നയമാന്‍റെ കഥ നമ്മള്‍ വായിക്കുന്നത് 2 രാജാക്കന്മാരുടെ പുസ്തകം 5 ആം അദ്ധ്യായം 1 മുതല്‍ ഉള്ള വാക്യങ്ങളില്‍ ആണ്. നയമാന്‍ അരാം രാജ്യത്തിലെ സേനാപതി ആയിരുന്നു. അവന്‍ യുദ്ധവീരന്‍ ആയിരുന്നു എങ്കിലും, കുഷ്ഠരോഗി ആയിരുന്നു.
അവന്റെ കുഷ്ഠരോഗത്തെ വളരെ ചികില്‍സിച്ചു കാണും എന്നാല്‍ അതിനു സൌഖ്യം വന്നില്ല. ഈ സാഹചര്യത്തില്‍, അവന്റെ ഭാര്യയുടെ ദാസി ആയി ഒരു യിസ്രയേല്യ പെണ്‍കുട്ടി ഉണ്ടായിരുന്നു. യിസ്രായേലിലെ പ്രവാചകന്‍റെ അടുക്കല്‍ ചെന്നാല്‍ അവന് സൌഖ്യം വരും എന്നു യിസ്രയേല്യ പെണ്‍കുട്ടി അവളുടെ യജമാനത്തിയെ അറിയിച്ചു. അങ്ങനെ നയമാന്‍ എലീശയെ കാണുവാന്‍ ചെന്നു. എലീശാ അവനോടു യോര്‍ദ്ദാന്‍ നദിയില്‍ ഏഴു പ്രാവശ്യം കുളിക്കുക, അപ്പോള്‍ അവന് സൌഖ്യം വരും എന്നു പറഞ്ഞു. ആദ്യം ഇത് അര്‍ത്ഥശൂന്യമായ ഒരു പ്രവര്‍ത്തിയാണ് എന്നു നയമാന് തോന്നി എങ്കിലും അവന്‍ എലീശയുടെ ഉപദേശം അംഗീകരിച്ചു. അങ്ങനെ അവന്‍ ഏഴു പ്രാവശ്യം യോര്‍ദ്ദാന്‍ നദിയില്‍ കുളിക്കുകയും അവന് സൌഖ്യം വരുകുകയും ചെയ്തു.
രോഗ സൌഖ്യം നയമാനെ
അത്ഭുതപ്പെടുത്തി. അവന്‍ യഹോവയായ ദൈവത്തെ മാത്രമേ ഇനി ആരാധിക്കൂ എന്നു
തീരുമാനിച്ചു. നയമാന്‍ തിരികെ എലീശയുടെ അടുക്കല്‍ ചെന്നു. നയമാന്‍ എലീശയോട് രണ്ടു
കാര്യങ്ങള്‍ ആവശ്യപ്പെട്ടു. അരാം രാജാവു അവന്റെ ദേവനായ രിമ്മോന്റെ ക്ഷേത്രത്തിൽ പോകുമ്പോള്‍ നയമാനും
സേനാനായകന്‍ ആയതിനാല്‍ കൂടെ പോകേണം. രാജാവു ദേവനെ നമസ്കരിക്കുമ്പോള്‍ നയമാനും
നമസ്കരിക്കേണം എന്നതാണു ചട്ടം. യഹോവ ഈ കാര്യം ക്ഷമിക്കുമാറാകട്ടെ എന്ന പ്രാര്‍ഥന
നയമാന്‍ എലീശയുടെ മുമ്പാകെ വെച്ചു. എലീശാ ഇത് അനുവദിച്ചുകൊടുത്തു. അവന്റെ
രണ്ടാമത്തെ ആവശ്യമാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
2 രാജാക്കന്മാര്‍ 5: 17 അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
എന്തിനാണ് നയമാന്‍ യിസ്രായേലില്‍ നിന്നും രണ്ടു കഴുതച്ചുമടു മണ്ണ് ആവശ്യപ്പെട്ടത്? നയമാന്‍ മണ്ണിനെ എന്തുകൊണ്ടാണ് ഹോമയാഗത്തോടും ഹനനയാഗത്തോടും ബന്ധിച്ചത്?
ഇനിമേല്‍, യിസ്രായേലിലെ യഹോവയായ ദൈവത്തെ അല്ലാതെ മറ്റ് അന്യ ദേവന്മാരെ അവന്‍ ആരാധിക്കുക ഇല്ല എന്ന തീരുമാനവും മണ്ണും തമ്മില്‍ വലിയ ബന്ധമുണ്ട്. നയമാന് അരാം രാജ്യത്തെ സേനാധിപന്‍ ആയിരുന്നതിനാല്‍, യിസ്രയേലില്‍ ജീവിക്കുവാന്‍ കഴിയില്ല. അവന് അവന്റെ രാജ്യത്തേക്ക് തിരികെ പോകേണ്ടിയിരിക്കുന്നു. യിസ്രായേലിനെ അവന് അവന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാന്‍ കഴിയുക ഇല്ല. കുറച്ചു മണ്ണ് മാത്രമേ കൊണ്ടുപോകുവാന്‍ കഴിയൂ.
ആത്മമണ്ഡലത്തില്‍ നടക്കുന്ന പോരാട്ടങ്ങളുടെ ഭൌതീക മണ്ഡലമാണ് ഭൂമി എന്നായിരുന്നു അക്കാലത്തെ എല്ലാവരുടെയും വിശ്വാസം. യിസ്രായേല്‍, യഹോവയായ ദൈവത്തിന്‍റെ ഭൂപ്രദേശവും, അരാം രാജ്യം അവരുടെ ദേവനായ രിമ്മോന്‍റെ ഭൂപ്രദേശവും ആണ്. ഇരുവര്‍ക്കും അവരുടെ ദേശത്തിന്മേല്‍ അധികാരം ഉണ്ട്. ഇവര്‍ തമ്മില്‍ പോരാട്ടവും ഉണ്ട്. അതിനാല്‍, യഹോവയുടെ ദേശത്തിലെ മണ്ണ് വിശുദ്ധമായ മണ്ണ് ആണ്. അവിടെ മാത്രമേ യഹോവയെ ആരാധിക്കാവൂ. വിശുദ്ധ ഭൂമി എന്നത് യഹൂദാ ദൈവശാസ്ത്രത്തിലെ പ്രധാനപ്പെട്ട കാഴ്ചപ്പാട് ആണ്. യഹോവയുടെ സാന്നിധ്യം ഉള്ള ദേശം വിശുദ്ധമാണ്.
ഭൂമി എല്ലാം അതിന്റെ സൃഷ്ടാവായ ദൈവത്തിന്റേതാണ്. എങ്കിലും, ആദിയില്‍, ഭൂമിയുടെ സൃഷ്ടിയില്‍ തന്നെ, ദൈവം ഒരു പ്രദേശത്തെ വേര്‍തിരിച്ചു, അവിടെ ഏദന്‍ തോട്ടം ഉണ്ടാക്കി. അതായത്, ദൈവം സൃഷ്ടിച്ച ഭൂമിയില്‍, അവന്‍ പിന്നേയും ഒരു വിശുദ്ധ സ്ഥലം വേര്‍തിരിച്ചു. ബാബേല്‍ ഗോപുര നിര്‍മ്മാണ സമയത്ത് ദൈവം മനുഷ്യരുടെ ഭാഷ കലക്കുകയും അവരെ ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിക്കുകയും ചെയ്തു. അതിനു ശേഷം ദൈവം അബ്രാഹാമിനെ വിളിച്ച് ഒരു പ്രത്യേക മനുഷ്യ വംശത്തെ തന്നെ രൂപീകരിച്ചു. അവര്‍ക്ക് ഒരു ദേശം വാഗ്ദത്തമായി നല്കി. അങ്ങനെ യിസ്രായേല്‍ ദേശം വിശുദ്ധ ദേശമായി മാറി.
അബ്രഹാം കനാന്‍ ദേശത്തു എത്തിയ ശേഷം അവന്‍ താമസിച്ച രണ്ടു ഇടത്തും യാഗപീഠം പണിതു യഹോവയെ ആരാധിച്ചു. ദേശത്തു ക്ഷാമം ഉണ്ടായപ്പോള്‍ അബ്രഹാം മിസ്ര്യയീമിലേക്ക് പോയി അവിടെ അല്‍പ്പനാളുകള്‍ താമസിച്ചു. എന്നാല്‍ മിസ്രയീമില്‍ അവന്‍ യാഗ പീഠം പണിത് ദൈവത്തെ ആരാധിച്ചില്ല. മിസ്രയീമില്‍ ആയിരുന്ന കാലത്ത് അബ്രാഹാമിന് ദൈവവുമായി യാതൊരു ആശയ വിനിമയവും ഉണ്ടായില്ല. യാക്കോബ് തന്റെ വീട്ടില്‍ നിന്നു ഓടിപ്പോയപ്പോള്‍, യാത്രാ മദ്ധ്യേ, സൂര്യൻ അസ്തമിക്കകൊണ്ടു ഒരു സ്ഥലത്ത് രാത്രിയില്‍ താമസിച്ചു. ഉറക്കത്തില്‍ അവൻ ഒരു ഗോവണിയും, അതില്‍ ദൈവത്തിന്റെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും സ്വപ്നം കണ്ടു. യാക്കോബ് ഉറക്കം ഉണര്‍ന്നപ്പോള്‍ പറഞ്ഞത് ഇങ്ങനെ ആണ്: “യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല”. “ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല”. (ഉല്‍പ്പത്തി 28: 16,17). ഇവിടെയും നമുക്ക്, ദൈവത്തിന്നായി വേര്‍തിരിക്കപ്പെട്ട ഒരു സ്ഥലം എന്ന ആശയം കാണാം.
ഇതേ ആശയം ആവര്‍ത്തന പുസ്തകം 32: 8 ആം വാക്യത്തിലും കാണാം. “മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.” ലേവ്യപുസ്തകം 25: 23 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.” അതായത് ദൈവം യിസ്രായേല്‍ ജനത്തിന് വീതം വച്ച് കൊടുത്ത ദേശം, അവരുടേതാണ് എന്നു ചിന്തിച്ച് മറ്റുള്ളവര്‍ക്ക് വില്‍ക്കരുത്. യിസ്രായേല്‍ ദേശം യഹോവയായ ദൈവത്തിന്റെ ദേശം ആണ്. അത് അവന്‍ ജാതികളില്‍ നിന്നും വേര്‍തിരിച്ച വിശുദ്ധ ദേശം ആണ്.
ഈ കാഴ്ചപ്പാട് നമ്മള്‍ സങ്കീര്‍ത്തനം 137 ല്‍ കാണുന്നുണ്ട്. ഇതിന്റെ പശ്ചാത്തലം, യിസ്രായേല്യരെ ബാബിലോണിലേക്ക് അടിമകളായായി പിടിച്ചുകൊണ്ട് പോയ കാലമാണ്. ബാബിലോണ്‍ നിവാസികള്‍ സീയോൻഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. എന്നാല്‍ 4 ആം വാക്യം പറയുന്നു: “ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?” ഇതായിരുന്നു യിസ്രയേല്യരുടെ ദൈവശാസ്ത്രം. ഈ ദൈവ ശാസ്ത്രം അനുസരിച്ച് യിസ്രായേല്‍ ദേശത്തല്ലാതെ മറ്റൊരിടത്തും യഹോവയ്ക്ക് യാഗം കഴിക്കുവാനോ യഹോവയെ ആരാധിക്കുവാനോ അവര്‍ക്ക് കഴിയുമായിരുന്നില്ല.
യിസ്രായേല്‍ ദേശത്തിന്റെയും ജനതയുടെയും ദൈവമായിട്ടാണ് നയമാന്‍ യഹോവയായ ദൈവത്തെ കണ്ടത്. അവന്റെ സ്വന്ത ദേശമായ അരാം, രിമ്മോന്‍ എന്ന ദേവന്‍റെ ദേശമാണ്. ബഹുദൈവ വിശ്വാസത്തില്‍ ഉള്‍പ്പെടുന്ന ഒരു ദേവന്‍ അല്ല യഹോവ. യഹോവയെ ആരാധിക്കുന്നവന്‍ അവനെ മാത്രമേ ആരാധിക്കാവൂ. അതിനാല്‍ അരാം രാജ്യത്ത് യഹോവയയെ ആരാധിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ടാണ് യഹോവയുടെ ദേശമായ യിസ്രായേല്‍ രാജ്യത്തെ മണ്ണ് നയമാന്‍ ആവശ്യപ്പെടുന്നതും കൊണ്ടുപോകുന്നതും.
ഇത് പ്രാദേശികമായി അധികാര പരിധിയുള്ള ജാതീയ ദേവന്മാര്‍ ഉണ്ട് എന്നതിനെ സാക്ഷ്യപ്പെടുത്തുന്നു എന്ന് വാദിക്കുന്ന വേദപുസ്തക ചിന്തകന്‍മാര്‍ ഉണ്ട്. ദാനീയേലിന്റെ പുസ്തകത്തില്‍, പാര്‍സിരാജ്യത്തിന്റെ പ്രഭുവിനെക്കുറിച്ചും അവന്‍ ദൈവത്തില്‍ നിന്നും ദാനീയേലിന് മറുപടിയുമായി വന്ന ദൂതനെ ഇരുപത്തിയൊന്ന് ദിവസം തടഞ്ഞു നിറുത്തി എന്നും നമ്മള്‍ വായിക്കുണ്ട്. (ദാനിയേല്‍ 10:13). ഇത് അക്കാലത്തെ ചിന്തകളെ പിന്താങ്ങുന്നതാണ്.
യഹോവയായ ദൈവത്തെയും, അവന് ഒരു വിശുദ്ധ ദേശം ഉണ്ട് എന്നതിനെയും നയമാന്‍ അംഗീകരിക്കുന്നു. യഹോവയെ അവന്റെ ദേശത്തു ആരാധിക്കേണം എന്നും അവന്‍ വിശ്വസിച്ചു. അതിനായി യിസ്രായേല്‍ ദേശത്തുനിന്നും രണ്ടു കഴുതച്ചുമടു മണ്ണു അവന്‍ കൊണ്ടുപോയി. അവന്‍ മണ്ണ് എങ്ങനെ ഉപയോഗിച്ചു എന്നു നമുക്ക് അറിഞ്ഞുകൂടാ. എങ്കിലും അത് യഹോവയുടെ വിശുദ്ധ ദേശമായി അവന്‍ കരുതി. അവിടെ അവന്‍ യഹോവയെ ആരാധിച്ചു.
ഈ സംഭവത്തില്‍ നിന്നും നമ്മള്‍ എന്ത് അനുമാനത്തില്‍ എത്തിച്ചേരണം? പ്രാദേശികമായി അതിര്‍ നിശ്ചയിക്കപ്പെട്ട ദേശങ്ങളില്‍ യഹോവയ്ക്കും ജാതീയ ദേവന്മാര്‍ക്കും വേര്‍തിരിച്ച അധികാര മണ്ഡലം ഉണ്ട് എന്ന് അക്കാലത്ത് യിസ്രയേല്യരും ജാതീയരും ഒരുപോലെ വിശ്വസിച്ചിരുന്നു. ഇത് ഒരു കാലഘട്ടത്തിലെ കാഴ്ചപ്പാടും ഒരു ചരിത്ര സംഭവവും ആത്മീയ മര്‍മ്മവും ആണ്. എന്നാല്‍ പുതിയനിയമ കാലത്ത് ദേശം ക്രിസ്തുവിലും ദൈവജനത്തിലും നിവൃത്തിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി നമ്മള്‍ ഓര്‍ക്കേണം.
ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment