റോമർ, അദ്ധ്യായം 1

റോമർക്ക് എഴുതിയ ലേഖനം ഒന്നാം അദ്ധ്യായം, സുദീർഘമായ ഒരു കത്തിന്റെ മുഖവുരയും, എഴുത്തുകാരനെ സ്വയം പരിചയപ്പെടുത്തലും, മുഖ്യ വിഷയത്തിന്റെ അവതരണവും ആണ്. ഗ്രന്ഥകർത്താവിന്റെ ദൌത്യം, സുവിശേഷത്തിന്റെ കേന്ദ്ര വിഷയം, രക്ഷയക്കായുള്ള സുവിശേഷത്തിന്റെ ശക്തി, എന്നിവ ഈ അദ്ധ്യായത്തിലെ വിഷയങ്ങളാണ്. ലോകത്തിന്റെ അധാർമ്മികതയും, ദൈവത്തിന്റെ നീതിയും ഇവിടെ പ്രതിവാദിക്കപ്പെടുന്നു.  

യേശുക്രിസ്തുവിന്റെ ദാസൻ എന്ന നിലയിൽ ദൈവരാജ്യത്തിന്റെ സുവിശേഷം സകല മനുഷ്യരോടും, യഹൂദനോടും, ജാതീയരോടും, വിളംബരം ചെയ്യുക എന്നതാണ് അപ്പൊസ്തലനായ പൌലൊസിന്റെ ദൌത്യം. റോമാപട്ടണത്തിലും എത്തി അവിടെയും സുവിശേഷം നേരിൽ അറിയിക്കേണം എന്നു അദ്ദേഹം ആഗ്രഹിക്കുന്നു. സുവിശേഷം നിമിത്തം അദ്ദേഹം ലജ്ജിക്കുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസം മൂലം സകലർക്കും രക്ഷ പ്രാപിക്കുവാനുള്ള ദൈവ ശക്തിയാണ് സുവിശേഷം. ദൈവ ക്രോധം മനുഷ്യർക്ക് എതിരായി ഉള്ളതിനാൽ എല്ലാവരും രക്ഷ പ്രാപിക്കേണ്ടതുണ്ട്. പാപം നിമിത്തം മനുഷ്യർ സത്യ ദൈവത്തെ സൃഷ്ടാവും പരിപാലകനും ആയി അംഗീകരിക്കുന്നില്ല. അതിനാൽ അവർ സൃഷ്ടികളെ ആരാധിക്കുന്നു. ഇതിന്റെ ഫലമായി, ദൈവം മനുഷ്യരെ എല്ലാ മ്ലേച്ഛതകൾക്കുമായി ഏൽപ്പിച്ചുകൊടുത്തു. അങ്ങനെ സകല മനുഷ്യരിലും ദൈവ ക്രോധം ഉണ്ടായിരിക്കുന്നു. ഇതിന്റെ ന്യായവിധിയും ഭാവിയിൽ ഉണ്ടാകും. ഇതെല്ലാമാണ് ഒന്നാം അദ്ധ്യായത്തിലെ വിഷയങ്ങൾ.

 

വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ 

 

റോമർ 1:1-6 വരെയുള്ള വാക്യങ്ങൾ ഈ ലേഖനത്തിന് ഒരു മുഖവുരയാണ്. 1-2 വാക്യങ്ങളിൽ, പൌലൊസ് അദ്ദേഹത്തെ “അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്” എന്നു പരിചയപ്പെടുത്തുന്നു. അദ്ദേഹം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിനായി വേർതിരിച്ചു വിളിക്കപ്പെട്ടവാനാണ്.     

 

റോമർ 1:1-2

ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്  

 

ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു, ദൈവം അവന്റെ  പ്രവാചകന്മാർ മുഖാന്തരം വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിനായി, വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്, എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്.

 

ലേഖനത്തിന്റെ ഒന്നാമത്തെ വാചകത്തിൽ തന്നെ എഴുത്തുകാരൻ സ്വയം പരിചയപ്പെടുത്തുന്നതിന് ചരിത്രപരമായ ഒരു കാരണം ഉണ്ട്. ഒന്നാം നൂറ്റാണ്ടിൽ പ്രധാന രേഖകളും, കത്തുകളും എഴുതിയിരുന്നത്, പാപ്പിറസ് എന്ന വസ്തുവിലോ, പാർച്ച്മെന്റ് എന്ന വസ്തുവിലോ ആയിരുന്നു. (papyrus, parchment). അക്കാലത്ത് ഒരുതരം ഈറച്ചെടിയിൽ നിന്നും നിർമ്മിച്ചിരുന്ന പാപ്പിറസ് ആയിരുന്നു കൂടുതൽ പ്രചാരത്തിൽ. മൃഗങ്ങളുടെ ചർമ്മത്തിൽ നിന്നും നിർമ്മിക്കുന്ന പാർച്ച്മെന്റ്ഉം ഉപയോഗിക്കുമായിരുന്നു. എന്നാൽ കൂടുതൽ മെച്ചമായി പാർച്ച്മെന്റ് വികസിപ്പിച്ചത് പെർഗ്ഗമൊസ് എന്ന പട്ടണത്തിൽ, രണ്ടാം നൂറ്റാണ്ടിൽ ആണ് (Pergamum, ഇപ്പോഴത്തെ Bergama, Turkey), അന്നുമുതലാണ് ഒരു ചർമ്മപത്രത്തിന്റെ രണ്ട് വശങ്ങളിലും എഴുതുവാൻ ആരംഭിച്ചത്. പല ചർമ്മപത്രങ്ങൾ ഒരുമിച്ച് കൂട്ടിക്കെട്ടി ഒരു പുസ്തകം ആക്കിയതും ആ കാലം മുതലാണ്.  

 

2 തിമൊഥെയൊസ് 4:13 ൽ പൌലൊസ് ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ, ചർമ്മലിഖിതങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു പരാമർശം ഉണ്ട്.   

 

2 തിമൊഥെയൊസ് 4:13

ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.

 

ഈ വാക്യത്തിൽ “പുസ്തകങ്ങളും” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “ബീബ്ലിയൊൻ” എന്നതാണ് (biblion, bib-lee'-on). ഈ വാക്കിന്റെ അർത്ഥം, ഒരു ചെറിയ പുസ്തകം, ഒരു ചുരുൾ, എഴുതപ്പെട്ട ഒരു രേഖ, എന്നിങ്ങനെയാണ് (a small book, a scroll, a written document). “ചർമ്മലിഖിതങ്ങളും” എന്നതിന്റെ ഗ്രീക്ക് പദം, “മെംബ്രാന” എന്നാണ് (membrana, mem-bran'-ah). ഈ പദത്തിന്റെ അർത്ഥം, “പാർച്ച്മെന്റ്” എന്നാണ്. അത് എഴുതുവാനായി സംസ്കരിച്ചു എടുത്ത മൃഗങ്ങളുടെ തുകൽ ചുരുളുകൾ ആയിരുന്നു. ഈ രണ്ട് വാക്കുകളും ഒരു വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ, പൌലൊസ്, അക്കാലത്ത് കൂടുതൽ പ്രചാരത്തിൽ ഇരുന്ന പാപ്പിറസും, പ്രചാരത്തിൽ ആയിക്കൊണ്ടിരുന്ന പാർച്ച്മെന്റ്ഉം എഴുതുവാനും, വായിക്കുവാനും ഉപയോഗിച്ചിരുന്നു എന്നു മനസ്സിലാക്കാം.

 

പാപ്പിറസിലും പാർച്ച്മെന്റ് ലും എഴുതിയ രേഖകൾ ചുരുളുകൾ ആയാണ് ഒന്നാം നൂറ്റാണ്ടിൽ സൂക്ഷിച്ചു വച്ചിരുന്നത്. അത് നിവർത്തി നോക്കി വേണം വായിക്കുവാൻ. അതിനാൽ അത് എഴുതിയ വ്യക്തിയുടെ പേര് ഈ രേഖയുടെ ആദ്യം എഴുതുമായിരുന്നു. പേര് അവസാനം എഴുതിയാൽ, ചുരുൾ മുഴുവൻ നിവർത്താതെ എഴുതിയ വ്യക്തിയുടെ പേര് കണ്ടെത്തുവാൻ കഴിയുക ഇല്ലായിരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കുവാനായി, ഒന്നാമത്തെ വാചകത്തിൽ തന്നെ എഴുത്തുകാരന്റെ പേര് ഉണ്ടായിരിക്കും. സ്വീകർത്താവിനെക്കുറിച്ചും ആദ്യത്തെ വാചകങ്ങളിൽ തന്നെ പറഞ്ഞിരിക്കും. ഈ ശൈലി റോമർക്ക് എഴുതിയ ലേഖനത്തിലും നമുക്ക് കാണാം.

 

റോമർ 2 ആം വാക്യത്തിൽ പൌലൊസ് സ്വയം പരിചയപ്പെടുത്തുവാൻ ഉപയോഗിക്കുന്ന വിശേഷണങ്ങൾ ഇതെല്ലാം ആണ്:


1.     സുവിശേഷത്തിനായി വേർതിരിക്കപ്പെട്ടവൻ (set apart for the gospel of God)

2.   യേശുക്രിസ്തുവിനാൽ വിളിക്കപ്പെട്ട അപ്പൊസ്തലൻ (called to be an apostle)

3.   യേശുക്രിസ്തുവിന്റെ ദാസൻ (a servant of Christ Jesus)

 

പൌലൊസ് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനായി, മറ്റ് തത്വ ചിന്തകളിൽ നിന്നും, യഹൂദന്മാരുടെ ന്യായപ്രമാണത്തിന്റെ അനുസരണത്തിൽ നിന്നും, ക്രിസ്തുവിന്റെ സുവിശേഷത്തിനായി വേർതിരിക്കപ്പെട്ടവൻ ആണ്. അദ്ദേഹം യേശുക്രിസ്തുവിനാൽ അപ്പൊസ്തലനായി വിളിക്കപ്പെട്ടവൻ ആണ്, മനുഷ്യരാൽ അയക്കപ്പെട്ടവൻ അല്ല. എന്നന്നേക്കുമായി ക്രിസ്തുവിന്റെ ദാസൻ ആണ്.  

 

“വേർതിരിക്കപ്പെടുക” എന്ന വാക്ക് അക്കാലത്ത് ഉപയോഗിച്ചിരുന്നത് ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഒരു സമൂഹത്തിൽ നിന്നും ഒരുവനെ വേർതിരിക്കുന്നതിനെക്കുറിച്ച് പറയുവാൻ ആയിരുന്നു. അതൊരു നിയോഗം കൂടിയാണ്. ഇത് ഒരിക്കലായി എന്നന്നേക്കുമായി സംഭവിക്കുന്നു. ഇവിടെ “വേർതിരിച്ചു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “അഫരിദ്സൊ” എന്നാണ് (aphorizō, af-or-id'-zo). ഈ വാക്കിന്റെ അർത്ഥം, മറ്റുള്ളവരിൽ നിന്നും അടയാളപ്പെടുത്തി അതിരുകൾ നിശ്ചയിച്ചു വേർതിരിക്കുക, പരിമിതപ്പെടുത്തുക, വേർതിരിക്കുക എന്നിങ്ങനെയാണ് (to mark off from others by boundaries, to limit, to separate).

 

ബർന്നബാസിനെയും പൌലൊസിനേയും സുവിശേഷ വേലയ്ക്കായി വിളിച്ചപ്പോൾ, പരിശുദ്ധാത്മാവ് ഇതേ വാക്കാണ് ഉപയോഗിച്ചത്.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:2

അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ (aphorizō) എന്നു പരിശുദ്ധാത്മാവു പറഞ്ഞു.       

 

പൌലൊസ് ഗാലാത്യർക്ക് എഴുതിയ ലേഖനത്തിലും, മറ്റ് ചില അവസരങ്ങളിലും ഇതേ വാക്ക് അദ്ദേഹത്തെക്കുറിച്ച് പറയുവാൻ ഉപയോഗിച്ചിട്ടുണ്ട്.

 

ഗലാത്യർ 1:15

എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു (aphorizo) തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം

 

“പരീശൻ” എന്ന വാക്കിന്റെ അർത്ഥം “വേർതിരിക്കപ്പെട്ടവർ” എന്നാണ് (separated ones). അവർ വർത്തമാന കാല യഹൂദ സമൂഹത്തിൽ നിന്നും ന്യായപ്രമാണ പാലനത്തിനായി വേർതിരിക്കപ്പെട്ടവർ ആയിരുന്നു. മാനസാന്തരത്തിന് മുമ്പ് പൌലൊസും ഒരു യഹൂദ പരീശൻ ആയിരുന്നു. അവൻ യഹൂദ മത ന്യായപ്രമാണത്തിന്റെ മുന്നേറ്റത്തിനായി, മറ്റുള്ളവരിൽ നിന്നും വേർതിരിക്കപ്പെട്ടവൻ ആയിരുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ വിളിയാൽ, അവൻ സുവിശേഷത്തിനായി വേർതിരിക്കപ്പെട്ടവൻ ആയി.

 

പൌലൊസ് അദ്ദേഹത്തെ അപ്പൊസ്തലൻ എന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാൽ അദ്ദേഹം യേശുക്രിസ്തു ജീവിച്ചിരുന്നപ്പോൾ 12 ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നില്ല. ക്രിസ്തുവിന്റെ സുവിശേഷവും, ഉപദേശങ്ങളും ആധികാരികമായി പഠിപ്പിക്കുവാൻ അധികാരം ഉള്ളവരെയാണ് അപ്പൊസ്തലൻ എന്നു വിളിച്ചിരുന്നത്. അതിനായി യേശുക്രിസ്തു അവനെ അധികാരപ്പെടുത്തി. യേശുക്രിസ്തുവിന്റെ, മരണത്തിനും ഉയിർപ്പിനും ശേഷമാണ് പൌലൊസ് മാനസാന്തരപ്പെടുന്നതും, ക്രിസ്തുവിൽ നിന്നും ദൌത്യം സ്വീകരിക്കുന്നതും. പിന്നീട് മറ്റ് അപ്പൊസ്തലന്മാരും പൌലൊസിന്റെ അപ്പോസ്തോലിക ദൌത്യത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 9:15

കർത്താവു അവനോടു (അനന്യാസ്): നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

 

ഗലാത്യർ 2:7-9

നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.


യേശുക്രിസ്തുവിന്റെ ദാസൻ

 

യേശുക്രിസ്തുവിന്റെ ദാസൻ” എന്നതിലെ “ദാസൻ” എന്ന വാക്കിന്റെ ഗ്രീക്ക് പദം “ഡുലോസ്” എന്നാണ് (doulos, doo'-los). ഈ വാക്കിന്റെ അർത്ഥം, അടിമ, ബന്ധിക്കപ്പെട്ടമനുഷ്യൻ (അടിമ), ദാസ്യമായ അവസ്ഥയിൽ ഉള്ളയാൽ, എന്നിങ്ങനെയാണ് (a slave, bondman, man of servile condition). മറ്റൊരാളിന്റെ ഹിതപ്രകാരം ഉപയോഗിക്കപ്പെടേണ്ടതിനായി ഏൽപ്പിച്ചു കൊടുക്കുന്ന ഒരു വ്യക്തിയെയാണ് “ഡുലോസ്” എന്നു വിളിച്ചിരുന്നത്. ഇവിടെ പൌലൊസ്, അവന്റെ ഹിതപ്രകാരമുള്ള ജീവിതത്തെ പൂർണ്ണമായും ഉപേക്ഷിച്ചിട്ട്, യേശുക്രിസ്തുവിന്റെ ഹിതപ്രകാരം ഉള്ള ജീവിതത്തിനായി ഏൽപ്പിച്ചുകൊടുത്ത ദാസൻ ആണ്. പൌലൊസ് യേശുക്രിസ്തുവിനോട് സ്വയം ബന്ധിക്കപ്പെട്ട ദാസൻ ആയിരുന്നു.

 

ഒരു യജമാനന് കൊടുത്തു തീർക്കേണ്ടുന്ന ബാധ്യതയ്ക്കായി, അവന്നുവേണ്ടി വേല ചെയ്യുന്നവർ ആണ് ദാസന്മാർ അല്ലെങ്കിൽ അടിമകൾ. എന്നാൽ ബാധ്യത തീർത്തു എങ്കിലും, സ്വന്ത ഇഷ്ടത്താലും തിരഞ്ഞെടുപ്പിനാലും, യജമാനന്റെ ദാസനായി തുടരുവാൻ ഒരുവന് തീരുമാനിക്കാം, മറ്റേതൊരു യജമാനനെക്കാളും, അവന്റെ യജമാനൻ വിശേഷതയുള്ളവൻ എന്നു ഈ ദാസൻ മനസ്സിലാക്കി എന്നതിനാൽ ആണ് അവൻ അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. യജമാനന്റെ വീട്ടിലെ ജീവിതത്തെ, അതിന് വെളിയിലുള്ള ജീവിതത്തെക്കാൾ അവൻ ഏറെ ഇഷ്ടപ്പെടുന്നു. അവന്റെ ഈ തിരഞ്ഞെടുപ്പ് ജീവിതാവസാനം വരെ സൂക്ഷിക്കേണ്ടുന്ന തീരുമാനവും, സമർപ്പണവും ആണ്. യജമാനൻ മറ്റാരേക്കാളും നല്ലവനാണ് എന്നതിന്റെ സാക്ഷ്യം കൂടിയാണിത്. ഇത്തരം ദാസന്മാരെ ആണ് “ബന്ധിക്കപ്പെട്ട ദാസൻ” എന്നു വിളിക്കുന്നത് (ഗ്രീക്ക് – ഡുലോസ്, doulos).

 

ഒരു അടിമയ്ക്ക് സ്വന്തമായ ജീവിത പദ്ധതികൾ ഇല്ല, സമ്പത്തില്ല, ചിന്തകൾ ഇല്ല, ആരോഗ്യം ഇല്ല, സ്വാതന്ത്ര്യം ഇല്ല. യാതൊന്നും സ്വന്തമായിട്ടില്ല. എല്ലാം യജമാനന്റേത് ആണ്, യജമാനന്റെ ഹിതപ്രകാരം മാത്രം, അവന് വേണ്ടി മാത്രം ജീവിക്കുന്നവൻ ആണ് അടിമ. അടിമയുടെ ജീവിത പദ്ധതി തയ്യാറാക്കുന്നതും പ്രാവർത്തികമാക്കുന്നതും യജമാനൻ ആണ്. യജമാനന്റെ സ്വത്താണ് അടിമ കൈകാര്യം ചെയ്യുന്നത്. യജമാനൻ അവനുവേണ്ടി ചിന്തിച്ചുകൊള്ളും. യജമാനൻ നല്കുന്ന സ്വതന്ത്ര്യമാണ് അവന്റെ യഥാർത്ഥ സ്വാതന്ത്ര്യം.  

 

പൌലൊസ്, അവനെക്കുറിച്ചും, മറ്റ് ക്രിസ്തീയ വിശ്വാസികളെക്കുറിച്ചും പറയുവാൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഇത് യേശുക്രിസ്തുവും, വിശ്വാസികളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

 

വിളിക്കപ്പെട്ട വിശുദ്ധന്മാർ

 

റോമർ 1:3 ആം വാക്യം, ഈ ലേഖനത്തിന്റെ നേരിട്ടുള്ള സ്വീകർത്താക്കൾ റോമാ സഭയിലെ വിശ്വാസികൾ ആണ് എന്നു സൂചിപ്പിക്കുന്നു. 4 ആം വാക്യത്തിൽ, പൌലൊസ് റോമിലെ സഭയിലെ എല്ലാ വിശ്വാസികൾക്കും വന്ദനം ചൊല്ലുന്നു.

അവരുടെ മൂന്ന് സവിശേഷതകൾ അദ്ദേഹം എടുത്തു പറയുന്നു.


1.       അവർ ദൈവത്തിന് പ്രിയപ്പെട്ടവരാണ്

2.     രക്ഷയ്ക്കായി വിളിക്കപ്പെട്ടവർ ആണ്

3.     യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം വിശുദ്ധരാണ്

 

ദൈവത്തിന്റെ സുവിശേഷം

 

റോമർ 1:1-7 വരെയുള്ള വാക്യങ്ങളിൽ, പൌലൊസ്, ദൈവത്തിന്റെ സുവിശേഷം, റോമിലെ വിശ്വാസികളുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഈ വാക്യങ്ങളിൽ പൌലൊസ് പറയുന്നത് ഇതെല്ലാം ആണ്:


1.     സുവിശേഷം ദൈവം “വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം” ചെയ്തതാണ്.

 

ദൈവത്തിന്റെ സുവിശേഷം പുതിയ ഒരു ആശയം അല്ല, മനുഷ്യരുടെ സങ്കൽപ്പവും അല്ല. അത് പഴയനിയമ കാലത്തെ പ്രവാചകന്മാരിലൂടെ ദൈവം അറിയിച്ചതാണ്. ഗ്രീക്ക്-റോമൻ സമൂഹത്തിൽ പുതിയ തത്വ ചിന്തകൾ പ്രചരിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് പൌലൊസ് ഇത് പറയുന്നത്. ഗ്രീക്ക് ദാർശനികന്മാരുടെ ചിന്തകളിൽ നിന്നും സുവിശേഷം വേറിട്ടു നിൽക്കുന്നു. സുവിശേഷം ദൈവത്തിന്റെ ചിന്തയും, നിത്യമായ പദ്ധതിയും ആണ്.

 

അതായത് സുവിശേഷം, യേശുവോ, ശിഷ്യന്മാരോ, രൂപീകരിച്ചെടുത്ത സങ്കൽപ്പിക കഥയല്ല. അത് ദൈവത്തിന്റെ നിത്യമായ പദ്ധതിയാണ്. ഈ പദ്ധതി ദൈവം പഴയനിയമത്തിൽ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിട്ടുണ്ട്. അതിനാൽ യേശുക്രിസ്തുവിന്റെ സുവിശേഷം ഒരു പുതിയ സന്ദേശം അല്ല. അത് പഴയനിയമത്തിൽ പ്രവാചകന്മാർ മുഖാന്തരം ദൈവം അരുളിച്ചെയ്തതിന്റെ വ്യക്തമായ വെളിപ്പാടും, നിവർത്തിയും ആണ്. പൌലൊസ് ദൈവത്തിന്റെ സുവിശേഷത്തിന്റ സന്ദേശ വാഹകൻ മാത്രമാണ്.

 

യേശുക്രിസ്തുവിന്റെ സുവിശേഷം പഴയനിയമ പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തിരുന്നു എന്നത് പൌലൊസ് മറ്റ് ലേഖനങ്ങളിലും ആവർത്തിക്കുന്നുണ്ട്.

 

ഗലാത്യർ 3:8

എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

റോമർക്ക് എഴുതിയ ലേഖനത്തിൽ “ദൈവം” (God) എന്ന വാക്ക് 153 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതായത് ശരാശരി 46 വാക്യങ്ങളിൽ ഒരു പ്രാവശ്യം “ദൈവം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. “ന്യായപ്രമാണം” എന്ന പദം 72 പ്രാവശ്യവും, “ക്രിസ്തു” എന്ന വാക്ക് 65 പ്രാവശ്യവും, “പാപം” എന്നത് 48 പ്രാവശ്യവും, “കർത്താവ്” എന്ന പദം 43 പ്രാവശ്യവും, “വിശ്വാസം” എന്നത് 40 പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു. അതായത് റോമർക്ക് എഴുതിയ ലേഖനം ദൈവത്തെക്കുറിച്ചുള്ള ഒരു പുസ്തകം ആണ്. 

2.   സുവിശേഷം “തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു” ഉള്ളതാണ്.

പൌലൊസ് അറിയിക്കുന്ന സുവിശേഷം കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉള്ളതാണ്. സുവിശേഷത്തിന്റെ കേന്ദ്രം, സാന്മാർഗ്ഗീക ജീവിത പാഠം അല്ല, ന്യായപ്രമാണത്തിന്റെ വ്യാഖ്യാനങ്ങളും അല്ല. അത് യേശുക്രിസ്തു എന്ന ഒരു വ്യക്തിയെക്കുറിച്ച് ഉള്ളതാണ്. സുവിശേഷം യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ നല്ല ദൂത് ആണ്.   

 

3.   യേശുക്രിസ്തു, “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു.”

 

യേശുക്രിസ്തുവിന് ജഡപ്രകാരമുള്ള ഒരു വംശാവലിയും, ജനനവും ഉണ്ട്. അവൻ മനുഷ്യനായി ദാവീദിന്റെ വംശാവലിയിൽ ഈ ഭൂമിയിൽ ജനിച്ചു. യേശുക്രിസ്തു, ദൈവം ദാവീദിന് വാഗ്ദത്തം ചെയ്ത നിത്യ രാജാവാണ്.

 

2 ശമുവേൽ 7:16

നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

 

ലൂക്കോസ് 1:30-33

ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും, അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.

 

4.   അവൻ “ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽ”ക്കുകയും ചെയ്തു. അങ്ങനെ, “വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടു”.

 

യേശുക്രിസ്തു ദാവീദിന്റെ സന്തതി പരമ്പരയിൽ ജനിക്കുകയും, മരിക്കുകയും, ഉയിർത്തെഴുന്നേൽക്കുകയും, സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തതിനാൽ, യേശുക്രിസ്തു, ദൈവ പുത്രൻ എന്നു നിത്യമായി ശക്തിയോടെ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും” ചെയ്തവനാണ് യേശുക്രിസ്തു എന്നത്, അവൻ, ദൈവം വാഗ്ദത്തം ചെയ്ത ദാവീദിന്റെ സന്തതിയായ മശീഹയാണ് എന്നതിന്റെ തെളിവാണ്. ദാവീദിന്റെ സന്തതി എന്നത് അവൻ മനുഷ്യനായി ജനിച്ചു എന്നതിന്റെയും, മരിച്ചിട്ടു, ഉയിർത്തെഴുന്നേറ്റു എന്നത് അവൻ നിത്യനായ ദൈവപുത്രൻ എന്നതിന്റെയും തെളിവാണ്. ഉയിർപ്പ് യേശുക്രിസ്തു ദൈവപുത്രൻ എന്നതിന്റെ തെളിവാണ്. അതായത് യേശുക്രിസ്തു, ജഡപ്രകാരം മനുഷ്യൻ എന്നതും, ആത്മാവു സംബന്ധിച്ച്, നിത്യനായ ദൈവവും ആണ് എന്നത് പൌലൊസ് വ്യക്തമായി പ്രസ്താവിക്കുന്നു. 


5.   ഞങ്ങൾ അവന്റെ നാമത്തിന്നായി സകലജാതികളുടെയും (nations) ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും” പ്രാപിച്ചിരിക്കുന്നു.

 

പൌലൊസ് ദൈവ കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചിരിക്കുന്നത്, യേശുക്രിസ്തുവിന്റെ നാമത്തിന്നായി, സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനാണ്. ന്യായപ്രമാണപ്രകാരമുള്ള പ്രവർത്തികൾക്ക് അനുസരണം വരുത്തേണ്ടതിന് അല്ല, യേശുക്രിസ്തുവിന്റെ നാമത്തിലുള്ള വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനാണ് അവൻ അപ്പൊസ്തലത്വം പ്രാപിച്ചതു. സുവിശേഷം വെറുമൊരു സന്ദേശം മാത്രമല്ല, അത് യേശുക്രിസ്തുവിലുള്ള അനുസരണത്തിനായുള്ള ക്ഷണം കൂടിയാണ്.

 

റോമർ 1:6 ൽ രണ്ടു കാര്യങ്ങൾ പൌലൊസ് ഉറപ്പിച്ചു പറയുന്നു. ഒന്ന്, സുവിശേഷം സകല ജാതികളേയും അറിയിക്കേണ്ടത് ആകുന്നു. അത് “വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു” ആയിട്ടാണ്. ഇവിടെ വളരെ വ്യക്തമായി അദ്ദേഹം പറയുന്ന കാര്യം ഇതാണ്. ക്രിസ്തുവിന്റെ സുവിശേഷം യഹൂദന് മാത്രം ഉള്ളതല്ല, അത് ജാതീയർക്കും അവകാശപ്പെട്ടത് ആണ്. രണ്ടു, സുവിശേഷം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അനുസരണം ആണ് ആവശ്യപ്പെടുന്നത്. അത് ന്യായപ്രമാണത്തിന്റെ അനുസരണത്തിന് ഉള്ളതല്ല. ഈ രണ്ടു പ്രസ്താവനകളും, യഹൂദന്മാരും, ജാതീയരും അംഗങ്ങൾ ആയുള്ള റോമിലെ സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്.   


6.   സകലജാതികളും (nations) എന്നതിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട റോമിലെ യഹൂദ വിശ്വാസികളും, ജാതീയ വിശ്വാസികളും ഉൾപ്പെട്ടിരിക്കുന്നു.

 

റോമർ 1:6 ആം വാക്യത്തിലെ “ജാതികളും” എന്ന വാക്ക്, യഹൂദന്മാർ അല്ലാത്തവർ എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക് പദം “എത്നോസ്” എന്നതാണ് (ethnos, eth'-nos). ഈ വാക്കിന്റെ അർത്ഥം, രാജ്യം, വർഗ്ഗം, ജനസമൂഹം, യഹൂദ ഇതര മത വിശ്വാസി (ജാതീയർ), എന്നിങ്ങനെയാണ് (a tribe, nation, people group, heathen). ഇവിടെ ഈ വാക്ക് “ജനസമൂഹം” എന്ന അർത്ഥത്തിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ യഹൂദനും, യഹൂദ ഇതര ജാതീയരും (gentiles) ഉണ്ട്. എല്ലാവരും വിശ്വാസത്തിന് അനുസരണം ഉള്ളവർ ആയിരിക്കേണം. അതിലേക്ക് അവരെ നയിക്കേണ്ടതിനായി, പൌലൊസ് “കൃപയും അപ്പൊസ്തലത്വവും” പ്രാപിച്ചിരിക്കുന്നു.

 

പൌലൊസിന്റെ റോമ സന്ദർശനം

 

8-15 വരെയുള്ള വാക്യങ്ങളിൽ, റോമിലെ സഭ സന്ദർശിക്കുവാനുള്ള പൌലൊസിന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുന്നു. അവിടെ വിശ്വാസികളുടെ സമൃദ്ധമായ ഒരു ഫല ശേഖരണം അദ്ദേഹം പ്രതീക്ഷിക്കുന്നു. 13 ആം വാക്യത്തിൽ, “ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു” എന്നാണ് അദ്ദേഹം എഴുതിയത്.

 

റോമിലെ സഭ വിശ്വാസം സംബന്ധിച്ച് പരിപൂർണ്ണർ ആയിരുന്നില്ല. അതുകൊണ്ടാണ് അവരുടെ ഇടയിൽ, ജാതീയരായ വിശ്വാസികളും, യഹൂദ ക്രിസ്ത്യാനികളും തമ്മിൽ ഭിന്നത ഉണ്ടായത്. ഇത്, സുവിശേഷത്തിന്റെ മർമ്മം ശരിയായി ഗ്രഹിക്കാഞ്ഞതിനാൽ സംഭവിച്ചതാണ്. അത് പരിഹരിക്കുവാനാണ് അദ്ദേഹം ലേഖനം എഴുതുന്നതു. എങ്കിലും, റോമയിലെ സഭയുടെ ഏതെങ്കിലും വീഴ്ചയെ അദ്ദേഹം എടുത്തു പറയുകയോ, അതിനെ തിരുത്തുകയോ ചെയ്യുന്നില്ല. പകരം അവരുടെ വിശ്വാസത്തെ അദ്ദേഹം പ്രകീർത്തിക്കുന്നു. അവരുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത് (1:8).

 

9-15 വരെയുള്ള വാക്യങ്ങളിൽ, എന്തുകൊണ്ടാണ് അദ്ദേഹം റോമിലെ സഭയെ സന്ദർശിക്കുവാൻ ആഗ്രഹിച്ചത് എന്നു വിശദീകരിക്കുന്നു. 9, 10 വാക്യങ്ങളിൽ, റോമിലെ സഭയെ സന്ദർശിക്കേണം എന്നു അദ്ദേഹം തീവ്രമായി ആഗ്രഹിക്കുകയും, അതിന് അവസരം ലഭിക്കേണ്ടതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നു പറയുന്നു. അവരുടെ വിശ്വാസത്തിന്റെ “സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു” അദ്ദേഹത്തിന്റെ സന്ദർശനം സഹായമാകും (1:11). പൌലൊസിന് അവരുടെ ഇടയിൽ പ്രവർത്തിക്കുവാനും അദ്ദേഹത്തിന് ലഭിച്ച ആത്മീയ വരങ്ങൾ അവരുടെ ആത്മീയ വർദ്ധനവിനായി ഉപയോഗിക്കുവാനും ആഗ്രഹമുണ്ട്. ഇത് സുവിശേഷികരണം എന്നതോ, വചനം പഠിപ്പിക്കുക എന്നതോ ആകാം. അവരെ കൃപാവരങ്ങളിൽ ശക്തരാക്കുക എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശ്യം ആകാം. വിശ്വാസികളെ ശക്തരാക്കുവാനുള്ള ദൈവകൃപ അദ്ദേഹത്തിന് ഉണ്ട് എന്നു പൌലൊസ് വിശ്വസിച്ചിരുന്നു.

 

റോമിലെ സഭയെ മുഖാമുഖം സന്ദർശിക്കുന്നതും, അദ്ദേഹത്തിന്റെ ശുശ്രൂഷകളും, റോമിലെ വിശ്വാസികൾക്ക് മാത്രമല്ല, പൌലൊസിനും ആശ്വാസം നല്കും എന്നും അദ്ദേഹം പ്രത്യാശിക്കുന്നു (1:12). ഇത് കൂട്ടായ്മയുടെ ആശ്വാസം ആണ്. പൌലൊസിനും റോമിലെ വിശ്വാസികൾക്കും മാത്രമല്ല, എല്ലാ ക്രിസ്തീയ വിശ്വാസികൾക്കും പരസ്പരമുള്ള പ്രബോധനവും, ഉപദേശങ്ങളും, ആത്മീയമായി നന്മയാണ്.

 

എബ്രായർ 10:24-25

ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.

 

13 ആം വാക്യത്തിൽ “ജാതികളിൽ” എന്ന വാക്ക് വീണ്ടും ഉപയോഗിച്ചിരിക്കുന്നു. ഇവിടെയും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്  “എത്നോസ്” എന്നതാണ് (ethnos, eth'-nos). ഈ വാക്കിന്റെ അർത്ഥം, രാജ്യം, വർഗ്ഗം, ജനസമൂഹം, യഹൂദ ഇതര മത വിശ്വാസി (ജാതീയർ), എന്നിങ്ങനെയാണ്. ഇവിടെ ഈ വാക്കിനെ “ജാതീയർ” (gentiles) എന്നാണ് ഇംഗ്ലീഷ് പരിഭാഷകളിൽ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പൌലൊസ് പൊതുവേ യഹൂദ ഇതര ജാതീയരുടെ ഇടയിൽ ആണ് സുവിശേഷം അറിയിച്ചത്. അവരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ടായി.

 

“വല്ല ഫലവും ഉണ്ടാകേണ്ടതിന്നു” എന്നത് കൊയ്ത്ത് കാലത്തെ ഫലശേഖരണത്തിന്റെ ചിത്രം ആണ്. ക്രിസ്തുവിലേക്ക് വ്യക്തികളെ നയിക്കുന്നതിനെക്കുറിച്ച് പറയുവാൻ ഫല ശേഖരണവുമായി ബന്ധപ്പെട്ട വാക്കുകൾ പൌലൊസ് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. റോമാപട്ടണത്തിലെ സഭയ്ക്ക് വെളിയിലുള്ളവരെയും, ക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷയിലേക്ക് നയിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. ഇതാണ് അദ്ദേഹത്തിന്റെ ദൈവീക ദൌത്യം.

 

കടക്കാരൻ ആകുന്നു

 

1:14, 15 വാക്യങ്ങളിൽ, സുവിശേഷം ജാതിയരോട് അറിയിക്കുവാൻ അദ്ദേഹം കടക്കാരൻ ആണ് എന്നും അതിനാൽ റോമിലുള്ളവരോടും സുവിശേഷം അറിയിക്കുവാൻ കടപ്പാടുണ്ട് എന്നും അദ്ദേഹം എഴുതി. യവനന്മാർ എന്നത് ഗ്രീക്ക്കാർ ആണ്. അത് പരിഷ്കൃതരായ ജാതീയരെ സൂചിപ്പിക്കുന്നു. റോമൻ സാമ്രാജ്യത്തിന് വെളിയിൽ, അതിന്റെ അതിരുകളിൽ താമസിച്ചിരുന്ന, പരിഷ്കൃതർ അല്ലാത്ത ജനസമൂഹത്തെയാണ് ബർബരന്മാർ എന്ന വാക്ക്കൊണ്ടു ഉദ്ദേശിക്കുന്നത്. ഇവരുടെ അപരിഷ്കൃതത്വം മൂലം, റോമൻ സാമ്രാജ്യം അവരെ ആക്രമിച്ചു കീഴടക്കുവാനോ, അവരെ സാമ്രാജ്യത്തോട് ചേർക്കുവാനോ ശ്രമിച്ചില്ല. ഗ്രീക്ക് ഭാഷയും സംസ്കാരവും പരിചയമില്ലാത്തവരെ അക്കാലത്ത് ബർബരന്മാർ എന്നു വിളിച്ചിരുന്നു.

 

1:14 ആം വാക്യത്തിലെ “യവനന്മാർക്കും” എന്നത് ഗ്രീക്ക് പ്രദേശങ്ങളിലെ ജനങ്ങൾക്കും എന്നായിരിക്കാം. എന്നാൽ ഗ്രീക്ക് സാമ്രാജ്യത്തിന്റെ കാലം മുതൽ, ഗ്രീക്ക് ചിന്തകളും, സംസ്കാരവും, ഭാഷയും ഉൾക്കൊള്ളുന്ന ജാതീയരായ എല്ലാവരെയും, വിശാലമായ അർത്ഥത്തിൽ, യവനന്മാർ (ഗ്രീക്കുകാർ) എന്നു വിളിക്കുമായിരുന്നു. ഈ അർത്ഥത്തിൽ ആയിരിക്കാം “യവനന്മാർക്കും” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഉള്ള വാക്കുകൾ, “ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു” എന്നാണ്. അതായത് പൌലൊസ്, യവനന്മാരെയും ബർബരന്മാരേയും വ്യത്യസ്തരായി കാണുന്നു. ജ്ഞാനികൾ എന്ന വാക്ക് റോമൻ ജനസമൂഹം ഉൾപ്പെടെ ഗ്രീക്ക് സംസ്കാരത്തിലേക്ക് ലയിച്ചു ചേർന്ന എല്ലാവരെയും ഉദ്ദേശിക്കുന്നു. ഗ്രീക്ക് സംസ്കാരത്തിന് വെളിയിൽ ഉള്ളവരെ അജ്ഞാനികളും, സംസ്കാരം ഇല്ലാത്തവരുമായ ബർബരന്മാർ ആയി കണക്കാക്കുന്നു. ഇത് അക്കാലത്തെ ഒരു സാമൂഹിക വീക്ഷണവും സാംസ്കാരിക യാഥാർത്ഥ്യവും ആയിരുന്നു. 

 

പൌലൊസ് അന്നത്തെ രീതിയനുസരിച്ച് യഹൂദൻ, യവനൻ, ബർബരന്മാർ, എന്നിങ്ങനെയുള്ള വിഭജനം എടുത്തു പറയുന്നത്, എല്ലാ മനുഷ്യരോടും സുവിശേഷം അറിയിക്കുവാനുള്ള കടമ അദ്ദേഹത്തിന് ഉണ്ട് എന്നു വ്യക്തമാക്കുവാനാണ്. ബർബരന്മാരെ എല്ലാ കാര്യത്തിലും അകറ്റി നിറുത്തുക എന്ന അന്നത്തെ സാമൂഹ്യ വീക്ഷണം, സുവിശേഷീകരണത്തിൽ പൌലൊസിന് ഇല്ലായിരുന്നു.   

 

സുവിശേഷം സർവ്വത്രികമായി, സകല മനുഷ്യരോടും ഉള്ള ദൈവീക രക്ഷയുടെ ദൂത് ആണ്. അതിനാൽ റോമാക്കാരോടും സുവിശേഷം അറിയിക്കുക അദ്ദേഹത്തിന്റെ കടമയാണ്. “ഞാൻ കടക്കാരൻ ആകുന്നു” എന്നതിൽ, അവരോട് സുവിശേഷം അറിയിക്കുക എന്നത് പൌലൊസിന്റെ ബാധ്യതയാണ് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അത് ഒരു ഔദാര്യം അല്ല, കൊടുത്തുതീർക്കുവാനുള്ള കടം ആണ്. അത്, ഒരു അടിമ യജമാനന് കൊടുത്തു തീർക്കുവാനുള്ള കടം പോലെയാണ്.

 

സന്ദർശന ഉദ്ദേശ്യം

 

റോമിലെ സഭ സന്ദർക്കുന്നതിന്റെ ഉദ്ദേശ്യം ആണ് 1:9-15 വരെയുള്ള വാക്യങ്ങളിൽ പറയുന്നത്. മൂന്ന് കാര്യങ്ങൾ പൌലൊസ് ഇവിടെ പറയുന്നു.


1.     പൌലൊസിന് ലഭിച്ച ആത്മീയ വരങ്ങൾ അവരുടെ ആത്മീയ വർദ്ധനവിനായി ഉപയോഗിക്കുവാൻ റോമിലെ സഭയെ മുഖാമുഖം സന്ദർശിക്കുന്നതും, അദ്ദേഹത്തിന്റെ ശുശ്രൂഷകളും, റോമിലെ വിശ്വാസികൾക്ക് മാത്രമല്ല, പൌലൊസിനും ആശ്വാസം നല്കും എന്നും അദ്ദേഹം പ്രത്യാശിക്കുന്നു (1:11-12).

 

2.   റോമിലെ സുവിശേഷ പ്രവർത്തനത്തിലും ഫലം ഉണ്ടാകും എന്നും ചിലരെ ക്രിസ്തുവിന്റെ വിശ്വാസത്തിലേക്ക് നയിക്കുവാൻ കഴിയും എന്നും പൌലൊസ് പ്രത്യാശിച്ചു (1:13).

 

3.   സുവിശേഷം ജാതിയരോട് അറിയിക്കുവാൻ അദ്ദേഹം കടക്കാരൻ ആണ് എന്നും അതിനാൽ റോമിലുള്ളവരോടും സുവിശേഷം അറിയിക്കുവാൻ കടപ്പാടുണ്ട് (1:14-15)


4.   യഹൂദനും, ജാതീയരും താമസിച്ചിരുന്ന ഒരു പട്ടണം ആയിരുന്നു റോം. ഇവിടെ ബർബരന്മാരും താമസിച്ചിരുന്നുവോ എന്നു തീർച്ചയില്ല. ഒരു ചെറിയ കൂട്ടം ബർബരന്മാരും ഉണ്ടായിരിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ, എല്ലാവരോടും സുവിശേഷം അറിയിക്കുവാൻ യോജ്യമായ ഒരു പ്രദേശംആയിരുന്നു റോമാപട്ടണം.

 

ദൈവത്തിന്റെ നീതി

 

റോമർ 1:16-17 വാക്യങ്ങളിൽ, പൌലൊസ് അദ്ദേഹത്തിന്റെ എഴുത്തിന്റെ മുഖ്യ വിഷയം എന്താണ് എന്നു പറയുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷത്തിൽ വെളിപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ നീതി. അത്, വിശ്വസിക്കുന്ന എല്ലാവർക്കും കൃപയും, രക്ഷയും ആണ്.

 

ക്രിസ്തുവിന്റെ സുവിശേഷത്തേക്കുറിച്ച്, അവിശ്വാസിയും, പരിഷ്കാരിയും ആയ ഒരു റോമാക്കാരന് ലജ്ജിക്കുവാൻ വകയുണ്ട്. അത്, റോമാ സാമ്രാജ്യത്തിന്റെ അധികാരികൾ നിഷ്ഠൂരമായി ക്രൂശിച്ചു കൊന്ന ഒരു മനുഷ്യന്റെ തത്വശാസ്ത്രം ആണ്. അതിന്റെ അനുയായികളിൽ ബഹുഭൂരിപക്ഷവും സമൂഹത്തിലെ താഴെ നിലയിൽ ഉള്ളവർ ആണ്. അതിൽ ദാസന്മാരും, അടിമകളും യജമാനൻമാരും ഉൾപ്പെടും. യേശുവിന്റെയും, അപ്പൊസ്തലന്മാരുടെയും, സ്വന്ത ജനമായ യഹൂദ ജനം പോലും അദ്ദേഹത്തെ സ്വീകരിച്ചില്ല. അവർ യേശുവിനെ ക്രൂശിക്കുവാനായി റോമൻ സാമ്രാജ്യത്തിന് ഒറ്റുകൊടുത്തു. അദ്ദേഹത്തിന്റെ ഉയിർപ്പ് തെളിവില്ലാത്ത ഒരു സാങ്കൽപ്പിക കഥ മാത്രമാണ്.

 

എന്നാൽ പൌലൊസ് പറയുന്നു, യേശുക്രിസ്തുവിന്റെ സുവിശേഷത്തേക്കുറിച്ച് അദ്ദേഹത്തിന് ലജ്ജയില്ല. കാരണം അത് യഹൂദനും, ജാതീയർക്കും ഒരുപോലെ ദൈവശക്തിയാണ്. അദ്ദേഹത്തിന്റെ സുവിശേഷം ക്രൂശിക്കപ്പെട്ട യേശുവാണ്. ഇതു തന്നെ അദ്ദേഹം കൊരിന്ത്യർക്കും എഴുതി:  

 

1 കൊരിന്ത്യര്‍ 1:22-23

യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

 

യഹൂദന്മാര്‍ എപ്പോഴും അടയാളം അന്വേഷിക്കുന്നവര്‍ ആയിരുന്നു. ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കും, അവന്‍ അയക്കുന്ന പ്രവാചകന്മാരുടെയും മശീഹയുടെയും വരവിനും അവര്‍ സ്വര്‍ഗ്ഗീയമായ അടയാളങ്ങള്‍ അന്വേഷിച്ചു. അടയാളങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ദൈവത്തിന്റെ ആലോചനയോ, പ്രവര്‍ത്തികളോ ഏറ്റെടുക്കുവാന്‍ കഴിഞ്ഞില്ല. യേശുക്രിസ്തു അവന്റെ ശുശ്രൂഷ നാളുകളില്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ എല്ലാം അവന്‍ മശീഹ ആണ് എന്നതിന്റെ അടയാളങ്ങള്‍ ആയിരുന്നു. കാനാവില്‍ കല്യാണ വേളയില്‍ യേശു വെള്ളത്തെ വീഞ്ഞാക്കി. ഇതിനെക്കുറിച്ച് യോഹന്നാന്‍ 2:11 ല്‍ എഴുതിയതിങ്ങനെയാണ്: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” ഇവിടെ പറയുന്ന “അടയാളങ്ങളുടെ” എന്നതിനെ തെളിവുകൾ എന്നാണ് മനസ്സിലാക്കേണ്ടത്. അത് യേശുക്രിസ്തു ദൈവ പുത്രനാണ് എന്നതിന്റെ തെളിവും, ഭാവിയിൽ സംഭവിക്കുവാൻ പോകുന്നതിന്റെ സൂചനയും ആണ്. 2:23 ല്‍ യോഹന്നാൻ വീണ്ടും എഴുതി: “പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.”

 

യവനന്‍മാര്‍ തത്വ ജ്ഞാനത്തില്‍ പ്രസിദ്ധര്‍ ആയിരുന്നു. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, സിസെറോ, സെനെക്ക, എന്നിവര്‍ പ്രശസ്തരായ ഗ്രീക്കു തത്വ ചിന്തകര്‍ ആണ്. ജീവിതവും, മരണവും, അതിനുശേഷമുള്ള കാലവും വിശദീകരിക്കുവാന്‍ അവര്‍ വളരെ ശ്രമിച്ചിട്ടുണ്ട്. യവനന്‍മാര്‍, യേശുക്രിസ്തുവിന്റെ സുവിശേഷത്തെ, വിഡ്ഡിത്തം നിറഞ്ഞ, ഭോഷത്തമായ ഒരു കെട്ടുകഥയായാണ് കണ്ടത്. അതില്‍ അവരുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ദൈവം മനുഷ്യന്റെ ശരീരം സ്വീകരിച്ച് ഭൂമിയില്‍ ജനിക്കുക എന്നത് അവര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയാത്ത ആശയം ആയിരുന്നു. കാരണം മനുഷ്യന്റെ ശരീരം തിന്‍മയും, ബലഹീനവും, നശ്വരവുമാണ്. ദൈവത്തിന്നു തിന്‍മയാകുവാനോ, ബലഹീനമാകുവാനോ, നശ്വരമാകുവാനോ കഴിയുക ഇല്ല. മനുഷ്യനു ഒരിയ്ക്കലും ദൈവത്തെ ഒരു കുറ്റവാളിയെ എന്നപോലെ പിടിക്കുവാനോ, വിചാരണ ചെയ്യുവാനോ, ഉപദ്രവിക്കുവാനോ, കൊല്ലുവാനോ സാധ്യമല്ല. മനുഷ്യനായുള്ള ദൈവത്തിന്റെ അവതാരം അസാദ്ധ്യമാണ് എന്നു യവനന്‍മാര്‍ വാദിച്ചു.

 

മനുഷ്യന്റെ രക്ഷകനായി ജനിച്ചവന്റെ മരണം ആയിരുന്നു യവനന്‍മാര്‍ക്ക് ഏറ്റവും പ്രയാസമുള്ളതായി തോന്നിയത്. മാനവരാശിയെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി ജനിച്ചവന്‍ മരിച്ചാല്‍ അവനിലൂടെ എങ്ങനെ രക്ഷയും നിത്യജീവനും ഉണ്ടാകും? ദൈവ പുത്രനായ ക്രിസ്തുവിന്റെ മരണം ഒരു ദൈവ ദൂഷണമായി അവര്‍ കരുതി. മനുഷ്യന്റെ ദാസ്യത്വവും ദൈവത്തിന്റെ സര്‍വ്വാധിപത്യവും; പാപമില്ലാത്ത അവസ്ഥയും, പാപത്തിന്റെ ശിക്ഷയും; മനുഷ്യന്റെ ദുരിതവും ദൈവീക മഹത്വവും -  ഇതെല്ലാം ഒരുമിച്ച് ചേരുകയില്ല എന്നു അവര്‍ വാദിച്ചു. റോമന്‍ ഭരണകൂടം ഒരു രാജ്യദ്രോഹിയെപ്പോലെ ക്രൂശില്‍ തറച്ച് കൊന്ന ഒരു മനുഷ്യനു നിത്യജീവന്‍ നല്കുവാന്‍ കഴിയും എന്നത് ഒരു വിഡ്ഡിത്തം നിറഞ്ഞ ആശയം ആണ്. പാപിയായ മനുഷ്യരെപ്പോലെ കഷ്ടത അനുഭവിച്ച ഒരുവന് ദൈവത്തിന്റെ മഹത്വത്തിലേക്ക് മനുഷ്യരെ ഉയര്‍ത്തുവാന്‍ കഴിയും എന്നത് ഭോഷ്ക്കാണ്. ഇതെല്ലാം ആയിരുന്നു യവനന്മാരുടെ വാദങ്ങൾ.

 

അങ്ങനെയാണ് ക്രൂശിക്കപ്പെട്ട ക്രിസ്തു യഹൂദന്മാർക്കും ജാതികൾക്കും ഭോഷത്വവുമായത്. (1 കൊരിന്ത്യര്‍ 1:23-24). ഗ്രീക്കുകാര്‍ തത്വശാസ്ത്രാപരമായ വിശദീകരണം ആണ് ചോദിച്ചത്. അത് മനുഷ്യനു യുക്തി ഭദ്രം ആയിരിക്കേണം. എന്നാല്‍ യേശുക്രിസ്തു യാതൊന്നും വാദങ്ങളിലൂടെയോ തത്വജ്ഞാനത്തിന്റെയോ സഹായത്തോടെ തെളിയിക്കുവാന്‍ ശ്രമിച്ചിട്ടില്ല. പൌലൊസും മറ്റ് അപ്പോസ്തലന്മാരും അതിനു മുതിര്‍ന്നില്ല. അടയാളമന്വേഷിക്കുന്ന യഹൂദനും, തത്വജ്ഞാന പ്രകാരം യേശു മശീഹ ആണ് എന്നു തെളിയിക്കുവാന്‍ ആവശ്യപ്പെടുന്ന യവനന്‍മാര്‍ക്കും പൌലൊസ് നല്‍കുന്ന ഉത്തരം ഒന്നു തന്നെയാണ്: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” (1 കൊരിന്ത്യര്‍ 1:23). ക്രൂശിക്കപ്പെട്ട ക്രിസ്തു എന്നതാണ് സുവിശേഷം മുന്നോട്ട് വയ്ക്കുന്ന അടയാളവും, ജ്ഞാനവും. ഈ സുവിശേഷത്തേക്കുറിച്ച് പൌലൊസിന് ലജ്ജയില്ല. 

 

16 ആം വാക്യത്തിൽ, “വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവ ശക്തിയാകുന്നുവല്ലോ.” എന്നാണ് പൌലൊസ് എഴുതിയത്. ഇതിൽ രണ്ട് കാര്യങ്ങൾ പൌലൊസ് പറയുന്നു. ഒന്ന് സുവിശേഷം, അത് വിശ്വസിക്കുന്ന ഏവനും ദൈവ ശക്തിയാണ്. രണ്ട്, സുവിശേഷം, ആദ്യം യെഹൂദനും പിന്നെ യവനനും രക്ഷയ്ക്കായി ദൈവശക്തി ആകുന്നു. ആദ്യം യഹൂദൻ, പിന്നെ യവനൻ എന്ന രീതിയാണ് യേശുക്രിസ്തു അനുവർത്തിച്ചതും, ശിഷ്യന്മാരോടു കൽപ്പിച്ചതും. ഈ ആശയം പൌലൊസ് പിന്നീട് വിശദീകരിക്കുന്നുണ്ട്.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 1:8

എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 13:46

അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു (യഹൂദന്മാരോട്) പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

 

വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും

 

റോമർ 1:17 ൽ പൌലൊസ് എഴുതിയത് ഇങ്ങനെയാണ്:

 

റോമർ 1:17

അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

 

ഇവിടെ ദൈവത്തിന്റെ നീതി പ്രവർത്തികളാൽ അല്ല പ്രാപിക്കുന്നത്, വിശ്വാസത്താൽ മാത്രം ആണ് എന്ന സുവിശേഷം അദ്ദേഹം അവതരിപ്പിക്കുന്നു. അത് “വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു”. തുടർന്നു അദ്ദേഹം ഹബക്കൂക്ക് 2:4 ആം വാക്യം എടുത്തു എഴുതി:

 

ഹബക്കൂക്ക് 2:4

നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.

 

“വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു” എന്ന വാചകത്തിന്റെ അർത്ഥം, സകലത്തിലും, ആദിമുതൽ, അവസാനം വരെയും, ദൈവീക നീതി വിശ്വാസം സംബന്ധിച്ചുള്ളതാണ്, എന്നാണ്. “from faith for faith” എന്നാണ് ഇംഗ്ലീഷ് സ്റ്റാൻഡേർഡ് വേർഷനിൽ പരിഭാഷപ്പെടുത്തിയരിക്കുന്നത് (ESV). “by faith from first to last” എന്നാണ് ന്യൂ ഇന്റർനാഷണൽ വേർഷനിൽ കൊടുത്തിരിക്കുന്നത് (NIV). from start to finish by faith” എന്നാണ് ന്യൂ ലിവിങ് ട്രാൻസ്ലേഷനിൽ മൊഴിമാറ്റം നല്കിയിരിക്കുന്നത് (NLT). അതായത്, പ്രവർത്തികളിൽ നിന്നും വിശ്വാസത്തിലേക്ക്, എന്നോ, വിശ്വാസത്തിൽ നിന്നും പ്രവർത്തികളിലേക്ക് എന്നോ പൌലൊസ് എഴുതിയില്ല. വിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്ക് എന്നാണ് അദ്ദേഹം എഴുതിയത്. സകലതും വിശ്വാസത്താൽ മാത്രം ആണ്.

 

സുവിശേഷത്തിലൂടെ വെളിപ്പെടുന്ന ദൈവീക നീതി, പാപികളെ ശിക്ഷിക്കുന്ന നീതിയല്ല, അത് യേശുക്രിസ്തുവിൽ വിശ്വസിച്ചു, രക്ഷപ്രാപിക്കുന്ന, പാപിയുടെ പാപത്തെ മായ്ച്ചുകളയുന്ന, ദൈവീക നീതിയാണ്. അത് ഒരു പാപിയെ, യേശുക്രിസ്തുവിന്റെ വിശുദ്ധിയാൽ, പാപമില്ലാത്തവനായി കണക്കിടുന്ന നീതിയാണ്.  

 

റോമർ 1:16-17 വാക്യങ്ങളെ ഈ ലേഖനത്തിന്റെ കേന്ദ്ര വിഷയമായി കണക്കാക്കപ്പെടുന്നു. 16 ആമത്തെ വാക്യത്തിൽ, ക്രിസ്തുവിന്റെ സുവിശേഷം “വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നു” എന്നു പൌലൊസ് പറഞ്ഞു. 17 ആം വാക്യത്തിൽ സുവിശേഷം, അത് വിശ്വസിക്കുന്നവന്റെ ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സുവിശേഷത്തിൽ ദൈവത്തിന്റെ നീതി വെളിപ്പെടുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവീക നീതി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാല്, ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ, അവനെ ദൃഷ്ടിയിൽ നീതീമാന്മാരായി ദൈവം പ്രഖ്യാപിക്കുന്നു. ഇത് ആദിയോടന്തം ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം സംഭവിക്കുന്നു.

 

ഒരുമനുഷ്യനും അവന്റെ പ്രവർത്തികളാൽ ദൈവ മുമ്പാകെ നീതീമാൻ ആകുകയില്ല എന്നാണ് പൌലൊസ് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നത്. നീതീകരിക്കപ്പെടാതെ ദൈവവുമായി നിരപ്പ് പ്രാപിക്കുവാനോ, അവനുമായി ഒരു ബന്ധത്തിൽ ആയിരിക്കുവാനോ സാദ്ധ്യമല്ല. മനുഷ്യന്റെ പാപം അവനെ ദൈവത്തിൽ നിന്നും അകറ്റിയിരിക്കുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം നമ്മളുടെ പാപങ്ങളുടെ ശിക്ഷയ്ക്ക് പരിഹാരം ആയി. അങ്ങനെ ദൈവവുമായുള്ള വേർപാട് ഇല്ലാതെയാക്കി. ഒരുവൻ യേശുക്രിസ്തുവിലും, അവന്റെ ക്രൂശ് മരണത്താല് ലഭിച്ച പാപമോചനത്തിലും വിശ്വാസിക്കുമ്പോള്, ദൈവം അവനെ ക്രിസ്തുവിലൂടെ കാണുകയും, അവനെ നീതീമാൻ എന്നു കണക്കിടുകയും ചെയ്യുന്നു. ഈ സുവിശേഷം ഒരു പുതിയ ആശയമല്ല, പഴയനിയമ പ്രവാചകന്മാരിലൂടെ ദൈവം മുന്നറിയിച്ചത് ആണ് എന്നു ഹബക്കൂക്ക് 2:4 തെളിയിക്കുന്നു.

 

ഫിലിപ്പിയർ 3:9

ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു.

 

1:18 ആം വാക്യം മനുഷ്യരുടെ പാപത്തൊടുള്ള ദൈവത്തിന്റെ സമീപനം എന്ന വിഷയത്തെക്കുറിച്ചുള്ള വിശദീകരണത്തിന്റെ ആരംഭം ആണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സവിശേഷത എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക് ഇവിടെ വായിക്കാം. മനുഷ്യർ എന്തുകൊണ്ട് ദൈവമുമ്പാകെ നീതീകരിക്കപ്പെടേണം, അവന് രക്ഷ എന്തുകൊണ്ട് ആവശ്യമുണ്ട്, എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് മനുഷ്യർ വിശ്വാസത്താൽ മാത്രം നീതീകരിക്കപ്പെടുന്നത് എന്നു അദ്ദേഹം ഇവിടെ വിശദീകരിക്കുന്നു.

 

അനീതിയിൽ ജീവിക്കുന്ന മനുഷ്യർ, അവന്റെ അനീതി നിമിത്തം സത്യത്തെ തടുക്കുവാൻ ശ്രമിക്കുകയാണ്. ഇവരോടാണ് ദൈവത്തിന് കോപം ഉള്ളത്. മനുഷ്യരുടെ പാപത്തെ “അഭക്തി” “അനീതി” എന്നീ രണ്ട് വാക്കുകളിൽ അപ്പൊസ്തലൻ സംഗ്രഹിക്കുന്നു. ഇതിനെതിരെയാണ് ദൈവത്തിന്റെ കോപം വെളിപ്പെട്ടിരിക്കുന്നത്. യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ മനുഷ്യർ തിരസ്കരിച്ചു എന്നതല്ല അവരുടെ പാപം, അവർ ദൈവത്തെ തിരസ്കരിച്ചു എന്നതാണ് പാപം. അതാണ് ദൈവ കോപത്തിന്റെ കാരണം.

 

ദൈവ കോപം അവന്റെ നീതിയുടെ സവിശേഷതയാണ്. അത് അശുദ്ധിയോടുള്ള ദൈവത്തിന്റെ നിരപ്പ് ഇല്ലായ്മയാണ്. ലോകത്തിലെ മനുഷ്യരുടെ ആത്മീയ അവസ്ഥയ്ക്കും, ദൈവത്തിന്റെ നീതിയ്ക്കും തമ്മിൽ വലിയ അന്തരം ഉണ്ട്. അതിനാൽ അഭക്തിക്ക് ദൈവത്തിൽ നിന്നും ശിക്ഷ ഉണ്ടാകും. നമ്മൾ രക്ഷിക്കപ്പെടുന്നത്, ദൈവത്തിന്റെ കോപത്തിൽ നിന്നാണ്.

 

ഈ വാക്യങ്ങളിൽ, ഈ ലോകത്തിലെ മനുഷ്യരുടെ പരിതാപാർഹമായ അവസ്ഥ എന്താണ് എന്നു പൌലൊസ് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യർക്ക് എന്തുകൊണ്ട് രക്ഷ ആവശ്യമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യർ അപകടകരമായ ഒരു സാഹചര്യത്തിൽ അല്ലെങ്കിൽ, അവരോട് രക്ഷിക്കപ്പെടുക എന്നു പറയുന്നതിൽ അർത്ഥമില്ല. അതിനാൽ പൌലൊസ് പറയുന്നു, ഒരു മനുഷ്യൻ എത്തിച്ചേരാവുന്ന ഏറ്റവും അപകടകരമായ അവസ്ഥയിൽ അവൻ നിലക്കുന്നു. അവൻ ദൈവ കോപത്തിൽ നിൽക്കുന്നു. അതിനാൽ അവന് രക്ഷ ആവശ്യമുണ്ട്.

എന്നാൽ, സകല മനുഷ്യന്റെമേലും ദൈവ കോപം ഉണ്ട് എന്നതല്ല സുവിശേഷം. ദൈവകോപം വെളിപ്പെട്ടുവന്നിരിക്കുന്നു എന്ന അപകടകരമായ സാഹചര്യത്തിൽ, ദൈവീക നീതിയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷ വെളിപ്പെട്ടിരിക്കുന്നു എന്നതാണ് സുവിശേഷം.

 

നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു   

 

മനുഷ്യന്റെ ദൈവത്തോടുള്ള മൽസരം എത്ര ഗൌരവം ഉള്ളതാണ് എന്നാണ് അദ്ദേഹം തുടർന്നു പറയുന്നത്. 19-21 വരെയുള്ള വാക്യങ്ങളിൽ, സകല മനുഷ്യർക്കും ദൈവത്തെ അറിയാം എന്നും എന്നാൽ അവർ ദൈവത്തെ മഹത്വീകരിച്ചില്ല എന്നും, അതിനാൽ അവർക്ക് ദൈവകോപത്തിനെതിരെ പ്രതിവാദമില്ല എന്നും പൌലൊസ് എഴുതി.

 

1:19 ലെ “വെളിവായിരിക്കുന്നു” എന്നതിന്റെ അർത്ഥം, ദൈവത്തെക്കുറിച്ചു അറിയാകുന്നതു ആർക്കും മറഞ്ഞിരിക്കുന്നില്ല, എന്നാണ്. അതായത്, അത് ആരും അന്വേഷിച്ചു കണ്ടെത്തേണ്ടതില്ല. അതിനെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു എന്നു ഒഴിവ് പറയുവാൻ ആർക്കും കഴിയുക ഇല്ല. എല്ലാവർക്കും ദൈവത്തെക്കുറിച്ചുള്ള അറിവ് വെളിപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ “അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ” സകല മനുഷ്യരുടെയും ബുദ്ധിക്കു വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു. ഇങ്ങനെ വെളിപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ “നിത്യശക്തിയും ദിവ്യത്വവു”മാണ് (1:20). അതിനാൽ, മനുഷ്യന് ഈ പ്രപഞ്ചത്തെ നോക്കി, ദൈവത്തിന്റെ സൃഷ്ടികളിലൂടെ അവനെ അറിയുവാൻ കഴിയും. ഇതിനെക്കുറിച്ചാണ് ദാവീദ് 19 ആം സങ്കീർത്തനത്തിൽ പറയുന്നത്.

 

സങ്കീർത്തനം 19:1-4

ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.

 

സങ്കീർത്തനം 33:5

അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

 

അപ്പൊസ്തലനായ പൌലൊസും, ബർന്നബാസും, ലുസ്ത്ര എന്ന സ്ഥലത്ത് സുവിശേഷം അറിയിച്ചുകൊണ്ടിരുന്നപ്പോൾ, അവിരിലൂടെ അവിടെ നടന്ന അത്ഭുതങ്ങൾ കണ്ട ജനം, അവരെ ദേവന്മാർ എന്നു കരുതി ആരാധിക്കുവാൻ ശ്രമിച്ചു. അപ്പോൾ ബർന്നബാസും പൌലൊസും അവരോട് പറഞ്ഞത് ഇങ്ങനെയാണ്:

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 14:15-17 

പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു. എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.

 

അവർ പറഞ്ഞത് ഇതെല്ലാം ആണ്: ബർന്നബാസും പൌലൊസും അവിടെയുള്ള ജനവുമായി സമസ്വഭാവമുള്ള മനുഷ്യർ മാത്രം ആണ്. അവർ ദൈവത്തിന്റെ സൃഷ്ടികളെയല്ല, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തെ ആണ് ആരാധിക്കേണ്ടത്. ദൈവം പ്രകൃതിയിലൂടെയും, മനുഷ്യർക്ക് വേണ്ടിയുള്ള അവന്റെ കരുതലിലൂടെയും, അവനെക്കുറിച്ചു സാക്ഷ്യം നല്കിയിട്ടുണ്ട്.

 

പൌലൊസ് അഥേനയിൽ, അവിടെയുള്ള തത്വജ്ഞാനികളായ പണ്ഡിതന്മാരോട് സംസാരിച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ്:

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 17:24-25

ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.   

 

ഇവിടെയും പൌലൊസ് പറയുന്നത് ഒരേകാര്യം ആണ്: ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാണ്. അവൻ മനുഷ്യ നിർമ്മിതങ്ങൾ ആയ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ. അതാണ് അവൻ മാത്രമാണ് ദൈവം എന്നതിന്റെ തെളിവ്. ഈ തെളിവിനാൽ ദൈവം മനുഷ്യർക്ക് വെളിപ്പെട്ടിരിക്കുന്നു.   

 

പ്രപഞ്ച സത്യങ്ങളിലൂടെ യഥാർത്ഥ ദൈവത്തെ അറിയാത്തവർക്ക് യാതൊരു ഒഴിവും ഇല്ല. കാരണം അവർ വ്യക്തമായി വെളിപ്പെട്ടിരിക്കുന്ന സത്യത്തെ മനപ്പൂർവ്വം നിരസിക്കുന്നവർ ആണ്. മനുഷ്യർക്ക് ദൈവത്തെ അറിയില്ലായിരുന്നു എന്നതല്ല, അവർക്ക് ദൈവത്തെ അറിയാമായിരുന്നു എന്നതാണ് അവരുടെ കുറ്റം. മനുഷ്യരുടെ ദൈവത്തോടുള്ള അനുസരണക്കേട്, അവനെക്കുറിച്ചുള്ള അജ്ഞത നിമിത്തമല്ല, ദൈവത്തോടുള്ള മൽസരം കാരണം ആണ്. മനുഷ്യർക്ക് ദൈവത്തെ തിരസ്കരിക്കാം, പക്ഷെ അവനെക്കുറിച്ചു അറിവില്ലായിരുന്നു എന്നു വാദിക്കുവാൻ സാദ്ധ്യമല്ല. മനുഷ്യർ ദൈവത്തെ വ്യക്തമായി അറിഞ്ഞിട്ടും, “അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ” ചെയ്തില്ല. അവർ അവരുടെ വ്യർത്ഥ്യമായ നിരൂപണങ്ങളിൽ ആശ്രയിച്ചു. അതിനാൽ അവരുടെ “വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.” (1:21).

 

വ്യക്തമായി വെളിപ്പെട്ടിരിക്കുന്ന ദൈവത്തെ എന്തുകൊണ്ടാണ് മനുഷ്യർ തിരസ്കരിക്കുന്നത്. കാരണം, ദൈവം ആരാണ് എന്നു അറിയുവാൻ മനുഷ്യന് താല്പര്യം ഇല്ല. സൃഷ്ടികളിലെ ദൈവത്തിന്റെ അടയാളങ്ങളെ മനുഷ്യർ മനപ്പൂർവ്വം അംഗീകരിക്കാതെ ഇരിക്കുന്നു. അതായത്, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവാണ് ദൈവം എന്ന സത്യത്തെ മനുഷ്യർ നിരസിക്കുന്നു. ദൈവത്തെ സൃഷ്ടാവ് എന്നു അംഗീകരിക്കാത്ത മനുഷ്യൻ അവനെ ബഹുമാനിക്കുവാനും, ആരാധിക്കുവാനും മനസ്സുകാണിക്കുന്നില്ല. സൃഷ്ടാവല്ലാത്ത ഒരു ദൈവത്തെ പരിപാലകനായും അവർ കാണുന്നില്ല. അതിനാൽ മനുഷ്യർ ദൈവത്തിന് യാതൊന്നിനും നന്ദി കരേറ്റുന്നില്ല. ഈ കാരണങ്ങളാൽ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയെക്കുറിച്ചോ, അതിന്റെ പരിപാലനത്തെക്കുറിച്ചോ, മനുഷ്യർക്ക് ശരിയായി ഗ്രഹിക്കുവാൻ കഴിയുന്നില്ല. അവന്റെ ചിന്തകൾ എപ്പോഴും നിഷ്ഫലമായി തീരുന്നു. അതിനാൽ അവരുടെ ഹൃദയം ഇരുണ്ടുപോകുന്നു.    

 

റോമർ 1:22, 23 വാക്യങ്ങളിൽ, മനുഷ്യർ എങ്ങനെ അവരുടെ “നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു” ദൈവത്തെ ഉപേക്ഷിച്ചു എന്നു പറയുന്നു. അവർ “ജ്ഞാനികൾ എന്നു സ്വയം ചിന്തിച്ചു, എന്നാൽ മൂഢൻമാരെപ്പോലെ പ്രവർത്തിച്ചു. അതിനാൽ, “അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.” സത്യ ദൈവത്തെ വ്യക്തമായി അറിഞ്ഞിട്ടും, അവനെ ഉപേക്ഷിച്ചിട്ടു, ദൈവമല്ലാത്ത സൃഷ്ടികളെ ദൈവമാണ് എന്നു കരുതി മനുഷ്യർ ആരാധിച്ചു.

 

റോമർ 1:24-32 വരെയുള്ള വാക്യങ്ങളിൽ അധർമ്മിയായ മനുഷ്യന്റെ ദൈവ മുമ്പാകെയുള്ള അകൃത്യത്തെക്കുറിച്ച് പൌലൊസ് പറയുന്നു.

 

1:24 അ വാക്യം ആരംഭിക്കുന്നത്, “അതുകൊണ്ടു” എന്നു പറഞ്ഞുകൊണ്ടാണ്. അത് 18-23 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന മനുഷ്യന്റെ അവസ്ഥയാണ്. മനുഷ്യരുടെ അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെട്ടിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവ് മനുഷ്യർക്ക് വെളിപ്പെട്ടിട്ടും, അവർ ദൈവത്തെ മഹത്വീകരിക്കാതെ, അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. അതുകൊണ്ടു, ദൈവം മനുഷ്യരോട് എന്ത് ചെയ്തിരിക്കുന്നു എന്നാണ് തുടർന്നു പൌലൊസ് പറയുന്നത്.

 

ദൈവം മനുഷ്യരെ “അശുദ്ധിയിൽ ഏല്പിച്ചു”. എന്താണ് “അശുദ്ധി”? അത് “തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു” ആണ് (1:24). “ഏൽപ്പിച്ചു” എന്നത്, ദൈവം മനുഷ്യരെ തടയാതെ പാപത്തിലും, അവരുടെ ഹൃദയത്തിലെ മോഹങ്ങളിലും ജീവിക്കുവാൻ തക്കവണ്ണം ഉപേക്ഷിച്ചു, എന്നാണ്. ഇത് ദൈവത്തിന്റെ കോപത്താൽ സംഭവിച്ചു. പാപത്തിന്റെ നശീകരണം മനുഷ്യൻ അനുഭവിക്കുവാൻ ദൈവം അവനെ വിട്ടുകൊടുത്തു.

 

ഹോശേയ പ്രവാചകന്റെ പുസ്തകത്തിൽ സമാനമായ ഒരു വാക്യം ഉണ്ട്. ഇവിടെ ദൈവം യിസ്രായേലിനെ വിഗഹാരാധനയ്ക്കായി വിട്ടുകളയുകയാണ്.  

 

ഹോശേയ 4:17

എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.

 

മനുഷ്യൻ പാപത്തിൽ ആയിട്ടും അവൻ ജീവിക്കുന്നത് ദൈവത്തിന്റെ കരുണകൊണ്ടാണ് എന്ന നമ്മളുടെ ചിന്ത ദൈവ വചന പ്രകാരം തെറ്റാണ്. പാപം മനുഷ്യനെ തകർക്കുവാൻ തക്കവണ്ണം, ദൈവത്തിന്റെ കോപം അവനെ ഉപേക്ഷിച്ചിരിക്കുകയാണ്. മനുഷ്യർ ഇന്ന് പാപത്തിൽ ജീവിക്കുന്നത് ദൈവ കോപത്തിന്റെ ഫലമായിട്ടാണ്.   

 

പൌലൊസ് തുടർന്നു എഴുതി: മനുഷ്യർ ദൈവത്തിന്റെ സത്യത്തെ വ്യാജമാക്കി മാറ്റിക്കളഞ്ഞു. സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ആരാധിച്ചു. (1:25). 25 ആം വാക്യത്തിലെ “വ്യാജമാക്കി മാറ്റിക്കളഞ്ഞു” എന്നതുകൊണ്ട് പൌലൊസ് ഉദ്ദേശിച്ചത് വിഗ്രഹാരാധനയാണ്. ലോകത്തിൽ ആസന്മാർഗ്ഗീകതയും, വിഗ്രഹാരാധനയും വ്യാപകമായിരിക്കുന്നു. ഇത് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം പ്രാപിക്കാത്തതിനാലും, സത്യത്തെ മറച്ചു വയ്ക്കുന്നതിനാലും സംഭവിച്ചിരിക്കുന്നു.

 

ജാതീയരായ ജനങ്ങൾ താമസിക്കുന്ന കിഴക്കൻ പ്രദേശങ്ങളിലൂടെ ഉള്ള പൌലൊസിന്റെ സുവിശേഷ യാത്രകളിൽ, അദ്ദേഹം കണ്ടതും, കേട്ടതുമായ, വിഗ്രഹാരാധനയും, അധാർമ്മിക ജീവിതവും മനസ്സിൽ സംഗ്രഹിച്ചുകൊണ്ടാണ്, അദ്ദേഹം ഈ വാചകങ്ങൾ എഴുതുന്നതു. അതിസമ്പന്നമായിരുന്ന റോമാപട്ടണത്തിലെയും ജനങ്ങൾ വ്യത്യസ്തർ ആയിരുന്നില്ല. അവരുടെ ഇടയിലെ അധാർമ്മിക ജീവിതവും, വിഗ്രഹാരാധനയും തമ്മിലുള്ള ബന്ധം കാരണം രണ്ടിനെക്കുറിച്ചും അദ്ദേഹം ഒരു വാചകത്തിൽ, ഒന്നുപോലെ പരാമർശിക്കുന്നു.

 

റോമർ 1:24

അതുകൊണ്ടു (വിഗ്രഹാരാധനകൊണ്ടു) ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.

 

അധാർമ്മിക ജീവിതത്തിന്റെ ഭയങ്കരത്വം, പൌലൊസ് 26-27 വാക്യങ്ങളിൽ വിവരിക്കുന്നു. ഇന്നത്തെ ആധുനിക ലോകത്തിൽ സാധാരമായി കൊണ്ടിരിക്കുന്ന സ്വവർഗ്ഗഭോഗവും, സ്വവർഗ്ഗബന്ധങ്ങളും പൌലൊസിന്റെ കാലത്ത് സമ്പന്നമായ ജാതീയ ജനസമൂഹങ്ങളിലും ഉണ്ടായിരുന്നു. ഇതെല്ലാം മനുഷ്യർ പാപത്തിന്റെ വിനാശം അനുഭവിക്കേണ്ടതിന്, ദൈവത്തിന്റെ കോപത്താൽ, സംഭവിക്കുന്നതാണ് എന്നാണ് പൌലൊസ് വിശദീകരിക്കുന്നത്. 27 ആം വാക്യത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.” അസന്മാർഗ്ഗീകതയെ മനുഷ്യൻ സാധാരണവും സ്വഭാവികവും ആയി സ്വീകരിക്കുന്നത്, ദൈവ കോപത്താൽ അവർക്കു സംഭവിച്ചിരിക്കുന്ന വിഭ്രമമാണ്. ഈ വിഭ്രമത്തിന്റെ ഫലമാണ് അവർ പിന്തുടരുന്ന അസന്മാർഗ്ഗീക ജീവിതം. മനുഷ്യർ ദൈവത്തെ ധരിക്കുവാൻ ഇഷ്ടപ്പെട്ടില്ല എന്നതിനാൽ, ദൈവം അവന്റെ കോപത്തിൽ, അവരെ “ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു” (1:28). മനുഷ്യൻ അസന്മാർഗ്ഗികതയിൽ ഇന്ന് അനുഭവികുന്ന സ്വാതന്ത്ര്യം, യാഥാർത്ഥത്തിൽ ദൈവ കോപത്തിന്റെ ഫലം ആണ്. 

 

1:27 ആം വാക്യത്തിലെ, “വിഭ്രമത്തിന്നു” എന്നതിന്റെ ഗ്രീക്ക് പദം, “പ്ലാനെ” എന്നാണ് (plane, plan'-ay). ഈ വാക്കിന്റെ അർത്ഥം, അബദ്ധം, വഞ്ചിക്കുക, വഴിതെറ്റിക്കുക, വഞ്ചന, വ്യാജം, മതിവിഭ്രമം, എന്നിങ്ങനെയാണ് (error, to deceive, deceit, delusion). ഇതിൽ നിന്നുമാണ് “വിഭ്രമം” എന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർ ദൈവത്തെ ഉപക്ഷിച്ചു, പകരമായി സ്വീകരിച്ചിരിക്കുന്ന വിഗ്രഹാരാധനയും, മനുഷ്യർ പിന്തുടരുന്ന അധാർമ്മിക ജീവിതവും അവന്റെ സ്വയം വഞ്ചനയും, മതിഭ്രമവും ആണ്. അധർമ്മത്തെ ധർമ്മം എന്നു വിളിക്കുവാനും അതിൽ അഭിമാനിക്കുവാനും തക്കവണ്ണം മനുഷ്യർ വഴിതെറ്റിപ്പോയിരിക്കുന്നു. ഇത് ദൈവ കോപത്തിന്റെ ഫലമാണ്.  

 

1:24-28 വരെയുള്ള വാക്യങ്ങളിൽ, മനുഷ്യന്റെ പാപത്തിന്റെ അവസ്ഥയെ വിശേഷിപ്പിക്കുവാൻ പൌലൊസ് ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധിച്ചാൽ, അതിനോടുള്ള അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാകും. “അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു” (1:24), “അവമാനരാഗങ്ങളിൽ ഏല്പിച്ചു” (1:26), “അവലക്ഷണമായതു പ്രവർത്തിച്ചു” (1:27). “വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം” (1:27), “ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.” (1:28). സ്വവർഗ്ഗഭോഗത്തെയും, സമാനമായ ബന്ധങ്ങളെയും ദൈവം വെറുക്കുന്നു എന്നതിന്റെ തെളിവുകൾ ആണ് ഈ വാക്യങ്ങൾ.

 

അധാർമ്മിക ജീവിതം, സാധാരണ രീതിയായി സ്വീകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ ജീവിച്ചുകൊണ്ടാണ് പൌലൊസ് അതിനെ തള്ളിപ്പറയുന്നത്. അതിനെ ദൈവത്തിന്റെ കോപത്തിന്റെ ഫലം എന്നു വിശേഷിപ്പിക്കുവാൻ അദ്ദേഹം മടിക്കുന്നില്ല. വർത്തമാനകാല സമൂഹത്തോടൊപ്പം നിൽക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി, ദൈവത്തോടൊപ്പം നിൽക്കുക എന്നതായിരുന്നു.


അധാർമ്മിക മനുഷ്യരുടെ അവസ്ഥ

 

റോമർ 1:29-31 വരെയുള്ള വാക്യങ്ങളിൽ, അധാർമ്മിക ജീവിതത്തിൽ തുടരുന്ന മനുഷ്യരുടെ സ്വഭാവ വിശേഷതകളുടെയും, അവരുടെ മാനസിക അവസ്ഥയുടെയും ഒരു പട്ടിക പൌലൊസ് നിരത്തുന്നു.

 

റോമർ 1:29-31

അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ

 

ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നതാണ് ദൈവ ന്യായം. മനുഷ്യർ ഇത് അറിഞ്ഞിട്ടും അധർമ്മം തുടർന്നും പ്രവർത്തിക്കുന്നു. അധർമ്മികളുടെ പ്രവർത്തികളിൽ പ്രസാധിക്കുകയും ചെയ്യുന്നു (1:32).  

 

സംഗ്രഹം

 

ഇത്രയും പറഞ്ഞുകൊണ്ടു, പൌലൊസ് ഒന്നാം അദ്ധ്യായം അവസാനിപ്പിക്കുന്നു. ഈ അദ്ധ്യായത്തിൽ പൌലൊസ് പറയുന്ന വാദങ്ങളുടെ സംഗ്രഹം ഇതാണ്: ദൈവത്തിന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവൃത്തികളാൽ മനുഷ്യരുടെ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടിരിക്കുന്നു. അതിനാൽ സത്യ ദൈവത്തെ അറിഞ്ഞില്ല എന്നു പ്രതിവാദിക്കുവാൻ മനുഷ്യന് സാദ്ധ്യമല്ല (1:19-20). പക്ഷെ, മനുഷ്യർ ദൈവത്തെ മഹത്വീകരിച്ചില്ല. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു (1:21-23). അതിനാൽ അവർക്ക് നേരെ “ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.” (1:18). ദൈവ കോപത്തിന്റെ ഫലമായി, അവരുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു, ദൈവം അവരെ അശുദ്ധിയിൽ ഏല്പിച്ചു. (1:24). ഇങ്ങനെ മനുഷ്യർ ഒരു വിഭ്രമത്തിലായി, അതിന് യോഗ്യമായ ഫലം തങ്ങളിൽ തന്നേ പ്രാപിച്ചു. (1:27). ഇപ്രകാരം ജീവിക്കുന്നവർ നിത്യമരണത്തിന് യോഗ്യർ എന്നതാണ് ദൈവീക ന്യായം. ഇത് മനുഷ്യർ അറിഞ്ഞിട്ടും അവരുടെ ദൈവ നിഷേധവും, അധാർമ്മികവുമായ ജീവിതം തുടരുകയും, അങ്ങനെ ജീവിക്കുന്നവരിൽ പ്രസാദിക്കുകയും ചെയ്യുന്നു (1:32).




 

No comments:

Post a Comment