മത്തായി 18: 20 ലെ രണ്ടോ മൂന്നോ പേര്‍ ആരാണ്?

 മത്തായി 18:20 ല്‍ യേശു പറയുന്ന രണ്ടോ മൂന്നോ പേര്‍ ആരാണ്, അവരുടെ കൂടിവരവിന്റെ പ്രത്യേകത എന്താണ് എന്നീ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്.

ആദ്യം നമുക്ക് ആരാണ് യേശു പറഞ്ഞ രണ്ടോ മൂന്നോ പേര്‍ എന്നു മനസ്സിലാക്കാം. മത്തായി 18 ആം അദ്ധ്യായത്തില്‍, ഒരു ചെറിയവന്‍ പോലും നശിച്ചുപോകുന്നത് സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് ഇഷ്ടമല്ല എന്നും അതിനാല്‍ അവനെ കുറ്റബോധം വരുത്തി തിരികെ സഭയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കേണം എന്നും യേശു ക്രിസ്തു ഉപദേശിക്കുന്നതാണ് പശ്ചാത്തലം. വ്യക്തിപരമായ ഉപദേശത്തില്‍ അവന്‍ മാനസാന്തരപ്പെടുന്നില്ല എങ്കില്‍, രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു” അവന്റെ അടുക്കല്‍ ചെല്ലേണം. എന്നിട്ടും അവന്‍ തെറ്റുകള്‍ വിട്ടുകളയുവാന്‍ തയ്യാറായില്ല എങ്കില്‍, ആ വിവരം സഭയെ അറിയിക്കേണം. ഇതുകൊണ്ടു, സഭയിലെ മൂപ്പന്മാരെ അറിയിക്കേണം എന്നായിരിക്കാം യേശു ഉദ്ദേശിച്ചത്. അവന്‍ “സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” അതായത്, അവനെ വിശ്വാസികളുടെ സഭയില്‍ നിന്നും പുറത്താക്കാം.

അങ്ങനെ സഭയില്‍ നിന്നും ഒരു വ്യക്തിയെ പുറത്താക്കുവാന്‍ സഭയ്ക്ക് അധിക്കാരം ഉണ്ടോ? സഭ അങ്ങനെ പുറത്താക്കിയാല്‍, അവന് എന്തു ദോഷം ഉണ്ടാകും? ഇതിനുള്ള ഉത്തരം യേശു തുടര്‍ന്നു പറയുന്നു.

 

മത്തായി 18: 18, 19 

18   നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

19   ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും

അതായത് സഭ, ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, സഭ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും. സഭ ഐക്യതയോടെ പ്രാര്‍ത്ഥിക്കുന്നതെല്ലാം ദൈവം നല്കും. ഇതാണ് യേശു പറഞ്ഞത്.

ഇനി നമ്മള്‍ മനസ്സിലാക്കേണ്ടത്, എന്താണ് സഭ എന്നാണ്? യേശു ഇവിടെ സഭ എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കായി, മൂല ഭാഷയായ ഗ്രീക്കില്‍ ഉള്ള പദം എക്ലെസിയ (ekklēsia) എന്നതാണ്. ഈ വാക്കിന്റെ അര്‍ത്ഥം വിളിക്കപ്പെട്ടവര്‍, ഒരു കൂടിവരവ്, സമൂഹം, വര്‍ഗ്ഗം, സമുദായം എന്നിങ്ങനെ ആണ്.

പഴയനിയമത്തില്‍ യിസ്രായേല്‍ ജനത്തെയും സഭ എന്നു വിളിക്കുന്നുണ്ട്. അവിടെ സഭ എന്നു പറയുന്നവാന്‍, കഹാല്‍ (quahal or kahal), എയ്ദ (edah - ay-daw') എന്നീ രണ്ടു എബ്രായങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ രണ്ടു വാക്കുകളെയും ഗ്രീക്ക് പരിഭാഷയില്‍ എക്ലെസിയ എന്നു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. (സംഖ്യാപുസ്തകം 20: 1- 13). ഇതില്‍ എയ്ദ (edah - ay-daw') എന്ന എബ്രായ പദത്തിന്, “സാക്ഷ്യം” എന്നും അര്‍ത്ഥമുണ്ട്. (യോശുവ 24:27).  ഈ അര്‍ത്ഥം കൂടി ചേര്‍ത്താല്‍, സഭ എന്നതിന്റെ നിര്‍വചനം ഇങ്ങനെ ആകും: യേശു ക്രിസ്തുവിനാല്‍ വിളിക്കപ്പെട്ടവരുടെയും അവന്റെ സാക്ഷികള്‍ ആയവരുടെയും ഒരു സമൂഹമാണ് സഭ.

ഇനി ആരാണ് വിളിക്കപ്പെട്ടവര്‍ എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി രണ്ടു വേദഭാഗങ്ങള്‍ വായിയ്ക്കാം.  

 

റോമര്‍ 8: 29,  30

29  അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

30  മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 

എഫെസ്യര്‍ 1: 4, 5, 6

   നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും (chosen us)

   തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

   അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും (predestined) ചെയ്തുവല്ലോ.

 

ഇവിടെ പറഞ്ഞിരിക്കുന്നത് കൂടി ചേര്‍ത്തു സഭയെ നിര്‍വചിച്ചാല്‍, നമുക്ക് ഇങ്ങനെ പറയാം: ലോകസ്ഥാപനത്തിന്നു മുമ്പെ യേശുക്രിസ്തുവില്‍ തിരഞ്ഞെടുക്കപ്പെടുകയും, ദൈവത്തിന്‍റെ മുന്നറിവിനാല്‍ മുന്‍നിയമിക്കപ്പെടുകയും ചെയ്ത, വിളിക്കപ്പെട്ടവരുടെയും, ക്രിസ്തുവിന്‍റെ സാക്ഷികള്‍ ആയവരുടെയും ഒരു സമൂഹമാണ് സഭ.

ഇതാണ് യേശു പറഞ്ഞ സഭ. തുടര്‍ന്നു, യേശു പറഞ്ഞ വാക്യമാണ് നമ്മളുടെ പ്രധാന ചിന്താവിഷയം.

 

മത്തായി 18: 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

ഇവിടെ പറയുന്ന രണ്ടോ മൂന്നോ പേര്‍, യേശുക്രിസ്തുവിന്റെ സഭയാണ്. രണ്ടോ മൂന്നോ എന്നത് ഒരു ചെറിയ കൂട്ടത്തെ കാണിക്കുന്നു. അവര്‍ ചെറിയ കൂട്ടം ആയിരുന്നാലും, അവര്‍ യേശുവിന്റെ നാമത്തില്‍ കൂടിവരുമ്പോള്‍, അവനും അവരുടെ കൂടെ ഉണ്ടായിരിക്കും. ഇങ്ങനെ ഉള്ള ചെറിയ കൂട്ടം, യേശുക്രിസ്തു എന്ന രാജാവിന്റെ സാന്നിധ്യത്താല്‍, ദൈവരാജ്യമായി മാറുന്നു. അതായത്, രണ്ടോ മൂന്നോ പേര്‍ ദൈവരാജ്യത്തിന്റെ ജനമാണ്. രാജാവിന്റെ സാന്നിധ്യം കൂടി ഉള്ളതിനാല്‍, ആ കൂടിവരവ് ദൈവരാജ്യമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് ദൈവരാജ്യത്തിന്റെ ശക്തിയും അധികാരങ്ങളും ഉണ്ടായിരിക്കും. അവര്‍ക്ക് കെട്ടുവാനും അഴിക്കുവാനും ഉള്ള അധികാരം ഉണ്ടായിരിക്കും. അവര്‍ തീരുമാനിച്ചു കല്‍പ്പിക്കുന്നതെല്ലാം ദൈവരാജ്യത്തില്‍ മാറ്റമില്ലാത്തതായിരിക്കും.

ഒന്നുകൂടി അവര്‍ത്തിച്ച് പറഞ്ഞാല്‍, യേശുവിന്റെ നാമത്തില്‍ കൂടിവരുന്ന രണ്ടോ മൂന്നോ പേര്‍ ക്രിസ്തുവിന്റെ സഭയെ കാണിക്കുന്നു. അവരുടെ ഇടയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അതിനെ ദൈവരാജ്യമാക്കി മാറ്റുന്നു. അവര്‍ക്ക് കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം ഉണ്ട്. അത് ദൈവരാജ്യത്തിന്റെ ജനത്തിന്റെയും ദൈവസഭയുടെയും അധികാരവും തീരുമാനവും ആയതിനാല്‍, സ്വര്‍ഗ്ഗത്തിലും, മാറ്റമില്ലാതെ തന്നെ ഇരിക്കുന്നു.

ഈ ചോദ്യത്തിന്റെ ഉത്തരം തൃപ്തിതികരമായിരുന്നു എന്നു വിശ്വസിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment