റോമർ ഒന്നാം അദ്ധ്യായത്തിൽ മനുഷ്യരുടെ പാപം നിറഞ്ഞ ജീവിതത്തെക്കുറിച്ചാണ് പൌലൊസ് എഴുതിയത്. എന്നാൽ, എല്ലാവരോടും, യഹൂദനോടും, ജാതീയരോടും, ഒരുപോലെയുള്ള ദൈവത്തിന്റെ നീതി എന്നതാണ് റോമർ 2 ആം അദ്ധ്യായത്തിലെ വിഷയം. ദൈവം ന്യായപ്രമാണത്തിന് കീഴിലുള്ള യഹൂദനെ അവന്റെ പ്രവർത്തികൾക്ക് അനുസൃതമായി ന്യായം വിധിക്കും. ജാതീയരെയും ദൈവം പ്രവർത്തികൾക്ക് ഒത്തവണ്ണം ന്യായം വിധിക്കും. ഒരു മനുഷ്യനും ദൈവത്തിന്റെ ന്യായവിധിക്ക് പുറത്താകുക ഇല്ല. ഇത് ദൈവകൃപയാലുള്ള രക്ഷ എന്ന വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്ന വാദമാണ്. ന്യായപ്രമാണത്തിൽ പല അനുഗ്രഹങ്ങളും ഉണ്ട്. എന്നാൽ പ്രമാണം എല്ലാം പൂർണ്ണമായി അനുസരിക്കുന്ന, ന്യായപ്രമാണത്തിന് കീഴിലുള്ളവർക്ക് മാത്രമേ അത് ലഭ്യമാകൂ. യഹൂദന്റെ യഥാർത്ഥ പരിച്ഛേദന പുറമേ ഉള്ളതല്ല, അകമേ ഉള്ളത് ആയിരിക്കേണം.
ദൈവം
നീതിയോടെ വിധിക്കും
2:1-16 വരെയുള്ള വാക്യങ്ങളിലെ പ്രധാന വിഷയം, ദൈവം യഹൂദനെയും
യവനനെയും ഒരുപോലെ നീതിയോടെ വിധിക്കും എന്നതാണ്. “യവനൻ” എന്നത്, യഹൂദന്മാർ അല്ലാത്ത
എല്ലാ മനുഷ്യരും ആണ്. ഇവരെയാണ് ജാതീയർ എന്നു വിളിക്കുന്നത്. ഇവിടെ യഹൂദനും, ജാതീയരും
ഒരുപോലെ ദൈവ മുമ്പാകെ പാപികൾ ആണ് എന്ന വാദം പൌലൊസ് അവതരിപ്പിക്കുന്നു. ന്യായപ്രമാണം
ഉള്ള യഹൂദനും, സ്വാഭാവികമായി, പ്രകൃത്യാ, ന്യായപ്രമാണങ്ങൾ പാലിക്കുന്ന ജാതീയനും
ദൈവമുമ്പാകെ ഒരുപോലെയാണ്. 17-29 വരെയുള്ള വാക്യങ്ങളിൽ യഹൂദന്, ന്യായപ്രമാണവും,
പരിച്ഛേദനയും ഉണ്ട് എങ്കിലും, അതിനാൽ മാത്രം അവൻ നീതീകരിക്കപ്പെടുകയില്ല എന്നു പൌലൊസ്
അഭിപ്രായപ്പെടുന്നു.
ദൈവത്തിന് യഹൂദൻ എന്നോ, ജാതീയർ എന്നോ മുഖപക്ഷമില്ല എന്നു അപ്പൊസ്തലനായ
പത്രോസും സാക്ഷിച്ചിട്ടുണ്ട്. ജാതീയനായ കൊർന്നേല്യൊസിന്റെ വീട്ടിൽ, അദ്ദേഹം ദൈവ
വചനം പറയുവാൻ ആരംഭിച്ചത് ദൈവത്തിന്നു മുഖപക്ഷമില്ല എന്നു പറഞ്ഞുകൊണ്ടാണ്.
അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 10:34
അപ്പോൾ പത്രൊസ്
വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും
ദൈവത്തിന് മുഖപക്ഷം ഇല്ല എന്നതിനാൽ പൌലൊസ് ഇങ്ങനെ എഴുതി: “അന്യനെ
വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന
നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.” (2:1). അതായത്, അന്യനെ വിധിക്കുന്നവൻ അവനെ തന്നെ
കുറ്റം വിധിക്കുന്നു. കാരണം വിധിക്കുന്നവൻ
വിധിക്കപ്പെടുന്നവന്റെ അതേ പ്രവർത്തി ചെയ്യുന്നു. രണ്ട് കൂട്ടരും വിധിക്കപ്പെടുവാൻ
യോഗ്യമായ പ്രവർത്തി ചെയ്യുന്നു.
2 ആം അദ്ധ്യായം ആരംഭിക്കുന്നത് “അതുകൊണ്ടു” എന്നു
പറഞ്ഞുകൊണ്ടാണ്. അതിനാൽ ഇത് ഒന്നാമത്തെ അദ്ധ്യായത്തിന്റെ തുടർച്ചയാണ് എന്നു നിശ്ചയിക്കാം.
വേദപുസ്തകത്തിലെ
പുസ്തകങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയപ്പോൾ, അതിനെ അദ്ധ്യായങ്ങൾ, വാക്യങ്ങൾ എന്നിങ്ങനെ
തിരിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഭജനങ്ങൾ ഉണ്ടായത് നൂറ്റാണ്ടുകൾക്ക്
ശേഷമാണ്. മൂല കൃതികളിൽ, വിരാമചിഹ്നങ്ങളോ, ഖണ്ഡികകളായ വിഭജനമോ, വാക്കുകൾക്ക് ഇടയിൽ സ്ഥലമോ ഇല്ലായിരുന്നു. അതിനാൽ
തിരുവെഴുത്തുകൾ പൊതുവേദികളിൽ വായിക്കുവാനായി, അതിനെ അദ്ധ്യായങ്ങൾ ആയി
വിഭജിക്കുവാനുള്ള ശ്രമം യഹൂദ ശാസ്ത്രിമാർ എ. ഡി. 4 ആം നൂറ്റാണ്ടിൽ തന്നെ
ആരംഭിച്ചിരുന്നു.
എന്നാൽ പുതിയനിയമത്തിലെ
പുസ്തകങ്ങളിലെ അദ്ധ്യായങ്ങൾ വേർതിരിക്കുന്നത് ഏകദേശം 13 ആം നൂറ്റാണ്ടിൽ ആണ്. 1205 ൽ സ്റ്റീഫൻ ലാങ്ടൺ ലാറ്റിൻ ഭാഷയിലുള്ള പുതിയനിയമത്തിലെ
പുസ്തകങ്ങളെ അദ്ധ്യായങ്ങൾ ആയി ക്രമീകരിച്ചു. ഈ ക്രമീകരണം ആണ് ഇപ്പോൾ നമ്മൾ
ഉപയോഗിക്കുന്നത്. (Stephen
Langton, 1150 - 9, 1228). ഇദ്ദേഹം 1207 ജൂൺ 27 ആം തീയതി മുതൽ 1228 ജൂലൈ
9 ൽ മരിക്കുന്നത് വരെ, ഇംഗ്ലണ്ടിലെ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയി ശുശ്രൂഷ
ചെയ്തു. 1180 മുതൽ ഏകദേശം 20 വർഷങ്ങൾ
അദ്ദേഹം പാരീസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് (University of Paris).
1551 ൽ ആണ് ആദ്യമായി
വാക്യങ്ങൾ തിരിച്ചുള്ള പുതിയനിയമം പ്രസിദ്ധീകരിച്ചത്. പാരീസിൽ ജീവിച്ചിരുന്ന, ഒരു അച്ചടിശാല
നടത്തിയിരുന്ന, റോബെർട്ട് സ്റ്റീഫാനസ് എന്ന വ്യക്തിയാണ് വാക്യങ്ങളായി തിരിച്ച
ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലുളള പുതിയനിയമത്തിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത് (Robert Estienne
or Robert Stephanus). ഈ ക്രമീകരണം
ആണ് ഇന്നും നമ്മൾ ഉപയോഗിക്കുന്നത്.
എബ്രായ ഭാഷയിലുള്ള
പഴയനിയമത്തെ വാക്യങ്ങൾ ആയി ക്രമീകരിച്ചത്, AD 1448 ൽ ഒരു യഹൂദ റബ്ബി ആയിരുന്ന നാഥൻ ആണ് (Nathan). 1555 ൽ നാഥൻ ന്റെ വാക്യങ്ങളുടെ
ക്രമീകരണം ഉപയോഗിച്ച്, റോബെർട്ട് സ്റ്റീഫാനസ് പഴയനിയമവും പ്രസിദ്ധീകരിച്ചു.
1382 ൽ പ്രസിദ്ധീകരിച്ച
വൈക്ലിഫ്സ് ബൈബിൾ (Wycliffe's Bible) ആണ് ആദ്യമായി ഇംഗ്ലീഷിൽ അദ്ധ്യായങ്ങൾ തിരിച്ചുള്ള ക്രമീകരണം ഉപയോഗിച്ചത്.
അദ്ധ്യായങ്ങളും വാക്യങ്ങളും തിരിച്ച ആദ്യത്തെ ഇംഗ്ലീഷ് വേദപുസ്തകം 1560 ൽ
പ്രസിദ്ധീകരിച്ച ജനീവ ബൈബിൾ ആണ് (Geneva Bible).
അതിന് ശേഷം എല്ലാ വേദപുസ്തക പരിഭാഷകളും ഈ ക്രമീകരണം ഉപയോഗിക്കുന്നു.
വിധിക്കരുത്
റോമർ 2:1 ആം വാക്യം, റോമർ
ഒന്നാം അദ്ധ്യായത്തിന്റെ തുടർച്ചയാണ്. പൌലൊസ്, റോമർക്ക് എഴുതിയ ലേഖനം
അദ്ധ്യായങ്ങളായോ, വാക്യങ്ങളായോ വിഭജിക്കാതെ ആണ് എഴുതിയത്. അതിനാൽ 2:1 ലെ, “അതുകൊണ്ടു”
എന്നത്, ഒന്നാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ തുടർച്ചയാണ്.
ഈ വാക്യം മറ്റുള്ളവരെ വിധിക്കുന്നതിനെതിരെയുള്ള ഒരു
മുന്നറിയിപ്പാണ്. 2:1 ലെ “അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ” എന്നതിൽ, ക്രിസ്തീയ
വിശ്വാസികൾ, കൂടെയുള്ള വിശ്വാസികളെ അവരുടെ കുറവുകളുടെ
അടിസ്ഥാനത്തിൽ വിധിക്കുന്നതു സൂചിപ്പിക്കുന്നു. അവർ ശരിയും തെറ്റും നിർവചിക്കുകയും,
അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായി ചിലരെ മാറ്റിനിറുത്തുകയും
ചെയ്യുന്നു.
അവർ വിധിക്കുന്നതു, മറ്റുള്ളവർ രക്ഷിക്കപ്പെടുന്നതിന്
മുമ്പ് ചെയ്ത അധർമ്മ പ്രവർത്തികളെ ആണോ, അതോ അതിന് ശേഷവും
തുടരുന്ന പാപ പ്രവർത്തികളെ ആണോ എന്നതിന് ഇവിടെ വ്യക്തയില്ല. കൊരിന്തിലെ സഭയിൽ,
രക്ഷിക്കപ്പെടുന്നതിന് മുമ്പ് ചെയ്തിരുന്ന അധർമ്മ പ്രവർത്തികൾ,
ചിലർ അതിന് ശേഷവും തുടർന്നിരുന്നതായി പൌലൊസിന്റെ കൊരിന്ത്യർക്കുള്ള
ലേഖനത്തിൽ നിന്നും മനസ്സിലാക്കാം. പൌലൊസ് അതിനെ തർജ്ജനം ചെയ്യുന്നുണ്ട്. എന്നാൽ
റോമിലെ സഭയിൽ അതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റോമർക്ക് എഴുതിയ ലേഖനത്തിൽ
പറയുന്നില്ല. അതിനാൽ, ജാതികളിൽ നിന്നും വിശ്വാസത്തിലേക്ക്
വന്നവർ, അതിന് മുമ്പ് അവർ ചെയ്തിട്ടുള്ള അധർമ്മ
പ്രവർത്തികളാൽ, യഹൂദന്മാരാൽ വിധിക്കപ്പെട്ടിരുന്നു എന്നു
അനുമാനിക്കാം. 2 ആം അദ്ധ്യായത്തിലെ തുടർന്നുള്ള വാദങ്ങൾ വായിച്ചാൽ ഈ അനുമാനം
ശരിയാണ് എന്നു തോന്നും. എന്നാൽ ഇത് ഈ വാക്യങ്ങളിൽ വ്യക്തമല്ല.
ഈ വാക്യത്തിലെ “വിധിക്കുന്ന” എന്ന വാക്ക് മലയാള പരിഭാഷയിൽ നാല്
പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ “നീ നിന്നെത്തന്നെ കുറ്റം
വിധിക്കുന്നു” എന്ന വാചകത്തിൽ, “കുറ്റം വിധിക്കുന്നു” എന്നു
എഴുതുവാൻ പൌലൊസ് ഉപയോഗിച്ചത് വ്യത്യസ്തമായ ഒരു ഗ്രീക്ക് വാക്കാണ്. അതിനാൽ ഇംഗ്ലീഷിൽ
ഈ വാക്യത്തിൽ, “വിധിക്കുന്ന” എന്നു പറയുവാൻ, judgment എന്ന
പദവും, “കുറ്റം വിധിക്കുന്നു” എന്നതിന് condemn എന്ന പദവും
ആണ് ഉപയോഗിച്ചിരിക്കുന്നത്.
റോമർ 2:1
അതുകൊണ്ടു
വിധിക്കുന്ന (judges) ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു
പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ (judgment)
നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു (condemn); വിധിക്കുന്ന (judge) നീ അതു തന്നേ
പ്രവർത്തിക്കുന്നുവല്ലോ.
“അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ” എന്നതിലെ,
“വിധിക്കുന്ന” എന്നതിനും, “അന്യനെ വിധിക്കുന്നതിൽ” എന്നതിലെ “വിധിക്കുന്നതിൽ”
എന്നതിനും, “വിധിക്കുന്ന നീ അതു തന്നേ
പ്രവർത്തിക്കുന്നുവല്ലോ” എന്നതിലെ “വിധിക്കുന്ന” എന്നതിനും ഉപയോഗിച്ചിരിക്കുന്ന
ഗ്രീക്ക് വാക്ക്, “ക്രീനോ” എന്നതാണ് (krinō, kree'-no). “നീ
നിന്നെത്തന്നെ കുറ്റം വിധിക്കുന്നു” എന്നതിൽ പൌലൊസ് ഉപയോഗിച്ചത്,
“കറ്റാക്രീനോ” എന്ന ഗ്രീക്ക് വാക്കാണ് (katakrinō, kat-ak-ree'-no). ഈ രണ്ട് വാക്കുകളും പരസ്പരം ബന്ധപ്പെട്ട പദങ്ങൾ ആണ്. അർത്ഥവും ഏകദേശം
ഒന്നുതന്നെയാണ്. എന്നാൽ ചെറിയ വ്യത്യാസം ഉണ്ട്. “ക്രീനോ” എന്ന വാക്കിന്, ശരിയോ
തെറ്റോ എന്നു വിധിക്കുക എന്നാണ് അർത്ഥം (to pronounce an opinion
concerning right and wrong). “കറ്റാക്രീനോ” എന്ന വാക്കിന്റെ
അർത്ഥം, “കുറ്റം വിധിക്കുക” എന്നാണ്. ഒരു വ്യക്തിക്ക് അയാൾ തെറ്റുകാരൻ ആയതിനാൽ അർഹമായ
ശിക്ഷ നല്കുക എന്നും അർത്ഥം ഉണ്ട്. ഈ ശിക്ഷാവിധി ന്യായമായത് ആണ് (to judge
worthy of punishment).
അതായത് പൌലൊസ് എഴുതിയതിന്റെ ആശയം ഇതാണ്: നമ്മൾ മറ്റൊരു വിശ്വാസിയെ,
അദ്ദേഹത്തിന്റെ ജീവിതത്തിലെ, മുമ്പ് ഉണ്ടായിരുന്നതോ, ഇപ്പോൾ ഉള്ളതോ ആയ കുറവുകൾ
ചൂണ്ടിക്കാണിച്ചുകൊണ്ടു തെറ്റുകാരൻ എന്നു വിധിച്ചു, മാറ്റി നിറുത്തുമ്പോൾ, നമ്മൾ
നമ്മളെതന്നെ കുറ്റം വിധിക്കുന്നു. കാരണം അന്യന്റെ തെറ്റ് തന്നെ നമ്മളും
ചെയ്തിട്ടുണ്ട്. ചിലർ അതേ തെറ്റുകൾ ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. മറ്റൊരാൾ
കുറ്റക്കാരൻ ആയി തീരുവാൻ തക്കവണ്ണം ഒരു പ്രവർത്തി തെറ്റാണ് എങ്കിൽ, അതേ പ്രവർത്തി ചെയ്യുന്നവരും
കുറ്റക്കാർ ആണ്.
അങ്ങനെ എല്ലാവരിലും ഉള്ള അധാർമ്മികതയാണ് “അതുകൊണ്ടു” എന്ന
വാക്കുകൊണ്ട് പൌലൊസ് ഉദ്ദേശിക്കുന്നത്. “അതുകൊണ്ടു” എന്നത് ഇതിന് മുമ്പ്, ഇതേ
കത്തിൽ എഴുതിയ കാര്യങ്ങൾ ആണ്. അതെന്തെല്ലാം ആണ് എന്നു അൽപ്പമായി ഒരിക്കൽ കൂടി
നോക്കാം.
റോമർ 1:21 ആം വാക്യത്തിൽ പൌലൊസ് എഴുതി, “മനുഷ്യർ ദൈവത്തെ
അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്തില്ല. അക്ഷയനായ
ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി
മാറ്റിക്കളഞ്ഞു (2:13). അതിനാൽ, മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ
ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു. (1:18). അതുകൊണ്ടു ദൈവം
അവരെ അവരുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ
അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. (1:24). ഈ വക പ്രവൃത്തിക്കുന്നവർ
മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല
പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു. (1:32).
ഇതെല്ലാം യഹൂദന്മാരുടെയും, ജാതികളായവരുടെയും ഇടയിൽ നിലനിന്നിരുന്ന
അധർമ്മ പ്രവർത്തികൾ ആയിരുന്നു. ഇതിൽ
യഹൂദനും, ജാതീയനും വ്യത്യാസമില്ല. എല്ലാവരും ഒരുപോലെ അധർമ്മവും അനീതിയും അഭക്തിയും
ഉള്ളവർ ആയിരുന്നു. അതിനാൽ അതിന്റെ പേരിൽ ആരും മറ്റൊരാളിനെ കുറ്റം വിധിക്കുകയോ, വേർതിരിച്ച്
നിറുത്തുകയോ ചെയ്യരുതു. അങ്ങനെ കുറ്റം വിധിച്ചാൽ, അത് വിധിക്കുന്നവന് തന്നെ എതിരായ
തെളിവായി തീരും, അവന് “പ്രതിവാദം പറവാൻ ഇല്ല” എന്ന അവസ്ഥയിൽ ആകും. ഒരുവൻ, അവന് എതിരായി
തന്നെ കുറ്റം വിധിക്കുക ആയിരിക്കും.
ഈ വിഷയത്തെക്കുറിച്ചുള്ള പൌലൊസിന്റെ ഉപദേശം ഈ വാക്യം കൊണ്ടു
അവസാനിക്കുന്നില്ല. റോമർ ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച അഭക്തിയും അധർമ്മവും
പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു (rightly falls
- ESV) എന്നു പൌലൊസ് തുടർന്നു പറയുന്നു (2:2). അതായത് ദൈവത്തിന്റെ
വിധി ശരിയായയിട്ടുള്ളതാണ്. അതിനാൽ അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം ഒരുപോലെ
വിധിക്കും.
ഈ വാക്യങ്ങളിൽ മറ്റുള്ളവരെ വിധിക്കുന്നവർ ആരാണ് എന്നു
വ്യക്തമായി പൌലൊസ് പറയുന്നില്ല. അത് സ്വയം നീതീകരിക്കുന്നവർ ആയിരിക്കാം.
അല്ലെങ്കിൽ യഹൂദ ക്രിസ്ത്യാനികൾ ആയിരിക്കാം. അവർക്ക് ധാർമ്മിക ജീവിതം നയിക്കുവാൻ
ന്യായപ്രമാണം ഉണ്ട് എന്നതിൽ ആശ്രയിച്ചുകൊണ്ടു, അവർ ജാതികളിൽ നിന്നും വന്നവരെ
വിധിക്കുക ആയിരിക്കാം. എന്നാൽ തുടർന്നുള്ള വാക്യങ്ങളിൽ പൌലൊസ് ഈ വേർതിരിവ്
എടുത്തുകളയുന്നു. അതിനാൽ ഈ വാക്യങ്ങൾ യഹൂദനോടും ജാതീയരോടും ഒരുപോലെയുള്ള
ഉപദേശമാണ്. യഹൂദ ചരിത്രകാരനായിരുന്ന ജൊസിഫസ്, റോമിലെ ജാതികളുടെ ഇടയിൽ
നിലനിന്നിരുന്ന അധാർമ്മികത, യഹൂദന്മാരുടെ ഇടയിലും ഉണ്ടായിരുന്നു എന്നു
രേഖപ്പെടുത്തിയിട്ടുണ്ട് (Flavius Josephus, ജനനം, എ. ഡി. 37/38,
യെരൂശലേം – മരണം, എ. ഡി. 100, റോം). റോമർ
1:18 ൽ പൌലൊസ് പരാമർശിക്കുന്ന, “അനീതികൊണ്ടു സത്യത്തെ
തടുക്കുന്ന മനുഷ്യരുടെ” കൂട്ടത്തിൽ യഹൂദനും, ജാതീയനും ഉണ്ട്. അദ്ദേഹം അവിടെ യാതൊരു
വേർതിരുവും പറയുന്നില്ല.
ദൈവത്തിന്റെ കൃപ മനുഷ്യന്റെ പാപങ്ങളോടുള്ള സഹിഷ്ണതയല്ല, മനുഷ്യരെ
മാനസാന്തരത്തിലേക്ക് നയിക്കുന്ന ദയ ആണ് എന്നു റോമർ 2:3-5 വരെയുള്ള വാക്യങ്ങളിൽ
പൌലൊസ് ഓർമ്മിപ്പിക്കുന്നു. ഇത് തിരിച്ചറിയാതെ ദൈവം അവന്റെ ദയയാൽ പാപത്തെ ഗൌരവമായി
കണക്കാക്കുന്നില്ല എന്ന തെറ്റായ ചിന്തയിൽ ചിലർ ആയിരിക്കുന്നു. അവർ അവരുടെ ഹൃദയത്തെ
പാപത്താൽ കഠിനമാക്കുന്നു. ദൈവ കൃപയെ നിഷേധിക്കുന്നവർക്ക് പ്രതിവാദം പറയുവാൻ
ഇല്ലാതെ പോകുന്നു. അതിനാൽ ആരും ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യവും സമ്പന്നതയും നിരസിക്കരുത്. “ഐശ്വര്യം”
എന്നത് ഇംഗ്ലീഷിൽ “സമ്പന്നത” എന്നാണ് (2:4, the
riches of his kindness and forbearance and patience – ESV).
ദൈവത്തിന്റെ ദയയെ നിരസിക്കുന്നവർ ദൈവ കോപത്തെ സംഭരിച്ചു
വയ്ക്കുന്നു. എന്നാൽ മറ്റുള്ളവരെ വിധിക്കുകയും, സ്വയം അതേ തെറ്റുകളിൽ ഹൃദയ
കാഠിന്യത്താൽ അനുതാപമില്ലാതെ ഇരിക്കുകയും, ചെയ്താൽ, അങ്ങനെയുള്ളവർ, “ദൈവത്തിന്റെ
നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു” അവർക്ക് തന്നേ കോപം സ്വരൂക്കൂട്ടി
വയ്ക്കുന്നു (2:5).
റോമിലെ തത്ത്വജ്ഞാനികൾ ആയിരുന്ന ജാതീയർ ദാർശനിക പ്രകാരമുള്ള
സന്മാർഗ്ഗീക ജീവിതം നയിക്കുന്നവർ ആയിരുന്നു. യഹൂദന്മാർ, ദൈവത്താലുള്ള
തിരഞ്ഞെടുപ്പിലും, ന്യായപ്രമാണത്തിലും, ദൈവീക ഉടമ്പടിയിലും അഭിമാനം കൊണ്ടിരുന്നു.
ഇരുകൂട്ടരും, ദൈവീക ന്യായവിധിയിൽ നിന്നും അവർക്ക് രക്ഷയുണ്ട് എന്നു കരുതി. അതിനാൽ
അവർ മറ്റുള്ളവരെ വിധിക്കുന്നവർ ആയി.
എന്നാൽ പൌലൊസ് ഈ രണ്ടു ചിന്തകളേയും ദുരഹങ്കാരമായി കണ്ടു.
ഇങ്ങനെ ചിന്തിക്കുന്നവർ ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി (patience – ESV), എന്നിവയുടെ
സമ്പന്നതയെ നിരസിക്കുന്നു. ദൈവം അവരെ ന്യായം വിധിക്കും എന്ന സത്യത്തെ അവർ അവഗണിക്കുന്നു.
മറ്റുള്ളവരെ ന്യായം വിധിക്കും എന്നു അവർ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ അവരെ മാനസാന്തരത്തിലേക്ക്
നടത്തുവാനാണ് ദൈവം ദയ കാണിക്കുന്നത്. ദൈവത്തിന്റെ ദയ, പാപത്തിൽ ജീവിക്കുവാനുള്ള അനുവാദം
അല്ല. മാനസാന്തരപ്പെടാത്തവർ ദൈവത്തിന്റെ കോപം ശേഖരിച്ചുവയ്ക്കുക ആണ്. അവർ “ദൈവത്തിന്റെ
നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു” അത് കൂട്ടിവയ്ക്കുന്നു.
പ്രവൃത്തിക്കു
തക്ക പ്രതിഫലം
റോമർ 2:6-11 വരെയുള്ള വാക്യങ്ങളിൽ മനുഷ്യന്റെ പ്രവർത്തിക്കു
തക്ക പ്രതിഫലം ദൈവത്തിൽ നിന്നും ലഭിക്കും എന്നു പൌലൊസ് എഴുതി. ഓരോരുത്തർക്കും അവനവന്റെ
പ്രവർത്തിക്കു തക്ക പകരം ലഭിക്കും (2:6). തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക്
നിത്യജീവൻ ലഭിക്കും (2:7, 8). ഇതിന് നല്ല പ്രവർത്തിക്കു വേണ്ടുന്ന സ്ഥിരത
ആവശ്യമാണ് (2:7). എന്നാൽ ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി പ്രവർത്തിക്കുന്നവർക്ക്
ദൈവ കോപവും ക്രോധവും ലഭിക്കും (2:8). തിന്മ പ്രവർത്തിക്കുന്ന ഏതു
മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും വരും (2:9). അത് ആദ്യം യെഹൂദനും പിന്നെ യവനനും
(ജാതീയർക്കും) വരും. നന്മ പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും
ലഭിക്കും (2:10). ഇതിൽ ദൈവത്തിന് യാതൊരു മുഖപക്ഷവും ഇല്ല (2:11).
2:6 ൽ ദൈവം “ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക
പകരം ചെയ്യും” എന്നു പൌലൊസ് പറയുന്നു. ഈ ദൈവീക വിധി തികച്ചും വ്യക്തിപരം
ആയിരിക്കും. അതായത് ഒരുവന്റെ കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ, നന്മകളും,
കുറവുകളും ദൈവം ഒരുവനെ വിധിക്കുന്നതിൽ കണക്കിടുകയില്ല.
2:7-8 വാക്യങ്ങളിൽ “നല്ല
പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും
അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും
ക്രോധവും കൊടുക്കും.” എന്നു പൌലൊസ് എഴുതി. ഇവിടെ
പൌലൊസ് സങ്കീർത്തനം 62:12, സദൃശ്യവാക്യങ്ങൾ 24:12 എന്നീ വാക്യങ്ങളുടെ
അടിസ്ഥാനത്തിൽ ഒരു സാർവ്വലൌകീക സത്യം പറയുകയാണ്.
സങ്കീർത്തനം 62:12
കർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു
തക്കവണ്ണം പകരം നല്കുന്നു.
സദൃശ്യവാക്യങ്ങൾ 24:12
ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ
ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു
തക്കവണ്ണം പകരം കൊടുക്കയില്ലയോ?
“നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും
മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും,” ലഭിക്കും. ഇവിടെ
നീതി പ്രവർത്തികളാൽ നിത്യജീവൻ ലഭിക്കും എന്നാണ് പൌലൊസ് പറയുന്നത്. ഇത് പൌലൊസ് റോമർ
2:13 ൽ വിശദീകരിക്കുന്നുണ്ട്.
ലേവ്യപുസ്തകം
18:5
ആകയാൽ എന്റെ
ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ
അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
എന്നാൽ പ്രവർത്തികളാൽ നിത്യജീവൻ പ്രാപിക്കുവാൻ തക്കവണ്ണം “നല്ല
പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു” ജീവിക്കുവാൻ മനുഷ്യന് കഴിയുക ഇല്ല. അതിനാൽ
ദൈവം അവന്റെ പാപത്തിനും, “ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി
അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.” ഇത് റോമർ 3:12, 23 എന്നീ
വാക്യങ്ങളിൽ പൌലൊസ് വ്യക്തമാക്കുന്നുണ്ട്.
റോമർ 3:12
എല്ലാവരും
വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ
ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
പൌലൊസിന്റെ ഈ പ്രസ്താവന, അതിന്റെ
സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാൽ ആശയക്കുഴപ്പം ഉണ്ടാക്കുവാൻ
ഇടയുണ്ട്. ഈ സന്ദർഭത്തിൽ അധർമ്മം പ്രവർത്തിക്കുന്നവരെ ദൈവം വിധിക്കും എന്ന വാദമാണ്
പൌലൊസ് പറഞ്ഞുകൊണ്ടിരിക്കുന്നത് (2:3). എല്ലാവരും പാപം ചെയ്യുന്നതിൽ ഒരുപോലെ
കുറ്റക്കാർ ആണ്. അതിനാൽ ദൈവത്തിന്റെ വിധിയിൽ നിന്നും ആർക്കും തെറ്റി ഒഴിയുവാൻ
കഴിയുകയില്ല. 2:3 ൽ “ആവക പ്രവർത്തിക്കുന്നവരെ വിധിക്കയും അതു തന്നേ
പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു
നിനെക്കുന്നുവോ?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതായത് ഒരു മനുഷ്യനും ദൈവീക വിധിയിൽ
നിന്നും തെറ്റി ഒഴിയുവാൻ കഴിയുകയില്ല. ഈ സന്ദർഭത്തിലാണ്, “നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും
അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി
അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.” എന്നു പൌലൊസ് പറയുന്നത്
(2:7-8).
ഒരുവന്റെ പ്രവർത്തികൾ അടിസ്ഥാനമാക്കി ദൈവം വിധിച്ചാൽ,
ആർക്കും രക്ഷ പ്രാപിക്കുവാൻ സാദ്ധ്യമല്ല, എന്ന വാദത്തിന്റെ ആരംഭ വാക്കുകൾ ആണിത്.
തുടർന്നുള്ള വാക്യങ്ങളിൽ, മനുഷ്യന്റെ നല്ല പ്രവർത്തിക്കു അവന്റെ പാപത്തിന്റെ
പരിഹാരം ആകുവാൻ കഴിയുകയില്ല, എന്നു പൌലൊസ് വ്യക്തമാക്കുന്നുണ്ട്. ആരെങ്കിലും. “നല്ല
പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും” അന്വേഷിച്ചാൽ,
അവർക്ക് അതിനാൽ നിത്യജീവൻ ലഭിക്കും (2:7-8). എന്നാൽ ഒരു മനുഷ്യനും അവന്റെ
പ്രവർത്തികളാൽ നിത്യജീവൻ പ്രാപിക്കുവാൻ കഴിയുക ഇല്ല എന്നു പൌലൊസ് റോമർ 2:13, 3:12,
23 എന്നീ വാക്യങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
റോമർ 3:23
ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു
ഇല്ലാത്തവരായിത്തീർന്നു,
2:6 ൽ “അവൻ (ദൈവം) ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു
തക്ക പകരം ചെയ്യും” എന്നത് പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഒരുവൻ നീതീകരിക്കപ്പെടും
എന്നല്ല. പ്രവർത്തികളാൽ ഒരുവന് പാപത്തിന്റെ
ശിക്ഷയിൽ നിന്നും രക്ഷിക്കപ്പെടുവാനോ, നീതീകരണം പ്രാപിക്കുവാനോ കഴിയുക ഇല്ല. ഇത്
പൌലൊസ് തുടർന്നുള്ള വാക്യങ്ങളിലും, അദ്ധ്യായങ്ങളിലുമായി വ്യക്തമാക്കുന്നുണ്ട്. ദൈവ
കൃപയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷയും നീതീകരണവും എന്നതാണ്
പൌലൊസിന്റെ സുവിശേഷം. ഈ വാദം റോമർ ഒന്നാം അദ്ധ്യായം മുതൽ പടിപടിയായി പൌലൊസ്
രൂപപ്പെടുത്തിയെടുക്കുകയാണ്. അതിനാൽ റോമർക്ക് എഴുതിയ ലേഖനത്തിലെ ഒരു വാക്യത്തെയോ,
വാക്കിനെയോ, ലേഖനത്തിന്റെ മൊത്തം ആശയത്തിന്റെ പിൻബലമില്ലാതെ വ്യാഖ്യാനിക്കരുത്.
2:7-8 വാക്യങ്ങളിൽ, “നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത
പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും” ലഭിക്കും
എന്നു പൌലൊസ് എഴുതി. ഈ വാക്യവും, രക്ഷയും നീതീകരണവും പ്രവർത്തികളാൽ ലഭിക്കും എന്ന
ചിന്ത അല്ല. രക്ഷയ്ക്കായുള്ള നമ്മളുടെ ഏക
പ്രത്യാശ ദൈവത്തിന്റെ കൃപയിലും കരുണയിലും മാത്രംആണ്. യേശുക്രിസ്തുവിൽഉള്ള വിശ്വാസം
മൂലം മാത്രമേ ഒരുവന് രക്ഷ പ്രാപിക്കുവാൻ കഴിയൂ. റോമർ 1:17 ൽ “ദൈവത്തിന്റെ
നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ
വിശ്വാസത്താൽ ജീവിക്കും” എന്നു അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. “വിശ്വാസം
ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും” എന്നു പറഞ്ഞാൽ, ആദിയോടന്തം, സകലതും
വിശ്വാസം മാത്രം ആണ് എന്നാണ്. വിശ്വാസത്താൽ മാത്രമാണ് ഒരുവൻ
നീതീകരിക്കപ്പെടുന്നത്.
2:9, 10 വാക്യങ്ങളിൽ, “ആദ്യം യെഹൂദന്നും പിന്നെ യവനന്നും” എന്നു പൌലൊസ് എഴുതിയിരിക്കുന്നതിൽ, യഹൂദന് മുൻ സ്ഥാനവും ജാതീയർക്ക് ശേഷവും എന്ന ആശയം വായിക്കുന്നവർ ഉണ്ട്. റോമർ 1:16 ലും “ആദ്യം യെഹൂദന്നും പിന്നെ യവനവന്നും” എന്നു പൌലൊസ് പറയുന്നുണ്ട്. ഇത് സുവിശേഷീകരണത്തിൽ അപ്പൊസ്തലന്മാർ പിന്തുടർന്നിരുന്ന ക്രമം ആയിരിക്കാം. ഈ ക്രമം തന്നെ ഇവിടെയും അദ്ദേഹം പറയുന്നു. എന്നാൽ 11 ആം വാക്യം പറയുന്നത്, “ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ” എന്നാണ്. അതിനാൽ ഈ വാക്യങ്ങളുടെ ആശയം, യഹൂദനും, യവനനും ഒരുപോലെ അവരവരുടെ പ്രവർത്തികൾക്ക് തക്കവണ്ണം കഷ്ടവും സങ്കടവും, മഹത്വവും മാനവും സമാധാനവും ലഭിക്കും എന്നാണ്. “ആദ്യം യെഹൂദന്നും” എന്നു പറയുവാനുള്ള ഒരു കാരണം, യഹൂദൻ ദൈവത്തിൽ നിന്നും ന്യായപ്രമാണം ലഭിച്ചവൻ ആണ് എന്നതാകാം. സുവിശേഷം ആദ്യം ലഭിച്ചതും യഹൂദന് ആണ്.
യഹൂദനെയും
യവനനെയും ഒരുപോലെ വിധിക്കും
റോമർ 2:12-16 വരെയുള്ള വാക്യങ്ങളിൽ, ദൈവം ന്യായപ്രമാണം
ലഭിച്ച യഹൂദനെയും, ന്യായപ്രമാണം ഇല്ലാത്ത ജാതീയരെയും ഒരുപോലെ ന്യായം വിധിക്കുന്നതു
എങ്ങനെയാണ് എന്നു പൌലൊസ് വിശദീകരിക്കുന്നു. ന്യായപ്രമാണം ഇല്ലാതെയും മനുഷ്യർക്ക്
പാപം ചെയ്യാം. അങ്ങനെയുള്ളവർ ന്യായപ്രമാണം കൂടാതെ വിധിക്കപ്പെടും, അവർ
ന്യായപ്രമാണം കൂടാതെ നശിച്ചുപോകും (2:12). അവരുടെ നിത്യമായ ശിക്ഷാവിധി ന്യായപ്രമാണത്തിൽ
അടിസ്ഥാനമാക്കിയുള്ളത് അല്ല. എന്നാൽ, ന്യായപ്രമാണം ഉണ്ടായിട്ടു
പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും (2:12).
ലേവ്യപുസ്തകം
18:5
ആകയാൽ എന്റെ
ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ
അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
2:12 ആം വാക്യം മുതൽ, ന്യായപ്രമാണം യഹൂദന് രക്ഷയാകുകയില്ലയോ
എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പൌലൊസ് പറയുന്നത്. ഇതിന് മറുപടിയായി അദ്ദേഹം
മനുഷ്യരെ മൊത്തമായി രണ്ടു വിഭാഗമായി തിരിക്കുന്നു. റോമർ 2:7-8 വാക്യങ്ങളിൽ
മനുഷ്യരെ രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ വിഭാഗം, “നല്ല
പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും
അന്വേഷിക്കുന്നവർ” ആണ്. അവർക്ക് നിത്യജീവൻ ലഭിക്കും (2:7). രണ്ടാമത്തെ വിഭാഗം, “തിന്മ
പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും” എന്നതാണ്. അവർക്ക് കഷ്ടവും സങ്കടവും ഉണ്ടാകും
(2:8). 2:12 മുതലുള്ള വാക്യങ്ങളിൽ സകല മനുഷ്യരെയും വീണ്ടും രണ്ടായി തിരിക്കുന്നു.
ഇത്, “ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ” എന്നും, “ന്യായപ്രമാണം ഉണ്ടായിട്ടു പാപം
ചെയ്തവർ” എന്നുമാണ്. “ന്യായപ്രമാണം” എന്നത് കൊണ്ടു പൌലൊസ് ഉദ്ദേശിക്കുന്നത്,
സീനായ് പർവ്വതത്തിൽ വച്ച്, മോശെ മുഖാന്തരം, ദൈവം, യിസ്രായേൽ ജനത്തിന് നല്കിയ പ്രമാണങ്ങളെക്കുറിച്ചാണ്.
ഈ രണ്ടു കൂട്ടരും “പാപം ചെയ്തവർ” എന്നാണ് പൌലൊസ് വിശേഷിപ്പിക്കുന്നത്. ഇവരല്ലാതെ
മൂന്നാമതൊരു കൂട്ടർ ഇല്ല. പാപം ചെയ്യാത്തവർ എന്നൊരു വിഭാഗം ഇല്ല. ന്യായപ്രമാണം
ഇല്ലാതെ പാപം ചെയ്തവർ ജാതീയർ ആണ്. അവരുടെ പാപം നിമിത്തം അവർ “ന്യായപ്രമാണം കൂടാതെ
നശിച്ചുപോകും”. ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവർ യിസ്രായേൽ ജനം ആണ്. അവരുടെ
പാപം നിമിത്തം, അവരും “ന്യായപ്രമാണത്താൽ വിധിക്കപ്പെടും.” കാരണം
ദൈവത്തെക്കുറിച്ചുള്ള അറിവ്, “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ
അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ” സകല മനുഷ്യർക്കും ഒരുപോലെ
വെളിപ്പെട്ടിരിക്കുന്നു.
റോമർ 1:19-20
ദൈവത്തെക്കുറിച്ചു
അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു
വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി
അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു
തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു
പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
അതായത്, യഹൂദനും ജാതീയരും ഒരുപോലെ ദൈവത്തെക്കുറിച്ചുള്ള
അറിവ് വെളിപ്പെട്ടിരിക്കുന്നു. എങ്കിലും അവർ രണ്ടു കൂട്ടരും പാപം
ചെയ്തിരിക്കുന്നു. ദൈവത്തിന് യഹൂദൻ എന്നോ, ജാതീയർ എന്നോ മുഖപക്ഷം ഇല്ല. അതിനാൽ സകല
മനുഷ്യരും ഒരുപോലെ ദൈവത്താൽ വിധിക്കപ്പെടും.
ന്യായപ്രമാണം കേൾക്കുന്നവൻ അല്ല, അത് അനുസരിക്കുന്നവർ ആണ്
നീതീകരിക്കപ്പെടുന്നത് (2:13). അതായത് ന്യായപ്രമാണം ഉണ്ട് എങ്കിലും, ഇല്ല എങ്കിലും,
ദൈവീക പ്രമാണങ്ങൾ അനുസരിക്കുന്നവർ നീതീകരിക്കപ്പെടും. ഇത് എങ്ങനെയാണ് എന്നു പൌലൊസ്,
റോമർ 2:14-15 വരെയുള്ള വാക്യങ്ങളിൽ വിശദീകരിക്കുന്നു.
ജാതീയർക്ക് ദൈവം ന്യായപ്രമാണം നല്കിയിട്ടില്ല. യഹൂദന്
മാത്രമേ ദൈവത്തിൽ നിന്നും ന്യായപ്രമാണം ലഭിച്ചിട്ടുള്ളൂ. എന്നാൽ ന്യായപ്രമാണം
നല്കിയിട്ടില്ല എന്ന കാരണത്താൽ ജാതീയർക്ക് ദൈവീക ശിക്ഷാവിധിയിൽ നിന്നും ഒഴിവ്
പ്രാപിക്കുക സാദ്ധ്യമല്ല. കാരണം, ജാതീയർക്ക് സ്വഭാവികമായി, പ്രകൃത്യാ (by nature - ESV) ന്യായപ്രമാണത്തിലുള്ള പ്രമാണങ്ങൾ അനുസരിച്ചു
ജീവിക്കാം. അങ്ങനെ ജീവിക്കുമ്പോൾ അവർ, അവർക്കു തന്നെ ഒരു ന്യായപ്രമാണം
ആയിതീരുന്നു. അവരുടെ മനസ്സാക്ഷി സാക്ഷ്യം പറയുന്നു, അവരുടെ വിചാരങ്ങൾ കുറ്റം
ചുമത്തുകയോ, പ്രതിവാദിക്കുകയോ ചെയ്യുന്നു. അങ്ങനെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിൽ
എഴുതിയിരിക്കുന്നതായി കാണിക്കുന്നു. മനുഷ്യന്റെ മനസാക്ഷിയും, ഹൃദയ വിചാരങ്ങളും
ന്യായപ്രമാണത്തിന്റെ സ്ഥാനം നിർവഹിക്കുന്നു (2:14-15). 2:16 ൽ എപ്പോൾ ദൈവീക വിധി
ഉണ്ടാകും എന്നു പൌലൊസ് പറയുന്നു. അത്, ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ
രഹസ്യങ്ങളെ ന്യായം വിധിക്കുന്ന നാളിൽ തന്നേ. ഇത് പൌലൊസ് പ്രസംഗിക്കുന്ന സുവിശേഷ
പ്രകാരം സംഭവിക്കും. അതായത് യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിച്ചു എല്ലാ
മനുഷ്യരെയും ഒരുപോലെ ന്യായം വിധിക്കുന്ന ഒരു നാൾ ഭാവിയിൽ ഉണ്ടാകും.
ഒരുവൻ യഹൂദൻ ആണ് എന്നതിനാൽ, അവന് ദൈവ ക്രോധത്തിൽ നിന്നും
രക്ഷയുണ്ട് എന്നൊരു തെറ്റിദ്ധാരണ ചിലരുടെ മനസ്സിൽ ഉണ്ടായിരുന്നു. ഇവരെക്കുറിച്ചാണ്
പൌലൊസ് “ന്യായപ്രമാണം കേൾക്കുന്നവരല്ല” എന്നു ഉദ്ദേശിക്കുന്നത്. അതായത് ഒരു യഹൂദൻ
കുട്ടിക്കാലം മുതൽ തന്നെ ന്യായപ്രമാണം കേൾക്കുന്നവൻ ആണ്. എന്നാൽ കേൾക്കുന്നു
എന്നത് കൊണ്ടു മാത്രം രക്ഷ പ്രാപിക്കുകയില്ല. “ന്യായപ്രമാണം ആചരിക്കുന്നവരത്രേ
നീതികരിക്കപ്പെടുന്നതു.” എന്നു അദ്ദേഹം എഴുതി (2:13). അതായത് ന്യായപ്രമാണം
പൂർണ്ണമായി തികഞ്ഞ രീതിയിൽ അനുസരിക്കുന്നവൻ, “അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ
ജീവിക്കും”. (ലേവ്യപുസ്തകം 18:5). എന്നാൽ ആർക്കും ന്യായപ്രമാണം തികവോടെ
അനുസരിക്കുവാൻ കഴിഞ്ഞില്ല. യേശുക്രിസ്തുവിനെ മശീഹയായി സ്വീകരിക്കുവാൻ യഹൂദ ജനത്തെ
ഒരുക്കുക എന്ന ദൌത്യമേ ന്യായപ്രമാണം നിർവ്വഹിച്ചുള്ളൂ.
2:14-15 വാക്യങ്ങളിൽ പൌലൊസ് പറയുന്നത്, “ന്യായപ്രമാണമില്ലാത്ത
ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ” ചെയ്യുന്നു, എന്നാണ്. അതായത് ജാതീയർ
അവരുടെ പ്രകൃത്യായുള്ള സ്വഭാവത്താൽ, ന്യായപ്രമാണത്തിലെ പല പ്രമാണങ്ങളും
പാലിക്കുന്നുണ്ട്. ഇത് അവരുടെ ഹൃദയങ്ങളിൽ ദൈവം പ്രമാണങ്ങളെ എഴുതിയിരിക്കുന്നത്
കൊണ്ടാണ്. ഇത് അവരുടെ മനസ്സാക്ഷി, ഹൃദയ വിചാരങ്ങൾ, എന്നിവയിലൂടെ അവരെ
ബോധ്യപ്പെടുത്തുന്നു. അങ്ങനെ അവരുടെ മനസാക്ഷി തന്നെ അവർക്ക് ന്യായപ്രമാണം ആകുന്നു.
ഇതിന്റെ അർത്ഥം, സ്വന്തം മനസാക്ഷി അനുസരിച്ചു ജീവിക്കുന്നു എന്നു അവകാശപ്പെടുന്നവർ
അതിനാൽ രക്ഷിക്കപ്പെടും എന്നല്ല. ജാതീയരും ചില ദൈവീക പ്രമാണങ്ങൾ
അനുസരിക്കുന്നുണ്ട് എന്നാണ് പൌലൊസ് ഉദ്ദേശിക്കുന്നത്.
യഥാർത്ഥ
യഹൂദൻ
2:17-29 വരെയുള്ള വാക്യങ്ങളിൽ ഒരു യഥാർത്ഥ യഹൂദൻ ആരാണ്
എന്നും, ന്യായപ്രമാണം, പരിച്ഛേദന, എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പൌലൊസിന്റെ
കാഴ്ചപ്പാട് എന്താണ് എന്നും വിശദീകരിക്കുന്നു. 17-24 വരെയുള്ള വാക്യങ്ങളിൽ യഹൂദനും
ന്യായപ്രമാണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. യഹൂദന്മാർ
ന്യായപ്രമാണത്തിൽ നിന്നും പഠിച്ചവരും, അതിൽ ആശ്രയിച്ചു ജീവിക്കുന്നവരും ദൈവത്തിൽ
പ്രശംസിക്കുന്നവരും ആണ്. ന്യായപ്രമാണത്തിൽ നിന്നും അവർ ദൈവത്തിന്റെ ഇഷ്ടം
അറിഞ്ഞും, ഭേദാഭേദങ്ങൾ വിവേചിച്ചും കൊണ്ടു ജീവിക്കുന്നു. അവർ ജ്ഞാനത്തിന്റെയും
സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നും ഗ്രഹിച്ചിരിക്കുന്നു. അതിനാൽ ദൈവീക
പ്രമാണങ്ങളിൽ അജ്ഞർ ആയവരെ വഴിനടത്തുവാൻ അവർക്ക് കഴിയും. ഇരുട്ടിലുള്ളവർക്ക് വെളിച്ചം
നൽകുവാനും, മൂഢരെ പഠിപ്പിക്കുവാനും, ആത്മീയ ശിശുക്കളെ ഉപദേശിക്കുവാനും അവർക്ക്
കഴിയും. എന്നാൽ, അന്യനെ ഉപദേശിക്കുന്ന യഹൂദൻ, അവനെതന്നെ ഉപദേശിക്കുകയും വേണം.
മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്നവൻ മോഷ്ടിക്കരുതു. വ്യഭിചാരം ചെയ്യരുതു എന്നു
ഉപദേശിക്കുന്നവൻ അത് ചെയ്യരുതു. വിഗ്രഹങ്ങളെ വെറുക്കുന്നവൻ ക്ഷേത്രം കവർച്ച ചെയ്തു
സമ്പത്ത് ഉണ്ടാക്കരുത്. ന്യായപ്രമാണത്തിൽ പ്രശംസിക്കുന്നവൻ അതിനെ ലംഘിക്കരുത്.
അങ്ങനെ ചെയ്താൽ അത് ദൈവത്തെ അപമാനിക്കുന്നത് ആകും. നിങ്ങൾ നിമിത്തം ദൈവത്തിന്റെ
നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടരുത്. 2:24
ആമത്തെ വാക്യം, യെശയ്യാവ് 52:5 ന്റെ സെപ്റ്റുഅജെന്റ് (Septuagint) പരിഭാഷയുടെ ഉദ്ധരണിയാണ്. യേഹേസ്കേൽ 36:20-23 ലും സമാനമായ ആശയം ഉണ്ട്.
റോമർ 2:24
“നിങ്ങൾ നിമിത്തം
ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു
എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാവ് 52:5
ഇപ്പോഴോ എന്റെ
ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തുചെയ്യേണ്ടു എന്നു
യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ
അരുളിച്ചെയ്യുന്നു.
ഈ വാക്യത്തിന്റെ അവസാന ഭാഗം, സെപ്റ്റുഅജെന്റ് പരിഭാഷയിൽ
ഇങ്ങനെയാണ്: “നിങ്ങൾ നിമിത്തം എന്റെ നാമം എല്ലായ്പ്പോഴും ജാതികളുടെ
ഇടയിൽ ദുഷിക്കപ്പെടുന്നു”. ("On account of you my name is
continually blasphemed among the Gentiles." “blasphemeitai
en tois ethnesin”, Brenton's English translation by Sir
Lancelot Charles Lee Brenton, 1844).
യേഹേസ്കേൽ 36:22
അതുകൊണ്ടു നീ
യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന
എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നതു.
ശത്രുക്കളാൽ യഹൂദ ജനം പരാജയപ്പെടുകയും, പീഡീപ്പിക്കപ്പെടുകയും
ചെയ്തിരുന്ന ഒരു കാലത്താണ് യെശയ്യാവും, യേഹേസ്കേലും ഈ ദൂതുകൾ അറിയിക്കുന്നത്.
യിസ്രായേലിന്റെ ദൈവം, ശത്രുക്കളുടെ ദൈവത്തെക്കാൾ ബലഹീനൻ ആണ് എന്നു ജാതീയ ജനം
പറഞ്ഞു, പരിഹസിച്ചു. അങ്ങനെ അവരുടെ ഇടയിൽ ദൈവ നാമം ദുഷിക്കപ്പെടുകയും,
അശുദ്ധമാക്കപ്പെടുകയും ചെയ്തു.
2:17-24 വരെയുള്ള വാക്യങ്ങളിൽ റോമിലെ സഭയിലെ
സാഹചര്യത്തെക്കുറിച്ച് ആയിരിക്കാം പൌലൊസ് പറയുന്നത്. ജാതിയരിൽ നിന്നും
വിശ്വാസത്തിലേക്ക് വരുന്നവർ ശിശുക്കളെപ്പോലെ ദൈവ കാര്യങ്ങളിൽ അജ്ഞർ ആയിരിക്കും.
അവരെ ദൈവീക കാര്യങ്ങൾ അറിയാവുന്ന യഹൂദ ക്രിസ്ത്യാനികൾക്ക് ആത്മീയ മർമ്മങ്ങൾ
പഠിപ്പിക്കാം. ഇതിന് താല്പര്യമുള്ള യഹൂദ ക്രൈസ്തവരും അവിടെ ഉണ്ടായിരുന്നു എന്നു
അനുമാനിക്കാം. എന്നാൽ അങ്ങനെയുള്ളവർ അവർ പഠിപ്പിക്കുന്ന പ്രമാണങ്ങളോട്
സത്യസന്ധതയുള്ളവർ ആയിരിക്കേണം എന്നാണ് പൌലൊസ് ഉപദേശിക്കുന്നത്.
ഒരു യഹൂദൻ ആയിരിക്കുന്നതിന്റെ മൂന്ന് മേന്മകൾ ആണ് പൌലൊസ്
2:17 മുതൽ വിവരിക്കുന്നത്. അവ ഇതെല്ലാം ആണ്. ഒന്നാമതായി, അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട
യിസ്രായേൽ ജനതയിലെ ഒരു അംഗമാണ്.
ആവർത്തനം 7:6
നിന്റെ ദൈവമായ
യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള
സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ
യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
രണ്ടാമതായി അവന് “ന്യായപ്രമാണത്തിൽ ആശ്രയിച്ചും”
ജീവിക്കുവാൻ കഴിയും (റോമർ 2:17). ന്യായപ്രമാണം ദൈവ ഹിതപ്രകാരം ഈ ഭൂമിയിൽ
എങ്ങനെയാണ് ജീവിക്കേണ്ടത് എന്നു പഠിപ്പിക്കുന്നു. അത് പ്രവർത്തികളാൽ നീതീകരണം
പ്രാപിക്കുവാനുള്ള മാർഗ്ഗം ആണ്. ന്യായപ്രമാണം യിസ്രായേൽ ജനത്തിന് മാത്രമേ
ലഭിച്ചിട്ടുള്ളൂ. ദൈവം ഈ ഭൂമിയിലെ മറ്റൊരു ജന വിഭാഗത്തിനും ഇങ്ങനെയൊരു പ്രമാണം
നല്കിയിട്ടില്ല.
മൂന്നാമതായി, ന്യായപ്രമാണത്തിൽ ആശ്രയിച്ചു ജീവിക്കുന്ന ഒരു
യിസ്രായേല്യന്, ദൈവത്തിൽ പ്രശംസിക്കുവാൻ കഴിയും (2:18). അതായത്, അവർ ഏക സത്യ
ദൈവത്തിൽ വിശ്വസിക്കുന്നവർ ആണ് എന്നു ഒരു യഹൂദന് പ്രശംസിക്കാം. അവർ ദൈവത്തിന്റെ
സ്വന്ത ജനമാണ് എന്ന സവിശേഷ ഉണ്ട്. ഒരു യഹൂദൻ ന്യായപ്രമാണം പഠിക്കുന്നതിലൂടെ
ദൈവത്തിന്റെ ഹിതം എന്താണ് എന്നു മനസ്സിലാക്കുന്നു (2:18).
ഇത്രയും പറഞ്ഞതിന്നു ശേഷം, ന്യായപ്രമാണം പഠിക്കുവാൻ
അവസരമുള്ള യഹൂദന്റെ യഥാർത്ഥ ജീവിതം എങ്ങനെയാണ് എന്നു പൌലൊസ് ചൂണ്ടിക്കാണിക്കുന്നു.
അവരും പാപത്തിൽ ജീവിക്കുന്നു (റോമർ 3:12, 23). അതിനാൽ അവർ ദൈവത്താൽ
വിധിക്കപ്പെടുകയില്ല എന്ന ധാരണ തെറ്റാണ് എന്നു പൌലൊസ് വാദിക്കുന്നു.
ന്യായപ്രമാണം പഠിച്ചതിനാൽ ഒരു യഹൂദന്, ദൈവീക
പ്രമാണത്തെക്കുറിച്ച് കുരുടനായ ഒരുവന് വഴികാട്ടുവാൻ കഴിയും (2:19). അവന് ഇരുട്ടിലുള്ളവർക്കു
വെളിച്ചമായയും, മൂഢരെ പഠിപ്പിക്കുന്നവനായും, ആത്മീയ ശിശുക്കൾക്കു ഉപദേഷ്ടാവുമായയും
പ്രവർത്തിക്കുവാൻ കഴിയും (2:20). അതായത്, സത്യ ദൈവം ആരാണ്, ദൈവീക പ്രമാണത്തിൽ
ജീവിക്കേണ്ടത് എങ്ങനെയാണ് എന്നിങ്ങനെ മറ്റുള്ളവരെ പഠിപ്പിക്കുവാൻ ഒരു യഹൂദന്
കഴിയും.
എന്നാൽ, ദൈവീക പ്രമാണങ്ങൾ എല്ലാം ഒരു യഹൂദൻ
അനുസരിക്കുന്നുണ്ടോ എന്നൊരു ചോദ്യം പൌലൊസ് 2:21 മുതലുള്ള വാക്യങ്ങളിൽ ഉയർത്തുന്നു.
“ഹേ,
അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ
ഉപദേശിക്കാത്തതു എന്തു?” എന്നാണ് അദ്ദേഹത്തിന്റെ
യഹൂദന്മാരോടുള്ള ചോദ്യം. അവരുടെ വീഴ്ചയുടെ മൂന്ന് ഉദാഹരണങ്ങൾ പൌലൊസ് എടുത്തു
പറയുന്നു. മോഷ്ടിക്കരുതു, വ്യഭിചാരം ചെയ്യരുതു, വിഗ്രഹങ്ങളെ ആരാധിക്കരുത് എന്നു
പഠിപ്പിക്കുന്ന യഹൂദൻ ഈ മൂന്ന് കാര്യങ്ങളിലും തെറ്റിയിരിക്കുന്നു 92;21-22).
2:22 ലെ “വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച
ചെയ്യുന്നുവോ?” എന്ന ചോദ്യത്തിലെ, യഹൂദൻ എങ്ങനെയാണ് ക്ഷേത്രം കവർച്ച
ചെയ്തിരുന്നത് എന്നു വ്യക്തമല്ല. അതിന് വിശദീകരമോ, ചരിത്ര തെളിവുകളോ ഇല്ല. ഇതിന്
രണ്ടു സാധ്യമായ വിശദീകരണങ്ങൾ ആണ് ഉള്ളത്. ഒന്ന്, ദൈവാലയത്തിന് നൽകേണ്ടുന്ന
വഴിപാടും, ദശാംശവും അവർ കൃത്യമായി നൽകിയില്ല.
മലാഖി 3:8
മനുഷ്യന്നു
ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു.
എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു.
ദശാംശത്തിലും വഴിപാടിലും തന്നേ.
രണ്ടാമതായി, ദൈവാലയത്തിലെ ആരാധനയെയും, യാഗങ്ങളെയും, അവർ
ഗൌരമായും ക്രമമായും നടത്തുന്നില്ല. അങ്ങനെ ആലയത്തെക്കുറിച്ച് അലംഭാവം ഉള്ളവർ
ആയിരിക്കുന്നു. ഇതിൽ ഏതാണ് പൌലൊസ് ഉദ്ദേശിച്ചത്, അതോ മറ്റേതെങ്കിലും വിഷയമാണോ
എന്നു വ്യക്തയില്ല.
പൌലൊസിന്റെ ഉദ്ദേശ്യം ഇതാണ്. ന്യായപ്രമാണം പഠിപ്പിക്കുന്ന
യഹൂദൻ, അത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നു. അതിനാൽ, ന്യായപ്രമാണ
പ്രകാരമുള്ള നീതീകരണം അവന് ദൈവ സന്നിധിയിൽ ലഭിക്കുകയില്ല. യഹൂദാനും, ന്യായപ്രമാണത്തിന്
വെളിയിലുള്ള ഒരു മാർഗ്ഗത്തിലൂടെ രക്ഷ ആവശ്യമുണ്ട്.
റോമർ 3:10
“നീതിമാൻ
ആരുമില്ല. ഒരുത്തൻ പോലുമില്ല.
യെശയ്യാവ് 52:5 ആം വാക്യം ഉദ്ധരിച്ചുകൊണ്ടു, യിസ്രായേൽ ജനം,
കാരണം ജാതികളുടെ ഇടയിൽ ദൈവത്തിന്റെ നാമം ദുഷിക്കപ്പെടുന്നു, എന്നു 2:24 ൽ പൌലൊസ്
എഴുതി. ന്യായപ്രമാണം ലംഘിക്കുന്നതിലൂടെയാണ് ദൈവ നാമം ദുഷിക്കപ്പെടുന്നത്. അങ്ങനെ
ന്യായപ്രമാണം തന്നെ യഹൂദന്റെ ശിക്ഷാവിധിക്ക് കാരണമായി തീരുന്നു.
ഇവിടെ ഇന്നത്തെ ക്രിസ്തീയ വിശ്വസിക്കും ഒരു സന്ദേശം ഉണ്ട്.
യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ ലംഘിക്കുന്നതിലൂടെ ക്രിസ്തീയ വിശ്വാസികളിൽ ഒരു
കൂട്ടർ, ജാതികളുടെ ഇടയിൽ അവന്റെ നാമം ദുഷിക്കപ്പെടുവാൻ ഇടയാക്കുന്നു.
റോമർ 2:25-29 വരെയുള്ള വാക്യങ്ങളിൽ പൌലൊസ്, ന്യായപ്രമാണം, പരിച്ഛേദന,
എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ന്യായപ്രമാണം ആചരിക്കുന്നവർക്ക് പരിച്ഛേദന
പ്രയോജനം ഉള്ളത് എന്നത് സത്യം ആണ്. എന്നാൽ ന്യായപ്രമാണം ലംഘിക്കുന്ന ഒരുവൻ പരിച്ഛേദന
ഏറ്റാലും അവൻ അഗ്രചർമ്മിയായി കണക്കാക്കപ്പെടും. അവന് പരിച്ഛേദനകൊണ്ട് യാതൊരു
പ്രയോജനവും ഇല്ല. ഈ വാദത്തിന് ഒരു മറുവശം കൂടെ പൌലൊസ് പറയുന്നു. ഒരു അഗ്രചർമ്മിയായ
ജാതീയൻ, ന്യായപ്രമാണം പ്രമാണിച്ചാൽ അവനെ പരിച്ഛേദനക്കാരൻ എന്നു കണക്കാക്കാം. ശാരീരികമായി
(physically - ESV) അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ടിക്കുന്നു
എങ്കിൽ, എഴുതപ്പെട്ട പ്രമാണങ്ങളും (the written code - ESV) പരിച്ഛേദനയും
ഉള്ള, എന്നാൽ പ്രമാണ ലംഘിയായ യഹൂദനെ അവൻ വിധിക്കുകയില്ലയോ? (2:27).
2:25 ആം വാക്യം മുതൽ, യഹൂദന്റെ പരിച്ഛേദനയ്ക്ക് ഒരു സവിശേഷതയും ഇല്ലയോ എന്ന
ചോദ്യത്തിനുള്ള ഉത്തരമാണ്. അബ്രാഹാമിനോടുള്ള ദൈവീക കൽപ്പന പ്രകാരം,
അദ്ദേഹവുമായുള്ള ഉടമ്പടിയുടെ അടയാളം ആയിട്ടാണ് യിസ്രായേൽ ജനം പരിച്ഛേദന ഏൽക്കുന്നത്.
ഉൽപ്പത്തി 17:9-12
ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്റെശേഷം
തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും
നിന്റെശേഷം നിന്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ
നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. നിങ്ങളുടെ അഗ്രചർമം
പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന
ഏൽക്കേണം;
ഈ ഉടമ്പടി പ്രകാരം അബ്രാഹാമിന്റെ
സന്തതി പരമ്പരകൾ ആയ യിസ്രായേൽ ജനം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനമായി
കണക്കാക്കപ്പെടും. അതിനാൽ പരിച്ഛേദന ഏൽക്കുന്ന എല്ലാ യഹൂദനും രക്ഷിക്കപ്പെടുകയും,
നീതീകരിക്കപ്പെടുകയും ചെയ്യും എന്നു അവർ വിശ്വസിച്ചു. ന്യായപ്രമാണത്തെ ലംഘിച്ചാൽ
പോലും അവർ ദൈവീക ശിക്ഷാവിധിക്ക് വിധേയമാകുകയില്ല എന്നും അവർ വിശ്വസിച്ചു. യാഗങ്ങളും
മറ്റ് ആചാരങ്ങളും അവരുടെ രക്ഷയെ ഉറപ്പാക്കിക്കൊള്ളും.
പൌലൊസ് ഈ വാദത്തെ തള്ളിക്കളയുന്നു.
എന്നാൽ അദ്ദേഹം പരിച്ഛേദനയെ പൂർണ്ണമായി തള്ളിക്കളയുന്നില്ല. “നീ (യഹൂദൻ)
ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം” എന്നാണ് അദ്ദേഹം
എഴുതിയത് (2:25). എന്നാൽ ന്യായപ്രമാണം ലഘിച്ചാൽ പരിച്ഛേദന അർത്ഥശൂന്യമാകും എന്നു
പൌലൊസ് വാദിച്ചു. “ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന
അഗ്രചർമ്മമായിത്തീർന്നു.” (2:25). അതായത് ന്യായപ്രമാണം ലംഘിക്കുന്ന പരിച്ഛേദന ഏറ്റ
യഹൂദൻ, പരിച്ഛേദന സ്വീകരിക്കാത്ത ജാതീയർക്ക് തുല്യൻ ആണ്.
26-27 വാക്യങ്ങളിൽ പൌലൊസ് പറയുന്നത്, പരിച്ഛേദന ഒരുവനെ
പാപത്തിൽ നിന്നും വിടുവിക്കുന്നില്ല എന്നാണ്. പരിച്ഛേദനക്കാരനും പ്രമാണ ലംഘകൻ
ആകാം. എന്നാൽ, പരിച്ഛേദന ഏൽക്കാത്ത ഒരുവന് ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിച്ചു
ജീവിക്കുവാൻ കഴിയും.
ഇവിടെ പൌലൊസ് ഉന്നയിക്കുന്ന പ്രധാന ചോദ്യം, ദൈവീക പ്രമാണം
അനുസരിച്ചു ജീവിക്കുന്നത് ആണോ, ജഡത്തിലുള്ള പരിച്ഛേദന ആണോ പ്രാധാനം എന്നതാണ്. ഒരു
മനുഷ്യൻ ദൈവീക പ്രമാണം അനുസരിച്ചു ജീവിക്കുന്നതാണ് അവനെ നീതിയ്ക്ക്
യോഗ്യനാക്കുന്നത്.
ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്ന അഗ്രചർമ്മക്കാരനായ
ജാതീയൻ, പരിച്ഛേദന ഏറ്റവനെപ്പോലെ കണക്കാക്കപ്പെടും എന്നത് യഹൂദനെ ഞെട്ടിക്കുന്ന
ഒരു പ്രസ്താവനയാണ്. തുടർന്നു വരുന്ന അദ്ധ്യായങ്ങളിൽ, യഹൂദനും, ജാതീയനും ഒരുപോലെ
ന്യായപ്രമാണം പൂർണ്ണമായി അനുസരിച്ചു ജീവിക്കുവാൻ കഴിയില്ല എന്നു പൌലൊസ്
പറയുന്നുണ്ട്. അതിന്റെ അർത്ഥം എല്ലാ മനുഷ്യരും ദൈവ ക്രോധത്തിന് അർഹരാണ്. അതിനാൽ
രക്ഷ, ന്യായപ്രമാണത്തിൽ അല്ല. മറ്റൊരു മാർഗ്ഗത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു
(റോമർ 3:23-26).
പരിച്ഛേദന രക്ഷയ്ക്ക് തുണയാകുകയില്ല എന്ന പൌലൊസിന്റെ വാദം,
വിശാല അർത്ഥത്തിൽ, മതപരമായ യാതൊരു ആചാരവും രക്ഷയ്ക്ക് കാരണം ആകുകയില്ല എന്നു
മനസ്സിലാക്കാവുന്നതാണ്. ഒരു മത ആചാരവും പാലിച്ച് ദൈവവുമായി നിരപ്പ് പ്രാപിക്കുവാൻ
കഴിയുകയില്ല. ദൈവവുമായി മനുഷ്യരെ നിരപ്പിലാക്കുവാൻ യേശുക്രിസ്തുവിന്റെ ക്രൂശിലെ
യാഗത്തിന് മാത്രമേ കഴിയൂ.
2:27 ആം വാക്യത്തിൽ ആഗ്രചർമ്മിയായ ജാതീയൻ പരിച്ഛേദനയുള്ള
യഹൂദനെ വിധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നു പൌലൊസ് ചൂണ്ടിക്കാണിക്കുന്നു. പരിച്ഛേദന
ഏൽക്കാത്ത ജാതീയൻ, ന്യായപ്രമാണം പാലിച്ച് ജീവിക്കുന്നു എങ്കിൽ, അവൻ പരിച്ഛേദന സ്വീകരിച്ച,
എന്നാൽ ന്യായപ്രമാണ ലംഘകൻ ആയ യഹൂദനെ വിധിക്കും. ഇവർ തമ്മിലുള്ള വ്യത്യാസം
പരിച്ഛേദന അല്ല, ന്യായപ്രമാണം അനുസരിച്ചുവോ എന്നതാണ്.
റോമർ 2:28-29 വാക്യങ്ങളിൽ, പൌലൊസ്, യഹൂദനും
പരിച്ഛേദനയും തമ്മിലുള്ള ബന്ധത്തെ പുനർ നിർവചിക്കുന്നു. പരിച്ഛേദന, ദൈവവും
അബ്രാഹാമും തമ്മിലുള്ള ഉടമ്പടിയുടെ, ശാരീരികമായ അടയാളം ആയിരുന്നു (ഉൽപ്പത്തി
17:9-12). എന്നാൽ പരിച്ഛേദനകൊണ്ടു മാത്രം ഒരുവൻ യഥാർത്ഥ യിസ്രായേല്യൻ ആകുന്നില്ല.
അവൻ പരിച്ഛേദന ഏൽക്കുകയും, ഒപ്പം ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുകയും വേണം. ജഡപ്രകാരം
യഹൂദൻ ആയവൻ യഥാർത്ഥ യഹൂദൻ അല്ല. ജഡത്തിലുള്ള പരിച്ഛേദന, യഥാർത്ഥ പരിച്ഛേദനയും
അല്ല. ഹൃദയപ്രകാരം യഹൂദൻ ആയവനാണ് യഥാർത്ഥ യഹൂദൻ. എഴുതപ്പെട്ട പ്രമാണ പ്രകാരം ഉള്ള
പരിച്ഛേദനയല്ല, പരിശുദ്ധാത്മാവിനാൽ സംഭവിക്കുന്ന ഹൃദയത്തിന്റെ പരിച്ഛേദനയാണ്
യഥാർത്ഥ പരിച്ഛേദന. ഇങ്ങനെ അകമേ പരിച്ഛേദന ഏറ്റവന്, ദൈവത്താൽ പുകഴ്ച (praise
- ESV) ലഭിക്കും.
ഇതിനെക്കുറിച്ച് ഗാലാത്യർക്ക് എഴുതിയ ലേഖനത്തിലും പൌലൊസ് പറയുന്നുണ്ട്.
ഗലാത്യർ 5:3
പരിച്ഛേദന
ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ
കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.
പഴയനിയമ പ്രവാചകന്മാരും, ജഡത്തിന്റെ പരിച്ഛേദന അല്ല,
ഹൃദയത്തിന്റെ പരിച്ഛേദനയാണ് യഥാർത്ഥ പരിച്ഛേദന എന്നു ഉപദേശിച്ചിട്ടുണ്ട്. മോശെയുടെ
വാക്കുകൾ ആവർത്തനത്തിലും, യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു, യിരേമ്യാവിലും
നമ്മൾ വായിക്കുന്നു.
ആവർത്തനം 10:16
ആകയാൽ നിങ്ങൾ
നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ
ദുശ്ശാഠ്യമുള്ളവരാകരുതു.
യിരേമ്യാവ് 4:4
യെഹൂദാപുരുഷന്മാരും
യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം
എന്റെ കോപം തീപോലെ ജ്വലിച്ചു ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു
നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം
നീക്കിക്കളവിൻ.
പരിശുദ്ധാത്മാവാണ് ഹൃദയത്തിന്റെ പരിച്ഛേദന സാധ്യമാക്കുന്നത്.
അവൻ ദൈവീക പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുവാൻ, രക്ഷിക്കപ്പെട്ട ജനത്തെ
പ്രാപ്തരാക്കുന്നു. ദൈവ പ്രമാണം അനുസരിച്ചു ജീവിക്കുന്ന ഏവനും യഹൂദൻ ആണ്. അവൻ
ജഡപ്രകാരമുള്ള ഒരു വംശാവലിയിൽ ജനിക്കേണം എന്നില്ല. അവന്റെ ശരീരത്തിൽ പരിച്ഛേദന
ആവശ്യമില്ല. എന്നാൽ അവന്റെ ഹൃദയം പരിച്ഛേദന ചെയ്യപ്പെട്ടത് ആയിരിക്കേണം. അവന്
അബ്രാഹാമിന്റെ സന്തതികൾക്കുള്ള, വാഗ്ദത്തപ്രകാരമുള്ള അനുഗ്രഹങ്ങൾ ലഭിക്കും.
ഗലാത്യർ 3:29
ക്രിസ്തുവിന്നുള്ളവർ
എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
റോമർ 9:6-8
ആമേൻ. ദൈവവചനം
വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം
യിസ്രായേല്യർ എന്നും, അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല;
“യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു
വിളിക്കപ്പെടും” എന്നേയുള്ളു. അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല
ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ
സന്തതി എന്നു എണ്ണുന്നു.
യഥാർത്ഥ യഹൂദൻ ആരാണ് എന്നത്, അവന്റെ ഹൃദയം കൊണ്ടു
ദൈവത്തോടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കപ്പെടുന്നത് (2:28). ഒരുവന്റെ
അകമേയുള്ള പരിച്ഛേദന തികവുള്ളത് ആകുമ്പോൾ, അവന് ദൈവത്താൽ പുകഴ്ച ലഭിക്കും (2:29). ഇതേ
പ്രമാണം ക്രിസ്തീയ വിശ്വസിക്കും ബാധകമാണ്. പുറമെയുള്ള ആചാരങ്ങൾ അല്ല ഒരുവനെ
ക്രിസ്തുവിന്റെ ശിഷ്യൻ ആക്കുന്നത്, അകമേയുള്ള ക്രിസ്തുവിലുള്ള വിശ്വാസം ആണ് ഒരുവനെ
യഥാർത്ഥ ക്രിസ്തു ശിഷ്യനാക്കുന്നത്.
സംഗ്രഹം
2 ആം അദ്ധ്യായത്തിലെ പൌലൊസിന്റെ വാദങ്ങളുടെ സംഗ്രഹം
ഇങ്ങനെയാണ്: ഒരുവൻ മറ്റൊരുവനെ വിധിക്കുമ്പോൾ അവനെ തന്നെയാണ് വിധിക്കുന്നതു. കാരണം
എല്ലാവരും അഭക്തിയിലും അധർമ്മത്തിലും ജീവിക്കുന്നു. അധർമ്മം എല്ലാവരിലും രക്ഷിക്കപ്പെട്ടതിന്
ശേഷവും ഉണ്ട്. അതിനാൽ, ഒരു മനുഷ്യനും ദൈവമുമ്പാകെ പ്രതിവാദം ചെയ്യുവാൻ
ന്യായീകരണങ്ങൾ ഇല്ല. കാരണം എല്ലാവരും ഒരുപോലെ പാപം ചെയ്തിരിക്കുന്നു. അഭക്തിയും,
അനീതിയും പ്രവർത്തിക്കുന്ന എല്ലാവരേയും മുഖഭേദം കൂടാതെ ദൈവം വിധിക്കും. ദൈവ കൃപയെ
ആരും പാപം ചെയ്യുവാനുള്ള ഒഴിവായി കണക്കാക്കേണ്ടതില്ല. ദൈവം പാപത്തോട് സഹിഷ്ണത
കാണിക്കുകയോ, ഗണിക്കാതെ ഇരിക്കുകയോ ചെയ്യുന്നില്ല. ദൈവം സ്നേഹവാനായിരിക്കുമ്പോൾ
തന്നെ, അവൻ വിശുദ്ധനും, നീതീമാനും ആണ്. അതിനാൽ, ദൈവ കൃപയുടെ ഉദ്ദേശ്യം മനുഷ്യരെ
മാനസാന്തരത്തിലേക്ക് നയിക്കുക എന്നതാണ്.
ദൈവത്തിന്റെ വിധി പക്ഷാഭേദം കൂടാതെയുള്ളതാണ്.
ഓരോരുത്തർക്കും അവരവരുടെ പ്രവർത്തികൾക്ക് തക്കവണ്ണം ഉള്ള പ്രതിഫലമാണ് ദൈവം നല്കുക.
അതിൽ യാതൊരു മുഖപക്ഷവും ഇല്ല. യഹൂദനെ ന്യായപ്രമാണ പ്രകാരം വിധിക്കുമ്പോൾ, ജാതീയനെ
ന്യായപ്രമാണം കൂടാതെ വിധിക്കും. പ്രമാണ ലംഘകരെ എല്ലാവരെയും ഒരുപോലെ ന്യായം
വിധിക്കുകയും ചെയ്യും.
ന്യായപ്രമാണം കൂടാതെ തന്നെ ദൈവീക പ്രമാണങ്ങളെക്കുറിച്ച്
ജാതീയർക്ക് അറിയുവാൻ കഴിയും. ഒന്നാം അദ്ധ്യായത്തിൽ പൌലൊസ് ചൂണ്ടിക്കാണിച്ച
പ്രകാരം, ദൈവത്തിന്റെ സൃഷ്ടി ജാതീയർക്ക് അവനെക്കുറിച്ചുള്ള അറിവ് നല്കുന്നു.
അവരുടെ ഹൃദയങ്ങളിൽ “ന്യായപ്രമാണത്തിന്റെ പ്രവൃത്തി” (2:15) എഴുതപ്പെട്ടിട്ടുണ്ട്.
അവരുടെ മനസാക്ഷിയും, വിചാരങ്ങളും, അവരെ കുറ്റപ്പെടുത്തുകയും പ്രതിവാദിക്കുകയും
ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, ജാതീയരെ, ന്യായപ്രമാണം കൂടാതെ
വിധിക്കും.
യഹൂദന്മാർക്കു ന്യായപ്രമാണവും പരിച്ഛേദനയും ഉണ്ട്. എന്നാൽ
അവർ ന്യായപ്രമാണം അനുസരിക്കുന്നതിൽ പരാജയപ്പെടുന്നു. അങ്ങനെ അവർ ജാതികളുടെ ഇടയിൽ
ദൈവത്തിന്റെ നാമത്തെ ദുഷിക്കുന്നു. യഥാർത്ഥ പരിച്ഛേദന, ജഡപ്രകാരമുള്ളത് അല്ല, അത്
ആത്മാവിനാൽ സംഭവിക്കുന്ന ഹൃദയത്തിന്റെ
പരിച്ഛേദനയാണ്. ഹൃദയത്തിന്റെ പരിച്ഛേദനയുള്ളവനാണ് യഥാർത്ഥ യഹൂദൻ.




No comments:
Post a Comment