റോമർക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായത്തിലെ മുഖ്യ വിഷയം വിശ്വാസത്താലുള്ള അബ്രാഹാമിന്റെ നീതീകരണം ആണ്. വിശ്വാസത്താലുള്ള നീതീകരണം എന്നത് യഹൂദന്മാർക്ക് സ്വീകാര്യമായ ഒരു ആശയം ആയിരുന്നില്ല. മോശെയുടെ ന്യായപ്രമാണത്തിന് വെളിയിലും, ഉപരിയായതും ആയ യാതൊന്നിലും അവർ വിശ്വസിച്ചിരുന്നില്ല. അതിനാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ അല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ആണ് സകല മനുഷ്യരും നീതീകരിക്കപ്പെടുന്നത് എന്നു യഹൂദന്മാരെ വിശ്വസിപ്പിക്കുവാൻ പൌലൊസ് ഏറെ പ്രയാസപ്പെട്ടു. അതിനായി അവൻ യഹൂദന്മാരുടെ പിതാവായ അബ്രാഹാമിനെ തന്നെ ഉദാഹരണമായി എടുക്കുന്നു.
റോമർ 4:1-8 വരെയുള്ള വാക്യങ്ങളിൽ അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവർത്തിയാൽ അല്ല, വിശ്വാസത്താൽ ആണ് എന്നു പൌലൊസ് വാദിക്കുന്നു. 9-17 വരെയുള്ള വാക്യങ്ങളിൽ എപ്പോൾ, എങ്ങനെയാണ് അബ്രാഹാം നീതീകരിക്കപ്പെട്ടത് എന്നു പറയുന്നു. 17-22 വരെയുള്ള വാക്യങ്ങളിൽ, അബ്രാഹാമിന്റെ വിശ്വാസത്തേക്കുറിച്ച് വിശദീകരിക്കുന്നു. 22-25 വരെയുള്ള വാക്യങ്ങൾ, അബ്രാഹാമിന്റെ നീതീകരണം എങ്ങനെ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നു.
ദൈവം അബ്രാഹാമിനെ നീതീമാൻ എന്നു വിധിച്ചത് അവന്റെ വിശ്വാസം കാരണം ആണ്. അത് അവന്റെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. അതായത് നീതീകരണം ദൈവത്തിന്റെ ദാനമായി അബ്രാഹാമിന് ലഭിച്ചു. അത് നല്ല പ്രവർത്തികൾക്കുള്ള പ്രതിഫലം ആയിരുന്നില്ല. ദൈവീക നീതീകരണം, വിശ്വാസത്താൽ, പരിച്ഛേദനക്കാർക്കും, അഗ്രചർമ്മികൾക്കും ഒരുപോലെ ലഭ്യമാണ്. അബ്രാഹാം പരിച്ഛേദന ഏൽക്കുന്നതിനും മുമ്പാണ് ദൈവം അവനെ നീതീമാൻ എന്നു പ്രഖ്യാപിക്കുന്നത്. അങ്ങനെ അദ്ദേഹം വിശ്വസിക്കുന്ന എല്ലാവരുടെയും ആത്മീയ പിതാവായി. ദൈവം അബ്രാഹാമിന്നും, അവന്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങൾ ന്യായപ്രമാണം അനുസരിച്ചുകൊണ്ടു പ്രാപിക്കുവാൻ സാദ്ധ്യമല്ല. അബ്രാഹാമിന്റെ വാഗ്ദത്തം വിശ്വാസത്താൽ മാത്രമേ കൈവശമാക്കുവാൻ കഴിയൂ. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം, മനുഷ്യന്റെ പാപത്തിന് പരിഹാരമായി ദൈവം ക്രമീകരിച്ചതാണ് എന്നു വിശ്വസിക്കുന്ന എല്ലാവരെയും ദൈവം നീതീകരിക്കുന്നു. ഇതാണ് നാലാം അദ്ധ്യായത്തിലെ വിഷയം.
വിശ്വാസത്താലുള്ള നീതീകരണം
റോമർ 4:1-8 വരെയുള്ള വാക്യങ്ങളിൽ അബ്രാഹാം പ്രവർത്തിയാൽ അല്ല നീതീകരിക്കപ്പെട്ടത് എന്നു പൌലൊസ് വിശദീകരിക്കുന്നു. അതിനാൽ അദ്ദേഹത്തിന് ദൈവ സന്നിധിയിൽ പ്രശംസിക്കുവാൻ ഒന്നും ഇല്ല. ഉൽപ്പത്തി 15:6 ൽ പറയുന്നത് അനുസരിച്ചു അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, ആ വിശ്വാസത്തെ ദൈവം നീതീക്കായി കണക്കിട്ടു.
ഉൽപ്പത്തി 15:6
അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.
റോമർ 3 ആം അദ്ധ്യായത്തിന്റെ അവസാനത്തിൽ, ന്യായപ്രമാണം കൂടാതെ മനുഷ്യരെ നീതീകരിക്കുവാൻ ദൈവത്തിന് സാധ്യമാണ് എന്നു പൌലൊസ് എഴുതി. നീതീകരണത്തിനുള്ള ഏക മാർഗ്ഗം, യേശുക്രിസ്തു ക്രൂശിലെ യാഗത്തിലൂടെ നിവർത്തിച്ച പാപ പരിഹാരം ആണ്. പ്രവർത്തികളാൽ നമ്മൾ വിധിക്കപ്പെട്ടാൽ, എല്ലാ മനുഷ്യരും പാപികൾ ആണെന്നേവരൂ. ഒരു മനുഷ്യനും, യഹൂദനും ജാതീയനും, പ്രവർത്തികളാൽ നീതീകരിക്കപ്പെടുകയില്ല. അതിനാൽ ആരും ദൈവ കോപത്തിൽ നിന്നും, പ്രവർത്തികളാൽ രക്ഷിക്കപ്പെടുകയില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമേ, യഹൂദനും ജാതീയനും, നീതീകരിക്കപ്പെടുകയുള്ളൂ (3:21-26).
ന്യായപ്രമാണത്തേക്കുറിച്ച് പൌലൊസിന്റെ പഠിപ്പിക്കലുകൾ, അതിനെ ബലഹീനമാക്കുന്നില്ല, അതിനെ ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ടാണ് 3 ആം അദ്ധ്യായം അവസാനിക്കുന്നത്. യിസ്രായേലിന്റെ ചരിത്രത്തെ ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതിയിൽ നിന്നും നീക്കി കളയുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.
റോമർ 3 ലെ ആശയങ്ങളുടെ തുടർച്ചയായി, 4:1-3 വരെയുള്ള വാക്യങ്ങളിൽ ദൈവവും, അബ്രാഹാമും, യിസ്രായേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൌലൊസ് വിശദീകരിക്കുന്നു. 4:1 ൽ അദ്ദേഹം ഇങ്ങനെ എഴുതി: “എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?” ഈ ചോദ്യത്തിനുള്ള ഉത്തരമാണ് തുടർന്നു ചർച്ച ചെയ്യുന്നത്. “ജഡപ്രകാരം എന്തു പ്രാപിച്ചു” എന്ന ചോദ്യത്തിന് പ്രാധാന്യം ഉണ്ട്. പൌലൊസുൾപ്പെടെയുള്ള എല്ലാ യഹൂദനും ജഡപ്രകാരം അബ്രാഹാമിന്റെ സന്തതികൾ ആണ്.
റോമർ 4:3 ൽ പൌലൊസ്, അവന്റെ വാദങ്ങളെ സാധൂകരിക്കുവാനായി തിരുവെഴുത്തുകളുടെ സഹായം തേടുന്നു. പൌലൊസിന്റെ അന്വേഷണം ഇതാണ്: “തിരുവെഴുത്തു എന്തു പറയുന്നു?” യഹൂദന്മാർക്ക് തിരുവെഴുത്തുകളെ നിഷേധിക്കുവാൻ സാദ്ധ്യമല്ല. അത് അന്തിമം ആണ്. അതിനാൽ വിശ്വാസത്താലുള്ള നീതീകരണം എന്ന ഉപദേശത്തെ സ്ഥാപിക്കുവാനായി പൌലൊസ് തിരുവെഴുത്തുകളിലേക്ക് തിരിയുന്നു. ഈ രീതി യേശുക്രിസ്തുവും പലപ്പോഴും അവലംബിച്ചിട്ടുണ്ട്. നമുക്കും അനുകരിക്കുവാൻ യോജ്യമായ ഒരു മാതൃകയാണ്.
മർക്കോസ് 12:10-11
“വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.” “ഇതു കർത്താവിനാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
റോമർ 10:11
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
റോമർ 11;2
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
അബ്രാഹാമിനും ദാവീദ് രാജാവിനും ദൈവവുമായി ഉണ്ടായിരുന്ന ഉടമ്പടി ബന്ധം വിശ്വാസത്താൽ ആയിരുന്നു. അവർ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവർ ആണ്. അബ്രാഹാം പ്രവർത്തികളാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് അതിൽ പ്രശംസിക്കാമായിരുന്നു. എന്നാൽ നീതീകരണത്തിന് അവന്റെ പ്രവർത്തികൾ കാരണം ആയില്ല. ആയതിനാൽ, യഹൂദൻ ഉൾപ്പെടെ ഒരു മനുഷ്യനും അവരുടെ പ്രവർത്തികളാൽ ദൈവ മുമ്പാകെ നീതീകരിക്കപ്പെടുകയില്ല.
ഇവിടെ പൌലൊസ് ഒരു യഹൂദ പാരമ്പര്യ വിശ്വാസത്തെ ഘണ്ഡിക്കുകയാണ്. റബ്ബിമാരുടെ പഠിപ്പിക്കൽ അനുസരിച്ചു, ന്യായപ്രമാണം ലഭിക്കുന്നതിന് മുമ്പേ, അബ്രാഹാം, ന്യായപ്രമാണത്തിലെ സകല പ്രമാണങ്ങളും അനുസരിച്ച് ജീവിച്ചു. അതിനാൽ ദൈവം അവനെ നീതീമാൻ എന്നു കണക്കിട്ടു. എന്നാൽ പൌലൊസിന്റെ വാദം മറ്റൊന്നാണ്. അബ്രാഹാമിനെ ദൈവം അവന്റെ വിശ്വാസത്താൽ ആണ് നീതീമാൻ എന്നു കണക്കിട്ടത്. പ്രവർത്തികൾ വിശ്വാസത്തിന്റെ ഫലം ആയിരുന്നു.
ഇതേ വാദം പൌലൊസ് ഗലാത്യ സഭയ്ക്ക് എഴുതിയ കത്തിലും പറയുന്നുണ്ട്. അവിടെ ചില യഹൂദ ക്രിസ്ത്യാനികൾ വരുകയും, അവിടെ ഉണ്ടായിരുന്ന ജാതീയരായിരുന്ന വിശ്വാസികളെ പരിച്ഛേദന ഏൽക്കുവാനും, ന്യായപ്രമാണം അനുസരിച്ചു ജീവിക്കുവാനും നിർബന്ധിക്കുകയും ചെയ്തു. യഹൂദ ക്രിസ്ത്യാനികളുടെ ഈ വാദം തെറ്റാണ് എന്നു തെളിയിക്കുവാൻ, അവിടെയും പൌലൊസ് അബ്രാഹാമിന്റെ വിശ്വാസത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
ഗലാത്യർ 3:6-7
അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.
ദാനമായി ലഭിക്കുന്ന നീതീകരണം
പൌലൊസിന്റെ മുന്നിൽ ഉള്ള ചോദ്യം ഇതാണ്: അബ്രാഹാം, ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ച പ്രവർത്തികൾ കാരണമല്ലേ നീതീകരിക്കപ്പെട്ടത്? ഈ ചോദ്യത്തിലൂടെ യഹൂദ ക്രിസ്ത്യാനികൾ, അബ്രാഹാമിന്റെ നല്ല പ്രവർത്തികളെ ഉയർത്തിക്കാണിക്കുന്നു. ഇത് കാരണമാണ് ദൈവം അവനെ നീതീകരിച്ചത് എന്നും വാദിക്കുന്നു. അതിനാൽ അബ്രാഹാമിന്റെ സന്തതി എന്നു വിളിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന എല്ലാവരും, ദൈവീക കൽപ്പനകൾ ആയ ന്യായപ്രമാണം അനുസരിച്ചു ജീവിക്കേണം. അങ്ങനെ പ്രവർത്തികളാൽ നീതീകരിക്കപ്പെടും. ഇതായിരുന്നു യഹൂദന്മാരുടെ വാദം.
എന്നാൽ അബ്രാഹാമിന്റെ എല്ലാ പ്രവർത്തികളും, അവൻ ദൈവത്തിൽ വിശ്വസിച്ചതിനാലും, അതിന് ശേഷവും ഉണ്ടായതാണ് എന്നാണ് പൌലൊസിന്റെ വാദം. വിശ്വാസമാണ് പ്രവർത്തികളെ പുറപ്പെടുവിച്ചത്, പ്രവർത്തികൾ വിശ്വാസത്തെയല്ല. അബ്രാഹാമിന്റെ പ്രവർത്തികൾ, അവന് ദൈവത്തിൽ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ ഫലം ആയിരുന്നു.
4:4-5 വാക്യങ്ങളിൽ പൌലൊസ് ഒരു ഉദാഹരണത്തിലൂടെ ദാനമായി ലഭിക്കുന്ന നീതീകരണം എന്താണ് എന്നു വിശദീകരിക്കുന്നു. ഒരുവൻ ഒരു പ്രവർത്തി ചെയ്യുമ്പോൾ, അവന്റെ യജമാനൻ അതിന് തക്ക കൂലി കൊടുക്കുന്നു. ഈ കൂലി ഒരു ദാനം അല്ല. അവൻ യജമാനന് വേണ്ടി പ്രവർത്തിക്കുമ്പോൾ, അവന് കൂലി കൊടുക്കുക, യജമാനന്റെ ബാധ്യതയാണ്. ഇതാണ് അവൻ പ്രവർത്തി ചെയ്യുന്നവന് കൊടുക്കുന്നത്. അവന് ലഭിക്കുന്നത് പ്രവർത്തിയുടെ പ്രതിഫലം ആണ്. എന്നാൽ ഒരുവൻ എന്തെങ്കിലും പ്രവർത്തി ചെയ്തിട്ടു അവന് ലഭിക്കുവാനുള്ള അവകാശമായി, രക്ഷയോ, നീതീകരണമോ, ദൈവത്തോട് ചോദിക്കുവാൻ സാദ്ധ്യമല്ല. “യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു” (3:9). പാപികളായ മനുഷ്യരെ നീതീകരിക്കുക എന്നത് ദൈവം കൊടുത്തു തീർക്കേണ്ടുന്ന ബാധ്യതയല്ല. പ്രവർത്തികളാൽ നീതീകരണം അവകാശമായോ, പ്രതിഫലമായോ പ്രാപിക്കുന്നില്ല.
അബ്രാഹാം പ്രവർത്തികളാൽ നീതീകരിക്കപ്പെട്ടിരുന്നു എങ്കിൽ, അത് അവന്റെ പ്രവർത്തിക്ക് ലഭിക്കുന്ന പ്രതിഫലം പോലെ ആയിരുന്നേനെ. പ്രവർത്തികൾക്ക് ലഭിക്കുന്ന പ്രതിഫലം കടം തിരികെ തരുന്നതുപോലെയാണ്. എന്നാൽ ദൈവം പ്രവർത്തികളെ ഗണിക്കുന്നില്ല. അവൻ വിശ്വസിക്കുന്ന എല്ലാവരെയും നീതീകരിക്കുന്നു. നീതീകരണം ദാനമായി ലഭിക്കുന്നവൻ അത് പ്രാപിക്കുവാനായി പ്രവർത്തികളിൽ ആശ്രയിക്കുന്നില്ല. അവൻ പാപികളെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുക മാത്രം ചെയ്യുന്നു. അവന്റെ വിശ്വാസമാണ് അവന്റെ നീതീകരണത്തിന് ഏക കാരണം.
5 ആം വാക്യത്തിലെ “അഭക്തനെ നിതീകരിക്കുന്നവനിൽ” എന്ന പദസമുച്ചയത്തിൽ ദൈവത്തെക്കുറിച്ചുള്ള ഒരു പുതിയ വെളിപ്പാടു പൌലൊസ് അവതരിപ്പിക്കുന്നു. “അഭക്തൻ” എന്നത് “പാപികൾ” എന്നാണ് മനസ്സിലാക്കേണ്ടത്.
നമ്മൾ ഭക്തരായി, ദൈവത്തെപ്പോലെയാകുവാൻ അവൻ കാത്തുനിൽക്കുന്നില്ല. നമ്മൾ പ്രവർത്തികളാൽ നീതീമാന്മാർ ആകുവാനും ദൈവം കാത്ത് നിൽക്കുന്നില്ല. നമ്മൾ അഭക്തരും പാപികളും ആയിരിക്കുമ്പോൾ തന്നെ അവൻ നമ്മളെ നീതീകരിക്കുവാൻ ആഗ്രഹിക്കുന്നു. യാതൊരു നീതീ പ്രവർത്തിയും ചെയ്യാത്ത പാപികളായ മനുഷ്യരെയും, അവർ യേശുക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, അവരുടെ വിശ്വാസം മൂലം, അവരുടെ പാപങ്ങളെ ക്ഷമിച്ചു, ദൈവം നീതീകരിക്കുന്നു. ദൈവം പാപികളുടെ പാപങ്ങളെ ക്ഷമിക്കുന്ന ദൈവം ആണ്. അതിന് യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിലുള്ള വിശ്വാസം മാത്രം മതിയാകും. ഇതാണ് സുവിശേഷത്തിന്റെ കേന്ദ്രബിന്ദു.
പൌലൊസിന്റെ ഈ വാദങ്ങൾ തിരുവചന വെളിച്ചത്തിൽ ഉള്ളതാണ്, അദ്ദേഹം സ്വയം രൂപീകരിച്ചതല്ല. ഇത് തെളിയിക്കുന്നതിനായി 4:6-8 വാക്യങ്ങളിൽ ദാവീദിന്റെ സങ്കീർത്തനത്തിലെ ഒരു വാചകം പൌലൊസ് എടുത്തു എഴുതുന്നു. ദാവീദ് ഇവിടെ ദൈവം പ്രവൃത്തികൂടാതെ നീതീകരിക്കുന്ന മനുഷ്യന്റെ അനുഗ്രഹം (blessed) വർണ്ണിക്കുന്നു.
സങ്കീർത്തനം 32:1-2
ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
“ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ (blessed)” എന്നാണ് ദാവീദ് പറയുന്നത്. നീതീ പ്രവർത്തി ചെയ്തു ജീവിക്കുന്നവരെക്കുറിച്ചല്ല. ലംഘകന്റെ ലംഘനം ദൈവം ക്ഷമിച്ചിരിക്കുന്നു, അവന്റെ പാപം അവൻ പൊറുത്തിരിക്കുന്നു. അവന്റെ അകൃത്യം ദൈവം കണക്കിടാതെ അവനെ നീതീമാൻ എന്നു എണ്ണുന്നു. അവന്റെ ഏക യോഗ്യത, പ്രവർത്തികൾ അല്ല, ആത്മാവിൽ കപടം ഇല്ലാതെയിരിക്കുക എന്നതാണ്. ആരാണ് “ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ” എന്നു അറിയുവാൻ ദാവീദ് എഴുതിയ 51 ആം സങ്കീർത്തനം വായിക്കാം. അവിടെ ദൈവമുമ്പാകെ യാതൊന്നും മറച്ചുവയ്ക്കാതെ ദാവീദ് അവന്റെ ലംഘനങ്ങളെ ഏറ്റുപറയുന്നു.
സങ്കീർത്തനം 51:3-4
എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
അബ്രാഹാം, ദാവീദ് എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടു പൌലൊസ് എഴുതി, മനുഷ്യർ ദൈവ സന്നിധിയിൽ നീതീകരിക്കപ്പെടുന്നത് പ്രവർത്തികളാൽ അല്ല, വിശ്വാസത്താൽ ആണ്.
പരിച്ഛേദനയാൽ അല്ല
4:9 ൽ പൌലൊസ് അടുത്ത ചോദ്യം ചോദിക്കുന്നു: “ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ?”. വിശ്വാസത്താലുള്ള നീതീകരണം പരിച്ഛേദന ഏറ്റ യിസ്രായേല്യർക്ക് മാത്രം ഉള്ളതാണോ? അതോ അഗ്രചർമ്മികളായ ജാതീയർക്കും ലഭിക്കുമോ? ഇതിന്റെ ഉത്തരം, വിശ്വാസത്താലുള്ള നീതീകരണം യഹൂദനും, ജാതീയനും ഒരുപോലെ ലഭിക്കും എന്നാണ്.
ഇവിടെ ഒരു ചോദ്യം ഉയരുന്നു: ദൈവം കൽപ്പിച്ചത് എല്ലാം അനുസരിച്ച അബ്രാഹാം അതിനാൽ നീതീമാൻ ആകുകയില്ലയോ? അവൻ ദൈവീക കൽപ്പന പ്രകാരം പരിച്ഛേദനയും ഏറ്റല്ലോ. യഹൂദന്മാരുടെ ഈ വാദത്തെ പൌലൊസ് ഘണ്ഡിക്കുന്നു. “അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു” (4:9).
4:9-10 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് വ്യക്തമായി പറയുന്നു: അബ്രാഹാമിന് വിശ്വാസം നീതിയായി കണക്കിട്ടത് പരിച്ഛേദനയിലല്ല. അഗ്രചർമ്മത്തിലത്രേ. അതായത് പരിച്ഛേദന ഏൽക്കുന്നതിന് മുമ്പാണ് അബ്രാഹാമിന്റെ വിശ്വാസത്തെ ദൈവം നീതീക്കായി കണക്കിടുന്നത്. അനുസരണം വിശ്വാസത്തിന് ശേഷമാണ് ഉണ്ടാകുക. അബ്രാഹാമിന്റെ വിശ്വാസത്തെ നീതീക്കായി യഹോവ കണക്കിടുന്നത് ഉൽപ്പത്തി 15:6 ൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ അദ്ദേഹത്തിന് 75 നും 85 നും ഇടയിൽ പ്രായമായിരുന്നു. അദ്ദേഹത്തിന് 86 വയസ്സ് ആയപ്പോൾ യിശ്മായേൽ ജനിക്കുന്നു (ഉൽപ്പത്തി 16:16). അബ്രാഹാമിന് 99 വയസ്സ് ആകുന്നതുവരെ അദ്ദേഹം പരിച്ഛേദന ഏറ്റിരുന്നില്ല (ഉൽപ്പത്തി 17:24). അതായത് അബ്രാഹാമിന്റെ യഹോവയിൽ ഉള്ള വിശ്വാസത്തെ, അവന് നീതിയായി കണക്കിട്ടതിനും, ഏകദേശം 14 മുതൽ 24 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം പരിച്ഛേദന ഏൽക്കുന്നത്.
അബ്രാഹാം അഗ്രചർമ്മി ആയിരിക്കുമ്പോൾ അവന് ഉണ്ടായിരുന്ന “വിശ്വാസനീതിക്കു മുദ്രയായി” പരിച്ഛേദന എന്ന അടയാളം ലഭിച്ചു (4:11). അതായത്, ദൈവം അബ്രാഹാമിന് ദാനമായി നല്കിയ നീതീകരണത്തിന്റെ അടയാളമാണ് പരിച്ഛേദന. അബ്രാഹാം വിശ്വസിച്ച ദൈവത്തിലുള്ള യിസ്രായേല്യരുടെ വിശ്വാസത്തിന്റെ അടയാളമായിട്ടാണ് അവർ തലമുറയായി പരിച്ഛേദന ഏറ്റിരുന്നത്. ഇങ്ങനെ, അഗ്രചർമ്മി ആയിരിക്കുമ്പോൾ പ്രാപിച്ച വിശ്വാസനീതിയുടെ മുദ്രയായ, പരിച്ഛേദന എന്ന അടയാളം കാരണം, അഗ്രചർമ്മത്തോട വിശ്വസിക്കുന്ന എല്ലാവർക്കും ദൈവീക നീതി കണക്കിടുവാൻ തക്കവണ്ണം അബ്രാഹാം എല്ലാവർക്കും ആത്മീയ പിതാവായിരിക്കുന്നു (4:11). അബ്രാഹാം, അവൻ അഗ്രചർമ്മി ആയിരുന്നപ്പോൾ അവന് ദൈവത്തിൽ ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്ന പരിച്ഛേദനക്കാരായ യഹൂദന്റെയും പിതാവാണ് (4:12). അതായത്, യഹൂദൻ പരിച്ഛേദന ഏറ്റാൽ മാത്രം പോരാ, അബ്രാഹാം അഗ്രചർമ്മി ആയിരുന്നപ്പോൾ അവന് ദൈവത്തിൽ ഉണ്ടായിരുന്ന വിശ്വാസം കൂടി ഉള്ളവൻ ആയിരിക്കേണം. എങ്കിൽ മാത്രമേ ഒരു യഹൂദന് അബ്രാഹാം പിതാവായിരിക്കുകയുള്ളൂ. പരിച്ഛേദന യഹൂദന് ദൈവത്തിലുള്ള വിശ്വാസത്തിന്റെ ജഡത്തിലുള്ള അടയാളമാണ്. പരിച്ഛേദന ഏറ്റാലും, അഗ്രചർമ്മി ആയാലും, വിശ്വാസമാണ് ദൈവീക നീതീകരണത്തിന് ഏക കാരണം.
റോമർ 4:13 ൽ അബ്രാഹാമിന്നും അദ്ദേഹത്തിന്റെ സന്തതിക്കും “ലോകാവകാശി ആകും” എന്നുള്ള വാഗ്ദത്തം ലഭിച്ചു എന്നും അത് വിശ്വാസത്തിന്റെ നീതീയാൽ ആണ് ലഭിച്ചത് എന്നും പൌലൊസ് എഴുതി.
ഇവിടെ പറയുന്ന “ലോകാവകാശി” എന്ന വാഗ്ദത്തം എന്തായിരുന്നു എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ട്. ഉൽപ്പത്തി 12 ൽ ആണ് അബ്രാഹാമിനെ ദൈവം വിളിക്കുന്നത്. ആ അവസരത്തിൽ ദൈവം നല്കിയ വാഗ്ദത്തങ്ങൾ ഇതായിരുന്നു:
ഉൽപ്പത്തി 12:1-3
യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
ഉൽപ്പത്തി 12:3 ൽ “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളിചെയ്തു. ഈ വാഗ്ദത്തത്തെ ആയിരിക്കാം പൌലൊസ് റോമർ 4:13 ൽ “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബ്രാഹാം ഈ വാഗ്ദത്തത്തിൽ വിശ്വസിച്ചു. 4 ആം വാക്യം പറയുന്നു: “യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു”.
പൌലൊസ് ഇവിടെ പറയുന്നത് ഇതാണ്: അബ്രാഹാമിന് ദൈവത്തിൽ നിന്നും ലഭിച്ച വാഗ്ദത്തത്തിന് പരിച്ഛേദനയുമായോ, ന്യായപ്രമാണവുമായോ യാതൊരു ബന്ധവും ഇല്ല. വാഗ്ദത്തം അദ്ദേഹം വിശ്വാസത്താൽ മാത്രം പ്രാപിച്ചതാണ്. ന്യായപ്രമാണത്താൽ ആണ് വാഗ്ദത്തം പ്രാപിക്കുക എങ്കിൽ, വാഗ്ദത്തം കൊണ്ടു യാതൊരു പ്രയോജനവും ഇല്ല. കാരണം ആർക്കും ന്യായപ്രമാണം പാലിച്ചുകൊണ്ട് വാഗ്ദത്തം പ്രാപിക്കുവാൻ സാദ്ധ്യമല്ല. ന്യായപ്രമാണം പാലിച്ചുകൊണ്ട് വാഗ്ദത്തം പ്രാപിക്കുവാൻ കഴിയും എങ്കിൽ വിശ്വാസം വ്യർത്ഥ്യമായി തീരും. (4:14). അതിനാൽ ദൈവം അബ്രാഹാമിന് നല്കിയ വാഗ്ദത്തം, അവനും, സന്തതികളും പ്രാപിച്ചതു വിശ്വാസത്താൽ മാത്രമാണ്.
ന്യായപ്രമാണവും ലംഘനവും
റോമർ 4:15 ൽ പൌലൊസ് എഴുതിയത് വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം ആണ്. ന്യായപ്രമാണം ദൈവ കൊപത്തിന് കാരണം ആകുന്നു. ന്യായപ്രമാണം ഇല്ലാത്തയിടത്ത് പ്രമാണ ലംഘനം ഇല്ല. ഇതിന്റെ അർത്ഥം ന്യായപ്രമാണം ഇല്ലാത്തയിടത്ത് പാപം ഇല്ല എന്നല്ല. പ്രമാണം ഇല്ലാത്തതിനാൽ അതിന്റെ ലംഘനം ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പ്രമാണ ലംഘനം എന്ന രീതിയിൽ പാപം ഇല്ല. എന്നാൽ മനുഷ്യരിൽ പാപം ഉണ്ട്.
“ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല” എന്നാണ് പൌലൊസ് എഴുതിയത്. പ്രമാണം ഇല്ലായെങ്കിൽ അതിനെ ലംഘിക്കുവാൻ സാദ്ധ്യമല്ല. ഈ അർത്ഥത്തിൽ, ന്യായപ്രമാണം ഉള്ളപ്പോൾ മാത്രമേ അതിന്റെ ലംഘനം ഉണ്ടാകുന്നുള്ളൂ.
ഇവിടെ പൌലൊസ് ഉദ്ദേശിച്ചത് ഇതാണ്: യഹൂദന്മാർ ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കുന്നില്ല എന്നതിനാൽ ലംഘനം ഉണ്ട്. ലംഘനം ദൈവ കോപത്തിന്നു കാരണം ആകുന്നു. ഒരു മനുഷ്യനും ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ ദൈവീക വാഗ്ദത്തങ്ങളുടെ നന്മ ന്യായപ്രമാണത്താൽ ലഭിക്കുകയില്ല. വാഗ്ദത്തം വിശ്വാസത്താൽ മാത്രമേ പ്രാപിക്കുവാൻ കഴിയൂ.
അതായത് ദൈവീക വാഗ്ദത്തങ്ങൾ പ്രവർത്തികളാൽ പ്രാപിക്കുവാൻ സാദ്ധ്യമല്ല. ആരും പ്രവർത്തികളാൽ നീതീകരിക്കപ്പെടുന്നില്ല. പ്രവർത്തികളിൽ ആശ്രയിച്ചാൽ, നമ്മൾ പ്രമാണ ലംഘകർ ആയിതീരും. പ്രമാണ ലംഘകർക്ക് വാഗ്ദത്തം പ്രാപിക്കുവാൻ കഴിയാതെ വരും. അതിനാൽ, വാഗ്ദത്തം വിശ്വാസത്താൽ മാത്രം പ്രാപിക്കുന്നു.
റോമർ 3:20
അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:39
മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
യാക്കോബ് 2:9b-10
നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു. ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
ന്യായപ്രമാണത്തിന് കീഴിൽ അല്ലാത്ത ജാതീയർ പാപികൾ അല്ല, എന്നല്ല പൌലൊസ് പറയുന്നത്. റോമർ 3:23 ൽ “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”, എന്നു പൌലൊസ് എഴുതിയിട്ടുണ്ട്. പാപം ചെയ്തതിനു ഒരു മനുഷ്യനും പ്രതിവാദവുമില്ല (റോമർ 1:20). എന്നാൽ ന്യായപ്രമാണം ലഭിച്ചിട്ടില്ലാത്ത ജാതീയർ, അവയെ ലഭിച്ചിട്ടുള്ള യഹൂദന്മാരെപ്പോലെ, പ്രമാണ ലംഘകർ അല്ല. എങ്കിലും ജാതീയരും, “സകല അഭക്തിക്കും അനീതിക്കും” കാരണം പാപികൾ ആണ് (റോമർ 1:18). റോമർ 3 ആം അദ്ധ്യായത്തിൽ പൌലൊസ് ഇത് വിശദീകരിക്കുന്നുണ്ട്.
4:16 ആം വാക്യത്തിൽ, ദൈവത്തിന്റെ വാഗ്ദത്തം കൃപയാൽ വിശ്വാസം മൂലം ആണ് അവകാശമാക്കുന്നത് എന്നു പൌലൊസ് ആവർത്തിച്ചു പറയുന്നു. അബ്രാഹാം വിശ്വാസത്താൽ വാഗ്ദത്തം പ്രാപിച്ചതു കൊണ്ടാണ്, അത് കൃപാദാനം ആണ് എന്നു പറയുന്നത്. അതിനാൽ വാഗ്ദത്തം പ്രവർത്തികളാൽ ആർക്കും പ്രാപിക്കുവാൻ സാദ്ധ്യമല്ല. അതുകൊണ്ടു അബ്രാഹാമിന്റെ വിശ്വാസം പങ്കിടുന്നവരാണ് അവകാശികൾ. വാഗ്ദത്തം ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ള സകലർക്കും അവകാശമായി ലഭിക്കും.
ബഹുജാതികൾക്കു പിതാവ്
4:17-22 വരെയുള്ള വാക്യങ്ങളിൽ അബ്രാഹാമിന്റെ വിശ്വാസത്തേക്കുറിച്ചും, അദ്ദേഹം എങ്ങനെ ബഹുജാതികൾക്കു പിതാവായി എന്നും പൌലൊസ് വിശദീകരിക്കുന്നു. ഉൽപ്പത്തി 17:5 ൽ ആണ് ദൈവം അബ്രാഹാമിന്റെ പേര് “അബ്രാം” എന്നതിൽ നിന്നും അബ്രാഹാം എന്നാക്കി മാറ്റുന്നത് (Abram, Abraham)
ഉൽപ്പത്തി 12 ൽ അബ്രാഹാമിനെ ദൈവം വിളിക്കുന്ന സമയത്ത് അവന് 75 വയസ്സ് പ്രായം ആയിരുന്നു. അപ്പോൾ അവന്റെ പേര് “അബ്രാം” എന്നായിരുന്നു. അദ്ദേഹത്തിന് 99 വയസ്സ് ആയപ്പോൾ (ഉൽപ്പത്തി 17:1) ദൈവം അദ്ദേഹത്തിന്റെ പേര് “അബ്രാഹാം” എന്നാക്കി മാറ്റി. ദൈവം അബ്രാഹാമിനെ വിളിക്കുന്നതിനും 24 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പേര് മാറ്റുന്നത്. ഉൽപ്പത്തി 12:3 ൽ ദൈവം അബ്രാം ന് കൊടുത്ത വാഗ്ദത്തം, “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും, എന്നായിരുന്നു. ഉൽപ്പത്തി 17:5 ൽ ദൈവം അതിന് കൂടുതൽ വ്യക്തത വരുത്തി, “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ”. ഇത് രാജ്യങ്ങളുടെയോ, ജനസമൂഹ്യങ്ങളുടെയോ, രാക്ഷ്ട്രീയമായ കീഴ്പ്പെടുത്തൽ അല്ല. അക്രമങ്ങളിലൂടെയോ യുദ്ധങ്ങളിലൂടെയോ രാജ്യങ്ങളെ കീഴ്പ്പെടുത്തുന്നതിനെക്കുറിച്ചല്ല ദൈവം സംസാരിച്ചത്. അബ്രാഹാമിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ തക്കവണ്ണം, അവനെ ഭൂമിയിലെ ബഹുജാതികൾക്കു ആത്മീയ പിതാവാക്കിയിരിക്കുന്നു. അബ്രാം പിന്നീട് ചരിത്രത്തിൽ എപ്പോഴും അബ്രാഹാം എന്നു അറിയപ്പെട്ടു. അബ്രാഹാമിന്റെ കാലത്ത് ഒരുവന്റെ പേര് മാറ്റുക എന്നത് ഒരു ചരിത്ര ദൌത്യത്തിന്റെ അടയാളം ആയിരുന്നു.
അബ്രാം എന്ന പേര്, എബ്രായ ഭാഷയിൽ “എവ്റാം” എന്നാണ് ('aḇrām, av-rawm'). ഈ പദത്തിന്റെ അർത്ഥം, “ഉന്നതനായ പിതാവ്” എന്നായിരുന്നു (exalted father). ഇതിന് വാഴ്ത്തപ്പെട്ട, ശ്രേഷ്ടമായ, മഹത്തായ എന്നും അർത്ഥം ഉണ്ട്. അബ്രാമിന്റെ ഈ പേര് കാരണം, അദ്ദേത്തിന്റെ കുടുംബം ഒരു രാജകീയ കുടുംബം ആയിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. അബ്രാഹാം എന്ന പേര് എബ്രായ ഭാഷയിൽ, “എവ്റഹാം” എന്നാണ് ('aḇrāhām, ab-raw-hawm'). ഈ പദത്തിന്റെ അർത്ഥം, “ബഹുജനസമൂഹത്തിന്റെ പിതാവ്” (father of a multitude or chief of multitude) എന്നാണ്. ഇതിന് “ബഹുജനസമൂഹത്തിന്റെ മുഖ്യൻ” എന്നും അർത്ഥം പറയാം. മലയാളം വേദപുസ്തകത്തിൽ, ബഹുജാതികൾക്കു പിതാവ് എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇതിലെ “ബഹുജാതികൾക്കു” എന്നത് ബഹുജനസമൂഹകങ്ങൾ ആണ്. അതായത് വർഗ്ഗം, വർണ്ണം, ഭാഷ, ദേശം എന്നിങ്ങനെയുള്ള യാതൊരു വ്യത്യാസവും കൂടാതെ, ഈ ഭൂമിയിലെ സകല മനുഷ്യർക്കും അബ്രാഹാം ആത്മീയ പിതാവ് ആയിരിക്കും. ഇതിനുള്ള യോഗ്യത, അബ്രാഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം ഉള്ളവരായിരിക്കുക എന്നത് മാത്രം ആയിരിക്കും.
അബ്രാഹാമിന്റെ വിശ്വാസം
അബ്രാഹാമിന്റെ വിശ്വാസത്തേക്കുറിച്ചുള്ള വിവരണം പൌലൊസ് തുടരുകയാണ്. അബ്രാഹാമിന്റെ ദൈവത്തിന് മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുവാൻ കഴിയുമായിരുന്നു (4:17). മരിച്ച, ജീവനില്ലാത്ത, യാതൊരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയിൽ നിന്നും ജീവനെ വിളിച്ചു വരുത്തുവാൻ ദൈവത്തിന് കഴിയും. തികച്ചും ശൂന്യമായ, ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്നും സകലത്തിനെയും വിളിച്ചുവരുത്തുവാനും ദൈവത്തിന് കഴിയും. ഇതായിരുന്നു അബ്രാഹാമിന്റെ വിശ്വാസം. 100 വയസ്സ് പ്രായമുള്ള അബ്രഹാമിനും, 90 വയസ്സു ഉണ്ടായിരുന്ന അവന്റെ ഭാര്യ സാറയ്ക്കും ഒരു മകൻ ജനിക്കേണം എങ്കിൽ, അത് മരിച്ചവരെ ജീവിപ്പിക്കയും, ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്ന ദൈവത്താൽ മാത്രമേ സാധ്യമാകൂ (ഉൽപ്പത്തി 17:17, 21:5).
സങ്കീർത്തനം 33:6
യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
സങ്കീർത്തനം 33:9
അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
സങ്കീർത്തനം 148:5
അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
എബ്രായർ 11:3
ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
“മരിച്ചവരെ ജീവിപ്പിക്കയും” എന്ന വാക്കുകൾ എഴുതിയപ്പോൾ, ഒരു പക്ഷെ പൌലൊസിന്റെ മനസ്സിൽ, അബ്രാഹാം യിസ്ഹാക്കിനെ വിശ്വാസത്താൽ യാഗം കഴിക്കുന്ന സംഭവം ഉണ്ടായിരുന്നിരിക്കാം (ഉൽപ്പത്തി 22). അബ്രാഹാമിന്റെയും, സാറായുടെയും വാർദ്ധിക്യ അവസ്ഥയെക്കുറിച്ചും ആയിരിക്കാം ഈ വാക്യം സൂചിപ്പിക്കുന്നത്.
എബ്രായർ 11:17-19
വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
പൌലൊസ് പറയുന്നത് ഇതെല്ലാമാണ്: അബ്രാഹാം ഭൂമിയിലെ സകല മനുഷ്യരുടെയും ആത്മീയ പിതാവാണ്. അതിൽ യഹൂദനും ജാതീയനും എന്നില്ല. അദ്ദേഹത്തിന് ദൈവത്തിൽ ഉണ്ടായിരുന്ന വിശ്വാസം ഉള്ളവരായിരിക്കുക എന്നത് മാത്രമാണ്, അബ്രാഹാമിന്റെ ആത്മീയ സന്തതി ആകുവാനുള്ള യോഗ്യത. ഇതിൽ ന്യായപ്രമാണത്തിന് യാതൊരു പങ്കും ഇല്ല. അബ്രാഹാമിന്റെ എല്ലാ ആത്മീയ സന്തതികളും വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു.
റോമർ 4:18-22 വരെയുള്ള വാക്യങ്ങളിൽ, പൌലൊസ്, ദൈവത്തിന്റെ വാഗ്ദത്തത്തിലുള്ള അബ്രാഹാമിന്റെ വിശ്വാസത്തെ കൂടുതൽ വിശദീകരിക്കുന്നു. സന്തതിയെ ലഭിക്കും എന്ന അരുളപ്പാടും, ബഹുജാതികൾക്കു പിതാവാകും എന്ന വാഗ്ദത്തവും അവൻ വിശ്വസിച്ചു. ഈ വാഗ്ദത്തങ്ങൾ നിവർത്തിക്കുവാൻ യാതൊരു സാധ്യതയും സ്വാഭാവികമായി, പ്രകൃത്യാ, ഇല്ലാതിരിക്കെ അത് ദൈവത്താൽ സംഭവിക്കും എന്നു വിശ്വസിച്ചു. ഇതിനെ “ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു” എന്നാണ് പൌലൊസ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അബ്രാഹാം വിശ്വസിച്ചു (4:18). അദ്ദേഹത്തിന് നൂറു വയസ്സും, ഭാര്യ സാറായ്ക്ക് 90 വയസ്സും ഉണ്ടായിരുന്നു. അവന്റെ ശരീരം ഒരു സന്തതിയെ ഉൽപ്പാദിപ്പിക്കുവാൻ കഴിയാതെവണ്ണം, സാറായുടെ ഗർഭപാത്രം നിർജ്ജീവവും ആയിരുന്നു. ഇത് അബ്രാഹാമിന് അറിയാമായിരുന്നു എങ്കിലും അവൻ വിശ്വാസത്തിൽ ക്ഷീണിച്ചില്ല (4:19). ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ അവിശ്വസിച്ചില്ല. അവൻ വിശ്വാസത്തിൽ ശക്തിപ്പെട്ടു, ദൈവത്തിന് മഹത്വം കൊടുത്തു (4:20). വാഗ്ദത്തം ചെയ്ത ദൈവം, അത് നിവർത്തിപ്പാൻ ശക്തൻ എന്നു പൂർണമായി ഉറെച്ചു (4:21). അതുകൊണ്ടു, അവന്റെ വിശ്വാസം അവന് നീതീയായി കണക്കിട്ടു. (4:22)
എന്ത് വിശ്വസിക്കേണം
റോമർ 4:23-25 വരെയുള്ള വാക്യങ്ങളും, റോമർ 5:1 ഉം, വിശ്വാസത്താൽ ഉള്ള നീതീകരണം എന്ന വിഷയത്തെക്കുറിച്ചും, അബ്രാഹാമിന്റെ നീതീകരണം എന്നതിനെക്കുറിച്ചും ഉള്ള പൌലൊസിന്റെ വാദങ്ങളുടെ ഉപസംഹാരം ആണ്. അബ്രാഹാം എങ്ങനെയാണ് വിശ്വാസത്താൽ നീതീകരിക്കപ്പെട്ടത് എന്നു വിശദീകരിച്ചതിന് ശേഷം, പൌലൊസ് എഴുതി, യഹോവയിലുള്ള വിശ്വാസം “അവൻ അവനു നീതിയായി കണക്കിട്ടു” (ഉൽപ്പത്തി 15:6) എന്നത് അദ്ദേഹത്തെ മാത്രം വിചാരിച്ചു അല്ല, അബ്രാഹാമിന്റെ വിശ്വാസം പങ്കിടുന്ന എല്ലാവരെക്കുറിച്ചുമാണ്. അബ്രാഹാം ദൈവം അവന് നല്കിയ വാഗ്ദത്തങ്ങളിൽ വിശ്വസിച്ചു (4:23).
4:23 ആം വാക്യത്തിലെ “കണക്കിട്ടു” എന്ന വാക്ക്, നമ്മൾ നേടിയതല്ല, നമ്മളുടെ കണക്കിലേക്ക് എഴുതി ചേർത്തതാണ് എന്ന ആശയം നല്കുന്നു. അത് വ്യാപാരത്തിലെ വരവ് ചിലവ് കണക്കുകൾ എഴുതുന്ന സമ്പ്രദായത്തിൽ നിന്നും എടുത്ത ഒരു വാക്കാണ്. ഒരു തുക നമ്മളുടെ കണക്കിലേക്ക് നേട്ടമായി എഴുത്തിച്ചേർക്കുന്നത് പോലെ, നീതീകരണം നമ്മളുടെ കണക്കിൽ ചേർത്തു. അതായത് അബ്രാഹാമിന്റെ വിശ്വാസം കാരണം ദൈവം അവനെ നീതീമാൻ എന്നു പ്രഖ്യാപിക്കുക ആയിരുന്നു. അത് അബ്രാഹാമിന്റെ ജീവിതത്തിൽ കുറവുകൾ ഉള്ളപ്പോൾ തന്നെയാണ് സംഭവിച്ചത്. കുറ്റങ്ങളും കുറവുകളും തീർത്ത്, നീതിയുടെ പ്രവർത്തികൾ ചെയ്തു, അതിന്റെ ഫലമായി നേടിയതല്ല ദൈവീക നീതീകരണം. നീതീകരണം, വിശ്വാസം മൂലം ദൈവം ഒരുവനെ നീതീമാൻ എന്നു പ്രഖ്യാപിക്കുന്നത് ആണ്.
4:24-25 വാക്യങ്ങളിൽ, നീതീകരിക്കപ്പെടുവാൻ ഒരുവൻ എന്ത് വിശ്വസിക്കേണം എന്നു പൌലൊസ് വ്യക്തമായി പറയുന്നു.
യേശുക്രിസ്തു ക്രൂശിൽ യാഗമായി തീർന്നത് നമ്മളുടെ അതിക്രമങ്ങൾ നിമിത്തം ആയിരുന്നു. അതിന് പരിഹാരമായി തീരേണ്ടതിന് അവൻ സ്വയം മരണത്തിന് എൽപ്പിച്ചു കൊടുത്തു. അവന്റെ ഉയിർപ്പിനാൽ നമുക്ക് നീതീകരണം ഉണ്ട്. അതിനാൽ നമ്മളുടെ പാപ പരിഹാരമായി തീരുവാൻ, ക്രൂശിൽ യാഗമാകേണ്ടതിനായി, യേശുക്രിസ്തുവിനെ എൽപ്പിച്ചുതന്ന ദൈവത്തിൽ വിശ്വസിക്കേണം. കർത്താവായ യേശുക്രിസ്തുവിനെ ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും, വിശ്വാസത്തെ നീതീകരണത്തിനായി കണക്കിടുന്നു. “നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ” (4:25).
4:25 ആം വാക്യത്തിലെ, “കണക്കിടുവാനുള്ളതാകയാൽ” എന്നത് ഇംഗ്ലീഷിൽ “It will be counted to us” (ESV) എന്നാണ്. നീതീകരണം കണക്കിടുന്നത് ഭാവിയിൽ സംഭവിക്കുവാനിരിക്കുന്നത് ആയിട്ടാണ് ഇവിടെ എഴുതിയിരിക്കുന്നത്. ഇതിനെ, അബ്രാഹാമിന് വിശ്വാസത്താൽ ലഭിച്ച നീതീകരണം, അദ്ദേഹത്തിന് ശേഷം, ആത്മീയ സന്തതികളായ എല്ലാവർക്കും വിശ്വാസത്താൽ ലഭിക്കും, എന്നു വേണം ഈ വാക്യത്തെ മനസ്സിലാക്കുവാൻ. നമ്മൾ രക്ഷിക്കപ്പെടുമ്പോൾ നീതീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതായത് അബ്രാഹാമിന്റെ നീതീകരണം നമുക്ക് ഒരു വാഗ്ദത്തം ആണ്. അത്, നീതീകരണം വിശ്വാസത്താൽ നമ്മൾക്ക് കണക്കിട്ടു ലഭിക്കും എന്നതിന്റെ വാഗ്ദത്തം ആണ്. വിശ്വാസത്താലുള്ള നമ്മളുടെ രക്ഷയും, നീതീകരണവും, അബ്രാഹാമിലൂടെ വെളിപ്പെട്ടു കഴിഞ്ഞു. ഇനി നമ്മൾ ചെയ്യേണ്ടത് യേശുക്രിസ്തുവിലും, അവനെ മരണത്തിന് എൽപ്പിച്ചു തരുകയും, ഉയിർപ്പിക്കുകയും ചെയ്ത ദൈവത്തിലും വിശ്വസിക്കുക എന്നതാണ്. ഈ വിശ്വാസത്താൽ നീതീകരണം നമുക്കും കണക്കിട്ടു ലഭിക്കും.
ഈ ഭാഗത്തെ പൌലൊസിന്റെ പ്രധാന വാദം ഇതാണ്: രക്ഷയും നീതീകരണവും, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മാത്രം, വിശ്വാസത്താൽ മാത്രം, ദൈവ കൃപയാൽ മാത്രം ലഭിക്കുന്നു. രക്ഷ പ്രവർത്തികളാൽ പ്രാപിക്കുന്നതല്ല.
റോമർ 4 ലെ അവസാന വാചകത്തോടൊപ്പം, 5:1 കൂടി നമ്മൾ ചേർത്ത് വായിക്കേണ്ടതാണ്. വിശ്വാസത്താൽ നീതീകരിക്കപ്പെട്ട എല്ലാവർക്കും, കർത്താവായ യേശുക്രിസ്തു മൂലം ദൈവത്തോട് സമാധാനം ഉണ്ട്.
റോമർ 5:1
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
ദൈവ മുമ്പാകെ നീതീകരിക്കപ്പെട്ടവർക്ക്, ദൈവത്തോട് സമാധാനം ഉണ്ട്. നമ്മൾ സമാധാനം അനുഭവിക്കുന്നു എന്നോ, നമ്മളുടെ ആകുലതകൾ ഇല്ലാതെയായി എന്നോ അല്ല പൌലൊസ് ഈ വാക്യം കൊണ്ടു ഉദ്ദേശിച്ചത്. ഈ അനുഭവങ്ങൾ രക്ഷിക്കപ്പെടുന്ന ഒരുവന് ഉണ്ടായേക്കാം. എന്നാൽ പൌലൊസ് പറയുന്നത്, നമ്മൾ ദൈവത്തോട് നിരപ്പ് പ്രാപിച്ചിരിക്കുന്നു, ശത്രുതയുടെ നടുച്ചുവർ ഇടിഞ്ഞിരിക്കുന്നു, എന്നാണ്. ഇത് യേശുക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകൂ.
എഫെസ്യർ 2:14-16
അവൻ (യേശുക്രിസ്തു) നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.




No comments:
Post a Comment