റോമർക്ക് എഴുതിയ ലേഖനം (പശ്ചാത്തലവും എഴുത്തുകാരനും)

റോമർക്ക് എഴുതിയ ലേഖനം, വേദപുസ്തകത്തിലെ 45 ആമത്തെ പുസ്തകമാണ്. ഇതു പുതിയനിയമത്തിലെ ആറാമത്തെ പുസ്തകവും ആണ്. ഒന്നാം നൂറ്റാണ്ടിലെ, റോമിലെ ക്രിസ്തീയ സഭയ്ക്ക് അപ്പൊസ്തലനായ പൌലൊസ് എഴുതിയ ഒരു കത്താണിത്. ക്രിസ്തീയ വിശ്വാസ പ്രമാണങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന ഈ ലേഖനം, പൌലൊസിന്റെ ലേഖനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, ദൈർഘ്യമേറിയതുമായ രചനയാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം വാഗ്ദത്തം ചെയ്യുന്ന രക്ഷ എന്നതാണ് മുഖ്യ വിഷയം.

റോമർക്ക് എഴുതിയ ലേഖനം, യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മായമില്ലാത്ത വ്യാഖ്യാനമാണ്. അതിനാൽ, ഈ ലേഖനം വായിട്ടില്ലാത്തവർ പുതിയനിയമം വായിട്ടില്ല എന്നും, ഇത് പഠിച്ചിട്ടില്ലാത്തവർ പുതിയനിയമം പഠിച്ചിട്ടില്ല എന്നും പറയാം.

 
ക്രിസ്തീയ സഭ പലപ്പോഴും അന്ധകാര കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. പാതാള ഗോപുരങ്ങൾ സഭയെ കീഴടക്കുവാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, പാതാള ശക്തികൾ ജയിക്കാതെ ഇരിക്കാത്തക്കവണ്ണം, സഭയെ കാത്ത് സൂക്ഷിക്കുന്നതിൽ റോമർക്ക് എഴുതിയ ലേഖനം, ചരിത്രപരമായ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ക്രിസ്തീയ അടിസ്ഥാന ഉപദേശങ്ങൾ വിവരിക്കുകയും, ദൈവ സ്നേഹത്തിലേക്ക് വിശ്വാസികളെ നയിക്കുകയും ചെയ്യുന്ന ഒരു പുസ്തകം ആണിത്. ദൈവത്തിന്റെയും, യേശുക്രിസ്തുവിന്റെയും മഹത്വം ഈ ലേഖനം വെളിപ്പെടുത്തുന്നു. മനുഷ്യരുടെ പാപത്തേക്കുറിച്ച് ബോധ്യം വരുത്തുകയും യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്ന ഒരു രചന ആണിത്. പാപികൾക്ക് ദൈവവുമായി നിരപ്പ് പ്രാപിക്കുവാൻ തക്കവണ്ണം സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു എന്നു ഈ എഴുത്ത് വിളിച്ചുപറയുന്നു.

 

റോമർക്കുള്ള ലേഖനത്തിലെ പ്രധാന വിഷയങ്ങൾ, പാപം, അതിന്റെ ശിക്ഷയായ മരണം, ദൈവ കൃപ, യേശുക്രിസ്തുവിലൂടെയുള്ള രക്ഷ എന്നിവയാണ്. മോശെയുടെ ന്യായപ്രമാണ പ്രകാരമുള്ള പ്രവർത്തികളാൽ അല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലമാണ് നമ്മൾ രക്ഷിക്കപ്പെടുന്നത് എന്ന ക്രിസ്തീയ അടിസ്ഥാന ഉപദേശം പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത് ഈ ലേഖനത്തിൽ ആണ്. യേശുക്രിസ്തുവിന്റെ ക്രൂശിലെ പാപ പരിഹാര യാഗത്തെക്കുറിച്ചും പൌലൊസ് സംസാരിക്കുന്നു.

 

റോമർക്ക് എഴുതിയ ലേഖനം, ക്രിസ്തീയ സഭയുടെ ചരിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതായി വർത്തിച്ചിട്ടുണ്ട്. ഇതിലെ ആശയങ്ങളെക്കുറിച്ച് പല തെറ്റായ വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിൽ പൌലൊസിന്റെ രചനാ ശൈലിയ്ക്ക് ഒരു പങ്ക് ഉണ്ട്. ആദ്യ നൂറ്റാണ്ടിലെ ക്രിസ്തീയ വിശ്വാസികൾക്ക് പോലും, അദ്ദേഹത്തിന്റെ രചനകൾ ഗ്രഹിക്കുവാൻ പ്രയാസമുള്ളത് ആയിരുന്നു. അവരിൽ ചിലർ, പൌലൊസിന്റെ എഴുത്തുകളെ ദുർവ്യാഖ്യാനം ചെയ്തിരുന്നു. 

 

അതിനാൽ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതും, ഗ്രഹിക്കുവാൻ പ്രയാസമുള്ളതുമായ ഒരു പുസ്തകമാണ്, റോമർക്ക് എഴുതിയ ലേഖനം.

അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചതും, ചിലർക്ക് ഇടർച്ചയായി തീർന്നതും ഇതേ പുസ്തകം ആണ്. ഇത് മനസ്സിൽ വച്ചുകൊണ്ട് സൂക്ഷ്മതയോടെ വേണം ഈ ലേഖനം പഠിക്കുവാൻ. 

 

എഴുത്തുകാരൻ

 

റോമർ 1:1-3 വരെയുള്ള വാക്യങ്ങളിൽ നിന്നും റോമർക്ക് എഴുതിയ ലേഖനം എഴുതിയത് അപ്പൊസ്തലനായ പൌലൊസ് ആണ് എന്നു മനസ്സിലാക്കാം. അദ്ദേഹം ഇത് എഴുതുന്നതു തെർതൊസ് എന്നു പേരുള്ള ഒരു ശിഷ്യന്റെ സഹായത്തോടെയാണ്. പൌലൊസ് ഈ ലേഖനത്തിലെ വാചകങ്ങൾ പറഞ്ഞുകൊടുക്കുകയും, തെർതൊസ് അത് എഴുതിവയ്ക്കുകയും ചെയ്തു. 

 

തെർതൊസ് എന്ന വ്യക്തിയെക്കുറിച്ച് വിശദമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. തെർതൊസ് ഒരു റോമൻ (ലാറ്റിൻ) പേരാണ്. അതിനാൽ അദ്ദേഹം ഒരു റോമാക്കാരൻ ആയിരുന്നിരിക്കേണം. 16:22 ലെ “ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.” എന്ന വാക്കുകളിൽ നിന്നും, അദ്ദേഹം ഒരു ക്രിസ്തീയ വിശ്വാസി ആയിരുന്നു എന്ന് ഗ്രഹിക്കാം. ലൂക്കോസ് 10:1 ൽ യേശുക്രിസ്തു, സുവിശേഷം പ്രസംഗിക്കുവാനായി അയക്കുന്ന എഴുപത് പേരിൽ ഒരാൾ തെർതൊസ് ആയിരുന്നു എന്നൊരു പാരമ്പര്യ വിശ്വാസം ഉണ്ട്. അദ്ദേഹം പിന്നീട്, ഐകോണീയം എന്ന സ്ഥലത്തുള്ള സഭയുടെ ബിഷപ്പ് ആയി എന്നും, അദ്ദേഹം വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെടുക ആയിരുന്നു എന്നും കരുതപ്പെടുന്നു. എന്നാൽ ചില വേദപണ്ഡിതന്മാർ അദ്ദേഹം സില്വാനൊസ് എന്ന വ്യക്തി ആയിരുന്നു എന്നു വാദിക്കുന്നു.

 

യേശുക്രിസ്തു കഴിഞ്ഞാല്‍, ക്രിസ്തീയ വിശ്വാസത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആണ്, അപ്പൊസ്തലനായ പൌലൊസ്. അദ്ദേഹത്തിന്റെ എബ്രായ പേര് ശൌൽ എന്നായിരുന്നു. മാനസാന്തരപ്പെട്ട് സുവിശേഷ പ്രവർത്തനങ്ങളിൽ ആകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അധികം കാര്യങ്ങൾ നമുക്ക് അറിഞ്ഞുകൂടാ. നമുക്ക് ലഭ്യമായ വിവരങ്ങളിൽ ചിലത് ഇതെല്ലാം ആണ്. ബി.സി. 5 നും എ.ഡി. 5 നും ഇടയില്‍ തർസൊസ് എന്ന സ്ഥലത്ത് ഒരു യഹൂദ കുടുംബത്തില്‍, ബെന്യാമീൻ ഗോത്രത്തിൽ, അദ്ദേഹം ജനിച്ചു. “തർസൊസുകാരനായ ശൌൽ” എന്നു അദ്ദേഹം അറിയപ്പെട്ടിരുന്നു. തർസൊസ്, മദ്ധ്യധരണ്യാഴിയില്‍ ഉള്ള ഒരു വ്യാപാര പട്ടണം ആയിരുന്നു. അത് റോമന്‍ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയും, അതിന് “സ്വതന്ത്ര പട്ടണം” എന്ന സ്ഥാനവും ഉണ്ടായിരുന്നു. അതിനാല്‍ അവിടെ ജനിച്ച പൌലൊസ്, ജന്മനാല്‍ തന്നെ റോമന്‍ പൌരന്‍ ആയി. ഇന്ന് ഈ പട്ടണം ആധുനിക തുര്‍ക്കിയില്‍ ആണ് ഉള്ളത്. അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങള്‍ യെരുശലേമില്‍ താമസിച്ചിരുന്നു. അപ്പോസ്തല പ്രവൃത്തികള്‍ 23:16 ല്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ മകനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്.

 

പൌലൊസ് യുവാവായിരിക്കെ യെരൂശലേമില്‍ അന്ന് അറിയപ്പെട്ടിരുന്ന യഹൂദ റബ്ബി ആയിരുന്ന ഗമാലീയേലിന്റെ പാഠശാലയില്‍ തിരുവെഴുത്തുകള്‍ പഠിക്കുവാന്‍ പോയി (Rabbi Gamaliel). അവിടെ അദ്ദേഹം പഠിത്തവും, പരിശീലനവും പൂർത്തീകരിച്ച് ഒരു പരീശനായ യഹൂദ റബ്ബി ആയി എന്നു കരുതപ്പെടുന്നു. ഇതിന് അനുകൂലമായ ഒരു വാദം, അപ്പോസ്തല പ്രവര്‍ത്തികള്‍ 23:6 ല്‍ അദ്ദേഹം പറയുന്നുണ്ട്: “ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു”. ഫിലിപ്പിയര്‍ 3:5 ല്‍ “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യാമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;” എന്നും സ്വയം സാക്ഷിക്കുന്നുണ്ട്. അപ്പോസ്തല പ്രവര്‍ത്തികള്‍ 22:3 ല്‍, “ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.” എന്നു പറയുന്നു.

 

പൌലൊസ് കൂടാര പണി അറിയാവുന്ന വ്യക്തി ആയിരുന്നു. അതിനാൽ, സുവിശേഷ യാത്രയിൽ, ചില സ്ഥലങ്ങളിൽ, അദ്ദേഹം കൂടാരപ്പണി ചെയ്തു ഉപജീവനത്തിനുള്ളത് കണ്ടെത്തി.

 

ഇതില്‍ അധികമായി യാതൊന്നും നമുക്ക് പൌലൊസിന്‍റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞുകൂടാ. സ്തെഫാനൊസിന്‍റെ മരണത്തോടെ ആണ് പൌലൊസ് ശ്രദ്ധേയന്‍ ആകുന്നത്. അപ്പോള്‍ പൌലൊസിന് 30 വയസ്സ് ആയിരുന്നു.


പൌലൊസിന്റെ മാനസാന്തരം

 

AD 31 നും 36 നും ഇടയില്‍ ആയിരിക്കേണം പൌലൊസിന്‍റെ മാനസാന്തരം സംഭവിക്കുന്നത്. ഈ സംഭവം അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ മാത്രമേ നമ്മള്‍ വായിക്കുന്നുള്ളൂ, അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ഇതിനെക്കുറിച്ച് പറയുന്നില്ല. വളരെ എരിവുള്ള ഒരു പരീശന്‍ ആയിരുന്നതിനാല്‍, ക്രിസ്തീയ മുന്നേറ്റത്തെ എങ്ങനെ എങ്കിലും തകര്‍ക്കേണം എന്ന് പൌലൊസ് തീരുമാനിച്ചു. അതിനാല്‍, അദ്ദേഹം പീഡനങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. ഗ്രീക്കിലെ ചില പ്രദേശങ്ങളില്‍ കുടിയേറിയവരും, പിന്നീട് യെരുശലേമിലേക്ക് തിരികെ വന്നവരുമായ യഹൂദന്മാരില്‍ ക്രിസ്തീയ വിശ്വസം സ്വീകരിച്ചവര്‍ ആയിരുന്നു ആദ്യത്തെ ഇരകള്‍. സ്തെഫാനൊസ് ഈ കൂട്ടത്തിൽപ്പെട്ട ഒരാള്‍ ആയിരുന്നു. ഇതിനെക്കുറിച്ച് പൌലൊസ് തന്നെ ഗലാത്യര്‍ 1:13-14 വാക്യങ്ങളില്‍ പറയുന്നുണ്ട്:

 

സിറിയയിലെ ദമസ്കൊസിൽ താമസിച്ചിരുന്ന, ക്രിസ്തീയ വിശ്വസം സ്വീകരിച്ച യഹൂദന്മാരെ, വിചാരണയ്ക്കും കൊല്ലുവാനും ആയി പിടിച്ചുകെട്ടി യെരുശലേമിലേക്ക് കൊണ്ടുവരുവാന്‍ മഹാപുരോഹിതന്റെ അടുക്കല്‍ നിന്നും അധികാര പത്രം വാങ്ങി, അവിടെക്കു യാത്ര ചെയ്യുമ്പോള്‍ ആണ്, പട്ടണ വാതില്‍ക്കല്‍ വച്ച് , പൌലൊസ് കര്‍ത്താവിനാല്‍ പിടിക്കപ്പെടുന്നത്. ഈ സംഭവം അപ്പോസ്തല പ്രവര്‍ത്തികള്‍ 9:3-5 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

അവിടെ വച്ച് ശൌല്‍ കാഴ്ച നഷ്ടപ്പെട്ടവന്‍ ആയി, അവന്റെ സഹായികള്‍ അവനെ പട്ടണത്തില്‍ കൊണ്ടുപോയി. അവിടെ “അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.” അതിനുശേഷം അനന്യാസ് എന്ന ഒരു ക്രിസ്തീയ ശിഷ്യന്‍, അവനെ കാണുവാന്‍ വരുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ അവന് കാഴ്ച തിരികെ ലഭിച്ചു. അങ്ങനെ പൌലൊസ് മാനസാന്തരപ്പെടുകയും, സ്നാനപ്പെടുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു. അതിനുശേഷം അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു, യേശു തന്നേ ദൈവപുത്രൻ എന്നു യഹൂദ പള്ളികളിൽ പ്രസംഗിച്ചു. ശേഷം പൌലൊസിന്റെ ജീവിതം യേശുക്രിസ്തുവിന്റെ സുവിശേഷം ചുറ്റുപാടും ഉള്ള പ്രദേശങ്ങളിൽ അറിയിക്കുന്നതിനായി സമർപ്പിക്കപ്പെട്ടു. അവൻ പ്രധാനമായും യഹൂദന്മാർ അല്ലാത്ത, ജാതീയർ എന്നു വിളിക്കപ്പെട്ടിരുന്നവരുടെ ഇടയിൽ സുവിശേഷം പ്രഘോഷിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു.

 

പൌലൊസ് എന്ന ശൌൽ

 

അപ്പൊസ്തലനായ പൌലൊസിന്റെ എബ്രായ പേര് ശൌൽ എന്നായിരുന്നു എന്നു നമ്മൾ കണ്ടുവല്ലോ. മാനസാന്തരത്തിന് ശേഷവും അൽപ്പകാലത്തേക്ക് അദ്ദേഹം അതേ പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്. യേശുക്രിസ്തു അദ്ദേഹത്തിന്റെ പേര് മാറ്റുവാൻ ആവശ്യപ്പെട്ടില്ല.

 

എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ഒരു റോമൻ പൌരൻ ആയിരുന്നു എന്നതിനാലും, തർസൊസ് എന്ന “സ്വതന്ത്ര പട്ടണ”ത്തിൽ ജനിച്ചതിനാലും, അദ്ദേഹം ജന്മനാൽ ഒരു റോമൻ പൌരൻ ആയിരുന്നു. അതിനാൽ, സ്വാഭാവികമായും അദ്ദേഹത്തിന് പൌലൊസ് എന്ന റോമൻ പേരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഒരു കർശനക്കാരനായ പരീശൻ ആയിരുന്നതിനാൽ, എബ്രായ പേരിൽ അറിയപ്പെട്ടിരുന്നു. മാനസാന്തരത്തിന് ശേഷം, ജാതീയരുടെ ഇടയിലുള്ള സുവിശേഷ ഘോഷണം ദൌത്യമായി സ്വീകരിച്ചപ്പോൾ, അദ്ദേഹം റോമൻ പേര് കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങി. അപ്പോസ്തല പ്രവര്‍ത്തികള്‍ 13:9 ൽ ആണ് പൌലൊസ് എന്ന പേര് ആദ്യമായി നമ്മൾ വായിക്കുന്നത്.

 

അന്ത്യൊക്ക്യയിലെ സഭയിൽ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ ആണ് ശൌൽനേയും  (പൌലൊസ്), ബർന്നബാസിനെയും, പരിശുദ്ധാത്മാവിന്റെ നിർദ്ദേശ പ്രകാരം, സഭ പ്രാർത്ഥിച്ചു സുവിശേഷ പ്രഘോഷണത്തിനായി അയക്കുന്നത്. അവർ അവിടെ നിന്നും യാത്ര ചെയ്തു പാഫൊസ് എന്ന ദ്വീപിൽ എത്തുന്നു. അവിടുത്തെ ഭരണാധികാരി റൊമാക്കാരനായ സെർഗ്ഗ്യൊസ് പൌലൊസ് ആയിരുന്നു. ബർന്നബാസും ശൌലും അവനോടു സുവിശേഷം അറിയിച്ചു. ഈ സംഭവത്തിന്റെ വിവരണം പറയുമ്പോൾ ആണ്, എഴുത്തുകാരൻ ആയിരുന്ന ലൂക്കോസ്, ആദ്യമായി, പൌലൊസ് എന്ന പേര് ഉപയോഗിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജാതീയരിലേക്ക് നീളുന്നു എന്നതിന്റെ സൂചന ആണ്.

 

ജാതികളുടെ ഇടയിൽ സുവിശേഷം അറിയിക്കുന്നതിന്റെ പിന്നിൽ പൌലൊസിന് ഒരു തത്വശാസ്ത്രം ഉണ്ടായിരുന്നു. അത് അദ്ദേഹം 1 കൊരിന്ത്യർ 9:19-23 വരെയുള്ള വാക്യങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. “യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.” പൌലൊസ് എന്ന റോമൻ പേര് അദ്ദേഹം ഉപയോഗിച്ചതിന്റെ പിന്നിലെ തത്വശാസ്ത്രവും ഇത് തന്നെ ആയിരിക്കാം.  

 

ശൌൽ എന്ന പേര് എബ്രായ ഭാഷയിൽ സൌലസ് എന്നാണ്. ഈ പദത്തിന്റെ അർത്ഥം, ചോദിച്ചത്, പ്രാർത്ഥിച്ചത്, ആഗ്രഹിച്ചത് എന്നിങ്ങനെയാണ്. പൌലൊസ് എന്ന ലാറ്റിൻ പേര് ഇംഗ്ലീഷിൽ പോൾ എന്നും, ഗ്രീക്കിൽ പൌലൊസ് എന്നും, ലാറ്റിൻ ഭാഷയിൽ പൌലുസ് എന്നുമാണ്. ഈ പദത്തിന്റെ അർത്ഥം ചെറുത്, താഴ്മ, എന്നിങ്ങനെയാണ്. അതായത് പൌലൊസ് എന്ന പേര് ശൌൽ എന്ന എബ്രായ പേരിന്റെ ലാറ്റിൻ പരിഭാഷ അല്ല. രണ്ടിനും രണ്ട് അർത്ഥമാണ് ഉള്ളത്.

 

രക്തസാക്ഷിത്വം

 

അപ്പൊസ്തലനായ പൌലൊസ് എങ്ങനെയാണ് മരിച്ചത് എന്നു പുതിയനിയമത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും, റോമൻ ചക്രവർത്തി ആയിരുന്ന നീറോയുടെ കാലത്ത്, പൌലൊസിനെ ശിരച്ഛേദനം ചെയ്ത് കൊന്നു എന്ന് വിശ്വസിക്കപ്പെടുന്നു. AD 64 ല്‍ റോമ പട്ടണം അഗ്നിക്ക് ഇരയായതിന് ശേഷവും, AD 68 ല്‍ നീറോ മരിക്കുന്നതിന് മുമ്പും ആയി പൌലൊസ് കൊല്ലപ്പെട്ടിരിക്കാം. അദ്ദേഹം 65 ആം വയസ്സില്‍, 35 വര്‍ഷങ്ങളുടെ സുവിശേഷ വേലയ്ക്ക് ശേഷം ഈ ലോകത്തോട് യാത്ര പറഞ്ഞു.

 

2 തിമൊഥെയൊസ് 4:6 ൽ അദ്ദേഹം ഇങ്ങനെ എഴുതി, “ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.” ഈ ലേഖനം എ. ഡി. 66 നും 67 നും ഇടയിലാണ് എഴുതപ്പെട്ടത് എന്നു കരുതുന്നു. അങ്ങനെയാണ് എങ്കിൽ അദ്ദേഹം കൊല്ലപ്പെട്ടത്, എ. ഡി. 66 നും 68 നും ഇടയിൽ ആയിരിക്കേണം. 

 

അപ്പൊസ്തലനായ പൌലൊസ്, ക്രിസ്തീയ സഭയ്ക്ക് നൽകിയിട്ടുള്ള ഏറ്റവും പ്രധാന സംഭാവന, അദ്ദേഹം എഴുതിയ ലേഖനങ്ങൾ ആണ്. ഇതെല്ലാം, ഓരോ പ്രാദേശിക സഭകൾക്കൊ, വ്യക്തികൾക്കൊ എഴുതിയിട്ടുള്ള കത്തുകൾ ആണ്. ഇതിൽ ക്രിസ്തീയ ഉപദേശങ്ങളും, വ്യാഖ്യാനങ്ങളും, ജീവിത രീതികളും, വിഷയങ്ങൾ ആണ്. ചില സഭകളിലെ പ്രാദേശികമായ പ്രശ്നങ്ങളേയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഇന്നും ക്രിസ്തീയ സഭ അടിസ്ഥാന ഉപദേശങ്ങൾ ആയി കരുതുന്നു.

 

എഴുതിയ തീയതി


റോമർക്ക് എഴുതിയ ലേഖനം പൌലൊസിന്റെ മൂന്നാമത്തെ സുവിശേഷ യാത്രയിൽ ആയിരിക്കേണം ഏഴുതപ്പെട്ടത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ സുവിശേഷ യാത്ര എ. ഡി. 50 നും 60 നും ഇടയിൽ ആയിരുന്നു. ഈ യാത്രയുടെ അവസാന ഭാഗത്ത്, എ. ഡി. 55 നും 57 നും ഇടയിൽ അദ്ദേഹം കൊരിന്തിൽ ആയിരുന്നപ്പോഴാണ് ഇത് എഴുതിയത് എന്നു കരുതുന്നു. അത് ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ഏകദേശം 25 വർഷങ്ങൾക്ക് ശേഷം ആയിരുന്നു. പൌലൊസ് സുവിശേഷ വേലയിൽ ആയിട്ട് ഏകദേശം 20 വർഷങ്ങൾ ആയിട്ടുണ്ടാകും.

 

കൊരിന്ത് എന്ന ഗ്രീക്ക് പട്ടണത്തിൽ, ഗായൊസ് എന്ന വിശ്വാസിയുടെ വീട്ടിൽ താമസിക്കുന്ന കാലത്താണ് പൌലൊസ് റൊമാർക്ക് ലേഖനം എഴുതിയത്. ഗായൊസ് നെ സ്നാനപ്പെടുത്തിയത് പൌലൊസ് ആയിരുന്നു.

 

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ 18:23 മുതല്‍ 20:38 വരെയുള്ള വേദഭാഗത്ത് പൌലൊസിന്റെ മൂന്നാമത്തെ സുവിശേഷ യാത്രയുടെ വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. സിറിയയിലെ അന്തൊക്ക്യയില്‍ നിന്നുമാണ് അദ്ദേഹം യാത്ര ആരംഭിക്കുന്നത്. അദ്ദേഹം അവിടെനിന്നും കരമാര്‍ഗ്ഗം വടക്ക് പടിഞ്ഞാറ് ഉള്ള ഗലാത്യ, ഫ്രുഗ്യ എന്നീ ദേശങ്ങളിലേക്ക് യാത്ര തിരിച്ചു, എഫെസോസിൽ എത്തി മൂന്നു മാസത്തോളം യഹൂദ പള്ളിയില്‍ സുവിശേഷം പ്രസംഗിച്ചു. എഫെസോസിൽ നിന്നും പൗലൊസ് മക്കെദോന്യെ വഴി യവനദേശത്തുള്ള കൊരിന്തിൽ എത്തി. അവിടെ മൂന്നു മാസം താമസിച്ചു. ഈ കാലഘട്ടത്തില്‍ ആണ് അദ്ദേഹം റോമര്‍ക്ക് എഴുതിയ ലേഖനം എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

 

റോമർ 16 ആം അദ്ധ്യായത്തിൽ പരാമർശിക്കുന്ന, “കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബ”, “എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ്”, “പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും” എന്നിവർ കൊരിന്ത് പട്ടണത്തിൽ ജീവിച്ചിരുന്നവർ ആണ്. കെംക്രെയ, കൊരിന്ത് പട്ടണത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്തിരുന്ന ഒരു തുറമുഖ പട്ടണം ആയിരുന്നു. റോമിലെ സഭയ്ക്ക് പൌലൊസ് എഴുതിയ കത്ത് അവിടെ എത്തിച്ചത് കൊടുത്തത് ഫേബ ആയിരിക്കാം.


 

സ്വീകർത്താക്കൾ

 

ഈ ലേഖനത്തിന്റെ നേരിട്ടുള്ള സ്വീകർത്താക്കൾ റോം എന്ന സ്ഥലത്തെ ക്രിസ്തീയ വിശ്വാസികൾ ആയിരുന്നു. എന്നാൽ ചില പുരാതന കൈയെഴുത്തു പ്രതികളിൽ, 16 ആമത്തെ അദ്ധ്യായം കാണുന്നില്ല എന്നതിൽ നിന്നും, ഈ കത്ത്, ഇത് മറ്റ് സഭകളിലും വായിച്ചിരുന്നു എന്നു കരുതാം.

 

ഒന്നാം നൂറ്റാണ്ടിലെ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരം ആയിരുന്നു റോം എന്ന പട്ടണം. അവിടെ അക്കാലത്ത് ഏകദേശം 10 ലക്ഷം പേർ താമസിച്ചിരുന്നു. അവരിൽ യഹൂദ ക്രിസ്ത്യാനികളും, ജാതീയരായ ക്രിസ്തീയ വിശ്വാസികളും ഉണ്ടായിരുന്നു. ഇവരിൽ ജാതീയരായ വിശ്വാസികൾ ആയിരുന്നു എണ്ണത്തിൽ കൂടുതൽ എന്നു കരുതപ്പെടുന്നു. പൌലൊസ് കത്ത് എഴുതിയത്, ഇങ്ങനെ മിശ്രിതമായിരുന്ന റോമിലെ ക്രിസ്തീയ സഭയ്ക്ക് ആയിരുന്നു.

റോമിലെ ക്രൈസ്തവ വിശ്വാസികൾ വീടുകളിൽ ആരാധനയ്ക്കായി കൂടിവന്നു. ഇത്തരം ഒന്നിലധികം ഭവന സഭകൾ റോമിൽ ഉണ്ടായിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയെ ദൈവമായി ആരാധിക്കുന്ന രീതിയും റോമൻ മതവും നിലനിന്നിരുന്നു. ഇവിടെ ക്രിസ്തീയ വിശ്വാസികൾ എണ്ണത്തിൽ വലിയ ന്യൂനപക്ഷം ആയിരിരുന്നു. 

 

എന്നാൽ അവർ വിദ്യാസമ്പന്നരും അറിവുള്ളവരും ആയിരുന്നു എന്നു പൌലൊസിന്റെ ലേഖനം വായിച്ചാൽ അനുമാനിക്കുവാൻ കഴിയും. റോമർ 1 -11 വരെയുള്ള അദ്ധ്യായങ്ങൾ പുതിയനിയമത്തിലെ പൌലൊസിന്റെ ലേഖനങ്ങളിൽ വച്ചു ഗ്രഹിക്കുവാൻ ഏറ്റവും വൈഷമ്യമേറിയതാണ്.   

 

പശ്ചാത്തലം

 

പൌലൊസ് റോമിലെ സഭയെ നേരിട്ട് സന്ദർശിച്ചിട്ടില്ല. എന്നാൽ അവസാനത്തെ യെരൂശലേം സന്ദർശനത്തിന് ശേഷം, സ്പെയിൻലേക്ക് (Spain) പോകുവാൻ അദ്ദേഹം ആഗ്രഹിച്ചു. ആ യാത്രാ മദ്ധ്യേ റോമിലെ സഭയെയും സന്ദർശിക്കേണം എന്നു അദ്ദേഹം പദ്ധതിയിട്ടു (റോമർ 15:23-25).

 

റോമാ പട്ടണത്തിലെ ക്രിസ്തീയ സഭ എങ്ങനെയാണ് ഉടലെടുത്തത് എന്നും, ആരാണ് അത് സ്ഥാപിച്ചത് എന്നതിനും വ്യക്തമായ ചരിത്ര രേഖകൾ ഇല്ല.

പത്രോസാണ് റോമിലെ സഭ സ്ഥാപിച്ചത് എന്നാണ് റോമൻ കത്തോലിക്കാ സഭയുടെ വാദം. എന്നാൽ പൊതുവേ അംഗീകരിക്കപ്പെട്ട ചരിത്രം ഇങ്ങനെയാണ്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2 ആം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന പെന്തക്കോസ്ത് നാളിലെ ആത്മപകർച്ചയിൽ, റോമാപട്ടണത്തിൽ നിന്നും യെരൂശലേമിൽ എത്തിയിരുന്നവരിൽ ചിലർ മാനസാന്തരപ്പെടുകയും, യേശുക്രിസ്തുവിൽ വിശ്വസിച്ചു സ്നാനപ്പെടുകയും ചെയ്തിരുന്നു. അന്ന് പെന്തക്കോസ്ത് ഉൽസവത്തിൽ പങ്കെടുക്കുവാൻ വന്നവരുടെ ദേശം തിരിച്ചുള്ള ഒരു വിവരണം അപ്പൊസ്തല പ്രവൃത്തികൾ 2:9-10 വാക്യങ്ങളിൽ ഉണ്ട്. ഈ വാക്യം പറയുന്നത് അനുസരിച്ചു, ഈ ജനകൂട്ടത്തിൽ, “യെഹൂദന്മാരും യെഹൂദമതാനുസാരികളും” ഉണ്ടായിരുന്നു. അതായത് റോമിൽ നിന്നും വന്ന യഹൂദന്മാരും, ജാതീയരായ യെഹൂദമതാനുസാരികളും അന്ന് യെരൂശലേമിൽ, പത്രോസിന്റെ പ്രസംഗം കേൾക്കുവാൻ ഉണ്ടായിരുന്നു. അവരിൽ ചിലർ, യേശുവിനെ വിശ്വസിച്ചു, രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ട്, ക്രിസ്തീയ സഭയുടെ ഭാഗമായി.

 

പെന്തക്കോസ്ത് പെരുന്നാളിന് ശേഷം, അവർ എല്ലാവരും അവരവരുടെ ദേശങ്ങളിലേക്ക് തിരികെപോയി. റോമിലേക്ക് തിരികെ പോയ ക്രിസ്തീയ വിശ്വാസികൾ, അവിടെ ഒരുമിച്ച് കൂടി യേശുക്രിസ്തുവിനെ ആരാധിച്ചു. അങ്ങനെ അവിടെ ഒരു ക്രിസ്തീയ സഭ ഉണ്ടായി. പുതിയതായി രൂപീകരിച്ച ക്രിസ്തീയ സഭയിൽ ഭൂരിപക്ഷം യഹൂദ ക്രൈസ്തവർ ആയിരുന്നു. എന്നാൽ സഭയിൽ യഹൂദ മതാനുസാരികൾ ആയിരുന്ന ക്രൈസ്തവ വിശ്വാസികളും ഉണ്ടായിരുന്നു. ഇതിൽ സ്വതന്ത്രരും അടിമകളും ഉണ്ടായിരുന്നു.

 

റോമിലെ സഭയുടെ ആരംഭത്തിനും, വളർച്ചയ്ക്കും മറ്റൊരു കാരണം കൂടി ഉണ്ട്. അപ്പൊസ്തലനായ പൌലൊസ്, കിഴക്കൻ പ്രദേശങ്ങളിൽ സുവിശേഷം അറിയിച്ചു, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചു. അവരിൽ ചിലർ റോമിലേക്ക് കുടിയേറി താമസിച്ചു. അവരും റോമിലെ സഭയിൽ ഉണ്ടായിരുന്നു. ഈ പട്ടണത്തിൽ ഒന്നിലധികം കൂടിവരവുകൾ ഉണ്ടായിരുന്നു എന്നും അനുമാനിക്കാം.

 

നീറോ ചക്രവർത്തിയുടെ കാലത്ത് ജീവിച്ചിരുന്ന റോമൻ ചരിത്രകാരനായ റ്റാസിറ്റസ്, ക്രിസ്തീയ വിശ്വാസികൾ വലിയ ഒരു ജനസമൂഹം ആയിരുന്നു എന്നു എഴുതിയിട്ടുണ്ട്.  

 

അതായത്, റോമിലെ സഭ മനുഷ്യരാൽ സ്ഥാപിതമായത് അല്ല, യേശുക്രിസ്തു തന്നെ സ്ഥാപിച്ചതാണ്. അപ്പൊസ്തലനായ പത്രൊസ് പിന്നീട് റോമാപട്ടണത്തിലെ സഭയെ സന്ദർശിച്ചിട്ടുണ്ടാകേണം.

 

പൌലൊസ് റോമിലെ സഭ സന്ദർശിച്ചിട്ടില്ല എങ്കിലും, അവിടെയുള്ള വിശുദ്ധന്മാരിൽ ചിലരെ, നേരിട്ടോ, കേട്ടറിവിലൂടെയോ, പരിചയം ഉണ്ടായിരുന്നു. ഈ എഴുത്തിൽ 26 പേർക്ക് പൌലൊസ് വന്ദനം പറയുന്നുണ്ട്. ഇവർ എല്ലാവരും അപ്പോൾ റോമിൽ താമസിച്ചിരുന്നവർ ആണോ എന്നു തീർച്ചയില്ല. അവരിൽ എല്ലാവരെയും പൌലൊസ് നേരിൽ കണ്ടിട്ടില്ല. എന്നാൽ അവർക്കും പൌലൊസിനെ കേട്ടറിവിലൂടെ പരിചയം ഉണ്ടായിരുന്നു. ഒരു പക്ഷെ ഇവരെ പരിചയപ്പെട്ടത്, അക്വിലാസ്, അവന്റെ ഭാര്യ പ്രിസ്കില്ല എന്നിവരിലൂടെ ആയിരിക്കാം. അവർ റോമിൽ ആയിരുന്നു ജീവിച്ചിരുന്നത്.

എന്നാൽ, റോമൻ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് എ. ഡി 49 ൽ പുറപ്പെടുവിച്ച കൽപ്പന പ്രകാരം, അവർക്ക് റോമാപട്ടണം വിട്ടുപോകേണ്ടി വന്നു. അങ്ങനെ, അവരെ പൌലൊസ് കൊരിന്തിൽ വച്ചു കണ്ടു. എ. ഡി. 54 ൽ, ക്ലോഡിയസ് ന്റെ മരണ ശേഷം യഹൂദന്മാർക്ക് റോമിൽ തിരികെ ചെല്ലുവാൻ അനുവാദം ലഭിച്ചു.

 

റോമിലെ ക്രിസ്തീയ സഭ, യഹൂദന്മാരും, ജാതീയരിൽ നിന്നു വിശ്വസിച്ചു രക്ഷിക്കപ്പെട്ടവരും ചേർന്നുള്ളത് ആയിരുന്നു. പിൽക്കാലത്ത് ഈ സഭയിൽ ചില ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായി. ഇതിന്റെ ചരിത്ര പശ്ചാത്തലം ഇങ്ങനെയാണ്. റോമൻ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് എ. ഡി 49 ൽ പുറപ്പെടുവിച്ച കൽപ്പന പ്രകാരം, യഹൂദന്മാർക്ക് റോമ പട്ടണം വിട്ടുപോകേണ്ടി വന്നു. എങ്കിലും, റോമിലെ സഭയിലെ ജാതീയരായിരുന്ന വിശ്വാസികൾ തുടർന്നും ഒരുമിച്ച് കൂടുകയും, യേശുക്രിസ്തുവിനെ ആരാധിക്കുന്നത് തുടരുകയും ചെയ്തു. അങ്ങനെ റോമിലെ സഭ ജാതീയരായിരുന്ന വിശ്വാസികൾ മാത്രം ഉള്ള ഒരു പ്രാദേശിക സഭയായി മാറി. അഞ്ച് വർഷങ്ങൾക്ക് ശേഷം, എ. ഡി. 54 ൽ, ക്ലോഡിയസ് മരിച്ചു. ശേഷം നീറോ ചക്രവർത്തി അധികാരത്തിൽ വന്നു. അദ്ദേഹം, യഹൂദന്മാരെ റോമിലേക്ക് തിരികെ വരുവാൻ അനുവദിച്ചു. എന്നാൽ, തിരികെ വന്ന യഹൂദ ക്രിസ്ത്യാനികൾ, അവർ ഉപേക്ഷിച്ചു പോയ സഭയെ അല്ല അവിടെ കണ്ടത്. അത് ജാതീയരായ വിശ്വാസികൾ മാത്രമുള്ള സഭ ആയി മാറിയിരുന്നു. യഹൂദ മതത്തിന്റെ യാതൊരു സംസ്കാരവും, ആചാരങ്ങളും അവർ പാലിച്ചിരുന്നില്ല. ഇത് സാംസ്കാരികവും, ആചാരപരവും ആയ സംഘർഷത്തിന് കാരണമായി. യേശുക്രിസ്തുവിനെ എങ്ങനെ ആരാധിക്കേണം, അനുഗമിക്കേണം, അനുഷ്ഠാനങ്ങൾ എങ്ങനെ ആചരിക്കേണം എന്നിവയിലെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടായി. ജാതീയർ ആയ വിശ്വാസികൾ, പരിച്ഛേദന ഏൽക്കണമോ, ചില ആഹാരങ്ങൾ ഉപേക്ഷിക്കണമോ, ശബ്ബത്ത് ആചരിക്കണമോ, എന്നിങ്ങനെ തർക്ക വിഷയങ്ങൾ അനവധി ആയി. ഈ സാഹചര്യത്തിൽ ആണ് പൌലൊസ് റോമർക്ക് ലേഖനം എഴുതുന്നതു.

 

ഈ എഴുത്ത് എഴുതിയതിന് പിന്നിലുള്ള പ്രഥമ ലക്ഷ്യം, വിഭജിക്കപ്പെട്ട സഭയെ ഒന്നിപ്പിക്കുക എന്നതായിരുന്നു. റോമർ 15:23-25 വരെയുള്ള വാക്യങ്ങൾ അനുസരിച്ചു, അദ്ദേഹം സ്പാന്യയിലേക്കു സുവിശേഷ യാത്ര ചെയ്യുവാൻ ആഗ്രഹിച്ചിരുന്നു. പോകുന്ന വഴിക്ക് റോമിലുള്ള വിശ്വാസികളെ കാണുവാനും ആഗ്രഹിച്ചു. റോം, പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സുവിശേഷയാത്രയുടെ നല്ലയോരു ചവിട്ടുകല്ല് ആണ് എന്നു പൌലൊസ് കരുതി. എന്നാൽ അദ്ദേഹത്തിന് ഉടൻ റോമിലേക്ക് പോകുവാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹം യെരൂശലേമിലേക്കുള്ള യാത്രയിൽ ആയിരുന്നു. ഈ സാഹചര്യങ്ങൾ കാരണം അദ്ദേഹം റോമിലെ സഭയ്ക്ക്, യേശുക്രിസ്തുവിന്റെ സുവിശേഷം വിശദമാക്കുന്ന ഒരു എഴുത്ത് എഴുതുവാൻ തീരുമാനിച്ചു. 

 

നീറോ ചക്രവർത്തി റോമൻ സാമ്രാജ്യത്തിന്റെ അധികാരിയായത് അദ്ദേഹത്തിന്റെ 16 ആം വയസ്സിൽ ആണ്. അതിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞു, എ. ഡി. 57 ൽ, ഗ്രീക്ക് പട്ടണമായ കൊരിന്തിൽ വച്ചാണ് പൌലൊസ് റോമർക്ക് ലേഖനം എഴുതുന്നതു. ഈ സമയത്ത് റോമിലെ ക്രിസ്തീയ വിശ്വാസികൾക്ക് എതിരെയുള്ള പീഡനം ആരംഭിച്ചിരുന്നില്ല.

എ. ഡി. 64 ലെ റോമൻ പട്ടണത്തിലെ വലിയ അഗ്നിബാധയ്ക്കു ശേഷമായിരിക്കേണം ക്രിസ്ത്യാനികൾക്ക് എതിരായ കൊടിയ പീഡനം ആരംഭിക്കുന്നത്. അതിനാൽ, റോമിലെ സഭ സമാധാനമുള്ള ഒരു കാലത്തിലൂടെ കടന്നുപോകുക ആയിരുന്നു.

 

റോമർ 15:23 ൽ പൌലൊസ് ഇങ്ങനെ എഴുതി: “അങ്ങോട്ടു വരുവാൻ അനേക സംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും”. ഇതിൽ നിന്നും ചില വർഷങ്ങൾ ആയി റോമിലെ സഭ സന്ദർശിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നു മനസ്സിലാക്കാം. അതായത്, റോമിലെ സഭ രൂപീകരിക്കപ്പെട്ടതിന് ചില വർഷങ്ങൾക്ക് ശേഷം ആണ് പൌലൊസ് ഈ ലേഖനം എഴുതുന്നതു. അവർ ദയാപൂർണ്ണരും, ജ്ഞാനം നിറഞ്ഞവരും, അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും, ആയിരുന്നു എന്നു അദ്ദേഹം എഴുതി.

 

റോമിലെ സഭയിലെ ഏതെങ്കിലും വിരുദ്ധ ഉപദേശങ്ങളെയോ, വിശ്വാസ ത്യാഗത്തെയോ, പാപത്തെയോ പ്രത്യേകമായി ഈ ലേഖനത്തിൽ വിമർശിക്കുന്നില്ല. അവരുടെ  “വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമാ”യിരുന്നു എന്നാണ് പൌലൊസ് എഴുതിയത്.

 

റോമർക്ക് എഴുതിയ ലേഖനം കൊരിന്ത് പട്ടണത്തിൽ വച്ചാണ് എഴുതിയത് എന്നതിന് ഒരു പ്രാധാന്യം ഉണ്ട്. കൊരിന്ത് പട്ടണം, വളരെ സമ്പന്നമായ ഒരു ഗ്രീക്ക് പട്ടണം ആയിരുന്നു. അവിടെ ഗ്രീക്കുകാരും, റോമാക്കാരും, യഹൂദന്മാരും താമസിച്ചിരുന്നു. അധാർമ്മിക ജീവിത ശൈലി, കൊരിന്തിലെ സാധാരണ നാട്ടുനടപ്പ് ആയിരുന്നു. നാവികരും, കച്ചവടക്കാരും, വിഗ്രഹാരാധികളും, അടിമകളും ആയ ഒരു സമ്മിശ്ര ജനത അവിടെ താമസിച്ചിരുന്നു. ഇവർ എല്ലാവരിൽ നിന്നും ചിലർ മാനസാന്തരപ്പെട്ട്, യേശുക്രിസ്തുവിൽ വിശ്വസിച്ചു, സഭയുടെ ഭാഗമായി മാറി.

 

ഇവിടെ ആയിരിക്കെ, മനുഷ്യന്റെ പാപത്തിന്റെ വലിപ്പം എത്ര ഭയങ്കരം ആണ് എന്നു പൌലൊസ് നേരിട്ട് കണ്ടു മനസ്സിലാക്കി. എന്നാൽ, യേശുക്രിസ്തുവിന്റെ സുവിശേഷം, കൊടിയ പാപികളെപ്പോലും നീതീകരിക്കുവാൻ ശക്തമാണ് എന്നും നേരിട്ടറിഞ്ഞു. ഈ അറിവുകൾ റോമർക്ക് ലേഖനം എഴുതുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു.

 

കൊരിന്തിലെ സഭയിലെ സംഭവങ്ങളും, പശ്ചാത്തലവും മനസ്സിൽ ഉള്ളപ്പോൾ ആണ് അദ്ദേഹം റോമിലെ സഭയ്ക്ക് കത്ത് എഴുതുന്നതു. സമാനമായ സാഹചര്യം അദ്ദേഹം മറ്റ് കിഴക്കൻ പ്രദേശങ്ങളിലും അഭിമുഖീകരിച്ചിട്ടുണ്ടായിരിക്കാം. റോമിലെ സഭയെ അദ്ദേഹം സന്ദർശിച്ചിട്ടില്ല. എങ്കിലും, അദ്ദേഹം കണ്ടും കേട്ടും ഇരിക്കുന്ന സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹം വിഗ്രഹാരാധനയെക്കുറിച്ചും ജാതീയ ദേവന്മാരെ ആരാധിക്കുന്നതിനെക്കുറിച്ചും റോമിലെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നല്കുന്നു.

 

യഹൂദന്മാരിൽ നിന്നും ജാതീയതയിൽ നിന്നും വന്ന ക്രിസ്തീയ വിശ്വാസികൾ നേരിടുന്ന മാനസികവും ആത്മീയവും ആയ സമ്മർദ്ദങ്ങളും അദ്ദേഹത്തിന് സുപരിചിതം ആയിരുന്നു. യഹൂദ ക്രിസ്ത്യാനികൾ എല്ലായിടത്തും ജാതീയരിൽ നിന്നും വന്ന വിശ്വാസികളെ അകറ്റി നിറുത്തി. യഹൂദ പാരമ്പര്യങ്ങളും, പരിച്ഛേദന പോലെയുള്ള ആചാരങ്ങളും, ജാതിയരുടെമേലും അടിച്ചേൽപ്പിക്കുവാൻ യഹൂദ ക്രിസ്ത്യാനികൾ എല്ലായിടത്തും ശ്രമിച്ചു. ഇതിനെ പൌലൊസ് എപ്പോഴും, എല്ലായിടത്തും ചെറുത്തുനിന്നു. എന്നാൽ, റോമിലെ അപ്പോഴത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു. അവിടെ ജാതീയരിൽ നിന്നും വന്ന വിശ്വാസികളായിരുന്നു സഭയിൽ ഭൂരിപക്ഷവും. യേശുക്രിസ്തുവിനെ ക്രൂശിച്ചവർ ആണ് യഹൂദന്മാർ എന്നും, അതിനാൽ ദൈവം അവരെ തള്ളിക്കളഞ്ഞു, അവർക്ക് പകരം ജാതീയരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുമുള്ള ചിന്തകളും അവരുടെ ഇടയിൽ പരന്നിരുന്നു. അതിനാൽ യഹൂദ ക്രിസ്ത്യാനികൾ അവിടെ പാർശ്വവൽക്കരിക്കപ്പെട്ടു. ഈ ലേഖനത്തിൽ പൌലൊസ് ഇത്തരം എല്ലാ വിഭാഗീയതകൾക്കും എതിരെ സംസാരിക്കുന്നു. യേശുക്രിസ്തുവിലൂടെ പകർന്നു ലഭിച്ചിരിക്കുന്ന ദൈവ കൃപ, യഹൂദനും, ജാതീയർക്കും ഒരുപോലെ, തുല്യ അളവിൽ ലഭ്യമാണ് എന്ന സന്ദേശം അദ്ദേഹം നല്കുന്നു.   

 

പൌലൊസ് റോമിലെ സഭയ്ക്ക് ലേഖനം എഴുതുവാനുള്ള മൂന്ന് കാരണങ്ങൾ ഇതെല്ലാം ആണ്:


1.    അദ്ദേഹം റോമിലെ സഭയെ നേരിട്ട് സന്ദർശിക്കുവാൻ ആഗ്രഹിച്ചിരുന്നു.


2.   യേശുക്രിസ്തുവിന്റെ സുവിശേഷത്തെ പ്രതിരോധിക്കുക പൌലൊസിന്റെ രണ്ടാമത്തെ ലക്ഷ്യം ആയിരുന്നു. പ്രത്യേകിച്ച് അക്കാലത്ത്, മോശെയുടെ ന്യായപ്രമാണത്തെക്കുറിച്ചും, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ലഭിക്കുന്ന നീതിയെക്കുറിച്ചും ഉള്ള അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ, ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

പൌലൊസിനെക്കുറിച്ചുള്ള ഇത്തരം വ്യാജ പ്രചാരണങ്ങളോ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷ എന്നതിനെ എതിർക്കുന്ന വ്യാജ ഉപദേശങ്ങളോ റോമിലെ സഭയിൽ എത്തിയതായി അദ്ദേഹം സംശയിക്കുന്നു. അതിനാൽ ഈ വിഷയത്തെ വ്യക്തമാക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. 

3.   യഹൂദ ക്രിസ്ത്യാനികളും, ജാതീയരിൽ നിന്നും വിശ്വാസത്തിലേക്ക് വന്നവരും തമ്മിലുള്ള സംഘർഷം ഇല്ലാതെയാക്കി, അവരുടെ ഇടയിൽ ഐക്യത ഉണ്ടാക്കുവാൻ പൌലൊസ് ആഗ്രഹിച്ചു.

 

ജാതികളുടെ അപ്പൊസ്തലനായിരിക്കുന്ന പൌലൊസ്, അവരെ ക്രിസ്തീയ സഭയുടെ ഭാഗമാക്കി തുടരുവാൻ ആഗ്രഹിച്ചു. എന്നാൽ ഒരു യഹൂദൻ എന്ന നിലയിൽ, സ്വന്തജനത്തെ യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലമുള്ള രക്ഷയിലേക്ക് നടത്തുവാനും അദ്ദേഹം വാഞ്ചിച്ചു. അതിനാൽ സുവിശേഷത്തിന്റെ ഉപദേശം എല്ലാ വിശുദ്ധന്മാർക്കും ഒരുപോലെയുള്ളതാണ് എന്നു അദ്ദേഹം എഴുതി.

 

ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നതിന്റെ ആത്യന്തികമായ ലക്ഷ്യം ദൈവത്തിന്റെ മഹത്വം ആണ്. സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം ഉണ്ടാകേണം എന്നും പൌലൊസ് ആഗ്രഹിച്ചു.


 

പ്രധാന വിഷയങ്ങൾ

 

ക്രിസ്തീയ വിശ്വാസത്തിന്റെ പഠനത്തിൽ ലഭ്യമായ ആദ്യത്തെ “ക്രമീകൃത ദൈവശാസ്ത്രം” ആണ് റോമർക്ക് എഴുതിയ ലേഖനം. വിശ്വാസം സംബന്ധിച്ച പല വിഷയങ്ങളെക്കുറിച്ചും ക്രോഡീകരിച്ച ഒരു വിശദീകരണം ഇതിൽ ലഭ്യമാണ്. ഇതിൽ 16 അദ്ധ്യായങ്ങൾ ആണുള്ളത്. ഇതിനെ പ്രധാനമായും 7 ഭാഗങ്ങൾ ആയി തിരിക്കാവുന്നതാണ്.

 

ഒന്നാമത്തെ ഭാഗം, മുഖവുരയാണ്. ഇതിൽ ഈ പുസ്തകത്തിന്റെ മുഖ്യ വിഷയം എന്താണ് എന്നു പ്രസ്താവിക്കുന്നു. യഹൂദനും, ജാതീയനും, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷ എന്നതാണ് വിഷയം.

 

രണ്ടാമത്തെ ഭാഗം സകല മനുഷ്യരുടെയും അനീതി എന്ന അവസ്ഥയെ കുറിച്ചുള്ളതാണ്. (റോമർ 1:18-3:20). ഇതിൽ റോമിലെ ജാതീയരായ വിശ്വാസികളും, യഹൂദന്മാരും, ഈ ഭൂമിയിലെ എല്ലാ മനുഷ്യരും ഉൾപ്പെടുന്നു. സകലരും അനീതിയിൽ ജീവിക്കുന്നു. 

 

മൂന്നാമത്തെ ഭാഗം, രക്ഷയക്കായുള്ള ദൈവത്തിന്റെ പദ്ധതി വിശദമാക്കുന്നു. രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് ലഭ്യമാകുന്നത്. എല്ലാ നീതീയുടെയും ഉറവിടം യേശുക്രിസ്തു മാത്രം ആണ്. ക്രിസ്തുവിലുള്ള വിശ്വാസം ആണ് ഏക മാർഗ്ഗം. 

 

നാലാമത്തെ ഭാഗം, യേശുക്രിസ്തുവിലൂടെ സാധ്യമാകുന്ന വിശുദ്ധ ജീവിതത്തെക്കുറിച്ചുള്ളത് ആണ്. യേശുക്രിസ്തുവിൽ ഉള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.

 

അഞ്ചാമത്തെ ഭാഗം യഹൂദന്മാരുടെ രക്ഷയെക്കുറിച്ചാണ്. അവർ എല്ലാവരുടെയും രക്ഷ പൌലൊസിന്റെ ആഗ്രഹം ആണ് എങ്കിലും, അവരിൽ ഭൂരിപക്ഷവും കഠിന ഹൃദയർ ആയിരിക്കുന്നു. 

 

ആറാമത്തെ ഭാഗം, പ്രായോഗിക ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ളതാണ്. അവിശ്വാസികളിൽ നിന്നും ക്രിസ്തീയയ വിശ്വാസികൾ വേർപ്പെട്ട്, മാതൃക ഉള്ളവരായി ജീവിക്കേണം. രാജ്യത്തിന്റെ ഭരണകർത്താക്കളോടുള്ള വിശ്വാസികളുടെ സമീപനം എന്തായിരിക്കേണം എന്നു പൌലൊസ് ഇവിടെ വ്യക്തമാക്കുന്നു. പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട മറ്റ് ചില വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നു.

 

ഏഴാമത്തെ ഭാഗം, ഈ ലേഖനത്തിന്റെ ഉപസംഹാരം ആണ്. അദ്ദേഹം പരിചയമുള്ള എല്ലാവർക്കും വന്ദനം ചൊല്ലുന്നു. ഈ ലേഖനം എഴുതുമ്പോൾ, പൌലൊസ് കൊരിന്തിൽ ആണ്.

അവിടെയുള്ള ചില വിശ്വാസികളുടെ വന്ദനവും അദ്ദേഹം റോമിലെ സഭയെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ യെരൂശലേമിലേക്കും, സ്പാന്യയിലേക്കുമുള്ള (സ്പെയിൻ) യാത്രയും ഇവിടെ പരാമർശിക്കപ്പെടുന്നു. പ്രാർത്ഥനയോടെയും, ആശീർവാദത്തോടെയും ലേഖനം അവസാനിപ്പിക്കുന്നു.

 

പൌലൊസിന്റെ പല ലേഖനങ്ങളും, വിവിധ പ്രദേശങ്ങളിലെ സഭകൾക്ക് ഉള്ള എഴുത്തുകൾ ആയിരുന്നു. ആ സഭ അഭിമുഖീകരിക്കുന്ന സാമൂഹികമായും, ആത്മീയവുമായുമുള്ള വെല്ലുവിളികളും, വിശ്വാസികൾക്കിടയിലെ പ്രശ്നങ്ങളും, അവയ്ക്കുള്ള പരിഹാരങ്ങളും, നിർദ്ദേശങ്ങളും ആയിരുന്നു, എഴുത്തുകളിലെ വിഷയം. എന്നാൽ റോമർക്ക് എഴുതിയ കത്തിൽ ദൈവശാസ്ത്രപരമായ വിശകലനം ആണ് പ്രധാന വിഷയം. യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ വെളിപ്പെടുന്ന ദൈവീക രക്ഷയുടെ ശക്തിയാണ് ഈ ലേഖനത്തിലെ കേന്ദ്ര വിഷയം. മനുഷ്യരുടെ രക്ഷയിലെ ദൈവത്തിന്റെ നീതി എന്താണ് എന്നാണ് അദ്ദേഹം വിശദീകരിക്കുവാൻ ശ്രമിക്കുന്നത്. ഇവിടെ പൌലൊസ് അവതരിപ്പിക്കുന്ന ചിന്തകളെ നമുക്ക് രണ്ടായി തിരിക്കാം.

 

ഒന്ന്: പാപിയായ മനുഷ്യർക്ക് എങ്ങനെ രക്ഷയും ദൈവീക നീതീകരണവും പ്രാപിക്കാം.

രണ്ട്: നീതീകരിക്കപ്പെട്ട ഒരു വ്യക്തി ദൈവ മഹത്വത്തിനായി എങ്ങനെ ദിനം തോറും ജീവിക്കേണം. 

 

യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സത്തയും ഇത് തന്നെയാണ്. ഈ ലേഖനത്തിന്റെ മൊത്തം വാദങ്ങളുടെ ഒരു സംക്ഷിപ്ത രൂപം നമുക്ക് 1:16-18 വാക്യങ്ങളിൽ വായിക്കാം.

ലേഖനത്തിന്റെ ആരംഭത്തിൽ സഭാ വിശ്വാസികൾക്കും, വായനക്കാർക്കും, പൌലൊസ് പതിവുപോലെ വന്ദനം ചൊല്ലുന്നു. അതിന് ശേഷം അദ്ദേഹം, മനുഷ്യ വംശത്തിന്റെ പാപം എന്ന വിഷയത്തിലേക്ക് നേരിട്ട് കടക്കുന്നു. 16 ആം വാക്യം അദ്ദേഹം ഇവിടെ വിശദീകരിക്കുവാൻ പോകുന്ന സുവിശേഷം എന്താണ് എന്നു പറയുന്നു. 17 ആം വാക്യം ഈ ലേഖനത്തിലെ വാദങ്ങളുടെ ദിശയെ സൂചിപ്പിക്കുന്ന ചൂണ്ടുപലക ആണ്. 18 ആം വാക്യത്തിൽ മനുഷ്യരുടെ അനീതി, ദൈവംകോപം എന്നീ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നു. 

 

യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്ക് പാപമോചനം സാധ്യമാണ്. ഇതിനെ രക്ഷിക്കപ്പെടുക എന്നു വിളിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിൽ ചൊരിഞ്ഞ രക്തം, അവനിൽ വിശ്വസിക്കുന്നവരുടെ പാപത്തെ കഴുകി കളയുന്നു. എന്നാൽ രക്ഷ എന്ന പ്രക്രിയ, വിശുദ്ധീകരണവും തേജസ്കരണവും ആയി തുടരുന്നു. ഈ വിഷയങ്ങൾ എല്ലാം ദാർശനികമായ ശൈലിയിൽ, ഈ ലേഖനത്തിൽ പൌലൊസ് അവതരിപ്പിക്കുന്നു. 

 

റോമർക്ക് എഴുതിയ ലേഖനത്തിലെ വിഷയങ്ങളുടെ ഒരു പട്ടിക ഇതാണ്:


1.       എല്ലാ മനുഷ്യരും പാപികൾ ആണ് എന്നതിനാൽ അവർ പാപത്തിൽ നിന്നും, അതിന്റെ ശിക്ഷയിൽ നിന്നും രക്ഷ പ്രാപിക്കേണം.

 

2.     മോശെയുടെ ന്യായപ്രമാണം നല്ലതും വിശുദ്ധവും ആണ്. എന്നാൽ യേശുക്രിസ്തുവിന് മാത്രമേ പാപത്തെ നീക്കി കളയുവാനും, അതിന്റെ ശക്തിയെ ജയിക്കുവാനും കഴിയുക ഉള്ളൂ.


3.     ദൈവത്തിന്റെ നീതിയാൽ പാപം വിധിക്കപ്പെടുന്നു, രക്ഷ നല്കപ്പെടുന്നു.


4.     യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവോടെ, വീണ്ടെടുപ്പിന്റെ ഒരു പുതുചരിത്രം ആരംഭിക്കപ്പെട്ടു.


5.     മനുഷ്യരുടെ പാപമോചനത്തിനായുള്ള ദൈവത്തിന്റെ രക്ഷാ പദ്ധതിയുടെ കേന്ദ്രം യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം ആണ്. അത് പാപ പരിഹാര യാഗം ആയിരുന്നു.


6.     നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രം ലഭിക്കുന്നു.


7.     ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ഭാവിയിൽ ലഭിക്കുവാനിരിക്കുന്ന മഹത്വത്തെക്കുറിച്ച് നിശ്ചയമായ പ്രത്യാശ ഉണ്ട്


8.     പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ക്രിസ്തുവിനോടൊപ്പം മരിച്ചവർ ഒരു പുതിയ ജീവിതം നയിക്കുന്നു


9.     രക്ഷ ദൈവത്തിന്റെ സർവ്വാധികാരത്താൽ സംഭവിക്കുന്നു. എല്ലാം അവന്റെ പദ്ധതി പ്രകാരം സംഭവിക്കുന്നു


10.   ദൈവം യഹൂദന്മാരോടും ജാതീയരോടും ഉള്ള വാഗ്ദത്തം നിവർത്തിക്കുന്നു.


11.     ദൈവ കൃപ കാരണം, ക്രിസ്തീയ വിശ്വാസികൾ സാന്മാർഗ്ഗീകമായി പരിശുദ്ധരും, അയൽക്കാരോട് സ്നേഹമുള്ളവരും, നല്ല പൌരന്മാരും ആയിരിക്കേണം. അവരുടെ സഹവിശ്വാസികളെ കൂട്ടായ്മയിലേക്ക് സന്തോഷത്തോടെ സ്വീകരിക്കേണം.

 

1-5 വരെയുള്ള അദ്ധ്യായങ്ങളെ ഈ ലേഖനത്തിന്റെ ഒന്നാം ഭാഗമായി കണക്കാക്കാം. ഇവിടെ പൌലൊസ് ലേഖനത്തിന്റെ പ്രധാന വിഷയം അവതരിപ്പിക്കുന്നു. യഹൂദനും, ജാതീയർക്കും ഒരു പോലെ ദൈവത്തെയും രക്ഷയെയും ആവശ്യമുണ്ട്. പാപം നിമിത്തം മനുഷ്യർക്ക് എങ്ങനെ ദൈവത്തിന്റെ നീതി നഷ്ടമായി എന്നു പൌലൊസ് വിശദമാക്കുന്നു. മനുഷ്യർ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം പാപം ആണ്. ഇതിനുള്ള ഏക ദൈവീക പരിഹാരം യേശുക്രിസ്തുവിന്റെ പാപയാഗം ആണ്. ഇതിൽ വിശ്വസിക്കുന്ന എല്ലാവർക്കും, വിശ്വാസം മൂലം രക്ഷയും നീതീകരണവും ലഭിക്കും.

6-8 വരെയുള്ള അദ്ധ്യായങ്ങൾ രണ്ടാം ഭാഗം ആണ്. ഇവിടെ യേശുക്രിസ്തു സ്ഥാപിച്ച പുതിയ ഉടമ്പടി ബന്ധത്തെക്കുറിച്ച് പൌലൊസ് പറയുന്നു. ഈ ഉടമ്പടി ഒരു പുതിയ ജന സമൂഹത്തെ സൃഷ്ടിക്കുന്നു. വിശ്വാസത്താൽ ദൈവീക നീതി മനുഷ്യർക്ക് എങ്ങനെ ലഭിക്കും എന്ന് ഈ അദ്ധ്യായങ്ങളിൽ വിശദീകരിക്കുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടത് ഉദാഹരണമായി പൌലൊസ് ചൂണ്ടിക്കാണിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ, ദൈവത്തോട് മൽസരിക്കുന്നവർ എന്ന നിലയിൽ നിന്നും, ദൈവത്തിന്റെ മക്കളായി മാറിയത് ദൈവീക നീതി മൂലമാണ്. ക്രിസ്തീയ ജീവിതത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചുമുള്ള ചിന്തകൾ ഇവിടെ ഉണ്ട്.

 

9-11 വരെയുള്ള അദ്ധ്യായങ്ങളിൽ മറ്റൊരു വിഷയം പൌലൊസ് കൈകാര്യം ചെയ്യുന്നു. അത് യഹൂദന്മാരുടെ രക്ഷയാണ്. ഇപ്പോൾ അവർ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ നിരസിച്ചിരിക്കുന്നു. യഹൂദന്റെ അപരാധം, ജാതികൾക്ക് രക്ഷയുടെ വാതിൽ തുറന്നുകൊടുത്തു. എന്നാൽ ഭാവിയിൽ യഹൂദനും രക്ഷയുണ്ട്. ദൈവത്തിന്റെ വാഗ്ദത്തം ലഭിച്ച ജനത്തെ ദൈവം ഒരിക്കലും ഉപേക്ഷിക്കുക ഇല്ല. യിസ്രായേലിനുള്ള ദൈവത്തിന്റെ വാഗ്ദത്തം നിവർത്തിക്കപ്പെടും. എല്ലാ യിസ്രായേലിനും ദൈവ കൃപയിൽ ആശ്രയിച്ചു ദൈവത്തോട് നിരപ്പ് പ്രാപിക്കുവാൻ കഴിയും.

 

അതിനാൽ യഹൂദരും, ജാതീയരും ആയിട്ടുള്ള റോമിലെ സഭയിലെ എല്ലാ വിശ്വാസികളും സ്നേഹത്തിലും, സമാധാനത്തിലും ഐക്യതയിലും ആയിരിക്കേണം എന്നു 12-16 വരെയുള്ള അദ്ധ്യായങ്ങളിൽ പൌലൊസ് പ്രബോധിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ കൂട്ടായ്മയെ അവന്റെ സ്നേഹം സൌഖ്യമാക്കുകയും ഒരുമിപ്പിക്കുകയും ചെയ്യും. ക്രിസ്തുവിന്റെ സുവിശേഷത്തിന്നു മാത്രമേ സഭയെ ഒരുമനസ്സോടെയും, ഐക്യതയോടെയും, നടത്തുവാൻ കഴിയൂ. ദൈവീക നീതി നമ്മളുടെ പ്രായോഗിക ജീവിതത്തിൽ ഉടനീളം നടപ്പിലാക്കേണം.

വ്യക്തിപരമായ ബന്ധത്തിലും, രാജ്യത്തോടും, സ്വന്ത മനസാക്ഷിയോടും എപ്പോഴും നീതിയോടെ ആയിരിക്കേണം. ക്രിസ്തുവിന്റെ മാതൃക എല്ലാ കാര്യങ്ങളിലും പിന്തുടരേണം. 16 ആം അദ്ധ്യായത്തിൽ എല്ലാവർക്കും വന്ദനം പറഞ്ഞുകൊണ്ടു അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു.  

 

സ്പെയിനിലേക്കുള്ള യാത്ര

 

പൌലൊസിന്റെ മൂന്ന് സുവിശേഷ യാത്രകളുടെ ചരിത്രം മാത്രമേ അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ, പൌലൊസ് നാലാമതൊരു സുവിശേഷ യാത്ര കൂടെ ചെയ്തിരുന്നു എന്നു ചില വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് അപ്പോസ്തലന്മാരുടെ പ്രവൃത്തികളില്‍ യാതൊന്നും പറയുന്നില്ല. ഒരു പക്ഷേ, നാലാമത്തെ യാത്ര, അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എഴുതി കഴിഞ്ഞായിരിക്കാം ആരംഭിച്ചത്. ഈ യാത്ര സ്പെയിനിലേക്ക് ആയിരുന്നു.

 

റോമര്‍ 15:24 ല്‍ “ ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ച ശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.” എന്ന് പൌലൊസ് എഴുതിയിട്ടുണ്ട്. അതേ അദ്ധ്യായം 28 ആം വാക്യത്തില്‍,ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.” എന്നും എഴുതിയിട്ടുണ്ട്.

 

റോമിലെ ക്ലെമെന്‍റ് എന്ന് അറിയപ്പെടുന്ന ആദ്യകാല സഭാ പിതാവിന്‍റെ, എ. ഡി. 95 ലെ എഴുത്തുകളില്‍ പൌലൊസ് പടിഞ്ഞാറന്‍ നാടുകളുടെ അറ്റത്തോളം സുവിശേഷവുമായി പോയി എന്ന് പറയുന്നുണ്ട്. അദ്ദേഹം എഴുതിയത്, ഒരു പക്ഷേ പൌലൊസിന്റെ സ്പെയിനിലേക്കുള്ള യാത്രയെക്കുറിച്ച് ആകാം. പൌലൊസ് ഇംഗ്ലണ്ട് വരെയും പോയിരുന്നു എന്നും അനുമാനം ഉണ്ട്.

 

മറ്റൊരു ആദ്യകാല സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റം, പൌലൊസ് സ്പെയിനില്‍ പോയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ യാത്രയെക്കുറിച്ച് പരാമര്‍ശിക്കുന്ന മറ്റൊരു സഭാ പിതാവാണ് യെരൂശലേമിലെ സിറിള്‍. മുററ്റോറിയന്‍ കാനോന്‍ എന്ന് അറിയപ്പെടുന്ന, എ. ഡി. 180 ല്‍ രചിക്കപ്പെട്ട രേഖയിലും, റോമില്‍ നിന്നും പൌലൊസ് സ്പെയിനിലേക്ക് പോയി എന്ന് കാണുന്നുണ്ട്.

 

ഈ രേഖകളുടെ അടിസ്ഥാനത്തിൽ പൌലൊസ് റോമിലെ സഭയെ സന്ദർശിച്ചിട്ടുണ്ട് എന്നു അനുമാനിക്കാം. എന്നാൽ, അത് റോമർക്ക് ലേഖനം എഴുതിയതിന് ശേഷം ആണ്.




 

No comments:

Post a Comment