യേശുക്രിസ്തു പറഞ്ഞ അന്ത്യകാല ലക്ഷണങ്ങള്‍

വേദപുസ്തകം ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള വെളിപ്പാടുകളുടെ രേഖ ആണ്. അതിനാല്‍ ഭാവിയില്‍ മനുഷ്യര്‍ക്കും ലോകത്തിനും എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അനേകം പ്രവചനങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവചനങ്ങള്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിരുന്ന ഒന്നിലധികം എഴുത്തുകാര്‍ വിവിധ കാലഘത്തില്‍ എഴുതിയതാണ്. ഇവ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ അന്തിമമായ പദ്ധതിയെ വെളിവാക്കുന്നു.

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെകുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആണ് വേദപുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങള്‍. ഇതിനെ നമ്മള്‍ക്ക് അന്ത്യകാല സംഭവങ്ങള്‍ എന്നോ അന്ത്യകാല അടയാളങ്ങള്‍ എന്നോ വിളിക്കാം. ഈ പ്രവചനങ്ങള്‍ വേദപുസ്തകത്തിലെ പല പുസ്തകങ്ങളിലും കാണാം. ഇവയുടെ അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ കാലം അടുത്തിരിക്കുന്നു എന്നു അനേകം വേദപുസ്തക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അവന്റെ വരവിന്റെ കൃത്യമായ ദിവസമോ സമയമോ പ്രവചിക്കുവാന്‍ മനുഷ്യനു അനുവാദമില്ല എന്നു നമ്മള്‍ ഓര്‍ക്കേണം. കാരണം, “ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (മത്തായി 24:36). എന്നാല്‍ നമ്മള്‍ ആ കാലത്തെക്കുറിച്ച് തികച്ചും അജ്ഞര്‍ അല്ലാ താനും. അവന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയില്‍ സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക യേശുക്രിസ്തു പറയുന്നുണ്ട്. ഇവ സംഭവിക്കുന്നത് കാണുമ്പോള്‍, “അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ” എന്നും (മത്തായി 24: 33), “നിങ്ങളുടെ വീണ്ടെടുപ്പു അടുത്തു വരുന്നതു കൊണ്ടു നിവിർന്നു തല പൊക്കുവിൻ” എന്നും  (ലൂക്കോസ് 21: 28), “ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കോസ് 21: 31) എന്നുമാണ് അവന്‍ പറഞ്ഞത്.

 

അന്ത്യകാലത്തെക്കുറിച്ചുള്ള നമ്മളുടെ കര്‍ത്താവിന്റെ പ്രവചനങ്ങള്‍ മത്തായി 24: 3-44 വരെയും മര്‍ക്കോസ് 13: 3-33 വരെയും ലൂക്കോസ് 21: 7-36 വരെയും ഉള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവും ശിഷ്യന്മാരും ഒലീവ് മലയില്‍ ആയിരിക്കുമ്പോള്‍ ആണ് ഈ പ്രവചനങ്ങള്‍ പറയുന്നതു.അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.” എന്ന് മത്തായിയും (മത്തായി 24:3), “പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.” എന്ന് മര്‍ക്കോസും രേഖപ്പെടുത്തിയിരിക്കുന്നു. (മര്‍ക്കോസ് 13: 3, 4). അതിനാല്‍ ഇത്, ശിഷ്യന്മാരോട് മാത്രമായി പറഞ്ഞ ഒരു സ്വകാര്യ സംഭാഷണം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

യേശുക്രിസ്തുവും ശിഷ്യന്മാരും യെരൂശലേം ദൈവാലയം വിട്ട് പുറത്തേക്ക് പോകുമ്പോള്‍, അതിന്റെ മനോഹരമായ പണിയിലേക്ക് ശിഷ്യന്മാര്‍ അവന്റെ ശ്രദ്ധയെ തിരിച്ചു. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് യേശു പ്രതികരിച്ചത്. “ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നായിരുന്നു യേശുവിന്‍റെ പ്രതികരണം. അതായത് യെരൂശലേം ദൈവാലയം പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്ന ഒരു കാലം വരുന്നു എന്ന് യേശു പ്രവചിക്കുക ആണ്. ശലോമോന്‍ പണികഴിപ്പിച്ച ഒന്നാമത്തെ യെരൂശലേം ദൈവാലയം ബാബിലോണ്‍ സാമ്രാജത്തിന്റെ ആക്രമണ കാലത്ത് തകര്‍ക്കപ്പെട്ട ചരിത്രം ശിഷ്യന്‍മാര്‍ക്ക് അറിയാമായിരിക്കേണം. അതിനാല്‍ വീണ്ടും ഒരിക്കല്‍ കൂടി അത് തകര്‍ക്കപ്പെടുവാനുള്ള സാധ്യത അവര്‍ക്ക് തള്ളിക്കളയുവാന്‍ കഴിയുക ഇല്ല. ഇവിടെ നിന്നും അവര്‍ ഒലീവ് മലയിലേക്ക് പോയി. അവിടെ യേശു ഇരിക്കുമ്പോള്‍ ആണ് ശിഷ്യന്മാര്‍ അവനോടു നമ്മള്‍ മുകളില്‍ വായിച്ച ചോദ്യങ്ങള്‍ ചോദിച്ചതു. അവര്‍ യേശുവിനോടു മൂന്ന് ചോദ്യങ്ങള്‍ ആണ് ഒരുമിച്ച് ചോദിച്ചത്. അവരുടെ ചോദ്യങ്ങള്‍ ഇവയാണ്: യെരൂശലേം ദൈവാലയത്തിന്‍റെ തകര്‍ച്ച എപ്പോള്‍ സംഭവിക്കും? യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എപ്പോള്‍ സംഭവിക്കും? ലോകത്തിന്റെ അവസാനം എപ്പോള്‍ സംഭവിക്കും? ഇതിന് മറുപടിയായി, ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം യേശു ഒരുമിച്ച് പറയുക ആണ്. അവന്‍ യെരൂശലേം ദൈവാലയത്തിന്‍റെ തകര്‍ച്ചയുടെയും, അന്ത്യകാല അടയാളങ്ങളുടെ ഒരു പട്ടികയും അവരോടു പറഞ്ഞു.

ഒന്നാമത്തെ ഭാഗം

യേശുക്രിസ്തു പറഞ്ഞ അടയാളങ്ങളുടെ ആദ്യഭാഗത്ത് തന്നെ “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ” എന്ന മുന്നറിയിപ്പ് ഉണ്ട്. ആരും നിങ്ങളെ വഞ്ചിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ” എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. അതായത് വഞ്ചനയുടെ ആത്മാവിന്‍റെ വ്യാപകമായ സാന്നിധ്യമാണ് അന്ത്യകാലത്തിന്റെ പ്രധാന ലക്ഷണം. അവരുടെ വഞ്ചന പ്രധാനമായും യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ച് ഉള്ളതായിരിക്കും എന്നും അവന്‍ പറയുന്നു. അവന്‍ തുടര്‍ന്നു പറഞ്ഞു: “ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. (മത്തായി 24: 4, 5). ക്രിസ്തുവാണ് എന്ന് പറഞ്ഞുകൊണ്ടു അനേകര്‍ വരും എന്ന് മത്തായി പറയുമ്പോള്‍, മര്‍ക്കോസും ലൂക്കൊസും പറയുന്നത്, “ഞാൻ ആകുന്നു” എന്ന് പറഞ്ഞുകൊണ്ട് അനേകര്‍ വരും എന്നാണ്. ഇത് രണ്ടും ഒറ്റനോട്ടത്തില്‍ ഒന്നായി തോന്നാം എങ്കിലും അല്‍പ്പ വ്യത്യാസം ഉണ്ട്. മശിഹാ എന്ന എബ്രായ വാക്കിന് തുല്യമായ ഗ്രീക്ക് വാക്കാണ് ക്രിസ്തു. ക്രിസ്തു എന്ന് അവകാശപ്പെട്ടുകൊണ്ട് അനേകര്‍ വരും എന്ന് പറഞ്ഞാല്‍, മശിഹാ ആണ് എന്ന് പറഞ്ഞുകൊണ്ട് അനേകര്‍ വരും എന്നാണ് അര്‍ത്ഥം. യഹൂദന്മാര്‍ അവരുടെ പ്രവാസ കാലം മുതല്‍ അവരുടെ രാജ്യം പുനസ്ഥാപിക്കുന്ന ഒരു മശിഹായ്ക്കായി കാത്തിരിക്കുക ആണ്. യേശുക്രിസ്തുവിന് മുമ്പ്,  ചില യഹൂദ റബ്ബിമാര്‍, അവരാണ് മശിഹാ എന്ന് അവകാശപ്പെടുക ഉണ്ടായിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് ശിഷ്യഗണങ്ങളും ഉണ്ടായിട്ടുണ്ട്. യേശുക്രിസ്തുവിന് ശേഷവും ചിലര്‍, അവരാണ് മശിഹാ എന്ന് അവകാശപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്. ചിലരെ ജനങ്ങള്‍ മശിഹാ ആയി കണക്കാക്കി. എന്നാല്‍ അവര്‍ക്ക് ആര്‍ക്കും ഒരു നിത്യമായ യഹൂദ രാജ്യം സ്ഥാപിക്കുവാന്‍ കഴിഞ്ഞില്ല. ചിലര്‍ ക്രിസ്തു ആകുന്നു എന്നു അവകാശപ്പെട്ടുകൊണ്ട് വരും എന്നു യേശു പറയുമ്പോള്‍ ഇതെല്ലാം ആണ് ശിഷ്യന്മാരുടെ ഓര്‍മ്മയില്‍ എത്തുക.  

എന്നാല്‍, അന്ത്യകാലത്ത്, “ഞാൻ ആകുന്നു” എന്ന് പറഞ്ഞുകൊണ്ട് അനേകര്‍ വരും എന്ന് യേശു പറഞ്ഞപ്പോള്‍ അതിനു വ്യത്യസ്ഥമായ ഒരു അര്‍ത്ഥ തലം ഉണ്ട്. നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു, മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹരണം ചെയ്തു എന്നും, “സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും” എന്നും ആണ് നമ്മളുടെ വിശ്വസം. (അപ്പോസ്തല പ്രവൃത്തികള്‍ 1:11). “ഞാൻ ആകുന്നു” എന്ന് പറഞ്ഞുകൊണ്ട് അനേകര്‍ അന്ത്യകാലത്ത് വരും എന്ന് പറയുമ്പോള്‍, സ്വര്‍ഗ്ഗാരോഹണം ചെയ്ത നമ്മളുടെ കര്‍ത്താവായ യേശു വീണ്ടും വന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അനേകര്‍ വരും എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അതായത് മത്തായി പറഞ്ഞതിനെ കൂടുതല്‍ വ്യക്തമാക്കുക ആണ് മര്‍ക്കോസും ലൂക്കൊസും. ഇതേ കാര്യം യേശു വീണ്ടും ഇതേ സംഭാഷണത്തില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇതിനാല്‍ ആരും നമ്മളെ വഞ്ചിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വീന്‍ എന്നാണ് യേശുക്രിസ്തു നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്.

ഇതേ വാചകത്തില്‍ തന്നെ ലൂക്കോസ് മറ്റൊരു കാര്യം കൂടെ ചേര്‍ക്കുന്നുണ്ട്. “ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. (ലൂക്കോസ് 21: 8). അതായത് അവര്‍ യേശു മടങ്ങിവന്നിരിക്കുന്നു എന്നും അവന്റെ വരവിന്‍റെ സമയം അടുത്തിരിക്കുന്നു എന്നും അവകാശപ്പെടും. അവര്‍ യേശുക്രിസ്തുവിന്റെ വരവിന്‍റെ സമയം പ്രവചിക്കുന്നവര്‍ ആയിരിയ്ക്കും. നമ്മള്‍ മുമ്പ് പറഞ്ഞ വാക്യം നമ്മള്‍ ഇവിടെ ഓര്‍ക്കുന്നത് നല്ലതായിരിക്കും: ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (മത്തായി 24:36). യേശു ഇവിടെ എന്നും അവിടെ എന്നും പ്രവചിക്കുവാന്‍ ദൈവം ഒരു മനുഷ്യനും അനുവാദം കൊടുത്തിട്ടില്ല. അതിനാല്‍, നമ്മളുടെ കര്‍ത്താവ് പറയുന്നു: “അവരെ അനുഗമിക്കരുതു”.

യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍, രോഗങ്ങള്‍, ആകാശത്തിലെ കാഴ്ചകള്‍

ഈ മുന്നറിയിപ്പ് നമുക്ക് നല്കിയത്തിന് ശേഷം യേശു യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് പറയുന്നു.

ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടിലാത്ത വിധം അധികം യുദ്ധങ്ങളും, ക്ഷാമവും അന്ത്യകാലത്ത് ഉണ്ടാകും. മനുഷ്യന് നിയന്ത്രിക്കുവാന്‍ കഴിയാത്ത മഹാരോഗങ്ങളുടെ ഒരു കാലമായിരിക്കും അത്. ആഭ്യന്തര കലാപങ്ങളും ഭൂകമ്പവും വര്‍ദ്ധിച്ച് വരും. എന്നാല്‍ ഈ യുദ്ധങ്ങളുടെ മദ്ധ്യത്തില്‍ സമാധാനത്തിനായുള്ള ശ്രമങ്ങളും വര്‍ദ്ധിച്ചു വരും എന്ന് അപ്പൊസ്തലനായ പൌലൊസ് 1 തെസ്സലൊനീക്യര്‍ 5: 3 ല്‍ പറയുന്നു. “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.” മാനവ ചരിത്രത്തില്‍ സാമാധാനത്തിന്നായുള്ള ശ്രമങ്ങള്‍ ഇത്രമാത്രം നടക്കുന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല. രാജ്യങ്ങളും, മതങ്ങളും തമ്മില്‍ സമാധാന കരാറുകള്‍ ഉണ്ടാകുന്നു എങ്കിലും സമാധാനം സൃഷ്ടിക്കുവാന്‍ കഴിയുന്നില്ല. സമാധാനം സൃഷ്ടിക്കാത്ത എന്തോ ഒന്നു മനുഷ്യരുടെ ഇടയില്‍ ഉള്ളതുപോലെ നമുക്ക് തോന്നുന്നു. അത് മനുഷ്യന്റെ പാപം അല്ലാതെ മറ്റൊന്നും അല്ല. അതിനുള്ള ഏക പരിഹാരം ക്രിസ്തു ആണ്.

ലൂക്കോസ് 21: 11 ല്‍ മറ്റൊരു അടയാളം കൂടി പറയുന്നുണ്ട്. “... ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. മനുഷ്യനു വിശദീകരിക്കുവാന്‍ കഴിയാത്ത ഇത്തരം അടയാളങ്ങള്‍ അനേകം നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് കാരണമാകും. ഇതും മനുഷ്യനെ തെറ്റിക്കുന്ന കഥകള്‍ ആയിരിയ്ക്കും. ഈ പ്രവചന നിവൃത്തി ഇന്ന് നമ്മളുടെ ചുറ്റും കണ്ടുകൊണ്ട് ഇരിക്കുക ആണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ അന്ത്യകാല പ്രഭാഷകരും അനേകം വിശ്വാസികളും ഇത്തരം നിഗൂഢ സിദ്ധാന്തങ്ങളുടെ പ്രചാകരകര്‍ ആയി തീര്‍ന്നിരിക്കുന്നു. തെറ്റിപ്പോകാതെ ഇരിക്കുവാന്‍ നമ്മള്‍ സൂക്ഷിച്ചുകൊള്ളേണം. ഇതെല്ലാം പറഞ്ഞതിന് ശേഷം യേശു പറഞ്ഞു, “എന്നാല്‍ അത് അവസാനമല്ല ... എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” (മത്തായി 24:7, 8). അര്‍ത്ഥം വ്യക്തമാണ്, ഇതിലും അധികം കഷ്ടത നിറഞ്ഞ കാലം വരുന്നു.

രണ്ടാമത്തെ ഭാഗം


യേശുവിന്റെ പ്രവചനങ്ങളിലെ രണ്ടാമത്തെ ഭാഗമാണ് നമ്മള്‍ മത്തായി 24: 9 -14 വരെയും മര്‍ക്കോസ് 13: 9 – 13 വരെയും ലൂക്കോസ് 21: 12 -19 വരെയും ഉള്ള ഭാഗങ്ങളില്‍  വായിക്കുന്നത്. മുമ്പ് പറഞ്ഞതെല്ലാം ആരംഭമത്രേ എന്ന് പറഞ്ഞതിന് ശേഷം, യേശു പറഞ്ഞു: “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:9). മര്‍ക്കോസ് രേഖപ്പെടുത്തുന്നത് ഇങ്ങനെ ആണ്: ... അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.” (മര്‍ക്കോസ് 13:9). “... അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.” എന്ന് ലൂക്കോസ് രേഖപ്പെടുത്തുന്നു. (ലൂക്കോസ് 21: 12). ക്രിസ്തീയ വിശ്വാസികള്‍ അന്ത്യകാലത്ത് അനുഭവിക്കേണ്ടി വരുന്ന ഉപദ്രവങ്ങള്‍ ആണ് ഇവിടെ പറയുന്നതു. ഈ വാക്യങ്ങളില്‍ എല്ലാം പറയുന്ന, വിശ്വാസികളെ ഉപദ്രവിക്കുന്ന “അവര്‍” ആരായിരിക്കും? ഇത് മനസ്സിലാക്കുവാന്‍ നമുക്ക് യേശു ഇതിന് മുമ്പ് പറഞ്ഞ വാക്യങ്ങള്‍ നോക്കാം. യേശുക്രിസ്തു ഈ പ്രവചനങ്ങള്‍ ആരംഭിക്കുന്നത് വഞ്ചനയുമായി എത്തുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഇവര്‍ “ഞാൻ ആകുന്നു” എന്ന് പറഞ്ഞുകൊണ്ട് വരും എന്നാണ് യേശു പറഞ്ഞത്. അതായത്, സ്വര്‍ഗ്ഗാരോഹണം ചെയ്ത നമ്മളുടെ കര്‍ത്താവായ യേശു വീണ്ടും വന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അനേകര്‍ വരും. ഇവരെക്കുറിച്ച് അല്ലാതെ മറ്റാരെയും കുറിച്ച് യേശു ഈ പ്രവചന ഭാഗത്ത് പരാമര്‍ശിക്കുന്നില്ല. അതിനാല്‍ അന്ത്യകാലത്ത് വിശ്വാസികളെ ഉപദ്രവിക്കുന്ന “അവര്‍” ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ തന്നെയുള്ള, വഞ്ചനയുമായി ജീവിക്കുന്ന, കപട വിശ്വാസികളും നേതൃത്വവും ആയിരിക്കും എന്ന് ശരിയായി അനുമാനിക്കാം. സത്യസന്ധരായ ക്രിസ്തീയ വിശ്വാസികളെ ഉപദ്രവിക്കുന്ന സഭകളും ക്രൈസ്തവരും മത നേതാക്കന്മാരും അന്ത്യകാലത്ത് ഉയര്‍ന്ന് വരും.

 

ആത്മീയരും നിര്‍ദ്ദോഷികളും ആയിരുന്ന ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി കൊന്നൊടുക്കിയ അനേകം സംഭവങ്ങള്‍ ക്രിസ്തീയ സഭയുടെ ചരിത്രത്തില്‍ ഉണ്ട്. വ്യാജ വിചാരണയിലൂടെ മതവിരോധികള്‍, ദുരുപദേശകര്‍ എന്നിങ്ങനെ വ്യാജമായി കുറ്റം ആരോപിച്ച് ആയിരങ്ങളെ കൊന്നുകളഞ്ഞ പാരമ്പര്യമാണ് ഇന്നത്തെ പല ക്രൈസ്തവ സഭകള്‍ക്കും ഉള്ളത്. ഇതില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും ഇരകളായും കുറ്റവാളികള്‍ ആയും ഉണ്ട്. ഇരു വിഭാഗത്തിലെയും മുഖ്യധാരയില്‍ പെടാത്തവരെ പൊതു ശത്രു എന്ന് കരുതി ഇവര്‍ ഒരുമിച്ച് ആക്രമിച്ച സംഭവങ്ങളും ഉണ്ട്. ക്രൈസ്തവ സഭ, ക്രിസ്തീയ വിശ്വാസികളോട് കാണിച്ച ക്രൂരതപോലെ മറ്റാരും ഇന്നേവരെ ഒരു മതവിശ്വാസികളോടും ചെയ്തിട്ടുണ്ടാകില്ല. യേശു പറഞ്ഞു, ഇത് വീണ്ടും, അന്ത്യകാലത്ത് ആവര്‍ത്തിക്കും.

 

തുടര്‍ന്നുള്ള വാക്യങ്ങളില്‍, യേശുക്രിസ്തു വീണ്ടും കള്ളപ്രവാചകന്മാരെക്കുറിച്ച് പറയുന്നു. യുദ്ധങ്ങളെക്കുറിച്ചും, മഹാമാരികളെക്കുറിച്ചും ഒരിക്കല്‍ മാത്രമേ ഈ പ്രവചനത്തില്‍ യേശു പറയുന്നുള്ളൂ. എന്നാല്‍ കള്ള പ്രവാചകന്മാരെ കുറിച്ചും വഞ്ചനയുമായി വന്നു നമ്മളെ തെറ്റിക്കുന്നവരെക്കുറിച്ചും യേശു ആവര്‍ത്തിച്ചു പറയുന്നു. ഇത്, ഇവരെ നമ്മള്‍ ഏറെ ശ്രദ്ധിക്കേണം എന്നും, അനേകരെ അവര്‍ തെറ്റിച്ചു കളയും എന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. അക്കാലത്ത്, അധർമ്മം പെരുകുകയും അനേകരുടെ സ്നേഹം തണുത്തുപോകുകയും ചെയ്യും. ഇതെല്ലാം അന്ത്യകാല ലക്ഷണങ്ങള്‍ ആണ് എങ്കിലും, കാലത്തിന്‍റെ അവസാനം കുറിക്കുന്ന ഒരു സംഭവം യേശു പ്രത്യേകം പറയുന്നുണ്ട്. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14). ഒപ്പം യേശുക്രിസ്തു ഒരു ആശ്വാസ വചനം കൂടി പറയുന്നുണ്ട്: “എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13).


യെരൂശലേം പട്ടണത്തിന്റെയും ദൈവാലയത്തിന്റെയും തകര്‍ച്ച

യേശുവും ശിഷ്യന്മാരും യെരൂശലേം ദൈവാലയം വിട്ടു പോകുമ്പോള്‍ ആണ്, അതിന്റെ തകര്‍ച്ചയെ കുറിച്ച് യേശു ആദ്യം പറഞ്ഞത്. പിന്നീട് ഒലീവ് മലയില്‍ ഇരിക്കുമ്പോള്‍, ശിഷ്യന്മാര്‍ ചോദിച്ച മൂന്നു ചോദ്യങ്ങളില്‍ ഒന്നു, യെരൂശലേം ദൈവാലത്തിന്റെ തകര്‍ച്ച എപ്പോള്‍ സംഭവിക്കും എന്നായിരുന്നു. അതിനുള്ള മറുപടി ആണ് യേശു തുടര്‍ന്നു പറയുന്നതു. “എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു പോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോള്‍ - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ (മത്തായി 24: 15, 16). എന്താണ് യേശു ഉദ്ദേശിച്ച, ദാനിയേല്‍ പ്രവാചകന്‍ പറഞ്ഞ, “ശൂന്യമാക്കുന്ന മ്ലേച്ചത”?

ദാനീയേലിന്റെ പ്രവചനം 12ആം അദ്ധ്യായം 11 ആം വാക്യത്തില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു (1290) ദിവസം ചെല്ലും.” യെരൂശലേം ദൈവാലയത്തില്‍ മ്ലേച്ചബിംബത്തെ പ്രതിഷ്ഠിക്കുന്നതിനെ കുറിച്ചാണ് ഈ വാക്യം പറയുന്നത്. ഈ പ്രവചനത്തിന് ഒന്നിലധികം നിവൃത്തി ഉണ്ട് എന്ന് വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത് ഒരിക്കല്‍ യേശുക്രിസ്തുവിന് മുമ്പ്, വീണ്ടും യേശുക്രിസ്തുവിന് ശേഷവും നിവൃത്തിയായി. ഇനി ഇത് ഭാവിയില്‍ അന്ത്യകാലത്ത് ഒരിക്കല്‍ കൂടി നിവൃത്തിയാകും എന്നു കരുതപ്പെടുന്നു. യേശുക്രിസ്തുവിന്റെ വീണ്ടും വരവുമായി ഈ പ്രവചനത്തിന് വളരെ ബന്ധമുണ്ട്.

മ്ലേച്ചത എന്ന വാക്കിന് മലയാളത്തില്‍ വിശദീകരണം ആവശ്യമില്ല. അത് മനുഷ്യര്‍ക്ക് അല്ല, ദൈവത്തിന് മ്ലേച്ചമായ കാര്യം ആയിരിയ്ക്കും. ഈ വാക്ക് പഴയനിയമത്തില്‍ 100 ല്‍ അധികം പ്രാവശ്യം കാണപ്പെടുന്നു. പുതിയനിയമത്തിലും ഈ വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വേദപുസ്തകത്തില്‍ മ്ലേച്ചത എന്ന വാക്ക് വിഗ്രഹ ആരാധനയുമായും അങ്ങനെ ഉള്ള ഉടമ്പടി ലംഘനവുമായും ബന്ധപ്പെട്ടാണ് കൂടുതല്‍ ഇടങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. (ആവര്‍ത്തന പുസ്തകം 7:25, 13:14). പഴയനിയമത്തിലെ ചരിത്ര പുസ്തകങ്ങളില്‍, വിഗ്രഹ ആരാധനയെക്കുറിച്ചും ശിശു ബലിയെ കുറിച്ചും പറയുന്ന ഇടങ്ങളില്‍ മ്ലേച്ചത എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. (1 രാജാക്കന്മാര്‍ 11:7, 2 രാജാക്കന്മാര്‍ 23:13). പ്രവചന പുസ്തകങ്ങളിലും മ്ലേച്ചത വിഗ്രഹ ആരാധനയെ സൂചിപ്പിക്കുന്നു.

“ശൂന്യമാക്കുന്ന” എന്ന വാക്കിന്‍റെയും അര്‍ത്ഥം വ്യക്തമാണ്. അത് കാണുന്ന ഒരു വ്യക്തിയെ സ്ബ്ധനായി നില്‍ക്കുവാന്‍ തക്കവണ്ണം ഭയങ്കരമായ നാശം ആണ്. യേശുക്രിസ്തു പറയുന്നു, ഇതുപോലെ ഉള്ള ഒരു സംഭവം യെരൂശലേം ദൈവാലയത്തില്‍ സംഭവിക്കുവാന്‍ പോകുന്നു. കാണുന്നവരും കേള്‍ക്കുന്നവരും സ്ബ്ധരായി നിന്നുപോകുന്ന, യഹോവയ്ക്ക് മ്ലേച്ചമായ ഒന്നു ദൈവാലയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ പോകുന്നു.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഈ പ്രവചത്തിന് യഹൂദ ചരിത്രത്തില്‍ രണ്ടു നിവൃത്തി ഉണ്ടായികഴിഞ്ഞു. ഒന്ന് ഗ്രീക്ക് സാമ്ര്യജ്യത്തിന്റെ ഭരണകാലത്താണ് സംഭവിച്ചത്. ഇത് മനസ്സിലാക്കുവാന്‍, ദാനിയേല്‍ 11: 31 ല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു പ്രവചനം കൂടി നമുക്ക് ഇവിടെ വായിക്കേണ്ടതുണ്ട്. അത് ഇങ്ങനെ ആണ്: “അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.

അലക്സാണ്ടര്‍ ചക്രവര്‍ത്തി യെരൂശലേം പട്ടണത്തെ കീഴടക്കുന്നത് 332 BC ല്‍ ആണ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഗ്രീക്ക് സാമ്രാജ്യം പ്രധാനമായും മൂന്നായി വിഭജിക്കപ്പെട്ടു. അതില്‍ ഏറ്റവും ശക്തമായത് സെലൂക്കസ് ഒന്നാമന്‍ നിക്കാറ്റര്‍ (Seleucus I Nicator) സ്ഥാപിച്ച സാമ്രാജ്യം ആയിരുന്നു. അത് സെലൂസിഡ് സാമ്രാജ്യം (Seleucid Empire) എന്നു അറിയപ്പെട്ടു. ഇതില്‍ ബാബിലോണിയ പട്ടണം, മെസപ്പൊട്ടേമിയ, മദ്ധ്യ ഏഷ്യ, യെരൂശലേം പട്ടണം എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ ആദ്യ നാളുകളില്‍ യഹൂദന്‍മാര്‍ക്ക് അവരുടെ മതവിശ്വാസ പ്രകാരം ജീവിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍, 175 BC ല്‍ ആന്റിഓക്കസ് നാലാമന്‍ എപ്പിഫാനെസ് (Antiochus IV Epiphanes) എന്ന ചക്രവര്‍ത്തി അധികാരത്തില്‍ വന്നപ്പോള്‍, സെലൂസിഡ് സാമ്രാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രീക്ക് മതവും സംസ്കാരവും നിര്‍ബന്ധമാക്കി. യെരൂശലേമിലെ ദൈവാലയത്തിലെ ആരാധനയും, വഴിപാടുകളും, യാഗങ്ങളും നിറുത്തലാക്കി. പരിച്ഛേദനയും ശബ്ബത്തും നിരോധിച്ചു. അതിനാല്‍ 167 BC ല്‍ യഹൂദന്മാര്‍ സെലൂസിഡ് സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി. ആ സമയത്ത് ആന്റിഓക്കസ് രാജാവ് ഈജിപ്തില്‍ ഒരു യുദ്ധത്തില്‍ ആയിരുന്നു. അദ്ദേഹം യെരൂശലേമില്‍ തിരികെ എത്തി കലാപത്തെ അടിച്ചമര്‍ത്തി. അനേകമായിരങ്ങളെ കൊന്നൊടുക്കുകയും ചിലരെ ജീവനോടെ പിടിച്ചുകൊണ്ട് പോയി അടിമകള്‍ ആയി വില്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൈന്യം യെരൂശലേം ദൈവാലയത്തില്‍ കയറുകയും, രാജാവിന്റെ കലപ്പന പ്രകാരം, യഹൂദന്‍മാര്‍ക്ക് മ്ലേച്ചമായിരുന്ന പന്നിയെ മൃഗബലിയായി അര്‍പ്പിക്കുകചെയ്തു. ആലയത്തില്‍ ഗ്രീക്ക് ദേവനായ സിയൂസിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ദൈവാലയത്തെ അവര്‍ മലിനമാക്കി. ഇത് യഹൂദന്‍മാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും “ശൂന്യമാക്കുന്ന മ്ലേച്ചത” ആയിരുന്നു. ഇതാണ് ദാനീയേലും യേശുക്രിസ്തുവും പറഞ്ഞ പ്രവചനത്തിന്‍റെ ഒന്നാമത്തെ നിവൃത്തി.

ഈ പ്രവചനത്തിന്‍റെ രണ്ടാമത്തെ നിവൃത്തി, റോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് സംഭവിച്ചു. ഇത് യേശുക്രിസ്തുവിന് ശേഷമാണ് സംഭവിച്ചത്. റോമാക്കാര്‍ യെരൂശലേമില്‍ വരുന്നത് 63 BC ല്‍ ആണ്. റോമന്‍ സൈന്യാധിപന്‍ ആയ പൊംപെയ് (Pompey) യെരൂശലേമില്‍ എത്തുകയും ദൈവലായത്തിലെ അതിവിശുദ്ധ സ്ഥലത്തു കയറുകയും ചെയ്തു. അങ്ങനെ ആലയം അശുദ്ധമായി. എന്നാല്‍ അദ്ദേഹം ദൈവാലയത്തിന് കേടുപാടുകള്‍ വരുത്തിയില്ല. BC ഒന്നാം നൂറ്റാണ്ടില്‍, ഹെരോദ രാജാവിനെ യെഹൂദ്യയുടെ ഭരണാധികാരി ആയി റോമന്‍ ഭരണകൂടം നിയമിച്ചു. 37 BC ല്‍ അദ്ദേഹം, യഹൂദന്മാരുടെ സമ്മതത്തോടെ ആലയം അതിമനോഹരമായി പുതിക്കി പണിതു. ആലയം നിന്നിരുന്ന സ്ഥലം ടെമ്പിള്‍ മൌണ്ട് എന്ന് അറിയപ്പെട്ടു. അദ്ദേഹം അതിനു ചുറ്റിനും മതില്‍കെട്ടി. എന്നാല്‍ ആലയത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. AD 63 ല്‍ ആലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി കരുതപ്പെടുന്നു.

എന്നാല്‍ ഹെരോദ രാജാവിന്റെ മരണശേഷം യെഹൂദ്യ പ്രദേശം റോമന്‍ സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ആയി. അതോടെ യഹൂദന്മാരുടെ സംസ്കാരത്തെയും മത വിശ്വാസത്തെയും അടിച്ചമര്‍ത്തുവാന്‍ റോമാക്കാര്‍ ശ്രമിക്കുന്നു എന്നൊരു ചിന്ത യഹൂദന്‍മാര്‍ക്കിടയില്‍ വളര്‍ന്നുവന്നു. ഇത് ഒരു വലിയ കലാപത്തില്‍ എത്തി. AD 66 ല്‍ യഹൂദന്മാര്‍ റോമന്‍ ഭരണകൂടത്തിനെതിരെ കലാപം അഴിച്ചുവിട്ടു.

AD 70 ല്‍ റോമന്‍ സൈന്യാധിപന്‍ ആയിരുന്ന ടൈറ്റസിന്റെ നേതൃത്വത്തില്‍ കലാപത്തെ അടിച്ചമര്‍ത്തുകയും, യെരുശലേം പട്ടണത്തെ തകര്‍ക്കുകയും, ദൈവാലയത്തെ തീവച്ച് നശിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.  അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കോസ് 21: 20, 21). യേശുവിന്റെ ഈ പ്രവചനം, അവന്റെ മരണത്തിനും 37 വര്‍ഷങ്ങള്‍ക്ക് ശേഷം നിവൃത്തി ആയി. ഈ സംഭവങ്ങളെ യേശു വിശേഷിപ്പിച്ചത് ഇങ്ങനെ ആണ്:  “എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. (ലൂക്കോസ് 21: 22).

യെരൂശലേം പട്ടണം ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികള്‍ ആരും അതിനു ഇരയായില്ല എന്ന് വിശ്വസിക്കപ്പെടുന്നു. പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ പ്രവചനം അക്കാലത്തെ ക്രിസ്തീയ വിശ്വാസികള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ വിശ്വസിച്ചു. റോമന്‍ സൈന്യം യെരൂശലേമിനെ വളഞ്ഞപ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികള്‍, യോര്‍ദ്ദാന്‍ നദിയുടെ അക്കരെയുള്ള പെല്ലാ (Pella) എന്ന സ്ഥലത്തേക്ക് ഓടിപ്പോയി. AD 66 ല്‍ റോമന്‍ സൈന്യാധിപന്‍ ആയിരുന്ന ഗാല്ലസ് ന്‍റെ (Gallus) നേതൃത്വത്തില്‍ സൈന്യം യെരൂശലേമിനെ വളഞ്ഞപ്പോള്‍ തന്നെ, ക്രിസ്തീയ വിശ്വാസികള്‍ അവിടെ നിന്നും ഓടിപ്പോയി കാണണം. അവര്‍ യേശുക്രിസ്തുവിന്റെ കല്‍പ്പന അതേപോലെ അനുസരിക്കുക ആയിരുന്നു. എന്നാല്‍ യഹൂദന്മാര്‍ പട്ടണത്തിലേക്കും ദൈവാലയം സ്ഥിതിചെയ്തിരുന്ന ടെമ്പിള്‍ മൌണ്ടിലേക്കും ഓടിക്കൂടുക ആയിരുന്നു. റോമന്‍ സൈന്യം പട്ടണത്തെ ഉപരോധിച്ചതിനാലും, അത് ചില നാളുകള്‍ നീണ്ടുനിന്നതിനാലും, അനേകം യഹൂദന്മാര്‍ പട്ടിണിയാലും രോഗത്താലും മരിച്ചു. ശേഷിച്ചവരെ റോമന്‍ സൈന്യം ആക്രമിച്ചു കൊന്നുകളഞ്ഞു. ഈ സംഭവ ചരിത്രം, ക്രിസ്തീയ സഭയുടെ ആദ്യകാല ചരിത്രകാരന്‍മാര്‍ ആയിരുന്ന യൂസേബിയസ് (Eusebius), സലാമിസിലെ എപ്പിഫാനിയസ് (Epiphanius of Salamis) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് അനേകം വര്‍ഷങ്ങള്‍ യെരൂശലേം ശൂന്യമായി കിടന്നു. എന്നാല്‍ അക്കാലത്ത്, ഏകദേശം 70 വര്‍ഷങ്ങളോളം, ക്രിസ്തീയ വിശ്വാസികള്‍ ഓടി രക്ഷപ്പെട്ട പെല്ല എന്ന പട്ടണം അഭിവൃദ്ധിയോടെ നിലനിന്നു.

അനേകം വേദ പണ്ഡിതന്മാര്‍, യേശുക്രിസ്തുവിന്റെ ഈ പ്രവചനത്തിന് അന്ത്യകാലത്ത് മൂന്നാമതൊരു നിവൃത്തി കൂടി ഉണ്ടാകും എന്നു വിശ്വസിക്കുന്നു. ശിഷ്യന്മാര്‍ അന്ത്യകാലത്തിന്റെയും യേശുവിന്റെ വീണ്ടും വരവിന്റെയും ലക്ഷണങ്ങള്‍ എന്തായിരിക്കും എന്ന്  ചോദിച്ചപ്പോള്‍ ആണ് “ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ” കുറിച്ചും മറ്റ് അടയാളങ്ങളും യേശു പറഞ്ഞത്. “നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും” ചെയ്യും എന്നാണ് ദാനിയേല്‍ പ്രവചിച്ചത്. (ദാനീയേല്‍ 12: 11). അതിനാല്‍ മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുന്നതിനു മുമ്പ് ദൈവാലയത്തിലെ യാഗങ്ങള്‍ നിറുത്തലാക്കേണം. എന്നാല്‍ ഇപ്പോള്‍ യെരൂശലേമില്‍ ആലയമോ, യാഗങ്ങളോ ഇല്ല. അതുകൊണ്ടു ഈ പ്രവചനം നിവൃത്തിയാകുന്നതിന് മുമ്പ് യെരൂശലേം ദൈവാലയം വീണ്ടും പണിയുകയും അവിടെ യാഗങ്ങള്‍ ആരംഭിക്കപ്പെടുകയും വേണം. അതായത് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി യെരൂശലേം ദൈവാലയം വീണ്ടും പണിയപ്പെടേണം. എന്നാല്‍, മശിഹാ വന്നതിനു ശേഷം, അവന്റെ കാലത്ത് മാത്രമേ ആലയം നിര്‍മ്മിക്കപ്പെടുക ഉള്ളൂ എന്നു യഹൂദ പണ്ഡിതരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്.

എന്നാല്‍ അന്ത്യകാലത്തു ആലയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ ഇടയുള്ള “ശൂന്യമാക്കുന്ന മ്ലേച്ഛബിംബം” എന്താണ് എന്നതിന് വ്യക്തത ഇല്ല. അപ്പൊസ്തലനായ പൌലൊസ്, ഭാവിയില്‍ വരുവാന്‍ ഇടയുള്ള ഒരു നേതാവിനെക്കുറിച്ച് 2 തെസ്സലൊനീക്യര്‍ 2: 3, 4 വാക്യങ്ങളില്‍ പറയുന്നുണ്ട്: “ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.” വെളിപ്പാട് പുസ്തകത്തില്‍ ഒരു മൃഗത്തെക്കുറിച്ചും കള്ളപ്രവാചകനെ കുറിച്ചും പറയുന്നുണ്ട്. അവര്‍ തമ്മില്‍ സന്ധിച്ചേരുകയും അവര്‍ യെരൂശലേമിനെ ആക്രമിക്കുകയും ചെയ്യും എന്നും നമ്മള്‍ അവിടെ നിന്നും മനസ്സിലാക്കുന്നു. ഒരു പക്ഷേ, ഈ കൂട്ട്കെട്ട് ആയിരിക്കാം ദൈവാലയത്തില്‍ ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുന്നത്.

മഹാ ഉപദ്രവ കാലം

യെരൂശലേം ദൈവാലയത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള പ്രവചനത്തിന് ശേഷം യേശു പറയുന്നതു, മഹാ ഉപദ്രവത്തിന്റെ നാളുകളെക്കുറിച്ചാണ്. മത്തായി 24: 21-28 വരെയും മര്‍ക്കോസ് 13: 19-23 വരെയും ഉള്ള വാക്യങ്ങളില്‍ ഈ പ്രവചനങ്ങള്‍ നമുക്ക് വായിക്കാവുന്നതാണ്. ഇത് ഇതുവരെയും നിവൃത്തി ആയിട്ടില്ല എന്ന് കരുതപ്പെടുന്നു. യേശു പറഞ്ഞു: “ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. (മത്തായി 24: 21).

ഇതിന് മുമ്പ് യേശു പറഞ്ഞ യെരൂശലേം ദൈവാലയത്തിന്റെ പതനം AD 70 ല്‍ സംഭവിച്ചു കഴിഞ്ഞു. അതിനു ശേഷം യേശു പറയുന്ന “വലിയ കഷ്ടം” ഇതുവരെയും സംഭവിച്ചിട്ടില്ല. അതിനാല്‍ ഈ രണ്ടു പ്രവചനങ്ങള്‍ക്കും ഇടയില്‍ ഒരു ഇടവേള ഉണ്ടായിരിക്കേണം. ഈ ഇടവേള എന്താണ് എന്ന് ലൂക്കോസ് 21: 24 ല്‍ വ്യക്തമാക്കുന്നുണ്ട്. “അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.” അതായത് യെരൂശലേം ദൈവാലയത്തിന്റെ തകര്‍ച്ചയ്ക്കും, യേശു പറഞ്ഞ വലിയ കഷ്ടതയുടെ കാലത്തിനും ഇടയില്‍ ഉള്ള കാലത്ത് “ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.” ചരിത്രം പരിശോധിച്ചാല്‍ ഈ പ്രവചനം നിവൃത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ദൈവാലയത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം റോമന്‍ സാമ്രാജ്യം അനേകം വര്‍ഷങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. അവരുടെ തകര്‍ച്ചയ്ക്ക് ശേഷം, മുസ്ലീം സാമ്രാജ്യം ആയിരുന്ന ഒട്ടോമന്‍ സാമ്രാജ്യം യെരൂശലേമിനെ കീഴടക്കി. അവര്‍ യെരൂശലേം ദൈവാലയം നിന്നിരുന്ന ടെമ്പിള്‍ മൌണ്ടില്‍ ഡോം ഓഫ് ദി റോക്ക് എന്ന സ്മാരക മന്ദിരവും ഒരു മുസ്ലിം പള്ളിയും സ്ഥാപിച്ചു. ഇപ്പൊഴും യെരൂശലേം പട്ടണത്തിന്‍റെയോ ടെമ്പിള്‍ മൌണ്ടിന്റെയോ പൂര്‍ണ്ണമായ അധികാരം യഹൂദന്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. അതായത് ജാതികള്‍ യെരൂശലേമിനെ ചവിട്ടിക്കളയുന്ന കാലം ഇന്നും  അവസാനിച്ചിട്ടില്ല.

ഇനിയും വരുവാനിരിക്കുന്ന മഹാ ഉപദ്രവ കാലത്തെക്കുറിച്ച് ഒരു കാര്യം കൂടെ യേശുക്രിസ്തു പറയുന്നുണ്ട്. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.” (മത്തായി 24: 22). ഈ വാക്യം പറയുന്നതു അനുസരിച്ച്, മഹാ ഉപദ്രവ കാലത്ത് “വൃതന്മാർ അഥവാ ക്രൈസ്തവ വിശ്വാസികള്‍ ഈ ഭൂമില്‍ ഉണ്ടായിര്‍ക്കും. എന്നാല്‍ അവര്‍ കാരണം ആ വലിയ കഷ്ടതയുടെ കാലം ചുരുങ്ങും. ഇതേ കാര്യം മാര്‍ക്കോസും പറയുന്നുണ്ട്. “കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.” (മര്‍ക്കോസ് 13: 20)

യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ്

ഇവിടെ നിന്നും യേശുവിന്‍റെ പ്രവചന പ്രഭാഷണം മുന്നോട്ട് പോകുന്നത്, “വലിയ കഷ്ട” കാലത്തിന്റെ അവസാനത്തെക്കുറിച്ചും, അവന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചും ഉള്ള പ്രവചനത്തിലേക്ക് ആണ്. മര്‍ക്കോസ് 13: 24, 25 എന്നീ വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു: “എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.” ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഉള്ള മനുഷ്യരുടെ മാനസിക അവസ്ഥയെക്കുറിച്ച് ലൂക്കോസ് 21: 25, 26 എന്നീ വാക്യങ്ങളില്‍ നമുക്ക് വായിക്കുവാന്‍ കഴിയും. ... ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും .... ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.” “ ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ ആണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് മത്തായി 24: 29 ല്‍ പറയുന്നതിനാല്‍ ഇതെല്ലാം മഹാ ഉപദ്രവ കാലത്തിന്റെ അവസാനത്തില്‍ സംഭവിക്കും എന്ന് നമുക്ക് അനുമാനിക്കാം.

ഇത് പറഞ്ഞതിന് ശേഷമുള അടുത്ത വാക്യം പറയുന്നതു യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനെക്കുറിച്ചാണ്. മത്തായി എഴുതിയ സുവിശേഷത്തില്‍, യേശുവിന്റെ വരവിനെക്കുറിച്ച് പറയുന്നതിന് മുമ്പായി, വീണ്ടും കള്ളപ്രവാചകന്‍മാരെക്കുറിച്ച് പറയുന്നുണ്ട്. ഇത് വെറും ഒരു ആവര്‍ത്തനമല്ല. അന്ത്യകാലത്തു നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു മര്‍മ്മം ഇതില്‍ അടങ്ങിയിട്ടുണ്ട്. യേശു പറഞ്ഞ വാക്യം ഇങ്ങനെ ആണ്: ആകയാൽ നിങ്ങളോട്:  അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. (മത്തായി 24: 26). അതായത് യേശുക്രിസ്തുവിന്‍റെ രഹസ്യമായ ഒരു വരവ് സംഭവിച്ചു കഴിഞ്ഞു എന്നും അവന്‍ രഹസ്യമായ അറകളില്‍ ഉണ്ട് എന്നും അവകാശപ്പെടുന്ന ചിലര്‍ നമ്മളെ വഞ്ചിക്കുവാന്‍ എഴുന്നേല്‍ക്കും. അവരെ വിശ്വസിക്കരുത് എന്നാണ് യേശു നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഈ വാക്യത്തിന് തുടര്‍ച്ചയായി യേശു പറയുന്നതിങ്ങനെ ആണ്: “മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.” (മത്തായി 24:27). അതായത് നമുക്ക് ഒരിയ്ക്കലും തെറ്റുപറ്റുവാന്‍ സാധ്യത ഇല്ലാത്ത രീതിയില്‍ യേശുവിന്റെ രണ്ടാമത്തെ വരവ് ഉണ്ടാകും. യേശുവിന്റെ ഈ വാക്കുകള്‍ മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്ങനെ ആണ്: “അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.” (മര്‍ക്കോസ് 13:26). ലൂക്കോസില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടുംകൂടെ മേഘത്തിൽ വരുന്നതു അവർ കാണും.” (ലൂക്കോസ് 21: 27). ഈ വാക്യങ്ങളില്‍ എല്ലാം “അവര്‍ കാണും” എന്ന് പറയുന്നത്, കള്ളപ്രവാചകന്മാരും, പരിഭ്രമത്തില്‍ ആയിരിക്കുന്ന ഭൂമിയിലെ മനുഷ്യരും കാണും എന്നാണ് അര്‍ത്ഥമാക്കുന്നത്.

യേശുക്രിസ്തുവിന്‍റെ തുടര്‍ന്നുള്ള വാക്കുകള്‍ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്തായി 24:31). മാര്‍ക്കോസും ഈ പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലൂക്കോസില്‍ നമ്മള്‍ ഇത് കാണുന്നില്ല. ഈ സംഭവത്തെ ആണ് വേദ പണ്ഡിതന്മാര്‍ ഉല്‍പ്രാപണം എന്ന് വിളിക്കുന്നത്. ഇത്, ആകാശമേഘങ്ങളിലേക്കും, ക്രിസ്തുവിന്റെ അടുത്തേക്കും ഉള്ള ക്രിസ്തീയ സഭയുടെ എടുക്കപ്പെടല്‍ ആണ്.

യേശുക്രിസ്തുവിന്‍റെ അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനത്തിലെ അവസാനത്തെ അടയാളം അത്തി വൃക്ഷത്തിന്‍റെ തളിര്‍പ്പ് ആണ്. ഈ ഉപമ മൂന്നു സുവിശേഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് ഇങ്ങനെ ആണ് പറയുന്നത്: “ഒരുപമയും അവരോടു പറഞ്ഞതു: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. (ലൂക്കോസ് 21: 29, 30, 31). അത്തിവൃക്ഷം യിസ്രായേല്‍ എന്ന രാജ്യത്തെ സൂചിപ്പിക്കുന്നു. “മുതലായ സകല വൃക്ഷങ്ങളെയും” എന്നത് യിസ്രായേലിന് ചുറ്റുമുള്ള രാജ്യങ്ങളെ കുറിച്ച് ആകാം. യിസ്രായേല്‍ രാജ്യം വീണ്ടും സ്ഥാപിക്കപ്പെടുകയും അത് അഭിവൃദ്ധിപ്പെടുകയും, ചുറ്റുമുള്ള രാജ്യങ്ങളില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍, നമ്മളുടെ കര്‍ത്താവിന്റെ വരവ് ആസന്നമായി എന്ന് നമുക്ക് വിശ്വസിക്കാം.

സഭയ്ക്കുള്ളിലെ അടയാളങ്ങള്‍

 

നമ്മള്‍ ഇതുവരെയും ചിന്തിച്ചത്, യേശു പ്രവചിച്ച അന്ത്യകാല സംഭവങ്ങളും അടയാളങ്ങളും ആണ്. അന്ത്യകാലത്തു സഭയ്ക്കുള്ളില്‍ വഞ്ചനയുമായി കള്ള പ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് യേശുക്രി പറഞ്ഞത് നമ്മള്‍ ചിന്തിച്ച് കഴിഞ്ഞു. എന്നാല്‍ നമ്മളുടെ കാലത്തെ അന്ത്യകാല പ്രഭാഷകര്‍ സഭയ്ക്കുള്ളില്‍ രൂപപ്പെടുന്ന ഇത്തരം അന്ത്യകാല അടയാളങ്ങളെ കുറിച്ച് പ്രസംഗിക്കാറില്ല. ഇന്നത്തെ പ്രഭാഷകരുടെ ശ്രമം, വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്യുക എന്നതാണു. അതിനാല്‍ അവര്‍, ആകാശത്തിലെ അടയാളങ്ങളെക്കുറിച്ചും ചില നിഗൂഢ സിദ്ധാന്തങ്ങളും വിശദീകരിക്കും. ഇവര്‍ ക്രിസ്തു ഇവിടെ എന്നും അവിടെ എന്നും പറയും. ഇത്തരം പ്രഭാഷകരെ സൂക്ഷിച്ചുകൊള്ളേണം എന്നാണ് നമ്മളുടെ കര്‍ത്താവ് നമുക്ക് നല്കിയ മുന്നറിയിപ്പ്.

 

ഇത് അന്ത്യകാലമായോ എന്നു തിരിച്ചറിയുവാന്‍ ആവശ്യമായ അടയാളങ്ങള്‍ നമ്മളുടെ കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയും, യേശുക്രിസ്തു ആവര്‍ത്തിച്ചു പറഞ്ഞതും സഭയ്ക്കുള്ളിലെ അടയാളങ്ങള്‍ ആണ്. അതിനാല്‍ ഇതിനെക്കുറിച്ച് അല്‍പ്പമായി ചിന്തിച്ചുകൊണ്ടു നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.

 

2 തിമൊഥെയൊസ് 3 ആം അദ്ധ്യായത്തില്‍ അപ്പൊസ്തലനായ പൌലൊസ്, യേശുക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വ്യക്തമായി പറയുന്നുണ്ട്. ഈ അദ്ധ്യായം വായിക്കുമ്പോള്‍, തുടക്കത്തില്‍ അത് സഭയ്ക്ക് പുറത്തുള്ളവരെക്കുറിച്ചാണ് എന്നു നമുക്ക് തോന്നാം എങ്കിലും 5 ആം വാക്യം വായിക്കുമ്പോള്‍ പൌലൊസ് പറയുന്നതു സഭയെക്കുറിച്ചാണ് എന്നു നമുക്ക് മനസ്സിലാകും. ലേഖനം പൌലൊസിന്റെ വിശ്വസ്തനായ ശിഷ്യനും എഫസൊസിലെ ആദ്യത്തെ ബിഷപ്പും ആയിരുന്ന തിമൊഥെയൊസിനാണ്. തന്റെ ജീവിതാന്ത്യത്തില്‍, റോമന്‍ കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍ ആണ് പൌലൊസ് ഇത് എഴുതുന്നത്. 3 ആം അദ്ധ്യായം 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളില്‍, അന്ത്യകാലത്ത് സഭയ്ക്ക് ഉണ്ടാകുവാന്‍ പോകുന്ന വിശ്വാസ ത്യാഗത്തെക്കുറിച്ചാണ് പൌലൊസ് പറയുന്നത്. 

ദുർഘടസമയങ്ങൾ

“അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക” എന്നു പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം തുടങ്ങുന്നത്. എന്താണ് “ദുര്‍ഘട സമയങ്ങള്‍” എന്നതുകൊണ്ട് പൌലൊസ് ഉദ്ദേശിച്ചത്. ദുര്‍ഘടം എന്നതിന്റെ ഗ്രീക്കു പദം ഖലിപ്പോസ് (chalepos - khal-ep-os) എന്ന വാക്കാണ്. ഈ വാക്കിന്റെ അര്‍ത്ഥം കോപാകുലനായ, ക്രുദ്ധനായ, നിഷ്ഠൂരമായ എന്നൊക്കെ ആണ്. ഈ വാക്ക് നമ്മള്‍ മറ്റൊരിടത്ത് കാണുന്നത്, മത്തായി 8: 28 ല്‍ ആണ്. ഈ വാക്യം ഇങ്ങനെ ആണ്: അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽനിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.” ഇവിടെ “അത്യുഗ്രന്‍മാര്‍” എന്നു പറയുവാന്‍ ആണ് “ഖലിപ്പോസ്” എന്ന ഗ്രീക്ക് വാക് ഉപയോഗിക്കുന്നത്. ഇവര്‍ ആകട്ടെ ഭൂതഗ്രസ്തര്‍ ആകകൊണ്ട് അത്യുഗ്രന്‍മാര്‍ ആയിരുന്നു, ആര്‍ക്കും അവരെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. “ദുര്‍ഘട സമയങ്ങള്‍” എന്നതിലെ സമയങ്ങള്‍ ഒരു കാലഘട്ടത്തെ ആണ് സൂചിപ്പിക്കുന്നത്. ഇത് രണ്ടും കൂട്ടി ചേര്‍ത്തു വായിച്ചാല്‍, പൌലൊസ് പറയുന്നത്, അന്ത്യകാലത്ത് സഭയ്ക്കുള്ളില്‍, ഭൂതാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന, ആര്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയാത്ത, അത്യുഗ്രന്‍മാരായ വിശ്വാസികളും നേതൃത്വവും ഉണ്ടാകും. ഇത് നമ്മള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു.

കപട ഭക്തിക്കാരായ വിശ്വാസികള്‍

തുടര്‍ന്നുള്ള വാക്യങ്ങളില്‍ സഭയ്ക്കുള്ളില്‍ കാണുവാന്‍ സാധ്യതയുള്ള 19 അന്തകാല അടയാളങ്ങള്‍ ആണ് പൌലൊസ് എണ്ണി പറയുന്നത്. എല്ലാം വിശദീകരിക്കുവാന്‍ സമയം എടുക്കുന്നില്ല. ഈ വേദഭാഗം വായിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്നു.

 

2 തിമൊഥെയൊസ് 3: 2- 5

   മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും

   വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും

   സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി

   ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

കഴിഞ്ഞകാല ചരിത്രത്തില്‍ സഭയെ അനേകം പ്രാവശ്യം ശത്രുക്കള്‍ ഉപദ്രവിച്ചിട്ടുണ്ട്. സഭയ്ക്കുള്ളില്‍ വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായം ഉള്ളവര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ത്യകാലത്തെ സഭയ്ക്ക് നേരിടേണ്ടി വരുക സഭയ്ക്കുള്ളിലെ കപട ഭക്തിക്കാരായ വിശ്വാസികളെ ആയിരിയ്ക്കും. ഇവര്‍ “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.” വിശുദ്ധിയുടെ ബാഹ്യമായ എല്ലാ ലക്ഷണങ്ങളും ഇവര്‍ക്ക് ഉണ്ടായിരിക്കും എങ്കിലും ക്രിസ്തുവിന്‍റെ മനസ്സ് ഉള്ളവര്‍ ആയിരിക്കുക ഇല്ല. ഇവര്‍ക്കു വീണ്ടും ജനനം പ്രാപിച്ച ജീവിതം ഉണ്ടായിരിക്കുക ഇല്ല. അന്ത്യകാലത്തെ സഭ വിശുദ്ധരുടെയും കപട ഭക്തിക്കാരുടെയും ഒരു സമ്മിശ്രം ആയിരിയ്ക്കും. യേശുക്രിസ്തു പറഞ്ഞ ചില ഉപമകളിലും നമുക്ക് ഈ മര്‍മ്മം കാണാവുന്നതാണ്. 

കപട ഭക്തിക്കാരെക്കാള്‍ അപകടകാരികള്‍ ആയ കള്ള പ്രവാചകന്മാരും വ്യാജം പഠിപ്പിക്കുന്ന പ്രഭാഷകരും അന്ത്യകാല സഭയുടെ ലക്ഷണം ആയിരിക്കും. ഇവരെക്കുറിച്ച് പൌലൊസ് 6 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ പറയുന്നുണ്ട്. ഇവര്‍ വഞ്ചനയുടെ ആത്മാവ് ഉള്ളവര്‍ ആയിരിക്കും. അതിനാല്‍ പൌലൊസ് തിമൊഥെയൊസിനെ ഉപദേശിക്കുന്നു: “അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”

ഉപസംഹാരം

ഈ പഠനം ചുരുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ക്രിസ്തീയ വിശ്വാസികളും യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവില്‍ വിശ്വസിക്കുന്നവര്‍ ആണ്. എന്നാല്‍ അത് എപ്പോള്‍ സംഭവിക്കും എന്നതിനെക്കുറിച്ചും എങ്ങനെ സംഭവിക്കും എന്നതിനെക്കുറിച്ചും വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ട്. അതിനാല്‍, അന്ത്യകാലത്തെക്കുറിച്ച് യേശു അരുളിച്ചെയ്ത പ്രവചനങ്ങള്‍ ആണ് ഏറ്റവും വിശ്വസ്വനീയം. യേശു പറഞ്ഞ കാര്യങ്ങള്‍ പഠിച്ചാല്‍, നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതു അന്ത്യകാലങ്ങളില്‍ ആണ് എന്നും നമ്മളുടെ കര്‍ത്താവിന്‍റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു എന്നും നമുക്ക് ഗ്രഹിക്കുവാന്‍ കഴിയും. അവന്റെ വരവിങ്കല്‍, അവനോടൊപ്പം എന്നന്നേക്കുമായി ആയിരിക്കുവാനായി എടുക്കപ്പെടുവാന്‍, ഒരുങ്ങുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവന്റെ വരവിന്റെ കാലവും സമയവും നിശ്ചയിക്കുക നമുക്ക് ഉള്ളതല്ല. യേശു ഒരിയ്ക്കലും സമയവും കാലവും പ്രവചിച്ചിട്ടില്ല. അവന്‍ ചില അടയാളങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. നമുക്ക് ഒരുങ്ങിയിരിക്കുവാന്‍ അത് മതിയാകും.

അതിനാല്‍ ഉറച്ചു നില്‍ക്കുക. ഇന്നത്തെ ക്രൈസ്തവ സഭ വിശ്വാസ ത്യാഗത്തില്‍ അകപ്പെട്ടുപോയേക്കാം. നമ്മളുടെ കൂട്ട് വിശ്വാസികളില്‍ അനേകര്‍ വിശ്വാസത്യാഗികള്‍ ആയേക്കാം. അനേകര്‍ വഞ്ചനാപരമായ ജീവിതം നയിക്കുന്നവര്‍ ആയേക്കാം. കപട ഭക്തിക്കാര്‍ അനേകര്‍ സഭയില്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇതെല്ലാം അന്ത്യകാല ലക്ഷണങ്ങള്‍ ആണ് എന്നും, ഇതെല്ലാം സംഭവിക്കേണ്ടത് തന്നെ എന്നും ഓര്‍ത്ത് നമ്മള്‍ ഉറച്ചു നില്‍ക്കേണം. ഇന്നത്തെ സഭയെയും വിശ്വാസികളെയും നമ്മള്‍ പഠിപ്പിക്കേണ്ടുന്ന സത്യം ഇതാണ്. സഭയില്‍ ദുര്‍ഘട സമയങ്ങള്‍ വരുന്നു, വന്നുമിരിക്കുന്നു. വിശ്വാസ ത്യാഗത്തില്‍ വീണുപോകുന്ന ഓരോ വിശ്വാസിയും അന്ത്യ കാലത്തിന്‍റെ അടയാളം ആണ്. ഇത് നമ്മളുടെ കര്‍ത്താവ് വരുവാന്‍ സമയമായി എന്നതിന്റെ അടയാളമാണ്.

ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ വീഡിയോ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.  വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.  രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോകളും ഓഡിയോകളും നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

No comments:

Post a Comment