ഹാനോക്കിന്റെ പുസ്തകം ആധികാരികം ആണോ?

നമ്മളുടെ വീഡിയോ കാണുന്നവരും കേള്‍ക്കുന്നവരും ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ പറയുന്നത്. ഇന്നത്തെ ചോദ്യം ഇതാണ്: എന്താണ് ഹാനോക്കിന്റെ പുസ്തകം? ഇതിനെ തിരുവെഴുത്തായോ, അതിനു തുല്യമായോ ആധികാരികമായി അംഗീകരിച്ചിട്ടുണ്ടോ? ഇതിനെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ കാണണം? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

ഹാനോക്കിന്റെ പുസ്തകം എന്നു അറിയപ്പെടുന്ന രചന, ഒരു സ്യൂഡ് എപ്പിഗ്രാഫിക്കല്‍ (pseudepigraphical) കൃതി ആണ്. എന്നു പറഞ്ഞാല്‍, ഒരു കൃതിയുടെ യഥാര്‍ത്ഥ എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ മറച്ചു വെക്കുന്നു. അതിനു കൂടുതല്‍ പ്രശസ്തിയും സ്വീകാര്യതയും ലഭിക്കുവാനായി, അദ്ദേഹത്തിന് മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും, ബഹുമാന്യനും പ്രശസ്തനും ആയ വ്യക്തിയുടെ രചനയായി അതിനെ അവതരിപ്പിക്കുന്നു. ഇങ്ങനെ ഉള്ള എല്ലാ കൃതികളെയും സ്യൂഡ് എപ്പിഗ്രാഫിക്കല്‍ രചനകള്‍ എന്നോ, സ്യൂഡ് എപ്പിഗ്രാഫാ (pseudepigrapha)  എന്നോ,  സ്യൂഡ് എപ്പിഗ്രാഫ് (pseudepigraph) എന്നോ ആണ് അറിയപ്പെടുന്നത്. ഹാനോക്കിന്റെ പുസ്തകം എന്ന് അറിയപ്പെടുന്ന രചനയും ഇത്തരമൊരു സ്യൂഡ് എപ്പിഗ്രാഫ് ആണ്. ഈ പുസ്തകം, വേദപുസ്തകത്തിലെ ഹാനോക്ക് എഴുതിയതാണ് എന്നു പണ്ഡിതന്മാര്‍ ആരും വിശ്വസിക്കുന്നില്ല. വേദപുസ്തകത്തിലെ ഹാനോക്ക് ആണ് ഇത് എഴുതിയത് എങ്കില്‍, അത് നോഹയുടെ കാലത്തെ മഹാ പ്രളയത്തെ എങ്ങനെ അതിജീവിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.  


ഹാനോക്ക് വേദപുസ്തകത്തിലെ പ്രശസ്തനായ ഒരു വ്യക്തി ആണ്. അദ്ദേഹത്തിന്റെ ചരിത്രം നമ്മള്‍ ഉല്‍പ്പത്തി 5 ആം അദ്ധ്യായത്തില്‍ ആണ് വായിക്കുന്നത്. അദ്ദേഹം നോഹയുടെ മുതുമുത്തച്ഛന്‍ ആയിരുന്നു. അദ്ദേഹം, ആദാംമുതൽ ഏഴാമത്തെ തലമുറ ആയിരുന്നു. വേദപുസ്തകത്തില്‍ പറയുന്ന, മരണം കൂടാതെ ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന രണ്ടു വ്യക്തികളില്‍ ആദ്യത്തെ വ്യക്തി ആണ് ഹാനോക്ക്. ഈ സംഭവത്തെക്കുറിച്ച് രണ്ടു പരമര്‍ശങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്.  

 

ഉല്‍പ്പത്തി 5: 24 ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

 

എബ്രായര്‍ 11: 5 വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തു കൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു. 

ഉല്‍പ്പത്തി പുസ്തകത്തിന്റെ രചയിതാവ്, ഹാനോക്ക് മരിച്ചതായി എഴുതിയില്ല. ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു എന്നും “ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി” എന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനാല്‍, സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ നേരില്‍ കാണുവാന്‍ അവന് അവസരം ലഭിച്ചു എന്നൊരു ഐതീഹ്യം, ക്രമേണ യഹൂദന്‍മാര്‍ക്കിടയില്‍ പ്രചരിക്കുവാന്‍ തുടങ്ങി. അങ്ങനെ BC 3 ആം നൂറ്റാണ്ടായപ്പോഴേക്കും, രഹസ്യാത്മക സ്വഭാവമുള്ള എല്ലാ വിവരങ്ങളും ഹാനോക്ക് പറഞ്ഞതാണ് എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടു. പല എഴുത്തുകാരും അവരുടെ വിചിത്രമായ വിവരണങ്ങളുടെ പിതൃത്വം ഹാനോക്കില്‍ ചാര്‍ത്തി. ഹാനോക്ക് എന്ന പേരില്‍ ഒരു സ്വീകാര്യതയും ബഹുമാനവും ഉണ്ടായിരുന്നത് അവര്‍ മുതലെടുത്തു. ഇങ്ങനെ ഉള്ള 5 കൃതികളെ കൂട്ടിച്ചേര്‍ത്തു രൂപീകരിച്ചതാണ് ഹാനോക്കിന്റെ ഒന്നാമത്തെ പുസ്തകം. അത് എപ്പോള്‍, എങ്ങനെ ആര് സംയോജിപ്പിച്ചു എന്നു വ്യക്തമല്ല. ഇതിനെ എത്യോപ്പിയന്‍ ബുക്ക് ഓഫ് ഹാനോക്ക് (Ethiopian Book of Enoch) എന്നാണ് അറിയപ്പെടുന്നത്. കാരണം ഇതിന്റെ 40 കൈയെഴുത്ത് പ്രതികള്‍ എത്യോപ്പിയായില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ചാവുകടല്‍ ചുരുളുകളുടെ കൂട്ടത്തില്‍ അരാമ്യ ഭാഷയിലുള്ള ചില ഭാഗങ്ങളും, ഗ്രീക്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ ഉള്ള ചില ഭാഗങ്ങളും ലഭ്യമാണ്.

ഹാനോക്കിന്റെ രണ്ടാമത്തെ പുസ്തകം, അദ്ദേഹത്തിന്റെയും, പിന്‍ തലമുറയുടെയും ജീവിതത്തെക്കുറിച്ചുള്ളതാണ്. സ്ലാവോണിക് ഭാഷയില്‍ (Slavonic/Slavic language) ഉള്ള ഒരു പതിപ്പ് മാത്രമേ ഇന്ന് ലഭ്യമായുള്ളൂ. ഇത് എന്നു എഴുതപ്പെട്ടു എന്നു നമുക്ക് അറിഞ്ഞുകൂടാ. ഹാനോക്കിന്റെ മൂന്നാമത്തെ പുസ്തകം, AD 2 ആം നൂറ്റാണ്ടിലോ 5 ആം നൂറ്റാണ്ടിലോ, എബ്രായ ഭാഷയില്‍ എഴുതപ്പെട്ടത് ആണ്. ഇതില്‍, രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റബ്ബി യിശ്മായേല്‍ എന്ന മഹാപുരോഹിതന്‍ (Rabbi Ishmael the High Priest), സ്വര്‍ഗ്ഗത്തിലേക്ക് യാത്രചെയ്തു എന്നും, അവിടെ അദ്ദേഹം ദൈവത്തിന്റെ സിംഹാസനവും രഥവും കണ്ടു എന്നും പറയുന്നു. ഇത് കൂടാതെ മല്ലന്‍മാരുടെ കഥ പറയുന്ന ഒരു പുസ്തകം കൂടി ഹാനോക്കിന്റെതായി അറിയപ്പെടുന്നു.

ഹാനോക്കിന്റെ പുസ്തകം എന്നു പറയുമ്പോള്‍, സാധാരണയായി ഉദ്ദേശിക്കുന്നത് ഒന്നാമത്തെ പുസ്തകം ആണ്. ഇത്, ക്രിസ്തുവിന്നു മുമ്പ്, ഏകദേശം രണ്ടാം നൂറ്റാണ്ടില്‍ ആയിരുന്നിരിക്കേണം എഴുതപ്പെട്ടത്. ഈ പുസ്തകം ഏത് ഭാഷയിലാണ് ആദ്യം എഴുതപ്പെട്ടത് എന്നതിന് ഏക അഭിപ്രായം ഇല്ല.  എത്യോപ്പിയന്‍ ഭാഷ, അരാമിക്ക്, ഗ്രീക്, ലാറ്റിന്‍, എബ്രായ ഭാഷകള്‍ എന്നിവയെല്ലാം മൂല ഭാഷയായി പരിഗണിക്കുന്ന പണ്ഡിതന്മാര്‍ ഉണ്ട്. ഇത്, ഇപ്പോള്‍, എത്യോപ്പിയന്‍ ഭാഷയില്‍ മാത്രമേ പൂര്‍ണ്ണ രൂപത്തില്‍ ലഭ്യമായിട്ടുള്ളൂ. ചാവുകടല്‍ ചുരുകളില്‍ നിന്നും അരാമിക്ക് ഭാഷയിലുള്ള ചില ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഈ പുസ്തകത്തില്‍ ഹാനോക്ക്, സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയിലൂടെ ഉള്ള അദ്ദേഹത്തിന്റെ യാത്രയുടെ വിവരണങ്ങള്‍ പറയുന്നു. അദ്ദേഹം, ദൂതന്മാരോടൊപ്പം പറക്കുകയും, നദികളെയും, പര്‍വ്വതങ്ങളെയും, ഭൂമിയുടെ അറ്റത്തെയും കണ്ടു. ഒരു കൂട്ടം ദൂതന്മാര്‍ സ്വര്‍ഗ്ഗീയ കൃപയില്‍ നിന്നും വീണു പോകുന്നതും അവര്‍ മനുഷ്യരുടെ പുത്രിമാരെ ഭാര്യമാരായി എടുക്കുന്നതും അവര്‍ക്ക് മല്ലന്‍മാര്‍ ജനിക്കുന്നതും കണ്ടു. വീണുപോയ ദൂതന്മാരുടെ ഭാവി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നതും, സ്വര്‍ഗ്ഗീയ ദൂതന്മാരുടെ പ്രവര്‍ത്തനങ്ങളും, ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും ക്രമീകരണവും അദ്ദേഹം കേള്‍ക്കുകയും കാണുകയും ചെയ്തു. ഈ യാത്രയ്ക്ക് ശേഷം മൂന്നു കഥകളുമായിട്ടാണ് അദ്ദേഹം തിരികെ വന്നത്.

സ്വര്‍ഗ്ഗം, നരകം, ദൂതന്മാര്‍, പിശാചുക്കള്‍, എന്നിവയെക്കുറിച്ചുള്ള ഭ്രമാത്മകമായ വിവരണങ്ങള്‍ ഈ പുസ്തകങ്ങളില്‍ ഉണ്ട്. വീണുപോയ ദൂതന്മാര്‍, മശിഹായുടെ വരവ്, പുനരുദ്ധാരണം, അന്ത്യ ന്യായവിധി, ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന സ്വര്‍ഗ്ഗരാജ്യം എന്നിവയെല്ലാം ഇതിലെ വിഷയങ്ങള്‍ ആണ്. കൂട്ടത്തില്‍, ദിവസങ്ങളുടെയും വര്‍ഷങ്ങളുടെയും ക്രമീകരണം, ഭൌതീക ശാസ്ത്രം, ജ്യോതിശാസ്‌ത്രം, അന്തരീക്ഷ വിജ്ഞാനീയം, കാലാവസ്ഥാപഠനം എന്നിവയെക്കുറിച്ചുള്ള വളരെ അശാസ്ത്രീയമായ കാഴ്ചപ്പാടുകളും ഉണ്ട്.

ഹാനോക്കിന്റെ പുസ്തകത്തിലെ ചില വാചകങ്ങള്‍, വേദപുസ്തകത്തിലെ, പുതിയനിയമത്തില്‍, യൂദായുടെ ലേഖനത്തില്‍ കാണുന്നുണ്ട്.

 

യൂദാ 1: 14, 15

14   ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:

15   ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

യഹൂദന്മാരുടെ ഇടയില്‍, വാമൊഴിയാല്‍, തലമുറകളിലേക്ക് പകരപ്പെട്ടിരുന്ന പ്രമാണങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. ഹാനോക്കിന്റെ ഈ പ്രവചനം, വാമൊഴിയാല്‍ അറിയപ്പെട്ടിരുന്ന ഒരു പ്രവചനം ആയിരിക്കേണം, അത് കൃത്യവും സത്യവും ആയിരുന്നതിനാല്‍, പരിശുദ്ധാത്മാവ് തിരുവെഴുത്തില്‍, യൂദാ മുഖാന്തരം, ഉള്‍പ്പെടുത്തി. ഇതേ പ്രവചനം ഹാനോക്കിന്റെ പുസ്തകത്തിലും ഉദ്ധരിക്കപ്പെടുന്നുണ്ട്. എന്നാല്‍, അതുകൊണ്ട്, ഹാനോക്കിന്റെ പുസ്തകം മുഴുവന്‍ സത്യം ആണ് എന്നോ, അത് ദൈവശ്വാസിയമാണ് എന്നോ, അതിനെ വേദപുസ്തകത്തില്‍ തിരുവെഴുത്തായി ചേര്‍ക്കണമെന്നോ പറയുവാന്‍ കഴിയുക ഇല്ല. ഹാനോക്കിന്റെ പ്രവചനം, ഈ പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു മാത്രമേ ഉള്ളൂ. ഹാനോക്കിന്റെ പുസ്തകത്തിന്റെ എഴുത്തുകാരനും യഹൂദ വാമൊഴിയില്‍ നിന്നായിരിക്കാം ഈ പ്രവചനം കണ്ടെത്തിയത്.

യൂദാ മാത്രമല്ല, വേദപുസ്തകത്തില്‍ ഉള്‍പ്പെടാത്ത രചനകളില്‍ നിന്നും ഉദ്ധരണികള്‍ എടുത്തു എഴുതിയിട്ടുള്ളത്. അപ്പൊസ്തലനായ പൌലൊസ്, തീത്തൊസ് 1: 12 ല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: “ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.” പൌലൊസ് ഇവിടെ സൂചിപ്പിക്കുന്നത്, BC 7 ആം നൂറ്റാണ്ടിലോ, 6 ആം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന, എപ്പിമെനിടിസ് (Epimenides - ɛpɪˈmɛnɪdiːz) എന്ന ഗ്രീക് തത്വചിന്തകനെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ വാകുകള്‍ ആണ് പൌലൊസ് കടമെടുത്ത് പറയുന്നത്.

ഹാനോക്കിന്റെ പുസ്തകം, ഒന്നാം നൂറ്റാണ്ടിലെ, ജ്ഞാനവാദികല്‍ പോലെയുള്ള, ക്രിസ്തീയ വിഭാഗങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കബ്ബാല (kabbala) എന്ന യഹൂദ ആത്മ ജ്ഞാനികള്‍ ഇതിനെ തിരുവെഴുത്തിന് തുല്യമായി കാണുന്നു. ബെറ്റാ യിസ്രായേല്‍ (Beta Israel) എന്നു അറിയപ്പെടുന്ന എത്യോപ്പിയയിലെ യഹൂദന്‍മാര്‍, അവിടെയുള്ള ഓര്‍ത്തോഡോക്സ് സഭ, എറിട്രിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവര്‍ ഹാനോക്കിന്റെ പുസ്തകത്തെ തിരുവെഴുത്തായോ, തുല്യമായോ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് മുഖ്യധാരാ ക്രിസ്തീയ സഭകളോ, യിസ്രായേലിലെ യഹൂദന്മാരോ ഇതിനെ തിരുവെഴുത്തായി അംഗീകരിച്ചിട്ടില്ല.

ഹാനോക്കിന്റെ പുസ്തകത്തെ തിരുവെഴുത്തായി ആദ്യകാല ക്രിസ്തീയ സഭ കണക്കാക്കിയില്ല. അതിനാല്‍ അതിനെ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയില്ല. പഴയനിയമത്തിലെ അവസാന പുസ്തകമായ മലാഖിയ്ക്കും പുതിയനിയമത്തിലെ സുവിശേഷങ്ങള്‍ക്കും ഇടയില്‍ ഉള്ള കാലത്തെ നിശബ്ദ കാലഘട്ടം എന്നു വിളിക്കാം. ഈ കാലത്ത് ചില പ്രധാന രാക്ഷ്ട്രീയ സംഭവങ്ങള്‍ യെഹൂദയില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രവാചകന്മാര്‍ നിശബ്ദരായിരുന്നു. ദൈവശ്വാസിയമായ തിരുവെഴുത്തുകളും ഇല്ലായിരുന്നു. എന്നാല്‍, ചില ചരിത്ര രചനകളും, നിഗൂഢ വെളിപ്പാടുകള്‍ നിറഞ്ഞ രചനകളും ഉണ്ടായിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണം ആണ് മക്കാബീസിന്റെ പുസ്തകം (Maccabees). ഇതിനെ റോമന്‍ കത്തോലിക്ക സഭ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എങ്കിലും പ്രൊട്ടസ്റ്റന്‍റ് സഭകള്‍ ഇതിനെ തിരുവെഴുത്തായി അംഗീകരിക്കുന്നില്ല. ഈ കാലത്ത് എഴുതിയ മോശെയുടെ നിയമം (Testament of Moses) എന്ന കൃതിയില്‍ യൂദാ 1: 9 ആം വാക്യം കാണാം. വാക്യം ഇങ്ങനെ ആണ്: “എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.” ഇത് യഹൂദാ വാമൊഴിയാലുള്ള പാരമ്പര്യത്തില്‍ നിന്നും യൂദാ എടുത്തു എഴുതിയത് ആകാം. അതേ വാചകം മോശെയുടെ നിയമം എന്ന പുസ്തകത്തിലും കാണുന്നു എന്നേ ഉള്ളൂ.  

AD 293 മുതല്‍ 373 വരെ ജീവിച്ചിരുന്ന, ആദ്യകാല പിതാക്കന്മാരില്‍ പ്രമുഖനായിരുന്നു അലെക്സാഡ്രിയയിലെ അത്താനാസിയൂസ് (Athanasius). നിഖ്യാ വിശ്വാസപ്രാമാനത്തിന്റെ രൂപീകരണത്തില്‍ അദ്ദേഹത്തിന് വലിയ പങ്ക് ഉണ്ട് (AD 325). പുതിയനിയമത്തിലെ 27 പുസ്തകങ്ങളുടെ പട്ടിക ആദ്യമായി കാണുന്നത്, AD 367 ല്‍ അദ്ദേഹം എഴുതിയ ഒരു കത്തില്‍ ആണ്. ഇത് പുതിയനിയമ പുസ്തകങ്ങളുടെ ചട്ടങ്ങളുടെ ആദ്യ പടിയായിരുന്നു. ദൈവത്താല്‍ നിയോഗം ലഭിച്ചവര്‍, ദൈവത്താല്‍ പ്രചോദിക്കപ്പെട്ടവരായി, പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ എഴുതപ്പെട്ടതായിരിക്കേണം തിരുവെഴുത്തുകള്‍ എന്നതായിരുന്നു, പുതിയനിയമത്തിലെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ചട്ടം. ഈ ചട്ടപ്രകാരം, അനേകം വര്‍ഷങ്ങളുടെ ചരിത്രത്തില്‍, പല ദൈവദാസന്‍മാരിലൂടെ ആണ് ഇന്നത്തെ 27 പുസ്തകങ്ങള്‍ എന്ന അന്തിമ തീരുമാനത്തില്‍ സഭ എത്തിച്ചേര്‍ന്നത്.   

ഹാനോക്കിന്റെ പുസ്തകം ഒരു അപ്പോക്രിഫ വിഭാഗത്തില്‍പ്പെട്ട രചന ആണ്. അതായത് അത് തിരുവെഴുത്തുകളായി അംഗീകരിക്കപ്പെട്ടിട്ടില്ല. അവയെ കെട്ടിച്ചമച്ച കഥകള്‍ ആയാണ് കരുതുന്നത്. ഇതുപോലെയുള്ള കൃതികളില്‍ സത്യവും കൃത്യവും ആയ വിവരങ്ങങ്ങള്‍ ഉണ്ടാകും, എങ്കിലും അധികവും തിരുവെഴുത്തുകള്‍ക്ക് വിരുദ്ധവും സാങ്കല്‍പ്പികവും, അശാസ്ത്രീയവും, ചരിത്രപരമായി തെറ്റുകളും, ദൈവ ദൂഷണവും ആയിരിയ്ക്കും. ഇതിനെ കൃത്യമായ ചരിത്ര വിവരണമായോ, ദൈവീക വെളിപ്പാടായോ കണക്കാക്കുവാന്‍ കഴിയില്ല. ഇവയെ ഒരു സങ്കല്‍പ്പിക കഥ എന്ന രീതിയിലോ, പഴയകാലത്തെ സാഹിത്യ രചനയെക്കുറിച്ച് അറിയുവാനായോ വായിക്കാം. എന്നാല്‍ ഇത് ഒരിയ്ക്കലും തിരുവെഴുത്തുകള്‍ അല്ല. തിരുവെഴുത്തുകള്‍ക്ക് തുല്യവും അല്ല.

ഈ ഹൃസ്വ മറുപടി, മുകളില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായി എന്നു കരുതുന്നു. വീണ്ടും നിങ്ങള്‍ക്ക് മറ്റ് ചോദ്യങ്ങളോ, സംശയങ്ങളോ ഉണ്ടെങ്കില്‍, അത് എന്നേ അറിയിക്കാവുന്നതാണ്. സമയ ലഭ്യതയും, ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് അത് ഉപകാരമാകുമോ എന്നതും പരിഗണിച്ച്, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്. ചോദ്യങ്ങള്‍ എന്റെ whatsapp ലൂടെയോ, signal app ലൂടെയോ അയക്കുക. ഫോണ്‍ നമ്പര്‍: 9895524854.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുകരണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെയോ signal app ലൂടെയോ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment