മൽക്കീസേദെക്ക് യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത ആയിരുന്നുവോ?

വേദപുസ്തകത്തില്‍ ഒരു ആത്മീയ മര്‍മ്മമായി എക്കാലവും നില്‍ക്കുന്ന ഒരു വ്യക്തി ആണ് മൽക്കീസേദെക്ക്. അദ്ദേഹത്തെക്കുറിച്ച് വേദപുസ്തകത്തിലെ മൂന്നു പുസ്തകങ്ങളില്‍ മാത്രമേ പറയുന്നുള്ളൂ. എന്നാല്‍, ആദ്യകാലം മുതല്‍ ഇന്നേവരെ, അനേകം വേദപണ്ഡിതന്മാരും ചിന്തകരും വളരെയധികം അദ്ദേഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ചിലര്‍ മൽക്കീസേദെക്ക് ക്രിസ്തു തന്നെ ആയിരുന്നു എന്നും ചിലര്‍, അദ്ദേഹം ഒരു കനാന്യ രാജാവു ആയിരുന്നു എന്നും, യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന യെരൂശലേമിന്റെ രാജാവായിരുന്നു എന്നും, അദ്ദേഹം ക്രിസ്തുവിന്റെ നിഴല്‍ ആയ ഒരു വ്യക്തി മാത്രമാണ് എന്നും അഭിപ്രായപ്പെടുന്നു. മൽക്കീസേദെക്ക് രാജാവും യഹോവയായ ഏക ദൈവത്തിന്റെ  പുരോഹിതനും ആയിരുന്നു എന്നതില്‍ എല്ലാവര്‍ക്കും യോജിപ്പാണ്.

മൽക്കീസേദെക്കിനെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത് ഉല്‍പ്പത്തി പുസ്തകം 14 ആം അദ്ധ്യത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ആണ്. ഇതിന്‍റെ ചരിത്ര പശ്ചാത്തലം ഇതാണ്. അബ്രഹാം കനാനില്‍, ശെഖേം, മോരെ എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്ത്, എശ്ക്കോല്‍, ആനേര്‍ എന്നീ ശെഖേം നിവാസികളുടെ സഹോദരനും അമോർയ്യനുമായ മമ്രേ എന്ന വ്യക്തിയുടെ ഓക്ക് മരത്തിന്‍റെ തോപ്പിൽ താമസിച്ചിരുന്നു. ഇവരുമായി അബ്രാഹാമിന് സഖ്യത ഉണ്ടായിരുന്നു. ഈ സ്ഥലങ്ങള്‍ പിന്നീട് ഹെബ്രോന്‍ എന്ന് അറിയപ്പെട്ടു. അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്ത് സൊദോം എന്ന സ്ഥലത്തു താമസിച്ചിരുന്നു. അപ്പോള്‍, ആ പ്രദേശത്തെ രാജാക്കന്മാര്‍ തമ്മില്‍ യുദ്ധം ഉണ്ടായി. അഞ്ചു രാജാക്കന്മാര്‍ ചേര്‍ന്ന് മറ്റ് നാല് രാജ്യങ്ങളെ ആക്രമിച്ചു. ലോത്ത് താമസിച്ചിരുന്ന സൊദോം രാജ്യവും ആക്രമിക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ശത്രുക്കള്‍ സൊദോമിനെ തോല്‍പ്പിക്കുകയും ആ പട്ടണക്കാരുടെ വസ്തുവകകളെ കൊള്ളചെയ്യുകയും ചെയ്തു. കൂടാതെ, അവിടെ ഉള്ള ചിലരെ പിടിച്ചുകൊണ്ടു പോയി. ആ കൂട്ടത്തില്‍ അബ്രഹാമിന്‍റെ സഹോദരപുത്രനായ ലോത്തിനേയും കൊള്ളചെയ്യുകയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. ഈ വിവരം അറിഞ്ഞ അബ്രഹാം തന്റെ ദാസന്മാരുമായി ശത്രുക്കള്‍ക്ക് നേരെ യുദ്ധത്തിന് പുറപ്പെട്ടു. അവര്‍ ശത്രുക്കളെ തോല്പ്പിച്ചു, ലോത്തിനെയും കൊള്ളയേയും തിരികെ കൊണ്ടുവന്നു. തിരികെ വരുന്ന വഴിക്ക്, രാജതാഴ്വര എന്ന ശാവേതാഴ്വരയില്‍ വച്ച്, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുമായി എതിരേറ്റു വന്നു. അപ്പവും വീഞ്ഞും കൊണ്ടുവന്നു എന്നത്, യുദ്ധം കഴിഞ്ഞു ക്ഷീണിച്ചു വന്ന അബ്രാഹാമിനും യോദ്ധാക്കള്‍ക്കും ആഹാരം കൊണ്ടുവന്നു എന്നു മനസ്സിലാക്കാം. മൽക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിച്ചു. നിന്റെ കൈയ്യില്‍ ശത്രുക്കളെ ഏല്‍പ്പിച്ചു തന്ന, സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അബ്രഹാം അവന് സകലത്തിലും ദശാംശം കൊടുത്തു. ഇതാണ് ചരിത്ര പശ്ചാത്തലം.

ഇവിടെ പ്രത്യക്ഷനായ മൽക്കീസേദെക്ക് ആരായിരുന്നു? അവനെ കുറിച്ച് വേദപുസ്തകത്തില്‍ മുമ്പ് യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല, പിന്നീട് അവന്റെ ജീവചരിത്രം ഒന്നുംതന്നെ പറയുന്നുമില്ല. മൽക്കീസേദെക്കിനെക്കുറിച്ച് ഉല്‍പ്പത്തി, സങ്കീര്‍ത്തനങ്ങള്‍, എബ്രായര്‍ എന്നീ മൂന്നു പുസ്തകങ്ങളില്‍ മാത്രമേ പരാമര്‍ശമുള്ളൂ. ഉല്‍പ്പത്തിയില്‍ അദ്ദേഹത്തെ അബ്രാഹാമിന്റെ കാലത്തെ ഒരു രാജകീയ പുരോഹിതന്‍ ആയി നമ്മള്‍ കാണുന്നു. സങ്കീര്‍ത്തനത്തില്‍ വീണ്ടും അദ്ദേഹത്തിന്റെ രാജകീയ പൌരോഹിത്യത്തെക്കുറിച്ച് പറയുന്നു. എബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ ക്രിസ്തുവിന്റെ മഹാ പൌരോഹിത്യത്തെക്കുറിച്ച് പറയുവാന്‍ വീണ്ടും മൽക്കീസേദെക്കിലേക്ക് പോകുന്നു.  


മൽക്കീസേദെക്കിനെക്കുറിച്ച് പഴയനിയമത്തില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുതിയനിയമത്തില്‍ ഉണ്ട്. മൽക്കീസേദെക്ക് എന്ന പേര് ഉല്‍പ്പത്തിയില്‍ ഒരു പ്രാവശ്യവും സങ്കീര്‍ത്തനത്തില്‍ ഒരു പ്രാവശ്യവും എബ്രായറില്‍ 8 പ്രാവശ്യം പറയുന്നു. ഉല്‍പ്പത്തിയിലും സങ്കീര്‍ത്തനത്തിലുമായി 4 വാക്യങ്ങള്‍ മൽക്കീസേദെക്കിനെ കുറിച്ച് പറയുമ്പോള്‍ എബ്രായറില്‍ ഒരു അദ്ധ്യായം തന്നെ അദ്ദേഹത്തിന്റെ പൌരോഹിത്യത്തെ കുറിച്ച് പറയുന്നു. അദ്ദേഹം അബ്രാഹാമിന്റെ കാലത്ത് ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഒരു വംശാവലി രേഖപ്പെടുത്തിയിട്ടില്ല. യഹൂദന്മാര്‍ വംശവാലി ഓര്‍ക്കുന്നതില്‍ പ്രത്യേക താല്‍പരമുള്ളവര്‍ ആണ്. എന്നാല്‍ മൽക്കീസേദെക്കിന്റെ മാതാപിതാക്കളെക്കുറിച്ചോ മക്കളെക്കുറിച്ചോ വേദപുസ്തകത്തില്‍ ഒരിടത്തും പറയുന്നില്ല. ഇത് എബ്രായര്‍ക്കുള്ള ലേഖനത്തിന്‍റെ എഴുത്തുകാരന്‍ ഒരു പ്രാധാന കാര്യമായി കാണുന്നു.

 

മൽക്കീസേദെക്ക് അത്യുന്നതായ ദൈവത്തിന്റെ പുരോഹിതന്‍ ആയിരുന്നു. മൽക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിച്ചു. മൽക്കീസേദെക്ക് ശാലേം രാജ്യത്തിലെ രാജാവായിരുന്നു. പഴയനിയമ കാലത്തെ കനാന്‍ ദേശത്തെ ശാലേം എന്ന സ്ഥലമായിരിക്കേണം പിന്നീട് യെരൂശലേം ആയത്. അവിടെ ആണ് ശലോമോന്‍ യഹോവായായ ദൈവത്തിന്  ദൈവാലയം പണിതതും. മൽക്കീസേദെക്ക് എന്ന പേര്, മെലേക്ക് എന്നും സെദെക്ക് എന്നുമുള്ള രണ്ടു വാക്കുകളുടെ സംയോജനമാണ്. മെലേക്ക്” എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം രാജാവു എന്നും “സെദെക്ക്” എന്ന പദത്തിന് നീതി എന്നുമാണ് അര്‍ത്ഥം. അതായത്, മൽക്കീസേദെക്ക് നീതിയുടെ രാജാവ് ആയിരുന്നു. ശാലേം എന്ന പദത്തിനു സമാധാനം എന്നാണ് അര്‍ത്ഥം. അതിനാല്‍ അദ്ദേഹം സമാധാനത്തിന്റെ രാജാവായിരുന്നു. ഈ വസ്തുതയെ എബ്രായ ലേഖന കര്‍ത്താവ് സാക്ഷാല്‍ സമാധാന പ്രഭു ആയിരിക്കുന്ന ക്രിസ്തുവുമായി ബന്ധിപ്പിക്കുണ്ട്. (യെശയ്യാവ് 9:6). അദ്ദേഹം യെരൂശലേമിലെ രാജാവായിരുന്നു എന്നും അനുമാനിക്കാം.

  

മൽക്കീസേദെക്കിന്‍റെ രാജത്വം നിത്യമാണ് എന്നു നമ്മള്‍ എബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്നും മനസ്സിലാക്കുന്നു. മൽക്കീസേദെക്ക് അബ്രാഹാമിനെക്കാളും അഹരോനേക്കാളും മഹാന്‍ ആയിരുന്നു. അബ്രഹാം മൽക്കീസേദെക്കിന് ദശാംശം കൊടുത്തു എന്നതും ഇവിടെ പ്രധാനപ്പെട്ട വസ്തുത ആണ്. കാരണം, അത് മൽക്കീസേദെക്ക് യഹോവായായ ദൈവത്തിന്റെ പുരോഹിതന്‍ ആയിരുന്നു എന്നും അവന്‍ അബ്രാഹാമിന്നും മീതെ ഉള്ളവന്‍ ആയിരുന്നു എന്നും കാണിക്കുന്നു. മൽക്കീസേദെക്ക് ദൈവീക വാഗ്ദത്തം പ്രാപിച്ച അബ്രാഹാമിനെ അനുഗ്രഹിച്ചു എന്നത് അവന്‍ ആത്മീയമായി അബ്രാഹാമിന് മീതെ അധികാരം ഉള്ളവന്‍ എന്നതിന്റെയും വാഗ്ദത്തങ്ങള്‍ക്ക് മീതെയും ഉള്ളവന്‍ എന്നതിന്റെയും അടയാളമാണ്. എബ്രായര്‍ 7 ല്‍ പറയുന്ന പ്രകാരം, അബ്രഹാം മൽക്കീസേദെക്കിന് ദശാംശം നല്കിയപ്പോള്‍, അവനില്‍ ജനിക്കുവാനുള്ള തലമുറയായ ലേവ്യരും ദശാംശം കൊടുക്കുക ആയിരുന്നു. അതിനാല്‍ മൽക്കീസേദേക്ക് ലേവ്യരെക്കാള്‍ ശ്രേഷ്ഠന്‍ എന്നു വരുന്നു. അതായത്, മൽക്കീസേദെക്ക് അബ്രാഹാമിനെക്കാളും ശ്രേഷ്ഠന്‍ ആയിരുന്നു. അബ്രഹാം അഹരോനെക്കാളും ശ്രേഷ്ഠന്‍ ആയിരുന്നു. ഇതാണ് ക്രമം.


ക്രിസ്തുവിന്റെ പ്രത്യക്ഷത

മൽക്കീസേദെക്കിന്‍റെ പ്രത്യക്ഷത യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത തന്നെ ആയിരുന്നു എന്നാണ് കൂടുതല്‍ വേദപണ്ഡിതന്മാരും വിശ്വസിക്കുന്നത്. അബ്രഹാമിനെ അനുഗ്രഹിക്കുവാനായി ക്രിസ്തു തന്നെ നീതിയുടെയും സമാധാനത്തിന്‍റെയും രാജാവായി, മനുഷ്യരുടെയും ദൈവത്തിന്‍റെയും ഇടയില്‍ ഏക മധ്യസ്ഥന്‍ ആയി പ്രത്യക്ഷപ്പെട്ടു എന്നു അവര്‍ വിശ്വസിക്കുന്നു. പൊതുവേ ഈ വിശ്വാസമാണ് ക്രൈസ്തവ വിശ്വാസികളില്‍ ഭൂരിപക്ഷവും പങ്കിടുന്നത്. ഇതിനുള്ള കാരണങ്ങള്‍ ഇതാണ്:


എബ്രായര്‍ക്കുള്ള ലേഖനത്തിന്റെ എഴുത്തുകാരന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ പൌരോഹിത്യം ലേവ്യ പൌരോഹിത്യത്തെക്കാള്‍ ശ്രേഷ്ടമാണ് എന്നു എബ്രായ ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുക എന്നതാണ്. ഈ ലേഖനത്തിന്റെ 6 ആം അദ്ധ്യായം 20 ആം വാക്യത്തില്‍, യേശു മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരം ഉള്ള നിത്യ മഹാപുരോഹിതനാണ് എന്നു പറയുന്നു. 110 ആം സങ്കീര്‍ത്തനത്തില്‍ ദാവീദ് പ്രവാചനാത്മാവില്‍, ക്രിസ്തു മൽക്കീസേദെക്കിന്‍റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതൻ ആയിരിയ്ക്കും എന്നു പറയുന്നു. ഈ വാക്യങ്ങളില്‍ നമ്മള്‍ പുരോഹിതന്മാരുടെ ഒരു ക്രമം കാണുന്നു. എന്നാല്‍, മൽക്കീസേദെക്കിന് ലേവ്യ പൌരോഹിത്യവുമായി ബന്ധമില്ല. അതായത്, മോശെയുടെ ന്യായപ്രമാണ പ്രകാരമുള്ള പൌരോഹിത്യത്തോടും യാഗങ്ങളോടും മൽക്കീസേദെക്കിന് ബന്ധമില്ല. എബ്രായര്‍ 7: 13 ല്‍ നിന്നും മൽക്കീസേദെക്കും യേശുക്രിസ്തുവും സമാഗമന കൂടാരത്തിലെ യാഗ പീഠത്തില്‍ ശുശ്രൂഷ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍ മൽക്കീസേദെക്കിന്റെ പൌരോഹിത്യവും ക്രിസ്തുവിന്റെ പൌരോഹിത്യവും ലേവ്യ പൌരോഹിത്യത്തെക്കാള്‍ ശ്രേഷ്ഠം ആയിരുന്നു എന്നാണ് എബ്രായ ലേഖകന്‍ പറയുന്നതു. അതായത് ക്രിസ്തുവിന്റെ പൌരോഹിത്യം ലേവ്യ പൌരോഹിത്യത്തിന്റെ തുടര്‍ച്ച അല്ല. മൽക്കീസേദെക്കും ക്രിസ്തുവും ലേവ്യ ഗോത്രത്തില്‍ നിന്നു ഉള്ളവര്‍ അല്ല. അവരുടെ പൌരോഹിത്യം അഹരോന്റെ ക്രമ പ്രകാരം ഉള്ളതല്ല. മൽക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍ ആയിരുന്നു എന്നെ ഉള്ളൂ. ക്രിസ്തുവിന്റെ പൌരോഹിത്യം മൽക്കീസേദെക്കിന്റെ ക്രമ പ്രകാരം ഉള്ളതാണ്.

 

മൽക്കീസേദെക്കിനും ക്രിസ്തുവിനും ഇടയിലുള്ള നീണ്ട കാലയളവില്‍ മറ്റൊരു പുരോഹിതന്റെ പേര്‍ ഇതേ ക്രമത്തില്‍ പറയുന്നില്ല. ക്രിസ്തുവിനു ശേഷവും ഈ ക്രമത്തില്‍ മറ്റൊരു പുരോഹിതന്‍റെ പേര് പറയുന്നില്ല. അങ്ങനെ ഈ ക്രമം ക്രിസ്തുവില്‍ നിത്യമായി അര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതായത് ക്രിസ്തുവില്‍ തുടങ്ങി, ക്രിസ്തുവില്‍ അവസാനിക്കുന്ന ഒരു പൌരോഹിത്യമാണിത്. ഇത് മൽക്കീസേദെക്ക് ക്രിസ്തുവിന്റെ പ്രത്യക്ഷത ആയിരുന്നു എന്നു അനുമാനിക്കുവാന്‍ ഒരു ന്യായമായ കാരണം ആണ്.

 

എബ്രായര്‍ 7:3 ല്‍ മൽക്കീസേദെക്കിനെ കുറിച്ച്, “അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” എന്ന് പറയുന്നു. എല്ലാ മനുഷ്യരും ആദാമില്‍ തുടങ്ങുന്ന ഒരേ വംശാവലിയില്‍പ്പെട്ടവരാണ് എന്നും, അവര്‍ക്കെല്ലാം ഒരേ ജനന മരണ ചരിത്രമാണ് ഉള്ളത് എന്നും വേദപുസ്തകം പറയുന്നു. എന്നാല്‍. മൽക്കീസേദെക്ക് മാത്രം ആദമിന്‍റെ വംശാവലിയില്‍ നിന്നും മാറി നില്ക്കുന്നു. അവന്‍ ജനനമോ മരണമോ ഇല്ലാത്തവനായി നില്ക്കുന്നു. എബ്രായര്‍ 5 ന്‍റെ  6 ലും  “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നുണ്ട്.  ഈ വിവരണങ്ങള്‍, ഒരു ഭൌതീക മനുഷ്യനു ചേരുന്നതല്ല. ഇത്  യേശുക്രിസ്തുവിനു മാത്രമേ ചേര്‍ന്ന് വരുക ഉള്ളൂ. ഒരു മനുഷ്യനും മാതാവും പിതാവും ഇല്ലാതെ ജനിക്കുക ഇല്ല; ഒരു ഭൌതീക മനുഷ്യനും എന്നന്നേക്കും പുരോഹിതന്‍ ആയിരിക്കുക ഇല്ല.

 

അബ്രാഹാമിന് ഇതിന് മുമ്പും ക്രിസ്തുവിന്റെ പ്രത്യക്ഷത ഉണ്ടായിട്ടുണ്ട്. ഉല്‍പ്പത്തി 17 ആം ആദ്ധ്യായത്തില്‍ ദൈവം അബ്രാഹാമിന് പ്രത്യക്ഷപ്പെട്ടതായും സുദീര്‍ഘമായി സംസാരിച്ചതായും വായിക്കുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്നതിനാല്‍, ഇതും ക്രിസ്തുവിന്റെ പ്രത്യക്ഷത ആകുവാനാണ് സാധ്യത. ഇതുപോലെ ഉള്ള മറ്റ് അനേകം സംഭവങ്ങള്‍ പഴയനിയമ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.  

 

മൽക്കീസേദെക്ക് ക്രിസ്തുവിന്റെ നിഴല്‍ മാത്രമാണ്


മൽക്കീസേദെക്ക് ക്രിസ്തുവിന്റെ പ്രത്യക്ഷത അല്ല, അവന്റെ നിഴലായി നില്‍ക്കുന്ന ഒരു മനുഷ്യന്‍ മാത്രമാണ് എന്നു ചിന്തിക്കുന്നവരും ഉണ്ട്. അവര്‍ മൽക്കീസേദെക്ക് ഒരു കനാന്യ രാജാവാണ് എന്നും അവനെ കുറിച്ചുള്ള ഉല്‍പ്പത്തിയിലെ വിവരണങ്ങള്‍ ആലങ്കാരികമാണ് എന്നും കരുതുന്നു. അവന്നു പിതാവും, മാതാവും, ആരംഭവും, വംശാവലിയും ഇല്ല എന്ന എബ്രായര്‍ക്കുള്ള ലേഖനത്തിന്റെ എഴുത്തുകാരന്റെ പ്രസ്താവന, ഉല്‍പ്പത്തിയില്‍ ഇതേനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല എന്നു കാണിക്കുന്നു എന്നേയുള്ളൂ എന്നു ഇവര്‍ വാദിക്കുന്നു. ഇത് അവനെ ക്രിസ്തുവിന്റെ നിഴല്‍ ആക്കുന്നു എന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ ഇവരുടെ അഭിപ്രായത്തിലും മൽക്കീസേദെക്ക് ക്രിസ്തുവുമായി ബന്ധിക്കപ്പെട്ടു തന്നെ ഇരിക്കുന്നു.  

ബാബിലോണിയന്‍ താല്‍മഡ് (Talmud) അനുസരിച്ചു മൽക്കീസേദെക്ക് എന്ന പേര് നോഹയുടെ പുത്രനായ ശേമിന്റെ മറ്റൊരു പേരായിരുന്നു. മൽക്കീസേദെക്ക് ശേം തന്നെ ആകുവാനാണ് സാധ്യത എന്നു അതില്‍ പറയുന്നു. ശാലേം എന്നതിന് സമാധാനം എന്ന അര്‍ത്ഥം മാത്രാമേ ഉള്ളൂ, അത് യെരൂശലേമിനെക്കുറിച്ച് ആകണമെന്നില്ല എന്നും വാദം ഉണ്ട്.

ഉപസംഹാരം

എന്നാല്‍ മൽക്കീസേദെക്ക് ക്രിസ്തുവിന്റെ പ്രത്യക്ഷത തന്നെ ആയിരുന്നു എന്ന ചിന്തയോടാണ് എനിക്കു കൂടുതല്‍ യോജിപ്പ്. യോഹന്നാന്‍ 8: 56, 58 വാക്യങ്ങളില്‍ അബ്രഹാം യേശുക്രിസ്തുവിന്റെ ദിവസങ്ങള്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്നു എന്നും, ക്രിസ്തു അബ്രഹാം ജനിച്ചതിനും മുമ്പേ ഉണ്ടായിരുന്നു എന്നും നമ്മളുടെ കര്‍ത്താവ് തന്നെ പറയുന്നുണ്ട്. അതിനാല്‍ അബ്രഹാമിനെ അനുഗ്രഹിക്കുവാനായി ക്രിസ്തു തന്നെ നീതിയുടെയും സമാധാനത്തിന്‍റെയും രാജാവായി, മനുഷ്യരുടെയും ദൈവത്തിന്‍റെയും ഇടയില്‍ ഏക മധ്യസ്ഥന്‍ ആയി പ്രത്യക്ഷപ്പെട്ടു. ഇതാണ് ഒരു ആത്മീയ മര്‍മ്മം എന്ന നിലയില്‍, മൽക്കീസേദെക്കിന്റെ പ്രത്യക്ഷതയുടെ വിശദീകരണം.

ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.  ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുകരണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp/Signal app ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment