അദ്ധ്യായം – 3

റോമർക്ക് എഴുതിയ ലേഖനം 3:9, ഇത്രത്തോളമുള്ള പൌലൊസിന്റെ വാദങ്ങളെ ഉപസംഹരിക്കുന്ന ഒരു വാക്യമാണ്. മൂന്നാം അദ്ധ്യായം ഈ വാക്യത്തിന്റെ വിശദീകരണമാണ് എന്നു പറയാം.

     റോമർ 3:9

ആകയാൽ എന്തു? നമുക്കു (യഹൂദന്) വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

 

റോമർ മൂന്നാം അദ്ധ്യായം പൌലൊസിന്റെ വിമർശകർക്കുള്ള മറുപടിയും, യഹൂദ ന്യായപ്രമാണം സംബന്ധിച്ച അവന്റെ നിലപാടുകളും ആണ്. റോമർ 3:1-8 വരെയുള്ള വാക്യങ്ങളിൽ യഹൂദന്റെ വിശേഷതയും, ദൈവത്തിന്റെ വിശ്വസ്തതയും പൌലൊസ് ചർച്ച ചെയ്യുന്നു. യഹൂദന്റെ അവിശ്വസ്തതയിലും ദൈവം അവന്റെ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായിരിക്കുന്നു. യഹൂദന്റെ അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തതയുടെ മാറ്റ് കൂട്ടുന്നതെയുള്ളൂ. ഇത് ദൈവത്തിന്റെ വിശ്വസ്തതയെ കൂടുതൽ വെളിവാക്കേണ്ടതിന്, യഹൂദർ അവിശ്വസ്തരാകേണം എന്നല്ല. യഹൂദൻ അവിശ്വസ്തൻ ആയിരിക്കുമ്പോഴും, ദൈവം, അവന്റെ ഉടമ്പടിയിൽ വിശ്വസ്തൻ ആയിരിക്കുന്നു. ഇത് ദൈവത്തിന്റെ വിശ്വസ്തത മാറ്റമില്ലാത്തതാണ് എന്നു കാണിക്കുന്നു.

 

മൂന്നാം അദ്ധ്യായം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്. ഇത് പൌലൊസിന്റെ അഭിപ്രായത്തോട് വിയോജിക്കുന്ന ഒരുവൻ ചോദിക്കുന്ന ഒരു ചോദ്യം പോലെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. “എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?” (റോമർ 3:1). ഇതിനുള്ള മറുപടിയിൽ പഴയനിയമത്തിലെ ചില വാക്യങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു. പഴയനിയമത്തിലെ എഴുത്തുകാരും, ഒരു മനുഷ്യനും നീതീമാൻ എന്ന വിളിക്ക് യോഗ്യൻ അല്ല എന്നു പറഞ്ഞിട്ടുണ്ട്. ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ തികച്ച് ഒരു മനുഷ്യനും നീതീകരണം പ്രാപിക്കുകയില്ല എന്നു പൌലൊസ് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. എന്നാൽ, മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായ യാഗമായി ക്രൂശിൽ മരിച്ച യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം നീതീകരണം ലഭ്യമാണ്.    

 

യെഹൂദന്നു എന്തു വിശേഷത?

 

പൌലൊസിന്റെ പഠിപ്പിക്കലുകളെ തെറ്റായി വ്യാഖ്യാനിച്ച്, ചിലർ അദ്ദേഹത്തിന് എതിരായി കുറ്റാരോപണങ്ങൾ ഉന്നയിച്ചു. ഇത് റോമിലെ സഭയിലും എത്തിയിട്ടുണ്ടാകേണം, 3:1-8 വരെയുള്ള വാക്യങ്ങളിൽ, ഇതിനെല്ലാം ഉള്ള പൌലൊസിന്റെ വിശദീകരണം രേഖപ്പെടുത്തിയിരിക്കുന്നു.  

 

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി, ഒരു യഹൂദനായി ജീവിക്കുന്നതിൽ യാതൊരു പ്രയോജനവും ഇല്ല എന്നാണ് പൌലൊസ് പഠിപ്പിക്കുന്നത് എന്നു ചിലർ വിമർശിച്ചു. എന്നാൽ യഹൂദനും, ജാതീയനും ഒരുപോലെ ദൈവത്തിന്റെ ശിക്ഷാവിധിയ്ക്കു യോഗ്യർ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യരുടെ പാപം ആണ് അതിന് കാരണം. മോശെയുടെ ന്യായപ്രമാണത്തിന് കീഴിൽ ഉള്ളവർ, പ്രമാണങ്ങൾ ലംഘിച്ചിരിക്കുന്നു. അതിനാൽ ന്യായപ്രമാണം ഉണ്ട് എന്നതോ, പരിച്ഛേദന ഏറ്റിരിക്കുന്നു എന്നതോ അവരെ ദൈവീക ശിക്ഷയിൽ നിന്നും രക്ഷിക്കുകയില്ല.

 

ഇവിടെ ഉയരുന്ന വിമർശനം ഇതാണ്: ന്യായപ്രമാണം ലംഘിക്കുന്ന യഹൂദനും, പാപിയായ ജാതീയനും ഒരുപോലെ ദൈവത്തിന്റെ ശിക്ഷാവിധിയ്ക്കു വിധേയൻ ആകും എങ്കിൽ ഒരു യഹൂദൻ ആയിരിക്കുന്നതിലും, പരിച്ഛേദന ഏൽക്കുന്നതിലും പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ല. അദ്ദേഹത്തിന്റെ ഈ നിലപാടുകൾ, യഹൂദ ന്യായപ്രമാണത്തെ തുച്ഛീകരിക്കുന്നു എന്നൊരു വിമർശനം എപ്പോഴും ഉണ്ടായിട്ടുണ്ട്. ഇതിനൊരു വിശദീകരണം ആണ് റോമർ മൂന്നാം അദ്ധ്യായം.

 

യഹൂദന് മറ്റുള്ള ജനസമൂഹത്തെക്കാൾ ചില വിശേഷതകൾ ഉണ്ട് എന്നു പൌലൊസ് സമ്മതിക്കുന്നു (3:2). ഈ വിശേഷതകളിൽ ഒന്നാമത്തേത്, ദൈവീക അരുളപ്പാടുകൾ, ന്യായപ്രമാണമായും, പ്രവചന ദൂതുകളായും, ദൈവം അവരുടെ പക്കൽ എൽപ്പിച്ചിരിക്കുന്നു എന്നതാണ്. ഇത് ദൈവം നേരിട്ട് സകല യിസ്രായേല്യർക്കും ഒരുപോലെ, ഒരേ സമയത്ത് പ്രത്യക്ഷപ്പെട്ട്, അവരുമായി ചെയ്ത ഒരു ഉടമ്പടിയുടെ ഭാഗം ആയിരുന്നു. ദൈവത്തിൽ നിന്നു ന്യായപ്രമാണം നേരിട്ട് ലഭിക്കുകയും, അത് നല്കിയ ദൈവത്തെ നേരിൽ കാണുകയും ചെയ്ത ഒരു ജനസമൂഹം ആണ് യിസ്രായേൽ. ഇതുപോലെ മറ്റൊരു ജനസമൂഹവും ലോകത്തിൽ ഇല്ല.  

 

ആവർത്തനം 4:8-9 

ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.

 

യഹൂദ ജനത്തിന്റെ സവിശേഷതകളെക്കുറിച്ച് പൌലൊസ് വീണ്ടും റോമർ 9:4-5 വാക്യങ്ങളിലും പറയുന്നുണ്ട്.

 

റോമർ 9:4-5

അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.

 

യഹൂദന് പരിച്ഛേദനയാൽ പ്രയോജനം ഉണ്ട്. “സകലവിധത്തിലും വളരെ ഉണ്ടു” എന്നാണ് പൌലൊസ് എഴുതിയത് (3:2). ദൈവം അബ്രാഹാമുമായി ചെയ്ത ഉടമ്പടിയുടെ ജഡത്തിലുള്ള അടയാളം ആണ് പരിച്ഛേദന. ദൈവം, യിസ്രായേൽ എന്ന പ്രത്യേക ജനസമൂഹത്തെ വേർതിരിച്ച് രൂപീകരിക്കുന്നത് അബ്രാഹാം മുതൽ ആണ്. എല്ലാ യിസ്രായേല്യരും അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികൾ ആണ്. അങ്ങനെ അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തം, ഓരോ യിസ്രായേല്യന്റേതുമായി. ഈ വാഗ്ദത്തത്തിന്റെ അടയാളമാണ് പരിച്ഛേദന.

 

എന്നാൽ, 2:28-29 വാക്യങ്ങളിൽ പൌലൊസ് ഇങ്ങനെ എഴുതി:

 

റോമർ 2:28-29

പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

 

യഹൂദൻ ന്യായപ്രമാണം ആചരിച്ചാൽ മാത്രമേ ജഡത്തിലുള്ള പരിച്ഛേദനകൊണ്ടു പ്രയോജനം ഉള്ളൂ. പ്രമാണം ലംഘിച്ചാൽ, അവന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീരുന്നു. (2:25). അതുപോലെ ജഡത്തിൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അവനെ പരിച്ഛേദനക്കാരൻ എന്നു കണക്കാക്കാം. (2:26-27). അതിനാൽ, പരിശുദ്ധാത്മാവിനാലുള്ള ഹൃദയത്തിന്റെ പരിച്ഛേദനയാണ് യഥാർത്ഥ പരിച്ഛേദന (2:29).   

 

റോമർ രണ്ടാം അദ്ധ്യത്തിലെ പൌലൊസിന്റെ വാദം ഒരുവൻ യഹൂദൻ ആയിരിക്കുന്നതിൽ യാതൊരു പ്രയോജനവും ഇല്ല എന്നതായിരുന്നില്ല. യഹൂദൻ എന്ന പദവികൊണ്ടു മാത്രം ദൈവീക ശിക്ഷാവിധിയിൽ നിന്നും രക്ഷ പ്രാപിക്കുവാൻ സാദ്ധ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

 ദൈവത്തിന്റെ വിശ്വസ്തത

 

“യെഹൂദന്നു എന്തു വിശേഷത?” എന്ന ചോദ്യത്തിന് മറുപടി എഴുതിയതിന് ശേഷം, പൌലൊസ് മറ്റൊരു ചോദ്യം കൂടി ചോദിക്കുന്നു. “ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ?” ഇതിനുള്ള മറുപടിയും അദ്ദേഹം പറഞ്ഞു, “ഒരുനാളും ഇല്ല” (3:3). യഹൂദൻമാരിൽ ചിലർ ന്യായപ്രമാണത്തിലും, പ്രവാചകന്മാരിലും വിശ്വസിച്ചില്ല എന്നതുകൊണ്ട് അവരോടുള്ള വാഗ്ദത്തത്തിൽ ദൈവം അവിശ്വസ്തൻ ആകുകയില്ല. പ്രമാണലംഘകർ എങ്കിലും, യഹൂദന്മാരോടുള്ള ദൈവീക വാഗ്ദത്തം നിലനിൽക്കുന്നു. കാരണം ദൈവം എപ്പോഴും വിശ്വസ്തൻ ആണ്. അവന്റെ വിശ്വസ്തതയെ, മനുഷ്യന്റെ വിശ്വാസമോ, അവിശ്വാസമോ ബാധിക്കുന്നില്ല. എല്ലാ മനുഷ്യരും ഭോഷ്ക്ക് പറഞ്ഞാലും ദൈവം സത്യവാൻ ആയിരിക്കും. അതായത് ദൈവം യഹൂദനെ ഒരുനാളും തള്ളിക്കളഞ്ഞിട്ടില്ല.

 

3:3 ൽ “ഒരുനാളും ഇല്ല” എന്നത് ഗ്രീക്കിൽ, “മെയ് ഗിനോമയ്” എന്നാണ്. (mē ginomai, may ghin'-om-ahee). “മെയ്” എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം, “ഒരിക്കലും, ഒരു കാരണവശാലും ഇല്ല” എന്നാണ് (no, not lest). അങ്ങനെയൊരു ചിന്തപോലും ഇല്ല എന്ന ആശയം ഇതിൽ ഉണ്ട്. “ഇല്ല” എന്നു ഉറപ്പിച്ചു പറയുവാൻ ഈ പദം ഉപയോഗിക്കുന്നു. “ഗിനോമയ്” എന്ന പദത്തിന്റെ അർത്ഥം, “സംഭവിക്കുക, അങ്ങനെയാകുക”, എന്നിങ്ങനെയാണ് (to become, to come into existence). “മെയ് ഗിനോമയ്” എന്ന പദസമുശ്ചയത്തിന്റെ അർത്ഥം, “അങ്ങനെ ഒരു നാളും സംഭവിക്കാതെ ഇരിക്കട്ടെ” എന്നാണ് (let it not be, may it never be so). ഈ വാക്ക് ഇംഗ്ലീഷ് സ്റ്റാൻഡേർഡ് വേർഷനിൽ (ESV) പരിഭാഷപ്പെടുത്തിയിരിക്കുന്നത്, “By no means” എന്നാണ്. ന്യൂ ഇൻറർനാഷനൽ വെർഷൻ (NIV) “Not at all” എന്നാണ്. അതായത് യഹൂദൻ ന്യായപ്രമാണം ലഘിച്ചാൽ പോലും, ദൈവം അവനെ തള്ളിക്കളയുക എന്നത് ഒരിക്കലും സംഭവിക്കുക ഇല്ല.

 

3:4 ആം വാക്യം സങ്കീർത്തനം 51:4 ന്റെ സെപ്റ്റുഅജെന്റ് (Septuagint) പരിഭാഷയിൽ നിന്നും ഉള്ള ഒരു ഉദ്ധരണി ആണ്.

 

റോമർ 3:4

“നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.

 

സങ്കീർത്തനം 51:4

നിന്നോടു തന്നേ ഞാൻ (ദാവീദ് രാജാവ്) പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.

 

“ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ” എന്ന വാക്യവും സങ്കീർത്തനം 116 ൽ നിന്നും എടുത്തതാണ്.

 

സങ്കീർത്തനം 116:11

സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ (ദാവീദ് രാജാവ്) എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

 

റോമർ 3:4 ആം വാക്യത്തെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം, “സംസാരിക്കുമ്പോൾ നീ നീതിമാൻ ആയിരിക്കും, മനുഷ്യർ നിന്നെ വിധിച്ചാൽ, നീ അതിനെ ജയിക്കും.” അങ്ങനെ ദൈവത്തിനെതിരെ കുറ്റം ആരോപിക്കുന്ന സകല മനുഷ്യരും ഭോഷ്ക്ക് പറയുന്നവർ ആണ് എന്നു വരും.  

 

ദൈവത്തിന്റെ വിശ്വസ്തതയുടെ അടിസ്ഥാനം ഒരിക്കലും മനുഷ്യന്റെ വിശ്വസ്തതയല്ല എന്നതാണ് പൌലൊസിന്റെ അഭിപ്രായം. ദൈവം അവൻ തിരഞ്ഞെടുത്ത യിസ്രായേൽ ജനത്തോട് എന്നും വിശ്വസ്തൻ ആയിരിക്കും. അവൻ വാഗ്ദത്തം തള്ളിക്കളയുക ഇല്ല. ദൈവം ചെയ്ത ഉടമ്പടി ഒരിക്കലും അവൻ ലംഘിക്കുക ഇല്ല. ദൈവം യിസ്രായേല്യരുമായി ചെയ്ത ഉടമ്പടി, അവർ അവിശ്വസ്തർ ആയിരിക്കുമ്പോഴും, ദൈവം പാലിക്കുന്നു. കാരണം ദൈവം ചെയ്ത ഉടമ്പടികളോട് അവൻ വിശ്വസ്തൻ ആണ്. അങ്ങനെയാണ് ദൈവം നീതീകരിക്കപ്പെടുന്നതും, ന്യായവിസ്താരത്തിൽ ജയിക്കുന്നതും.

 

യഹൂദന്മാർക്കാണ് ദൈവം ന്യായപ്രമാണം നല്കിയത്. എന്നാൽ അവർ അത് പ്രമാണിച്ചില്ല. ഒരു ജനസമൂഹം എന്ന നിലയിലും, വ്യക്തികൾ എന്ന നിലയിലും അവർ ദൈവീക പ്രമാണങ്ങൾ ലംഘിച്ചു. ദൈവത്തിന്റെ അരുളപ്പാടുകൾ നേരിട്ട് സ്വീകരിച്ചവർക്ക് പോലും ന്യായപ്രമാണങ്ങൾ പാലിക്കുവാൻ കഴിഞ്ഞില്ല എങ്കിൽ, ഒരു മനുഷ്യനും ഈ പ്രമാണങ്ങൾ എല്ലാം തെറ്റാതെ ജീവിക്കുവാൻ കഴിയുക ഇല്ല. അതിനാൽ ആരും പാപത്തിൽ നിന്നും മുക്തിയുള്ളവർ അല്ല.

 

ദൈവം നീതിയില്ലാത്തവൻ എന്നോ?

 

റോമർ 3:5 മുതലുള്ള വാക്യങ്ങളിൽ, മറ്റൊരു വിമർശനത്തിന് പൌലൊസ് മറുപടി നല്കുന്നു. മനുഷ്യർ പാപത്തിൽ വീണുപോയില്ല എങ്കിൽ, അവർ ദൈവത്തിന്റെ നീതീയെ പ്രശംസിക്കുക ഇല്ല എന്നൊരു വാദം ഉണ്ട്. അതിനാൽ ദുഷ്ട പ്രവർത്തികൾ ദൈവത്തിന്റെ മഹത്വത്തിന് കാരണമായി തീരുന്നു എന്നാണ് അവരുടെ വാദം. ഈ വാദം അനുസരിച്ചു, തിന്മയും ദൈവത്തിന്റെ മഹത്വത്തിന് കാരണം ആകുന്നു എങ്കിൽ, അത് പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുന്നത് അനീതി ആണ്. ഇത് യുക്തിഭദ്രമായ ഒരു വാദമാണ് എന്നു ആദ്യ കേൾവിയിൽ തോന്നാം എങ്കിലും അടിസ്ഥാനമായി തെറ്റാണ്.

 

ദൈവം മനുഷ്യനല്ല. അവൻ പരിപൂർണ്ണൻ ആണ്. അതിനാൽ, “ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?” എന്ന ചോദ്യത്തിന് “ഒരുനാളുമല്ല” എന്നു പൌലൊസ് മറുപടി നല്കുന്നു. ദൈവം ഒരിക്കലും, ഒരു സാഹചര്യത്തിലും, നീതീ ഇല്ലാത്തവൻ ആകുന്നില്ല. 3:5 ആം വാക്യത്തിലെ ഒരുനാളുമല്ല” എന്നത് ഗ്രീക്കിൽ, “മെയ് ഗിനോമയ്” എന്നാണ്. (mē ginomai, may ghin'-om-ahee). ഈ ഗ്രീക്ക് പദ സമുശ്ചയത്തിന്റെ അർത്ഥം മുകളിൽ വിശദീകരിച്ചിട്ടുണ്ട്. 3:6 ആം വാക്യത്തിലെ “അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?” എന്ന പൌലോസിന്റെ ചോദ്യം കൂടെ ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്. ദൈവം നീതീയില്ലാത്തവൻ ആയാൽ, അദ്ദേഹത്തിന് ലോകത്തെ വിധിക്കുവാൻ യോഗ്യത ഇല്ലാതെയാകും. 

 

3:5 ലെ ചോദ്യം ഇങ്ങനെയാണ്: മനുഷ്യരുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ, ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നാകുമോ? അതായത് ദൈവത്തിന്റെ നീതീ മനുഷ്യരുടെ പാപത്താലും അനീതിയാലും വെളിപ്പെടുന്നു എങ്കിൽ, പാപത്തെ ദൈവം ശിക്ഷിക്കുന്നത് ന്യായമാണോ. ഇത് ദൈവത്തെ അനീതീയുള്ളവൻ ആക്കുന്നു. പ്രത്യേകിച്ച് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേലിനെ ദൈവം ശിക്ഷിക്കുന്നത് അന്യായം ആണ് എന്നു വരുന്നു. ഈ ചോദ്യങ്ങൾക്കിടയിൽ “ഞാൻ മാനുഷരീതിയിൽ പറയുന്നു” എന്നു കൂടി പൌലൊസ് എഴുതിയിട്ടുണ്ട് (3:5). അതായത് ഈ ചോദ്യം മാനുഷികവും അബദ്ധജടിലവും ആണ്. ഇത് പൌലൊസ് ചോദിക്കുന്നതല്ല എന്നു വ്യക്തമാക്കുവാൻ കൂടിയാകാം, “ഞാൻ മാനുഷരീതിയിൽ പറയുന്നു” എന്നൊരു വാചകം കൂടി എഴുതിയത്.        

 

ഈ ചോദ്യത്തിന്റെ മറുപടി, “ഒരുനാളുമല്ല” എന്നാണ്. ദൈവം നീതി ഇല്ലാത്തവൻ ആണെങ്കിൽ അവൻ എങ്ങനെ ലോകത്തെ വിധിക്കും (3:6). ദൈവത്തിന്റെ നീതീയാണ് അളവുകോൽ. അളവുകോൽ ഇല്ലാതെ എങ്ങനെ വിധിക്കുവാൻ കഴിയും. അവൻ നീതിമാൻ ആയിരിക്കുന്നതിനാൽ മനുഷ്യരുടെ പാപത്തിന് നേരെ ക്രോധം ഉണ്ടാകേണ്ടിയിരിക്കുന്നു. പാപത്തെ വിധിക്കാത്തവൻ നീതിമാൻ ആകുകയില്ല. ഈ വിഷയം റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് വീണ്ടും വിശദീകരിക്കുന്നുണ്ട്.

 

3:7-8 വാക്യങ്ങളിലും ഇതേ വാദം തുടരുകയാണ്. മനുഷ്യർ പറയുന്ന ഭോഷ്കിനാൽ ദൈവത്തിന്റെ മഹത്വം അധികം തെളിവായി വരുന്നു എങ്കിൽ അവനെ പാപി എന്നു വിളിക്കുന്നത് ശരിയാണോ? “നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ?” (3:8). അതായത്, മനുഷ്യരുടെ ഭോഷ്ക് ദൈവത്തിന്റെ മഹത്വം തെളിവാക്കുന്നു എങ്കിൽ, മനുഷ്യർ കൂടുതൽ ഭോഷ്ക് പറഞ്ഞാൽ, ദൈവത്തിന്റെ മഹത്വം കൂടുതൽ തെളിവാകും എന്ന ആശയം ഈ വാക്യം ഉളവാക്കും. ഇങ്ങനെ പൌലൊസ് പഠിപ്പിക്കുന്നില്ല എങ്കിലും, ഇതെല്ലാം പഠിപ്പിക്കുന്നു എന്നൊരു ആരോപണം അദ്ദേഹത്തെക്കുറിച്ച് ഉണ്ട്. “ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ.” (3:8).

 

എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണ് എന്നു പൌലൊസ് റോമിലെ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം എന്ത് പഠിപ്പിക്കുന്നു എന്നു തെളിയിക്കേണ്ടുന്ന കാര്യം ഇല്ല. കാരണം അതെല്ലാം അദ്ദേഹം പരസ്യമായി പഠിപ്പിക്കുന്നവ ആണ്. അതിനാൽ പൌലൊസിനെതിരെ തെറ്റായി ആരോപണം ഉന്നയിക്കുന്നവർക്ക് നീതിയുള്ള ശിക്ഷാവിധി തന്നെ ലഭിക്കും.

 

2 കൊരിന്ത്യർ 11:31

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

 

ഈ വാദത്തെ പൌലൊസ് രണ്ടു രീതിയിൽ ഖണ്ഡിക്കുന്നു. ഒന്നാമതായി, ദൈവത്തിന്റെ നീതി എന്നു പറഞ്ഞാൽ, അവന് ഒരിക്കലും അനീതീയുള്ളവൻ ആകുവാനോ, പാപത്തോടു സഹിഷ്ണതയുള്ളവൻ ആകുവാനോ കഴിയുകയില്ല. സത്യം, നന്മ, നീതീ, എന്നിവയുടെയെല്ലാം മാനദണ്ഡം ദൈവം ആണ്. ദൈവത്തിന്റെ പ്രാമാണത്തിനും, നീതിയ്ക്കും, വിശുദ്ധിയ്ക്കും, ചേരാത്തത് എല്ലാം ആണ് തിന്മയും, പാപവും. അതിനാൽ തന്നെ ദൈവം പാപത്തെ വിധിക്കേണം. അത് തികച്ചും ന്യായം ആണ്. ദൈവം പാപത്തെ വിധിക്കുന്നില്ല എങ്കിൽ, അവൻ നീതീയുള്ള ദൈവം അല്ലാതെയാകും.

 

പൌലൊസിന്റെ രണ്ടാമത്തെ വാദമനുസരിച്ച്, മനുഷ്യരുടെ പാപം അനിവാര്യം ആണ്. മനുഷ്യർ പാപം ചെയ്യുന്നത് ദൈവത്തിന്റെ മഹത്വം തെളിവായി വരുവാൻ വേണ്ടിയല്ല. മനുഷ്യർ പാപികൾ ആയിരിക്കുന്നതിനാൽ അവർ പാപം ചെയ്യുന്നു. റോമർ 6:1 ൽ “കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.” എന്നു പൌലൊസ് എഴുതിയിട്ടുണ്ട്.

 

3:8 ൽ, അദ്ദേഹത്തെക്കുറിച്ച് പരത്തുന്ന ആരോപണങ്ങൾ എല്ലാം പൌലൊസ് നിഷേധിക്കുന്നു. ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ.” എന്നാണ് അദ്ദേഹം എഴുതിയത്. “ദുഷിച്ചുപറയുന്നുവല്ലോ” എന്നതിൽ നിന്നും പൌലൊസിന് എതിരെ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ എല്ലാം വ്യാജവും, അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് ദോഷം ചെയ്യുന്നതുമാണ് എന്നു മനസ്സിലാക്കാം. ആരോപണങ്ങൾ പറയുന്നവർ ദൂഷണം പരത്തുന്നവർ ആണ് എന്നും ഇതിന് അർത്ഥം കൽപ്പിക്കാം. “ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ” എന്നു പറഞ്ഞുകൊണ്ടു അദ്ദേഹം ഈ വിഷയം അവസാനിപ്പിക്കുന്നു. അതായത് ആരോപണങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ദൈവത്തിന്റെ ശിക്ഷാവിധി ഉണ്ടാകും.

(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


സകല മനുഷ്യരും പാപത്തിൻ കീഴാകുന്നു

 

റോമർ 3:9-20 വരെയുള്ള വാക്യങ്ങളിൽ ജാതീയരുടെമേൽ യഹൂദന്റെ സവിശേഷതയെക്കുറിച്ച്, പൌലൊസ് അന്തിമ അഭിപ്രായം രേഖപ്പെടുത്തുന്നു, “യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു” (3:9).

 

യഹൂദർക്ക്, ജാതിയരെക്കാൾ വിശേഷത ഉണ്ടോ എന്ന ചോദ്യത്തിനുള്ള പൌലൊസിന്റെ അന്തിമ ഉത്തരം, “ഇല്ല” എന്നാണ്. എല്ലാ മനുഷ്യരും, യഹൂദനും, ജാതീയനും, ഒരുപോലെ പാപത്തിൽ ആയിരിക്കുന്നു. ന്യായപ്രമാണം ലഭിക്കുകയും, ദൈവത്തിന്റെ അരുളപ്പാടുകൾ നേരിട്ട് പ്രാപിക്കുകയും, പരിച്ഛേദന ഏൽക്കുകയും ചെയ്താലും, ന്യായപ്രമാണ ലംഘനം യഹൂദനെയും പാപിയാക്കുന്നു. എല്ലാ മനുഷ്യരും പാപികൾ ആണ് എന്നു ദൈവ വചനം എപ്പോഴും പഠിപ്പിക്കുന്നു.

 

3:9 ൽ പൌലൊസ് “ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ?” എന്ന ചോദ്യത്തിന്, മുമ്പ് പറഞ്ഞതിനെക്കാൾ വ്യത്യസ്തമായൊരു ഉത്തരം നല്കുന്നു. യഹൂദന് യാതൊരു വിശേഷതയും ഇല്ല എന്നാണ് ഇവിടെ പറയുന്നത്. കാരണം “യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു”. ഒരു ജനസമൂഹം എന്ന നിലയിൽ യിസ്രായേൽ ജനത്തിന് ദൈവവുമായുള്ള ബന്ധത്തിൽ സവിശേഷതകൾ ഉണ്ട് എങ്കിലും വ്യക്തിപരമായി പാപത്തിന്റെ ശിക്ഷാവിധിയിൽ അവർക്ക് യാതൊരു പ്രത്യേകതയും ഇല്ല. യഹൂദനെയും, ജാതിയനെയും ദൈവം ഒരുപോലെ അവരുടെ പ്രവർത്തികൾക്ക് ഒത്തവണ്ണം വിധിക്കും.

 

3:10-12 വരെയുള്ള വാക്യങ്ങളിൽ, മനുഷ്യരിൽ ആരും നീതീമാന്മാർ ഇല്ല എന്നു പൌലൊസ് പ്രസ്താവിക്കുന്നു. നീതിമാൻ ആരുംഇല്ല, ദൈവത്തെക്കുറിച്ചു ഗ്രഹിക്കുന്നവരും, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. സകല മനുഷ്യരും കൊള്ളരുതാത്തവരായി തീർന്നു. ആരും നന്മ ചെയ്യുന്നില്ല. ഇതിന് പിൻബലമായി പഴയനിയമത്തിലെ ചില വാക്യങ്ങളെ പൌലൊസ് ഉദ്ധരിക്കുന്നു. സകല മനുഷ്യരും പാപത്തിൽ ജീവിക്കുന്നു എന്നത് പൌലൊസ് രൂപപ്പെടുത്തിയ ഒരു പുതിയ ആശയമല്ല എന്നു തെളിയിക്കുകയാണ്, പഴയനിയമ ഉദ്ധരണികളിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്. 

 

റോമർ 3:10-12

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.”

 

സങ്കീർത്തനം 14:1-3

ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

 

സങ്കീർത്തനം 53:1-3

ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയന്നു; അവർ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻ പോലും ഇല്ല.

 

സഭാപ്രസംഗി 7:20

പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.

 

സകല മനുഷ്യരും പാപത്തിന് കീഴിലാണ് എന്നത് സുവിശേഷത്തിൽ ഒരു പ്രധാന വിഷയം ആണ്. അതിനാലാണ് രക്ഷ എല്ലാവർക്കും ആവശ്യമാണ് എന്നു പറയുന്നത്. നല്ല പ്രവർത്തികളാൽ രക്ഷ പ്രാപിക്കുവാൻ കഴിയുന്ന ആരും ഇല്ല. ദൈവത്തെ അന്വേഷിക്കുന്നവരും ആരും ഇല്ല. ഇത് മനുഷ്യരുടെ പ്രകൃത്യായുള്ള സ്വഭാവമാണ്. 

 

3:13 മുതൽ എങ്ങനെയാണ് മനുഷ്യർ അവരുടെ ശരീരത്തെ പാപത്തിനായി ഉപയോഗിക്കുന്നത് എന്നു പറയുന്നു. 3:13 ആം വാക്യത്തിൽ, “അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.” എന്നു പൌലൊസ് എഴുതി. ഇവിടെ മനുഷ്യന്റെ തൊണ്ട, നാവ്, അധരം എന്നിവ സംസാരവുമായി ബന്ധപ്പെട്ട പാപങ്ങളെ സൂചിപ്പിക്കുന്നു. ഇവിടെയും അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പിൻബലമായി പഴയനിയത്തിലെ വാക്യങ്ങളെ അദ്ദേഹം ഉദ്ധരിക്കുന്നു. 

 

സങ്കീർത്തനം 5:9

അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.

 

സങ്കീർത്തനം 140:3

അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു.

 

റോമർ 3:14 ൽ പൌലൊസ് ഉദ്ധരിക്കുന്നത് സങ്കീർത്തനം 10:7 ന്റെ സെപ്റ്റുഅജെന്റ് (Septuagint) പരിഭാഷയിൽ നിന്നാണ്. “അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.” ഇത് മറ്റുള്ളവരെ ശപിക്കുന്നതും കൈപ്പോടെ സംസാരിക്കുന്നതും ആകാം. 

 

സങ്കീർത്തനം 10:7

അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

 

3:15 ൽ “അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.” എന്നാണ് പൌലൊസ് പറയുന്നത്. കാലുകൾ മനുഷ്യരുടെ മനപ്പൂർവ്വമായ ഉദ്ദേശ്യങ്ങളും പ്രവർത്തികളും സൂചിപ്പിക്കുന്നു. കാലുകൾ പോകുന്ന ഇടത്തേക്ക് മനുഷ്യർ പോകുന്നു.

 

യെശയ്യാവ് 59:7-8

അവരുടെ കാൽ ദോഷത്തിന്നായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാൻ അവർ‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ടു. സമാധാനത്തിന്റെ വഴി അവർ‍ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ‍ തങ്ങൾക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.

 

3:16-17 വാക്യങ്ങളിൽ, “നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.” എന്നാണ് പൌലൊസ് എഴുതിയത്. ഇത് 3:15 ആം വാക്യത്തിലെ കാലുകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട വാക്യം ആണ്. മനുഷ്യർ പോകുന്ന ഇടത്തെല്ലാം നാശവും അരിഷ്ടതയും ഉണ്ടാകുന്നു. കാരണം അവരുടെ വഴികൾ പാപത്തിന്റെ വഴികൾ ആണ്. 

 

മനുഷ്യരുടെ പാപ പ്രവർത്തികളുടെ കാരണം 3:18 ൽ പൌലൊസ് പറയുന്നു, “അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല”. ഇത് സങ്കീർത്തനം 36:1 ആം വാക്യം ആണ്. ദൈവത്തെ നിസ്സാരനായി കാണുന്നു എന്നതാണ് മനുഷ്യന്റെ കുറ്റം. അവന്റെ കുറ്റം ദൈവം കണ്ടെത്തുകയില്ല എന്നു മനുഷ്യർ കരുതുന്നു. അല്ലെങ്കിൽ ദൈവം മനുഷ്യനെ ന്യായം വിധിക്കുകയില്ല എന്നു അവൻ വൃഥാ മോഹിക്കുന്നു.

 

സങ്കീർത്തനം 36:1-2

ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.

 

സങ്കീർത്തനത്തിലെ “പാപാദേശമുണ്ടു” എന്നതിനെ, പാപത്തേക്കുറിച്ചുള്ള ഉപദേശം ഉണ്ട്, പാപത്തേകുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഉണ്ട്, എന്നിങ്ങനെ മനസ്സിലാക്കാം.

 

വിശ്വാസത്താൽ നീതീകരണം

 

3:19 മുതലുള്ള വാക്യങ്ങളിൽ, ന്യായപ്രമാണത്തിന് ഒരു മനുഷ്യനെയും, യഹൂദനെയും, ജാതിയനെയും, ദൈവ ക്രോധത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയുകയില്ല എന്ന വാദം പൌലൊസ് ഉപസംഗ്രഹിക്കുന്നു. ന്യായപ്രമാണം മനുഷ്യന്റെ പാപത്തെ വെളിപ്പെടുത്തുന്നു. പാപികൾ ന്യായമായും ദൈവ കോപത്തിന്നു ഇരകൾ ആണ് അങ്ങനെ ദൈവത്തോട് വാദപ്രതിവാദം ചെയ്യുവാൻ കഴിയാതെ “ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായി” തീർന്നിരിക്കുന്നു (3:19). “ഏതു വായും”, “സർവ്വലോകവും” എന്നീ വാക്കുകളിൽ യഹൂദനും, ജാതീയരും ഉണ്ട്. 

 

ന്യായപ്രമാണത്തിലെ സകല പ്രമാണങ്ങളും, അതിന്റെ സ്വീകർത്താക്കളോടുള്ള കൽപ്പനകൾ ആണ്. എന്നാൽ വിശാലമായ അർത്ഥത്തിൽ, ന്യായപ്രമാണം സർവ്വലോകത്തെയും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീർക്കുന്നു. ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്നവരെ പൂണ്ണമായും നിയന്ത്രിക്കുന്നത് അതിലെ പ്രമാണങ്ങൾ ആണ്. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ ചെയ്തു ഒരു മനുഷ്യനും, യഹൂദനും ജാതീയനും, ദൈവ സന്നിധിയിൽ നീതീമാൻ ആകുകയില്ല. അങ്ങനെ സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിതീരുന്നു. അതിനാൽ, പ്രതിവാദം ചെയ്യുവാൻ ആർക്കും യോഗ്യത ഇല്ല. ന്യായപ്രമാണം പാപത്തേക്കുറിച്ചുള്ള അറിവ് നല്കുന്നു, അത് നീതീകരണത്തിന്റെ പ്രത്യാശ നൽകുന്നില്ല.

 

ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം സകല മനുഷ്യരുടെയും, യഹൂദന്റെയും, ജാതീയരുടെയും, പാപത്തെ വെളിപ്പെടുത്തുക എന്നതാണ്. സർവ്വ മനുഷ്യരും പാപികൾ ആണ് എന്നു അത് തെളിയിക്കുന്നു. അതിനാൽ യഹൂദ മതാചാരങ്ങൾകൊണ്ടു ഒരു മനുഷ്യനും നീതീമാൻ ആകുകിയില്ല. എല്ലാവരും പാപം ചെയ്തു, പാപികൾ ആയി തീർന്നിരിക്കുന്നു. പാപം സകല മനുഷ്യരെയും നിയന്ത്രിക്കുന്നു.

 

3:20 ൽ പൌലൊസ് ഈ വാദത്തിന്റെ ആദ്യഘട്ടം അവസാനിപ്പിക്കുന്നു.  അതിനാൽ അദ്ദേഹം എഴുതി, “ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു..” ന്യായപ്രമാണം പാപത്തേക്കുറിച്ചും, അതിനാൽ മനുഷ്യർ ദൈവ കോപത്തിന്നു യോഗ്യർ ആണ് എന്നുമുള്ള ബോധ്യം വരുത്തുന്നു.

 

റോമർ 3:21-28 വരെയുള്ള വാക്യങ്ങളിൽ, റോമർക്ക് കത്ത് എഴുത്തുന്നതിന്റെ മുഖ്യ ഉദ്ദേശ്യത്തിലേക്ക് പൌലൊസ് തിരികെ വരുന്നു. അദ്ദേഹം, നായപ്രമാണം, പാപം, നീതീകരണം എന്നീ വിഷയത്തെക്കുറിച്ചുള്ള ഉപദേശത്തിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുന്നു. ഒന്നാം ഘട്ടത്തിൽ, സകല മനുഷ്യരും പാപികൾ ആണ് എന്നും അതിനാൽ ദൈവ കോപത്തിന്നു യോഗ്യർ ആണ് എന്നും അദ്ദേഹം സമർത്ഥിച്ചു. രണ്ടാം ഘട്ടത്തിൽ ഒരു ശുഭ വാർത്ത, അല്ലെങ്കിൽ യേശുക്രിസ്തുവിന്റെ സുവിശേഷം അദ്ദേഹം അറിയിക്കുന്നു. ന്യായപ്രമാണത്തിന് മനുഷ്യരെ ഒരുനാളും നീതീകരിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ന്യായപ്രമാണം കൂടാതെ ദൈവ സന്നിധിയിൽ നീതീകരിക്കപ്പെടുവാൻ ഒരു മാർഗ്ഗം ഉണ്ട്. അത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും, യഹൂദനും, ജാതീയനും, വിശ്വാസത്താൽ പ്രാപിക്കുവാൻ കഴിയും. ക്രിസ്തുവിന്റെ സുവിശേഷം ആണ് നീതീകരിക്കപ്പെടുവാനുള്ള ഏക മാർഗ്ഗം.

 

മനുഷ്യർക്ക് നീതീകരിക്കപ്പെടുവാൻ ഒരു മാർഗ്ഗം ദൈവം തുറന്നിരിക്കുന്നു. അത് ന്യായപ്രമാണത്തിൽ അടിസ്ഥാനമായത് അല്ല. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും, വിശ്വാസത്താൽ ദൈവ നീതി ലഭിക്കുന്നു. “വിശ്വസിക്കുന്ന എല്ലാവർക്കും” എന്നതിൽ യഹൂദനും, ജാതീയരും ഒരുപോലെ ഉൾപ്പെടുന്നു (3:21). ഇത് ശരിയായ മാർഗ്ഗം ആണ് എന്നതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (3:22). ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” (3:23). എന്നാൽ ഇപ്പോൾ, ദൈവത്തിന്റെ കൃപയാൽ, ക്രിസ്തുയേശുവിൽ ഉള്ള വീണ്ടെടുപ്പുമൂലം, സ്വജന്യമായ നീതീകരണം സകല മനുഷ്യർക്കും ലഭ്യമാണ്. (3:24).

 

3:21 ലെ “ഇപ്പോഴോ” എന്ന പദത്തിന് വളരെ പ്രാധാന്യം ഉണ്ട്. 3:20 വരെ പൌലൊസ് പറഞ്ഞിരുന്നത് “ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല;” എന്നായിരുന്നു (3:20). ഇതാണ് മനുഷ്യന്റെ അവസ്ഥ എങ്കിലും, “ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.” ഇതാണ് ക്രിസ്തുവിന്റെ സുവിശേഷം.

 

ക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള രക്ഷയും നീതീകരണവും പൊടുന്നനവേ പൌലൊസ് ഉയർത്തികൊണ്ടു വന്ന ആശയം അല്ല. ഇതിനെക്കുറിച്ച് “ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (2:22). 3:23 ആം വാക്യത്തിൽ, ഒരിക്കൽ കൂടി മനുഷ്യരുടെ പാപത്തേക്കുറിച്ച് പൌലൊസ് പറയുന്നു. “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”. “ഒരു വ്യത്യാസവുമില്ല” എന്നത് രണ്ടു കാര്യങ്ങളെ സൂചിപ്പിക്കുന്നു. പാപം ചെയ്തിരിക്കുന്നു എന്നതിൽ യഹൂദനും, ജാതീയരും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. മനുഷ്യരുടെ ഇടയിൽ പാപം ചെയ്തവർ എന്നും പാപം ചെയ്യാത്തവർ എന്നുമുള്ള വ്യത്യാസം ഇല്ല. എല്ലാ മനുഷ്യരും ഒരുപോലെ “പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”. അതുപോലെ തന്നെ യാതൊരു വ്യത്യാസവും കൂടാതെ സകല മനുഷ്യരും, “അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” (3:24). ഇതിന് ക്രിസ്തുവിലുള്ള വിശ്വാസം ആവശ്യമാണ്.   

 

യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവന്റെ രക്തം മൂലം പ്രായശ്ചിത്തം ലഭിക്കുന്നു. ഇത് ദൈവം പരസ്യമായി, സകല മനുഷ്യർക്കും വെളിപ്പെടുത്തിയിരിക്കുന്നു. മുൻകാല പാപങ്ങളെ അവൻ ശിക്ഷിക്കുന്നില്ല, കാരണം അവൻ മനുഷ്യരുടെ പാപങ്ങളെയെല്ലാം പൊറുക്കുന്നവൻ ആണ് (“പൊറുമയിൽ” - forbearance - ESV). യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ദൈവം നീതീകരിക്കുന്നു. അങ്ങനെ ദൈവം നീതിമാൻ എന്നു വെളിപ്പെടുത്തിയിരിക്കുന്നു. (3:25-26). ഈ വാക്യങ്ങളിൽ എല്ലാ മനുഷ്യരുടെയും, യഹൂദന്റെയും, ജാതീയരുടെയും, നീതീകരണത്തെക്കുറിച്ചാണ് പൌലൊസ് പറയുന്നത്.

 

3:25 ലെ “പ്രായശ്ചിത്തമാകുവാൻ” എന്നതിന്റെ ഗ്രീക്ക് പദം, “ഹിലാസ്റ്റേരിയൻ” എന്നാണ് (hilastērion, hil-as-tay'-ree-on). ഈ വാക്കിന്റെ അർത്ഥം, ഉപശാന്തി, പ്രായശ്ചിത്തം, പ്രസാദിപ്പിക്കുക, പരിഹാരം ചെയ്യുക, എന്നിങ്ങനെയാണ് (propitiation, appeasing, expiating). എബ്രായർക്ക് എഴുതിയ ലേഖനം 9:5 ൽ ഇതേ ഗ്രീക്ക് വാക്കാണ്, “കൃപാസനം” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്നത്. കൃപാസനത്തിൽ ആണ് സാക്ഷ്യ പെട്ടകം വച്ചിരുന്നത് (ark of the covenant). ഇവിടെയാണ് പഴയനിയമ കാലത്ത്, പാപ പരിഹാര രക്തം അർപ്പിച്ചിരുന്നത്.

 

എബ്രായർ 9:5

അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.

 

പഴയനിയമത്തിൽ, പാപ പരിഹാര ദിവസം യാഗമായി അർപ്പിക്കപ്പെടുന്ന കോലാട്ടുകൊറ്റന്റെ രക്തം സമാഗമന കൂടാരത്തിലെ അതിവിശുദ്ധ സ്ഥലത്ത്, കൃപാസനത്തിന്മേൽ, മഹാപുരോഹിതൻ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു (ലേവ്യപുസ്തകം 16). യിസ്രായേൽ ജനത്തിന്റെ പാപങ്ങൾക്ക് ലഭിക്കേണ്ട ശിക്ഷ മരണം ആയിരുന്നു. എന്നാൽ അവർ മരിക്കാതെ, അവർക്കുവേണ്ടി ഒരു കോലാട്ടുകൊറ്റനെ കൊന്നു. അതിന്റെ ജീവൻ അടങ്ങിയ രക്തമാണ് കൃപാസനത്തിൽ തളിക്കുന്നത്. ഇതിലൂടെ യിസ്രായേൽ ജനത്തിന്റെ രക്തവും ജീവനും ആണ് ദൈവ സന്നിധിയിൽ പാപത്തിന് പ്രായശ്ചിത്തമായി അർപ്പിക്കപ്പെട്ടിരുന്നത്. ഇതാണ് “പ്രായശ്ചിത്തമാകുവാൻ” (ഗ്രീക്ക് - ഹിലാസ്റ്റേരിയൻ) എന്ന വാക്ക് വിനിമയം ചെയ്യുന്ന അർത്ഥം.   

 

ഈ വാക്യത്തിൽ പൌലൊസ് പറയുന്നു, ദൈവം യേശുക്രിസ്തുവിനെ, അവന്റെ രക്തം മൂലം പ്രായശ്ചിത്തമാകേണ്ടതിനായി പരസ്യമായി നിറുത്തിയിരിക്കുന്നു. അങ്ങനെ നമ്മളുടെ പാപത്തിന് എതിരായ ദൈവ ക്രോധം യേശുക്രിസ്തുവിലായി. എന്തുകൊണ്ടാണ് ദൈവം യേശുക്രിസ്തുവിനെ നമ്മളുടെ പാപത്തിന്റെ പ്രായശ്ചിത്തമായി നിറുത്തിയത്? അത് ദൈവത്തിന്റെ നീതീ നിമിത്തം ആയിരുന്നു. നമ്മളുടെ പാപങ്ങളെ കാണാതെ വിടുകയല്ല, അവയ്ക്ക് നീതീയോടെ പരിഹാരം കണ്ടെത്തുകയാണ് ദൈവം ചെയ്തത്. അതിനാൽ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്താൽ, പാപത്തിന്റെ ശിക്ഷ ഒരിക്കലായും എന്നന്നേക്കുമായും നൽകപ്പെട്ടു കഴിഞ്ഞു. ഇതിൽ കഴിഞ്ഞകാലങ്ങളിലെ പാപം ഉണ്ട്. അതായത് യേശുക്രിസ്തു ക്രൂശിൽ മരിക്കുന്നതിന് മുമ്പുള്ള പാപങ്ങൾക്കും അവന്റെ രക്തം പരിഹാരമായി. ദൈവം ദീർഘക്ഷമയിൽ കഴിഞ്ഞകാല പാപങ്ങളെ ശിക്ഷിക്കാതെ വിട്ടിരിക്കുന്നു. ഇത് പഴയകാല പാപങ്ങളെ ദൈവം അവഗണിച്ചതല്ല, അതിനുള്ള പരിഹാരവും ക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ കണ്ടെത്തുകയാണ്.

 

ദൈവം അവന്റെ നീതീയെ ഏറ്റവും ശരിയായ സമയത്ത് തന്നെ പ്രദർശിപ്പിച്ചിരിക്കുന്നു. യേശുവിന്റെ മരണത്തിലൂടെ, പാപത്തിന്റെ ശിക്ഷയ്ക്കുള്ള പ്രായശ്ചിത്തം ലഭിച്ചു കഴിഞ്ഞപ്പോൾ, ദൈവം നമ്മളുടെ പാപങ്ങളെ ക്ഷമിച്ച്, നമ്മളെ നീതീമാൻമാർ ആക്കി. ഇതിൽ ദൈവം നീതീമാൻ എന്നു രണ്ട് വിധത്തിൽ വെളിപ്പെട്ടിരിക്കുന്നു. ഒന്ന്, ദൈവം പാപങ്ങളെ ശിക്ഷിക്കാതെ വിട്ടില്ല. രണ്ട്, പാപത്തിന് മതിയായ പ്രായശ്ചിത്തം ആയപ്പോൾ, അതിൽ വിശ്വാസത്താൽ പങ്കാളികൾ ആയവരെ നീതീകരിച്ചു. അങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ നല്കി.

 

എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു നഷ്ടപ്പെട്ടവർ ആയി തീർന്നു. എന്നാൽ ദൈവ കൃപയാൽ നമുക്ക് ദൈവ മുമ്പാകെ നീതീകരിക്കപ്പെടുവാൻ കഴിയും. ഇത് നമുക്ക് ഒരിക്കലും പ്രവർത്തികളാൽ നേടിയെടുക്കുവാൻ കഴിയുക ഇല്ല. നമ്മളുടെ പാപങ്ങൾക്ക് മറുവിലയായി യേശുക്രിസ്തു ക്രൂശിൽ മരിച്ചതിനാൽ ആണ് രക്ഷ സാധ്യമായിരിക്കുന്നത്. യേശുക്രിസ്തുവിനെ യാഗമായി സമർപ്പിച്ചത് ദൈവത്തിന്റെ നീതീ വെളിപ്പെടുവാനാണ്. നമ്മളുടെ പാപത്തിന്റെ ശിക്ഷ കൊടുത്തു തീർക്കേണം, ദൈവ കോപത്തിന് തക്ക പ്രായശ്ചിത്തം ഉണ്ടാകേണം. അത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ ഉണ്ടായി. അതിനാൽ ദൈവം മനുഷ്യരെ ശിക്ഷിക്കുന്നവൻ എന്നതിൽ നിന്നും രക്ഷിക്കുന്നവൻ എന്ന നിലയിലായി. രക്ഷിക്കുവാൻ മനുഷ്യർ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്താലുള്ള പാപ പരിഹാരത്തിൽ വിശ്വസിക്ക മാത്രം ചെയ്യേണം.

 

ദൈവം നമ്മളെ ശിക്ഷിക്കുവാനായി കാത്തിരിക്കുകയല്ല. അവൻ നീതീ നിവർത്തിക്കുവാനായി കാത്തിരുന്നു എന്നു മാത്രം. അവൻ നമ്മളെ കുറ്റക്കാരൻ എന്നു വിളിക്കുന്നവൻ അല്ല, നീതീമാൻ എന്നു വിളിക്കുവാൻ ആഗ്രഹിക്കുന്നവൻ ആണ്. എന്നാൽ ഇത് സ്വർഗ്ഗീയ നീതീയ്ക്കും, വിശുദ്ധിയ്ക്കും യോജ്യമായ രീതിയിൽ മാത്രമേ ദൈവത്തിന് ചെയ്യുവാൻ കഴിയൂ. അതിനാൽ പാപങ്ങൾ ശിക്ഷിക്കപ്പെടേണം. അത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ സംഭവിച്ചു. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം മൂലം ലഭ്യമായിരിക്കുന്ന പാപ പരിഹാരം നമ്മൾ വിശ്വാസത്താൽ സ്വീകരിക്കേണം. വിശ്വസിക്കുന്നവർക്ക് നീതീകരണവും നിത്യജീവനും ലഭിക്കും.

 

മനുഷ്യർ എല്ലാവരും ഒരുപോലെ പാപത്തിൽ ആയിത്തീർന്നിരിക്കുന്നു എന്നതിനാൽ അവന് ഏറ്റവും മൂല്യമേറിയതായി വേണ്ടത് ദൈവത്തിന്റെ നീതിയും അവനോടും, അവനിൽ നിന്നും ലഭിക്കുന്നതും ആയ സമാധാനവും ആണ്. ഇതാണ് യേശുക്രിസ്തു മത്തായി 6 ൽ, ഗിരി പ്രഭാഷണത്തിൽ പറയുന്നത്.

 

മത്തായി 6:31-33

മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

 

റോമർ 14:17 ൽ പൌലൊസ് എഴുതിയത് ഇങ്ങനെയാണ്:

 

റോമർ 14:17

ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.

 

“ഭക്ഷണവും പാനീയവുമല്ല” എന്നതിന്റെ അർത്ഥം ദൈവരാജ്യം ഭൌതീക നന്മകൾ അല്ല എന്നാണ്. ഭൌതീക വസ്തുക്കളുടെ ശേഖരണമോ, ഭൌതീക നേട്ടങ്ങളോ, ദൈവരാജ്യമൊ, അതിന്റെ അടയാളമോ അല്ല. ദൈവ രാജ്യം, പാപിയായിരുന്ന മനുഷ്യന് യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം ലഭിക്കുന്ന ദൈവീക നീതിയും, ദൈവത്തോടും, അവനിൽ നിന്നും പ്രാപിക്കുന്ന സമാധാനവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും ആണ്.

 

രക്ഷയും നീതീകരണവും, മനുഷ്യന്റെ പ്രവർത്തിയാൽ അല്ല, ദൈവ കൃപയാൽ, യേശുക്രിസ്തുവിൽഉള്ള വിശ്വാസം മൂലം ലഭിക്കുന്നു എന്നതിനാൽ, ഒരു മനുഷ്യനും അതിൽ പ്രശംസിക്കുവാൻ ഇല്ല. പ്രവർത്തിയാൽ ഒരുവൻ നീതീകരിക്കപ്പെടും എങ്കിൽ, അവന് അതിൽ പ്രശംസിക്കാമായിരുന്നു. എന്നാൽ അത് സാദ്ധ്യമല്ല എന്നു തെളിഞ്ഞിരിക്കുന്നു. അതിനാൽ പ്രവർത്തിയാൽ മനുഷ്യർ നീതീകരിക്കപ്പെടും എന്ന പ്രമാണം, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം നീതീകരിക്കപ്പെടും എന്ന മാർഗ്ഗത്താൽ നീങ്ങിപ്പോയിരിക്കുന്നു (3:27).

 

റോമർ 3:21-27 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് മുന്നോട്ട് വച്ച വാദങ്ങളുടെ സംഗ്രഹം ആണ് 3:28 ആം വാക്യം. “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” മനുഷ്യന്റെ രക്ഷ അവന്റെ യാതൊരു പ്രവർത്തിയുടെയും, ആചാരങ്ങളുടെയും, അടിസ്ഥാനത്തിൽ സംഭവിക്കുന്നില്ല. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ, ഇനി നീതീകരണത്തിനായി ന്യായപ്രമാണത്തിന്റെ പ്രവർത്തി ചെയ്യേണ്ടതില്ല.

 

ഗലാത്യർ 6:14

എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

 

സകല മനുഷ്യരുടെയും ദൈവം

 

റോമർ 3 ആം അദ്ധ്യായത്തിന്റെ അവസാനത്തെ മൂന്ന് വാക്യങ്ങളിൽ, ദൈവം സകല മനുഷ്യരുടെയും ദൈവമാണ് എന്ന സത്യം പൌലൊസ് ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു.  അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ചോദ്യം ഇതാണ്, “അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ?” ഇതിന്റെ ഉത്തരം അതേ വാക്യത്തിൽ തന്നെ അദ്ദേഹം പറയുന്നു, “അതേ ജാതികളുടെയും ദൈവം ആകുന്നു.” (3:29). ദൈവം ഏകനാണ്, അവന്റെ നീതീകരണത്തിനുള്ള മാർഗ്ഗവും ഏകമാണ്. “അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.” പരിച്ഛേദനക്കാരായ യഹൂദനെയും, അഗ്രചർമ്മികളായ ജാതീയനെയും ദൈവം വിശ്വാസത്താൽ നീതീകരിക്കുന്നു (3:30).

 

പൌലൊസിന്റെ ഈ വാദം ന്യായപ്രമാണത്തെ ദുർബലമാക്കുന്നത് അല്ല, അതിനെ ഉറപ്പിക്കുന്നത് ആണ്, എന്നാണ് അദ്ദേഹത്തിന്റെ വാദം. ന്യായപ്രമാണം മനുഷ്യരുടെ പാപത്തെ വെളിവാക്കുന്നു. ന്യായപ്രമാണം പ്രവർത്തികളാൽ നീതീകരിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർക്ക് ദൈവ നീതിയുടെ അവളവുകോൽ ആണ്.  അത് പ്രവർത്തികളാൽ ഒരു മനുഷ്യനും ദൈവ നീതീ പ്രാപിക്കുക ഇല്ല എന്നും സാക്ഷിക്കുന്നു. അതിനാൽ, വിശ്വാസത്താൽ അല്ലാതെ രക്ഷ പ്രാപിക്കുവാൻ സാദ്ധ്യമല്ല എന്നു ന്യായപ്രമാണം എല്ലാവരെയും ബോധ്യപ്പെടുത്തുന്നു.

 

ദൈവം ഒരുവൻ ആണ്, ഒരു ദൈവം മാത്രമേയുള്ളൂ. അത് യിസ്രായേലിന്റെ ദൈവം ആണ്. ജാതീയർക്ക് മറ്റൊരു ദൈവം ഇല്ല. പൌലൊസിന്റെ ഈ വാദത്തെ യഹൂദന്മാർക്ക് അത്ര വേഗം സ്വീകരിക്കുവാൻ കഴിയുന്നത് അല്ല. യിസ്രായേൽ മാത്രം ഏക ദൈവ വിശ്വാസികളും, ജാതീയർ ബഹുദൈവ വിശ്വാസികളും ആണ് എന്നായിരുന്നു യഹൂദന്മാരുടെ വിശ്വാസം. എന്നാൽ പൌലൊസ് പറയുന്നത്, സകല മനുഷ്യരെയും ന്യായം വിധിക്കുന്ന ഒരു ദൈവം മാത്രമേയുള്ളൂ. ജാതികളുടെ ദേവന്മാർ വെറും സങ്കൽപ്പങ്ങൾ മാത്രം ആണ്. അവ യഥാർത്ഥം അല്ല. അന്ത്യന്യായവിധിക്കായി സകല മനുഷ്യരും ഏക സത്യ ദൈവത്തിന്റെ മുമ്പാകെ നിൽക്കേണ്ടിവരും. അപ്പോൾ, അവിടെ ജാതീയരെ വിധിക്കുവാൻ മറ്റൊരു ദൈവമോ, ദേവനോ ഉണ്ടായിരിക്കുകയില്ല. കാരണം ജാതീയ ദേവന്മാർ എന്നൊന്ന് നിലവിലില്ല.  

 

ഏക ദൈവത്തിന് ഏക പ്രമാണം മാത്രമേയുള്ളൂ. നീതീകരിക്കപ്പെടുവാൻ സകല മനുഷ്യരും, യേശുക്രിസ്തുവിൽ വിശ്വസിക്കേണം. ഈ വിശ്വാസം മൂലമല്ലാതെ ആരും ദൈവ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല.

 

പൌലൊസിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തേക്കുറിച്ചുള്ള പഠിപ്പിക്കലുകൾ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നു എന്നൊരു ആരോപണം അദ്ദേഹം പ്രതീക്ഷിക്കുന്നു. അതിനാൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു, “ ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.” (3:31). ഇവിടെയും “ഒരു നാളും ഇല്ല” എന്നത് ഒരു അന്തിമ പ്രസ്താവനയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്താൽ നീതീകരണം എന്നത് യാതൊരു വിധത്തിലും, ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നില്ല. രക്ഷയ്ക്കായി ക്രിസ്തുവിലുള്ള വിശ്വാസം “ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.”

 

പൌലൊസിന്റെ ഈ പ്രസ്താവനയുടെ അർത്ഥം, രക്ഷിക്കപ്പെട്ട യഹൂദനും ജാതീയനും ന്യായപ്രമാണം അനുസരിച്ചു ജീവിക്കേണം എന്നല്ല. ജാതീയരും രക്ഷയ്ക്കായി പരിച്ഛേദന സ്വീകരിക്കേണം എന്നും അല്ല. ന്യായപ്രമാണത്താൽ രക്ഷ സാദ്ധ്യമല്ല , ഹൃദയത്തിന്റെ പരിച്ഛേദനയാണ് യഥാർത്ഥ പരിച്ഛേദന, അകമേ യഹൂദൻ ആയവനാണ് യഥാർത്ഥ യഹൂദൻ, എന്നിങ്ങനെ പൌലൊസ് ഇതിന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദീകരണം റോമർ 4 ആം അദ്ധ്യായത്തിൽ വായിക്കാവുന്നതാണ്.




No comments:

Post a Comment