യോഹന്നാന്‍ 4: 52 ല്‍ " ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി” എന്നു പറഞ്ഞതിന്റെ കാരണം എന്താണ്?

വേദപുസ്തകത്തില്‍ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു തോന്നിക്കുന്ന ഒരു വാക്യമാണ്, യോഹന്നാന്‍ 4: 52. വാക്യം ഇങ്ങനെ ആണ്: "അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു." ഇതിന്റെ പശ്ചാത്തലം കൂടി മനസ്സിലാക്കിയാലേ ഈ വാക്യം എന്താണ് പറയുന്നതു എന്നു മനസ്സിലാകൂ.

യേശു ശമര്യയിലെ സ്ത്രീയെ കണ്ടുമുട്ടുകയും അവളെ മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്തു. അവള്‍ ആ ദേശത്തുള്ള എല്ലാവരെയും യേശുവിങ്കലേക്ക് നയിച്ചു. അവര്‍ക്ക് യേശു സാക്ഷാല്‍ ലോകരക്ഷിതാവ് എന്നു മനസ്സിലായതിനാല്‍, അവന്‍ അവരോടു കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചു.യേശു രണ്ടു ദിവസം അവരോടുകൂടെ ശമര്യയില്‍ താമസിച്ചു. അതിനു ശേഷം യേശു, അവന്‍ അടയാളങ്ങളുടെ പ്രാരംഭമായി, വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അപ്പോള്‍ ഒരു രാജഭൃത്യൻ കഫർന്നഹൂമിൽ നിന്നും അവനെ കാണുവാന്‍ വന്നു. അവന്റെ മകന്‍ രോഗിയായി മരിക്കാറായിരുന്നു. എന്നാല്‍ യേശു വളരെ ദീര്‍ഘമായി യാത്ര ചെയ്തു കാനാവില്‍ എത്തിയതെ ഉണ്ടായിരുന്നുള്ളൂ.  ഉടന്‍ തന്നെ കഫർന്നഹൂമിലേക്ക് പോകുക എന്നത് വീണ്ടും ഒരു ദീര്‍ഘ യാത്ര ആയിരുന്നു. മാത്രവുമല്ല, ആ പിതാവിന്റെ മകന്‍ രോഗത്താല്‍ മരിക്കാറായിരുന്നു. ഉടന്‍ തന്നെ അവന് രോഗ സൌഖ്യം ആവശ്യമായിരുന്നു. ഒരു ദീര്‍ഘ യാത്ര ചെയ്തു യേശു അവിടെ ചെല്ലുവാനുള്ള സമയം ഇല്ലായിരുന്നു. ഇതൊക്കെ കാരണമായിരിക്കാം, രാജഭൃത്യന്‍ യേശുവിനെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു എങ്കിലും, അവന്‍ അവനോടൊപ്പം പോയില്ല. പകരമായി, "“പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു" എന്നു യേശു അവനോട് പറഞ്ഞു.  രാജഭൃത്യന്‍ യേശു പറഞ്ഞ വാക്കു വിശ്വസിച്ചു, തിരികെ പോയി. അവന്‍ തിരികെ അവന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍, അവന്റെ ദാസന്മാര്‍ അവനെ കാണുവാന്‍ വന്നു. അവര്‍ അവന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു അറിയിച്ചു. അപ്പോള്‍ രാജഭൃത്യന്‍, മകന്റെ രോഗം സൌഖ്യമായ സമയം ചോദിച്ചു. ദാസന്മാര്‍, " ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു." 53 ആം വാക്യം പറയുന്നു: " ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു".

ഇവിടെ ആണ് ഒരു സാധാരണകാരനായ വായനക്കാരന് സംശയം ഉണ്ടാകുന്നത്. യേശുവിനെ കണ്ടതിന് ശേഷം തിരികെ പോകുന്ന രാജഭൃത്യനോട് നിന്റെ മകന്‍ ഇന്നലെ ഏഴു മണിക്ക് സുഖമായി എന്നാണ് അവന്റെ ദാസന്മാര്‍ അറിയിച്ചത്. അത് യേശു അവന്റെ വാക്കിനാല്‍ മകനെ സൌഖ്യമാക്കിയ സമയം ആണ് എന്നും പറയുന്നു. ഈ സമയ ക്രമം എങ്ങനെ ശരിയാകും? ഇവിടെ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ?

ഇത് മനസ്സിലാക്കുവാന്‍ നമ്മള്‍ ഒന്നു രണ്ടു കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒന്നു കാനാവില്‍ നിന്നും ഏകദേശം 16.5 മൈല്‍, അല്ലെങ്കില്‍ 26.5 കിലോ മീറ്റര്‍ ദൂരെയുള്ള സ്ഥലമാണ് കഫർന്നഹൂം. ഇത് ഏകദേശ കണക്കാണ്. യേശുവിന്റെ കാലത്ത് അത് 25 മൈലുകള്‍ ദൂരമുള്ള യാത്ര ആയിരുന്നു എന്നും അഭിപ്രായം ഉണ്ട്. ഏതായാലും അതൊരു ദീര്‍ഘ യാത്ര തന്നെ ആയിരുന്നു. കഫർന്നഹൂം സമുദ്രതീരവും കാനാവ് ഉയര്‍ന്ന സ്ഥലവും ആയിരുന്നു എന്നത് യാത്രയെ ബാധിക്കും. ഇത്രയും ദൂരം യാത്ര ചെയ്താണ് ആ രാജഭൃത്യന്‍ തന്‍റെ മകന്റെ സൌഖ്യത്തിനായി യേശുവിന്റെ അടുക്കല്‍ വന്നത്. അതിനാല്‍ മടക്ക യാത്രയുടെ ഇടവേളയില്‍ അല്പ്പം വിശ്രമം എടുത്തു എന്നു വേണമെങ്കില്‍ അനുമാനിക്കാം. എന്നാല്‍ ഇവിടെ കാര്യം ഗൌരവമായതിനാല്‍, പിതാവ് കാനാവില്‍ എത്തിയ ഉടന്‍ തന്നെ യേശുവിനെ കണ്ടു എന്നും, യേശു തന്‍റെ വാക്കിനാല്‍ അവന്റെ മകനെ ഉടന്‍ സൌഖ്യമാക്കി എന്നും, ഉടന്‍ തന്നെ ആ പിതാവ് തിരികെ വീട്ടിലേക്ക് പോയി എന്നും കരുതാം. യേശു അവന്റെ മകനെ സൌഖ്യമാക്കിയത്, ഏഴുമണിക്കാണ് എന്നതില്‍ നമ്മള്‍ തര്‍ക്കിക്കേണ്ടതില്ല.

ഇനി നമ്മള്‍ മനസ്സിലാക്കേണ്ടത്, ഏഴുമണി എന്നത് നമ്മളുടെ ഇപ്പോഴത്തെ സമയ ക്രമം അനുസരിച്ച് എത്ര മണിയാണ് എന്നതാണ്. യേശുവിന്‍റെ കാലത്ത് ഒരു ദിവസത്തെ യഹൂദന്മാര്‍ രണ്ടു രീതിയില്‍ ആണ് കണക്ക് കൂട്ടിയിരുന്നത്. യഹൂദ്യയില്‍, ഒരു ദിവസം എന്നത് സൂര്യാസ്തമയത്തോടെ ആരംഭിച്ച്, അടുത്ത ദിവസത്തെ സൂര്യാസ്തമയത്തോടെ അവസാനിക്കും. എന്നാല്‍ ഗലീലയില്‍ ഒരു ദിവസം സൂര്യോദയത്തോടെ ആരംഭിച്ച്, സൂര്യോദയത്തോടെ അവസാനിക്കും. പരീശന്മാര്‍ ഗലീലയിലെ ദിവസത്തിന്‍റെ ക്രമം ആണ് പിന്തുടര്‍ന്നിരുന്നത്. നമ്മള്‍ ഇപ്പോള്‍ അനുധാവനം ചെയ്യുന്നത് റോമന്‍ സമയ ക്രമമാണ്. റോമാക്കാര്‍ക്ക് രാത്രി 12 മണിക്ക് ദിവസം ആരംഭിക്കുകയും, 24 മണിക്കൂറിന് ശേഷം, അതേ സമയം ദിവസം അവസാനിക്കുകയും ചെയ്യും. 

മത്തായി, മര്‍ക്കോസ് ലൂക്കോസ് എന്നീ സുവിശേഷകര്‍, ഗലീലയിലെ ദിവസത്തിന്റെ ക്രമം അനുസരിച്ചാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യോഹന്നാന്‍ യഹൂദ്യയിലെ സമയക്രമമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വാക്യം യോഹന്നാന്‍ എഴുതിയതാണ്. അദ്ദേഹം യഹൂദ്യയിലെ രീതി അനുസരിച്ച്, സൂര്യാസ്തമയത്തോടെ ഒരു ദിവസം ആരംഭിക്കും എന്ന ക്രമമാണ് അനുധാവനം ചെയ്യുന്നത്. എന്നാല്‍, യഹൂദന്മാര്‍ പൊതുവേ, പകല്‍ സമയത്തെ കണക്കാക്കുന്നത് സൂര്യോദയത്തോടെ ആണ്.  അതായത് അവര്‍ക്ക് രാവിലെ ഒരു മണി എന്നത് നമ്മളുടെ ഏകദേശം രാവിലെ 6 മണി ആണ്. അവിടെ നിന്നും കൂട്ടിയാല്‍ യേശു, ഈ രാജഭൃത്യനോട് “നിന്റെ മകൻ ജീവിച്ചിരിക്കുന്നു" എന്നു പറഞ്ഞതു, നമ്മളുടെ സമയം അനുസരിച്ച്, ഏകദേശം ഉച്ചതിരിഞ്ഞു ഒരു മണിയ്കായിരിക്കേണം. ഈ രീതിയിലാണ് വേദപുസ്തകത്തിലെ ചില പരിഭാഷയില്‍ ഈ സമയം രേഖപ്പെടുത്തിയിരിക്കുന്നത്. New International Version, New Living Translation എന്നിവയിലും മറ്റ് ചില പരിഭാഷകളിലും ഈ സമയത്തെ നമ്മളുടെ ഇപ്പോഴത്തെ സമയമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് അനുസരിച്ചു, രാജഭൃത്യന്റെ ദാസന്‍ പറഞ്ഞത്, " ഇന്നലെ ഉച്ചതിരിഞ്ഞു ഒരുമണിക്ക് പനി വിട്ടുമാറി” എന്നാണ്.

ഇതുകൊണ്ടും “ഇന്നലെ” എന്നു പറഞ്ഞത് എന്തുകൊണ്ടാണ് എന്നു വ്യക്തമായിട്ടില്ല. നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, യോഹന്നാന്‍ ഒരു ദിവസത്തെ സൂര്യാസ്തമയം മുതല്‍ സൂര്യാസ്തമയം വരെയാണ് കണക്കാക്കുന്നത്. അതിനാല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന സംഭവം, സൂര്യാസ്തമയത്തിന് ശേഷം പറയുമ്പോള്‍, അത് ഇന്നലെ നടന്ന സംഭവം ആകുന്നു. ഇതിനെ ഇന്നത്തെ നമ്മളുടെ ദിവസത്തിന്റെ ക്രമം അനുസരിച്ചു വിശദീകരിച്ചാല്‍ അത് ഇപ്രകാരം ആയിരിയ്ക്കും. യേശു ആഴ്ചയില്‍ ഏത് ദിവസമാണ് കാനാവില്‍ എത്തിയത് എന്നു നമുക്ക് അറിഞ്ഞുകൂടാ. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി, യേശു തിങ്കളാഴ്ച ആണ് കാനാവില്‍ എത്തിയത് എന്നു കരുതുക. അന്ന് തന്നെ രാജഭൃത്യന്‍ യേശുവിനെ കാണുവാന്‍ വന്നു, അവന്റെ മകനെ സൌഖ്യമാക്കുവാന്‍ അവന്റെ വീട്ടിലേക്ക് ചെല്ലേണം എന്നു അപേക്ഷിച്ചു. അപ്പോള്‍ തിങ്കളാഴ്ച ഏകദേശം ഉച്ചതിരിഞ്ഞു ഒരു മണി ആയി. “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു" എന്ന വാക്കുകളോടെ യേശു അവനെ തിരികെ അയച്ചു. യേശു പറഞ്ഞത് വിശ്വസിച്ച രാജഭൃത്യന്‍, തിരികെ വീട്ടിലേക്ക് യാത്രതിരിച്ചു. അത് ദീര്‍ഘ ദൂര യാത്രയായിരുന്നു. വഴിമദ്ധ്യേ ആയപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍, അവര്‍ക്ക് ദിവസം ചൊവ്വാഴ്ചയായി. രാജഭൃത്യന്‍ തിരികെ പോകുന്ന വഴിക്കു, അവന്റെ ദാസന്‍മാര്‍ വന്നു, മകന്‍ സൌഖ്യമായിരിക്കുന്നു എന്നു അറിയിച്ചു. എപ്പോള്‍ സൌഖ്യമായി എന്ന ചോദ്യത്തിന്, ദാസന്‍മാര്‍, " ഇന്നലെ ഉച്ചതിരിഞ്ഞു ഒരുമണിക്ക് പനി വിട്ടുമാറി എന്നു പറഞ്ഞു." അതായത് തിങ്കളാഴ്ച, യേശു രാജഭൃത്യനോട്, “നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞ ഒരു മണിക്ക് തന്നെ മകന്‍ സൌഖ്യമായി എന്നു രാജഭൃത്യന്‍ മനസ്സിലാക്കി. 

ഈ ആശയക്കുഴപ്പത്തിന് മറ്റൊരു വിശദീകരണം കൂടി ഉണ്ട്. “ഇന്നലെ” എന്നു ദാസന്‍മാര്‍ പറഞ്ഞതായി യോഹന്നാന്‍ രേഖപ്പെടുത്തുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം, ഇന്നലെ എന്നോ, കുറെ സമയം മുമ്പ് എന്നോ ആകാം. മൂല ഭാഷയിലെ ഈ അര്‍ത്ഥം സ്വീകരിച്ചാല്‍, " കുറെ സമയം മുമ്പ്, ഉച്ചതിരിഞ്ഞു ഒരുമണിക്ക് പനി വിട്ടുമാറി” എന്നാണ് ദാസന്‍ പറഞ്ഞത് എന്നു ഗ്രഹിക്കാം.

യോഹന്നാന്‍ 4: 52 ലെ “ഇന്നലെ” എന്ന വാക്കിനെക്കുറിച്ചുള്ള ആശയകുഴപ്പത്തിന് ഇത് ഒരു വിശദീകരണം ആയി എന്നു കരുതുന്നു.

ഇനിയും ചില സംശയങ്ങള്‍ കൂടി നിങ്ങളുടെ മനസ്സില്‍ കണ്ടേക്കാം. വേദപുസ്തക സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ എനിക്കു അയച്ചുതരുക. എന്റെ സമയവും, ചോദ്യത്തിനുള്ള ഉത്തരം ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് സഹയമാകുമോ എന്നതും അനുസരിച്ച്, അതിനുള്ള വിശദീകരണം നല്‍കുന്നഫോണ്‍ നമ്പര്‍: 9895524854.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment