റോമർ 4 ആം അദ്ധ്യായത്തിലെ വിഷയം വിശ്വാസത്താലുള്ള നീതീകരണം എന്നതായിരുന്നു. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതീയായി കണക്കിട്ടു (ഉൽപ്പത്തി 15:6). അബ്രഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം പങ്കിടുന്ന എല്ലാവരും വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു എന്നും പൌലൊസ് എഴുതി (റോമർ 4:23, 24). യേശുക്രിസ്തുവിലും, അവനെ മരണത്തിന് എൽപ്പിച്ചു തരുകയും, ഉയിർപ്പിക്കുകയും ചെയ്ത ദൈവത്തിലും ഉള്ള വിശ്വാസത്താൽ നീതീകരണം കണക്കിട്ടു ലഭിക്കും. നീതീകരിക്കപ്പെട്ടവർക്ക് ദൈവത്തോട് സമാധാനം ഉണ്ട്. അവർ ദൈവ കൃപയിൽ ആയിരിക്കുന്നു. അവർ ഇപ്പോഴുള്ള കഷ്ടതയിലും സന്തോഷിക്കുന്നു. ആദാമിന്റെ പാപം, ക്രിസ്തു മുഖാന്തരം ലഭിക്കുന്ന ദൈവ കൃപ എന്നിവയും പൌലൊസ് ഈ അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നു.
നീതീകരണത്തിന്റെ
അനുഗ്രഹങ്ങൾ
റോമർ 5 ആം അദ്ധ്യായം ആരംഭിക്കുന്നത്, “കർത്താവായ യേശുവിനെ
മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ള” (റോമർ
4:25) നീതീകരണത്തിന്റെ അനുഗ്രഹങ്ങൾ എന്തെല്ലാം ആണ് എന്നു വിവരിച്ചുകൊണ്ടാണ്. രക്ഷ
ദൈവ ക്രോധത്തിൽ നിന്നുള്ള രക്ഷയാണ്. എന്നാൽ രക്ഷ അതിൽ കൂടുതലും ആണ്. “വിശ്വാസത്താൽ
നീതീകരിക്കപ്പെട്ടിട്ടു” നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം ആണ് എന്നു 5:1
മുതൽ പൌലൊസ് വിവരിക്കുന്നു.
ഒന്നാമതായി, “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ
കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.” (റോമർ 5:1)
എഫെസ്യർ 2:13-16
മുമ്പെ
ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ
സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും
ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന
ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം
ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു
ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു
നിരപ്പിപ്പാനും തന്നേ.
റോമർ 5:1 ലെ “നമ്മുടെ”, “നമുക്ക്” എന്നീ വാക്കുകളും, ഈ
ലേഖനത്തിലെ മറ്റ് വാക്യങ്ങളിലെ സമാനമായ വാക്കുകളും, ക്രിസ്തീയ വിശ്വാസികളെ
പരാമർശിക്കുന്നതാണ്. അദ്ദേഹം ലേഖനം എഴുതുന്നതു റോമിലെ ക്രൈസ്തവ സഭയിലെ
വിശ്വാസികൾക്ക് ആണ്. ലോകത്തിൽ എല്ലാ മനുഷ്യരെയും ഈ വാക്കുകൾ പരാമർശിക്കുന്നില്ല.
എഫെസ്യർ 2:14-16 വരെയുള്ള വാക്യങ്ങളിൽ “അവൻ ഇരുപക്ഷത്തെയും
ഒന്നാക്കി” എന്നു പറയുന്നു. ഇവിടെ പറയുന്ന “ഇരുപക്ഷം” യഹൂദ വിശ്വാസികളും ജാതികളിൽ
നിന്നും വന്ന വിശ്വാസികളും ആണ്. 11 ആം വാക്യത്തിൽ “നിങ്ങൾ മുമ്പെ പ്രകൃതിയാൽ
ജാതികളായിരുന്നു” എന്നും, “പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു
വിളിക്കപ്പെട്ടിരുന്നു” എന്നും പൌലൊസ് പറയുന്നുണ്ട്. 12 ആം വാക്യത്തിൽ നിങ്ങൾ
“യിസ്രായേൽ പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും”
ആയിരുന്നു എന്നും അദ്ദേഹം എഴുതി. എന്നാൽ ക്രിസ്തുവിന്റെ രക്തം യഹൂദ ക്രിസ്തീയ
വിശ്വാസികളെയും, ജാതികളിൽ നിന്നും വിശ്വാസത്തിലേക്ക് വന്നവരേയും ഒന്നാക്കി. അവർക്കിടയിൽ
ഉണ്ടായിരുന്ന ആത്മീയമായ വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു. അവർക്കിടയിൽ
സമാധാനം ഉണ്ടാക്കി. “ന്യായപ്രമാണം എന്ന ശത്രുത്വം” നീക്കി വേർപ്പാടിന്റെ നടുച്ചുവർ
ഇടിച്ചുകളഞ്ഞു (2:14). യേശു “മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ
പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.” (2;18). ആകയാൽ ജാതികളിൽ നിന്നും
വിശ്വാസത്തിലേക്ക് വന്നവർ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ
സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ (2:19).
റോമർ 5:1 ലും എഫെസ്യർ 2:13-16 വരെയുള്ള വാക്യങ്ങളിലും,
നമ്മളുടെ നീതീകരണവും, ദൈവത്തോടുള്ള സമാധാനവും ഭാവിയിൽ സംഭവിക്കും എന്നല്ല പൌലൊസ്
പറയുന്നത്. അത് ഭൂതകാലത്ത് എപ്പോഴോ സംഭവിച്ചു കഴിഞ്ഞു. ഇത് രക്ഷിക്കപ്പെട്ട ജനവും
ദൈവവുമായുള്ള സമാധാനം ആണ്. ജഢം, പിശാച്, ലോകം എന്നിവയുമാള്ള ദൈവ ജനത്തിന്റെ
പൊരാട്ടം തുടരുകയാണ്. ഇപ്രകാരം ഉള്ള ഒരു പൊരാട്ടം ഇനി രക്ഷിക്കപ്പെട്ട ദൈവ
ജനത്തിന് ദൈവവുമായി ഇല്ല. ഇതാണ് ദൈവത്തോടുള്ള സമാധാനം.
അതായത് യഹൂദനും, ജാതീയനും, ഒരുപോലെ വിശ്വാസത്താൽ
നീതീകരിക്കപ്പെടുന്നു. അവർക്ക് ഇരു കൂട്ടർക്കും ദൈവത്തോടു സമാധാനം ഉണ്ടായി.
മാത്രവുമല്ല, അവർക്കിടയിൽ ഉണ്ടായിരുന്ന വേർപാട് ഇല്ലാതെയായി, അവർക്കിടയിലും സമാധാനം
ഉണ്ടായി.
നീതീകരണത്തിന്റെ രണ്ടാമത്തെ അനുഗ്രഹം, ദൈവ
കൃപയിലേക്ക് നമുക്ക് വിശ്വാസത്താൽ പ്രവേശനം ലഭിച്ചിരിക്കുന്നു എന്നതാണ്. (റോമർ
5:2).
അതായത്, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്ക് ദൈവം എന്ന
മഹാരാജാവിന്റെ കൃപയിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദവും അവകാശവും
ലഭിച്ചിരിക്കുന്നു. ഇത് പ്രവർത്തിയാൽ അല്ല, വിശ്വാസം മൂലമാണ് നമുക്ക്
ലഭിച്ചിരിക്കുന്നത്. ഇതേ ആശയം നമുക്ക് എഫെസ്യർ 2 ലും, എബ്രായർ 4:16 ലും, വായിക്കാം.
എഫെസ്യർ 2:18
അവൻ മുഖാന്തരം
നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.
എബ്രായർ 4:16
അതുകൊണ്ടു കരുണ
ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ
കൃപാസനത്തിന്നു അടുത്തു ചെല്ലുക.
നീതീകരണത്തിന്റെ മൂന്നാമത്തെ അനുഗ്രഹം, നമ്മൾ
ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു എന്നതാണ്. റോമർ 5:2 ൽ “നാം
നില്ക്കുന്ന ഈ കൃപയിലേക്കു” എന്നു പറയുമ്പോൾ, അതിൽ ഒരു സ്ഥിരത ഉണ്ട്. ഈ സ്ഥിരതയാണ്
“നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.” എന്നു പറയുവാൻ നമ്മളെ പ്രാപ്തർ
ആക്കുന്നത്. പ്രത്യാശ ഭാവിയിൽ നിവർത്തിയാകേണ്ടത് ആണ്.
അതായത് റോമർ 5:2, രണ്ട് കാര്യങ്ങൾ നമുക്ക് ഉറപ്പ്
നല്കുന്നു. ഒന്ന്, ദൈവ കൃപയിലേക്കുള്ള പ്രവേശനം. അവിടെ നമ്മൾ ഇപ്പോൾ നിൽക്കുന്നു. രണ്ട്,
ഭാവിയിൽ ദൈവതേജസ്സ് പ്രാപിക്കും എന്ന പ്രത്യാശ. ഇത്
രണ്ടും യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്നു. നമ്മൾ ഇപ്പോൾ ദൈവ കൃപയിൽ
നിൽക്കുന്നു എന്നതാണ് ദൈവതേജസ്സ് പ്രാപിക്കും എന്ന പ്രത്യാശയുടെ ഉറപ്പ്. പ്രത്യാശ
എന്നത് നമ്മൾ ഇപ്പോൾ കാണുന്നില്ല എങ്കിലും ഭാവിയിൽ നിശ്ചയമായും ലഭിക്കുന്ന
ഒന്നിനെക്കുറിച്ചുള്ള ഉറപ്പായ പ്രതീക്ഷയാണ്.
1 യോഹന്നാൻ 3:2
പ്രിയമുള്ളവരേ, നാം
ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ
പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു
സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
നമ്മൾ നീതീകരിക്കപ്പെട്ടു എന്നതിന്റെ നാലാമത്തെ അനുഗ്രഹം,
“നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു” എന്നതാണ് (റോമർ 5:3-4). പൌലൊസ്
ഇവിടെ ഉദ്ദേശിക്കുന്നത്, ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ അനുഭവിക്കുന്ന
കഷ്ടതകൾ ആണ്. അത് മറ്റുള്ളവർ ക്രിസ്തീയ വിശ്വാസത്തെ എതിർക്കുന്നതിനാൽ ഉണ്ടാകുന്ന
കഷ്ടതയാണ്. ഇത്തരം കഷ്ടതകളിൽ നമ്മൾ പ്രശംസിക്കുന്നു.
റോമർ 8:17-18
നാം മക്കൾ
എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും
ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ
തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ. നമ്മിൽ
വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ
എണ്ണുന്നു.
ഒരുവന്റെ കഷ്ടത അവന്റെ ജീവിതത്തിൽ ചില നന്മകളും
ഉളവാക്കുന്നു എന്നു പൌലൊസ് പറയുന്നു. “കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും
സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു” (റോമർ 5:3). “സിദ്ധത” എന്നത് ഇംഗ്ലീഷിൽ character (സ്വഭാവഗുണം) എന്നാണ് (ESV). ഇതിന്റെ ഗ്രീക് വാക്ക്
“ഡോകിമെയ്” എന്നാണ് (dokimē, dok-ee-may'). ഈ വാക്കിന്റെ അർത്ഥം, തെളിയിക്കുന്നത്, ശോധന, ശോധന ചെയ്ത സ്വഭാവം,
തെളിവ്, മൂല്യമുള്ളതായി തെളിയിക്കപ്പെട്ട വസ്തു, എന്നിങ്ങനെയാണ് (proving,
trial, tried, a proof, a specimen of
tried worth). അതായത്, വിശ്വാസം മൂലം ഉണ്ടാകുന്ന കഷ്ടത നമ്മളെ ശോധന
ചെയ്തു, മൂല്യമുള്ളത് ആയി തെളിയിക്കുന്നു. കഷ്ടത നമ്മളെ ശുദ്ധവും, ശക്തരും ആയ
വിശ്വാസികൾ ആക്കും.
കഷ്ടതകൾ ഉണ്ടാകുമ്പോൾ മാനുഷികമായി സന്തോഷത്തോടെ ഇരിക്കേണം
എന്നല്ല പൌലൊസ് പറയുന്നത്. കഷ്ടത വിശ്വാസ ജീവിതത്തിൽ നന്മ ചെയ്യുന്നു എന്നു
മനസ്സിലാക്കി അതിനെ മൂല്യമുള്ളതായി കാണുന്നു. അത് ദൈവം ആഗ്രഹിക്കുന്നത് പോലെ
ആത്മീയമായി വളരുവാൻ സഹായിക്കുന്നു. കഷ്ടത ദൈവത്തിലുള്ള വിശ്വാസത്തെ ആഴവും ഉറപ്പ്
ഉള്ളതാക്കി മാറ്റുന്നു. അങ്ങനെ ദൈവഹിതം പ്രവർത്തിക്കുവാൻ നമ്മളെ കൂടുതൽ പ്രാപ്തർ
ആക്കുന്നു. പ്രത്യാശയിൽ നമ്മൾ വളരുന്നു. പ്രത്യാശയോ, ദൈവ മഹത്വത്തിൽ ഉള്ള
നിത്യതയാണ്.
ദൈവ സ്നേഹം
റോമർ 5:5-8 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് ദൈവ സ്നേഹത്തെക്കുറിച്ച്
പറയുന്നു. 4 ആമത്തെ വാക്യത്തിൽ “നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു” എന്നു
പറഞ്ഞതിന്നു ശേഷം, 5 ആം വാക്യത്തിൽ അദ്ദേഹം എഴുതി, നമ്മളുടെ
പ്രത്യാശെക്ക് ഭംഗം വരുന്നില്ല. പ്രത്യാശ ഒരിക്കലും നമ്മളെ ലജ്ജിപ്പിക്കുക ഇല്ല.
നമ്മളുടെ പ്രത്യാശ ഒരിക്കൽ നിവർത്തിയാകും. ദൈവം നമ്മളെ സ്നേഹിക്കുന്നു എന്നതിനാൽ
അവന്റെ വാഗ്ദത്തങ്ങൾ എപ്പോഴും അവൻ പാലിക്കും. ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനാൽ
നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു. ദൈവം നമ്മളെ സ്നേഹിക്കുന്നു എന്ന ബോധ്യം
നമുക്ക് നല്കുന്നത് പരിശുദ്ധാത്മാവ് ആണ്. റോമർ 8:16 ൽ പൌലൊസ് പറയുന്നു: “നാം
ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.”
5:6-8 വരെയുള്ള വാക്യങ്ങളിൽ ദൈവ സ്നേഹത്തിന്റെ സവിശേഷതയും,
ആഴവും പൌലൊസ് വിവരിക്കുന്നു. ക്രൂശിൽ യേശുക്രിസ്തുവിന്റെ മരണത്തിൽ ദൈവ സ്നേഹം
നമുക്ക് വെളിപ്പെട്ടിരിക്കുന്നു. അർഹത ഇല്ലാതിരുന്ന നമ്മൾക്ക് ദൈവം അവനെ തന്നെ
നല്കി, അവന്റെ അനന്തമായ സ്നേഹം നല്കി. നമ്മൾ അഭക്തർ ആയിരുന്നപ്പോൾ തന്നെ ദൈവം
നമ്മളെ സ്നേഹിച്ചു. പാപത്തിൽ നിന്നും നമ്മളെ സ്വയം രക്ഷിക്കുവാൻ നമ്മൾ അശക്തർ
ആയിരുന്നു. എന്നാൽ നമ്മളെ രക്ഷിക്കുവാൻ ദൈവത്തിന് കൃപ തോന്നി. ക്രൂശിലെ
യേശുക്രിസ്തുവിന്റെ മരണം ദൈവ സ്നേഹത്തിന്റെ തെളിവാണ്.
ദൈവത്തിന്റെ സ്നേഹം മനുഷ്യരുടെ സ്നേഹത്തേക്കാൾ വ്യത്യസ്തം
ആണ്. ചില അപൂർവ്വ സന്ദർഭങ്ങളിൽ ഒരു മനുഷ്യൻ, നീതിമാനായ മറ്റൊരുവന് വേണ്ടി മരിച്ചേക്കാം.
എന്നാൽ യേശുക്രിസ്തു നമുക്ക് വേണ്ടി മരിച്ചത് നമ്മൾ അഭക്തർ ആയിരുന്നപ്പോൾ
ആയിരുന്നു. അതിനാൽ നമ്മളുടെ രക്ഷ പൂർണ്ണമായും ദൈവ സ്നേഹത്തിന്റെ ഫലമാണ്.
5:6 ആം വാക്യത്തിൽ നമ്മളുടെ
അനർഹതയെക്കുറിച്ച് പറയുവാൻ പൌലൊസ് രണ്ട് വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. നമ്മൾ
ബലഹീനർ ആയിരുന്നു, നമ്മൾ അഭക്തർ ആയിരുന്നു. നമ്മൾ ഈ അവസ്ഥയിൽ
ആയിരുന്നപ്പോൾ ആണ് യേശുക്രിസ്തു നമുക്ക് വേണ്ടി മരിച്ചത്. അതായത്, നമ്മളെ സ്വയം
രക്ഷിക്കുവാൻ നമ്മൾ ബലഹീനർ ആയിരുന്നു. അതിനാൽ യേശുക്രിസ്തുവിന്റെ ക്രൂശിലെ
യാഗത്താലുള്ള രക്ഷ നമ്മൾ പ്രവർത്തികളാൽ നേടിയെടുത്തത് അല്ല. അത് ദൈവ കൃപയാൽ മാത്രം
ലഭിച്ചത് ആണ്. നമ്മൾ അഭക്തർ ആയിരുന്നു. അതിനാൽ രക്ഷയ്ക്ക് വേണ്ടി യാതൊന്നും
ചെയ്യുവാൻ നമുക്ക് കഴിയുമായിരുന്നില്ല. ഭാവിയിൽ നമ്മളുടെ രക്ഷയ്ക്കായി നമ്മൾ
എന്തെങ്കിലും ചെയ്യും എന്ന പ്രതീക്ഷയും ഇല്ല. അതുകൊണ്ടു
നമ്മൾ പാപത്തെ ഉപേക്ഷിക്കുവാൻ കാത്ത് നിൽക്കാതെ ദൈവം നമ്മളുടെ രക്ഷയ്ക്ക്
ആരംഭമിട്ടു. നമ്മൾ പാപികൾ ആയിരിക്കുമ്പോൾ തന്നെ അവൻ നമ്മളെ സ്നേഹിച്ചു, നമുക്ക്
വേണ്ടി മരിച്ചു.
5:9 ആമത്തെ വാക്യത്തിലെ ആശയവും
സമാനമാണ്. നമ്മൾ യേശുവിന്റെ രക്തത്താൽ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിനാൽ എത്ര
അധികമായി ദൈവ കോപത്തിൽ നിന്നും രക്ഷിക്കപ്പെടും എന്നു പൌലൊസ് പറയുന്നു.
നീതീകരിക്കപ്പെട്ടപ്പോൾ നമ്മൾ ദൈവത്തോട് നിരപ്പ് പ്രാപിച്ചു.
നമ്മൾ നീതീകരിക്കപ്പെട്ടത് യേശുക്രിസ്തുവിന്റെ രക്തത്താൽ
ആണ്. അവന്റെ ക്രൂശിലെ യാഗത്താൽ ആണ്. ഇതല്ലാതെ ദൈവത്തോട് നിരപ്പ് പ്രാപിക്കുവാൻ
മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു. അതിനാൽ നമ്മൾ ദൈവ ക്രോധത്തിൽ നിന്നും
രക്ഷിക്കപ്പെടും. അതായത് രക്ഷിക്കപ്പെട്ട ദൈവജനം, നീതീകരിക്കപ്പെട്ടവർ ആയതിനാൽ,
അവർ ദൈവം ക്രോധത്തിൽ നിന്നും നിശ്ചയമായും രക്ഷിക്കപ്പെടും.
ഇതേ ആശയം മറ്റൊരു രീതിയിൽ പൌലൊസ് 10 ആം വാക്യത്തിൽ
അവതരിപ്പിക്കുന്നു. നമ്മൾ കുറ്റക്കാർ അല്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മൾ
ദൈവത്തോട് നിരപ്പ് പ്രാപിച്ചു കഴിഞ്ഞു. ഇത് നമ്മൾ ദൈവത്തിന് ശത്രുക്കൾ ആയിരിക്കെ
തന്നെ, യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്താൽ സംഭവിച്ചു. അങ്ങനെ നിരപ്പ് പ്രാപിച്ചു
എങ്കിൽ, നമ്മൾ ഇനി ശിക്ഷാവിധിയിൽ അല്ല. യേശുക്രിസ്തുവിന്റെ ജീവനാൽ അധികമായി
രക്ഷിക്കപ്പെടും.
ഇവിടെ നമ്മൾ റോമർ 3:10, 23 എന്നീ വാക്യങ്ങൾ ഓർക്കേണ്ടതാണ്.
റോമർ 3:10
നീതിമാൻ
ആരുമില്ല. ഒരുത്തൻ പോലുമില്ല.
റോമർ 3:23
ഒരു
വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു
ഇല്ലാത്തവരായിത്തീർന്നു,
നമ്മൾ നീതീമാൻമാർ ആയിരുന്നില്ല. നമ്മൾ എല്ലാവരും പാപം ചെയ്തു
ദൈവതേജസ്സു ഇല്ലാത്തവരായിരുന്നു. എന്നാൽ രക്ഷിക്കപ്പെട്ടത്തിന് ശേഷം, നമ്മൾ
നീതീമാൻമാർ ആണ്, പാപം സംബന്ധിച്ചു ദൈവത്തോട് നിരപ്പ് പ്രാപിച്ചവർ ആണ്, അതിനാൽ ദൈവ
തേജസ്സ് ഉള്ളവർ ആണ്. ഇതെല്ലാം, അനർഹരായ നമ്മൾ ദൈവ കൃപയാൽ മാത്രം നേടിയത് ആണ്.
യേശുക്രിസ്തുവിന്റെ രക്തം മൂലം ആണ് നമ്മൾ നീതീമാൻമാർ ആയി
കണക്കാക്കപ്പെടുന്നത്. ദൈവം നമ്മളുടെ പാപങ്ങളെ ക്ഷമിച്ചിരിക്കുന്നു. അതിനാൽ ഇനി
നമ്മൾ ദൈവീക ശിക്ഷ അനുഭവിക്കേണ്ടതില്ല. ദൈവം യേശുക്രിസ്തുവിനെ മരണത്തിൽ നിന്നും
ഉയിർപ്പിച്ചതിനാൽ നമ്മൾക്ക് പുതുജീവൻ ലഭിച്ചിരിക്കുന്നു.
റോമർ 6:4
അങ്ങനെ നാം
അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു
മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ
പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
റോമർ 2:17-18 വാക്യങ്ങളിൽ, യഹൂദൻ
ന്യായപ്രമാണത്തിൽ ആശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു
പഠിക്കയാൽ ഭേദാഭേദങ്ങൾ വിവേചിച്ചും ഇരിക്കുന്നു, എന്നു പൌലൊസ് എഴുതി. അവരുടെ
പ്രശംസ ന്യായപ്രമാണത്തിലും, അതിലൂടെയുള്ള ദൈവീക ബന്ധത്തിലും ആയിരുന്നു. എന്നാൽ
റോമർ 5:11 ൽ അദ്ദേഹം ഇങ്ങനെ എഴുതി: “നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു
കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും
ചെയ്യുന്നു.” നമുക്ക് ഇപ്പോൾ നിരപ്പ് ലഭിച്ചിരിക്കുന്നത് യേശുക്രിസ്തു മുഖാന്തരം
ആണ്. അതിന് ന്യായപ്രമാണം കാരണം അല്ല. അതായത് ഒരു പ്രവർത്തിയും കാരണം അല്ല. ദൈവം
തന്നെയാണ് നമ്മളെ അവനുമായി നിരപ്പിൽ ആക്കിയത്.
ആദാമും
യേശുക്രിസ്തുവും
റോമർ 5:12 മുതലുള്ള വാക്യങ്ങളിൽ, ആദാമിന്റെ പാപം എങ്ങനെയാണ്
സകല മനുഷ്യരിലേക്കും കടന്നത് എന്നും, ക്രിസ്തുവിന്റെ നീതി എങ്ങനെയാണ് അവനിൽ
വിശ്വസിക്കുന്നവർക്ക് കണക്കിടുന്നത് എന്നും പൌലൊസ് വിശദീകരിക്കുന്നു. മനുഷ്യന്റെ
പാപം, ക്രിസ്തുവിന്റെ യാഗം, നമ്മളുടെ രക്ഷ എന്നിവയാണ് ഈ ഭാഗത്തെ വിഷയം.
റോമർ 5:12-14 വരെയുള്ള വാക്യങ്ങളിൽ പാപവും, മരണവും
എങ്ങനെയാണ് ലോകത്തിൽ കടന്നത് എന്നു പൌലൊസ് വിശദീകരിക്കുന്നു. ഏക മനുഷ്യനാൽ പാപം
ലോകത്തിൽ കടന്നു. ഏക മനുഷ്യൻ ആദാം ആണ്. അവൻ ദൈവത്തിന്റെ കൽപ്പന ലംഘിച്ചതിനാൽ പാപം
ഉണ്ടായി. പാപത്തിന്റെ ശിക്ഷയായി മരണവും കടന്നുവന്നു. ഇങ്ങനെ ഏക മനുഷ്യനായ
ആദാമിന്റെ പാപത്താൽ എല്ലാവരും പാപികൾ ആയി, മരണം എല്ലാവരിലും ഉണ്ടായി. പാപത്തിന്റെ
ഫലം മനുഷ്യന്റെ സമ്പൂർണ്ണ തകർച്ചയും, ശാരീരിക മരണവും ആയിരുന്നു. മറ്റൊരു രീതിയിൽ
പറഞ്ഞാൽ, മനുഷ്യൻ ആത്മീയവും, ശാരീരികവും ആയി മരിച്ചു.
പാപം ആദാമിൽ നിന്നും ഉൽഭവിച്ചത് അല്ല, അവനിലൂടെ
ലോകത്തിലേക്ക് പ്രവേശിച്ചതാണ്. “കടന്നു” എന്നതിന്റെ ഗ്രീക്ക് വാക്ക്, “ഐസെർഖൊമഇ”
എന്നാണ് (eiserchomai, ice-er'-khom-ahee). ഈ വാക്കിന്റെ അർത്ഥം,
പുറത്തേക്കും, അകത്തേക്കും കടക്കുക, പ്രവേശിക്കുക, എന്നിങ്ങനെയാണ് (to go
out or come in, to enter). പിശാചിൽ ഉത്ഭവിച്ച
പാപം ആദാമിലൂടെ സകല മനുഷ്യരിലേക്കും പ്രവേശിച്ചു.
ആദാം എന്ന ഏക മനുഷ്യനാൽ, അവൻ ദൈവീക കൽപ്പന ലംഘിച്ചതിനാൽ,
പാപം ലോകത്തിൽ കടന്നു. ഈ വാക്യത്തിലെ “ലോകം” എന്നത് മനുഷ്യ വംശത്തെ മുഴുവൻ
പരാമർശിക്കുന്നു. പാപത്താൽ മരണവും ലോകത്തിൽ കടന്നു. മരണം എന്നതിൽ മനുഷ്യന്റെയും,
മൃഗങ്ങളുടെ മരണം ഉണ്ടോ എന്നതിൽ വ്യത്യസ്ത അഭിപ്രായം വേദപണ്ഡിതന്മാരുടെ ഇടയിൽ
ഉണ്ട്. പൌലൊസ് ഇവിടെ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമേ
സംസാരിക്കുന്നുളളൂ.
ആദാം എന്ന ഏക മനുഷ്യന്റെ പാപം, യേശുക്രിസ്തു ഒഴികെയുള്ള സകല
മനുഷ്യരുടെ മേലും പകരപ്പെട്ടു.
എബ്രായർ 4:15
നമുക്കുള്ള
മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം
ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
എങ്ങനെയാണ് ആദാമിന്റെ പാപം സകല മനുഷ്യരിലേക്കും പകർന്നതു
എന്നതിനെക്കുറിച്ച് പ്രധാനമായും മൂന്ന് വാദങ്ങൾ ഉണ്ട്.
ഒന്ന്: ആദാമിൽ എല്ലാ മനുഷ്യരും ദൈവത്തോട് അനുസരണ
ഇല്ലാത്തവരായി, പാപം ചെയ്യുന്നു.
രണ്ട്: എല്ലാവർക്കും ആദാമിന്റെ അതേ പ്രകൃതിയാണ് ഉള്ളത്.
അതിനാൽ എല്ലാവർക്കും പാപം ചെയ്യുവാനുള്ള പ്രവണത ഉണ്ട്.
മൂന്ന്: ആദാം എന്ന വാക്കിന്റെ അർത്ഥം മനുഷ്യൻ എന്നാണ്.
ആദാം ഒരു വ്യക്തി മാത്രമല്ല. അവനിൽ സകല മനുഷ്യരും ഉൾക്കൊണ്ടിരിക്കുന്നു. അതിനാൽ
ആദാം പാപം ചെയ്തപ്പോൾ അവനിൽ സകല മനുഷ്യരും പാപം ചെയ്തു.
ഈ മൂന്ന് വാദങ്ങളിലും മനുഷ്യവർഗ്ഗം ഒരു ഐകത്വം (single
solidarity) ആണ് എന്ന കാഴ്ചപ്പാട് ഉണ്ട്. ആദാമിൽ സകല മനുഷ്യരും
ഉണ്ടായിരുന്നു. ആദാം എന്ന വാക്ക് വേദപുസ്തകത്തിൽ ആദ്യമായി കാണുന്നത് ഉൽപ്പത്തി
1:27 ൽ ആണ്.
ഉൽപ്പത്തി 1:27
ഇങ്ങനെ ദൈവം
തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ
സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
ഈ വാക്യത്തിലെ “മനുഷ്യനെ” എന്നതിന്റെ എബ്രായ പദം ആണ് “ആദാം”
(അധാം, 'āḏām, aw-dam').
ഇവിടെ ഈ വാക്ക്, മനുഷ്യരെ മൊത്തമായി പരാമർശിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു.
ഉൽപ്പത്തി 2:7 ൽ ഇതേ വാക്ക് ആദാം എന്ന ഒരു മനുഷ്യനെ പരാമർശിക്കുന്നു.
ഉൽപ്പത്തി 2:7
യഹോവയായ ദൈവം
നിലത്തെ പൊടികൊണ്ടു മനുഷ്യനെ (അധാം, 'āḏām, aw-dam') നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ
ജീവനുള്ള ദേഹിയായി തീർന്നു.
ആദാം എന്ന ഏക മനുഷ്യനിൽ അവന്റെ സകല സന്തതി പരമ്പരകളും
ഉണ്ടായിരുന്നു. ആദാം സൃഷ്ടിക്കപ്പെട്ടപ്പോൾ അവനിൽ സകല മനുഷ്യരും
സൃഷ്ടിക്കപ്പെട്ടു. അവൻ പാപം ചെയ്തപ്പോൾ അവനിൽ സകല മനുഷ്യരും പാപം ചെയ്തു. ഈ ആശയം
വേദപുസ്തകത്തിൽ മറ്റ് സ്ഥലങ്ങളിലും കാണാം. ഉദാഹരണത്തിന്, എബ്രായർ 7
ൽ അബ്രാഹാമിലൂടെ ലേവിയും ദശാംശം കൊടുത്തു എന്നു പറയുന്നു.
എബ്രായർ 7:9-10
ദശാംശം വാങ്ങുന്ന
ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.
അവന്റെ പിതാവിനെ (അബ്രാഹാമിനെ) മൽക്കീസേദെൿ എതിരേറ്റപ്പോൾ ലേവി അവന്റെ (അബ്രാഹാമിന്റെ)
കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
അബ്രാഹാമിന്റെ കൊച്ചുമകനായിരുന്ന യാക്കോബിന്റെ മകൻ
ആയിരുന്നു ലേവി. അബ്രാഹാം മൽക്കീസേദെൿന് നല്കിയ ദശാംശം ലേവിയുടെ സന്തതിപരമ്പരയിൽ
കണക്കിടപ്പെട്ടു. ഇത് പോലെ തന്നെ ആദാമിന്റെ പാപവും, മരണവും അവന്റെ സന്തതി
പരമ്പരയിലേക്ക് പകരപ്പെട്ടു.
1 കൊരിന്ത്യർ
15:22
ആദാമിൽ എല്ലാവരും
മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
മരണം കൽപ്പന ലംഘനത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണ്.
ഉൽപ്പത്തി 2:16-17
യഹോവയായ ദൈവം
മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക്
ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം
തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.
റോമർ 5:13 ആം വാക്യത്തിൽ, ന്യായപ്രമാണത്തിന് മുമ്പ്
മനുഷ്യരുടെ ഇടയിൽ പാപം കണക്കിടപ്പെട്ടുവോ എന്ന ചോദ്യത്തിനുള്ള ഉത്തരം പൌലൊസ്
പറയുന്നു.
(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
ന്യായപ്രമാണവും പാപവും
റോമർ 4:15 ൽ പൌലൊസ് എഴുതിയത്, ന്യായപ്രമാണം ഇല്ലാതെ പ്രമാണ
ലംഘനം ഇല്ല എന്നാണ്. പാപം ഇല്ല എന്നല്ല, പ്രമാണം ഇല്ലാത്തതിനാൽ അതിന്റെ ലംഘനവും
ഇല്ല. ഈ വാദത്തെ അദ്ദേഹം റോമർ 5:13 ൽ കൂടുതൽ വിശദമാക്കുന്നു. മനുഷ്യൻ, ആദാമിന്റെ
വീഴ്ചയ്ക്ക് ശേഷം എപ്പോഴും പാപത്തിൽ ജീവിച്ചുകൊണ്ടിരുന്നു. എന്നാൽ അത് നൽകപ്പെട്ട
ഒരു പ്രമാണത്തിന്റെ ലംഘനം ആയിരുന്നില്ല. ന്യായപ്രമാണത്തിന് മുമ്പുള്ള പാപം,
മനുഷ്യരുടെ പാപ പ്രകൃതിയുടെ ഫലം ആയിരുന്നു. അത് പാപം തന്നെ ആയിരുന്നു. പാപ പ്രകൃതി
ആദാമിൽ നിന്നും പകർന്നു ലഭിച്ച സമ്പൂർണ്ണ മലിനത ആണ് (total depravity).
എന്നാൽ, ന്യായപ്രമാണം ലഭിക്കുന്നതിന് മുമ്പ് മനുഷ്യർ പാപത്തെ കൽപ്പന ലംഘനമായി
തിരിച്ചറിഞ്ഞിരുന്നില്ല. അത് മനുഷ്യരുടെ മനസ്സിൽ പാപമായി കണക്കിടപ്പെട്ടില്ല.
എങ്കിലും അവയെല്ലാം പാപം തന്നെയാണ്. കാരണം മനുഷ്യർ ദൈവത്തിന്റെ മഹത്വം അറിഞ്ഞിരിക്കേണ്ടവർ
ആണ്.
റോമർ 1:19-20
ദൈവത്തെക്കുറിച്ചു
അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു
വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ
ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു;
അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
ആദാമിന് ശേഷം, ന്യായപ്രമാണം വരെ ജീവിച്ചിരുന്നവരുടെ പാപം,
ആദാമിന്റെ പാപത്തിൽ നിന്നും വിഭിന്നം ആയിരുന്നു. ന്യായപ്രമാണം ലഭിക്കുന്നതിന്
മുമ്പ്, പ്രമാണ ലംഘനം ഇല്ലായിരുന്നു എന്നതിനാൽ പാപം കണക്കിടപ്പെട്ടില്ല. ആദാമിനും,
ന്യായപ്രമാണത്തിനും ഇടയിൽ ദൈവം അനേകം പ്രമാണങ്ങൾ മനുഷ്യന് നൽകുന്നില്ല. ഈ
അർത്ഥത്തിൽ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ പ്രമാണ ലംഘകർ അല്ല. എന്നാൽ ഈ കാലത്തും
പാപം ഉണ്ടായിരുന്നു. എല്ലാ മനുഷ്യരും പാപ പ്രകൃതിയോടെ ജനിച്ചു. അവർ ദൈവം നേരിട്ട്
നല്കിയ ഏതെങ്കിലും ഒരു പ്രമാണത്തെ ലംഘിച്ചില്ല എങ്കിലും ആദാമിന്റെ പാപത്തിന്റെ
അനന്തര ഫലം അനുഭവിച്ചു. അവർ എല്ലാവരും മരിച്ചു. പൌലൊസിന്റെ ഭാഷയിൽ, മരണം അവരുടെ
മേൽ വാണിരുന്നു.
ആദാം പാപം ചെയ്തപ്പോൾ, അവന്റെ പ്രകൃതിയിൽ മാറ്റങ്ങൾ
ഉണ്ടായി. അവൻ സമ്പൂർണ്ണമായി മലിനമായി (totally depraved). ഈ മലിനത
അവന്റെ സന്തതികളിലേക്ക് പകർന്നു. അങ്ങനെ അവന്റെ സന്തതി പരമ്പരകൾ മലിനമായി. പാപം
അവരുടെയും പ്രകൃതമായി.
ന്യായപ്രമാണം നീതീയെ പാപമാക്കി മാറ്റുന്നില്ല. അത്
പാപത്തേക്കുറിച്ചുള്ള നമ്മളുടെ അജ്ഞതയെ മാറ്റി, ബോധ്യം വരുത്തുന്നു. പാപം ഒരു
പ്രമാണ ലംഘനം മാത്രമല്ല, അത് മനുഷ്യർ ആയിരിക്കുന്ന സമ്പൂർണ്ണമായി മലിനമായ
അവസ്ഥയാണ്.
ആദാം മുതൽ ന്യായപ്രമാണം വരെയുള്ളവർ പാപം ചെയ്തു എങ്കിലും,
അവർ അത് പാപമായി തിരിച്ചറിഞ്ഞില്ല. അവരുടെ പ്രകൃതി ആയി മാത്രമേ അവർ പാപത്തെ
മനസ്സിലാക്കിയുള്ളൂ. എന്നാൽ ന്യായപ്രമാണം പാപത്തെ അവർക്ക്
ചൂണ്ടിക്കാണിച്ചുകൊടുത്തു. അങ്ങനെ ന്യായപ്രമാണം മുതൽ അവർ പാപത്തേക്കുറിച്ച് ബോധ്യം
ഉള്ളവരായി.
5:12 ആം വാക്യത്തിൽ, “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും
ലോകത്തിൽ കടന്നു” എന്നു പൌലൊസ് പറയുമ്പോൾ, “പാപം” എന്ന ഏക വചനമാണ് അദ്ദേഹം
ഉപയോഗിക്കുന്നത്. ഇത് ഏതെങ്കിലും പ്രത്യേക പാപ പ്രവർത്തിയെക്കുറിച്ച് അല്ല. പാപം
എന്ന അവസ്ഥയെക്കുറിച്ചാണ്. അത് അനീതി പ്രവർത്തിക്കുവാനുള്ള മനുഷ്യന്റെ സഹജമായ
പ്രവണതയാണ്. ഈ പ്രവണതയാണ് ആദാമിൽ നിന്നും അവന്റെ സന്തതി പരമ്പരയിലേക്ക്
പകരപ്പെട്ടത്. പാപം ചെയ്യുവാനുള്ള സഹജമായ പ്രവണത അവന്റെ ശാരീരികമായ മലിനത ആണ് (physical
depravity). അവന്റെ ആത്മീയ മലിനത (spiritual depravity) അവനിൽ പാപം വാഴുന്നു എന്നതാണ്. ആദാമിന്റെ സകല സന്തതി പരമ്പരകളും ഈ രണ്ട്
അവസ്ഥകളും പിൻതുടർച്ചയായി പ്രാപിക്കുന്നു.
അടിസ്ഥാനപരമായി ഒരു മനുഷ്യൻ പാപി ആകുന്നത് അവൻ പാപം
ചെയ്യുന്നത് കൊണ്ടല്ല; അവൻ പാപി ആയത് കൊണ്ടാണ് പാപം ചെയ്യുന്നത്. പാപ പ്രകൃതി
അവനിൽ ഉണ്ട്. ഈ അർത്ഥത്തിൽ ആണ് യേശു പറഞ്ഞത്, “എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം,
വ്യഭിചാരം, പരസംഗം, മോഷണം,
കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു
പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ.” (മത്തായി 15:18-20).
ഏക മനുഷ്യനാൽ പാപം ലോകത്തിൽ കടന്നു എന്നു പറഞ്ഞതിനോടൊപ്പം
പൌലൊസ് പറഞ്ഞു, “പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12). മനുഷ്യൻ ദൈവത്താൽ
സൃഷ്ടിക്കപ്പെട്ടപ്പോൾ നശ്വരൻ ആയിരുന്നില്ല. അവൻ നിത്യനായി ജീവിക്കേണം എന്നാണ്
ദൈവം ആഗ്രഹിച്ചത്. മരണം പാപം മൂലം അവനിൽ കടന്നതാണ്. പാപത്തിന്റെ ശിക്ഷ, അവർ പാപം
ചെയ്തതിനു ശേഷം ദൈവം കൽപ്പിക്കുക ആയിരുന്നില്ല. കൽപ്പന ലംഘിച്ചാൽ ഉണ്ടാകുന്ന ശിക്ഷ
ദൈവം മുന്നമേ പ്രഖ്യാപിച്ചിരുന്നു. ആദാം കൽപ്പന ലംഘിച്ചപ്പോൾ ദൈവം മുന്നമേ കൽപ്പിച്ചിരുന്ന
ശിക്ഷയായ മരണം മനുഷ്യരുടെമേൽ വന്നു. ഈ മരണം ആണ് ആദാമിന്റെ സന്തതി പരമ്പരകളുടെമേലും
വന്നിരിക്കുന്നത്. അതിനാൽ ആദാമിന്റെ പാപ പ്രകൃതി പകർന്നു ലഭിച്ചിരിക്കുന്ന
എല്ലാവരും മരിക്കുന്നു.
കണക്കിടുക
ഇതേ വിഷയം പൌലൊസ് 5:13-14 വാക്യങ്ങളിലും തുടരുന്നു. 5:13
ലെ “കണക്കിടുന്നില്ല” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “എലൊഗെഒ”
എന്നതാണ് (ellogeō, el-log-eh'-o). ഈ വാക്കിന്റെ അർത്ഥം,
ഒരുവന്റെ കണക്കിൽ പെടുത്തുക, കണക്കാക്കുക, എണ്ണുക, ഗണിക്കുക, ചുമത്തുക,
എന്നിങ്ങനെയാണ് (set to one's account, to reckon in, impute).
“കണക്കിടുക” എന്നതിന് ഇംഗ്ലീഷിൽ imputation എന്നാണ് പറയുക (KJV). ഇംഗ്ലീഷ് സ്റ്റാഡേർഡ് വെർഷൻ ൽ
ഉപയോഗിച്ചിരിക്കുന്ന വാക്ക് counted എന്നാണ് (English
Standard Version, ESV). ഇതൊരു ദൈവശാസ്ത്രപരമായ വാക്കാണ്. ഇതിന്റെ
അർത്ഥം അല്ല, നിർവചനം ആണ് നമ്മൾ പരിഗണിക്കേണ്ടത്. ഒരു വ്യക്തിയുടെ കണക്കിലേക്ക്
എന്തെങ്കിലും നിക്ഷേപം ആയി കണക്കിടുന്നതിനെയാണ്, അല്ലെങ്കിൽ എഴുതി ചേർക്കുന്നതിനെയാണ്,
ഇവിടെ കണക്കിടുക, ഗണിക്കുക എന്നീ അർത്ഥത്തിൽ imputation
എന്നു പറയുന്നത്. അത് യഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയുടെ കണക്കിൽ ഉള്ളതാണ്. അത്
അവിടെ നിന്നും നമ്മളുടെ കണക്കിലേക്ക് എഴുതിചേർക്കുക ആണ്.
ഈ വാക്ക് ക്രിസ്തീയ ദൈവശാസ്ത്രത്തിൽ രക്ഷയുമായി
ബന്ധപ്പെട്ട് ആണ് ഉപയോഗിക്കാറുള്ളത്. ഇതൊരു നിയമപരവും, കോടതി വ്യവഹാരവുമായി
ബന്ധപ്പെട്ടതുമായ വാക്കാണ്. ഇതിൽ പരസ്പരം നടക്കുന്ന ഒരു കൈമാറ്റം ഉണ്ട്. നമ്മളുടെ
പാപങ്ങൾ യേശുക്രിസ്തുവിലേക്ക് കൈമാറ്റപ്പെടുകയും, യേശുവിന്റെ നീതീ
രക്ഷിക്കപ്പെടുന്നവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. അതായത്,
നമ്മളുടെ പാപങ്ങൾ യേശുക്രിസ്തുവിന്റെ കണക്കിലാകുകയും, യേശുവിന്റെ നീതീ
രക്ഷിക്കപ്പെടുന്നവരുടെ കണക്കിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം രണ്ട് കണക്കിടലിനെക്കുറിച്ച് വേദപുസ്തകത്തിൽ
പറയുന്നുണ്ട്. ഒന്ന്: ആദാമിന്റെ പാപം സകല മനുഷ്യരിലും കണക്കിടപ്പെട്ടു. രണ്ട്:
യേശുക്രിസ്തുവിന്റെ നീതി രക്ഷിക്കപ്പെടുന്നവരിൽ കണക്കിടപ്പെടുന്നു.
“കണക്കിടുക” എന്ന പ്രക്രിയയിൽ, നമ്മളുടെ സമ്പൂർണ്ണനും, ഉൂനമില്ലാത്തവനും ആയ പ്രതിനിധിയും പകരക്കാരനും ആയ വ്യക്തിയുടെ നീതീയുള്ള പ്രവർത്തികൾ, അവനിൽ വിശ്വസിക്കുന്ന വിശ്വാസത്താൽ, നമ്മൾക്ക് നന്മയായി തീരുന്നു. ദൈവീക കൽപ്പനകളുടെ സമ്പൂർണ്ണ അനുസരണം, ദൈവവും മനുഷ്യരുമായി സമാധാനത്തിൽ എത്തുവാൻ ആവശ്യം ആയിരുന്നു. എന്നാൽ മനുഷ്യർക്ക് അത് അസാദ്ധ്യം ആയിരുന്നു. അതിനാൽ യേശു എന്ന ഏക പ്രതിനിധി മനുഷ്യർക്ക് വേണ്ടി, സകല ദൈവീക കൽപ്പനകളും അനുസരിച്ചു, ന്യായപ്രമാണം നിവർത്തിച്ചു. യേശുവിന്റെ അനുസരണം അവനിൽ വിശ്വസിക്കുന്നവരിൽ കണക്കിട്ടു. അങ്ങനെ രക്ഷിക്കപ്പെടുന്ന എല്ലാവർക്കും ദൈവത്തോട് സമാധാനം ഉണ്ടായി, അവർ നീതീകരിക്കപ്പെട്ടു. യേശുക്രിസ്തുവിന്റെ സജീവ അനുസരണം (active obedience) സമ്പൂർണ്ണ നീതീ സാധ്യമാക്കി. അവന്റെ നിഷ്ക്രിയമായ അനുസരണം (passive obedience) മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരമായി ക്രൂശിൽ സ്വയം യാഗമായി.
ആദാമിന്റെ
ലംഘനവും ദൈവ കൃപയും
5:13-14 വാക്യങ്ങളിൽ പൌലൊസ് പറയുന്നത്, മരണം ആദാമിന് ശേഷവും
ലോകത്ത് വാണിരുന്നു എന്നാണ്. അതിന് കാരണം പാപം ആയിരുന്നു. ആദാമിനു ശേഷം
ന്യായപ്രമാണം വരെ പാപം മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു. അത് അവന്റെ പ്രകൃതി
ആയിരുന്നു. ഈ കാലയളവിൽ ന്യായപ്രമാണം ഇല്ലായിരുന്നു. അതിനാൽ അവർ ചെയ്ത പാപ
പ്രവർത്തികളെ പ്രമാണ ലംഘനമായി കണക്കിടുന്നില്ല. കാരണം അവർ ന്യായപ്രമാണത്തെ
ലംഘിച്ചില്ല. എന്നാൽ അവർ പാപത്തിൽ ജീവിച്ചു എന്നതിനും, അവർ പാപികൾ ആയിരുന്നു
എന്നതിനും മാറ്റം ഉണ്ടാകുന്നില്ല. കാരണം പാപം അവരുടെ പ്രകൃതിയിൽ ഉണ്ടായിരുന്നു.
അതിനാൽ മരണം ആദാം മുതൽ മോശെ വരെ ഉള്ളവരുടെമേലും വാണു.
5:14 ആം വാക്യത്തിലെ “വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാം” എന്ന വാക്കുകൾ യേശുക്രിസ്തുവിനെ
സൂചിപ്പിക്കുന്നു. യേശുക്രിസ്തു ആണ് വരുവാനുള്ളവൻ. അവന്റെ പ്രതിരൂപം ആയിരുന്നു
ആദാം. ആദാം എല്ലാ മനുഷ്യരുടെയും ഏക പ്രതിനിധി ആയിരുന്നതുപോലെ, യേശുക്രിസ്തുവും
അവനിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പ്രതിനിധിയായി. എന്നാൽ ഇതിന്, യേശുക്രിസ്തുവിന്റെ ദൈവീകത്വമോ, സവിശേഷതകളൊ ആദാമിന്
ഉണ്ടായിരുന്നു എന്നു അർത്ഥമില്ല. ഇത് തുടർന്നുള്ള വാക്യങ്ങളിൽ പൌലൊസ്
വ്യക്തമാക്കുന്നുണ്ട്. ഇവിടെ, മരണത്തെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന ആദാമിനെയും,
ജീവനെ മനുഷ്യർക്ക് നല്കിയ യേശുക്രിസ്തുവിനെയും അദ്ദേഹം തുലനം ചെയ്യുകയാണ്. ആദാം
നിഴലും യേശുക്രിസ്തു പൊരുളും ആയി നിൽക്കുന്നു.
ഏക മനുഷ്യനാൽ മനുഷ്യർക്ക് നിത്യ ജീവൻ ലഭിച്ചിരിക്കുന്നു
എന്ന് തെളിയിക്കുക എന്നതാണ് പൌലൊസിന്റെ ലക്ഷ്യം. ചരിത്രത്തിൽ എപ്പോഴോ ഒരു സ്ഥലത്ത്
വച്ച് മരിച്ച ഒരു മനുഷ്യനിലൂടെ എങ്ങനെയാണ് എല്ലാ മനുഷ്യർക്കും നിത്യജീവൻ ലഭിക്കുക?
ഈ ചോദ്യത്തിന്റെ ഉത്തരത്തിന് ഒരു മുഖവുര എന്നവണ്ണം ആണ് ഏക മനുഷ്യനാൽ എങ്ങനെ മരണം
മനുഷ്യരിൽ കടന്നുവന്നു എന്നു അദ്ദേഹം പറയുന്നത്.
5:14 ലെ “വരുവാനുള്ളവന്റെ പ്രതിരൂപമായ” എന്ന വാക്കുകൾക്ക് ആദാം,
യേശുവിന് തുല്യൻ ആണ് എന്നു അർത്ഥമില്ല. അവർ തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അവർ
ഇരുവരുടെയും പ്രവർത്തികളുടെ ഫലം അനേകം മനുഷ്യരിലേക്ക് പകരപ്പെട്ടു എന്നതാണ് ഏക സാമ്യം.
ഇതാണ് അദ്ദേഹം തുടർന്നു വിശദീകരിക്കുന്നത്.
റോമർ 5:15-19 വരെയുള്ള വാക്യങ്ങളിൽ ആദാമിന്റെ
ലംഘനത്തിന്റെയും ദൈവത്തിന്റെ യേശുക്രിസ്തുവിലൂടെയുള്ള കൃപയുടെയും വ്യത്യാസം
എന്താണ് എന്നു പൌലൊസ് വിശദീകരിക്കുന്നു. ആദാമിന്റെ ലംഘനത്തിന്റെ കാര്യവും,
ദൈവത്തിന്റെ യേശുക്രിസ്തുവിലൂടെയുള്ള കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, എന്നു
പറഞ്ഞുകൊണ്ടു അദ്ദേഹം ആരംഭിക്കുന്നു. ആദാമിന്റെ തിരഞ്ഞെടുപ്പും,
യേശുക്രിസ്തുവിന്റെ തിരഞ്ഞെടുപ്പും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നു. ഒന്ന് ദൈവ
ക്രോധത്തെ കൊണ്ടുവന്നപ്പോൾ, രണ്ടാമത്തേത് ദൈവകൃപയെ മനുഷ്യരിലേക്ക് എത്തിച്ചു.
ദൈവകൃപയെ “യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും” എന്നാണ് അദ്ദേഹം
വിശേഷിപ്പിക്കുന്നത്. നമുക്ക് ദൈവകൃപ ലഭിച്ചത് ദാനമായിട്ടാണ്, പ്രവർത്തികളുടെ
ഫലമായിട്ടല്ല. നമുക്ക് ദാനമായി ലഭിച്ച കൃപയാണ് നമ്മളെ ദൈവ ക്രോധത്തിൽ നിന്നും,
ശിക്ഷാവിധിയിൽ നിന്നും രക്ഷിച്ചത്.
5:15 ആം വാക്യത്തിൽ “ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ
കാര്യവും ഒരുപോലെയല്ല” എന്നു പറഞ്ഞത് പോലെ, 16 ആം വാക്യത്തിൽ അദ്ദേഹം പറയുന്നു,
“ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല”. ആദാമിന്റെ പാപം ദൈവീക ശിക്ഷാവിധിക്ക് കാരണമായി.
എന്നാൽ യേശുക്രിസ്തുവിന്റെ കൃപാവരം അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു
ഹേതുവായി. ആദാം എന്ന ഏക മനുഷ്യനാൽ സകല മനുഷ്യരും പാപികൾ ആയി തീർന്നത് പോലെ,
യേശുക്രിസ്തു എന്ന ഏക മനുഷ്യനാൽ അനേകർ നീതീമാന്മാർ ആയിത്തീരും. ആദാം ലോകത്തിലേക്ക്
മരണത്തെ കൊണ്ടുവന്നു. എന്നാൽ യേശുക്രിസ്തു സ്വന്ത മരണത്തിൽലൂടെ അവനിൽ
വിശ്വസിക്കുന്ന എല്ലാവർക്കും നീതീകരണം വരുത്തി.
ആദാം എന്ന ഏകന്റെ ലംഘനത്താൽ അനേകർ മരിക്കുന്നു,
യേശുക്രിസ്തു എന്ന ഏകന്റെ അനുസരണത്താൽ അനേകർ ജീവിക്കുന്നു. മരണം വാഴുന്നു എന്നതാണ്
ആദാമിന്റെ പാപത്തിന്റെ ഫലം. മരണം ഒരു രാജാവിനെ പോലെ, അധികാരം ഉള്ളവനായി, നമ്മളുടെ
ജീവിതത്തിൽ വാഴുന്നു. എന്നാൽ യേശുക്രിസ്തു മുഖാന്തിരം ലഭിക്കുന്ന ദൈവകൃപ സ്വീകരിക്കുന്നവർ നിത്യജീവനിൽ വാഴും. അതായത്, ദൈവകൃപ സ്വീകരിക്കുന്നവർ
മരണത്തിന്റെ അധികാരത്തിൽ നിന്നും എന്നന്നേക്കുമായി മോചിതർ ആയി, നിത്യതയിൽ വാഴും.
ആരാണ് നിത്യതയിൽ വാഴുന്നത് എന്നു പൌലൊസ് ഇവിടെ
വ്യക്തമാക്കുന്നുണ്ട്. “കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ” എന്നു
അദ്ദേഹം പ്രത്യേകം എഴുതിയിട്ടുണ്ട്. അതായത് യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ദൈവകൃപ
സ്വീകരിച്ചു, നീതീകരണം പ്രാപിക്കുന്നവർ മാത്രമേ ഏറ്റവും അധികമായി ജീവനിൽ
വാഴുകയുളളൂ.
ആദാമിന്റെ ഏക ലംഘനം കാരണം സകലമനുഷ്യർക്കും ശിക്ഷാവിധി
ഉണ്ടായി. എന്നാൽ യേശുക്രിസ്തുവിന്റെ ഏക നീതീയാൽ സകല മനുഷ്യർക്കും ജീവൻ ലഭിക്കുന്ന നീതീകരണം
ഉണ്ടായി. ആർക്കെല്ലാം നീതീകരണം ലഭിക്കും എന്നു പൌലൊസ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
“കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ
നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.” (5:17).
ആദാം എന്ന ഏക മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ
പാപികളായിത്തീർന്നു; യേശുക്രിസ്തു എന്ന ഏകന്റെ അനുസരണത്താൽ അനേകർ
നീതിമാന്മാരായിത്തീരും. ആദാമിന്റെ പാപം അവന് നേരിട്ട് ലഭിച്ച ദൈവീക കൽപ്പന ലംഘനം
ആയിരുന്നു. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം, ദൈവത്തോടുള്ള സമ്പൂർണ്ണമായ അനുസരണം
ആയിരുന്നു.
ഫിലിപ്പിയർ 2:8
മനുഷ്യസാദൃശ്യത്തിലായി
തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം
ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
യേശുക്രിസ്തുവിന്റെ അനുസരണം, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും,
ദൈവകൃപയാൽ നീതീകരണം ലഭിക്കും എന്ന ഉറപ്പ് നല്കുന്നു.
റോമർ 5:15-19 വരെയുള്ള വേദഭാഗത്ത് എഴുതിയിരിക്കുന്ന “അധികം
കവിഞ്ഞിരിക്കുന്നു” (15), “അനേക ലംഘനങ്ങളെ” (16), “അധികമായി ജീവനിൽ വാഴും” (17), എന്നീ
വാക്കുകൾ യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം ആവർത്തിക്കപ്പെടേണ്ടതില്ല എന്ന ആശയം
നല്കുന്നു. അവന്റെ മരണം ഒരിക്കലായി അർപ്പിക്കപ്പെട്ട ഏക യാഗം ആണ്. അത് സകല
പാപങ്ങളെയും മോചിപ്പിക്കുന്നതാണ്. യേശുക്രിസ്തുവിന്റെ യാഗം അവനിൽ വിശ്വസിക്കുന്ന
എല്ലാവർക്കും, അവരുടെ എല്ലാ പാപങ്ങളും മോചിക്കുവാൻ പര്യാപ്തം ആണ്.
എബ്രായർ 9:28
ക്രിസ്തുവും
അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി
കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
കൃപ
അത്യന്തം വർദ്ധിച്ചു
ന്യായപ്രമാണത്തിന്റെ ഫലം, പ്രമാണ ലംഘനം പെരുകി
എന്നതായിരുന്നു. എന്നാൽ പാപം പെരുകിയേടത്തു കൃപയും അത്യന്തം വർദ്ധിച്ചു. പാപത്തിന്
മരണത്താൽ വാഴുവാൻ അധികാരം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ദൈവകൃപയ്ക്ക് അനേകരെ
നീതീമാൻമാർ ആക്കുവാൻ അധികാരം ഉണ്ട്. ദൈവ കൃപ നമ്മുടെ കർത്താവായ യേശുക്രിസ്തു
മുഖാന്തരം അനേകർക്ക് നിത്യജീവനെ നല്കുന്നു (5:20-21).
യിസ്രായേൽ ജനം ദൈവത്തിൽ നിന്നും ന്യായപ്രമാണം സ്വീകരിച്ചപ്പോൾ,
അവർ ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരം എത്ര ഉന്നതമാണ് എന്നു മനസ്സിലാക്കി. എന്നാൽ
അവർക്ക് അതിന് ഒത്തവണ്ണം ജീവിക്കുവാൻ കഴിഞ്ഞില്ല. ദൈവം ആഗ്രഹിക്കുന്ന വിശുദ്ധ
ജീവിതം എന്താണ് എന്നു അവർ ന്യായപ്രമാണത്തിലൂടെ മനസ്സിലാക്കി. എങ്കിലും അവർ
പാപത്തിൽ തുടർന്നും ജീവിച്ചു. അതിനാൽ അവരുടെ പാപം പെരുകി. എന്നാൽ ദൈവത്തിന്റെ കൃപ അതിനെക്കാൾ
സമൃദ്ധം ആയിരുന്നു. പാപത്തിന്റെ അധികാരത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കുവാനുള്ള ഒരു
പദ്ധതി ദൈവത്തിന് ഉണ്ടായിരുന്നു. അതിനാൽ ദൈവം യേശുക്രിസ്തുവിനെ ക്രൂശിൽ യാഗമായി
തീരുവാനായി അയച്ചു. അവന്റെ യാഗം, അവനിൽ വിശ്വസിക്കുന്ന എല്ലാവരേയും ദൈവ കൃപയാൽ നീതീകരിക്കുവാൻ
മതിയായത് ആണ്.
5:19 ആം വാക്യത്തിൽ പൌലൊസ് പറഞ്ഞത്, “ഏകമനുഷ്യന്റെ
അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ” എന്നാണ്. ഇതിന്റെ അർത്ഥം
ആദാമിന്റെ സന്തതി പരമ്പരയിൽ ജനിച്ചവരെല്ലാം, യാതൊരു കൽപ്പന ലംഘനവും കൂടാതെ തന്നെ,
പാപികൾ ആയി തീർന്നു എന്നാണ്. എന്നാൽ ആദാം മുതൽ ന്യായപ്രമാണം വരെ ജീവിച്ചിരുന്നവർ
പാപം ചെയ്തു എങ്കിലും, അത് കൽപ്പന ലംഘനം ആയി കണക്കിട്ടില്ല. ഇത് അദ്ദേഹം 5:13-14
വാക്യങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
അതിനാൽ ദൈവം യിസ്രായേൽ ജനത്തിന് ന്യായപ്രമാണം നല്കിയപ്പോൾ
എന്ത് സംഭവിച്ചു? അത് മനുഷ്യന്റെ പാപ പ്രവർത്തികളെ എങ്ങനെ ബാധിച്ചു? ന്യായപ്രമാണത്തിന്റെ
ഉദ്ദേശ്യം ലംഘനം വർദ്ധിപ്പിക്കുക എന്നത് ആയിരുന്നില്ല. എന്നാൽ ന്യായപ്രമാണം
മനുഷ്യരും ദൈവവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ മോശമാക്കി. പ്രകൃത്യാ പാപികൾ
ആയിരുന്ന മനുഷ്യർ കൽപ്പന ലംഘകർ ആയി മാറി. ഈ അർത്ഥത്തിൽ പാപം പെരുകി. ന്യായപ്രമാണത്തിന്
ശേഷം മനുഷ്യർ എണ്ണത്തിലും, അളവിലും കൂടുതൽ പാപം ചെയ്തു എന്നു ഈ വാക്യം അർത്ഥമാക്കുന്നില്ല.
മനുഷ്യരുടെ പാപ പ്രവൃത്തികളെ, അവർക്ക് എതിരായി കണക്കിടുവാൻ തുടങ്ങി.
5:20 ആം വാക്യത്തിൽ “പാപം പെരുകിയേടത്തു കൃപ അത്യന്തം
വർദ്ധിച്ചു” എന്നാണ് പൌലൊസ് പറയുന്നത്. ന്യായപ്രമാണം കാരണം കണക്കിടുന്ന ലംഘനങ്ങൾ
പെരുകിയപ്പോൾ, പാപത്തെ അഴിച്ചുകളയുവാൻ തക്കവണ്ണം ദൈവകൃപ വർദ്ധിച്ചു വന്നു. എന്നാൽ
പാപം വർദ്ധിക്കുന്ന ഇടത്തെല്ലാം ദൈവകൃപയും വർദ്ധിച്ചു വരും എന്ന് ഈ വാക്യത്തിന് അർത്ഥമില്ല. ദൈവകൃപ എത്രമാത്രം
വലിയ പാപത്തെയും നീക്കിക്കളയുവാൻ മതിയായത് ആണ്. പാപം പെരുകിയപ്പോൾ അതിനെ നീക്കുവാൻ
മതിയാകുംവണ്ണം ദൈവകൃപ വെളിപ്പെട്ടു.
റോമർ 5:14 ൽ “എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ
ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ
വാണിരുന്നു.” എന്നു വായിക്കുന്നു. ഈ വാക്യത്തിലെ, “വാണിരുന്നു” എന്നതിന്റെ
ഗ്രീക്ക് പദം, “ബാസിലൂഒ” എന്നാണ് (basileuō, bas-il-yoo'-o). ഈ വാക്കിന്റെ അർത്ഥം, ഒരു രാജാവിന്റെ അധികാരം ഉപയോഗിച്ച് ഭരിക്കുക,
എന്നാണ് (to be king, to exercise kingly power, to reign).
ഇവിടെ മരണം മനുഷ്യരിൽ ഒരു രാജാവിനെപ്പോലെ വാഴുന്നു എന്ന ആശയമാണ് ഉള്ളത്. 5:21 ലെ
“വാണതുപോല”, “വാഴേണ്ടതിന്നു” എന്നീ വാക്കുകൾക്കും ഉപയോഗിച്ചിരിക്കുന്നത് ഇതേ
ഗ്രീക്ക് വാക്ക് തന്നെയാണ്.
എന്നാൽ, 5:21 ആം വാക്യത്തിൽ, പാപം ആണ് മരണത്താൽ വാഴുന്നത്
എന്നു പൌലൊസ് വ്യക്തമാക്കുന്നു. അതായത് യഥാർത്ഥ ആധിപത്യം പാപത്തിനാണ്. അവൻ
മരണത്തിലൂടെ മനുഷ്യരുടെ മേൽ വാഴുന്നു. അത് കൊണ്ടു തന്നെ, പാപത്തെയാണ് നീക്കേണ്ടത്.
പാപം നീങ്ങിപ്പോകുമ്പോൾ മരണം ഇല്ലാതെയാകും.
പാപം-മരണം എന്നിവയക്ക് സമാന്തരമായി പൌലൊസ് ദൈവകൃപ-നീതീകരണം
എന്നിവയെ അവതരിപ്പിക്കുന്നു. ദൈവകൃപ നീതീയാൽ വാഴുന്നു. ഇവിടെ യഥാർത്ഥത്തിൽ
വാഴുന്നത് ദൈവകൃപ യാണ്. കൃപ ദൈവീക നീതീയാൽ വാഴുന്നു. പാപത്തിന് പകരം ദൈവകൃപയും,
മരണത്തിന് പകരം നീതീയും നിൽക്കുന്നു. നീതി നിത്യജീവനിലേക്ക് നയിക്കുന്നു.
ദൈവ കൃപയുടെ വാഴ്ച നമ്മുടെ കർത്താവായ യേശുക്രിസ്തു
മുഖാന്തരം സംഭവിക്കുന്നു. പാപത്തിന്റെ വാഴ്ചയ്ക്ക്, ദൈവകൃപയെക്കാൾ അധികം അധികാരം
ഉണ്ടാകുകയില്ല. പാപത്തിന്മേലും മരണത്തിന്മേലും വാഴുവാൻ ദൈവകൃപയ്ക്ക് അധികാരം
ഉണ്ട്. അതുകൊണ്ടാണ്, “പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.” എന്നു
പറഞ്ഞിരിക്കുന്നത് (റോമർ 5:20). നമ്മുടെ കർത്താവായ യേശുക്രിസ്തു
മുഖാന്തരം ദൈവകൃപയും നീതിയാൽ നിത്യജീവന്നായി വാഴും. അങ്ങനെ മരണത്തെ
എന്നന്നേക്കുമായി കീഴ്പ്പെടുത്തി, യേശുക്രിസ്തുവിൽ ഉള്ളവർ നിത്യമായി ജീവിക്കും.
5:20, 21 വാക്യങ്ങൾ ഒരുമിച്ച് ചേർത്ത് വായിക്കേണ്ടത് ആണ്. “എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.” എന്നു 20 ആം വാക്യത്തിൽ പൌലൊസ് എഴുതി. 21 ആം വാക്യത്തിൽ, “പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.” എന്നു അദ്ദേഹം അതിനൊരു വിശദീകരണവും നല്കി. അതായത്, പാപത്തിന്റെ വാഴ്ച അവസാനിപ്പിച്ച് ദൈവകൃപയുടെ വാഴ്ച നടപ്പിലാക്കേണ്ടതിന് തക്കവണ്ണം കൃപ അത്യന്തം വർദ്ധിച്ചു.




No comments:
Post a Comment