എന്താണ് നിഗൂഢ സിദ്ധാന്തങ്ങള്‍, അവയില്‍ വല്ല സത്യവും ഉണ്ടോ; ക്രിസ്തീയ വിശ്വാസികള്‍ ഇവയെ എങ്ങനെ കാണേണം. ഇതാണ് ഈ വീഡിയോയിലെ ചര്‍ച്ചാ വിഷയം. അതിനായി നമ്മള്‍ ആദ്യം നിഗൂഢ സിദ്ധാന്തങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുകയും, അതിനു ശേഷം, വേദപുസ്തകത്തില്‍ ഇതിനുള്ള ഉദാഹരങ്ങള്‍ ഉണ്ടോ എന്ന് നോക്കുകയും ചെയ്യും. ലോകത്ത് പ്രചരിച്ച ചില നിഗൂഡ സിദ്ധാന്തങ്ങളെ ഉദാഹരണമായി പഠിച്ചതിന് ശേഷം, ക്രിസ്തീയ വിശ്വാസികള്‍ ഇതിനെ എങ്ങനെ കാണേണം എന്ന് ചിന്തിക്കും.
ആദ്യനൂറ്റാണ്ടിലെ നിഗൂഢ സിദ്ധാന്തങ്ങള്‍
ക്രിസ്തീയ സഭയുടെ ആദ്യനൂറ്റാണ്ടില്‍ അന്നത്തെ ക്രിസ്ത്യാനികളെക്കുറിച്ച് റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പരന്നിരുന്ന ഒരു നിഗൂഢ സിദ്ധാന്തം ഉണ്ടായിരുന്നു. റോമന്‍ സാമ്രാജ്യം എന്നതായിരുന്നു അന്നത്തെ ലോകം. അതിനാല്‍ ലോകം മുഴുവന്‍ ക്രിസ്തീയ വിശ്വാസികളെ വെറുക്കുവാന്‍ ഈ നിഗൂഡ സിദ്ധാന്തം കാരണമായി. സത്യം അല്‍പ്പം പോലും ഇല്ലായിരുന്നു എങ്കിലും, എങ്കിലും, ഈ സിദ്ധാന്തത്തില്‍ ജനങ്ങളും ഭണകൂടവും വിശ്വസിച്ചു. അതിനാല്‍ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മയ്ക്കായി ക്രിസ്ത്യാനികളെ കൊല്ലേണം എന്ന് തന്നെ അവര്‍ കരുതി.
അന്ന് ലോകത്തില്‍, അതായത് അതിവിശാലമായ റോമന്‍
സാമ്രാജ്യത്തില്‍ പൊതുവേ പരക്കുകയും വിശ്വസിക്കപ്പെടുകയും ചെയ്തിരുന്ന, ക്രിസ്ത്യാനികളെക്കുറിച്ചുള്ള നിഗൂഡ സിദ്ധാന്തത്തിലെ ചില കാര്യങ്ങള്‍
ഇവയായിരുന്നു. ക്രിസ്ത്യാനികള്‍ അവരുടെ ആരാധനാ യോഗങ്ങള്‍ കൂടുന്നത് രാത്രിയിലും, അതിരാവിലെയും ആണ്. അവര്‍ പൊതു സ്ഥലങ്ങളില്‍ വച്ച് ഒരുമിച്ച് കൂടാതെ
രഹസ്യമായി ചില വീടുകളില്‍ കൂടിവരുന്നു. അതിനാല്‍ ഇവര്‍ വളരെ രഹസ്യമായ ആഭിചാര
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ആണ്. ഇവര്‍ പരസ്പരം കാണുമ്പോള്‍ ആശ്ലേഷിക്കുകയും
ചുംബനം ചെയ്യുകയും ചെയ്യുന്നു. ഇത് അവരുടെ കൂടിവരവുകളില്‍ അസന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍
നടക്കുന്നു എന്നതിന്റെ തെളിവാണ്. ഇവര്‍ കുട്ടികളെ കൊന്നു അവരുടെ മാസം
ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്നവര്‍ ആണ്. കുട്ടികളില്‍ പാപം ഇല്ലാ
എന്ന് ഇവര്‍ ചിന്തിക്കുന്നു. ഇവര്‍ റോമന്‍ സൈന്യത്തില്‍ ചേരുന്നില്ല, റോമന്‍ ഉല്‍സവങ്ങള്‍ ആചരിക്കുന്നില്ല, റോമന്‍
ദേവന്മാരെ ആദരിക്കുന്നില്ല. ഇവര്‍ എപ്പോഴും മറ്റൊരു രാജ്യത്തെക്കുറിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവര്‍ രാജ്യദ്രോഹികള്‍ ആണ്, റോമന്‍ സാമ്രാജ്യത്തിനെതിരെ
കലാപം ആസൂത്രണം ചെയ്യുന്നവര്‍ ആണ്. അതിനാല്‍ ഇത്തരം ഒരു കൂട്ടം ജനങ്ങള്‍ രാജ്യത്തിന്
അപകടം ആണ്. നദികളിലെ വെള്ളം പൊങ്ങുന്നതും, മഴപെയ്യുന്നതും, പെയ്യാതെ ഇരിക്കുന്നതും, ദേശത്തു ക്ഷാമം
ഉണ്ടാകുന്നതും, രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും എല്ലാം
ക്രിസ്ത്യാനികള്‍ കാരണമാണ്. അതിയനാല്‍ അവരെ പിടിച്ച് സിംഹങ്ങള്‍ക്ക് ഭക്ഷണമായി ഇട്ടുകൊടുക്കേണം.
ഇതായിരുന്നു അന്ന്
പ്രചരിച്ചിരുന്ന നിഗൂഢ സിദ്ധാന്തം. അന്നത്തെ റോമന്‍ ജനതയും, ഭരണകര്‍ത്താക്കളും ഇത് വിശ്വസിച്ചു.
മാത്രവുമല്ല, നീറോയെപ്പോലെയുള്ള ചക്രവര്‍ത്തിമാര്‍, അവരുടെ ദുഷ്ട ചെയ്തികളെ മറച്ചുവെക്കുവാനായി ഈ സിദ്ധാന്തങ്ങളെ
ഉപയോഗിക്കുകയും ചെയ്തു. റോമാ നഗരം തീവച്ചത് ക്രിസ്ത്യാനികള്‍ ആണ്; അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അഗ്നി വരുത്തിയാണ് നഗരത്തെ ചാമ്പലാക്കിയത്
എന്നെല്ലാം നീറോയ്ക്ക് ആരോപിക്കുവാന്‍ അടിത്തറ നല്കിയത് ഈ നിഗൂഢ സിദ്ധാന്തം ആണ്. അതിനാല്‍
തന്നെ ജനമെല്ലാം സമ്മതത്തോടെ ക്രിസ്ത്യാനികളെ കൊന്നൊടുക്കി. ഇത് നിഗൂഢ സിദ്ധാന്തങ്ങളുടെയും അവ എത്രമാത്രം
അപകടകരമാണ് എന്നതിന്റെയും ഒരു ഉദാഹരണം ആണ്.
ആദ്യനൂറ്റാണ്ടില്‍, ക്രിസ്തീയ വിശ്വാസികള്‍ക്ക് എതിരെ വലിയ എതിര്‍പ്പ് സമൂഹത്തില്‍ ഉണ്ടായിരുന്നതിനാലും, അവര്‍ക്ക് കൂടിവരുവാന്‍ മറ്റ് സ്ഥലങ്ങള്‍ ഇല്ലാതിരുന്നതിനാലും, ഏതെങ്കിലും വിശ്വാസിയുടെ വീട്ടില്‍ ആയിരുന്നു ആരാധനയ്ക്കായി കൂടിവന്നിരുന്നത്. അതിരാവിലെയും, രാത്രിയിലും ഒരുമിച്ച് വന്നു പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. പകല്‍ സമയം അവര്‍ ജോലിചെയ്യുവാന്‍ പോകും. ഇത്തരം സമയ ക്രമീകരണങ്ങള്‍ അന്ന് മദ്ധ്യപൂര്‍വ്വ ദേശത്തു ഉണ്ടായിരുന്നു. മറ്റുള്ളവരെ ഭയന്ന്, അവര്‍ കൂടി വന്നിരുന്ന വീടുകളുടെ വാതിലുകള്‍ പലപ്പോഴും അടച്ചിട്ടിരുന്നു. അതിനാല്‍, പുറത്തുള്ളവര്‍ അവ്യക്തമായ വാക്കുകളും വാചകങ്ങളും മാത്രമേ കേട്ടുള്ളൂ. അവര്‍ക്ക്, ക്രിസ്തീയ വിശ്വാസത്തിന്‍റെ മാര്‍മ്മികമായ ഉപദേശങ്ങള്‍ അറിയില്ലല്ലോ. അതിനാല്‍ വീടിനുള്ളില്‍ എന്തു നടക്കുന്നു എന്നു പുറത്തുള്ളവര്‍ക്ക് ഊഹിക്കുവാനും കഥകള്‍ മെനയുവാനും ധാരാളം അവസരങ്ങള്‍ ലഭിച്ചു. തിരുവത്താഴ ശുശ്രൂഷാവേളയില്‍ പറയുന്ന, “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം”, “എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം”, എന്നീ വാചകങ്ങള്‍ കേട്ട പുറത്തുള്ളവര്‍, ക്രിസ്ത്യാനികള്‍ മനുഷ്യ ശരീരത്തിലെ മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുകയാണ് എന്ന് തെറ്റിദ്ധരിച്ചു. (മത്തായി 26: 26, 27, 28) ആദ്യനൂറ്റാണ്ടിലെ സഭ ശിശുക്കളെ പാപമില്ലാത്ത നിഷ്കളങ്കര്‍ ആയി കണക്കാക്കിയിരുന്നു എന്നതിനാല്‍, പാപമില്ലാത്ത മാസവും രക്തവും ശിശുക്കളുടേതാണ് എന്ന് മറ്റുള്ളവര്‍ കരുതി. ക്രിസ്തീയ വിശ്വാസികള്‍ എണ്ണത്തില്‍ വളരെ കുറവും, പലവിധത്തിലുള്ള പീഡനങ്ങള്‍ സഹിക്കുന്നവരും ആയിരുന്നതിനാല്‍, അവര്‍ തമ്മില്‍ ആഴമുള്ള സ്നേഹബന്ധം ഉണ്ടായിരുന്നു. ഇത് മറ്റുള്ളവരെ അതിശയിപ്പിക്കുന്നത് ആയിരുന്നു. അവര്‍ കാണുമ്പോള്‍ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുക പതിവായിരുന്നു. മറ്റൊരു വിശ്വാസിയെ ജീവനോടു കാണുന്നത് തന്നെ ദൈവത്തെ സ്തുതിക്കുവാന്‍ മതിയായ കാരണം ആയിരുന്നു. ഈ സ്നേഹബന്ധവും തെറ്റിദ്ധരിക്കപ്പെട്ടു.
“നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക” എന്നും “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” (മത്തായി 5:39, മര്‍ക്കോസ് 12:31) എന്നുമുള്ള യേശുക്രിസ്തുവിന്‍റെ ഉപദേശപ്രകാരം, അന്നത്തെ ക്രിസ്ത്യാനികള്‍ യുദ്ധചെയ്യുവാനും റോമന്‍ സൈന്യത്തില്‍ ചേരുവാനും വിസമ്മതിച്ചു. ബഹുദൈവ വിശ്വാസികള്‍ അനേകര്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍, യേശുവിനെ ആരാധിക്കുന്നതിനോടൊപ്പം റോമന്‍ ദേവന്മാരെയും വണങ്ങുന്നതില്‍ തെറ്റില്ല എന്ന് അന്നത്തെ സമൂഹം വിശ്വസിച്ചു. എന്നാല്‍, ആദ്യനൂറ്റാണ്ടിലെ ക്രിസ്തീയ വിശ്വാസികള്‍, റോമന്‍, ഗ്രീക്ക് ദേവന്മാരെ ആരാധിച്ചിരുന്നില്ല. റോമന്‍ സാമ്രാജ്യം തന്നെ ദേവന്‍മാരുടേതാണ് എന്നും ശത്രുക്കളുടെ മേലുള്ള റോമിന്റെ ജയം ദേവന്മാരുടെ ജയം ആണ് എന്നും വിശ്വസിച്ചിരുന്ന ആ കാലത്ത് ക്രൈസ്തവരുടെ നിലപാടുകള്‍ രാജ്യദ്രോഹം ആയി മാറി.
ഇതെല്ലാം അവരെക്കുറിച്ച്, ഒരു നിഗൂഢ സിദ്ധാന്തം രൂപീകരിക്കുവാനും,
ക്രമേണ അതിനോടു മറ്റ് ചില കഥകള്‍ കൂട്ടിച്ചേര്‍ക്കുവാനും കാരണമായി. ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥ
നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഉണ്ടായി. റോമാ പട്ടണം തീവച്ചു നശിപ്പിച്ചത്
നീറോയുടെ കല്‍പ്പന പ്രകാരം ആയിരുന്നു എങ്കിലും,
ക്രിസ്ത്യാനികള്‍ എന്ന നിഗൂഢ മതക്കാരുടെ തലയില്‍ എല്ലാം കെട്ടിവെച്ചു. അവരെ
കൂട്ടത്തോടെ പിടിച്ചു, തെരുവികളില്‍,
പരസ്യമായി തീവെച്ചു കൊന്നു. ഇതെല്ലാം അന്നത്തെ റോമന്‍ സമൂഹം ആശ്വാസത്തോടെ കണ്ടു.
കാരണം നിഗൂഢ മതക്കാര്‍ രാജ്യത്തിനും സമൂഹത്തിനും ആപത്താണ് എന്ന് അവര്‍ കരുതി.
നിഗൂഢ സിദ്ധാന്തം – ഒരു നിര്‍വചനം
ഞാന്‍ ആദ്യം തന്നെ ക്രിസ്തീയ ചരിത്രത്തില്‍ നിന്നും, ഒരു സംഭവം പറഞ്ഞത്, നിഗൂഢ സിദ്ധാന്തങ്ങള്‍ പുതിയതല്ല എന്നും അത് എത്രമാത്രം വിശ്വസനീയമായി തോന്നാം എന്നും അതിന്റെ അപകടം എത്രമാത്രം ആണ് എന്നും മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. അന്നത്തെപ്പോലെ ഇന്നും നിഗൂഢ സിദ്ധാന്തങ്ങള്‍ അപകടകരമായി പരക്കുന്നു. സഭാപ്രസംഗി 1:9 ല്‍ നമ്മള്‍ വായിക്കുന്നു: “ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.”
നിഗൂഢ സിദ്ധാന്തത്തെക്കുറിച്ച്, വെബ്സ്റ്റേര്‍സ് നിഘണ്ടുവില്‍ (Webster’s dictionary) ഉള്ള നിര്‍വചനം ഇങ്ങനെ ആണ്: ഒരു സംഭവത്തെയോ, പ്രത്യേകമായ ഒരു സാഹചര്യത്തെയോ വിശദീകരിക്കുവാനായി, ശക്തരായ ഒരു കൂട്ടം ഗൂഡാലോചനക്കാരുടെ രഹസ്യമായ ഉപജാപത്തിന്‍റെ ഫലമായി രൂപപ്പെടുന്ന ഒരു സിദ്ധാന്തം ആണ് നിഗൂഢ സിദ്ധാന്തം എന്ന് അറിയപ്പെടുന്നത്. ഇത്തരം സിദ്ധാന്തങ്ങള്‍, ശാസ്ത്രീയമായി ഒരിക്കലും തെളിയിക്കപ്പെടാത്തവയാണ്. ഇത് ചുരുങ്ങിയ ഒരു കാലത്തേക്ക് മാത്രമോ, ദീര്‍ഘനാളുകളിലേക്കുമോ നിലനിന്നേക്കാം.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പകര്‍ച്ചവ്യാധി ആയ കോവിഡ് 19, 5G ഗണത്തില്‍ പെട്ട മൊബൈല്‍ ടവറില്‍ നിന്നുള്ള തരംഗങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്നൊരു വ്യാപക പ്രചാരണം പകര്‍ച്ചവ്യാധിയുടെ ആദ്യനാളുകളില്‍ ഉണ്ടായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും 5G മൊബൈല്‍ ടവറുകള്‍ ജനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കോവിഡ് 19 എന്ന രോഗം പരത്തുന്ന കൊറോണ വൈറസ് മൈക്രോസോഫ്റ്റിന്റെ അദ്ധ്യക്ഷന്‍ ആയ ബില്‍ ഗേറ്റ്സ് സൃഷ്ടിച്ചതാണ് എന്നും അദ്ദേഹം അതിനു പരിഹാരമായി ഒരു പ്രത്യേക ചിപ്പ് മനുഷ്യരില്‍ വെക്കുകയും, അതിലൂടെ സകല മനുഷ്യരെയും നിയന്ത്രിക്കുവാന്‍ പോകുന്നു എന്നും ഉള്ള പ്രചരണവും ഒരു നിഗൂഢ സിദ്ധാന്തം ആണ്. ഇത് അല്‍പ്പ നാളുകള്‍ മാത്രമേ നിലനിന്നുള്ളൂ. എന്നാല്‍, ചില നിഗൂഢ സിദ്ധാന്തങ്ങള്‍ നൂറ്റാണ്ടുകളോളം പ്രചരിച്ചുകൊണ്ടിരിക്കും. ഇതിനെക്കുറിച്ച് നമുക്ക് തുടര്‍ന്നു ചിന്തിക്കാം.
നമ്മളുടെ രാജ്യത്ത് തന്നെ, അടുത്ത കാലത്തായി ഉണ്ടായ ഒരു നിഗൂഢ സിദ്ധാന്തം ഉണ്ട്. ന്യൂനപക്ഷ സമൂഹം, പ്രത്യേകിച്ച്, ക്രൈസ്തവര്‍, ഭൂരിപക്ഷ മതമായ ഹിന്ദുമതത്തെ ഇല്ലാതാക്കും എന്നൊരു പ്രചരണം വ്യാപകമാണ്. ഈ പ്രചാരണത്തെ ഉപയോഗിച്ച് രാക്ഷ്ട്രീയ, വര്‍ഗീയ മുതലെടുപ്പും നടക്കുന്നു. എന്നാല്‍ സത്യത്തില്‍ ഹിന്ദുമതത്തിന്റെ ശത്രു അതിനുള്ളില്‍ തന്നെയുള്ള ജാതി വ്യവസ്ഥിതി ആണ്. മാത്രവുമല്ല, 1951 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം നമ്മളുടെ രാജ്യത്ത് 2.3% ക്രിസ്തീയ വിശ്വാസികള്‍ ഉണ്ടായിരുന്നു. 2001 ലെ കണക്കെടുപ്പില്‍ അത് 2.34% എന്ന് രേഖപ്പെടുത്തി. എന്നാല്‍ 2011 ല്‍ അത് വീണ്ടും 2.3% തന്നെ ആയി. അതായത് ക്രിസ്ത്യാനികള്‍ ഇന്‍ഡ്യയില്‍ എണ്ണത്തില്‍ കൂടുന്നു എന്ന സിദ്ധാന്തം തെറ്റാണ്. ജനസംഖ്യാശാസ്ത്ര പ്രകാരം ഉള്ള പഠനങ്ങള്‍ അനുസരിച്ചു, ഹിന്ദുമതം ഒരിക്കലും പൂര്‍ണ്ണമായും നശിക്കുകയില്ല, എന്നാല്‍, ഭാവിയില്‍, ലോകത്ത്, ക്രിസ്തീയ മതത്തിന് വളര്‍ച്ച കുറയുവാന്‍ സാധ്യത ഉണ്ട്. ജനസംഖ്യാശാസ്ത്ര പ്രകാരം ഉള്ള സത്യം ഇങ്ങനെയൊക്കെ ആണ് എങ്കിലും ഹിന്ദുമതം അപകടത്തില്‍ ആണ് എന്നൊരു നിഗൂഢ സിദ്ധാന്തം ഇന്‍ഡ്യയില്‍ സമീപകാലത്ത് വ്യാപരിക്കുകയും അത് ചിലര്‍ മുതലെടുക്കുകയും ചെയ്യുന്നു. ഇതിനെ പേരില്‍, ക്രിസ്ത്യാനികള്‍ പല സ്ഥലങ്ങളിലും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
നിഗൂഢ സിദ്ധാന്തക്കാരുടെ അഭിപ്രായത്തില്‍, ലോകത്തിലെ എല്ലാ സംഭവങ്ങളും നിയന്ത്രിക്കുന്നത്, സാധാരണക്കാര്‍ക്ക് മറഞ്ഞിരിക്കുന്ന ഒരു നിഗൂഢ ഉപജാപ സംഘം ആണ്. അവരുടെ കയ്യിലെ കളിപ്പാവകള്‍ ആണ് ഭരണകര്‍ത്താക്കള്‍ പോലും. ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും, പുരോഗതിക്കും, മാറ്റങ്ങള്‍ക്കും കാരണം ഈ നിഗൂഢ സംഘം ആണ് എന്നും അവര്‍ വിശ്വസിക്കുന്നു. ഇതിനെതിരെ യാതൊന്നും ചെയ്യുവാന്‍ കഴിയില്ല എങ്കിലും, അത് കണ്ടെത്തുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണു സിദ്ധാന്തക്കാരുടെ സംതൃപ്തി. അതായത്, ലോകത്തിലെ എല്ലാ സംഭവങ്ങള്‍ക്കും ഉത്തരാവാദിയായ ഒരു ബലിയാടിനെ അവര്‍ കണ്ടെത്തിയിരിക്കുന്നു. ഞാന്‍ മുമ്പ് പറഞ്ഞ, ആദ്യ നൂറ്റാണ്ടിലെ ക്രൈസ്തവരുടെ അനുഭവം ഇവിടെ ഓര്‍ക്കുക. റോമന്‍ ഭരണകൂടത്തിന്, എല്ലാ പ്രശ്നങ്ങങ്ങള്‍ക്കും ഉത്തരാവാദികള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു. പ്രശന പരിഹാരം ക്രിസ്ത്യാനികളെ കൊല്ലുക എന്നതായിരുന്നു. അങ്ങനെ അവരും, ഇന്നത്തെ നിഗൂഢ സിദ്ധാന്തക്കാരും, പ്രശനവും പരിഹാരവും എളുപ്പത്തില്‍ കണ്ടെത്തി.
നിഗൂഢ സിദ്ധാന്തങ്ങളെ വായിക്കുവാനും, കേള്‍ക്കുവാനും രസകരമായ കഥകള്‍ മാത്രമായി കണ്ടാല്‍, അത് അപകടകരം അല്ല. എന്നാല്‍, നിഗൂഢ സിദ്ധാന്തങ്ങള്‍ അങ്ങനെ അല്ല. അവ മനുഷ്യരുടെ മനസ്സിന്‍റെ അടിത്തട്ടിലേക്ക് പ്രവേശിക്കുകയും, അത് അവിടെ സത്യമായി രൂപമെടുക്കുകയും, അവരുടെ ജീവിത കാഴ്ചപ്പാടിനെ സ്വാധീനിക്കുകയും ചെയ്യും. ഇതാണ് നിഗൂഢ സിദ്ധാന്തത്തിന്‍റെ അപകടം.
നിഗൂഢ സിദ്ധാന്തം വേദപുസ്തക ചരിത്രത്തില്‍
വേദപുസ്തകത്തിലെ ആദ്യ മനുഷ്യരുടെ ചരിത്രത്തില്‍ തന്നെ നമുക്ക് നിഗൂഢ സിദ്ധാന്തത്തിന്‍റെ പ്രവേശനവും അതിന്റെ അപകടവും കാണാം. ഉല്‍പ്പത്തി പുസ്തകം 3 ആം അദ്ധ്യായത്തില്‍, പിശാച് ഹവ്വയുടെ അടുക്കല്‍ വന്നു ഒരു നിഗൂഢ സിദ്ധാന്തം അവതരിപ്പിക്കുന്നത് കാണാം. മനുഷ്യര്‍ക്ക് ദൈവത്തെപ്പോലെ ആകുവാന്‍ കഴിയും. അതിനുള്ള വഴിയാണ് നന്മ തിന്‍മകളെക്കുറിച്ചുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നുക എന്നത്. ഇത് ദൈവം അറിയുന്നു. എന്നാല്‍ ദൈവം മറ്റൊരു കഥയാണ് നിങ്ങളോട് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ദൈവത്തെപ്പോലെ ആകുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ഈ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ നിങ്ങള്‍ മരിക്കയില്ല, മറിച്ച്, നിങ്ങള്‍ ദൈവത്തെപ്പോലെ ആകും. അങ്ങനെ നിങ്ങള്‍ക്ക് എന്നേക്കും ജീവിക്കുവാന്‍ കഴിയും. ഇതാണ് പിശാച് അവതരിപ്പിച്ച നിഗൂഢ സിദ്ധാന്തം.
സത്യത്തില്‍, ആദാമും ഹവ്വയും, മനുഷ്യര്‍ക്ക് ഉയരാവുന്ന ഏറ്റവും ഉയരത്തില്‍ ദൈവത്തെപ്പോലെ ആയിരുന്നു. ദൈവം അവരെ അവന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ആണ് സൃഷ്ടിച്ചത്. ഇതിലും കൂടുതല്‍ അവന് ഉയരുവാന്‍ കഴിയില്ല. ദൈവം അവരില്‍ നിന്നും ഒരു അനുഗ്രഹവും മറച്ചുവെച്ചിട്ടുമില്ല. നന്മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത് എന്നു കല്‍പ്പിച്ചത് തന്നെ അനുഗ്രഹമാണ്. എന്നാല്‍ പിശാചിന്‍റെ നിഗൂഢ സിദ്ധാന്തമാണ് ആദ്യ മനുഷ്യര്‍ക്ക് ഏറെ ആകര്‍ഷണീയമായി തോന്നിയത്. ദൈവം മനുഷ്യര്‍ക്ക് എതിരെ ഒരു രഹസ്യ പദ്ധതിയില്‍ ആയിരിക്കുന്നു. അതിനെക്കുറിച്ച് തനിക്ക് അറിയാം എന്നാണ് പിശാച് ഭാവിച്ചത്. അവന്‍ അത് വെളിപ്പെടുത്തുന്നു എന്ന മട്ടില്‍ ആണ് സംസാരിച്ചത്. ദൈവത്തിന്റെ രഹസ്യ പദ്ധതിയെ പൊളിക്കുവാനുള്ള മാര്‍ഗ്ഗം അവര്‍ കാണിച്ചുകൊടുത്തു, ദൈവത്താല്‍ വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുക. പിശാചിന്റെ സിദ്ധാന്തം ആദാമും ഹവ്വയും വിശ്വസിച്ചു. അതിന്റെ ഫലം നമുക്ക് അറിയാമല്ലോ.
വീണ്ടും നമുക്ക് ഇതുപോലെയുള്ള നിഗൂഢ സിദ്ധാന്തങ്ങള്‍ ദൈവത്തിന്റെ പരമാധികാരത്തിനെതിരെ ഉയരുന്നത് വേദപുസ്തകത്തില്‍ കാണാം. നോഹയുടെ കാലത്തെ പ്രളയത്തിന് ശേഷം, ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, മനുഷ്യരുടെ ജീവിതം വീണ്ടും ദൈവത്തില്‍ നിന്നും അകന്നു. ഈ കാലത്താണ് നിമ്രോദ് ബാബിലോണ്‍ രാജ്യം സ്ഥാപിക്കുന്നത്. നിമ്രോദ്, നോഹയുടെ പുത്രനായ, ഹാമിന്റെ പുത്രനായ കൂശ്ന്‍റെ പുത്രന്‍ ആയിരുന്നു. അതായത് നിമ്രോദ്, നോഹയുടെ കൊച്ചുമകന്‍റെ മകന്‍ ആയിരുന്നു. പ്രളയത്തിന് ശേഷം ഉടലെടുത്ത ആദ്യത്തെ രാജ്യവും സംസ്കാരികതയും നിമ്രോദിന്റെ പിതാവായ കൂശ് സ്ഥാപിച്ചതാണ്. പ്രളയത്തിനുശേഷം, ദൈവത്തില്‍ നിന്നും, രാജത്വം കൂശിന്റെമേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നു, അദ്ദേഹം സ്ഥാപിച്ച പട്ടണത്തിലെ ജനങ്ങള്‍ വിശ്വസിച്ചു. കൂശില്‍ നിന്നും രാജ്യത്വം നിമ്രോദിന് ലഭിച്ചു. നിമ്രോദ് എന്ന പേരിന്റെ അര്‍ത്ഥം “മല്‍സരി” (rebel) എന്നാണ്. ഇദ്ദേഹത്തിന്‍റെ ചരിത്രം ഉല്‍പ്പത്തി 10 ആം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
നിമ്രോദ് ദൈവത്തോട് മല്‍സരിക്കുന്നവന്‍ ആയിരുന്നു. അതിനാല്‍ ദൈവത്തെ വെല്ലുവിളിക്കുവാനായി അവന്‍ ഒരു നിഗൂഢ സിദ്ധാന്തം രൂപീകരിച്ചു. നോഹയുടെ കാലത്തുണ്ടായ പ്രളയവും നാശവും അന്നത്തെ മനുഷ്യരുടെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു. നിമ്രോദിന്‍റെ സിദ്ധാന്തം അവിടെ തുടങ്ങി. ഇനിയും ഈ ഭൂമിയില്‍ മറ്റൊരു പ്രളയം ഉണ്ടാകാം. അങ്ങനെ സംഭവിച്ചാല്‍ ബാബിലോണും അവിടെ ഉള്ള ജനങ്ങളും നശിച്ചുപോകും. മറ്റൊരു നോഹ ഇനിയും ഉണ്ടാകില്ല. ഈ സിദ്ധാന്തം കേട്ട ജനങ്ങളുടെ മനസ്സില്‍ ഭയമായി. അവരുടെ ഭയം നമുക്ക് ഈ വാക്കുകളില്‍ വായിക്കാം: “വരുവിൻ, നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു.” (ഉല്‍പ്പത്തി 11:4). അവര്‍ ഭയപ്പെട്ടത് ഇതൊക്കെ ആണ്, നമ്മള്‍ ഭൂതലത്തില്‍ ഒക്കെയും ചിതറി പോകും; നമ്മളുടെ പേര് നഷ്ടപ്പെടും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നമ്മള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നും, ഇവിടെ ഒരു സംസ്കാരികത ഉണ്ടായിരുന്നു എന്നും ഭാവിയില്‍ ആരും അറിയാതെ പോകും. കാരണം വീണ്ടും ഒരു പ്രളയം ഉണ്ടായേക്കാം. അതിനുള്ള പരിഹാരവും അവര്‍ കണ്ടെത്തി. “ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക.” അങ്ങനെ ബാബേല്‍ ഗോപുരം എന്ന ആശയം ഉടലെടുത്തു.
സത്യത്തില്‍ ദൈവം നോഹയോടു വാഗ്ദത്തം ചെയ്തത് മറ്റൊന്നാണ്. അത് നമ്മള്‍ ഉല്‍പ്പത്തി 9 ല്‍ വായിക്കുന്നു. ദൈവം നോഹയോടും അവന്റെ സന്തതി പരമ്പരയോടും, ഭൂമിയിൽ ഉള്ള സകല ജീവജാലങ്ങളോടും ഒരു വാഗ്ദത്തം ചെയ്തു. (ഉല്‍പ്പത്തി 9: 8-10). ഭൂമിയെ നശിപ്പിപ്പാൻ ഇനി ഒരിയ്ക്കലും, നോഹയുടെ കാലത്തെപ്പോലെ ജലപ്രളയം ഉണ്ടാകയില്ല, സകല ജീവജാലങ്ങളും ജലപ്രളയത്താൽ ഇനി നശിക്കയില്ല. (9:11). ഈ ഉടമ്പടിയുടെ അടയാളമായി, ദൈവം അവന്റെ വില്ല് മേഘത്തില്‍ വെച്ചു. അത് അന്നുമുതല്‍ മഴവില്ലായി ആകാശത്ത് കാണുന്നു. ഇതായിരുന്നു ദൈവത്തിന്റെ ഉടമ്പടി. നിമ്രോദും ജനവും മഴവില്ല് മേഘത്തില്‍ കാണാറുണ്ട് എങ്കിലും അവര്‍ സംശയാലുക്കള്‍ ആയി, ഒരു പുതിയ നിഗൂഢ സിദ്ധാന്തം സൃഷ്ടിച്ചു. ദൈവം മറ്റൊരു പ്രളയം കൂടി അയക്കുവാന്‍ പോകുന്നു. രക്ഷപ്പെടുവാന്‍, വളരെ ഉയരം കൂടിയ ഒരു ഗോപുരം പണിയേണം. പ്രളയം ഉണ്ടാകുമ്പോള്‍ അതില്‍ കയറി രക്ഷപ്പെടാം. ജനം അതില്‍ വിശ്വസിച്ചു; അവര്‍ അതിനായി നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. ശേഷമുള്ള കാര്യങ്ങള്‍ ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ വിശദീകരിക്കുന്നില്ല. നിഗൂഢ സിദ്ധാന്തത്തിന് വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും നല്ല ഉദാഹരണം ആണിത്.
എന്നാല്‍ ഇത്തരം യാതൊരു സിദ്ധാന്തങ്ങള്‍ക്കും ഇടം നല്‍കാതെ ആണ് യേശു ക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നത്. യഹൂദന്മാര്‍ ആയിരുന്ന ശിഷ്യന്മാര്‍ അവനെക്കുറിച്ച് യാതൊരു സിദ്ധാന്തവും രൂപീകരിക്കുവാന്‍ പാടില്ല എന്നതിനാല്‍, അവന്‍ തന്‍റെ മരണത്തെക്കുറിച്ചും ഉയിര്‍പ്പിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. യേശു യഹൂദന്‍ പ്രത്യാശിക്കുന്ന മശിഹാ ആയിരുന്നു, എന്നാല്‍ അവന്റെ രാജ്യം ഐഹീകം ആയിരുന്നില്ല. അവന്റെ ഒന്നാമത്തെ വരവ് ഒരു ഭൌതീക രാജ്യം സ്ഥാപിക്കുവാന്‍ ആയിരുന്നില്ല. ഇത് യേശു ഉപമകളില്‍ കൂടെയും അല്ലാതെയും ആവര്‍ത്തിച്ച് പറഞ്ഞു:
യേശുവിന്റെ ഉയിര്‍പ്പിന് ശേഷം യഹൂദ മഹാപുരോഹിതന്മാര്‍ ഒരു നിഗൂഢ സിദ്ധാന്തം പ്രചരിപ്പിച്ചു എന്ന് സുവിശേഷങ്ങളില്‍ പറയുന്നു. മത്തായി 28: 12-15 വരെയുള്ള വാക്യങ്ങളില്‍, ഈ സിദ്ധാന്തത്തിന്റെ വിവരങ്ങള്‍ നമുക്ക് വായിക്കാം. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന വാര്‍ത്ത, അവന്റെ കല്ലറയ്ക്ക് കാവല്‍ നിന്ന പടയാളികള്‍ മഹാപുരോഹിതന്മാരെ അറിയിച്ചു. പുരോഹിതന്മാര്‍ അപ്പോള്‍, “ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; യേശുവിന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു പടയാളികള്‍ ഉറങ്ങുമ്പോൾ യേശുവിന്റെ ശരീരം മോഷ്ടിച്ചുകൊണ്ടു പോയി എന്നു പ്രചരിപ്പിക്കുവാന്‍ പടയാളികളോട് പറഞ്ഞു. പടയാളികള്‍ പുരോഹിതന്മാരില്‍ നിന്നും പണം വാങ്ങി അവരുടെ നിര്‍ദ്ദേശപ്രകാരം ചെയ്തു. ഈ കഥ യെഹൂദന്മാരുടെ ഇടയിൽ പരക്കെ പ്രചരിച്ചു. എന്നു മാത്രമല്ല, ഇതില്‍ നിന്നും പിന്നീട് പല ഉപകഥകളും ഉണ്ടായി. യേശു ക്രൂശില്‍ വച്ച് മരിച്ചില്ല, അവന് ബോധം നഷ്ടപ്പെട്ടതേ ഉള്ളൂ. അവനെ ശിഷ്യന്മാര്‍ ഒരു കല്ലറയില്‍ വച്ചു എങ്കിലും രാത്രിയില്‍ എടുത്തുകൊണ്ടു പോയി ഒരു രഹസ്യ സ്ഥലത്തു വച്ച് ചികില്‍സിച്ചു. യേശു ക്രമേണ സൌഖ്യം പ്രാപിച്ചു. യേശു പിന്നീട് മരിച്ചപ്പോള്‍ അവനെ അടക്കിയത് കാശ്മീരില്‍ ആണ് എന്നു വരെ കഥകള്‍ നീളുന്നു. നിഗൂഢ സിദ്ധാന്താന്തങ്ങളുടെ ചരിത്രം ഇതാണ്. ഒരിക്കല്‍ രൂപം കൊണ്ടാല്‍ അത് മരിക്കുന്നില്ല. കൂടുതല്‍ കഥകളെ കൂട്ടിച്ചേര്‍ത്ത് അത് വിപുലം ആയികൊണ്ടിരിക്കും.
യേശുക്രിസ്തുവിനെക്കുറിച്ച് ഇതുപോലെ ഉള്ള നിഗൂഢ സിദ്ധാന്തങ്ങള്‍ മറ്റ് പലതും ഉണ്ട്. യേശുക്രിസ്തു. 12 വയസ്സിനും 30 വയസ്സിനും ഇടയില്‍ കാശ്മീരില്‍ വന്നിരുന്നു എന്നും, സന്യസിച്ചിരുന്നു എന്നും, ഹിന്ദു വേദങ്ങള്‍ പഠിച്ചു എന്നും, യോഗ അറിയാമായിരുന്നു എന്നും ഒക്കെ ഉള്ള സിദ്ധാന്തങ്ങള്‍ എല്ലാം വ്യാജമാണ്.
ഹിറ്റ്ലറുടെ നിഗൂഢ സിദ്ധാന്തങ്ങള്‍
ഇനി നമുക്ക് മാനവ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവത്തെയും അതിന്റെ പിന്നില്‍ ഉണ്ടായിരുന്ന നിഗൂഢ സിദ്ധാന്തത്തെയും കുറിച്ച് ചിന്തിക്കാം. ലോക ചരിത്രത്തില്‍, യഹൂദന്മാര്‍, ഹിറ്റ്ലര്‍ എന്ന ജര്‍മ്മന്‍ ഏകാധിപതിയില്‍ നിന്നും അനുഭവിച്ച പീഡനം, ലോകത്തില്‍ മറ്റൊരു ജനതയും, വംശീയമായി, അനുഭവിച്ചിട്ടുണ്ടാകില്ല. ഹിറ്റ്ലര്‍ യഹൂദന്മാരെ പീഡിപ്പിച്ചത്, രഹസ്യമായിട്ടല്ല. ജര്‍മ്മനിയിലെ എല്ലാവര്‍ക്കും അത് അറിയാമായിരുന്നു. അവര്‍ക്ക് അത് സമ്മതവും ആയിരുന്നു. അന്ന് ജര്‍മ്മനിയില്‍ വളരെയധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു എന്നു ഓര്‍ക്കേണം. അവര്‍ ആരും ഹിറ്റ്ലറുടെ യഹൂദ വിരോധത്തെയും പീഡനത്തെയും എതിര്‍ത്തില്ല. എന്തായിരുന്നു അതിന്റെ കാരണം? ഹിറ്റ്ലര്‍ കുറെ വര്‍ഷങ്ങള്‍ ആയി രൂപപ്പെടുത്തി, പ്രചരിപ്പിച്ച ഒരു നിഗൂഢ സിദ്ധാന്താന്തത്തിന്റെ അടിസ്ഥാനത്തിലാണ് യഹൂദന്മാര്‍ പീഡിപ്പിക്കപ്പെട്ടത്. ഹിറ്റ്ലറുടെ സിദ്ധാന്തം ജര്‍മ്മനിയിലെ ക്രൈസ്തവര്‍ പോലും വിശ്വസിച്ചു. അതിനാല്‍ അവരും യഹൂദന്മാരുടെ നാശം ആഗ്രഹിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള കാലത്ത്, യഹൂദന്മാരെക്കുറിച്ച് ഒരു നിഗൂഢ സിദ്ധാന്തം ചുറ്റുമുള്ള നാടുകളില്‍ പ്രചരിച്ചിരുന്നു: യഹൂദന്മാര്‍ അവരുടെ പെസഹ പെരുന്നാളിന് കൊല്ലുന്ന കുഞ്ഞാടിന്റെ രക്തത്തോടൊപ്പം, യഹൂദന്മാര്‍ അല്ലാത്തവരുടെ കുട്ടികളുടെ രക്തവും കൂടി കലര്‍ത്താറുണ്ട്. അത് അവര്‍ കുടിക്കുകയും ചെയ്യും. അതിനാല്‍ ഇവര്‍ ശിശുക്കളെ കൊല്ലുന്നവര്‍ ആണ് എന്നും രക്തം കുടിക്കുന്നവര്‍ ആണ് എന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ലോകത്തിന്റെ സാമ്പത്തിക രംഗം മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഒരു യഹൂദ നിഗൂഢ സംഘം ആണ് എന്നും അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചു. ഈ സംഘം ജര്‍മ്മനിയ്ക്കും റഷ്യയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നു എന്നു ഹിറ്റ്ലര്‍ പ്രചരിപ്പിച്ചു.
മൈന്‍ കാംഫ്
അഡോള്‍ഫ് ഹിറ്റ്ലറുടെ സിദ്ധാന്തം പ്രചരിപ്പിക്കുവാനായി അദ്ദേഹം എഴുതിയ ആത്മകഥാപരമായ പുസ്തകം ആണ് മൈന്‍ കാംഫ് (Mein Kampf - mahyn –kahmpf). പുസ്തകത്തിന്‍റെ പേരിന്റെ അര്‍ത്ഥം, “എന്റെ പോരാട്ടം” എന്നതാണ്. ഈ പുസ്തകം നാസികളുടെ ദേശീയ സോഷ്യലിസം എന്ന ആശയത്തിന്‍റെ അടിത്തറ ആയിരുന്നു. ഇത് രണ്ടു വാല്യങ്ങളില്‍ ആയി 1925 ലും 1927 ലും പ്രസിദ്ധീകരിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്ക് ഉണ്ടായ പരാജയം ആണ് എഴുത്തിന്‍റെ പശ്ചാത്തലം. 1923 നവമ്പര്‍ 8, 9 തീയതികളില്‍ ഹിറ്റ്ലര്‍ നേതൃത്വം നല്കിയ ബീര്‍ ഹാള്‍ പൂറ്റ്ച്ച് (Beer Hall Putsch) എന്ന ആഭ്യന്തര കലാപത്തിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹം ഈ പുസ്തകത്തിന്റെ ഒന്നാമത്തെ വാല്യം എഴുതുന്നത്. ഇതില്‍ അദ്ദേഹം, ആര്യന്‍ വംശജരുടെ മേധാവിത്വവും വംശീയ സിദ്ധാന്തങ്ങളും അവതരിപ്പിച്ചു. യഹൂദന്മാരെ പരാശ്രയ ജീവികള്‍ (parasite) എന്നാണ് അദ്ദേഹം ഈ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. ആര്യന്മാരുടെ, പ്രത്യേകിച്ചു, ജര്‍മ്മന്‍കാരുടെ വംശത്തെ സംരക്ഷിക്കുക എന്നതാണു ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവര്‍ ലോകത്തിന്റെ ഉന്നതിയിലേക്ക് എത്തി, ലോകത്തെ നിയന്ത്രിക്കേണം. ബാക്കിഉള്ള മനുഷ്യവംശം എല്ലാം അധമന്‍മാരാണ്. അതിനാല്‍ യഹൂദന്മാരെ മൊത്തം ലോകത്തുനിന്ന് ഉന്മൂലനം ചെയ്യേണം. അത് രക്തചൊരിച്ചിലിലൂടെ മാത്രമേ സാധിക്കൂ. ഇതൊക്കെ ആയിരുന്നു ഒന്നാമത്തെ വാല്യത്തിലെ ആശയങ്ങള്‍.
1924 ഡിസംമ്പറില്‍ ഹിറ്റ്ലര്‍ ജയില്‍ മോചിതന്‍ ആയി. അതിനുശേഷമാണ്, മൈന്‍ കാംഫിന്റെ രണ്ടാമത്തെ വാല്യം എഴുതിയത്. ഇതില്‍ അദ്ദേഹത്തിന്റെ രാക്ഷ്ട്രീയ പദ്ധതി വിവരിക്കുന്നു. ഈ വാല്യത്തിലും, യഹൂദന്മാര്‍ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാനായി രഹസ്യ പദ്ധതിയിടുന്നു എന്നു അദ്ദേഹം ആരോപിച്ചു. അതിനാല്‍ യഹൂദന്മാരുടെ വംശീയ നിര്‍മ്മാജനം ആവശ്യമാണ്. യഹൂദന്മാരെ ഒരു പ്രത്യേകമായ മതവിഭാഗമായി നാസികള്‍ കണ്ടില്ല. മറ്റൊരു മതവിഭാഗത്തില്‍പ്പെട്ടവരെ, മതം മാറ്റിയെടുക്കാം. എന്നാല്‍, മറ്റൊരു അധമ വംശത്തിപ്പെട്ടവരെ മൊത്തമായി നശിപ്പിച്ചേ പറ്റൂ. ഇങ്ങനെയാണ് യഹൂദന്‍മാര്‍ക്ക് എതിരെയുള്ള ഒരു നിഗൂഢ സിദ്ധാന്തം ഹിറ്റ്ലര്‍ ജര്‍മനിയില്‍ പ്രചരിപ്പിച്ചത്. ജര്‍മ്മനിയില്‍ അനുഭവിച്ചതുപോലെയുള്ള പീഡനങ്ങള്‍, ജര്‍മ്മനി പിടിച്ചെടുക്കുയയോ സഖ്യം കൂടുകയോ ചെയ്ത മറ്റെല്ലാ രാജ്യങ്ങളിലും, യഹൂദന്‍മാര്‍ക്ക് അനുഭവിക്കേണ്ടി വന്നു.
സത്യത്തില്‍, യഹൂദന്മാര്‍ ലോകത്തിന് സംഭാവന ചെയ്ത, മനുഷ്യത്വം, സാഹോദര്യം, സാമൂഹിക നീതി, ദുര്‍ബ്ബലരെ സഹായിക്കുക, എന്നീ ആശയങ്ങളെ ആണ് ഹിറ്റ്ലര്‍ എതിര്‍ത്തത്. ഇത്തരം ചിന്തകള്‍ ഹിറ്റ്ലറുടെ ദേശീയ സോഷ്യലിസം എന്ന ആശയത്തിന് എതിരായിരുന്നു. യഹൂദന്മാരുടെ ഇത്തരം മൃദുല ചിന്തകള്‍, ആര്യന്മാരുടെ അധികാരം സ്ഥാപിക്കുന്നതിന് എതിരാണ് എന്നു ഹിറ്റ്ലര്‍ കരുതി.
1933 ജനുവരി 30 ആം തീയതി ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ അധികാരത്തില്‍ വന്നു. യഹൂദന്‍മാര്‍ക്ക് എതിരെയുള്ള പീഡനം അതേ വര്‍ഷം ഏപ്രില്‍ 1 ആം തീയതി ആരംഭിച്ചു. ഒരു ആഴ്ച കഴിഞ്ഞപ്പോള്‍, യഹൂദന്മാരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പിരിച്ചുവിട്ടു. അതേ മാസവസാനത്ത്, യഹൂദന്മാരുടെ കുട്ടികള്‍ക്ക് സ്കൂളില്‍ പഠനം നിഷേധിച്ചു. മെയ് മാസം 10 തീയതി, നാസി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും യൂണിവേഴ്സിറ്റി ലൈബ്രറിയും, രാജ്യത്തു ഉടനീളമുള്ള 30 പട്ടണങ്ങളിലെ, പുസ്തക വ്യാപാര ശാലകളും ആക്രമിച്ചു. അവിടെ ഉള്ള ആര്യന്‍മാരാല്‍ എഴുതപ്പെടാത്ത പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ തീവച്ച് നശിപ്പിച്ചു. അവര്‍ ജര്‍മ്മന്‍-ആര്യന്‍ സംസ്കാരത്തെ സംരക്ഷിക്കുക ആയിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കുവേണ്ടി പോരാടിയ യഹൂദ പടയാളികളെപ്പോലും നാസികള്‍ ജര്‍മ്മന്‍കാര്‍ ആയി കണ്ടില്ല. 1930 കള്‍ ആയപ്പോഴേക്കും, ജര്‍മ്മനിയിലെ പീഡനം സഹിക്കാതെ വന്നപ്പോള്‍, യഹൂദന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുവാന്‍ ശ്രമിച്ചു. ചില രാജ്യങ്ങള്‍ അവരെ സ്വീകരിച്ചു. ചിലര്‍ നിരാകരിച്ചു. 1938 നവംമ്പര്‍ 9 ആം തീയതി, രാജ്യമാകെ, യഹൂദന്‍മാര്‍ക്ക് എതിരെ കലാപം ഉണ്ടായി. പതിനായിരത്തിലധികം യഹൂദ പള്ളികള്‍ തകര്‍ക്കപ്പെട്ടു. കലാപത്തെ നോക്കി നിന്നതല്ലാതെ, പോലീസ് അതിനെ എതിര്‍ത്തില്ല. അഗ്നിശമന സേന യഹൂദ പള്ളികളിലെ തീ അണച്ചില്ല; തീ ആര്യന്മാരുടെ കെട്ടിടങ്ങളിലേക്ക് പകരാതെ സൂക്ഷിച്ചു. അന്ന് മാത്രം, 16 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള മുപ്പത്തിനായിരത്തിലധികം യഹൂദന്മാരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയച്ചു. തടങ്കല്‍ പാളയങ്ങള്‍, അവരെ കൊല്ലുന്നതിന് മുമ്പുള്ള താല്‍കാലിക താവളങ്ങള്‍ മാത്രം ആയിരുന്നു. ഇതോടെ ജര്‍മ്മനിയില്‍ ഇനി ഒരു ജീവിതം ഉണ്ടാകും എന്ന ചിന്ത യഹൂദന്മാര്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇത് പീഡനങ്ങളുടെ തുടക്കം മാത്രം ആയിരുന്നു.
ഹിറ്റ്ലറുടെ നിഗൂഢ സിദ്ധാന്തം യഹൂദന്മാരുടെ പീഡനത്തില്‍ മാത്രം ഒതുങ്ങിയില്ല 1939 മുതല്‍ ഹിറ്റ്ലറുടെ കൊലപാതക സിദ്ധാന്തം ജര്‍മ്മന്‍കാര്‍ക്ക് എതിരായും തിരിഞ്ഞു. വികലാംഗരും, മാനസിക വൈകല്യം ഉള്ളവരും ജീവിക്കുവാന്‍ യോഗ്യത ഇല്ലാത്തവര്‍ ആയി. ഇവര്‍ ആര്യന്മാരുടെ അപ്രാമാദിത്യത്തെ തകര്‍ക്കും എന്നു ഹിറ്റ്ലര്‍ പ്രചരിപ്പിച്ചു. അവരെ കൂട്ടത്തോടെ പരസ്യമായും രഹസ്യമായും കൊന്നൊടുക്കി.
അന്ന് ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന, സോഷ്യലിസ്റ്റ് ജനാധിപത്യ പാര്‍ട്ടികളിലെ അംഗങ്ങളെയും പീഡന താവളങ്ങളില്‍ ആക്കി. യഹോവ സാക്ഷികള്‍ എന്ന മത വിഭാഗത്തെയും തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചു. ജര്‍മ്മന്‍-ആഫ്രിക്കന്‍ വശജരെയും തടങ്കലില്‍ ആക്കി നിര്‍ബന്ധമായും വന്ധ്യകരണം ചെയ്തു. ജിപ്സികള്‍ എന്നു അറിയപ്പെടുന്ന നാടോടികളെ വിഷവാതകം നിറച്ച മുറികളില്‍ നിറച്ച് കൊന്നു. ഇതെല്ലാം ആര്യന്മാരുടെ രക്തം ശുദ്ധമായി സൂക്ഷിക്കുവാന്‍ ആയിരുന്നു. പോളണ്ട്, ജര്‍മ്മനിയുടെ അധീനതയില്‍ ആയിക്കഴിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന, പോളണ്ട്കാരായിരുന്ന അനേകം രാക്ഷ്ട്രീയ നേതാക്കന്മാരെയും, ക്രൈസ്തവ പുരോഹിതന്മാരെയും, യഹൂദന്മാരെയും കൊന്നൊടുക്കി. ഹിറ്റ്ലറുടെ നിഗൂഢ സിദ്ധാന്തവും അത് നടപ്പിലാക്കുവാനുള്ള പദ്ധതിയും 21 രാജ്യങ്ങളിലേക്ക് പടര്‍ന്നു. യഹൂദന്മാര്‍ കൂട്ടത്തെ കൊല്ലപ്പെട്ടു. യഹൂദന്‍ എന്ന വംശത്തെ ലോകത്തുനിന്നുതന്നെ മൊത്തമായി തുടച്ചു നീക്കേണം എന്നതായിരുന്നു ഹിറ്റ്ലറുടെ പദ്ധതി. “അന്തിമ പരിഹാരം” എന്നാണ് ഹിറ്റ്ലര്‍ ഇതിനെ വിളിച്ചിരുന്നത്.
ലോക ചരിത്രത്തിലെ, കറുത്ത ഭാഗമായ ഈ സംഭവങ്ങളുടെ തുടക്കവും അടിത്തറയും ഹിറ്റ്ലര്‍ രൂപം കൊടുത്ത നിഗൂഢ സിദ്ധാന്തം ആണ്. യഹൂദന്‍മാര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും, ജര്‍മനിയിലെയും അവരുടെ കൂട്ട് കക്ഷികള്‍ ആയ രാജ്യങ്ങളിലേയും ജനങ്ങളുടെ അറിവോടെ ആണ്. ചില രാജ്യങ്ങളില്‍ ജനങ്ങള്‍ തന്നെ, സഞ്ചരിക്കുന്ന കൊലപാതക സംഘങ്ങള്‍ക്ക് രൂപം കൊടുത്തിരുന്നു. ഇതില്‍ ആ രാജ്യങ്ങളിലെ ക്രിസ്തീയ വിശ്വാസികളും ഉണ്ടായിരുന്നു. ഇതെല്ലാം നിഗൂഢ സിദ്ധാന്തങ്ങളുടെ അപകടകരമായ സ്വാധീനത്തെ കാണിക്കുന്നു.
നിഗൂഢ സിദ്ധാന്തങ്ങള്‍ - ആധുനിക ലോകത്തില്‍
ഇനി നമുക്ക് ആധുനിക ലോകത്തിലേക്ക് വരാം. ഇന്നും നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് കുറവില്ല. പഴയ കാലത്തെപ്പോലെ തന്നെ, അത് വിശ്വസിക്കുന്നവരില്‍ ഭൂരിപക്ഷവും ക്രിസ്തീയ വിശ്വാസികള്‍ ആണ്. പല ക്രൈസ്തവ പ്രഭാഷകന്മാരും, പ്രത്യേകിച്ചു അന്ത്യകാല സംഭവങ്ങളുടെ പ്രവാചകന്മാരായ പലരും, പ്രചരിപ്പിക്കുന്നത് നിഗൂഢ സിദ്ധാന്തങ്ങള്‍ ആണ്.
ആധുനിക കാലത്തെ നിഗൂഢ സിദ്ധാന്തങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത്, അലുമുനാറ്റി (Illuminati - uh·loo·muh·naa·tee) സിദ്ധാന്തത്തെക്കുറിച്ചാണ്. അലുമുനാറ്റി സിദ്ധാന്തം പ്രചരിക്കുവാന്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ 300 ല്‍ അധികം വര്‍ഷങ്ങള്‍ ആയി. ഈ നിഗൂഢ സംഘത്തിലെ അംഗങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ആഴമുള്ള ജ്ഞാനം ഉണ്ട് എന്നു കരുതപ്പെടുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എല്ലാം അവര്‍ അറിയുന്നു. അവരാണ് ലോകത്തിലെ സകലത്തിനെയും നിയന്ത്രിക്കുന്നത്.
അലുമുനാറ്റി എന്ന പദം 15 ആം നൂറ്റാണ്ടു മുതല്‍ പ്രചാരത്തില്‍ ഉണ്ട്. എങ്കിലും, 1776 ല്‍ ജര്‍മ്മനിയിലെ ബെവേറിയ എന്ന സ്ഥലത്തുള്ള ആഡം വെയ്ഷാപ്റ്റ് (Adam Weishaupt) എന്നൊരു നിയമ അദ്ധ്യാപകന്‍ ആണ് ഈ സിദ്ധാന്തത്തിന് രൂപം നല്കിയത് എന്നു പറയപ്പെടുന്നു. ആദ്യം ആറോ, ഒന്‍പത്തൊ പേര്‍ മാത്രം ആയിരുന്നു അംഗങ്ങള്‍ എങ്കിലും അവര്‍ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ 1785 ല്‍ ഇവരെ ബെവേറിയ സര്‍ക്കാര്‍ നിരോധിച്ചു. അതിനാല്‍ അവര്‍ ഇപ്പോള്‍ നിലവില്‍ ഇല്ലാ എന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. പക്ഷേ അവരുടെ ആശയങ്ങളുടെ പ്രചാരണം ഇപ്പൊഴും തുടരുന്നു. മാത്രവുമല്ല, അവരെക്കുറിച്ചുള്ള അനേകം നിഗൂഢ സിദ്ധാന്തങ്ങളും ഇന്ന് നിലവില്‍ ഉണ്ട്. ഫ്രെഞ്ച് വിപ്ലവത്തിന്റെ പിന്നിലെ ശക്തമായ കരങ്ങള്‍ അവരുടേതായിരുന്നു എന്നാണ് പ്രചരിക്കുന്ന ഒരു കഥ. ഇവര്‍ക്ക് സാത്താനെ ആരാധിക്കുന്നവരുമായും, അന്യഗ്രഹ ജീവികളുമായും ബന്ധമുണ്ട് എന്നും കരുതപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണത്തലവന്മാരെ അധികാരത്തില്‍ കൊണ്ടുവരുന്നതും പുറത്താക്കുന്നതും ഇവരാണ് എന്നു അവകാശപ്പെടുന്നു. ഇവരുടെ തലപ്പത്ത് ഒരു യഹൂദ കുടുംബം ആണ്, അവര്‍ അതി സമ്പന്നരും നിരീശ്വരവാദികളും ആണ്, അവര്‍ ഇപ്പോള്‍ ബ്രിട്ടനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു, ലോക സമ്പത്ത് വ്യവസ്ഥയെയും ഭരാണാധികാരികളെയും നിയന്ത്രിക്കുന്നത് അവരാണ് എന്നും കഥകള്‍ ഉണ്ട്. എന്നാല്‍ ഇതിനൊന്നും യാതൊരു തെളിവുകളും ഇല്ല. ഇത് നിഗൂഢ സിദ്ധാന്തം മാത്രമാണ്.
രക്ത ചന്ദ്രന്‍
അന്ത്യകാല സംഭവങ്ങളുടെ പ്രവാചകന്മാരായ ചില ക്രിസ്തീയ പ്രഭാഷകര്‍ക്ക് പ്രിയപ്പെട്ട ഒരു പ്രകൃതി പ്രതിഭാസം ആണ്, പൊതുവേ രക്ത ചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ എന്നു അറിയപ്പെടുന്ന, ചന്ദ്രഗ്രഹണം. 2018 ല്‍ പ്രചരിച്ച ഒരു നിഗൂഢ സിദ്ധാന്തമാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കഥ. അന്ത്യകാല സംഭവങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ക്ക് ഇത് വലിയ ഒരു കൊയ്ത്തായിരുന്നു. ലോകം അവസാനിക്കുവാന്‍ പോകുന്നതിന്റെ തെളിവായി ഇത് അവതരിപ്പിക്കപ്പെട്ടു. എന്താണ് രക്ത നിറത്തിലുള്ള ചന്ദ്രന്‍ എന്നു ശാസ്ത്രീയമായി മനസ്സിലാക്കുവാന്‍ ആരും ശ്രമിച്ചില്ല.
ചന്ദ്രഗ്രഹണത്തിന്‍റെ ഭാഗമായി, രക്ത നിറത്തിലുള്ള ചന്ദ്രന്‍ പ്രത്യക്ഷമായത്, 2018 ജൂലൈ 27 ആം തീയതി ആണ്. ഇത് ലോകാവസാനത്തിന്‍റെ ലക്ഷണമാണ് എന്നു വാദിച്ച ക്രിസ്തീയ പ്രഭാഷകര്‍ മുന്നോട്ട് വച്ച വാദങ്ങള്‍ ഇവയെല്ലാം ആണ്: ഈ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ സമയം കാണപ്പെടുന്ന ചന്ദ്രഗ്രഹണം ആണിത്. ഇത് യിസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നതിന്റെ 70 ആം വര്‍ഷം സംഭവിക്കുന്നു. യിസ്രായേലിനെ ദൈവത്തിന്റെ നിത്യമായ പട്ടണമായി പ്രഖ്യാപിച്ച അതേ വര്‍ഷമാണ് ഇത് സംഭവിക്കുന്നത്. ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വതം പൊട്ടി പുകപടലങ്ങളും, തീയും, ലാവയും, പുറത്തേക്ക് വരുന്നത് ഒരു അടയാളം ആണ്. ഇതെല്ലാം വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അന്ത്യകാല ലക്ഷണങ്ങള്‍ ആണ്. എന്നാല്‍ ഈ വാദങ്ങള്‍ ഒന്നും സത്യമായി തീര്‍ന്നില്ല എന്നതിനാല്‍ ആയിരിക്കാം, അത് ചന്ദ്രഗ്രഹണത്ത്ന് ശേഷം അധികം കേള്‍ക്കാറില്ല.
യഥാര്‍ത്ഥത്തില്‍ എന്താണ് രക്ത നിറത്തിലുള്ള ചന്ദ്രന്‍? ഇത് ദൈവം ക്രമീകരിച്ചിരിന്ന പ്രകൃതിയിലെ ഒരു പ്രതിഭാസം ആണ്. 2018 ല്‍ സംഭവിച്ചത്, പൂര്‍ണ്ണമായ ഒരു ചന്ദ്രഗ്രഹണം ആയിരുന്നു. ഒരു പൂര്‍ണ്ണ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ വീഴുമ്പോള്‍, അങ്ങനെ ഗ്രഹണം സംഭവിക്കുമ്പോള്‍, ചന്ദ്രന്‍ രക്തനിറത്തില്‍ കാണപ്പെടാം. അതിനു തിളക്കവും ഉണ്ടാകാം. ഭൂമിയില്‍ നിന്നുമുള്ള വായു കണങ്ങള്‍ അന്തരീക്ഷത്തിലെ നീല നിറത്തെ ചിതറിച്ചുകളയാറുണ്ട്. അങ്ങനെ, നീല നിറം ഇല്ലാതെ അവരുമ്പോള്‍, ശേഷിക്കുന്ന നിറങ്ങള്‍, തിളക്കത്തോടെ ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ ചന്ദ്രന്‍റെ നിറം ചുവപ്പായി തോന്നും. ആകാശത്തിലെ, പൊടിപടലങ്ങള്‍, പുക, മഞ്ഞു എന്നിവകൊണ്ടും ചന്ദ്രന്‍ ചുവന്നതായി തോന്നാം. ഇതാണ് ഇതിന്‍റെ ശാസ്ത്രീയ വിശദീകരണം.
വടക്കന്‍ അമേരിക്കയില്‍, ഒക്ടോബറില്‍ കാണപ്പെടുന്ന ചന്ദ്രഗ്രഹണത്തെ രക്ത ചന്ദ്രന്‍ എന്നു വിളിക്കാറുണ്ട്. പൂര്‍വ്വകാലത്ത്, വേട്ടക്കാര്‍ ഒക്ടോബര്‍ മാസത്തില്‍ കൂടുതല്‍ മൃഗങ്ങളെ വേട്ടയാടി കൊല്ലുമായിരുന്നു. മൃഗങ്ങളുടെ ഇറച്ചി, ശൈത്യകാലത്തേക്ക് കരുതി വെക്കുവാന്‍ വേണ്ടി ആയിരുന്നു അവര്‍ കൂടുതല്‍ മൃഗങ്ങളെ കൊന്നിരുന്നത്. ഈ രീതിയില്‍ നിന്നുമാകാം, രക്ത ചന്ദ്രന്‍ എന്ന പേര് ഉണ്ടായത്. ഇതിനെ അവര്‍ വേട്ടക്കാരുടെ ചന്ദ്രന്‍ എന്നും വിളിച്ചിരുന്നു.
2014-2015 കാലഘട്ടത്തിലും, തുടര്‍ച്ചയായി ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടായപ്പോള്‍, അത് യോവേല്‍ പ്രവചനത്തിന്‍റെ നിവൃത്തി ആണ് എന്നു അന്ത്യകാല പ്രഭാഷകര്‍ പ്രസംഗിച്ചു. 2032 ലോ 2033 ലോ ഇതുപോലെയുള്ള ഒരു ചന്ദ്രഗ്രഹണത്തിന് ഇനിയും സാധ്യത ഉള്ളതായി വാനനിരീക്ഷണ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.
അന്യഗ്രഹ ജീവികള്‍
മറ്റൊരു നിഗൂഢ സിദ്ധാന്തത്തിന്റെ കഥ കൂടി പറഞ്ഞുകൊണ്ട് ഈ ചര്‍ച്ച അവസാനിപ്പിക്കാം. ഇന്ന് ചില ക്രൈസ്തവ സുവിശേഷ പ്രസംഗകര്‍ ഉപയോഗിയ്ക്കുന്ന ഒരു നിഗൂഢ സിദ്ധാന്തം ആണിത്. ഡേവിഡ് മീഡ് (David Meade) എന്നൊരു ക്രിസ്തീയ സംഖ്യാ ശാസ്ത്രജ്ഞനാണ് ഇതിന്‍റെ ആധുനിക കാലത്തെ പ്രചാരകന്‍. ഈ പ്രപഞ്ചത്തില്‍ എവിടെയോ പ്ലാനെറ്റ് എക്സ് അഥവാ നിബൈറു (Planet X / Nibiru) എന്നൊരു ഗോളം ഉണ്ട് എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അത് 2017 സെപ്റ്റമ്പര്‍ 23 ആം തീയതി ഭൂയില്‍ ഇടിക്കുകയും അതോടെ ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളും അപ്രത്യക്ഷമകയും ചെയ്യും എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ഇത് അദ്ദേഹം വേദപുസ്തത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില സംഖ്യകളില്‍ നിന്നും മനസ്സിലാക്കിയതാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ താന്‍ പറഞ്ഞതിനെ വായനക്കാര്‍ തെറ്റിദ്ധരിച്ചതാണ് എന്നു പറഞ്ഞു ഒഴിഞ്ഞുമാറി. പിന്നീട്, 2018 ഏപ്രില്‍ 23 ആം തീയതി, സൂര്യന്‍, ചന്ദ്രന്‍, ജൂപ്പിറ്റര്‍ എന്നീ ഗോളങ്ങള്‍ നേര്‍ക്ക് വരുമെന്നും അത് വിശുദ്ധന്മാരുടെ ഉല്‍പ്രാപണത്തിന് ആരംഭം കുറിക്കുമെന്നും പ്രവചിച്ചു. അതേ ദിവസം നിബൈറു എന്ന ഗോളം ആകാശത്ത് പ്രത്യക്ഷപ്പെടും എന്നും അപ്പോള്‍ എതിര്‍ക്രിസ്തു എഴുന്നേല്‍ക്കുകയും മൂന്നാം ലോകമഹായുദ്ധവും മഹാപീഡനകാലവും ആരംഭിക്കുകയും ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.
ഇദ്ദേഹത്തിന്റെ സിദ്ധാന്തത്തില്‍ ആകൃഷ്ടരായ മറ്റ് ചിലരും നിബൈറു എന്ന ഗോളത്തെക്കുറിച്ചുള്ള കഥകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അത് എന്തെല്ലാം ആണ് എന്നു നമുക്ക് നോക്കാം. പ്ലാനെറ്റ് എക്സ് അഥവാ നിബൈറു എന്നത് പന്ത്രണ്ടാമത്തെ ഗോളമാണ്. അവിടെ അനുന്നാകി (Anunnaki) എന്നു വിളിക്കപ്പെടുന്ന ഒരു കൂട്ടം അന്യഗ്രഹജീവികള്‍ ഉണ്ട്. അനുന്നാകി എന്നത് സുമേറിയന്‍ ദേവന്മാരുടെ പേരായിരുന്നു. എന്നാല്‍ നിബൈറു എന്ന ഗോളത്തില്‍ ജീവിക്കുന്ന അനുന്നാകി എന്നത് പല്ലികള്‍ പോലെ രൂപം ഉള്ള അന്യഗ്രഹ ജീവികള്‍ ആണ്. ഇവരാണ് രഹസ്യ മണ്ഡലങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത്. വേദപുസ്തകത്തില്‍, ഉല്‍പ്പത്തി 6:4 ല്‍ പറയുന്ന “മല്ലന്‍മാര്‍” ഇവരുടെ വംശാവലി ആണ്. എക്കാലത്തെയും ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണം നിയന്ത്രിക്കുന്നത് ഇവരാണ് എന്നു ഈ നിഗൂഢ സിദ്ധാന്തം അവകാശപ്പെടുന്നു.
മനുഷ്യരെ സൃഷ്ടിച്ചത് തന്നെ ഇവരാണ് എന്നും, ദൈവവും ദൂതന്മാരും ഇവരില്‍ ഉള്ളവര്‍ ആണ് എന്നും കഥകള്‍ ഉണ്ട്. അതിനാല്‍ ഇവര്‍ ഇടയ്ക്കിടെ ഭൂമി സന്ദര്‍ശിക്കുകയും മനുഷ്യരുമായി ഇടപെടുകയും ചെയ്യാറുണ്ട്. നിബൈറു വിലെ അന്യഗ്രഹ ജീവികള്‍ ഇടയ്ക്കിടെ ഭൂമിയില്‍ സന്ദര്‍ശിക്കുന്നതുകൊണ്ടു, ഭൂമിയുടെ കാന്തിക മണ്ഡലത്തിന് വ്യത്യാസം ഉണ്ടാകുന്നു. അതിനാലാണ് ഭൂമികുലുക്കം, അഗ്നിപര്‍വ്വത സ്ഫോടനം, വെള്ളപ്പൊക്കം എന്നീ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. വര്‍ത്തമാനകാലത്ത്, അന്യഗ്രഹ ജീവികള്‍ കൂടുതലായി ഭൂമിയിലേക്ക് വരുന്നതിനാല്‍, പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.
അനുന്നാകി എന്ന ജീവികള്‍ ആദ്യമായി സ്വര്‍ണവും അമൂല്യ വസ്തുക്കളും അന്വേഷിച്ചാണ് ഭൂമിയില്‍ വന്നത്. എന്നാല്‍ കഠിനമായ ജോലികള്‍ ചെയ്യുവാന്‍ അവര്‍ക്ക് ഇഷ്ടമില്ലാതിരുന്നതിനാല്‍, അവരുടെ DNA കൂട്ടികലര്‍ത്തി അവര്‍ മനുഷ്യരെ സൃഷ്ടിച്ചു. അങ്ങനെ അവര്‍ പുതിയതായി മനുഷ്യനെ സൃഷ്ടിക്കുകയോ, അപ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്ന മനുഷ്യരെ അവരുടെ DNA കൂട്ടിക്കലര്‍ത്തി രൂപമാറ്റം വരുത്തി അടിമകള്‍ ആക്കുകയോ ചെയ്തു. ഇവര്‍ യാത്ര ചെയ്യുന്ന വാഹങ്ങള്‍ ആണ്, UFO, അഥവാ പറക്കും തളികകള്‍. ഇവര്‍ അധികനാളുകള്‍ കഴിയും മുമ്പേ ഭൂമിയെ നശിപ്പിക്കും എന്നും, അതിനാല്‍ മനുഷ്യര്‍ മറ്റൊരു ഗോളത്തിലേക്ക് മാറി താമസിക്കേണം എന്നും, അതിനുള്ള ശ്രമങ്ങള്‍ രഹസ്യമായി തുടങ്ങികഴിഞ്ഞു എന്നും നിഗൂഢ സിദ്ധാന്തക്കാര്‍ വാദിക്കുന്നു.
അമേരിക്കയിലെ ഇലോണ്‍ മസ്ക് എന്ന ധനവാനായ വ്യവസായി, സ്പേസ് എക്സ് എന്ന ബഹിരാകാശ വാഹനം അയച്ചത്, ഇവരെ കൊല്ലുവാന്‍ വേണ്ടി ആയിരുന്നു എന്നും കഥ ഉണ്ട്. (Elon Musk - SpaceX). എന്നാല്‍ അമേരിക്കയിലെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സി ആയ നാസ ഇത്തരമൊരു ഗോളമോ, അവിടെ അന്യഗ്രഹ ജീവികള്‍ ഉള്ളതിനെയോ നിരസിക്കുന്നു. ഈ പ്രപഞ്ചത്തില്‍ ചിലപ്പോള്‍, ഇതുവരെയും മനുഷ്യര്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഗ്രഹങ്ങള്‍ കണ്ടേക്കാം എന്നു നാസ പറയുന്നുണ്ട്. എന്നാല്‍, നിബൈറുവും അന്യഗ്രഹ ജീവികളും വെറും നിഗൂഢ സിദ്ധാന്തങ്ങള്‍ മാത്രമാണു എന്നു അവര്‍ തറപ്പിച്ചു പറയുന്നു.
ഉപസംഹാരം
പഴയകാലം മുതല്‍ ഇന്നുവരെയും പ്രചരിപ്പിക്കപ്പെടുന്ന നിഗൂഢ സിദ്ധാന്തങ്ങളില്‍ ചിലത് മാത്രമാണു നമ്മള്‍ ഇതുവരെയും ചര്‍ച്ച ചെയ്തത്. സിദ്ധാന്തങ്ങള്‍ ഇനിയും ഏറെഉണ്ട്. എങ്കിലും, അവ എന്താണ് എന്നും അവയുടെ സ്വഭാവം എന്താണ് എന്നും മനസ്സിലാക്കുവാന്‍ ഇത്രയും മതിയാകും എന്നു ഞാന്‍ കരുത്തുന്നു. നിഗൂഢ സിദ്ധാന്തങ്ങള്‍ തെറ്റാണ് എന്നു തെളിയിക്കുക സാധ്യമല്ല, കാരണം അത് നിഗൂഢമായ ചില ചിന്തകള്‍ മാത്രമാണ്. അല്‍പ്പം എങ്കിലും സത്യം ഉള്ളതിനെയേ നമുക്ക് ശാസ്ത്രീയമായി പരിശോധിക്കുവാന്‍ കഴിയൂ.
നിഗൂഢ സിദ്ധാന്തം പ്രചരിപ്പിക്കുന്നതിലും വിശ്വസിക്കുന്നതിലും എക്കാലവും ക്രൈസ്തവ വിശ്വാസികള്‍ മുന്നില്‍ തന്നെ ആണ്. അതിനുള്ള പ്രധാനകാരണം, ക്രൈസ്തവ പ്രഭാഷകര്‍ ഇവയെ സത്യം എന്നപോലെ പ്രസംഗിക്കുന്നു എന്നതാണ്. പല നിഗൂഢ സിദ്ധാന്തങ്ങളിലെയും പ്രധാന കഥാപാത്രം യഹൂദന്‍ ആണ് എന്നത് നമ്മള്‍ ശ്രദ്ധിക്കേണം. ഇത് യഹൂദ വിരോധം ലോകത്തില്‍ നിലനിറുത്തുവാനുള്ള രഹസ്യ പദ്ധതി ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. യഹൂദ വിരോധം ക്രൈസ്തവ സഭകളിലും കൂട്ടങ്ങളിലും, ദൈവശാസ്ത്രത്തിന്റെ മറവില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്.
നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു, യാതൊരു നിഗൂഢ സിദ്ധാന്തവും പ്രസംഗിച്ചില്ല; അവന്‍ ഒരിക്കലും, നിഗൂഡമായ സംഭവങ്ങളെയും, രഹസ്യമായ പദ്ധതികളെയും ശ്രദ്ധിക്കുവാന്‍ നമ്മളോട് പറഞ്ഞിട്ടില്ല. യേശു നമ്മളെ ഉപദേശിച്ചത്, ഉണര്‍ന്നിരിപ്പീന്‍ എന്നാണ്. (മത്തായി 24:42). ലോകാവസാനത്തിന്റെയും, അവന്റെ രണ്ടാമത്തെ വരവിന്റെയും അടയാളമായി യേശുക്രിസ്തു പറഞ്ഞതെല്ലാം, ഏവര്‍ക്കും നോക്കി, കണ്ടു, മനസ്സിലാക്കാവുന്ന പരസ്യമായ സംഭവങ്ങളും, അടയാളങ്ങളും ആണ്. “നിങ്ങള്‍ കാണുമ്പോള്‍” എന്നാണ് യേശു പറഞ്ഞത്. (മത്തായി 24:15). നമ്മളോട് യാതൊന്നും ഊഹിച്ച് കണ്ടെത്തുവാനോ, നിഗൂഢ സിദ്ധാന്തങ്ങളില്‍ ആശ്രയിക്കുവാനോ യേശു പറഞ്ഞിട്ടില്ല. അന്ത്യകാലത്ത് ചില നിഗൂഢ പ്രവര്‍ത്തനങ്ങള്‍ ദൈവം ചെയ്യും എന്ന് യേശു പറഞ്ഞിട്ടില്ല. നമ്മളില്‍ ഉല്‍കണ്ഠയോ ഭയമോ ഉളവാക്കുവാനല്ല യേശു ശ്രമിച്ചത്. അവന്‍ പറഞ്ഞത് ഇതാണ്: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.” (ലൂക്കോസ് 21:28). “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍” എന്നും “ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍” എന്നുമാണ് യേശു നമുക്ക് നല്കിയ മുന്നറിയിപ്പ്. (മത്തായി 24:4, 6)
നമ്മളുടെ കര്‍ത്താവിന്റെ വരവ് സമീപമായി എന്നത് സത്യമാണ്. അത് വിശ്വസിക്കുവാനും അത് മറ്റുള്ളവരോട് പറയുവാനും നമുക്ക് നിഗൂഢ സിദ്ധാന്തങ്ങള്‍ ആവശ്യമില്ല. ശാസ്ത്രീയമായ സത്യങ്ങള്‍, നമുക്ക് ചുറ്റും ധാരാളം ഉണ്ട്. ലോകം ഇന്നത്തെപ്പോലെ അധികനാളുകള്‍ മുന്നോട്ട് പോകുകയില്ല എന്ന്, ചിന്തിക്കുകയും ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും അറിയാം. ലോകത്തിലെ യാതൊരു പ്രശനത്തിനും ഇന്നേവരെ ശ്വാശ്വത പരിഹാരം കണ്ടുത്തുവാന്‍ മനുഷ്യനു കഴിഞ്ഞിട്ടില്ല. ലോകത്തിലെ ചില രാജ്യങ്ങളില്‍ ആഹാരം അധികമായി കുപ്പതോട്ടിയില്‍ കളയുമ്പോള്‍, മറ്റ് ചില രാജ്യങ്ങളില്‍ പട്ടിണിയാല്‍ മനുഷ്യര്‍ മരിക്കുന്നു. ലോകത്ത് എല്ലാം ധാരാളം ഉണ്ട് എങ്കിലും യാതൊന്നും ഇല്ലാതെ അനേകര്‍ യാതന അനുഭവിക്കുന്നു. സമാധാന ശ്രമങ്ങള്‍ നിരന്തരം നടക്കുന്നു എങ്കിലും യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും രോഗങ്ങള്‍ അവസാനിക്കുന്നില്ല. ജ്ഞാനികള്‍ ഏറെ ഉണ്ട് എങ്കിലും, ലോകത്തിന്റെ സാമ്പത്തിക മണ്ഡലം തകര്‍ന്നുകൊണ്ടിരിക്കുന്നു. കലാപങ്ങള്‍, കൊലപാതകങ്ങള്‍, നിഷ്ഠൂര പ്രവര്‍ത്തികള്‍ ഇവയ്ക്കൊന്നും പരിഹാരമില്ല. പ്രകൃതി ദുരന്തങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല. ഭീകരവാദത്തെ അവസാനിപ്പിക്കുവാന്‍ കഴിയുന്നില്ല. നമ്മളുടെ വിദ്യാഭ്യാസം ആരെയും സംസ്കാര സമ്പന്നര്‍ ആക്കുന്നില്ല. ക്രൈസ്തവ സഭകള്‍ പോലും ലോകവും, ജഡവും, പാപവും നിറഞ്ഞതായി. എങ്ങും ഒരു മാതൃകയും പ്രതീക്ഷയും ഇല്ല.
ഇങ്ങനെ ശാസ്ത്രീയമായും സാമൂഹികമായും തെളിയിക്കപ്പെട്ട, ആര്‍ക്കും നിരസിക്കുവാന്‍ കഴിയാത്ത അനവധി സംഭവങ്ങളും സാഹചര്യങ്ങളും നമുക്ക് ചുറ്റും ഉണ്ട്. നമ്മളുടെ കര്‍ത്താവ് നോക്കി കാണുവാന്‍ പറഞ്ഞ അനേകം സംഭവങ്ങള്‍ നമ്മളുടെ ചുറ്റിനും സംഭവിച്ചുകൊണ്ടിരിക്കുന്നു. കര്‍ത്താവ് വരാറായി എന്നും ദൈവരാജ്യം മാത്രമാണു ഏക പരിഹാരമെന്നും നമുക്ക് വിശ്വസിക്കുവാനും, മറ്റുള്ളവരോട് പറയുവാനും ഇതെല്ലാം ധാരാളം മതിയാകും.
നിഗൂഢ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവ വചനം പ്രസംഗിക്കുമ്പോള്‍, അപഹാസ്യര്‍ ആകുന്നത്, പ്രസംഗിക്കുന്നവര്‍ മാത്രമല്ല, ക്രൈസ്തവ സഭതന്നെ ആണ്. ദൈവവചനം അബദ്ധങ്ങളുടെ കൂമ്പാരമല്ല, കെട്ടുകഥകള്‍ അല്ല, ദൈവ വചനം സത്യത്തിന്റെ രേഖയാണ്. ദൈവവചനം മാത്രമാണ് സത്യം, മറ്റെല്ലാം മനുഷ്യ നിര്‍മ്മിത കഥകള്‍ മാത്രമാണ്. ദൈവരാജ്യം ഐഹീകമല്ല. അതിനെ കെട്ടിപ്പടുക്കുവാന്‍ ഭൌതീക കഥകള്‍ ആവശ്യമില്ല. ഏശാവിനെപ്പോലെ, ഒരിറ്റു ചുവന്ന പായസത്തിനുവേണ്ടി, നമ്മളുടെമേലുള്ള ദൈവീക വിളിയെ വിറ്റുകളയരുത്.
ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ. ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും
ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍
ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍
ലഭ്യമാണ. English ല്‍
വായിക്കുവാന്‍ naphtalitribe.com എന്ന
വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment