എബ്രായര്‍ക്ക് എഴുതിയ ലേഖനം, 11 ആം അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ആത്മീയ മര്‍മ്മം മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ സന്ദേശം. ഈ അദ്ധ്യായത്തില്‍, നമ്മള്‍ സാധാരണയായി പറയാറില്ലാത്ത ചില മര്‍മ്മങ്ങള്‍ അടങ്ങിയിരിപ്പുണ്ട്. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുമ്പോള്‍, പഴയ നിയമ വിശ്വാസവീരന്‍മാരുടെ ആത്മീയ കാഴപ്പാടുകള്‍, പുതിയ നിയമ വിശ്വാസികള്‍ക്കും ഉണ്ടായിരിക്കേണ്ടുന്നതാണ് എന്ന് നമുക്ക് മനസ്സിലാകും. മാത്രവുമല്ല, ഇന്നത്തെ പുതിയ നിയമ വിശ്വാസികള്‍, പഴയ നിയമ വിശ്വാസവീരന്‍മാരുടെ സ്വര്‍ഗ്ഗീയ കാഴ്ചപ്പാടില്‍ നിന്നും എത്രയോ അകലെ ആണ് എന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകും. പലപ്പോഴും, പഴനിയമ വിശ്വാസികള്‍, വിശ്വാസത്തിലും സ്വര്‍ഗീയ കാഴ്ചപ്പാടിലും, നമ്മളെക്കാള്‍ ശ്രേഷ്ഠര്‍ ആയിരുന്നു.
എബ്രായര്‍ക്ക് എഴുതിയ ലേഖനം AD 70 നു മുമ്പ്, AD 65 ലോ അതിനോടടുത്ത വര്‍ഷങ്ങളിലോ ആയിരിക്കേണം എഴുതപ്പെട്ടത്. ഈ ലേഖനം പൌലൊസ് എഴുതിയതാണ് എന്നു ഭൂരിപക്ഷം വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ അത് പൌലൊസ് എഴുതിയതല്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്. പൌലൊസിന് മുന്തൂക്കം ഉണ്ടെങ്കിലും, ബര്‍ണബാസ്, ലൂക്കോസ്, അപ്പല്ലോസ്, റോമിലെ ക്ലെമെന്‍റ് എന്നിവരും എഴുത്തുകാരുടെ പട്ടികയില്‍ ഉണ്ട്.
ഈ ലേഖനം, പൌലൊസ് പറഞ്ഞു കൊടുക്കുകയും അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാള്‍ എഴുതുകയും, അല്ലെങ്കില്‍, പൌലൊസ് ഒരു സംഗ്രഹം എഴുതിയോ, പറഞ്ഞു കൊടുക്കുകയോ ചെയ്യുകയും, അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരുവന്‍ അത് വിശദമായ ലേഖനമായി എഴുതുകയും ചെയ്തത് ആയിരിക്കാം എന്നും കരുതപ്പെടുന്നു. ഏതായലും, ലേഖന കര്‍ത്താവിന്റെ വിവരങ്ങള്‍ നമുക്ക് ഇന്ന് വ്യക്തമല്ല. ഈ ലേഖനം ഒരു എബ്രായന്‍, എബ്രായ വിശ്വാസികള്‍ക്കായി എഴുതിയതാണ്. അതായത് ഒരു യഹൂദന്‍, യഹൂദ ക്രിസ്തീയ വിശ്വാസികള്‍ക്കായി എഴുതിയതാണ്.
എബ്രായര്‍
11 ആം അദ്ധ്യായത്തില്‍ നമ്മള്‍
വായിക്കുന്നത്, വിശ്വാസ വീരന്‍മാരുടെ
ഒരു നീണ്ട പട്ടിക ആണ്. അവര്‍ എല്ലാവരും പഴയനിയമ കാലത്ത് ജീവിച്ചിരിക്കുകയും
വിശ്വാസത്താല്‍ വങ്കാര്യങ്ങള്‍ നേടിയവരും ആണ്. അവര്‍ ഇഹലോക ജീവിതത്തില്‍, ഭൌതീക തലത്തില്‍, വിശ്വാസത്താല്‍ എന്തു പ്രാപിച്ചു
എന്നതിനാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. എന്നാല്‍ ഭൌതീക
അനുഗ്രഹങ്ങള്‍ മാത്രമല്ല, അവയൊന്നും പ്രാപികാതെ
വിശ്വാസത്താല്‍ കഷ്ടം സഹിച്ചവരുടെ കാര്യവും ഇവിടെ പറയുന്നുണ്ട്.
പഴയ ഉടമ്പടിയുടെ
കാലത്ത്, ഭൌതീക അനുഗ്രഹങ്ങള്‍
പ്രാപിച്ചവരും ഭൌതീക തലത്തില്‍ കഷ്ടതകളിലൂടെ കടന്നുപോയവരും വിശ്വാസവീരന്‍മാര്‍
തന്നെ ആയിരുന്നു. എന്തു പ്രാപിച്ചു എന്നല്ല, വിശ്വാസത്തെ
മുറുകെ പിടിച്ചു എന്നതാണു ഇവിടെ പങ്കുവെയ്ക്കപ്പെടുന്ന ആത്മീയ മര്‍മ്മം.
ഈ ആത്മീയ മര്‍മ്മം മനസ്സിലാക്കുന്നതിനായി, നമുക്ക് ഈ അദ്ധ്യായത്തെ കൂടുതല്‍ വിശദമായി പഠിക്കേണ്ടതായുണ്ട്. അതിനായി നമുക്ക് ആദ്യത്തെ ചില വാക്യങ്ങള്‍ വായിയ്ക്കാം.
എബ്രായര്‍ 11: 1, 2, 3
1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2 അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.
3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
ഇതില്‍ 1 ആമത്തെ വാക്യത്തെ, വിശ്വാസത്തിന്‍റെ നിര്‍വചനം ആയിട്ടാണ് പൊതുവേ
ക്രൈസ്തവര്‍ കാണുന്നത്. നമ്മള്‍ ആശിക്കുന്നതു ലഭിച്ചു എന്ന ഉറപ്പോടെയും, നമ്മള്‍ ദൈവത്തോട് പ്രാര്‍ത്ഥനയില്‍ ചോദിച്ച കാര്യങ്ങള്‍ നമ്മള്‍ക്ക്
അവന്‍ തന്നിരിക്കുന്നു എന്നു നിശ്ചയത്തോടെ ആയിരിക്കുന്നതാണ് വിശ്വസം എന്നാണ്
നമ്മളുടെ പൊതുവേ ഉള്ള ധാരണ. നമ്മളുടെ പ്രാര്‍ഥനയുടെ മറുപടികള്‍, നമ്മള്‍ നഗ്ന നേത്രങ്ങള്‍കൊണ്ടു കാണുന്നില്ല,
നമ്മളുടെ ജീവിതത്തില്‍ അനുഭവിക്കുന്നില്ല എങ്കിലും, അത് ദൈവം
നമുക്ക് തന്നിരിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കേണം.
മര്‍ക്കോസ്
11: 24 ല്‍ നമ്മളുടെ കര്‍ത്തവും ഇങ്ങനെ
പറയുന്നുണ്ട്: “അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു
എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
പുതിയ നിയമ
വിശ്വാസികളായ നമ്മള്‍,
സാധാരണയായി ആശിക്കുന്നതും, ലഭിച്ചു എന്നു വിശ്വസിക്കുന്നതും
ഭൌതീക അനുഗ്രഹങ്ങള്‍ ആണ്.
എന്നാല്‍, എബ്രായര്‍ 11:
1 ആം വാക്യം പറയുന്നതു
വ്യത്യസ്ഥമായ ഒരു ആത്മീയ മര്‍മ്മം ആണ്. എങ്കിലും, അത്
ദൈവരാജ്യത്തിന്റെ പ്രമാണങ്ങളില്‍ ഒന്നാണ്. അതിനാല്‍ അത്,
പുതിയ നിയമ വിശ്വാസികള്‍, ന്യായമായ ആവശ്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുവാനും
പ്രത്യാശിക്കുവാനും, ആശ്വസിക്കുവാനുമായി ഉപയോഗിക്കുന്നതിനെ
എതിര്‍ക്കുവാന്‍ സാധ്യമല്ല. ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ എപ്പോഴും, എല്ലാ സാഹചര്യങ്ങളിലും മാറ്റമില്ലാതെ നില്‍ക്കും.
എന്നാല്‍ വിശ്വാസവീരന്‍മാരുടെ വിശ്വാസത്തെ നിര്‍വചിക്കുമ്പോള്‍, അതിനു വ്യത്യസ്തമായ ആത്മീയ അര്‍ത്ഥം ഉണ്ടാകുന്നു.
കാരണം, എബ്രായ ലേഖന
കര്‍ത്താവ്,
ഭൌതീക അനുഗ്രഹങ്ങളുടെ ആശയെക്കുറിച്ചോ, അത് ലഭിച്ചു
എന്നതിന്റെ ഉറപ്പിനെക്കുറിച്ചോ അല്ല പറയുന്നത്.
ഈ
അദ്ധ്യായത്തില്‍,
ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ച അനേകം പഴയനിയമ വിശ്വാസവീരന്‍മാരുടെ ഒരു നീണ്ട
പട്ടിക ഉണ്ട്. അതിനാല്‍ ആയിരിക്കാം, ഈ വാക്യങ്ങള്‍ ഭൌതീക
അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള വിശ്വാസത്തെക്കുറിച്ചാണ് പറയുന്നത് എന്നു നമ്മള്‍
തെറ്റിധാരിക്കുവാന്‍ ഇടയായത്.
എന്നാല്‍, ഈ അദ്ധ്യത്തില്‍, ആത്മീയ അനുഗ്രഹം പ്രാപിച്ചവരെക്കുറിച്ച് പറയുന്നുണ്ട്. അവരും വിശ്വാസ വീരന്മാരുടെ പട്ടികയില്‍ തന്നെ ഉണ്ട്. ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിക്കാതെ ഈ ലോകത്തുനിന്നും മരണത്താല്‍ മാറ്റപ്പെട്ടവരെക്കുറിച്ചും ഇതേ അദ്ധ്യായത്തില്‍ പറയുന്നുണ്ട്. അവരും വിശ്വാസ വീരന്മാരുടെ പട്ടികയില്‍ തന്നെ ഉണ്ട്. അതിനാല്‍, ഈ അദ്ധ്യായം, ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള വിശ്വാസത്തെക്കുറിച്ചല്ല മുഖ്യമായും പറയുന്നത് എന്നു നമുക്ക് ചിന്തിക്കാവുന്നതെ ഉള്ളൂ.
എബ്രായര്‍
11: 3 ആം വാക്യം ഇങ്ങനെ ആണ്: “ഈ കാണുന്ന
ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ
നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ
അറിയുന്നു.”
ഈ വാക്യം വളരെ
ശ്രദ്ധാപൂര്‍വ്വം പഠിച്ചെങ്കില്‍ മാത്രമേ, ഈ അദ്ധ്യത്തിന്റെ പൊരുള്‍ നമുക്ക് മനസ്സിലാകൂ.
മാര്‍മ്മികമായി പറഞ്ഞാല്‍, മനുഷ്യന് ജഡപ്രകാരമുള്ള ദൃഷ്ടികൊണ്ടു ദൃശ്യമല്ലാത്ത ഒന്നിനെക്കുറിച്ചാണ് ഈ അദ്ധ്യായം പറയുന്നത്.
നമ്മള്‍ വായിച്ച വാക്യത്തില്‍ പറയുന്നത് ഇതാണ്: നമ്മള്‍ കാണുന്ന ഭൌതീകമായ വസ്തുക്കള്‍ കൊണ്ടോ, അവസ്ഥകള്‍ കൊണ്ടോ, മറ്റ് ഏതെങ്കിലും ഭൌതീകമായ കാര്യങ്ങളാലോ അല്ല ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്, ദൈവത്തിന്റെ വചനത്താല്‍ ആണ്. സൃഷ്ടിപ്പ് നടത്തിയ ദൈവ വചനം, നമ്മള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. എങ്കിലും, നമ്മള്‍ കണ്ണുകൊണ്ടു കാണാത്ത ദൈവവചനത്താല്‍, നമ്മള്‍ കാണുന്ന ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നു നമ്മള്‍ അറിയുന്നു.
ഇവിടെ രണ്ടു
കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണം. ഒന്ന്, നമ്മള്‍ക്ക് കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത,
ആത്മീയ ലോകത്തിലേക്ക് ലേഖകന്‍ നമ്മളുടെ ശ്രദ്ധയെ തിരിക്കുക ആണ്. ദൃശ്യമല്ലാത്തത്
ആണ് സകലത്തിനും കാരണം എന്നു പറയുമ്പോള്‍, ദൃശ്യമല്ലാത്തത്
ഒന്ന് ഉണ്ട് എന്നും, അതാണ് ആണ് പരമമായ സത്യം എന്നുമാണ്
അദ്ദേഹം പറയുന്നത്.
രണ്ടാമത്, അദ്ദേഹം പറയുന്നത്,
ദൃശ്യമല്ലാത്തത് ആണ് പരമമായ സത്യം എന്ന് നാം വിശ്വാസത്താൽ
അറിയുന്നു എന്നാണ്. നാം അറിയുന്നു
എന്ന് മാത്രം പറയാതെ, നാം വിശ്വാസത്താല്‍ അറിയുന്നു എന്ന്
കൂടി അദ്ദേഹം പറയുക ആണ്. അതായത് അത് കാഴ്ചയാല്‍ അറിയുന്നതല്ല.
ഇവിടെ “നാം”
എന്ന പ്രയോഗം ശ്രദ്ധിയ്ക്കുക. എബ്രായര്‍ക്ക് എഴുതിയ ലേഖനം യഹൂദന്‍മാര്‍ക്ക്
എഴുതിയതാണ് എന്നു നമ്മള്‍ മുമ്പ് കണ്ടുവല്ലോ. അതിനാല്‍ “നാം” എന്നു പറയുന്നതു
എബ്രായരെക്കുറിച്ചാണ് എന്നു ന്യായമായും അനുമാനിക്കാം.
അതായത്, ഭൌതീകമായത് അല്ല പരമമായ സത്യം എന്നു
യഹൂദന്മാര്‍ അറിയുന്നു. ഇത് പറഞ്ഞിട്ടാണ് വിശ്വാസവീരന്‍മാരുടെ ഒരു നീണ്ട പട്ടിക
അദ്ദേഹം വിവരിക്കുന്നത്. ഇതില്‍ ചിലര്‍ ഭൌതീമ നന്മകള്‍ പ്രാപിച്ചവരും, ചിലര്‍ ഈ ഭൂമില്‍ കഷ്ടം അനുഭവിച്ചുകൊണ്ടു മരിച്ചവരും ഉണ്ട്. അനുഗ്രഹങ്ങള്‍
പ്രാപ്പിച്ചാലും, കഷ്ടത അനുഭവിച്ചാലും,
ഈ ഭൂമിയില്‍ കാണുന്നതല്ല പരമമായ സത്യം. സകലത്തിനും കാരണഭൂതനായവന്‍ ആത്മീയനാണ്.
ഈ മര്‍മ്മം പുതിയ നിയമ വിശ്വാസികളായ നമ്മള്‍ പലപ്പോഴും ഓര്‍ക്കാതെ പോകുന്നു.
ഇനി നമുക്ക്
ഒന്നാമത്തെ വാക്യം വായിക്കാം. “വിശ്വാസം
എന്നതോ,
ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം
ലഭിച്ചതു.”
ഇവിടെ പറയുന്ന
വിശ്വാസം, പൂര്‍വ്വന്‍മാര്‍ക്ക്
സാക്ഷ്യം ലഭിക്കുവാന്‍ ഇടയാക്കിയ വിശ്വസം ആണ്. അവരുടെ വിശ്വസം എന്തായിരുന്നുവോ, അതിനാല്‍ അവര്‍ക്ക് സാക്ഷ്യം ലഭിച്ചു.
എന്തായിരുന്നു
അവര്‍ക്ക് ലഭിച്ച സാക്ഷ്യം?
ആരാണ് അവരെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്.
പൂര്‍വ്വന്‍മാര്‍ക്ക്
ലഭിച്ച സാക്ഷ്യം,
അവര്‍ സ്വയം പറഞ്ഞ സാക്ഷ്യം അല്ല, ദൈവം അവരെക്കുറിച്ച് പറഞ്ഞ
സാക്ഷ്യം ആണ്. എന്താണ് ദൈവം അവരെക്കുറിച്ച് പറഞ്ഞത്?
യാക്കോബ്
2: 23 അബ്രാഹാം
ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള
തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ
സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
വിശ്വാസത്താല്‍ അബ്രഹാം നീതീകരിക്കപ്പെട്ടു
എന്ന്, ഉല്‍പ്പത്തി 15:6,
റോമര്‍ 4:3, ഗലാത്യര്‍ 3:6 എന്നീ
വാക്യങ്ങളിലും, അവന്‍ ദൈവത്തിന്റെ സ്നേഹിതന്‍ ആയിരുന്നു
എന്ന് 2 ദിനാവൃത്താന്തം 20:7, യെശയ്യാവ് 41:8 എന്നീ വാക്യങ്ങളിലും കാണുന്നുണ്ട്.
റോമര്‍ 9: 13 ല്‍
നമ്മള്‍ യാക്കോബിനെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: “ഞാൻ
യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു
എഴുതിയിരിക്കുന്നുവല്ലോ.”
പുറപ്പാടു 33: 11 ല്‍ മോശെയെക്കുറിച്ച്
പറയുന്നു: “ഒരുത്തൻ തന്റെ സ്നേഹിതനോടു
സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു.”
സംഖ്യാപുസ്തകം 12: 3 ല്‍
മോശെയെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്: “മോശെ
എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.”
അതേ അദ്ധ്യായം 8 ആം വാക്യത്തില്‍ ദൈവം തന്നെ മോശെക്കുറിച്ച് “എന്റെ ദാസനായ മോശെ” എന്നാണ് വിശേഷിപ്പിക്കുന്നത്.
ഈ പറഞ്ഞത്
എല്ലാം പൂര്‍വ്വന്‍മാര്‍ക്ക് ദൈവത്താല്‍ സാക്ഷ്യം ലഭിച്ചതിന്റെ ചില ഉദാഹരണങ്ങള്‍ ആണ്.
ഇങ്ങനെ ഉള്ള സാക്ഷ്യം,
അബ്രാഹാമിനും യാക്കോബിന്നും മോശെയ്ക്കും മാത്രമല്ല, പഴയനിയമ
കാലത്തെ എല്ലാ വിശ്വാസ വീര്‍ന്‍മാര്‍ക്കും ലഭിച്ചിട്ടുണ്ട്.
ഇങ്ങനെ സാക്ഷ്യം
ലഭിച്ചത് അവരുടെ വിശ്വസം മൂലമാണ് എന്നാണ് എബ്രായര്‍
11: 1 ല്‍ പറയുന്നത്. ഈ
വിശ്വാസത്തിന്റെ പ്രത്യേകത ആണ് അതേ വാക്യത്തില്‍ വിവരിക്കപ്പെടുന്നത്: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും
കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.”
ഇപ്പോള്‍ ഈ വാക്യത്തിന്റെ അര്‍ത്ഥം ഏറെക്കുറെ നിങ്ങള്‍ക്ക് മനസ്സിലായി കാണും എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഈ വാക്യങ്ങളിലെ
ആത്മീയ മര്‍മ്മം,
വേഗത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടി, എബ്രായര്‍ 11:1, 2, 3 വാക്യങ്ങളുടെ ക്രമം, വ്യത്യസ്ഥമായ രീതിയില്‍ ക്രമീകരിച്ച് വായിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അത് ഇങ്ങനെ ആണ്:
ഈ പ്രപഞ്ചം
ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു; അതിനാല്‍ ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല മൂല കാരണം; സകലതും ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു. ഇത് നമ്മള്‍
വിശ്വാസത്താൽ അറിയുന്നു. (3). ഈ വിശ്വാസത്താല്‍ അല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം
ലഭിച്ചതു. (2). അവരുടെ “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ
ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (1)
അതായത്, എബ്രായ
ലേഖനം 11: 1 ല്‍ പറയുന്ന
വിശ്വാസത്തിന്റെ നിര്‍വ്വചനം, ഭൌതീകമായ അനുഗ്രഹങ്ങള്‍
പ്രാപിക്കുവാനുള്ള ഒരു ഫോര്‍മുല അല്ല.
എന്നാല്‍ ഞാന്‍ ആദ്യമേ പറഞ്ഞതുപോലെ,
അത് ദൈവരാജ്യത്തിന്റെ ഒരു പ്രമാണം ആയതിനാല്‍,
വിശ്വാസത്തിന്റെ പൊതുവായ ഒരു നിര്‍വ്വചനമായി മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല.
എങ്കിലും, അതിലുള്ള ആത്മീയ മര്‍മ്മം മനസ്സിലാക്കാതെ
ഇരിക്കരുത്.
പൂര്‍വ്വന്‍മാരായ വിശ്വാസ വീരന്‍മാര്‍ ആശിച്ചതും,
ഉറപ്പിച്ചതും, നിശ്ചയിച്ചതും ഭൌതീക അനുഗ്രഹങ്ങള്‍ അല്ല, ആത്മീയ അനുഗ്രഹങ്ങള്‍ ആണ്. ഇവരുടെ ആശയും നിശ്ചയവും ഉറപ്പും വളരെ വ്യക്തമായതും
എന്നാല്‍ ഇന്നേവരെ കാണാത്തതുമായ ഒരു ആത്മീയ അനുഗ്രഹത്തെ കുറിച്ച് ആയിരുന്നു.
അതെന്തായിരുന്നു എന്നാണ് നമ്മള്‍ ഈ പഠനത്തില്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത്.
വിശ്വാസത്താൽ ഹാബേൽ
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ഈ അദ്ധ്യത്തില്‍
ദൈവത്തില്‍ നിന്നും ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചവരുടെ ഒരു പട്ടിക ഉണ്ട്. ഭൌതീക അനുഗ്രഹങ്ങള്‍
പ്രാപിക്കാതെ മരിച്ചവരെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവിടെ പറയുന്ന
എല്ലാവരും ഭൌതീക അനുഗ്രഹങ്ങളുമായി ബന്ധമുള്ളവര്‍ അല്ല എന്നുകൂടി നമ്മള്‍
ശ്രദ്ധിക്കേണം.
ഈ പട്ടികയില്‍, ആദ്യം പറയുന്ന പേര്, ആദാമിന്‍റെയും ഹവ്വയുടെയും മകനായ ഹാബെലിനെക്കുറിച്ചാണ്.
4 ആം വാക്യത്തില്‍ നമ്മള്‍ ഇങ്ങനെ
വായിക്കുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം
കഴിച്ചു;
അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു.”
ഇവിടെ പറയുന്നത് ഇതാണ്: ഹാബെലിന് ദൈവത്തിന്റെ നീതിമാൻ എന്ന സാക്ഷ്യം
ലഭിച്ചു, അത് വിശ്വാസത്താല്‍ ആണ്. ആ വിശ്വാസമോ, 1 ആം വാക്യത്തില്‍ പറയുന്ന വിശ്വസം ആണ്.
ഉല്‍പ്പത്തി 4:4 ല്‍ “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും
പ്രസാദിച്ചു.” എന്നല്ലാതെ,
ഹാബെല്‍ എന്തെങ്കിലും ഭൌതീക അനുഗ്രഹം പ്രാപിച്ചതായി ദൈവവചനം പറയുന്നില്ല.
മാത്രവുമല്ല, അധികം നാള്‍ കഴിയുന്നതിന് മുമ്പായി തന്നെ, അവന്റെ സഹോദരന്‍ കയീന്‍ അവനെ കൊല്ലുകയും ചെയ്തു.
അപ്പോള്‍ ദൈവം പ്രസാദിച്ചതുകൊണ്ടു അവന് എന്തു നേട്ടം ഉണ്ടായി? എന്തുകൊണ്ട് ദൈവം അവനില്‍ പ്രസാദിച്ചു? എന്തുകൊണ്ട് ദൈവം അവന്റെ സഹോദരന്‍ കയീനില്‍ പ്രസാദിച്ചില്ല?
എന്തിനാണ്
ഹാബെല്‍ ഒരു ആടിനെ യാഗം കഴിച്ചത്? ഹാബെലിന്റെ കാലത്ത്, യാഗത്തിന്റെ പ്രമാണങ്ങളോ, യാഗം കഴിക്കേണം എന്ന ദൈവീക കല്‍പ്പനയോ ഉണ്ടായിരുന്നതായി നമുക്ക്
അറിവില്ല. അത് ന്യായപ്രമാണത്തിന്റെ കാലം ആയിരുന്നില്ല. അപ്പോള്‍ യാഗം എന്ന ആശയം
ഹാബെലിന് എവിടെനിന്നുണ്ടായി?
യാഗത്താലുള്ള
പാപമോചനവും നിരപ്പും എന്ന ചിന്ത, ഏദന്‍ തോട്ടത്തില്‍ വച്ച് ആദമിനും ഹവ്വയ്ക്കും ലഭിക്കുകയും അവര്‍ അത്
തങ്ങളുടെ സന്തതികളിലേക്ക് പകരുകയും ചെയ്തു എന്ന് വേണം ചിന്തിക്കുവാന്‍.
ഉല്‍പ്പത്തി
3 ആം അദ്ധ്യായത്തില്‍, പാപം ചെയ്തു ദൈവീക ബന്ധത്തില്‍ നിന്നും
വീണുപോയ ആദാമും ഹവ്വയും, അവരുടെ പാപത്തിന്റെ നഗ്നത
മറയ്ക്കുവാന്‍ അത്തിയില കൂട്ടിത്തുന്നി അരയാട ഉണ്ടാക്കി, അത്
ധരിച്ചു എന്നു നമ്മള്‍ വായിക്കുന്നു. എന്നാല്‍, അത് മതിയായ
രീതിയില്‍ തങ്ങളുടെ പാപത്തെ മറയ്ക്കുന്നില്ല എന്നു അവര്‍ക്ക് തോന്നി. അതിനാല്‍
അവര്‍ ലജ്ജിതരായി, ദൈവം അവരെ കാണുവാന്‍ വന്നപ്പോള്‍, ഓടി ഒളിച്ചു, വൃക്ഷങ്ങളുടെ ഇടയില്‍ മറഞ്ഞിരുന്നു.
അതിനാല്‍, ദൈവം അവര്‍ക്ക് ഒരു ഉടുപ്പ് ഉണ്ടാക്കി
കൊടുത്തു, അവരുടെ പാപത്തിന്റെ നഗ്നത മറച്ചു.
ഇത്,
ദൈവവുമായുള്ള ഒരു കൂട്ടായ്മയ്ക്ക് പാപത്തെ മറയ്ക്കേണ്ടത് ആവശ്യമാണ് എന്നതും, എന്നാല്‍ അത് മനുഷ്യനാല്‍ സാധ്യമല്ലാ എന്നും, ഒരു പാപിക്കും പാപത്തിന് പരിഹാരം കണ്ടെത്തുക സാധ്യമല്ലാ എന്നും
വെളിവാക്കുന്നു.
അതിനാല്‍, വിശുദ്ധനായ ദൈവത്തിന് മാത്രമേ, പാപമില്ലാത്ത പകരക്കാരനും പ്രതിനിധിയുമായ ഒരു മൃഗത്തെ യാഗവസ്തുവായി
ക്രമീകരിക്കുവാന്‍ കഴിയൂ. അത്തരമൊരു രക്തം ചൊരിഞ്ഞുള്ള യാഗത്തിന് മാത്രമേ മനുഷ്യനെ
പാപത്തില്‍ നിന്നും, പിശാചിന്റെ അടിമത്തത്തില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും വിടുവിക്കുവാന്‍ കഴിയൂ.
ഈ ആത്മീയ മര്‍മ്മം മനസ്സിലാകുകയും, അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആദം മുതല്‍ ഉള്ള സകല മനുഷ്യരും നിത്യ മരണത്തില്‍ നിന്നും വിടുവിക്കപ്പെടും.
ദൈവം പകര്‍ന്നു
നല്കിയ ഈ സന്ദേശത്തില്‍ ആദം വിശ്വസിച്ചു, പിന്നീട് അവന്റെ തലമുറ ഹാബെലും വിശ്വസിച്ചു. അവന്റെ വിശ്വാസത്തിന്റെ
പ്രവൃത്തി ആയിട്ടാണ്, അവന്‍ ഒരു ആടിനെ യാഗമായി അര്‍പ്പിച്ചത്.
എന്നാല്‍ അവന്റെ
സഹോദരനായ കയീന്‍ ഇതില്‍ വിശ്വസിച്ചില്ല, അവന്‍ രക്തം ചൊരിഞ്ഞുള്ള യാഗത്തെ തള്ളിക്കളഞ്ഞു. അവന്റെ യാഗത്തില്‍ ദൈവം
പ്രാസദിച്ചില്ല.
പാപത്തെ മറയ്ക്കുവാന്‍ ആദവും ഹവ്വയും കണ്ടുപിടിച്ച മാര്‍ഗ്ഗം ഒരു വൃക്ഷത്തിന്റെ ഇലകള്‍ ആണെങ്കില്‍, കയീന്‍ വഴിപാടിന് കണ്ടെത്തിയതു സസ്യങ്ങളെയും അതിന്റെ ഫലത്തെയും ആണ് എന്നതില്‍ ചില സാമ്യം ഉള്ളതുപോലെ തോന്നുന്നു. കൃഷിയും, സസ്യങ്ങളുടെ ഫലവും വളരെ നല്ലതാണ്, എന്നാല്‍ പാപത്തിന്‍റെ പരിഹാരത്തിന് അത് മതിയാകുന്നില്ല.
അതായത്
ഹാബെലിന്റെ രക്തം ചൊരിഞ്ഞുള്ള യാഗം, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്നായുള്ള ദൈവീക പദ്ധതിയിലുള്ള അവന്‍റെ
വിശ്വസം ആണ്.
ഹാബെലില്‍ ദൈവം
പ്രസാദിച്ചു എന്നു പറയുമ്പോള്‍, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള ദൈവീക ക്രമീകരണത്തില്‍ ഹാബെല്‍
വിശ്വസിച്ചതില്‍, ദൈവം പ്രസാദിച്ചു എന്നു വേണം നമ്മള്‍
മനസ്സിലാക്കുവാന്‍.
ഏദന്‍
തോട്ടത്തിലെ മൃഗത്തെ കൊന്നതും, അതിന്റെ രക്തം ചൊരിഞ്ഞതും, അതിന്റെ രക്തത്തില്‍
മുങ്ങിയ തോല്‍ കൊണ്ട് ഉടുപ്പുണ്ടാക്കി ദൈവം ആദമിനെയും ഹവ്വയെയും ധരിപ്പിച്ചതും
എല്ലാം, ഭാവില്‍ സംഭവിക്കുവാനിരുന്ന യേശുക്രിസ്തു എന്ന
ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ക്രൂശിലെ യാഗത്തിന്റെ
നിഴല്‍ ആയിരുന്നു. അതിനാല്‍, വെളിപ്പെട്ട നിഴലില്‍ ഹാബെല്‍
വിശ്വസിച്ചപ്പോള്‍, വെളിപ്പെടുവാനിരുന്ന പൊരുള്‍ കൂടെ
ഏറ്റെടുക്കുക ആയിരുന്നു.
ഈ വിശ്വാസത്തില്‍ ആണ് ദൈവം പ്രസാദിച്ചത്. ഇത് ഒരു ആത്മീയ കാഴപ്പാടിന്റെ വിശ്വസം ആണ്. ഹാബെലിന്റെ വിശ്വാസം ഭൌതീകമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള വിശ്വസം അല്ലായിരുന്നു. ഈ വിശ്വാസത്താല്‍ ഹാബെല്‍ യാതൊരു ഭൌതീക നന്മയും പ്രാപിച്ചില്ലാ താനും.
ഇതില്‍ നിന്നും
നമുക്ക് ഒരു ആത്മീയ മര്‍മ്മം ഇങ്ങനെ സംഗ്രഹിക്കാം:
ദൃശ്യമായത് അല്ല
സത്യം എന്നു ഹാബെല്‍ ഗ്രഹിച്ചു. അതിനാല്‍ അദൃശ്യമായതും കാണാത്തതുമായ ദൈവരാജ്യത്തിനെ കുറിച്ചുള്ള ആശയുടെ ഉറപ്പും
നിശ്ചയവും ഹാബെലിന് ഉണ്ടായിരുന്നു. ഈ വിശ്വാസത്താല്‍ ഹാബേലിന് സാക്ഷ്യം ലഭിച്ചു. “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും
പ്രസാദിച്ചു.” (ഉല്‍പ്പത്തി 4:4). അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; (എബ്രായര്‍ 11:4)
അപ്പോള്‍ ഹാബെലിന്റെ വിശ്വാസം അദൃശ്യമായ ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തില്‍ ആയിരുന്നു. അവന്‍ ആശവെച്ചത് ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനത്തില്‍ ആണ്.
ഹാനോക്ക്
ഈ
അദ്ധ്യായത്തിലെ വീരന്മാരുടെ പട്ടികയിലെ രണ്ടാമത്തെ വ്യക്തി, ഹാനോക്ക് ആണ്. പഴനിയമ ഭാഗത്ത്, ഹാനോക്ക് എന്ന പേരുള്ള 4 വ്യത്യസ്ത വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍
ഉണ്ട്. എന്നാല്‍, ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ഹാനോക്കിന്റെ
ചരിത്രം പഴയനിയമത്തില്‍ ഉല്‍പ്പത്തി 5: 18-24 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നു.
അവനെക്കുറിച്ച് എബ്രായര്‍ക്ക്
എഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെ ആണ്:
എബ്രായര്‍ 11: 5 വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
ഇവിടെ പറയുന്ന
ഹാനോക്ക്, യാരെദിന്‍റെ മകനായ
ഹാനോക്ക് ആണ്. (ഉല്‍പ്പത്തി 5:18). ഹനോക്കിന്റെ ആയുഷ്കാലം ആകെ
മുന്നൂറ്ററുപത്തഞ്ചു (365) സംവത്സരമായിരുന്നു. അവന് അറുപത്തഞ്ചു (65)
വയസ്സായപ്പോൾ മെഥൂശലഹിം എന്ന മകന്‍ ജനിച്ചു.
മെഥൂശലഹിനെ
ജനിപ്പിച്ച ശേഷം ഹാനോക്ക് മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും
പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു. (ഉല്‍പ്പത്തി 5:22)
ഹാനോക്ക്
ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. (ഉല്‍പ്പത്തി 5:24)
പുതിയനിയമത്തില്‍
യൂദാ 14, 15 ആം വാക്യത്തില്‍ ഹാനോക്കിനെക്കുറിച്ചുള്ള പരാമര്‍ശം
ഉണ്ട്. ഭക്തികെട്ട് ജീവിക്കുന്ന മനുഷ്യരെ വീധിക്കുവാന്‍ കര്‍ത്താവ് വീണ്ടും
വരുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വേദഭാഗം ഇങ്ങനെ ആണ്: “ആദാംമുതൽ ഏഴാമനായ
ഹനോക്കും ഇവരെക്കുറിച്ചു: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത
ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ
സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം
വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.”
ഈ പ്രവചനത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ വിഷയം അല്ലാത്തതിനാല്‍ അത് ചര്‍ച്ച ചെയ്യുന്നില്ല.
ഈ വേദഭാഗങ്ങളില്‍
നിന്നെല്ലാം, നമ്മള്‍
മനസ്സിലാക്കുന്നത് ഹാനോക്ക് ഒരു പഴനിയമ വിശ്വാസവീരന്‍ ആയിരുന്നു എന്നാണ്. അദ്ദേഹം, ആദം മുതല്‍ ഏഴാം തലമുറ ആയിരുന്നു. അദ്ദേഹം ദൈവത്തോട് കൂടെ 300 വര്‍ഷങ്ങള്‍
നടന്നു. അദ്ദേഹത്തെ ദൈവം ജീവനോടെ ഭൂമിയില്‍ നിന്നും എടുത്തു.
ഇത് അബ്രാഹാമിന്നുപോലും അവകാശപ്പെടുവാന്‍ കഴിയാത്ത അനുഭവം ആണ്.
ദൈവത്തോട് കൂടെ
നടന്നു എന്നത്, ദൈവം
ഹാനോക്കിനോടുകൂടെ നടന്നു എന്നു വേണം നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. കാരണം, താഴ്ന്നവര്‍ ഉയര്‍ന്നവരോടു കൂടെ നടക്കുക അല്ല, ഉയര്‍ന്നവര്‍
താഴന്നവരോടുകൂടെ നടക്കുക ആണ്. താഴന്നവര്‍ക്ക് ഉയര്‍ന്നവരെ അനുഗമിക്കുവാന്‍ മാത്രമേ
കഴിയൂ. ഇവിടെ ദൈവം ഹാനോക്ക് എന്ന മനുഷ്യനോടു കൂടെ 300 വര്‍ഷങ്ങള്‍ നടന്നു; അങ്ങനെ ദൈവത്തോട് കൂടെ ആയിരിക്കുവാന്‍ ഹാനോക്കും ഇഷ്ടപ്പെട്ടു. ഇത് തീര്‍ച്ചയായും
അസാധാരണമായ വിശ്വസം തന്നെ ആണ്.
എന്നാല്‍
യൂദായുടെ ലേഖനം കൂടെ നമ്മള്‍ കൂട്ടി വായിക്കുമ്പോള്‍, ഹാനോക്കിന്റെ വിശ്വാസത്തിന്റെ പ്രത്യാശ
എന്താണ് എന്നു മനസ്സിലാക്കുവാന്‍ കഴിയും. ഹാനോക്ക് ഇങ്ങനെ ഒരു പ്രവചനം നടത്തിയതായി
പഴയനിയമത്തില്‍ പറയുന്നില്ല. അവിടെ അഞ്ചു വാക്യങ്ങള്‍ മാത്രമേ ഹാനോക്കിനെ കുറിച്ച്
പറയുന്നുള്ളൂ. അതൊരു ഹൃസ്വമായ വിവരണം ആണ്.
അതിനാല്‍, യൂദായുടെ ലേഖനത്തില്‍ പറയുന്ന ഹാനോക്കിന്‍റെ പ്രവചനം, യഹൂദ പാരമ്പര്യ പ്രകാരം ഉള്ള അറിവ് ആയിരിക്കേണം.
ഹാനോക്കിന്റെ
പ്രവചനത്തില്‍ പറയുന്ന സംഭവം, കര്‍ത്താവിന്റെ രണ്ടാമത്തെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ്, ഈ ഭൂമിയില്‍ നിന്നും എടുക്കപ്പെട്ട ആയിരമായിരം വിശുദ്ധന്മാരോടു കൂടെ, ഭൂമിയില്‍ അവശേഷിക്കുന്ന ഭക്തികെട്ടവരെ ഒക്കെയും വിധിപ്പാനും ബോധംവരുത്തുവാനും
ആയി യേശുക്രിസ്തു വീണ്ടും വരുന്ന കാഴ്ചയാണ് ഹാനോക്ക് പ്രവചിച്ചത്.
ഇതാണ്
ഹാനോക്കിന്റെ പ്രത്യാശ,
ഈ പ്രത്യാശയുടെ ഉറപ്പും, ഇന്നുവരെ കാണാത്ത ഈ സംഭവത്തിന്റെ
നിശ്ചയവും ആണ് ഹാനോക്കിന്‍റെ വിശ്വാസം.
ഈ വിശ്വസം ആണ് “അവൻ ദൈവത്തെ പ്രസാദിപ്പിച്ചു” എന്ന സാക്ഷ്യം പ്രാപിക്കുവാന്‍ അവനെ സഹായിച്ചത്.
ഹാനോക്കിനെ ദൈവം
ഭൌതീകമായി അനുഗ്രഹിച്ചു കാണും. ആദാമില്‍ നിന്നും ഏഴ് തലമുറ ആയപ്പോഴേക്കും ഭൌതീക
അനുഗ്രഹങ്ങള്‍ ആവശ്യമുള്ളവരായി മനുഷകുലം മാറിയിട്ടുണ്ടാകാം.
എന്നാല്‍
ഹാനോക്കിന്‍റെ വിശ്വാസത്തെക്കുറിച്ച് പറയുമ്പോള്‍, ഭൌതീക അനുഗ്രഹങ്ങളെ കുറിച്ച് അല്ല എബ്രായര്‍ക്കുള്ള ലേഖനത്തിന്റെ
എഴുത്തുകാരന്‍ പറയുന്നത്, അവന്റെ ആത്മീയ
അനുഗ്രഹത്തെക്കുറിച്ചും, ആത്മീയ കാഴ്ചപ്പാടുകളെക്കുറിച്ചും, ആത്മീയമായ പ്രത്യാശയെക്കുറിച്ചും ആണ്.
ഇതാണ് അവനെ വിശ്വാസവീരന്‍ ആക്കിയത്.
എബ്രായര്‍ക്ക്
എഴുതിയ ലേഖനം 11 ആം അദ്ധ്യായം 6 ആം
വാക്യം, ഇതുവരെ പറഞ്ഞ
കാര്യങ്ങളില്‍ നിന്നും വ്യത്യസ്തങ്ങള്‍ ആയ ചില കാര്യങ്ങള്‍ പറയുവാന്‍ പോകുന്നു
എന്ന ആമുഖമാണ്.
ഈ വാക്യം ഇങ്ങനെ
ആണ്: എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു
എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും
വിശ്വസിക്കേണ്ടതല്ലോ. (എബ്രായര്‍ 11 :6)
എന്നാല്‍ ഇത്, ഇതുവരെയും പറഞ്ഞ,
വിശ്വാസത്തിന്റെ നിര്‍വചനത്തെ നിഷേധിക്കുന്നില്ല എന്നു നമ്മള്‍ക്ക് തുടര്‍ന്നു
വായിച്ചാല്‍ മനസ്സിലാകും.
അതിനാല്‍ ഈ വാക്യത്തില്‍ പറയുന്നത് എന്താണ് എന്നു
നമുക്ക് മനസ്സിലാക്കാം.
ഇവിടെ
എഴുത്തുകാരന്‍ വീണ്ടും പറയുന്നു, വിശ്വസം കൂടാതെ ആര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല. ഈ
വിശ്വാസത്തില്‍ ആത്മീയ കാഴപ്പാടുകള്‍ക്കു മാത്രമല്ല, ഭൌതീക
അനുഗ്രഹങ്ങള്‍ക്കും ഇടം ഉണ്ട്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, വിശ്വാസത്തെക്കുറിച്ചുള്ള നിര്‍വ്വചനം,
ദൈവരാജ്യത്തിന്റെ ഒരു പ്രമാണമാണ്. അത് എല്ലാ കാര്യങ്ങളിലും ഒരു പോലെ ആണ്.
അതിനാല്‍ ഈ
വിശ്വാസത്താല്‍,
ആശിക്കുന്നതിന്റെ ഉറപ്പും, കാണാത്ത കാര്യങ്ങളുടെ നിശ്ചയവും
കൊണ്ട്, ഭൌതീക അനുഗ്രഹങ്ങളും പ്രാപിച്ചവര്‍ ഉണ്ട്. അവരും
വിശ്വാസവീരന്‍മാര്‍ തന്നെ ആണ്.
എന്നാല്‍ ഇവര്‍ പ്രാപിച്ച ഭൌതീക നന്‍മകളുടെ പിന്നിലെ ആത്മീയ മര്‍മ്മം കൂടെ ലേഖന കര്‍ത്താവ് പറയുന്നുണ്ട്. അതിലേക്കു നമുക്ക് ഈ സന്ദേശത്തിന്റെ അവസാന ഭാഗത്ത് വരാം.
എബ്രായര്‍
11 : 7 ആമത്തെ വാക്യം മുതല്‍ 35 ആം വാക്യത്തിന്റെ ആദ്യ പകുതി വരെ, ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ച പഴയനിയമ
വിശ്വാസവീരന്‍മാരുടെ പട്ടിക ആണ്.
വിശ്വാസത്താൽ നോഹ അതുവരെ കാണാത്ത വലിയ മഴയും പ്രളയവും ഈ
ഭൂമിയില്‍ സംഭവിക്കും എന്ന് ദൈവീക അരുളപ്പാടുണ്ടായപ്പോള്‍, തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു
പെട്ടകം ഉണ്ടാക്കി. അങ്ങനെ അവന്‍ പ്രളയത്തില്‍ നിന്നും രക്ഷ
പ്രാപിക്കുകയും, വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീരുകയും
ചെയ്തു. (11:7)
വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി ലഭിക്കും എന്ന് ദൈവം
അരുളിച്ചെയ്ത ദേശത്തേക്കു യാത്രയാകുവാന്‍ പുറപ്പെട്ടു. (8) ദൈവം അവകാശമായി നല്കാം
എന്ന് വാഗ്ദത്തം ചെയ്ത ആ ദേശത്ത് എത്തിയ ശേഷവും, അബ്രഹാം, “ഒരു അന്യദേശത്തു എന്നപോലെ ചെന്നു കൂടാരങ്ങളിൽ
പാർത്തു. (9, 10)
വിശ്വാസത്താൽ സാറയും പ്രായം കഴിഞ്ഞിട്ടും
പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. അങ്ങനെ അബ്രാഹാമിന്നും സാറായ്ക്കും പെരുപ്പത്തിൽ
ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി
ജനിച്ചു. (11, 12)
അബ്രാഹാം താൻ
പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ
യാഗം അർപ്പിച്ചു. മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു
എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും
ചെയ്തു. (17, 18,19)
വിശ്വാസത്താൽ
യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും
ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു. (20)
യാക്കോബ്
മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചു. (21)
യോസേഫ് താൻ മരിപ്പാറായപ്പോൾ അവര്‍ ഒരിക്കല്‍
വാഗ്ദത്ത ദേശത്തു തിരികെ പോകും എന്ന്
യിസ്രായേൽ മക്കളെ
ഓർമ്മിപ്പിച്ചു, അപ്പോള്‍
തന്റെ അസ്ഥികള്‍ കൂടെ എടുത്തുകൊണ്ടു പോകേണം എന്ന് കല്പനകൊടുത്തു. (22)
വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. (24) മോശെയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ ജനം മിസ്രയീം വിട്ടുപോന്നു. (27). അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; (28). അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു. (30)
വിശ്വാസത്താൽ യെരീഹോ
നിവാസിയായിരുന്ന, റാഹാബ് എന്ന വേശ്യ,
യിസ്രയേല്യ ഒറ്റുകാരെ സമാധാനത്തോടെ സ്വീകരിച്ചു, അതിനാല്‍ അവള്‍ തന്റെ പട്ടണന
നിവാസികളുടെ കൂടെ നശിക്കാതിരുന്നു. പിന്നീട് യിസ്രായേല്‍ ജനത്തില്‍ ഒരുവള്‍ ആയി
മാറി. (31)
അതിനു ശേഷം, ലേഖന കര്‍ത്താവ്, ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ, വിശ്വാസത്താൽ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; (33 – 35a)
ഇവരെല്ലാം ഭൌതീക തലത്തില്‍, വിശ്വാസത്താല്‍
അനുഗ്രഹം പ്രാപിച്ചവര്‍ ആണ്. എന്നാല്‍ 35
ആം വാക്യത്തിന്റെ രണ്ടാം പകുതിമുതല്‍ 38
ആം വാക്യം വരെ പറയുന്ന മറ്റൊരു വിവരണം ഉണ്ട്. അത് ഇങ്ങനെ ആണ്:
“മറ്റു ചിലർ
ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ
ഭേദ്യം ഏറ്റു. വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു
ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ചവാളാൽ
അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ
കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു,
ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.”
ഈ പട്ടിക ഭൌതീക
അനുഗ്രഹങ്ങള്‍ പ്രാപിക്കാതെ മരിച്ചവരുടേതാണ്. ചിലര്‍ കൊല്ലപ്പെട്ടവര്‍ ആണ്. ഇവരും
വിശ്വാസവീരന്‍മാര്‍ തന്നെ ആണ്.
അതായത്, ഈ അദ്ധ്യായത്തില്‍ പറയുന്ന പട്ടികയില്‍, ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചവരും പ്രാപിക്കാത്തവരും വിശ്വാസ വീരന്മാര്‍
ആണ്. അപ്പോള്‍, ആരാണ് വിശ്വാസ വീരന്‍മാര്‍? എന്താണ് വിശ്വാസം?
അതാണ്
ഒന്നാമത്തെ വാക്യത്തില്‍ പറയുന്നതും രണ്ടു, മൂന്ന് വാക്യങ്ങളില്‍ വിശദീകരിച്ചതും.
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു. ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.”
ആത്മീയ മര്‍മ്മം
ഇനി നമുക്ക്
ഇതിന്‍റെ ആത്മീയ മര്‍മ്മത്തിലേക്ക് പോകാം. ഈ അദ്ധ്യായത്തില്‍ വിശ്വാസ വീരന്മാരുടെ
പട്ടിക നിരത്തുന്നതിനിടയില്‍, 13 ആം വാക്യം മുതല്‍ 16 ആം വാക്യം വരെയും, ഈ
അദ്ധ്യായത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങളിലും ആയി, ഒരു
ആത്മീയ മര്‍മ്മം അടങ്ങിയിട്ടുണ്ട്. അതാണ് വിശ്വാസവീരന്‍മാരുടെ വിശ്വാസത്തിന്റെ
കാതലായ സ്വഭാവം.
അതിനെകുറിച്ചു ചിന്തിച്ചുകൊണ്ടു നമുക്ക് ഈ സന്ദേശം അവസാനിപ്പിക്കാം.
13 ആം വാക്യം
പറയുന്നു: പൂര്‍വ്വന്‍മാരായ വിശ്വാസ വീരന്മാര്‍, ഉറപ്പോടെ
ആശിച്ചതും, ലഭിച്ചു എന്നു നിശ്ചയിച്ചതും ആയ കാര്യങ്ങളില്‍ “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി
പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും
പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. (13).
ഒരു ദേശത്തു
അന്യരായും പരദേശി ആയും താമസിക്കുന്നവര്‍ക്ക്, അവിടെ സ്വന്തമായിട്ട് ഒന്നും തന്നെ ഇല്ല; അവരുടെ
താമസം താല്‍കാലികം മാത്രമാണ്.
അതായത്, പൂര്‍വ്വ വിശ്വാസികള്‍,
എന്തെങ്കിലും ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചിട്ടുണ്ട് എങ്കില്‍, അത് അവരുടെ സ്വന്തമാണന്നോ സ്ഥിരമാണന്നോ അവര്‍ കരുതിയില്ല. അതിനാല്‍ അത്
അവരുടെ വിശ്വാസത്തിന്റെ നിവൃത്തി അല്ല.
14 വാക്യത്തില്‍ പറയുന്നു: “ഇങ്ങനെ
പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.” അതായത്, പൂര്‍വ്വന്‍മാര്‍ വിശ്വാസത്താല്‍ അന്വേഷിച്ചത്
ഭൌതീക ദേശമല്ല, പിതൃദേശം ആണ്.
പിതൃദേശം എന്നത്, അവരുടെ ഭൂമിയിലെ പിതാക്കന്മാര്‍ ഈ ഭൂമിയില്‍
സ്വന്തമാക്കി വച്ചിരുന്ന ദേശമോ ഭൌതീക നന്‍മകളോ അല്ല. അതാണ്, 15 ആം വാക്യത്തില്‍ പറയുന്നത്: “അവർ
വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.”
അവരുടെ
പിതാക്കന്മാര്‍ ഭൌതീകമായി കൈവശം വച്ചിരുന്ന ഈ ഭൂമിയിലെ ദേശം അവര്‍ ഉപേക്ഷിച്ചു
പോന്നതാണ്. അതിലേക്കു തിരികെ പോകുവാന്‍ അവന്‍ ആഗ്രഹിച്ചില്ല. അതിലേക്കുള്ള
തിരിച്ചു പോക്ക്,
ഭൌതീകതയിലേക്കുള്ള മടങ്ങിപോക്കാണ്.
വിശ്വാസവീരന്മാരോ, അവര്‍ മറ്റൊരു ദേശം ലക്ഷ്യമാക്കി പോകുന്ന
അന്യരും പരദേശികളും മാത്രം ആണ്. അവരുടെ പിതൃദേശം സ്വര്‍ഗീയമായ ദേശം ആണ്. അവിടെ ആണ്
അവരുടെ പിതാക്കന്മാര്‍ നിത്യമായി വസിക്കുന്നതും.
16 ആം വാക്യം ഇത് കൂടുതല്‍ വ്യക്തമാക്കുന്നു:
“അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.”
വിശ്വാസവീരന്‍മാര്‍ ഭൌതീകമായത്തിലും നല്ലതിനെ പ്രാപിക്കുവാന്‍ ഉറപ്പോടെ കാംക്ഷിച്ചിരുന്നു. അത് സ്വര്‍ഗ്ഗീയമാതാണ്. അത് ദൈവരാജ്യം ആണ്. അതുകൊണ്ടാണ് “ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ” ആഗ്രഹിച്ചത്. അതിനാല്‍ തന്നെ ദൈവം അവര്‍ക്കായി ഒരു നഗരം, ദൈവരാജ്യം, ഒരുക്കിയിരിക്കുന്നു.
ഈ
അദ്ധ്യായത്തിലെ അവസാന വാക്യങ്ങള്‍ ആയ, 39, 40 വാക്യങ്ങള്‍ ഈ അദ്ധ്യായത്തിലെ
മുഴുവന്‍ ആശയങ്ങളെയും പ്രകാശിപ്പിക്കുന്നു.
39 ആം വാക്യം പറയുന്നു: “അവർ എല്ലാവരും
വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.” ഈ
വാക്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ അവര്‍ പ്രാപിച്ച ഭൌതീക നന്മകളെ
മനസ്സിലാക്കുവാന്‍. അവര്‍,
എന്തെങ്കിലും ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചിരുന്നു എങ്കില്‍, അത് പക്ഷേ വാഗ്ദത്ത നിവൃത്തി ആയിരുന്നില്ല.
ദൈവം
അബ്രാഹാമിനെ വിളിച്ചിറക്കുമ്പോള്‍ നല്കിയ വാഗ്ദത്തങ്ങള്‍ ആയ, ഭൌതീക അനുഗ്രഹങ്ങളും,
ദേശവും, സന്തതിയും അവന്‍ ഭൌതീക തലത്തില്‍ തന്നെ പ്രാപിച്ചു.
അവന്റെ സന്തതികളായ യിസ്ഹാക്ക്, യാക്കോബ് എന്നിവരും ഇതേ
രീതിയില്‍ അനുഗ്രഹിക്കപ്പെട്ടു. യാക്കോബിന്റെ സന്തതികളെ,
യിസ്രായേല്‍ ജനമായി, ഒരു പ്രത്യേക വംശമായി ദൈവം വേര്‍തിരിച്ചു.
അവര്‍ ഒരു വലിയ ജാതിയായി മാറി.
എന്നിട്ടും, എബ്രായര്‍ക്കുള്ള ലേഖനത്തില്‍ എഴുത്തുകാരന്‍
പറയുന്നു, അവര്‍ വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ല. അപ്പോള്‍, ഇവര്‍ പ്രാപിച്ച ഭൌതീക അനുഗ്രഹങ്ങള്‍ അല്ല, ദൈവീക
വാഗ്ദത്ത നിവൃത്തി എന്നു വ്യക്തമാണ്.
40 ആം വാക്യം പറയുന്നു: “അവർ നമ്മെ
കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും
നല്ലതൊന്നു മുൻകരുതിയിരുന്നു.”
“രക്ഷപൂര്‍ത്തി”
എന്നത് സമ്പൂര്‍ണ്ണത ആണ്. പഴയനിയമത്തിലെ പൂര്‍വ്വപിതാക്കന്മാര്‍, വിശ്വാസവീരന്‍മാര്‍,
ഭൌതീക അനുഗ്രഹങ്ങള്‍ പ്രാപിച്ചു എങ്കിലും അതിന്റെ സമ്പൂര്‍ണ്ണത പ്രാപിച്ചില്ല.
അതായത്, അവരുടെ ഭൌതീക അനുഗ്രഹങ്ങളെക്കുറിച്ചുള്ള
വാഗ്ദത്തങ്ങള്‍, സമ്പൂര്‍ണ്ണമായിരുന്നില്ല. ഭൌതീക
വാഗ്ദത്തങ്ങള്‍, വരുവാനിരിക്കുന്ന ആത്മീയ അനുഗ്രഹങ്ങളുടെ, ആത്മീയ വാഗ്ദത്തങ്ങളുടെ നിഴല്‍ മാത്രം ആയിരുന്നു.
ഇത് പൂര്‍വ്വകാലത്തെ
വിശ്വാസവീരന്‍മാര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ ഈ ഭൂമിയില്‍ ആയിരിക്കെ, വാഗ്ദത്തനിവൃത്തിയുടെ സമ്പൂര്‍ണ്ണതയായ സ്വര്‍ഗ്ഗീയ
നഗരം, ദൂരത്തുനിന്നു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ
അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ ജീവിച്ചു, മരിച്ചു.
ഈ വിശ്വാസമാണ്, “ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും” ആയിരിക്കുന്നത്.
എബ്രായ ലേഖന കര്‍ത്താവ്, എഴുത്തു നിറുത്തുന്നത്, ദൈവം അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു എന്നും എന്നാല്‍ അവര്‍
നമ്മളെ കൂടാതെ, നമുക്ക് മുമ്പായി അത് പ്രാപിക്കുകയില്ല എന്നു
പ്രത്യാശിച്ചുകൊണ്ടാണ്.
“ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ”
(10) സ്വര്‍ഗീയമായ ഒരു നിത്യ നഗരത്തെക്കുറിച്ചുള്ള “ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ
നിശ്ചയവും” ഉള്ള എല്ലാവരും ഈ സ്വര്‍ഗീയ നഗരം നിശ്ചയമായും കൈവശമാക്കും.
ഈ വിശ്വാസമുള്ളവര്‍ ആണ് വിശ്വാസവീരന്‍മാര്‍.
ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ വീഡിയോ
അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
എല്ലാ മാസവും ഒന്നാമത്തെയും
മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.
ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.
ദൈവം നിങ്ങളെ
എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
No comments:
Post a Comment