ക്രൂശിലെ കള്ളന്‍റെ ആത്മാവ് മരണശേഷം എവിടെ പോയി?

ക്രൂശില്‍ മാനസാന്തരപ്പെട്ട കള്ളന്‍റെ ആത്മാവ്, അവന്റെ മരണശേഷം എവിടെക്ക് പോയി എന്ന ചോദ്യവും അതിനുള്ള ഉത്തരവും ആണ് ഇനി നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

ക്രൂശിലെ കള്ളന്മാരുടെ ചരിത്രം നമുക്ക് സുപരിചിതമാണ്. യേശുവിന്‍റെ ക്രൂശീകരണ വേളയില്‍, അവന്‍റെ വലത്തും ഇടത്തും ആയി രണ്ട് കള്ളന്മാരെ ക്രൂശിച്ചു എന്നു സുവിശേഷ ഗ്രന്ഥങ്ങള്‍ പറയുന്നു. അതില്‍ ഒരുവന്‍ യേശുവിനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു, യേശു ഉടന്‍ തന്നെ അവന് പറുദീസ വാഗ്ദത്തം ചെയ്തു. ഇങ്ങനെ മാനസാന്തരപ്പെട്ട കള്ളനെ നമ്മള്‍, നല്ല കള്ളന്‍ എന്നു വിളിക്കാറുണ്ട്. ഈ സംഭവത്തെ ആസ്പദമാക്കി കത്തോലിക്ക സഭ ഈ നല്ല കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ പേര് ദിസ്മാസ് എന്നായിരുന്നു എന്നും മാനസാന്തരപ്പെടാതിരുന്ന കള്ളന്‍റെ പേര് ഗെസ്റ്റാസ് എന്നായിരുന്നു എന്നും പാരമ്പര്യ കഥകള്‍ പറയുന്നു.

യേശുവിന്റെ ക്രൂശിന്റെ ഏത് വശത്തുണ്ടായിരുന്ന കള്ളനാണ് രക്ഷിക്കപ്പെട്ടത് എന്നു വേദപുസ്തകം വ്യക്തമായി പറയുന്നില്ല. രണ്ടു പേരും യേശുവിനെ ആദ്യം ഘട്ടത്തില്‍ പരിഹസിച്ചു എന്നു തിരുവെഴുത്തു പറയുന്നു. എന്നാല്‍ അതില്‍ ഒരു കള്ളന്‍ അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ മാനസാന്തരപ്പെട്ടു. അവന്‍ യേശുവിനോടു ഇങ്ങനെ ഏറ്റുപറഞ്ഞു: “യേശുവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്ന് പറഞ്ഞു. (ലൂക്കോസ് 23: 42) ഉടന്‍ തന്നെ, യേശു കള്ളനോട് മറുപടി പറഞ്ഞു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. “ ലൂക്കോസ് 23: 43 ല്‍ ആണ് നമ്മള്‍ ഈ വാക്യം വായിക്കുന്നത്.

ക്രൂശിക്കപ്പെടുന്ന ഒരു വ്യക്തി, മരിക്കുവാന്‍, സാധാരണയായി, 4 മുതല്‍ 6 ദിവസം വരെ എടുത്തേക്കാം. അവന്റെ മരണത്തിന് ശേഷവും ചില ദിവസങ്ങള്‍ അവന്റെ ശരീരം ക്രൂശില്‍ തന്നെ വെച്ചേക്കും. ക്രൂശില്‍ കിടക്കുന്ന ശവശരീരം കഴുകന്‍മാര്‍ കൊത്തിപ്പറിക്കും. അതിനുശേഷം അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ സമീപത്തുള്ള ഏതെങ്കിലും കുഴിയില്‍  എറിഞ്ഞുകളയും. ക്രൂശിക്കപ്പെടുന്നവന് മാന്യമായ ഒരു ശവസംസ്കാരം നല്‍കുകയില്ല. അന്നത്തെ കാലത്ത്, മാന്യമായ ശവസംസ്കാരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുവാന്‍ ഇടയുള്ള മാന്യമായ സ്വീകരണത്തിന് ആവശ്യമാണ് എന്നു അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ക്രൂശിക്കപ്പെടുന്നവര്‍, ഈ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ശപിക്കപ്പെട്ടവന്‍ ആണ്. അവന് ഈ ഭൂമിയില്‍ മാന്യമായ ശവസംസ്കാരവും സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്വീകരണവും ലഭിക്കുന്നില്ല.

ഈ പശ്ചാത്തലത്തില്‍ ആണ് യേശു കള്ളനോട് പറഞ്ഞത്: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. “ യേശു പറഞ്ഞത് ഇതാണ്, രാജ്യദ്രോഹ കുറ്റത്തിന്, കള്ളന്‍ ക്രൂശില്‍ മരിക്കുക ആണ്. എന്നാല്‍, മരണത്തിന് മുമ്പേ അവന്‍ യേശുക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്തതിനാല്‍, അവന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു. യേശു ആണ് ദൈവരാജ്യത്തിലേക്കുള്ള ഏക വഴി. അതാണ് കള്ളന്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ അവന്റെ ആത്മാവ്, യേശുവിനോടുകൂടെ, പരദീസയില്‍ വിശ്രമിക്കും.

ഇത്രയും കാര്യങ്ങളില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമോ, ആശയക്കുഴപ്പമൊ ഇല്ല. എന്നാല്‍, യേശു മരിച്ച അതേ ദിവസം കള്ളന്‍ പരദീസയില്‍ ചെന്നോ, എന്താണ് പരദീസ, യേശു മരണത്തിന് ശേഷം പരദീസയില്‍ ആയിരുന്നുവോ എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ ആണ് പണ്ഡിതന്മാരെ കുഴയ്ക്കുന്നത്. ആശയക്കുഴപ്പത്തിന് കാരണം, പത്രൊസും പൌലൊസും എഴുതിയ രണ്ടു വാക്യങ്ങള്‍ ആണ്. വാക്യങ്ങള്‍ ഇങ്ങനെ ആണ്:

 

1 പത്രൊസ് 3: 19 (മരണത്തിന് ശേഷം) ആത്മാവിൽ അവൻ (യേശുക്രിസ്തു) ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

 

എഫെസ്യര്‍ 4: 8, 9

   അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.

   കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?

 

ഈ വാക്യങ്ങളിലെ “തടവിലുള്ള ആത്മാക്കള്‍ “ എന്നത്, മരണത്തിന് ശേഷം വിശ്രമിക്കുന്ന ആത്മാക്കള്‍ ആണെന്നും, അവര്‍ ഒരു പക്ഷേ ദുഷ്ടന്മാരുടെ ആത്മാക്കളോ, വീണുപോയ ദൂതന്മാരോ ആണെന്നും, “ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി” എന്നത് പാതാളത്തില്‍ നിന്നും, മരിച്ചുപോയ വിശുദ്ധന്മാരുടെ ആത്മാക്കളെ പിടിച്ചുകൊണ്ട് പോയി എന്നതാണെന്നും വിവിധ അഭിപ്രായങ്ങള്‍ ഉണ്ട്. ഇത് ശരി ആണെങ്കില്‍, യേശു അവന്റെ മരണത്തിന് ശേഷം, പാതാളത്തിലേക്കൊ, നരകത്തിലേക്കൊ പോയിരിക്കേണം. അങ്ങനെ യേശുവിന്റെ ആത്മാവ്, പാതാളത്തിലേക്കൊ, നരകത്തിലേക്കൊ പോയി എങ്കില്‍, എങ്ങനെ ആണ് മാനസാന്തരപ്പെട്ട കള്ളന്‍, മരണത്തിന് ശേഷം, യേശുവിനോടുകൂടെ പരദീസയില്‍ ആയിരിക്കുന്നത്. ഇതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിഷയം.

യേശു കള്ളനോട് പറഞ്ഞ വാക്യത്തിന്റെ പൊരുളിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട്. ഒന്നു ഈ വാക്യം ലളിതമായി നമ്മള്‍ മനസ്സിലാക്കുന്നത് പോലെ, യേശു മരിച്ച ദിവസം തന്നെ കള്ളനും മരിച്ചു. യേശു മരണത്തിന് ശേഷം, മരിക്കുന്ന എല്ലാ മനുഷ്യരുടെയും ആത്മാക്കള്‍ വിശ്രമിക്കുന്ന ഇടമായ പരദീസയിലേക്ക് പോയി. കള്ളനും അന്നുതന്നെ അവിടെ ചെന്നു. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.  

രണ്ടാമത്തെ വിശദീകരണം അനുസരിച്ച്, യേശു പറഞ്ഞ വാക്യം പിന്നീട് പകര്‍ത്തി എഴുതിയപ്പോള്‍, അതില്‍ ഒരു പിശക് വന്നിട്ടുണ്ട്. മൂലഭാഷയായ ഗ്രീക്കില്‍, പഴയകാലത്ത്, വാക്കുകള്‍ക്ക് ഇടയില്‍ അകലമോ, ആവശ്യമായ സ്ഥലങ്ങളില്‍ കുത്തൊ, കോമായോ, മറ്റ് യാതൊരു വിരാമ ചിഹ്നങ്ങളോ  ഇടുക പതിവില്ലായിരുന്നു. ഇതിനാല്‍ ആശയങ്ങള്‍ വ്യക്തമാകുന്നില്ല എന്നു തോന്നിയതിനാല്‍, പിന്നീട് അത് പകര്‍ത്തി എഴുത്തുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത പണ്ഡിതന്മാര്‍, കൂത്തും കോമയും, വാക്കുകള്‍ക്കിടയില്‍ അകലവും ചേര്‍ത്തു.

അങ്ങനെ, അവര്‍, യേശു കള്ളനോട് പറഞ്ഞതായി നമ്മള്‍ വായിച്ച വാക്യത്തില്‍, അര്‍ത്ഥം വ്യക്തമാകുവാനായി, ഒരു കോമ കൂടി ചേര്‍ത്തു.  ഇതില്‍ അപാകത പറ്റിയിട്ടുണ്ട് എന്നാണ് ഒരു ചെറിയ കൂട്ടം വേദ പണ്ഡിതന്മാര്‍ കരുതുന്നത്. അവര്‍ അഭിപ്രായപ്പെടുന്നത് അനുസരിച്ചു, ഈ വാക്യം ഇങ്ങനെ ആയിരിക്കേണം: “ഇന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.“ ഈ വ്യാഖ്യാനത്തിന്റെ അര്‍ത്ഥം, യേശു അവനോടുകൂടെ പരദീസയില്‍ ഇരിക്കും എന്നു ക്രൂശില്‍ കിടന്നപ്പോള്‍ പറഞ്ഞു എന്നെ ഉള്ളൂ. എപ്പോള്‍ കള്ളന്‍ യേശുവിനോടു കൂടെ പരദീസയില്‍ ഇരിക്കും എന്നു പറഞ്ഞില്ല. അതിനാല്‍, കള്ളന്‍ ഇപ്പോള്‍, മരിച്ചവര്‍ വിശ്രമിക്കുന്ന സ്ഥലത്തു വിശ്രമിക്കുന്നു. യേശുക്രിസ്തു, ഉയിര്‍ത്തെഴുന്നേറ്റവനായി, സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്നു. ഇനി ഒരിക്കല്‍, അവര്‍ ഇരുവരും ഒരേ സ്ഥലത്തു ഇരിക്കും. അത് മരിച്ചവരുടെ പുനരുദ്ധാരണത്തിന് ശേഷമാകാം.  

ഈ രണ്ട് അഭിപ്രായങ്ങളില്‍, രണ്ടാമത്തെ അഭിപ്രായം, ഈ ആശയകുഴപ്പത്തെ വേഗം പരിഹരിക്കുന്നു എന്നു കാണാം എങ്കിലും അത് കൃത്യമായത് അല്ല. അതിനാല്‍ ഒന്നാമത്തെ അഭിപ്രായത്തിന്റെ പ്രായോഗിക പ്രശ്നം എന്താണ് എന്നു നോക്കാം.

യേശു ക്രിസ്തു മരിക്കുന്നതു വെള്ളിയാഴ്ക വൈകീട്ട് 3 മണിയോടെ ആണ്. മാനസാന്തരപ്പെട്ട കള്ളനും, യേശു മരിച്ച ദിവസം തന്നെ മരിച്ചു കാണും. അവര്‍ ക്രൂശിക്കപ്പെട്ടതിന്റെ അടുത്ത ദിവസം ശബ്ബത്ത് ആയിരുന്നതില്‍, ക്രൂശില്‍ ശവം കിടക്കരുത് എന്നുള്ളതുകൊണ്ടു, അവരുടെ മരണം വേഗമാക്കുവാന്‍, പടയാളികള്‍ കള്ളന്മാരുടെ കാല്‍ ഒടിക്കുന്നത് യോഹന്നാന്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ യേശു അതിനു മുമ്പ് തന്നെ മരിച്ചിരുന്നു. അതുകൊണ്ടു യേശുവിന്റെ കാല്‍ ഒടിച്ചില്ല. ഈ സംഭവത്തില്‍ നിന്നും കള്ളനും അന്നുതന്നെ മരിച്ചു എന്നു നമുക്ക് തീര്‍ച്ചയാക്കാം.

ഇനി നമ്മളുടെ വിഷയം, എന്താണ് പരദീസ എന്നാണ്. യേശുവിന്റെ കാലത്ത്, യേശുവിനും, യഹൂദന്മാര്‍ക്കും, അവരില്‍ ഒരുവനായ കള്ളനും സുപരിചിതമായ ഒരു പദമായിരുന്നു പരദീസ. ക്രൂശില്‍ കിടക്കുന്ന കള്ളനോട്, ഇനി വരുവാനിരിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ചായിരിക്കില്ല, അന്ന് അവന് അറിയാവുന്ന ഒരു സ്ഥലത്തെക്കുറിച്ചായിരിക്കും യേശു പരാമരിശിച്ചത്.   

യഹൂദന്മാരുടെ ഇടയിലുള വിശ്വാസമനുസരിച്ച്, മരിച്ചവരുടെ ആത്മാക്കള്‍ ഇപ്പോള്‍ ആയിരിക്കുന്ന രണ്ടു സ്ഥലങ്ങള്‍ ഉണ്ട്. ഒന്നു നന്‍മ ചെയ്തു ജീവിച്ചവര്‍ വിശ്രമിക്കുന്ന നല്ല ഇടവും മറ്റൊന്ന് തിന്മ ചെയ്തു ജീവിച്ചവര്‍ ആയിരിക്കുന്ന മോശം സ്ഥലവും ആണ്. ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ ഈ രണ്ടു സ്ഥലങ്ങളെയും കുറിച്ച് പറയുന്നതു കാണാം. ദുഷ്ടന്മാരുടെ ഇടം ഗേഹെന്നാ (Gehenna) എന്ന സ്ഥലം ആണ്. നല്ലവരുടെ ഇടത്തെ, യഹൂദന്മാര്‍, അബ്രാഹാമിന്റെ മടി എന്നാണ് വിളിച്ചിരുന്നത്. യേശു പറഞ്ഞ പരദീസയും അബ്രാഹാമിന്റെ മടിയും ഒന്നുതന്നെ ആയിരിക്കുവാനാണ് സാധ്യത. അതാണ് യഹൂദന്മാര്‍ക്കും കള്ളനും മനസ്സിലാകുന്ന, മരിച്ചവരുടെ വിശ്രമ സ്ഥലം. യേശുവിന്റെ ആത്മാവും, മരണശേഷം, ഈ പരദീസയിലേക്കോ സ്വര്‍ഗത്തിലെക്കൊ പോയിരിക്കുവാനാണ് സാധ്യത. പരദീസ സ്വര്‍ഗ്ഗത്തിന്റെ തന്നെ ഒരു പ്രവിശ്യയായിരിക്കുവാനും സാധ്യത ഉണ്ട്. യേശു മരിച്ചപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. “ (ലൂക്കോസ് 23: 46). യേശു കള്ളന് കൊടുത്ത ഉറപ്പ്, അന്നുതന്നെ അവന്‍, യേശുവിനോടൊപ്പം, പരദീസയില്‍ ഇരിക്കും എന്നാണ്. അതായത്, യേശുവിന്റെ ആത്മാവു വിശ്രമിച്ച അതേ പരദീസയില്‍ വിശ്രമിക്കുവാന്‍, യേശു മാനസാന്തരപ്പെട്ട കള്ളനും വഴി തുറന്നുകൊടുത്തു. 

ഇനി നമ്മളുടെ വിഷയം, യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിന് ശേഷം, അവന്‍ ആത്മാവിൽ ചെന്നു, തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു, എന്ന് പത്രൊസ് പറഞ്ഞത് എപ്പോള്‍ സംഭവിച്ചു എന്നാണ്. ഉത്തരം വളരെ ലളിതമാണ്, യേശുവിന്റെ മരണത്തിന് ശേഷം എപ്പോഴോ, യേശു മരിച്ചു പോയ വിശുദ്ധന്മാരോ, അനുസരിക്കാത്തവരായി ദുഷ്ടത പ്രവര്‍ത്തിച്ച് ജീവിച്ച് മരിച്ചുപോയവരുടെ ആത്മാക്കളോടൊ, വീണുപോയ ദൂതന്‍മാരോടൊ, അവന്‍ ക്രൂശില്‍ നേടിയ ജയത്തെ പ്രഖ്യാപിച്ചു. ഇത് ജയിച്ച രാജാവിന്റെ വിജയ പ്രഖ്യാപനം ആയിരുന്നു. ഇതിനായി മൂന്ന് ദിവസങ്ങളും, എപ്പോഴും, യേശു നരകത്തിലോ, ദുഷ്ടന്മാരുടെ ആത്മാക്കള്‍ വസിക്കുന്ന ഇടത്തോ ആയിരിക്കേണം എന്നില്ല. അതിനാല്‍, ഈ വാക്യം യേശു കള്ളനോട് പറഞ്ഞ വാക്യവുമായി ചേര്‍ത്തു ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല.

ഈ ഉത്തരം തൃപ്തിതികരമായിരുന്നു എന്നു വിശ്വസിക്കുന്നു.

ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെയോ signal app ലൂടെയോ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

No comments:

Post a Comment