ക്രിസ്തീയ വിശ്വാസികളും അബ്രാഹാമിന്റെ വാഗ്ദത്തവും

വേദപുസ്തകത്തിലെ, ഗലാത്യര്‍ 3 ആം അദ്ധ്യായം 6 മുതല്‍ 9 വരെയുള്ള വാക്യത്തിന്റെ ആത്മീയ മര്‍മ്മം ആണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം. വാക്യം ഇങ്ങനെ ആണ്:

 

ഗലാത്യര്‍ 3: 6-9  

   അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.

   അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.

   എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

 9   അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തിന്റെ ആദ്യ വാക്യത്തില്‍ നിന്നുതന്നെ, അപ്പൊസ്തലനായ പൌലൊസ് ആണ് ലേഖനം എഴുതിയത് എന്നു മനസ്സിലാക്കാം. ഈ ലേഖനം എന്നു, എവിടെ വച്ച് എഴുതി എന്നതിന് കൃത്യമായ വിവരം ലഭ്യമല്ല. ഒരു കൂട്ടം വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച്, ഈ ലേഖനം AD 53 നും 57 നും ഇടയ്ക്ക് എഫസൊസില്‍ വച്ചോ, മക്കെദോന്യയില്‍ വച്ചോ എഴുതപ്പെട്ടത് ആണ്. രണ്ടാമത്തെ കൂട്ടര്‍ പറയുന്നു: ഈ ലേഖനം ഗലാത്യ എന്ന റോമന്‍ പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള, അന്ത്യൊക്ക്യ, ഇക്കോന്യ, ലുസ്ത്ര, ദെര്‍ബ്ബ, എന്നീ സ്ഥലങ്ങളില്‍ ഉള്ള സഭകള്‍ക്ക് എഴുതിയതാണ്. അത് AD 48 ലോ 49 ലോ പൌലൊസ് സിറിയയിലെ അന്തോക്ക്യയില്‍ ആയിരുന്നപ്പോള്‍ എഴുതപ്പെട്ടു എന്നും, അദ്ദേഹം സിറിയയിലെ അന്ത്യോക്ക്യയിലോ കൊരിന്തിലോ ആയിരുന്നപ്പോള്‍ AD 51 ലോ 53 ലോ ആണ് ഈ ലഖനം എഴുതിയത് എന്നും അഭിപ്രായം ഉണ്ട്.

ലേഖനം എഴുതിയ തീയതി നമുക്ക് അത്ര പ്രധാനപ്പെട്ട കാര്യമല്ല, എങ്കിലും ലേഖനത്തിന്റെ പശ്ചാത്തലവും അതിലെ മുഖ്യ വിഷയവും നമുക്ക് ഗൌരവമായി മനസ്സിലാക്കേണ്ടതുണ്ട്. പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന അനേകം ജീവിതരീതികള്‍ പുതിയനിയമ വിശ്വാസികള്‍ക്കും ബാധകമാണ് എന്നു ആദ്യ നൂറ്റാണ്ടിലെ യഹൂദ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. യഹൂദ ക്രിസ്ത്യാനികള്‍ എന്നും യഹൂദന്മാര്‍ ആയിരുന്നു, അവര്‍ അങ്ങനെതന്നെ ആണ് യേശുവില്‍ വിശ്വസിച്ച് രക്ഷ പ്രാപിച്ചതിന് ശേഷവും ജീവിച്ചിരുന്നത്. അപ്പൊസ്തലനായ പൌലൊസ്, തിമൊഥെയൊസിനെ പരിച്ഛേദന കഴിപ്പിക്കുന്നത് ഇതിന് ഉദാഹരണം ആണ്. (അപ്പോസ്തല പ്രവൃര്‍ത്തികള്‍ 16:3). ഈ സംഭവം പൌലൊസ് ജാതികളുടെ അപ്പോസ്തലന്‍ എന്നു സ്വയം വിശേഷിപ്പിക്കുവാന്‍ തുടങ്ങിയതിന് ശേഷം ആണ് സംഭവിക്കുന്നത്. (അപ്പോസ്തല പ്രവൃര്‍ത്തികള്‍ 13:46). എന്നാല്‍, മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള യഹൂദ ജീവിതരീതികള്‍, ജാതികളില്‍നിന്നും രക്ഷയിലേക്കുവന്നവര്‍ക്ക് ആവശ്യമില്ല എന്ന് അപ്പോസ്തലന്മാരും പൌലൊസും തീരുമാനിച്ചിരുന്നു. (അപ്പോസ്തല പ്രവൃര്‍ത്തികള്‍ 15: 23-29). എങ്കിലും പൌലൊസ് എവിടെയെല്ലാം സുവിശേഷം അറിയിച്ചുവോ, അവിടെ എല്ലാം യഹൂദ ക്രിസ്ത്യാനികളില്‍ ചിലര്‍ ചെന്ന്, കലക്കം ഉണ്ടാക്കൂക പതിവായിരുന്നു. അവര്‍ ഗലാത്യയിലും വന്നു, യഹൂദന്മാരുടെ ജീവിത രീതികളും, പരിച്ഛേദനയും അനുസരിക്കേണം എന്നും രക്ഷ പ്രാപിക്കുവാന്‍ അത് ആവശ്യമാണ് എന്നും പ്രചരിപ്പിച്ചു. യഹൂദ ക്രിസ്ത്യാനികള്‍ക്ക്  ക്രിസ്തുവിന്റെ ക്രൂശു നിമിത്തം യഹൂദന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകാതെ ഇരിക്കേണ്ടതിനാണ്, ഗലാത്യയില്‍ ഉള്ളവരെ പരിച്ഛേദന ഏല്‍ക്കുവാന്‍ അവര്‍ നിര്‍ബ്ബന്ധിക്കുന്നത് എന്ന് പൌലൊസ് ഗലാത്യര്‍ 6: 12 ല്‍ പറയുന്നു. പൌലൊസ് ഒരു യഥാര്‍ത്ഥ അപ്പോസ്തലന്‍ അല്ല എന്നും, സുവിശേഷം ജാതികള്‍ക്ക് ആകര്‍ഷണീയമായി തോന്നുവാന്‍ വേണ്ടി അവന്‍ പ്രമാണങ്ങളെ നീക്കികളഞ്ഞു എന്നും യഹൂദ ക്രിസ്ത്യാനികള്‍ ആരോപിച്ചു. ഇത് പൌലൊസിനെതിരെ യഹൂദ ക്രിസ്ത്യാനികള്‍ നിരന്തരം, എല്ലായിടത്തും ഉന്നയിച്ച ആരോപണം ആയിരുന്നു. എന്നാല്‍ തന്‍റെ അപ്പോസ്തലത്വവും അവന്‍ പ്രസംഗിക്കുന്ന സുവിശേഷത്തിന്റെ ആധികാരികതയും പൌലൊസ് ലേഖനങ്ങളില്‍ ഉറപ്പിക്കുന്നുണ്ട്. ന്യായപ്രമാണം ഇല്ലാതെ, ദൈവകൃപയാല്‍, വിശ്വാസത്താല്‍ മാത്രം രക്ഷയും നീതീകരണവും ആണ് പൌലൊസ് പ്രസംഗിച്ചത്. ഇതാണ് ക്രിസ്തുവിലെ സ്വാതന്ത്ര്യം.

അതായത്, മോശെയുടെ ന്യായപ്രമാണത്തില്‍ നിന്നും, യഹൂദന്മാരുടെ ജീവിത രീതിയില്‍ നിന്നും, പരിച്ഛേദയില്‍ നിന്നും ഗലാത്യയിലേ ക്രിസ്തീയ വിശ്വാസികളെ മാറ്റിനിറുത്തുക എന്ന ഉദ്ദേശ്യത്തോടെ ആണ് പൌലൊസ് ഈ ലേഖനം എഴുതുന്നതു. ഈ ലേഖനത്തില്‍, യഹൂദന്മാര്‍ അല്ലാത്ത ക്രിസ്തീയ വിശ്വാസികളും അബ്രാഹാമിന്റെ മക്കള്‍ ആണ് എന്നാണ് പൌലൊസ് വാദിക്കുന്നത്. ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ടു:

യഹൂദന്മാരില്‍ നിന്നും, മോശെയുടെ ന്യായപ്രമാണത്തില്‍ നിന്നും, അകന്നു ജീവിക്കുന്നവര്‍ എന്തിന് വേണ്ടി ആണ് അബ്രാഹാമിനെ പിതാവായി കാണേണ്ടത്? ജാതീയരില്‍ നിന്നു വന്ന ക്രിസ്ത്യാനികള്‍ക്ക് സ്വാഭാവികമായും അബ്രാഹാമുമായി യാതൊരു ജഡപ്രകാരമുള്ള ബന്ധവും ഇല്ലല്ലോ? റോമര്‍ 8: 14 പ്രകാരം, “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” അതിനാല്‍, നമ്മള്‍ ദൈവത്തിന്റെ മക്കള്‍ ആയിരിക്കുന്നുവല്ലോ? പിന്നെ എന്തിനാണ് അബ്രാഹാമിന്റെ മക്കള്‍ എന്ന് വിളിക്കപ്പെടേണ്ടത്? ക്രിസ്തീയ വിശ്വാസികള്‍ക്കു അബ്രാഹാമുമായി എന്തു ബന്ധം ആണ് ഉള്ളത്? ക്രിസ്തീയ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു, എന്ന് പൌലൊസ് പറയുന്നതു എന്ത് അനുഗ്രഹത്തെക്കുറിച്ചാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാനുള്ള ഒരു ശ്രമമാണ് ഈ പഠനം.  

നമ്മള്‍ മുകളില്‍ വായിച്ച ഗലാത്യര്‍ക്കുള്ള ലേഖനത്തിലെ പൌലൊസിന്റെ വാക്കുകള്‍ക്ക് ഒരു പഴയനിയമ ചരിത്ര പശ്ചാത്തലം ഉണ്ട്. അവിടെ നിന്നുകൊണ്ടു ചിന്തിച്ചാല്‍ മാത്രമേ നമുക്ക് ഇതിന്‍റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കുവാന്‍ കഴിയൂ. പൌലൊസ് പറയുന്ന വാക്യത്തില്‍, “എന്നാൽ ദൈവം വിശ്വാസം മൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. (ഗലാത്യര്‍ 3:8). ഇത് എപ്പോഴാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത്. നമ്മളുടെ പഠനം അവിടെ ആരംഭിക്കാം.

ഉല്‍പ്പത്തി 12:3; 15:18; 22:18 എന്നീ വേദഭാഗങ്ങളില്‍ ദൈവം അബ്രാഹാമിനോടു ഒരു ഉടമ്പടി ചെയ്യുന്നതായി നമുക്ക് കാണാം. ഈ ഉടമ്പടിയെ നമ്മള്‍ അബ്രാഹാമിന്റെ ഉടമ്പടി എന്നാണ് വിളിക്കുന്നത്. ദൈവം മനുഷ്യരുമായി ചെയ്ത ഉടമ്പടികളുടെ അടിസ്ഥാനത്തില്‍, മനുഷ്യരുടെ വീണ്ടെടുപ്പിനായും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായും ഉള്ള ദൈവീക പദ്ധതിയെ പഠിക്കുന്ന രീതിയെ, ഉടമ്പടിയുടെ ദൈവശാസ്ത്രം അല്ലെങ്കില്‍, covenant theology എന്നു വിളിക്കാം. ഇത് ഒരു വ്യത്യസ്തമായതോ, വിപരീതമായതോ ആയ ദൈവശാത്രമല്ല, ഇതൊരു പഠന രീതി മാത്രം ആണ്. സാധാരണയായി നമ്മള്‍ ഉപയോഗിയ്ക്കുന്ന പഠന രീതിയെ dispensational theology എന്നാണ് വിളിക്കുന്നത്. ഇത് വേദപുസ്തക ചരിത്രത്തെ പ്രധാനമായും ഏഴ് യുഗങ്ങള്‍ ആയി തിരിച്ച്, ഓരോ യുഗത്തിനും അതിന്റെതായ ദൈവീക പ്രമാണങ്ങള്‍ ഉണ്ട് എന്ന അടിസ്ഥാന ചിന്തയില്‍ വേദപുസ്തകം പഠിക്കുന്ന രീതി ആണ്. മറ്റൊരു പ്രധാന പഠന രീതി ആണ് Kingdom theology അഥവാ ദൈവരാജ്യത്തിന്റെ ദൈവശാത്രം. ഓരോ പഠന രീതികള്‍ക്കും അതിന്റെതായ പരിമിതികള്‍ ഉണ്ട്. വേദപുസ്തകം ഗൌരവമായി പഠിക്കുന്ന ദൈവദാസന്‍മാര്‍ ഈ മൂന്നു രീതികളും ഒരേ സമയം സംയോജിപ്പിച്ച് പഠിക്കാറുണ്ട് എങ്കിലും, നിര്‍ഭാഗ്യവശാല്‍, മലയാളികള്‍ക്ക് യുഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന രീതി മാത്രമേ പരിചയമുള്ളൂ. അതിനാല്‍, കിണറ്റിലെ തവളയെപ്പോലെ നമ്മള്‍ ദൈവവചനം വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു.

നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വചനത്തെ മനസ്സിലാക്കുവാന്‍ ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന പഠന രീതി നമുക്ക് ആവശ്യമാണ്. അതിനെക്കുറിച്ച് വിശദമായി പറയുവാന്‍ ഇവിടെ തുനിയുന്നില്ല. ഇതിനും ചില പരിമിതികള്‍ ഉണ്ട് എങ്കിലും ചില ആത്മീയ മര്‍മ്മങ്ങള്‍ വിശദീകരിക്കുവാന്‍ അതിനു കഴിയും. ദൈവവും മനുഷ്യനുമായുള്ള ബന്ധം ആദി മുതല്‍ തന്നെ ഉടമ്പടികളുടെ ഭാഷയില്‍ ആണ് നിര്‍വചിക്കപ്പെട്ടിരുന്നത്. ദൈവം ആദമിനോട് കല്‍പ്പിച്ച കല്‍പ്പന നമുക്ക് ഉദാഹരണമായി എടുക്കാം.

 

ഉല്‍പ്പത്തി 2: 16, 17

16   യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.

17   എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

ഇതിന് ഒരു ഉടമ്പടിയുടെ പരിമിതമായ രൂപമെ ഉള്ളൂ. ദൈവം ആദമിനോടു വാഗ്ദാനം ചെയ്ത രക്ഷയുടെ സന്ദേശത്തെ നമ്മള്‍ proto gospel അഥവാ ആദ്യ സുവിശേഷം എന്നാണ് വിളിക്കുന്നത്. കാരണം അതില്‍ വിശദാംശങ്ങള്‍ വെളിപ്പെട്ടുകയോ, ഒരു വീണ്ടെടുപ്പ് പദ്ധതി ആരംഭിക്കുകയോ ചെയ്യുന്നില്ല. അതുപോലെ തന്നെ ദൈവം ആദമിനോടു അരുളിച്ചെയ്ത ആദ്യ ഉടമ്പടി സമ്പൂര്‍ണ്ണമായ ഒരു ഉടമ്പടി ആയിരുന്നില്ല. എങ്കിലും ആദാമിന്റെ ഉടമ്പടിയെ ആദ്യത്തെ ഉടമ്പടി എന്നു വിളിക്കുന്നവരും, അതിനെ അങ്ങനെ കണക്കാത്തവരും ഉണ്ട്. കൂടുതല്‍ ദൈവശാസ്ത്രജ്ഞന്മാരും ഒന്നാമത്തെ ഉടമ്പടി ആയി കണക്കാക്കുന്നത് അബ്രാഹാമിന്റെ ഉടമ്പടിയെ ആണ്.

ആദാമിന്റെ ഉടമ്പടിയ്ക്കും അബ്രാഹാമിന്റെ ഉടമ്പടിയ്ക്കും ഇടയില്‍ ആണ് നോഹയുടെ ഉടമ്പടി നിലവില്‍ വരുന്നത്. ദൈവം നോഹയുമായി ചെയ്ത ഉടമ്പടി ഒരു വാക്യത്തില്‍ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാം.

 

ഉല്‍പ്പത്തി 8: 22 ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

നോഹയുടെ ഉടമ്പടി സകല മനുഷ്യരോടും ജീവജാലങ്ങളോടും ദൈവം ചെയ്ത മാറ്റമില്ലാത്തത്തും ഭൂമിയുള്ള കാലത്തോളവും നിലനില്‍ക്കുന്നതുമായ ഉടമ്പടി ആണ്. ഈ ഉടമ്പടി ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നത്, ഉടമ്പടികള്‍ റദ്ദാക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണ്. എന്നാല്‍ നോഹയുടെ ഉടമ്പടി മനുഷ്യന്റെ വീണ്ടെടുപ്പ് പദ്ധതിയുടെ ആരംഭം അല്ല.   

ആദമിനോടു ദൈവം അരുളിച്ചെയ്ത, സ്ത്രീയുടെ സന്തതി പിശാചിന്റെ തല തകര്‍ക്കും എന്ന വാഗ്ദത്തത്തിന്റെ നിവര്‍ത്തിക്കയുള്ള പദ്ധതി ആരംഭിക്കുന്നത് അബ്രാഹാമിലാണ്. മനുഷ്യരുടെ വീണ്ടെപ്പിന്റെയും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെയും ദൈവീക പദ്ധതി പ്രാവര്‍ത്തികമാകുവാന്‍ തുടങ്ങുന്നത് അബ്രാഹാമില്‍ ആണ്. നമ്മള്‍ മുകളില്‍ വായിച്ച ലേഖനത്തിലെ വാക്യം നമ്മളെ ഈ പദ്ധതിയിലേക്കും, അത് നിവര്‍ത്തിക്കുവാനായി ദൈവം തിരഞ്ഞെടുത്ത അബ്രാഹാമിലേക്കും ആണ് ബന്ധിപ്പിക്കുന്നത്. അതായത്, രക്ഷയും, നീതീകരണവും, വിശുദ്ധീകരണവും, തേജസ്കരണവും, ദൈവരാജ്യത്തിന്റെ അവകാശവും എല്ലാം അബ്രാഹാമുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് ദൈവം ഒരു ഉടമ്പടിയിലൂടെ ആണ് എന്നേക്കും ഉറപ്പിച്ചിരിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഉടമ്പടികള്‍ ഒരിയ്ക്കലും, ഉടമ്പടി ചെയ്തവരുടെ മരണത്താല്‍ അല്ലാതെ വ്യത്യാസപ്പെടുകയോ, റദ്ദാക്കപ്പെടുകയോ ചെയ്യില്ല. അതുകൊണ്ടാണ് പുതിയനിയമ വിശ്വാസികള്‍ ആയ നമ്മള്‍ക്ക് അബ്രാഹാമിന്റെ ഉടമ്പടിയുമായി ബന്ധപ്പെട്ട് ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയുന്നത്.

ഉല്‍പ്പത്തി 12 ആം അദ്ധ്യായത്തില്‍ ദൈവം അബ്രാഹാമിനെ വീണ്ടെടുപ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കുകയും അവനെ വിളിക്കുകയും ചെയ്യുന്നു. അവിടെ ദൈവം അബ്രഹാമുമായി ദൈവീക ഉടമ്പടി പ്രഖ്യാപിക്കുന്നു. എപ്പോഴും ഉയര്‍ന്നവന്‍ ആണ് ഉടമ്പടി പ്രഖ്യാപിക്കുന്നത്, എന്നതിനാല്‍ ദൈവം തന്നെ ഉടമ്പടി പ്രഖ്യാപിക്കുക ആണ്. താഴ്ന്നവന്‍ അത് സ്വീകരിക്കുമ്പോള്‍ ഉടമ്പടി നിലവില്‍ വരും.

ഇനി നമ്മള്‍ മുന്നോട്ട് പോകുന്നതിനു മുമ്പ്, ലോകത്ത് നിലവില്‍ ഇരുന്ന സൂസെറെന്‍റി ഉടമ്പടികളെക്കുറിച്ച് (suzerainty) അല്പ്പം മനസ്സിലാക്കാം. സൂസെറെന്‍റി എന്നത് രണ്ടോ അതില്‍ അധികമോ, രാജ്യങ്ങളോ വ്യക്തികളോ തമ്മിലുള്ള ഒരു ബന്ധം ആണ്. ഈ ഉടമ്പടി ഒരു വലിയ ശക്തനായ രാജാവും അല്ലെങ്കില്‍ രാജ്യവും അവന് കപ്പം കൊടുക്കുന്ന ചെറിയ ഒരു ആശ്രിത രാജ്യവുമായുള്ള ബന്ധമാണ്. ഈ ചെറിയ രാജ്യം വലിയ രാജ്യത്തിന്റെ കീഴില്‍ ആണ്. എങ്കിലും ചെറിയ രാജ്യത്തിന് പരിമിതമായ സ്വയംഭരണാധികാരം ഉണ്ടായിരിക്കും. എന്നാല്‍ അതിന്റെ വിദേശകാര്യ നയങ്ങള്‍ നിയന്ത്രിക്കുന്നത് വലിയ രാജ്യം ആയിരിയ്ക്കും. അതായത് ചെറിയ രാജ്യം സ്വതന്ത്രമാണ് എങ്കിലും നിയന്ത്രിതമായ അധികാരമേ കാണു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ നിഴല്‍ നമുക്ക് ഇത്തരം സൂസെറെന്‍റി ഉടമ്പടികളില്‍ കാണാം.

സൂസെറെന്‍റി ഉടമ്പടി രാജാക്കന്മാരുടെ കാലത്തിനു മുമ്പും പിമ്പും മദ്ധ്യപൂര്‍വ്വദേശങ്ങളിലും, മറ്റ് പല പ്രദേശങ്ങളിലും നിലവില്‍ ഉണ്ടായിരുന്നു. ഇന്നും ചില രാജ്യങ്ങള്‍ തമ്മില്‍ ദൃശ്യമായോ അദൃശ്യമായോ ഇത്തരം ഉടമ്പടി കള്‍ ഉണ്ട്. യിസ്രായേല്‍ പലപ്പോഴും പല സാമ്രാജ്യങ്ങളുടെയും ആശ്രിത രാജ്യമായിരുന്നിട്ടുണ്ട്.

ഉടമ്പടി പ്രഖ്യാപിക്കുന്നതിനും അത് നടപ്പില്‍ വരുത്തുന്നതിനും ചില നിബന്ധനകളും കീഴ് വഴക്കങ്ങളും ഉണ്ട്. എങ്കിലും എല്ലായിപ്പോഴും എല്ലാ കീഴ് വഴക്കങ്ങളും പാലിക്കേണം എന്നില്ല. കീഴ് വഴക്കങ്ങള്‍ എല്ലാം കൃത്യമായും, ഒന്നു കഴിഞ്ഞു രണ്ടാമത്തേത് എന്ന ക്രമത്തിലും പാലിക്കേണം എന്നും ഇല്ല. പുതിയനിയമ ഉടമ്പടിയില്‍ കീഴ് വഴക്കങ്ങള്‍ ക്രമമായി പാലിക്കുന്നില്ല എന്നത് ഒരു ഉദാഹരണം ആണ്.

സൂസെറെന്‍റി ഉടമ്പടിയുടെ നിബന്ധനകള്‍ പ്രഖ്യാപിക്കുന്നത് ഒരു മുഖവുരയോടെ ആണ്. ഇതില്‍, ആദ്യം സൂസെറിന്‍ അഥവാ യജമാനനായ രാജ്യം ആരാണ് എന്ന് വ്യക്തമായി പറയും. അതിനു ശേഷം, സൂസെറിന്‍ രാജാവും ആശ്രിത രാജ്യവും തമ്മിലുള്ള ബന്ധവും ഇവിടെ നിര്‍വചിക്കപ്പെടും. കഴിഞ്ഞ നാളുകളില്‍ വലിയ രാജാവ്, ആശ്രിത രാജ്യത്തിന് വേണ്ടി ചെയ്ത നല്ലകാര്യങ്ങളെ വിവരിക്കും. ഇത് അദ്ദേഹം. അധികാരി ആയിരുന്നു എങ്കിലും, ആശ്രിത രാജ്യത്തോട് കൃപയോടേയും കരുണയോടെയും പെരുമാറി എന്ന് കാണിക്കുവാന്‍ വേണ്ടി ആണ്. കഴിഞ്ഞ നാളുകളില്‍ സൂസെറിന്‍ എന്ന വലിയ രാജ്യം, ആശ്രിത രാജ്യത്തെ കരുണയോടെ കരുതിയതിനാല്‍, ഇനി പറയുന്ന ഉടമ്പടിയിലെ വ്യവസ്ഥകളും ആശ്രിത രാജ്യം അംഗീകരിക്കേണം. ഇത് സൂസെറിന്‍ രാജാവിന്റെ അധികാരത്തെ അംഗീകരിക്കുക എന്നതാന്. അദ്ദേഹത്തിന്റെ കരുണ തുടര്‍ന്നും ലഭിക്കുവാന്‍ ഇത് ആവശ്യമാണ്.

ഇവിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെപ്പോലെ ആണ് വിവരിക്കപ്പെടുന്നത്. ഇതിന് ശേഷം, ഉടമ്പടിയിലെ വ്യവസ്ഥകള്‍ വിവരിക്കും. ഇതില്‍, ആശ്രിത രാജ്യം പാലിക്കേണ്ടുന്ന നിബന്ധനകള്‍, കൊടുക്കേണ്ടുന്ന കപ്പം അല്ലെങ്കില്‍ നികുതി, അനുസരിക്കേണ്ടുന്ന മറ്റ് നിയമങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകും. ഹിത്യരുടെ ഇടയിലെ സൂസെറിന്‍ ഉടമ്പടിയുടെ രീതി പ്രകാരം, ഉടമ്പടിയുടെ രണ്ടു പകര്‍പ്പ് ഉണ്ടാക്കുകയും, അത് കാലാകാലങ്ങളില്‍ ആശ്രിത രാജ്യത്ത് ഉടനീളം വിളംബരം ചെയ്യുകയും വേണം. ഇതിലൂടെ സൂസെറിന്‍ രാജാവിനോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കേണം. ആശ്രിത രാജ്യത്തിലെ അധികാരി മാത്രമല്ല, സകല ജനവും ഉടമ്പടിയ്ക്കു കീഴില്‍ ആണ് എന്ന ധ്വനിയും ഇതില്‍ ഉണ്ട്. ഉടമ്പടിയ്ക്കു സ്വര്‍ഗ്ഗീയമായതും മാനുഷികമായതും ആയ സാക്ഷികള്‍ ഉണ്ടായിരിക്കേണം. അതായത് സ്വര്‍ഗ്ഗത്തെയും മനുഷ്യരെയും സാക്ഷി നിറുത്തി ആണ് ഉടമ്പടി പ്രഖ്യാപിക്കുന്നത്. ഈ സാക്ഷികള്‍, ഉടമ്പടിയുടെ വിശ്വസ്തമായ നിവൃത്തി വീക്ഷിച്ചുകൊണ്ടിരിക്കും. ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളും ലംഘിച്ചാല്‍ ലഭിച്ചേക്കാവുന്ന ശാപവും വ്യവസ്ഥകളിലെ പ്രധാന ഭാഗം ആണ്. അനുഗ്രഹങ്ങളും ശാപവും സ്വര്‍ഗ്ഗീയമായ സാക്ഷിയില്‍ നിന്നും ആണ് ആശ്രിത രാജ്യത്തിന് ലഭിക്കുക. ഇതിന് ശേഷം ഒരു മൃഗത്തെ കൊല്ലുകയും അതിനെ ഒത്ത നടുവെ രണ്ടായി പിളര്‍ക്കുകയും ചെയ്യും. അതിന്റെ മാസത്തിന്റെ പിളര്‍പ്പ് രണ്ടു വശത്തായി നിരത്തി വെക്കും. നടുവില്‍ ഒരു വ്യക്തിക്ക് നടന്നുപോകാവുന്ന സ്ഥലം ഉണ്ടായിരിക്കും. ഇതിലൂടെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട രണ്ടുകൂട്ടരും, മൃഗത്തിന്‍റെ രക്തത്തില്‍ ചവുട്ടികൊണ്ടു നിരന്ന് നടക്കും. ഉടമ്പടി ലംഘിച്ചാല്‍ ഈ മൃഗത്തിന്റെ അന്ത്യം ലംഘകന് ഉണ്ടാകട്ടെ എന്ന് അവര്‍ ഏറ്റുപറയും. ശേഷം, മൃഗത്തിന്റെ മാസം പാചകം ചെയ്തു ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഭക്ഷിക്കും. ഇത് ഉടമ്പടിയിലുള്ള ഇരുകൂട്ടരുടെയും പങ്കാളിത്തത്തെ കാണിക്കുന്നു. അവര്‍ പിരിയുന്നതിന് മുമ്പേ, ഉടമ്പടി ചെയ്ത സ്ഥലത്ത് ഒരു അടയാളം വെക്കുകയും പതിവായിരുന്നു. ഒന്നുകില്‍ ഒരു വൃക്ഷമോ, കല്‍കൂമ്പാരമോ, ഒരു കല്ല് തന്നെയോ അടയാളമായി സ്ഥാപിക്കും. ഇത്തരം അടയാളങ്ങള്‍, അന്ന് എല്ലാ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നിടത്തും സ്ഥാപിക്കുമായിരുന്നു. ഉടമ്പടിയ്ക്കു മാത്രം ആയിരുന്നില്ല. ഇതെല്ലാം ആയിരുന്നു സൂസെറിന്‍ ഉടമ്പടിയുടെ ആചാരങ്ങള്‍.  

ഇത്തരം സൂസെറെന്‍റി ഉടമ്പടിയുടെ രീതിയില്‍ ആണ് ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള എല്ലാ ഉടമ്പടിയും നിലവില്‍ ഉള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉടമ്പടി ബന്ധമായാണ് ദൈവം നിര്‍വചിച്ചിട്ടുള്ളത്. അത് മനുഷ്യനു മനസ്സിലാകുന്ന ഒരു ഭാഷയിലുള്ള ദൈവീക വെളിപ്പെടുത്തല്‍ ആണ്. മോശെയുടെ ഉടമ്പടിയും പുതിയ നിയമ ഉടമ്പടിയും ഈ രീതിയില്‍ തന്നെ ആണ് ക്രമീകരിച്ചിട്ടുള്ളത്.

അബ്രാഹാമും ദൈവവും തമ്മിലുള്ള ഉടമ്പടി ആദ്യം പ്രഖ്യാപിക്കപ്പെടുന്നത് ഉല്‍പ്പത്തി 12 ആം അദ്ധ്യായത്തില്‍ ആയിരുന്നു എന്നു നമ്മള്‍ പറഞ്ഞുകഴിഞ്ഞല്ലോ. ഇത് അബ്രഹാം എന്ന ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള ഉടമ്പടി ആയിരുന്നില്ല; തിരഞ്ഞെടുക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്ന സകല മനുഷ്യരും ദൈവവും തമ്മിലുള്ള ഉടമ്പടി ആയിരുന്നു. അപ്പോഴും ആദാമിന്റെ ഉടമ്പടിയും നോഹയുടെ ഉടമ്പടിയും റദ്ദാക്കപ്പെട്ടില്ല എന്നു ഓര്‍ക്കേണം. കാരണം ഉടമ്പടികല്‍ ഒരിയ്ക്കലും അതിന്റെ നിവൃത്തിയ്ക്ക് മുമ്പ് റദ്ദാക്കപ്പെടുന്നില്ല. ദൈവം ഉടമ്പടി പ്രഖ്യാപിക്കുകയും അബ്രഹാം അത് സ്വീകരിക്കുകയും ചെയ്തപ്പോള്‍ തന്നെ അത് നിലവില്‍ വന്നു. ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തതു ഇതൊക്കെ ആണ്:

 

ഉല്‍പ്പത്തി 12: 2,3

   ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

 3   നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

4 ആം വാക്യത്തില്‍, “യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു;” എന്നു പറയുമ്പോള്‍ അബ്രഹാം ഉടമ്പടി നിബന്ധനകള്‍ അംഗീകരിച്ചു എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. അബ്രാഹാമിന്റെ ഉടമ്പടി മനസ്സിലാക്കുവാന്‍ ഇനിയും നമ്മള്‍ അവനോടൊപ്പം തുടര്‍ന്നും യാത്ര ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ അതിനു മുമ്പ്, ദൈവം അരുളിച്ചെയ്ത ഉടമ്പടിയിലെ വ്യ്വസ്ഥകള്‍ എന്തെല്ലാം ആയിരുന്നു എന്നു നോക്കാം.

ദൈവം അബ്രാഹാമിനോടു പറഞ്ഞു: ഞാന്‍ നിന്നെ വലിയ ഒരു ജാതി ആക്കും. അതായത് വലിയ ഒരു രാജ്യമൊ, ജനസമൂഹമോ, ഒരു പ്രത്യേക വംശമോ ആക്കും. ഒരു സന്തതിപ്പോലും ഇല്ലാത്ത അബ്രാഹാമിനോടു ആണ്, അവനെ ഒരു വലിയ ജനസമൂഹം ആക്കും എന്നു ദൈവം പറയുന്നതു. ഇതില്‍ അവന് അനേകം സന്തതി പരമ്പരകള്‍ ജനിക്കും എന്ന മര്‍മ്മം ഉണ്ട്. ഇതില്‍ രണ്ടാമതൊരു വാഗ്ദത്തവും കൂടി ഉണ്ട്. ഒരു രാജ്യമായി അവന്‍ മാറേണം എങ്കില്‍, അവന് ദേശം അവകാശമായി ലഭിക്കേണം. ഇപ്പോള്‍ അവന്‍ സ്വന്ത ദേശം വിട്ട്, നാടോടിയും പരദേശിയും ആയി അന്യരാജ്യങ്ങളിലൂടെ യാത്രചെയ്യുക ആണ്. ദൈവം പറഞ്ഞു, അവന്‍ അബ്രാഹാമിന് ഒരു ദേശത്തെ കൊടുക്കും. അവിടെ അവന്‍ രാജ്യം സ്ഥാപിക്കും. അവന് സന്തതി പരമ്പരകള്‍ ഉണ്ടാകും. അവര്‍ ഒരു വലിയ ജനസമൂഹവും രാജ്യവും വശവും ആയിത്തീരും. ദൈവം അബ്രാഹാമിനെ അനുഗ്രഹിച്ച്, അവന്റെ പേര്‍ വലുതാകും എന്നതിനെയും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിയ്ക്കാം. മൂന്നാമത്തെ വാഗ്ദത്തം, അവനുള്ള ദൈവീക സംരക്ഷണം ആണ്. “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും: എന്ന വാഗ്ദത്തത്തിലൂടെ ദൈവം അര്‍ത്ഥമാക്കുന്നത് ദൈവീക സംരക്ഷണം ആണ്. ഏകനായി, ബന്ധുക്കളും സ്നേഹിതരും ഇല്ലാതെ അന്യദേശത്തേക്ക് യാത്ര പുറപ്പെടുന്ന ഒരുവന്, അക്കാലത്ത്, ദൈവീക സംരക്ഷണം അത്യാവശ്യമായിരുന്നു. അത് ദൈവം വാഗ്ദത്തം ചെയ്തു. ഇത് നമുക്ക് പലപ്രാവശ്യം അബ്രാഹാമിന്‍റെ ജീവിതത്തില്‍ നിവൃത്തിക്കപ്പെടുന്നത് കാണാം. നാലാമത്തെ വാഗ്ദത്തം,അവന്‍ ഭൂമിയിലെ സകല ജാതികള്‍ക്കും, രാജ്യങ്ങള്‍ക്കും, വംശങ്ങള്‍ക്കും ഒരു അനുഗ്രഹം ആയിരിയ്ക്കും. അവനിലൂടെ ഭൂമിയിലെ സകല മനുഷ്യരും അനുഗ്രഹിക്കപ്പെടും. അതായത്, അബ്രാഹാമിന്റെ ഉടമ്പടിയില്‍ വാഗ്ദത്തം ചെയ്തത് നാല് കാര്യങ്ങള്‍ ആണ്: സന്തതി, അനുഗ്രഹിക്കപ്പെട്ട ദേശം, ദൈവീക സംരക്ഷണം, സകല മനുഷ്യ വംശങ്ങള്‍ക്കും കൂടി അനുഗ്രഹം ആയിത്തീരുക.

ദൈവം അബ്രാഹാമിന് കൊടുത്ത വാഗ്ദത്തം ദൈവം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുന്നതിന്റെ രേഖ ഉല്‍പ്പത്തി  പുസ്തകത്തില്‍ ഉണ്ട്. ഇതില്‍ രണ്ടു സന്ദര്‍ഭങ്ങളെ കുറിച്ച് അല്പ്പം ചിന്തിക്കാം എന്നു കരുതുന്നു.

ഉല്‍പ്പത്തി 15 ആം അദ്ധ്യായത്തില്‍ ദൈവം വീണ്ടും അബ്രാഹാമിന് പ്രത്യക്ഷന്‍ ആയി. ദൈവം അവനെ കൂടാരത്തിന് പുറത്തേക്ക് കൊണ്ടുപോയി, എണ്ണിതീരുവാന്‍ കഴിയാത്ത നക്ഷത്രങ്ങളെ കാണിച്ചുകൊടുത്തു. എന്നിട്ട്, ദൈവം ഉല്‍പ്പത്തി 12 ല്‍ പറഞ്ഞ വാഗദത്തം വീണ്ടും ആവര്‍ത്തിച്ചു: നിന്റെ സന്തതി ഇങ്ങനെ വര്‍ദ്ധിച്ചുവരും എന്നും അവനോടു കല്പിച്ചു.” (ഉല്‍പ്പത്തി 15:5). അബ്രഹാം അത് വിശ്വസിച്ചു. അല്ലെങ്കില്‍ അത് പറഞ്ഞ ദൈവത്തില്‍ വിശ്വസിച്ചു. ഇവിടെ ആണ് നമ്മള്‍ മര്‍മ്മ പ്രധാനമായ ഒരു വാക്യം വായിക്കുന്നത്: “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്‍പ്പത്തി 15:6). ഒരു സന്തതി ഇല്ലാത്ത വൃദ്ധനായ അബ്രഹാം വിശ്വസിച്ചു, അവന് എണ്ണുവാന്‍ കഴിയാത്തവണ്ണം സന്തതികള്‍ ജനിക്കും.

അതിനുശേഷം, മുമ്പ് അരുളിച്ചെയ്ത ഉടമ്പടിയിലെ വാഗ്ദത്തം കൂടുതല്‍ ഉറപ്പിക്കുവാനായി, ഉടമ്പടി വ്യവസ്ഥയിലെ ഒരു ആചാരം കൂടെ ക്രമീകരിക്കുവാന്‍ ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു. ദൈവം അബ്രാഹാമിനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. (15:9). അബ്രഹാം ഇതെല്ലാം കൊണ്ടുവന്നു, സൂസെറെന്‍റി ഉടമ്പടിയുടെ ആചാരപ്രകാരം മൃഗത്തെ രണ്ടായി പിളര്‍ന്ന്, ഇരുവശത്തുമായി വച്ചു. പിളര്‍പ്പുകള്‍ക്ക് നടുവില്‍ നടക്കുവാനുള്ള സ്ഥലവും ക്രമീകരിച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല, കാരണം അത് ആചാരത്തില്‍ ഉണ്ടായിരുന്നില്ല. അസ്തമിച്ചു ഇരുട്ടായശേഷം, ദൈവം ഒരു തീച്ചൂളയായി, ഒരു ജ്വലിക്കുന്ന പന്തമായി, മൃഗങ്ങളുടെ മാസത്തിന്റെ പിളര്‍പ്പുകള്‍ക്ക് നടുവിലൂടെ കടന്നുപോയി. ശേഷം ദൈവം അബ്രാഹാമുമായി വീണ്ടും ഉടമ്പടി ഉറപ്പിച്ചു:   

 

ഉല്‍പ്പത്തി 15 : 18, 19  

18    അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

19    കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,

20   പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ,

21    കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

ഇവിടെ ദൈവം പറയുന്നതെല്ലാം ഭൌതീകമായ ദേശത്തെക്കുറിച്ചാണ്. അതിന്‍റെ അതിരുകള്‍ ദൈവം ഉറപ്പിക്കുക ആണ്. ഉടമ്പടിയ്ക്കു കൂടുതല്‍ കൃത്യത ഉണ്ടാകുക ആണ്. ഉടമ്പടിയുടെ മാറ്റമില്ലാത്ത ഉറപ്പാണ് നമ്മള്‍ ഇവിടെ കാണുന്നത്.  

ഇനി നമുക്ക് ഉല്‍പ്പത്തി 22 ആം അദ്ധ്യായത്തിലേക്ക് പോകാം. അവിടെ ദൈവം അബ്രാഹാമിനോടു, അവന്റെ മകനായ യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അബ്രഹാം യിസ്ഹാക്കിനെ കൊല്ലുവാന്‍ കത്തി എടുത്തപ്പോള്‍, ദൈവം അവനെ തടഞ്ഞു. അബ്രഹാം, യിസ്ഹാക്കിന് പകരക്കാരനായും, പ്രതിനിധിയായും ഒരു ആട്ടുകൊറ്റനെ ഹോമയാഗം കഴിച്ചു. അതിനുശേഷം ദൈവം അബ്രാഹാമുമായി ഉടമ്പടി ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. ദൈവം അരുളിച്ചെയ്തു:

 

ഉല്‍പ്പത്തി 22: 17, 18

17   ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.

18   നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

ദൈവം അരുളിച്ചെയ്തതു ഇതെല്ലാം ആണ്: അബ്രഹാം ഐശ്വര്യമായി അനുഗ്രഹിക്കപ്പെടും. അവന്റെ സന്തതി നക്ഷത്രങ്ങള്‍ പോലെയും മണല്‍ത്തരികള്‍ പോലെയും എണ്ണികൂടാതെ വണ്ണം വര്‍ദ്ധിക്കും. അവര്‍ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. ഭൂമിയിലുള്ള സകലജാതികളും അബ്രഹാം മുഖാന്തിരം അനുഗ്രഹിക്കപ്പെടും.

 

ദൈവം അബ്രാഹാമും ആയി ചെയ്ത ഉടമ്പടിയിലെ ഏകദേശം എല്ലാ വാഗ്ദത്തങ്ങളും ഭൌതീക അനുഗ്രഹങ്ങള്‍ ആണ്. ഉല്‍പ്പത്തി 12 ലും 22 ലും “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: എന്നതും, “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നതും മാത്രമേ ഭൌതീക തലത്തില്‍ അബ്രഹാം അനുഭവിക്കാതെ ഇരുന്നുള്ളൂ. ഇതൊഴികെ, ഉടമ്പടിയിലെ വാഗ്ദത്തങ്ങള്‍ എല്ലാം അബ്രഹാം തന്റെ ജീവിതത്തില്‍ അനുഭവിച്ചു. അവന് യിസ്ഹാക്കിനെ മകനായി ലഭിച്ചു; കാനാന്‍ ദേശത്ത് എത്തി, അവിടെ താമസിച്ചു; അവന്‍ വളരെയധികം അനുഗ്രഹിക്കപ്പെട്ടു. അവനെക്കുറിച്ചുള്ള ഭയം മറ്റുള്ളവരുടെമേല്‍ ഉണ്ടായി. എന്നാല്‍, അവസാനത്തെ വാഗ്ദത്തമായ, അവനിലൂടെ ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നത് ഭാവിയില്‍ നിവൃത്തിക്കുവാന്‍ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. 

നമ്മള്‍ ഇത്രയും വിശദമായി അബ്രാഹാമിന്റെ ഉടമ്പടിയെക്കുറിച്ച് ചിന്തിച്ചത്, അതിലെ വാഗ്ദത്തങ്ങളും അതിന്റെ മാറ്റമില്ലാത്ത അവസ്ഥയും മനസ്സിലാക്കുവാന്‍ വേണ്ടി ആണ്. എന്നാല്‍, ഉടമ്പടി വാഗ്ദത്തങ്ങളെക്കുറിച്ചുള്ള അബ്രാഹാമിന്റെ കാഴ്ചപ്പാട് നമ്മള്‍ സാധാരണയായി ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തം ആയിരുന്നു. വാഗ്ദത്തങ്ങള്‍ ഭൌതീകതയില്‍ ഒതുങ്ങുന്നില്ല എന്ന ആത്മീയ കാഴ്ചപ്പാട് അബ്രാഹാമിന് ഉണ്ടായിരുന്നു. അബ്രഹാം വാഗ്ദത്തങ്ങള്‍ എല്ലാം ഭൌതീക തലത്തില്‍ അനുഭവിച്ചപ്പോള്‍ തന്നെ, ഇതിനുമപ്പുറം സ്വര്‍ഗ്ഗീയമായ ഒരു നിവര്‍ത്തി കൂടെ ഉണ്ട് എന്നും, അത് ഭാവിയില്‍ നിവര്‍ത്തിക്കപ്പെടും എന്നും, ഭൌതീകം വെറും നിഴലും, സ്വര്‍ഗീയം പൊരുളും ആണ് എന്നും അവന്‍ മനസ്സിലാക്കി, അതിനായി പ്രത്യാശയോടെ ജീവിച്ചു.

അബ്രാഹാമിന്റെ ഉടമ്പടിയിലെ വാഗ്ദത്തങ്ങള്‍ക്ക് രണ്ടു തലങ്ങള്‍ ഉണ്ടായിരുന്നു. ഒന്നു ഭൌതീകവും രണ്ടാമത്തേത്, ആത്മീയവും. അതിനെക്കുറിച്ചാണ് നമ്മള്‍ എബ്രായര്‍ക്ക് എഴുതിയ ലേഖനം 11 ആം അദ്ധ്യായത്തില്‍ വായിക്കുന്നത്. 9, 10 വാക്യങ്ങള്‍ പറയുന്നു:


9    വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

10   ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

അതായത്, വാഗ്ദത്തങ്ങള്‍ ഭൌതീക തലത്തില്‍ നിവൃത്തിക്കപ്പെട്ടപ്പോഴും, അബ്രഹാം, മറ്റൊരു ദേശത്തിനായും, മറ്റൊരു നിവൃത്തിക്കായും കാത്തിരുന്നു. ഇതില്‍, ഭൌതീക തലത്തിലെ നിവൃത്തിയാണ്, യിസ്രായേല്‍ ദേശവും, യിസ്രായേല്‍ ജനതയും, അവരുടെ ഭൌതീക അനുഗ്രഹങ്ങളും. ആത്മീയ തലത്തിന്റെ നിവൃത്തിയാണ്, യേശു എന്ന സന്തതിയും, യേശുക്രിസ്തുവിന്റെ സഭയും, ഇനിയും കൈവശമാക്കുവാന്‍ ഇരിക്കുന്ന ദൈവരാജ്യവും.

അതായത്, ദൈവം അബ്രഹമിനോട് ചെയ്ത ഉടമ്പടി നിത്യമാണ്. അത് പഴയനിയമ കാലത്തെ യിസ്രായേല്‍ ജനത്തോട് മാത്രം ഉള്ളത് ആയിരുന്നില്ല. അത് സകല മാനവ ജാതികളോടും ഉള്ളതായിരുന്നു. അബ്രാഹാമിന്റെ ഉടമ്പടി, അതിനു ശേഷമുള്ള മനുഷ്യരുടെ ചരിത്രത്തെ എല്ലാം സ്വാധീനിച്ചിട്ടുണ്ടു. വേദപുസ്തകത്ത്തില്‍ എല്ലായിടത്തും ഇതിനെ നിത്യമായ ഉടമ്പടി ആയിട്ടാണ് കാണുന്നത്.

 

ഉല്‍പ്പത്തി 17 : 7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.

ഈ സന്തതി ആരാണ്? യിസ്രായേല്‍ ജനം മാത്രമാണോ? അബ്രാഹാമിന്റെ സന്തതിയില്‍ പുതിയനിയമ സഭയും ഉള്‍പ്പെടുമോ? ഉള്‍പ്പെടും എന്നുണ്ടെങ്കില്‍, നമ്മളും അബ്രാഹാമിന്റെ ഉടമ്പടിയുടെ അവകാശികള്‍ ആകുമോ? അതായത്, അബ്രാഹാമിന്റെ ഉടമ്പടി ഇപ്പൊഴും നിലവില്‍ ഉണ്ടോ? ഇതെല്ലാം ആണ് നമ്മള്‍ ഈ സന്ദേശത്തിന്റെ ആരംഭത്തില്‍ വായിച്ച വാക്യങ്ങളില്‍ പൌലൊസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

യോഹന്നാന്‍ സ്നാപകന്‍ മാനസാന്തര സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കെ, അവിടെ വന്ന പരീശന്മാരെയും സദൂക്യരെയും കണ്ടപ്പോള്‍, അവന്‍ പറഞ്ഞ വാക്കുകള്‍ കൂടി വായിച്ചുകൊണ്ടു മുന്നോട്ട് പോകാം.

 

മത്തായി 3: 9 അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽനിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

യോഹന്നാന്‍ ഒരു പഴയ സംഭവത്തിലേക്ക് അവരുടെ ശ്രദ്ധയെ തിരിക്കുക ആണ്. യിസ്രായേല്‍ മരുഭൂമി വാസ കാലത്തിന്റെ അവസാനം, യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ കടന്നു കഴിഞ്ഞപ്പോള്‍, നദിയില്‍ നിന്നും 12 കല്ലുകള്‍ പെറുക്കി എടുക്കുവാന്‍ അവന്‍ യിസ്രായേലിലെ ഗോത്രപിതാക്കന്മാരോടു കല്‍പ്പിച്ചു. അത്, യോര്‍ദ്ദാന്‍ നദിയെ ദൈവം അവര്‍ക്കായി രണ്ടായി പിരിച്ചു, അതിന്‍റെ മദ്ധ്യേ വഴി ഒരുക്കി എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി, അവര്‍ എന്നേക്കും സൂക്ഷിക്കേണം എന്നു യോശുവ പറഞ്ഞു. അതേ, യോര്‍ദ്ദാന്‍ നദിയില്‍, അതേ സ്ഥലത്തു നിന്നുകൊണ്ടാണ് യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞത് ദൈവത്തിന് ഈ കല്ലുകളില്‍ നിന്നും അബ്രാഹാമിന് സന്തതിയെ ഉളവാക്കുവാന്‍ കഴിയും. യോര്‍ദ്ദാനിലെ കല്ലുകള്‍ പെറുക്കിയ യിസ്രായേല്‍ ജനം, വാഗ്ദത്ത ദേശം കൈവശമാക്കി. അതേ യോര്‍ദ്ദനിലെ കല്ലുകളില്‍ നിന്നും  ഉളവാക്കപ്പെട്ടത് പോലെ ദൈവം ഉളവാക്കിയ ക്രിസ്തുവിന്റെ സഭയും ഒരു വാഗ്ദത്ത ദേശം കൈവശമാക്കും. യിസ്രായേലിനെ അത് ഭൌതീക ദേശം ആയിരുന്നപ്പോള്‍, ക്രിസ്തുവിന്റെ സഭയ്ക്ക് അത് ആത്മീയ ദേശമാണ്. അതായത് അബ്രാഹാമിന്റെ സന്തതി യിസ്രായേല്‍ ജനം മാത്രം അല്ല, ദൈവം ഒന്നുമില്ലായ്മയില്‍ നിന്നും ഉളവാക്കപ്പെടുന്ന  ക്രിസ്തുവിന്റെ സഭയും കൂടി ആണ്. ഇരുവര്‍ക്കും അബ്രാഹാമാണ് പിതാവ്, അബ്രാഹാമിന്റെ ഉടമ്പടി ആണ് വാഗ്ദത്തം. അബ്രാഹാമിന് യിസ്ഹാക്കും യിസ്രായേല്‍ ജനമെല്ലാവരും സന്തതികള്‍ ആയിരിക്കുന്നതുപോലെ, ആത്മീയ തലത്തില്‍ യേശുക്രിസ്തുവും അവന്റെ സഭയും സന്തതികള്‍ ആകും. ഈ മര്‍മ്മം ആണ് പൌലൊസ് പറയുന്നതു. 

അതായത്, പുരാതന ഉടമ്പടികള്‍ യാതൊന്നും റദ്ദാക്കപ്പെടാറില്ല എന്നതുപോലെ തന്നെ,  അബ്രഹാമിന്റെ ഉടമ്പടി ഒരിക്കലും ഇല്ലാതാകില്ല. ഇത് പൗലോസ്‌ ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍, മറ്റൊരു ഭാഗത്ത്, വ്യക്തമാക്കിയിട്ടുണ്ട്.

 

ഗലാത്യര്‍ 3 : 17  ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.

 

ഇവിടെ മോശെയുടെ ഉടമ്പടിയ്ക്കും 430 ആണ്ടിന് മുമ്പ് ഉണ്ടായിരുന്ന ഒരു ഉടമ്പടിയെക്കുറിച്ചാണ് പറയുന്നതു. അത് അബ്രാഹാമിന്റെ ഉടമ്പടി ആണ്. മോശെയുടെ ഉടമ്പടി അബ്രാഹാമിന്റെ ഉടമ്പടിയെ റദ്ദാക്കുന്നില്ല എന്നാണ് പൌലൊസ് പറയുന്നത്.  അതായത് അബ്രാഹാമിന്റെ ഉടമ്പടി, നിത്യമാണ്. അതിനാല്‍ ആണ് നമ്മള്‍ അബ്രാഹാമിന്റെ ഉടമ്പടി പ്രകാരം ഉള്ള വാഗ്ദത്തങ്ങള്‍ക്ക് അവകാശികള്‍ ആയിരിക്കുന്നത്.

 

 

ഉപസംഹാരം

 

പൌലൊസ് ഗലാത്യര്‍ക്ക് ലേഖനം എഴുതുന്നതു, യെഹൂദന്മാരുടെ ആരോപണങ്ങളെ തടുക്കുവാന്‍ വേണ്ടി ആയിരുന്നു. യെഹൂദന്മാരുടെ ആചാരങ്ങളോ, രീതികളോ, പരിച്ഛേദനയോ, ജാതികളില്‍ നിന്നും രക്ഷയിലേക്ക് വന്നവര്‍ അനുസരിക്കേണ്ടതില്ല. ജാതികളില്‍ നിന്നും വിശ്വാസത്തിലേക്ക് വന്നവരെ യെഹൂദന്മാരുടെ മത ആചാരങ്ങളില്‍ നിന്നും മാറ്റി നിരുത്തുവാന്‍ ആഗ്രഹിച്ച പൌലൊസ് ആണ്, പുതിയ നിയമ വിശ്വാസികളെ അബ്രാഹാമുമായും അവന്റെ ഉടമ്പടിയുമായും ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് പൌലൊസ് ഇത് ചെയ്യുന്നത്? അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. 

 

ഒന്നാമത്തെ കാരണം, അബ്രാഹാമിന്റെ ഉടമ്പടിയിലെ വാഗ്ദത്തങ്ങള്‍ക്ക് ഭൌതീകമായ ഒരു തലം ഉള്ളതുപോലെ തന്നെ, അതിനു സമാന്തരമായി ഒരു ആത്മീയ തലവും ഉണ്ട്. അബ്രാഹാമിന്റെ ഉടമ്പടിയിലെ ഭൌതീക തലത്തിലുള്ള വാഗ്ദത്തങ്ങള്‍ അവന്റെ ജീവിതകാലത്ത് തന്നെ നിവൃത്തിയായി. അത് അവന്റെ ജഡപ്രകാരം ഉള്ള യിസ്രായേല്‍ ജനത്തിന് ഉള്ളതാണ്. എന്നാല്‍, പുതിയനിയമ വിശ്വാസികള്‍, അബ്രഹാം വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടതുപോലെ, വിശ്വാസം മൂലം നീതീകരിക്കപ്പെട്ട്, അബ്രാഹാമിന്റെ സന്തതികള്‍ ആയവരാണ്. വിശ്വാസം മൂലമുള്ള നീതീകരണമാണ് അബ്രാഹാമിനെയും പുതിയനിയമ വിശ്വാസികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി. അതിന്റെ അടയാളം, ഹൃദയത്തിന്റെ പരിച്ഛേദന ആണ്. നക്ഷങ്ങളെപ്പോലെ, എണ്ണികൂടാത്ത പെരുപ്പമുള്ള ആത്മീയ സന്തതികളും, ആത്മീയ അനുഗ്രഹങ്ങളും, ദൈവരാജ്യം എന്ന ഐഹീകമല്ലാത്ത ദേശവും, ഉടമ്പടിയുടെ ആത്മീയ തലമാണ്. അതാണ് പുതിയനിയമ വിശ്വാസിയുടെ അവകാശങ്ങള്‍.

 

രണ്ടാമത്തെ കാരണം, അബ്രാഹാമിന്റെ ഉടമ്പടി നിത്യമായ ഉടമ്പടി ആണ് എന്നതാണ്. ഇതിനെ പൌലൊസ് നിഷേധിക്കുക അല്ല, അംഗീകരിക്കുക ആണ്. അബ്രാഹാമിന്റെ ഉടമ്പടിയാണ് പുതിയ നിയമ ഉടമ്പടിയുടെ മേലാപ്പ്. അല്ലെങ്കില്‍, പുതിയനിയമ ഉടമ്പടിയുടെ മൂല ഉടമ്പടി അബ്രാഹാമിന്റെ ഉടമ്പടി ആണ്. അബ്രാഹാമിന്റെ ഉടമ്പടി, പിന്നീട് ഉണ്ടായ, മോശെയുടെ ഉടമ്പടിയ്ക്കും, ദാവീദിന്‍റെ ഉടമ്പടിയ്ക്കും, പുതിയ നിയമ ഉടമ്പടിയ്ക്കും മീതെ, ഒരു വലിയ മേലാപ്പ് പോലെയോ, കുടപോലെയോ നില്ക്കുന്നു. നമ്മള്‍ പുതിയ നിയമ ഉടമ്പടിയിലെ ഭാഗം ആകുന്നത്, അബ്രാഹാമിന്റെ ഉടമ്പടി പ്രകാരം ആണ്. അബ്രാഹാമിന്റെ ഉടമ്പടിയില്‍, ഒരു വീണ്ടെടുപ്പ് സന്തതിയും, വിശ്വാസത്താല്‍ ഉള്ള നീതീകരണവും, ആത്മീയ വാഗ്ദത്തങ്ങളും ഉണ്ട്. അതാണ് പൌലൊസ് ഗലാത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറഞ്ഞത്.   

 

 

ഗലാത്യര്‍ 3: 6-9 

   അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.

   അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.

   എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

 9   അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

   

റോമര്‍ 8: 14 മുതല്‍ 17 വരെയുള്ള വാക്യങ്ങളില്‍, നമ്മള്‍ ദൈവത്തിന്റെ മക്കള്‍ ആകുന്നു എന്നും, നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു എന്നും നമ്മള്‍ ക്രിസ്തുവിന്നു കൂട്ടവകാശികള്‍ ആകുന്നു എന്നും പറയുന്നു. ഇതേ വാദത്താല്‍ തന്നെ, നമ്മള്‍ വിശ്വാസത്താല്‍ അബ്രാഹാമിന്റെ സന്തതികള്‍ എങ്കില്‍ നമ്മള്‍ അബ്രാഹാമിന്റെ ഉടമ്പടിയ്ക്കു അവകാശികളും, ക്രിസ്തു മുഖാന്തരം കൂട്ടവകാശികളും ആകുന്നു. 

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.  ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.  രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

 ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment