട്ട ദൈവ ജനത്തിന് മാത്രം ഉള്ളതാണ്. അവരെക്കുറിച്ചു മാത്രമേ ദൈവത്തിന് നിത്യമായ ഒരു പദ്ധതിയുള്ളൂ. രക്ഷിക്കപ്പെടാത്തവർക്ക് വേണ്ടി ദൈവത്തിന് ഒരു പദ്ധതി ഇല്ല. അതിനാൽ അവരുടെ നന്മയ്ക്കായി ദൈവം ചേർന്ന് പ്രവർത്തിക്കുന്നില്ല.

 

8:28 ലെ “നന്മ” ഭൌതീക നന്മകൾ ആയിരിക്കേണം എന്നില്ല. ദൈവത്തിന്റെ അന്തിമ ലക്ഷ്യം നമ്മുടെ നീതീകരണവും, യേശുക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപരാകുക എന്നതും, തേജസ്സ്കരണവും ആണ്. അതിനാൽ ഈ ലോകത്തിലെ കഷ്ടതയും, കാത്തിരിപ്പും വൃഥാവാകുകയില്ല.

 

8:29 ആം വാക്യവും ദൈവം “മുന്നറിഞ്ഞവരെ” കുറിച്ചുള്ളതാണ്. അവർ ദൈവത്തിന്റെ പ്രത്യേക സമ്പത്ത് ആണ്. അവരെക്കുറിച്ചു ദൈവത്തിന് ഒരു പദ്ധതി ഉണ്ട്.

 

2 തിമൊഥെയൊസ് 1:9-10

അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.

 

റോമർ 8:29 ആം വാക്യം മുൻനിയമനം എന്ന ഉപദേശത്തെക്കുറിച്ച് പറയുന്നു. നമ്മൾ അവിചാരിതമായി ദൈവവുമായി ഒരു ബന്ധത്തിൽ ആയവർ അല്ല. ദൈവത്തിന്റെ ഉദ്ദേശ്യത്തിനും പദ്ധതിക്കുമായി മുൻനിയമിക്കപ്പെട്ടവർ ആണ്. യേശുക്രിസ്തുവിന്റെ സഹോദരീ സഹോദരന്മാർ ആയിത്തീർന്ന രക്ഷിക്കപ്പെട്ടവർ ദൈവം മുന്നറിഞ്ഞവർ ആണ്. (foreknewESV). “മുന്നറിഞ്ഞു” എന്നു പറഞ്ഞാൽ, നമ്മൾ രക്ഷയുടെ അനുഭവത്തിൽ വരുന്നതിനു മുമ്പേ ദൈവം നമ്മളെ നിത്യരക്ഷയ്ക്ക് ഉള്ളവരായി അറിഞ്ഞിരുന്നു. ഈ മുന്നറിവിനാൽ ദൈവം ഓരോ ക്രിസ്തീയ വിശ്വാസിയേയും യേശുക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചു.

 

ഈ വാക്യത്തിലെ മുന്നറിഞ്ഞവരെ” എന്നതിലെ “മുന്നറിവ്” എന്നതിന്‍റെ ഗ്രീക്ക് പദം “പ്രാഗിനോസ്കൊ” എന്നാണ് (proginōskō, prog-in-oce'-ko). “അറിയുക” എന്നതിന്‍റെ ഗ്രീക്ക് മൂലഭാഷയിലെ പദം “ ഗിനോസ്കൊ” എന്നതാണ്. (ginosko). ഈ വാക്കിന്റെ മുന്നിലുള്ള “പ്രാ” (pro) എന്ന ഉപസർഗ്ഗം, “മുൻപേ” എന്ന അർത്ഥം നല്കുന്നു. അങ്ങനെ “മുൻ അറിവ്” എന്ന വാക്ക് ഉണ്ടാകുന്നു.മുന്നറിവ്” എന്നതിന്റെ ഗ്രീക്ക് വാക്കിന്റെ അർത്ഥം, മുമ്പേ അറിവ് ഉണ്ടാകുക, മുന്നറിവ് ഉണ്ടാകുക, മുന്നിയമിക്കുക, എന്നിങ്ങനെയാണ് (to have knowledge before hand, to foreknow, to predestinate). “പ്രാഗിനോസ്കൊ” എന്ന ഗ്രീക്ക് വാക്ക് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗാഡമായ ബന്ധത്തിലൂടെയുള്ള അറിവിനെ കുറിച്ചു പറയുവാനാണ് വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

 

ഭാവി അറിയുവാനുള്ള ദൈവത്തിന്റെ കഴിവിനെ കുറിച്ചല്ല റോമര്‍ 8:29 ല്‍ പറഞ്ഞിരിക്കുന്നത്. “അറിയുക”, “മുന്നറിയുക” എന്നീ പദങ്ങള്‍ വേദപുസ്തകത്തില്‍ ഉപയോഗിക്കപ്പെടുന്നത്, സാധാരണയായി നമ്മള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തിനേക്കാള്‍ ആഴമായ അര്‍ത്ഥത്തില്‍ ആണ്. ഒരു വ്യക്തിയുമായി ബന്ധുത്വത്തില്‍ ആകുന്നതിനെ ഈ വാക്ക് പരാമര്‍ശിക്കുന്നു. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള അഗാധമായ ദൃഡബന്ധത്തെക്കുറിച്ച് പറയുവാന്‍ ഈ പദം വേദപുസ്തകത്തില്‍ ഉപയോഗിക്കുന്നു. ഇതു ദൈവത്തിന്‍റെ മുന്നറിവില്‍, കാലത്തിനും മുമ്പേ, ദൈവീക കല്‍പ്പന പ്രകാരം നിലവില്‍ വന്ന രക്ഷയുടെ മുന്‍ നിയമിക്കപ്പെട്ട ബന്ധുത്വം ആണ്. ഭൂമിയും ആകാശങ്ങളും സൃഷ്ടിക്കുന്നതിനും മുമ്പേ, നമ്മള്‍ ജനിക്കുന്നതിനും വളരെ നാളുകള്‍ക്ക് മുമ്പേ, ദൈവം തിരഞ്ഞെടുത്തവരെ വ്യക്തിപരമായി തന്നെ മുന്നറിയുകയും, അവരെ തന്റെ ജനമായി തിരഞ്ഞെടുക്കുകയും ചെയ്തു.

 

എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ പൌലൊസ് പറയുന്നത്, ദൈവം നമ്മളെ തിരഞ്ഞെടുക്കുകയും, മുൻനിയമിക്കുകയും ചെയ്തത് ലോകസ്ഥാപനത്തിന്നു മുമ്പെയാണ്.

 

എഫെസ്യർ 1:4

നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

 

റോമർ 8:29 ലെ “മുന്നിയമിച്ചുമിരിക്കുന്നു” എന്നതിന്റെ ഗ്രീക്ക് വാക്ക്, “പ്രാറിഡ്ജൊ” എന്നാണ് (proorizō, pro-or-id'-zo). ഈ പദത്തിന്റെ അര്‍ത്ഥം, മുന്നമേ നിര്‍ണ്ണയിക്കുക, മുൻകൂട്ടി നിശ്ചയിക്കുക, മുൻകൂട്ടി നിയോഗിക്കുക, ദൈവം നിത്യത മുതൽ കൽപ്പിക്കുക, എന്നിങ്ങനെയാണ് (to predetermine, decide beforehand, appoint beforehand, to foreordain, God decreeing from eternity). എന്താണ് ദൈവം കാലത്തിനും മുമ്പേ തീരുമാനിച്ചത്? റോമര്‍ 8:29-30 അനുസരിച്ച്, ചില വ്യക്തികളെ തന്‍റെ പുത്രനോട് അനുരൂപരാകുവാൻ തക്കവണ്ണം ദൈവം മുന്‍ നിയമിക്കുകയും, അവരെ വിളിക്കുകയും, നീതീകരിക്കുകയും, തേജസ്കരിക്കുകയും ചെയ്തു.

 

എഫെസ്യര്‍ 1:6

അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്‍കിയ തന്‍റെ കൃപാ മഹത്വത്തിന്‍റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

 

എന്നാൽ “മുന്നിയമനം” വേദപണ്ഡിതന്മാർക്കിടയിൽ ഇന്നും ഒരു തർക്ക വിഷയം ആണ്.  ഈ തർക്കങ്ങളിലെ പ്രധാന വിഷയം മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തിയാണ്. ദൈവത്തിന്റെ തിരഞ്ഞെടുപ്പിൽ മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തി ഒരു ഭാഗമാണോ, അതോ തിരഞ്ഞെടുപ്പ് ദൈവത്തിന്റെ സർവ്വാധികാര പ്രകാരമുള്ള ഒന്നാണോ എന്നതാണ് വിഷയം. റോമർ 9 ആം അദ്ധ്യായത്തിൽ ഈ വിഷയം കൂടുതൽ വിശദമായി പൌലൊസ് ചർച്ച ചെയ്യുന്നുണ്ട്.

 

എന്നാൽ ചില കാര്യങ്ങൾ നമുക്ക് തീർച്ചയാക്കാം. നമ്മളെ ദൈവ മക്കൾ ആകുവാൻ തക്കവണ്ണം ദൈവം ലോകസ്ഥാപനത്തിനും മുമ്പ് തിരഞ്ഞെടുക്കുകയും, മുന്നറിയുകയും, മുൻ നിയമിക്കുകയും ചെയ്തു. നമ്മളുടെ ഇപ്പോഴത്തെ ഞരക്കങ്ങളും ദൈവത്തിന് അറിയാം. ഭാവിയിൽ ദൈവം കരുതിയിരിക്കുന്ന തേജസ്സ്കരണവും അവന് നിശ്ചയം ഉണ്ട്. ഈ ചിന്ത ഈ ഭൌതീക ജീവിതത്തിൽ നമുക്ക് ആശ്വാസം പകരുന്നു.

 

8:30 ൽ പൌലൊസ് പറയുന്നത്, “ലോകസ്ഥാപനത്തിന്നു മുമ്പെ” (എഫെസ്യർ 1:4) ദൈവം തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അവൻ ചിലരെ വിളിക്കുകയും നീതീകരിക്കുകയും ചെയ്യുന്നത്. ഇങ്ങനെ വിളിക്കപ്പെടുന്നവർ രക്ഷയ്ക്കായി മുൻനിയമിക്കപ്പെട്ടവർ ആണ്. അവരെ വിളിച്ചു ചേർക്കുകയും, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷയ്ക്കായി നീതീകരിക്കുകയും ചെയ്യുന്നു. ഭാവിയിൽ തേജസ്സ്ക്കരിക്കപ്പെടും എന്ന പ്രത്യാശയും അവർക്ക് ഉണ്ട്.

 

കൊലൊസ്സ്യർ 3:4

നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.  

 

റോമർ 8:30 ലെ “വിളിച്ചും വിളിച്ചവരെ” എന്നതിലെ “വിളിക്കുക” എന്നതിന്റെ ഗ്രീക്ക് പദം, “കലേഒ” എന്നാണ് (kaleō, kal-eh'-o). ഈ വാക്കിന്റെ അർത്ഥം, വിളിക്കുക, ഉറക്കെ വിളിക്കുക, ക്ഷണിക്കുക, എന്നിങ്ങനെയാണ്. ദൈവം രക്ഷയ്ക്കായി മുന്നിയമിച്ചവരെ അതിലേക്ക് ക്ഷണിക്കുകയാണ്.

 

പൌലൊസ് ഈ ലേഖനം എഴുതുന്നതു റോമിലെ സഭയിലെ വിശ്വാസികൾക്ക് ആണ് എന്നത് നമ്മൾ ഈ ലേഖനത്തിന്റെ പഠന വേളയിൽ എപ്പോഴും ഓർക്കേണം, റോമിലെ ക്രിസ്തീയ വിശ്വാസികൾ ആണ് ആദ്യ വായനക്കാർ. അവരോട് പൌലൊസ് പറയുന്നു, ദൈവം നിങ്ങളെ“ലോകസ്ഥാപനത്തിന്നു മുമ്പെ”  രക്ഷയ്ക്കായി മുന്നിയമയിച്ചും, മുന്നറിഞ്ഞും (ഒരു ഗാഡമായ ബന്ധത്തിലായും), നിങ്ങളെ അവനിലേക്കും യേശുക്രിസ്തുവിലേക്കും ക്ഷണിച്ചും, വിശ്വാസത്താൽ നീതീകരിച്ചും ഇരിക്കുന്നു. ഭാവിയിൽ നിങ്ങൾ തേജസ്കരിക്കപ്പെടും എന്ന പ്രത്യാശയും ഉറപ്പും, പരിശുദ്ധാത്മാവിനാൽ ലഭിച്ചും ഇരിക്കുന്നു.

 

“തേജസ്കരിച്ചുമിരിക്കുന്നു” എന്ന വാക്ക് ഭൂതകാലത്തിൽ, സംഭവിച്ചു കഴിഞ്ഞ ഒരു കാര്യം എന്നതുപോലെയാണ് പൌലൊസ് എഴുതിയിരിക്കുന്നത്. ക്രിസ്തീയ വിശ്വാസികളുടെ തേജസ്സ്ക്കരണം ഭാവിയിൽ സംഭവിക്കുവാനിരിക്കുന്നതേ ഉള്ളൂ എങ്കിലും, അത് സംഭവിച്ചു കഴിഞ്ഞതുപോലെയുള്ള ഉറപ്പ് നമുക്ക് ഉണ്ട്. അത് ദൈവത്തിന്റെ ദൃഷ്ടിയിൽ സംഭവിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കാം. ഇനി അതിന് യാതൊരു മാറ്റവും ഉണ്ടാകില്ല എന്ന ആശയവും ഈ വാക്കിൽ ഉണ്ട്.  

 

8;31-32 വാക്യങ്ങൾ പൌലൊസ് ചോദിക്കുന്ന മൂന്ന് ചോദ്യങ്ങൾ ആണ്. അത് മുമ്പ് പറഞ്ഞ ദൈവത്തിന്റെ മുന്നിയമനം, വിളി, നീതീകരണം, തേജസ്കരണം, എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചോദിക്കുന്നത്. മൂന്ന് ചോദ്യങ്ങൾ ഇതെല്ലാം ആണ്:

 

1.     ഇവ സംബന്ധിച്ച് നമ്മൾ എന്ത് പറയേണ്ടു?

 

2.   ഈ കാര്യങ്ങളിൽ ദൈവം നമുക്ക് അനുകൂലമായി നിലക്കുന്നു എങ്കിൽ ആർക്ക് നമുക്ക് പ്രതികൂലമായി നിൽക്കുവാൻ കഴിയും? ദൈവത്തിന് നമ്മളെക്കുറിച്ചുള്ള പദ്ധതിയെ തടയുവാൻ ആർക്കും സാദ്ധ്യമല്ല.

 

3.   സ്വന്ത പുത്രനായ യേശുക്രിസ്തുവിനെ നമുക്ക് വേണ്ടി ക്രൂശിൽ മരിക്കുവാൻ ദൈവം എൽപ്പിച്ചു തന്നു. ഇത് ദൈവം നമ്മളോടുകൂടെയാണ് എന്നതിന്റെ നിശ്ചയമായ തെളിവാണ്. യേശുക്രിസ്തുവിനെ എൽപ്പിച്ചു തന്ന ദൈവം അവനോടുകൂടെ സകലവും നമുക്ക് നല്കാതിരിക്കുമോ?

 

നമ്മളോടുള്ള ദൈവത്തിന്റെ അനുകൂല മനോഭാവം, സ്നേഹം എന്നിവയാണ് ക്രൂശിൽ നമ്മൾ ദർശിക്കുന്നത്. ഇതിലും വലിയ ഒരു ദാനം നമുക്ക് ആരിൽ നിന്നും പ്രതീക്ഷിക്കുവാനാകില്ല. ഇത്ര വലിയ സ്നേഹം നമ്മളോട് കാണിച്ച ദൈവം നമുക്ക് ആവശ്യമുള്ളതെല്ലാം നല്കും. ഇവിടെയും ഭൌതീക വസ്തുക്കളെക്കുറിച്ചല്ല പൌലൊസ് പറയുന്നത്. നിത്യജീവനെക്കുറിച്ചും അതിനാവശ്യമായ നീതീകരണം, വിശുദ്ധീകരണം, തേജസ്സ്ക്കരണം എന്നിവയേക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം ദൈവം യേശുക്രിസ്തുവിനോടൊപ്പം നമുക്ക് ദാനമായി നല്കിയിരിക്കുന്നു.

  

റോമിലെ ക്രിസ്തീയ വിശ്വാസികൾക്ക് ഒരു പ്രചോദനം ആയിട്ടാണ് പൌലൊസ് ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ഒപ്പം, ഇത് എല്ലാകാലത്തേയും സകല ദേശത്തേയും ക്രിസ്തീയ വിശ്വാസികൾക്ക് ഉള്ള ആശ്വാസ വചനം കൂടിയാണ്.  

 

ഒരു ശിക്ഷാവിധിയും ഇല്ല

 

ആർക്കും ഒരു ക്രിസ്തീയ വിശ്വാസിയെ ഈ കാര്യങ്ങളിൽ കുറ്റം ചുമത്തുവാൻ കഴിയുക ഇല്ല (8:33). ദൈവമാണ് നമ്മളെ നീതീകരിച്ചത്. അതിനാൽ നമ്മൾ ഇനി കുറ്റക്കാർ എന്നോ, അതിനായി ശിക്ഷ വിധിക്കുവാനോ ആർക്കും കഴിയുക ഇല്ല. മരിച്ചു, അടക്കപ്പെട്ട്, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ദൈവത്തിന്റെ വലത്ത് ഭാഗത്ത് ഇരിക്കുകയും, നമുക്ക് വേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു (8:34). “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (8:1).  

 

8:33-34 വാക്യങ്ങളിൽ പൌലൊസ് ഒരു കോടതിയിലെ വാദപ്രതിവാദങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വാദിക്കുന്നു. ക്രിസ്തീയ വിശ്വാസികൾ ദൈവം എന്ന ന്യായാധിപന്റെ മുമ്പാകെ നിൽക്കുന്നു. ദൈവം അവനെ നീതീമാൻ ആയി പ്രഖ്യാപിച്ചിരിക്കയാൽ, ദൈവം അവന്റെ വശത്ത് ആയിരിക്കുന്നു. അതിനാൽ, മറ്റാർക്കും അവന് എതിരായി കുറ്റാരോപണം നടത്തുവാനോ, ശിക്ഷ വിധിക്കുവാനോ കഴിയില്ല.

 

ക്രിസ്തീയ വിശ്വാസികൾക്ക്, ദൈവം എന്ന ന്യായാധിപന്റെ മുന്നിൽ, അവർക്കു വേണ്ടി വാദിക്കുവാൻ ഒരു നിയമജ്ഞൻ അല്ലെങ്കിൽ ഒരു അഭിഭാഷകൻ ഉണ്ട്. അവൻ, മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ആണ്. അവൻ ശ്രേഷ്ഠതയും, അധികാരവും ഉള്ള ഇടമായ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നു. അവിടെ രക്ഷിക്കപ്പെട്ട ഓരോ ക്രിസ്തീയ വിശ്വാസികൾക്ക് വേണ്ടിയും യേശുക്രിസ്തു പക്ഷവാദം ചെയ്യുന്നു.

 

അതായത് രക്ഷിക്കപ്പെട്ട ഒരുവന്, അവൻ ഭൂമിയിൽ ആയിരിക്കുമ്പോൾ, അവന് വേണ്ടി പ്രാർത്ഥിക്കുവാൻ പരിശുദ്ധാത്മാവ് ഉണ്ട് (റോമർ 8:26). ദൈവ സന്നിധിയിൽ അവന് വേണ്ടി പക്ഷവാദം ചെയ്യുവാൻ യേശുക്രിസ്തു ഉണ്ട്. അവൻ ഈ ഭൂമിയിലും, സ്വർഗ്ഗത്തിലും, സുരക്ഷിതനും സംരക്ഷിതനും ആണ്. ഒരു വിശ്വാസിയും എവിടെയും ഒരിക്കലും അനാഥൻ അല്ല.

 

1 യോഹന്നാൻ 2:1-2

എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.

 

ദൈവത്തിന്റെ കോടതിയിൽ നിൽക്കുന്ന ഒരു ക്രിസ്തീയ വിശ്വാസിക്കു നേരെ കുറ്റം ആരോപിക്കുവാൻ ആർക്ക് കഴിയും എന്നാണ് പൌലൊസ് ചോദിക്കുന്നത്. ഈ വിശ്വാസികളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് “ദൈവം തിരഞ്ഞെടുത്തവർ” എന്നാണ് (8:33). റോമർക്ക് എഴുതിയ ലേഖനത്തിൽ “തിരഞ്ഞെടുത്തവർ” (elect) എന്ന വാക്ക് ആദ്യമായി പൌലൊസ് ഉപയോഗിക്കുന്നത് ഇവിടെയാണ്. തിരഞ്ഞെടുക്കപ്പെട്ടവർ, ഇതിന് മുമ്പ് പറഞ്ഞ, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവരും (8:28), ദൈവം മുന്നറിഞ്ഞവരും (8:29), മുന്നിയമിക്കപ്പെട്ടവരും ആണ് (8:29). ദൈവം തിരഞ്ഞെടുത്തവരെ മുന്നറിഞ്ഞും, മുന്നിയമിച്ചും, “മുന്നിയമിച്ചവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചും, നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (8:29-30). ഇവരെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം, “തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ” വേണ്ടിയാണ് (8:29).

 

8:1 ആരംഭിക്കുന്നത്, “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല” എന്നു പറഞ്ഞുകൊണ്ടാണ്. ഇതേ ആശയം തന്നെയാണ് പൌലൊസ് 8:33-34 വാക്യങ്ങളിലും പറയുന്നത്. റോമിലെ വിശ്വാസികൾക്ക് പൌലൊസ് ഉറപ്പ് കൊടുക്കുകയാണ്, അവർ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം എന്നന്നേക്കുമായി നീതീകരിക്കപ്പെട്ടിരിക്കുന്നു. ഇനി അവരെ ആർക്കും കുറ്റം വിധിക്കുവാൻ സാദ്ധ്യമല്ല.  

 

നമ്മെ വേറുപിരിപ്പാൻ കഴികയില്ല

 

8:35 ആം വാക്യം, ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മളെ വേർപിരിക്കുവാൻ ആർക്കും, യാതൊന്നിനും കഴിയുകയില്ല എന്ന പ്രഖ്യാപനം ആണ്. ഈ ലോകജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടത ദൈവം നമുക്ക് വേണ്ടി കരുതുന്നില്ല എന്നതല്ല സൂചിപ്പിക്കുന്നത്. യേശുക്രിസ്തു നമ്മളെ സ്നേഹിക്കുന്നു. ഇവിടെ സാദ്ധ്യതയുള്ള 7 കഷ്ടങ്ങളുടെയും ഉപദ്രവങ്ങളുടെയും പട്ടിക സാദൃശ്യമായി പൌലൊസ് എഴുതുന്നു. കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ, യാതൊന്നിനും ക്രിസ്തുവിൽ നിന്നും നമ്മളെ അകറ്റിക്കളയുവാൻ സാദ്ധ്യമല്ല. സമാനമായ പലതും പൌലൊസ് അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊന്നും അദ്ദേഹത്തെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും വേർപ്പിരിക്കുവാൻ കഴിഞ്ഞില്ല.

 

2 കൊരിന്ത്യർ 11:23-28

.... ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജാതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.

 

റോമർ 8:36 ആം വാക്യത്തിൽ പൌലൊസ് സങ്കീർത്തനം 44:22 ആം വാക്യം എടുത്തെഴുതുന്നു. “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

 

സങ്കീർത്തനം 44:22

നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

 

ഈ വാക്യം പഴയനിയമ വിശ്വാസികൾ കടന്നുപോയ കഷ്ടതകളെക്കുറിച്ച് പറയുന്നു. അവരെപ്പോലെ പുതിയനിയമ വിശ്വാസികളും കഷ്ടതകളിലൂടെ പോയേക്കാം എന്നാൽ യാതൊരു പ്രതികൂലവും നമ്മളെ ക്രിസ്തുവിൽ നിന്നും അകറ്റുകയില്ല.

 

റോമിലെ ക്രിസ്തീയ വിശ്വാസികൾ, അവരുടെ വിശ്വാസം മൂലം, പല വിധത്തിലുള്ള പ്രതികൂലങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. അതിനാൽ ഇതിനെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാട് അവർക്ക് ഉണ്ടാകേണം. ജീവിത സാഹചര്യങ്ങൾ നല്ലതാകട്ടെ, മോശമാകട്ടെ, ഇതൊന്നും ദൈവം അവരെ സ്നേഹിക്കുന്നു എന്നതിന് മാറ്റം ഉണ്ടാക്കുന്നില്ല. ദൈവത്തിന്റെ സ്നേഹം സമ്പൂർണ്ണവും കുറവുകൾ ഇല്ലാത്തതും ആണ്. അത് അവരെ അന്തിമമായി പുത്രത്വത്തിലേക്കും തേജസ്സ്ക്കരണത്തിലേക്കും നയിക്കും. അതിനാൽ ഉപദ്രവങ്ങളിൽ ഒരു ക്രിസ്തീയ വിശ്വാസി പകച്ചു പോകുകയല്ല, അതിനായി എപ്പോഴും തയ്യാറായി നിൽക്കുകയാണ് വേണ്ടത്.

 

യോഹന്നാൻ 16:1-2

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

 

യോഹന്നാൻ 16:33

നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.  

 

ഈ പ്രതികൂലങ്ങളെയെല്ലാം നമ്മൾ തരണം ചെയ്യും കാരണം ദൈവം നമ്മളെ സ്നേഹിക്കുന്നു. “ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു” എന്നാണ് പൌലൊസ് എഴുതിയിരിക്കുന്നത് (8:37). ഇതാണ് നമ്മളുടെ പ്രത്യാശ. 8:31 ൽ പൌലൊസ് എഴുതിയത് ഇവിടെ ഓർക്കുന്നത് നല്ലതായിരിക്കും: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” നമ്മളുടെ ലക്ഷ്യം ഭൌതീക സമ്പന്നതയും ഈ ലോകത്തിലെ സുഖ ജീവിതവും അല്ല. നമ്മളുടെ പ്രത്യാശ ദൈവത്തിന്റെ മക്കൾ എന്ന പുത്രത്വവും തേജസ്സ്ക്കരണവും ആണ്.

 

8:37 ലെ “പൂർണ്ണജയം” എന്നതിന്റെ ഗ്രീക്ക് പദം, “ഊപ്പേർനിക്കാഒ” എന്നാണ് (hypernikaō, hoop-er-nik-ah'-o). ഈ വാക്കിന്റെ അർത്ഥം, വിജയിയെക്കാൾ ഉപരിയായി, അതിശയിപ്പിക്കുന്ന വിജയം, എന്നിങ്ങനെയാണ് (more than a conqueror, surpassing victory). ക്രിസ്തീയ വിശ്വാസികൾ, നമ്മളെ സ്നേഹിച്ച യേശുക്രിസ്തു മുഖാന്തരം സകല കഷ്ടതകളിലും അതിശയിപ്പിക്കുന്ന വലിയ ജയം പ്രാപിക്കുന്നു. പ്രതികൂലങ്ങളെ മറികടക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്നത് ക്രിസ്തുവിന്റെ സ്നേഹം ആണ്.

 

8:38-39 വാക്യങ്ങളിൽ ആണ്, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല” എന്ന വലിയ പ്രഖ്യാപനം പൌലൊസ് നടത്തുന്നത്. ഇത് അദ്ദേഹത്തിനായി മാത്രം പറയുന്നതല്ല. “നമ്മെ വേറുപിരിപ്പാൻ കഴികയില്ല” എന്നാണ് അദ്ദേഹം എഴുതിയത്. “നമ്മെ” എന്നതിൽ പൌലൊസും, റോമിലെ ക്രിസ്തീയ വിശ്വാസികളും, സകല ദേശങ്ങളിലെയും, കാലങ്ങളിലെയും രക്ഷിക്കപ്പെട്ട ദൈവ ജനവും ഉൾപ്പെടും. “ഞാൻ ഉറെച്ചിരിക്കുന്നു” എന്നതിൽ ക്രിസ്തുവിന്റെ സ്നേഹം ആരെയും ക്രിസ്തുവിൽ നിന്നും വേർപ്പെട്ടുപോകുവാൻ അനുവദിക്കുകയില്ല എന്ന ഉറപ്പ് കാണാം. ക്രിസ്തുവിന്റെ സ്നേഹം അത്രമാത്രം ശക്തമാണ്. 

 

ഇവിടെയും നമ്മൾക്ക് പ്രതികൂലമായേക്കാവുന്ന ചില അധികാരങ്ങളുടെയും, ശക്തികളുടെയും പട്ടിക അദ്ദേഹം പറയുന്നു. 35 ആം വാക്യത്തിൽ പറഞ്ഞിരിക്കുന്ന പട്ടികയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇവിടെ പറയുന്നത്. അവിടെ, കഷ്ടത, സങ്കടം, ഉപദ്രവം, പട്ടിണി, നഗ്നത, ആപത്തു, വാൾ, എന്നിവയായിരുന്നു. ഇവയെല്ലാം ദൃശ്യമായതും ശരീരത്തിൽ അനുഭവിക്കുന്നതും ആയിരുന്നു. എന്നാൽ, 38 ആം വാക്യത്തിൽ പറഞ്ഞിരിക്കുന്നവയിൽ, അദൃശ്യമായ ശക്തികളും, അവയാൽ നിയന്ത്രിക്കപ്പെടുന്നവരും, ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്തതും ഉണ്ട്. അതിൽ മരണവും, ജീവനും, ദൂതന്മാരും, വാഴ്ചകളും, അധികാരങ്ങളും, ഉണ്ട്. “ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ” എന്നതിൽ ഇപ്പോൾ ഉള്ളതും, ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ സകല അധികാരങ്ങളെയും പൌലൊസ് ഉൾപ്പെടുത്തുന്നു.

 

എന്നാൽ അന്തിമമായി പൌലൊസ് പ്രഖ്യാപിക്കുന്നു, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (8:39).




No comments:

Post a Comment